ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 2

ശനിയാഴ്ച ഉച്ചയായപ്പോള്‍ മഞ്ജു വീട്ടിലെത്തി.

ഓട്ടോക്കാരന് പൈസ കൊടുത്തശേഷം അവൾ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് എന്തോ വായിച്ചുകൊണ്ടിരുന്ന ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

സുന്ദരിയാണ് മഞ്ജു. ചുറുചുറുക്കും അല്പം കുസൃതിയും തുളുമ്പുന്ന വിടർന്നകണ്ണുകൾ. ശരീരത്തോടൊട്ടിക്കിടക്കുന്ന ഇളംനീല ചുരിദാർ, അവളുടെ ഒതുക്കമുള്ള ശരീരപ്രകൃതിക്ക് നല്ലപോലിണങ്ങുന്നുണ്ട്.

“ഹലോ, ഡാഡീ, ഹൗ ആർ യൂ” മഞ്ജു കുശലം ചോദിച്ചു. അവളുടെ തോളറ്റംവരെ ഞാന്നു കിടക്കുന്ന നീലക്കല്ലുകൾ പതിച്ച ലോലാക്കുകളിലപ്പോൾ വർണ്ണശലഭങ്ങൾ ചിറകനക്കി.

“ങ്ഹാ! അങ്ങനെയൊക്കെയങ്ങ് കഴിഞ്ഞ് പോകുന്നു, എന്‍റെ മഞ്ചാടി മോളേ” വിഷാദം വഴിയുന്ന സ്വരത്തിലായിരുന്നു ഉണ്ണിത്താന്‍റെ മറുപടി…

“എന്താ ഡാഡീ ഒരു മൂഡൗട്ട്?” ഉണ്ണിത്താന്‍റെ ചുമലിൽ തഴുകിക്കൊണ്ടവൾ ചോദിച്ചു.

“എന്‍റെ മോളുപോലും എന്‍റെ മനസ്സറിയുന്നില്ലെങ്കിൽ പിന്നെ….”

മഞ്ജു ആശയക്കുഴപ്പത്തിലായി. അവളുടെ ഡാഡിയെന്ന വിളി ഉണ്ണിത്താന് അലർജിയാണെന്നറിയാം.

“ഡാഡിയെന്ന് വിളിച്ചതിന്‍റെ പിണക്കമാണോ? സോറീ എന്‍റെ പൊന്നച്ഛാ.”

“അതല്ല മോളേ. ഇതിനേക്കാളൊക്കെ ഗൗരവമുള്ള പ്രശ്നമാ…”

“അതെന്താ?”

“നീ അകത്തേക്ക് വാ. ഞാനെല്ലാം പറയാം”

ഉണ്ണിത്താൻ മകളോടൊപ്പം ഡ്രോയിംഗ് റൂമിലേക്ക് നടന്നു. വാച്ചിൽ സമയം നോക്കിക്കൊണ്ടവൾ ചോദിച്ചു.” ഇന്ന് ഫസ്റ്റ് സാറ്റര്‍ഡേ ആയതുകൊണ്ട് മമ്മി ബാങ്കിലായിരിക്കും അല്ലേ?”

“അതെ. സേതു എത്താൻ ചിലപ്പോള്‍ സന്ധ്യയാകും. ഇപ്പോ നിന്‍റെ മമ്മിക്ക് ആ ബ്രാഞ്ചിന്‍റെ മൊത്തം ചുമതലയാണല്ലോ?”

ധർമ്മേന്ദ്രനപ്പോൾ അങ്ങോട്ട് വന്നു. ഷോൾഡർ ബാഗ് നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു “ധർമ്മൻചേട്ടൻ ഈ ബാഗ് എന്‍റെ മുറിയിലേക്ക് വെച്ചേക്ക്.”

ബാഗ് കയ്യിൽ വാങ്ങി അയാളവിടെത്തന്നെ ചുറ്റിപറ്റി നിന്നതേയുള്ളു.

“എന്താ ഡാഡിക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞത്?”

“നിന്‍റെ വിവാഹക്കാര്യം തന്നെ. എന്നോട് കമാന്നൊരക്ഷരം പറയാതെയാ നിന്‍റെ മമ്മി നിനക്ക് കല്യാണാലോചന നടത്തുന്നത്.”

“ഡാഡിക്ക് ഈ പ്രപ്പോസൽ ഇഷ്ടമായില്ലേ?

“എന്‍റെ ഇഷ്ടമെന്താണെന്ന് നിനക്കറിയില്ലേ മോളേ?”

“ഇല്ലല്ലോ… എന്താണത്?”

“ശിവരാമകൃഷ്ണൻ നിന്‍റെ മുറച്ചെറുക്കനാണ്. അവനെക്കൊണ്ട്….”

ഇരുചെവികളും പൊത്തിക്കൊണ്ട് മഞ്ജു പറഞ്ഞു. “ആ അരപിരിയെ കെട്ടാനോ? ഡോണ്ട് ബി സില്ലി ഡാഡി”

“നീയെന്താ അവനെക്കുറിച്ചിങ്ങനെയൊക്കെ സംസാരിക്കുന്നത്?”

“തേങ്ങക്ക് വിലകുറഞ്ഞപ്പോ ഫാമിലെ തെങ്ങിൻ തൈക്കളൊക്കെ പിഴുത് മാറ്റി റബ്ബറ് നട്ടത് പിരിവട്ടല്ലാതെ പിന്നെയെന്താ?”

“അത്… അത് കുറേ നാള് മുൻപുണ്ടായ സംഭവമല്ലേ മോളേ?” ഉണ്ണിത്താന്‍റെ സ്വരം തെല്ലൊന്ന് ദുർബ്ബലമായി.

ധർമ്മേന്ദ്രനപ്പോൾ ഇടയിൽ കയറി സ്വന്തം അഭിപ്രായം തുറന്നടിച്ചു. “ഇപ്പോഴും ആ രോഗം തീർത്തും മാറിയെന്ന് പറയാനാവില്ല. റബ്ബറ് കൃഷി നിർത്തിവെച്ച് ആ സ്ഥലത്ത് പച്ചക്കറി ഫാം തുടങ്ങിയാലോ എന്നൊരാലോചനയുണ്ടെന്ന് കഴിഞ്ഞ തവണ വന്നപ്പോ പറേണത് കേട്ടു. കായ്കറിക്കിപ്പോ തീവിലയല്ലേ.”

ഉണ്ണിത്താനപ്പോൾ ധർമ്മേന്ദ്രന്‍റെ നേരെ രൂക്ഷമായൊന്ന് നോക്കിക്കൊണ്ടവനെ ശകാരിച്ചു. “ആ ബാഗ് മോളുടെ മുറിയിൽ കൊണ്ട് വെക്കാൻ പറഞ്ഞിട്ട് നീയിവിടെത്തന്നെ നില്ക്കാണോ? പോ, ആദ്യം പറഞ്ഞതനുസരിക്ക്.”

ധർമ്മേന്ദ്രനുടനെ സ്ഥലം വിട്ടു. ഉണ്ണിത്താൻ ശിവരാമകൃഷ്ണനെ ന്യായീകരിക്കാൻ ഒരു ശ്രമം കൂടി നടത്തി. “കൃഷിയിൽ കൂടുതൽ ലാഭം നേടാനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതു കൊണ്ടെന്താ കുഴപ്പം? എന്തിലും അല്പം പ്രായോഗികബുദ്ധി നല്ലതല്ലേ മോളേ?”

“എന്തായാലും ശിവരാമേട്ടനെ കെട്ടാൻ മാത്രം ഡാഡി എന്നോട് പറയരുത്… ഞാൻ ഈ പ്രപ്പോസലും കണ്ണടച്ച് സ്വീകരിക്കാനൊന്നും പോണില്ല. പോസ്റ്റ്ഗ്രാജ്വേഷൻ കഴിഞ്ഞ് മതി കല്യാണം എന്നാണെന്‍റെ തീരുമാനം.”

മുങ്ങിതാഴുന്നവന് പിടിവള്ളി കിട്ടിയപോലുള്ള ആശ്വാസത്തോടെ ഉണ്ണിത്താൻ പറഞ്ഞു “അതാ അതിന്‍റെ ശരി. നിന്‍റെ മമ്മി പലതും പറഞ്ഞ് നിന്‍റെ കണ്ണിൽ പൊടിയിടാൻ നോക്കും. കരുതിയിരുന്നില്ലെങ്കിൽ നിന്നെയവൾ വല്ല ഗുലുമാലിലും കൊണ്ടുപോയി ചാടിച്ചെന്നും വരും.”

“ഞാന്‍ വന്നില്ലെങ്കിൽ മമ്മിയെന്നോട് മിണ്ടില്ലെന്നെല്ലാം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ വന്നത്. എന്തെങ്കിലും തട്ടുമുട്ട് പറഞ്ഞ് ഈ ആലോചനയിൽനിന്ന് ഒഴിഞ്ഞു മാറാൻ തന്നെയാ എന്‍റെ തീരുമാനം. അതൊക്കെ പോട്ടെ, ആരാ ഡാഡി നാളെ എന്നെ കാണാൻ വരുന്നത്?”

“മുരളീമനോഹർ ഐ.എ.എസ്സ്. അതിൽ കൂടുതലൊന്നും എനിക്കറിയില്ല.”

തന്‍റെ വിവാഹക്കാര്യത്തിലും അച്ഛനമ്മമാരുടെ നിലപാടെന്താണെന്ന് മഞ്ജുവിന് ഊഹിക്കാൻ കഴിഞ്ഞു. രണ്ടുപേരും തമ്മിൽ ഒരു ദ്വന്ദയുദ്ധത്തിന് വകുപ്പുണ്ട്.

നൈരാശ്യം തുളുമ്പുന്ന സ്വരത്തിൽ മഞ്ജു പറഞ്ഞു. “ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷാവട്ടെ ഡാഡി. എന്നിട്ട് വേണം വായന തുടങ്ങാൻ. തിങ്കളാഴ്ച മോഡലെക്സാം തുടങ്ങും”

സന്ധ്യക്ക് വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മണ്ഡോദരിയോട് ചോദിച്ചത് മഞ്ജു എത്തിയോ എന്നാണ്

മണ്ഡോദരി അറിയിച്ചു “മഞ്ജുക്കുഞ്ഞ് ഉച്ചക്കുതന്നെ എത്തി മാഡം, ഞാൻ ചായേംകൊണ്ട് ചെന്നപ്പോൾ കുഞ്ഞ് കൊണ്ടുപിടിച്ച വായനയാ. തിങ്കളാഴ്ച പരൂക്ഷ തൊടങ്ങാണെന്ന്.”

പതിഞ്ഞസ്വരത്തിൽ സേതുലക്ഷ്മി ചോദിച്ചു “അവളുടെ ഡാഡി ഏഷണിയെന്തെങ്കിലും പറഞ്ഞ് കൊടുത്തോടീ? ”

“ഇല്ല മാഡം കുഞ്ഞ് മുകളീന്നിറങ്ങി വന്നിട്ടേയില്ല”

സേതുലക്ഷ്മിയുടെ മുഖത്ത് ആശ്വാസം പരന്നു. അവരുടനെ വിവാഹബ്രോക്കർ മാർത്താണ്ഡക്കുറുപ്പിനെ വിളിച്ച് മഞ്ജു എത്തിയിട്ടുണ്ടെന്നറിയിച്ചു. പിറ്റേന്ന് രാവിലെ പതിനൊന്ന് മണിക്ക് മുരളീ മനോഹറിനേയും ബന്ധുക്കളേയുംകൊണ്ട് ഉണ്ണിത്താന്‍റെ വീട്ടിലെത്തിക്കോളാമെന്ന് കുറുപ്പ് ഉറപ്പു നല്കുകയും ചെയ്തു.

സേതുലക്ഷ്മി ഒന്നാംനിലയിലുള്ള മഞ്ജുവിന്‍റെ മുറിയിലേക്ക് ചെന്നു. അവരെ കണ്ടയുടെ ആകാംക്ഷയോടെ അവൾ ചോദിച്ചു. “എനിക്ക് നാളെത്തന്നെ മടങ്ങാനൊക്കുമോ മമ്മീ. മറ്റന്നാൾ മോഡലെക്സാം തുടങ്ങുകയാണ്.”

“നാളെ കൃത്യം പതിനൊന്നുമണിക്കവരെത്തുമെന്നാ ബ്രോക്കർ കുറുപ്പ് പറഞ്ഞത്. ചടങ്ങ് കഴിഞ്ഞാലുടനെ നമ്മുടെ വണ്ടീൽതന്നെ നീ മടങ്ങിക്കോ.”

“ശരി മമ്മി, ഏത് വിഐപിയാ എന്നെ കാണാൻ വരുന്നത്?”

“ആള് വിഐപിയാണെന്ന് നിനക്കെങ്ങെനെ മനസ്സിലായി?”

“അത്രക്ക് നല്ല കേസാണെന്നൊക്കെ മമ്മിയല്ലേ പറഞ്ഞത്.”

വെളുക്കെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി അറിയിച്ചു. “ആളൊരു വിഐപി തന്നെയാ. മുരളീമനോഹര്‍ ഐ.എ.എസ്സ്. ഡെപ്യൂട്ടി കളക്ടറാ. ആറുമാസത്തിനുള്ളിൽ ആലപ്പുഴേലെ കലക്ടറായി ചാർജ്ജെടുക്കും. നമ്മുടെ ആ ബ്രോക്കർ മാർത്താണ്ഡക്കുറുപ്പില്ലേ? അയാള്‍ കൊണ്ടുവന്ന കേസാ. വളരെ കഷ്ടപ്പെട്ടാ ഈ കേസയാള്‍ ഇവിടംവരെ എത്തിച്ചത്. മന്ത്രിമാരുവരെ മുരളിമനോഹറിനെ മരുമകനായി കിട്ടാൻ നോട്ടമിട്ടിരിക്കുകയാണത്രേ. പയ്യന് നിന്‍റെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടത് നമ്മുടെ ഭാഗ്യം. അതുകൊണ്ടാ ആദ്യം പെണ്ണുകാണാന്‍ ഇങ്ങോട്ട് വരാമെന്ന് സമ്മതിച്ചത്.”

ഹാന്‍റ് ബാഗിൽനിന്നും ഒരു ഫോട്ടോയെടുത്ത് മകൾക്ക് കൊടുത്തുകൊണ്ട് സേതുലക്ഷ്മി തുടർന്നു “ഇതാണാള്. കുറുപ്പ് പറഞ്ഞത് നേരിൽകാണാൻ ഇതിലും യോഗ്യനാണെന്നാ.“എന്താ നിന്‍റെ അഭിപ്രായം? നിനക്കിഷ്ടായോ?”

അവളുടെ ചുണ്ടിലപ്പോൾ നാണം കലർന്നൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. സേതുലക്ഷ്മി ആ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മറുപടിയിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് മഞ്ജു ചോദിച്ചു. “ഈ അലയൻസിന്‍റെ കാര്യം മമ്മി ഡാഡിയോട് പറഞ്ഞില്ലേ?”

“എങ്ങനെ പറയും? നിന്‍റെ ഡാഡിയുടെ മനസ്സിലിരിപ്പ് വേറെയല്ലേ?”

“ശരിയാണ്. ഡാഡി എന്നോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.”

“ഡാഡി നിന്നോടെന്തൊക്കെയാ പറഞ്ഞത്?” സേതുലക്ഷ്മിയുടെ സ്വരത്തിൽ ഉൽക്കണ്ഠ കലർന്നിരുന്നു.

“ഡാഡിക്ക് ശിവരാമേട്ടനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണിഷ്ടമെന്ന് .എന്നോടതുമാത്രം പറയരുതെന്ന് ഡാഡിയോട് ഞാനപ്പോൾ തുറന്ന് പറയൂം ചെയ്തു.”

“അതേതായാലും നന്നായി. നിനക്കുവേണ്ടി ഡാഡി തിരഞ്ഞെടുത്ത ആള് കൊള്ളാം .മനുഷ്യരായാൽ അല്പമെങ്കിലും വിവേകം വേണം. അതെങ്ങനെയാ. ഇരുപത്തിനാല് മണിക്കൂറും കൃഷിയെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും ചിന്തയുണ്ടോ നിന്‍റെ ഡാഡിക്ക്?

“മമ്മിയെന്തിനാ ഡാഡിയെ വെറുതേ കുറ്റപ്പെടുത്തുന്നേ? എസ്റ്റേറ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ടല്ലേ നമുക്കിങ്ങനെ ആർഭാടമായി ജീവിക്കാൻ സാധിക്കുന്നത്? മമ്മിക്ക് കിട്ടുന്ന ശമ്പളം സാരി വാങ്ങാൻപോലും തികയുന്നില്ലെന്ന് മമ്മിതന്നെ പറയാറുള്ളതല്ലേ”

സേതുലക്ഷ്മിക്കപ്പോൾ ശരിക്കും ഉത്തരംമുട്ടി. “ങ്ഹാ! അതൊക്കെപോട്ടെ. നിനക്കത്താഴത്തിനെന്താ വേണ്ടേന്ന് ആ പെണ്ണ് ചോദിക്കുന്നത് കേട്ടു.”

“പതിവുപോലെത്തന്നെ.” ഒരു കുസൃതിച്ചിരിയോടെ മഞ്ജു പറഞ്ഞു “പാതി മമ്മീടെ മെനു പാതി ഡാഡീടെ മെനു. അല്ലെങ്കിൽ ഈ വീട്ടിൽ മനസ്സമാധാനത്തോടടെ എനിക്കെന്തെങ്കിലും കഴിക്കാൻ പറ്റ്വോ ”

“ശരി, ശരി നാളെ രാവിലെ കൃത്യം പതിനൊന്നിന് മുരളീമനോഹറും ബന്ധുക്കളുമെത്തും. അപ്പോഴേക്കും നീ ഒരുങ്ങി നിന്നേക്കണം. ഓ! അത് പറഞ്ഞപ്പോഴാ. ഞാനാ ഊർവ്വശി ബ്യൂട്ടിപാർലറിലേക്കൊന്ന് വിളിക്കട്ടെ. നിന്നെ ഒരുക്കാൻ നാളെ രാവിലെ ഒരു സീനിയർ ബ്യൂട്ടീഷനെതന്നെ ഇങ്ങോട്ടയക്കാൻ പറയാം.”

സേതുലക്ഷ്മി ധൃതിയിൽ കോണിപ്പടികളിറങ്ങിപ്പോയി അതേ വേഗത്തിൽ മറ്റൊരു സംശയവുമായി മടങ്ങിയെത്തുകയും ചെയ്തു. “ജുജൂ, നീ നാളെ സാരിയാണോ ചുരിദാറോ?”

“സാരിയൊന്നും വേണ്ട മമ്മി. ചുരിദാറ് മതി. മമ്മിയെനിക്ക് കഴിഞ്ഞ ബർത്ത്ഡേക്ക് വാങ്ങിത്തന്ന ചുരിദാറിടാം.”

“അതീ ഒക്കേഷന് പറ്റില്ല മോളൂ, നമുക്ക് പോയി അതിലും നല്ലതൊന്ന് വാങ്ങാം.”

“എനിക്ക് എക്സാമിന് പ്രിപ്പയർ ചെയ്യണ്ടേ മമ്മി, മമ്മി തന്നെ പോയി വാങ്ങിയാൽ മതി.”

“ശരി” സേതുലക്ഷ്മി ശരവേഗത്തിൽ വീണ്ടും മുറിയിൽ നിന്നിറങ്ങിപ്പോയി.

അവർ നേരേ അടുക്കളയിലേക്ക് ചെന്നു “മണ്ഢൂ, നാളത്തെ വിരുന്നിന് പലചരക്കോ കായ്കറിയോ എന്തെങ്കിലും വേണോങ്കിൽ നീ ഒരു ലിസ്റ്റെഴുതി ധർമ്മനെ ഏല്പിച്ചേക്ക്. നാളെ വിഭവങ്ങളെല്ലാം ചൈനീസ് മതി. പിന്നെ ചായയോടൊപ്പം വിളമ്പാന്‍ കുറച്ച് സ്നാക്സും കേക്കുമൊക്കെ വാങ്ങാനും പറഞ്ഞേക്ക്.”

“ഊണിനെത്രപേര് കാണും കൊച്ചമ്മ?”

“ഞാനത് കുറുപ്പിനോട് ചോദിക്കാനും മറന്നു അഞ്ചാറ്പേരെങ്കിലും കാണുമായിരിക്കും.”

ഷോപ്പിംഗിന് സേതുലക്ഷ്മിയിറങ്ങിയപ്പോൾ പലചരക്കുകടയിലേക്കുള്ള ലിസ്റ്റുമായി ധർമ്മേന്ദ്രനും ഇറങ്ങി. അവരേയുംകൊണ്ട് കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയതും ഉണ്ണിത്താൻ മഞ്ജുവിന്‍റെ അടുത്തെത്തി. “മോളേ, നിന്‍റെ മമ്മി പയ്യന്‍റെ ഡീറ്റേയ്ൽസെന്തെങ്കിലും പറഞ്ഞോ?”

“അതൊന്നും പറഞ്ഞില്ല ഡാഡീ. ഐഎഎസ്സ്കാരനാണ് മുരളീമനോഹറെന്നാണ് പേര്. അടുത്തുതന്നെ ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കമെന്നും പറഞ്ഞു. ഫോട്ടോയും കാണിച്ച് തന്നു.”

“ഫോട്ടോ നിന്‍റെ കയ്യിലുണ്ടോ? എങ്കിൽ അച്ഛനൊന്ന് കാണട്ടെ” സ്റ്റഡി ടേബിളിന്‍റെ വലിപ്പിൽ നിന്നും ഒരു കവറെടുത്ത് ഉണ്ണിത്താനെ ഏല്പിക്കുമ്പോൾ മഞ്ജുവിന്‍റെ കണ്ണുകൾ നാണത്താൽ കൂമ്പിയിരുന്നു. ഫോട്ടോയിൽ ദൃഷ്ടി പതിഞ്ഞതോടെ ഉണ്ണിത്താന്‍റെ മുഖം പെട്ടെന്നയഞ്ഞു. സുമുഖനായൊരു ചെറുപ്പക്കാരൻ. കറുകറുത്ത മീശക്ക് താഴെ ഇളം ചുവപ്പാർന്ന ചുണ്ടിണയിലെ മന്ദഹാസവും കൊള്ളാം. ആകാരത്തിൽ ശിവരാമകൃഷ്ണനേക്കാൾ പതിന്മടങ്ങ്‌ യോഗ്യനാണിയാളെന്ന് സമ്മതിക്കാതെ വയ്യ.

ഫോട്ടോയിൽനിന്ന് കണ്ണെടുക്കാതെ ഉണ്ണിത്താൻ ചോദിച്ചു “ഇയാളെ നിനക്കിഷ്ടപ്പെട്ടോ മോളേ”

“നേരിൽ കണ്ടിട്ട് അഭിപ്രായം പറയാം ഡാഡീ”

“നേരിൽ കണ്ടിഷ്ടപ്പെട്ടാൽ നീ ഈ വിവാഹത്തിന് സമ്മതിക്കുമോ”

ഉണ്ണിത്താന്‍റെ മുഖത്തെ വികാരമെന്തെന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു “ഡാഡീടെ അഭിപ്രായമെന്താ”

“ഇത് നിന്‍റെ ഭാവിയെ സംബന്ധിക്കുന്ന കാര്യമല്ലേ. അയാളുടെ വിശദവിവരങ്ങളെല്ലാം അറിഞ്ഞശേഷമേ വ്യക്തമായൊരു അഭിപ്രായം പറയാൻ പറ്റൂ. ഏതായാലും നാളെ ആളിങ്ങെത്തുമല്ലോ”

“ഡാഡി അയാളെ ശരിക്കുമൊന്ന് ഇന്‍റർവ്യൂ ചെയ്തേക്കണം. ഡാഡിക്കിഷ്ടമല്ലാത്ത യാതൊന്നിനും ഈ മഞ്ചാടിമോളെ കിട്ടില്ല” ഉണ്ണിത്താന്‍റെ ചുമലിൽ ശിരസ്സ് ചേർത്തുകൊണ്ട് മഞ്ജു പറഞ്ഞു.

(തുടരും)

ഇഷ്ടാനിഷ്ടങ്ങൾ- ഭാഗം 1

ഒരു തെളിഞ്ഞ പ്രഭാതം. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയാണ് ഉണ്ണിത്താൻ. അല്‍പസമയം കഴിഞ്ഞപ്പോൾ വായന അവസാനിപ്പിച്ച് കസേരക്കരികിൽ ചാരിവെച്ചിരുന്ന വാക്കിംഗ് സ്റ്റിക്കുമെടുത്ത് ഉണ്ണിത്താൻ മുറ്റത്തേക്കിറങ്ങി.

സമ്പന്നതയുടെ ധാടിയും മോടിയുമൊന്നും ഉണ്ണിത്താന്‍റെ വേഷത്തിലുണ്ടായിരുന്നില്ല. ഒരു മുണ്ടും തോളിലൊരു തോർത്തും മാത്രം. സ്വന്തം ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളുടെ മേൽ നോട്ടമെല്ലാം ഉണ്ണിത്താൻ നേരിട്ടാണ് നടത്തുന്നത്. ഈ ലോകത്തുള്ള സമസ്ത സസ്യജാലങ്ങളും അദ്ദേഹത്തിന്‍റെ ബലഹീനതയാണെന്ന് മാത്രമല്ല, ആ വിഷയത്തിൽ അഗാധപാണ്ഡിത്യമുള്ള ഒരാളുമാണദ്ദേഹം

ഉണ്ണിത്താൻ മുൻവശത്തെ വിശാലമായ ഉദ്യാനത്തിലെ വാക്ക് വേയിലൂടെ പൂക്കളുടെ വർണ്ണഭംഗിയാസ്വദിച്ചുകൊണ്ട് കുറച്ച് സമയം ഉലാത്തിയശേഷം പിറകിലെ തൊടിയിലേക്ക് നടന്നു. കായ്കറിത്തോട്ടത്തിലെ പാവൽപന്തലിനരികിൽ ഉണ്ണിത്താന്‍റെ വിശ്വസ്തഭൃത്യനായ ധർമ്മേന്ദ്രൻ നില്പുണ്ടായിരുന്നു. പാവലിന്‍റെ ചുരുണ്ടിരിക്കുന്ന ഇലകൾ ഓരോന്നായി അടർത്തി ശ്രദ്ധാപൂർവ്വം ഒരു പ്ളാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിക്കുകയായിരുന്നു അയാൾ.

“ഒന്നിനേപ്പോലും ബാക്കിവെച്ചേക്കരുത് കേട്ടോ ധർമ്മാ, അവറ്റോള് ഇലകള് മുഴുവൻ തിന്ന് തീർക്കും” ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.

“ശരിയാ. തപസ്സിരിക്കാൻ തുടങ്ങണതിന് മുൻപ് ഇവറ്റകൾക്ക് മുടിഞ്ഞ വിശപ്പാ.”മറ്റൊരില നുള്ളിയെടുത്ത് അതിൽ ഒളിഞ്ഞിരിക്കുന്ന പച്ചപുഴുവിനെ കവറിനകത്തേക്ക് നിക്ഷേപിച്ചുകൊണ്ട് ഒരു പ്രപഞ്ചസത്യം പ്രവചിക്കുംപോലെ ഗൗരവത്തോടെ ധർമ്മേന്ദ്രൻ അഭിപ്രായപ്പെട്ടു.

“അവ തപസ്സിരിക്കുന്നതൊന്നുമല്ലെടോ. ചിറക് മുളക്കുന്നതുവരെ ഒരു സമാധിഘട്ടത്തിലാണവ.”

ഇളിഭ്യചിരിയോടെ ധർമ്മേന്ദ്രൻ പാതി തന്നോടുതന്നെയെന്നപോലെ പറഞ്ഞു.”ജീവനോടെ സമാധിയിരിക്കണതിന് തപസ്സിരിക്യാന്ന് പറേണതില് തെറ്റൊന്നൂല്ല. സമാധിയിരിക്കുമ്പോ പഞ്ചാക്ഷരമന്ത്രംകൂടി ജപിക്കണുണ്ടോന്നാർക്കറിയാം. ങ്ഹാ! അല്പം കൂടി ക്ഷമിച്ചോ, എല്ലാത്തിനേം ഒരുമിച്ച് സ്വർഗ്ഗത്തിലേക്കയച്ചേക്കാം.”

മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ഉണ്ണിത്താൻ വിളിച്ച് ചോദിച്ചു.”നീയെന്തെങ്കിലും പറഞ്ഞോ ധർമ്മാ?”

“ഓ, ഇല്ല” ധർമ്മേന്ദ്രൻ വിനീതനായി.

ഉണ്ണിത്താൻ തിരികെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ ഡ്രോയിംഗ്റൂമില്‍ ഭാര്യ സേതുലക്ഷ്മി ഫോണിലാരോടോ സംസാരിക്കുന്ന സ്വരം. അകത്തേക്കുവെച്ച കാൽ പിന്നോട്ടെടുത്ത് ഉണ്ണിത്താൻ വാതിലിന്‍റെ മറവിലേക്ക് നീങ്ങിനിന്നുകൊണ്ട് ശ്രദ്ധിച്ചു.

“അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല, ജുജുമോളെ. നീയിവിടെവരെ വന്നേ ഒക്കൂ. അത്ര നല്ല കേസാ. അതുകൊണ്ടാ.”

തിരുവനന്തപുരത്തെ കോളേജ്- ഹോസ്റ്റലിൽ താമസിച്ച് ഡിഗ്രി ഫൈനലിയറിന് പഠിക്കുന്ന മകളോടാണ് സേതുലക്ഷ്മി സംസാരിക്കുന്നതെന്ന് ഉണ്ണിത്താന് മനസ്സിലായി. മഞ്ജുവെന്നാണ് മകളുടെ പേര്. അവളെ സേതുലക്ഷ്മി “ജുജൂ”വെന്നാണ് വിളിക്കുന്നത്. ഉണ്ണിത്താൻ മഞ്ചാടിമോളെന്നും.

ചെറിയൊരിടവേള. മകളുടെ മറുപടിയൊട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്ന അസഹ്യതയാണ് സേതുലക്ഷ്മിയുടെ മുഖത്തിപ്പോൾ

“ഇതങ്ങനെ നീട്ടിക്കൊണ്ട്പോകാൻ പറ്റില്ല മോളൂ. ചടങ്ങ് നടത്താൻ വൈകിയാൽ പയ്യനെ മറ്റാരെങ്കിലും റാഞ്ചിക്കൊണ്ട് പോകും. അത്രക്ക് നല്ല കേസാ. ശനീം ഞായറും നിനക്ക് മുടക്കമല്ലേ? ശനിയാഴ്ച നീയിങ്ങോട്ടെത്തിയാൽ ഞായറാഴ്ച രാവിലെ ചടങ്ങ് നടത്താം.”

എന്തോ അനക്കംകേട്ട് സേതുലക്ഷ്മി തിരിഞ്ഞുനോക്കി. ഉണ്ണിത്താനെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും സംഭാഷണം തുടർന്നു.”ശനിയാഴ്ചതന്നെ നീയീങ്ങോട്ടെത്തിയേക്കണം. ഇല്ലെങ്കിൽ മമ്മി നിന്നോടിനി മിണ്ടില്ല. പറഞ്ഞേക്കാം. ബൈ ജുജൂ”

ഫോൺ ക്രേഡിലിൽവെച്ച് സേതുലക്ഷ്മി തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ ഉണ്ണിത്താൻ പിറകേ കൂടി.”രാവിലെ മോളേ വിളിച്ച് സംസാരിക്കുന്നത് കേട്ടല്ലോ എന്താ കാര്യം”

ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി ഒരക്ഷരം മറുപടി പറയാതെ മുഖം വെട്ടിതിരിച്ചുകൊണ്ട് സേതുലക്ഷ്മി അകത്തേക്ക് പോയി. ഉണ്ണിത്താനിൽനിന്നും നിസ്സഹായതയുടെ ഒരു നെടുവീർപ്പുയർന്നു.

അച്ഛനായ തന്നോടുപോലും ഒരുവാക്ക് പറയാതെയാണ് സേതുലക്ഷ്മി മകൾക്ക് വിവാഹമാലോചിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. തന്‍റെ മരുമകൻ ശിവരാമകൃഷ്ണനെക്കൊണ്ട് മഞ്ജുവിന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് സേതുലക്ഷ്മിക്കറിയാം. ആ ബന്ധം സേതുലക്ഷ്മിക്ക് തീരെ ഇഷ്ടമല്ല. പോസ്റ്റ്ഗ്രാജ്വേഷനും കഴിഞ്ഞിട്ട് മതി സ്വന്തം വിവാഹമെന്ന അഭിപ്രായമാണ് മഞ്ജുവിന്.

ഇത്രപെട്ടെന്ന് തന്‍റെ ഭാര്യ മകൾക്ക് ഒരു ഭർത്താവിനെ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് സ്വപ്നത്തിൽപോലും ഉണ്ണിത്താന്‍ കരുതിയിരുന്നില്ല. സേതുലക്ഷ്മിയുടെ നീക്കങ്ങൾക്കെതിരെ താനെങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചായിരുന്നു ഉണ്ണിത്താന്‍റെ അടുത്ത ചിന്ത.

മഞ്ജു വരട്ടെ. അവളെ വേണ്ടപോലൊന്ന് ഉപദേശിച്ച് നോക്കാം. യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിയൊക്കെ തന്‍റെ മകൾക്കുണ്ടെന്നതൊരാശ്വാസമാണ്. ഉണ്ണിത്താൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ധർമ്മേന്ദ്രൻ കൃഷിപ്പണി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പാചകക്കാരി മണ്ഡോദരി തിരക്കിട്ട ജോലിയിലാണ്.

“മണ്ഡൂ, അല്പം തിളച്ചവെള്ളം” ധർമ്മേന്ദ്രൻ വളരെ അനുനയസ്വരത്തില്‍ തന്‍റെ ആവശ്യമറിയിച്ചു. അടിമുടി വിയർപ്പിൽ കുളിച്ച് പോയിരുന്നു അയാൾ. പുഴുക്കൾ പുളയുന്ന പ്ളാസ്റ്റിക്ക് കൂടിലേക്ക് നോക്കി അറപ്പോടെ മണ്ഡോദരി പരിഹസിച്ചു “ഓ! ധർമ്മൻചേട്ടൻ വേട്ട കഴിഞ്ഞെത്തിയോ?”

“കഴിഞ്ഞൂന്ന് തീർത്ത് പറയാനാവില്ല. ശത്രുക്കളെ ബന്ദികളാക്കിയിട്ടേയുള്ളു. ഇനി വധ ശിക്ഷ നടപ്പാക്കണം.”

“എന്തിനാ ധർമ്മൻചേട്ടാ ഈ മുടിഞ്ഞ പണിക്ക് പോണത്. പുഴുക്കേടിനെന്തെങ്കിലും മരുന്നു തളിച്ചാൽപോരേ?”

“മണ്ടത്തരം പറയല്ലേ, എന്‍റെ മണ്ഡോദരി, കീടനാശിനികൾ കൊടിയ വിഷമാണെന്നറിഞ്ഞൂടേ നിനക്ക്?”

കയ്യിലെ വാച്ചിൽ നോക്കി മണ്ഡോദരി വേവലാതിപ്പെട്ടു “അയ്യോ! നേരമൊരുപാടായി. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കൊച്ചമ്മ ഇപ്പഴെത്തും.. വീട്ടുകാരാകെ രണ്ട് പേരേയുള്ളു. എന്നാലെന്താ? ഈരാറ് പന്ത്രണ്ടിഷ്ടങ്ങളല്ലേ. അതാ അടുക്കളേലെ പണിതീരാത്തത്. മാഡത്തിന് ഷാങ്ങ്ഹായ് ഓംലറ്റും കോൺഫ്ളേക്സും മതിയെന്നാ ഓഡർ. സാറിന് പുട്ടും പഴോം കടലക്കറീം.”

ചുറ്റുമൊന്ന് കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം ധർമ്മേന്ദ്രൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.”പ്രശ്നം തന്‍റെ മാഡം തന്നെയാണ്. സാറിന് പുട്ട് മതിയെന്ന് പറഞ്ഞാൽ തനിക്കും അത് മതീന്ന് വിചാരിച്ചൂടെ ആയമ്മക്ക്?”

“മറിച്ചും ആവാല്ലോ. ധർമ്മൻചേട്ടന്‍റെ സാറിനെന്താ ഒന്ന് അഡുജസ്റ്റ് ചെയ്താല് ?”

“ഒരു വീടായാൽ ആണുങ്ങടെ ഇഷ്ടമാ നോക്കേണ്ടത്”

“അത് വെറും ഷോനിസമാണെന്നാ മാഡം പറയുന്നേ”

“എന്ന് പറഞ്ഞാലെന്തോന്നാ?”

“അത്….. പിന്നെ.. സത്യം പറഞ്ഞാ അതെന്തോന്നാണെന്ന് എനിക്കുമറിഞ്ഞൂടാ. ആണുങ്ങടെ ഒരുതരം ഷോവാണെന്ന് കൂട്ടിക്കോ. മാഡമെപ്പോഴും സാറിനെക്കുറിച്ചങ്ങനെയൊക്കെ പറേണത് കേക്കാം. അയ്യോ! നേരം പോയി കേട്ടോ. ബാങ്കി പോകാന്‍ വൈകീന്നും പറഞ്ഞ് മാഡമിന്ന് പടവാളെടുക്കും ഒറപ്പ്.”

“കുറച്ച് തിളച്ചവെള്ളം കിട്ടിയാൽ ഞാനങ്ങ് പൊയ്ക്കോളാം.”

“വെള്ളം തിളപ്പിക്കാനൊന്നും സ്റ്റൗ ഒഴിയത്തില്ലെന്നേ”

“പതുക്കെ മതി. താൻ പണിയെടുക്കുന്നതും കണ്ടോണ്ട് ഞാനിവിടെയിരുന്നോളാം.”

“അയ്യട! അങ്ങിനെയിപ്പോൾ വായ് നോക്കിയിരിക്കണ്ട. ദേ, ഈ ഉള്ളിയൊന്ന് തൊലിച്ച് തന്നേക്ക്.”

(മേല്‍ ഷോവനിസം = പുരുഷമേധാവിത്വ പ്രവണത)

കൈയെടുത്താൽ ഇവറ്റകള് രക്ഷപ്പെട്ടാലോന്നാണ്.”

“കിടന്ന് പുളക്കുന്നത് കണ്ടോ. അറച്ചിട്ട് വയ്യ” പ്ളാസ്റ്റിക് കൂടിലേക്ക് നോക്കിക്കൊണ്ട് മണ്ഡോദരി മുഖം ചുളിച്ചു.

അടുക്കളയിലുള്ള കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ച് ചെവിയോർത്തു.

“സാറായിരിക്കും പൂജാമുറിയിൽ ചന്ദനമരച്ച് വെക്കാൻ മറന്നു. അതിനായിരിക്കും.” ധർമ്മേന്ദ്രൻ പറഞ്ഞു.

കവറിന്‍റെ അറ്റം പിണച്ച് കെട്ടി അത് അടുക്കള സ്ളാബിൽ വെച്ച് അയാൾ നടക്കാൻ തുടങ്ങുമ്പോൾ മണ്ഡോദരി തടഞ്ഞു “അത് പുറത്തെവിടേങ്കിലും വെച്ചിട്ട് പോയാൽ മതി.”

“ഓ, ഉത്തരവുപോലെ ഞാൻ വരുമ്പോഴേക്കും തിളച്ചവെള്ളം റെഡിയാക്കി വെച്ചേക്കണം കേട്ടോ ”

“ങ്ഹാ” മണ്ഡോദരി അർദ്ധസമ്മതത്തോടെ ഒന്ന് മൂളി. പിന്നെ ധൃതിയിൽ പാചകം തുടർന്നു.

ചാണയിലരച്ച് തയ്യാറാക്കിയ ചന്ദനവുമായി ധർമ്മേന്ദ്രൻ പൂജാമുറിയിലെത്തുമ്പോൾ അസ്വസ്ഥതയോടെ ഉലാത്തുകയാണ് ഉണ്ണിത്താൻ. ഇലക്കീറിലെ ചന്ദനംകൊണ്ട് നെറ്റിയിലും മാറിലും കുറി വരച്ച് ദൈവങ്ങൾക്ക് മുന്നിൽ ഭക്തിപൂർവ്വം ഒരു ദണ്ഡനമസ്ക്കാരവും കഴിച്ചശേഷം പതിഞ്ഞസ്വരത്തിൽ ഉണ്ണിത്താൻ പറഞ്ഞു. ”നീയാ വാതിലൊന്നടക്ക് ധർമ്മാ. പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് സംസാരിക്കാനുണ്ടെനിക്ക്.”

ധർമ്മേന്ദ്രൻ അനുസരണയോടെ ഉടന്‍തന്നെ വാതിൽ ചേർത്തടച്ചു.

“നിന്‍റെ കൊച്ചമ്മയിന്ന് മഞ്ചാടിമോൾക്ക് ഫോൺ ചെയ്ത് എന്തോ കല്യാണാലോചനയുടെ കാര്യം പറയുന്നത് കേട്ടു. ഞാൻ ചോദിച്ചിട്ട് സേതു ഒന്നും പറയുന്നുമില്ല. അവള്‍ മണ്ഡോദരിയോട് വിശേഷങ്ങളെല്ലാം വിസ്തരിച്ച് പറഞ്ഞുകാണും. വിവരങ്ങളെല്ലാം മണ്ഡോദരിയോട് ചോദിച്ചറിഞ്ഞ ശേഷം നീയത് എത്രേം വേഗം എന്നെ അറിയിക്കണം.”

“അയ്യോ! രഹസ്യം ചോർത്താൻ ചെന്നാൽ അവളെന്നെ കടിച്ച് കീറാൻ വരും.”

“നീയവളെ എങ്ങനേങ്കിലും വളച്ചെടുത്ത് കാര്യം സാധിക്കാൻ നോക്കെന്‍റെ ധർമ്മാ” ഉണ്ണിത്താന്‍റെ സ്വരത്തിൽ നിസ്സഹായത നിഴലിച്ചു.

“ങ്ഹാ, ശ്രമിച്ച് നോക്കാം” ധർമ്മേന്ദ്രൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് ഗൗരവപൂർവ്വം പുറത്തേക്കിറങ്ങി നടന്നു.

ഡൈനിംഗ് ടേബിളിൽ പ്രാതലിനുള്ള വിഭവങ്ങളെല്ലാം ഒരുക്കിവെച്ച് എല്ലാം വേണ്ടപോലായിട്ടുണ്ടോയെന്ന് ഒരിക്കൽകൂടി പരിശോധിക്കുകയായിരുന്നു മണ്ഡോദരി.

സേതുലക്ഷ്മിക്കുള്ള പ്ളേറ്റിനടുത്ത് കത്തി, ഫോർക്ക് നാപ്കിൻ ഇവയൊക്കെ യഥാസ്ഥാനത്ത് ഒരുക്കിവെച്ചിരിക്കുന്നു. ടേബിളിന്‍റെ എതിർവശത്ത് ഉണ്ണിത്താനുള്ളതും ഒരു തൂശനിലസഹിതം തയ്യാറാക്കിവെച്ചിരിക്കുന്നു.

അവൾ അടുക്കളയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ധർമ്മേന്ദ്രനും പിറകേ കൂടി. ”മണ്ഡൂ, തന്നെ ശരിക്കും തൊഴണം. സ്വന്തം ജോലി ഇത്ര അച്ചട്ടായി ചെയ്യുന്ന ഒരു പെണ്ണും ഈ ഭൂമണ്ഡലത്തിലുണ്ടാവില്ല”

“ധർമ്മൻചേട്ടനെന്തിനാ രാവിലെ സോപ്പിടുന്നേ.”

“അതേയ്, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയാമോ”

“ഇല്ലല്ലോ. കിന്നാരം പറയാനൊന്നും എനിക്ക് തീരെ സമയമില്ല. കിച്ചണിൽ നൂറ്കൂട്ടം പണി കിടക്കുന്നു. മാഡത്തിന് ലഞ്ച് കൊണ്ടുപോകേണ്ടതല്ലേ. തിളച്ചവെള്ളം എടുത്ത് വെച്ചിട്ടുണ്ട്. പഞ്ചായത്തിന് നില്ക്കാതെ അതുമെടുത്ത് വേഗം സ്ഥലം വിട്ടേക്ക്.”

തിളച്ചവെള്ളവുംകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ധർമ്മേന്ദ്രൻ പറഞ്ഞു. ”ഞാനിപ്പോ വന്നേക്കാം കേട്ടോ.”

“എന്തിനാ”

“നിന്നെ സഹായിക്കാൻ”

മണ്ഡോദരിയുടെ മുഖത്തെ ഗൗരവം മെല്ലെ തണുക്കുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ അവൾ കാണാതെ വിജയഭാവത്തിൽ തലയനക്കി. അവളെ പ്രസാദിപ്പിക്കുന്നതിനുള്ള ഏകമാർഗ്ഗം അവളെ പാചകജോലിയിൽ സഹായിക്കുക എന്നത് മാത്രമാണെന്ന് അയാൾക്കറിയാമായിരുന്നു. അന്നത്തെ പച്ചക്കറി വിഭവങ്ങളുടെ പാചകം മൊത്തം തലയിലായെങ്കിലും ധർമ്മേന്ദ്രൻ അതിവിദഗ്ദ്ധമായി രഹസ്യങ്ങൾ ചോർത്തിയെടുത്തു.

ഉണ്ണിത്താന്‍റെ സംശയം ശരിയായിരുന്നെന്ന് തീർച്ചയായപ്പോൾ സത്യത്തിൽ ധർമ്മേന്ദ്രന്‍റെ രക്തം ധാർമ്മികരോഷംകൊണ്ട് തിളച്ചു പോയി. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിക്കുന്ന സാറിനോട് പറയാതെ കൊച്ചമ്മ അവൾക്ക് വിവാഹാലോചന നടത്തിയത് പൊറുക്കാനാകാത്ത ധിക്കാരമാണെന്നായിരുന്നു യജമാനസ്നേഹിയായ അയാളുടെ നിലപാട്.

ഉണ്ണിത്താനെ വാർത്തകളറിയിക്കാൻ സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവന്നു അയാൾക്ക്

കുറച്ച് കഴിഞ്ഞപ്പോൾ കടുംപച്ചനിറത്തിൽ കസവുകരയുള്ള പട്ടുസാരിയും മാച്ച് ചെയ്യുന്ന ബ്ളൗസും ആഭരണങ്ങളുമണിഞ്ഞ് സേതുലക്ഷ്മി ഡൈനിംഗ് ഹോളിലേക്ക് ധൃതിയിൽ നടന്ന് വന്നു. പുട്ടും പഴവും നന്നായി കുഴച്ചുരുട്ടി ആസ്വദിച്ച് വായിലാക്കുകയായിരുന്നു ഉണ്ണിത്താൻ.

ടക്കിടെ വാച്ചിൽ നോക്കിക്കൊണ്ട് ഷാങ്ഹായ് ഓംലെറ്റ് ഫോർക്കിൽ കുത്തിയെടുത്ത് കഴിക്കുന്നതിനിടയിൽ ഉണ്ണിത്താനെ ശ്രദ്ധിക്കുന്ന സേതുലക്ഷ്മിയുടെ മുഖത്ത് അസഹ്യത തെളിഞ്ഞു. സേതുലക്ഷ്മിയുടെ നീരസം കലർന്നഭാവം തീർത്തും അവഗണിച്ചുകൊണ്ട് ഉണ്ണിത്താൻ വിരലുകൾ ഇടക്കിടെ ഈമ്പിക്കൊണ്ട് ഭക്ഷണം തുടർന്നു.

പെട്ടെന്ന് സേതുലക്ഷ്മി പൊട്ടിത്തെറിച്ചു. ”ശങ്കരേട്ടന് മര്യാദക്ക് ഭക്ഷണം കഴിച്ചൂടെ? ഇതൊരുമാതിരി സംസ്ക്കാരമില്ലാത്തപോലെ.”

വിരലുകൾ ഒരിക്കൽകൂടി ഈമ്പിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. ”ഇങ്ങനെ പുട്ട് കഴിക്കുന്നതിലെന്താടോ കുഴപ്പം? എന്‍റെ വീട്ടിലിരുന്ന് പുട്ടും പഴോം തിന്നാൻ എനിക്കിത്രയൊക്കെ സംസ്ക്കാരം മതി.”

“മാന്യന്മാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇത്തരം വൃത്തികേടുകളൊക്കെ കാണിച്ചാൽ.

“താനേതായാലും ആ വകുപ്പിൽ പെടില്ലല്ലോ. പിന്നെയാരാ വേറെ മാന്യന്മാര്”

“ജുജൂന്‍റെ ബന്ധു വീട്ടുകാരായി വരാൻ പോകുന്നവര്.”

“ഓ! അവളെ കല്യാണം കഴിക്കാൻ പോകുന്നത് എന്‍റെ മരുമകൻ ശിവരാമകൃഷ്ണനല്ലേ? അവനും ഇതേ ശൈലിയിലാ പുട്ടും പഴോം തിന്നുന്നത്. അവൻ മാത്രല്ലാ, അവന്‍റെ അമ്മ, അതായത് എന്‍റെ പെങ്ങൾ ഈശ്വരിച്ചേച്ചിയുമതേ.”

“ഒരു ശിവരാമകൃഷ്ണൻ! ആ മരമണ്ടൂസിന് ഞാനെന്‍റെ മകളെ കൊടുക്കില്ല, തീർച്ച”

“അത് നമുക്ക് കാണാം”

ഭക്ഷണം മതിയാക്കി എഴുന്നേറ്റുകൊണ്ട് ഒരങ്കത്തിന് തയ്യാറായിട്ടെന്നപോലെ സേതുലക്ഷ്മി പറഞ്ഞു “കാണാം”

കൈകഴുകി വാഷ്ബേസിന് മുകളിലെ ചുവരിൽ തൂക്കിയിരുന്ന കണ്ണാടിയിൽ ഒരിക്കൽകൂടി മുഖത്തെ മേക്കപ്പ് പരിശോധിച്ചശേഷം സേതുലക്ഷ്മി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറിയിരുന്നു. പൊൻകുന്നത്തുള്ള ഒരു പബ്ളിക്സെക്ടർ ബാങ്കിൽ മാനേജരാണ് സേതുലക്ഷ്മി.

കാർ അകന്നുപോകുന്ന സ്വരം കേട്ടയുടനെ ധർമ്മേന്ദ്രൻ ഉണ്ണിത്താന്‍റെ അടുത്തെത്തി. “സാറേ, സംഗതി വാസ്തവമാ, മഞ്ജുക്കുഞ്ഞിനെ കാണാൻ ഒരു ഐ,എ.എസ്സുകാരൻ വരുന്നു. പേര് മുരളീമനോഹർ. ഇരുപത്തൊമ്പത് വയസ്സ്, ആറടി പൊക്കം, വെളുത്ത നിറം, സുമുഖൻ. കൊച്ചമ്മ പയ്യന്‍റെ ഫോട്ടോ മണ്ഡോദരിക്ക് കാണിച്ചു കൊടുത്തെന്ന് ”

“സേതു എന്നെ അറിയിക്കാതെ മരുമകനെ കണ്ടുപിടിക്കാനുള്ള ശ്രമമാണല്ലേ?”

“യാതൊരു സംശയോം വേണ്ട. കൊച്ചമ്മേടെ ഉദ്ദേശം അത് തന്നെയാ. അല്ലെങ്കിൽ മണ്ഡോദരിക്ക് ചെക്കന്‍റെ ഫോട്ടോവരെ കാണിച്ചുകൊടുത്ത കൊച്ചമ്മക്ക് ഈ വിവരം സാറിനോടൊന്ന് പറഞ്ഞേക്കാമെന്ന് തോന്നിയില്ലല്ലോ”

എരിതീയില്‍ എണ്ണ പകരുംപോലെ ആ പരാമര്‍ശം ഉണ്ണിത്താനെ പ്രകോപിപ്പിച്ചു. “നടക്കട്ടെ, നടക്കട്ടെ“ എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെയായിരുന്നു ആ വാക്കുകള്‍…..

(തുടരും)

ഉത്തരം തേടുന്ന ചോദ്യങ്ങൾ

ഷൈലജയുടെ കാൽ ആക്സലേറ്ററിൽ അമർന്നുകൊണ്ടേയിരുന്നു. പോരാ, സ്പീഡ് ഇത്രയും പോരാ എന്നായിരുന്നു അപ്പോൾ, മനസ്സിന്‍റെ പാച്ചിൽ. ആരൊയൊക്കെയോ തോൽപിക്കാൻ, എന്തിനെയൊക്കെയോ പേടിച്ചുള്ള ഒരു മരണപ്പാച്ചിൽ..

ആലുവായിലുള്ള അമ്മവീട്ടിൽ നിന്നിറങ്ങിയപ്പോൾ വിമൻസ് ക്ലബ്ബിലൊന്നു കയറി. എല്ലാ മുഖങ്ങളിലും ഒരു അവിശ്വസനീയത കാണാമായിരുന്നു. പെട്ടെന്ന് ലതിക ലത്തീഫ് വന്ന് കരം ഗ്രഹിച്ചു.

“ഹലോ ഷൈലു, നീയിപ്പോഴെത്തിയതേയുള്ളോ?”

മറുപടി അവൾക്കാവശ്യമില്ലായിരുന്നു. ചുണ്ടുകോട്ടി ഒന്നു ചിരിച്ചശേഷം മറിയ പോളിന്‍റെയടുത്തേക്ക് ചെന്നു. തന്നെ കണ്ടപ്പോൾ അവൾ പരുങ്ങുന്നതായി തോന്നി. അവൾ പ്രതീക്ഷിക്കുന്നതിനു മുമ്പു തന്നെ തന്‍റെ വലതുകൈ അവളുടെ ഇടതുകവിളിൽ ശക്തിയായി പതിച്ചു കഴിഞ്ഞിരുന്നു. അവൾക്കറിയാം താനെന്തിനാണ് അത് ചെയ്തതെന്ന്. സ്തംഭിച്ചു നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

നേരെ കാറിൽ കയറി റിവേഴ്സെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആരോ പറയുന്നതു കേട്ടു “ഇതവളുടെ ഒടുക്കത്തെ പോക്കാകട്ടെ…”

ഒന്നു തിരിഞ്ഞു നോക്കി. അതു പറഞ്ഞവളാരാണെന്നു മനസ്സിലായില്ല. കാർ പുറത്തേക്കെടുക്കുമ്പോൾ മനസ്സു പറഞ്ഞു, “അതേ, ഇതെന്‍റെ ഒടുക്കത്തെ  പൊക്കു തന്നെയാണ്.”

നാഷണൽ ഹൈവേയിൽ കൂടി കാർ ഓവർസ്പീഡിൽ പാഞ്ഞു. പനമ്പള്ളി നഗറിലെ തന്‍റെ വീടായിരുന്നു ലക്ഷ്യം. ഒരുപാട് ശാപങ്ങൾ തന്‍റെ തലയ്ക്കു മുകളിലുണ്ട്. അത് സാധ്യമാവുന്നെങ്കിൽ… അത് തന്‍റെ കാറോട്ടത്തിൽക്കൂടി തന്നെയായാൽ അതല്ലേ നല്ലത്. ഒന്നുരണ്ടിടത്ത് ട്രാഫിക് പോലീസ് കൈകാണിച്ചു. കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പാഞ്ഞു. ഒരു പെണ്ണായതുകൊണ്ട് അവർ തന്നെ പിന്തുടർന്നുവരില്ല. നമ്പർ നോട്ട് ചെയ്യുന്നതു കണ്ടു. തന്‍റെ വേഗത കണ്ടിട്ടാവണം എതിരെ വരുന്ന വാഹനങ്ങൾ ഒതുങ്ങിപ്പോയിരുന്നു. അവർ കരുതിയിരിക്കും… ഇവൾ രണ്ടും കൽപിച്ചിറങ്ങിയവൾ തന്നെയാണ്.

ഷൈലജയ്ക്ക് തന്നോടുതന്നെ വെറുപ്പു തോന്നി. കാറിന്‍റെ സാപീഡിനൊത്ത് മനസ്സും പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ഒന്നും ആഗ്രഹിച്ചിരുന്നില്ല. കാരണം ഒരു മിഡിൽക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന തനിക്ക് അതിനർഹതയുണ്ടെന്നു തോന്നിയില്ല. താൻ ജനിച്ചതേ ശാപം എന്നു കരുതുന്ന ബന്ധുക്കളുടെ മുന്നിൽപ്പെടാതെ അകന്നുമാറി എന്നും അമ്മയോടൊട്ടി നിൽക്കുവാനായി വെമ്പൽ കൊണ്ടു. എന്തോ കണ്ടു ഭയന്നു പകച്ചു. ഏങ്ങളടി കൂടി മറന്ന്, അരക്ഷിതാവസ്ഥയിലെന്നപോലെ നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം മനസ്സിലെപ്പോഴും മായാത നിൽക്കുന്നു. അത് തന്‍റേതായിരുന്നെന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണീ വെറുപ്പ്. തന്നെ എതിർക്കുന്ന എല്ലാറ്റിനോടും ഒരു പക. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നൊരു വാശി.

അമ്മ, അമ്മാവന്മാരുടെ മുന്നിൽ കാശിനായി കൈ നീട്ടുമ്പോൾ തനിക്ക് അവരോടായിരുന്നില്ല വെറുപ്പ്. അച്ഛനോടായിരുന്നു. ഒരിക്കലും അമ്മയുടെ കണ്ണിൽ നീര് പൊടിയരുതെന്ന് ആശിച്ചു. അതിനായി മനസ്സിനെ സജ്ജമാക്കുകയായിരുന്നു അപ്പോൾ മുതൽ.

അച്ഛനും അമ്മയും തെറ്റിയതെന്തിനെന്ന് ഇപ്പോഴും തനിക്കറിയില്ല. ഒരുപാട് നാൾ അടുത്തറിഞ്ഞതിനു ശേഷം ഒന്നായവർ. രണ്ടുപേരുടേയും ഫാമിലി സ്റ്റാറ്റസ് വളരെ കേമം അച്ഛന്‍റെ വീട്ടുകാർക്കെല്ലാം എന്നും തന്നെ ഏറെ ഇഷ്ടമായിരുന്നു.

അച്ഛമ്മ മരിച്ചതറിഞ്ഞ് അച്ഛന്‍റെ അനിയത്തി (ചിറ്റ) വന്നപ്പോഴാണ് ഞാനവരെ ആദ്യമായി കണ്ടത്. അച്ഛമ്മയുടെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി. തന്നോടവർക്ക് എന്തിഷ്ടമായിരുന്നു, അമ്മൂ… എന്നുള്ള വിളി ഇപ്പോഴും കാതിലുണ്ട്.

എന്നേക്കാൾ അഞ്ച് വയസ്സിനിളയതായിരുന്നു ചിറ്റയുടെ മോൾ. അന്നെനിക്ക് എട്ട് വയസ്സായിരിക്കണം. ചിറ്റ എന്നെ മടിയിൽ വച്ച് കൊഞ്ചിക്കുമ്പോഴെല്ലാം എനിക്കെന്ത് സന്തോഷമായിരുന്നു. ചിറ്റയുടെ മോൾ നീനു ആയിരുന്നു എന്‍റെ കൂട്ടുകാരി. അവൾ ചേച്ചീ… ചേച്ചീയെന്ന് വിളിച്ച് പിറകേ നടക്കുമ്പോൾ താൻ ഏതോ വലിയ ലോകത്തെത്തിയതുപോലെ തോന്നി.

ചിറ്റ വളരെ സ്ട്രിക്റ്റായിരുന്നു. അതുകൊണ്ട് ഭയങ്കര പേടിയായിരുന്നു. പക്ഷഏ, ഒരിക്കൽപോലും വഴക്കു പറയുകയോ ശാസിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല. വല്യമ്മമാർ അമ്മയോട് തന്നെക്കുറിച്ച് കളിയാക്കി പറയുന്നതും മറുപടിക്കായ് അമ്മ പതറുന്നതും ഞാൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷേ അമ്മ ചിറ്റയുടെ അടുക്കൽ എന്തു പറഞ്ഞാലും “സാരമില്ല ഏട്ടത്തിയമ്മേ, അവൾ മിടുക്കിയാവും” എന്നായിരിക്കും മറുപടി.

ഓർമ്മകൾ കാടുകയറുന്നതായി തോന്നി. പിടിച്ചിട്ടു കിട്ടുന്നില്ല. കൈകൾ സ്റ്റിയറിംഗിനെ എങ്ങനെയോ നിയന്ത്രിക്കുന്നു. തന്‍റെ ചിന്തകൾക്കാണോ കാറിനാണോ സ്പീഡ് അധികം…

അച്ഛന്‍റെ ഉപേക്ഷിച്ചു പോകലും അമ്മയുടെ നിസ്സഹായാവസ്ഥയും തന്നെ ഒരു മന്ദബുദ്ധിയാക്കിയെന്ന് അമ്മാവന്മാരും വിചാരിച്ചു. എന്നാൽ തന്‍റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന, എന്താ പറയുക… സിംഹം ഒരു നായ് ആവാൻ തയ്യാറല്ലായിരുന്നു. എല്ലാവരുടേയും നിർബന്ധത്താൽ വീണ്ടും അച്ഛനും അമ്മയും ഒത്തുചേർന്നു. അപ്പോഴും എനിക്ക് ആരുമായും ഒത്തുചേരാനായില്ല.

സെന്‍റ്മേരീസ് കോൺവെന്‍റ് സ്കൂളിൽ നിന്ന് പത്താംതരം പാസ്സായി പുറത്തു വന്നപ്പോൾ അഹങ്കാരം തോന്നിയെന്ന് പറയുകയാകും ശരി. സ്കൂളിൽ ഫസ്റ്റ് ആയതിന്‍റെ ആരോടൊക്കെയോ പക തീർതത്തിന്‍റെ, ഒരു മന്ദബുദ്ധിയല്ലല്ലോയെന്ന് തെളിയിച്ചതിന്‍റെ അഹങ്കാരം.

പിന്നെ കോളേജിൽ പ്രീ ഡിഗ്രിക്ക് അമ്മയുടേയും അച്ഛന്‍റെയും ഇഷ്ടപ്രകാരം മാത്ത്സ് ഗ്രൂപ്പ് എടുത്തപ്പോഴും അവർ വിചാരിച്ചു ഞാൻ നല്ല കുട്ടിയായി തീർന്നിരിക്കുന്നുവെന്ന്. പക്ഷേ, എന്‍റെ ഉള്ളിൽ വാശി കൂടുകയായിരുന്നു.

പ്രീഡിഗ്രി നല്ല മാർക്കോടെ പാസ്സായപ്പോൾ അച്ഛൻ പറഞ്ഞു, എഞ്ചിനീയറിംഗിന് ചേരണമെന്ന്. അമ്മയുടെ അഭിപ്രായവും അതായിരുന്നു. പക്ഷേ, താൻ ആദ്യമായി എതിർപ്പ് കാണിച്ചു തുടങ്ങിയത് അന്നു മുതൽക്കായിരുന്നു. എനിക്ക് ഫ്രെഞ്ച് ബി. എയ്ക്ക് ചേർന്നാൽ മതിയെന്ന് വാശിപിടിച്ചു. അങ്ങനെയവർ എന്‍റെ വാശിക്കു വഴങ്ങി. ഞാൻ എറണാകുളത്തെ പ്രസിദ്ധമായ സെന്‍റ് തെരേസാസ്സ് കോളേജിലെ സ്റ്റുഡന്‍റായി. അവിടെ തുടങ്ങി എന്‍റെ ജൈത്രയാത്ര.

ആരുടെയും അഭിപ്രായങ്ങൾക്ക് ഞാൻ ചെവികൊടുത്തില്ല. അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

“ഷൈലു, ഇത് കേരളമാണ്. പെൺപിള്ളേർക്ക് കുറച്ച് അടക്കവും ഒതുക്കവും വേണം. തറവാടിന്‍റെ സൽപേര് കളയരുത്.”

ഇത് കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരിക. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, മന്ദബുദ്ധിയെന്ന് തന്നെ എഴുതിത്തള്ളിയത് ഈ തറവാടല്ലേയെന്ന് ചോദിക്കുവാൻ. പി്നെ ഓർത്തു, സമയമായില്ല. വരട്ടെ. അച്ഛൻ കൊച്ചുന്നാൾ തരാതെ പോയ സ്നേഹം വാരിച്ചൊരിയുകയായിരുന്നു. തന്‍റെ ഇഷ്ടം എന്തോ, അതായിരുന്നു അച്ഛന്‍റെയും ഇഷ്ടം. പലപ്പോഴും അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അച്ഛൻ പറയും…

“അവൾ കുട്ടിയല്ലേ. അവളുടെ ആഗ്രഹം എന്താണെന്നു വച്ചാൽ അതായിരിക്കട്ടെ.”

ഒരിക്കലും ഒന്നിനും എതിർക്കാതിരുന്ന അച്ഛൻ. ഇന്ന് അച്ഛന് എന്നെകാണുമ്പോൾ ചതുർത്ഥിയാണ്. എത്ര തന്നെ സ്നേഹിച്ചിരുന്നുവോ, അത്രയ്ക്കധികം വെറുക്കുന്നുണ്ടോ? ഒരു സംശയം എന്തായാലും എന്‍റെ പാത ഞാൻ തന്നെ തീരുമാനിച്ചു.

ബി. എ കഴിഞ്ഞപ്പോൾ ഫ്രെഞ്ചിൽ എം. എയ്ക്ക് ചേരണമെന്നായി. മദ്രാസ് യൂണിവേഴ്സിറ്റിയിലോ പോണ്ടിച്ചേരിയിലോ പോകണം. അതിന് അമ്മയ്ക്ക് ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു. അതിനിടയിൽ പറ്റിയ അബദ്ധത്തെക്കുറിച്ചാണ് ഓർത്തത്. അറിയാതെ തന്നെ, അതോ അറിഞ്ഞോ തന്നെ കളിയാക്കിയിരുന്നവരുടെ മുന്നിൽ ഞാനും വലുതായിയെന്നു കാണിക്കാനുള്ള അൽപത്തരമോ എന്തോ അറിയാതെ ഒരു പ്രേമബന്ധത്തിൽ കുരുങ്ങി. ശരി ഇതായിരിക്കും… പുള്ളിക്കാരന്‍റെയും കൂടി അനുവാദത്തോടെയാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫ്രെഞ്ച് എം. എ യ്ക്ക് ചേർന്നത്.

പക്ഷേ, പിന്നീട് മനസ്സിലായി. തന്നെയെപ്പോഴും സംശയത്തോടെ നോക്കുന്നയാളുടെ ഭാര്യയായിരിക്കുന്നതിലും ഭേദം വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന്. യൂണിവേഴ്സിറ്റി മിഡ്ടേം എക്സാം തുടങ്ങുന്നതിനു മുമ്പുതന്നെ അയാളോട് ഗുഡ്ബൈ പറഞ്ഞു. വിവാഹനിശ്ചയം നടന്നതിനാൽ അവർ അതിൽ പിടിച്ച് പല കോളിളക്കങ്ങളും ഉണ്ടാക്കി. അത് എങ്ങനെയെല്ലാമോ അച്ഛൻ ഒതുക്കിത്തീർത്തു.

ഇനിയൊരിക്കലും ഇങ്ങനെയൊരബദ്ധം പറ്റരുതെന്ന വാശിയോടെ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചു. കോളേജും ഹോസ്റ്റലുമായി കഴിഞ്ഞു.

മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. എം. എ ഫസ്റ്റ് ഇയർ എക്സാം എഴുതി സംതൃപ്തിയോടെ ഹോസ്റ്റലിലേയ്ക്ക് നടക്കാനൊരുങ്ങുമ്പോഴാണ് പുറകിൽ നിന്നും ആ വിളി കേട്ടത്.

“ഹലോ ഷൈലജാ, ഒരു അഞ്ച് മിനിട്ട് എനിക്കായ് സ്പെൻഡ് ചെയ്യാമോ?”

കോളേജിലെ ഏറ്റവും സ്മാർട്ടായ വ്യക്തി, ബുദ്ധിജീവി, സ്പോർട്സ്മാൻ, കവി… അലോഷിയെന്നു വിളിക്കുന്ന അലോഷ്യസ് ജോസഫ്. എന്തിനാണ് അയാൾ തന്നെ കാത്തു നിന്നത്? ചെല്ലണോ? ഒന്നു സംശയിച്ചു. പിന്നെ വിചാരിച്ചു. എന്‍റെ തന്‍റേടം എന്നെ രക്ഷിക്കും.

അയാളുടെ കൂടെ കോളേജ് കാന്‍റീനിലേക്ക് നടക്കുമ്പോൾ ഒട്ടും പേടി തോന്നിയില്ല.

“എന്തിനാണ് മിസ്റ്റർ അലോഷ്യസ് വിളിച്ചത്?” ഒട്ടും മടിക്കാതെ ചോദിച്ചു.

“വരൂ നമ്മുക്കിവിടെ ഇരിക്കാം. അതിനു ശേഷം സംസാരിക്കാം.”

കാന്‍റീനിൽ മുഖാമിരുന്നപ്പോൾ അയാൾ നിശ്ശബ്ദനായി. എന്തോ പറയാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നി.

“കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു. എന്തോ ഒരു ദുഃഖം. ആരോടോ ഉള്ള വാശി. എന്തിനെയൊക്കെയോ ഉള്ള ഒരു പക. എല്ലാം തന്‍റെയുള്ളിലുണ്ട്. കൂട്ടുകാരുമായി പങ്കുവച്ചാൽ മനസ്സിന്‍റെ വിഷമം മുക്കാൽ പങഅകും മാറിക്കിട്ടും. തനിക്കാണെങ്കിൽ… ഒരു കൂട്ടുകാരെയും ഇതുവരെ കണ്ടിട്ടില്ല. വരുന്നതും പോകുന്നതും ഒറ്റയ്ക്ക്. വിരോധമില്ലെങ്കിൽ തനിക്ക് എന്നെ ഒരു ഗുഡ് ഫ്രണ്ടായി കാണാം. നമുക്ക് ഗുഡ് ഫ്രണ്ടായിരിക്കാം. എന്താ തന്‍റെ അഭിപ്രായം?”

അലോഷ്യസിന്‍റെ ചോദ്യം കേട്ട് ഒന്ന് അന്ധാളിച്ചു. ഒന്നും മിണ്ടാതിരുന്നപ്പോൾ വീണ്ടും അയാൾ പറഞ്ഞു തുടങ്ങി, “ഷൈലജാ, താൻ ഹോസ്റ്റലിൽ പോയിരുന്ന് ഒന്നാലിച്ചുനോക്കൂ അതിനുശേഷം… ഇതാണ് എന്‍റെ സെൽ നമ്പർ. ഇതിലേയ്ക്ക് ഒരേയൊരു വാക്ക് എസ് എം എസ് അയയയ്ക്കുക. യെസ് ഓർ നോ.”

അയാളെഴുന്നേറ്റ് നടന്നു പോകുന്നത് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് താനും എഴുന്നേറ്റ് കാന്‍റീനിൽ നിന്നും പുറത്തുകടന്നു.

ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ആലോചിച്ചു, ആയാളുടെ അഭിപ്രായം സ്വീകരിക്കണമെ, വേണ്ടയോ? മനസ്സ് രമ്ടു തട്ടിലുംഒരേ പോലെ നിന്നു. അവസാനം ഒരു ഫ്രണ്ട് എന്നല്ലേ പറഞ്ഞത് സ്വീകരിക്കാം. ഒരു നല്ല കൂട്ട് എപ്പോഴും നല്ലതാണ്. ഉറച്ച തീരുമാനമെടുത്തതിനു ശേഷം അയാളുടെ സെല്ലുലാർ ഫോണിലേക്ക് യെസ് എന്ന മെസ്സേജയച്ചപ്പോൾ കൈകൾ വിറച്ചിരുന്നു.

തികച്ചും ജെന്‍റിൽമാൻ ആയിരുന്നു അലോഷ്യസ്. എന്തിനും തയ്യാറായ നല്ല പെരുമാറ്റം. വിഷമങ്ങൾ പറയുമ്പോൾ ക്ഷമയോടെ കേട്ടിരിക്കും. അതിനുശേഷം അതിന് നല്ലൊരു സോൾവിംഗ് മെത്തേഡ് പറഞ്ഞുതരും.

പയ്യെപ്പയ്യെ ഞങ്ങളുടെ അടുപ്പം ഒരു പ്രണയബന്ധത്തിലായത് അറിഞ്ഞില്ല. പക്ഷേ, വിവാഹത്തിനു ശേഷം നമുക്ക് പ്രണയിക്കാം എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. എംഎ പാസായി എം ഫിലിനു ചേർന്നു രണ്ടുപേരും. അത് കഴിഞ്ഞപ്പോൾ പി എച്ച് ഡി എടുത്താലെന്താ എന്നൊരു തോന്നൽ തന്നിലുണ്ടായി. അലോഷ്യസ് എതിരൊന്നും പറഞ്ഞില്ല. അയാൾ യൂണിവേഴ്സിറ്റിയിൽ തന്നെ ജോലിയ്ക്ക് ജോയിൻ ചെയ്തു.

പി എച്ച് ഡി ക്കായി പ്രിപ്പെയർ തുടങ്ങാം എന്നു കരുതിയിരിക്കുമ്പോഴാണ് അമ്മ തനിക്ക് വിവാഹാലോചന തുടങ്ങിയത്.

എത്ര എതിർത്തിട്ടും അച്ഛനും അമ്മയും അതിൽ ഉറച്ചു നിന്നു. അവരുടെ മനസ്സ് മാറ്റാൻ കഴിയില്ലെന്നു വന്നപ്പോൾ അലോഷിയുടെ കാര്യം പറയേണ്ടി വന്നു. എല്ലാവരും എതിർത്തു. പക്ഷേ, താൻ പിടിച്ച പിടിയിൽ തന്നെ നിന്നു. അതോടെ അച്ഛൻ എന്നെന്നേക്കുമായി തന്നെ ഉപേക്ഷിച്ചു. അമ്മാവന്മാർ കണ്ട ഭാവം നടിക്കാതെയായി. അമ്മ മാത്രം അനുകൂലിച്ചു. അച്ഛൻ വീണ്ടും അമ്മയിൽ നിന്നകന്നു. എന്നിട്ടും അമ്മ തന്നോട് ചേർന്നു നിന്നു. അമ്മ ചിറ്റയെ വിളിച്ച് വിവരം പറഞ്ഞു.

“അവളുടെ ഇഷ്ടം അതാണെങ്കിൽ അതു നടക്കട്ടെ ഏട്ടത്തിയമ്മേ, മതം ഏതായാലും മനസ്സിന്‍റെ ഇഷ്ടം നോക്കിയാൽപ്പോരേ?” ഇതായിരുന്നു ചിറ്റയുടെ മറുപടി.

അലോഷിയുമായി സംസാരിച്ചു. തൽക്കാലം പി എച്ച് ഡി വേണ്ടെന്ന് തീരുമാനിച്ച് താനും യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു.

കല്യാണം രജിസ്റ്റർ ഓഫീസിൽ വച്ചാവാം എന്ന് തീരുമാനിച്ചു. പക്ഷേ, തനിക്ക് ഒരു വാശിയുണ്ടായിരുന്നു. എല്ലാം ബന്ധുക്കളേയും ക്ഷണിക്കണം. ഇഷ്ടമുള്ളവർ വരട്ടെ. അച്ഛന്‍റെയും അമ്മയുടെയും ബന്ധത്തിലുള്ളവരെയെല്ലാം. ക്ഷണിച്ചു. എല്ലാവരും ഒരു പുഞ്ചിരിയോടെ നോക്കി. ചിറ്റയെ ക്ഷണിച്ചപ്പോൾ ചിറ്റയുടെ വാക്കുകളുടെ അർത്ഥം ഇന്നും തനിക്ക് മനസ്സിലായിട്ടില്ല. “മോളേ അമ്മൂ പണ്ടുള്ളവർ പറയും ലൈഫ് ഈസ് നോട്ട് എ ബെഡ് ഓഫ് റോസസ്സ് എന്ന്, എന്നാൽ ചിറ്റയ്ക്ക് അതിനോട് യോജിപ്പില്ല.”

“പക്ഷേ, കല്യാണം? ജീവിതം… എല്ലാം ഒരു ലഡു പോലെയാണ്. അത് ഉതിർന്നു പോകാതെ നോക്കണം.”

ഒന്നും മിണ്ടാതെ ചിറ്റയ്ക്ക് ദക്ഷിണ കൊടുത്തു മടങ്ങിപ്പോരുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ച് കോളേജിൽ എത്തിയപ്പോൾ അലോഷി ഒരാഴ്ചയായി വന്നിട്ടില്ലെന്നറിഞ്ഞു. കല്യാണത്തിന് രണ്ടുദിവസം കൂടിയുണ്ട്. പെട്ടെന്ന് മനസ്സ് പരിഭ്രമിക്കാൻ തുടങ്ങി. അലോഷി കാലുമാറിയോ? അറിയാതെ മനസ്സ് മന്ത്രിച്ചു. വേഗം സെൽ എടുത്തു നമ്പർ ഡയൽ ചെയ്തു.

നമ്പർ ഈസ് നോട്ട് റീച്ചബിൾ എന്ന റിപ്ലൈ.

നാളെയാണ് കല്യാണം. ഇതുവരെ അലോഷിയുടെ വിവരം ഒന്നും കിട്ടിയിട്ടില്ല. അയാളുടെ റൂംമേറ്റ് രാജുവിനെ കാണാമെന്നു കരുതി ലോഡ്ജിലേക്ക് എത്തേണ്ടി വന്നില്ല. അതിനു മുമ്പേ രാജു എതിരെ വരുന്നത് കണ്ടു. അയാൾ അടുത്തെത്തിയപ്പോൾ തന്നെ കാണാത്ത മട്ടിൽ ഒഴിഞ്ഞുപോകാൻ ശ്രമിച്ചു.

“രാജൂ, ഒന്നു നിൽക്കുമോ? ഒരു കാര്യം ചോദിക്കാൻ” അയാൾ നിന്നു.

“രാജു, അലോഷി എവിടെപ്പോയതാണ്? അറിയുമോ? വിവരങ്ങളെല്ലാം അലോഷി രാജുവിനോട് പറഞ്ഞില്ലേ? നാളെയാണ്…”

അയാൾ ഒന്നും മിണ്ടാതെ കുറച്ചുനേരം നിന്നു.

“ഷൈലജേ… ഐ ആം വെരി സോറി. അലോഷിയുടെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച കഴിഞ്ഞു. താൻ അന്ന് നാട്ടിലായിരുന്നു. നമ്മുടെ കൂടെ പഠിച്ച മരിയാ പോളിന്‍റെ കസിനാണ്. താൻ അവനെ മറന്നേക്കൂ. അവൻ ജോലി റിസൈൻ ചെയ്യുകയാണ്. അവൻ ഫ്രാൻസിലേക്ക് പോവുകയാണത്രേ..”

ഇത്രയും പറഞ്ഞ് അയാൾ വേഗം തിരിച്ചു നടന്നു. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. വീണ്ടും അബദ്ധം പറ്റിയിരിക്കുന്നു. വീട്ടുകാർ പറുന്നതു പോലെ താൻ മന്ദബുദ്ധിയാണ്. ഇവിടെ താൻ വിതച്ചതു തന്നെ കൊയ്തിരിക്കുന്നു. ഇനി ഒരു കാത്തിരിപ്പിന്‍റെ ആവശ്യമില്ല.

പോകാം സ്വതന്ത്രമായി.

പെട്ടെന്ന് കാറിന്‍റെ പിന്നിൽ ശക്തിയായി എന്തോ വന്നിടിച്ചു. കാർ നിയന്ത്രണം വിട്ട് സൗത്ത് ഓവർബ്രിഡ്ജിന്‍റെ കൈവരി തകർത്തുകൊണ്ട് താഴേക്കു മറിഞ്ഞുകഴിഞ്ഞു.

എല്ലാം മറ്റൊരു ജന്മത്തിലേക്കുള്ള യാത്രയുടെ തുടക്കം. തനിക്ക് കിട്ടുവാനുള്ള ഉത്തരങ്ങൾ തേടി ഒരു യാത്ര.

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് അവസാന ഭാഗം

കമ്പനി കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ഉമേഷ്. അതുകൊണ്ട് ഗൗതമൻ അൽപാൽപമായി വിശ്രമജീവിതത്തിലേക്ക് കടക്കാൻ തുടങ്ങി. പ്രായം 64 ആയി ഇത്രയും കാലം എന്തൊരു ഓട്ടമായിരുന്നു. ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. അതിൽ എൺപത് ശതമാനവും വിജയിച്ചു. ഇനി സ്പീഡ് അൽപം കുറയ്ക്കാമെന്ന് ഉമ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. അവൾ രണ്ടുമാസം മുമ്പ് ഇന്ത്യയിലേക്ക് പോയിട്ട് കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ബന്ധുക്കളുടെ വീടെല്ലാം ചുറ്റിക്കറങ്ങി അവൾ കുറച്ചു റിലാക്സ്ഡ് ആയിട്ടാണ് മടങ്ങിവന്നത്.

നാട്ടിൽ നിന്ന് കുറേയധികം വിഭവങ്ങളുമായിട്ടാണ് ഉമയുടെ വരവ്. ഉർവ്വശി ഗർഭിണിയാണെന്നറിഞ്ഞതിനാൽ ബന്ധുക്കൾ എല്ലാവരും തന്നെ പലവിധ സാധനങ്ങൾ കൊടുത്തുവിട്ടിരുന്നു.

ഉർവ്വശിക്കിത് എട്ടാം മാസമാണ് ഒരു മാസം കൂടി കമ്പനികാര്യങ്ങളിൽ സജീവമായ ശേഷം റെസ്റ്റെടുക്കാനാണ് ഉമയും രേണവും അവളോട് പറഞ്ഞത്. പക്ഷേ ഉർവ്വശിക്ക് വീട്ടിലിരിക്കണമെന്നേയില്ല. പ്ലസവത്തിന്‍റെ തലേന്നുകൂടി ജോലി ചെയ്യണമെന്നാണ് അവളുടെ ചിന്ത. വീട്ടിൽ നിന്ന് ഇരുപത് മിനിറ്റ് യാത്രയേയുള്ളൂ ഓഫീസിലേക്ക്. അതും കാറിലാണ് പോകുന്നത്. പിന്നെന്തിനാണ് വെറുതെ വീട്ടിലിരിക്കുന്നതെന്നാണ് അവളുടെ ചോദ്യം.

വാഷിംഗ്ടണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഗൗതമന്‍റെ അടുത്ത സുഹൃത്തുമായ ഡോ. സുഭാഷ് ഗോയലിനെയാണ് ഉർവ്വശി കൺസൾട്ട് ചെയ്യുന്നത്. ഇന്ത്യാക്കാരായ കുടുംബങ്ങൾ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെയടുത്താണ് പോവുക. എല്ലാ സൗകര്യങ്ങളുള്ള ഹോസ്പിറ്റലിലെ ചികിത്സയെപറ്റി അവിടെയുള്ളവർക്കും നല്ല മതിപ്പാണ്. നോർത്തിന്ത്യനാണ് സുഭാഷ്. ഉർവ്വശിയുടെ എല്ലാ കെയറും ഡോ. ഗോയൽ നേരിട്ട് ഏറ്റെടുത്തു.

മാർച്ചിലെ ഒരു തെളിഞ്ഞ സന്ധ്യ.

ഉർവ്വശി അൽപം നേരത്തേ ഓഫീസിൽ നിന്നു പോന്നിരുന്നു. ചെറിയ വിഷമം തോന്നിയതുകൊണ്ടാണ്. അവൾ ഉമയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട്ടിൽ വന്നശേഷം അസ്വസ്ഥത കൂടുതലായപ്പോൾ ഉമേഷ് ഉടനെ വണ്ടിയെടുത്തു. ഗൗതമനും ഉമയും കൂടി ഉർവ്വശിയെ കാറിലേക്കു കയറ്റി.

“ഡോണ്ട് വറി മാൻ… ഞാനില്ലെ ഇവിടെ…”

ഡോ. ഗോയൽ ഉമേഷിന്‍റെ ടെൻഷൻ നിറഞ്ഞ മുഖം കണ്ട് ചിരിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.

ലേബർ റൂമിനു മുന്നിൽ ആകാംഷയോടെ കാത്തിരുപ്പ്. ഓരോ വട്ടം ഡോർ തുറക്കുമ്പോഴും ആറ് കണ്ണുകൾ അങ്ങോട്ടു നീളും.

ഡോ.ഗോയലിന്‍റെ ഹോസ്പിറ്റലിൽ ഓരോ ഗർഭിണിക്കും പ്രത്യേകം ലേബർ റൂം ഉണ്ട്. അതോട് ചേർന്ന ഫാമിലിക്ക് പ്രത്യേകം വെയ്റ്റിംഗ് റൂം. ലേബർ റൂമിൽ ഭർത്താവിന് മാത്രമാണ് പ്രവേശനം. ഒരു നേഴ്സ് വന്ന് ഉമേഷിനെ വിളിച്ചുകൊണ്ടുപോയി.

ഉർവ്വശിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ട് അഞ്ച് മണിക്കൂറായി കാണും. പുലർച്ചയോടെ പ്രസവം ഉണ്ടാകുമെന്നാണ് ഡോ. ഗോയൽ പറഞ്ഞത്. ഫാമിലി റൂമിൽ ഉറങ്ങാനുള്ള സൗകര്യമുണ്ട്. പുലരുന്നതുവരെ ഉറങ്ങാതിരുന്ന ഗൗതമൻ അൽപനേരം റൂമിൽ വിശ്രമിച്ചു. രാവിലെ 6.45 ന് ഡോ. ഗോയൽ വന്ന് വിളിച്ചു.

“വരൂ…”

ഉമയും ഗൗതമനും അകത്തേക്കു നടന്നു. നഴ്സ് ഒരു ഇളം പൈതലിനെ ഡോ. സുഭാഷിന്‍റെ കൈവശം കൊടുത്തു.

“കൺഗ്രാചുലേഷൻസ് ഗതം… താനൊരു ഗ്രാൻപാ ആയിരിക്കുന്നു. ഇതാ തന്‍റെ ഗ്രാന്‍റ്സൺ…”

കുഞ്ഞിനെ ഗൗതമിന്‍റെ മടിയിലേക്ക് വച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. പതുപതുഞ്ഞ വെള്ള ടൗവലിൽ പൊതിഞ്ഞ കുഞ്ഞിന്‍റെ റൊസാപ്പൂവിതൾ നിറമുള്ള മുഖത്തേക്കു നോക്കിയപ്പോൾ ഗൗതമൻ ആഹ്ലാദവാനായി. അയാൾ കുഞ്ഞിനെ ഉമ്മവയ്ക്കാനും താലോലിക്കാനും തുടങ്ങിയപ്പോൾ ഡോ. ഗോയൽ പറഞ്ഞു.

“നോ, ഗൗതം… ടോണ്ട് ടച്ച് ഹിം… നൗ, ഇപ്പോ ഉണ്ടായല്ലേ ഉള്ളൂ. കുഞ്ഞിനെ സ്പർശിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഇൻഫെക്ഷനുണ്ടാക്കും…”

ഉമയുടെ മടിയിൽ കുഞ്ഞിനെ അൽപനേരം വച്ചുകൊടുത്ത ശേഷം കുഞ്ഞിനെ നിയോനാറ്റൽ നഴ്സറിയിലേക്ക് നഴ്സ് കൊണ്ടുപോയി. ഉർവ്വശിയെ റൂമിലേക്കു മാറ്റുമ്പോഴേ ഇനി കുഞ്ഞിനെ കൊണ്ടുവരൂ. നാലു മണിക്കൂറിനു ശേഷമേ അവളെ റൂമിലേയ്ക്ക് മാറ്റുകയുള്ളൂ.

“സുഭാഷ്, ഇത്രയും ക്രൂരനാവല്ലേ. എനിക്കവനെ കണ്ട് കൊതി തീർന്നില്ല. കുറച്ചുനേരം കൂടി ഇവിടെ കിടത്തികൂടേ?”

ഗൗതമൻ കൊച്ചുകുഞ്ഞിനെപ്പോലെ കെഞ്ചി. അതുകേട്ട് ഡോ. സുഭാഷ് ഗോയൽ തലയിൽ കൈവച്ചു.

“വാട്ട് യാർ…? ഇറ്റ്സ് എ ഹോസ്പിറ്റൽ വീ ഹാവ് സം റൂൾസ് ആന്‍റ് റെഗുലേഷൻസ്…”

അമ്മയെ റൂമിലേക്ക് കൊണ്ടുവരുമ്പോൾ മാത്രമെ കുഞ്ഞിനെ ബന്ധുക്കളെ ഏൽപിക്കുകയുള്ളു.

“ചേച്ചി, ഇവന് സന്തോഷം കൊണ്ട് സമനില തെറ്റിയോ…” ഡോക്ടർ ഉമയോട് കളിയായി പറഞ്ഞു.

“രാത്രി മുഴുവൻ ഉറക്കം വിട്ടിട്ടുണ്ടാവും. ഗൗതം… ഞാൻ നിന്നെ ഡ്രോപ് ചെയ്യാം. ഇനി ഇവിടെ നിൽക്കണമെന്നില്ല.”

“ഒ.കെ. പക്ഷേ എനിക്ക് ഉർവ്വശിയെ കണ്ട് സംസാരിക്കണം.” ഗൗതമൻ പറഞ്ഞു.

“ശരി, എങ്കിൽ ഞാൻ ഒ.പിയിൽ പോയിവരാം. അപ്പോഴേക്കും മരുമകളെ കണ്ടിറങ്ങ്.” ഡോക്ടർ പറഞ്ഞു.

ഗൗതമൻ അകത്തേക്കു ചെന്നു. ഉർവ്വശി കണ്ണടച്ചു കിടക്കുകയായിരുന്നു.

“ഇപ്പോൾ ബോധം തെളിഞ്ഞതേയുള്ളൂ.” നഴ്സ് പറഞ്ഞു. അവൾ ക്ഷീണിച്ച കണ്ണുകളോടെ ഗൗതമനെ നോക്കി.

“മോളേ, ടുഡേ ആം വെരി ഹാപ്പി…”

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു, പെട്ടെന്ന് അവളുടെ കണ്ണു നിറഞ്ഞു.

“പപ്പാ, ആൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നുപോയി. ഒരു പെൺകുട്ടി വേണമെന്നായിരുന്നല്ലോ പപ്പയുടെ ആഗ്രഹം. അങ്ങനെ നേരത്തേ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ…”

“ഛേ… എന്താ ഇത് മോളേ… അതോർത്ത് സങ്കടപ്പെടുകയോ? കഴിഞ്ഞ ഏഴ് തലമുറയായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടി പിറന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ അങ്ങനെ പറഞ്ഞത്.” ഉമ വാത്സല്യത്തോടെ തഴുകി.

“ഗൗതം… ഇനി അൽപം വിശ്രമിച്ചോളൂ… ഞാനും ഉമേഷും ഇവിടെ ഉണ്ടല്ലോ.” ഉമ പറഞ്ഞു. ഗൗതമൻ പോകാൻ തുടങ്ങുമ്പോൾ ഉമേഷ് മുന്നോട്ടു വന്നു.

“പപ്പാ, ഉർവ്വശിയുടെ മമ്മിയെ വിളിച്ചു വിവരം പറഞ്ഞേക്കണേ…”

“ഇതുവരെ രേണുവിനെ വിളിച്ചു പറഞ്ഞില്ലേ?” ഉമ വേവലാതിപ്പെട്ടു.

“സാരമില്ല മമ്മീ… പപ്പ തന്നെ വിളിച്ചു പറഞ്ഞാൽ മതി.” ഉർവ്വശി പറഞ്ഞു. ഗൗതമൻ അവളെ നോക്കി മെല്ലെ ചിരിച്ചു. ഇതിനിടെ ഡോക്ടർ വന്ന് ഉമയോട് പറഞ്ഞു.

“ചേച്ചി, ഞാൻ ഇദ്ദേഹത്തെ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു, ഒന്ന് കൂടണം.”

“ഓ.കെ ഭായ്സാബ്”

ഗൗതമനും സുഭാഷും കാറിൽ കയറി. വീട്ടിൽ ചെല്ലുമ്പോൾ ഡോ. ഗോയലിന്‍റെ ഭാര്യ വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ഗൗതമൻ മടങ്ങാനൊരുങ്ങി. പക്ഷേ ഡോക്ടർ തടഞ്ഞു. “ഇന്ന് ഇവിടെ കൂടാം…” ഗൗതമൻ സ്നേഹത്തോട നിരസിച്ചു.

“വേണ്ട, ഇന്നെനിക്ക് എന്‍റെ വീട്ടിൽ തനിച്ച് ഉറങ്ങണം. ഒരു ഫ്രീ ബേഡായി. ലോൺലിനെസ്സ് എനിക്കിഷ്ടമാണ്. ഏറെനാളായി ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു ദിനം ജീവിതത്തിൽ വന്നെത്തിയിട്ട്.”

“ഓ.കെ ദെൻ ഗൊ ആന്‍റ് എൻജോയ് യുവേഴ്സെൽഫ്.”

ഡോ. സുഭാഷ് തന്നെ ഗൗതമനെ വീട്ടിൽ കൊണ്ടുപോയി. രാത്രി 8 മണിയായി. പിറ്റേന്ന് ഞായറാഴ്ചയാണ് ഓഫീസ് അവധി… ഒട്ടും തിരക്കിലാതെ… ടിവി കാണലും വായനുമൊക്കെയായി ഒരു രാത്രി. ഗൗതമൻ മുറിയിലേക്കു പോയി ഡ്രസ് മാറി. ഡ്രോയിംഗ് റൂമിൽ വന്ന് ടി.വി ഓൺ ചെയ്തു. അപ്പോഴാണ് ഉർവ്വശി പറഞ്ഞ കാര്യം ഓർക്കുന്നത്. രേണുവിനെ വിളിച്ചില്ലല്ലോ…

ഗൗതമൻ ഉടനെ മൊബൈലിൽ രേണുവിനെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. അൽപം കഴിഞ്ഞു വീണ്ടും ശ്രമിച്ചപ്പോൾ കിട്ടി.

“ഹലോ… രേണുവാണ്…”

“രേണൂ, ഞാൻ ഗൗതമനാണ് സംസാരിക്കുന്നത്.”

“ഹായ്… ഗൗതം…”

“രേണൂ, ഒരു ഹാപ്പി ന്യൂസ് ഉണ്ട്. പറയാൻ വൈകിയതിനാൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. നമ്മുടെ വീട്ടിൽ ഒരാൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 6.45 ന്.”

“റിയലി… എന്നിട്ട് ഉമേഷും വിളിച്ചില്ല…”

“സോറി രേണൂ… അവൻ ഹോസ്പിറ്റലിലല്ലേ…”

“ഓ.കെ. ഞാൻ രാവിലെ തന്നെയെത്താം. ഉർവ്വശിക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലല്ലോ…?”

“നോ. അവർ സുഖമായിരിക്കുന്നു.”

“ശരി. എങ്കിൽ നാളെ കാണാം. ഗുഡ്നൈറ്റ്…” രേണു ഫോൺ വച്ചു.

ആശുപത്രിയിൽ നിന്ന് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് വന്ന നവ അതിഥിയെ കാണാൻ സുഹൃത്തുക്കളുടെ തിരക്കായി. സന്ദർശകരുടെ എണ്ണം കൂടിയപ്പോൾ ഗൗതമൻ പറഞ്ഞു “നമുക്ക് ഉടനെ ഒരു പാർട്ടി നടത്താം. അല്ലെങ്കിൽ എന്നും സന്ദർശകരുടെ ബഹളമായിരിക്കും.”

മൂന്നാഴ്ചയ്ക്കു ശേഷം ഗംഭീരൻ പാർട്ടി ഉമേഷ് അറേഞ്ച് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കളെ കൂടി ക്ഷണിച്ചിരുന്നു. രേണുവിന്‍റെ ബന്ധുക്കളെയും ക്ഷണിക്കാൻ പറഞ്ഞിട്ടും അവൾ വിളിച്ചിട്ടില്ലെന്ന് തോന്നി.

അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. അമ്മാവൻ നാട്ടിൽ നിന്നു വന്നിട്ടുണ്ടായിരുന്നു. അമ്മയില്ലാത്ത വിഷമം മാറിയത്. അങ്കിളിനെ കണ്ടപ്പോഴാണ് പാർട്ടിക്കു ശേഷം കുറച്ചുപേർ കൂടി പിരിയാനുണ്ടായിരുന്നു. മൂന്ന് കസേരയ്ക്ക് അപ്പുറം ഒറ്റയ്ക്കിരിക്കുന്ന വൃദ്ധനെ അപ്പോഴാണ് ഗൗതമൻ ശ്രദ്ധിച്ചത്. നല്ല പരിചയമുള്ള മുഖം.

ഇത്… ഗൗതമൻ അടുത്തേക്ക് ചെന്നു.

“അങ്ങ്… രേണുവിന്‍റെ അച്ഛനല്ലേ…?” ഗൗതമനെ കണ്ട് ആ വൃദ്ധൻ എഴുന്നേൽക്കാനൊരുങ്ങി.

“അതേ… മോനേ…. നീ എന്നെ തിരിച്ചറിഞ്ഞല്ലോ. ഞാൻ നിന്നോട് ചെയ്ത തെറ്റിന് മാപ്പിരക്കാനാണ് ഇവിടെ വന്നത്. രേണുവിനോട് ഞാനാ പറഞ്ഞത്, എന്‍റെ വരവ് നിന്നെ അറിയിക്കേണ്ട എന്ന്.”

അദ്ദേഹം ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. രേണു ഇതെല്ലാം അൽപം മാറി നിന്ന് കാണുന്നുണ്ടായിരുന്നു.

“ഗൗതം… പപ്പയ്ക്ക് ദുഃഖമുണ്ട്. നിങ്ങളോട് ചെയ്ത തെറ്റുകളിൽ അദ്ദേഹം പശ്ചാത്തപിക്കുന്നു.”

“രേണുവിന്‍റെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്‍റെ ദിനങ്ങൾ തിരിച്ചെത്തിയത് നിങ്ങളുടെ കുടുംബവുമായുള്ള ബന്ധത്തിലൂടെയാണ്.” ഇത്രയും പറഞ്ഞത് അയാൾ കണ്ണു തുടച്ചു.

“നോ… പപ്പ… ഇത് കരയാനുള്ള അവസരമല്ല, സന്തോഷിക്കാനുള്ള സമയമാണ്.”

“അതെ… ഈ കണ്ണീരിൽ ദുഃഖത്തിന്‍റെയല്ല ഗൗതം… സന്തോഷാശ്രുക്കൾ മാത്രം…”

(അവസാനിച്ചു)

ഒരു അവിവാഹിതനും കുറെ യാമിനിമാരും- അവസാനഭാഗം

അയക്കുന്ന ആള്‍ – യാമിനി നിഖിലേഷ് അറ്റ് ജീമെയില്‍ ഡോട്കോം 20-2-2022

സ്വീകരിക്കുന്ന ആള്‍ -രാജീവ് രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെക്കുറിച്ച്

സുഹൃത്തേ,

നിങ്ങള്‍ 25-1-22 ല്‍ അയച്ച ഈമെയിലുകളില്‍ സന്ദര്‍ഭവശാല്‍ എന്‍റെ ഈ മേയില്‍ ഐ ഡിയും ഉള്‍പെട്ടിരുന്നു. നിങ്ങളുടെ പ്രേമാതുരമായ സന്ദേശം വായിച്ചപ്പോള്‍ നിങ്ങളോടെനിക്ക് സഹതാപം തോന്നി. നിങ്ങളിലെ ഈ വികാരവിക്ഷോഭം ഒരു യുവാവിന് പ്രഥമദര്‍ശനത്തില്‍തന്നെ ഒരു പെണ്‍കുട്ടിയോട് തോന്നിയേക്കാവുന്ന അതിഗാഢവും അഗാധവുമായ പ്രണയാനുഭൂതിയുടെ പ്രതിസ്പന്ദനമാകാം. അത് താല്‍ക്കാലികമായ ഒരഭിനിവേശം മാത്രമാകാനിടയില്ല. അല്ലെങ്കില്‍ റോംഗ് നമ്പര്‍ തന്ന പെണ്‍കുട്ടിയെ തേടി കണ്ടുപിടിക്കാന്‍ നിങ്ങള്‍ മെനക്കെടുകയില്ലായിരുന്നല്ലോ.

നിങ്ങളെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സേലത്താണ് എന്‍റെ താമസം. നിങ്ങളുടെ മനം കവര്‍ന്ന പെണ്‍കുട്ടി തിരുവനന്തപുരത്തുകാരിയും. അവളെ കണ്ടുപിടിക്കാന്‍ ഞാനൊരു ഉപായം കണ്ടെത്തി .

ഞാനെന്‍റെ ഫേസ്‌ബുക്കില്‍ യാമിനി എന്ന് പേരുള്ളവരെ ക്ഷണിച്ചുകൊണ്ട് “നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു” എന്നൊരു പേജ് ഉണ്ടാക്കി. നിങ്ങളയച്ച ഈമെയിലുകളില്‍ ഉള്‍പ്പെട്ട ആറുപേരെ കൂടാതെ മറ്റുചിലരും ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ അത് പതിനൊന്നുപേരുടെ ഒരു സൗഹൃദഗ്രൂപ്പായി വളര്‍ന്നിരിക്കയാണ്. ഒരംഗം വഴി നിങ്ങളുടെ രണ്ടാമത്തെ മേയിലും എനിക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഇനിയും പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നുമുണ്ട്‌. അന്യോന്യം പരിചയപ്പെടാനും ചാറ്റ് ചെയ്യാനും അവസരമുണ്ടാക്കിത്തന്ന നിങ്ങളോട് യാമിനിമാരുടെ ഈ സുഹൃദ്സംഘത്തിന്‍റെ നന്ദി അറിയിക്കട്ടെ. നിങ്ങളുടെ “ഹൃദയവുമായി” കടന്നു കളഞ്ഞ പെണ്‍കുട്ടിയെ എങ്ങനെയെങ്കിലും കണ്ടെത്താതെ പിന്മാറുകയില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാല്‍ നിങ്ങളുടെ രണ്ട് ഈമെയില്‍ സന്ദേശവും ഞങ്ങളവള്‍ക്ക് അയച്ചുകൊടുക്കും. അവളുടെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ഈ അന്വേഷണം ശുഭപര്യവസായിയോ അല്ലയോ എന്നറിയാനുള്ള അത്യാകാംക്ഷയിലാണ് ഞാനും എന്‍റെ സുഹൃത്തുക്കളും. വിജയമാശംസിച്ചുകൊണ്ട്,

യാമിനി നിഖിലേഷ്

അയക്കുന്ന ആള്‍- യാമിമഹേന്ദ്രന്‍അറ്റ്ജീമെയില്‍ഡോട്കോം 10-3-2022

സ്വീകരിക്കുന്ന ആള്‍- രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഒരു ക്ഷമാപണക്കത്ത്

മിസ്റ്റര്‍ രാജീവ്‌,

ഇതിനുമുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍. എങ്ങിനെ തുടങ്ങണം? എന്തെഴുതണം? യാതൊരു പ്രകോപനവുമില്ലാതെ ഒരാളോട് അപമര്യാദയായി പെരുമാറിയതിന്‍റെ കുറ്റബോധം വാക്കുകളുടെ വഴിമുടക്കുന്നു. യാമിനി നിഖിലേഷിന്‍റെ കത്തും രാജീവിന്‍റെ രണ്ട് ഈ മെയിലുകളും എന്‍റെ ഒരു സ്നേഹിത വഴി എനിക്ക് കിട്ടി. അതെല്ലാം വായിച്ചപ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്‍റെ ഗൗരവം മനസ്സിലായത്. രാജീവിന്‍റെ സുതാര്യമായ നല്ല മനസ്സ് ആ മെയിലുകളിലൂടെ എനിക്ക് കാണാനായി.

ഫാസ്റ്റ്ഫുഡ്‌ കടയിൽ വെച്ച് ഞാന്‍ റോംഗ് നമ്പര്‍ തന്ന നിമിഷം മുതല്‍ ആ സംഭവം ഓര്‍ക്കുമ്പോഴെല്ലാം വല്ലാത്തൊരു അപരാധബോധം എന്നെ പിടികൂടിയിരുന്നു. സംസ്ക്കാരശൂന്യമായ എന്‍റെ പ്രവൃത്തിയെ ഞാന്‍ സ്വയം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. ഒരു അപരിചിതനോടുള്ള പെരുമാറ്റത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ മാത്രമായിരുന്നു അതെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും അല്പംകൂടി മര്യാദ കാണിക്കാമായിരുന്നു എന്ന് മനസ്സ് കുറ്റപ്പെടുത്തി. ഇപ്പോഴെനിക്ക് തെറ്റ് തിരുത്താനുള്ള അവസരം ലഭിച്ചിരിക്കയാണ്.

എന്‍റെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കോളേജില്‍ ടീച്ചറാണ് ഞാന്‍. അമ്മ. അശ്വതി. അച്ഛന്‍ മഹേന്ദ്രന്‍. എന്‍റെ മൊബൈല്‍ നമ്പര്‍ 984—— (റോംഗ് നമ്പര്‍ അല്ല. യഥാര്‍ത്ഥനമ്പര്‍) എനിക്ക് രാജീവിനെ നേരില്‍ കണ്ട് ക്ഷമ ചോദിക്കണമെന്നുണ്ട്. കൂടുതല്‍ പരിചയപ്പെടണമെന്നുണ്ട്.

എന്‍റെ നമ്പറില്‍ വിളിക്കുമല്ലോ.

യാമിനി നിഖിലേഷിന്‍റെ കത്തില്‍ യാമിനി എന്ന് പേരുള്ള വനിതകളുടെ ഒരു ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കിയെന്നും അങ്ങനെ കുറെ നല്ല സുഹൃത്തുക്കളെ ലഭിച്ചെന്നും അതിന് കാരണക്കാരായ നമ്മളോട് നന്ദിപറയുന്നെന്നും എഴുതിയിരുന്നു. ഞാനതിന് മറുപടി അയക്കാന്‍ പോകുകയാണ്, എനിക്കും അവരോട് നന്ദി പറയണം. രാജീവിനെപ്പോലെ ഒരു നല്ല സുഹൃത്തിനെ പരിചയപ്പെടുത്തിതന്നതിന്…

സ്നേഹപൂര്‍വം

യാമിനി മഹേന്ദ്രന്‍

സുഗന്ധി

മകളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും സുഗന്ധി ആകെ തളർന്നിരുന്നു. കല്യാണം കഴിഞ്ഞ് ആറേഴു ദിവസം വീടെല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പെടാപാടിലായിരുന്നു സുഗന്ധിക്ക്. മകൾ പോയപ്പോഴാണ് ശരിക്കും വീട്ടിലെ ശൂന്യത സുഗന്ധി അറിഞ്ഞത്. അവളുള്ളപ്പോൾ വീട്ടിലാകെ ഒച്ചയും ബഹളവുമാണ്. ഒരു കിലുക്കാംപെട്ടിയായിരുന്നു അവൾ. അതിഥികളും വേണ്ടപ്പെട്ടവരും ഒഴിഞ്ഞുപോയപ്പോൾ ഉണ്ടായ ഒറ്റപ്പെടൽ മകനും കൂടി ഹോസ്റ്റലിലേയ്ക്ക് മടങ്ങിയതോടെ പൂർണ്ണമായി പേടിപ്പെടുത്തുന്ന ഏകാന്തത. പിന്നെ ഭർത്താവ് മനീഷുള്ളതാണ് കുറച്ചെങ്കിലും ആശ്വാസം. പക്ഷേ ബിസിനസ്സ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് ഫോൺ ഒഴിഞ്ഞ നേരമില്ല. മകളുടെ കല്യാണത്തിന് അഞ്ചു ദിവസം ലീവെടുത്തതിന്‍റെ അധികതിരക്കും ഉണ്ട്. മാത്രമല്ല, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ മനീഷ് വിദേശത്തു പോകാൻ ഇരിക്കുകയാണ് ബിസിനസ്സ് ആവശ്യത്തിന്. പുള്ളിക്കാരനും കൂടി പോയാൽപ്പിന്നെ താനെന്തു ചെയ്യും ഈ വലിയ വീട്ടിൽ… ആലോചിച്ചപ്പോൾ സുഗന്ധിക്ക് പേടി തോന്നി.

ബ്രേക്ക്ഫാസ്റ്റിനിരുന്നപ്പോൾ വിദേശയാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് മനീഷ് പറഞ്ഞതുകേട്ട് സുഗന്ധിക്ക് നിയന്ത്രണം വിട്ടുപോയി. ഒറ്റക്കരച്ചിലിലാണ് അവൾ ആ പ്രഭാതം തുടങ്ങിയത്.

മനീഷ് ഇതാദ്യമൊന്നുമല്ല വിദേശത്തു പോകുന്നത്. 10- 20 ദിവസം കഴിഞ്ഞാണ് എപ്പോഴും മനീഷ് മടങ്ങാറ്. സുഗന്ധിക്ക് മനീഷിനെ വിട്ട് നിൽക്കുന്നത് പുതിയ അനുഭവമൊന്നുമല്ല. പിന്നെ ഇപ്പോൾ ഇനെന്താണിങ്ങനെ? ആദ്യമായി ഭർത്താവ് യാത്ര പോകുന്നതു പോലെ. മകളും കൂടി പോയതോടെ വീട്ടിൽ കൂട്ട് നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് സുഗന്ധിക്ക്. സുഗന്ധി നിർത്താതെ കരഞ്ഞപ്പോൾ മനീഷ് പേടിച്ചുപോയി.

അയാൾ പറഞ്ഞു, “എന്താണിത് സുഗന്ധീ… നീ ഇങ്ങനെ നെർവ്വസ് ആകാതെ. എല്ലാ രണ്ട് മാസം കൂടുമ്പോഴും എനിക്ക് ഇങ്ങനെ ഒരു ടൂർ ഉള്ളതല്ലേ. പിന്നെ എന്താ ഇത്ര വിഷമിക്കാൻ?” അയാൾ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

മനീഷ് ആശ്വസിപ്പിച്ചപ്പോൾ അവളുടെ കരച്ചിൽ ഉച്ചത്തിലായി. “ഇത്രയും ദിവസം മോളും മോനും എന്‍റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾ ദൂരെ പോകുമ്പോൾ എനിക്ക് ഇത്ര വിഷമം തോന്നിയിരുന്നില്ല. ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാനാവില്ല, മനീഷേട്ടാ.”

സുഗന്ധി മനീഷിന്‍റെ തോളിലേയ്ക്ക് പറഞ്ഞുകൊണ്ട് തേങ്ങി. “നമുക്കിപ്പോൾ എന്തിന്‍റെ കുറവാണുള്ളത്? എന്നിട്ടും നിങ്ങൾ ബിസിനസ്സ് വിപുലീകരിച്ചിരിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. മാത്രമല്ല ആറ് മാസം കൂടി കഴിഞ്ഞാൽ മോൻ എംബിഎ കഴിയും. അപ്പോൾ ബിസിനസ്സിന്‍റെ കാര്യങ്ങൾ അവനെ ഏൽപിക്കാമല്ലോ.”

സുഗന്ധി പറഞ്ഞത് കേട്ട് മനീഷ് ഉറക്കെ ചിരിച്ചു. “നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ കഷ്ടപ്പെട്ട് പടുത്തുയർത്തിയ സംരഭങ്ങൾ ഒറ്റയടിക്ക് വൈന്‍റ്അപ്പ് ചെയ്യാനാവില്ലല്ലോ. നിങ്ങളെ കൂടാതെ എനിക്കും വിദേശത്ത് സന്തോഷം ഉണ്ടാകുമെന്നാണോ നീ വിചാരിക്കുന്നത്. നിവൃത്തികേടു കൊണ്ടാണ് എനിക്കവിടെ പോകേണ്ടി വരുന്നത്.”

സുഗന്ധിക്ക് കാര്യം മനസ്സിലാവും. ഒരു നല്ല ബിസിനസ്സുകാരന്‍റെ ബുദ്ധിയുള്ള ഭാര്യയാണ് അവൾ. പക്ഷേ ഇന്ന് വല്ലാതെ സെന്‍റിമെന്‍റലായി. മനീഷ് അവളുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് നിന്‍റെയീ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണാൻ തീരെ ഇഷ്ടമല്ല. വാ എഴുന്നേൽക്ക് നല്ല കുട്ടിയാവാം… വാ… നൗ ചിയർ അപ്പ് ഡിയർ.”

“സമയം 9.30 കഴിഞ്ഞു. എനിക്ക് ഇന്ന് ഓഫീസിൽ ധാരാളം പണിയുണ്ട്. കമോൺ… യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യണം. ഞാനിന്ന് ഉച്ചയ്ക്ക് കഴിക്കാൻ വരില്ല, നല്ല തിരക്കുണ്ട്.”

എല്ലാവരും വീട്ടിൽ പോയിക്കഴിഞ്ഞാൽ അവൾ അടുക്കള ജോലിക്കാരി നാണിയമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. പണി തീർത്ത് അവരും പോയപ്പോൾ സുഗന്ധിക്ക് ആകെ ബോറടിയായി. പിന്നെ അവൾ മകൾ ശ്വേതയുടെ വിവാഹ ആൽബം മറിച്ചു നോക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് ഫോട്ടോഗ്രാഫർ അത് കൊണ്ടുവന്നത്. മകൾ ഫോട്ടോയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നുവല്ലോ എന്ന് സുഗന്ധി ആഹ്ലാദിച്ചു. ആൽബത്തിന്‍റെ താളുകൾ മറിച്ചതിനൊപ്പം അവളുടെ ഓർമ്മകൾ കുറേ വർഷം പിറകോട്ട് പോയി.

25 വർഷം മുമ്പാണ് സുഗന്ധിയുടേയും മനീഷിന്‍റെയും കല്യാണം കഴിഞ്ഞത്. അന്ന് രണ്ടുപേരെയും എത്ര നല്ല ചേർച്ചയുള്ളവർ എന്ന് പറഞ്ഞ് എല്ലാവരും അനുഗ്രഹിച്ചത് ഇന്ന് ഓർക്കുമ്പോൾ പോലും സുഗന്ധിക്ക് രോമാഞ്ചമുണ്ടാക്കുന്ന സംഭവമാണ്. ഇന്നും ആളുകൾ പരിചയപ്പെടുമ്പോൾ പറയുന്നത് മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ്. അതൊരു സൗഭാഗ്യമാണ്. ആത്മാവും ശരീരവും ഒന്നാവുന്ന അവസ്ഥ. ജീവിതത്തിൽ പിന്നെ എന്തെല്ലാം മാറ്റങ്ങൾ വന്നു. പക്ഷേ മനീഷിനോടുള്ള സുഗന്ധിയുടെ സ്നേഹത്തിനു മാത്രം മാറ്റമുണ്ടായിട്ടില്ല. മനീഷിനോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. അയാളും അങ്ങനെയാണ്. സ്നേഹിച്ച് വീർപ്പു മുട്ടിച്ചുകളയും. മകൾക്കും അങ്ങനെയുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയെത്തന്നെ കിട്ടിയതിൽ സുഗന്ധിയാണ് ഏറ്റവും സന്തോഷിച്ചത്. അവൾ ആൽബത്തിന്‍റെ താളിൽ കണ്ണും നട്ടിരുന്നു.

മനീഷിന്‍റെ അമ്മയായിരുന്നു തന്‍റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യം. സുഗന്ധി ഓർത്തു. ഒരു മകളെപ്പോലെയാണ് അവർ തന്നെ നോക്കിയത്. നല്ല വീട്ടുകാരിയാക്കിയതും നല്ല ഭാര്യയാക്കിയതും നല്ല അമ്മയാക്കിയതും അവരാണ് പക്ഷേ മോളുടെ കല്യാണം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. അവരുടെ മരണമാണ് തന്നെ ഉലച്ചുകളഞ്ഞത്. മൂന്ന് വർഷം മുമ്പ് എന്നും രാവിലെ ഏഴരവെളുപ്പിന് എഴുന്നേൽക്കാറുള്ള ആൾ അന്ന് ഉണർന്നില്ല. ഒരു കണക്കിനു നോക്കുമ്പോൾ പുണ്യം ചെയ്ത ജന്മമാണ് അമ്മായിയമ്മയുടേത്. ആരെയും അധികം വേദനിപ്പിക്കാതെ പോയി.

ഇടയ്ക്ക് ഒരു ഫോൺ റിംഗ് ചെയ്തപ്പോഴാണ് സുഗന്ധി ആൽബം പൂട്ടിവച്ച് ഓർമ്മകളിൽ നിന്ന് പുറത്ത്കടന്നത്.

“ഹലോ… ആരാണ്?” ഫോൺ കട്ടായി.

സുഗന്ധി കട്ടിലിൽ പോയി കിടന്നു. ഇനി സമയം പോകാൻ എന്താണ് വഴി. മനീഷ് എല്ലാ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും തനിക്ക് കൊണ്ടുവരാറുള്ള സുഗന്ധതൈലത്തിന്‍റെ കുപ്പികൾ ഒരു അലമാരയിൽ അവൾ നിരത്തി വച്ചിട്ടുണ്ട്. പലതും പകുതിയെ ഉപയോഗിച്ചിട്ടുള്ളു.

“ഇത് എന്‍റെ സുഗന്ധമുള്ള സുഗന്ധിക്ക് വാങ്ങിയതാണ്?”

കല്യാണം കഴിഞ്ഞ ശേഷം ആദ്യമായി വിദേശത്ത് പോയി വരുമ്പോൾ മനീഷ് കൊണ്ടുവന്ന പെർഫ്യൂമിന്‍റെ ബോട്ടിൽ സുഗന്ധി ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആരേയും മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണിതിന്. അവൾ അതിൽ ബാക്കിയുണ്ടായിരുന്നത് എടുത്തു പൂശി. സ്നേഹത്തിന്‍റെ സുഗന്ധം ആ മുറിയാകെ നിറഞ്ഞു.

വെയിലിന് ചൂടു പിടിച്ചു തുടങ്ങിയതേയുള്ളൂ. ക്ലോക്കിൽ 12 അടിച്ചപ്പോഴാണ് താൻ ഇത്രയും നേരം മുറിയിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കുകയായിരുന്നുവല്ലോ എന്ന് സുഗന്ധി ഓർത്തത്. അവൾ ജനൽ തുറന്ന് പുറത്ത് നോക്കി. പറമ്പിൽ പൂമ്പാറ്റകൾ അനേകം ഉണ്ട്. അവൾ മുറ്റത്തേക്കിറങ്ങി. എല്ലാ ദിവസവും കോളേജ് വിട്ട് മോള് ഈ സമയമാകുമ്പോഴേക്കും വരാറുണ്ടായിരുന്നു. ആ ശൂന്യത ശരിക്കും അറിയാനുണ്ട് ഇനി. താൻ തനിച്ചിരുന്ന് ഭക്ഷണം കഴിക്കണം. എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്ത, ജീവിതം ആസ്വദിക്കാൻ കഴിയാത്ത ഒരാളുടെ വിരസത എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. സങ്കടവും വിഷാദവും സുഗന്ധിയെ ഒരുപോലെ പിടികൂടിത്തുടങ്ങിയിരുന്നു.

ജോലിക്കാരി പോകുമ്പോൾ തുറന്നിട്ട ഗേറ്റ് അടച്ചതിനുശേഷം അവൾ അകത്തു കയറി. പിന്നെ മനസില്ലാമനസ്സോടെ ഊണ് കഴിക്കാനിരുന്നു. മനീഷിനെ ഓഫീസിൽ വിളിച്ച് കുശലം ചോദിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുമൂന്ന് വട്ടം ട്രൈ ചെയ്തിട്ടും ഭർത്താവിനെ ലൈനിൽ കിട്ടിയില്ല. നാളെ വിദേശയാത്രയുള്ളതാണ്. അതിന്‍റെ തിരക്കുകൾ കാണും മാത്രമല്ല മോളുടെ കല്യാണത്തിനു വേണ്ടി ലീവെടുത്തശേഷം ഇന്നാദ്യമായാണ് ഓഫീസിൽ പോയത്. അതിന്‍റെ പ്രശ്നങ്ങളും കാണും.

സുഗന്ധി പിന്നെ മനീഷിനെ ട്രൈ ചെയ്തില്ല. പെട്ടെന്നാണ് മകളെ ഒന്നു വിളിച്ചുകളയാം എന്ന് സുഗന്ധി വിചാരിച്ചത്. പക്ഷേ അവളുടെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

ഇനി… മരുമകന്‍റെ നമ്പറിൽ വിളിച്ചു നോക്കാമെന്ന് കരുതിയപ്പോഴാണ് ആ നമ്പർ തന്‍റെ കയ്യിൽ ഇല്ലല്ലോയെന്ന് സുഗന്ധി ഓർത്തത്. അവൾ മനീഷിന്‍റെ ഡയറി എടുക്കാനായി ഡ്രോ തുറന്നു. ഡയറിയുടെ അടുത്ത് ഒരു കെട്ട് കത്തുകൾ ഉണ്ടായിരുന്നു. എല്ലാം എയർമെയിലുകൾ. ആദ്യം അതെന്താണെന്നറിയാനുള്ള കൗതുകം തോന്നിയെങ്കിലും വിട്ടു കളഞ്ഞു. പിന്നെ മനസ്സ് നിർബന്ധിച്ചപ്പോഴാണ് അവൾ അതെല്ലാം എടുത്ത് വായിച്ചു നോക്കിയത്. ആദ്യം വായനയിൽ തന്നെ സുഗന്ധിക്ക് തല കറങ്ങുന്നതുപോലെ തോന്നി…

പ്രണയലേഖനം പോലെ… ഒരു സ്ത്രീ എഴുതിയ ഹൃദയഭാഷ…

കത്തുവായിച്ചു തീർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടതുപോലെ സുഗന്ധിക്ക് തോന്നി.

പ്രിയ മനീഷ്…

നിങ്ങൾ മകളുടെ കല്യാണത്തിരക്കിലായിരിക്കും. എന്നാലും ഞാൻ നിന്നെ ഇവിടെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈയിടെയായി ശരീരത്തിന് തീരെ സുഖമില്ല. ഇന്നലെ ഡോക്ടറെ കാണിച്ചിരുന്നു. ഒരിക്കൽകൂടി സോണോഗ്രാഫി ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമയം അടുത്ത് വരുന്നതായി മനസ്സ് പറയുന്നു. എനിക്ക് വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു. മനീഷ്… വല്ലാത്ത ഒറ്റപ്പെടലുമുണ്ട്. നിങ്ങൾ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

കല്യാണത്തിനു നിങ്ങൾക്കായി ഒരു കുപ്പി സുഗന്ധതൈലം ഇതോടൊപ്പം അയക്കുന്നു. അതിന്‍റെ സുഗന്ധം അനുഭവിക്കുമ്പോഴെല്ലാം ചുരുങ്ങിയപക്ഷം നിങ്ങൾ എന്നെ ഓർക്കുമല്ലോ… വീട്ടിലെ എല്ലാവർക്കും സ്നേഹം നേരുന്നു.

സ്വന്തം സോണിയ, ചിക്കാഗോ

സുഗന്ധിയുടെ കണ്ണു നിറഞ്ഞു. അവൾ പിന്നെ അവിടെയോക്കെ പരതിയപ്പോൾ ഒരു കത്തുകൂടി കിട്ടി. മനീഷ് സോണിയയ്ക്ക് എഴുതിയത്. കല്യാണത്തിരക്കിനിടയിൽ പോസ്റ്റ് ചെയ്യാൻ മറന്നതാവാം. നിറകണ്ണുകളോടെ സുഗന്ധി അതു വായിച്ചു നോക്കി.

പ്രിയ സോണിയ…

മുത്തേ, നിന്‍റെ കത്ത് കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ നിന്‍റെ ആരോഗ്യസ്ഥിതി അറിഞ്ഞിട്ട് എനിക്ക് യാതൊരു സമാധാനവുമില്ല. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. പേടിക്കരുത്. നിനക്ക് ഒന്നും സംഭവിക്കുകയില്ല. കല്യാണത്തിരക്ക് കഴിഞ്ഞയുടൻ ഞാനിവിടെ പറന്നെത്താം. ചെക്കപ്പ് മുടക്കരുത്. നിന്‍റെ സോണോഗ്രാഫി ടെസ്റ്റും മറ്റും നോർമ്മലായിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ അവസ്ഥയിൽ കൂടുതൽ ടെൻഷനടിക്കരുത്. അത് നന്നല്ല. ഭക്ഷണക്കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിക്കണം. ജ്യൂസും മരുന്നും ഒരിക്കലും മുടക്കരുത്. നീ അയച്ച പെർഫ്യൂം കിട്ടി. അതിന്‍റെ വാസന എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് സോണിയ… ഉടനെ കാണാം.

നിന്‍റെ സ്വന്തം മനീഷ്

ഇത്രയും വായിച്ചതോടെ സുഗന്ധി തല കറങ്ങി വീണു. അവളെ ആസ്വസിപ്പിക്കാൻ അവിടെ മക്കൾ പോലുമില്ല. എത്ര പെട്ടെന്നാണ് എല്ലാവരും അകന്നു പോയത്. അവൾ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രിയതമൻ വിശ്വാസവഞ്ചന കാണിച്ചത് അവൾക്ക് പൊറുക്കാനും സഹിക്കാനുമായില്ല.

ഇങ്ങനെയുള്ള ഒരാളെയാണോ ഞാൻ ഇത്രയും കാലം സ്നേഹിച്ചത്… ബഹുമാനിച്ചത്… ഇരുപത്തഞ്ച് വർഷങ്ങൾ… സുഗന്ധി വാവിട്ടു കരഞ്ഞു. അവൾ ഹൃദയം പൊട്ടി കരയുന്നത് കേട്ടിട്ടാവണം പൂമ്പാറ്റകളെല്ലാം പറമ്പിൽ നിന്ന് മറ്റെങ്ങൊട്ടേയ്ക്കോ പറന്നു പോയി.

ജീവിതം ഒരു വലിയ നുണയാണെന്ന് സുഗന്ധിക്ക് തോന്നി. മനീഷിന്‍റെ ഡ്രോ തുറക്കേണ്ടിയിരുന്നില്ല. ഒരു ശപിക്കപ്പെട്ട നിമിഷത്തിലാണ് എനിക്കത് ചെയ്യാൻ തോന്നിയത്. സുഗന്ധി വീണ്ടും അസ്വസ്ഥയായി.

അന്ന് പതിവിലും നേരത്തേ മനീഷ് വീട്ടിലെത്തി. അയാൾ വന്ന ഉടനെ സുഗന്ധി അയാളുടെ ദേഹത്തേക്ക് പെർഫ്യും അടിച്ചു. പിന്നെ വളരെ ശാന്തഭാവത്തിൽ ചോദിച്ചു, “നിങ്ങളുടെ ആരാണ് സോണിയ?”

ഇതുകേട്ട് മനീഷ് ഒന്നു പതറിയില്ലെങ്കിലും ഭാവപ്പകർച്ചയില്ലാതെ, ഒരു സാധാരണ കാര്യം കേട്ടതുപോലെ ചിരിച്ചു.

“നിങ്ങൾ പൊട്ടൻ കളിക്കുകയൊന്നും വേണ്ട. എല്ലാം ഞാനറിഞ്ഞു.” സുഗന്ധി ഒച്ചവെച്ചു.

“പതുക്കെ… പ്ലീസ്…. ആരെങ്കിലും കേൾക്കും.”

“എല്ലാവരും കേൾക്കട്ടെ. അറിയട്ടെ നിങ്ങളുടെ സ്വഭാവശുദ്ധി.” അവൾ പെർഫ്യും ബോട്ടിൽ തറയിലേക്ക് വലിച്ചെറിഞ്ഞു.

“സുഗന്ധി പ്ലീസ്… നീ വിചാരിക്കുന്നതു പോലുള്ള യാതൊന്നും സംഭവിച്ചിട്ടില്ല. സോണിയ എന്‍റെ നല്ല സുഹൃത്ത് മാത്രമാണ്. എന്‍റെ പാർട്ട്ണർ സുരേഷിന്‍റെ ചിക്കാഗോ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീ. അവിടെ ബിസിനസ്സ് ആവശ്യത്തിന് പോകുമ്പോൾ കൂട്ടായതാണ്. പിന്നെ നല്ല ചങ്ങാത്തത്തിലായി. ബുദ്ധിമതിയായ മാന്യയുവതിയാണ്… പലപ്പോഴും ഡീലുകൾ, ബിസിനസ്സ് മീറ്റുകൾ എല്ലാം അവരാണ് നമ്മുടെ കമ്പനിക്ക് ചെയ്തു തരാറുള്ളത്. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നു ആദ്യമൊക്കെ. പിന്നെ സുഹൃത്തായി… അതും അവരുടെ രോഗവിവരം അറിഞ്ഞപ്പോൾ. അവർക്ക് കാൻസറാണ്.”

“സോണിയയ്ക്ക് ഇനി അധികകാലമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവസാനമായി എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. അതാണ് കത്ത് എഴുതിയത്. അല്ലാതെ മറ്റ് ഒളിച്ചുകളിയൊന്നുമില്ല. എന്‍റെ മനസ്സിൽ നീ മാത്രമേയുള്ളൂ. അന്നും ഇന്നും…”

“എന്നിട്ട് നിങ്ങൾ ഇതെല്ലാം എന്നോട് മറച്ചു വച്ചതെന്തിനാണ് മനീഷ്” സുഗന്ധിയുടെ ശബ്ദം ഇടറി.

“ഞാൻ നിന്നെ എപ്പോഴും വിദേശത്തു പോകുമ്പോൾ വിളിക്കാറുള്ളതാണ്. നീ ഒരിക്കൽ പോലും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പിന്നെപ്പിന്നെ ഞാനും നിർബന്ധിക്കാതായി. നീ എന്നെങ്കിലും എന്‍റെ കൂടെ വന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവില്ലായിരുന്നു.”

ശരിയാണ്, മനീഷ് വിളിപ്പോഴൊന്നും താൻ പോയിട്ടില്ല. അമ്മായിമ്മയെ വിട്ട് നിൽക്കാൻ വയ്യാത്ത സ്ഥിതി… കുട്ടികളായപ്പോൾ അവരുടെ കാര്യം നോക്കണമെന്ന വിചാരം… വീട് വിട്ട് പോകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തെറ്റ് എനിക്കും പറ്റിയിട്ടുണ്ട്. ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്ക് പലപ്പെഴും നിന്നുകൊടുത്തിട്ടില്ല.

“ഇപ്രാവശ്യം നിങ്ങൾ ചിക്കാഗോയിൽ ഒറ്റയ്ക്ക് പോകുന്നില്ല.” സുഗന്ധി പറഞ്ഞു. “ഞാനും വരുന്നു. എനിക്കും അവരെ കാണണം.” മനീഷ് ഇതുകേട്ട് ചിരിച്ചു.

“ഹണിമൂണിനു പോലും വിദേശയാത്രയ്ക്ക് വരാത്ത ആളാണ്. ഇപ്പോൾ എന്‍റെ ഒപ്പം യാത്ര പോകണമെന്ന് പറയുന്നത്…”

“എന്നെ കളിയാക്കണ്ട, നിങ്ങളെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നുന്നു.”

“എന്നെ ഇഷ്ടപ്പെടുന്ന ഒരാളേയുള്ളൂ.” അയാൾ സുഗന്ധിയെ മാറോടണച്ചു.

“അതാരാണ്?” സുഗന്ധി ഭർത്താവിനോടുള്ള സ്നേഹം ഉള്ളിലൊതുക്കാതെ ചോദിച്ചു.

“നീ തന്നെ. എന്‍റെ പ്രിയപ്പെട്ട സുഗന്ധി…”

ഒരു അവിവാഹിതനും കുറെ യാമിനിമാരും- 1

അയക്കുന്ന ആള്‍ – രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്ട് കോം

25-1-2022

സ്വീകരിക്കുന്നവര്‍: യാമിനിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനിദേവിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനി നിഖിലേഷ് അറ്റ്‌ജിമെയില്‍ഡോട്ട്കോം, യാമിനി ജോസ് അറ്റ് ജിമെയില്‍ ഡോട്ട്കോം…

എന്നിങ്ങനെ 35 ഈമെയില്‍ ഐഡികള്‍…

സന്ദേശം – ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെകുറിച്ച് (ഈ മുപ്പത്തഞ്ചോളം മെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ട്…)

ഇന്നലെ രാത്രി ഏതാണ്ട് ഏഴര മണി. കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ എന്‍റെ ഓഫീസിൽ നിന്ന് ലോഡ്ജിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. വഴിയരികിലെ മൈതാനത്തിൽ പതിവില്ലാത്തവിധം കണ്ണഞ്ചിക്കുന്ന വെളിച്ചം. നല്ല ആൾത്തിരക്കുമുണ്ട്. പുതുതായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും കലാപരിപാടികളുടെ ശബ്ദഘോഷങ്ങള്‍ മുഴങ്ങുന്നു. ലോഡ്ജിലേക്ക് പോകാതെ ഞാന്‍ അങ്ങോട്ട്‌ കയറി. അവിടെ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ നൃത്തമത്സരങ്ങള്‍ നടക്കുകയാണെന്ന് മനസ്സിലായി. പന്തലില്‍ നല്ല തിരക്ക്. ഒഴിഞ്ഞ ഒരു കസേരക്കായി തിരയുമ്പോഴാണ് അങ്ങനെയൊന്ന് ഞാന്‍ കണ്ടെത്തുന്നത്.

നമ്മുടെ ജീവിതത്തില്‍ യാദൃശ്ചികമായി എന്തെല്ലാം സംഭവിക്കുന്നു.. അല്ലെങ്കില്‍ നിന്നെ ഞാന്‍ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നല്ലോ. ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല.

ഞാന്‍ കണ്ടെത്തിയ ഒഴിഞ്ഞ കസേരയുടെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലാണ് നീയിരുന്നിരുന്നത് എന്നതുകൊണ്ടുമാത്രം സംഭവിച്ച ഒരു മുഖാമുഖം. നിന്നെ കണ്ടപ്പോള്‍ ഏറെനാളായി ഞാന്‍ തേടി നടന്നിരുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം മുതല്‍ നിന്നെ കൂടുതല്‍ പരിചയപ്പെടാനും അടുക്കാനും എന്‍റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു

അവതാരകയുടെ ഓരോചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് നീ സ്റ്റേജിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷെ പരിപാടി കാണുന്നതിനിടക്ക് ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിന്‍റെ നേരെ പാറിവീണുകൊണ്ടിരുന്നു. സ്റ്റേജില്‍ തുടര്‍ച്ചയായി അവതരിക്കപ്പെട്ട ഓരോ നൃത്തവും നീ ആസ്വദിക്കുന്നതും മത്സരാര്‍ത്ഥികള്‍ക്ക് കയ്യടി നൽകി അനുമോദിക്കുന്നതും ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു.

അതിനിടക്ക് വീണ്ടും ആകസ്മികതയുടെ മായാജാലം! മനോഹരമായ ഒരു നൃത്താവതരണത്തിനു ശേഷം കാണികള്‍ക്കൊപ്പം ആവേശത്തോടെ കൈയ്യടിക്കുന്നതിനിടയില്‍ നിന്‍റെ കൈപത്തി ചെറിയൊരു നഖക്ഷതമേല്പ്പിച്ചുകൊണ്ട്‌ എന്‍റെ കൈത്തണ്ടയില്‍ വന്നുമുട്ടി. നീയുടനെ മുഖം തിരിച്ച് നനുത്ത പുഞ്ചിരിയോടെ ക്ഷമായാചനം ചെയ്തു. “സോറി”.

“യു ആര്‍ മോസ്റ്റ്‌ വെല്‍കം “എന്നായിരുന്നു ആ സന്ദര്‍ഭത്തിന് തീരെ യോജിക്കാത്ത എന്‍റെ മറുപടി. പുഞ്ചിരിക്കുന്ന നിന്‍റെ മുഖം എന്‍റെ കണ്ണുകള്‍ക്ക്‌ അത്രമാത്രം.

ആകര്‍ഷണീയമായി തോന്നിയതുകൊണ്ട് മാത്രമാണോ എന്നില്‍നിന്ന് അങ്ങനെ ഒരു മറുപടി ഉണ്ടായത്? അതോ ആ നിമിഷത്തില്‍ എന്‍റെ ഹൃദയമാണോ നിന്നോട് സംസാരിച്ചത്?.

സത്യമതായിരുന്നു. എന്‍റെ ഹൃദയം ഞാൻ പോലുമറിയാതെ നിന്നെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

നിന്നെ പരിചയപ്പെടാനുള്ള ആ അവസരം ഞാന്‍ പാഴാക്കിയില്ല. “ഡാന്‍സ് വളരെ ഇഷ്ടമാണല്ലേ?”

“ഉം” നീയൊന്ന് മൂളുക മാത്രം ചെയ്തു.

“പഠിച്ചിട്ടുണ്ടോ?”

“ഉവ്വ്”

തുടര്‍ന്ന് സംസാരിക്കാന്‍ ഒരു വിഷയം തുറന്നുകിട്ടിയ ഉത്സാഹത്തിലായി ഞാന്‍ ”സ്റ്റേജില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ ഭാരതനാട്യമല്ലേ?”

“അല്ല. കുച്ചിപ്പുടി”

“രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?”

“പലതും”

ഇനിയൊന്നും പറയാനില്ലാത്തതുപോലെ നീ കസേരയുടെ എതിര്‍വശത്തേക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റേജിലേക്ക്തന്നെ ശ്രദ്ധയൂന്നി.

കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ലോഡ്ജിലേക്ക് മടങ്ങിയാലോ ഞാന്‍ ആലോചിച്ചു.

പക്ഷെ എന്തോ ഒരു മടി… കാരണമെന്തായിരിക്കാം എന്നാലോചിച്ചപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്‌. നിന്നെ വേര്‍പിരിയാന്‍ എന്‍റെ മനസ്സ് തയ്യാറല്ലെന്ന സത്യം.

കുറച്ച് കഴിഞ്ഞപ്പോള്‍ നീ എഴുന്നേറ്റ് പന്തലിന് പുറത്തേക്ക് നടന്നു. പിറകേ ഞാനും എഴുന്നേറ്റു. മൈതാനത്തിന്‍റെ ഒരറ്റത്ത് ഷാമിയാന മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴെയുള്ള ഫാസ്റ്റ്ഫുഡ് കടയിലേക്കാണ് നീ പോയത്. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു. നിന്നെ ഉടനെ പിന്തുടര്‍ന്നാല്‍ നിനക്കെന്നെക്കുറിച്ച് ആശങ്ക തോന്നിയാലോ? അതുകൊണ്ട് അല്പസമയം കഴിഞ്ഞാണ് ഞാന്‍ കടയിലേക്ക് കയറിയത്.

അപ്പോഴതാ വീണ്ടും യാദൃശ്ചികതയുടെ ആശിര്‍വാദം!.

നിന്‍റെ മുന്നിലെ മേശയുടെ എതിര്‍വശത്തുള്ള കസേരയൊഴിച്ച് മറ്റെല്ലാം ഫുള്‍. അതുകൊണ്ട് യാതൊരു സംശയവും തോന്നിക്കാതെ എനിക്ക് നിന്‍റെ എതിര്‍വശത്തിരിക്കാന്‍ കഴിഞ്ഞു. നീയപ്പോള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു

“ഭക്ഷണം കൊള്ളാമോ?” നിന്നെ കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ രണ്ടാമത്തെ ശ്രമമായിരുന്നു അത്.

“നോട്ട് ബാഡ്” എന്ന മറുപടി കിട്ടി.

നിന്‍റെ ചുണ്ടുകളില്‍ വിരിഞ്ഞ മൃദുമന്ദഹാസത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ ചോദിച്ചു. “ബന്ധുക്കളാരോ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടല്ലേ?”

“ബന്ധുവല്ല. സ്നേഹിതയുടെ മകള്‍”

“വളരെ വൈകിയല്ലോ. എത്രാമത്തെ ഐറ്റമാണ്?”

“പത്തൊന്‍പതാമത്തെ.”

“അപ്പോള്‍ ഇനിയും രണ്ടെണ്ണംകൂടി കഴിയണമല്ലേ?”

“അതെ”

“എന്‍റെ പേര് രാജീവ്‌. അവിവാഹിതന്‍. വീട് പാലക്കാട്ടാണ്. കഴകൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇവിടെയടുത്ത് ഒരു ലോഡ്ജിലാണ് താമസം. വാട്ടീസ് യുവര്‍ ഗുഡ് നെയിം” നീ ചോദിക്കാതെതന്നെ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നിന്നെ അറിയിച്ചു. പിന്നെ നിന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു

“യാമിനി” നീ മറുപടി നല്‍കി

തുടക്കം മുതല്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം ഞാനറിയാതെ എന്‍റെ നാവില്‍നിന്നും പൊഴിഞ്ഞുവീണു “ആര്‍ യു മാരീഡ്?”

“നോ” (അല്ല)

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചു. അങ്ങനെ നീ ആഹാരം കഴിച്ച് കഴിയുന്നതുവരെ നമ്മള്‍ ഏതാനും വാക്കുകള്‍ കൈമാറി. പുതുതായി പരിചയപ്പെട്ട രണ്ട് അപരിചിതരെപ്പോലെ.

ബില്ലിന്‍റെ തുക മേശപ്പുറത്തുവെച്ച് നീ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോല്‍ ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി. ഒരു നിധിപോലെ അതെന്‍റെ മൊബൈലില്‍ സേവ് ചെയ്തു.

അപ്പോഴേക്കും ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തി. ധൃതിയില്‍ ഭക്ഷണം കഴിച്ച് ഞാന്‍ തിരികെ എത്തിയപ്പോഴേക്കും ഞാനിരുന്ന കസേര ആരോ കയ്യേറിയിരുന്നു… നിരാശയോടെയാണെങ്കിലും നിന്‍റെ മൊബൈല്‍ നമ്പര്‍ എന്‍റെ കയ്യിലുണ്ടല്ലോ എന്ന ആശ്വാസത്തോടെ ഞാന്‍ ലോഡ്ജിലേക്ക് മടങ്ങി…

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല. മനസ്സു മുഴുവന്‍ നീയായിരുന്നു.

ഇന്ന് ഓഫീസിലേക്കിറങ്ങുന്നതിനു മുന്‍പ് ഞാന്‍ നിന്‍റെ നമ്പറില്‍ വിളിച്ചു. “ഹലോ” മറുതലയ്ക്കല്‍നിന്ന് ഉറക്കച്ചടവോടെയുള്ള ഒരു പുരുഷസ്വരം.

“യാമിനിയില്ലേ” എന്ന എന്‍റെ ചോദ്യത്തിന് “ഏത് യാമിനിയാടോ, നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് വന്നൊന്ന് ഉറങ്ങാന്‍ കിടന്നതാ. അപ്പോഴാ തന്‍റെയൊരു യാമിനി!” എന്ന ശകാരം പിറകേ.

നീ തന്നത് റോംഗ് നമ്പര്‍ ആണെന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ അടുക്കാനുള്ള എന്‍റെ അത്യാകാംക്ഷയെ നീ സംശയിച്ചിരിക്കാം. ഞാനൊരു പൂവാലനാണെന്ന് കരുതിയാകാം നീയെന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത്. പക്ഷെ, എനിക്ക് നിന്നെ ഒഴിവാക്കാനാകില്ലല്ലോ. നീ എന്നോടൊപ്പമില്ലെങ്കില്‍ എന്‍റെ ജീവിതം പൂര്‍ണ്ണമാവില്ലെന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

35 മെയില്‍ ഐഡികളില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകാം ഇല്ലെന്നും വരാം. ഒരിക്കല്‍ക്കൂടി തമ്മില്‍ കാണാന്‍ എനിക്കാഗ്രഹമുണ്ട്. നീയെന്‍റെ ക്ഷണം സ്വീകരിക്കുമോ?

എന്‍റെ ഈ പ്രണയ സന്ദേശം നിന്നിലേക്ക് എത്തിയെങ്കില്‍… നിങ്ങള്‍ യാമിനിമാര്‍ ആരെങ്കിലും എന്നെ സഹായിച്ചെങ്കില്‍ എന്നെല്ലാം പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ മറുപടിക്കായി കാത്തുകൊണ്ട്…

ക്ഷമാപണപൂര്‍വം

രാജീവ്

അയക്കുന്ന ആള്‍ രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

12-2-2022

സ്വീകരിക്കുന്നവര്‍ – യാമിനി ജോര്‍ജ്ജ് അറ്റ് ജീമെയില്‍ ഡോട്കോം, യാമിനി രഞ്ജിത്ത് അറ്റ് ജീമെയില്‍ ഡോട്കോം തുടങ്ങി 25 ഇമെയില്‍ ഐഡികള്‍

സന്ദേശം “ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു.” എന്ന സംഭവത്തെക്കുറിച്ച് (ഈ 25 ഈമെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പുചോദിച്ചുകൊണ്ട് )

നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ആ സംഭവത്തെക്കുറിച്ച് ഞാനൊരു സൂചന നല്‍കാം വെറും എട്ടു ദിവസങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് നീയത് മറക്കാനിടയില്ലെങ്കിലും യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയില്‍വെച്ചാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത്. സത്യത്തില്‍ നിന്നെ കണ്ടപ്പോള്‍ വളരെകാലമായി ഞാന്‍ തേടിനടന്ന ഒരു വ്യക്തിയെ കണ്ടെത്തിയപോലെയാണ് എനിക്ക് തോന്നിയത്. നിന്നെ പരിചയപ്പെടാനും അടുക്കാനുമുള്ള എന്‍റെ ശ്രമം അൽപം കടന്നു പോയെന്ന് എനിക്ക് മനസ്സിലായി. പക്ഷെ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. അല്പം അപമര്യാദയാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണെങ്കിലും ഫാസ്റ്റ്ഫുഡ് കടയിൽവെച്ച് എന്നെ സ്വയം പരിചയപ്പെടുത്താനും നിന്നെക്കുറിച്ചറിയാനും ഞാൻ വീണ്ടും ഒരു ശ്രമംകൂടി നടത്തി.

പേര് രാജീവ്‌, കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലാണ് ജോലി. അവിവാഹിതന്‍. വീട് പാലക്കാട്ടായതുകൊണ്ട് ഇവിടെ അടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു എന്നെല്ലാം നീ ചോദിക്കാതെതന്നെ ഞാന്‍ നിന്നോട് പറഞ്ഞു. നിന്‍റെ പേര് യാമിനി എന്നാണെന്നും വിവാഹിതയല്ലെന്നും ഞാൻ ചോദിച്ചറിയുകയും ചെയ്തു. ഫാസ്റ്റ് ഫുഡ് കടയില്‍വെച്ച് ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചോദിച്ചറിയാമല്ലോ എന്നുകരുതിയാണ് ഞാന്‍ സമാധാനത്തോടെ ലോഡ്ജിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നീ തന്ന നമ്പറില്‍ വിളിക്കുന്നതുവരെ ആകാംക്ഷയുടെ പിരിമുറുക്കത്തിലായിരുന്നു ഞാന്‍. പക്ഷേ, ആ നമ്പറില്‍നിന്ന് ഒരു പുരുഷന്‍റെ സ്വരമാണ് കേട്ടത്. “യാമിനിയോ? ഏതു യാമിനിയാടോ?” എന്ന് പരിഹാസസ്വരത്തിലുള്ള ആ ചോദ്യം കേട്ടപ്പോള്‍ എനിക്കുണ്ടായ നൈരാശ്യത്തെക്കുറിച്ച് നിനക്കൂഹിക്കാനാകുമോ? നീ തന്നത് റോംഗ് നമ്പറാണെന്ന് എനിക്ക് മനസ്സിലായി തികച്ചും അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ നീ പെട്ടെന്ന് മറയുകയാണോ? എന്‍റെ മനസ്സ് ആകുലപ്പെട്ടുകൊണ്ടിരുന്നു. എങ്കില്‍ ഞാനെങ്ങിനെ നിന്നെ കണ്ടെത്തും? എന്‍റെ പ്രണയം നിന്നെ എങ്ങനെ അറിയിക്കും?

ഒരേ ഒരു പോംവഴി ഈമെയില്‍ ആണെന്നെനിക്ക് തോന്നി. നിനക്ക് ഒരു ഈമെയില്‍ ഐഡി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രിതന്നെ ഞാന്‍ യാമിനി എന്നാരംഭിക്കുന്ന 35 ഈമെയില്‍ ഐഡികളുണ്ടാക്കി എന്‍റെ സന്ദേശം അതിലെഴുതി അയച്ചു. അതില്‍ കുറെ മെയിലുകള്‍ ബൗണ്സ് (അഡ്രസ്‌ ശരിയല്ലെന്ന സന്ദേശം ലഭിക്കുക) ചെയ്യുകയും ചെയ്തു. പിറ്റേന്ന് തന്നെ അതില്‍ ഒരു യാമിനിയുടെ മറുപടി വന്നു.

റോംഗ് നമ്പര്‍ തന്നതിൽ നിന്ന് നിനക്കെന്നോടുള്ള താല്പര്യക്കുറവ് വ്യക്തമായ സ്ഥിതിക്ക് വെറുതെ സമയം പാഴാക്കുന്നതെന്തിനെന്നാണ് ആ മാന്യവനിതയുടെ ചോദ്യം. അത് ശരിയാണെങ്കിലും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അപ്പോഴെല്ലാം ഞാന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഞാനാദ്യം അയച്ച മെയില്‍ ഐഡിയില്‍ നീയും ഉള്‍പ്പെട്ടുകാണുമോ? എന്നിട്ടും നീ മൗനം പാലിക്കുകയാണോ? ആ മെയില്‍ നീ കണ്ടിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു മനസ്സ് ഉപദേശിച്ചത്. ഞാന്‍ പ്രത്യാശ കൈവിടാതെ കാത്തിരുന്നു. ആശങ്കയുടെ നിഴല്‍വീണ അവസാനമില്ലാതെ നീളുന്ന പകലുകളെയും രാത്രികളേയും ശപിച്ചുകൊണ്ട് ദുസ്സഹമായൊരു കാത്തിരിപ്പ്‌.

ഇപ്പോള്‍ ഈ സന്ദേശത്തിലൂടെ ഞാന്‍ നിന്നെ കണ്ടെത്താന്‍ ഒരിക്കല്‍കൂടി ശ്രമിക്കുകയാണ്. അവസാനത്തെ ശ്രമം. ഈ 25 പേരില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്നറിയില്ലെങ്കിലും എന്‍റെ സന്ദേശം മറ്റ് യാമിനിമാര്‍ ആരെങ്കിലും വഴി നിനക്ക് കിട്ടിയാല്‍ നീ നിന്‍റെ തീരുമാനം അതെന്തുതന്നെ ആയാലും എന്നെ അറിയിക്കുമോ? ഒരിക്കല്‍ക്കൂടി തമ്മില്‍ കാണുവാന്‍ നീയെനിക്ക് അനുവാദം തരുമോ?

എന്‍റെ മെയിലില്‍ ഉള്‍പെട്ടിട്ടുള്ള എല്ലാ യാമിനിമാരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷമാപണപൂര്‍വ്വം…

രാജീവ്‌

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 7

“അൺബിലീവബിൾ…” ഉർവ്വശി അദ്ഭുതം കൂറിയമിഴികളോടെ ഗൗതമനേയും രേണുവിനേയും മാറി മാറി നോക്കി. “നിങ്ങൾ നേരത്തേ പരിചയക്കാരായിരുന്നുവല്ലേ. എന്നിട്ടെന്തേ ഒളിച്ചുവച്ചു?”

അവൾക്ക് എന്തു മറുപടി നൽകണമെന്നറിയാതെ രേണു ഗൗതമനെ നോക്കി.

“മോളേ.. ഞങ്ങൾ ചിലത് ഒളിച്ചുവച്ചു. അത് ശരിയാണ്. എല്ലാം വിശദമായി പിന്നീട് പറയാം. പക്ഷേ ഇക്കാര്യങ്ങളൊന്നും നീ ഉമയോടും ഉമേഷിനോടും ചൽക്കാലം പറയരുത്.” ഗൗതമൻ പറഞ്ഞു.

“പപ്പാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“ഞങ്ങൾ കോളേജ്മേറ്റ്സായിരുന്നു. വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതസാഹചര്യങ്ങൾ അതിനുള്ള ഭാഗ്യം നൽകിയില്ല.” ഗൗതമൻ ഇടർച്ചയോടെ പറഞ്ഞു.

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രേണുവിനെ ഉർവവ്ശി കൂട്ടിക്കൊണ്ടു പോയി. മുറിയിൽ ചെന്നപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു.

“മമ്മീ.. എന്താ ഉണ്ടായത് മമ്മീ നിങ്ങളുടെ ജീവിതത്തിൽ…”

“സാധാരണ പ്രണയങ്ങൾക്കു സംഭവിക്കുന്നതൊക്കെ തന്ന. എല്ലാറ്റിനും കാരണം ഞാനായിരുന്നു മോളേ… അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല.” രേണു കൂടുതലൊന്നും പറയാൻ തയ്യാറായില്ല.

“പക്ഷേ, ഉമ ഒരിക്കലും ഇക്കാര്യം അറിയരുത്. മറ്റൊന്നുമല്ല. ആ സാധുവിനത് താങ്ങാനാവുമോ എന്നാണെന്‍റെ പേടി…” രേണു ഉർവ്വശിയെ വീണ്ടും ഓർമ്മിപ്പിച്ചു.

“പ്രോമിസ്…” രേണുവിന്‍റെ ഇരുതോളിലും പിടിച്ച് ഉർവ്വശി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

അമ്മയുടെ ജീവിതത്തിൽ നടക്കാതെ പോയ കാര്യമാണ് അപ്രതീക്ഷിതമായി തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. ഉർവ്വശിക്ക് അദ്ഭുതം തോന്നി. അവൾ ഉമേഷിനെ ആദ്യമായി കണ്ടുമുട്ടിയ ദിനത്തെക്കുറിച്ച് ആലോചിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗാണ് ഉമേഷിന്‍റെ ഇഷ്ട വിഷയം. ഉർവ്വശിയുടേത് ബയോടെക്നോളജിയും കോളേജിലെ ഒരു സെമിനാറിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഉമേഷിനെ ഉർവ്വശി പരിചയപ്പെടുന്നത്. ഇന്ത്യാക്കാരയതുകൊണ്ടുള്ള ഒരു കൺസിഡറേഷൻ ആയിരുന്നു ആദ്യം രണ്ടുപേർക്കും. പിന്നീടത് പ്രണയമായി മാറിയതാണ്.

ഉർവ്വശി ആലോചിച്ചിരിക്കുന്നതു കണ്ടപ്പോൾ രേണു അവളെ വിളിച്ചു, “മോളേ, ഒരുങ്ങ് ഫ്ളൈറ്റിനുള്ള സമയമാകുന്നു.” അവർ വേഗം ഒരുങ്ങി താഴേക്കു വന്നപ്പോഴേക്കും ഉമ ലഞ്ച് തയ്യാറാക്കി കഴിഞ്ഞിരുന്നു. പിന്നെ കുറേ പായ്ക്കറ്റുകൾ റെഡിയാക്കി അവൾ രേണുവിനെ ഏൽപിച്ചു. അച്ചാർ മുതൽ രസഗുള വരെയുള്ള സാധനങ്ങൾ…

ഉമയുടെ നിർബന്ധത്തിനു വഴങ്ങി 11 മണിക്കു തന്നെ ലഞ്ച് കഴിച്ച ശേഷം രേണുവും ഉർവ്വശിയും നേരെ എയർപോർട്ടിലേക്ക് പോയി. ഉമേഷാണ് അവരെ കൊണ്ടുവിട്ടത്. കാലിഫോർണിയയ്ക്കുള്ള ഡയറക്ട് ഫ്ളൈറ്റാണ്. വിമാനത്താവളത്തിലിറങ്ങി ഒരു മണിക്കൂർ ബസിൽ പോകണം. സൈൻഹോജയിലെത്താൻ.

മാസങ്ങൾ കടന്നു പോയത് എത്ര വേഗമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രണ്ടുവട്ടം കൂടി ഉർവ്വശിയുടെ വീട്ടിൽ ഗൗതമനുമ കുടുംബവും പോയി. മെയ്മാസത്തിൽ വിവാഹം നടത്താനാണ് തീരുമാനം. അതിനു മുമ്പായി സൈൻഹോജയിലെ വീടും  കാലിഫോർണിയയിലെ ഷോപ്പും വിൽക്കാനുള്ള നടപടികൾ രേണു ആരംഭിച്ചിരുന്നു. ഗൗതമൻ മുന്നോട്ടുവച്ച ഒരു നിബന്ധന അതായിരുന്നുവല്ലോ. വിവാഹശേഷം രേണുവും വിജയും വാഷിംഗ്ടണിലേക്കു താമസം മാറ്റുകയാണെന്നറിഞ്ഞപ്പോൾ ഉമയ്ക്ക് വളരെ സന്തോഷമായി.

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ വിജയിന് അഡ്മിഷൻ ശരിയായി. താമസിയാതെ രേണു വടക്കൻ വിർജീനിയയിൽ ഒരു സ്റ്റോർ വാങ്ങുകയും ചെയ്തു. തന്‍റെ ബിസിനസ് തുടരനായിരുന്നു രേണുവിന്‍റെ തീരുമാനം. ഉമേഷിന്‍റെയും ഉർവ്വശിയുടേയും പരീക്ഷ കഴിഞ്ഞിട്ടാണ് വിവാഹം നടത്തിയത്. വാഷിംഗ്ടണിൽ ഏറ്റവും മികച്ച ഹാൾ തന്നെയാണ് ഗൗതമൻ വിവാഹത്തിന് തെരഞ്ഞെടുത്തത്.

ഗൗതമൻ വലിയ സന്തോഷത്തിലായിരുന്നു. സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ച ബന്ധം മക്കളായിട്ട് സഫലമാക്കിയിരിക്കുന്നു. ഇനി മനസ്സിന് റിലാക്സ് ചെയ്യാം. കുത്തിനോവിക്കുന്ന ഭൂതകാല ചിനതകളില്ലാതെ. ചെറുപ്പത്തിന്‍റെ അവിവേക ചിന്തകളിൽ പെട്ട് പാകപ്പെടാതെ പോയ ഒരു ബന്ധം െന്നു കരുതി എല്ലാം തള്ളിക്കളയാൻ ഗൗതമന് ആവുമായിരുന്നില്ല. മനസ്സിന്‍റെ അഗാധ തലങ്ങളിലെവിടെയോ താഴിട്ടുപൂട്ടിയ ഒരു അറയ്ക്കുള്ളിലായിരുന്നു ഭൂതകാലം. മഞ്ഞിൽ തല കുമ്പിട്ട് നിൽക്കുന്ന തത്വചിന്തകരെപ്പോലെ തോന്നിക്കുന്ന സൈപ്രസ് മരങ്ങളെ നോക്കിയിരിക്കുമ്പോൾ ഭൂതകാലത്തിന്‍റെ വാതായനങ്ങൾ മാന്ത്രികസ്പർശത്താലെന്ന പോലെ തുറക്കപ്പെടും.

തകർന്ന പ്രണയവും അനാഥത്വവും സമ്മാനിച്ച തീവ്രദുഃഖത്തിൽ നിന്ന് തനിക്ക് മോചനം നൽകിയത് ഈ മരങ്ങളാണോ? ഗൗതമൻ ആലോചിച്ചു. സെമിത്തേരികളിൽ കൂടുതലായി കാണപ്പെടുന്ന ഈ മനോഹരമായ വൃക്ഷങ്ങളെക്കുറിച്ചുള്ള കഥകൾ പറഞ്ഞുതന്നത് യു.എസ്കാരനായ ആൻഡ്രു റെഫിയാണ്.

ഗ്രീക്ക് ദേവതയായ അപ്പോളോയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മനുഷ്യനായ സൈഫാരിസ്. തന്‍റെ സ്നേഹസൂചകമായി ഒരു ആൺമാനിനെ അപ്പോളോ സൈഫാരിസിന് സമ്മാനിച്ചു. പക്ഷേ സൈഫാരിസിന്‍റെ കയ്യബദ്ധത്താൽ ആ മാൻ കൊല്ലപ്പെട്ടു. ദുഃഖിതനായ സൈഫാരിസ് ജീവിതത്തിൽ നിന്ന് മോചനം ആവശ്യപ്പെട്ടപ്പോൾ അപ്പോളോ അവനെ സൈപ്രസ് മരമാക്കി വേർപാടിന്‍റെ ദുഃഖപ്രതീകമാക്കുകയായിരുന്നുവത്രേ. ഈ കഥ കൂടി കേട്ടതോടെ സൈപ്രസ് മരങ്ങളെ നോക്കിയിരുന്നും തലോടിയും ദിവസങ്ങൾ തള്ളിനീക്കുമായിരുന്നു. വിവാഹശേഷമാണ് ആ പതിവിൽ മാറ്റം ഉണ്ടായത്. എങ്കിലും തണുത്തുറഞ്ഞ പ്രഭാതത്തിൽ ഉമ കനത്ത ഉറക്കത്തിലാഴ്ന്നു കിടക്കുമ്പോൾ താനെത്രയോ വട്ടം ജനൽക്കാഴ്ചകളിലൂടെ മനസ്സിനെ തുറന്നു വിട്ടിരിക്കുന്നു.

രേണുവിനെ വീണ്ടും കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയില്ല. അവൾക്കെന്തു സംഭവിച്ചുവെന്ന് അറിയണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അമ്മയുടെ മരണത്തിന് തന്‍റെ പ്രണയം കാരണമായല്ലോ എന്ന കുറ്റബോധം ആഗ്രഹങ്ങളെ വേരോടെ നുള്ളിക്കളഞ്ഞു. രേണുവിന്‍റെ അച്ഛന്‍റെ കടുംപിടുത്തം അമ്മയെ ഏറെ വേദനിപ്പിച്ചിരുന്നല്ലോ… കല്യാണത്തിന് അവളുടെ അച്ഛൻ വന്നില്ല. ഇന്ത്യയിലാണ് അദ്ദേഹം. സുഖമില്ലാത്തതിനാലാണ് വരാതിരുന്നതെന്നാണ് ഉർവ്വശി പറഞ്ഞത്.

പഠനം കഴിഞ്ഞ് ഒരു ജോലിക്കുള്ള ശ്രമത്തിലാണ് ഉമേഷ്. അയാൾ അവിടെയും ഇവിടെയുമൊക്കെ ജോലി തേടി നടന്നുവെങ്കിലും ഒന്നും ശരിയായില്ല. കുടുംബത്തിന് സ്വന്തമായൊരു ബിസിനസ്സ് ഉണ്ട്. അത് നോക്കി നടത്താൻ അച്ഛനെ സഹായിച്ചാൽ പോരേ. പിന്നെന്തിനാണ് മറ്റൊരു ജോലി എന്ന് ഗൗതമന്‍റെ ചില സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി. “ അവന് താൽപര്യമുണ്ടെങ്കിൽ ഇങ്ങോട്ടു പറയട്ടെ.” ഗൗതമന്‍റെ മറുപടി അങ്ങനെയായിരുന്നു. ഉദ്ദേശിക്കുന്നത്ര നല്ല ജോലി കിട്ടുകയില്ലെന്ന് തോന്നിയിട്ടോയെന്തോ ഉമേഷ് ഒരു ദിവസം അവിചാരിതമായി ഗൗതമനോട് പറഞ്ഞു.

“പപ്പാ, നമ്മുടെ കമ്പനിയിൽ തന്നെ ഞാനും ജോയിൻ ചെയ്യട്ടെ.”

“ഓകെ, നിനക്ക് താൽപര്യമുണ്ടെങ്കിൽ അങ്ങനെയാവട്ടെ….”

ഉർവ്വശി അതു കേട്ടുകൊണ്ട് സമീപം തന്നെയിരിക്കുന്നുണ്ടായിരുന്നു.

“പപ്പാ, തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനും ഒന്ന് ചോദിച്ചോട്ടെ?” ഉർവ്വശി സങ്കോചത്തോടെ പറഞ്ഞു.

ഗൗതമൻ അവളെ ചോദ്യഭാവത്തിൽ നോക്കി.

“എനിക്കും നമ്മുടെ കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്.”

ഗൗതമൻ പുഞ്ചിരിയോടെ പറഞ്ഞു. “ഓകെ… കം ആന്‍റ് വർക്ക്. നിങ്ങൾ കമ്പനിയുടെ കാര്യങ്ങൾ ഭംഗിയായി നടത്തിയാൽ എനിക്ക് അൽപം വിശ്രമമെടുക്കാമല്ലോ…”

പിറ്റേന്ന് മുതൽ ഇരുവരും ഓഫീസിൽ പതിവായി വന്നു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമായ ധാരണയുണ്ടാക്കിയെടുത്തു. ഉമേഷ് നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഉർവ്വശിക്ക് ഉമേഷിനേക്കാൾ മികവുണ്ടെന്ന് ഗൗതമന് മനസ്സിലായി.

മാസങ്ങൾ കടന്നുപോയി. ഇപ്പോൾ ഗൗതമന് ഉമയോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം ലഭിക്കുന്നുണ്ട്. കാണാൻ കിട്ടുന്നില്ലെന്ന അവളുടെ പരിഭവവും പരാതിയും കുറഞ്ഞു. ഒരുമിച്ചുള്ള യാത്രകളാണ് പല്പ്പോഴും ഇരുവരും പ്ലാൻ ചെയ്യുന്നത്. ചിലപ്പോൾ ഉമേഷും ഉർവ്വശിയും ഒപ്പം കൂടും. സന്തോഷകരമായ ദിവസങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് മറ്റൊരു സന്തോഷവാർത്തയുമായി ഒരു ദിനം ഉമ ഫോൺ ചെയ്തത്. ഗൗതമൻ ആ സമയം ഔദ്യോഗിക ടൂറിലായിരുന്നു. ഉർവ്വശി അമ്മയാകാൻ പോകുന്നുവെന്ന വിവരം. അക്കാര്യം അറിയിക്കുമ്പോൾ ഉമ വളരെ ആവേശത്തിലാണെന്നു തോന്നി. നാളെ ടൂർ കഴിഞ്ഞെത്തിയിട്ട് കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞ് ഗൗതമൻ ഫോൺ വെച്ചു. പിറ്റേന്ന് വീട്ടിലെത്തുമ്പോൾ ഉർവ്വശിയുടെ നാണത്തിൽ വിടർന്ന മുഖം കണ്ട് ഗൗതമൻ പുഞ്ചിരിച്ചു.

“ഉർവ്വശി, എന്‍റെ ആഗ്രഹം പറയട്ടെ…”

“പറയൂ പപ്പാ…”

“കഴിഞ്ഞ ഏഴ് തലമുറകളായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടികളില്ല. ഇപ്രാവശ്യം ഞങ്ങൾക്ക് ഒരു പെൺകുട്ടി മതി.”

അവൾ മറുപടി പറയാതെ വിടർന്ന ചിരിയോടെ ഗൗതമന്‍റെ സമീപം വന്നിരുന്നു.

അടുക്കളയിൽ ഉമ എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഉമ ഗൗതമനെ ഓർമ്മിപ്പിച്ചു. “ചേച്ചിയുടെ മകന്‍റെ വിവാഹമാണ് അടുത്ത മാസം അവിടെ അൽപം നേരത്തേ പോകണമെന്ന് ആഗ്രഹമുണ്ട്. മോളേ, നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ നാട്ടിൽ പോയി വരാം….”

ശരിയാണ്. ഗൗതമൻ ആലോചിച്ചു. ഉമ ഇന്ത്യയിൽ പോയിട്ട് വർഷങ്ങളായി. അവൾക്ക് ഒരു ചെയ്ഞ്ചാകട്ടെ.

“ഉർവ്വശിക്ക് ഒരു പ്രയാസവുമില്ലാതെ ഞാൻ നോക്കികൊള്ളാം. ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവളുടെ അമ്മ ഇന്നാട്ടിൽ തന്നെയുണ്ടല്ലോ… താൻ ധൈര്യമായി പോയിട്ടുവാ… വിവാഹദിവസം ഞാനുമെത്താം.” ഗൗതമൻ പ്രോത്സാഹിപ്പിച്ചു.

ഉമ രണ്ടു ദിവസത്തിനകം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് പുറപ്പെട്ടു.

(തുടരും)

നിഴൽച്ചിത്രം പോലെ

ജീവിതം കൽപിച്ചു കൂട്ടിയ വഴിയുലൂടെയായിരുന്നു അനിതയുടെ യാത്ര. സ്വപ്നങ്ങളേയും മോഹങ്ങളേയും അവൾ ഭയന്നു. എന്നാലും എന്തുകൊണ്ടോ മനസ്സെപ്പോഴും സ്വപ്നങ്ങൾക്ക് പിറകേ പാഞ്ഞുകൊണ്ടിരുന്നു. സ്വപ്നങ്ങളാണല്ലോ ജീവിതത്തിന്‍റെ ഘടികാരം.

കുട്ടിക്കാലത്ത് സ്നേഹത്തിന്‍റെ ഉറവിനു വേണ്ടി അവളുടെ മനസ്സ് കൊതിച്ചിരുന്നു. ഓരോ ചുവടുവയ്പിലും അവളുടെ മനസ്സ് ആ തണലിനു വേണ്ടി മോഹിച്ചിരുന്നു… എന്നിട്ടും അപൂർണ്ണമാക്കപ്പെട്ട സ്വപ്നം പോലെ… അനിത.

കടന്നു വരുന്ന ഓരോ ഉത്സവനാളിലും വീട്ടിൽ നിറയെ ആഹ്ലാദത്തിമിർപ്പുകളുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഒരിക്കലും അവൾ മോഹിച്ചിരുന്നില്ല. എന്നാലും ഓരോ പ്രായത്തിലും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോടും പലതരം ഭക്ഷണങ്ങളോടുമുള്ള അവളുടെ ആഗ്രഹം തീവ്രമായിരുന്നു. ഒരിക്കലും നടക്കാത്ത മോഹങ്ങളായി അത് അവളെ പല്ലിളിച്ചുകാട്ടി. രസിച്ചു പഴയ നിറം മങ്ങിയ വസ്ത്രങ്ങളിലും വീട്ടിൽ കഷ്ടിച്ചുണ്ടാക്കുന്ന ചോറിലും അവൾ തൃപ്തിപ്പെടാൻ ശീലിച്ചു കഴിഞ്ഞിരുന്നു. ചില ദിവസങ്ങളിൽ അതും ഉണ്ടായിരുന്നില്ല.

മൃദുലലഹരിയിൽ വീട്ടിൽ ആടിക്കുഴഞ്ഞെത്തുന്ന അനിതയുടെ അച്ഛൻ മാധവൻ വീട്ടിലെ കൊച്ചുമുറികളിൽ നിറയേണ്ടിയിരുന്ന സന്തോഷത്തിന്‍റെ അലകളെ ഞെരിച്ചുകൊണ്ടിരുന്നു. അമ്മയ്ക്കു നേരെയുള്ള അച്ഛന്‍റെ ദേഹോപദ്രവങ്ങളും ചീത്തവിളിയും അടിയും ഇടിയുമൊക്കെ പതിവുപോലെ വാശിയോടെ വീട്ടിൽ നിറഞ്ഞു നിന്നു.

അനിതയുടെ അമ്മയോട് ആകെ സ്നേഹത്തോടെ ഇടപഴകിയിരുന്നത് മാധവന്‍റെ അകന്ന ബന്ധത്തിൽപെട്ട ഒരു പെങ്ങൾ സാവിത്രി മാത്രമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ സാവിത്രിയമ്മ രഹസ്യമായി അനിതയുടെ അമ്മ ലീലയെ സഹായിക്കുമായിരുന്നു. സാവിത്രിയമ്മ കാട്ടിയ അലിവിലാണ്. പല ദിവസങ്ങളിലും അടുപ്പിലെ തീ പുകഞ്ഞിരുന്നതു തന്നെ.

എന്നാൽ മാധവന്‍റെ സ്വന്തം പെങ്ങളായ കമലയ്ക്ക് എരിതീയിൽ എണ്ണ പകരാനുള്ള അവസരമായിരുന്നു. അതൊക്കെയും അവർ ഇക്കാര്യം മാധവനെ അറിയിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കിച്ചു.  കുഞ്ഞുനാൾ തൊട്ടേ കണ്ടുതുടങ്ങിയ വീട്ടിലെ പ്രതികൂല സാഹചര്യം അനിതയെ തീർത്തും അന്തർമുഖിയാക്കി മാറ്റിയിരുന്നു. മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ അവൾ മനഃപൂർവ്വം ശ്രമിച്ചുകൊണ്ടിരുന്നു.

ഉത്സവങ്ങളും ആഘോഷങ്ങളും അവളെ സംബന്ധിച്ച് ഏതോ വിദൂരമായ സ്വപ്നങ്ങൾ മത്രമായിരുന്നു. കാവിലെ പൂരവും ഓണവും വിഷുവുമൊക്കെ…. അവളുടെ ചെറിയ ജീവിതത്തിന് അപ്പുറത്തെ വലിയ നിറമുള്ള ലോകങ്ങളായി. ഇത്തരമവസരങ്ങളിൽ പുറത്തെ നിറക്കാഴ്ചകൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് മുറിയിലെ ഇരുളിൽ ഒളിച്ചിരിക്കാൻ അവൾ കൊതിച്ചു. അച്ഛൻ കാണാതെ വീടിന്‍റെ പടിക്കൽ ഓണവിഭവങ്ങളുമായി എത്തുന്ന കൂട്ടുകാർക്ക് മുന്നിൽ നിസ്സംഗതയോടെ അവൾ ചിരിച്ചു… ചിലപ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോകാൻ പോലും അവൾ കൊതിച്ചു.

കൂട്ടുകാരികളുടെ പട്ടുകുപ്പായങ്ങളുടെ പളപളപ്പും ഉലച്ചിൽ ശബ്ദവുമൊന്നും ശ്രദ്ധിക്കാതിരിക്കാൻ അവൾ മനഃപൂർവ്വം പാടുപെട്ടുകൊണ്ടിരുന്നു. ഉള്ളിൽ തേങ്ങലടക്കി വെറുതെ സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് അലസമായി ഒഴുകി നടക്കാൻ അവൾ സദാ കൊതിച്ചു. ജീവിതത്തിൽ യാദൃശ്ചികമായി എത്തുന്ന ആഹ്ലാദങ്ങളിൽ പോലും കണ്ണീരിന്‍റെ ഉപ്പുരസം പടർന്നിരുന്നു.

ഋതുഭേദങ്ങൾ മാറി മാറി വന്നു. ജീവിതവും ഏറെ മാറി. അവളും… അന്ന്… ബി.എ ഫൈനൽ പരീക്ഷാഫലം വന്ന ദിവസമായിരുന്നു. ഫസ്റ്റ്ക്ലാസ്സിൽ പാസ്സായ സന്തോഷവിവരം അമ്മയെ അറിയിക്കാനുള്ള വ്യഗ്രതയിൽ അനിത വീട്ടിലേക്ക് ഓടി. ഓടിയിട്ടും ഓടിയിട്ടും തീരാത്ത ദൂരം അന്നവളെ ആദ്യമായി അരിശം കൊള്ളിച്ചു. കൈ എത്താത്ത ദൂരത്ത് നിൽക്കുന്ന ആഹ്ലാദം…. ദൂരമത്രയും ഓടിക്കിതച്ചെത്തിയ അവൾ വീട്ടുമുറ്റത്തെ ആൾക്കൂട്ടത്തെ കണ്ട് ഭയന്നു. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു. ആൾക്കൂട്ടത്തിനടയിലൂടെ അറച്ചുറച്ച് അവൾ വീട്ടിലേയ്ക്ക് പതിയെ നടന്നുകയറി.

നെഞ്ചിടിപ്പോടെ അവൾ ഇറയത്തു നിന്നും അകത്തേക്ക് പഖച്ചു നോക്കി. പായയിൽ രക്തം ഛർദ്ദിച്ച് ഒരു നിർജ്ജീവശരീരമായി അച്ഛൻ കിടക്കുന്നു. തൊട്ടടുത്തായി നിസ്സംഗയായി വിദൂരതയിൽ കണ്ണു നട്ടിരിക്കുന്ന അമ്മയുടെ മെല്ലിച്ച രൂപം. ചുറ്റും കൂടി നിന്നവരുടെ നോട്ടം അവളിൽ അസ്വസ്ഥത നിറച്ചു. സഹാനുഭൂതിയോ സ്നേഹമോ ഒന്നും തിരിച്ചറിയാനാവാത്ത ഭാവങ്ങൾ പേറി നിൽക്കുന്ന മനുഷ്യരൂപങ്ങൾ…. ഇരുകാലുള്ള വിചിത്രരൂപികൾ കണക്കെ ചുറ്റും നൃത്തം ചെയ്യുന്നതു പോലെ അവൾക്കു തോന്നി. ചിലർ കാതുകളിൽ അടക്കം പറഞ്ഞു. ചിലർ മാധവനെ പുകഴ്ത്തിപ്പറഞ്ഞു. അയാളുടെ സ്നേഹവായ്പ് അനുഭവിക്കാനുള്ള അവസരമുണ്ടായിട്ടുണ്ടത്രേ… മരണം െല്ലാ തെറ്റുകളേയും തിരത്തുകയാണല്ലോ.. എന്നാൽ അമ്മയ്ക്കെന്നും താങ്ങായി എത്തിയിരുന്ന സാവിത്രിയമ്മ അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു. ഉള്ളിൽ തികട്ടി വന്ന തേങ്ങൽ വലിയൊരു കണ്ണീർ മഴയായി അവളുടെ കവിളുകളിലൂടെ ഒഴുകി പരന്നു. മാധവന്‍റെ ഒരേയൊരു പെങ്ങളായ കമലയെ മാധവൻ മരിച്ച വിവരമറിയിച്ചിരുന്നു. എന്നാൽ അവസരം മുതലെടുത്ത് ഈ സമയം അവർ ലീലയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അയാൾ മരിച്ചത് ലീല കാരണമാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ജീവിതത്തിന്‍റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. അവിടെയും അവൾ കടുത്ത പരീക്ഷണത്തെയാണ് നേരിട്ടത്. അനിതയുടെ അമ്മയ്ക്ക് ക്ഷയരോഗമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. കുടുംബത്തിലെ പട്ടിണിയകറ്റാൻ പാടുപെട്ടുകൊണ്ടിരുന്ന ലീലയ്ക്ക് വിശ്രമം അനിവാര്യമായിരുന്നു. കുടുംബഭാരം മുഴുവനും അനിതയുടെ ചുമലിലായി. പലഹാരമുണ്ടാക്കി വിൽക്കലും ചെറിയ തയ്യൽപ്പണിയും അതോടെ അമ്മ ഉപേക്ഷിച്ചു. ഇടയ്ക്ക് രോഗം കലശലാവുന്നതിനാൽ അമ്മയെ വീട്ടിൽ തനിച്ചാക്കി പുറത്ത് എന്തെങ്കിലും അത്യാവശ്യത്തിന് പോകാനും കഴിയാതെ അനിത വിഷമിച്ചു.

എങ്ങനെയോ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ജീവിതം പെട്ടെന്ന് നിശ്ചലമാക്കപ്പെട്ടതുപോലെ… ജീവിതത്തെ മുന്നോട്ട് നീക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ ഉപേക്ഷിച്ചേ പറ്റൂ. അതിന് ഒരു വഴി മാത്രമേയുള്ളു. അനിതയുടെ വിദ്യാഭ്യാസം. ഡിഗ്രി കഴിഞ്ഞ് ബി.എഡ് ചെയ്ത് അധ്യാപികയാവണെന്നത് അവളുടെ സ്വപ്നമായിരുന്നു. അച്ഛൻ വരുത്തിവച്ച കടം വീട്ടാനും അമ്മയുടെ ചികിത്സാ ചെലവ് വഹിക്കുന്നതിനും മറ്റും പണം വേണം. ഇതിനിടിയിൽ പഠനം അസാധ്യം തന്നെ.

എന്നാൽ സാവിത്രിയമ്മയും ഭർത്താവും എന്നും സഹായിക്കാൻ മുന്നിൽ തന്നെ നിന്നു. അത് മാത്രമായിരുന്നു പുറത്തു നിന്നും കിട്ടിയ ഏക സഹായവും. സാവിത്രിയുടെ ഭർത്താവ് കേശവൻ സർക്കാർ ഓഫീസുകളിൽ കയറിയറങ്ങി ലീലയ്ക്ക് അർഹതപ്പെട്ട വിധവാ പെൻഷൻ ശരിയാക്കിയതുകൊണ്ട് അത്യാവശ്യം മരുന്നിനുള്ള വകയായി. മാത്രമല്ല സാവിത്രിയമ്മ തന്‍റെ മക്കൾക്ക് ട്യൂഷനെടുക്കുന്നതിനുള്ള ചുമതല അനിതയെ എൽപിച്ചു. സാവിത്രിയമ്മയുടേയും ഭർത്താവിന്‍റെയും കനിവുകൊണ്ട് വീണ്ടും അവരുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. വീണ്ടും പഠിക്കണമെന്ന് പറഞ്ഞ് അമ്മ അനിതയെ നിർബന്ധിച്ചു, എന്നാൽ അച്ഛൻ ഉണ്ടാക്കിവച്ച കടം തീർന്നിട്ടില്ലാത്തതിനാൽ പഠനത്തെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥലായിരുന്നില്ല അനിത. അതുകൊണ്ട് അമ്മ അവളെ പിന്നീട് നിർബന്ധിച്ചതുമില്ല.

“സാവിത്രിയമ്മയുണ്ടോ?” അനിത തെല്ല1രു സങ്കോചത്തോടെ യുവാവിനെ നോക്കി.

“ഇല്ലല്ലോ, ചിറ്റ അമ്മുവിനെയും അപ്പുവിനെയും കൂട്ടി പുറത്തു പോയിരിക്കുകയാ. ഉടനെയെത്തും, വരൂ… അകത്ത് കയറിയിരിക്കാം.” യുവാവ് യാതൊരു കൂസലുമില്ലാതെ അവളെ അകത്തേക്ക് ക്ഷണിച്ചു.

സാവിത്രിയമ്മയുടെ അടുത്ത ബന്ധത്തിൽപ്പെട്ടയാളാണ് യുവാവെന്ന് സംസാരത്തിൽ നിന്നും അവൾ ഊഹിച്ചു.

“വേണ്ട, ഞാൻ വെറുതെ വന്നതാ. ഇന്നലെ അമ്മു ട്യൂഷന് വന്നില്ല, അതുകൊണ്ട് അവളെ അന്വേഷിച്ച് വന്നതാ. ഞാൻ പോകട്ടെ.” അനിത പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു.

“ങ്ഹാ അവരെത്തിയല്ലോ.” യുവാവ് ഗെയ്റ്റ് കടന്നു വരുന്ന സാവിത്രിയേയും മക്കളേയും ചൂണ്ടി പറഞ്ഞു.

“അനിതയോ… അകത്തുവാ മോളേ… അവനെന്‍റെ ചേച്ചിയുടെ മോനാ.” സാവിത്രിയമ്മ അനിതയുടെ കൈപിടിച്ച് നിർബന്ധിച്ച് അകത്തേക്ക കൂട്ടിക്കൊണ്ടുപോയി.

“അനിതാ, ഇതാണ് ചേച്ചി. അതി ചേച്ചിയുടെ മോൻ സുജിത്.” സാവിത്രിയമ്മ അകത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഓമനയമ്മയെ അനിതയ്ക്ക് പരിചയപ്പെടുത്തി.

“ആന്‍റീ നമസ്കാരം.” അനിത വിനയപുരസരം കൈകൂപ്പി.

ഓമനയമ്മ അവളെ നോക്കി വാത്സല്യപൂർവ്വം പുഞ്ചിരിച്ചശേഷം സാവിത്രിക്കൊപ്പം അടുക്കളയിലേക്ക് പോയി. അമ്മുവും അപ്പുവും വല്യമ്മ കൊണ്ടുവന്ന കളിപ്പാട്ടങ്ങളും മറ്റും അനിതയ്ക്ക് കാണിച്ചുകൊടുക്കാനായി മത്സരിച്ചു.

“അനിത ഇരിക്കൂ.” സുജിത് പറഞ്ഞു. ഈ സമയമത്രയും അവളുടെ സുന്ദരമായ മുഖത്തു നിന്നും കണ്ണെടുക്കാതെ സുജിത് അവളത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അനിത അടുത്തു കിടന്ന കസേരയിൽ തെല്ലൊരു സങ്കോചത്തോടെയിരുന്നു.

“അനിതയാണോ ഇവരുടെ ട്യൂഷൻ ടീച്ചർ. ചിറ്റ പറഞ്ഞിരുന്നു. എങ്ങനെയുണ്ട് ഇവരുടെ പഠിത്തം?” സുജിത്തിന്‍റെ തുറന്ന ഇടപെടൽ അനിതയുടെ പരിഭ്രമം കുറച്ചു.

“കുഴപ്പമില്ല.” അനിത കുട്ടികളെ നോക്കി പുഞ്ചിരിച്ചു.

“അനിതക്ക് കുടിക്കാൻ എന്താണ് വേണ്ടത്… ചായയോ കാപ്പിയോ?” സുജിതിന്‍റെ ചോദ്യം കേട്ട് അനിത ഞെട്ടി.

“അയ്യോ.. ഒന്നും വേണ്ട. വീട്ടിൽ അമ്മ തനിച്ചാണ്. ഞാൻ പോകട്ടെ.” സുജിത് തുടർന്ന് എന്തെങ്കിലും പറയുംമുമ്പേ അനിത തിടുക്കപ്പെട്ട് പുറത്തിറങ്ങി.

പിന്നീട് പല ദിവസവും സുജിത് ഓരോരോ ഒഴിവുകഴിവുകൾ കണ്ടെത്തി അനിതയുടെ വീട്ടിൽ വരുന്നത് പതിവാക്കി. മിക്കപ്പോഴും കുട്ടികളെ ട്യൂഷന് കൊണ്ടുവിടാനും കൂട്ടിക്കൊണ്ടു പോകാനുമാണ് അയാൾ വന്നിരുന്നത്. അപ്പോഴൊക്കെ അനിതയോട് കൂടുതൽ അടുത്തിടപഴകാൻ അയാൾ ശ്രമിച്ചു. ഒരു ദിവസം അവസരം നോക്കി അയാൾ അവൾക്കൊരു കുറിപ്പ് നൽകി.

അനിത ആരും കാണാതെ കുറിപ്പ് വായിച്ചു. അയാൾ ജോലി സ്ഥലത്തേക്ക് മടങ്ങുകയാണെന്നും അതിനു മുമ്പായി ഒരുവട്ടം സൗകര്യപൂർവ്വം കാണണമെന്നുമായിരുന്നു കുറിപ്പിൽ. അതുകൊണ്ട് എങ്ഹനെയെങ്കിലും സമയമുണ്ടാക്കി ചിൽഡ്രൻസ് പാർക്കിൽ വരണമെന്നായിരുന്നു ആവശ്യം. സുജിത് എന്താണ് തന്നോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം അനിതക്ക് നല്ലവണ്ണെ അറിയാമായിരുന്നു. അവളും അയാളോട് എന്തോ പറായനാഗ്രഹിച്ചിരുന്നു. അതുകൊണ്ട് വൈകുന്നേരം കൃത്യസമയത്ത് തന്നെ അവൾ പാർക്കിലെത്തി. പാർക്കിൽ സുജിത് നേരത്തെ തന്നെ എത്തിയിരുന്നു. മാത്രമല്ല പാർക്കിൽ ഒഴിഞ്ഞ സ്ഥാനത്തുള്ള ഒരു ബെഞ്ചിൽ അവളേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവളെ കണ്ടമാത്രയിൽ അയാൾ എഴുന്നേറ്റു നിന്ന് അവളെ കൈ കാട്ടി വിളിച്ചു.

“അനിത, ഇവിടെ ഇരിക്കാം.”

അനിത പതിഞ്ഞ കാൽവയ്പുകളോടെ അയാളുടെ അടുത്തേക്ക് നടന്നു. തെല്ല1രു പരിഭ്രമത്തോടെ അയാളിൽ അൽപം അകന്നുമാറിയിരുന്നു.

“അനിത, എനിക്ക് വളച്ചുകെട്ടി പറുന്ന ശീലമില്ല.” അയാളുടെ മുഖം ഗൗരവം പൂണ്ടു. “അനിതെ ആദ്യകാഴ്ചയിൽതന്നെ എനിക്കിഷ്ടപ്പെട്ടു. എന്‍റെ ആരോ ആണ് നീയെന്ന തോന്നൽ… ഇത് വെറുമൊരു ആകർഷണമല്ല. നിനക്ക എന്നോട് ഇഷ്ടമുണ്ടോയെന്നെനിക്കറിയണം. ഇഷ്ടമാണെങ്കിൽ നമുക്ക് വിവാഹിതരാകാം.” സുജിത് പ്രതീക്ഷാനിർഭരമായ മിഴികളോടെ അവളെ നോക്കി.

അവളൊരു നിമിഷം കോരിത്തരിച്ചിരുന്നുപോയി. ‘നീ’ എന്ന സംബോധന അവളുടെയുള്ളിൽ അയാളോടുള്ള ഇഷ്ടം നിറച്ചു. ജീവിത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരാൾ തന്നോട് സംസാരിക്കുന്നത്. ഏത് പെണ്ണും മോഹിച്ചു പോകുന്ന നിമിഷം. ഈ സമയം ഇവിടെത്തന്നെ നിശ്ചലമായി നിന്നിരുന്നെങ്കിൽ എന്നവൾ മനസ്സുകൊണ്ടാഗ്രഹിച്ചു. തന്‍റെ ഇല്ലായ്മകളൊക്കെയും അറിഞ്ഞാണ് സുജിത് തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. സുജിത്തിനെ എങ്ങനെയാണ് നിരസിക്കുകയെന്ന അനിത ചിന്തിച്ചു. നിനച്ചിരിക്കാതെ സ്വപനലോകത്തേക്ക് വഴുതി വീണപോലെ. ഞൊടിയിട കൊണ്ട്ജീവിതം മാറിമറിഞ്ഞതുപോലെ വിശ്വസിക്കാനാവാതെ അവൾ പകച്ചു നിന്നു.

സുജിത് തന്‍റെ പ്രണയരഹസ്യം സാവിത്രിചിറ്റയെ അറിയിച്ചു. സുജിതിന്‍രെ അമ്മയേയും അനിതയുടെ അമ്മേയും ഇക്കാര്യം ധരിപ്പിക്കുന്ന കാര്യം സാവിത്രിയമ്മ സ്വയമേറ്റെടുത്തു. സാവിത്രിയമ്യെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. അനിതയെ അവർ സ്വന്തം മകളായാണ് കണ്ടിരുന്നത്. സാവിത്രിയമ്മയുടെ മിടുക്കു കാരണം കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീരുമാനമായി. ഇതുവരെ കാണാത്ത ഒരു സ്വപനസുഖത്തിൽ അനിത ലയിച്ചിരുന്നു. അമ്മയുടെ അസുഖം മൂലം വിവാഹത്തെക്കുറിച്ചൊന്നും അവൾ ആലോചിച്ചിരുന്നില്ല. അല്ലെങ്കിലും ഇതൊന്നും തനിക്ക് വിധിച്ചിട്ടില്ലന്ന ചിന്തയിലായിരുന്നു അവൾ ഇതുവരെ.

സാവിത്രിയിൽ നിന്നും സുജിതിനെക്കുറിച്ചറിഞ്ഞ അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു. അമ്മയുടെ മുഖത്ത് നിലവുപോലെ പരന്ന സന്തോഷം. തന്‍റെ കണ്ണടഞ്ഞാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കുമല്ലോയെന്ന ആശ്വാസമായിരുന്നു അവർക്ക്.

വിവാഹശേഷം സുജിത് ഹണിമൂൺ പ്ലാൻ ചെയ്തു. കുറച്ചുദിവസം വീട്ടിൽ നിന്നും മാറി നിൽക്കണമായിരുന്നതിനാൽ അനിതയുടെ അമ്മയെ പരിചരിക്കാനായി ഒരു ഹോംനേഴ്സിനെ ഏർപ്പെടുത്തി. അനിതുയുടെ അമ്യുടെ കാര്യത്തിൽ അയാൾ കാണിക്കുന്ന കരുതലും ശ്രദ്ധയും കണ്ട് അനിത മനസ്സാ സന്തോഷിച്ചു. ഇനി തനിക്കും അമ്മയ്ക്കും ഈ ലോകത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ അവളെ ആഹ്ലാദത്തിലാക്കി. കൂടാതെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ സാവിത്രിയമ്മയും ഓപ്പമുണ്ട്.

ഹണിമൂൺ നാളുകളിലെ സുന്ദരമായ ഓർമ്മകളുമായി മടങ്ങിയ അനിതക്ക് പക്ഷേ വേദനിക്കാനായിരുന്നു വിധനിയോഗം. അനിതയുടെ അമ്മ എന്നന്നേക്കുമായി ഈ ലോകം വെടിഞ്ഞു. നിനച്ചിരിക്കാതെ പടികടന്നെത്തിയ സങ്കടം അവൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. പക്ഷേ എല്ലാറ്റിനും താങ്ങായി സുജിത് ഒപ്പമുണ്ടല്ലോയെന്ന ആശ്വാസം പുതിയ ജീവിതത്തിലേക്ക് തിരിച്ചു നടത്തി.

സുജിതിന്‍റെ അവധി കഴിയാറായി, ജോലി സ്ഥലത്തേക്ക് എത്രയുംവേഗം മാടങ്ങിയേ പറ്റൂ. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. സുജിതുമായുള്ള വിവാഹവും തുടർന്നുള്ള അമ്മയുടെ മരണവും അനിതക്ക് സ്വന്തം നാടുമായുള്ള ബന്ധത്തെ നാമമാത്രമാക്കി. സ്വന്തം വീടും സ്ഥലവും വിൽക്കാൻ സുജിത് ആവുന്നതും അവളെ നിർബന്ധിച്ചു. എന്നാൽ അതിൽ അനിതക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. തന്‍റെ കുട്ടിക്കാലവും ഓർമ്മകളും ആ വീടുമായി ലയിച്ചിരിക്കുകയല്ലേ… അതുകൊണ്ട് ആ വീട് വിൽക്കുന്നതിനോട് അവൾ യോജിച്ചില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം അവൾ വീടിന്‍റെ താക്കോൽ സാവിത്രിയമ്മയെ ഏൽപ്പിച്ചു.

സുജുതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയിലുടനീളം അവളുടെ മനസ്സു നിറയെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. ജീവിതത്തിൽ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വേർപാട് അവളെ മാനസികമായി തളർത്തി. ഗൗതം ജനിച്ച ശേഷമാണ് ആ വേദനയ്ക്ക് തെല്ലാശ്വാസമായത്. അവന്‍റെ കളിയും ചിരിയും നിറയുന്ന ആ കൊച്ചുവീട് അവൾക്ക് സ്വർഗ്ഗമായി തോന്നിച്ചു. വർഷങ്ങൾ കടന്നു പോയി.. ഇന്ന ഗൗതമിന് 5 വയസ്സായി, എന്നാൽ എന്തോ ഒരു കുറവ് അവളെ അലട്ടിക്കൊണ്ടിരുന്നു.

സുജിതിന് ഈയിടയായി ഒരകൽച്ച അവളുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ മനപൂർവ്വം അയാൾ ശ്രമിച്ചിരുന്നു. പഴയതുപോലെ സംസാരമില്ല. ചോദ്യങ്ങൾക്കൊക്കെ അളന്നുമുറിച്ച് കൃത്യം മറുപടി പറഞ്ഞു. വീട്ടിലാകെ മൗനം. മുമ്പ് വീടുണരണമെങ്കിൽ സുജിത് ഓഫീസിൽ നിന്നെത്തണമായിരുന്നു. ഇപ്പോഴാണെങ്കിലോ നിശ്ശബ്ദത കൂട് കൂട്ടിയപോലെ…

ഒരു ദിവസം സുജിത് പതിവിലും നേരത്തേ വീട്ടിലെത്തി. ഈ സമയം ഗൗതം പുറത്ത് കളിക്കുകയായിരുന്നു. വന്നയുടനെ അയാൾ അനിതയെ വിളിച്ച് കഴിഞ്ഞ കുറേ നാളുകളായി താനൊരു സഹപ്രവർത്തകയുമായി പ്രണയത്തിലാണെന്ന കാര്യം അറിയിച്ചു. ഒട്ടും സങ്കോചവും വളച്ചുകെട്ടുമില്ലാത്ത അയാളുടെ വെളിപ്പെടുത്തൽ അവളെ ശരിക്കും അദ്ഭുതപ്പെടുത്തി. സൌഹൃദം പതിയെപ്പതിയെ പ്രണയത്തിലെത്തുകയായിരുന്നത്രേ. ഒരുപക്ഷേ ലോകത്ത് ഇതാദ്യമായിട്ടായിരിക്കും ഒരു ഭർത്താവ് ഭാര്യയോട് തന്‍റെ പ്രണയരഹസ്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെ പറഞ്ഞിരിക്കുക. എന്തുകൊണ്ടോ ആ വാർത്ത അനിതയെ ഒട്ടും ഞെട്ടിച്ചില്ല. ജീവിതത്തിലെപ്പോഴെങ്കിലും ഒരു പ്രതിസന്ധിയുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കണം. ഒരുപക്ഷേ സമയമാകും മുമ്പേ മനസ്സ് അത്തരമൊരവസ്ഥ നേരിടാൻ പ്രാപ്തി കൈവരിച്ചിരിക്കണം. അവൾ നിസ്സംഗതയോടെ ജനാലയിലൂടെ പുറത്തെ കാഴ്ചകളെ നോക്കി.

ബനഅധം വളരെ വളർന്നിരിക്കുന്നു. അറുത്തു മാറ്റാനാവാത്തവിധം. ഇനി അവിടെ തനിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് യാഥാർത്ഥ്യം തെല്ലും അദ്ഭുതപ്പെടുത്തിയില്ല. ഏത് പ്രതിസന്ധിയിലും തളർന്നു പോകാത്തവിധം മനസ്സ് സ്വയം തയ്യാറെടുത്തിരുന്നു. സ്നേഹം, കരുതൽ, അടുപ്പം തുടങ്ങിയ വികാരങ്ങൾ കേവലം നൈമിഷികമാണെന്ന് മനസ്സ് എപ്പോഴോ ഊഹിച്ചെടുത്തതുപോലെ… ഗൗതമിനെക്കുറിച്ചോർത്തപ്പോൾ മാത്രമാണ് മനസ്സുരുകിയത്. അച്ഛനും അമ്മയും ചേർന്ന കുടുബജീവിത്തിന്‍റെ സുരക്ഷിതത്യത്തിൽ മറന്നുലസിക്കുന്ന അവൻ…. ഒന്നുമറിയാത്ത കുഞ്ഞിനെ എന്തെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കേണ്ടി വരുമെന്നോർത്ത് അനിതയുടെ കണ്ണു നിറഞ്ഞു. ഇനി വയ്യാ… ഈ അവഗണനയ്ക്ക് മുന്നിൽ അർത്ഥശൂന്യമായ ശരീരമായി നിലകൊള്ളാനാവില്ല. അനിത ചില തീരുമാനങ്ങളെടുത്തു.

നേരം നന്നെ വെളുത്തിരുന്നു. ഇളംവെയിൽ ബസ്സിന്‍റെ ചില്ലിനേയും ഭേദിച്ചുകൊണ്ട് അവളുടെ മുഖത്ത് പതിഞ്ഞു. അവൾ ഞെട്ടിയുണർന്ന് ചുറ്റുപാടും നോക്കി. നേരം കുറെയായിരിക്കുന്നു. ഗൗതം ശാന്തനായി ഉറങ്ങുന്നു, നിഷ്കളങ്കമായ ആ മുഖത്തേക്ക് അവൾ നോക്കിയിരുന്നു.

ഉണർന്നെണീറ്റ സുജിത് കിടക്കയിൽ അനിതയേയും കുഞ്ഞിനേയും കാണാതെ പരിഭ്രാന്തനായി അടുക്കളയിലും സ്വീകരണമുറിയിലും ചെന്നു നോക്കി. അപ്പോഴാണ് ഡൈനിംഗ് ടേബിളിൽ ഒരു വെള്ള കവറിരിക്കുന്നത് കണ്ടത്. അയാൾ നെഞ്ചിടിപ്പോടെ തിടുക്കപ്പെട്ട് കവർ തുറന്ന് കത്തെടുത്തു. കൈകൾ വല്ലാതെ വിറയ്ക്കുന്നു.

സുജിത്,

ഇന്നലെ എന്നോട് പറഞ്ഞ കാര്യം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് കരുതാൻ ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ അത് ഈ പകൽവെളിച്ചം പോലെ സത്യമായ ഒന്നാല്ലേ. നിലക്കണ്ണാടിയിൽ വീണ പോറൽ മായാതെ കരടായി അവശേഷിക്കുന്നതുപോലെ എനിക്കും നിങ്ങൾക്കുമിടയിൽ ഒരകൽച്ച സംഭവിച്ചിരിക്കുന്നു. ഇനി നാം ഒരുമിച്ചുള്ള ജീവിതം അസാധ്യമാണ്. ഈ അകൽച്ച നമ്മുടെ ജീവിതത്തെ കൂടുതൽ വികൃതമാക്കുകയേയുള്ളു. എനിക്കൊപ്പം ഗൗതം ഉണ്ട്. ഇന്ന് ഞാൻ ജീവിത്തെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെന്‍റെ സ്വാതന്ത്ര്യം കൂടിയാണ്. മുറിപ്പെട്ട മനസ്സുമയല്ല ഞാൻ മടങ്ങുന്നത്. ഒരിക്കൽ ഞാൻ തനിച്ചായിപ്പോയ എന്‍റെ സ്വന്തം നാട്ടിലേക്ക് ഞാൻ മടങ്ങുകയാണ്. എന്‍റെ വീട്ടിലേക്ക്… എന്‍റെ പൊന്നുമോനോടൊപ്പം… ഈ കുടുംബചിത്രം ഞാൻ സ്വയം തിരുത്തുകയാണ്.

ആശംസകളോടെ…

അനിത

എഴുത്തു വായിച്ച് തളർന്നിരുന്ന സുജിത് ചുവരിൽ തൂക്കിയിട്ടിരുന്ന ചില്ലുഫ്രെയിമിട്ട ഫോട്ടോയിലേക്ക് ഏറെനേരം നോക്കിയിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന അനിത… അനിതയുടെ ചുമലിൽ പിടിച്ച് ചേർന്ന് സംതൃപ്തഭാവത്തിൽ നിൽക്കുന്ന സുജിത്… സുജിതിന്‍റെ കണ്ണ് നിറഞ്ഞു. ഫ്രെയിമിന്‍റെയുള്ളിലെ ചതുരത്തിൽ മുഖങ്ങൾ വളഞ്ഞും പുളഞ്ഞും വികൃതമാക്കപ്പെട്ടതുപോലെ… രൂപം പൂർണ്ണമായും മാറിയിരിക്കുന്നു… നിറമിളകി ഒഴുകിയൊലിച്ച് കൃത്യമായ രൂപമില്ലാതെ…

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 6

ക്രിസ്തുമസ് തലേന്നാണ് വാഷിംഗ്ടണിൽ ആഘോഷരാവുകളുടെ ദിനങ്ങളായി. എല്ലാ വർഷവും ഡിസംബർ 24ന് ഗൗതമന്‍റെ സുഹൃത്ത് ജോൺ ജോസഫിന്‍റെ വീട്ടിൽ പാർട്ടിയുണ്ട്. ഗൗതമൻ വാഷിംഗ്ടണിലുണ്ടെങ്കിൽ ആ പാർട്ടി മുടക്കില്ല. യുഎസിൽ ജോലി കിട്ടിയ സമയം മുതൽ തുടങ്ങിയ ബന്ധമാണ്.

രാവിലെ എഴുന്നേറ്റപ്പോൾ അയാൾ അക്കാര്യം ഓർമ്മിച്ചു. ഇന്നാണല്ലോ ജോണിന്‍റെ പാർട്ടി. വൈകിട്ട് 6 മണിക്ക് തന്നെ ചെല്ലണമെന്ന് ജോണിന്‍റെ പ്രത്യേക അഭ്യർത്ഥനയുണ്ട്. പക്ഷേ ഇപ്രാവശ്യം എങ്ങനെ പോകും? രേണുവിനേയും ഉർവ്വശിയേയും തനിച്ചാക്കി പോയാൽ അവർക്കെന്തുതോന്നും? രേണു ആദ്യമായിട്ടാണ് ഈ വീട്ടിൽ വരുന്നത്. അയാൾ അതേക്കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ ഉമ രേണുവിനോട് സംസാരിക്കുന്നതു കേട്ടു. പ്രഭാതഭക്ഷണം തയ്യാറാക്കുകയാണ് ഇരുവരും.

“രേണു, ഇന്ന് വൈകിട്ട് ഞങ്ങൾക്കൊരു സ്ഥലം വരെ പോകണം. ക്രിസ്തുമസ് പാർട്ടിയാണ്. ഇവിടെ നിന്ന് അരമണിക്കൂർ യാത്രയ്ക്കുള്ള ദൂരമേയുള്ളൂ. പ്രയാസമില്ലെങ്കിൽ ഞങ്ങളുടെ കൂടെ വരാം. ഞങ്ങൾക്ക് പോവാതിരിക്കാൻ നിർവ്വാഹമില്ല.”

“വേണ്ട ആന്‍റീ, നിങ്ങൾ പോയി വരൂ. ഞങ്ങൾ ഇവിടെയുണ്ടാകും.” രേണു മറുപടി പറയും മുമ്പു തന്നെ ഉമയുടെ സംസാരം കേട്ടു നിന്ന ഉർവ്വശി പറഞ്ഞു. അപ്പോൾ ഉമേഷും അതിനെ സപ്പോർട്ട് ചെയ്തു.

“ശരിയാ മമ്മീ അവർ ഇവിടെ നിൽക്കട്ടെ. ഞാനും പാർട്ടിക്കു വരുന്നില്ല.”

ഉർവ്വശിയെ തനിച്ചാക്കി പോകാനുള്ള വിഷമം കൊണ്ടാണെങ്കിലും ഉമേഷ് ചെയ്തത് നന്നായി എന്ന് ഗൗതമന് തോന്നി.

അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഗൗതമന് ആശ്വാസമായി. രേണു കൺമുന്നിൽ തന്നെയുണ്ടെങ്കിലും അയാൾ അവളോട് കൂടുതലൊന്നും സംസാരിച്ചില്ല. രേണുവും. തങ്ങൾ നേരത്തേ പരിചയക്കാരാണെന്ന് ഇനി അറിയുന്നത് സംശയങ്ങൾക്കിട നൽകും. രേണുവിനെ കണ്ട ദിവസം തന്നെ പരിചയം പുതുക്കിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അന്ന് പക്ഷേ, അതിനുള്ള ധൈര്യമോ മനസ്സാന്നിദ്ധ്യമോ തോന്നിയില്ല. അയാളോർത്തു.

ഗൗതമനും ഉമയും വൈകിട്ട് പാർട്ടിക്കു പോയി മടങ്ങി വന്നപ്പോൾ 11 മണിയായി. ആ സമയം മൂന്നുപേരും ഡ്രോയിംഗ് റൂമിലിരുന്ന് സിനിമ കാണുന്നുണ്ടായിരുന്നു. പുതിയ ഹിന്ദി സിനിമയുടെ സിഡി ഇന്നലെ ഉമേഷിന് കൂട്ടുകാർ എത്തിച്ചുകൊടുത്തിരുന്നു.

“ആന്‍റീ… എങ്ങനെയുണ്ടായിരുന്നു പാർട്ടി?”

ഉർവ്വശി എഴുന്നേറ്റു വന്ന് വാതിൽ തുറന്നു കൊണ്ട് ചോദിച്ചു.

“ഹാ… പാർട്ടിയൊക്കെ കൊള്ളാം. പക്ഷേ മദ്യപാനം ലേശം കൂടിയോ എന്നൊരു സംശയം.”

ഗൗതമൻ അതു കേട്ടതായി ഭാവിക്കാതെ മുകളിലത്തെ നിലയിലേക്കു പോയി. അയാൾ ഉറക്കത്തിന്‍റെ മൂഡിലായിരുന്നു.

പിറ്റേന്ന് ഗൗതമനൊഴികെ എല്ലാവരും എഴുന്നേറ്റത് രാവിലെ 10 മണിക്ക്. പുറത്തേക്കിറങ്ങാൻ വയ്യാത്തത്ര തണുപ്പാണ്. അതുകൊണ്ട് വാഷിംഗ്ടൺ നഗരം ഉണരുന്നത് വളരെ വൈകിയാണ്. അയാൾ പതിവുപോലെ ആറ് മണിക്ക് ഉണർന്ന് ചായ സ്വയം തയ്യാറാക്കി കുടിച്ച് പത്ര വായനയിലേയ്ക്ക് കടന്നു. ഈ സമയം ഉമേഷ് അടുക്കളയിലേക്ക് തിരക്കിട്ട് കയറിവന്നു കൊണ്ട് പറയുന്നതു കേട്ടു.

“മമ്മീ, ഉടൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കൂ. ദെൻ ഇറ്റ് ഈസ് ദി ടൈം ഫോർ ഗിഫ്റ്റ് എക്സ്ചേഞ്ചിംഗ്…”

ഉമേഷ് ആവേശത്തോടെ പറഞ്ഞു. ഇപ്രാവശ്യം ഉർവ്വശി കൂടെയുള്ളതു കൊണ്ടാകാം അവന് ഇരട്ടി ആവേശമുണ്ട്.

അമേരിക്കയിൽ താമസിക്കുന്നതിനാൽ കുട്ടികൾ ശരിക്കും അമേരിക്കക്കാരെ പോലെയായി. ക്രസ്തുമസിന് ഗിഫ്റ്റ് കൈമാറ്റം നടത്തുന്നത് ഇവിടുത്തെ പ്രധാന ചടങ്ങുകളിലൊന്നാണ്. ഇപ്പോൾ എല്ലാ വർഷവും അതു നടന്നില്ലെങ്കിൽ ഉമേഷിന് മനഃസമാധാനമില്ലാതായിട്ടുണ്ട്. അവന് ഓർമ്മ വച്ച നാൾ മുതൽ തുടങ്ങിയ ചടങ്ങാണ്. സ്കൂളിലും കോളേജിലുമൊക്കെ ഇത് വളരെ പ്രധാനമാണ്. ഗൗതമൻ ചിരിയോടെ ഓർമ്മിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോൾ ഗിഫ്റ്റ് പായ്ക്കറ്റ് കൈമാറാനുള്ള ഒരുക്കമായി. ഉമ എല്ലാവർക്കും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു. കൂടെ ഉമേഷും ഉർവ്വശിയും കൈയിൽ ചില പൊതികളുമായി എത്തി.

ഉർവ്വശിക്കായി ഉമ കുറയേറെ സമ്മാനങ്ങൾ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. അവ ഓരോന്നായി കൈയിൽ കിട്ടിയപ്പോൾ ഉർവ്വശി അതിശയിച്ചു.

“ആന്‍റീ, ഇപ്രാവശ്യം ക്രിസ്തുമസ് ഗിഫ്റ്റ് എനിക്കു മാത്രമാണോ വാങ്ങിയത്… ഇത്രയേറെ ഗിഫ്റ്റ്സ്…”

“നോ, മൈ ഡിയർ, രേണുവിനും വിജയിനുമുണ്ട്.” ഉമ മൂന്നു നാല് പാക്കറ്റുകൾ കൂടി തുറന്ന് രേണുവിനും വിജയിനും സമ്മാനിച്ചു. രേണുവിന് ഇളം നീല നിറത്തിൽ ചെറിയ കസവുകരയുള്ള സിൽക്ക് സാരിയാണ് ഉമ സമ്മാനമായി തെരഞ്ഞെടുത്തിരുന്നത്. രേണുവും കൊണ്ടുവന്നിട്ടുണ്ടായിരുന്നു സമ്മാനങ്ങൾ. അവൾ അത് എല്ലാം ഉമയെ ഏൽപിച്ചു.

ഈ സമയത്ത് ഉമേഷും ഉർവ്വശിയും പ്രതീക്ഷയോടെ ഗൗതമനെ നോക്കി. പപ്പ തങ്ങൾക്കെന്തെങ്കിലും കരുതിയിട്ടുണ്ടാവുമെന്ന് അവർ പ്രതീക്ഷിക്കുന്നുവെന്ന് ഗൗതമന് മനസ്സിലായി. അയാൾ ഗൂഢമായ ഒരു സന്തോഷം മനസ്സിലൊളിപ്പിച്ച് നിർവ്വികാരനായി ഇരുന്നു.

ഉമ പെട്ടെന്ന് ചോദിച്ചു, “ഗൗതമേട്ടാ… എനിക്കെന്താ ഒന്നും തരുന്നില്ലേ?”

“എനിക്ക് ആ പതിവ് ഇല്ലെന്ന് നിനക്കറിയാമല്ലോ… പിന്നെന്താ ഇങ്ങനെ ഒരു ചോദ്യം…”

“അതുശരി, ഒഴിയാനാണോ ഭാവം. ഇന്ന് എനിക്ക് ഗിഫ്റ്റ് തരാതെ നിവൃത്തിയില്ല.” ഉമ വാശിയോടെ പറഞ്ഞു.

“ചോദിച്ച് ഗിഫ്റ്റ് മേടിക്കുന്നത് ശരിയാണോ ഉമേ?”

“എങ്ങനെയായാലും വേണ്ടില്ല.”

അവളുടെ ചുവന്ന മുഖത്തേക്കു നോക്കി കുസൃതിച്ചിരി ചിരിച്ച് ഗൗതമൻ മുകളിലേക്ക് പോയി. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യവും സങ്കടവും വന്നു. ഉർവ്വശിയും ഉമേഷും വിളറിയ മുഖത്തോടെയിരുന്നു.

രേണുവിന്‍റെ മുഖത്തു മാത്രം ഒരു ഭാവവ്യത്യാസവുമില്ല. തിരയടങ്ങിയ സാഗരം പോലെ ശാന്തമായ ഭാവം.

അഞ്ചു മിനിറ്റിനകം ഗൗതമൻ താഴേക്ക് രണ്ട് പായ്ക്കറ്റുകളുമായി എത്തി. ഒരു പായ്ക്കറ്റ് ഉമയ്ക്കു കൊടുത്തു. ഒരു ജുവലറി ബോക്സ്. അവൾ ആകാംഷയോടെ തുറന്നു നോക്കി. ഭംഗിയുള്ള ജിമുക്കി.

“നൈസ്…. ഇത് ഗോൾഡാണോ?”

“എന്തോ… എനിക്കറിയില്ല…” ഗൗതമൻ കൃത്രിമ ഗൗരവത്തോടെ പ്രതികരിച്ചു.

“ആ പായ്ക്കറ്റിലെന്താ?” ഉമ വീണ്ടും ചോദിച്ചു.

“ഇത് നിനക്കുള്ളതല്ല. ഉർവ്വശിക്കാണ്. മോളേ ഇങ്ങടുത്തു വരൂ.” ഗൗതമൻ വിളിച്ചു.

ഉർവ്വശി എഴുന്നേറ്റ് ഗൗതമന്‍റെ അടുത്തേക്ക് വന്നു.

“ഉമേഷ് നീയും വരൂ… ഈ മോതിരം നിന്‍റെ ഭാവിവധുവിനെ അണിയിക്കൂ…”

ബോക്സ് ഉമേഷിനു നേരെ നീട്ടി. ഉമേഷ് അമ്പരപ്പോടെ നോക്കി. വിലയേറിയ വജ്രമോതിരം..

രേണുവും ഉമയും അവിശ്വസനീയമായതു കേട്ടതുപോലെ പരസ്പരം നോക്കി. ഉമേഷ് ഗൗതമന്‍റെ കൈയിൽ നിന്ന് മോതിരം വാങ്ങി ഉർവ്വശിയെ അണിയിച്ചു. ഉർവ്വശി ഗൗതമന്‍റെ പാദങ്ങൾ തൊട്ടു വണങ്ങി.

“പപ്പാ, എന്നെ അങ്ങയുടെ മകളായി സ്വീകരിച്ചു അല്ലേ…?”

“അതേ മോളേ… നീ ഇവിടെ ആദ്യമായി വന്ന ദിവസം തന്നെ ഞാൻ അതു തീരുമാനിച്ചതാണ്….”

ഉർവ്വശിയും ഉമേഷും കൗതുകത്തോടെ ആദരവോടെ ഗൗതമനെ നോക്കിയിരുന്നു. പപ്പ വിവാഹത്തിന് സമ്മതം മൂളിയില്ലെന്ന പരിഭവത്തിലായിരുന്നല്ലോ ഉമേഷ്… തന്‍റേത് വെറും തെറ്റിധാരണയായിരുന്നു എന്നറിഞ്ഞപ്പോഴുള്ള ജാള്യതയും അവന്‍റെ മുഖത്തുണ്ടായിരുന്നു. ഉമ അത്യധികം സന്തോഷവതിയായി.

“ഇത്രയും നാൾ ഞങ്ങളെ തീ തീറ്റിച്ചതെന്തിനായിരുന്നു?” ഉമേഷ് ചോദിച്ചു.

“എല്ലാത്തിനും സമയമുണ്ട്. അതിന് കാത്തിരിക്കുകയായിരുന്നു.” ഇങ്ങനെ പറഞ്ഞിട്ട് ഗൗതമൻ രേണുവിനെ നോക്കി.

അവളുടെ മുഖത്ത് നിലാവുദിച്ച പോലെ സന്തോഷം നിറയുന്നുണ്ട്.

“ഉർവ്വശിയുടെ അമ്മയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. നിങ്ങളുടെ മകളെ ഞങ്ങൾക്ക് നൽകിക്കൂടേ.”

ഗൗതമന്‍റെ ചോദ്യത്തിന് കണ്ണീർ വാർത്തുകൊണ്ടാണ് രേണു മറുപടി പറഞ്ഞത്.

“ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് എന്‍റെ മകളെ അയയ്ക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.”

“നോ രേണു, ഡോണ്ട് ക്രൈ… നൗ ഇറ്റ്സ് ടൈം ഫോർ ഹാപ്പി…” ഉമ പറഞ്ഞു.

“ശുഭ കാര്യങ്ങൾ മധുരം കൊണ്ട് സമ്പന്നമാക്കണമെന്നാണല്ല. കാറിന്‍റെ ഡിക്കിയിൽ ഒരു സ്വീറ്റ്സ് ബോക്സ് വച്ചിട്ടുണ്ട്. ഉമേഷ് നീ പോയി എടുത്തു കൊണ്ടുവാ.”

“ജനുവരി രണ്ടു വരെ ഞാൻ ലീവിലാണ്. അതിനകം നമുക്ക് ഒരു മെഗാ പാർട്ടി അറേഞ്ച് ചെയ്യണം. നീ ഒരു ദിവസം തീരുമാനിക്ക്… ഈ ഹാപ്പി ന്യൂസ് നമ്മുടെ ഫ്രണ്ട്സുമായും പങ്കു വയ്ക്കണമല്ലോ.” ഉമയോട് ഗൗതമൻ പറഞ്ഞു.

“എങ്കിൽ രേണു തിരിച്ചു പോകും മുമ്പ് തന്നെ ഒരു ദിവസമാകട്ടെ.” ഉമ പറഞ്ഞു.

“യെസ്, അതാ നല്ലത്.” രേണുവും അതിനോട് യോജിച്ചു.

“ചടങ്ങ് തിരക്കിട്ട് നടത്തുന്നതു കൊണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ….” അവർ പറഞ്ഞു.

സംസാരവും ഗിഫ്റ്റ് കൈമാറ്റവും എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരു മണി..

“ഇന്നെന്താ ഉച്ചഭക്ഷണം ഒന്നുമില്ലേ…”

“ഇന്ന് നമുക്ക് പുറത്തുനിന്ന് കഴിക്കാം…”

“ക്രിസ്തുമസ് ദിനത്തിൽ ഒരു ഹോട്ടലും തുറക്കില്ലല്ലോ…” ഗൗതമൻ പറഞ്ഞു.

“ഇന്ത്യൻ റസ്റ്റോറന്‍റ് തുറക്കും. നമുക്കവിടെ പോകാം.” ഉമേഷ് ഗൗതമനെ ആശ്വസിപ്പിച്ചു.

“പപ്പയ്ക്ക് വണ്ടി ഓടിക്കാൻ മടിയാണെങ്കിൽ ഞാൻ ഡ്രൈവ് ചെയ്യാം.”

രേണുവും ഉർവ്വശിയും സൈൻഹോജയിലേക്ക് തിരിച്ചു പോകുന്നതിന് ഒരു ദിവസം മുമ്പ് പാർട്ടി നടത്താനായിരുന്നു ഉമയുടെ തീരുമാനം. അതുകൊണ്ട് മൂ്നു ദിവസത്തിനകം എല്ലാം റെഡിയാക്കി. വിളിക്കാനുള്ളവരെയെല്ലാം ഫോണിൽ വിളിച്ചു പറഞ്ഞു.

എൻഗേജ്മെന്‍റ് പാർട്ടിയായി നടത്താൻ വേണ്ടത്ര സമയം ഇല്ലാത്തതിനാൽ ഒരു ഗെറ്റ് ടുഗതർ സംഘടിപ്പിച്ച് അവിടെ വിവാഹക്കാര്യം അനൗൺസ് ചെയ്യുകയായിരുന്നു. കല്യാണം വിപുലമായി വാഷിംഗ്ടണിൽ വച്ച് നടത്താനാണ് ഗൗതമന്‍റെ തീരുമാനം. ഡേറ്റും കാര്യങ്ങളുമൊന്നും ഫൈനലൈസ് ചെയ്തില്ല. അതിന് രേണുവിന്‍റെ വീട്ടുകാരെ കൂടി അറിയിക്കണം.

പാർട്ടി കഴിഞ്ഞപ്പോൾ ഉമ ഗൗതമനോട് രഹസ്യമായി പറഞ്ഞു “രേണു എന്നോട് ഒരു കാര്യം സൂചിപ്പിച്ചു. നാളെ അവർ കാലിഫോർണിയയ്ക്കു മടങ്ങും. പാർട്ടിക്കു ചെലവായ തുക അവർ നൽകാമെന്നാണ് പറയുന്നത്.”

ഗൗതമൻ ആലോചനയിലാണ്ടു. “ഞാൻ നാളെ പറയാം. എന്തു ചെയ്യണമെന്ന്.”

പിറ്റേന്ന് ഉമ ബാത്ത്റൂമിൽ ആയിരുന്ന സമയത്ത്, രേണു അടുക്കളയിലേക്ക് വരുന്നത് ഗൗതമൻ കാത്തിരുന്നു. അവർ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകിട്ട് മൂന്നു മണിക്കാണ് ഫ്ളൈറ്റ്. കൂടെ ഉമേഷും മടങ്ങുന്നുണ്ട്.

“രേണൂ….”

അവൾ അതിശയത്തോടെ ഗൗതമനെ നോക്കി. വീട്ടിൽ വന്നിട്ട് ഒരാഴ്ചയായി. ഗൗതമൻ ഇതേവരെ തനിച്ച് സംസാരിച്ചിട്ടില്ല.

“രേണൂ, നീ ചെറിയ കാര്യങ്ങൾക്കു മേൽ ഇത്ര ബലം പിടിക്കല്ലേ…”

“എന്തുപറ്റി ഗൗതം…?”

“പാർട്ടിയുടെ ചെലവ് നീ എന്തിനാണ് നൽകുന്നത്?”

“പക്ഷേ ഗൗതം, ആ ചെലവ് ഞാൻ തന്നെ വഹിക്കുന്നതല്ലേ ശരി. അതൊരു ചടങ്ങാണ്. അത് നമ്മുടെ മുൻ പരിചയത്തിന്‍റെ പേരിൽ മാറ്റണോ?”

“രീതിയും ചടങ്ങും… നീ ഇങ്ങനെ തുടങ്ങിയാൽ ഇനി നമ്മൾ തമ്മിൽ മിണ്ടില്ല.” ഗൗതമൻ ഗൗരവത്തോടെ പറഞ്ഞു. അവൾ നിശ്ശബ്ദയായി നിൽക്കുന്നതു കണ്ട് ഗൗതമൻ തുടർന്നു.

“മെയ്മാസത്തിനുള്ളിൽ വിവാഹം നടത്തണം. നേരത്തേ പറഞ്ഞത് ഓർമ്മയുണ്ടല്ലോ, വിവാഹം വാഷിംഗ്ടണിലായിരിക്കും.” രേണു മറുപടി പറയും മുമ്പ് ഉർവ്വശി മുകളിൽ നിന്ന് തിരക്കിട്ട് ഇറങ്ങി വന്നു.

“മമ്മീ…”

അവൾ രണ്ടുപേരെയും അതിശയത്തോടെ നോക്കി. ഗൗതമനും രേണുവും അറിയാതെ ഞെട്ടിപ്പോയി.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें