തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി സാവിത്രിയുമായി ഏറെ നേരം ഫോണിൽ സംസാരിച്ച ശേഷം കൗസല്യ മകൻ വിവേകിനെ അടുത്തു വിളിച്ച് വലിയ ഉത്സാഹത്തോടെ അവന്‍റെ വിവാഹക്കാര്യം സംസാരിക്കാൻ തുടങ്ങി.
“മോനേ... നിന്‍റെ വിവാഹം ഞാനങ്ങ് ഉറപ്പിച്ചു.” യാതൊരു മുഖവുരയും കൂടാതെ കൗസല്യ പറഞ്ഞതുകേട്ട് വിവേക് ശരിക്കും ഞെട്ടി.
“ഏ... എപ്പോ... എവിടെ... ഏതാ പെൺകുട്ടി...” വിവേക് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.
“അധികം തുള്ളിച്ചാടേണ്ട. ആരാണ് വധുവെന്ന് നിനക്ക് നന്നായറിയാം.”
സംശയം വിട്ടു മാറാത്ത മുഖഭാവത്തോടെ വിവേക് നോക്കുന്നതു കണ്ട് കൗസല്യ പറഞ്ഞു.
“ആഹ്, ഇനി പറയാം. സാവിത്രിയുടെ മകൾ പൂജ...”
“ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പൂജയുമായോ...”
“കണ്ടിട്ടില്ലെന്നോ? നിങ്ങൾ ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ?”
“മമ്മീ, ഇതത്ര തമാശയായെടുക്കേണ്ട കാര്യമല്ലല്ലോ? മുതിർന്ന ശേഷം ഞാൻ ഒരിക്കൽ പോലും പൂജയെ കണ്ടിട്ടില്ല. പിന്നെ എവിടുന്നു വിവാഹം കഴിക്കാൻ ഇതെന്താ കുട്ടിക്കളി വല്ലതുമാണോ?” വിവാഹത്തിനു തീരെ താൽപര്യമില്ലെന്ന പോലെയാണ് വിവേക് സംസാരിച്ചത്.
“നിനക്ക് ഓർമ്മയില്ലേ? അഞ്ചു വർഷം മുമ്പ് ചിത്ര ആന്‍റിയുടെ മകളുടെ വിവാഹത്തിന്... ഞാൻ നിനക്ക് പൂജയെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ? എനിക്കൊരു മരുമകൾ ഉണ്ടെങ്കിൽ അത് പൂജമോൾ തന്നെയായിരിക്കുമെന്ന് നീ കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ സാവിത്രിക്ക് വാക്കു നൽകിയതാണ്. മോനേ, ഞാനവർക്ക് പ്രോമിസ് നൽകിപ്പോയി. നീയിതിനു സമ്മതിക്കണം.”
എങ്ങനെയെങ്കിലും മകനെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നതിനാൽ സ്നേഹമസൃണമായ സ്വരത്തിലാണ് കൗസല്യ സംസാരിച്ചത്.
“മമ്മീ, ജീവിതാവസാനം വരെ നിലനിൽക്കേണ്ട ബന്ധമല്ലേ വിവാഹം? ഒട്ടും പരിചയമില്ലാത്ത പെൺകുട്ടിയുമായുള്ള വിവാഹത്തിനു ഞാനെങ്ങനെ സമ്മതം മൂളും?” വിവേകിന്‍റെ മറുപടിയിൽ അമർഷം നിറഞ്ഞിരുന്നു.
“ആഹാ... അപ്പോ അതാണോ കാര്യം? അതിന് ആ കുട്ടിയെ കണ്ട് പരിചയപ്പെട്ട് സംസാരിച്ച് തീരുമാനിച്ചാൽ പോരേ?”
“അതെങ്ങനെ?”
“അവൾ കൊച്ചിയിൽ ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കികയല്ലേ? ഇവിടുന്ന് രണ്ട് മണിക്കൂർ ദൂരം കാണും. ഈ ഞായറാഴ്ച അവളെ നേരിട്ടു കണ്ട് സംസാരിക്ക്...”
“ശരി. ഞാൻ കുട്ടിയുമായി ഇന്‍റർവ്യൂ നടത്തട്ടെ. എനിക്ക് ഇഷ്ടമായില്ലെങ്കിൽ മമ്മി പിന്നെ വാശി പിടിക്കരുത്.”
“നിനക്കവളെ ഇഷ്ടമാവും, തീർച്ച.”
“കാണാമല്ലോ...” വിവേക് പിറുപിറുത്തു കൊണ്ട് തന്‍റെ മുറിയിലേക്കു നടന്നു.
വിവേക് പൂജയുമായി ഒരു ഇന്‍റർവ്യൂ നടത്താൻ പോകുന്നുവെന്ന കാര്യം കൗസല്യ വഴി സാവിത്രിയും സാവിത്രി വഴി മകൾ പൂജയും ഫോണിലൂടെ അറിഞ്ഞു.
“ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇന്‍റർവ്യൂ ചെയ്യാറുണ്ട്. ഇയാളെന്താ എനിക്ക് ജോലി നൽകാൻ പോവുകയാണോ?”
പൂജ മോഹൻ തന്‍റെ കൂട്ടുകാരി പൂജ ചന്ദ്രനോട് തെല്ലൊരു അമർഷത്തോടെ പറഞ്ഞു. “ആ അഹങ്കാരി വിവേകിനെ പരിചയപ്പെടാൻ എനിക്കു തീരെ താൽപര്യമില്ല.”
“പക്ഷേ നിന്‍റെ അമ്മ നിർബന്ധിച്ചതല്ലേ? നിനക്ക് അയാളോട് സംസാരിക്കേണ്ടി വരും.” പൂജ ചന്ദ്രൻ സഹതാപം അഭിനയച്ചു.
“ശരിയാ... എനിക്കിപ്പോൾ ശനിദശയാണെന്നു തോന്നുന്നു.”
“ഇനിയങ്ങോട്ടു ശനിദശയെന്നു പറയുന്നതാവും ശരി.” പൂജ ചന്ദ്രൻ കൂട്ടുകാരിയെ കളിയാക്കി.