Story- ഒത്തുതീർപ്പ്

എന്നെപ്പോലൊരു സ്ത്രീ ഒരിക്കലും കല്യാണം കഴിക്കാൻ പാടില്ലായിരുന്നു. നികേഷിനെ കല്യാണം കഴിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴേയ്ക്കും എനിക്കീ കാര്യം ബോധ്യമായിരുന്നു. എനിക്ക് നല്ല സുഖമില്ലായിരുന്നു. അതുകൊണ്ട് സുഹൃത്ത് അജയന്‍റെ കല്യാണത്തിന് നികേഷ് തനിച്ചാണ് പോയത്. അവിടെ തന്നെയായിരുന്നു എന്‍റെ അമ്മ വീടും. അടുത്ത ദിവസം നികേഷ് മടങ്ങി വന്നപ്പോൾ ആളാകെ മൂഡോഫിലായിരുന്നു. എനിക്കൊന്നും മനസ്സിലായിരുന്നില്ല. പുള്ളിക്ക് എന്താണ് പറ്റിയത്?

ഞാൻ കുത്തിക്കുത്തി ചോദിച്ചിട്ടും പുള്ളി ഒന്നും വിട്ട് പറഞ്ഞില്ല. ആളുകൾ കാര്യം പറയാതെ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഞാൻ പുള്ളിയുടെ പിന്നാലെ കൂടി. പക്ഷേ നികേഷ് വാ തുറന്നതേയില്ല.

ഞാനെപ്പോഴെങ്കിലും ടെൻഷനടിച്ചിരുന്നാൽ എന്നെ തലോടി സമാധാനിപ്പിക്കാറുള്ള ആളാണ് ഇപ്പോൾ എന്നോട് ഒന്നും മിണ്ടാതിരിക്കുന്നത്. എനിക്ക് നല്ല തലവേദനയുണ്ടെന്നറിഞ്ഞിട്ടും പുള്ളി എന്നെ മൈൻഡ് ചെയ്തതേയില്ല. ആ കരങ്ങളിൽ സാന്ത്വനപ്പെട്ടുറങ്ങാൻ ഞാനന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അന്ന് നികേഷ് തിരിഞ്ഞു കിടന്നു.

എനിക്കന്ന് ഉറക്കം വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നികേഷ് അസ്വസ്ഥനായി എഴുന്നേറ്റത് ഞാനറിഞ്ഞു.

“എന്തുപറ്റി നികേഷ്, എന്താണ് പ്രശ്നം?” ഞാൻ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് വ്യക്തമായി ഉത്തരം തരണം കവിതേ. ഞാനെന്തും സഹിക്കും. പക്ഷെ കള്ളം പറയുന്നതും മറച്ചു വയ്ക്കുന്നതും ഞാൻ പൊറുക്കില്ല” നികേഷിന്‍റെ സ്വരം വല്ലാതെയായിരുന്നു.

“ഞാനിതുവരെ നിങ്ങളോട് കള്ളം പറഞ്ഞിട്ടില്ല. എന്താ കാര്യമെന്ന് തെളിച്ച് പറയൂ” എന്‍റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി.

രവിയും നവീനുമായുള്ള നിന്‍റെ ബന്ധം എന്താണ്? ഞാനതിനെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നു. ഞാൻ കല്യാണത്തിനു പോയപ്പോൾ കേട്ടത് സത്യമാണോ എന്നെനിക്കറിയണം. നീ പറയുന്നതാണ് എനിക്ക് മുഖ്യം.”

നികേഷിന്‍റെ ടെൻഷന്‍റെ കാര്യം എനിക്ക് പിടികിട്ടി. എന്‍റെ വിവാഹപൂർവ്വ ബന്ധത്തെക്കുറിച്ച് ആരോ നികേഷിനോട് പറഞ്ഞിരിക്കുന്നു. ഞാൻ വിവിധ സമയങ്ങളിൽ രവിയോടും നവീനിനോടും അടുപ്പം കാണിച്ചിരുന്നു.

നികേഷ് എന്നെ വലയിൽ വീഴ്ത്താൻ ശ്രമിച്ചാലൊന്നും ഞാൻ പിടികൊടുക്കില്ല. ഭാവിയിൽ ഭർത്താവുമൊത്ത് കഴിയുമ്പോൾ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്ലാൻ എന്‍റെ കൈയിൽ ഉണ്ടായിരുന്നു.

കുറെ മുമ്പ് ഞാനൊരു മർഡർ മിസ്റ്റിറി വായിച്ചിരുന്നു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ എനിക്ക് ഇപ്പോൾ ഉപകാരപ്പെടും. വിവാഹശേഷം ആണുങ്ങൾ ഭാര്യയോട് തങ്ങളുടെ വിവാഹപൂർവ്വ ബന്ധങ്ങൾ പറഞ്ഞ് ദാമ്പത്യം വഷളാക്കില്ലെന്നും അതിനെ പ്രതി അവർക്ക് യാതൊരു കുറ്റബോധവും ഉണ്ടാവാറില്ലെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു.

പക്ഷേ ഒരു ഭാര്യ കുറ്റബോധത്താൽ ഭർത്താവിനോട് അത്തരം ബന്ധങ്ങളെക്കുറിച്ച് ഒരിക്കലും പറഞ്ഞു പോവരുത്. ഇങ്ങനെ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നഷ്ടപ്പെടുത്തുന്ന സ്ത്രീയുടെ എണ്ണം പുരുഷന്മാരേക്കാൾ അധികമാണത്രേ. അവരിലൊരാളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഈ കാര്യങ്ങളെല്ലാം മനസ്സിൽ വച്ചു കൊണ്ട് ഞാൻ നികേഷിനോട് തിരിച്ച് ചോദിച്ചു, “എന്നോടൊന്നും ചോദിക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കേട്ട്, ഞാൻ ചാരിത്യ്രം നഷ്ടപ്പെട്ടവളാണെന്ന് നിങ്ങൾ കരുതിയല്ലോ?”

“അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല.” നികേഷ് എഴുന്നേറ്റു. ”സത്യം നീയാണ് തുറന്നു പറയേണ്ടത്.”

“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുമോ?” എന്‍റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

“മറുചോദ്യം ചോദിക്കാതെ, ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ കവിതാ.” നികേഷ് ദേഷ്യപ്പെട്ടു.

“അവർ രണ്ടുപേരുമായി എനിക്ക് വഴിവിട്ട ബന്ധമൊന്നുമില്ലായിരുന്നു. രവിയോടൊപ്പമാണ് ഞാൻ എംബിഎ ചെയ്തത്. നവീനുമായി നല്ല കൂട്ടായിരുന്നു. അവർ എന്‍റെ നല്ല സുഹൃത്തുക്കൾ മാത്രമാണ്.” ഞാൻ കള്ളക്കണ്ണുനീർ വേണ്ടുവോളം ഒഴുക്കി.

“നിനക്ക് ഇവരുമായുള്ള ബന്ധത്തെപ്പറ്റി നല്ലതല്ലാത്തതാണല്ലോ നിന്‍റെ കൂട്ടുകാരി നിഷ ഭർത്താവിനോട് പറഞ്ഞിരിക്കുന്നത്. നിങ്ങളിൽ ആരാണ് കള്ളം പറയുന്നത്?” നികേഷിന്‍റെ സ്വരത്തിൽ വെറുപ്പ് കലർന്നിരുന്നു.

“അവളുടെ കള്ളപ്രചരണങ്ങളിൽ നിങ്ങൾ വീഴരുത്… പ്ലീസ്” ഞാൻ നികേഷിന്‍റെ കൈപിടിച്ച് അപേക്ഷിച്ചു.

“ഞാൻ സുന്ദരിയായതു കൊണ്ടും നല്ലവണ്ണം പഠിക്കുന്നതു കൊണ്ടും നിഷയ്ക്ക് എന്നോട് പണ്ടുമുതലേ അസൂയയായിരുന്നു.”

“അപ്പോൾ രവിയും നവീനും നിന്‍റെ കാമുകന്മാരായിരുന്നില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?” നികേഷ് സംശയത്തോടെ എന്നെ നോക്കി.

“അവരെന്‍റെ നല്ല സുഹൃത്തുക്കളായിരുന്നു.” ഈ കള്ളം പറയുമ്പോഴും എനിക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു. ഇത്തരം സാഹചര്യത്തിൽ എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ കാണൂ എന്നെനിക്ക് അറിയാം.

“നീ ഒറ്റയ്ക്ക് രവിയുടെ ഹോസ്റ്റൽ മുറിയിൽ പോയിട്ടില്ലേ?”

“ഒരിക്കലുമില്ല.”

“നവീന്‍റെ വീട്ടിലോ? അവിടെ അയാൾ മാത്രമുള്ള ഒരു ദിവസം നീ അവിടെ പോയിട്ടുണ്ടല്ലോ?”

“ഞാൻ അത്തരത്തിലുള്ള ഒരു മോശം സ്ത്രീയല്ല.”

ഞാൻ നികേഷിന്‍റെ കൈ പിടിച്ചു കൊണ്ടാണ് ഇത്രയും സംസാരിച്ചത്. ഇപ്പോൾ നികേഷ് എന്‍റെ കൈ ബലമായി പിടിച്ച് മാറ്റി. നികേഷ് താഴത്തെ മുറിയിലേക്ക് ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഉള്ളിന്‍റെ ഉള്ളിൽ ഭയം തളം കെട്ടി കിടന്നിരുന്നതിനാൽ ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഞാനാകെ വിയർത്തു തുടങ്ങിയിരുന്നു. ഞാൻ നികേഷിന്‍റെയടുത്ത് ചെന്നിരുന്നു.

“ഇനി ഞാൻ തന്നെ എല്ലാം അന്വേഷിച്ചോളാം. ഇനി സത്യം പുറത്തു വന്നിട്ട് മതി നീയുമായിട്ടുള്ള സഹവാസം.” നികേഷ് സോഫയിൽ മൂടിപ്പുതച്ചു കിടന്നു.

“നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലേ. അതോ നിഷ പറയുന്നതാണോ വലുത്?” വളരെ സങ്കടത്തോടെയാണ് ഞാനിത് ചോദിച്ചതെങ്കിലും നികേഷ് എന്നെ അവഗണിച്ചു കളഞ്ഞു.

അന്ന് രാത്രി ഞങ്ങളുടെ ജീവിതത്തിൽ അകൽച്ച ആരംഭിച്ചു. എന്‍റെ കഴിഞ്ഞ കാലം എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തീർത്തിരിക്കുന്നു. പോയ കാലത്തിന്‍റെ സന്തോഷങ്ങളാണിന് എന്‍റെ ഏറ്റവും വലിയ സങ്കടമായി മുന്നിൽ നിൽക്കുന്നത്. കാലം എന്നോട് പകരം ചോദിക്കുകയാണോ?

എനിക്ക് സ്ത്രീകളെക്കാൾ കൂടുതൽ കൂട്ട് പുരുഷന്മാരുമായിട്ടായിരുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുമായി ഇടപഴകാനും മറ്റും അച്ഛൻ എന്നെ പ്രാപ്തയാക്കിയിരുന്നു. യാതൊരു സങ്കോചവും കൂടാതെയാണ് ഞാൻ മറ്റുള്ളവരുമായി സൗഹൃദം കൂടിയത്.

ഒരു മാസ്മരിക വ്യക്തിത്വമായിരുന്നു എന്‍റെ അച്‌ഛൻ. ഒരു നല്ല മനുഷ്യൻ. മൂന്ന് മക്കളിൽ ഞാനായിരുന്നു അച്‌ഛന്‍റെ പൊന്നോമന. ചേച്ചിമാരും അമ്മയും എന്നെ വഴക്കു പറയുമായിരുന്നു. അച്‌ഛൻ എന്നെ കൊഞ്ചിച്ച് വഷളാക്കും എന്നായിരുന്നു അവർ ഭയപ്പെട്ടിരുന്നത്.

എന്നാലും മറ്റുള്ള പെൺകുട്ടികളെക്കാളും പുരുഷന്മാരുമായുള്ള എന്‍റെ ബന്ധം ഊഷ്മളമായിരുന്നു. എന്തും ചർച്ച ചെയ്യാൻ പ്രാപ്തിയുള്ള, ഏതൊരു പുരുഷനും കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. അച്‌ഛൻ ആ കാര്യത്തിൽ അഭിമാനിക്കുകയും ചെയ്‌തിരുന്നു. വളരെ ഓപ്പണായിരുന്നു ഞാൻ. അനുഭവത്തിൽ നിന്ന് ഞാൻ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. പുരുഷന്മാരുമായി കൂട്ട് കൂടുന്നത് എന്‍റെ സ്ട്രെസ്സ് കുറയ്ക്കാൻ കാരണമാവുന്നുണ്ട്. നല്ല സൗഹൃദം നല്ല മരുന്നാണ്, എല്ലാറ്റിനും. പുരുഷ സൗഹൃദങ്ങൾ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

എന്‍റെ ഉള്ളിലെ സെക്സ് എനർജിയെപ്പറ്റിയും ഞാൻ ബോധവതിയായിരുന്നു. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതിനു ശേഷം ലൈംഗികമായി ബന്ധപ്പെടാൻ രവിക്ക് അധികമൊന്നും പാടുപെടേണ്ടി വന്നില്ല. ആ മാനസികനിലയുമായി പൊരുത്തപ്പെടാൻ ഞാനും തയ്യാറായിരുന്നു.

എംബിഎ പഠനക്കാലത്ത് ഞാൻ പരീക്ഷാക്കാലങ്ങളിൽ പ്രത്യേകിച്ച് സമ്മർദ്ദത്തിന് അടിമപ്പെടുന്നത് പതിവായിരുന്നു. ആ സമയങ്ങളിൽ രവിയുടെ സ്പർശം, സാമീപ്യം എന്നെ ടെൻഷൻ ഫ്രീ ആക്കിയിരുന്നു. പക്ഷേ രവി എന്‍റെ പ്രണയം മുതലാക്കി. എന്നെ വഞ്ചിച്ചു. അവൻ വിട്ടുപോയി. പക്ഷേ ആ പ്രണയനഷ്ടമൊന്നും എന്നെ ഏറെനാൾ സങ്കടപ്പെടുത്തിയില്ല. നിരാശാ കാമുകിയായി കാലം കഴിക്കാനൊന്നും ഞാൻ തയ്യാറല്ലായിരുന്നു.

എംബിഎ കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അവിടെ നിന്നാണ് ഞാൻ നവീനിനെ പരിചയപ്പെടുന്നത്. രവിയേക്കാൾ കേമനും സുമുഖനും ബുദ്ധിമാനുമായിരുന്നു അദ്ദേഹം. എല്ലാം തികഞ്ഞ ചുള്ളൻ.

നവീനും എന്നെ ജീവിതസഖിയാക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. വിധി ആവർത്തിച്ചു. നവീനും ഞാനും എല്ലാ അർത്ഥത്തിലും അടുത്തു. ഞങ്ങൾ യാത്രകൾ പോയി. ഒന്നിച്ച് ഉണ്ടു, ഉറങ്ങി. ഭാര്യാഭർത്താക്കന്മാരെ പോലെ പെരുമാറി. പക്ഷേ നവീനിനും എന്‍റെ ശരീരമായിരുന്നു ലക്ഷ്യം.

ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അയാളും എന്നെ വിട്ടുപോയി. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഉടക്കിയാണ് പിരിഞ്ഞത്. വേദനാജനകമായിരുന്നു ആ വേർപിരിയൽ. വേദനകൾ ഏറ്റു വാങ്ങാൻ മാത്രമാണോ എന്‍റെ ജന്മം എന്ന് പോലും എനിക്ക് തോന്നി.

നികേഷിന്‍റെ ആലോചന കൊണ്ടു വന്നത് എന്‍റെ ആന്‍റിയാണ്. മനസ്സ് വരണ്ടു പോയ ദിനങ്ങളലാണ് ഈ പ്രൊപ്പോസൽ വന്നത്. ആളെ കണ്ടപ്പോൾ എനിക്ക് ബോധിച്ചു. സുന്ദരൻ.

ആദ്യരാത്രിയിൽ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നികേഷിന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണൊന്നുമല്ല ഞാൻ. പക്ഷേ ഇതൊന്നും ഞാൻ നികേഷിനോട് തുറന്ന് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും എങ്ങനെ സംസാരിക്കാനാണ്. അന്ന് നികേഷെന്നെ ശ്വാസം മുട്ടിക്കുകയായിരുന്നില്ലേ. ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണല്ലോ എന്ന് ആശ്വസിക്കാനാണ് എനിക്കു തോന്നിയത്. വിവാഹപൂർവ്വ ബന്ധത്തിന്‍റെ പേരിൽ ഇനി നികേഷ് എന്നെ കുറ്റപ്പെടുത്തില്ലല്ലോ. കാരണം അത് ചോദിക്കാനുള്ള അർഹത എന്‍റെ പുരുഷനില്ല.

നികേഷ് നൽകിയ സ്നേഹമാണ് അക്കാലത്ത് എന്നെ കൂടുതൽ നല്ല ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചത്. ഒരു സ്ത്രീയ്ക്ക് വേണ്ടതെല്ലാം അറിഞ്ഞു നൽകുന്ന ദേവനായിരുന്നു നികേഷ്.

എന്‍റെ സ്വപ്നങ്ങൾ ഉടഞ്ഞ രാത്രി. നികേഷ് അടുക്കുന്ന ലക്ഷണമില്ല. എന്തു പറഞ്ഞാണ് ഇനി ഇയാളെ വിശ്വസിപ്പിക്കുക. ഭാര്യ പരിശുദ്ധയായിരിക്കണമെന്നാണ് പരസ്ത്രീബന്ധമുള്ള പുരുഷന്മാർ പോലും ആഗ്രഹിക്കുന്നത്. പുരുഷന് ആവാമെങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടാ. ലൈംഗികതയുടെ കാര്യത്തിലും ഇരട്ടത്താപ്പാണ് സമൂഹം വച്ച് പുലർത്തുന്നത്. എനിക്ക്?ആ ലോകത്തോട് ഉച്ചത്തിൽ കയർക്കണമെന്ന് തോന്നി. പക്ഷേ എനിക്ക് നികേഷിനെ വേണം. ജീവിതകാലം മുഴുവൻ. ദിവസങ്ങൾ കടന്നുപോയി. നികേഷിന്‍റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവുമില്ല. എപ്പോഴും മുഖം വീർപ്പിച്ചിരിക്കും.

ഒരു ദിവസം ഞാൻ നികേഷ് ഓഫീസിൽ നിന്ന് വരുന്നതു കാത്തിരുന്നു. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നികേഷ് വന്നതും ഞാനാകെ പൊട്ടിത്തെറിച്ചു. കുറേ ദിവസമായി എന്‍റെ ഉള്ളിൽ കിടന്ന് തിളയ്ക്കുന്നതൊക്കെ പുറത്തു വന്നു.

“നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? ഞാനും ഒരു മനുഷ്യജീവിയാണ്. ടെൻഷനും പ്രശ്നങ്ങളുമൊക്കെ എനിക്കുമുണ്ട്. സിമന്‍റും കമ്പിയും കൊണ്ട് നിർമ്മിക്കപ്പെട്ടവളല്ല ഞാൻ.”

“എന്‍റെ സംശയം തീർക്കേണ്ടത് നീയാണ്.”

“എന്താ വിവാഹമോചനം വേണോ?” ഞാൻ ഉച്ചത്തിലാണ് സംസാരിച്ചത്.

“ഡിവോഴ്സ് എന്ന വാക്ക് പോലും ഞാൻ ഉച്ചരിച്ചിട്ടില്ലല്ലോ കവിതാ.” നികേഷ് വല്ലാതായി.

ഇങ്ങോട്ട് പെരുമാറുന്നതു പോലെ അങ്ങോട്ടും പെരുമാറിയാൽ സംഗതി സോൾവ് ആകുമെന്ന് എിക്കറിയാമായിരുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. വിഷം തീണ്ടിയാൽ മരുന്നായി നൽകുന്നതും വിഷം തന്നെയല്ലേ. സംഗതി ഏറ്റു എന്നാണ് തോന്നുന്നത്. പുള്ളിയുടെ നിലപാട് അയയാൻ തുടങ്ങി.

“കവിതേ, ശാന്തയാവൂ. നാട്ടുകാർ കേൾക്കും.” നികേഷ് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“ഭാര്യയെ സംശയിക്കാൻ നാണമില്ലേ? അതും വല്ലവരും പറഞ്ഞതു കേട്ട്. ഞാൻ പരിശുദ്ധയാണോ എന്ന് നിങ്ങൾക്ക് മനസ്സാക്ഷിയെ വഞ്ചിക്കാതെ ചോദിക്കാൻ പറ്റുമോ? നിങ്ങളടെ കഴിഞ്ഞകാല ജീവിതം നിങ്ങളെ അതിനനുവദിക്കുമോ?”

“പക്ഷേ കവിതേ, നീ ചാരിത്രഹീനയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ?”

“നിങ്ങളാണ് കള്ളം പറയുന്നത്.” ഞാൻ വയലന്‍റായി.

“അല്ല കവിതേ, ഞാൻ സത്യമാണ് പറയുന്നത്. പ്ലീസ് ഒന്നടങ്ങൂ.” നികേഷ് ശാന്തനായി പറഞ്ഞു.

“പിന്നെ ഞാനിരുന്ന സോഫയ്ക്കരികിൽ വന്നിരുന്ന് എന്നെ ചുംബിക്കാൻ ആഞ്ഞു.

“എന്നെ തൊടരുത്” കനത്ത ശബ്ദമായിരുന്നു അപ്പോൾ എനിക്ക്. ഞാൻ മുഖം തിരിച്ചു കളഞ്ഞു.

“ഡോണ്ട് ബി സ്റ്റുപ്പിഡ് കവിത” നികേഷ് എന്‍റെ കൈയിൽ കയറി പിടിച്ചു.

“ഞാൻ മനസ്സിൽ പോലും ആലോചിക്കാത്ത കാര്യത്തിനാണ് നീ ചൂടാവുന്നത്. നീ ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്… ഞാൻ പറയാത്ത ഒരു കാര്യത്തിന് നീ എന്തിനാണ് ടെൻഷനടിക്കുന്നത്.”

സ്വയം പരിശുദ്ധമാക്കപ്പെട്ട ഒരാളുടെ മനസ്സ് അന്നേരം ഞാനറിഞ്ഞു. നികേഷിന്‍റെ കണ്ണുനീരിൽ അയാൾ എനിക്കായി ഒളിപ്പിച്ചു വച്ച സ്നേഹം ഞാൻ കണ്ടു. ഉള്ളിലുള്ളതാണല്ലോ കണ്ണുനീരായി എപ്പോഴും പുറത്തേക്കൊഴുകുക. അവനെ നഷ്ടപ്പെടാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല. എന്നെ വിട്ട് പോവാൻ കഴിയാത്ത എന്തോ ഞാനും നികേഷിന് കൊടുത്തു കൊണ്ടിരുന്നു…

നിലാവിൽ ഞാൻ നിന്‍റെ ശരീരം വായിക്കുമ്പോൾ അറിയുന്നു ഞാൻ നിന്‍റെ പ്രണയത്തിന്‍റെ രക്തയോട്ടം…

ഒരു കവിത മൂളിക്കൊണ്ടാണ് അന്ന് രാത്രി നികേഷ് എന്‍റെയരികിൽ കിടക്കാൻ വന്നത്. ഒരിക്കലും വിട്ട് പിരിയാൻ കഴിയാത്തവിധം ഒന്നായി ജീവിക്കാൻ പ്രപഞ്ചം ഞങ്ങൾക്കായി ഒരുക്കിവച്ച രാത്രിയായിരുന്നു അത്.

ആ രാത്രിക്കു ശേഷം നികേഷ് ഒരിക്കലും എന്നെയും ഞാൻ നികേഷിനെയും പഴി ചാരിയിട്ടില്ല.

ഞങ്ങളുടെ സ്നേഹത്തിന് നക്ഷത്രങ്ങൾ സാക്ഷിയായി.

Story: ശുഭദിനം

സംഗീതയുടെ പെരുമാറ്റത്തിൽ ഇന്നെന്തോ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട പാട്ടു മൂളി, ജോലിയിൽ വ്യാപൃതയായി നടക്കുന്ന അവളെ കണ്ടിട്ട് പുതുമണവാട്ടിയായി അവൾ ഈ വീട്ടിൽ കയറി വന്ന കാലം രാജീവിന് ഓർമ്മ വന്നു.

“പപ്പാ, ഈ മമ്മിക്കിതെന്തുപറ്റി? സാധാരണ ബഹളം വയ്ക്കാറുള്ള മമ്മി ഇന്ന് വളരെ റിലാക്സ്ഡ് ആണല്ലോ?”

മകൻ സൂരജിന്‍റെ ചോദ്യം കൂടിയായപ്പോൾ അയാൾക്ക് എന്തോ അപാകത തോന്നി.

“എന്താ സംഗീതേ, നീയിന്ന് വലിയ സന്തോഷത്തിലാണല്ലോ?”

ഭാര്യയുടെ ഈ മാറ്റത്തിന്‍റെ കാരണമറിയാൻ അയാൾക്ക് താല്പര്യം തോന്നി.

“ഏമാനേ… വല്ലപ്പോഴും സന്തോഷിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗിയാവും. പിന്നെ കിടക്ക തന്നെ ശരണം. പിന്നെ എന്നെ ഒരു മനുഷ്യനും തിരിഞ്ഞു നോക്കില്ല.”

ഈ ഫിലോസഫിക്കൽ സംസാരം സംഗീതയ്ക്ക് തീരെ ചേരുന്നുണ്ടായിരുന്നില്ല. മകൾ നിഷ അടുത്തു വന്ന് മമ്മിയുടെ നെറ്റിത്തടം തൊട്ട് പനിക്കുന്നുണ്ടോയെന്ന് നോക്കി.

“ഒഹ്! ഈ മമ്മിക്ക് പനിയൊന്നുമില്ല.” ദീർഘനിശ്വാസത്തോടെ അവൾ പപ്പയുടെ മുഖത്തേക്കു നോക്കി പറഞ്ഞു.

“അതിന് അസുഖം വന്ന് കിടപ്പിലായാലും ഞാൻ നിങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിത്തരില്ലേ. വരൂ… നല്ല ചൂടുള്ള പൂരി മസാല കഴിക്കാം…” സംഗീതയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.

സംഗീതയുടെ വിചിത്രമായ പെരുമാറ്റത്തിനു പിന്നിലുള്ള രഹസ്യം ചികയാനൊരുങ്ങാതെ അവരെല്ലാം ഡൈനിംഗ് ടേബിളിന് ചുറ്റും ഒത്തുകൂടി. സംഗീത തയ്യാറാക്കിയ പൂരി മസാലയുടെ രുചി ഉഗ്രനായതിനാൽ കൂടുതലൊന്നും സംസാരിക്കാനവർ മുതിർന്നതുമില്ല.

അല്പസമയം കഴിഞ്ഞപ്പോൾ സംഗീതയുടെ കൂട്ടുകാരി ആരതി അവിടെയെത്തിച്ചേർന്നു. അവർ പുറത്തേക്കു പോകാനൊരുങ്ങതു കണ്ട് രാജീവ് തിരക്കി. “ഊം… എങ്ങോട്ടാ?”

“ആ…” രഹസ്യം കലർന്ന പുഞ്ചിരിയോടെ അവൾ അവ്യക്തഭാഷയിൽ പറഞ്ഞു.

“അല്ല… എവിടേയ്ക്കാണാവോ?”

“ബ്യൂട്ടി പാർലറിലേയ്ക്ക്…”

“ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്നൊക്കെ വീരവാദം പറഞ്ഞതാണല്ലോ… എന്നിട്ടിപ്പോ…”

“ആ… ഇപ്പോ പ്ലാൻ മാറ്റി…”

“ഇന്ന് വല്ല കൂട്ടുകാരികളുടെയും വീട്ടിൽ ഫംഗ്ഷനുണ്ടോ?”

“ഇല്ലില്ല…”

“പിന്നെ ബ്യൂട്ടി പാർലറിലേക്ക് പോകുന്നതോ?”

“ഒരു സന്തോഷത്തിന്” മറുപടി കേൾക്കാൻ നിൽക്കാതെ സംഗീത ഡോറിനടുത്തേക്കു നടന്നു.

സംഗീത വീട്ടിലുള്ളപ്പോൾ ആകെ ബഹളമയമായിരിക്കുമെങ്കിലും എല്ലാവരോടും മാന്യമായേ പെരുമാറാറുള്ളൂ. പക്ഷേ, ഇന്നത്തെ അവ്യക്‌തമായ മറുപടിയും വിചിത്രമായ പെരുമാറ്റവും കുടുംബാംഗങ്ങളെ ഒരു പദപ്രശ്നം കണക്കെ ഗ്രസിച്ചു നിന്നു.

ഏകദേശം 2 മണിക്കൂറിനു ശേഷം സംഗീത മടങ്ങി വന്നു. മുഖത്തിന് നല്ല നിറം കൈവന്നിരുന്നു. മുടി സ്റ്റൈലിൽ വെട്ടി ഒതുക്കിയിരുന്നു. രാജീവും മക്കളും സംഗീതയുടെ സൗന്ദര്യത്തെ പ്രശംസിക്കാൻ മറന്നില്ല.

“പറയൂ… ഇന്ന് ഈ അപ്സരസ് ആരെയാണ് ബോധം കെടുത്താൻ പോകുന്നത്?” ഭാര്യയെ പരിഹസിക്കാനുള്ള തീരുമാനത്തിലായിരുന്നു രാജീവ്.

“നിങ്ങളെ, അല്ലാതെ വേറെ ആരെയാ?” ഞെളിഞ്ഞു കൊണ്ടു പറയുമ്പോഴും സംഗീതയുടെ ശബ്ദത്തിൽ പരിഭവം നിറഞ്ഞിരുന്നു. “അല്ല, എന്നെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെയാ സമയം?”

“നീയെന്താ പറഞ്ഞു വരുന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് മക്കളോടു പരാതി പറയുകയാണോ?” രാജീവിന്‍റെ ശബ്ദം കനത്തു.

“18 വർഷമായി എന്നെ സഹിക്കുകയല്ലേ? അപ്പോ അല്പസ്വല്പം സ്നേഹമൊക്കെ കാണും. പക്ഷെ…” അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ നിന്നു.

“പക്ഷേ…യുടെ അർത്ഥമെന്താ?”

സ്നേഹമൊക്കെയുണ്ടായിരിക്കും. പക്ഷെ റൊമാൻസ് അറിയില്ല.” സംഗീത പൊട്ടിച്ചിരിക്കുന്നതു കണ്ട് മക്കളും ഒപ്പം കൂടി. രാജീവ് ശരിക്കും ചമ്മി.

“ഇതു മക്കളുടെ കാര്യത്തിലാണെങ്കിൽ ഓകെ. അവരുടെ പ്രായമതാണെന്നു പറയാം. പക്ഷേ നമ്മളോ…?”

“നിങ്ങൾക്ക് വയസ്സായെങ്കിൽ അതു നിങ്ങളുടെ കാര്യം. പക്ഷേ എന്‍റെ മനസ്സിപ്പോഴും റൊമാന്‍റിക്കാണ്.” സാരിത്തലപ്പൊന്ന് ഒതുക്കി സംഗീത ഗൗരവത്തോടെ പറഞ്ഞു.

“അല്ല, നീ എന്തിനുള്ള പുറപ്പാടാ?”

“ഞാനിന്ന് മാറ്റിനി ഷോയ്ക്ക് പോകുന്നുണ്ട്. വരുന്നവർ 2 മണിക്കു മുമ്പ് തയ്യാറായിക്കോ… അത്ര തന്നെ.” ആമുഖം കൂടാതെയുള്ള സംഗീതയുടെ സംസാരം കേട്ട് അവർക്കെല്ലാം ആശ്ചര്യമായി.

“സിനിമ കാണാൻ ഞാനില്ല. ഞാൻ ഫ്രണ്ട്സിനോടൊപ്പം മറ്റൊരിടത്തേയ്ക്ക് പോകാൻ ടൈം ഫിക്സ് ചെയ്തിരിക്കുകയാ…” സൂരജ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“രണ്ടാഴ്ച കഴിഞ്ഞാൽ പരീക്ഷ തുടങ്ങും. ഞാനും വരുന്നില്ല.” നിഷയും ഒഴിഞ്ഞുമാറി.

“അപ്പോ നിങ്ങളുടെ കാര്യമോ?”

“ഞായറാഴ്ച വിശ്രമിക്കേണ്ട ദിവസമാണ്. നീ കേബിളിൽ നല്ല വല്ല ഫിലിമും…”

“നോ എക്സ്ക്യൂസ്. ഞാനിന്നെന്തായാലും ഫിലിം കണ്ടിരിക്കും.”

“ആരോടൊപ്പം?”

“നിങ്ങൾ എല്ലാവരോടുമൊപ്പം പോകാനാ എനിക്കു താല്പര്യം. പക്ഷേ നിങ്ങൾ ആരും വരുന്നില്ലെങ്കിൽ നോ പ്രോബ്ലം. ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം.”

“വേണ്ട, വേണ്ട. നീ ഒറ്റയ്ക്ക് സിനിമ കാണാനൊന്നും പോകേണ്ട.” രാജീവ് ഗൗരവത്തോടെ പറഞ്ഞു.

“വേണ്ടെന്നോ?” സംഗീതയുടെ നൈറ്റി ചുളിഞ്ഞു.

“ഇനിയും വിഡ്ഡി ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ.”

“ഇങ്ങനെ ശാസിച്ച് നിശബ്ദയാക്കാനും മാത്രം ഞാനത്ര കൊച്ചു കുട്ടിയൊന്നുമല്ല. നിങ്ങൾ എന്‍റെ കൂടെ വരണം. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് പോകും.”

“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?”

“എന്തായാലും ഞാൻ മക്കളുടെയത്ര കൊച്ചു കുട്ടിയൊന്നുമല്ലല്ലോ? അവർക്ക് ഒറ്റയ്ക്ക് പോയി സിനിമ കാണാമെങ്കിൽ എനിക്കും ആയിക്കൂടേ?” സംഗീത ദേഷ്യമടക്കാനാവാതെ ഉറക്കെ പറഞ്ഞു.

“ഞാൻ മോശം സ്വഭാവക്കാരിയാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?”

“നീയെന്ത് അസംബന്ധമാണ് സംസാരിക്കുന്നത്?”

“പിന്നെ നിങ്ങളെന്തു കൊണ്ടെന്നെ ഒറ്റയ്ക്ക് സിനിമയ്ക്ക് അയയ്ക്കുന്നില്ല? സന്തോഷിക്കാനും പുറത്തു പോകാനും എനിക്കും അവകാശമില്ലേ?” ധൈര്യവും ആത്മവിശ്വാസവും സംഗീതയുടെ വാക്കുകളിൽ പ്രകടമായി.

“സ്ത്രീകൾ ഒറ്റയ്ക്കിങ്ങനെ സിനിമ കാണാൻ പോകുന്നത് ശരിയല്ല” രാജീവ് പറഞ്ഞു.

“ഞാൻ നാല് ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്, കൂടെ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ യാതൊരു വിഷമവുമില്ല. ഒന്നു പുറത്തിറങ്ങാൻ കൂട്ടിനായി ആരോടെങ്കിലുമൊക്കെ യാചിക്കുന്ന ശീലം ഞാനങ്ങ് ഉപേക്ഷിച്ചു.”

സംഗീതയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗുകൾ കേട്ട് എല്ലാവരും തരിച്ചിരിക്കുകയായിരുന്നു.

അവളുടെ ദേഷ്യവും മുറുമുറുപ്പും മാറ്റാനായി സിനിമയ്ക്ക് പോകാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. കുടുംബാംഗങ്ങൾ ഓരോരുത്തർക്കും വേണ്ടി സംഗീത എത്രമാത്രമാണ് ബുദ്ധിമുട്ടുന്നത്. സംഗീതയുടെ ചെറിയൊരു ആഗ്രഹം പോലും സഫലമാക്കാൻ സാധിച്ചില്ലെങ്കിൽ ആ കുറ്റബോധം എന്നെന്നേക്കുമായി ഗ്രസിച്ചു കളയുമെന്ന് അവർ ഭയപ്പെട്ടു.

“സിനിമ കണ്ട ശേഷം നമുക്ക് സൗത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിക്കാം. നിന്‍റെ മമ്മിക്ക് ശരിക്കും സന്തോഷമായിക്കോട്ടെ.” രാജീവ് നിഷയെ നോക്കി പറഞ്ഞു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അവരെല്ലാവരും കൂടി പുറത്തു കറങ്ങാനിറങ്ങിയത്. സിനിമയും ഭക്ഷണവുമൊക്കെയായി പിക്നിക് മൂഡിലായിരുന്നു അവർ അന്ന്. കൊച്ചു കുട്ടികളെപ്പോലെ ഉത്സാഹവും സന്തോഷവുമായിരുന്നു സംഗീതയ്ക്ക്.

സിനിമ കണ്ടതിനു ശേഷം ചെറിയൊരു ഷോപ്പിംഗ് നടത്തണമെന്ന് സംഗീത വാശിപിടിച്ചു. നിഷയ്ക്കും സൂരജിനും വേഗം മടങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ സംഗീത അവരെ ശ്രദ്ധിച്ചതേയില്ല.

“ഇന്നത്തെ ഒരു ദിവസം എനിക്ക് ഓർമ്മച്ചെപ്പിൽ സൂക്ഷിക്കണം. അതുകൊണ്ട് നിങ്ങളുടെ ചെറിയ ചെറിയ എക്സ്ക്യൂസുകൾ ഞാൻ കേൾക്കുന്നേയില്ല.” സംഗീത കൊച്ചു കുട്ടിയെപ്പോലെ രാജീവിന്‍റെ കൈയിൽ മുറുകെ പിടിച്ച് ഷോപ്പിംഗ് മാളിനടുത്തേയ്ക്ക് നടന്നു.

“മോനേ, സൂരജ്… നീ ഇന്ന് മമ്മിക്ക് വേണ്ടി നല്ലൊരു പെർഫ്യൂം സെലക്ട് ചെയ്യ്. നിഷ, എനിക്ക് ചേരുന്ന നല്ല രണ്ട് നെയിൽ പോളിഷ് എടുക്ക്… പറ്റുമെങ്കിൽ 2 ലിപ്സ്റ്റിക്കും കൂടി വാങ്ങണം.

“എത്ര വർഷമായി നിങ്ങളെനിക്ക് നല്ലൊരു സാരി വാങ്ങി തന്നിട്ട്. ഇന്ന് നിങ്ങളുടെ പേഴ്സ് കാലിയാക്കിയിട്ടു തന്നെ ബാക്കി കാര്യം… പിശുക്കൻ…” സംഗീത ചിണുങ്ങിക്കൊണ്ടു പറഞ്ഞു.

“സാധാരണയായി നീയാണല്ലോ ഞങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങിത്തരാറുള്ളത്. ഇന്ന് ഞങ്ങളുടെ കാര്യമേ മറന്ന മട്ടാണല്ലോ?” രാജീവ് പറഞ്ഞതു കേട്ട് സംഗീത പൊട്ടിച്ചിരിച്ചതല്ലാതെ മറുപടി പറയാൻ കൂട്ടാക്കിയില്ല.

2 മണിക്കൂർ നീണ്ട ഷോപ്പിംഗ് കഴിഞ്ഞപ്പോഴേയ്ക്കും അവർ നന്നേ തളർന്നിരുന്നു.

വീട്ടിലെത്തിയപ്പോൾ അവരെക്കാത്ത് ഡോറിനടുത്തായി പൂച്ചെണ്ടും പിടിച്ച് ഫ്ളവർ മാർട്ട് ജീവനക്കാരൻ നിൽപ്പുണ്ടായിരുന്നു. പൂച്ചെണ്ട് അയച്ച ആളുടെ പേര് കാർഡിൽ എഴുതിയിരുന്നില്ല.

“ആർക്ക് വേണ്ടിയാവും ഈ കാർഡ്? അയച്ച ആളുടെ പേരും ഇതിൽ എഴുതിയിട്ടില്ലല്ലോ?” നിഷയുടെ ഈ ചോദ്യത്തിന്‍റെ മറുപടി 5 മിനിറ്റിനു ശേഷമാണ് സംഗീത നൽകിയത്.

“എനിക്കറിയാമായിരുന്നു നിങ്ങളിലാർക്കും എന്‍റെ ജന്മദിനം ഓർമ്മ കാണില്ലെന്ന്. ഈ പൂച്ചെണ്ടിലൂടെ നിങ്ങളെ പ്രതിനിധീകരിച്ച് ഞാൻ തന്നെ എനിക്ക് ആശംസ നൽകുകയായിരുന്നു. ഹാപ്പി ബർത്ത് ഡേ ടു മീ… ഡിയർ ലോൺലി സംഗീത… ഹാപ്പി ബർത്ത് ഡേ ടു മീ.” ഉദാസീനമായൊരു പുഞ്ചിരിയോടെ സംഗീത പൂച്ചെണ്ട് കൈയിൽ പിടിച്ച് നൃത്തം ചെയ്യുവാൻ തുടങ്ങി.

സൂരജ് ഓടി വന്ന് മമ്മിയുടെ കൈയിൽ മുറുകെ പിടിച്ചു. കുറ്റബോധത്തോടെ പറഞ്ഞു. “മോം… വീ ആൾ ആർ വെരി സോറി. വെരി വെരി ഹാപ്പി ബർത്ത് ഡേ ടു യൂ…”

“മോം… സോറി.” അവളുടെ കണ്ണ് നിറഞ്ഞു. “ഹാപ്പി ബർത്ത് ഡേ…” നിഷയും മമ്മിയെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി.

“നിന്‍റെ ബർത്ത്ഡോ ഞങ്ങൾ ആരും ഓർക്കാത്തത് വളരെ മോശമായിപ്പോയി. ഹാപ്പി ബർത്ത്ഡേ… മൈ ഡിയർ…” സംഗീതയുടെ ബർത്ത് ഡേ കാര്യം മറന്നതിൽ രാജീവിനും വല്ലാത്ത കുറ്റബോധം തോന്നി.

“അതിന് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല.” ചിരിച്ചു കൊണ്ട് സംഗീത മറുപടി നൽകി.

“ബർത്ത് ഡേയ്ക്ക് ഞാൻ ചെയ്യണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ട്. രാവിലെ എനിക്കിഷ്ടപ്പെട്ട പൂരി മസാലയും കായ വറുത്തതും ഉണ്ടാക്കി. കുറേ നാളായി ബ്യൂട്ടി പാർലറിലൊന്നു പോകണമെന്ന് വിചാരിക്കുന്നു. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫിലിം കാണണമെന്നും നിങ്ങളോടൊപ്പം കറങ്ങണമെന്നുമുണ്ടായിരുന്നു. ഇഷ്ടമുള്ള ഗിഫ്റ്റൊക്കെ വാങ്ങാൻ സാധിച്ചു. പുറത്തു നിന്നും ഭക്ഷണം കഴിച്ചു. ഞാൻ ശരിക്കും എൻജോയ് ചെയ്തു. മാത്രമല്ല, ഭംഗിയുള്ള പൂച്ചെണ്ട് എനിക്ക് ഗിഫ്റ്റായി കിട്ടുകയും ചെയ്‌തു. പൂക്കൾ എനിക്ക് ജീവനു തുല്യം ഇഷ്ടമാണെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ…” ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന സംഗീതയുടെ ശബ്ദമിടറി. കണ്ണു നിറഞ്ഞു. ഇതുകണ്ട് രാജീവും വല്ലാതായി.

“വി ഓൾ ലൗ യു…” രാജീവും മക്കളും സംഗീതയുടെ ചുറ്റും കൂടി നിന്നു. ഹാപ്പി ബർത്ത് ഡേ ഗാനം ആലപിച്ചു. കുടുംബാംഗങ്ങൾ തന്നെ ശ്രദ്ധിക്കുന്നുവെന്ന ചിന്ത സംഗീതയെ സന്തോഷവതിയാക്കി.

“നൗ ഐ ആം റിയലി ഹാപ്പി. നിങ്ങളെല്ലാം എന്‍റെ കാര്യത്തിൽ എത്രമാത്രം കെയർഫുള്ളാണ്. ഇന്നെന്‍റെ ബർത്ത് ഡേയാണ്. ഞാൻ ഇന്ന് നിങ്ങളെയെല്ലാം ചെറുതായൊന്നു വിഷമിപ്പിച്ചു ഇല്ലേ? എന്നോടു ക്ഷമിക്കൂ…”

സംഗീത സൂരജിനെയും നിഷയെയും തന്നോടു ചേർത്തു പിടിച്ചു കൊണ്ട് രാജീവിനെ നോക്കി പുഞ്ചിരിച്ചു. അവളുടെ മനസ്സിൽ അന്നു കണ്ട സിനിമയിലെ രംഗമായിരുന്നു അപ്പോൾ.

സ്നേഹത്തിന്‍റെ ഏകാന്തതകൾ

രണ്ട് വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ വൃദ്ധസദനത്തിലേക്ക് നിർമ്മല യാത്രയായി. തലേന്ന് ആസ്ട്രേലിയയിൽ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളു.

അടച്ചു കിടന്ന വീട് തുറന്നപ്പോൾ മുക്കിലും മൂലയിലുമെല്ലാം കുടിയിരുന്ന അമ്മയുടെ ഓർമ്മകൾ ചിറകടിച്ചുയർന്നു.

പഠിക്കാൻ മിടുക്കിയായ നിർമ്മല പഠിക്കാനും, പാർട്ട് ടൈം ജോലിക്കുമായി ആസ്ട്രേലിയയിലേക്ക് പോകമ്പോൾ, വീട്ടിൽ തനിച്ചായ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരുന്നു അവൾ കൂടെ ഉള്ളപ്പോഴും പകൽ സമയം അമ്മ തനിച്ചായിരുന്നു. അൽപം മാനസിക വിഷമം അച്ഛന്‍റെ മരണശേഷം അമ്മ അനുഭവിച്ചിരുന്നതായി അവൾ അറിഞ്ഞിരുന്നു. രാവിലെ പോയാൽ രാത്രി തിരിച്ചെത്തുന്ന അവൾ ഇടയ്ക്ക് പകൽ അമ്മയെ ഒന്നു വന്ന് നോക്കണമെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പറയാറുണ്ട്.

ചെറിയ മാനസിക വിഷമം ഉണ്ടെന്ന് പറഞ്ഞതോടെ പല വൃദ്ധസദനങ്ങളും കയ്യൊഴിഞ്ഞു. അവസാനം ഒരു കൂട്ടുകാരിയുടെ അച്ഛന്‍റെ ശുപാർശയിൽ ഒരു വൃദ്ധസദനം അമ്മയെ ഏറ്റെടുത്തു.

വൃദ്ധ സദനത്തിലെ അമ്മയുടെ കാര്യങ്ങൾ രണ്ട് വർഷങ്ങളും കൃത്യമായി അന്വേഷിച്ചു. പലപ്പോഴും അമ്മയുടെ അഭാവം അവളെ സങ്കടപ്പെടുത്തിയിരുന്നു. സംസാരിക്കാൻ വൃദ്ധസദന നിയമങ്ങൾ അനുവദിച്ചിരുന്നില്ല.

അമ്മ സന്തോഷവതിയായിരുന്നു. നിഷ്കളങ്കയായ ഒരു കുഞ്ഞിനെപ്പോലെ അവളെ നോക്കി പുഞ്ചിരിച്ചു. എങ്കിലും അധികമൊന്നും സംസാരിച്ചില്ല.

അമ്മയെ തിരിച്ചു കൊണ്ട് പോകാനാണ് ഞാൻ വന്നത് എന്നു പറഞ്ഞപ്പോൾ അമ്മ നിർവികാരയായി പറഞ്ഞു.

“വേണ്ട. ഞാൻ ഇവിടെ തനിച്ചല്ല. എന്നെ ഇവിടെ ഉള്ളവർ വളരെ സ്നേഹിക്കുന്നു.”

“അവിടെ വന്നാൽ എന്‍റെ ലോകത്ത് ഞാൻ തനിച്ചാവും, നിന്‍റെ ലോകം നിനക്ക് മാത്രമായി ഞാൻ വിട്ടു തന്നിരിക്കുന്നു.”

ആകെ പകച്ച്, മറുപടി ഇല്ലാതെ അവൾ നിന്നപ്പോൾ അമ്മ യാത്ര പറയാതെ അകത്തേക്ക് നടന്നകന്നു.

Story: ഇളയ മകൾ

സ്ത്രീയുടെ ജീവിതം കടങ്കഥ പോലെയാണ്. ചിലപ്പോൾ ദുഃഖം… മറ്റു ചിലപ്പോൾ തികഞ്ഞ നിസ്സംഗത… നിശബ്ദമായ വേദനകളുടെ കൂടാരത്തിനുള്ളിൽ അവൾക്ക് സ്വയം ഒതുങ്ങേണ്ടി വരും, പലപ്പോഴും. മാതാപിതാക്കൾക്ക് മക്കളെല്ലാം ഒരുപോലെയാണെന്ന് പൊതുവേ പറയാം. പക്ഷേ, സത്യാവസ്ഥ അതായിരിക്കണമെന്നില്ല.

മക്കളോടുള്ള അവരുടെ സ്നേഹത്തിന്‍റെ അളവുകോലിലും കൃത്യമായ വേർതിരിവുകൾ ഉണ്ടായിരിക്കും. ഞാനത് വിശ്വസിക്കുന്നു. കാരണം, ഞാനെപ്പോഴും ഈ കൊടും അനീതിക്ക് ഇരയായിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടേ ഇത് സഹിച്ചു വരികയാണ് ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിയോഗി സഹോദരി പ്രമീളയായിരുന്നു. ഞങ്ങൾ ഇരു സഹോദരിമാരിൽ അച്‌ഛനമ്മമാർക്ക് ഏറെ പ്രിയപ്പെട്ടവൾ പ്രമീളചേച്ചി തന്നെയായിരുന്നു.

ഞാനും പ്രമീളചേച്ചിയും തമ്മിൽ ഒന്നര വയസ്സിന്‍റെ വ്യത്യാസമുണ്ട്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീണ്ടുമൊരു പെൺകുട്ടി വന്നതിനാലാകണം അച്‌ഛനമ്മമാർ എന്‍റെ അസ്തിത്വത്തെ അംഗീകരിച്ചില്ല. വീട്ടിലെപ്പോഴും ചേച്ചി മാത്രം നിറഞ്ഞു നിന്നു. അച്‌ഛനും അമ്മയും ചേച്ചി പറയുന്നത് മാത്രം കേട്ടു.

വീട്ടിൽ എന്ത് സാധനം വാങ്ങിയാലും ചേച്ചി ആദ്യം അത് സ്വന്തമാക്കുമായിരുന്നു. ഞങ്ങൾക്ക് ഒരുമിച്ച് ഡ്രസ്സ് വാങ്ങിയാൽ അതിൽ ഏറ്റവും നല്ലത് പ്രമീളചേച്ചി ആദ്യമേ സ്വന്തമാക്കും.

ആ സമയത്തൊക്കെ അമ്മ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്, “അവൾ നിന്നെക്കാൾ മൂത്തതല്ലേ, നിന്‍റെ ചേച്ചിയല്ലേ, അവൾക്കതിനുള്ള അവകാശമുണ്ട്.”

ചെറുതും വലുതുമെന്നുള്ളതിന്‍റെ പേരിലുള്ള അമ്മയുടെ ഈ തരം തിരിവ് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ഇത്തരം വേർതിരിവുകൾ എനിക്കുണ്ടാക്കിയ വേദന സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപക്ഷേ ഇതെന്‍റെ മാത്രം കഥയായിരിക്കില്ല. പല വീടുകളിലും നാലു ചുവരുകൾക്കുള്ളിൽ എന്നെപ്പോലെ അനേകം പേർ വേദന സഹിച്ച് കഴിയുന്നുണ്ടാവും.

ഇങ്ങനെ എത്രയോ വർഷങ്ങൾ, അതിനിടെ ഞങ്ങൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ എനിക്ക് ഏതായാലും നല്ലൊരു ബന്ധം വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ട്, ഇക്കാര്യത്തെക്കുറിച്ച് ഞാനത്ര ബോധവതിയുമായിരുന്നില്ല. പക്ഷേ, തുടർച്ചയായി കല്യാണാലോചനകൾ വന്നത് എനിക്ക് വേണ്ടിയായിരുന്നു. പ്രമീളചേച്ചിയെ ആലോചിക്കാതെ എന്നെ ആരെങ്കിലും വിവാഹമാലോചിച്ച് വരുന്നതിൽ ഞാനെന്ത് പിഴച്ചു?

അതോടെ പ്രമീളചേച്ചിക്ക് ഞാൻ പ്രധാന എതിരാളിയായി. ആരെങ്കിലും എനിക്കു വേണ്ടി കല്യാണമാലോചിച്ച് വന്നാൽ ചേച്ചി വീടു മുഴുവനും ഇളക്കിമറിക്കുമായിരുന്നു. അമ്മ പിന്നെ ചേച്ചിയെ ആശ്വസിപ്പിക്കാനായി പിറകെ നടക്കും.

കാര്യങ്ങൾ പ്രതികൂലമായി തുടങ്ങിയതോടെ പ്രമീളചേച്ചിക്കും അച്‌ഛനും അമ്മയ്ക്കും ആധിയായി തുടങ്ങി. ആ അസ്വസ്ഥതയുടേയും നിരാശയുടേയും ഫലമായാണ് വീട്ടിലെ ആദ്യത്തെ മരുമകനായി ഹരിയേട്ടൻ എത്തുന്നത്. എത്രയും പെട്ടെന്ന് പ്രമീളചേച്ചിയുടെ വിവാഹം നടത്തണമെന്ന വാശിയിലാണ് ഹരിയേട്ടനുമായി ചേച്ചിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഒരിക്കലും ഈ വീട്ടിൽ മരുമകനായി എത്താൻ യാതൊരു യോഗ്യതയുമില്ലാത്തവൻ.

അയാളുടെ നോട്ടത്തിലും ഭാവത്തിലുമുള്ള കാമം ഞാൻ ആദ്യമേ കണ്ടതാണ്. ചേച്ചിയുടെ കഴുത്തിൽ തൊലി കെട്ടുമ്പോൾ പോലും അയാളുടെ കണ്ണുകൾ എന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്നത് ഞാൻ നിസ്സഹായതയോടെ അറിഞ്ഞു.

അയാൾ സമ്പന്നനായിരുന്നുവെങ്കിലും സ്വഭാവത്തിൽ മഹാമോശമായിരുന്നു. ഒരു മദ്യപാനി. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ അറിയുന്നത്.

ആദ്യമായി വീട്ടിൽ വിരുന്നിനെത്തിയ ദിവസം അയാൾ മദ്യപിച്ചിരുന്നു. മരുകമനായതിനാൽ അച്‌ഛനുമമ്മയും ഒന്നും പറഞ്ഞില്ല.

ഇതിനിടെയാണ് അയാൾ എല്ലാവരുടേയും കണ്ണുവെട്ടിച്ച് എന്‍റെയടുത്തു വന്ന് മോശമായി പെരുമാറാൻ തുടങ്ങിയത്. അതോടെ അയാളുടെ മനസ്സിലിരുപ്പ് എനിക്ക് മനസ്സിലായി. ഞാൻ പരമാവധി ഒഴിഞ്ഞു നിന്നു. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഞാൻ നിശബ്ദത പാലിച്ചു. അയാളുടെ ലക്ഷ്യമെന്താണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ കണ്ണുകളിൽ വേട്ടനായ്ക്കളുടേതിന് സമാനമായ ക്രൗര്യം… ഒരവസരത്തിന് കാത്തു നിൽക്കുന്ന വേട്ടമൃഗം.

ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ ഞാൻ സ്വയം രക്ഷപ്പെടാനായി ശ്രമിച്ചു കൊണ്ടിരുന്നു. താൻ എന്ത് ആഗ്രഹിക്കുന്നുവെന്ന് അയാൾ ഓരോ ചലനത്തിലും വ്യക്‌തമാക്കിക്കൊണ്ടിരുന്നു. തമാശമട്ടിൽ ദ്വയാർത്ഥപദങ്ങൾ പ്രയോഗിച്ച് അയാൾ തന്‍റെ ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടിരുന്നു. എല്ലാമറിഞ്ഞിട്ടും അയാളെ തടയുന്നതിന് പകരം പ്രമീളചേച്ചി ഇത്തരമവസരങ്ങളിൽ പൊട്ടിച്ചിരിച്ചു. ഭർത്താവിന്‍റെ സ്മാർട്ട്നെസ്സിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയായിരുന്നു ചേച്ചി.

ഹരിയേട്ടനെയും കൂട്ടി പ്രമീളചേച്ചി ഏത് സമയത്തും വീട്ടിൽ കടന്നുവരും. ചിലപ്പോൾ രാത്രി ഭക്ഷണം കഴിച്ചിട്ടാവും അവർ മടങ്ങിപ്പോവുക. ചിലപ്പോൾ പല രാത്രികളിലും വീട്ടിൽ തങ്ങാറുമുണ്ട്.

മരുമകന്‍റെ അസ്വഭാവിക പെരുമാറ്റം വീട്ടിലെ അന്തരീക്ഷത്തെ വല്ലാതെ ബാധിച്ചിരുന്നു.

അച്‌ഛന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നില്ല. എന്നാൽ മരുമകനെ സൽക്കരിക്കാനായി അച്‌ഛൻ വിലയേറിയ വിദേശമദ്യം വീട്ടിൽ കരുതിവച്ചു. മാത്രമല്ല അച്‌ഛനും മരുമകനൊപ്പം ചെറിയ തോതിൽ മദ്യപിക്കാനും തുടങ്ങി.

വീട്ടിൽ കയറി വന്ന് ഹരിയേട്ടൻ നടത്തുന്ന ഇടപെടലുകൾ എന്‍റെയുള്ളിൽ ഭീതി നിറച്ചു. പ്രമീളചേച്ചിയോടൊപ്പം കൂടെക്കൂടെ വീട്ടിൽ കടന്നുവരുന്ന ഹരിയേട്ടന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഞാനല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

അമ്മയെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു, “എനിക്ക് കിട്ടിയ മരുമകൻ നല്ലവനാ. കുറച്ചു ദിവസങ്ങൾ കൊണ്ട് അവനെനിക്ക് സ്വന്തമായതുപോലെ. ഒരു മരുമകനെപ്പോലെയല്ല അവൻ പെരുമാറുന്നത്.”

വീട്ടിൽ അവർക്കായ് ഒരു മുറി തന്നെയുണ്ടായിരുന്നു. ഞാൻ പരമാവധി ആ മുറിയിൽ പോകാതെ കഴിച്ചു കൂട്ടി. ഒരു ദിവസം അമ്മ പറഞ്ഞതനുസരിച്ച് ഞാൻ ചേട്ടനും ചേച്ചിക്കുമായ് ചായയുമായി മുറിയിൽ ചെന്നു. ആ സമയത്ത് പ്രമീളചേച്ചി ബാത്ത്റൂമിലായിരുന്നു.

ചേച്ചി മുറിയിലില്ലെന്ന് മനസ്സിലായതോടെ ചായ മേശപ്പുറത്ത് വച്ചശേഷം ഞാൻ തിരികെ പോരാൻ ഒരുങ്ങുന്നതിനിടെ ഹരിയേട്ടൻ എന്‍റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ ഞൊടിയിട നേരം അയാളുടെ കൈ വിടുവിച്ച് മുറിക്ക് പുറത്തേക്കോടി. അടുക്കളയിൽ അമ്മയുടെ അടുത്തു വന്ന് നിൽക്കുമ്പോഴും എന്‍റെ കിതപ്പ് മാറിയിരുന്നില്ല.

“എന്ത് പറ്റി? എന്താ നീയിങ്ങനെ കിതയ്ക്കുന്നത്?” എന്‍റെ നില്പ് കണ്ടിട്ട് അമ്മ ചോദിച്ചു.

“ഒന്നുമില്ല. എന്‍റെ കാലൊന്ന് തെറ്റി.” അമ്മയോട് ഞാൻ മനഃപൂർവ്വം കള്ളം പറഞ്ഞു. ഒരുപക്ഷേ, ഞാൻ വലിയൊരു തെറ്റാവാം ചെയ്‌തത്. പക്ഷേ കുടുംബബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതിരിക്കാൻ രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെയിരിക്കണം. പക്ഷേ ഭാവിയിൽ അതിനുള്ള ശിക്ഷയനുഭവിക്കേണ്ടി വരും. ഞാനനുഭവിക്കും പോലെ.

കുടുംബത്തിനും ബന്ധങ്ങൾക്കും വേണ്ടി ഞാൻ നിശബ്ദയായിരിക്കുന്നതിനോട് നിങ്ങൾക്ക് വിയോജിപ്പ് തോന്നാം.

പക്ഷേ ഇവിടെ ഞാൻ നിസ്സഹായയാണ്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. ഞാൻ എന്തെല്ലാം ഒഴിവു കഴിവുകൾ പറഞ്ഞിട്ടും അമ്മയത് മനസ്സിലാക്കിയിട്ടും ഒന്നുമറിയാത്തവളെപ്പോലെ പെരുമാറുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരുപക്ഷേ, അമ്മയും നിസ്സഹായതയുടെ കൂടിനുള്ളിലായിരിക്കും.

പിന്നീടൊരിക്കലും അമ്മ എന്നെ പ്രമീളചേച്ചിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ടില്ല. പക്ഷേ അതുകൊണ്ടെന്ത് സംഭവിക്കാനാ?

ഹരിയേട്ടനെന്ന വൃത്തികെട്ട മനുഷ്യന്‍റെ തരംതാണ പ്രവൃത്തികൾ സഹിക്കവയ്യാതെ ചേച്ചിയോട് അത് ഞാൻ സൂചിപ്പിക്കുക തന്നെ ചെയ്‌തു. പക്ഷേ അതോടെ ചേച്ചിക്ക് എന്നോടുള്ള വെറുപ്പും കൂടി.

“ചേച്ചി, കൂടുതലൊന്നും എനിക്ക് പറയാൻ താല്പര്യമില്ല. പരിധിവിട്ട് പെരുമാറരുതെന്ന് ചേട്ടനോട് പറയണം.” എന്നു മാത്രമേ ഞാൻ ചേച്ചിയോട് പറഞ്ഞുള്ളൂ.

അതോടെ ചേച്ചി ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി, “ഓഹോ, ചേട്ടൻ പറയുന്ന തമാശകൾ നിനക്ക് വയ്യ അല്ലേ, ഞാനും എന്‍റെ ഭർത്താവും ഇവിടെ വരരുതെന്നല്ലേ നീ സൂചിപ്പിക്കുന്നത്? ശരിയാണ്, എനിക്ക് ഈ വീട്ടിൽ എന്താ കാര്യം?”

“ഞാനങ്ങനെ പറഞ്ഞില്ലല്ലോ ചേച്ചീ?” വേദന കൊണ്ട് എന്‍റെ മനസ്സ് പിടഞ്ഞു.

എല്ലാം അറിയാമായിരുന്നിട്ടും അമ്മ നിശബ്ദയായിരുന്നു. ഇതിനിടെ പ്രമീളചേച്ചി ഗർഭിണിയായി. കോംപ്ലിക്കേഷൻ ഉള്ളതിനാൽ പ്രമീളചേച്ചിയോട് വളരെ സൂക്ഷിക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിരുന്നു. അതുകൊണ്ട് പ്രസവത്തിന് മൂന്നുമാസം മുമ്പേ തന്നെ അമ്മ ചേച്ചിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നു.

ഞാൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്തോറും… വീണ്ടും കുരുക്കുകൾ മുറുകിക്കൊണ്ടിരുന്നു.

പ്രമീളചേച്ചി വന്നശേഷം ഹരിയേട്ടനും വീട്ടിൽ വരുന്നത് പതിവായി. അയാളുടെ ചുണ്ടുകളിൽ കാമാർത്തമായ ചിരി വിടർന്നു. കണ്ണുകളിൽ എന്നോടുള്ള പരിഹാസച്ചുവ. നിസ്സഹായയായതിനാൽ ഞാൻ ഉള്ളിന്‍റെയുള്ളിൽ ഉരുകിക്കൊണ്ടിരുന്നു.

പ്രമീളചേച്ചി എന്‍റെ വിഷമം മനസ്സിലാക്കുമെന്ന് ഞാൻ കരുതി. പക്ഷേ അതുണ്ടായില്ല.

മനസ്സിൽ ആശങ്കകൾ നിറഞ്ഞപ്പോൾ അമ്മയോട് ചേട്ടനെപ്പറ്റി പറയണമെന്ന് തന്നെ വിചാരിച്ചു. പക്ഷേ അമ്മയുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്ന് അറിയില്ല.

പക്ഷേ… അമ്മയോടെല്ലാം പറയുന്നതിന് മുമ്പ്…

അന്ന് വൈകുന്നേരം ഞാൻ വീട്ടിൽ തനിച്ചായിരുന്നു. അമ്മ ചേച്ചിയെയും കൊണ്ട് ഡോകടറുടെ അടുത്ത് പതിവ് ചെക്കപ്പിനായി പോയിരിക്കുകയായിരുന്നു. ഒരുപക്ഷേ, ഡോക്ടറുടെ അടുത്ത് പോകുന്ന വിവരം അമ്മയോ ചേച്ചിയോ ഫോണിലൂടെ ചേട്ടനെ ധരിപ്പിച്ചിരിക്കണം. അവർ പോയയുടനെ തന്നെ ഹരിയേട്ടൻ വീട്ടിലെത്തി. വാതിൽ തുറന്നിട്ടിരുന്നതിനാൽ അയാൾക്ക് അനായാസം അകത്തു വരാനായി.

അയാളെ കണ്ടപ്പോഴേ എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അയാൾ വന്നപാടെ ചുറ്റും നോക്കിയ ശേഷം പ്രമീളചേച്ചിയെപ്പറ്റി ചോദിച്ചു. ചേച്ചിയും അമ്മയും കൂടി ഡോക്ടറുടെ അടുത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞ ശേഷം ചേട്ടനോട് ഇരിക്കാൻ പറഞ്ഞു. ചായയെടുക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി.

പിന്നാലെ വന്ന അയാൾ എന്‍റെ കൈയിൽ കടന്നു പിടിച്ചു. “ഇന്നെനിക്ക് ചായയല്ല വേണ്ടത്. മറ്റൊന്നാണ്… എന്‍റെ സുന്ദരിക്കുട്ടീ, ഞാനെത്ര നാളായി കൊതിക്കുന്നതാ…” അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ആവേശം നിറയുന്നത് ഞാൻ ഭീതിയോടെ അറിഞ്ഞു. കൈ വിടുവിക്കാനായി ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷേ അയാൾ എന്നെ ശക്തിയോടെ വലിച്ചടുപ്പിച്ചു.

“വിടെന്നെ… നിങ്ങൾക്ക് നാണമില്ലേ? പ്രമീളചേച്ചിയെ ഓർത്തെങ്കിലും.”

അയാളുടെ കൈകളിൽ നിന്ന് കുതറി മാറാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ എന്നെ കീഴടക്കി. എന്‍റെ നിഷ്ഫലമായ ചെറുത്തു നില്പുകൾ… വേട്ടമൃഗത്തെപ്പോലെ അയാൾ ചീറിയടുത്തു. ഒടുവിൽ വിജയിയുടെ ഭാവത്തിൽ അയാളെന്നെ നോക്കി ചിരിച്ചു. കണ്ണീരിനും വേദനയ്ക്കുമിടയിൽ അയാളുടെ മുഖം അവ്യക്‌തമായി. അയാളെ പിച്ചിച്ചീന്തി കൊല്ലാനുള്ള ദേഷ്യം എന്‍റെ മനസ്സിൽ നിറഞ്ഞു. പക്ഷേ…

കുറേ സമയം കഴിഞ്ഞ് അമ്മ ചേച്ചിയെയും കൂട്ടി വീട്ടിൽ മടങ്ങിയെത്തി. പ്രമീളചേച്ചി വന്നയുടനെ സ്വന്തം മുറിയിലേക്ക് പോയി. അടുക്കളയിലേക്ക് പോകാനൊരുങ്ങിയ അമ്മയെ ഞാൻ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.

“അമ്മേ… ഞാൻ… എനിക്കെല്ലാം നഷ്ടപ്പെട്ടു.” വാക്കുകൾ കിട്ടാതെ ഞാൻ അമ്മയെ ഇറുക്കിപ്പിടിച്ചു.

അമ്മയും ഒരു സ്ത്രീയല്ലേ. എന്‍റെ ഈ ചുരുങ്ങിയ വാക്കുകൾ മതിയായിരുന്നു അമ്മയ്ക്ക് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ.

“ഞങ്ങളില്ലാത്തപ്പോൾ ആരാ ഇവിടെ വന്നത്?” കണ്ണുനീരുവീണു നനഞ്ഞ എന്‍റെ മുഖമുയർത്തി പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു.

ഹരിയേട്ടനെന്ന് പറഞ്ഞു തീരും മുമ്പേ അമ്മ എന്‍റെ വായ്പൊത്തി. എന്നെ പിടിച്ചു വലിച്ചു കൊണ്ട് പിന്നിലെ മുറിയിലേക്കു നടന്നു. സ്റ്റോർ റൂമായിരുന്നു അത്. മുറിക്കകത്ത് കയറിയ ഉടനെ അമ്മ വാതിലടച്ച് കുറ്റിയിട്ടു. അമ്മയുടെ ശ്വാസോച്ഛ്വാസം ഉയർന്നു.

“സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇനി ഇതേക്കുറിച്ച് മിണ്ടരുത്. ഇതാരോടും പറയരുത്. അല്ലെങ്കിൽ ഈ വീട്ടിലെ സമാധാനം എന്നേക്കുമായി നശിച്ചു പോകും. ഏതൊരു സ്ത്രീക്കും ഇത്തരമനുഭവമുണ്ടാകാം. നീ ഇത് ആരോടും പറയരുത്.”

ഷോക്കടിച്ചതു പോലെ ഞാൻ അമ്മയുടെ മുഖത്ത് ഒരു നിമിഷം നോക്കി നിന്നു. പവിത്രമെന്ന് സങ്കല്പിക്കുന്ന കുടുംബബന്ധങ്ങളുടെ പേരിൽ ഒരിക്കൽ കൂടി ഞാൻ നിശബ്ദയാവണം.

എന്‍റെ തകർന്നടിഞ്ഞ സ്ത്രീത്വത്തിനേക്കാൾ എത്രയോ ഉയരെയാണ് ഈ വീട്ടിലെ ബന്ധങ്ങൾ… പ്രമീളചേച്ചിയുടെ സന്തോഷമാണ് അമ്മയ്ക്ക് വലുത്… അതിന് മുന്നിൽ എന്‍റെ ജീവിതത്തിന് എന്ത് വിലയാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടത് നഷ്ടമായിട്ടും. നീതി നിഷേധങ്ങൾ ഏറ്റുവാങ്ങാൻ പിന്നേയും ജീവിതം ബാക്കി…

സ്വയംവരം- അവസാനഭാഗം

“ആരെയെങ്കിലും ഇഷ്ടമായോ? എങ്ങനെയുണ്ട് ഇന്‍റർവ്യൂ?” അവളിൽ ഒരുവൾ തിരക്കി.

“ഇദ്ദേഹം ആളൊട്ടും മോശമല്ല. ഞങ്ങളെ രണ്ടുപേരെയും വേണം പോലും…” ജീൻസ് ധരിച്ച പെൺകുട്ടി മുഖമോന്നു കോട്ടി.

“സമ്മതമാണെങ്കിലും ഇല്ലെങ്കിലും വേഗം പറയണം. ഇന്‍റർവ്യൂവിനായി മറ്റു പെൺകുട്ടികൾ ഇവിടെ കാത്തുകെട്ടി നിൽക്കുന്നു…” വിവേകിനെ തീരെ ശ്രദ്ധിക്കാതെ അവർ പുറത്തേക്കു നടന്നു.

“മറ്റു പെൺകുട്ടികളോ…” വിവേകിന്‍റെ മുഖം വിളറി വെളുത്തു.

“നിങ്ങളെപ്പോലെ സുന്ദരനും സ്മാർട്ടും കഴിവുമുള്ള പയ്യന്മാരെ കണ്ടുകിട്ടാൻ ഇക്കാലത്ത് തപസ്സിരിക്കണം. അങ്ങയോടൊന്നു സംസാരിക്കാൻ, അങ്ങയുടെ ഇന്‍റർവ്യൂവിലൊന്നു പങ്കെടുക്കാൻ ഈ ഹോസ്റ്റലിൽ പകുതിയിലധികം പേർ തയ്യാറായി കാത്തു നിൽക്കുന്നുണ്ട്…” ജീൻസുകാരി ചെറിയൊരു പരിഹാസച്ചുവയോടെ പറഞ്ഞു നിർത്തി.

“ഇനി ദയവായി താങ്കൾ ഒന്ന് സ്വയം പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.” ചുരിദാറുകാരി അഭ്യർത്ഥിച്ചു.

“അതേ, നിങ്ങൾ കരുതന്നതു പോലെ അത്ര മോശക്കാരനോ അറിവില്ലാത്തവനോ അല്ല ഞാൻ…” വിവേക് ഗൗരവത്തോടെ പറഞ്ഞു. “വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ പങ്കാളിയുടെ സ്വാഭാവവും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്നതു നല്ലതാണ്. എന്‍റെ അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാനീ പെണ്ണുകാണൽ ചടങ്ങിന് സമ്മതിക്കില്ലായിരുന്നു…”

“അതെയോ?” ജീൻസ് ധരിച്ച പെൺകുട്ടി ആശ്ചര്യം അഭിനയിച്ചു.

“ദയവായി സാവിത്രി ആന്‍റിയുടെ മകളാരാണെന്ന് ഇനിയെങ്കിലുമൊന്നു പറയൂ…” വിവേക് ശരിക്കും അസ്വസ്ഥനായി.

“നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ?” ജീൻസുകാരി പൊട്ടിച്ചിരിച്ചു.

ഇല്ലെന്ന അർത്ഥത്തിൽ വിവേക് തലകുലുക്കി.

“എൻജിനീയറിങ്ങൊക്കെ കഴിഞ്ഞതല്ലേ? നല്ല ബുദ്ധിശാലിയായിരിക്കുമെന്നാ ഞങ്ങൾ കരുതിയത്…”

“അതൊക്കെ ശരി തന്നെ. പക്ഷേ ഇതുപോലെ തല തിരിഞ്ഞവരുടെ മുന്നിൽ തോൽക്കേണ്ടി വരുമെന്നതാണ് വാസ്തവം.”

“ആഹാ, അപ്പോ ഏമാൻ ഇത്ര പെട്ടെന്ന് തോൽവി സമ്മതിച്ചോ… അങ്ങ് ഇവളുമായി സംസാരിച്ചിരിക്ക്. ഞാൻ ചായയും സ്നാക്സുമായി വരാം.” ജീൻസുകാരി മുറിക്കു പുറത്തേക്ക് നടന്നു.

വിവേക് ചുരിദാർ ധരിച്ച പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി, “സത്യം പറയൂ, നിങ്ങളല്ലേ പൂജ മോഹൻ?”

“എന്താ… അവളേക്കാൾ ഏറെ താങ്കൾക്ക് എന്നെയാണോ ഇഷ്ടമായത്?” പൂജ പഴയകാല നായികമാരെപ്പോലെ കണ്ണുചിമ്മി.

“പറയൂ… പ്ലീസ്…”

“അകത്തുപോയ കൂട്ടുകാരി മടങ്ങി വന്നശേഷം താങ്കൾ ഇതേ ചോദ്യം അവളുടെ മുന്നിൽ വച്ച് ചോദിച്ചോളൂ… സത്യം പറഞ്ഞാൽ അവളെന്നെ കൊന്നു കളയും.”

“ഇല്ല, ഞാനാരോടും പറയില്ല. ദയവായി നീയൊന്നു പറയ്…”

“ദയവായി മറ്റെന്തെങ്കിലും പറയൂ… പ്ലീസ്…”

വിവേക് നിസ്സഹായതയോടെ തലതാഴ്ത്തി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പഠനസംബന്ധമായ കാര്യങ്ങൾ സംസാരിക്കുമാൻ തുടങ്ങി.

ജീൻസുകാരി 10 മിനിറ്റിനു ശേഷം ഒരു ട്രേയിൽ മൂന്ന് പ്ലേറ്റ് സാമ്പാർ വടയുമായെത്തി.

വിവേക് ഒരു സ്പൂണെടുത്ത് സാമ്പാർ വടയൊന്നു രുചിച്ചു നോക്കി. എരിവു സഹിക്കാനാവാതെ വിവേകിന്‍റെ കണ്ണു നിറഞ്ഞു. മറ്റു രണ്ടുപേരും നല്ലതുപോലെ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.

എരിവ് കൂടുതലായിരുന്നുവെങ്കിലും വിവേക് ഇതറിയിക്കാതിരിക്കാൻ ചിരിച്ചുകൊണ്ട് സാമ്പാർവട കഴിക്കാൻ തുടങ്ങി. അവരുടെ മുന്നിൽ പരിഹാസപാത്രമാകാൻ താൽപര്യമില്ലായിരുന്നു.

പെട്ടെന്ന് രണ്ട് പെൺകുട്ടികൾ കൈയിൽ ഓരോ പ്ലേറ്റുമായി ഗസ്റ്റ് റൂമിലെത്തി. അവർ വിവേകിനടുത്തുള്ള സോഫയിൽ വന്നിരുന്നു.

“സാർ. സെലക്ഷൻ കഴിഞ്ഞോ?” കൂട്ടത്തിൽ നല്ല ഉയരമുള്ള യുവതി ചോദിച്ചു.

“ഇതുവരെ തീരുമാനമായിട്ടില്ല…” വിവേക് ചിരിച്ചുകൊണ്ട് മറുപടി നൽകി.

“സാർ, വേഗമോരു തീരുമാനമെടുക്കൂ… ക്യാമ്പസ് പ്ലേയ്സ്മെന്‍റിന്‍റെ സീസണാണിത്. ഹോസ്റ്റലിൽ ആകെക്കൂടി ഈയൊരു ഗസ്റ്റ് റൂം മാത്രമേയുള്ളൂ. ഇന്‍റർവ്യൂവിനുള്ള അടുത്ത പാർട്ടി ഉടനെയെത്തും.” കൂടെയുണ്ടായിരുന്ന പെൺകുട്ടി നെറ്റി ചുളിച്ച് ദേഷ്യം പ്രകടിപ്പിച്ചു. രണ്ടുപേരും പുറത്തേക്ക് നടന്നു.

“ഞാൻ പൂജ മോഹനെയൊന്നു കണ്ട് സംസാരിക്കാൻ വന്നതാണ്. അതിന് നിങ്ങൾ ഇന്‍റർവ്യൂ എന്നൊക്കെ പറഞ്ഞ് വെറുതെ പരിഹസിക്കേണ്ട കാര്യമില്ല.” വിവേക് തീരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതിന് നിങ്ങളെപ്പോലെ വലിയ വലിയ ആളുകൾക്ക് ഇങ്ങനെയൊരു തോന്നലുണ്ടാകേണ്ട കാര്യമുണ്ടോ?” ജീൻസുകാരി ഉപദേശിച്ചു.

“പണം പൂഴ്ത്തി വയ്ക്കൽ, സെക്സ് സ്കാന്‍റൽ, കൊലപാതകം എന്നു വേണ്ട ഇവിടുത്തെ ഉന്നതർ എന്തെല്ലാം തോന്ന്യാസങ്ങളാ കാട്ടിക്കൂട്ടുന്നത്? അവർക്ക് യാതൊരു കുറ്റബോധവും തോന്നാറില്ലല്ലോ?  നിങ്ങൾ കല്യാണം കഴിക്കാനായി ഒരു ഇന്‍റർവ്യൂ നടത്തുന്നു. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിസ്സാരമല്ലേ? താങ്കൾ യാതൊരു മടിയും കൂടാതെ ഇന്‍റർവ്യൂ തുടർന്നോളൂ… പ്ലീസ്…” എഴുന്നേറ്റ് നിന്ന് പ്രഭാഷണം നടത്തുകയായിരുന്ന ചുരിദാറുകാരി സോഫയിലേയ്ക്ക് വീണ്ടും അമർന്നിരുന്നു.

അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു, “ഇന്‍റർവ്യൂ കഴിഞ്ഞിരിക്കുന്നു…”

“ആഹാ… അപ്പോ തീരുമാനം ആയോ?” ചുരിദാർ ധരിച്ച യുവതിയ്ക്ക് ആശ്ചര്യമായി.

“ഊം…”

“ഈയുളളവളെയാണോ അങ്ങയുടെ ദാസിയായി തെരഞ്ഞെടുത്തിരിക്കുന്നത്?”

“എടീ… നിന്നെയല്ല എന്നെയാവും ഇദ്ദേഹം സെലക്ട് ചെയ്തത്?” ജീൻസുകാരി നാടകീയമായി സ്വന്തം നെറ്റിയിലടിച്ചു പറഞ്ഞു. അതുവരെ പ്രസന്നവദനനായിരുന്ന വിവേകിന്‍റെ മുഖം പെട്ടെന്ന് മ്ലാനമായി. വിവേക്  വയറു പൊത്തിപ്പിടിച്ച് ഛർദ്ദി അഭിനയിച്ചു.

“എനിക്ക് വല്ലാത്ത ഭയം തോന്നുന്നു. ശ്വാസം പോലും നേരെയല്ല. എന്തോ സുഖമില്ലാത്ത പോലെ. നിങ്ങൾ എനിക്കു തന്ന സാമ്പാറിൽ എരിവിനൊപ്പം… അറിയാതെ മറ്റെന്തെങ്കിലും… ചേർത്തിരുന്നോ…?” മുഖത്ത് തീക്ഷണമായ ഭാവമാറ്റം വരുത്തി ഭയങ്കര ശബ്ദത്തോടെ വിവേക് നിലത്തേക്ക് വീണു.

സാമ്പാറിൽ മറ്റെന്തെങ്കിലും ചേർത്തിരുന്നോ എന്ന് വിവേക് ജീൻസുകാരിയോടാണ് ചോദിച്ചത്. അവൾ കിടുകുടാ വിറക്കാൻ തുടങ്ങി.

“അയ്യോ… ഇയാളുടെ കൈകൾ തണുത്തിരിക്കുന്നല്ലോ.” കൂട്ടത്തിലൊരുത്തി പറഞ്ഞു.

“വെ… വെ… വെള്ളം… വേഗം…” ജീൻസുകാരി ശരിക്കും ഭയന്നു.

“സത്യം പറഞ്ഞോ? നീ മുളകുപൊടി കൂടാതെ മറ്റെന്താ സാമ്പാറിൽ ചേർത്തത്?”

“മറ്റെന്തെങ്കിലും ചേർക്കാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?”

“ഇയാളെ ഒരു പാഠം പഠിപ്പിക്കാനായി നീ അറിയാതെ എന്തെങ്കിലും…”

“ശ്ശൊ, ഇതിപ്പോ പുലിവാല് പിടിച്ച പോലായല്ലോ? ഇനിയെന്തു ചെയ്യും. നമുക്ക് ഡോക്ടറെ വിളിച്ചു വരുത്തിയാലോ? നിന്‍റെ മമ്മി ഇതെങ്ങാനും അറിഞ്ഞാൽ എന്നെ ജീവനോടെ കുഴിച്ചു മൂടും. നീയെന്തിനാ തുറിച്ചു നോക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.” ജീൻസ് ധരിച്ച യുവതി കുറ്റബോധത്തോടെ തല താഴ്ത്തി.

“ഇയാളെ വേഗം സോഫയിലെടുത്തു കിടത്താം. നിങ്ങളാരെങ്കിലും വേഗമൊന്നു ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ടുവാ…. ഇയാളെ ഭ്രാന്തു പിടിപ്പിച്ചതിന് ഇനി ഞാനെന്തെല്ലാം കേൾക്കേണ്ടി വരുമോ ആവോ?” പച്ച ചുരിദാർ ധരിച്ച യുവതി കൂട്ടുകാരിയെ ശകാരിച്ചു.

വിവേക് പെട്ടെന്ന് കണ്ണു തുറന്ന് അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.

പൂജാ മോഹൻ ആദ്യമൊന്നു ഞെട്ടിയെങ്കിലും വിവേകിന് ആപത്തൊന്നുമില്ലല്ലോ എന്നു കണ്ട് ആശ്വസിച്ചു.

“ഹോ… നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ആശ്വാസമായി. പിന്നെന്തിനാ സുഖമില്ലെന്ന് അഭിനയിച്ചത്?” പച്ച ചുരിദാറുകാരി പരിഭവത്തോടെ പറഞ്ഞു.

“ഇപ്പോ എന്നെക്കുറിച്ച് ഒരു ഐഡിയ കിട്ടിയില്ലേ. എങ്ങനെയുണ്ടായിരുന്നു മിസ് പൂജ മോഹൻ എന്‍റെ അഭിനയം? എന്‍റെ കഴിവിനെ പ്രശംസിക്കുന്നില്ലേ?” വിവേക് പൂജയുടെ കണ്ണുകളിലേക്ക് നോക്കി.

“ഹോ… പക്ഷേ ഇത്രയ്ക്ക് അഭിനയം വേണ്ടിയിരുന്നില്ല.” പൂജ മോഹന്‍റെ ഷോക്ക് അപ്പോഴും വിട്ടു മാറിയിരുന്നില്ല.

“നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ ടെൻഷൻ പിടിപ്പിച്ചില്ലേ? അപ്പോ കുറഞ്ഞത് ഇത്രയുമെങ്കിലും….”

“എന്‍റെ കൈയൊന്ന് വിടൂ… പ്ലീസ്….”

“വെറുതെ വിട്ടുകളയാൻ വേണ്ടിയല്ല ഞാനീ കൈകൾ പിടിച്ചിരിക്കുന്നത്?”

“അപ്പോൾ ഇവൾ ഇന്‍റർവ്യൂവിൽ പാസ്സായി എന്നല്ലേ ഇതിനർത്ഥം?” ജീൻസുകാരി ചോദിച്ചു.

“നൂറിൽ നൂറ് മാർക്കാ നിങ്ങളുടെ കൂട്ടുകാരിക്ക്. ഇനി നിങ്ങളുടെ കൂട്ടുകാരിയോട് എന്‍റെ റിസൾട്ട് പറയാൻ പറയൂ….?”

“തോറ്റുപോയി… ഹോ… ഞാനെന്തുമാത്രം പേടിച്ചു പോയെന്നോ?” പൂജ ദേഷ്യവും ലജ്ജയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“ഞാൻ നിങ്ങൾക്ക് പാസ്മാർക്ക് നൽകിയിട്ടുണ്ട് എൻജിനീയർ സാർ. ഇവളുടെ കൈയിലെ പിടുത്തം വിട്ട് ദാ ഈ കൈ പിടിച്ചോളൂ…?”

“ആഹ്…. അതുവേണ്ട.” പൂജ മോഹൻ കൂട്ടുകാരിയെ തള്ളിമാറ്റി.

“ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ…. പൂജ നിനക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?”

അതെയെന്ന അർത്ഥത്തിൽ തലകുലുക്കുമ്പോൾ പൂജയുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു. കൂട്ടുകാരി കൈയടിച്ച് ഈ തീരുമാനം സ്വാഗതം ചെയ്തു.

“എ ഗിഫ്റ്റ് ഫോർ സംവൺ യു ലവ്?” വിവേക് പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റെടുത്ത് പൂജയ്ക്ക് നൽകി. “നമ്മുടെ ഈ റിലേഷൻ സ്വീറ്റിൽ തന്നെയാവട്ടെ തുടക്കം…” എരിവ് നൽകിയതിന് മധുര പ്രതികാരം എന്നോണം വിവേക് പറഞ്ഞു.

(അവസാനിച്ചു)

സ്വയംവരം ഭാഗം- ഒന്ന്

തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി സാവിത്രിയുമായി ഏറെ നേരം ഫോണിൽ സംസാരിച്ച ശേഷം കൗസല്യ മകൻ വിവേകിനെ അടുത്തു വിളിച്ച് വലിയ ഉത്സാഹത്തോടെ അവന്‍റെ വിവാഹക്കാര്യം സംസാരിക്കാൻ തുടങ്ങി.

“മോനേ… നിന്‍റെ വിവാഹം ഞാനങ്ങ് ഉറപ്പിച്ചു.” യാതൊരു മുഖവുരയും കൂടാതെ കൗസല്യ പറഞ്ഞതുകേട്ട് വിവേക് ശരിക്കും ഞെട്ടി.

“ഏ… എപ്പോ… എവിടെ… ഏതാ പെൺകുട്ടി…” വിവേക് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.

“അധികം തുള്ളിച്ചാടേണ്ട. ആരാണ് വധുവെന്ന് നിനക്ക് നന്നായറിയാം.”

സംശയം വിട്ടു മാറാത്ത മുഖഭാവത്തോടെ വിവേക് നോക്കുന്നതു കണ്ട് കൗസല്യ പറഞ്ഞു.

“ആഹ്, ഇനി പറയാം. സാവിത്രിയുടെ മകൾ പൂജ…”

“ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പൂജയുമായോ…”

“കണ്ടിട്ടില്ലെന്നോ? നിങ്ങൾ ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ?”

“മമ്മീ, ഇതത്ര തമാശയായെടുക്കേണ്ട കാര്യമല്ലല്ലോ? മുതിർന്ന ശേഷം ഞാൻ ഒരിക്കൽ പോലും പൂജയെ കണ്ടിട്ടില്ല. പിന്നെ എവിടുന്നു വിവാഹം കഴിക്കാൻ ഇതെന്താ കുട്ടിക്കളി വല്ലതുമാണോ?” വിവാഹത്തിനു തീരെ താൽപര്യമില്ലെന്ന പോലെയാണ് വിവേക് സംസാരിച്ചത്.

“നിനക്ക് ഓർമ്മയില്ലേ? അഞ്ചു വർഷം മുമ്പ് ചിത്ര ആന്‍റിയുടെ മകളുടെ വിവാഹത്തിന്… ഞാൻ നിനക്ക് പൂജയെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ? എനിക്കൊരു മരുമകൾ ഉണ്ടെങ്കിൽ അത് പൂജമോൾ തന്നെയായിരിക്കുമെന്ന് നീ കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ സാവിത്രിക്ക് വാക്കു നൽകിയതാണ്. മോനേ, ഞാനവർക്ക് പ്രോമിസ് നൽകിപ്പോയി. നീയിതിനു സമ്മതിക്കണം.”

എങ്ങനെയെങ്കിലും മകനെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നതിനാൽ സ്നേഹമസൃണമായ സ്വരത്തിലാണ് കൗസല്യ സംസാരിച്ചത്.

“മമ്മീ, ജീവിതാവസാനം വരെ നിലനിൽക്കേണ്ട ബന്ധമല്ലേ വിവാഹം? ഒട്ടും പരിചയമില്ലാത്ത പെൺകുട്ടിയുമായുള്ള വിവാഹത്തിനു ഞാനെങ്ങനെ സമ്മതം മൂളും?” വിവേകിന്‍റെ മറുപടിയിൽ അമർഷം നിറഞ്ഞിരുന്നു.

“ആഹാ… അപ്പോ അതാണോ കാര്യം? അതിന് ആ കുട്ടിയെ കണ്ട് പരിചയപ്പെട്ട് സംസാരിച്ച് തീരുമാനിച്ചാൽ പോരേ?”

“അതെങ്ങനെ?”

“അവൾ കൊച്ചിയിൽ ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കികയല്ലേ? ഇവിടുന്ന് രണ്ട് മണിക്കൂർ ദൂരം കാണും. ഈ ഞായറാഴ്ച അവളെ നേരിട്ടു കണ്ട് സംസാരിക്ക്…”

“ശരി. ഞാൻ കുട്ടിയുമായി ഇന്‍റർവ്യൂ നടത്തട്ടെ. എനിക്ക് ഇഷ്ടമായില്ലെങ്കിൽ മമ്മി പിന്നെ വാശി പിടിക്കരുത്.”

“നിനക്കവളെ ഇഷ്ടമാവും, തീർച്ച.”

“കാണാമല്ലോ…” വിവേക് പിറുപിറുത്തു കൊണ്ട് തന്‍റെ മുറിയിലേക്കു നടന്നു.

വിവേക് പൂജയുമായി ഒരു ഇന്‍റർവ്യൂ നടത്താൻ പോകുന്നുവെന്ന കാര്യം കൗസല്യ വഴി സാവിത്രിയും സാവിത്രി വഴി മകൾ പൂജയും ഫോണിലൂടെ അറിഞ്ഞു.

“ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇന്‍റർവ്യൂ ചെയ്യാറുണ്ട്. ഇയാളെന്താ എനിക്ക് ജോലി നൽകാൻ പോവുകയാണോ?”

പൂജ മോഹൻ തന്‍റെ കൂട്ടുകാരി പൂജ ചന്ദ്രനോട് തെല്ലൊരു അമർഷത്തോടെ പറഞ്ഞു. “ആ അഹങ്കാരി വിവേകിനെ പരിചയപ്പെടാൻ എനിക്കു തീരെ താൽപര്യമില്ല.”

“പക്ഷേ നിന്‍റെ അമ്മ നിർബന്ധിച്ചതല്ലേ? നിനക്ക് അയാളോട് സംസാരിക്കേണ്ടി വരും.” പൂജ ചന്ദ്രൻ സഹതാപം അഭിനയച്ചു.

“ശരിയാ… എനിക്കിപ്പോൾ ശനിദശയാണെന്നു തോന്നുന്നു.”

“ഇനിയങ്ങോട്ടു ശനിദശയെന്നു പറയുന്നതാവും ശരി.” പൂജ ചന്ദ്രൻ കൂട്ടുകാരിയെ കളിയാക്കി.

“മനസ്സിലായില്ല…” പൂജ മോഹന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“മൈ ഡിയർ പൂജ… കഴിഞ്ഞ 5 വർഷത്തോളമായി നീ അയാളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന കാര്യം എനിക്കറിയാം. അന്നത്തെ കൂടിക്കാഴ്ചയിൽ തുടങ്ങിയ പ്രണയം ഇന്നും അതേപടി കാണുമെന്നാണ് എന്‍റെ വിശ്വാസം.”

“ഏയ്… അങ്ങനെയൊന്നുമില്ല.” പൂജ മോഹൻ നിരസിക്കാൻ ശ്രമിച്ചുവെങ്കിലും അവളുടെ നുണക്കുഴിയുള്ള ചിരി സത്യം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

“മോളേ, നീ കൂടുതൽ വിഷമിക്കേണ്ട. നീ ഈ ഇന്‍റർവ്യൂവിൽ വിജയിക്കുമെന്നു മാത്രമല്ല, സ്വപ്നങ്ങളിലെ രാജകുമാരനെ നിനക്ക് സ്വന്തമാക്കാനുമാവും.” പൂജ ചന്ദ്രൻ അവളെ വീണ്ടും പരിഹസിച്ചു. ഇതുകണ്ട് പൂജ മോഹന്‍റെ ദേഷ്യം ഇരട്ടിച്ചു.

“ഇന്‍റർവ്യൂ പോലും… ഈ വാക്ക് എന്‍റയുള്ളിൽ മുള്ളുപോലെ കുത്തിത്തറയ്ക്കുകയാണ്. ആ അഹങ്കാരി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കനാണോ അതോ ലാഭനഷ്ടങ്ങളുടെ കച്ചവടം നടത്താൻ വരികയാണോ? എങ്ങനെയാണ് ശരിക്കുള്ള ഇന്‍റർവ്യൂ നടത്തേണ്ടതെന്ന് ഞാനയാൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.” പൂജ മോഹന്‍റെ അമർഷം കെട്ടടങ്ങിയിരുന്നില്ല.

ഞായറാഴ്ച രാവിലെ ഏതാണ്ട് 10 മണി സമയം. വിവേക് ഹോസ്റ്റലിലെ ഗസ്റ്റ് റൂമിൽ ഇരിക്കുകയായിരുന്നു. സുന്ദരികളായ രണ്ടു ചെറുപ്പക്കാരികൾ അവിടെയെത്തി. അവരിൽ ഒരാൾ ജീൻസും ചുവന്ന നിറത്തിലുള്ള ടോപ്പുമായിരുന്നു അണിഞ്ഞിരുന്നത്. മറ്റേ പെൺകുട്ടി പച്ച നിറത്തിലുള്ള ചുരിദാറും.

അവർ ചെറിയൊരു മന്ദഹാസത്തോടെ നമസ്തേ എന്ന് അഭിവാദനം ചെയ്തപ്പോൾ ഗൗരവം ഒട്ടും വിട്ടുമാറാത്ത മുഖഭാവത്തോടെ വിവേക് അവരെ നോക്കി വിഷ് ചെയ്തതേയുള്ളൂ. കുറച്ചു നേരത്തേ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് ആണ് സംസാരിച്ചു തുടങ്ങിയത്. “നിങ്ങളിൽ ആരാണ് പൂജ?”

“ദാ, ഇവളാണ്.” ജീൻസ് ധരിച്ച പെൺകുട്ടിയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

“അല്ലല്ല, ഇവളാ…” ചുരിദാർ ധരിച്ച പെണകുട്ടി കൂട്ടുകാരിയെ ചൂണ്ടിക്കാണിച്ചു.

“ഏ… അപ്പോൾ നിങ്ങൾ രണ്ടുപേരും പൂജയാണെന്നോ?” വിവേക് ആകെ കൺഫ്യൂസ്ഡായി.

“അതെ… ഞാൻ സാവിത്രി ആന്‍റിയുടെ മകളെ കാണാൻ വന്നതാണ്.” വിവേക് വിശദീകരിച്ചു.

“ഞങ്ങൾ രണ്ടുപേരും അവരുടെ മക്കളാണ് എൻജിനീയർ സാർ.. താങ്കൾക്ക് ഞങ്ങളെ രണ്ടുപേരെയും ഇന്‍റർവ്യൂ ചെയ്യേണ്ടി വരും. ഞങ്ങളിൽ ഇഷ്ടമാവുന്ന ആളെ തെരഞ്ഞെടുക്കാം.” പച്ച ചുരിദാറുകാരി ചിരിയടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ഞങ്ങൾ രണ്ടുപേരെയും ഒന്നിച്ച് ഇന്‍റർവ്യൂ ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടോ വിഷമമോ ഒന്നുമില്ലല്ലോ?” ജീൻസുകാരിയുടെ മുഖത്ത് നിഷ്കളങ്ക ഭാവമായിരുന്നു.

“പക്ഷേ സാവിത്രിയാന്‍റിയുടെ ശരിക്കുള്ള മകളെ തിരിച്ചറിയാൻ സാധിച്ചിരുന്നുവെങ്കിൽ…”

“ഒറിജിനലിനെയും ഡ്യൂപ്ലിക്കേറ്റിനെയും കുറിച്ചുള്ള ടെൻഷൻ മാറ്റി ഇന്‍റർവ്യൂ തുടങ്ങിയാലും.” ജീൻസുകാരി തയ്യാറായിരുന്നു.

“താങ്കൾക്ക് ഞങ്ങളെക്കുറിച്ച് അറിയാനുള്ള കാര്യങ്ങൾ ദയവായി യാതൊരു മടിയും കൂടാതെ ചോദിച്ചു തുടങ്ങിയാലും. ഞങ്ങൾക്ക് വിവാഹമാർക്കറ്റിൽ വിറ്റഴിക്കപ്പെടാനും അങ്ങേക്ക് വാങ്ങാനുമുള്ള സുവർണ്ണാവസരമാണിത്.” ചുരിദാറുകാരി ഭാവഭേദമില്ലാതെ പറഞ്ഞു.

“അതിന് ഞാനിവിടെയൊന്നും വാങ്ങാൻ വന്നതല്ല.” അവരുടെ സംസാരം വിവേകിന് തീരെ രസിച്ചില്ല.

“താങ്ക്യൂ സർ. ഞങ്ങൾക്ക് ആദരവ് നൽകിയതിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.”

“എന്താ, നിങ്ങളെന്നെ പരിഹസിക്കുകയാണോ?” വിവേക് നെറ്റി ചുളിച്ച് ഇരുവരെയും നോക്കി.

“അയ്യോ, ഇല്ലേയില്ല…” ചെവി നുള്ളി സത്യം ചെയ്തു.

“അതിനും മാത്രമുള്ള ധൈര്യം ഞങ്ങൾക്കില്ല എൻജിനീയർ സാറേ… ഞങ്ങൾക്ക് ഇന്‍റർവ്യൂവിന്‍റെ സീരിയസ്നെസ്സ് അറിയാം. അങ്ങേയ്ക്ക് ഇവിടെ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വരില്ല.” ചുരിദാറുകാരി മുഖത്ത് ഗൗരവം വരുത്താൻ ശ്രമിക്കുന്നത് കണ്ട് വിവേകിന് ചിരിയടക്കാനായില്ല.

“ദാ, നോക്കിയേ എൻജിനീയർ സാറിന് സന്തോഷമായല്ലോ… പറ്റിയ അവസരം തന്നെ. ദയവായി എന്‍റെ ഗുണഗണങ്ങൾ വർണ്ണിച്ച് എന്‍റെ മാർക്കറ്റ് വാല്യൂ കൂട്ടാൻ സഹായിക്ക്…” ജീൻസുകാരി ചുരുദാറുകാരിയുടെ കൈയിൽ നുള്ളി പ്രോത്സാഹിപ്പിച്ചു.

“എന്‍റെ കൂട്ടുകാരിയായതു കൊണ്ട് പറയുകയല്ല. ഇവളുടെ സൗന്ദര്യം കണ്ട് കവിതയെഴുതിയ വിരുതന്മാർ ഒന്നും രണ്ടുമൊന്നും ആയിരുന്നില്ല അന്ന് കോളേജിലുണ്ടായിരുന്നത്.” ചുരിദാറുകാരി കൂട്ടുകാരിയെ വളരെ നാടകീയമായി വർണ്ണിക്കുവാൻ തുടങ്ങി.

“അവരൊക്കെ പാവ കളിപ്പിച്ചുവന്ന ഇവൾ നല്ലൊരു നർത്തകി കൂടിയാണ്. അങ്ങ് കുയിൽ നാദമെന്നു കേട്ടിട്ടുണ്ടോ?”

“ആഹ്”

“ഇവളുടെ ശബ്ദവും അതേ കിളിനാദം പോലെയാണ്. ഇവളെ സെലക്ട് ചെയ്താൽ സംഗീതവും നൃത്തവും ജീവിതാന്ത്യം വരെ വീട്ടിലിരുന്ന് ആസ്വദിക്കാനാവും…”

“കുയിലിന്‍റെ ശബ്ദമാധുര്യമാണിവൾക്ക് എന്നു ചുരുക്കം അല്ലേ?” വിവേക് പുഞ്ചിരിച്ചു.

“എന്താ വിശ്വാസമായില്ലേ?”

“ഇവരെ വിവാഹം കഴിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ വെറുതെ കഷ്ടപ്പെടുത്തണമല്ലോ എന്നോർക്കുമ്പോൾ…”

“മനസ്സിലായില്ല…”

“വലിയ വലിയ മരച്ചില്ലകളിലിരിക്കുന്ന കുയിൽ നാദം കേൾക്കാൻ സുഖമുണ്ട്. പക്ഷേ നിങ്ങളുടെ കൂട്ടുകാരി ദിവസവും മരച്ചില്ലയിൽ കയറിയിരുന്നു കൂകേണ്ടി വരികയെന്നത്… അതു കഷ്ടമുള്ള കാര്യമല്ലേ?” വിവേകിന്‍റെ തമാശ മനസ്സിലായില്ലെന്ന പോലെ ഇരുവരും മുഖം ചുളിച്ചു. ഇതു കണ്ട് വിവേക് പൊട്ടിച്ചിരിച്ചു.

“ഇതൊരു ഇന്‍റർവ്യൂവാണ്. ഇതിന്‍റെ സീരിയസ്സ്നെസ്സ് നഷ്ടമാകാതിരിക്കാനായി എനിക്ക് പറയാനുള്ളതു കൂടി നിങ്ങൾ ദയവായൊന്നു കേൾക്കൂ.” ജീൻസുകാരി ദേഷ്യം നടിച്ചു കൊണ്ട് വിവേകിനെ തുറിച്ചു നോക്കി.

“ദാ…. എന്‍റെ ഈ കൂട്ടുകാരി കോളേജിലെ പി.ടി ഉഷയായിരുന്നുവെന്നു പറയാം. ഇവളുടെ ഓട്ടത്തിന്‍റെ സ്പീഡു കാരണം ഇന്നേവരെ ഒരു യുവാവിനു പോലും ഇവളെ പ്രണയക്കുരുക്കിൽ കുടുക്കാൻ പറ്റിയിട്ടില്ല. നല്ല ഭക്ഷണമുണ്ടാക്കാനിഷ്ടമാണ്. വാരിക്കോരി കഴിക്കുകയും ചെയ്യും… പിന്നെ വണ്ണം കൂടാതിരിക്കാനായി ശരിക്കും എക്സർസൈസും ചെയ്യും. ഇവളെ സെലക്ട് ചെയ്താൽ ജീവിതാന്ത്യം വരെ നല്ല ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല, ആരോഗ്യദൃഢഗാത്രനായിരിക്കുകയും ചെയ്യാം. ഞാൻ ഗ്യാരണ്ടി….”

“ഒരു കാര്യം ചോദിച്ചോട്ടെ…”

“ഊം…”

“വിവാഹ കമ്പോളത്തിൽ ഒന്നിനൊന്ന് ഫ്രീ എന്ന ഓഫറുണ്ടെങ്കിൽ എന്‍റെ പരാതി തീരും. ഞാൻ നിങ്ങളെ രണ്ടുപേരേയും… അയ്യോ… ദേഷ്യപ്പെടല്ലേ… അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ…” വിവേക് ചിരിയടക്കാൻ നന്നേ ബുദ്ധിമുട്ടി.

അവർ മറുപടി പറയാനൊരുങ്ങവേ മറ്റു രണ്ടു പെൺകുട്ടികൾ മുറിക്കകത്തേക്ക് എത്തിനോക്കി. അവരുടെ കണ്ണുകളിൽ ഉത്സാഹവും കുസൃതിയും ഒളിച്ചിരുന്നു.

(തുടരും)

Story: വിഷാദമേഘം

കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ചയുടനെ ഞാൻ വാതിലിലെ കർട്ടൻ വലിച്ചിട്ടു. ഇന്നിനി ഒരു രോഗിയേയും പരിശോധിക്കാൻ കഴിയില്ല. വീതിയേറിയ ഫ്രെയിമുള്ള കണ്ണടയൂരി മേശപ്പുറത്ത് വച്ച ശേഷം കഴുത്തിൽ തൂക്കിയിട്ടിരുന്ന സ്റ്റെതസ്കോപ്പെടുത്ത് സൈഡ് ടേബിളിൽ ഭദ്രമായി വച്ചു. അതിനുശേഷം തളർച്ചയോടെ കസേരയിലിരുന്നു. ഇന്ന് ഇതെന്‍റെ മൂന്നാമത്തെ കേസായിരുന്നു. രണ്ട് കേസുകളിൽ സിസേറിയൻ അത്യാവശ്യമായിരുന്നു. പക്ഷേ മൂന്നാമത്തെ കേസിൽ നോർമൽ ഡെലിവറിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ രോഗിക്ക് പ്രസവവേദന സഹിക്കാൻ കഴിയില്ലത്രേ. അതുകൊണ്ട് ഒടുവിൽ അവരേയും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു.

ക്ഷീണമൊന്ന് അകലും മുമ്പ് ഉടനെ ഡോറിൽ ആരോ മുട്ടി. ഞാനുടനെ കണ്ണടയെടുത്ത് അണിഞ്ഞു.

“പ്ലീസ് കമിൻ.”

“ഡോക്ടർ പ്ലീസ്… എന്‍റെ ഭാര്യയെയൊന്ന് നോക്കൂ. അവൾക്ക് തീരെ വയ്യ. വേദന സഹിക്കാൻ പറ്റുന്നില്ല.” കർട്ടന് പിന്നിൽ നിന്നും ചിലമ്പിച്ച ഒരു പുരുഷ ശബ്ദം.

ഞാനയാളെ അകത്തേക്കു വിളിച്ചു, “നോക്കൂ, എന്‍റെ ഡ്യൂട്ടി ടൈം കഴിഞ്ഞിരിക്കുകയാണ്. അവിടെ വേറെയും ഡോക്ടർമാരുണ്ടല്ലോ. ഡോക്ടർ മാലതിയും ഉടൻ എത്തും. നിങ്ങൾ അവരോട് പറയൂ.”

“ഡോക്ടർ പ്ലീസ്, എനിക്ക് ഡോക്ടറിൽ പൂർണ്ണ വിശ്വാസമാണ്. ഡോക്ടർക്ക് അവളെ രക്ഷിക്കാനാവും. ഡോക്ടറുടെ കൈകളിൽ എന്‍റെ ഭാര്യയുടെ ജീവൻ സുരക്ഷിതമായിരിക്കും. അവളുടെ സ്‌ഥിതി മോശമാണ്. പ്ലീസ് എന്തെങ്കിലും ചെയ്യൂ.” അയാൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു. ഞാൻ ഉടൻ തന്നെ സ്റ്റെത്തുമെടുത്ത് കാഷ്വാൽറ്റിയിലേക്ക് നടന്നു. എനിക്ക് അയാളുടെ അവസ്‌ഥയിൽ അലിവു തോന്നി. അയാളുടെ ഭാര്യയെ വിശദമായി പരിശോധിച്ച ശേഷം ഞാൻ അടുത്തുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിന് ചില നിർദ്ദേശങ്ങൾ നൽകി.

പുറത്ത് അയാൾ ആകാംക്ഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അയാൾ ഓടി വന്നു. “ഡോക്ടർ… ഇനി എന്താണ് ചെയ്യേണ്ടത്?”

“അല്പം കോംപ്ലിക്കേഷനുണ്ട്. നിങ്ങളുടെ കൈയിൽ അവരുടെ പഴയ ടെസ്റ്റ് റിപ്പോർട്ടുകളുണ്ടോ?”

“ഉണ്ട് ഡോക്ടർ.” ബഹുമാനപുരസ്സരം അയാൾ കൈവശം കരുതിയിരുന്ന ഫയൽ എനിക്കുനേരെ നീട്ടി. ഞാൻ അവ ഓരോന്നും വളരെ ശ്രദ്ധയോടെ പരിശോധിച്ചു.

“എന്‍റെ നിഗമനം ശരിയായിരുന്നു. കുഞ്ഞിന്‍റെ അംബ്ലിക്കൽ കോർഡ് ചുറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം ശരിയായി കേൾക്കാനും കഴിയുന്നില്ല. സോ വി മസ്റ്റ് ഡു ദി ഓപ്പറേഷൻ ഇമ്മീഡിയറ്റ്ലി. ബെറ്റർ നോട്ട് ടു ബി ലേറ്റ്.”

“ഡോക്ടർ പ്ലീസ്… എന്ത് ചെയ്താലും വേണ്ടില്ല. അവളെ രക്ഷിക്കണം. എനിക്ക് അത്രയ്ക്കും ജിവനാണവൾ.” അയാൾ എന്‍റെ കൈകളിൽ പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.

“വി വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്. നിങ്ങൾ ധൈര്യം കൈവെടിയാതിരിക്കൂ. സമാധാനിക്കൂ.” അയാളെ ആശ്വസിപ്പിച്ച ശേഷം ഞാൻ പതിയെ നടന്നു.

“മനോജ് വാസുദേവ്” പിറകിൽ നഴ്സിന്‍റെ ഉച്ചത്തിലുള്ള വിളിയുയർന്നു. ഒരു നിമിഷം എന്‍റെ കാലുകളുടെ വേഗത കുറഞ്ഞു.

“ഞാനാണ്” എന്ന് പറഞ്ഞുകൊണ്ട് അയാൾ നഴ്സിന്‍റെ അടുത്തേക്ക് ഓടി.

“നിങ്ങൾ ഈ ഫോം ഫിൽ ചെയ്ത ശേഷം കൗണ്ടറിൽ ക്യാഷ് അടച്ചോളൂ.” നഴ്സിന്‍റെ ശബ്ദമുയർന്നു.

തിരിഞ്ഞു നിന്ന് അയാളെ ഞാൻ ഒരു നിമിഷം സൂക്ഷിച്ചു നോക്കി. കുറച്ചു മുമ്പ് എന്‍റെ മുന്നിൽ ദയനീയതയോടെ നിന്ന വ്യക്‌തിയാണോ അത്. ആ പേര് കേട്ടതോടെ ഞാൻ അടിമുടി വിറച്ചു. ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന പേര്. ഈ പേര് എവിടെയെങ്കിലും വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോഴൊക്കെ ഞാൻ ദേഷ്യം കൊണ്ട് വിറച്ചിരുന്നു. ഞാനയാളെത്തന്നെ സൂക്ഷിച്ചു നോക്കി. മനോജ് എന്ന് പേര് എത്രയോ പേർക്കുണ്ടാവാം. പക്ഷേ മനോജ് വാസുദേവ് എന്ന പേര് എണ്ണപ്പെട്ടവർക്കല്ലേ കാണൂ. പറ്റെ വെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയും മുഖത്ത് അങ്ങിങ്ങായി വളർന്നിരിക്കുന്ന കുറ്റിരോമങ്ങളും മനസ്സിൽ നിന്നും മാറ്റിവച്ച് അയാളുടെ രൂപം എങ്ങനെയായിരിക്കുമെന്ന് ഞാനോർത്തു നോക്കി.

എന്‍റെ മനസ്സിൽ മറഞ്ഞു കിടന്ന വിരൂപമായ രൂപവും ഈ മുഖവും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും പോലെ മാച്ച് ചെയ്‌തു. എന്‍റെ മനസ്സിൽ വേദന കത്തിപ്പടർന്നു.

ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കാനായി ഞാനെന്‍റെ ക്യാബിനിലെത്തി. നഴ്സിനെ ഫോൺ ചെയ്ത് അയാളോട് കൺസൾട്ടിംഗ് റൂമിൽ വരാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് അയാൾ ഫോമുമായി ഓടിക്കിതച്ചെത്തി. ഫോമിന് പിന്നിൽ സ്വന്തം അഡ്രസ്സും വിദ്യാഭ്യാസ യോഗ്യതകളും പഠിച്ച വർഷവും സ്‌ഥലവും മറ്റും എഴുതാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

അയാൾ ഒരു നിമിഷം എന്നെ പകച്ചു നോക്കി. “ഡോക്ടർ, എന്‍റെ ഭാര്യയ്ക്കല്ലേ ഓപ്പറേഷൻ… പിന്നെന്തിനാണ് എന്‍റെ ഡീറ്റേയിൽസ്.”

“പറഞ്ഞത് ചെയ്യൂ” ഞാൻ ഇടയ്ക്കു കയറി പറഞ്ഞു. “ഇവിടെ ഇതൊക്കെ വേണം.”

അയാൾ ഫോമുമായി പുറത്തു പോയി ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ എഴുതി.

കുറച്ച് കഴിഞ്ഞ് അയാൾ ഡോറിൽ വീണ്ടും മുട്ടി. ഞാൻ അറ്റൻഡറെ അയച്ച് അയാളുടെ കൈയിൽ നിന്നും ഫോം വാങ്ങിപ്പിച്ചു. അതിനുശേഷം അയാളോട് പുറത്തു കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. അയാൾ ഫോമിൽ എഴുതിയ വിവരങ്ങളത്രയും വായിച്ചതോടെ എന്‍റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. എന്‍റെ മനസ്സ് കടൽ പോലെ പ്രക്ഷുബ്ധമായി. ഈ ഓപ്പറേഷൻ ഏറ്റെടുക്കണോ വേണ്ടയോ എന്നറിയാതെ എന്‍റെ മനസ്സ് ചഞ്ചലപ്പെട്ടു.

മെഡിക്കൽ എത്തിക്സ് എന്തുമായ്ക്കൊള്ളട്ടെ, ഡോക്ടർ മാനസികമായി അസ്വസ്ഥയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും വ്യക്‌തിപരമായ കാരണത്താൽ താല്പര്യമില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യാൻ പാടില്ല. ഈ ഫോം മനോജിന്‍റെ മുഖത്ത് വലിച്ചെറിഞ്ഞ് ഓപ്പറേഷൻ ചെയ്യാൻ കഴിയില്ലെന്ന് പറയാനാണ് മനസ്സപ്പോൾ കൊതിച്ചത്. പക്ഷേ അങ്ങനെ ചെയ്യുന്നത് എന്‍റെ ജോലിയുടെയും മര്യാദയുടെയും ഭാഗമല്ലല്ലോ. ഞാൻ ആ ഫോം തിരികെയേല്പിച്ച് ബാക്കിയുള്ള ഔപചാരികതകൾ നിറവേറ്റാൻ അയാളോട് ആവശ്യപ്പെട്ടു.

കുറച്ചു കഴിഞ്ഞ് ഞാൻ ബാഗുമെടുത്ത് ആശുപത്രിക്ക് പിന്നിലുള്ള ക്വാർട്ടേഴ്സിലേക്ക് നടന്നു. ബെഡ്റൂമിൽ കയറി വേഷം പോലും മാറാതെ ഏറെനേരം കട്ടിലിൽ കിടന്നു. വേലക്കാരി ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് എടുത്തു വച്ചിരുന്നു. എന്നാൽ മനസ്സ് അസ്വസ്ഥത കൊണ്ട് നീറി പുകഞ്ഞതിനാൽ എനിക്കൊന്നിനും ഒരു മൂഡ് തോന്നിയില്ല. എന്‍റെ വേദനകൾ പങ്കുവയ്ക്കാൻ ഇന്നെനിക്ക് ആരുമില്ല. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളിൽ ഞാൻ എടുത്തെറിയപ്പെട്ടു.

10 വർഷം. ആരുടേയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ആ കാലയളവ് പര്യാപ്തമാണ്. ആ 10 വർഷം എന്നെ മറ്റൊരാളാക്കി മാറ്റുമായിരുന്നില്ലേ… അതിന് കാരണക്കാരൻ അയാളല്ലേ… അയാൾ മാത്രം.

അന്ന് ഞാൻ കേന്ദ്രീയ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശക്തമായ ലക്ഷ്യങ്ങളും മോഹങ്ങളുമുള്ള ഒരു വിദ്യാർത്ഥിനി. സ്കൂളിൽ ആനുവൽഡേ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുന്ന സമയം. പലപ്പോഴും പരിപാടികളുടെ റിഹേഴ്സൽ വൈകുന്നേരങ്ങളിലായതിനാൽ വീട്ടിൽ വളരെ വൈകിയേ എത്തിയിരുന്നുള്ളൂ. സ്കൂളിനും വീടിനുമിടയിലുള്ള വഴി വിജനമായതിനാൽ ഞങ്ങൾ മൂന്നുനാല് കൂട്ടുകാരികൾ ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

അന്നും പതിവു പോലെ റിഹേഴ്സൽ കഴിഞ്ഞ് കൂട്ടുകാരികളേയും കാത്ത് നിൽക്കുമ്പോഴാണ് ഞങ്ങളുടെ ബാച്ച്മേറ്റായ അവൻ  എന്‍റെയടുത്ത് വന്നു നിന്നത്.

“ആരെയോ വെയ്റ്റ് ചെയ്യുകയാണെന്നു തോന്നുന്നു?” അവൻ പുഞ്ചിരിച്ചു.

ഞാൻ പതിയെ തലയാട്ടി. നേരം വൈകുന്നതിന്‍റെ അസ്വസ്ഥതയായിരുന്നു അപ്പോൾ എന്‍റെ മനസ്സ് മുഴുവനും. കൂട്ടുകാരികൾ വരുന്നതും നോക്കി നിന്നതിനാൽ അവന്‍റെ സാന്നിധ്യം എന്നെ വീർപ്പു മുട്ടിച്ചു.

എന്നിട്ടും അവൻ അവിടെത്തന്നെ നിലയുറപ്പിച്ചു. എന്നെത്തന്നെ നോക്കി നിന്നു. അല്പം കഴിഞ്ഞ് അവൻ വീണ്ടും പറഞ്ഞു, “എത്രനേരം വെയ്റ്റ് ചെയ്യും, വാ നിന്നെ ഞാൻ ബൈക്കിൽ ഡ്രോപ് ചെയ്യാം. ഞാനും ആ വഴിക്കല്ലേ, വാ…”

മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു. “ഞാൻ വരാം.”

അപ്പോഴേക്കും കൂട്ടുകാരികൾ എന്‍റെയടുത്തേക്ക് ഓടി വന്നു. അവൻ ഉടനെ തന്നെ അവിടെ നിന്നു പോയി. എന്‍റെ പരുങ്ങൽ കണ്ടിട്ടാകണം. കൂട്ടുകാരികൾ പരസ്പരം കണ്ണിറുക്കി കൊണ്ട് എന്നെ കളിയാക്കി.

“ആള് വലിയ ഹാൻഡ്സം ആണല്ലോടീ… നിന്‍റെ ബോയ്ഫ്രണ്ടാ?”

“ഒന്ന് പോടീ, ഞാനവനെ അറിയത്തു പോലുമില്ല, അവൻ കൊണ്ടുവിടാമെന്ന്…”

“ആദ്യമാദ്യം ഇങ്ങനെയാ തുടങ്ങുന്നത്. അവനാരാണെന്ന് അറിയാമോ?”

“ഞാൻ എന്തിനറിയണം.” എനിക്ക് ദേഷ്യം വന്നു.

“എന്നാലും പറയട്ടെ… അവൻ വൈസ് പ്രിൻസിപ്പാളിന്‍റെ മകനാ. മനോജ് വാസുദേവ് എന്നാ പേര്. ആള് കൊള്ളാം. അല്ലേടീ?”

എനിക്കവരോട് ദേഷ്യം തോന്നി. “ഒന്ന് നിർത്ത്, ഞാൻ തന്നെ പൊയ്ക്കോളാം.”

“അവന്‍റെ കൂടെയോ…” കൂട്ടുകാരികളിലൊരുവൾ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

ആ സംഭവത്തിനു ശേഷം ഞാൻ എപ്പോഴും കൂട്ടുകാരികളുടെ നിഴൽ പറ്റി നടക്കാൻ മനഃപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു. കൂട്ടം തെറ്റാതെ നടക്കുന്ന ആട്ടിൻ കുട്ടിയെപ്പോലെ. അതുകൊണ്ട് അവന് എന്‍റെയടുത്ത് വന്ന് സംസാരിക്കാൻ കഴിയാതെയായി.

ആനുവൽഡേ ഫംഗ്ഷൻ കഴിഞ്ഞയുടനെ അവൻ ഒരു പൂച്ചെണ്ടുമായി എന്‍റെയരികിൽ ഓടിയെത്തി. അവനെ കണ്ടതോടെ എന്‍റെ മുഖത്തെ സന്തോഷമെല്ലാം മാഞ്ഞുപോയി. കൂട്ടുകാരികളിലൊരുവൾ പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തി, “എടീ നിന്‍റെ റോമിയോ നിനക്ക് തരാൻ പൂച്ചെണ്ടുമായാണല്ലോ വന്നിരിക്കുന്നത്.”

“ഒന്ന് പോടീ,” എന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

പുഞ്ചിരിച്ചു കൊണ്ട് അടുത്തെത്തിയ അവൻ എനിക്കു നേരെ പൂച്ചെണ്ട് നീട്ടി. “കുട്ടിയുടെ നല്ല പെർഫോമൻസിനു വേണ്ടി കുട്ടിക്കും കൂട്ടുകാർക്കും ഞാനൊരു ട്രീറ്റ് തരുന്നുണ്ട്.”

ഞാൻ അവന്‍റെ മുഖത്തു പോലും നോക്കാതെ മനസ്സില്ലാമനസ്സോടെ പൂച്ചെണ്ട് വാങ്ങി ക്ലാസ്റൂമിലേക്ക് നടന്നു. പിന്നീട് ആരും കാണാതെ പൂച്ചെണ്ട് ദൂരെയെറിഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. അവൻ എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തി എന്‍റെയടുത്ത് വരുന്നത് പതിവാക്കി. ചില സാഹചര്യങ്ങളിൽ അവൻ മോശപ്പെട്ട എന്തോ ചേഷ്ടകൾ കാട്ടി. മറ്റു ചിലപ്പോൾ ഗൂഢമായ മന്ദസ്മിതം അവന്‍റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൻ അവസരം കിട്ടുമ്പോഴൊക്കെ ചോദിച്ചു, “എന്നാ ട്രീറ്റിന് വരുന്നത്?”

അതൊക്കെ കണ്ട് അസ്വസ്ഥമായ മനസ്സോടെ ഞാൻ നടന്നു. അവനെ കാണുന്നതേ എനിക്ക് ഭയമായിരുന്നു. പക്ഷേ… ഒരിക്കൽ അവൻ എനിക്കൊരു കത്തയച്ചു. അതിപ്രകാരമായിരുന്നു.

“എനിക്ക് നിന്നെ ഇഷ്ടമാണ്. എന്‍റെ മനസ്സ് മുഴുവനും നീയാണ്. ട്രീറ്റെന്ന് പറഞ്ഞത് വെറുതെയായിരുന്നു. നിന്നെ തനിച്ചു കണ്ട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്. നിനക്കും എന്നെ ഇഷ്ടമാണെന്ന് അറിയാം. പെൺകുട്ടികൾ പൊതുവെ പ്രണയം തുറന്നു പറയുകയില്ലല്ലോ. ഒരു തവണയെങ്കിലും നമുക്ക് തനിച്ച് സംസാരിക്കണം. അല്ലെങ്കിൽ എനിക്ക് എക്സാം എഴുതാൻ കഴിയില്ല. ആ സുവർണ്ണാവസരത്തിന് കാത്തിരിക്കുകയാണ് ഞാൻ. റിപ്ലൈ ഉടൻ തരണം.”

എനിക്കവന്‍റെ ധൈര്യവും ആത്മവിശ്വാസവും കണ്ടിട്ട് അരിശം വന്നു. പ്രിൻസിപ്പാളിനെ കണ്ട് ഇക്കാര്യം പരാതിപ്പെട്ടാലോയെന്നു വരെ ആലോചിച്ചതാണ്. പക്ഷേ അതുകൊണ്ട് പ്രശ്നം കൂടുതൽ വഷളായാലോ എന്നു വിചാരിച്ചതിനാൽ ഞാനതിന് മുതിർന്നില്ല. അവന് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ എനിക്കോ…

അതിന് രണ്ട് ദിവസത്തിനു ശേഷം അവൻ ചില കൂട്ടുകാരേയും കൂട്ടി സ്കൂൾ ഗെയ്റ്റിന് സമീപത്തായി നിലയുറപ്പിച്ചു. അവനെ കണ്ട മാത്രയിൽ ഞാൻ അസ്വസ്ഥയായി. പക്ഷേ ആ ഗെയ്റ്റിലൂടെ വേണം എനിക്ക് പുറത്തു കടക്കാൻ. എന്നെ കണ്ടയുടനെ അവൻ എനിക്കൊപ്പം നടന്നു, “നീ എനിക്ക് മറുപടി തന്നില്ലല്ലോ?”

അവന്‍റെ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു. ഞാൻ പേഴ്സ് തുറന്ന് അവന്‍റെ കത്തെടുത്ത് പിച്ചിച്ചീന്തി അവന്‍റെ മുഖത്തെറിഞ്ഞു.

“ഇതാ നിന്‍റെ മറുപടി. ഇനിയെന്നെ ശല്യം ചെയ്യരുത്. ഞാനിത് പ്രിൻസിപ്പാളിന് കംപ്ലയിന്‍റ് ചെയ്യും.” ഞാൻ ദേഷ്യത്തോടെ മുന്നോട്ട് നടന്നു.

ഒരു ദിവസം ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അവൻ എന്‍റെ പിന്നാലെ വന്നു.

നേരം ഇരുട്ടാൻ ഇനി കുറച്ചു സമയം മാത്രം. അവനെ കണ്ടമാത്രയിൽ ഞാൻ കോപം കൊണ്ട് വിറച്ചു.

“ഞാൻ നിന്നോട് സോറി പറയാൻ വന്നതാ. പ്ലീസ് ഞാൻ പറയുന്നത് കേൾക്കണം. ഇനി ഞാനൊരിക്കലും അങ്ങനെ പെരുമാറുകയില്ല.”

അവന്‍റെ വാക്കുകൾ കേട്ട് ഞാൻ നിന്നു. ഞാനവനെ ഉറ്റുനോക്കി. പെട്ടെന്ന് അവന്‍റെ ഭാവം മാറി. “നിനക്ക് നിന്‍റെ സൗന്ദര്യത്തിൽ വലിയ അഹങ്കാരമാണല്ലേ. ഇതാ ഒരു സമ്മാനം.” എന്നു പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ കരുതിയിരുന്ന ആസിഡ് കുപ്പി എന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിമറഞ്ഞു.

അപ്രതീക്ഷിതമായിരുന്നു ആക്രമണം. എന്‍റെ മുഖവും കൈകളും പൊള്ളി. വേദന കൊണ്ട് നിലവിളിച്ച ഞാൻ ബോധരഹിതയായി നിലത്തു വീണു.

പിന്നീട്… കണ്ണു തുറന്നപ്പോൾ ഞാൻ ഏതോ ആശുപത്രിയിലെ വാർഡിലായിരുന്നു. എന്‍റെ മുഖവും ശരീരത്തിലെ പല ഭാഗങ്ങളും പൂർണ്ണമായും പൊള്ളിയിരുന്നു. ആ യാഥാർത്ഥ്യം ഞാൻ വലിയൊരു ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. ആരും തിരിച്ചറിയാത്തവണ്ണം മുഖം മാറിയിരുന്നു. വേദന കൊണ്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല.

ഈ സംഭവത്തിനു ശേഷം എനിക്ക് ആ വർഷം പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. പൂർണ്ണമായും ഇരുട്ടറയിൽ അടയ്ക്കപ്പെട്ട അവസ്‌ഥ. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഞാൻ ഭയപ്പെട്ടു. പപ്പയും അമ്മയും എന്‍റെ അവസ്‌ഥ കണ്ട് കരഞ്ഞു കൊണ്ടിരുന്നു. ഒരു പക്ഷേ അനിശ്ചിതമായ എന്‍റെ ഭാവിയെ ഓർത്തായിരുന്നു അവർ ഏറെ സങ്കടപ്പെട്ടിരിക്കുക.

എങ്കിലും അവർ പ്രതീക്ഷ കൈവിട്ടിരുന്നില്ല. പ്ലാസ്റ്റിക് സർജറി വഴി എന്‍റെ മുഖസൗന്ദര്യം വീണ്ടെടുക്കാൻ അവർ പണം വാരിക്കോരി ചെലവഴിച്ചു. എല്ലാം ശരിയായെങ്കിലും മനസ്സിനേറ്റ മുറിവ് ഒരു പാടായി അവശേഷിച്ചു. എന്‍റെ മുഖം മാറിയിരുന്നു. പുരികക്കൊടിയിലേയും കൺപോളയിലേയും രോമങ്ങൾ വളർന്നില്ല.

പപ്പായുടെ ആഗ്രഹപ്രകാരം ഞാനാ നഗരം വിട്ടു. അമ്മാവിയുടെ കൂടെ താമസിച്ച് പിറ്റേ വർഷം 12-ാം ക്ലാസ് പരീക്ഷയെഴുതി. ഒരുതരം അജ്ഞാതവാസമായിരുന്നു അത്.

സ്ത്രീയുടെ സൗന്ദര്യമത്രയും കണ്ണുകളിലാണ് തെളിഞ്ഞു നിൽക്കുന്നത്. പക്ഷേ എിക്കതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എന്‍റെ മുന്നിൽ ഒരേയൊരു ചോയിസ് മാത്രമാണുണ്ടായിരുന്നത്.

വിവാഹമെന്നത് ഒരു സങ്കല്പം മാത്രമായിരിക്കും എനിക്കിനി. അതുകൊണ്ട് എങ്ങനേയും പഠിച്ച് സ്വന്തം ഐഡന്‍റിറ്റിയുണ്ടാക്കുക. കളിക്കാനും ചിരിക്കാനും എന്നേ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ഒരു മരപ്പാവ, ചുറ്റുമുള്ള നിറപ്പകിട്ടുകളൊന്നും ഞാൻ മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കിൽ എന്‍റെ മനസ്സിന് അതെല്ലാം അന്യമായിക്കഴിഞ്ഞിരുന്നു.

എന്‍റെ അവസ്‌ഥ അറിയാനോ, എന്‍റെ വിഷമങ്ങൾ അറിയാനോ ആർക്കും സമയമുണ്ടായിരുന്നില്ല. ജീവിതം എനിക്കൊരു വെല്ലുവിളിയായി. സ്വന്തമായ ഒരു അസ്തിത്വം ഉണ്ടാക്കിയെടുക്കാനാണ് ഞാൻ എംബിബിഎസ് ചെയ്‌തത്. ഈ നഗരത്തിലെ പേരു കേട്ട ഡോക്ടറായത്. ജീവിതത്തിന്‍റെ ദിശയെ കാലമെപ്പോൾ മാറ്റിമറിക്കുമെന്ന് പറയാനാവില്ല.

മഴവില്ലു പോലെ ഭംഗിയാർന്ന പുരികക്കൊടികൾ, വിടർന്ന കണ്ണുകൾ, കറുത്തിരുണ്ട് കേശഭാരം, വാക്സിംഗ് ചെയ്ത് മിനുക്കിയ കൈകൾ, കവിളിണയിലെ ചെഞ്ചായം, കാതുകളിൽ തൂങ്ങുന്ന ലോലാക്കുകൾ, കണ്മഷിയെഴുതി കറുപ്പിച്ച കണ്ണുകൾ തുടങ്ങി മനോഹരങ്ങളായ പദങ്ങൾ എനിക്ക് നിർജീവങ്ങളായ യാഥാർത്ഥ്യങ്ങൾ മാത്രമായിരുന്നു.

വസ്ത്രങ്ങൾ കൊണ്ട് ശരീരഭാഗങ്ങളെ മറയ്ക്കാനാവും. പക്ഷേ ഈ മുഖവും മനസ്സും… ഇന്നും ആ വേദനയെ പേറുന്ന…

നീളൻ ബ്ലൗസ് അണിഞ്ഞാണ് കൈകളിലെ പൊള്ളലിനെ മറച്ചത്. വീതിയേറിയ കണ്ണട ഫ്രെയിമിനുള്ളിൽ മുഖത്തെ ഒട്ടുമുക്കാൽ വൈരൂപ്യവും മറഞ്ഞു കിടന്നു, ഉള്ളിലെ വേദനയെ മറയ്ക്കാനായി പ്രൊഫഷനെ മാത്രം സ്നേഹിച്ചവൾ…

ഏകാന്തതയെ മാത്രം ഇഷ്ടപ്പെടാൻ നിർബന്ധിക്കപ്പെട്ട ജീവിതം. പരമാവധി മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാനായിരുന്നു എനിക്കിഷ്ടം. അതെനിക്ക് ഒരു ഒളിച്ചോട്ടമായിരുന്നു.

വാതിലിലെ മുട്ട് കേട്ടതോടെ ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. 4 മണിയായിരിക്കുന്നു. ഓപ്പറേഷന് സമയമായി. ആസിഡ് വീണ് പൊള്ളലേറ്റിട്ട് 10 വർഷമായെങ്കിലും ഇന്നത് കഠിന വേദനയായി മനസ്സിനെ ചുറ്റിപ്പിണയുകയായിരുന്നു. നിസ്സംഗമായ മനസ്സോടെ ഞാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായി. കടുത്ത തലവേദന. മുന്നോട്ടുള്ള ഓരോ ചുവടുവയ്പും എനിക്ക് ഭാരമുള്ളതായിരുന്നു.

വേദനകളെ മനസ്സിൽ നിന്നും ആട്ടിപ്പായിക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ട് ഞാൻ നിശബ്ദയായി സ്വന്തം കൺസൾട്ടിംഗ് റൂമിലെത്തി. ഇന്നെനിക്ക് ആരേയും പരിശോധിക്കാൻ വയ്യ. റൂമിലെത്തിയ ഉടൻ തന്നെ ഡോ. മാലതിയുടെ ഫോൺ വന്നു. മനോജിന്‍റെ ഭാര്യയുടെ കേസിൽ കുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂവത്രേ. ലേബർ റൂമിനും ഓപ്പറേഷൻ തീയറ്ററിനും തൊട്ടടുത്തായിരുന്നു എന്‍റെ കൺസൾട്ടിംഗ് റൂം. അതുകൊണ്ട് കോറിഡോറിൽ മനോജിന്‍റെയും ബന്ധുക്കളുടേയും അടക്കിപ്പിടിച്ച കരച്ചിലുകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഈ കേസ് ഞാനാണ് അറ്റൻഡ് ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ അയാളെന്നെ തിരിച്ചറിയുമായിരുന്നു. മാത്രമല്ല, ഭാര്യയുടെ മരണത്തിന് ഞാൻ ഉത്തരവാദിയാണെന്ന് അയാൾ ആരോപിക്കുകയും ചെയ്തേനേ.

ഈ കേസ് ഏറ്റെടുക്കാതിരുന്നത് എത്ര നന്നായെന്ന് ഞാനോർത്തു. അല്ലായിരുന്നെങ്കിൽ എനിക്ക് എന്നോടു തന്നെ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞ് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ മനോജ് വാസുദേവ് എന്‍റെ മുറിയിലെത്തി. അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഞാൻ സൂക്ഷിച്ചു നോക്കി.

“എനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ കേസ് ഡോക്ടർ തന്നെ അറ്റൻഡ് ചെയ്യണമെന്ന് ഞാൻ പറഞ്ഞത്. ഡോക്ടർക്ക് താല്പര്യമില്ലായിരുന്നുവെങ്കിൽ പിന്നെന്തിനാ എന്ന ആശ്വസിപ്പിച്ചത്. നിങ്ങളെന്നെ ചതിക്കുകയായിരുന്നു, എനിക്കറിയാം. എനിക്ക് നിങ്ങളോട് വെറുപ്പു തോന്നുന്നു ഡോക്ടർ.” എന്നു പറഞ്ഞുകൊണ്ട് അയാൾ കൊടുങ്കാറ്റ് കണക്കേ പുറത്തേക്ക് പോയി.

ഞാൻ പറയുന്ന ന്യായങ്ങളൊന്നും ആ സമയത്ത് വിലപ്പോകില്ല. അയാളുടെ വാക്കുകൾ മുള്ളുകളായി എന്‍റെയുള്ളിൽ തറഞ്ഞു. എനിക്ക് വേണമെങ്കിൽ അയാളുടെ വാക്കുകൾക്ക് മറുപടി നൽകാമായിരുന്നു. പക്ഷേ സ്വന്തം പദവിയുടെ മഹത്വത്തെ ഓർത്ത് മൗനം പാലിക്കുകയായിരുന്നു ഞാൻ.

കഴിഞ്ഞു പോയ സംഭവം പോലെ ഇതും ഞാൻ മറക്കാൻ ആഗ്രഹിച്ചിരിക്കെ അയാൾ ഒരു ദിവസം നിനച്ചിരിക്കാതെ എന്നെ കാണാനായി വന്നു. വന്നപാടെ അയാൾ നിശബ്ദനായി എന്‍റെ മുന്നിലുള്ള കസേരയിൽ ഇരുന്നു. കണ്ണുകളിൽ ദയനീയഭാവം, “ഡോക്ടർ, അന്നത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഭാര്യയുടെ മരണവിവരമറിഞ്ഞപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഭാര്യയുടെ ഓർമ്മയ്ക്കായി ഞാൻ ഒരു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിക്കു വേണ്ടി നൽകാൻ ആഗ്രഹിക്കുകയാണ്.” എന്ന് പറഞ്ഞ ശേഷം അയാൾ നിശബ്ദനായി. ഞാൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നുമെഴുന്നേറ്റു പോയി.

മനോജ് ആശുപത്രിയിൽ വരുമ്പോഴൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി എന്നെ കാണാൻ ശ്രമിച്ചിരുന്നു. പലപ്പോഴും ഞാൻ എന്തെങ്കിലും തിരക്ക് അഭിനയിച്ച് അയാളുടെ സാന്നിധ്യം ഒഴിവാക്കാൻ നോക്കും. വർത്തമാനത്തിനിടെ അയാൾ പലപ്പോഴും അയാളുടെ ഭാര്യയെക്കുറിച്ച് സംസാരിച്ചു. ഞാൻ ഈ കേസ് ഏറ്റെടുത്തിരുന്നുവെങ്കിൽ അയാളുടെ ഭാര്യ രക്ഷപ്പെടുമായിരുന്നുവെന്ന് അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ കുളി കഴിഞ്ഞ് വെയിലത്ത് ഇരുന്ന് മുടി ഉണക്കിക്കൊണ്ടിരിക്കെ മനോജ് ഗെയ്റ്റ് കടന്നു വരുന്നത് കണ്ട് ഞാൻ പകച്ചു നിന്നു. പൊടുന്നനെ അടുത്തു കിടന്ന ഷാൾ എടുത്ത് ഞാൻ ശരീരമാസകലം പുതയ്ക്കാൻ ശ്രമിച്ചു. അയാൾ സമ്മാനിച്ച മുറിവ് അയാളെ കാണിക്കാനും മറയ്ക്കാനും ഞാൻ ഒരുപോലെ ആഗ്രഹിച്ചിരുന്നു. പക്ഷേ…

അയാൾ പതിയെ എന്‍റെയരികിലെത്തി. “ഡോക്ടർ…?”

“നിങ്ങളോ?” ഞാനയാളെ അഭിമുഖീകരിക്കാതിരിക്കാൻ ശ്രമിച്ചു. അയാളെ കണ്ടപ്പോൾ മനസ്സിൽ വെറുപ്പ് കുമിഞ്ഞു കൂടി.

“ഡോക്ടർ…” അയാൾ എനിക്കഭിമുഖമായി ഇരുന്നു കൊണ്ട് പറഞ്ഞു. “നാളെ എന്‍റെ മൂത്ത മകളുടെ ജന്മദിനമാണ്. അതുകൊണ്ട് ഡോക്ടർ നാളെ എന്‍റെ വീട്ടിൽ വരണം.” പറഞ്ഞു കൊണ്ട് അയാൾ തന്‍റെ പോക്കറ്റിൽ കിടന്ന വിസിറ്റിംഗ് കാർഡ് എടുത്ത് ടീപ്പോയിൽ വച്ചു.

മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിൽ ഞാനത് അപ്പോഴേ നിരാകരിക്കുമായിരുന്നു. പക്ഷേ അയാളെന്‍റെ താമസസ്‌ഥലത്ത് വന്ന സ്‌ഥിതിക്ക്… എങ്കിലും ഞാൻ വിനയപ്പുരസ്സരം പറഞ്ഞു, “താങ്ക്യൂ, ഞാൻ ഫംഗ്ഷനിലൊന്നും പങ്കെടുക്കാറില്ല.”

“എന്താ ഡോക്ടർ? അസൗകര്യം വല്ലതും? അമ്മയില്ലാത്ത കുഞ്ഞല്ലേ അവൾ. ഡോക്ടറെ കാണുമ്പോൾ അവൾക്ക് സന്തോഷമാകും.”

ഞാനയാളെത്തന്നെ ഒരുനിമിഷം നോക്കി നിന്നു.

“നിങ്ങൾക്ക് താല്പര്യം തോന്നുന്ന വിധത്തിൽ ഞാനെന്‍റെ തീരുമാനങ്ങൾ മാറ്റണം അല്ലേ,” എന്‍റെ ശബ്ദം കനത്തു. “നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഞാൻ പ്രവർത്തിക്കണം. അല്ലെങ്കിൽ നിങ്ങൾ എന്തും പ്രവർത്തിച്ചു കളയും… ആരോടും…”

“ഡോക്ടർ, ഞാൻ അതല്ല ഉദ്ദേശിച്ചത്. ഡോക്ടർക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട, പക്ഷേ ഡോക്ടറെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു.”

“ബഹുമാനം…” ഇതുവരെയുണ്ടായിരുന്ന സകല നിയന്ത്രണവും ഭേദിച്ചു കൊണ്ട് എന്‍റെ ശബ്ദമുയർന്നു. “നിങ്ങളെന്നാണ് ബഹുമാനിക്കാൻ പഠിച്ചത്. ബഹുമാനമെന്താണെന്ന് നിങ്ങൾക്കറിയാമോ? 10 വർഷം മുമ്പ് ഒരിക്കൽ നിങ്ങൾ എന്നെ ബഹുമാനിച്ചതിന്‍റെ ഫലമാ ഇക്കാണുന്നത്.” എന്നു പറഞ്ഞുകൊണ്ട് ഞാനെന്‍റെ ഷോൾ മാറ്റി.

അയാൾ ഒരു നിമിഷം സ്തബ്ധനായി നിന്നു.

“ഡോക്ടർ, നിങ്ങൾ ഓപ്പറേഷന് വിസമ്മതിച്ച ദിവസം തന്നെ ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അന്ന് ദേഷ്യപ്പെട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ വീട്ടിൽ ചെന്ന് ആലോചിച്ചപ്പോഴാണ് ഡോക്ടർ ചെയ്തതാണ് ശരിയെന്ന് എനിക്ക് ബോധ്യമായത്. എന്‍റെ ഭാര്യയുടെ മരണം എനിക്ക് കടുത്ത ആഘാതമായിരുന്നു. പക്ഷേ അതിലും വലിയ വേദനയായിരുന്നു ഡോക്ടറെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായത്. അതുകൊണ്ടാണ് മനഃപൂർവ്വം ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ഡോക്ടറെ കാണാൻ ഇടയ്ക്കിടെ വന്നത്.”

“ഞാൻ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണ്. അന്ന് എന്‍റെ കൈയും പൊള്ളിയിരുന്നു. ആ വർഷം പരീക്ഷ എഴുതാനും കഴിഞ്ഞില്ല. പോലീസ് കേസും കാര്യങ്ങളുമായി… ഞാൻ ആ സംഭവത്തിൽ ശരിക്കും വേദനിച്ചിരുന്നു. നിങ്ങൾ എത്രമാത്രം വേദനയനുഭവിച്ചിരിക്കണമെന്ന് ഞാൻ ഊഹിച്ചു. ഞാൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ എത്തിയപ്പോഴേക്കും നിങ്ങൾ എവിടേക്കോ പോയി. അതിനു ശേഷം എന്‍റെ ശ്രദ്ധ മുഴുവനും പഠനത്തിലായിരുന്നു. ഞാനിന്ന് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡയറക്ടറാണ്. സുഖസൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഞാനിന്ന് തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.” വാക്കുകൾ മുഴുമിപ്പിക്കും മുമ്പേ അയാൾ തേങ്ങിക്കരയാൻ തുടങ്ങി. ഞാൻ കല്ലുപോലെ മരവിച്ചു നിന്നു.

“ഞാൻ ചെയ്ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഡോക്ടർ, നിങ്ങൾ അനുഭവിച്ച എല്ലാ വേദനയ്ക്കും പകരമായി ഞാൻ നിങ്ങളെ സ്വീകരിക്കാൻ ആഗ്രഹിക്കുകയാണ്… എന്‍റെ ജീവിതത്തിലേക്ക്.. ഡോക്ടർക്ക് സമ്മതമാണെങ്കിൽ…” അയാൾ തെല്ലൊരു സങ്കോചത്തോടെ എന്നെ നോക്കി.

എന്‍റെ മുഖത്ത് വെറുപ്പ് പടർന്നു. പേശികൾ വലിഞ്ഞു മുറുകി… “എനിക്ക് വേണ്ടതെല്ലാം നിങ്ങൾക്ക് തരാൻ കഴിഞ്ഞേക്കാം… പക്ഷേ ഞാനേറെ സ്വപ്നം കണ്ടു നടന്ന… എന്‍റെ കഴിഞ്ഞു പോയ ദിവസങ്ങളെ മടക്കിത്തരാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾ കാരണം എന്‍റെ അസ്തിത്വം, സൗന്ദര്യം… എല്ലാം എല്ലാം നഷ്ടമായില്ലേ… ഉരുകിയുരുകി ജീവിക്കാൻ വിധിക്കപ്പെട്ടില്ലേ… എന്‍റെ സ്‌ഥാനത്ത് നിങ്ങളായിരുന്നുവെങ്കിലോ?”

ഇക്കാലമത്രയും കെട്ടിനിർത്തിയ എന്‍റെ സങ്കടം മലവെള്ളപ്പാച്ചിൽ കണക്കേ കണ്ണീരായ് ഒഴുകി… അവസാനിക്കാത്ത ഒഴുക്കു പോലെ അത് പ്രവഹിച്ചു കൊണ്ടിരുന്നു… ഇടറിയ ചുവടുവയ്പുകളോടെ അയാൾ നടന്നകലുന്നത് കണ്ണുനീർ മറയ്ക്കുള്ളിൽ ഞാൻ അറിഞ്ഞു.

കുതിരകൾ പായുന്ന വീഥി

വികാസ്… നിങ്ങളുടെ പ്രൊപ്പോസൽ എന്തായി, ക്ലയിന്‍റിന് ഇഷ്ടമായോ, ചുറ്റിപ്പറ്റി നടന്നിട്ട് സംഗതി വല്ലതും നടക്കുമോ?”

“നീ പേടിക്കാതെ എന്‍റെ ഭാര്യേ, ഇന്ന് ആ ഡീൽ ഞാനുറപ്പിക്കും.” വികാസ് നിശയെ നോക്കി പുഞ്ചിരിച്ചു.

“ഗുഡ്, അപ്പോ ഞാൻ ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ച് വീട്ടിലെത്തിക്കോളാം.”

“ആരുടെ കൂടെ പോകും?”

“ആരെങ്കിലുമുണ്ടാവുമെന്നേ. യു ടേക്ക് കെയർ ഓഫ് യുവർ ക്ലയിന്‍റ് സർ. ഞാൻ പോവുകയാണ്.” ഭർത്താവിനെ സ്നേഹത്തോടെ ചുംബിച്ചിട്ട്, നിശ ആവേശത്തോടെ ക്ലബ് ലക്ഷ്യമാക്കി നടന്നു.

രാജീവ് മേനോൻ ക്ലബ്ബിന്‍റെ കവാടത്തിനരികിൽ അവളെയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു.

“അപ്പോ വിക്കിയെ പറഞ്ഞു വിട്ടുവല്ലേ.” രാജീവ് ചിരിച്ചു കൊണ്ട് നിശയോട് ചോദിച്ചു. അതു ചോദിക്കുമ്പോൾ വല്ലാത്ത തിളക്കമായിരുന്നു അയാളുടെ കണ്ണുകൾക്ക്.

“വികാസ് ബിസിയാണ്.” നിശ നിസ്സാരമായി പറഞ്ഞു.

“അപ്പോൾ വീട്ടിലേക്ക് എങ്ങനെ പോകും?”

“ലിഫ്റ്റ് കിട്ടുമല്ലോ.”

“ആ ഭാഗ്യം എനിക്കുണ്ടാവുമോ? ഞാൻ വീട്ടിൽ കൊണ്ട് വിടാം.”

“കൊതിപ്പിക്കാതെ, ഇവിടെ എന്നെക്കാൾ സുന്ദരികളായവർ ഉള്ളപ്പോൾ എന്‍റെ കൂടെ വന്ന് സമയം കളയണോ?” നിശ രാജീവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

“നിശേ… ഇവിടെയുള്ള പെൺകുട്ടികളേക്കാൾ സുന്ദരിയല്ലേ നീ. നിന്‍റെ വശ്യതയ്ക്കു മുന്നിൽ ഞാൻ തോറ്റ് പോകും.” രാജീവിന്‍റെ നോട്ടത്തിൽ നിശ ആകെ ചൂളിപ്പോയി. അയാളുടെ അടുത്ത് നിന്നാൽ ആരും പിടിവിട്ട് പോകും.

“കള്ളം പറയാതെ രാജീവ്, ഞാനൊരു 17 വയസ്സുകാരിയുടെ അമ്മയാണ്. ഇവിടെ പാറിക്കളിക്കുന്ന പൂമ്പാറ്റകളെക്കാൾ കിഴവിയാണ് ഞാൻ.”

“ഞാൻ സത്യമാണ് പറഞ്ഞത് നിശാ…” ഇതും പറഞ്ഞ് അയാൾ നിശയുടെ കൈ പിടിച്ച് കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു.

അയാൾ സ്പർശിച്ചപ്പോൾ ഒരു മിന്നൽപ്പിണർ നെഞ്ചിലൂടെ കടന്നു പോയതായി നിശയ്ക്കു തോന്നി. തളർന്നു പോയ തന്നെ അയാൾ വലിച്ചു കൊണ്ടു പോവുകയാണോ?

കുറച്ചു ദിവസമായി നിശയുമായി ഫ്ളർട്ട് ചെയ്യാൻ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു രാജീവ്. അയാളുടെ സൗന്ദര്യത്തിനും വാചകമടിക്കും നിശ കീഴടങ്ങിപ്പോയി. ആരായാലും അതേ സംഭവിക്കൂ. അത്രയും മാസ്മരികതയാണയാൾക്ക്. ഇന്ന് രാജീവിന്‍റെ കൂടെ കുറച്ച് സമയം ചെലവഴിക്കണമെന്ന് നിശയും ആഗ്രഹിച്ചിരുന്നു. അതിനാൽ തലവേദന ഭാവിച്ച് വികാസിനെ ഒഴിവാക്കിയാണ് നിശ ക്ലബ്ബിൽ എത്തിയത്.

നിശ പറഞ്ഞതനുസരിച്ച് രാജീവ് കാർ ഹൈവേയിലേക്ക് എടുത്തു. ഒരു ലോംഗ് ഡ്രൈവിനായി നിശ ആഗ്രഹിച്ചു. അയാളും.

കറങ്ങി തിരിച്ചുവരുമ്പോൾ അവർ ഭക്ഷണവും കഴിച്ചു. വണ്ടി നിശയുടെ വീട്ടിൽ വന്നു നിന്നു. അപ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു.

“താങ്ക്സ് ഫോർ ദ ലിഫ്റ്റ്, രാജീവ്.” നിശ രാജീവിന് കൈ കൊടുത്തു.

രാജീവ് കൈ പിടിച്ച് അവളെ അയാളിലേക്ക് അടുപ്പിച്ചു. അവൾക്ക് തടുക്കാനാവുന്നതിനു മുമ്പേ അയാൾ അവളുടെ കവിളിൽ ചുംബിച്ചു.

“വീട്ടിൽ വിട്ടതിന്‍റെ ഫീസും നീ വാങ്ങിയല്ലോ.” നിശ പരിഭവം അഭിനയിച്ചു.

“ഇത് ഫീസൊന്നുമല്ല, നന്ദിയാണ്.” രാജീവ് നുണക്കുഴി കാട്ടി ചിരിച്ചു.

“എന്തിനുള്ള നന്ദി?”

“എന്‍റെ ഈ രാത്രി ധന്യമാക്കിയതിന്.”

“വാക്കുകൾ കൊണ്ട് ആളുകളെ പാട്ടിലാക്കാൻ രാജീവിനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.” നിശ കാറിന്‍റെ ഡോർ തുറന്ന് പുറത്തിറങ്ങി.

രാജീവും പുറത്തിറങ്ങി ഡോർ അടച്ചപ്പോൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി സ്വല്പം ഭീതിയോടെ നിശ ചോദിച്ചു.

“എന്താ… എന്‍റെ കൂടെ വീട്ടിൽ കയറാനാണോ പരിപാടി?”

“അതെ ഡാർലിംഗ്” രാജീവ് ചിരിച്ചു. “വല്ലാതെ ദാഹിക്കുന്നു.”

“ഞാൻ നിങ്ങളെ വീട്ടിൽ കയറ്റില്ല. കാരണം വലിയ അപകടകാരിയാണ് നിങ്ങൾ. എന്തെങ്കിലും അലമ്പുണ്ടാക്കിയാൽ എന്‍റെ മകൾ കാണും.”

“ഞാനൊരു ജന്‍റിൽ മാനാണ്, എന്നെ വിശ്വസിക്കാം.”

നിശ ഗേറ്റ് തുറന്നു. പിന്നിൽ നടക്കുമ്പോൾ രാജീവിന്‍റെ കണ്ണുകൾ നിശയുടെ അഴകളവ് ആസ്വദിക്കുകയായിരുന്നു.

നിശ വന്നപ്പോൾ തന്നെ ശ്രദ്ധിച്ചത് മകൾ ശിഖയുടെ മുറിയാണ്. അവിടെ ലൈറ്റ് അണഞ്ഞിരുന്നു. മകൾ ഉറങ്ങിക്കാണുമെന്ന് നിശ കരുതി. അവിടെ വെളിച്ചം ഉണ്ടായിരുന്നെങ്കിൽ നിശ രാജീവിനെ അകത്തേക്ക് കയറ്റുമായിരുന്നില്ല.

ശിഖ ഉറങ്ങിയിരുന്നില്ല. അമ്മ വന്നത് അവളറിഞ്ഞിരുന്നു. എന്തൊക്കെയോ ചിന്തകൾ കാരണം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാജീവിന്‍റെ കാർ വന്ന് നിന്നത് ജാലകത്തിലൂടെ അവൾ കണ്ടിരുന്നു. രാജീവ് അമ്മയോട് ശൃംഗരിക്കുന്നതും അവൾ കണ്ടിരിക്കുന്നു.

ഡ്രോയിംഗ് റൂമിലിരുന്ന് രണ്ടാളും അടക്കിപ്പിടിച്ച് സംസാരിക്കുന്നത് ശിഖ മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അമ്മ മുറിയിലേക്ക് വന്നപ്പോൾ അവൾ കണ്ണടച്ച് ഉറക്കം നടിച്ചു കിടന്നു. അമ്മ മുറിക്ക് പുറത്ത് പോയപ്പോൾ അവൾ എഴുന്നേറ്റ് വാതിലിനടുത്ത് വന്ന് നിന്നു. അവൾ അവരെ ഒളിഞ്ഞു നോക്കി. ഡ്രോയിംഗ് ഹാളിന്‍റെ വലിയ ഭാഗം അവൾക്ക് ദൃശ്യമായി.

അമ്മ അടുക്കളയിലേക്ക് നടന്നപ്പോൾ, പിന്നാലെ ചെന്ന രാജീവ് അമ്മയെ കൈയിലെടുത്ത് മുന്നോട്ട് നടന്നു. അമ്മയുടെ എതിർപ്പുകൾ അയാൾ ആസ്വദിക്കുകയാണെന്ന് തോന്നും.

ശിഖയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. അവൾ കണ്ണടച്ച് കിടന്നുറങ്ങാൻ ശ്രമിച്ചു. പക്ഷേ ബെഡ്റൂമിൽ നിന്നുള്ള ശീൽക്കാരങ്ങൾ അവളെ കൂടുതൽ അസ്വസ്ഥതപ്പെടുത്തി.

പതുങ്ങിപ്പതുങ്ങി പപ്പയുടെ ബെഡിറൂമിനരികിലെത്തിയ അവൾ കീ ഹോളിലൂടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. എല്ലാറ്റിനും അമ്മ മുൻകൈയെടുക്കുന്നു.

അവൾ വേഗം സ്വന്തം മുറിയിൽ കയറി വാതിലടച്ചു. അവൾക്ക് ഒന്നു കുളിക്കണമെന്നു തോന്നി. ഫാനിട്ടിട്ടും അവൾ വിയർത്തു കൊണ്ടേയിരുന്നു. കുതിരകൾ ചീറിപ്പായുന്ന ഒരു വീഥിയിൽ അകപ്പെട്ടതു പോലെ ശിഖയ്ക്കു തോന്നി.

അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു. ശിഖ 10 മണിക്ക് ട്യൂഷനു പോകാനിറങ്ങി. അമ്മയും അച്‌ഛനും ഉറക്കമുണർന്ന് എഴുന്നേറ്റിരുന്നില്ല. അവൾ കടലാസിൽ ഒരു കുറിപ്പെഴുതി ടേബിളിൽ വച്ചു.

“ഞാൻ ട്യൂഷൻ കഴിഞ്ഞ് ഒരു സുഹൃത്തിന്‍റെ വീട്ടിൽ ബർത്ത്ഡേ പാർട്ടിക്ക് പോകും. വരാൻ വൈകും.” അവൾ ഒരു ഗ്ലാസ് ജ്യൂസ് കഴിച്ച് ഗ്ലാസ് മേശമേൽ വച്ചു. കുറിപ്പ് പാറിപ്പോകരുതല്ലോ. കൂടുതലൊന്നും ആലോചിക്കാതെ അവൾ സുമന് ഫോൺ ചെയ്‌തു. അവൻ ബൈക്കുമായി പാഞ്ഞെത്തി. അവൾ അവന്‍റെ പിറകിൽ ഇരുന്നു.

“എനിക്ക് ഡോ. സുമയുടെ അടുത്ത് 12 മണിക്ക് അപ്പോയിന്‍റ്മെന്‍റ് ഉണ്ട്.” സുമൻ പറഞ്ഞു. “നിനക്ക് ഇത്ര അർജൻസി എന്താണ്?”

“മെഡിക്കൽ റപ്പാണെന്നു കരുതി ഞായറാഴ്ചയും ജോലി ചെയ്യണോ?” ശിഖ മുഖം വീർപ്പിച്ചു.

“ശരി, ശരി… ഒരു തർക്കത്തിന് ഞാനില്ല.” അവൻ പറഞ്ഞു.

“എങ്കിൽ വണ്ടി നിന്‍റെ ഫ്ളാറ്റിലേക്ക് വിട്ടോ.”

സുമൻ അമ്പരന്ന് പോയി. മുമ്പ് എത്ര വിളിച്ചിട്ടും വരാത്തവളാണ്. ഇന്ന് എന്തുപറ്റി?

അവൾ തന്‍റെ ബോയ്ഫ്രണ്ടിനെ ചേർത്ത് പിടിച്ചു. സുമന്‍റെ അമ്മയും പപ്പയും സ്‌ഥലത്തില്ല. അവർ യുഎസിൽ ചേച്ചിയുടെ അടുത്ത് പോയിരിക്കുകയാണ്. ഒരു മാസത്തെ സുഖവാസത്തിന്. ശിഖയ്ക്ക് അതറിയാം. സുമൻ ശിഖയുടെ മനസ്സ് വായിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഫ്ളാറ്റിലെത്തിയതും ശിഖ സുമന് ഒരു ചായ ഇട്ട് കൊടുത്തു. നല്ല റൊമാന്‍റിക് മൂഡിലായിരുന്നു രണ്ടാളും. സുമൻ ശിഖയെ ചുംബിക്കാനടുത്തു. അവനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ തന്‍റെ പ്രണയം സമർപ്പിച്ചു. തലേന്ന് രാത്രിയിലെ ദൃശ്യങ്ങളായിരുന്നു ശിഖയുടെ മനസ്സ് മുഴുവൻ. ഒരു വാശി പോലെയാണ് അവൾ തന്‍റെ ശരീരവും മനസ്സും സുമനുമായി പങ്കിട്ടത്.

സുമൻ തെല്ല് പേടിച്ചു പോയിരുന്നു. ആദ്യമായിട്ടാണിങ്ങനെ ഒരു അനുഭവം. ശിഖ അമർത്തി ചുംബിക്കുമ്പോഴെല്ലാം ശ്വാസമെടുക്കാൻ അവൻ പ്രയാസപ്പെട്ടു. ഭ്രാന്തിളകിയതു പോലെയായിരുന്നു ശിഖയുടെ പെരുമാറ്റം. ഒറ്റരാത്രി കൊണ്ട് അവളാകെ മാറിപ്പോയിരുന്നു.

“നീയിങ്ങനെ സ്നേഹിച്ചാൽ ഞാൻ ചത്തുപോകും.” സുമൻ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ശിഖ ഏറെ നേരം ശബ്ദമുണ്ടാക്കാതെ കിടന്നു കരഞ്ഞു. അവൾ ഉറങ്ങുകയാണെന്നാണ് സുമനും കരുതിയത്. ക്ഷീണം കാരണം അവനും വൈകാതെ ഉറങ്ങിപ്പോയി.

ശിഖ ഉണർന്നപ്പോഴും സുമൻ നല്ല ഉറക്കമായിരുന്നു. അവൾ ജനലിനരികിൽ ചെന്ന് പുറത്തെ തെരുവിലേക്ക് വെറുതെ നോക്കി നിന്നു.

“സ്നേഹം എന്താണ്? ഭർത്താവിന്‍റെ കൈകൾ ദുർബലമാണെന്ന് തോന്നുമ്പോൾ ഭാര്യ മറ്റൊരു സുരക്ഷിത കരവലയത്തിൽ കിടന്നുറങ്ങുന്നതാണോ അത്.” അമ്മയെ കുറ്റപ്പെടുത്തിയ മനസ്സ് ചിലപ്പോഴൊക്കെ അമ്മയുടെ ചെയ്തികളെ ന്യായീകരിക്കാനും ധീരത കാട്ടി.

“എന്തായാലും ഞാൻ പൂർണ്ണമായി അറിഞ്ഞ ഒരു പുരുഷനെയേ വിവാഹം കഴിക്കൂ.” അവൾ തീർച്ചപ്പെടുത്തി. അമ്മയെപ്പോലെയാവാൻ എന്‍റെ ജീവിതത്തെ ഞാൻ വിട്ട് കൊടുക്കില്ല.

വസന്തം വിരുന്നെത്തിയ ഒരു പ്രഭാതത്തിലാണ് ശിഖ ആ കാര്യം അറിയുന്നത്. അവൾ സുമന്‍റെ ബൈക്കിൽ കയറി നഴ്സിംഗ് ഹോമിലെത്തി.

“ഓപ്പറേഷനുള്ള കാശെല്ലാം റെഡിയാണല്ലോ അല്ലേ?” സുമൻ അവളോട് ചോദിച്ചു.

“എല്ലാം. ഞാൻ ഇന്നലെ എടിഎമ്മിൽ നിന്ന് എടുത്തിട്ടുണ്ട്.”

ഡോക്ടർക്ക് കൈക്കൂലി കൊടുത്താണ് അവർ അബോർഷൻ ചെയ്തത്. ആദ്യം ഡോക്ടർ സമ്മതിച്ചില്ലായിരുന്നു. പിന്നെ സുമൻ ഏതോ സീനിയർ ഡോക്ടറെ വിളിച്ച് സ്വാധീനിക്കുകയായിരുന്നു.

“ഈ മരുന്നു വില്പനക്കാരും ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ ഡോക്ടർമാർക്ക് പണിയാവുമല്ലോ.” ഡോക്ടർ ഒരു വഷളൻ ചിരി ചിരിച്ചു. സുമൻ വല്ലാതായി.

ശിഖയെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയപ്പോഴാണ് സുമൻ ശരിക്കും വിറച്ചു പോയത്. പിന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശിഖയെ വാടിയ പൂപോലെ കണ്ടപ്പോൾ സുമൻ തകർന്നു പോയിരുന്നു.

“ഇവളെ ഇങ്ങനെ ഒരിക്കൽ പോലും ഇതിനു മുമ്പ് കണ്ടിട്ടില്ല.” വാർഡിലെ റെസ്റ്റിനു ശേഷം വൈകുന്നേരം സുമന്‍റെ ബൈക്കിലിരുന്നു തന്നെയാണ് ശിഖ വീട്ടിലേക്ക് പോയത്.

കോളിംഗ് ബെൽ അടിച്ചപ്പോൾ ജോലിക്കാരിയാണ് വാതിൽ തുറന്നത്. എന്തോ അസുഖം ബാധിച്ചവളെപ്പോലെ അവർക്ക് തോന്നിയെങ്കിലും ശിഖയോട് ഒന്നും ചോദിക്കാനുള്ള ധൈര്യം അവർക്കുണ്ടായില്ല.

ശിഖ മുറിയിൽ പോയിക്കിടന്നു. മരുന്നിന്‍റെ ഇഫക്ട് മാറിയപ്പോൾ അവൾക്ക് വയറ് വേദനിക്കാൻ തുടങ്ങി. അസഹ്യമായ വേദന, ഒറ്റപ്പെടലിന്‍റെയും സ്നേഹരാഹിത്യത്തിന്‍റെയും പെയിൻ കൂടി അവളുടെ ഹൃദയത്തെ കാർന്ന് തിന്നിരുന്നു, അന്നേരം.

ഏറെ വൈകിയാണ് അമ്മ വീട്ടിലെത്തിയത്. “എന്തുപറ്റി മോളേ, വല്ലാതെ ക്ഷീണമുണ്ടല്ലോ.” പുതച്ചു മൂടി കിടന്ന ശിഖയെ ഉണർത്തി അമ്മ ചോദിച്ചു.

“ഏയ് ഒന്നുമില്ല അമ്മേ, നല്ല വയറുവേദന.”

“ഓ, വല്ല ഫുഡ് ഇൻഫെക്ഷനുമാണോ? ഇന്നലെ നീ പാർട്ടിക്ക് കഴിച്ചത് പറ്റിയിട്ടുണ്ടാവില്ല.” നിശ പറഞ്ഞു.

ശിഖ ഒന്നും മിണ്ടാതെ കിടന്നു.

“ഡോക്ടറെ വിളിക്കണോ?” അമ്മ അവളെ തലോടാൻ കൈ നീട്ടിയപ്പോൾ അവൾ കൈ തടുത്തു കൊണ്ട് പതുക്കെ പറഞ്ഞു. “വേണ്ട, എനിക്കൊന്നുമില്ല.”

അമ്മയ്ക്ക് ക്ലബ്ബിലെ വാർഷികത്തിനു പോകാനുള്ള തിരക്കുണ്ടായിരുന്നെന്ന് അവൾ മനസ്സിലാക്കിയിരുന്നു. മകളുടെ അടുത്ത് നിൽക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വാർഷിക ജനറൽ ബോർഡ് മീറ്റിംഗിൽ തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്ന ചടങ്ങിന് പോകാതിരിക്കാൻ നിശയ്ക്ക് കഴിഞ്ഞില്ല. രണ്ടാമതൊന്ന് ആലോചിക്കാതെ അവൾ അവിടെ നിന്ന് ഇറങ്ങി. ജോലിക്കാരിയോട് തനിക്ക് ഭക്ഷണം എടുത്തു വയ്ക്കണമെന്ന് പറയാനുള്ള ഔദാര്യം അമ്മയ്ക്കുണ്ടായല്ലോ എന്ന് ശിഖ ആശ്വസിച്ചു.

“ടേക്ക് കെയർ” അമ്മ ചമഞ്ഞിറങ്ങിപ്പോയി.

ശിഖയ്ക്ക് വയറുവേദന കലശലായി. ബാഗിൽ നിന്ന് ഗുളികകൾ എടുത്ത് കഴിച്ച അവൾ ഉറങ്ങാൻ ശ്രമിച്ചു.

“എല്ലാം ഒരു വാശിക്ക് ചെയ്തതാണ്. അതിന് ഇത്രമാത്രം തീ തിന്നണമെന്ന് കരുതിയിരുന്നില്ല.” ശിഖ കരഞ്ഞു കൊണ്ടേയിരുന്നു. ജീവിതത്തെക്കുറിച്ചുള്ള മറ്റെന്തെല്ലാമോ ചിന്തകൾ മനസ്സിനെ അലട്ടി തുടങ്ങിയപ്പോൾ വയറിന്‍റെ വേദന അവൾ അറിഞ്ഞതേയില്ല.

രാത്രി ഏറെ വൈകിയപ്പോൾ മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവൾ മയക്കമുണർന്നത്. അവൾ പിന്നെയും ഏറെ നേരം അവിടെത്തന്നെ കിടന്നു. ഒറ്റയ്ക്ക് മുറിയിലെ അരണ്ട വെളിച്ചം കണ്ട് നേരിയ ഭയം തോന്നിയപ്പോൾ അവൾ വാതിൽ തുറന്ന് നോക്കി. ഡൈനിംഗ് റൂമിൽ നിന്ന് ഛർദ്ദിലിന്‍റെ മണം അവളെ കൂടുതൽ അസ്വസ്ഥയാക്കി. അച്‌ഛൻ സോഫയിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കുത്തഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.

മുന്നോട്ട് കാലെടുത്തു വയ്ക്കാൻ ആഗ്രഹിച്ചെങ്കിലും മിന്നൽ പോലെ ഒരു വേദന അവളുടെ അടിവയറ്റിൽ നിന്ന് കാലിലേയ്ക്കും പിന്നെ കാലിൽ നിന്ന് തിരിഞ്ഞ് വയറ്റിലേക്കും പാഞ്ഞു കയറി. രാത്രി ക്ലോക്കിൽ സമയം രണ്ട് മുഴങ്ങി. അമ്മ വരുന്നത് കാത്തു നിൽക്കാതെ അവൾ മുറിയിൽ കയറി വാതിലടച്ചു.

Story: നഗര കാന്താര

ഇരുട്ടിന്‍റെ കനത്ത മറ നീക്കി എപ്പോഴാണവൾ മുന്നിൽ പ്രത്യക്ഷയായതെന്നറിയില്ല. ഏറെ വൈകി ബാറിൽ നിന്നുമിറങ്ങി ലോഡ്ജിലേക്കുള്ള മടക്കത്തിടുക്കത്തിലായിരുന്നു ഞാൻ. സന്ധ്യയുടെ മയക്കത്തിനും, രാത്രിയുടെ ഘനത്വത്തിനുമിടയിലുള്ള കുറച്ചു മണിക്കൂറുകൾ നഗരത്തിലെ ഇടറോഡുകൾക്ക് ശൂന്യതയിലാണ്ടു കിടക്കാനുള്ള സമയമാണ്.

രാവു കനക്കുമ്പോൾ നഗരം പതിയെ നിശബ്ദതയുടെ കരിമ്പടമെടുത്ത് പുതയ്ക്കും. അന്നേരമാണ് നഗരത്തിലെ ഇടവഴികൾ ചെറിയ അനക്കങ്ങളോടെ സജീവമാകാൻ തുടങ്ങുന്നത്. അത്തരമൊരിടറോഡിൽക്കൂടി അങ്ങിങ്ങു കത്തിക്കൊണ്ടിരുന്ന വഴി വിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ തപ്പിത്തടഞ്ഞു നടക്കവെയാണ് എങ്ങുനിന്നോ അവൾ വെളിപ്പെട്ടത്.

അവളുടെ പിറകേ രക്ഷാധികാരിയെപ്പോലെ അവളുടെ പിൻഭാഗം മണത്തു കൊണ്ട് ഒരു മുട്ടാളൻ കൂടി പ്രത്യക്ഷനായതു കണ്ട് എന്‍റെ ആകാംക്ഷ കനത്തു. കറുത്ത് കൊഴുത്ത് ബലിഷ്ഠകായനായി കാണപ്പെട്ട അവന്‍റെ കഴുത്തിൽ സിംഹത്തിന്‍റെ ജഡ പോലെ രോമങ്ങൾ ഇടതുർന്നു കിടന്നിരുന്നു. തീഷ്ണമായിരുന്ന കണ്ണുകളിലിരുന്ന് ആഭാസകാമത്തിന്‍റെ ഒരുചൂട്ട്കറ്റ പുകയുന്നുണ്ടായിരുന്നു.

അവളാകട്ടെ മെലിഞ്ഞുണങ്ങിയ ഒരു പേക്കോലത്തെ അനുസ്മരിപ്പിച്ചു. ഏതോ മാറാരോഗം വന്നൊഴിഞ്ഞു പോയതുപോലെ അവളുടെ ശരീരം രോമമെല്ലാം കൊഴിഞ്ഞ് വല്ലാതെ മിനുസപ്പെട്ടു കിടന്നു. ആ ഉടലിൽ നഗരവിളക്കിന്‍റെ അരണ്ട രശ്മികൾ പതിക്കുമ്പോൾ മിന്നാമ്മിനുങ്ങിന്‍റെ കുറേ നുറുങ്ങുവെട്ടങ്ങൾ അവൾ ശരീരത്തിൽ രഹസ്യമായി സൂക്ഷിക്കുന്നതായി തോന്നി.

അമിതസുരതത്തിന്‍റെ ശേഷിപ്പു പോലെ വാലിനു പിറകിൽ വ്രണങ്ങൾ തിണർത്തു കിടന്നു. രക്തവർണ്ണത്തിൽ, പുറത്തേക്കുന്തിയനിലയിൽ ഗുഹ്യഭാഗത്തു കാണപ്പെട്ട മാംസ പിണ്ഡം അറപ്പുളവാക്കുന്നൊരു മനപ്പെരട്ടുണ്ടാക്കി.

ബലവാനായ അവളുടെ സുഹൃത്ത് ആ പഴുത്ത മാംസളതയിൽ ചിറിയുരുമ്മുമ്പോഴൊക്കെ ദൈന്യത പേറുന്നൊരു നിലവിളി അവളിൽ നിന്നുയർന്നു. അപ്പോഴെല്ലാം വിറയാർന്ന തന്‍റെ കാലുകൾ പ്രയാസപ്പെട്ട് ചലിപ്പിച്ചുകൊണ്ട് അവന്‍റെ സമീപത്തു നിന്ന് ഓടിയകലാൻ അവൾ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. അവനാകട്ടെ തന്‍റെ മുൻ കാലുകളുയർത്തി അവളുടെ ഉടലിനെ തന്നിലേക്കടുപ്പിക്കാൻ തിടുക്കപ്പെട്ടു.

അധികനേരം ആ ദൈന്യത കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. മുഖം ഇരുട്ടിലേക്ക് തിരിച്ച് മന്ദഗതിയിൽ അവരുടെ പിറകേയാത്ര തുടർന്നു. അന്ധകാരം തിങ്ങിയ ഏതോ ഇടവഴിയിലേക്കവർ അപ്രത്യക്ഷരാവുംവരെ.

ഇടയ്ക്കിടെ അവളുടെ ദീനരോദനശകലങ്ങളും കാമോൽക്കടമായ അവന്‍റെ മുരൾച്ചകളുടെ തുണ്ടു ശബ്ദങ്ങളും അകലത്തായി വിട്ടു വിട്ടു കേട്ടുകൊണ്ടിരുന്നു. വഴിയരികിലെ അടഞ്ഞുകിടന്ന തട്ടുകടയുടെ ചായ്പ്പിലേക്കു കയറി. അതായിരുന്നു ലക്ഷ്യവും. മനസ്സിന്‍റെ തികട്ടലുകൾ അമർത്താനുള്ള വ്യഗ്രത കലശ്ശലായിരുന്നു.

പോക്കറ്റിലുണ്ടായിരുന്ന ബോട്ടിലിലെ ശേഷിപ്പിലേക്ക് കടയ്ക്കു പിന്നിലെ പൈപ്പിന്‍റെ ടാപ്പു തുറന്ന് സൂഷ്മതയോടെ ജലം പകർന്ന് വായിലേക്കു കമിഴ്ത്തുമ്പോൾ ചായ്പിന്‍റെ പിന്നാമ്പുറത്ത് രണ്ടു നിഴലുകൾ ചലിച്ചു. ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ ശ്രദ്ധിച്ചു.

“കൂത്തിച്ചീമ്മോളെ പണം ഞാൻ പിന്നെത്തന്നോളാമെന്നു പറഞ്ഞില്ലേ ടീ….” പുരുഷശബ്ദം അടക്കംചൊല്ലുന്നു.

“പറ്റില്ലെന്നു പറഞ്ഞില്ലേ… ഇന്നു കായി മുഴുവൻ തന്നിട്ടുള്ള കൊഞ്ചല് മതി, ഇന്നാളു നീ തരാനൊള്ളതു ഞാൻ വിട്ടു … ഇന്നതു പറ്റില്ല.” സ്ത്രീയുടെ അലോസരപ്പെട്ട മറുപടി.

“ശാന്തേ ഇന്നത്തേക്കു നീ ഒന്നു ക്ഷമിക്ക് പൊന്നേ… ഞാമ്പറഞ്ഞില്ലെ ബാക്കിയൊള്ള പണം ഞാൻ തന്നിരിക്കും.” പുരുഷ സ്വരം അനുനയനത്തിന്‍റെ വഴിയിലേക്കു നീങ്ങി.

“ഛീ… വിടെടാ ഇടുപ്പീന്ന് കയ്യെട് … കായിതാ ആദ്യം, പിന്നെ മതി എല്ലാം …എരപ്പെ”. അവളുടെ പൊട്ടിത്തെറിയുടെ നുറുങ്ങുകൾ ചെടികൾക്കിടയിൽ വീണു ചിതറി.

‘ശാന്ത’… ആ പേര്? ഇരുട്ടിലേക്കു സൂക്ഷിച്ചു നോക്കി. വ്യക്തമായി ഒന്നും കണ്ടു കൂടാ. ദൂരെ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നിന്നും തെന്നി വന്ന ഒളിവെട്ടത്തിൽ ആ മുഖം മിന്നായം പോലെ ഒറ്റത്തവണ കണ്ടു. അതേ ശാന്ത… അവൾ തന്നെയാണോ അത്?

വർഷങ്ങൾക്കു മുമ്പ് ഇതുപോലുള്ളൊരു നിഗൂഢ രാത്രിയിൽ… താലൂക്കാശുപത്രിക്കു പിന്നിലെ മരക്കൂട്ടങ്ങൾക്കു നടുവിൽ… മലയിറങ്ങി നഗരത്തിൽ ജോലി അന്വേഷിച്ചു നടന്ന കാലം മുന്നിലേക്കോടിയെത്തി.

പരമശിവം ലോഡ്ജിലെ പപ്പേട്ടന്‍റെ തണലിൽ മാനസികമായും, കായികമായും അനാഥപ്പെട്ടു കഴിഞ്ഞു വന്ന ആ ദിവസങ്ങളിലെ ഒരു രാത്രി… അന്നത്തെ കുടമുല്ലപ്പൂക്കളുടെ തീഷ്ണമായ മണം വില കുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ കവർപ്പ്… ദുർഗന്ധം വമിക്കുന്ന ഓടയിൽ നിന്നും പുളഞ്ഞിറങ്ങി വന്നൊരു തേരട്ടയെപ്പോലെ അതൊക്കെ വീണ്ടുമൊരിക്കൽക്കൂടി ഓർമ്മകളിലേക്ക് പുളഞ്ഞു.

ഇവിടെ ഈ… ഒളിവെട്ടത്തിൽ ഒരിക്കൽ മാത്രം കണ്ട ആ മുഖം അവളുടേതു തന്നെയായിരുന്നോ എന്ന് ഇപ്പോഴും ഉറപ്പില്ല. അതങ്ങിനെയാണല്ലൊ.

നഗരത്തിലെ ശാന്തമാർക്കെല്ലാം എന്നും ഒരേ മുഖങ്ങളല്ലേ…. എപ്പോഴും നിർവികാരത മാത്രം തങ്ങിനിൽക്കുന്ന വരണ്ട മരുഭൂമി പോലുള്ള…!

കാക്കി ഷർട്ടു ധരിച്ചിരുന്നവൻ ആരെന്നറിയില്ല. ഏതെങ്കിലും ട്രക്ക് ഡ്രൈവറാകാം അതുമല്ലെങ്കിൽ രാത്രിപ്പണി ചെയ്യുന്ന ഏതോ ഓട്ടോക്കാരൻ.വിലപേശലിന്‍റെ സംഭാഷണങ്ങൾ മുറുകുന്നത് ജുഗുപ്സയോടെ കേട്ടിരുന്നു. അവസാനം എന്നത്തേയും പോലെ അതൊരു സമവായത്തിലെത്തുകയും ചെയ്തു.

ചായ്പ്പിനു പിന്നിലെ ചെടികൾക്കിടയിൽ തിടുക്കപ്പെട്ടൊരു ചലനമുണ്ടായി. ക്രമാനുഗതമായി ഉയർന്നു പൊങ്ങിയ നിശ്വാസങ്ങൾക്ക് മേൽ സർപ്പങ്ങളുടെ സീൽക്കാരശ്രുതി പടം പൊഴിച്ചാടി. നക്ഷത്രങ്ങൾ കള്ളച്ചിരിയോടെ ചായ്പ്പിനു പിന്നിലേക്ക് ഒളിനോട്ടം നടത്തി. തുറിച്ചിറങ്ങിയ കണ്ണുകൾ ഇരുളിലേക്ക് തിരനോട്ടമിടുമ്പോൾ സിരകളിൽ പതഞ്ഞു പൊന്തിയത് വിഭ്രാന്തിയോ അതോ മദ്യത്തിന്‍റെ താൽക്കാലിക ആവേശമോ…?

ആവേശത്തിരത്തള്ളലിലെപ്പൊഴോ അവളുടെ ഒച്ചയുയർന്നു കേട്ടു ”ഒന്നു പതുക്കെ… എന്തൊരാക്രാന്തമാടാ, ഇത്… വെളുക്കാനിനീം നേരണ്ടല്ലൊ?”

തെല്ലൊരു തളർച്ചയോടെ ചായ്പ്പിൽ നിന്നിറങ്ങി നടന്നു. ലോഡ്ജിലേക്ക് ദൂരമിനിയും താണ്ടാനുണ്ട്.

മുകളിൽ സ്വഛമായിക്കിടന്നിരുന്ന തെളിമാനം തുറന്നിട്ടൊരു ശരണാലയം പോലെ ഒഴിഞ്ഞുകിടന്നു. അവിടെ രണ്ടു മേഘത്തുണ്ടുകൾ മാത്രം ബാക്കി നിന്നു. അവയ്ക്കൊരു രാക്ഷസന്‍റേയും, കുട്ടിയുടേയും രൂപമായിരുന്നു. രാക്ഷസനെക്കണ്ട് ഭയന്നോടുന്ന കുട്ടി….. രാക്ഷസന്‍റെ കയ്യിലെ വെട്ടിത്തിളങ്ങുന്ന വാൾമുനക്ക് ഒരു രാജ്യത്തെത്തന്നെ വെട്ടിയരിയാനുള്ള കരുത്തുണ്ടെന്ന് തോന്നി.

നടന്ന് നടന്ന് ആശുപത്രിക്ക് പിന്നിലെത്തിയതറിഞ്ഞില്ല. അവിടെ മരക്കൂട്ടങ്ങളിലെവിടേയോ നിന്ന് നേരത്തേ കേട്ട കൊടിച്ചിപ്പട്ടിയുടെ വിലാപം’ ബൗയീ… ബൗയീ… ‘എന്ന് വീണ്ടുമുയർന്നുകേട്ടു. ഒടുവിലത് ഒരു മരണവിളി പോലെ ദാരുണമായൊരു ഞരക്കത്തിലവസാനിച്ചു.

ആകാശത്ത് നേരത്തേ ഉണ്ടായിരുന്ന മേഘത്തുണ്ട് ഇപ്പോൾ കാൺമാനില്ല. ഭയന്നോടിയ ആ കുട്ടി രാക്ഷസന്‍റെ വാളിനിരയായിക്കാണുമോ? അതോ… നീലവിഹായസ്സിന്‍റെ ഏതെങ്കിലുമൊരു കോണിലേക്കവൻ രക്ഷപ്പെട്ടിരിക്കുമോ?

ലോഡ്ജിൽ തിരിച്ചെത്തുമ്പോഴേക്കും രാത്രി അർദ്ധയാമം പിന്നിട്ടിരുന്നു. നേരത്തേ ഉണർന്നെണീറ്റ ഏതോ പക്ഷിയുടെ ചിലമ്പിച്ച പാട്ടു കേട്ടു. രാത്രി മുഴുവൻ കത്തി നിന്നതിന്‍റെ ക്ഷീണത്താൽ സുരക്ഷാ വിളക്കുകൾ അരണ്ട പ്രകാശം മാത്രം പരത്തി. ഊർജ്ജം നഷ്ടപ്പെട്ടവനെപ്പോലെ കിടക്കയിലേക്ക് ചായുമ്പോൾ മടുപ്പിന്‍റെ ഒരു ദിവസം കൂടി അരച്ചു തീർത്തൊരാലസ്യം മനസ്സിനെ ചൂഴ്ന്നു നിന്നു.

“അണ്ണാ… എളുന്നേറ്റുക്കാറുങ്കോ, എന്നാ തൂക്കമാ ഇത്… മദ്ധ്യാന്നമായാച്ച്…” ലോഡ്ജിലെ ജോലിക്കാരൻ പയ്യൻ മുത്തുച്ചാമിയുടെ വിളി കേട്ടാണ് ഞെട്ടി ഉണർന്നത്.

പീള കെട്ടിയ കണ്ണുകൾ വിടർത്തി നോക്കുമ്പോൾ മഞ്ഞപ്പല്ലുകൾ കാട്ടി അഴുക്കു പുരണ്ടൊരു ചിരിയുമായി അവൻ മുന്നിൽ നിൽക്കുന്നു.

“എന്നതാടാ കാലത്തേ കെടന്നലറണത്” ഉറക്കം മുറിഞ്ഞ ദേഷ്യം അവന്‍റെ മുഖത്തേക്ക് തുപ്പിക്കൊണ്ട് എഴുന്നേറ്റിരുന്നു.

”അണ്ണനറിഞ്ഞില്ലേ ഒരു കൊല നടന്നാച്ച് ഇങ്കെ… ഒരു പൊണ്ണുടെ അരുംകൊലൈ!” മലയാളവും, തമിഴും ഇടകലർത്തി അതു പറയുമ്പോളവന്‍റെ മുഖത്ത് ഭയത്തിന്‍റെ പകർന്നാട്ടം.

“എവിടെ, ആര്, ആരെ കൊന്നുവെന്നാ നീ പറേണത്?” സംഭ്രമത്തോടെ ചോദിച്ചു.

“അങ്കെ ഹോസ്പിറ്റൽ റോഡിലുള്ള നമ്മ ചെല്ലേണ്ണന്‍റെ തട്ടില്ലയാ, അതുക്കു പിന്നാടി ഒരു പൊണ്ണുടെ ബോഡി കിടച്ചിരുക്ക്… നാൻ പോയി പാത്താച്ച്… പോലീസൊക്കെ വന്നിട്ടിരിക്കാങ്കെ…”

അവന്‍റെ വർണ്ണന കേട്ട് തരിച്ചിരിക്കുമ്പോൾ തലേന്ന് രാത്രിയിലത്തെ സംഭവങ്ങൾ തിരശ്ശീലയിലെന്നവണ്ണം ഒരു നിഴൽപ്പടം പോലെ മുന്നിൽ വിരിഞ്ഞിറങ്ങി.

ബോധം അബോധത്തിലേക്ക് മലക്കം മറിയുന്നുവോ? മുന്നിലൊരു തിറയാട്ടത്തിന്‍റെ ചിത്രം തെളിഞ്ഞു. ചലിക്കുന്ന തിറക്കോലങ്ങൾ മുറിയിലേക്കുള്ള പടവുകൾ കയറിവരുന്നതിന്‍റെ ചിലമ്പൊലി ശബ്ദം… അത് അടുത്തടുത്തു വരുന്നു.

മുത്തുച്ചാമിയിലേക്ക് ആശ്രയത്തിനെന്നോണം കണ്ണുകൾ പരതി. ഒരു നിഴലായിപ്പോലും അവനവിടെയില്ലെന്ന സത്യം അറിയുമ്പോൾ ഉള്ളിൽ നിന്നും ആന്തലോടെ ഒരു പ്രാർത്ഥന പുറപ്പെട്ടു. വിറക്കുന്ന കാലടികളോടെ എഴുന്നേറ്റ് ചെന്ന് വാതിൽ കൊട്ടിയടച്ചു. കണ്ണുകൾ ഇറുക്കിയടച്ച്… യോഗനിദ്രയിലെന്ന പോലെ കിടക്കയിലിരുന്നു. പുറത്ത് വെയിൽ കനത്തുകൊണ്ടിരുന്നു.

Story: വൺ… ടൂ… ത്രീ….

ഇരുപത്തിയഞ്ച് വർഷം നീണ്ടു നിന്ന സന്തുഷ്ട വൈവാഹിക ജീവിത വിജയത്തിന്‍റെ രഹസ്യമാരാഞ്ഞപ്പോൾ ഒരാൾ ഇപ്രകാരം മൊഴിഞ്ഞു… “ഹണിമൂൺ.”

“ഏ… അതെങ്ങനെ?” കൂടിയിരുന്നവരിൽ ഒരാൾ എഴുന്നേറ്റു നിന്നു ചോദിച്ചു.

ഭർതൃപദവി അലങ്കരിക്കുന്ന മഹാൻ ഒരു കഥ പറഞ്ഞു തുങ്ങി. “ഹണിമൂൺ നാളുകളിൽ ദമ്പതികൾ കൊടൈക്കനാലിൽ എത്തിയപ്പോൾ ഭാര്യയ്ക്ക് കുതിരസവാരി ചെയ്യണമെന്ന് വലിയ മോഹം. പത്തു കാശു പോയാലെന്താ താൻ രക്ഷപ്പെടുമല്ലോ എന്ന ചിന്തയോടെ ഭർത്താവ് കുതിരക്കാരനരികിലെത്തി. ഭാര്യ വലിയ ഉത്സാഹത്തോടെ കുതിരപ്പുറത്തു കയറിയിരുന്നു. സ്ത്രീ വിരോധിയായ കുതിരയ്ക്ക് ഇതൊട്ടും ഇഷ്ടമായില്ല. കുതിരയൊന്നു കുലുങ്ങി. ഭാര്യ “ധ്ടും” എന്ന ശബ്ദത്തോടെ നിലംപതിച്ചു. ഭർത്താവ് അവളെ ഒരു കണക്കിനു പിടിച്ചെഴുന്നേല്പിച്ചു. ഇനി കുതിരപ്പുറത്തു കയറേണ്ടെന്ന് വിലക്കുകയും ചെയ്തു. ഭാര്യ രൗദ്രഭാവത്തിൽ പറഞ്ഞു, “വൺ”

രണ്ടാമതും കുതിരപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടയിൽ കുതിര അവളെ കുടഞ്ഞു വീഴ്ത്തി. ഭാര്യ പറഞ്ഞു, “ടൂ”

മൂന്നാം തവണയും ഇതാവർത്തിച്ചപ്പോൾ ”ത്രീ” എന്നുറക്കെ പറഞ്ഞു കൊണ്ട് അവൾ ഹാന്‍റ്ഗിൽ നിന്നും തോക്കെടുത്ത് “ഡിഷ്യും…ഡിഷ്യും…” കുതിരയുടെ കഥ കഴിഞ്ഞു.

ഭർത്താവ് ശരിക്കും ഭയന്നു.“ങേ… നീ എന്തിനാ കുതിരയെ കൊന്നത് നിനക്ക് കുതിരപ്പുറത്ത് ഇരിക്കാനറിയാത്തതിന് പാവം കുതിരയെന്തു പിഴച്ചു?”

ഭാര്യ ഭർത്താവിനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു “വൺ…”

അതിനുശേഷം അവളെക്കൊണ്ട് ടൂ, ത്രീ പറയിക്കാതിരിക്കാൻ ഭർത്താവ് ഒരു അവസരമൊരുക്കി കൊടുത്തതുമില്ല.

ഇതെനിക്ക് ഭാര്യ പറഞ്ഞു തന്ന നുറുങ്ങു കഥയാണ്. കുതിരപ്പുറത്തു കയറിയ സ്ത്രീ മറ്റാരുമല്ലായിരുന്നു. സൗഭാഗ്യമെന്നോ, ദൗർഭാഗ്യമെന്നോ പറയട്ടെ, അതെന്‍റെ അമ്മായിയമ്മയായിരുന്നു. ഒരിക്കലും ഉന്നം പിഴയ്ക്കാത്ത ആ സ്ത്രീയുടെ മകളോടു കടുപ്പിച്ചെന്തെങ്കിലും പറയാൻ പിന്നെ ആർക്കെങ്കിലും ധൈര്യം കാണുമോ?

ഞങ്ങൾ പുതിയൊരു കോളനിയിൽ താമസം തുടങ്ങിയ നാളുകൾ, കുറച്ച് ഏറെ ദിവസം ഞങ്ങൾക്കൊപ്പം തങ്ങാനെത്തിയതായിരുന്നു അമ്മായിയമ്മ. വാടക വീടിന് മുന്നിൽ വീട്ടുടമ ചെറിയൊരു സ്വിമ്മിങ്ങ് പൂളും ഒരുക്കിയിരുന്നു. ഇതിൽ വെള്ള തീരെ കുറവായിരുന്നുവെന്നു മാത്രമല്ല ശരിക്കും മെയിന്‍റയിൻ ചെയ്യാത്തതിനാൽ ഉപയോഗിക്കാവുന്ന പരുവത്തിലുമായിരുന്നില്ല.

ഒരു ഞായറാഴ്ച, സിറ്റ്ഔട്ടിലിരുന്നു പത്രം വായിക്കുന്ന എന്‍റെ അരികിലേയ്ക്ക് ഭാര്യ അമ്മയേയും കൂട്ടിയെത്തി.

“ദേ, എനിക്കൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.”

“പറഞ്ഞോളൂ…” വായിച്ചു കൊണ്ടിരുന്ന പത്രം ഞാൻ പതിയെ മടക്കി വച്ചു.

“എനിക്ക് നീന്തൽ മത്സരത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.” രണ്ടോ, മൂന്നോ ദിവസം പഴക്കമുള്ള ഒരു ന്യൂസ് പേപ്പർ എന്‍റെ മുന്നിലേക്കു നീട്ടി. നീന്തൽ മത്സരത്തിന്‍റെ പരസ്യമായിരുന്നു അതിൽ. വിജയിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം.

“ഒരു കിലോമീറ്റർ ദൈർഘ്യമുള്ള നീന്തൽ? അതത്ര ചെറിയ കാര്യമാണോ? കാര്യമായ പ്രാക്ടീസ് തന്നെ വേണ്ടിവരും.” ഞാൻ ഉപദേശിച്ചു.

“മോനേ… ടെൻഷനടിക്കേണ്ട. ദാ, ആ മുന്നിൽ കാണുന്ന സ്വിമ്മിംഗ് പൂളിൽ ഞങ്ങൾ പ്രാക്ടീസ് ചെയ്തു കൊള്ളാം.” അമ്മായിയമ്മ പറഞ്ഞു.

“അതിന് സ്വിമ്മിംഗ് പൂളിൽ വെള്ളം വേണ്ടേ?” ഭയമുണ്ടെങ്കിലും ചോദിക്കാതിരിക്കുന്നതെങ്ങനെ…

“പിന്നെ നീയെന്തിനാ…” ഒരു കൂസലും കൂടാതെ അമ്മായിയമ്മ മൊഴിഞ്ഞു.

“അതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും?” എന്‍റെ ശബ്ദമൊന്നിടറി.

“ഒന്ന് ഫോൺ കറക്കി ടാങ്കറിൽ അല്പം വെള്ളം കൊണ്ടു വന്ന് നിറയ്ക്കാൻ പറഞ്ഞാൽ പോരേ… നിനക്കും നീന്തലൊക്കെ പഠിച്ച് ഫിറ്റ ആവാമല്ലോ. നിന്‍റെ ഇപ്പോഴത്തെ?അവസ്‌ഥയൊന്നു നോക്കിക്കേ…”

അമ്മായിയമ്മ ക്യാപ്സൂൾ പരുവത്തിൽ ഓരോ ഉപദേശങ്ങൾ ലോഞ്ച് ചെയ്യാൻ തുടങ്ങി.

“ശരി…” ഞാൻ പതിയെ തലകുലുക്കി.

“ദേ…” ഭാര്യയുടെ വിളികേട്ട് ഞാനവളെ നോക്കി.

“പിന്നെ, സ്പോർട്സ് ബസാറിൽ നിന്നും സ്വിമ്മിംഗ് കോസ്റ്റ്യൂംസ് കൊണ്ടുവരാൻ മറക്കണ്ട.” ഭാര്യ ഓർമ്മിപ്പിച്ചു.

“ശരി” ഞാൻ തലകുലുക്കി.

“രണ്ടു ജോഡി കൊണ്ടുവരണം.”

“അതെന്തിനാ?”

“ഒന്നെനിക്കും, ഒന്ന് മമ്മിക്കും.”

“ഏ…” ഞാൻ ആശ്ചര്യത്തോടെ അമ്മായിയമ്മയെ നോക്കി. അമ്മായിയമ്മ ചെറിയൊരു ചമ്മലോടെ പറഞ്ഞു, “എങ്ങനെ വന്നാലും ഈ സമ്മാനം കൈവിട്ടു പോകരുതല്ലോ?”

“ഉവ്വ്…” ഞെട്ടൽ വിട്ടുമാറും മുമ്പ് മറ്റൊരു ഭൂകമ്പം.

“ദേ… നിങ്ങൾക്കുമൊന്നു വാങ്ങിക്കോ… നീന്തൽ പഠിക്കാമല്ലോ?”

“തീർച്ചയായും” വൺ, ടൂ, ത്രീ ഓർത്തപ്പോൾ അമ്മയുടെയും മകളുടെയും വാക്ക് തെറ്റിക്കാൻ തോന്നിയില്ല.

അടുത്ത ദിവസം തന്നെ ടാങ്കറിൽ വെള്ളമടിക്കാൻ ഓർഡർ നൽകി. അകത്ത് അരങ്ങേറുന്ന സർക്കസ് ആരും കാണാതിരിക്കാനായി സ്വിമ്മിംഗ് പൂളിനും ചുറ്റും വലിയൊരു മറയുണ്ടാക്കി.

ഒരു ഞായറാഴ്ച

“മോനേ, നീന്തൽ പഠിക്കാം.” അമ്മായിയമ്മ പറഞ്ഞു.

“എനിക്ക് നീന്താനറിയില്ല.” ഭയം കാരണം എന്‍റെ ശബ്ദം ശരിക്കും പുറത്തു വന്നില്ല.

“അതു സാരമില്ല. ഞങ്ങൾ രണ്ടുപേരും കൂടി നിന്നെ നീന്തൽ പഠിപ്പിക്കാം.”

ഈഗോ കാരണം ഞാൻ വേഗം ചെന്ന് നീന്തൽ വസ്ത്രമണിഞ്ഞ് വന്നു. ഭാര്യയും അവളുടെ മമ്മിയും നീന്തൽ തിയറി ക്ലാസ് ചർച്ചയിലായിരുന്നു. നീന്തൽ ളത്തിനരികിലുള്ള പടവിൽ കാൽ തെന്നി ധ്ടും… ശബ്ദത്തോടെ ഞാൻ താഴെ വീണു. അവർ കണ്ടു കാണില്ലെന്നു കരുതി മടങ്ങാനൊരുങ്ങവേ…

“ഏ… നീ ഇതെങ്ങോട്ടാ…”

“നീന്തലൊക്കെ പഠിച്ചിട്ട് വെള്ളത്തിലിറങ്ങാം.” ഞാൻ വിക്കി വിക്കി പറഞ്ഞു.

“പക്ഷേ വെള്ളത്തിലിറങ്ങാതെങ്ങനെയാ നീന്തൽ പഠിക്കുന്നത്?” മുള്ളുകൾ പോലെ ചോദ്യശരങ്ങൾ എന്നെ കുത്തി തുളയ്ക്കാൻ തുടങ്ങി.

“വേണ്ട, ഞാൻ ബാത്ത്റൂമിൽ പഠിച്ചോളാം…” ഞാനകത്തേക്കു നടന്നു.

മമ്മിയുടെയും മകളുടെയും പൊട്ടിച്ചിരി വ്യക്തമായി കേൾക്കാമായിരുന്നു.വൺ… ടൂ… ത്രീ… വേണ്ട. ഞാൻ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി.

പത്തുപന്ത്രണ്ടു ദിവസം കടന്നു പോയി.

“നാളെയാണ് മത്സരം. ഓഫീസിൽ നേരത്തെ തന്നെ ലീവ് പറഞ്ഞോളൂ…”

“ശരി”

“നിങ്ങളുടെ സാമീപ്യം… അതെനിക്ക് കൂടുതൽ കരുത്തു പകരും.” ഭാര്യ പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.

ഞാൻ പിറ്റേന്ന് അവധിയെടുത്തു. ഇനി ഒരു ലക്ഷം രൂപയെങ്ങാനും സമ്മാനമടിച്ചാൽ പകുതി പണം കൊണ്ടു ഞാൻ കടം തീർക്കും. ബാക്കി എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞാൻ തല പുകഞ്ഞു ചിന്തിക്കുവാൻ തുടങ്ങി.

ഞങ്ങൾ മത്സരവേദിയിലെത്തി. ഭാര്യ പേര് രജിസ്റ്റർ ചെയ്തു.

കണ്ണഞ്ചിക്കും വണ്ണം വലിയൊരു നീന്തൽ ഡാം തന്നെയായിരുന്നു അത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ 3-4 കി.മീ. കുറവ് വരില്ല. കാണികളും പത്രക്കാരുമായി വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു.

ഭാര്യയ്ക്ക് ധൈര്യം നൽകുന്നതിനായി ഒരു വഞ്ചിയിൽ എനിക്ക് പിന്തുരരേണ്ടി വന്നു. സംഘാടകർ തന്നെ സഹായത്തിന് വഞ്ചിക്കാരനെ നൽകി. സ്വിമ്മിംഗ് കോസ്റ്റ്യൂമൊക്കെയിട്ട് ഭാര്യയും തയ്യാറായി നിന്നു. സ്റ്റാർട്ട് സൂചന കിട്ടിയതും ഭാര്യ വെള്ളത്തിലേക്കെടുത്തു ചാടി. പിന്നാലെ വഞ്ചിയിൽ ഞാനും. ഭയങ്കര ബഹളം. പെട്ടെന്ന് ആവേശം വന്ന പോലെ ഞാനും ഉറക്കെ ഓരോന്നു പറഞ്ഞ് അവളെ പ്രോത്സാഹിപ്പിക്കുവാൻ തുടങ്ങി. മറ്റ് മത്സരാർത്ഥികൾക്കും അവരുടെ പങ്കാളികൾ ധൈര്യം നൽകുന്നുണ്ടായിരുന്നു.

നീന്തി തളർന്ന ചിലർ വഞ്ചികളിൽ കയറാൻ തുടങ്ങിയിരുന്നു. മത്സരാർത്ഥികൾ കുറഞ്ഞു വരുന്നതു കണ്ട് എന്‍റെ സന്തോഷം ഇരട്ടിച്ചു. കൈകാലുകൾ ഇളക്കി ഞാൻ ഭാര്യയ്ക്ക് സകല പ്രോത്സാഹനവും നൽകിക്കൊണ്ടിരുന്നു.

പിന്നെയൊന്നും എനിക്ക് ഓർമ്മയില്ല. നടന്നതൊക്കെ സംഘാടകർ പറഞ്ഞാണ് ഞാനറിഞ്ഞത്.

“നിങ്ങൾ വീണതും, നിങ്ങളുടെ അമ്മായിയമ്മ സ്വന്തം ജീവനു പോലും വില നൽകാതെ വെള്ളത്തിലേക്കെടുത്തു ചാടി. വെള്ളത്തിൽ നിന്നു വലിച്ചെടുത്ത് വഞ്ചിയിലെത്തിച്ചു. അവരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.”

ഞാൻ അമ്മായിയമ്മയെ തുറിച്ചു നോക്കി. ഭാര്യയാകട്ടെ കൈയിൽ വിജയിക്കുള്ള ഷീൽഡുമായി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें