വേനൽ ചൂടിൽ കൂൾ ആവാം

വേനൽക്കാലം ഒരു ചലഞ്ചിംഗ് സീസൺ ആണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്, വസ്ത്രധാരണത്തിന്‍റെ കാര്യത്തിൽ ആ വെല്ലുവിളി കൂടുന്ന സമയം ആണിത്.

വേനൽക്കാലമാകുമ്പോഴേക്കും ഉരുകിയൊലിക്കുന്ന ചൂട് കാണുമ്പോൾ ഹൊ… എങ്ങനെ ഒന്ന് പുറത്തിറങ്ങും എന്ന് നമ്മൾ പറഞ്ഞു പോകും. പോരാത്തതിന് യാത്രകളുടെ കാലം കൂടിയാണ് വേനൽക്കാലം. കടുത്ത ചൂട്, ശരീരം കൂടുതൽ തുറന്നു കാട്ടാൻ പ്രേരിപ്പിക്കും. എന്നാൽ അതേ ചൂട് എക്സ്പോസ്ഡ് ആയ ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.

ശരീരം മുഴുവൻ മൂടാൻ കഴിയുന്നതും അയഞ്ഞതും വായു കടക്കുന്നതുമായ വസ്‌ത്രമാണ് വേനൽക്കാലത്ത് ആവശ്യം. സിംഗിൾ ലയർ ഡ്രസുകൾ എന്ന കൺസെപ്റ്റ് ഏറ്റവും കൂടുതൽ യോജിക്കുന്ന സമയം ആണ് സമ്മർ സീസൺ. നേർത്ത കോട്ടൺ, സിൽക്ക്, ലിനൻ വസ്‌ത്രങ്ങൾ ഈ സമയത്ത് ഉപയോഗിക്കാം. തുറന്ന പ്രദേശങ്ങളിലോ ബീച്ചുകളിലോ പോകുമ്പോൾ ശരീരം മൂടുന്ന ഡ്രസുകൾ ധരിക്കാം. വെയിൽ നേരിട്ട് ഏൽക്കുകയില്ല. കാലുകൾ മൂടാൻ ഷോർട്സ് കനം കുറഞ്ഞ ലോംഗ് സ്കർട്ട് ഇവയൊക്കെ ഉപയോഗിക്കാം. അസിമെട്രിക് പാറ്റേണുള്ള ടോപ്പുകൾ, സിംഗിൾ ഡ്രസ്  നല്ലതാണ്. വേനൽക്കാലത്ത് ധരിക്കാൻ ഏറ്റവും അനുയോജ്യമായ നിറം വെള്ളയാണ്. ഇത് മറ്റെല്ലാ നിറവുമായി യോജിക്കും. കളർബ്ലോക്കിംഗ് ചെയ്യുന്ന നിറങ്ങളും വേനൽക്കാലത്ത് ഉപയോഗിക്കാം. സൂര്യപ്രകാശം കൂടുതൽ ആഗീരണം ചെയ്യാതിരിക്കും. സ്കാർഫ്, ബാഗ് ഇവ കൊണ്ടും കളർബ്ലോക്കിംഗ് ചെയ്യാൻ പറ്റും. വെയിലിന്‍റെ ചൂടും വിയർപ്പും എല്ലാം സഹിച്ച് വേണം പുറത്തേക്കിറങ്ങാൻ എന്നതു കൊണ്ട് മറ്റു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വസ്‌ത്രധാരണം മാത്രമല്ല വേനൽക്കാലത്ത് ചെരുപ്പ് വാങ്ങുമ്പോൾ പോലും പലതും ശ്രദ്ധിക്കേണ്ടി വരും. വേനൽചൂടിൽ പാദങ്ങൾ ക്കൂടുതൽ വിയർക്കും. അതിനാൽ വേനലിൽ ഉപയോഗിക്കാൻ പുതിയ ഷൂ വാങ്ങാം. തണുപ്പു കാലത്ത് ഉപയോഗിക്കുന്നതിനേക്കാൾ അൽപം വലിയ ഷൂ തെരഞ്ഞെടുക്കണം. തുകൽ, കാൻവാസി, സ്യൂഡ് മെറ്റീരിയലിലുള്ള ചെരുപ്പും, ഷൂവും സെട്രച്ചാവും. അവ പർച്ചേസ് ചെയ്യുമ്പോൾ പോലും അൽപം വലുപ്പം കൂടുതലുള്ളതു വാങ്ങുന്നത് നന്നായിരിക്കും.

നാടിന് വേണ്ടി മരിക്കാനും തയ്യാർ! ശിഖ മൽഹോത്ര

റണ്ണിംഗ് ശാദി, ഫാൻ തുടങ്ങിയ സിനിമകളിൽ ചെറിയ കഥാപാത്രങ്ങളേയും കാൻച്ചലിയിൽ നാമിക എന്ന കഥാപാത്രത്തേയും അവതരിപ്പിച്ച ശിഖ മൽഹോത്ര കോവിഡ് കാലത്ത് നേഴ്സായി സൗജന്യ സേവനം നടത്തി മികച്ച മാതൃകയായി മാറിയിരുന്നു..2020 മാർച്ച് തുടങ്ങി ഒക്ടോബർ 2020 വരെ ആയിരക്കണക്കിന് വരുന്ന കൊറോണ രോഗികളെയാണ് അവർ പരിചരിച്ചത്. ഒടുവിൽ അവർക്ക് കൊറോണ ബാധിച്ചു. കൊറോണയിൽ നിന്നും മുക്തമായ ശേഷം ഒരു മാസം കഴിഞ്ഞ് ശരീരത്തിന്‍റെ വലത് ഭാഗത്ത് പക്ഷാഘാതമുണ്ടായി. അതും ഭേദമായി ഇപ്പോൾ അഭിനയ ലോകത്ത് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. ശിഖയുമായുള്ള അഭിമുഖത്തിൽ നിന്നും

താങ്കളെക്കുറിച്ച് പറയാമോ?

ഡൽഹിയിലെ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലായിരുന്നു എന്‍റെ ജനനം. അമ്മ ശോഭാദേവി മൽഹോത്ര, ഒരു ഫ്രണ്ട്‍ലൈൻ കൊറോണ വാരിയറാണ്. അമ്മ നേഴ്സാണ്. 35 വർഷത്തെ സേവനത്തിനു ശേഷം ജൂലൈയിൽ റിട്ടയറായി. 60 വയസിലും അമ്മ ഡൽഹി സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്‌തിരുന്നു. പിതാവ് പ്രകാശ് മൽഹോത്ര റിട്ടയേഡ് ഉദ്യോഗസ്‌ഥനാണ്. സ്ക്കൂൾ കാലം തുടങ്ങി വരയിലും നൃത്തത്തിലും പാട്ടിലും താൽപര്യമുള്ളയാളായിരുന്നു ഞാൻ.  8-ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം രാവിലെ എനിക്ക് ബെഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ വന്നു. പരാലിസിസ് ആയിരുന്നു. ഇനിയൊരിക്കലും കിടക്കയിൽ നിന്നും എഴുന്നേൽക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. പക്ഷേ എന്‍റെ ആത്മവിശ്വാസത്തിലും അമ്മയുടെ കഠിനമായ ശ്രമങ്ങൾക്കുമൊടുവിൽ ഒന്നരവർഷത്തിനു ശേഷം ഞാൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. മാത്രമല്ല വർധമാൻ മഹാവീർ മെഡിക്കൽ കോളേജിലും സഫ്ദർ ജംഗ് ആശുപത്രിയിലുമായി പഠിച്ച് ഞാൻ നേഴ്സിംഗ് ഡിഗ്രി കരസ്ഥമാക്കി. തുടർന്ന് ഒരു വർഷം നേഴ്സായി ജോലി ചെയ്‌തു. ശേഷം അഭിനയമോഹത്താൽ മുംബൈയിലെത്തി. ചില സിനിമകൾ ചെയ്തു. ഫെബ്രുവരി 2020 ൽ കാൻച്ചലി സിനിമ റിലീസായി. 2020 മാർച്ച് തുടങ്ങി ഞാൻ മുംബൈ ബാൽ താക്കറേ ആശുപത്രിയിൽ നേഴ്സായി സേവനം ചെയ്‌ത് തുടങ്ങി.

അഭിനേത്രിയായിട്ടും കൊറോണ രോഗികളെ പരിചരിക്കണമെന്ന ആശയം എങ്ങനെയാണ് തോന്നിയത്?

ഞാനെന്‍റെ നാടിനു വേണ്ടി മരിക്കാൻ വരെ തയ്യാറാണ്. ദേശത്തെ സേവിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന പാഠമാണ് എന്‍റെ മാതാപിതാക്കൾ എന്നും എന്നെ പഠിപ്പിച്ചിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇതൊരു ഗുരുതര പ്രശ്നമാകുമെന്ന കാര്യം എനിക്ക് മനസിലായി. ഞാനപ്പോൾ ആലോചിച്ചത്, എനിക്കൊരു നേഴ്സിംഗ് ഡിഗ്രിയുണ്ട്. അതിനാൽ രോഗികളെ പരിചരിക്കുകയാണ് വേണ്ടതെന്ന് എനിക്ക് തോന്നി. ഈ സമയം എന്‍റെ അമ്മ ഡൽഹിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ജോലികളിലായിരുന്നു. അമ്മയെ ഞാൻ ഫോൺ ചെയ്ത് കാര്യമറിയിച്ചു. അമ്മ എന്‍റെ തീരുമാനത്തെ പിന്താങ്ങി പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെ ഞാൻ ബിഎസ്സി നേഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങി. വഴിയിൽ അവിടവിടായി പോലീസ് എന്നെ തടഞ്ഞു നിർത്തി. ഞാൻ നേഴ്സിംഗ് ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് കാട്ടി കാര്യം പറഞ്ഞു. ആദ്യം ഞാൻ നാനാവതി ആശുപത്രിയിലും കോകിലാബെൻ ആശുപത്രിയിലും പോയി. അവിടെ എനിക്ക് അനുമതി ലഭിച്ചില്ല.  ഒരു സർക്കാർ ആശുപത്രിയിൽ സേവനം നടത്തുന്നതാണ് ഉചിതമെന്ന് അപ്പോൾ എനിക്ക് തോന്നി. പാവപ്പെട്ട രോഗികൾക്കാണ് പരിചരണവും സഹായവും ഏറ്റവും ആവശ്യം. ജോഗേശ്വരിയിലെ എച്ച്ബിറ്റി ട്രോമാ സെന്‍ററിലെത്തി. അവിടെ സേവനമനുഷ്ഠിച്ചാൽ ജീവൻ മാത്രമല്ല മറിച്ച് മുഖസൗന്ദര്യവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് അവിടുത്തെ അധികൃതർ നൽകിയത്. അവിടെ പ്രത്യേക രീതിയിലാണത്രേ ജോലി ചെയ്യേണ്ടത്. അതിലൊട്ടും ഭയമില്ലെന്ന് ഞാൻ ധൈര്യത്തോടെ പറഞ്ഞു. ഞാൻ സൗജന്യമായി ജോലി ചെയ്തു കൊള്ളാമെന്നും അറിയിച്ചു. അങ്ങനെ അവിടെ എനിക്ക് അനുമതി ലഭിച്ചു. ഏതാനും മണിക്കൂർ നീളുന്ന കോവിഡ് സംബന്ധിച്ച് ട്രെയിനിംഗും തന്നു. അങ്ങനെ ഞാൻ എച്ച്ബിറ്റി ഹോസ്പിറ്റലിലെ ട്രോമാ കെയർ സെന്‍ററിലെ സ്പെഷ്യൽ കോവിഡ് ഐസിയുവിൽ ജോലിയാരംഭിച്ചു. 6 മാസം അത് തുടർന്നു.

 

എന്തായിരുന്നു ആ അനുഭവം?

 

തുടക്കത്തിൽ ആരും ഞാൻ പറയുന്നത് അ ത്ര കാര്യമായി എടുത്തിരുന്നില്ല. അവർ നടിയല്ലേ, പബ്ലിസിറ്റിക്കു വേണ്ടി 3-4 ദിവസം ജോലി ചെയ്‌ത് മതിയാക്കി പോകും എന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ഞാനിത് സേവനമനോഭാവത്തോടെ ചെയ്യാൻ തീരുമാനിച്ചു. തുടർന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, സോനു സൂദ്, കത്രീന കൈഫ് എന്നിവർ എന്‍റെ സേവനത്തെ പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. അതെനിക്ക് കൂടുതൽ ധൈര്യം പകർന്നു.

താങ്കൾക്കും കോവിഡ് ബാധിച്ചിരുന്നല്ലോ. എങ്ങനെ അതിജീവിച്ചു?

മാർച്ച് തുടങ്ങി ഒക്ടോബർ വരെ ഞാൻ സ്പെഷ്യൽ കോവിഡ് ഐസിയു വാർഡിലാണ് ജോലി ചെയ്‌തിരുന്നത്. ഐസിയു വാർഡിലായിരുന്നപ്പോൾ ഒക്ടോബർ 2 ന് പെട്ടെന്ന് എന്‍റെ ആരോഗ്യസ്‌ഥിതി വഷളായി. താഴെ കാഷ്വാൽറ്റിയിൽ പോയി ടെസ്റ്റ് ചെയ്‌ത് നോക്കിയപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. എന്‍റെ ഓക്സിജൻ നില കുഴപ്പമില്ലായിരുന്നു. അങ്ങനെ ഹോം ക്വാറന്‍റൈനിലായി. പക്ഷേ 2 ദിവസം കഴിഞ്ഞപ്പോൾ ഓക്സിജൻ നില താഴ്ന്നു. ഉടനടി അതേ ആശുപത്രിയിൽ എന്നെ അഡ്മിറ്റ് ചെയ്‌തു. ഷുഗർനിലയും താഴ്ന്നിരുന്നു. ഏത് നിമിഷവും കോമയിലായി പോകുന്ന സ്‌ഥിതി. പക്ഷേ ഉചിതമായ ചികിത്സയും പരിചരണവും ലഭിച്ചതോടെ രോഗം ഭേദമായി.ഒക്ടോബർ ഒടുവിൽ ഞാൻ വീട്ടിലേക്ക് മടങ്ങി. അതിനുശേഷവും എനിക്ക് നേഴ്സിംഗ് സേവനം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ ഡോക്ടർമാർ അതിന് സമ്മതിച്ചില്ല. പിപിഇ കിറ്റ് ധരിച്ച് കൊണ്ടുള്ള ജോലി എനിക്ക് ഉചിതമായിരിക്കില്ലായെന്നാണ് അവർ പറഞ്ഞത്. കാരണം എന്‍റെ ഷുഗർ നില താഴ്ന്നു കൊണ്ടിരിക്കുന്നത് കൂടുതൽ റിസ്കാണ്. ഡിസംബറായതോടെ എന്‍റെ ശരീരത്തിന്‍റെ ഇടത് ഭാഗത്ത് പക്ഷാഘാതം ഉണ്ടായി. എന്‍റെ മുഖത്തിന്‍റെ ഇടതുഭാഗം തന്നെ കോടിപ്പോയി. അതോടെ എന്നെ സർക്കാർ ആശുപത്രിയായ കൂപ്പർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തു. ഇക്കാര്യമറിഞ്ഞ മുംബൈ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രശേഖർ സാർ എന്നെ കെഎം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കി അങ്ങോട്ടേക്ക് മാറ്റി. അവിടുത്തെ ന്യൂറോളജിസ്റ്റ് ജിതേന്ദ്ര ഡാങ്കേ എന്നെ ചികിത്സിച്ച് ഭേദപ്പെടുത്തി. ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്.

അഭിനയരംഗത്തെ വിശേഷങ്ങൾ?

തീയറ്റർ റിലീസിനു ശേഷം എന്‍റെ മൂവി കാൻച്ചലി അൾട്രാ മൂവി പാർലറിൽ ഓടി കൊണ്ടിരിക്കുന്നുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. ആ സിനിമ ഒരു ലക്ഷത്തിലധികംപ്പേർ കണ്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒരു വെബ് സീരിസ് ചെയ്യുന്നതിന്‍റെ ചർച്ചയിലാണ്. ഉടനടി അത് പൂർത്തിയാവും.

സാഗരസംഗമം – ഭാഗം 5

അതു കണ്ടില്ലെന്നു നടിക്കുവാൻ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അർഹമായതു ലഭിക്കുന്നതു വരെ… ആ പിടച്ചിലിന്‍റെ അന്ത്യമാണ് ഇന്ന് നരേട്ടനിൽ ഞാൻ കാണുന്നത്. തനിക്കർഹതപ്പെട്ട സ്നേഹം ലഭിച്ചതോടെ ആ മനസ്സ് ശാന്തമായി. ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തനായി ഉറങ്ങുന്ന നരേട്ടന്‍റെ അടുത്ത് ഞാനിരുന്നു. ഈ ലോകത്തിലെ എല്ലാ നിഷ്ക്കളങ്കതയും ആ മുഖത്ത് സന്നിവേശിച്ചതു പോലെ എനിക്കു തോന്നി. ആ ശരീരത്തിൽ, മെല്ലെ ഒരു കുഞ്ഞിനെ എന്നപോലെ ഞാൻ തലോടിക്കൊണ്ടിരുന്നു. ഉണർന്നപ്പോൾ അടുത്തിരിക്കുന്ന എന്നെക്കണ്ട് അദ്ദേഹം പുഞ്ചിരിതൂകി ചോദിച്ചു.

”മീരാ… നീയിങ്ങനെ എന്‍റടുത്തു തന്നെയിരിക്കുമ്പോൾ എനിക്കെന്തു സന്തോഷമാണെന്നോ? ഇപ്പോഴാണ് നീയൊരു യഥാർത്ഥ ഭാര്യയായത്…”

അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ നിന്നും അടർന്നു വീണ വാക്കുകൾ ധന്യതയുടെ ഒരു നിമിഷം. കൈക്കുമ്പിളിൽ വാർന്നു വീണ തീർത്ഥജലം പോലെ ആ വാക്കുകൾ കോരിയെടുത്തു കുടിക്കുമ്പോഴും അറിയാതെ മനസ്സൊന്നു പിടഞ്ഞുവോ?…

ഉള്ളിന്‍റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ. ഹൃദയത്തിൽ എവിടെയോ ഒരു കളങ്കം ഒളിഞ്ഞു കിടപ്പുണ്ടോ? നിലക്കണ്ണാടിയിൽ പതിയുന്ന എന്‍റെ പ്രതിബിംബം എന്നെ നോക്കി ചിരിക്കുന്നുവോ?

മീരാ… നീ എത്രയൊക്കെ ശ്രമിച്ചാലും പരിപൂർണ്ണമായും ഒരു നല്ല ഭാര്യയാകുവാൻ ഈ ജന്മം നിനക്കു കഴിയുമോ? നിന്‍റെ മനസ്സിലെ കളങ്കത്തെ അദ്ദേഹത്തിന്‍റെ ഗംഗാജലം പോലെ പവിത്രമായ ഹൃദയത്തിൽ നിന്നടർന്നു വീണ വാക്കുകൾക്ക് കഴുകിക്കളയാനാകുമോ?

മനസ്സിൽ നടക്കുന്ന സംഘട്ടനം അറിഞ്ഞിട്ടെന്ന പോലെ നരേട്ടൻ പറഞ്ഞു.

“മീരാ… നിന്നെ എനിക്കു മനസ്സിലാകും. നിന്‍റെ മനസ്സിൽ നിന്ന് ഫഹദിനെ പൂർണ്ണമായും മായിച്ചു കളയാനാവില്ലെന്നും എനിക്കറിയാം. എങ്കിലും നീ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എന്‍റെ അടുത്തിരിക്കുന്ന ഈ ധന്യ നിമിഷം. ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയാലും ഞാൻ ഒരു ഭാഗ്യവാനാണ്. നിന്‍റെ പരിലാളനകൾക്കായി എന്‍റെ മനസ്സ് അത്രയേറെ കൊതിച്ചിരുന്നു.”

ശരിയാണ്… കഴിഞ്ഞ ഏതാനും വർഷങ്ങൾ ഞാൻ നരേട്ടനോട് അസുഖമൊന്നും കാണിച്ചിരുന്നില്ലെങ്കിലും ഫഹദ്സാറിനു നൽകിയതു പോലെ പ്രേമം നിറഞ്ഞൊരു മനസ്സ് അദ്ദേഹത്തിനു നൽകാൻ എനിക്കു കഴിഞ്ഞിരുന്നില്ല.

രാഹുലിന്‍റേയും, കൃഷ്ണമോളുടേയും മുമ്പിൽ നല്ലൊരു അമ്മയാകുവാൻ ശ്രമിച്ചപ്പോഴും നരേട്ടന്‍റെ മുമ്പിൽ ഒരു നല്ല ഭാര്യയാകുവാൻ എനിക്കു കഴിഞ്ഞിരുന്നില്ലല്ലോ? അതിനു ശ്രമിക്കുമ്പോഴെല്ലാം ഫഹദ്സാർ മുമ്പിൽ വന്നു നിന്നു ചോദിക്കുന്നതു പോലെ തോന്നുമായിരുന്നു.

“എന്നെ മറന്നുവോ നീ…”

“ഇല്ല ഫഹദ് സാർ… കല്പാന്ത കാലത്തോളം അങ്ങയെ മറക്കുവാൻ എനിക്കാവുകയില്ല.”

അങ്ങിനെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇന്നിപ്പോൾ നരേട്ടനോട് എന്‍റെ മനസ്സിലെ സഹതാപമാണ് സ്നേഹത്തെക്കാൾ മുമ്പിൽ നിൽക്കുന്നത്. പിന്നെ ഒരു ഭാര്യയുടെ കടമ ഓർമ്മിപ്പിക്കുന്ന മനസ്സ്. അതുപലപ്പോഴും എന്‍റെ കർത്തവ്യം നിർവ്വഹിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു.

പിന്നീടുള്ള ദിനങ്ങൾ ആ കർത്തവ്യ നിർവ്വഹണത്തിനു മാത്രമായി എനിക്കു മാറ്റി വയ്ക്കേണ്ടി വന്നു.

കോളേജിൽ നിന്ന് അവധിയെടുത്ത് നരേട്ടനൊടൊപ്പം കുറെ ദിനങ്ങൾ ഞാൻ കഴിച്ചു കൂട്ടി. ആ ദിനങ്ങളൊന്നിൽ.

“മീരാ നീയെവിടെയാണ്? ഒന്നിങ്ങോട്ടു വരുമോ?”

അടുക്കളയിൽ പാചകത്തിലേർപ്പെട്ടിരുന്ന ഞാൻ നരേട്ടന്‍റെ ശബ്ദം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വേഗം സ്റ്റൗ ഓഫാക്കി അദ്ദേഹത്തിന്‍റെ അടുത്ത് നടന്നെത്തി.

“വരൂ മീരാ… നീയെന്‍റെ കൂടെ ഒന്നു വരൂ… നമുക്ക് അൽപനേരം പുറത്തെ കാറ്റേറ്റ് മുറ്റത്തു കൂടി നടക്കാം.”

ആ കൈകളിൽ പിടിച്ച് പുറത്തേയ്ക്കു നയിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“വേണ്ട മീരാ… ഞാൻ കൈപിടിയ്ക്കാതെ നടന്നോളം ഒറ്റയ്ക്കിരുന്ന് വല്ലാതെ ബോറടിയ്ക്കുന്നു. നീയുമായി കൊച്ചു വർത്തമാനം പറഞ്ഞ് അൽപനേരം നടക്കുമ്പോൾ മനസ്സിന്‍റെ വൈക്ലബ്യമെല്ലാം മാറും. അത്രമാത്രമേ ഞാനാഗ്രഹിച്ചുള്ളൂ”

പക്ഷേ ഒന്നുമറിയാത്ത പോലെ ആ കൈകളിൽ കൈകോർത്ത് മുറ്റത്തേയ്ക്കു നടക്കുമ്പോൾ മറ്റൊരു മീരയാവാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കളിതമാശകൾ പറഞ്ഞ് നരേട്ടനെ പൊട്ടിച്ചിരിപ്പിക്കുന്ന മീര. ഒരു നല്ല ഭാര്യയായി നരേട്ടന്‍റെ മുന്നിൽ ജീവിയ്ക്കുവാൻ, കഴിഞ്ഞതെല്ലാം മറക്കുവാൻ ഒരിയ്ക്കൽ കൂടി ഞാൻ തയ്യാറെടുത്തു.

മുറ്റത്തിന്‍റെ അതിരിലേയ്ക്ക് എന്‍റെ കൈപിടിച്ചു നടന്നു കൊണ്ട് നരേട്ടൻ പറഞ്ഞു.

“നോക്കൂ മീരാ… ആ ലൗ ബേഡ്സ് എത്ര ആഹ്ലാദത്തോടു കൂടി ആകാശത്തിൽ അവ പറന്നു നടക്കാറുണ്ട്. ഇപ്പോൾ നോക്കൂ അവയുടെ മുഖത്ത് തങ്ങി നിൽക്കുന്നത് ഒരു ദുഃഖഭാവമല്ലേ? ഇണക്കിളി അടുത്തുണ്ടെങ്കിലും അവയ്ക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രം അവയെ ദുഃഖിപ്പിക്കുന്നില്ലേ? ഞാനിപ്പോൾ അവയെ തുറന്നു വിടാൻ പോവുകയാണ്. അവ ഇഷ്ടമുള്ള ഇണക്കിളിയോടൊത്ത് ആകാശത്തിൽ യഥേഷ്ടം പറന്നു നടക്കട്ടെ. മരക്കൊമ്പിൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കട്ടെ… അതല്ലേ… ശരി മീരാ…” അങ്ങനെ പറഞ്ഞു കൊണ്ട് നരേട്ടൻ ആ കിളികളെ കൂട്ടിൽ നിന്നും തുറന്നു വിട്ടു. തടവിൽ നിന്നും സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ആ പ്രയാണത്തിൽ ആഹ്ലാദരവങ്ങളോടെ അവ പറന്നു പൊങ്ങി.

ആകാശത്തിൽ ഒരു പൊട്ടു പോലെ അപ്രത്യക്ഷമാകുന്നതു നോക്കി ഞാനും, നരേട്ടനും നിന്നു. അവ കണ്മുന്നിൽ നിന്നും മറഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടൻ പറഞ്ഞു.

“ഇനിയും ഇതുപോലെ കൂട്ടിലിട്ടിരിക്കുന്നവയെയെല്ലാം തുറന്നു വിടണം. മരിയ്ക്കുന്നതിനു മുമ്പ് എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. പരിശുദ്ധമായ മനസ്സോടെയും, ശുദ്ധമായ കൈകളോടെയുമായിരിക്കും ഞാൻ സ്വർഗ്ഗത്തിലേയ്ക്കു പോകുന്നത്. എന്‍റെ ഹൃദയത്തിലും കരങ്ങളിലുമുള്ള എല്ലാ പാപക്കറകളും ഞാൻ ഇവിടെത്തന്നെ കഴുകിക്കളയട്ടെ അതല്ലേ മീര… അതിന്‍റെ ശരി…” അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം മുയൽക്കൂട്ടിനരികിലെത്തി അതിലുള്ള ഒരു ജോഡി മുയലുകളേയും തുറന്നു വിട്ടു.

“പൊയ്ക്കോ… പോയി സ്വതന്ത്യ്രമായി ജീവിയ്ക്ക്…” അദ്ദേഹം അരുമയായി അവയെ തലോടി. എന്നാലാ മുയലുകളാകട്ടെ ലോണിൽ അവിടെവിടെയായി ചെന്നിരിയ്ക്കുകയും തുള്ളിക്കളിയ്ക്കുകയും ചെയ്‌തു കൊണ്ടിരുന്നു. അവ നരേട്ടനെ നന്ദിയോടെ നോക്കി. പിന്നെ അദ്ദേഹത്തെ പിരിയാനാവാത്തതു പോലെ സമീപം വന്നിരുന്നു.

“അസുഖത്തിന്‍റെ തടവറയിൽ കിടക്കുമ്പോഴാണ് കൂട്ടിലടച്ച എല്ലാ ജീവജാലങ്ങളുടേയും അസ്വാതന്ത്യ്രത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത്. അതിൽ മനുഷ്യനും ഉൾപ്പെടും കേട്ടോ” അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം എന്നെ നോക്കി. ഒരു പക്ഷേ എന്നെ ഉദ്ദേശിച്ചാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് സംശയം തോന്നുകയും ചെയ്തു.

ഇണക്കിളിയിൽ നിന്ന് വേർപ്പെടുത്തി അദ്ദേഹം മെരുക്കി കൂട്ടിലടച്ച ഒരു കിളിയാണല്ലോ ഞാനും എന്ന് ഓർത്തു പോയി. സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായുവിനായുള്ള ആത്മപീഡ എന്‍റെ ഉള്ളിലും പലപ്പോഴും ഉടലെടുക്കാറുള്ളതിനെക്കുറിച്ചും ചിന്തിച്ചു. ഉപബോധ മനസ്സിന്‍റെ ഗതിവിഗതികൾ നമുക്ക് പലപ്പോഴും ആജ്ഞാതമാണല്ലോ എന്നും.

ഒരാഴ്ച കൂടി പിന്നിട്ടപ്പോൾ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷൻ നടന്നു. ഓപ്പറേഷനു ശേഷം അദ്ദേഹത്തിന് ഓർമ്മ തിരിച്ചു കിട്ടാൻ ഏതാണ്ട് ഒന്നര ദിവസമെടുത്തു. അത്രയും സമയം ഞാനൊറ്റയ്ക്ക് ഹോസ്പിറ്റലിൽ നിരാശ്രയയായിരുന്നു. കൃഷ്ണമോളെ വിവരമറിച്ചിരുന്നുവെങ്കിലും അവൾക്ക് എത്തിച്ചേരുവാൻ കഴിയില്ല എന്നറിയിച്ചിരുന്നു. അപ്പോഴേയ്ക്കും അവൾ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു കഴിഞ്ഞിരുന്നു.

പ്രസവത്തിന് ഇനി ഏതാണ്ട് രണ്ടുമാസം കൂടി മാത്രം. അവളുടെ ഭർത്താവ് ദേവാനന്ദിനാകട്ടെ അവളെ ഞങ്ങളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നതിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. ഗർഭിണിയായിരിക്കുന്ന ഈ സമയത്ത് ഹോസ്പിറ്റലിൽ വന്നു നിന്ന് അവൾ കഷ്ടപ്പെടുന്നതിനോട് അയാൾക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ വിവാഹത്തിന് ആദ്യം ഞങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് കൃഷ്ണമോൾ പറഞ്ഞ് അയാളറിഞ്ഞിരുന്നു. ഒരു നോർത്ത് ഇന്ത്യൻ ആണെന്നതിന്‍റെ പേരിൽ തന്നെ സ്വീകരിക്കാൻ മടിച്ചവരോട് അയാളെപ്പോഴും ഒരു അകൽച്ച സൂക്ഷിച്ചിരുന്നു. വിവാഹശേഷം ഒരിയ്ക്കൽ പോലും അവരൊരുമിച്ച് വീട്ടിൽ വന്നു നിൽക്കുകയുണ്ടായില്ല. ഏകമകളുടെ ആ അകൽച്ചയും നരേട്ടനെ വേദനിപ്പിച്ചിരുന്നു.

ഒടുവിൽ നരേട്ടന് ബോധം തിരിച്ചു കിട്ടി. അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞത് എന്നെയാണ്. ചുണ്ടിൽ വിരിഞ്ഞ ഒരു വിജയ സ്മിതത്തോടെ അദ്ദേഹം പറഞ്ഞു.

“ഞാൻ തിരിച്ചെത്തി മീരാ… നിനക്കു വേണ്ടി ഞാൻ തിരിച്ചെത്തി.”

“നരേട്ടന് ഒന്നും സംഭവിക്കുകയില്ല” ഞാനാ കൈകവർന്നു കൊണ്ടു പറഞ്ഞു.

ബോധം വന്ന ശേഷം അദ്ദേഹത്തെ ഐസിയുവിൽ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ കിടത്തി. അപ്പോഴെല്ലാം ഞാൻ ഐസിയുവിനു മുമ്പിൽ അദ്ദേഹത്തിനു വേണ്ടി കാവലിരുന്നു. എല്ലാ ദിവസവും വിദ്യാർത്ഥികളും, അദ്ധ്യാപകരും അദ്ദേഹത്തെ അന്വേഷിച്ചെത്തി. ആരുമില്ലാതെ ഒറ്റയ്ക്കിരിയ്ക്കുന്ന എന്നെ ക്കണ്ട് അവരിൽ ചിലർ സഹായിക്കാനെത്തി.

“മാഡം… ആപ് കുഛ് ഖായാ ക്യാ? മൈം ആപ് കേലിയേ കുഛ് ഖരീദ് കർലാവും ക്യൈ?” കോളേജിൽ എന്‍റേയും നരേട്ടന്‍റെയും ശിഷ്യരിലൊരാളായ അനൂപ് എന്ന വിദ്യാർത്ഥി അന്വേഷിച്ചു. അവൻ എന്‍റെ വാടിയ മുഖം കണ്ട് ഞാൻ ആഹാരമൊന്നും കഴിക്കാതെയാണിരിക്കുന്നതെന്ന് മനസ്സിലാക്കി. അവന്‍റെ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ. അൽപം കഴിഞ്ഞ് അവൻ കാന്‍റീനിൽ നിന്നും ചപ്പാത്തിയും കറികളും വാങ്ങിക്കൊണ്ടു വന്നു.

“മാഡം… ആപ് ഖാനാ ഖായിയേ…” അഗർ നഹിം തോ ആപ് ബഹുത് ധക് ജാ യേം ഗേ…”

മക്കളെപ്പോലെ എന്‍റെ കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന വിദ്യാർത്ഥികളെക്കണ്ട് മനം നിറഞ്ഞു. രാഹുൽമോന്‍റെ അഭാവം അവർ നികത്തുകയായിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ചില അദ്ധ്യാപകരും അദ്ദേഹത്തെ കാണാനെത്തി. ഇൻഫെക്ഷൻ പേടിച്ച് ആരേയും അകത്തേയ്ക്ക് കടത്തിവിട്ടില്ല. എല്ലാവരും എന്നെ കണ്ട് വിവരങ്ങൾ അന്വേഷിച്ച് മടങ്ങി. ദിനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ അകന്നു നീങ്ങി. നരേട്ടനെ വാർഡിലേയ്ക്കു കൊണ്ടു വന്നു. വാർഡിലെത്തുമ്പോൾ അദ്ദേഹം ആഹ്ലാദവാനായിരുന്നു.

“മരണത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടെത്തി മീരാ… ഇനി ഞാൻ മരണമില്ലാത്തവനായി നിന്‍റെ കൂടെ ജീവിയ്ക്കും.” അദ്ദേഹം എന്നോടു പറഞ്ഞു.

“ഈ പ്രപഞ്ചത്തിലെ മരങ്ങളും പൂക്കളും, പുൽക്കൊടികളും എല്ലാം കണ്ട് ഇനിയും നമുക്ക് ആഹ്ലാദത്തോടെ ജീവിയ്ക്കാം. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കു പോകുമ്പോൾ ഞാൻ വിചാരിച്ചത് ഞാനിനി തിരിച്ചു വരില്ലെന്നാണ്. ഈ ഭൂമിയിലെ ജീവിതം എനിക്കു നഷ്ടപ്പെട്ടുവെന്നും. എന്നാൽ ഈശ്വരൻ എനിക്ക് പുനർ ജന്മമേകിയിരിക്കുന്നു. എന്‍റെ മീരയോടൊത്ത് ഈ ജന്മം മുഴുവൻ പങ്കിടാൻ.”

അദ്ദേഹം സ്വയം മറന്ന് സന്തോഷിച്ചു കൊണ്ട് പറഞ്ഞു. എന്‍റെ സ്നേഹം തിരികെ ലഭിച്ചപ്പോൾ മകന്‍റെ വേർപാടിന്‍റെ വേദന അദ്ദേഹത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. പതുക്കെ പതുക്കെ അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജായി വീട്ടിലെത്തി.

അന്നൊരിയ്ക്കൽ കോളിംഗ് ബെൽ തുടരെ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ചെന്നു നോക്കുമ്പോൾ കൃഷ്ണമോളായിരുന്നു. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മമ്മിയെന്താ അദ്ഭുതത്തോടെ മിഴിച്ചു നോക്കുന്നത്.ഞാൻ മമ്മിയുടെ മോളാ മമ്മീ കൃഷ്ണ… മമ്മിയെന്താ വിചാരിച്ചത്. ഞാൻ ഇനി ഇങ്ങോട്ട് വരില്ലെന്നോ. ദേവേട്ടനോട് ഞാൻ നിർബന്ധം പറഞ്ഞപ്പോൾ ദേവേട്ടൻ സമ്മതിച്ചു മമ്മീ. എവിടെ പപ്പ? എനിക്ക് പപ്പയെ കാണണം.”

അവൾ തുടരെ സംസാരിച്ചു കൊണ്ട് ചുറുചുറുക്കോടെ അകത്തേയ്ക്കു കയറി വന്നു. സത്യത്തിൽ ഞാനൽപം അമ്പരന്നു പോയി. കഴിഞ്ഞ ദിവസവും നരേട്ടൻ എന്നോടു പറഞ്ഞതേ ഉള്ളൂ.

“ഒരു മാസം കഴിഞ്ഞ് കൃഷ്ണമോളെ നമുക്കു പോയി വിളിച്ചു കൊണ്ടു വരണം ഓപ്പറേഷനും കാര്യങ്ങളുമായി നമ്മളവളെ മറന്നുവല്ലോ എന്ന്…” ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ…” എന്നും പറഞ്ഞു. “നരേട്ടന്‍റെ ക്ഷീണമൊക്കെ മാറട്ടെ… എന്നിട്ടു നമുക്കു പോയി അവളെ വിളിച്ചു കൊണ്ടു വരാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ നരേട്ടൻ ആകുലതയോടെ പറയുകയും ചെയ്‌തു.

“എനിക്കവളെ കാണാൻ ധൃതിയായി മീരാ… എത്ര നാളായി ഞാനെന്‍റെ മോളെ കണ്ടിട്ട് എന്ന്. രാഹുൽ മോൻ പോയശേഷം നരേട്ടന് കൃഷ്ണമോളോടുള്ള സ്നേഹം കൂടി കൂടി വരികയാണ്.”

“ആരാ മീരാ… കൃഷ്ണമോളാണോ… അവളെവിടെ… അവളോടിങ്ങോട്ട് വേഗം വരാൻ പറയൂ”

കൃഷ്ണമോളുടെ ശബ്ദം കേട്ട് നരേട്ടൻ അകത്തു നിന്നും വിളിച്ചു ചോദിച്ചു.

ഒരച്‌ഛന്‍റെ ആഹ്ലാദവും, ഉൽക്കണ്ഠയും ആ വാക്കുകളിൽ നിറഞ്ഞു നിന്നു. അതെ പപ്പാ… പപ്പായുടെ കൃഷ്ണമോളാണ്.

“പപ്പായെ ഹോസ്പിറ്റലിൽ വന്നു കാണാൻ എനിക്കു പറ്റിയില്ല. ദേവേട്ടന് ഈ സ്‌ഥിതിയിൽ എന്നെ വിടാൻ മടിയായിരുന്നു. പിന്നെ പപ്പയ്ക്കും എന്നെ ഓർക്കാൻ സമയമില്ലായിരുന്നുവല്ലോ…”

പരിഭവം നിറഞ്ഞ അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് താനാവയറ്റിലേയ്ക്കു സൂക്ഷിച്ചു നോക്കിയത്. അവൾ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ ഞാൻ ഏതാനും നാൾ മറന്നു പോയിരുന്നു. നരേട്ടന്‍റെ ഹോസ്പിറ്റൽ പ്രവേശനവും, അതിനെ തുടർന്നുള്ള കാര്യങ്ങളും എന്‍റെ ഓർമ്മശക്‌തിയെപ്പോലും ബാധിച്ചിരുന്നു. അതിനുമുമ്പ് ഞാനും നരേട്ടനും എട്ടാം മാസത്തിൽ അവളെ കൂട്ടിക്കൊണ്ടു വരുന്ന കാര്യവും മറ്റും ഗൗരവമായി ആലോചിച്ചിരുന്നുവെങ്കിലും അത്തരം ചടങ്ങുകളെക്കുറിച്ചൊന്നും പിന്നീട് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.

നരേട്ടന്‍റെ ഓപ്പറേഷനായിരുന്നുവല്ലോ അതിനെക്കാളൊക്കെ ഞാൻ പ്രാധാന്യം കൽപ്പിച്ചത്. വീർത്തവയറുമായി അവൾ പപ്പയുടെ അടുത്ത് നടന്നെത്തി. ആ തോളിൽ കൈവച്ച് ആഹ്ലാദം നടിച്ച് പറഞ്ഞു.

“എന്‍റെ പപ്പായൊരു സുന്ദരക്കുട്ടനായല്ലോ. ബൈപ്പാസ് ഓപ്പറേഷനൊക്കെ കഴിഞ്ഞപ്പോ പപ്പ ഒന്നു കൂടി ചെറുപ്പമായതു പോലെ… മമ്മിയെന്താ പപ്പയ്ക്കു വല്ല മൃതസഞ്ജീവനിയും നൽകുന്നുണ്ടോ?”

അവളുടെ ചോദ്യം കേട്ട് ഞാനും നരേട്ടനും, അവൾ തികച്ചും ആഹ്ലാദവതിയായ കൊച്ചു കുട്ടിയെപ്പോലെ ആണല്ലോ പെരുമാറുന്നത് എന്നോർത്തു പോയി.

“കൃഷ്ണമോളെ നീ വന്നുവല്ലോ. പപ്പയ്ക്കു സന്തോഷമായി. നിന്നെക്കാണാതെ പപ്പ വിഷമിച്ചിരിക്കുകയായിരുന്നു.”

“ഇപ്പോൾ കണ്ടില്ലേ പപ്പയുടെ പൊന്നുമോൾ പപ്പയെ അന്വേഷിച്ച് വന്നത്” ഇന്നിപ്പോൾ ഞാൻ മാത്രമല്ല എന്‍റെ കൂടെ മറ്റൊരാളും കൂടി എത്തിയിട്ടുണ്ടെന്നു മാത്രം.

“ആരാ കൃഷ്ണമോളെ അത്, ദേവാനന്ദാണോ?”

ഞാനും നരേട്ടനും ഒന്നിച്ചു ചോദിച്ചു പോയി.

“അല്ല… ദേവേട്ടനല്ല. പപ്പായുടെ പേരക്കുട്ടി. ജൂനിയർ ദേവാനന്ദ് അവൻ ചോദിക്കുന്നു. മുത്തച്ഛനു സുഖമാണോ എന്ന്.”

“ഓഹോ… അതാണോ അപ്പോൾ നീ തീരുമാനിച്ചു കഴിഞ്ഞോ അതൊരാൺ കുട്ടിയായിരിക്കുമെന്ന്.”

നരേട്ടൻ ചിരിച്ചു കൊണ്ടു ചോദിച്ചു.

“അതെ പപ്പാ. അവന്‍റെ ചവിട്ടും തൊഴിയുമൊക്കെ ഏൽക്കുമ്പോൾ അറിയില്ലെ അതൊരാൺകുട്ടിയാണെന്ന്. പപ്പ നോക്കിക്കോളൂ. അവൻ വന്നാൽ പപ്പായുടെ അടുത്ത് നിന്ന് മാറുകയില്ല. മുത്തച്ഛാ… മുത്തച്‌ഛാ എന്ന് വിളിച്ച് എപ്പോഴും അടുത്തുണ്ടാകും.”

അവളുടെ കളിതമാശകൾ നരേട്ടന് ഒരു എനർജി ടാബ്‍ലെറ്റ് തന്നെയായിരുന്നു. അദ്ദേഹം തന്‍റെ ശാരീരികവും മാനസികവുമായ എല്ലാ വിഷമതകളും മറന്ന് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ഒരു പുതു ജീവിതത്തിലേയ്ക്കുള്ള കാൽ വയ്പുകളോടെ.

കൃഷ്ണമോളങ്ങിനെയാണ്. ഒരു പ്രത്യേക സ്വഭാവക്കാരി. പെട്ടെന്ന് ആൾക്കാരെ കൈയ്യിലെടുക്കാനും അതുപോലെ കൈയ്യൊഴിയാനും അവൾക്കു കഴിയും. രാഹുൽ മോനെപ്പോലെയല്ല കൃഷ്ണ. സ്വാർത്ഥയാണ് തൻകാര്യങ്ങൾക്ക് മുൻഗണന നൽകുന്നവൾ.

ഏതായാലും അവളുടെ കളിതമാശകൾക്കിടയ്ക്ക് അൽപം ദിവസത്തേയ്ക്ക് ഞാനും, നരേട്ടനും വിഷമതകളെല്ലാം മറന്നു. ഞങ്ങളോടുള്ള  കളിതമാശകൾ ഇത്തവണ അവളുടെ അഭിനയമാണോ എന്നും എനിക്കൽപം സംശയം തോന്നാതിരുന്നില്ല. കാരണം സ്ത്രീധനപണം കിട്ടാത്തതിൽ അവൾക്ക് ഞങ്ങളോട് നീരസമുണ്ടായിരുന്നുവല്ലോ. എന്നാൽ നരേട്ടൻ മകൾ കാരണം വളരെ വേഗം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. അൽപം ക്ഷീണം മാത്രം ബാക്കിയായി. പക്ഷേ എല്ലാക്കാര്യങ്ങൾക്കും ഞാനടുത്തു വേണമെന്ന സ്‌ഥിതിയായിരുന്നു. മരുന്നു സമയത്തിനു നൽകാനും, സമയത്തിന് ആഹാരം നൽകാനുമൊക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓപ്പറേഷനു ശേഷം ദിനകൃത്യങ്ങൾ നടത്താനും അദ്ദേഹത്തിന് എന്‍റെ സഹായം ആവശ്യമായിരുന്നു.

എന്നാൽ അതിനെക്കാളൊക്കെ എന്നെ വിഷമിപ്പിച്ചത് കോളേജിലെ ലീവിന്‍റെ പ്രശ്നമായിരുന്നു.

ലീവ് വളരെ വേഗം തീർന്നു കൊണ്ടിരുന്നു. എക്സാം ടൈം ആയതിനാൽ ഡിഗ്രി വിദ്യാർത്ഥികളുടെ പോർഷൻസ് വളരെ വേഗം തീരക്കേണ്ടതുണ്ടായിരുന്നു. അതിനിടയിൽ ഇടയ്ക്കൊക്കെ കൃഷ്ണമോളുടെ പരാതികളും ഞാൻ കേൾക്കേണ്ടി വന്നിരുന്നു.

“മമ്മിയ്ക്ക് എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഞാൻ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ മമ്മി പലപ്പോഴും മറന്നു പോകുന്നു.”

സ്വാർത്ഥമതിയായ അവൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവൾക്ക് നരേട്ടന്‍റെ കാര്യങ്ങൾക്ക് ഞാൻ കൂടുതൽ സമയം ചെലവിടുന്നതിൽ അതൃപ്തിയുണ്ടായിരുന്നു. അത് തന്‍റെ പ്രിയപ്പെട്ട സ്വന്തം അച്‌ഛനാണെങ്കിൽ പോലും. അവളുടെ സ്വന്തം കാര്യങ്ങളായിരുന്നു അവൾക്കു വലുത്. അതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും കൂടി പലപ്പോഴും ഞാൻ ശ്രദ്ധിക്കേണ്ടി വന്നു.

അവൾക്കിഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുക. അവളുടെ നല്ല ഡ്രസ്സുകൾ നനച്ച് കൊടുക്കുക. അവളേയും കൊണ്ട് പുറത്തു പോവുക. ഇതെല്ലാം മറ്റു ജോലികൾക്കു പുറമേ ഞാൻ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം മകളെന്ന നിലയിൽ സന്തോഷപൂർവ്വം ഞാൻ ചെയ്‌തു കൊടുത്തു. അങ്ങിനെ ഒരു മാസത്തോളം കടന്നു പോയി. ഡേറ്റ് അടുത്തതു കൊണ്ട് കൃഷ്ണ ഇനി പ്രസവശേഷമേ മടങ്ങി പോകുന്നുള്ളൂ എന്നു ഞാൻ കരുതി. ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ എന്നും. എന്നാൽ ഇതിനിടയിൽ ഒരിയ്ക്കൽ പോലും ദേവാനന്ദ് അവളെ കാണാനെത്തിയില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് എന്‍റെ മനസ്സിൽ ചില സംശയങ്ങൾ രൂപം കൊണ്ടു. മനസ്സിൽ രൂപം കൊണ്ട സംശയം അറിയാതെ ചില ചോദ്യശരങ്ങളായി പുറത്തു വന്നു. ഒരു സ്വകാര്യ സല്ലാപത്തിനിടയിൽ ഞാൻ ചോദിച്ചു.

“ദേവാനന്ദിനെ ഇതുവരെ കണ്ടില്ലല്ലോ മോളെ… ഇവിടേയ്ക്കു വരാത്തത് ഞങ്ങളോടുള്ള പിണക്കം മൂലമാണെന്ന് വിചാരിയ്ക്കാം. എന്നാൽ നീ ഇവിടെ വന്നശേഷം ദേവാനന്ദിന്‍റെ ഒരു ഫോൺ കോൾ പോലും വന്നിട്ടില്ല. നിങ്ങൾ തമ്മിൽ എന്തെങ്കിലും കലഹങ്ങളുണ്ടായോ?

അതാണോ നീയിങ്ങോട്ട് തനിയെ വന്നത്?

എന്‍റെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് കൃഷ്ണ വല്ലാതെ പൊട്ടിത്തെറിച്ചു.

“മമ്മീ… മമ്മീയെന്താണ് കരുതിയത്? മമ്മീയേയും പപ്പയേയും പോലെ ഞങ്ങൾ തമ്മിലും വഴക്കുണ്ടാക്കുമെന്നോ? ഞങ്ങൾ അത്തരക്കാരല്ല മമ്മീ… ദേവേട്ടൻ ആവശ്യമില്ലാതെ എന്നോട് വഴക്കടിക്കാറില്ല. പിന്നെ മറ്റൊരാളെ മനസ്സിലിട്ട് നിങ്ങൾ, പപ്പയോട് വഴക്കടിക്കുന്നതു പോലെ ഞാൻ ദേവേട്ടനോട് വഴക്കടിക്കാറുമില്ല.”

അവൾ ക്രുദ്ധയായി പറഞ്ഞു നിർത്തി. അവളുടെ വാക്കുകളിൽ വല്ലാത്ത പരിഹാസ്യത നിറഞ്ഞു നിന്നു. അവൾ ചെറുപ്പത്തിൽ അനുഭവിച്ചതിനെല്ലാം എന്നോട് പകരം വീട്ടുകയാണെന്നു തോന്നി. അവളുടെ ചാട്ടവാറടിയേറ്റ് ഞാൻ വല്ലാതെ പുളഞ്ഞു പോയി. പണ്ടേ അവൾക്ക് അക്കാര്യത്തിൽ എന്നോട് വെറുപ്പുണ്ട്. ഓർമ്മവച്ച നാൾ മുതൽ അവൾ കേൾക്കാറുണ്ടായിരുന്ന ഞാനും, നരേട്ടനും തമ്മിലുണ്ടായിട്ടുള്ള ഏതാനും നാളത്തെ വഴക്ക് എന്തിന്‍റെ പേരിലായിരുന്നെന്നും അവൾക്കറിയാം. എന്നാൽ പിന്നീട് ഞങ്ങൾ ഒത്തുതീർപ്പിലെത്തിയപ്പോൾ അവളും രാഹുലും അതെല്ലാം മറക്കുകയായിരുന്നു. എന്നാലിന് മനസ്സിന്‍റെ അടിത്തട്ടിൽ അവൾ ഇത്രകാലം ഒളിപ്പിച്ചു വച്ച എന്നോടുള്ള വിദ്വേഷം പുറത്തു ചാടുകയായിരുന്നു.

അവൾക്ക് എല്ലായ്പ്പോഴും നരേട്ടനോടായിരുന്നു കൂടുതൽ അടുപ്പം. എന്നാൽ രാഹുലിന് അച്‌ഛനുമമ്മയും ഒരുപോലെയായിരുന്നു. മറ്റുള്ളവരുടെ വിഷമതകൾ മുതിർന്നപ്പോൾ അവനേയും വേദനിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ എന്‍റെ ധർമ്മ സങ്കടം അവനു മനസ്സിലാകുമായിരുന്നു. എന്നാൽ കൃഷ്ണയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിൽ എവിടെയൊക്കെയോ തട്ടി പരിക്കേൽപ്പിച്ചു. കൂർത്തു മൂർത്ത വാൾമുന കൊണ്ടെന്ന പോലെ ഞാൻ പിടഞ്ഞു. അതിനിടയിൽ അവളെ മറ്റു ചിലതു ബോദ്ധ്യപ്പെടുത്തുവാൻ മനസ്സു ദാഹിച്ചു.

“മോളെ ഒരുപക്ഷേ മോഹിച്ചത് കൈയ്യിൽ കിട്ടിയില്ലായിരുന്നുവെങ്കിൽ നീയും എന്നെപ്പോലെയാകുമായിരുന്നു. നിനക്ക് ദേവാനന്ദിനെ വിവാഹം കഴിച്ചു തരാൻ ഞാനാണ് നിന്‍റെ പപ്പയോട് യാചിച്ചത്.” ഞാൻ അവളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിച്ചു. എന്നാൽ അതിനും അവൾ തക്ക മറുപടി പറഞ്ഞു.

“എങ്കിൽ ഞാൻ പപ്പയേയും മമ്മിയേയുമുപേക്ഷിച്ച് ദേവേട്ടന്‍റെ കൂടെപ്പോയെനേ. ഞാൻ സ്നേഹിച്ചത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമേ ഞാൻ വിവാഹം കഴിക്കുമായിരുന്നുള്ളൂ. അല്ലാതെ മമ്മിയെപ്പോലെ ഒരാളെ മനസ്സിലിട്ട് വേറൊരാളെ വിവാഹം കഴിക്കുമായിരുന്നില്ല.”

കൂർത്ത മൂർത്ത കല്ലുകൾ പോലെ എന്‍റെ നേരെ എറിയപ്പെട്ട വാക്കുകളായിരുന്നു അവയും. മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛൻ എന്നെ തടവിലിട്ടതും ഫഹദ്സാറിനെ വിവാഹം കഴിച്ച എന്നെ നിർബന്ധപൂർവ്വം അദ്ദേഹത്തിൽ നിന്നും അകറ്റി നരേട്ടന് വിവാഹം കഴിച്ചു കൊടുത്തതുമായ കഥകളൊന്നും അവൾക്കറിയില്ലല്ലോ എന്ന് ഞാനോർത്തു.

ഒരിയ്ക്കൽ കൂടി അതെല്ലാം പൊടി തട്ടിയെടുത്ത് എന്‍റെ ശവക്കുഴി തോണ്ടുവാൻ ഞാനപ്പോൾ ആഗ്രഹിച്ചില്ല. അതെല്ലാം മനസ്സിനുള്ളിലെ ശവക്കല്ലറയിൽ മൂടപ്പെട്ടു കിടക്കട്ടെ. പപ്പയെ വഞ്ചിച്ച അപരാധിയായ ഭാര്യയായി ഞാനെന്നും അവളുടെ മനസ്സിലുണ്ടാകും സാരമില്ല. എന്‍റെ നരേട്ടന് എന്നെ അറിയാമല്ലോ. അങ്ങിനെയാണ് ഞാനപ്പോൾ കരുതിയത്. എന്‍റെ നിശബ്ദത പണ്ടേ അവൾ മനസ്സിൽ സൂക്ഷിച്ചിരുന്ന എന്നോടുള്ള വെറുപ്പിനെ കൂടുതൽ ആഴമുള്ളതാക്കി.

“മമ്മിയ്ക്കിപ്പോൾ എന്താണ് വേണ്ടത്? ഞാൻ തിരിച്ചു പോകണമെന്നാണോ? അതോ ദേവേട്ടൻ ഇങ്ങോട്ടു വരണമെന്നാണോ? അദ്ദേഹം വരില്ല മമ്മി. അദ്ദേഹമൊരു ട്രെയിനിംഗിന് ജബൽപൂരിൽ പോയിരിക്കയാണ്. ഞാനീ അവസ്‌ഥയിൽ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ ഒറ്റയ്ക്കു നിൽക്കേണ്ട എന്നു കരുതി ഞാനാണ് പറഞ്ഞത് ഇങ്ങോട്ടു പോരാമെന്ന്. അങ്ങിനെ കമ്പനിയിൽ നിന്നും ലീവെടുത്തു പോന്നതാണ്. ഏഴാം മാസത്തിൽ ചടങ്ങനുസരിച്ച് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അതിനു നിങ്ങൾക്ക് കഴിഞ്ഞില്ല. അതിന്‍റെ പേരിൽ ദേവേട്ടന്‍റെ വീട്ടുകാരുടെ പഴിയും ഞാൻ കേട്ടു. എങ്കിൽപ്പിന്നെ അവരെ തൃപ്തിപ്പെടുത്താൻ പപ്പയുടേയും മമ്മിയുടേയും അടുത്തു വന്ന് അൽപ ദിവസം സന്തോഷമായി കഴിയാമെന്നു കരുതി ഞാനിങ്ങോട്ടു വന്നതാണ്. അൽപ നേരത്തെ ഇടവേളയ്ക്കു ശേഷം അവൾ തുടർന്നു.

“സോറി മമ്മി… മമ്മിയുടെ മനസ്സിലിരുപ്പ് ഇതായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങോട്ടു വരുമായിരുന്നില്ല. ഞാൻ വന്നത് മമ്മിയ്ക്ക് ബുദ്ധിമുട്ടായിക്കാണും. ഞാൻ നാളെത്തന്നെ മടങ്ങിക്കോളാം.”

കൃഷ്ണമോൾ പിണങ്ങിക്കഴഞ്ഞു. ഇനി ദേവേന്ദ്രൻ വിചാരിച്ചാൽ പോലും അവളെ ഇണക്കാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അവളോടങ്ങിനെ ചോദിച്ചത് അവൾ ഇവിടെ കൂടുതൽ ദിവസം നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടാണെന്നവൾ കരുതി. അവളുടെ തെറ്റിദ്ധാരണ മാറ്റാനായി ഞാൻ പറഞ്ഞു.

“ഞാൻ നിന്നോടങ്ങിനെ ചോദിച്ചത് ദേവാനന്ദ് ഒറ്റയ്ക്കാണവിടെയെങ്കിൽ ഇങ്ങോട്ട് വരാൻ പറയാൻ വേണ്ടിയായിരുന്നു. വിവാഹശേം ഇതുവരെ ദേവാനന്ദ് ഇങ്ങോട്ട് വന്നിട്ടേയില്ല. ശരിയ്ക്കു പറഞ്ഞാൽ ഞങ്ങളവനെ ശരിയ്ക്കു കണ്ടതു കൂടിയില്ല. പിന്നെ ഗർഭിണിയായിരിക്കുമ്പോൾ അവരുടെ ചടങ്ങുകൾ എന്തൊക്കെയാണെന്നും ഞങ്ങൾക്കറിയില്ല.” എന്‍റെ വാക്കുകൾ അവളെ കൂടുതൽ ചൊടിപ്പിച്ചതേയുള്ളൂ.”

“ദേവേട്ടൻ ഇങ്ങോട്ടൊന്നും വരികയില്ല മമ്മീ. നോർത്തിന്ത്യനായ ദേവേട്ടനെ വിവാഹം കഴിയ്ക്കുന്നതിൽ ആദ്യം നിങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് ദേവേട്ടനറിയാം. അതുകൊണ്ടു തന്നെ ദേവേട്ടനും നിങ്ങളെയൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. എന്നോട് വേഗം മടങ്ങിചെല്ലാൻ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജബൽപൂരിൽ നിന്ന് ദേവേട്ടന്‍റെ മെസ്സേജ് എനിക്കു കിട്ടിയിരുന്നു. ദേവേട്ടൻ അടുത്തു തന്നെ മടങ്ങി വരുമെന്നറിയിച്ച്.”

ഞങ്ങൾക്കവനെ ഇഷ്ടമല്ലായിരുന്നുവെന്ന് നീ തന്നെ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതല്ലെ മകളെ എന്ന് ചോദിക്കണമെന്നെനിക്കു തോന്നി. എങ്കിലും അവളോട് ഈ അവസ്‌ഥയിൽ ഞാനങ്ങനെയൊന്നും ചോദിക്കരുതെന്ന് മനസ്സു ശാസിച്ചു. ഒടുവിൽ മാപ്പപേക്ഷിക്കുന്ന മട്ടിൽ നയപൂർവ്വം അവളോടു പറഞ്ഞു.

“ഈ അമ്മ തെറ്റായിട്ടന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മോളു ക്ഷമിക്കണം. എന്‍റേയും ലീവ് തീരാറായി. ഒരാഴ്ച കഴിയുമ്പോൾ എനിക്കു കോളേജിൽ പോയി തുടങ്ങണം. അപ്പോൾ നരേട്ടനിവിടെ ഒറ്റയ്ക്കാവുമല്ലോ എന്നു കരുതി വിഷമിച്ചിരിയ്ക്കുയായിരുന്നു ഞാൻ. ഏതായാലും നീയുള്ളതു കൊണ്ട് എനിക്ക് മനഃസമാധാനമായിട്ട് കോളേജിൽ പോയി വരാമല്ലോ, മോളൂ… കുറച്ചു ദിവസം കൂടി നീയിവിടെ താമസിയ്ക്ക്. ഇനി പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം തിരിച്ചു പോയാൽ മതി.” അവളുടെ മുന്നിൽ ചെന്ന് ആ താടിയിൽ പിടിച്ച് വാത്സല്യപൂർവ്വം പറയുമ്പോൾ അവൾ അൽപം ശാന്തയായതു പോലെ തോന്നി. എങ്കിലും അവൾ പിടിവാശിയിലായിരുന്നു.

“ഞാൻ നാളെത്തന്നെ മടങ്ങുകയാണ്. ദേവേട്ടൻ ഇപ്പോൾ ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്. ഞാനിപ്പോൾ ചെന്നില്ലെങ്കിൽ ദേവേട്ടനതു വലിയ വിഷമമാകും.”

എന്‍റെ വാക്കുകളും, അവളെ പ്രസവത്തിനു വിളിച്ചു കൊണ്ടു വരാത്തതുമെല്ലാം കൂടിച്ചേർത്ത് അവൾ പരിഭവത്തിലാണെന്നു മനസ്സിലായി. പെട്ടെന്ന് കലഹിക്കുന്ന പ്രകൃതമാണ് കൃഷ്ണയുടേത്. നിസ്സാര കാര്യങ്ങൾ മതി അവൾക്ക് ഇണങ്ങാനും പിണങ്ങാനും. അവളുടെ കാര്യങ്ങൾക്ക് എന്തെങ്കിലും കോട്ടം തട്ടുമെന്ന് കണ്ടാൽ പിന്നെ അവൾ പിണങ്ങിയതു തന്നെ.

കൃഷ്ണ പിറ്റേന്നു തന്നെ പെട്ടിയുമായി പടിയിറങ്ങി. കൃഷ്ണമോൾ പിണങ്ങിപ്പോയതിൽ മനസ്സ് ഏറെ വേദനിച്ചു. തന്നെക്കാളേറെ നരേട്ടനായിരുന്നു വേദന കൂടുതൽ. അവളോട് അങ്ങിനെയൊക്കെ ചോദിച്ചതിൽ നരേട്ടൻ എന്നെ ശാസിക്കുകയും ചെയ്‌തു.

ആവശ്യമില്ലാതെ കുട്ടികളോട് അതുമിതും ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കുട്ടികളാണ്. അവർ നമ്മെക്കാൾ എല്ലാക്കാര്യത്തിലും വ്യത്യസ്തരാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരും.”

“സോറി… നരേട്ടാ… ദേവാനന്ദിനെ ഇതുവരെ ഇങ്ങോട്ടു കാണാതിരുന്നപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.”

നരേട്ടനോട് ഞാൻ ക്ഷമ യാചിച്ചു. വീണ്ടും വീണ്ടും ക്ഷമ യാചിച്ചു കൊണ്ട് ഞാൻ കൃഷ്ണമോൾക്ക് മെസ്സേജുകളയച്ചു. പക്ഷേ അവളുടെ മറുപടി ഉണ്ടായില്ല. ഞാൻ ഫോൺ വിളിച്ചാൽ അവൾ എടുക്കുമായിരുന്നില്ല. അതുകൊണ്ടാണ് മെസ്സേജ് അയച്ചത്. എന്നാൽ ഒന്നിനു പോലും മറുപടി ഇല്ലാതെ വന്നപ്പോൾ നരേട്ടൻ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.

“സാരമില്ല… നമുക്ക് നേരിട്ട് ചെന്ന് അവളുടെ പിണക്കം മാറ്റിക്കളയാം. ഏതെങ്കിലും ഒഴിവു ദിനം നമുക്ക് ചെന്ന് അവളെ കൂട്ടിക്കൊണ്ടിങ്ങു പോരാം.”

അങ്ങനെ പ്ലാൻ ചെയ്‌ത് ഞങ്ങൾ സ്വയം സമാധാനിച്ചു.

(തുടരും)

ഉറപ്പാണ് ആദ്യവോട്ട്!

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം ഇപ്പോൾ കേരളത്തിൽ മാത്രം 1.31 കോടി വനിതകൾ വോട്ടർമാരായുണ്ട്. പുരുഷന്മാരേക്കാൾ അധികാര വിനിയോഗശേഷി ഉള്ളത് സ്ത്രീകൾക്കു തന്നെയാണ്. സമൂഹം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ വനിതാവോട്ടർമാർക്കാവണമെങ്കിൽ രാഷ്ട്രീയത്തെക്കുറിച്ച്, സമകാലിക പ്രശ്നങ്ങളെക്കുറിച്ച്, ആരെയായിരിക്കണം നമ്മൾ തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ചൊക്കെ വ്യക്‌തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ വോട്ടു ചെയ്തവരെല്ലാം ആ ബോധ്യത്തോടെയൊന്നുമല്ല വോട്ടു ചെയ്യുന്നത്. എങ്കിലും എന്തൊക്കെയാവാം അവരുടെ പ്രതീക്ഷകൾ?

സ്ത്രീകൾ പൊതുവേ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കാറില്ല എന്നതാണ് അനുഭവം. തെരഞ്ഞെടുപ്പു കാലത്തു മാത്രം ഉയർന്നു വരുന്ന രാഷ്ട്രീയാവബോധമാണ് പൊതുവേ സാധാരണ ജനത്തിന് ഉള്ളത്. ഈ അവസ്‌ഥ ഇപ്പോഴും തുടരുന്നുണ്ട്. വീട്ടുകാർ പിന്തുടരുന്ന രാഷ്ട്രീയമാണോ ഭൂരിഭാഗം പെൺകുട്ടികളും തുടരുന്നത്? അച്‌ഛനോ, സഹോദരനോ, ഭർത്താവോ പിന്തുടരുന്ന രാഷ്ട്രീയ ചിന്തകളുടെ പിന്തുടർച്ചക്കാരിയായിരിക്കും ആ വീട്ടിലെ സ്ത്രീയും എന്ന പൊതുബോധത്തിൽ തന്നെയാണ് ഇപ്പോഴും നാം. ഇതിനിടയിൽ കന്നിവോട്ട് രേഖപ്പെടുത്തുന്ന നാലു പെൺകുട്ടികൾ തങ്ങളുടെ രാഷ്ട്രീയം തുറന്നു പറയുന്നു. ബാംഗ്ലൂർ സെന്‍റ് ജോസഫ് കോളേജിൽ ബിരുദ വിദ്യാർത്ഥിനികളായ അഞ്ജു തോമസ്, അമല ജോർജ് ചിറയിൽ, അനഘ എസ്, ജ്യോത്സന എൻ ജോസ് എന്നിവർ.

പുതിയ തലമുറയിലെ കുട്ടികൾക്ക് രാഷ്ട്രീയ ബോധമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കും മുമ്പ് ഇവർ പറയുന്നത് ശരിക്കും കേൾക്കണം. രാജ്യത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കുന്നില്ല എന്നു തുടങ്ങി വീട്ടുകാർ പറയുന്നതിനപ്പുറമുള്ള രാഷ്ട്രീയമില്ല എന്നു വരെ, ഇന്നത്തെ തലമുറയെക്കുറിച്ച് പലരും പരാതിപ്പെടുന്നുണ്ട്. എന്നാൽ സത്യം എന്താണ്? “ചെറുപ്പം തൊട്ട് നമ്മൾ പഠിച്ചു വളർന്നത് ഇന്ത്യ ഈസ് എ ഡെമോക്രാറ്റിക് സെക്യൂലർ കൺട്രി എന്നാണ്. എന്നാൽ ഓരോ കുട്ടിയും വളർന്നു വരുമ്പോൾ കാണുന്നത് അങ്ങനെ ഒരു ഇന്ത്യയെ അല്ല.” സെന്‍റ് ജോസഫ് കോളേജിൽ ബികോം വിദ്യാർത്ഥിനി അമല ജോർജ് ചിറയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

“കാസ്റ്റ് – റിലീജിയൻ – ഡിസ്ക്രിമിനേഷൻ, ബ്ലാക്ക് മണി, കറപ്ഷൻ ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നിത്യവും സംഭവിക്കുന്നത്. ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന നല്ല പൊളിറ്റിക്കൽ ലീഡേഴ്സ് വളരെ കുറവാണ്. ഇത്തരം കാര്യങ്ങൾ തുടരെ കേൾക്കുന്നതിനാൽ എന്നെ പോലെയുള്ള ന്യൂ കമേഴ്സിന് പൊളിറ്റിക്സിലേക്ക് വേണ്ടത്ര താൽപര്യം ഉണ്ടാകുന്നില്ല. നമ്മുടെ മണ്ഡലത്തിൽ മത്സരിക്കുന്ന വ്യക്‌തിക്ക് ഗുഡ് ലീഡർ എന്ന പരിവേഷം ഉണ്ടെന്ന് തോന്നിയാൽ വോട്ടു ചെയ്യുക. അതുമല്ലെങ്കിൽ ഫാമിലി ആർക്കാണോ വോട്ടു ചെയ്യുന്നത് അതു ഫോളോ ചെയ്യുക എന്ന ഓപ്ഷൻ മാത്രമേ ഇപ്പോൾ യുവാക്കൾക്കുള്ളൂ. ആ മൈന്‍റ് സെറ്റാണ് ഇന്ന് യൂത്തിനുള്ളത്. കാരണം നമ്മൾ പഠിച്ചു വളർന്ന കേട്ടു മനസ്സിലാക്കിയ ഒരു കാര്യങ്ങളുമല്ല ഇന്ന് പൊളിറ്റിക്സിൽ നടക്കുന്നത്. സാധാരണക്കാരെ പൊളിറ്റിക്ക്സിലേക്ക് ആകർഷിക്കണമെങ്കിൽ അതുപോലെ നല്ല നേതാക്കൾ വേണം. അങ്ങനെ ഒരു സാഹചര്യം ഇന്ന് ഇല്ല. രാഷ്ട്രീയം, കൂടുതൽ അധികാരം ലഭിക്കാൻ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്.” അമല പറയുന്നു.

“ഇനി വരാൻ പോകുന്ന തലമുറയും ഇപ്പോഴത്തെ ഈ ട്രെന്‍റിന്‍റെ പിന്നാലെ പോയേക്കാം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ സെൽ ഫിഷും പവർ ഓറിയന്‍റഡും ആയി നിന്നാൽ വരാൻ പോകുന്ന ജനറേഷനും അതിൽ നിന്നു ഭിന്നമാകില്ല. നല്ലൊരു നേതാവ് എന്നും ജനങ്ങൾക്കു വേണ്ടിയായിരിക്കണം. ജനത്തിന്‍റെ പ്രതിനിധി മാത്രമാണ് താൻ എന്ന ബോധ്യം ആ നേതാവിനും വേണം. അങ്ങനെ ഉള്ള നേതാക്കളാണ് ഇനി ഭാവിയിൽ വരേണ്ടത്” അമല പറയുന്നു.

“കുറച്ചുനാൾ മുമ്പ് മധ്യപ്രദേശിലെ ഒരു ഹിന്ദു പെൺകുട്ടി പള്ളിയിൽ പോയെന്ന് പറഞ്ഞു അവിടത്തെ ജനക്കൂട്ടം ജീവനോടെ കത്തിച്ച സംഭവം ഉണ്ടായി. അതിന്‍റെ വീഡിയോ ഇറക്കി വൈറലും ആക്കി. അപ്പോൾ ഇന്ത്യ മതേതര രാജ്യം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ സ്റ്റാറ്റസിലേക്ക് എത്തിയെന്ന് പറയാൻ കഴിയില്ല.” അഞ്‌ജു തോമസ് പറയുന്നു. ബിഎസ്സി ബയോ ടെക്നോളജി വിദ്യാർത്ഥിനിയാണ് അഞ്‌ജു.

“ഖാ പഞ്ചായത്തുകൾ ഇല്ലീഗൽ ആണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും നോർത്ത് ഇന്ത്യയിൽ പലയിടത്തും അതുണ്ട്. കല്ലെറിഞ്ഞു കൊല്ലാൻ വരെ അവിടെ ഡിസിഷൻ എടുക്കാറുണ്ട്. ഇതൊക്കെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ഇപ്പോൾ ചലഞ്ചിംഗ് തന്നെയാണ്.” അഞ്ജു പറയുന്നു.

“ഇലക്ഷനു മുമ്പ് സ്ഥാനാർത്ഥികൾ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയാറുണ്ട്. പക്ഷേ അവർ ഭരണത്തിൽ നിന്നിറങ്ങി കഴിഞ്ഞു നോക്കിയാലറിയാം ആ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പായിട്ടുണ്ടാവില്ല” അഞ്ജു പറയുന്നു.

“രാഷ്ട്രീയം എന്നെ ഒരുപാട് ആകർഷിച്ച രംഗമൊന്നുമല്ല. പക്ഷേ തീർച്ചയായും വലിയൊരു എക്സൈറ്റ്മെന്‍റ് ഉള്ളിലുണ്ട്. അത് കൈവിരലിൽ ആദ്യമായി വോട്ടിംഗ് മഷി അണിഞ്ഞതിന്‍റെയാണ്. മാത്രമല്ല, എനിക്ക് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഫസ്റ്റ് വോട്ട് എന്ന് പറഞ്ഞു പോസ്‌റ്റ് ചെയ്യാമെന്ന സന്തോഷം ഉണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയേയും രാഷ്ട്രീയ നേതാക്കളേയും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല. പക്ഷേ രാജ്യം ഭരിക്കേണ്ടത് ജനങ്ങൾക്കായി നിലകൊള്ളുന്ന ഉശിരുള്ള നേതാവായിരിക്കണം എന്ന മോഹമുണ്ട്” അഞ്ജു നിലപാട് വ്യക്‌തമാക്കുന്നത് ഇങ്ങനെ.

“ഒരു കന്നിവോട്ടർ എന്ന നിലയിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. പ്രത്യേകിച്ചും ആ എക്സൈറ്റ്മെന്‍റ് ഇലക്ഷൻ പ്രോസസിൽ പങ്കുചേരുന്നതിന്‍റെ മാത്രമാണ്” അമല പറയുന്നു.

“തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആ എക്സൈറ്റ്മെന്‍റ് അല്ലാതെ പൊതുവേ രാഷട്രീയത്തോട് അങ്ങനെ താൽപര്യം തോന്നിയിട്ടില്ല. നല്ല നേതാക്കൾ ഭരണതലത്തിൽ വരണം എന്നാണ് ആഗ്രഹം. എന്‍റെ കൂട്ടുകാരും കുടുംബവും സപ്പോർട്ട് ചെയ്യുന്ന പാർട്ടിയെയാണ് ഞാനും സപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ ഇത്രയും ചിന്തിക്കാനുള്ള സാഹചര്യമേ ഉള്ളൂ. വോട്ട് രേഖപ്പെടുത്തി നേതാവിനെ തെരഞ്ഞെടുക്കുന്നത് ആലോചിച്ച് എടുക്കേണ്ട വലിയ തീരുമാനം തന്നെയാണ്. എന്‍റെ പോളിറ്റിക്കൽ വ്യൂസ് ഇനിയും മാറും. അപ്പോൾ കൃത്യമായ കാഴ്ചപ്പാടോടെ, നിലപാടോടെ വോട്ടു ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയുണ്ട്.” അമല ചൂണ്ടിക്കാട്ടുന്നു.

“ആദ്യമായിട്ട് വോട്ട് ചെയ്യുന്ന ആവേശം എല്ലാവർക്കും ഉണ്ടാകുമല്ലോ. ഇലക്ഷൻ പ്രോസസിനെക്കുറിച്ച് പഠിച്ചും, പറഞ്ഞും കേട്ട അറിവേ ഇത്രനാൾ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ ഗൗരവവും പ്രാക്ടിക്കലി വരുമ്പോൾ വലിയ എക്സൈറ്റ്മെന്‍റുമുണ്ട്. നീണ്ട ക്യൂവിൽ നിന്ന് സ്വന്തം അധികാരവും അവകാശവും രാജ്യത്തിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കുക, അർഹിക്കുന്ന ഒരു കാൻഡിഡേറ്റിന് വോട്ട് ചെയ്യുക അത് വളരെ പ്രൗഡ് മൊമെന്‍റല്ലേ! ഒരു പൗരൻ ആയി എന്ന തോന്നൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഒരുപാട് വൈവിദ്ധ്യമുള്ള നാട്, അതിനെ ഭരിക്കുക എന്നത് സിംപിൾ ടാസ്ക് അല്ലല്ലോ.” ബിഎ വിദ്യാർത്ഥിനി അനഘ പറയുന്നു.

“കുറേ നല്ല നേതാക്കൾ ഉണ്ടായിട്ടുണ്ട്, മോശം നേതാക്കളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ അതേക്കുറിച്ചൊന്നും കൃത്യമായി വിലയിരുത്തലിന് സാധിച്ചിട്ടില്ല. ഭൂരിപക്ഷം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. പുതിയ തലമുറ രാഷട്രീയത്തിലേക്ക് കടന്നു വരണം, കൂടുതൽ ഇടപെടുകയും വേണം. എങ്കിലേ രാജ്യത്ത് മാറ്റം ഉണ്ടാകൂ ” അനഘ നയം വ്യക്‌തമാക്കി.

“ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയം സംസാരിക്കുന്നത് തന്നെ. അച്‌ഛനമ്മമാരാണ് മിക്ക കുട്ടികളുടെയും രാഷ്ട്രീയത്തിലെ തുടക്കം. എന്‍റെ വീട്ടിൽ എല്ലാവരും കോൺഗ്രസ്, കോൺഗ്രസ് എന്നു പറഞ്ഞു നടക്കുന്നവരാണ്.” ബിഎ വിദ്യാർത്ഥിനിയായ ജ്യോത്സന പറയുന്നു.

“മുൻപൊക്കെ ഞാൻ വിചാരിച്ചിരുന്നു എന്‍റെ വോട്ടിംഗ് അവരുടെ ചിന്തകൾക്ക് അനുസരിച്ചായിരിക്കണമെന്ന്. ഇപ്പോൾ അങ്ങനെയല്ല, നമുക്ക് എന്താണ് ശരിയെന്ന് തോന്നുന്നത്, അതാണ് ചെയ്യേണ്ടത്. ഏറ്റവും നല്ല പാർട്ടിക്കാണ് വോട്ടു രേഖപ്പെടുത്തേണ്ടത്. കോൺഗ്രസ്, സിപിഎം, ബിജെപിയായാലും നല്ല ഗൈഡ്‍ലൈൻ നൽകുന്ന പാർട്ടി ഏതാണെന്ന തിരിച്ചറിവാണ് വേണ്ടത്. എല്ലാം കേട്ടറിവു മാത്രമേയുള്ളൂ. രാഷ്ട്രീയക്കാർ പറ്റിക്കുന്ന ആൾക്കാരാണ്. നാട്ടുകാരെ പിഴിയുന്നവർ, കള്ളന്മാർ. ഇതൊക്കെയാണ് രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കുറിച്ച് പൊതുവേ കേൾക്കുന്നത്. ആൾക്കാരെ എല്ലാ രീതിയിലും ഉപയോഗിക്കുന്ന രാഷ്ട്രീയക്കാർ എന്ന പൊതു ചിന്ത തിരുത്താൻ അവർ സ്വയം മാറണം. എനിക്ക് സിവിൽ സർവ്വീസ് ചെയ്യാൻ ആഗ്രഹമുണ്ട്. രാഷ്ട്രീയവുമായി വളരെ അടുത്തു നിൽക്കുന്ന മേഖലയാണത്. ഞാൻ ഒരു ലീഡർ ആയാൽ ഇപ്പോഴത്തെ രാഷ്ട്രീയം ഒരു മാതൃക യാക്കില്ല, എന്നതു തന്നെയാണ് സത്യം.” ജ്യോത്സന കൂട്ടിച്ചേർക്കുന്നു.

രാജ്യത്തോട് കൂറുള്ള നേതാക്കൾ, പൊട്ടൽഷ്യൽ ഉള്ള യുവതലമുറയുടെ രംഗപ്രവേശം പ്രോത്സാഹിപ്പിക്കും. ക്യാമ്പസ് പറയുന്നു, ഇനി യുവതയുടെ കാലം.

ഇരുട്ടിലെ മാലാഖ

സച്ചിന് അഞ്ചു വയസ്സുള്ളപ്പോഴാണ് ഹരികൃഷ്ണനും മായയും കോട്ടയത്ത് താമസിക്കാനെത്തുന്നത്. അന്ന് സച്ചിന്‍റെ ഏക കൂട്ടുകാരിയായിരുന്നു അയൽപക്കത്തെ ഒമ്പത് വയസ്സുകാരി സ്വപ്ന. ഹരികൃഷ്ണനും മായക്കും സ്വപ്ന സ്വന്തം മകളെപ്പോലെയായിരുന്നു.

“നീ സച്ചിന്‍റെ ചേച്ചിയാ, ഇനി മോള് വേണം അവന്‍റെ കാര്യങ്ങൾ നോക്കാൻ” അവർ എപ്പോഴും സ്വപ്നയെ ഓർമ്മിപ്പിക്കുമായിരുന്നു.

അൽപം തടിച്ചുരുണ്ട വികൃതിയായ സച്ചിനെ സ്വപ്നയ്‌ക്കും വലിയ ഇഷ്‌ടമായിരുന്നു. സ്നേഹം കൂടുമ്പോൾ അവൾ സച്ചിനെ പൊക്കിയടുത്ത് വാത്സല്യം ചൊരിയും. അപ്പോഴൊക്കെ രണ്ടുപേരും വീണുപോകുമെന്ന ഭയത്തിൽ മായ സ്വപ്നയെ വിലക്കും.

കാലം അതിന്‍റെ യാത്ര തുടർന്നു കൊണ്ടിരുന്നു. ഇരു കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും ഗാഡമായി. കുട്ടികൾ വളർന്നു. സച്ചിനും സ്വപ്നയും തമ്മിലുള്ള സ്നേഹവും അടുപ്പവും അതേപ്പടി നിലനിന്നു. സച്ചിൻ എഞ്ചിനീയറിംഗ് പഠനത്തിനായി മണിപ്പാലിലേക്ക് പോയി. സ്വപ്നയാകട്ടെ നാട്ടിൽ തന്നെയുള്ള മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനമാരംഭിച്ചു. കൂടെ പഠിച്ച കൂട്ടുകാരനെ തന്നെ അവൾ വിവാഹം ചെയ്‌തു അടുത്തുള്ള ആശുപത്രിയിൽ പ്രാക്ടീസും തുടങ്ങി. ഇതിനിടയിൽ സച്ചിന്‍റെ അച്‌ഛന് മറ്റൊരു സ്‌ഥലത്തേക്ക് ട്രാൻസ്ഫർ കിട്ടിയിരുന്നു. എന്നാലും അവസരം കിട്ടുമ്പോഴൊക്കെ അവൻ സ്വപ്നയെ കാണാൻ ഓടിയെത്തിയിരുന്നു. ജോലി കിട്ടി ദുബായിയിൽ എത്തിയിട്ടും അവൻ സ്വപ്നയെ മുടങ്ങാതെ വിളിച്ചു. പറയാൻ വിശേഷങ്ങൾ ഏറെയുണ്ടെങ്കിൽ അവൻ വാട്സാപ്പിലൂടെ അവയൊക്കെയും സ്വപ്നയുമായി പങ്കു വച്ചു. ഇതിനിടെ സ്വപ്നയുടെ ഭർത്താവ് ഡോ. സജിത്തിനും ദുബായിലെ ഒരു ആശുപത്രിയിൽ ജോലി കിട്ടി. കുറച്ചു നാൾ അവിടെ ജോലി ചെയ്‌ത ശേഷം അവർ രണ്ടുപേരും നാട്ടിൽ മടങ്ങിയെത്തി. ആയിടെയാണ് സച്ചിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയത്. സജിത്താകട്ടെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സീനിയർ ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിരുന്നു.

“ഇങ്ങോട്ടേക്ക് മടങ്ങിയെത്താനുള്ള തിടുക്കമായിരുന്നു എനിക്ക്. ചേച്ചിയെ കാണാനുള്ള കൊതി. പപ്പയും മമ്മിയും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്‌തു. ചേച്ചിയാണെങ്കിൽ കല്യാണമൊക്കെ കഴിഞ്ഞ് കൊച്ചിയിലും. ഞാനാണെങ്കിൽ അങ്ങ് ദുബായിയിൽ ഒറ്റക്കും. ആരോരുമില്ലാതെ ഈ ഏകാന്തത മടുത്തു ചേച്ചി.” സച്ചിൻ സ്വപ്നയ്‌ക്ക് മുന്നിൽ പരാതികളം പരിഭവങ്ങളും നിരത്തി കൊണ്ടിരുന്നു.

“എടാ മണ്ടാ ബാച്ചിലർമാർക്ക് ഗേൾഫ്രണ്ട്സ് ഉള്ളതാ ഏറ്റവും സങ്കടം?”

ഡോ. സജിത്ത് ഒരു പൊട്ടി ചിരിയോടെ പറഞ്ഞു. “ങ്ഹും, വിവാഹ പ്രായം കഴിഞ്ഞാൽ ഏകാന്തതയൊക്കെ തോന്നും. അതിനുള്ള മരുന്ന് വിവാഹമാണ്.”

“സജി… പറഞ്ഞത് ശരിയാ നീയെന്താ കല്യാണത്തെപ്പറ്റി ചിന്തിക്കാത്തത്?” സ്വപ്നയും ചർച്ചയ്‌ക്ക് തിരി കൊളുത്തി.

“ദുബായിയിൽ ഇരുന്നു കൊണ്ട് കല്യാണത്തെപ്പറ്റി എങ്ങനെ ചിന്താക്കാനാ? ങ്ഹാ, ഇനിയിപ്പോൾ ഈ ട്യൂട്ടി ചേച്ചിക്ക് വിട്ടു തന്നിരിക്കുകയാ.

“ഓകെ ഞാനേറ്റു. നീ വിഷമിക്കണ്ടാ.”

“എന്‍റെ പ്രായം കൂടിയത് കാരണം പപ്പയ്ക്കും മമ്മിക്കും ഒരു പെണ്ണിനേയും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എന്‍റെ ഇഷ്‌ടമെന്താണെന്ന് അവർക്ക് അറിയുകയുമില്ല.” സച്ചിൻ നിരാശമട്ടിൽ പറഞ്ഞു.

“മമ്മിയേയും പപ്പയേയും ചേച്ചി പറഞ്ഞ് മനസ്സിലാക്കണം. അല്ലെങ്കിൽ എന്‍റെ മൂത്ത ചേച്ചിയെന്ന നിലയിൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.”

“പക്ഷേ ആന്‍റിയും അങ്കിളുമെന്തിനാ എതിർക്കുന്നത്? ഇന്‍റർകാസ്‌റ്റ് മാര്യേജ് അല്ലെങ്കിൽ കുട്ടികളുള്ള വിവാഹമോചിതരെയല്ലേ നിനക്കിഷ്ടം” സ്വപ്ന അതിശയ ഭാവത്തിൽ ചോദിച്ചു.

പക്ഷേ, സച്ചിന് എന്തു കൊണ്ടാണ് വിവാഹം കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്‌ക്കുന്നത്? എന്തു കൊണ്ടാണ് അവൻ അവിവാഹിതനായി തുടരുന്നത്? സ്വപ്നയുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു.

“ചേച്ചി ദീപ്തി വീട്ടിലെ ഒറ്റക്കുട്ടിയാണ്. അവൾ പഠനം പൂർത്തിയാക്കി വരുമ്പോഴാണ് അച്‌ഛന് കാൻസർ പിടിപ്പെട്ടത്. പിന്നാലെ അമ്മയ്‌ക്ക് ലുക്കിമിയയും. ഒത്തിരി ചികിത്സകൾ നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. അവൾ മണിപ്പാലിൽ എനിക്കൊപ്പമാണ് പഠിച്ചത്. ഇപ്പോൾ ഞങ്ങൾ ഒരേ കമ്പനിയിലാ ജോലി ചെയ്യുന്നത്. എന്നെ കല്യാണം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ കുട്ടികൾ വേണ്ട എന്ന നിബന്ധന അവൾക്കുണ്ട്.”

“പക്ഷേ അങ്ങനെയൊരു നിബന്ധന എന്തിനാ?”

“അത് ഞാൻ അവളോട് ചോദിച്ചിട്ടില്ല. അവൾ പറയാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവളുടെ കഴിഞ്ഞ ജീവിതത്തെപ്പറ്റിയൊന്നും അറിയാൻ ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു ജീവിതമേ ആഗ്രഹിക്കുന്നുള്ളൂ. അച്ഛന്‍റേയും അമ്മയുടെയും ചികിത്സാ നടത്താനുള്ള പണം കണ്ടെത്താൻ അവൾ കുറേയേറെ കഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഒരിക്കലും അതിനായി തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല. എന്തിന് സ്വന്തം വീടു പോലും നഷ്‌ടപ്പെടുത്തിയില്ല. പിന്നെ നിബന്ധനയുടെ കാര്യത്തിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എനിക്ക് കുഞ്ഞുണ്ടായാലും ഇല്ലെങ്കിലും അത് അച്‌ഛനേയും അമ്മയേയും ബാധിക്കുകയേയില്ലല്ലോ. സ്വപ്നചേച്ചിയുടെ മക്കൾ ജിതിനും ശ്രേയയും പപ്പയ്‌ക്കും മമ്മിക്കും കൊച്ചു മക്കളായി ഉണ്ടല്ലോ.”

ഒരു നിമിഷം നിന്ന ശേഷം സച്ചിൻ തുടർന്നു. “ഇനി കുഞ്ഞ് വേണമെന്നുണ്ടെങ്കിൽ ദത്തെടുക്കാമല്ലോ അല്ലെങ്കിൽ വാടക ഗർഭത്തിലൂടെ…”

“ഇക്കാര്യത്തെപ്പറ്റി നീ ദീപ്തിയോട് സംസാരിച്ചോ?

“അവളാണ് ഈ വഴികളെപ്പറ്റി പറഞ്ഞത്. എനിക്ക് അതിൽ എതിർപ്പൊന്നുമില്ല. ഇനി ചേച്ചിയാണ് എല്ലാം നടത്തിതരേണ്ടത്” സച്ചിൻ പറഞ്ഞു.

“ചേച്ചിക്ക് അറിയാമോ പ്രണയം അന്ധമാണ്. എന്നാലും മുതിർന്ന പ്രായത്തിലുള്ള പ്രണയം അനശ്വരമായിരിക്കും.”

“ദീപ്തിയുടേയും ആദ്യ പ്രണയമാണോ?” സ്വപ്ന ചോദിച്ചു.

സച്ചിൻ അതെയെന്നർത്ഥത്തിൽ തലയാട്ടി. “അതെ ചേച്ചി, ഞങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്‌ടപ്പെട്ടിരുന്നു. പക്ഷേ അതിന് മുമ്പോ തന്നെ അവളുടെ അച്‌ഛന് സുഖമില്ലാതായി. അതോടെ എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത് അവൾ നിർത്തി. പക്ഷേ… ഇവിടെ നിന്നാൽ ഒന്നും സാധിക്കില്ല. അതാ ഞാൻ ദുബായിലേക്ക് പോയത്. ഒരു കൂട്ടുകാരൻ പറഞ്ഞാണ് അവളുടെ അച്‌ഛനും അമ്മയും മരിച്ച വിവരം ഞാനറിയുന്നത്. അങ്ങനെയാ ഞാനവളുടെ കമ്പനിയിൽ ജോലി നോക്കിയത്. പിന്നെ എല്ലാം ഓക്കെ ആയതിനാൽ ഞാൻ തിരിച്ചു വരികയായിരുന്നു.”

“കാര്യങ്ങൾ ഇങ്ങനെയൊക്കെയായതു കൊണ്ട് സ്വപ്നേ നീ സഹായിച്ചേ പറ്റൂ.” സജിത് സച്ചിനെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.

“ഓകെ, ഇന്ന് തന്നെ ഞാൻ ഫോൺ ചെയ്യും. വേണമെങ്കിൽ തിരുവനന്തപുരത്തു പോയി ആന്‍റിയേയും അങ്കിളിനേയും കാണാം. പക്ഷേ അതിന് മുമ്പ് എനിക്ക് ദീപ്തിയെ കണ്ട് ഒന്ന് സംസാരിക്കണം.” സ്വപ്ന ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഇന്ന് വേണ്ട നാളെ കൊണ്ടു പോകാം. പക്ഷേ? അതിനു മുമ്പ് മമ്മിയോട് സംസാരിക്കണം.” എന്ന് പറഞ്ഞു കൊണ്ട് സച്ചിൻ അവിടെ നിന്നുപോയി. സ്വപ്ന ഉടനടി ഹരികൃഷ്ണനേയും മായയേയും വിളിച്ചു.

“അദ്ഭുതമായിരിക്കുന്നു സ്വപ്ന നീയൊരു ഡോക്ടറായിട്ടും ഈ വിവാഹ ബന്ധത്തെ പിന്തുണയ്‌ക്കുകയാണോ? ഇങ്ങനെയൊരു നിബന്ധന വച്ച് വിവാഹത്തിനൊരുങ്ങുന്ന പെണ്ണിന് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഊഹിച്ചു കൂടെ?” മായ ആന്‍റിയുടെ ചോദ്യത്തിന് മുന്നിൽ സ്വപ്ന ഒന്ന് പതറിപ്പോയി.

“ആന്‍റി അങ്ങനെയുമാകാം… നാളെ ഞാനവളെ കണ്ട് കാര്യങ്ങൾ സംസാരിക്കാം. അപ്പോളറിയാമല്ലോ യഥാർത്ഥ കാരണം.” സ്വപ്ന പതറിയ ശബ്ദത്തോടെ സംസാരിച്ച ശേഷം ഫോൺ വച്ചു.

“നമ്മൾ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചതു പോലുമില്ലല്ലോ,” എല്ലാം കേട്ട ശേഷം ഡോ. സജിത് പറഞ്ഞു.

“അഥവാ അങ്ങനെ വല്ല പ്രശ്നവുമുണ്ടെങ്കിൽ നമുക്കത് ചികിത്സിക്കാമല്ലോ. ഇന്ന് ചികിത്സയില്ലാത്ത എന്ത് അസുഖമാണുള്ളത്. പക്ഷേ ഇക്കാര്യമൊന്നും സച്ചിനോട് പറയരുത്.”

“അവരുടെ എതിർപ്പും ന്യായമാണല്ലോ. എന്തെങ്കിലും അസുഖം ഉള്ളതോ അല്ലെങ്കിൽ മുൻധാരണ വച്ച് പുലർത്തുന്നതോ ആയ പെൺകുട്ടിയെ ഏത് രക്ഷാകർത്താവാണ് മകന് വധുവായി തെരഞ്ഞെടുക്കുക? സച്ചിനേയും ദീപ്തിയേയും ഒന്നും അറിയിക്കാതെ വളരെ സമർത്ഥമായി വേണം യഥാർത്ഥ സത്യം കണ്ടുപിടിക്കാൻ.” സ്വപ്ന പറഞ്ഞു.

“ദീപ്തിയുടെ വീട്ടിൽ പോകുന്നതിന് മുമ്പായി അവളെ പുറത്ത് എവിടെ വച്ചെങ്കിലും കാണുന്നതായിരിക്കും നല്ലത്. നീയൊരു കാര്യം ചെയ്യ് ലഞ്ച് ബ്രേക്ക് ടൈമിൽ സച്ചിന്‍റെ ഓഫീസിൽ പോകണം. മറ്റെതോ ആവശ്യത്തിന് പോയ കൂട്ടത്തിൽ വന്നതാണെന്ന് പറയണം. കൂട്ടത്തിൽ ഒരുമിച്ച് ലഞ്ച് കഴിക്കണമെന്ന് പറയണം. ഈ സാഹചര്യത്തിൽ അവന് ദീപ്തിയേയും വിളിക്കും. വിളിച്ചില്ലെങ്കിൽ അവളെ കാണണമെന്ന ആഗ്രഹം നീ അറിയിക്കണം.” സജിത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. പിറ്റേ ദിവസം സ്വപ്ന സച്ചിന്‍റെ ഓഫീസിൽ ചെന്നു. സച്ചിൻ ലിഫ്റ്റിൽ നിന്നും ഇരുണ്ട ആകർഷകയായ പെൺകുട്ടിക്കൊപ്പം ഇറങ്ങി വരുനന്ത് സ്വപ്ന കൗതുകത്തോടെ നോക്കി. ഒറ്റക്കാഴ്ചയിൽ തന്നെ അത് ദീപ്തിയാണെന്ന് അവൾ ഊഹിച്ചെടുത്തു.

“ചേച്ചീ… സർപ്രൈസിംഗ്? ഇവിടെ എങ്ങനെ?” സച്ചിൻ അമ്പരപ്പോടെ ചോദിച്ചു.

“പ്രത്യേകിച്ചൊന്നുമില്ല… ഇവിടെയടുത്ത് ഒരു അത്യാവശ്യ കാര്യത്തിന് വരേണ്ടതുണ്ടായിരുന്നു. കൂട്ടത്തിൽ നിന്നേയും കാണാമെന്ന് വിചാരിച്ചു. എവിടേക്കെങ്കിലും പോവുകയാണോ?”

“ദീപ്തി ഇതാണ് എന്‍റെ ചേച്ചി സ്വപ്ന… ഞങ്ങൾ ലഞ്ച് കഴിക്കാൻ പോകുകയായിരുന്നു. ചേച്ചിയും കൂടി വാ ഞങ്ങൾക്ക് സന്തോഷമാകും.” സച്ചിൻ ആവേശത്തോടെ പറഞ്ഞു.

“ങ്ഹാ, വരാമല്ലേ. പക്ഷേ സ്വസ്ഥമായി ഇരുന്ന് സംസാരിക്കാൻ പറ്റിയ ഇടമായിരിക്കണം.” സ്വപ്ന ദീപ്തിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോൾ നമുക്ക് ശ്രീ കൃഷ്ണയിൽ പോകാം. അവിടെ നല്ല ഫാമിലി റൂം ഉണ്ട്.” ദീപ്തി നിർദ്ദേശിച്ചു. അവർ മൂവരും കൂടി കാറിൽ കയറി ശ്രീകൃഷ്ണയിൽ ചെന്നു.

“ഇത് നല്ല പ്ലേസാണ്. പാർക്കിംഗ് പ്രശ്നവുമില്ല” സ്വപ്ന പറഞ്ഞു.

“ദീപ്തിയുടെ സജഷൻസ് എപ്പോഴും കറക്റ്റാണ് ചേച്ചി” സച്ചിനും പിന്താങ്ങി.

“അങ്ങനെയാണെങ്കിൽ സച്ചിൻ നീ ഉടനടി തന്നെ ദീപ്തിയെ വീട്ടിൽ കൂട്ടി കൊണ്ടുവരണം.” സച്ചിൻ പുഞ്ചിരിച്ചു കൊണ്ട് ദീപ്തിയെ നോക്കി. സച്ചിന്‍റെ പുഞ്ചിരിയിൽ വിഷാദത്തിന്‍റെ നിഴൽ പടർന്നിരിക്കുന്നത് ദീപ്തി ശ്രദ്ധിച്ചു. അത് മറച്ചു പിടിച്ചു കൊണ്ട് ദീപ്തി സ്വപ്നയോട് വീട്ടു വിശേഷങ്ങൾ ചോദിച്ചു.

“അതൊക്കെ ഇരിക്കട്ടെ… നിങ്ങളെപ്പറ്റി പറയൂ.”

“എന്നെപ്പറ്റി പറയാനുള്ളത് സച്ചു ചേച്ചിയോട് പറഞ്ഞു കാണുമല്ലോ. പ്രത്യേകിച്ചൊന്നും പറയാനില്ല. സച്ചുവിന്‍റെ ക്ലാസ്മേറ്റായിരുന്നു. ഇപ്പോൾ കൊളിഗാണ്. ഇവിടെ അടുത്ത് ഗിരിനഗറിലാണ് താമസം.”

“ചേച്ചി, ദീപ്തി പപ്പയുണ്ടാക്കിയ വീട്ടിലാ താമസം” സച്ചിൻ എടുത്ത് പറഞ്ഞു. “അവിടെ അവൾ ഒറ്റക്കാ. കൂട്ടിന് ഒരു വല്യമ്മയുണ്ട്.”

“പേടിയില്ലേ ദീപ്തി?”

“ഇല്ല ചേച്ചി. പേടി എന്‍റെ കൂടപിറപ്പാ.” ദീപിതി പൊട്ടി ചിരിച്ചു.

“ഓഹോ… കുട്ടിയായിരുന്നപ്പോൾ സച്ചുവും ഒരു പേടിത്തൊണ്ടനായിരുന്നു.”

ദീപ്തി ഊറി ചിരിച്ചു.

“അയ്യോ സച്ചു അതൊന്നും പറഞ്ഞിട്ടില്ല. സച്ചുവിന് ആരെയായിരുന്നു പേടി?” ദീപ്തി ഉൽസാഹത്തോടെ ചോദിച്ചു.

“അതവൻ പറയുമോ? ഇപ്പോഴും കാണും ആ പേടി. നിങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ മനസ്സിലാകും.” സച്ചിൻ തെല്ലൊരു ലജ്‌ജയോടെ ചിരിച്ചു.

“അതിനുള്ള സാധ്യത കുറവാണ് ചേച്ചി. സച്ചുവിന്‍റെ അമ്മയെ വേദനിപ്പിച്ചു കൊണ്ട് സച്ചുവിനെ കല്യാണം കഴിക്കാൻ എനിക്കാവില്ല.” ദീപ്തിയുടെ കണ്ണുകളിൽ സങ്കടം ഉറഞ്ഞു കൂടിയെങ്കിലും അവളുടെ ശബ്‌ദം ഉറച്ചതായിരുന്നു.

സ്വപ്ന പതിയെ വാച്ചിലേക്ക് നോക്കി. “അതൊക്കെ സംസാരിക്കാനുള്ള സമയവും സ്‌ഥലവും അല്ല ഇത്. ഞാനാണെങ്കിൽ നേഴ്സിംഗ് ഹോം പണിയുന്നതിന്‍റെ തിരക്കിലാ. ദീപ്തിക്ക് എപ്പോഴാണ് ടൈം കിട്ടുക. ഞാൻ വരാം. അന്ന് നമുക്ക് സ്വസ്ഥമായി സംസാരിക്കാം.”

“ഇന്ന് വൈകുന്നേരം ചേച്ചിയും ചേട്ടനും ദീപ്തിയുടെ വീട്ടിൽ പോകുന്നുണ്ടോ?” സച്ചിൻ ആകാംക്ഷയോടെ ചോദിച്ചു.

“ഇപ്പോൾ ഞാൻ നേഴ്സിംഗ് ഹോമിലേക്ക് ചെല്ലട്ടെ. ഇനി വീട്ടിൽ പോയിട്ട് പോകാമെന്ന് വച്ചാൽ നടക്കില്ല. ങ്ഹാ… ഇന്ന് ഞാൻ ആളിനെ കണ്ടില്ലേ.”

“ഇന്ന് ചേച്ചി കണ്ടല്ലേ, ചേട്ടൻ കൂടി ദീപ്തിയെ കാണണം.” സച്ചിൻ പറഞ്ഞു. “ചേച്ചി വീട്ടിൽ ഇരുന്നാൽ മതി. ഞാൻ ദീപ്തിയെയും കൂട്ടി വീട്ടിൽ വരാം.”

“ഹായ് നല്ല ഐഡിയ, അതായിരിക്കും നല്ലത്.”

സ്വപ്ന പുഞ്ചിരിയോടെ ക്ഷണിച്ചു. “ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാം.”

വൈകുന്നേരമായപ്പോൾ സച്ചിൻ ദീപ്തിയേയും കൂട്ടി സ്വപ്നയുടെ വീട്ടിലെത്തി. ഡോ. സജിത്തിന്‍റെ ഹൃദ്യമായ പെരുമാറ്റവും തമാശ കലർന്ന സംസാരവുമൊക്കെ അന്തരീക്ഷത്തിന് അയവു വരുത്തി. വീട്ടു സഹായത്തിനെത്തുന്ന രേഖമ്മ അടുക്കളയിൽ അതിഥികൾക്കായി ഭക്ഷണമൊരുക്കുന്നുണ്ടായിരുന്നു. സ്വപ്ന പാചകത്തിന്‍റെ മേൽനോട്ടവുമായി ഓടി നടന്നു. അടുക്കളയിൽ എന്തോ ആവശ്യത്തിനായി സ്വപ്ന പോയ പുറകെ സച്ചിനും അവരെ പിന്തുടർന്നു ചെന്നു.

“ചേച്ചി അമ്മയുമായി ഇക്കാര്യം സംസാരിച്ചോ?” സച്ചിൻ പതിഞ്ഞ ശബ്ദത്തിൽ കാര്യം തിരക്കി.

“കാര്യങ്ങളൊക്കെ ചോദിച്ചു.” അത്രയുള്ളോ? ചേച്ചി കാര്യം പറഞ്ഞില്ലേ? ചേച്ചിക്ക് ഇതെന്താ പറ്റിയത്?” സച്ചിൻ അസ്വസ്ഥതയോടെ ചോദിച്ചു.

“എല്ലാം ശരിയായ സമയത്ത് ശരിയായ രീതിയിൽ വേണം പറയാൻ. ദീപ്തി എങ്ങോട്ടും ഓടി പോകുന്നില്ലല്ലോ. നിന്നെയല്ലേ അവൾ കല്യാണം കഴിക്കൂ. ഇത്രയും വർഷം കാത്തിരുന്നില്ലേ ഒരൽപം കൂടി ക്ഷമിക്കൂ.”

“അതല്ലാതെ പിന്നെന്താ ചെയ്യുക,” സച്ചിൻ ഉദാസീനനായി പറയുന്നത് കേട്ട് സ്വപ്നയ്‌ക്ക് ഉള്ളിൽ സങ്കടം തോന്നി. എല്ലാവരും സംസാരിക്കുന്നതിനിടെ സ്വപ്ന ദീപ്തിയുമായി ഏറെ അടുത്തിടപഴകി. ദീപ്തിയുമായി നല്ലൊരു അടുപ്പം ഉണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ ലക്ഷ്യം. ദീപ്തിയും സ്വപ്നയും തമ്മിൽ ഇതിനോടകം നല്ല കൂട്ടായി കഴിഞ്ഞിരുന്നു. അതിനു ശേഷം അവർ മിക്കപ്പോഴും ഫോണിൽ സംസാരിക്കുന്നത് പതിവായി.

സച്ചിൻ എന്തോ ഔദ്യോഗികാവശ്യവുമായി ബന്ധപ്പെട്ട് മുംബൈയിൽ പോകുന്നതറിഞ്ഞ് സ്വപ്ന ദീപ്തിയെ കാണാൻ അവളുടെ വീട്ടിൽ ചെന്നു. വളരെ മനോഹപമായിരുന്നു ദീപ്തിയുടെ വീട്. ആ വീട് കണ്ടാൽ ഏറെ ഇഷ്‌ടപ്പെട്ട് ആഗ്രഹിച്ച് ഉണ്ടാക്കിയതാണെന്നേ തോന്നൂ. അത്രയ്‌ക്കായിരുന്നു വീടിനകത്തെ സൗകര്യങ്ങളും സജ്‌ജീകരണങ്ങളും.

“ദീപ്തി, നീ ഈ വീട് വിൽക്കാത്തത് നന്നായി. നല്ല വീടാണ് കേട്ടോ. വിവാഹശേഷവും നിങ്ങൾക്കിവിടെ താമസിക്കാമല്ലോ. സച്ചിൻ അതിന് തയ്യാറാകുമോ?”

“സച്ചിന് അങ്ങനെ പിടിവാശിയൊന്നുമില്ല. ഞാൻ പറയുന്നതൊക്കെയും സച്ചുവിന് സമ്മതമാ. പക്ഷേ സച്ചുന്‍റെ പപ്പയുടെയും മമ്മിയുടെയും സമ്മതമില്ലാതെ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല. ഒരിക്കലും ഞാൻ മകനെ അവരുടെ ശത്രുവാക്കില്ല. പ്രണയമെന്നത് ചിലപ്പോൾ വിവേകമില്ലായ്മയും മര്യാദകേടുമാകും. പക്ഷേ അതിന്‍റെ പേരിൽ സച്ചുവിന് പപ്പയേയും മമ്മിയേയും നഷ്‌ടപ്പെട്ടുകൂടാ.”

“അത് ശരിയാണ് ദീപ്തി. സച്ചുവിന്‍റെ മമ്മിയും പപ്പയും വളരെ നല്ലവരാണ്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണെങ്കിൽ അവർ സന്തോഷത്തോടെ സമ്മതിക്കും. പക്ഷ സച്ചു കാരണമെന്താണെന്ന് അവരോട് പറയുന്നില്ലല്ലോ.”

“അതിന് കാരണമെന്താണെന്ന് സച്ചു അറിഞ്ഞാലല്ലേ സച്ചുവിന് പറയാൻ പറ്റൂ. ഞാനിതു വരെ സച്ചിനിനോട് ഒന്നും പറഞ്ഞിട്ടില്ല. സച്ചുവത് കേൾക്കാൻപ്പോലും ആഗ്രഹിക്കുന്നുമില്ല. എന്‍റെ കൂടെ ജീവിക്കുമ്പോൾ സുന്ദരമായ ഭാവി മാത്രം സ്വപ്നം കണ്ടാൽ മതിയെന്നാ സച്ചു പറയുന്നത്. കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർക്കണ്ടായെന്നാ സച്ചു പറയുന്നത്. ഞാനും കഴിഞ്ഞക്കാലത്തെ ഓർക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷേ ചേച്ചി കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ട ചില യാഥാർത്ഥ്യങ്ങൾ ഉണ്ടല്ലോ… അത് നമ്മൾ ആഗ്രഹിച്ചാലും അവഗണിക്കാനുമല്ല മറക്കാനും കഴിയില്ല. ആ ഓർമ്മകൾ സദാ അലട്ടി കൊണ്ടിരിക്കും.”

“പറ്റുമെങ്കിൽ ആ സത്യാവസ്‌ഥ എന്നോട് ഷെയർ ചെയ്യാം ദീപ്തി” സ്വപ്ന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞാനും അത് തന്നെ ആലോചിക്കുകയായിരുന്നു ചേച്ചി.” ദീപ്തി ദീർഘനിശ്വാസമുതിർത്തു കൊണ്ട് പറഞ്ഞു.

“മിക്കപ്പോഴും ലേറ്റാകുന്നതു കൊണ്ടും അടിക്കടി ലീവ് എടുക്കുന്നതു കൊണ്ടും എനിക്ക് ജോലിയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാനോ പപ്പയുടെ ചികിത്സാ കാര്യങ്ങൾ ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല. അങ്ങനെ വന്നപ്പോഴാ ഞാൻ ജോലി റിസൈൻ ചെയ്‌ത് പപ്പയെയും കൊണ്ട് ചികിത്സയ്‌ക്കായി മുംബൈയിൽ പോകുന്നത്.

ഒരു റിലേറ്റീവ് പറഞ്ഞിട്ടാണ് അവിടെ പോകുന്നത്. ചികിത്സയ്‌ക്ക് പണം വേണമല്ലോ. അതിന് ഞാൻ സെയിൽസ് ഗേളായി ജോലി ചെയ്‌തു. അന്ന് ഏത് ജോലിയും ചെയ്യാൻ തയ്യാറായിരുന്നു. മമ്മിയും പപ്പയും എതിർത്തിട്ടും ഞാൻ പണത്തിനു വേണ്ടി രണ്ട് തവണ സറോഗേറ്റ് മദറുമായി.

ഒരു യന്ത്രം കണക്കെ ഞാൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രതിഫലമായി ആവശ്യത്തിന് പണവും കൈപ്പറ്റി. പക്ഷേ ആ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുകയാണ് ചേച്ചി. എനിക്ക് സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അവരെ വളർത്തുമ്പോൾ ആ കുഞ്ഞുങ്ങളുടെ ഓർമ്മ വരില്ലേ…

10 മാസം ഗർഭം ധരിച്ച് പ്രസവിച്ച എന്‍റെ കുഞ്ഞുങ്ങൾ അല്ലേ അവരും എന്നിട്ട് ഞാൻ നിർദ്ദയം ആ കുഞ്ഞുങ്ങളെ ഏതോ അപരിചിതർക്ക് കൈമാറി. ആ വേദന എന്നെ എപ്പോഴും അലട്ടി കൊണ്ടിരിക്കും. അത് സച്ചുവിനോടും ഞങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനോടും ചെയ്യുന്ന അനീതിയായിരിക്കും. അതിലും ഭേദമല്ലേ ഒരു കുഞ്ഞ് ഉണ്ടാകാതെ നോക്കുകയെന്നത്. മാത്രവുമല്ല എന്‍റെ പ്രായവും കടന്നു പോയിരിക്കുന്നു. ചേച്ചിക്ക് പറ്റുമെങ്കിൽ ഇക്കാര്യം സച്ചുവിനോടും സച്ചുവിന്‍റെ മമ്മിയോടും പപ്പയോടും പറയണം. അവരുടെ ഏത് തീരുമാനവും എനിക്ക് സ്വീകാര്യമാണ്.

“ശരിയാണ് ദീപ്തി ഞാൻ ഇക്കാര്യം ശരിയായ അവസരം നോക്കി പറയാം.” സ്വപ്നയ്ക്ക് ദീപ്തിയോടുള്ള മതിപ്പ് ഒന്ന് കൂടി വർദ്ധിച്ചു.

സ്വന്തം കുടുംബത്തിനു വേണ്ടി ദീപ്തി സഹിച്ച ത്യാഗത്തെക്കുറിച്ചോർത്ത് സ്വപ്നയുടെ മനസ്സിൽ ഒരു തേങ്ങൽ ഉയർന്നു. മറ്റുള്ളവർക്ക് വേണ്ടി സ്വയം ഉരുകിത്തീർന്ന പെണകുട്ടിയാണവൾ. ഉള്ളിൽ സ്വന്തം രക്‌തത്തിൽ പിറന്ന കുഞ്ഞുങ്ങളോടുള്ള വാത്സല്യം കാത്തു സൂക്ഷിക്കുന്ന അപൂർവ്വമായ ഒരമ്മ. സ്വപ്ന ദീപ്തിയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.

ദീപ്തി പറഞ്ഞ കാര്യങ്ങളെ അവഗണിക്കാനാവില്ല. അവളടെ വികാരങ്ങളെ മാനിക്കേണ്ടതുണ്ട്. സച്ചുവിനെ സംബന്ധിച്ചാണെങ്കിൽ യാതൊരു തടസ്സവും ഉണ്ടാകില്ല. അവന് ഏത് സാഹചര്യത്തിലും ദീപ്തിയെ ഇഷ്‌ടമാണ്.

പക്ഷേ സച്ചിന്‍റെ മമ്മിയും പപ്പയും സറോഗേറ്റ് മദർ ആയ ഒരു പെൺകുട്ടിയെ സ്വീകരിക്കുക എന്നത് ആത്ര എളുപ്പമുള്ള കാര്യമല്ല. മാത്രവുമല്ല ദീപ്തിയുടെ പ്രായവും അവരുടെ തീരുമാനത്തെ സ്വാധീനിക്കാം. പക്ഷേ സച്ചുവിന്‍റെ പ്രണയത്തെ സഹായിക്കാൻ എന്തെങ്കിലും ത്യാഗം സഹിക്കേണ്ടതാവശ്യമല്ലേ. അത് എത്ര വില കൊടുത്തായാലും. സ്വപ്ന ഉറച്ച ഒരു തീരുമാനത്തിലെത്തി. അവൾ ജനാലക്കപ്പുറത്തെ പച്ചപ്പിലേക്ക് നോക്കി പുഞ്ചിരി പൊഴിച്ചു.

ഇതാണ് ചിരിയുടെ സീക്രട്ട്..

ടെൻഷൻ അടിച്ചിരിക്കുകയാണോ? എങ്കിൽ തമാശക്കാരനായ കൂട്ടുകാരനൊപ്പം ഇത്തിരി സമയം ചെലവഴിച്ചു നോക്കു… ടെൻഷൻ പോയ വഴിക്ക് പുല്ലു പോലും ഉണ്ടാകില്ല. അതാണ് ചിരിയുടെ സീക്രട്ട്…

മനസ്സ് തുറന്നു ചിരിച്ചാൽ ആരോഗ്യം മാത്രമല്ല ആയുസ്സും വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചിരിക്കുക എന്നുള്ളത് മനുഷ്യ സഹജമായ കഴിവ് ആണ്. ചിരി നമുക്ക് മൂന്ന് തരത്തിൽ  ആശ്വാസം പകരും. ശാരീരികം, മാനസികം, വൈകാരികം എന്നിവയാണവ

നല്ല ചിരി ശരീരത്തിനാകെ റിലാക്സേഷൻ നൽകുന്നു. പ്രത്യേകിച്ച് നെഞ്ചിലും ഉദരത്തിലും ഉണ്ടാകാറുള്ള പിരിമുറുക്കത്തിനു അസാധാരണമായ അയവ് ഉണ്ടാക്കും. ഒക്സിജനെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി വ്യാപിപ്പിക്കുന്നു. ഈ അവസ്ഥ നമ്മെ ആഹ്ലാദചിത്തരാക്കും.

ചിരി സ്‌ട്രെസ് കുറയ്ക്കും

സ്‌ട്രെസ് നിയന്ത്രിക്കാനുള്ള എപ്പോഴത്തെയും തന്ത്രമാണ് ചിരി. മാനസിക പിരിമുറുക്കവുമായി ബന്ധമുണ്ട് പല അസുഖങ്ങൾക്കും.

ഹോർമോണുകൾ

സ്‌ട്രെസ് ഹോർമോൺ ആയ അഡ്രിനലിൻ, കോർട്ടിസോൺ എന്നിവയെ ചിരി കുറയ്ക്കുന്നു അതേസമയം സന്തോഷവും ആരോഗ്യവും  വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ സൃഷ്ടിക്കുന്നു.അപ്പോൾ നല്ല ഹോർമോണുകളെ നിറയെ ഉണ്ടാക്കാമല്ലേ! ഈ ഹാപ്പി ഹോർമോണുകൾ ദേഷ്യം, കുറ്റബോധം, തുടങ്ങിയ നെഗറ്റീവ് വികാരങ്ങളിൽ നിന്നു മനസിനെ മോചിപ്പിക്കുന്നു.

ഇന്‍റെണൽ വർക്ഔട്ട്

വയർ കുലുങ്ങിയുള്ള ചിരി നെഞ്ചിനും ചുമലിനും വയറിനും നല്ലൊരു വ്യായാമം ആണ്. പേശികൾക്ക് അയവ് നൽകും.

ഹൃദയത്തിലേക്ക്

സൗമ്യമായ ചിരി ഹൃദയത്തിലേക്കുള്ള ക്ഷണക്കത്തു കൂടിയാണ്. സ്വയം ചിരിക്കുക. ചുറ്റുമുള്ളവരെയും ചിരിപ്പിക്കുക. അവരും അറിയട്ടെ ചിരിയുടെ മഹത്വം.

ചിരിക്കാം കൂടുതൽ

ടീവി സിനിമ എന്ന് വേണ്ട ഏതു മാർഗ്ഗവും ചിരിക്കാൻ ഉപയോഗിക്കാം. ഹാസ്യപ്രദമായ സിനിമകൾ കാണുന്നത് സമയം വേസ്റ്റ് ചെയുന്നതാണെന്നു ആരും പറയരുത്. ആരോഗ്യം ആണ് ലാഭം.

കൂട്ടുകാർക്കൊപ്പം സിനിമ കാണുന്നത് മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്. കൂട്ട ചിരി വലിയ ഊർജ്ജം നൽകും. ജീവിതത്തിൽ ഉടനീളം ഹാസ്യത്തിന് വലിയ പങ്കുണ്ട്. അതിനാൽ മസിൽ പിടിച്ചിരിക്കാതെ ചങ്ങാതി!!

പൊള്ളച്ചിരി

ചിരി വരുന്നില്ലെങ്കിൽ ഉണ്ടാക്കി ചിരിച്ചോളൂ. പൊള്ളച്ചിരി അത്ര മോശം അല്ല എന്നാണ് ഗവേഷണം പറയുന്നത്. സാധാരണ ചിരിയുടെ ഗുണങ്ങൾ പൊള്ളച്ചിരിക്കും ഉണ്ട്. ചിലപ്പോൾ കൃതിമമായി ചിരിക്കുന്നത് യഥാർത്ഥ ചിരിയിലേക്ക് നയിക്കും. അതിനാൽ ചിരി വന്നില്ലെങ്കിലും 15  മിനിറ്റ് ചുമ്മാ വായ തുറന്നു ചിരിച്ചോളൂ

എല്ലാ വിഷമത്തിനും ഉള്ള ഒറ്റമൂലി ആണ് ചിരി, ഭയവും ആകുലതയും ചിരിയിൽ അകന്നു പോകും.

അനവസരത്തിലെ ചിരി

കാര്യമൊക്കെ ശെരി. അനാവസരത്തിലെ ചിരി അപകട കാരിയാണ് കേട്ടോ. ചിരിക്കുമ്പോൾ സമയവും സന്ദർഭവും നോക്കുക. മറ്റുള്ളവരെ പരിഹസിച്ചു ചിരിക്കുകയുമരുത്.

ഇനി ചിരിക്കാറില്ലേ??

എങ്കിൽ നിങ്ങൾക്ക് കാര്യമായ തകരാറുണ്ട് എന്നും അറിയുക.

വാർദ്ധക്യം ഇനി ഇല്ല…

പുഷ്പങ്ങൾ പോലുള്ള അതിലോലമായ ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും കണ്ടാൽ ആരുടെ മനസാണ് ഭയപ്പെടാത്തത്? കാരണം ചുളിവുകൾ എന്നാൽ വാർദ്ധക്യത്തിലേക്കുള്ള പടികളാണ്. ചുളിവുകൾ സാധാരണയായി ചർമ്മത്തിന്‍റെ വാർദ്ധക്യത്തിന്‍റെ ആദ്യത്തെ വ്യക്തമായ അടയാളമാണ്. ചർമ്മത്തിലെ അയവ്‌ ടെക്സ്റ്റർ നഷ്ടപ്പെടുന്നതിന്‍റെ ലക്ഷണമാണ്. അത്തരമൊരു സാഹചര്യത്തിൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ചർമ്മത്തിന്‍റെ അകാല വാർദ്ധക്യത്തെ തടയുന്നു.

ചർമ്മത്തിന് പ്രായമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചില കാര്യങ്ങളുണ്ട്, അവയിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല, പക്ഷേ മറ്റ് ഘടകങ്ങളെ സ്വാധീനിക്കാൻ നമുക്ക് കഴിയും.

നമുക്ക് മാറ്റാൻ കഴിയാത്ത ഒരു കാര്യം വാർദ്ധക്യമെന്ന സ്വാഭാവിക പ്രക്രിയയാണ്. വാർദ്ധക്യം എത്തുമ്പോൾ കാലക്രമേണ മുഖത്ത് നേർത്ത വരകൾ കാണാൻ തുടങ്ങുന്നു. ചർമ്മം നേർത്തതും വരണ്ടതുമായി മാറുന്നു. ഈ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, നമ്മുടെ ജീനുകൾ അതിനെ നിയന്ത്രിക്കുന്നു. ഇത്തരത്തിലുള്ള വാർദ്ധക്യ പ്രക്രിയയെ വൈദ്യശാസ്ത്രപരമായി ഇൻട്രാസിക്കേജിംഗ് എന്ന് വിളിക്കുന്നു. നമുക്ക് അതിൽ നിയന്ത്രണമില്ല.

ചർമ്മത്തിന്‍റെ വാർദ്ധക്യം പിടിച്ചു നിർത്തുക

ചർമ്മത്തെ ബാധിക്കുന്ന മറ്റ് എജിംഗ് ഘടകങ്ങളും നമുക്ക് ബാധകമാണ് . പരിസ്ഥിതിക്കും ജീവിതശൈലിക്കും നമ്മുടെ ചർമ്മത്തെ അകാലത്തിൽ പ്രായാധിക്യം വരുത്താൻ കഴിയും. ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നതിലൂടെ, ഈ തരത്തിലുള്ള വാർദ്ധക്യത്തിന്‍റെ പ്രഭാവം നമുക്ക് മന്ദഗതിയിലാക്കാം.

അകാല വാർദ്ധക്യം കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ അപ്പോളോ ആശുപത്രിയിലെ ഡോ. അനൂപ് ധീർ വിശദീകരിക്കുന്നു

  1. സൂര്യ കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കണം

ദൈനംദിന തിരക്കുകൾക്കിടയിലും സൂര്യകിരണങ്ങളിൽ നിന്നുള്ള സംരക്ഷണം പ്രധാനമാണ്. ചർമ്മത്തെ തണലിൽ സൂക്ഷിക്കാനായി ശരീരത്തെ വസ്ത്രങ്ങൾ കൊണ്ട് മൂടുകയും, എസ്‌പി‌എഫ് 30 അല്ലെങ്കിൽ അതിൽ കൂടുതൽ, വാട്ടർ റെസിസ്റ്റൻസ് സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുകയും വേണം .

  1. സമീകൃതാഹാരം കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചർമ്മത്തിലെ ചുളിവുകളെ പ്രോത്സാഹിപ്പിക്കുന്ന ദോഷകരമായ ഘടകങ്ങളെ തടയാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു. കൂടുതൽ പഞ്ചസാരയോ മറ്റ് ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളോ കഴിക്കുന്നത് വാർദ്ധക്യത്തെ വേഗത്തിലാക്കും.

  1. ചികിത്സ രീതികൾ

മുഖത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന നോൺ‌സർജിക്കൽ രീതികളാണ് ബോട്ടോക്സും ഫില്ലറുകളും. അവയുടെ പ്രവർത്തന രീതിയും വ്യത്യസ്തമാണ്. നേർത്ത വരകളും ചുളിവുകളും കുറച്ചുകൊണ്ട് മുഖം മിനുസമാർന്നതും യുവത്വമുള്ളതുമാക്കാൻ ഇവ രണ്ടും ഉപയോഗിക്കുന്നു.

4 വ്യായാമം

ശരീര ഭാരം കുറയുമ്പോൾ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ കൂടുതൽ യുവത്വവും എണ്ണമയമുള്ളതുമാക്കുന്നു. അതിനാൽ പതിവായി 20 മിനിറ്റ് ദിവസവും വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

5 പുകവലി നിർത്തുക

നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ അത് നിർത്തുക. പുകവലി ചർമ്മത്തിന്‍റെ വാർദ്ധക്യം വളരെ വേഗത്തിൽ വർദ്ധിപ്പിക്കുന്നു. ഇത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നു, ചർമ്മം മങ്ങിയതും ശോഭയില്ലാതാക്കുന്നതുമാണ്

  1. മദ്യം ഉപയോഗിക്കരുത്

മദ്യം ചർമ്മത്തെ വരണ്ടതാക്കുന്നു. ഇത് ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നു, മദ്യപാനം നിർത്തിയാൽ പ്രായം കുറഞ്ഞ ചർമ്മം നിങ്ങൾക്ക് കാണാൻ കഴിയും.

  1. ചർമ്മം വൃത്തിയാക്കുക

ചർമ്മത്തിൽ ഉരച്ചു മസ്സാജ് ചെയ്യുകയും പതിവായി വൃത്തിയാക്കുകയും ചെയ്യുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ചർമ്മത്തിന്‍റെ വാർദ്ധക്യത്തിന്‍റെ വേഗത വർദ്ധിപ്പിക്കും. എന്നാൽ മൃദുവായി ശരീരം വൃത്തിയാക്കുക. അന്തരീക്ഷ മലിനീകരണം, മേക്കപ്പ്, മറ്റ് ഘടകങ്ങൾ എന്നിവ യഥാവിധി നീക്കം ചെയ്യുക.

  1. എല്ലാ ദിവസവും മൊയ്‌സ്ചുറൈസിംഗ്

മോയ്സ്ചുറൈസർ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു, ഇത് ചർമ്മത്തെ കൂടുതൽ യുവത്വമുള്ളതാക്കുന്നു. കൂടാതെ പതിവായി ഒരേ മുഖഭാവം ഒഴിവാക്കുക. നിങ്ങൾ ഒരേ മുഖഭാവം നൽകുമ്പോൾ, നിങ്ങളുടെ ആന്തരിക പേശികൾ വലിച്ചുനീട്ടുന്നു. ഒരേ പേശിയെ നിങ്ങൾ വർഷങ്ങളോളം ആവർത്തിച്ച് സമ്മർദ്ദം ചെലുത്തുന്നുവെങ്കിൽ, ശാശ്വതമായി ഉയർന്നു വരുന്നു. സൺഗ്ലാസ് ധരിക്കുന്നത് മുഖത്തെ വരകൾ കുറയ്ക്കാൻ സഹായിക്കും.

തബലയിലെ രത്നം

ജ്യേഷ്ഠ സഹോദരൻ നൃത്തം പഠിക്കുമ്പോൾ പശ്ചാത്തലത്തിൽ അകമ്പടിയായെത്തുന്ന തബലയുടെ നാദം കുഞ്ഞ് രത്നശ്രീയുടെ മനസ്സ് കീഴടക്കുമായിരുന്നു. “അന്ന് എനിക്ക് കഷ്ടിച്ച് മൂന്നോ നാലോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.” രത്നശ്രീ ചിരിയോടെ ഓർക്കുന്നു. ജ്യേഷ്ഠന്‍റെ നൃത്ത പരിശീലനം നടക്കുമ്പോൾ തബലവാദനത്തിന്‍റെ ദ്രുത താളലയങ്ങളിൽ ഭ്രമിച്ചു പോയ ആ പെൺകുട്ടി ഇന്ന് മലയാളത്തിന്‍റെ അഭിമാനമായ തബല ആർട്ടിസ്റ്റ് ആയി മാറി.

ഹിന്ദുസ്ഥാനിയിലും കർണ്ണാട്ടിക്കിലും സ്വരങ്ങളിലൂടെ കൈവിരലുകളുടെ മാന്ത്രിക സ്പർശം കൊണ്ട് തബലയിൽ സംഗീതത്തിന്‍റെ അലകൾ തീർക്കുന്ന രത്നശ്രീ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ തബല ആർട്ടിസ്റ്റ്. സംഗീത ലോകത്ത് വിസ്മയമായ രത്നശ്രീയ്ക്ക് കേരളത്തിന് അകത്തും പുറത്തും ആരാധകരുണ്ട്. രത്നശ്രീ തന്‍റെ അനുഭവങ്ങളും ബാല്യകാല സ്മരണകളും ഓർമ്മിച്ചെടുത്തു…

“ഞങ്ങൾ 7 സഹോദരങ്ങളായിരുന്നു വീട്ടിൽ. 5 ആണും ഞാനുൾപ്പെടെ 2 പെൺകുട്ടികളും. അതിൽ ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. എന്‍റെ സഹോദരന്മാരിൽ ഒരാൾ വീട്ടിൽ 5 വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. യൂത്ത് ഫെസ്റ്റിവലിൽ യൂണിവേഴ്സിറ്റി തലം വരെ മത്സരിച്ച ജ്യേഷ്ഠൻ പിന്നീട് ഒരപകടത്തിൽ മരിച്ചു. ആ ജ്യേഷ്ഠൻ നൃത്ത പരിശീലനം നടത്തുന്നതിനിടയിൽ പിന്നണിയിൽ തബല വായിക്കുന്ന ആശാൻ ഇടവേളയെടുക്കുമ്പോൾ ഞാൻ ഓടിച്ചെന്ന് തബലയിൽ താളം പിടിക്കും. അതൊക്കെ അന്ന് ഒരു കുട്ടിക്കളിയായി മാത്രമേ എല്ലാവരും കണ്ടിരുന്നുള്ളൂ.” രത്നശ്രീ ചിരിയോടെ പറയുന്നു.

“പിന്നെ മറ്റൊരു സഹോദരൻ താൽപര്യം തോന്നി തബല വാങ്ങിച്ചു. ഇടയ്ക്ക് അതിലായി താളം പിടിച്ചു. അഞ്ചാം ക്ലാസെത്തിയപ്പോഴാണ് തബല കൂടുതലായി പഠിക്കണമെന്ന് തോന്നിയത്. ഭരതനാട്യം ഇതിനിടെ കുറേനാൾ പഠിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതിലത്ര ശോഭിച്ചില്ല. കർണ്ണാടക സംഗീതവും പഠിച്ചുവെങ്കിലും എന്‍റെ ശ്രദ്ധ മുഴുവനും തബലവാദനത്തിലായിരുന്നു. അങ്ങനെ നൃത്തച്ചുവടുകളിൽ നിന്നും തബലവാദനത്തിലെ താളങ്ങളിലേക്ക് ഞാൻ ചുവടു മാറുകയായിരുന്നു.” തബലവാദനത്തിനോട് കുഞ്ഞിലെ ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് രത്നശ്രീ പറയുന്നു.

ആദ്യമത്സരം

“7-ാം ക്ലാസിലായപ്പോൾ തബല മാന്ത്രികൻ സക്കീർ ഹുസൈന്‍റെ സോളോ കേട്ട് അത് 10 മിനിറ്റ് സെറ്റ് ചെയ്‌ത് പരിശീലിച്ച് സ്ക്കൂൾ കലോത്സവത്തിൽ ആദ്യ മത്സരത്തിൽ പങ്കെടുത്തു. അന്ന് മത്സരത്തിനാരും ഇല്ലാത്തതിനാൽ എനിക്ക് പ്രൈസും കിട്ടി.” രത്നശ്രീ ചിരിയോടെ ഓർത്തെടുത്തു. “അങ്ങനെ അടുത്ത മത്സരം ഉപജില്ലാതലത്തിൽ. അപ്പോൾ കളി കാര്യമായി. ഇനി പഠിക്കാതെ പറ്റില്ലെന്നായി അച്‌ഛൻ. അങ്ങനെ സ്ക്കൂളിലെ തന്നെ സാറിന്‍റെ അടുത്ത് പരിശീലനത്തിനായി അച്‌ഛൻ കൊണ്ടുവിട്ടു. സാറ് മത്സരത്തിനായി 10 മിനിറ്റ് സെറ്റ് ചെയ്‌ത് തന്നു. സാറ് എങ്ങനെ പറയുന്നോ അങ്ങനെ തന്നെ ഞാൻ പെർഫോം ചെയ്‌തു. അങ്ങനെ ഉപജില്ലയിലും പ്രൈസ് കിട്ടി.” രത്നശ്രീ പഴയ മത്സരക്കാലം ഓർത്തെടുത്തു.

സീരിയസായ പഠനം

“പിന്നീട് ഡിഗ്രി പഠനകാലത്താണ് തബല സീരിയസായി പഠിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. കോളേജിലേക്കുള്ള വഴിയിലായിരുന്നു കാരിക്കോട് ചെല്ലപ്പൻ മാഷിന്‍റെ ഷോപ്പ്. കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക്. മടങ്ങുംവഴിയായിരുന്നു തബല പഠനം. അതായിരുന്നു എന്‍റെ ആദ്യ ഗുരുകുലം. ആ പഠനം കൃത്യമായി തുടർന്നു.”

“എംജി യൂണിവേഴ്സിറ്റി തലത്തിൽ 3 വർഷം സമ്മാനങ്ങൾ നേടി. അന്ന് ഇപ്പോഴത്തെ പോലെയല്ല മത്സരം ക്രമീകരിച്ചിരുന്നത്. മൃദംഗവും ചെണ്ടയും തബലയും എല്ലാം ഒന്നിച്ചാണ് മത്സരം. പെർക്‌വേഷൻ വിഭാഗത്തിൽ 10-50 പേർ ഉണ്ടാകും. യൂണിവേഴ്സിറ്റി തലത്തിൽ എനിക്ക് സെക്കന്‍റ് എ ഗ്രേഡാണ് കിട്ടിയത്. തബല വാദന ഇനത്തിൽ നോക്കുമ്പോൾ എനിക്കായിരുന്നു ഫസ്റ്റ്. ഇപ്പോൾ സെപ്പറേറ്റ് ചെയ്തുള്ള മത്സരമാണ് നടക്കുക. പെൺകുട്ടികൾ വളരെ അപൂർവ്വമായിട്ടേ തബല മത്സരത്തിലുണ്ടായിരുന്നത്.

തബല എന്ന ഉപകരണത്തിന് വീട്ടിൽ ആരുമത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല. കേവലം ഗാനമേളയിൽ അകമ്പടി സേവിച്ചിരുന്ന പശ്ചാത്തല ഉപകരണമെന്ന സ്‌ഥാനം ആയിരുന്നു തബലയ്ക്ക്. ഞാനായിട്ട് അതിൽ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. അച്‌ഛൻ എന്നെ തബല പഠിക്കാൻ വിട്ടെങ്കിലും യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ കഴിയുമ്പോൾ ഞാൻ പതിയെ അതിൽ നിന്നും പിന്മാറുമെന്ന ധാരണയായിരുന്നു.”

കെമിസ്ട്രിയും തബലയും

തബലവാദനത്തെ നെഞ്ചിലേറ്റിയിരുന്ന രത്നശ്രീ പക്ഷേ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കെമിസ്ട്രിയാണ് പ്രധാന വിഷയമായി തെരഞ്ഞെടുത്തത്. അദ്ധ്യാപികയാവണമെന്ന താൽപര്യമായിരുന്നു ഇതിന് പിന്നിൽ. കോളേജ് പഠനം കഴിഞ്ഞ് പഠിച്ച അതേ കോളേജിൽ ഗസ്റ്റ് ലക്ച്ചറായി ജോലിയും കിട്ടി. അങ്ങനെ അദ്ധ്യാപികയായി അവിടെ ഒരു വർഷം. പിന്നീട് 6 മാസക്കാലം ഹയർ സെക്കന്‍ററി സ്ക്കൂളിലും രത്നശ്രീ അദ്ധ്യാപികയായി ജോലി നോക്കി. അതിനിടെ എൻട്രൻസ് കോച്ചിംഗിനും പോയി. അദ്ധ്യാപികയാവാനായിരുന്നു മോഹമെങ്കിലും ആ ജോലിയിൽ അധികകാലം തുടരാനായില്ല രത്നശ്രീയ്ക്ക്. അമിത സ്ട്രെയിൻ വോക്കൽ കോർഡിന് കംപ്ലയിന്‍റ് ഉണ്ടാക്കി.

“തൽക്കാലം ജോലിയിൽ നിന്നും പിന്മാറാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. അധ്യാപനത്തോടൊപ്പം ഞാൻ തബലയും പരിശീലിച്ചിരുന്നു.”

ratna sree

പുതിയ ഗുരുനാഥനെ തേടി

തബലയിൽ കൂടുതൽ പഠിക്കണമെങ്കിൽ മറ്റൊരു ഗുരുനാഥനെ കണ്ടെത്തണമെന്ന ചെല്ലപ്പൻ മാഷിന്‍റെ നിർദ്ദേശവും വന്നു. “മാഷ് തന്നെ മുൻകയ്യെടുത്ത് ഒരു സുഹൃത്ത് വഴി എനിക്ക് ഹൈദരാബാദിൽ പുതിയ ഗുരുവിനെ പരിചയപ്പെടുത്തി തന്നു. ജയകാന്ത് സാർ! ഹൈദരാബാദിലെ വിദ്യാരണ്യ ഗവൺമെന്‍റ് കോളേജിലെ തബല ലക്ച്ചററായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം തബലയിൽ ഡിപ്ലോമയ്ക്ക് ചേർന്നു. 4 വർഷം ഗുരുവിന്‍റെ കീഴിൽ നീണ്ടു നിന്ന ആ പഠനം എനിക്ക് വിലമതിക്കാനാവാത്ത പാഠങ്ങളാണ് ചൊല്ലി തന്നത്.” ഹിന്ദുസ്‌ഥാനി ക്ലാസിക്കൽ രീതിയെ അടുത്തറിഞ്ഞത് ഹൈദരാബാദിലെ പഠനത്തിലൂടെയായിരുന്നു.

അതിനുശേഷം ഉസ്താദ് ഫയാസ്ഖാൻ, പ്രൊഫസർ മനോഹർ കേഷ്കർ എന്നിവരുടെ ശിക്ഷണത്തിൽ തബല പഠിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കഴിഞ്ഞ 6 വർഷമായി മുംബൈയിൽ പണ്ഡിറ്റ് അരവിന്ദ് മുൾഗോൺകറിന്‍റെ കീഴിലായിരുന്നു പഠനം.

പ്രൊഫസർ മനോഹർ കേഷ്കറിന്‍റെ കീഴിലായിരുന്നു അഖിൽ ഭാരതീയ ഗന്ധർവ്വ മണ്ഡലിൽ വിശാരദ് ചെയ്തത്. പ്രൊഫസർ മനോഹർ കേഷ്കറിന്‍റെ കീഴിൽ കോൽഹാപ്പൂർ ശിവജി യൂണിവേഴ്സിറ്റിയിൽ എംഎയും ചെയ്തു. ഇപ്പോൾ പണ്ഡിറ്റ് സുരേഷ് മുൾഗോൺക്കറിന്‍റെ കീഴിലാണ് തബല പഠനം. എംജി യൂണിവേഴ്സിറ്റിയിൽ സയൻസ് ഓഫ് മ്യൂസിക്ക് ഡിപ്പാർട്ടുമെന്‍റിൽ സയൻസ് ഓഫ് തബലയിൽ ഗവേഷണം നടത്താനുള്ള ഒരുക്കത്തിലാണ് രത്നശ്രീ ഇപ്പോൾ.

കലയുടെ പശ്ചാത്തലം

തമിഴ് ബ്രാഹ്മണ പശ്ചാത്തലമായതിനാൽ പൊതുവെ കലകളോട് ആഭിമുഖ്യം പുലർത്തുന്ന കുടുംബമായിരുന്നു രത്നശ്രീയുടേത്. വാദ്യോപകരണ സംഗീതത്തിൽ താൽപര്യമുള്ള ആളായിരുന്നു അച്‌ഛൻ രാമചന്ദ്രൻ അയ്യർ. അദ്ദേഹം അമ്പലത്തിൽ തകിൽ വായിച്ചിരുന്നു. അമ്മ സരോജ ചന്ദ്രനാകട്ടെ സംഗീതത്തിലും വീണയിലും പ്രാവീണ്യം നേടിയിരുന്നു.

ഹിന്ദുസ്‌ഥാനിയും കർണ്ണാട്ടിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രത്നശ്രീയ്ക്ക് സംഗീതത്തെ ഒന്നായി കാണാനാണ് താൽപര്യം.

“സംഗീത കച്ചേരിയിൽ എല്ലാവരുമായി അക്കമ്പനി ചെയ്താലെ തബലവാദനം ആഴത്തിൽ പഠിക്കാൻ കഴിയൂ. അങ്ങനെ കൺസേർട്ടിന് പോയി കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് മുംബൈയിലും മറ്റും പോയി ഞാൻ തബല പഠിച്ചിരുന്നത്. അച്‌ഛന് കൃഷിയായിരുന്നു വരുമാനമാർഗ്ഗം. ആരോടും സംഗീത പഠനത്തിനായി പണം ആവശ്യപ്പെട്ടില്ല. സ്വയം വരുമാനം ഉണ്ടാക്കി പഠിക്കുകയായിരുന്നു.”

ഓർമ്മയിൽ അനുഭവങ്ങൾ

കോൽക്കത്ത, പൂന, മുംബൈ എന്നീ നഗരങ്ങളിൽ നടത്തിയ കൺസെർട്ടുകളിൽ ഒരുപാട് പേരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത് രത്നശ്രീയുടെ സംഗീത ജീവിതത്തിന് നാഴികക്കല്ലായി. ഗുരുപൂജയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ അവതരിപ്പിച്ച സംഗീതത്തിന് പ്രേക്ഷകർചൊരിഞ്ഞ അഭിനന്ദനങ്ങൾ രത്നശ്രീയ്ക്ക് പുതിയൊരു ഊർജ്ജം പകർന്നു.

ഒരിക്കൽ പതിവുപോലെ മുംബൈയിലെത്തിയ രത്നശ്രീ പണ്ഡിറ്റ് അരവിന്ദ് മുൾഗോൺകറിന്‍റെ കീഴിൽ ഒന്ന്-രണ്ട് ദിവസത്തെ സംഗീത പഠനത്തിനു ശേഷം മൂന്നാം ദിവസം പരിശീലനത്തിനെത്തുമ്പോൾ ഗുരുവിന് വല്ലാത്ത ക്ഷീണം. അന്ന് ക്ലാസ്സുണ്ടായില്ല. അദ്ദേഹം മരണം മുൻകൂട്ടി കണ്ടിട്ടെന്നവണ്ണം “വിത്ത് ലോട്ട്സ് ഓഫ് ലവ് ആന്‍റ് ബ്ലസ്സിംഗ്സ്” എന്നെഴുതിയ അദ്ദേഹത്തിന്‍റെ തന്നെ സംഗീത പുസ്തകം എനിക്ക് സമ്മാനിച്ചു. വിലമതിക്കാനാവാത്ത ആ ഉപഹാരം ഇന്നും നിധി പോലെ സൂക്ഷിക്കുന്നു രത്നശ്രീ.

“കേരളത്തിൽ മടങ്ങിയെത്തിയ ഞാൻ ഒരാഴ്ച കഴിഞ്ഞ് അദ്ദേഹത്തിന് ഫോൺ ചെയ്‌തപ്പോൾ രോഗം മൂർഛിച്ചതിനാൽ ആശുപത്രിയിലാണെന്ന് ഗുരുവിന്‍റെ ഭാര്യ അറിയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്‌തു.” രത്നശ്രീ ഗുരു സ്മരണയിൽ ഒരു നിമിഷം നിശബ്ദയായി.

വൈക്കം ക്ഷേത്രത്തിലാണ് ആദ്യമായി സോളോ പെർഫോമൻസിന് രത്നശ്രീ തുടക്കം കുറിക്കുന്നത്.

“തൃശൂർ പിയാനോ എന്ന സംഘടനയ്ക്ക് വേണ്ടി ഒരു മണിക്കൂർ ദൈർഘ്യമുള്ള സോളോ അവതരിപ്പിച്ചതായിരുന്നു രത്നശ്രീയുടെ കലാ ജീവിതത്തിലെ മറ്റൊരു അവിസ്മരണീയ മുഹൂർത്തം. തബല ആർട്ടിസ്റ്റായിരുന്ന ഫിലിപ്പ് മാഷിന്‍റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച പ്രോഗ്രാം ആയിരുന്നുവത്. സംഗീത ലോകത്തെ പ്രതിഭാധനനായ സംഗീതജ്ഞൻ ടി വി ഗോപാലകൃഷ്ണനെ കണ്ട് അനുഗ്രഹം വാങ്ങാൻ നിമിത്തമായത് ഈ പ്രോഗ്രാമിലൂടെയാണ്.” അക്കഥ ഇങ്ങനെ.

“കൃഷ്ണകുമാർ എന്ന സിത്താർ വാദകനാണ് ആ പരിപാടിയിലേക്ക് എന്നെ ക്ഷണിക്കുന്നത്. പിറ്റേദിവസം ആ പരിപാടിയെ സംബന്ധിച്ച് ധാരാളം പത്രവാർത്തകളും വന്നിരുന്നു. ഈ വാർത്തകൾ വായിച്ച് അന്ന് ഗുരുവായൂരിലുണ്ടായിരുന്ന ടി വി ഗോപാകൃഷ്ണൻ പിന്നീട് ഒരു പരിപാടിക്കിടെ വൈക്കം ക്ഷേത്രത്തിലെ സദസ്സിൽ വച്ച് എന്നെക്കുറിച്ച് പറഞ്ഞതനുസരിച്ച് ഞാൻ അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം നടത്തുന്ന കച്ചേരിയിൽ എന്നെ കൂടി വായിപ്പിക്കുമെന്ന് പറഞ്ഞപ്പോഴുണ്ടായ സന്തോഷം ചെറുതായിരുന്നില്ല.” രത്നശ്രീ അഭിമാനത്തോടെ ആ കൂടിക്കാഴ്ച ഓർക്കുന്നു.

“ഹിന്ദുസ്‌ഥാനി – കർണാട്ടിക് സംഗീതജ്ഞർക്കും വേണ്ടി ഒരുപോലെ വേദി പങ്കിടാനുള്ള ഭാഗ്യമുണ്ടായി എനിക്ക്. തബലയുടെ കേന്ദ്രങ്ങളായ കോൽക്കത്ത, മുംബൈ, പൂന എന്നീ നഗരങ്ങളിൽ വച്ചായിരുന്നു സംഗീത കച്ചേരി.

“പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഗുരുകുലത്തിൽ കഴിഞ്ഞ 4 വർഷമായി ജന്മാഷ്ടമി ദിനത്തിൽ സംഗീതാർച്ചന നടത്തുന്നുണ്ട്. അതുപോലെ പണ്ഡിറ്റ് ഹിമാൻഷു നന്ദ, പരോമിത മുഖർജി, റോണു മജുംദാർ (ഹാർമോണിയം), പണ്ഡിറ്റ് അരുൺ കശാൻകർ, പൂനയിൽ നിന്നുള്ള ഗായികയായ സാവനി ഷിൻഡേ, ന്യൂഡൽഹിയിൽ നിന്നുള്ള ഗായിക നബനീത എന്നിങ്ങനെ ഒട്ടനവധി കേരളത്തിനകത്തും പുറത്തും സംഗീത ലോകത്തെ പ്രശസ്തർക്കൊപ്പം പെർഫോം ചെയ്യാനുള്ള അവസരങ്ങൾ എന്നെ തേടിയെത്തി.” രത്നശ്രീ അഭിമാനത്തോടെ പറയുന്നു.

ഫെസ്റ്റിവലുകൾ

ഇതിന് പുറമെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകളിലും സ്‌ഥിര സാന്നിധ്യമാണ് മലയാളിയായ ഈ അനുഗ്രഹീത കലാകാരി. അഹമ്മദാബാദ് സപ്തക് ഫെസ്റ്റിവൽ, ഉജ്ജയിൻ മഹാകാളിശ്വർ ഫെസ്റ്റിവൽ, സൂർദാസ് ഫെസ്റ്റിവൽ (ഫരീദാബാദ്), അബ്ദുൾ കരീം ഖാൻ ഫെസ്റ്റിവൽ (മീരജ്), നോർത്ത് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിങ്ങനെയുള്ള കലാമേളകളിൽ രത്നശ്രീ തബലയിൽ തന്‍റെ മാന്ത്രിക വിരൽ സ്പർശം കൊണ്ട് ദ്രുതതാളലയങ്ങൾ സൃഷ്ടിച്ച് സംഗീത ലോകത്ത് പുതിയ അദ്ധ്യായങ്ങൾ എഴുതി ചേർക്കുകയാണ്. തബല വാദനത്തിൽ ഇനിയും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ കലാകാരിയെ തേടി ഒട്ടനവധി അംഗീകാരങ്ങളും എത്തി. ഇന്ത്യയിലെ ആദ്യത്തെ വനിതാ തബലിസ്റ്റായ അബാൻ മിശ്രിയുടെ പേരിലുള്ള അവാർഡ് 2014 ൽ കിട്ടിയത് രത്നശ്രീയ്ക്കാണ്. ഒറീസാ സംഗീത സാധനാ സിദ്ധി, തിരുവയ്യാർ തമിഴ് പെൺഅരശിപട്ടം, തബലവാദനത്തിന് കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ രത്നശ്രീയെ തേടി എത്തുകയും ചെയ്‌തു. കൊച്ചിയിൽ അറിയപ്പെടുന്ന റെക്കോർ ഡിംഗ് ആർട്ടിസ്റ്റ് കൂടിയാണ് രത്നശ്രീ.

അംഗീകാരങ്ങളെ പ്രചോദനങ്ങളായി കാണുന്ന രത്നശ്രീയ്ക്ക് തബല വാദനത്തിൽ ഇനിയുമേറെ മുന്നോട്ട് കുതിക്കാൻ തന്നെയാണ് താൽപര്യം. അതിനായി ജീവിതം തന്നെ സമർപ്പിക്കുകയാണ് ഈ കലാകാരി. ഒപ്പം തനിക്ക് മുന്നോട്ട് പോകാനുള്ള ഊർജ്‌ജമായി, ഓർമ്മപ്പെടുത്തലായി ഓരോ പുരസ്കാരത്തെയും അനുമോദനത്തേയും രത്നശ്രീ നെഞ്ചോടു ചേർത്തു പിടിക്കുന്നു.

മുഖത്ത് അരിമ്പാറ ഉണ്ടോ?

ചോദ്യം:-

എന്‍റെ മുഖത്ത് അരിമ്പാറയുണ്ട്. അവ നീക്കം ചെയ്യുന്നതിന് എന്തെങ്കിലും മാർഗം നിർദ്ദേശിക്കാമോ?

 

ഉത്തരം:-

യഥാർത്ഥത്തിൽ, അരിമ്പാറ ഒരു ദോഷവും വരുത്തുന്നില്ല, പക്ഷേ തീർച്ചയായും ഒരാളുടെ ലുക്കിനെ ബാധിക്കും. വാഴ തൊലിക്ക് അരിമ്പാറ ഇല്ലാതാക്കാനുള്ള  കഴിവുണ്ട്. ഇതിനായി, അരിമ്പാറ ഉള്ള സ്ഥലത്ത് രാത്രിയിൽ വാഴത്തൊലി വയ്ക്കുക, ഒരു തുണി പൊതിഞ്ഞു കെട്ടുക അരിമ്പാറ നീങ്ങുന്നത് വരെ ഇത് ചെയ്യുക.

ഇതിനുപുറമെ, അരിമ്പാറ നീക്കം ചെയ്യാൻ, 1 ടീസ്പൂൺ ബേക്കിംഗ് സോഡയിൽ കുറച്ച് തുള്ളി കാസ്റ്റർ ഓയിൽ ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് അരിമ്പാറയിൽ പുരട്ടി ഇളം കൈകളാൽ മസാജ് ചെയ്യുക. ഒരു മണിക്കൂർ കഴിഞ്ഞ് മുഖം കഴുകുക. ഒരു മാസത്തിനുള്ളിൽ  അരിമ്പാറ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടും. അരിമ്പാറ നീക്കം ചെയ്യുന്നതിനായി ഈ പരിഹാരങ്ങൾ നടത്തുമ്പോൾ എന്തെങ്കിലും തരത്തിലുള്ള  അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

ഇതും ശ്രദ്ധിക്കു

മുഖത്ത് എവിടെയെങ്കിലും ഒരു അരിമ്പാറ ഉണ്ടെങ്കിൽ നമ്മൾ അസ്വസ്ഥരാകും.

സാധാരണയായി ചർമ്മത്തിന്‍റെ പുറം പാളിയിൽ ആണ് ഒരു അരിമ്പാറ ഉണ്ടാകുന്നത്, കൂടുതലും കഴുത്ത്, മുഖം, മൂക്ക്, കക്ഷം, തുടകൾ എന്നിവിടങ്ങളിലാണ്. നിങ്ങൾക്ക് പ്രശ്നം ഉണ്ടെങ്കിൽ, ചില വീട്ടുവൈദ്യങ്ങൾ മാത്രം ആദ്യം ചെയ്തു നോക്കു. സ്കിൻ ടാഗ് എന്നെന്നേക്കുമായി എങ്ങനെ അകന്നു പോകുമെന്ന് കാണുക. അരിമ്പാറ നീക്കം ചെയ്യാൻ ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക.

വെളുത്തുള്ളി ഉപയോഗം

വെളുത്തുള്ളിയിൽ പ്രകൃതിദത്ത എൻസൈം കാണപ്പെടുന്നു, ഇത് പിഗ്‍മെന്‍റുകളെ നശിപ്പിച്ച് അരിമ്പാറ ഉണ്ടാകുന്നത് തടയുന്നു. അരിമ്പാറ എന്നെന്നേക്കുമായി ഒഴിവാക്കാൻ, ഒരു കഷണം വെളുത്തുള്ളി അല്ലെങ്കിൽ പേസ്റ്റ് അരിമ്പാറയുടെ മുകളിൽ വയ്ക്കുക. ഇത് ചെയ്തു 3 മുതൽ 5 ദിവസത്തിനുള്ളിൽ അരിമ്പാറ നീങ്ങും.

നിങ്ങൾക്ക് സമാനമായ  പ്രശ്നമുണ്ടെങ്കിൽ ഈ ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുക, grihshobha.cochin @delhipress.biz

പ്രീ വെഡ്ഡിംഗ് ഡയറ്റ് സീക്രട്ട്സ്

ചെറുപ്രായത്തിൽ തുടങ്ങി എല്ലാ പെൺകുട്ടികളുടെയും മനസിൽ ചില വിവാഹ സ്വപ്നങ്ങൾ ഉണ്ടാവും. വിവാഹ പ്രായമെത്തുന്നതോടെ ഈ സ്വപ്നങ്ങളൊക്കെയും സത്യമാവുന്നു. പിന്നെയുള്ള വധുവിന്‍റെ ചിന്തകളത്രയും വിവാഹത്തിന് അണിയേണ്ട വസ്ത്രങ്ങളെപ്പറ്റി ഒക്കെയാവും. തനിക്കിണങ്ങുന്ന നിറം, ഡിസൈനുകൾ, ലേറ്റസ്റ്റ് ട്രെൻഡുകൾ എന്നിങ്ങനെയാവും ചിന്തകൾ. അൽപ്പം തടിച്ച പെൺകുട്ടിയാണെങ്കിൽ വിവാഹത്തിന് മാസങ്ങൾ തുടങ്ങി ഡയറ്റിംഗും മറ്റും ചെയ്ത് തുടങ്ങും. ചിലപ്പോൾ ഭക്ഷണം ഒഴിവാക്കുകയല്ല വേണ്ടത്. മറിച്ച് ആന്തരികമായി സ്വന്തം ശരീരത്തിന് ശക്തി പകരുകയാണ് വേണ്ടത്. അതായത് മുഖത്തിന് നല്ല അഴകും തിളക്കവും ഉണ്ടാകുന്നതിനൊപ്പം ശരീരത്തിന് യാതൊരു തളർച്ചയുമുണ്ടാകാൻ പാടില്ല.

എന്നാൽ മികച്ച ശരീരാരോഗ്യവും സൗന്ദര്യവും നേടാൻ ഡയറ്റിൽ നിന്നും പലരും ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കളെ ഒഴിവാക്കുകയാണ് ചെയ്യുക. ഇത് തെറ്റാണ്. ശരീരാരോഗ്യവും സൗന്ദര്യവും ഉണ്ടാകാൻ സഹായിക്കുന്ന അത്തരം ഭക്ഷണങ്ങൾ ഏതെന്ന് അറിയാം.

വെള്ളം കുടിച്ചു കൊണ്ട് ദിവസത്തിന് തുടക്കം

രോഗങ്ങളിൽ നിന്നും രക്ഷപ്രാപിക്കുന്നതിനായി വെള്ളം കുടിച്ചു കൊണ്ട് ദിവസത്തിന് തുടക്കം കുറിക്കുന്നത് നല്ലതാണെന്നാണ് സിദ്ധാന്തം. ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികൾ ഇക്കാര്യം പ്രത്യേകം പാലിക്കുക. വെള്ളം ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുമെന്ന് മാത്രമല്ല മറിച്ച് ചർമ്മത്തിന് പ്രകൃതിദത്തമായി തിളക്കം നൽകുന്ന ജോലിയും ചെയ്യുന്നു.

ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുകയും ദഹനവ്യവസ്‌ഥ ശരിയായ ക്രമത്തിലാക്കുകയും ചെയ്യും. അതുവഴി മുഖത്ത് മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല. വധുവിന്‍റെ മുഖം സുന്ദരമാവുകയും ചെയ്യും. ഒപ്പം രക്തയോട്ടം മികച്ച രീതിയിലുമാകും. ചർമ്മം എപ്പോഴും ഹെൽത്തിയുള്ളതായി മാറും. ദാഹം തോന്നുമ്പോഴൊക്കെ കൂൾഡ്രിങ്ക്സിന് പകരമായി വെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കു.

കരിക്കിൻ വെള്ളം

ഏറ്റവും ഹെൽത്തിയായ പാനീയങ്ങളിലൊന്നാണ് കരിക്കിൻ വെള്ളം, ഒരു ഗ്ലാസ് കരിക്കിൻ വെള്ളത്തിൽ ധാരാളം പോഷകങ്ങൾ ഉണ്ട്. കാർബുകൾ, ഫൈബർ, പ്രോട്ടീൻ, കാത്സ്യം, സോഡിയം എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു ഗ്ലാസ് കരിക്കിൻ വെള്ളത്തിൽ കേവലം 45 കലോറി മാത്രമേയുള്ളൂ. അതിനാൽ എല്ലാവരും തന്നെ ഇത് സ്വന്തം ഡയറ്റിൽ ഉൾപ്പെടുത്തണം. കാരണം ഇത് ശരീരത്തെ ഹൈഡ്രേറ്റാക്കുന്നതിനൊപ്പം ശരീരത്തിലെ എല്ലാ വിഷ പദാർത്ഥങ്ങളേയും പുറന്തള്ളും. അങ്ങനെ ചർമ്മത്തിന് നാച്ചുറൽ ഗ്ലോ പകരും.

ഒപ്പം ചർമ്മത്തിൽ നാച്ചുറൽ മോയിസ്ച്ചറായും പ്രവർത്തിക്കും. മുഖക്കുരു, കുരു, കാര എന്നിവയെ അകറ്റി നിർത്തും. അതിനാൽ വധുവാകാൻ പോകുന്ന പെൺകുട്ടി കരിക്കിൻ വെള്ളം തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തണം.

ചെറിയ ഇടവേളകളിലായി ഭക്ഷണം

ദീർഘ ഇടവേളകളിലായി ഹെവി മീൽ കഴിക്കുന്നവരാണെങ്കിൽ ആ ശീലം ഉപേക്ഷിക്കുക. കാരണം ഈ ശീലം കൊണ്ട് ഭക്ഷണം അമിതയളവിൽ കഴിക്കുകയും വണ്ണം കൂടുകയും ചെയ്യും. വിവാഹിതരാകാൻ പോകുന്നവർ ഭക്ഷണം ഉപേക്ഷിക്കുന്നതിന് പകരമായി ചെറിയ ഇടവേളകളിലായി അൽപ്പാൽപ്പമായി കഴിച്ച് മെറ്റബോളിസം ബൂസ്റ്റ് ചെയ്‌ത് ശരീരഭാരം കുറയ്ക്കാം. ഈ രീതി ശരീരഭാരം വളരെ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

ചെറിയ മീലുകളായി ഭക്ഷണം കഴിക്കുകയാണെങ്കിൽ മുളപ്പിച്ച ധാന്യങ്ങൾ, കടല, സൂപ്പ്, ജ്യൂസ്, ബ്രൗൺ ബ്രഡ്, സാൻവിച്ച്, സലാഡ്, അവൽ എന്നിവ ഉൾപ്പെടുത്തുക. ഇത്തരം ചെറിയ മീലുകൾ ഉറപ്പായും വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനൊപ്പം നിങ്ങളെ ഫിറ്റാക്കുകയും ചെയ്യും.

ഹൈ കലോറി ഫൂഡ് ഒഴിവാക്കുക

വിവാഹമുറപ്പിച്ച് കഴിഞ്ഞാൽ വീട്ടിൽ വിവാഹാന്തരീക്ഷമായിരിക്കും. വധുവും കുടുംബാംഗങ്ങളും വിവാഹ ഷോപ്പിംഗിന്‍റെ തിരക്കുകളിലാവും. ഈ തിരക്കിനിടയിൽ കയ്യിൽ കിട്ടുന്ന ഭക്ഷണം കഴിക്കുന്നത് ശരിയല്ല. പ്രോസസ്ഡ്, പാക്ഡ് ഫുഡിൽ സ്റ്റാർച്ച്, ഓയിൽ, കലോറി എന്നിവ ഉയർന്ന അളവിലുണ്ടായിരിക്കും. ഇത്തരം ഭക്ഷണം ആ സമയത്ത് ശരീരത്തിന് ഊർജ്‌ജം നൽകുമെങ്കിലും പിന്നീട് അമിതവണ്ണത്തിന് ഇടയാക്കും.

അതിനാൽ ഇനിയെത്ര തിരക്കുകൾ ഉണ്ടെങ്കിലും ശരി ശരീരാരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

ഗ്ലോയിംഗ് സ്കിന്നിന്

വിവാഹ ദിനത്തിൽ മാത്രമേ സുന്ദരിയായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുള്ളോ? അതായത് മേക്കപ്പ് നീക്കുന്നതിലൂടെ നിങ്ങളുടെ യഥാർത്ഥ ചർമ്മ സൗന്ദര്യം വെളിപ്പെടാനാണോ ആഗ്രഹം? അങ്ങനെയല്ലെങ്കിൽ തിളക്കമുള്ള ചർമ്മത്തിനും മുടിക്കും ഡയറ്റിൽ ഫ്രൂട്ട്സ്, പച്ചക്കറികൾ, പ്രോട്ടീൻ റിച്ച് ഫുഡ് എന്നിവ ഉൾപ്പെടുത്തുക. കാരണം ഇവയെല്ലാം പോഷകസമ്പന്നമാണ്. മാത്രവുമല്ല നിങ്ങളുടെ ചർമ്മത്തിന് ആന്തരികമായി സൗന്ദര്യവും തിളക്കവും നൽകും. നിങ്ങളും അതല്ലേ ആഗ്രഹിക്കുക.

അതിനായി പച്ച ഇലവർഗ്ഗങ്ങൾ, സീസൺ ഫലങ്ങൾ, വിറ്റാമിൻ സി അടങ്ങിയ ഫ്രൂട്ട്സ്, പരിപ്പ്, മുട്ട, പനീർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, അളവ് വളരെ കുറച്ചായിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതായത് ഒറ്റതവണ ഒരു ബൗൾ പരിപ്പ് 50 ഗ്രാം പനീറും ചേർന്ന കോമ്പിനേഷൻ നല്ലതാണ്. കാരണം ഇവ രണ്ടും പ്രോട്ടീൻ റിച്ചായതിനാൽ അവ അളവ് നോക്കി മാത്രമേ കഴിക്കാൻ പാടുള്ളൂ. ഇപ്രകാരം ഡ്രൈ ഗ്രീൻ വെജിറ്റബിളിനൊപ്പം ഒരു ബൗൾ പരിപ്പ് നിങ്ങളെ ആന്തരികമായും ബാഹ്യമായും സ്ട്രോംഗ് ആന്‍റ് ബ്യൂട്ടിഫുൾ ആക്കും.

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

പലരും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി കാണാറുണ്ട്. ഇത് ശരിയല്ല. ഇത് ശരീരത്തെ ഫിറ്റാക്കുകയില്ലെന്ന് മാത്രമല്ല രോഗിയുമാക്കും. ഒരു രാത്രിയിലെ നീണ്ട സമയം കഴിഞ്ഞുള്ള ആദ്യ ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ഇതൊഴിവാക്കുന്നത് മെറ്റബോളിസത്തെ ദുർബലമാക്കും. ഒപ്പം ശരീരം തടിക്കുകയും ചെയ്യും.

എക്സർസൈസ് റൂട്ടീൻ

വിവാഹമുറപ്പിച്ചു എന്നതു കൊണ്ട് എക്സർസൈസ് റൂട്ടീൻ ഒഴിവാക്കാൻ പാടില്ല. വിവാഹ ദിനത്തിൽ സുന്ദരിയായി കാണപ്പെടാൻ വർക്കൗട്ട് ചെയ്യുക. ശരീരം ഫിറ്റായിരിക്കുന്നതിനൊപ്പം സ്വയം ഊർജ്ജസ്വലത അനുഭവപ്പെടുകയും ചെയ്യും. സ്കിപ്പിംഗ്, ജോഗിംഗ്, റണ്ണിംഗ് എന്നിവയിൽ ഏതും ചെയ്യാം. വീട്ടിൽ ചെയ്യാൻ മടിയുള്ളവർക്ക് ജിമ്മിൽ പോകാം.

യോഗ, എയറോബിക്സ് ക്ലാസുകൾ ജോയിൻ ചെയ്യാം. ഇവ ശരീരഭാരം വേഗത്തിൽ കുറയ്ക്കുന്നതിനൊപ്പം സ്റ്റാമിന കൂട്ടുകയും ചെയ്യും. ദിവസം അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യാം. നല്ല ഭക്ഷണത്തിനൊടൊപ്പം വ്യായാമവും കൂടിയായാൽ മികച്ച റിസൽറ്റ് ലഭിക്കും.

ഡ്രൈ ഫ്രൂട്ട്സ്

ഡ്രൈഫ്രൂട്ട് കഴിച്ചാൽ ശരീരത്തിൽ ഫാറ്റ് കൂടുമെന്ന തെറ്റിദ്ധാരണ ചിലരിലെങ്കിലുമുണ്ട്. ഇത് ശരിയല്ല. വിറ്റാമിനുകളും പ്രോട്ടീനുകളും കൊണ്ട് സമ്പന്നമാണ് ഡ്രൈഫ്രൂട്ടുകൾ. ശരീരത്തിലെ പോഷകക്കുറവിനെ പരിഹരിക്കാനും ശരീരത്തിന് ആന്തരികമായി ശക്തിയും ഊർജ്‌ജവും പകരാനും ഇത് നല്ലതാണ്. 100 ഗ്രാം ഫ്രഷ് പഴങ്ങളെ അപേക്ഷിച്ച് 100 ഗ്രാം ഡ്രൈഫ്രൂട്ടുകളിൽ നിന്നും മൂന്നിരട്ടിയിലധികം ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ ശരീരത്തിന് ലഭിക്കും. അതായത് വളരെ കുറഞ്ഞയളവിൽ നിന്നും ധാരാളം പോഷകങ്ങൾ.

അതിനാൽ ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന ചിന്തയുപേക്ഷിക്കുക. ദിവസവും അൽപ്പം ഡ്രൈഫ്രൂട്ടുകൾ കഴിക്കുക. ശരീരത്തിലെ കുറവുകളെയത് പരിഹരിക്കും. കൂടുതൽ ഉണർവും ഊർജ്ജസ്വലതയും അനുഭവപ്പെടും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें