എന്നെപ്പോലൊരു സ്ത്രീ ഒരിക്കലും കല്യാണം കഴിക്കാൻ പാടില്ലായിരുന്നു. നികേഷിനെ കല്യാണം കഴിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴേയ്ക്കും എനിക്കീ കാര്യം ബോധ്യമായിരുന്നു. എനിക്ക് നല്ല സുഖമില്ലായിരുന്നു. അതുകൊണ്ട് സുഹൃത്ത് അജയന്‍റെ കല്യാണത്തിന് നികേഷ് തനിച്ചാണ് പോയത്. അവിടെ തന്നെയായിരുന്നു എന്‍റെ അമ്മ വീടും. അടുത്ത ദിവസം നികേഷ് മടങ്ങി വന്നപ്പോൾ ആളാകെ മൂഡോഫിലായിരുന്നു. എനിക്കൊന്നും മനസ്സിലായിരുന്നില്ല. പുള്ളിക്ക് എന്താണ് പറ്റിയത്?
ഞാൻ കുത്തിക്കുത്തി ചോദിച്ചിട്ടും പുള്ളി ഒന്നും വിട്ട് പറഞ്ഞില്ല. ആളുകൾ കാര്യം പറയാതെ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഞാൻ പുള്ളിയുടെ പിന്നാലെ കൂടി. പക്ഷേ നികേഷ് വാ തുറന്നതേയില്ല.
ഞാനെപ്പോഴെങ്കിലും ടെൻഷനടിച്ചിരുന്നാൽ എന്നെ തലോടി സമാധാനിപ്പിക്കാറുള്ള ആളാണ് ഇപ്പോൾ എന്നോട് ഒന്നും മിണ്ടാതിരിക്കുന്നത്. എനിക്ക് നല്ല തലവേദനയുണ്ടെന്നറിഞ്ഞിട്ടും പുള്ളി എന്നെ മൈൻഡ് ചെയ്തതേയില്ല. ആ കരങ്ങളിൽ സാന്ത്വനപ്പെട്ടുറങ്ങാൻ ഞാനന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അന്ന് നികേഷ് തിരിഞ്ഞു കിടന്നു.
എനിക്കന്ന് ഉറക്കം വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നികേഷ് അസ്വസ്ഥനായി എഴുന്നേറ്റത് ഞാനറിഞ്ഞു.
“എന്തുപറ്റി നികേഷ്, എന്താണ് പ്രശ്നം?” ഞാൻ ചോദിച്ചു.
“ഞാൻ ചോദിക്കുന്നതിന് വ്യക്തമായി ഉത്തരം തരണം കവിതേ. ഞാനെന്തും സഹിക്കും. പക്ഷെ കള്ളം പറയുന്നതും മറച്ചു വയ്ക്കുന്നതും ഞാൻ പൊറുക്കില്ല” നികേഷിന്‍റെ സ്വരം വല്ലാതെയായിരുന്നു.
“ഞാനിതുവരെ നിങ്ങളോട് കള്ളം പറഞ്ഞിട്ടില്ല. എന്താ കാര്യമെന്ന് തെളിച്ച് പറയൂ” എന്‍റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി.
രവിയും നവീനുമായുള്ള നിന്‍റെ ബന്ധം എന്താണ്? ഞാനതിനെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നു. ഞാൻ കല്യാണത്തിനു പോയപ്പോൾ കേട്ടത് സത്യമാണോ എന്നെനിക്കറിയണം. നീ പറയുന്നതാണ് എനിക്ക് മുഖ്യം.”
നികേഷിന്‍റെ ടെൻഷന്‍റെ കാര്യം എനിക്ക് പിടികിട്ടി. എന്‍റെ വിവാഹപൂർവ്വ ബന്ധത്തെക്കുറിച്ച് ആരോ നികേഷിനോട് പറഞ്ഞിരിക്കുന്നു. ഞാൻ വിവിധ സമയങ്ങളിൽ രവിയോടും നവീനിനോടും അടുപ്പം കാണിച്ചിരുന്നു.
നികേഷ് എന്നെ വലയിൽ വീഴ്ത്താൻ ശ്രമിച്ചാലൊന്നും ഞാൻ പിടികൊടുക്കില്ല. ഭാവിയിൽ ഭർത്താവുമൊത്ത് കഴിയുമ്പോൾ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്ലാൻ എന്‍റെ കൈയിൽ ഉണ്ടായിരുന്നു.
കുറെ മുമ്പ് ഞാനൊരു മർഡർ മിസ്റ്റിറി വായിച്ചിരുന്നു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ എനിക്ക് ഇപ്പോൾ ഉപകാരപ്പെടും. വിവാഹശേഷം ആണുങ്ങൾ ഭാര്യയോട് തങ്ങളുടെ വിവാഹപൂർവ്വ ബന്ധങ്ങൾ പറഞ്ഞ് ദാമ്പത്യം വഷളാക്കില്ലെന്നും അതിനെ പ്രതി അവർക്ക് യാതൊരു കുറ്റബോധവും ഉണ്ടാവാറില്ലെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു.
പക്ഷേ ഒരു ഭാര്യ കുറ്റബോധത്താൽ ഭർത്താവിനോട് അത്തരം ബന്ധങ്ങളെക്കുറിച്ച് ഒരിക്കലും പറഞ്ഞു പോവരുത്. ഇങ്ങനെ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നഷ്ടപ്പെടുത്തുന്ന സ്ത്രീയുടെ എണ്ണം പുരുഷന്മാരേക്കാൾ അധികമാണത്രേ. അവരിലൊരാളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഈ കാര്യങ്ങളെല്ലാം മനസ്സിൽ വച്ചു കൊണ്ട് ഞാൻ നികേഷിനോട് തിരിച്ച് ചോദിച്ചു, “എന്നോടൊന്നും ചോദിക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കേട്ട്, ഞാൻ ചാരിത്യ്രം നഷ്ടപ്പെട്ടവളാണെന്ന് നിങ്ങൾ കരുതിയല്ലോ?”