“ആരെയെങ്കിലും ഇഷ്ടമായോ? എങ്ങനെയുണ്ട് ഇന്‍റർവ്യൂ?” അവളിൽ ഒരുവൾ തിരക്കി.
“ഇദ്ദേഹം ആളൊട്ടും മോശമല്ല. ഞങ്ങളെ രണ്ടുപേരെയും വേണം പോലും...” ജീൻസ് ധരിച്ച പെൺകുട്ടി മുഖമോന്നു കോട്ടി.
“സമ്മതമാണെങ്കിലും ഇല്ലെങ്കിലും വേഗം പറയണം. ഇന്‍റർവ്യൂവിനായി മറ്റു പെൺകുട്ടികൾ ഇവിടെ കാത്തുകെട്ടി നിൽക്കുന്നു...” വിവേകിനെ തീരെ ശ്രദ്ധിക്കാതെ അവർ പുറത്തേക്കു നടന്നു.
“മറ്റു പെൺകുട്ടികളോ...” വിവേകിന്‍റെ മുഖം വിളറി വെളുത്തു.
“നിങ്ങളെപ്പോലെ സുന്ദരനും സ്മാർട്ടും കഴിവുമുള്ള പയ്യന്മാരെ കണ്ടുകിട്ടാൻ ഇക്കാലത്ത് തപസ്സിരിക്കണം. അങ്ങയോടൊന്നു സംസാരിക്കാൻ, അങ്ങയുടെ ഇന്‍റർവ്യൂവിലൊന്നു പങ്കെടുക്കാൻ ഈ ഹോസ്റ്റലിൽ പകുതിയിലധികം പേർ തയ്യാറായി കാത്തു നിൽക്കുന്നുണ്ട്...” ജീൻസുകാരി ചെറിയൊരു പരിഹാസച്ചുവയോടെ പറഞ്ഞു നിർത്തി.
“ഇനി ദയവായി താങ്കൾ ഒന്ന് സ്വയം പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.” ചുരിദാറുകാരി അഭ്യർത്ഥിച്ചു.
“അതേ, നിങ്ങൾ കരുതന്നതു പോലെ അത്ര മോശക്കാരനോ അറിവില്ലാത്തവനോ അല്ല ഞാൻ...” വിവേക് ഗൗരവത്തോടെ പറഞ്ഞു. “വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ പങ്കാളിയുടെ സ്വാഭാവവും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്നതു നല്ലതാണ്. എന്‍റെ അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാനീ പെണ്ണുകാണൽ ചടങ്ങിന് സമ്മതിക്കില്ലായിരുന്നു...”
“അതെയോ?” ജീൻസ് ധരിച്ച പെൺകുട്ടി ആശ്ചര്യം അഭിനയിച്ചു.
“ദയവായി സാവിത്രി ആന്‍റിയുടെ മകളാരാണെന്ന് ഇനിയെങ്കിലുമൊന്നു പറയൂ...” വിവേക് ശരിക്കും അസ്വസ്ഥനായി.
“നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ?” ജീൻസുകാരി പൊട്ടിച്ചിരിച്ചു.
ഇല്ലെന്ന അർത്ഥത്തിൽ വിവേക് തലകുലുക്കി.
“എൻജിനീയറിങ്ങൊക്കെ കഴിഞ്ഞതല്ലേ? നല്ല ബുദ്ധിശാലിയായിരിക്കുമെന്നാ ഞങ്ങൾ കരുതിയത്...”
“അതൊക്കെ ശരി തന്നെ. പക്ഷേ ഇതുപോലെ തല തിരിഞ്ഞവരുടെ മുന്നിൽ തോൽക്കേണ്ടി വരുമെന്നതാണ് വാസ്തവം.”
“ആഹാ, അപ്പോ ഏമാൻ ഇത്ര പെട്ടെന്ന് തോൽവി സമ്മതിച്ചോ... അങ്ങ് ഇവളുമായി സംസാരിച്ചിരിക്ക്. ഞാൻ ചായയും സ്നാക്സുമായി വരാം.” ജീൻസുകാരി മുറിക്കു പുറത്തേക്ക് നടന്നു.
വിവേക് ചുരിദാർ ധരിച്ച പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി, “സത്യം പറയൂ, നിങ്ങളല്ലേ പൂജ മോഹൻ?”
“എന്താ... അവളേക്കാൾ ഏറെ താങ്കൾക്ക് എന്നെയാണോ ഇഷ്ടമായത്?” പൂജ പഴയകാല നായികമാരെപ്പോലെ കണ്ണുചിമ്മി.
“പറയൂ... പ്ലീസ്...”
“അകത്തുപോയ കൂട്ടുകാരി മടങ്ങി വന്നശേഷം താങ്കൾ ഇതേ ചോദ്യം അവളുടെ മുന്നിൽ വച്ച് ചോദിച്ചോളൂ... സത്യം പറഞ്ഞാൽ അവളെന്നെ കൊന്നു കളയും.”
“ഇല്ല, ഞാനാരോടും പറയില്ല. ദയവായി നീയൊന്നു പറയ്...”
“ദയവായി മറ്റെന്തെങ്കിലും പറയൂ... പ്ലീസ്...”
വിവേക് നിസ്സഹായതയോടെ തലതാഴ്ത്തി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പഠനസംബന്ധമായ കാര്യങ്ങൾ സംസാരിക്കുമാൻ തുടങ്ങി.
ജീൻസുകാരി 10 മിനിറ്റിനു ശേഷം ഒരു ട്രേയിൽ മൂന്ന് പ്ലേറ്റ് സാമ്പാർ വടയുമായെത്തി.
വിവേക് ഒരു സ്പൂണെടുത്ത് സാമ്പാർ വടയൊന്നു രുചിച്ചു നോക്കി. എരിവു സഹിക്കാനാവാതെ വിവേകിന്‍റെ കണ്ണു നിറഞ്ഞു. മറ്റു രണ്ടുപേരും നല്ലതുപോലെ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.
എരിവ് കൂടുതലായിരുന്നുവെങ്കിലും വിവേക് ഇതറിയിക്കാതിരിക്കാൻ ചിരിച്ചുകൊണ്ട് സാമ്പാർവട കഴിക്കാൻ തുടങ്ങി. അവരുടെ മുന്നിൽ പരിഹാസപാത്രമാകാൻ താൽപര്യമില്ലായിരുന്നു.
പെട്ടെന്ന് രണ്ട് പെൺകുട്ടികൾ കൈയിൽ ഓരോ പ്ലേറ്റുമായി ഗസ്റ്റ് റൂമിലെത്തി. അവർ വിവേകിനടുത്തുള്ള സോഫയിൽ വന്നിരുന്നു.
“സാർ. സെലക്ഷൻ കഴിഞ്ഞോ?” കൂട്ടത്തിൽ നല്ല ഉയരമുള്ള യുവതി ചോദിച്ചു.