സ്ത്രീയുടെ ജീവിതം കടങ്കഥ പോലെയാണ്. ചിലപ്പോൾ ദുഃഖം... മറ്റു ചിലപ്പോൾ തികഞ്ഞ നിസ്സംഗത... നിശബ്ദമായ വേദനകളുടെ കൂടാരത്തിനുള്ളിൽ അവൾക്ക് സ്വയം ഒതുങ്ങേണ്ടി വരും, പലപ്പോഴും. മാതാപിതാക്കൾക്ക് മക്കളെല്ലാം ഒരുപോലെയാണെന്ന് പൊതുവേ പറയാം. പക്ഷേ, സത്യാവസ്ഥ അതായിരിക്കണമെന്നില്ല.
മക്കളോടുള്ള അവരുടെ സ്നേഹത്തിന്‍റെ അളവുകോലിലും കൃത്യമായ വേർതിരിവുകൾ ഉണ്ടായിരിക്കും. ഞാനത് വിശ്വസിക്കുന്നു. കാരണം, ഞാനെപ്പോഴും ഈ കൊടും അനീതിക്ക് ഇരയായിട്ടുണ്ട്. കുഞ്ഞുനാൾ തൊട്ടേ ഇത് സഹിച്ചു വരികയാണ് ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിയോഗി സഹോദരി പ്രമീളയായിരുന്നു. ഞങ്ങൾ ഇരു സഹോദരിമാരിൽ അച്‌ഛനമ്മമാർക്ക് ഏറെ പ്രിയപ്പെട്ടവൾ പ്രമീളചേച്ചി തന്നെയായിരുന്നു.
ഞാനും പ്രമീളചേച്ചിയും തമ്മിൽ ഒന്നര വയസ്സിന്‍റെ വ്യത്യാസമുണ്ട്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീണ്ടുമൊരു പെൺകുട്ടി വന്നതിനാലാകണം അച്‌ഛനമ്മമാർ എന്‍റെ അസ്തിത്വത്തെ അംഗീകരിച്ചില്ല. വീട്ടിലെപ്പോഴും ചേച്ചി മാത്രം നിറഞ്ഞു നിന്നു. അച്‌ഛനും അമ്മയും ചേച്ചി പറയുന്നത് മാത്രം കേട്ടു.
വീട്ടിൽ എന്ത് സാധനം വാങ്ങിയാലും ചേച്ചി ആദ്യം അത് സ്വന്തമാക്കുമായിരുന്നു. ഞങ്ങൾക്ക് ഒരുമിച്ച് ഡ്രസ്സ് വാങ്ങിയാൽ അതിൽ ഏറ്റവും നല്ലത് പ്രമീളചേച്ചി ആദ്യമേ സ്വന്തമാക്കും.
ആ സമയത്തൊക്കെ അമ്മ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്, “അവൾ നിന്നെക്കാൾ മൂത്തതല്ലേ, നിന്‍റെ ചേച്ചിയല്ലേ, അവൾക്കതിനുള്ള അവകാശമുണ്ട്.”
ചെറുതും വലുതുമെന്നുള്ളതിന്‍റെ പേരിലുള്ള അമ്മയുടെ ഈ തരം തിരിവ് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ഇത്തരം വേർതിരിവുകൾ എനിക്കുണ്ടാക്കിയ വേദന സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരുപക്ഷേ ഇതെന്‍റെ മാത്രം കഥയായിരിക്കില്ല. പല വീടുകളിലും നാലു ചുവരുകൾക്കുള്ളിൽ എന്നെപ്പോലെ അനേകം പേർ വേദന സഹിച്ച് കഴിയുന്നുണ്ടാവും.
ഇങ്ങനെ എത്രയോ വർഷങ്ങൾ, അതിനിടെ ഞങ്ങൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ എനിക്ക് ഏതായാലും നല്ലൊരു ബന്ധം വരുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ട്, ഇക്കാര്യത്തെക്കുറിച്ച് ഞാനത്ര ബോധവതിയുമായിരുന്നില്ല. പക്ഷേ, തുടർച്ചയായി കല്യാണാലോചനകൾ വന്നത് എനിക്ക് വേണ്ടിയായിരുന്നു. പ്രമീളചേച്ചിയെ ആലോചിക്കാതെ എന്നെ ആരെങ്കിലും വിവാഹമാലോചിച്ച് വരുന്നതിൽ ഞാനെന്ത് പിഴച്ചു?
അതോടെ പ്രമീളചേച്ചിക്ക് ഞാൻ പ്രധാന എതിരാളിയായി. ആരെങ്കിലും എനിക്കു വേണ്ടി കല്യാണമാലോചിച്ച് വന്നാൽ ചേച്ചി വീടു മുഴുവനും ഇളക്കിമറിക്കുമായിരുന്നു. അമ്മ പിന്നെ ചേച്ചിയെ ആശ്വസിപ്പിക്കാനായി പിറകെ നടക്കും.
കാര്യങ്ങൾ പ്രതികൂലമായി തുടങ്ങിയതോടെ പ്രമീളചേച്ചിക്കും അച്‌ഛനും അമ്മയ്ക്കും ആധിയായി തുടങ്ങി. ആ അസ്വസ്ഥതയുടേയും നിരാശയുടേയും ഫലമായാണ് വീട്ടിലെ ആദ്യത്തെ മരുമകനായി ഹരിയേട്ടൻ എത്തുന്നത്. എത്രയും പെട്ടെന്ന് പ്രമീളചേച്ചിയുടെ വിവാഹം നടത്തണമെന്ന വാശിയിലാണ് ഹരിയേട്ടനുമായി ചേച്ചിയുടെ വിവാഹം ഉറപ്പിക്കുന്നത്. ഒരിക്കലും ഈ വീട്ടിൽ മരുമകനായി എത്താൻ യാതൊരു യോഗ്യതയുമില്ലാത്തവൻ.
അയാളുടെ നോട്ടത്തിലും ഭാവത്തിലുമുള്ള കാമം ഞാൻ ആദ്യമേ കണ്ടതാണ്. ചേച്ചിയുടെ കഴുത്തിൽ തൊലി കെട്ടുമ്പോൾ പോലും അയാളുടെ കണ്ണുകൾ എന്‍റെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്നത് ഞാൻ നിസ്സഹായതയോടെ അറിഞ്ഞു.