ഇരുട്ടിന്‍റെ കനത്ത മറ നീക്കി എപ്പോഴാണവൾ മുന്നിൽ പ്രത്യക്ഷയായതെന്നറിയില്ല. ഏറെ വൈകി ബാറിൽ നിന്നുമിറങ്ങി ലോഡ്ജിലേക്കുള്ള മടക്കത്തിടുക്കത്തിലായിരുന്നു ഞാൻ. സന്ധ്യയുടെ മയക്കത്തിനും, രാത്രിയുടെ ഘനത്വത്തിനുമിടയിലുള്ള കുറച്ചു മണിക്കൂറുകൾ നഗരത്തിലെ ഇടറോഡുകൾക്ക് ശൂന്യതയിലാണ്ടു കിടക്കാനുള്ള സമയമാണ്.
രാവു കനക്കുമ്പോൾ നഗരം പതിയെ നിശബ്ദതയുടെ കരിമ്പടമെടുത്ത് പുതയ്ക്കും. അന്നേരമാണ് നഗരത്തിലെ ഇടവഴികൾ ചെറിയ അനക്കങ്ങളോടെ സജീവമാകാൻ തുടങ്ങുന്നത്. അത്തരമൊരിടറോഡിൽക്കൂടി അങ്ങിങ്ങു കത്തിക്കൊണ്ടിരുന്ന വഴി വിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞു നടക്കവെയാണ് എങ്ങുനിന്നോ അവൾ വെളിപ്പെട്ടത്.
അവളുടെ പിറകേ രക്ഷാധികാരിയെപ്പോലെ അവളുടെ പിൻഭാഗം മണത്തു കൊണ്ട് ഒരു മുട്ടാളൻ കൂടി പ്രത്യക്ഷനായതു കണ്ട് എന്‍റെ ആകാംക്ഷ കനത്തു. കറുത്ത് കൊഴുത്ത് ബലിഷ്ഠകായനായി കാണപ്പെട്ട അവന്‍റെ കഴുത്തിൽ സിംഹത്തിന്‍റെ ജഡ പോലെ രോമങ്ങൾ ഇടതുർന്നു കിടന്നിരുന്നു. തീഷ്ണമായിരുന്ന കണ്ണുകളിലിരുന്ന് ആഭാസകാമത്തിന്‍റെ ഒരുചൂട്ട്കറ്റ പുകയുന്നുണ്ടായിരുന്നു.
അവളാകട്ടെ മെലിഞ്ഞുണങ്ങിയ ഒരു പേക്കോലത്തെ അനുസ്മരിപ്പിച്ചു. ഏതോ മാറാരോഗം വന്നൊഴിഞ്ഞു പോയതുപോലെ അവളുടെ ശരീരം രോമമെല്ലാം കൊഴിഞ്ഞ് വല്ലാതെ മിനുസപ്പെട്ടു കിടന്നു. ആ ഉടലിൽ നഗരവിളക്കിന്‍റെ അരണ്ട രശ്മികൾ പതിക്കുമ്പോൾ മിന്നാമ്മിനുങ്ങിന്‍റെ കുറേ നുറുങ്ങുവെട്ടങ്ങൾ അവൾ ശരീരത്തിൽ രഹസ്യമായി സൂക്ഷിക്കുന്നതായി തോന്നി.
അമിതസുരതത്തിന്‍റെ ശേഷിപ്പു പോലെ വാലിനു പിറകിൽ വ്രണങ്ങൾ തിണർത്തു കിടന്നു. രക്തവർണ്ണത്തിൽ, പുറത്തേക്കുന്തിയനിലയിൽ ഗുഹ്യഭാഗത്തു കാണപ്പെട്ട മാംസ പിണ്ഡം അറപ്പുളവാക്കുന്നൊരു മനപ്പെരട്ടുണ്ടാക്കി.
ബലവാനായ അവളുടെ സുഹൃത്ത് ആ പഴുത്ത മാംസളതയിൽ ചിറിയുരുമ്മുമ്പോഴൊക്കെ ദൈന്യത പേറുന്നൊരു നിലവിളി അവളിൽ നിന്നുയർന്നു. അപ്പോഴെല്ലാം വിറയാർന്ന തന്‍റെ കാലുകൾ പ്രയാസപ്പെട്ട് ചലിപ്പിച്ചുകൊണ്ട് അവന്‍റെ സമീപത്തു നിന്ന് ഓടിയകലാൻ അവൾ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. അവനാകട്ടെ തന്‍റെ മുൻ കാലുകളുയർത്തി അവളുടെ ഉടലിനെ തന്നിലേക്കടുപ്പിക്കാൻ തിടുക്കപ്പെട്ടു.
അധികനേരം ആ ദൈന്യത കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. മുഖം ഇരുട്ടിലേക്ക് തിരിച്ച് മന്ദഗതിയിൽ അവരുടെ പിറകേയാത്ര തുടർന്നു. അന്ധകാരം തിങ്ങിയ ഏതോ ഇടവഴിയിലേക്കവർ അപ്രത്യക്ഷരാവുംവരെ.
ഇടയ്ക്കിടെ അവളുടെ ദീനരോദനശകലങ്ങളും കാമോൽക്കടമായ അവന്‍റെ മുരൾച്ചകളുടെ തുണ്ടു ശബ്ദങ്ങളും അകലത്തായി വിട്ടു വിട്ടു കേട്ടുകൊണ്ടിരുന്നു. വഴിയരികിലെ അടഞ്ഞുകിടന്ന തട്ടുകടയുടെ ചായ്പ്പിലേക്കു കയറി. അതായിരുന്നു ലക്ഷ്യവും. മനസ്സിന്‍റെ തികട്ടലുകൾ അമർത്താനുള്ള വ്യഗ്രത കലശ്ശലായിരുന്നു.
പോക്കറ്റിലുണ്ടായിരുന്ന ബോട്ടിലിലെ ശേഷിപ്പിലേക്ക് കടയ്ക്കു പിന്നിലെ പൈപ്പിന്‍റെ ടാപ്പു തുറന്ന് സൂഷ്മതയോടെ ജലം പകർന്ന് വായിലേക്കു കമിഴ്ത്തുമ്പോൾ ചായ്പിന്‍റെ പിന്നാമ്പുറത്ത് രണ്ടു നിഴലുകൾ ചലിച്ചു. ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ ശ്രദ്ധിച്ചു.
"കൂത്തിച്ചീമ്മോളെ പണം ഞാൻ പിന്നെത്തന്നോളാമെന്നു പറഞ്ഞില്ലേ ടീ...." പുരുഷശബ്ദം അടക്കംചൊല്ലുന്നു.
"പറ്റില്ലെന്നു പറഞ്ഞില്ലേ... ഇന്നു കായി മുഴുവൻ തന്നിട്ടുള്ള കൊഞ്ചല് മതി, ഇന്നാളു നീ തരാനൊള്ളതു ഞാൻ വിട്ടു ... ഇന്നതു പറ്റില്ല." സ്ത്രീയുടെ അലോസരപ്പെട്ട മറുപടി.
"ശാന്തേ ഇന്നത്തേക്കു നീ ഒന്നു ക്ഷമിക്ക് പൊന്നേ... ഞാമ്പറഞ്ഞില്ലെ ബാക്കിയൊള്ള പണം ഞാൻ തന്നിരിക്കും." പുരുഷ സ്വരം അനുനയനത്തിന്‍റെ വഴിയിലേക്കു നീങ്ങി.