Novel: സമുദ്രമുഖം ഭാഗം- 5

തോമാച്ചനെ വിളിച്ചപ്പോൾ പുള്ളി നല്ല തിരക്കിലാണ്. അയാൾക്ക് തിരക്കൊഴിഞ്ഞ് പിന്നെ സമയമില്ലല്ലോ. എന്നാലും എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞ പണി കൃത്യമായി ചെയ്യും. അതു കൊണ്ട് വിശ്വസിക്കാം. ഫോണിൽ ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. മാഗി മാഡം എന്‍റെ നിബന്ധനകളെല്ലാം അംഗീകരിച്ച് ഒപ്പിട്ടയച്ച സ്കാൻ ചെയ്ത കോപ്പി. ഇനിയുടനെ രംഗത്തിറങ്ങണം. മധുരും എരിവും ഇടകലർന്ന ചൂടു ചായ കപ്പിൽ പകർന്ന് ജനലഴിക്കരികിലെ കസേരയിൽ വന്നിരുന്ന് മെല്ലെ കുടിച്ചു കൊണ്ടിരുന്നു. തൊണ്ടയിലൂടെ ചൂടും എരിവും വിലയിച്ചു ചേർന്ന ചായ അല്പാൽപ്പമായി ഇറങ്ങിപ്പോയപ്പോൾ വല്ലാത്ത സുഖവും ആശ്വാസവും. ഇടക്കെപ്പോഴോ ചെറിയ ജലദോഷം ശരീരവ്യവസ്ഥയെ പിടിമുറുക്കിയെന്ന് സംശയം.

ഉച്ചയാകാറാകുന്നു. വെയിലേറ് കൊള്ളുന്ന വഴിത്താരയിലൂടെ ആളുകൾ ധൃതി പിടിച്ച് നടന്നകലുന്നു. ഇവരിൽ ആരെങ്കിലുമൊരാൾ കുറ്റകൃത്യം ചെയ്ത് ധൃതിയിൽ വരുന്നവരുണ്ടായിരിക്കുമോ? ബസ്സിലും ട്രെയിനിലും മറ്റു പൊതു സ്ഥലങ്ങളിലും അടുത്ത് വന്നിരിക്കുന്നവർ, പരിചയപെടുന്നവർ. അവരിൽ ചിലർക്കെങ്കിലും കുറ്റവാളിയുടെ കറുത്ത മനസ്സുണ്ടാകാം. അവസരം കിട്ടുമ്പോൾ നൂറ്റാണ്ടുകളിലെ ജീനുകളിലൂടെ പകർന്ന ആദിമ മൃഗതൃഷ്ണ തലപൊക്കിക്കൂടെന്നില്ല.

ചിലയവസരങ്ങളിൽ യാത്രയിലും മറ്റും ചിലരുടെ ശരീരഭാഷ ശ്രദ്ധയിൽ പെടുമ്പോൾ ഭീതിയുടെ മുൾമുന പോറലേൽപ്പിക്കാറുണ്ടെന്നത് വാസ്തവം. പഴയ കാലത്ത് നാട്ടിൻ പുറങ്ങളിൽ നടന്ന ആത്മഹത്യകളിൽ മിക്കതും കൊലപാതകങ്ങളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒതളങ്ങ ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്‍റെ പരിപ്പ് അരച്ച ഭക്ഷണം കഴിച്ചാലുള്ള മരണങ്ങളിൽ, യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ഇനിയീ ഇച്ചായന് വിഷബാധ ഏറ്റതായിരിക്കുമോ? തലേന്ന് മദ്യത്തോടൊപ്പം പനീർ വിഭവം കഴിച്ചതായി പറയുന്നു. അതിനു ശേഷം എന്തു കഴിച്ചെന്നറിയില്ല. പനീർ വിഭവവും മദ്യവുമല്ലാതെ ഒന്നും കഴിച്ചില്ലെന്ന് മാഡം പറയുന്നു. മദ്യത്തോടൊപ്പം മറ്റെന്തെങ്കിലും സ്നാക്സ് ഒപ്പം കഴിച്ചു കാണില്ലേ? ഇനി പനീറിലെന്തെങ്കിലും? പനീർ വിഭവം ഉണ്ടാക്കി കൊണ്ടുവന്നു എന്നല്ലാതെ അത് കഴിച്ചു എന്ന് പറഞ്ഞതായി കേട്ടില്ല. ഇനി അഥവാ വിഷം കലർന്ന ആഹാരം കഴിച്ചെങ്കിൽ അതിന്‍റെ പ്രത്യാഘാതമായി ശരീരം ഉടൻ പ്രതികരിച്ചു തുടങ്ങും. ഛർദ്ദിച്ച് വശം കെടും. അതെക്കുറിച്ചൊന്നും മാഗി മാഡം സൂചിപ്പിച്ചില്ല. ആകെ നല്ല സുഖം തോന്നുന്നില്ല, പിന്നെ നെഞ്ചു തടവി എന്നൊക്കെയാണ് പറഞ്ഞത്.

പിറ്റേന്ന് പുലർച്ചെയും ഒന്നും തന്നെ കഴിച്ചിട്ടുമില്ല. വിഷബാധക്കു കാരണമായേക്കാവുന്ന വസ്തുക്കളൊന്നും ആ ഒരു സമയപരിധിക്കുള്ളിൽ ഉപയോഗിച്ചിട്ടില്ല. ഉറങ്ങാൻ കിടന്ന് പുലർച്ചെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോകുന്നതു വരെ സുരക്ഷിത മേഖലയിലൂടെയാണ് ജോൺ സാറിന്‍റെ സഞ്ചാരം. ബാത്ത് റൂമിൽ കയറിയ ശേഷമാണ് അദ്ദേഹം കൈവിട്ടു പോയത്. അതു ഹൃദയഘാതം തന്നെയാവണം. മറ്റൊരു വ്യക്തിയുടെ ഇടപെടലിന് സാധ്യതയും അതിനുള്ള അവസരവും തുലോം കുറവാണ്.

അപ്പോഴാണ് ഫോണിൽ നിന്നും ഒരു കിളിനാദം. തോമാച്ചനാണ്. അന്വോഷിക്കേണ്ട ആളെപ്പറ്റി അറിയാവുന്ന വിവരങ്ങൾ നല്കി. പേരു പറഞ്ഞപ്പോൾ പെട്ടന്നു തന്നെ തോമാച്ചന് ആളെ പിടി കിട്ടി. തോമാച്ചൻ ആ കുടുംബക്കാരെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടത്ര. നാട്ടിൽ ഏറെ അറിയപ്പെടുന്ന കുടുംബമാണ്. ഇത്രക്കു പ്രശസ്തമായ കുടുംബമെങ്കിൽ ഞാനെന്തുകൊണ്ടു ഇവരെപ്പറ്റി കേൾക്കാതെ പോയതെന്ന് വെറുതെ നിനച്ചു. രണ്ടു ദിവസത്തിനകം ആവശ്യപ്പെട്ട വിവരങ്ങൾ നല്കാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വച്ചു.

ഇന്നു വൈകീട്ട് ബീച്ച് റോഡിലെ മാഗി മാഡത്തിന്‍റെ തറവാടൊന്നു കാണണം. പറ്റുമെങ്കിൽ സർവെന്‍റിനോടൊന്നു സംസാരിക്കണം. അപ്പോൾത്തന്നെ വൈകുന്നേരം അഞ്ചു മണിക്ക് വരുന്ന കാര്യം മാഡത്തെ അറിയിച്ചു. അതിന് മാഡം സമ്മതം തന്നു.

ഉച്ചതിരിഞ്ഞപ്പോഴേക്കും അലോസരപ്പെടുത്തുന്ന പൊടിഞ്ഞ മഴ പെയ്തു തുടങ്ങിയിരുന്നു. അതു വകവയ്ക്കാതെ ഒരു ടവ്വൽ തലയിൽ കെട്ടി ഇറങ്ങി. പൊടിഞ്ഞ മഴയേറ്റ് വഴിത്താരകളിലെല്ലാം നനവേറു വീണു കുതിർന്നു. ഹരിതകം തെളിഞ്ഞു നിന്ന മരച്ചില്ലകളിൽ മഴമുത്തുകൾ ഭൂമിയെ മോഹിച്ചു തൂങ്ങിക്കിടന്നു. ബീച്ച് റോഡിലേക്ക് തിരിയുന്നിടം ഒരു മരച്ചുവട്ടിൽ കണ്ട കപ്പലണ്ടി വിൽപ്പനക്കാരനിൽ നിന്ന് ചൂടു കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ട് മെല്ലെ നടന്നു.

ഇളംമഴയിൽ, ഇളംതണവിൽ ഇങ്ങിനെ നടക്കാൻ സുഖമുണ്ട്. അല്പകാലം മുൻപു വരെ എനിക്ക് ഇത്തരം യാത്രകളിൽ കൂട്ടുണ്ടായിരുന്നു. പൊടിഞ്ഞ മഴയും ഇളങ്കാറ്റും അലിഞ്ഞു ചേർന്ന ഇത്തരം യാത്രകളിലാണ് ഒപ്പം നടന്ന്‌ പിന്നീട് പിരിഞ്ഞു പോയവർ മനസ്സിൽ ഓർമ്മകളുടെ പൂക്കാലം തീർക്കുന്നത്. ഒപ്പം ജീവിത വഴിത്താരയിൽ ഒറ്റപ്പെട്ടു പോയതിന്‍റെ കടലാഴം അറിയുന്നതും.

ആലോചിച്ചു നോക്കിയാൽ മുന്നിൽ മുള്ളുനിറഞ്ഞ മൺതാരയാണ്. ദൂരം, അവളുടെ അമ്മയുടെ പിടിവാശി. ഗബ്രി എന്‍റെ മനസ്സിനൊടൊപ്പമാണ്. എനിക്കൊപ്പം നില്കും അതാണ് മരുഭൂമിയിൽ കാണുന്ന മരുപ്പച്ച. പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യണം. എനിക്കതു ചെയ്തല്ലേ പറ്റൂ.

വഴിയിൽ, പൊടുന്നനെ മുന്നിൽ വന്നു പെട്ട ഒരാളോട് അഡ്രസ്സ് അന്വേഷിച്ചു. സിനിമ ഷൂട്ടിംഗിന് കൊടുക്കുന്ന വീടല്ലേ എന്നായിരുന്നു അയാളുടെ മറുചോദ്യം. സണ്ണിക്കപ്പോൾ അത്തരം ബിസിനസ്സും ഉണ്ടായിരുന്നു. ഏതായാലും സിനിമാ ഷൂട്ടിംഗാണ് വീടിനെ അടയാളപ്പെടുത്തുന്നത്. അപ്പോൾ ജോൺ സാറിന്‍റെ അറിവോടെയാണോ അദ്ദേഹത്തിന്‍റെ വീട് സിനിമാ ഷൂട്ടിംഗിന് വാടകക്ക് നല്കിയിരുന്നത്? ആയിരിക്കില്ല. സണ്ണിയെക്കുറിച്ച് മനസ്സിൽ തിടം വച്ച ധാരണകൾക്ക് കരുത്തേറുകയാണ്.

പണമുണ്ടാക്കാൻ പലവിധ മാർഗ്ഗങ്ങൾ തേടുന്നവനാണ് സണ്ണി. ഏതായാലും ആ വഴി പോക്കൻ കൃത്യമായി വഴി പറഞ്ഞു തന്നു. വേണമെങ്കിൽ കൂടെ വന്ന് സ്ഥലം കാണിച്ചു തരാമെന്നായി അയാൾ. ആ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് മുന്നോട്ടു നടന്നു. അങ്ങിനെ ഉപ്പുമണം പുരണ്ട പൊടിമഴയത്രയും ഉൾക്കൊണ്ടു കൊണ്ട് നടന്ന് വീടെത്തി.

പുരാതനമായ ഒരു വീട്. വലിയ വലുപ്പമില്ല. എന്നാൽ പഴമയുടെ പ്രൗഢിയും ഗാംഭീര്യവും ഒത്തിണങ്ങിയ, പഴയകാല കൊളോണിയൽ ഗരിമയിൽ തലയുയർത്തി നിൽക്കുന്ന ഗൃഹം. പ്രശാന്തമായ ഈ അന്തരീക്ഷത്തിൽ കടൽക്കാറ്റേറ്റ് ഇവിടെ താമസിക്കാൻ ഇച്ചായനെന്നല്ല ആരും തന്നെ ആഗ്രഹിച്ചു പോകും.

കട്ടിയിരുമ്പിൽ ചിത്രപ്പണ്ണികളോടെ തീർത്ത ഗേറ്റ് ഏറെപ്പണിപ്പെട്ടാണ് ഒരാൾ തുറന്നു തന്നത്. അയാളുടെ വേഷം കണ്ടപ്പോൾ ഗേറ്റിലെ സെക്യൂരിറ്റിയും ഡ്രൈവറും ഗാർഡനറുമൊക്കെയാണ് തോന്നിപ്പോയി. അയാളൊട് വിവരം പറഞ്ഞപ്പോൾ പൂമുഖത്തു ഇരിക്കാൻ ആവശ്യപ്പെട്ടു. കരിങ്കല്ലുകൾക്കിടയിൽ നനുത്ത പുല്ലുപാകിയ വിസ്തൃതമായ മുറ്റം കടന്ന് സ്വിറ്റ്ഔട്ടിൽ ഇട്ടിരുന്ന കസേരകളിലൊന്നിൽ ചെന്നിരുന്നു. അവിടുത്തെ ടീപോയിൽ ചിതറിക്കിടന്ന ഒരു മാസികയെടുത്ത് രണ്ടു പേജുകൾ മറിക്കുമ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

വാതിൽ തുറന്ന് ഒരു അമ്പത്തഞ്ച് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് അകത്തേക്ക് ക്ഷണിച്ചു. ഇവരായിരിക്കും സർവന്‍റ്. പഴമയുടെ പ്രൗഢി പേറുന്ന വിശാലമായ സ്വീകരണമുറി. മനോഹരമായ കലാരൂപങ്ങൾക്കൊണ്ട് മുറിയുടെ സിംഹഭാഗവും അലങ്കരിച്ചിരിക്കുന്നു. നേരെ മുന്നിലുള്ള ചുവരിൽ വലിയ ഒരു ഛായാചിത്രം പതിപ്പിച്ചിരിക്കുന്നു. ഒരു ഇലക്ട്രിക് ദീപവും ചിത്രത്തിനു താഴെയായുണ്ട്. ഒരു പട്ടാളക്കാരന്‍റെ വീര്യവും ഗാംഭീര്യവും മുഖത്ത് പ്രകടം. ഇദ്ദേഹം തന്നെയായിരിക്കും റിട്ട. മേജർ ജോൺ എലുവത്തിങ്കൽ.

ഒരഞ്ചു മിനിറ്റ് അങ്ങിനെ ഇരുന്നപ്പോഴേക്കും മാഡം താഴെക്കിറങ്ങി വന്നു. വെളുത്ത വസ്ത്രമാണ് അവർ അണിഞ്ഞിരുന്നത്. വൈധവ്യം അവരെ ഒരുപാട് ക്ഷീണിതയാക്കിയെന്നു തോന്നി. അതു കൊണ്ടു തന്നെ അധികം സംസാരിച്ച് ബുദ്ധിമുട്ടിക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. അവരെ അഭിവാദ്യം ചെയ്ത് സംഭവം നടന്ന ബെഡ്റൂമൊന്ന് കാണിച്ചു തരുവാൻ ആവശ്യപ്പെട്ടു. അവരെ അനുഗമിക്കുന്നതിനിടയിൽ നേരത്തെ കണ്ട സ്ത്രീ ഏറെ കാലമായുള്ള സെർവന്‍റാണെന്നും ഒരു മതിലപ്പുറമാണ് അവരുടെ വീടെന്നും മനസ്സിലാക്കി.

അയൽപക്കമെങ്കിലും ഈയിടെയായി ഇവർ മാഗി മാഡത്തിന് ഒരു കൂട്ടെന്ന പോല ഈ വീട്ടിൽത്തന്നെയാണ് സ്ഥിരതാമസമെന്നും അവിടുത്തെ പൊതുഅന്തരീക്ഷം വിശകലനം ചെയ്തപ്പോൾ അറിയുവാൻ കഴിഞ്ഞു.

വിശാലമാണ് ബെഡ്റൂം. ഒന്നാന്തരം വിലയേറിയ പെയിന്‍റിംഗ്, മരത്തിൽ പണിയിച്ച മനോഹരങ്ങളായ കലാരൂപങ്ങൾ എന്നിവ ചുവരുകൾക്ക് ആഭരണമായി പരിലസിക്കുന്നു. ഒപ്പം പല പല നാടുകളിൽ നിന്നുള്ള വസ്തുക്കൾക്കൊണ്ട് മുറി ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ബെഡ്റൂമിനോട് ചേർന്ന് ബാത്റൂം. ആധുനികമായ സജ്ജീകരണമൊരുക്കാൻ അതിൽ കാര്യമായ മരാമത്തുപണികൾ ചെയ്തിട്ടുണ്ട്. ഇവിടെയൊക്കെ രണ്ടു മൂന്നാൾക്കൊക്കെ സുഖമായി പതുങ്ങിയിരിക്കാം. ചുവരിൽ പതിപ്പിച്ച കണ്ണാടി അതിനു താഴെ ഷേവിംഗ് സാമഗ്രികൾ , ബ്രഷ്, പേസ്റ്റ്.

“സോറി. ഈ ബാത്ത്റൂമാണോ നിങ്ങളും ഉപയോഗിക്കാറ്?” ഞാൻ ആരാഞ്ഞു.

“അല്ല. ഈ ബെഡ്റൂമിന്‍റെ വാതിലിനടുത്തായി ഒന്നു കൂടെ ഉണ്ട് അതാണ് ഞാൻ ഉപയോഗിക്കാറ്. അദ്ദേഹത്തിന്‍റെ ബാത്റൂം മറ്റാരും ഉപയോഗിക്കുന്നത് ഇഷ്ടമല്ല. അതു കൊണ്ട് ഞങ്ങളാരും ഉപയോഗിക്കാറേ ഇല്ല. അതുപോലെ പേഴ്സണലയായി ഉപയോഗിക്കുന്ന വസ്തുക്കൾ സോപ്പ്, ചീപ്പ് പോലുള്ളവ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും ഇച്ചായനിഷ്ടമല്ല.” മാഗി മാഡം പറഞ്ഞു.

തുടർന്ന് അദ്ദേഹം കുഴഞ്ഞു വീണു കിടന്നിരുന്ന സ്ഥലം കാണിച്ചു തന്നു. തലയും കയ്യുമടക്കമുള്ള ഭാഗങ്ങൾ ബാത്ത്റൂമിന്‍റെ വാഷ്ബേസിനരികെയുള്ള മുൻവാതിലിന് അപ്പുറത്തേക്കും കാലുകൾ ബാത്ത്റൂമിനകത്തും ആയാണ് കണ്ടതെന്ന് വിതുമ്പലോടെ അവർ പറഞ്ഞു. അപ്പോൾ ബാത്റൂമിനകത്തു വച്ചാണ് ദാരുണമായ ഈ സംഭവം നടന്നതെന്നു വ്യക്തമാകുന്നു.

കൊലയാളി ബാത്റൂമിനകത്തിരുന്നു. കൊലപ്പെടുത്തി. ഇരുചെവിയറിയാതെ യാതൊരു പ്രയാസവുമില്ലാതെ ഇറങ്ങിപ്പോയി. അതിന്‍റേതായ യാതൊരു ബഹളവും ഇവരറിഞ്ഞില്ലെന്നതാണ് അത്ഭുതം!

“ബാത്റൂമിലെ വാട്ടർ സപ്ലൈ ഫിറ്റിംഗ്സുകളും, ടൈലുകളുമെല്ലാം പുതിയതാണല്ലോ? പുതിയ പണികൾ എല്ലാം എന്നാണ് ചെയ്തത്?” ഞാൻ ചോദിച്ചു.

“ഞങ്ങൾ ഇവിടെ താമസമാരംഭിച്ച് രണ്ടു ദിവസത്തിനകം ബാത്റൂമിന്‍റെ പണി തുടങ്ങി. ഇവിടെ പഴയ രീതിയിലുള്ള ക്ലോസറ്റായിരുന്നു. ഇച്ചായന് അത് പറ്റില്ലായിരുന്നു. ഒരാഴ്ച കൊണ്ട് ബാത്റൂമിലെ പണികളെല്ലാം തീർത്തു, ഇച്ചായൻ പണിക്കാരോടൊപ്പം നിന്ന് ചെയ്യിക്കുകയായിരുന്നു.” മാഡം മറുപടി നല്കി.

നല്ല കരുത്തനായ ഒരാളാണ് മി. ജോൺ. പ്രായം തളർത്താത്ത കരുത്തൻ. അയാളെ എളുപ്പത്തിൽ കീഴ്പെടുത്താനാവില്ല. സംഭവം നടന്നിട്ടു ആഴ്ചകൾ കഴിഞ്ഞെങ്കിലും ബലപ്രയോഗം നടന്നതിന്‍റെ ചെറിയ എന്തെങ്കിലും ലക്ഷണങ്ങൾ കാണേണ്ടതാണ്. അതൊന്നും കാണുന്നില്ല. മാത്രമല്ല നാലഞ്ചു മീറ്റർ അപ്പുറത്താണ് മാഗി മാഡം ഉറങ്ങിക്കിടന്നിരുന്നത്. അങ്ങിനെ എന്തെങ്കിലും ബലപരീക്ഷണം നടന്നുവെങ്കിൽ എന്തായാലും അവർ ഉണരുമായിരുന്നു. പേസ്റ്റും ബ്രഷുമെല്ലാം ഇവിടെ ചിതറിക്കിടന്നിരുന്നു എന്നാണ് മാഡം പറഞ്ഞത്. അതായത് ഈ കണ്ണാടിക്ക് താഴെയുള്ള ഏതാനും വസ്തുക്കൾ. ശരിക്കും കാര്യമായി തല പുണ്ണാക്കേണ്ട അവസ്ഥയാണ്.

“കുടുംബാംഗങ്ങളുടെ ഫോട്ടോസ് ഉള്ള ആൽബം ഉണ്ടോ? ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.”

മുഖം മനസിന്‍റെ കണ്ണാടിയാണ് എന്നൊരു സത്യത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. പത്രങ്ങളിലും മറ്റും വരുന്ന കുറ്റകൃത്യം നടത്തിയ ആളുകളുടെ മുഖം വിവിധ തലങ്ങളിൽ സൂക്ഷ്മമായി ഞാൻ നിരീക്ഷിക്കാറുണ്ടായിരുന്നു. അതിൽ നിന്നും മനസിലാക്കിയ ഒരുവസ്തുത കുറ്റവാളി സുന്ദരനോ സുന്ദരിയോ ആയിക്കൊള്ളട്ടെ അവരിൽ കുടിലതയുടേതായ ഒരുഭാവം എനിക്ക് വേർതിരിച്ചു കാണാൻ കഴിയുമായിരുന്നു. ആൽബം ഒന്ന് കാണാൻ ചോദിച്ചത് ആ ഒരുസാധ്യത മുന്നിൽ കണ്ടായിരുന്നു.

“ഉണ്ട്. താഴെ ഇരുന്ന് കാപ്പി കുടിക്കൂ ഞാനുടനെത്തന്നെ എടുത്തു കൊണ്ടു വന്നു കാണിക്കാം.“ അതും പറഞ്ഞ് അവർ പോയി.

സ്വീകരണമുറിയിൽ സെർവന്‍റ് നിൽക്കുന്നുണ്ടായിരുന്നു. അവരെ നോക്കി ഹൃദ്യമായി ചിരിച്ചു. പേരു ചോദിച്ചു. സെലീനാമ്മ

“ശരി. എന്നെ ഭയക്കുകയൊന്നും വേണ്ട. ഞാൻ മാഗി മാഡത്തിന്‍റെ ഫ്രണ്ടാണ്.”

പൊടുന്നനെ സെലീനാമ്മയുടെ മുഖത്തെ ഭയത്തിന്‍റെയും അപരിചിതത്വത്തിന്‍റെയും കാർമേഘം നീങ്ങി പോയതു കണ്ടു ഞാൻ സന്തുഷ്ടനായി. അവർ ഒരു സംസാരപ്രിയയാണെന്നു തോന്നി.

“അപ്പോൾ മാഡത്തിന്‍റെ മകളെവിടെ?”

“മോള് സ്കൂളുവിട്ട് വന്ന് കാപ്പി കുടിച്ച് പള്ളി പോവും. പള്ളീലെ പാട്ടു സെറ്റിലെ മെയിൻ പാട്ടുകാരിയാ എലീനാ മോൾ. കൊറച്ചു കഴിഞ്ഞാ കൊച്ചമ്മേം കുഞ്ഞച്ചന്നും പോയികൂട്ടിക്കൊണ്ടു പോരും.”

സെലീനാമ്മ ഒരാളെ സംസാരിക്കാൻ കിട്ടിയ സന്തോഷത്തിൽ പറഞ്ഞു തുടങ്ങി

“ആരാ കുഞ്ഞച്ചൻ? ”ഞാൻ ചോദിച്ചു.

“ദാ മിറ്റത്തു നിക്കണില്ലേ? അയാളന്നെ.” സെലീനാമ്മ മുറ്റത്തേക്കു കൈ ചൂണ്ടി.

യാതൊരു സഹകരണ മനോഭാവവും ഇല്ലെന്നു വിളിച്ചുപറയുന്ന ശരീരഭാഷയും മുഖത്ത് വസൂരിക്കലയുള്ള കുഞ്ഞച്ചൻ. കാവൽ നില്കുകയാണെങ്കിലും അയാളുടെ ദൃഷ്ടി മുഴുവൻ ഇവിടേക്കാണ്‌. ആ വലിയ തലക്കുള്ളിൽ ജോണിന്‍റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യം ഉണ്ടോ?

“ഈ കുഞ്ഞച്ചൻ അധികം കാലമായില്ല അല്ലെ ഇവിടെ ഡ്യൂട്ടി ചെയ്യാൻ തുടങ്ങിയിട്ട്?”

“ആര് പറഞ്ഞു? പത്തുമുപ്പതു വർഷമായിട്ടു ഇവിടുള്ള ആളാണ്. പാവമാ. എന്ത് പണിയേൽപ്പിച്ചാലും വൃത്തിക്ക് ചയ്യും. ഒരു പരാതിയുമില്ല.” സെലീനാമ്മ കുഞ്ഞച്ചനെ പരിപൂർണമായിപിന്തുണച്ചു.

സ്വീകരണമുറിയോട് ചേർന്ന ഒരു മുറിക്കു മുന്നിൽ വയലിന്‍റെ രൂപം മനോഹരമായി കാർവ് ചെയ്തിരിക്കുന്നു. ഞാൻ കുഞ്ഞച്ചനിൽ നിന്നും വിഷയം മാറ്റി.

“ഈ മുറി ആരു ഉപയോഗിക്കുന്നതാണ്?”

“ഇത് അലീന മോളടെയാണ്.”

“അല്പം വെള്ളം കുടിക്കാ…“

പറഞ്ഞു മുഴുമിക്കുമ്പോഴേക്കും സെലീനാമ്മ അയ്യോ ഞാൻ സാറിന് ചായ തന്നില്ലല്ലോ എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു. അഞ്ചു മിനിറ്റിനകം തിരിച്ചു വന്ന് ചായ ഗ്ലാസ്സിലേക്കു പകർന്നു തന്നു. ചായ കുടിച്ചപ്പോൾ നല്ല ഇഞ്ചിസത്തു ചേർത്ത എരിവുള്ള മസാല ചായ.

“ഇത്ര വേഗം ചായ തയാറാക്കിയോ?” അഭിനന്ദന സൂചകമായിപുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇവിടുത്ത കൊച്ചമ്മക്ക് ഇടക്ക് ചായ കുടിക്കണം. അതോണ്ട് വലിയ ഫ്ലാസ്ക്കിൽ രാവലത്തന്നെ ഉണ്ടാക്കി വക്കും.”

സെലീനാമ്മ കരുതലുളവാക്കുന്ന മുഖഭാവത്തോടെ പറഞ്ഞു.

“അലീന മോള് ഇവിടെ അടുത്തുള്ള സെക്രട്ട് ഹാർട്സ് സ്കൂളിൽ അല്ലെ പഠിക്കുന്നെ?”

“അതേ മിടുക്കിക്കുട്ടിയാണ്. അസ്സലായി പഠിക്കും. പാടും. മനുഷ്യൻമാർക്ക് എന്താ ചെയ്യാൻ പറ്റാ? എല്ലാം നിശ്ചയിക്കണത് മോളിലുള്ള ഒരാളല്ലേ? അപ്പനെ കർത്താവ് നേരത്തെ വിളിപ്പിച്ചു. ആ കുട്ടിയാണെങ്കിലോ എല്ലാരടടുത്തും അങ്ങിനെ കളിച്ച് ചിരിച്ച് നടക്കുന്ന പ്രകൃതമേ അല്ല. പിന്നെ ഇപ്പൊ ഇതും കൂടെ ആയപ്പോഴോ! പാവംകുട്ടി. പള്ളീല് പാട്ടിനൊക്കെ പോവാൻ തൊടങ്ങീപ്പിന്യാ കുട്ടിത്തിരി ഉഷാറായേ. അപ്പനേം കെട്ടിപ്പിടിച്ച് എന്തോര് കരച്ചിലാ കരഞ്ഞെന്നോ! എല്ലാരടേം ചങ്കു പൊട്ടിപ്പോയി.”

സെലീനാമ്മ മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണു തുടച്ചു. മാഗി മാഡം ഒരു വലിയ ആൽബവുമായി ഇറങ്ങി വരുന്നതു കണ്ട് അവർ അകത്തേക്കു പോയി.

“സോറി. ഇതെല്ലാം ഏത് അലമാരയിലാ വെച്ചിരുന്നതെന്ന് ഓർമ്മിച്ചില്ല. എല്ലാം അലമാരയും തുറന്ന് നോക്കേണ്ടി വന്നു.”

“സാരമില്ല എനിക്ക് പോകാൻ തിരക്കില്ല.” ആൽബം വാങ്ങി ടീ പോയ്ക്കു മേൽ വക്കുന്നതിനിടെ ഞാൻ പറഞ്ഞു.

അവർ എനിക്കരികെ ഒരു കസേരയിട്ടിരുന്ന് ആൽബത്തിന്‍റെ പേജുകൾ ഓരോന്നായി തുറന്ന് ഫോട്ടോയിലുള്ള ആളുകളെപ്പറ്റി വിവരിച്ചു തന്നു. ഒരു പാട് പഴക്കുമുള്ള ഫോട്ടോകൾ . പലതിന്‍റേയും അരിക് കറുത്ത് പൊടിഞ്ഞിട്ടുണ്ട്. ജോൺ സാറിന്‍റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് ഏറെ ഒപ്പം ഈ കുടുംബവുമായി ബന്ധമുള്ള മിക്കവരുടേയും ഫോട്ടോകളുണ്ട്.

“മാഡം. ഒന്നു ചോദിച്ചോട്ടെ? ഔദ്യോഗിക ജീവിതത്തിൽ ജോൺ സാറിന് ശത്രുക്കളുണ്ടായതായി അറിയുമോ?” ഫോട്ടോസ് ശ്രദ്ധാപൂർവ്വം നോക്കി കൊണ്ട്‌ ഞാൻ ചോദിച്ചു

“ഇല്ല. അങ്ങിനെ ശത്രുക്കളുള്ളതായി അറിയില്ല. എല്ലാവരോടും മാന്യമായേ ഇടപെടാറുള്ളൂ. കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കലാണ് പ്രകൃതം. പിന്നെ ഒന്നു രണ്ടു സന്ദർഭങ്ങളുണ്ടായതായി അറിയാം. ഒരിക്കൽ ഒരു യു.പിക്കാരൻ മെസ്സിൽ വച്ച് മദ്യത്തിന്‍റെ ലഹരിയിൽ സാറിനെ ഹർട്ട് ചെയ്തു കൊണ്ടിരുന്നപ്പോൾ നിവൃത്തികേടുകൊണ്ട് ഒന്നു കൈകാര്യം ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്.

പിന്നെ ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ബ്ലോക്കിന് മുകളിലെ നിലയിൽ താമസിച്ചിരുന്ന ഒരു ബീഹാറുകാരൻ ഭാര്യയെ ഉപദ്രവിച്ച സംഭവത്തിൽ സാറിടപെട്ട് നേവി പോലീസിനെക്കൊണ്ട് അയാളെ അറസ്റ്റ് ചെയ്യിച്ചതായ ഒരു സംഭവവും ഓർമ്മ വരുന്നു. ഇതെല്ലാം അവിടെ വച്ചുതന്നെ പറഞ്ഞു തീർത്തവയാണ്. വേണ്ടാതീനം ചെയ്തവർ പിന്നീട് വന്ന് സാറിനോട് മാപ്പു പറയുകയും ചെയ്തു. ഈ സംഭവങ്ങൾ ഉണ്ടായതു ഞങ്ങൾ പുണെയിൽ ഇരിക്കുമ്പോൾ ആണ്.” അതു പറയുമ്പോൾ അവരുടെ മുഖം അഭിമാനത്താൽ വിജൃംഭിതമായിരുന്നു.

ഇതൊന്നും തന്നെ പകവച്ചു പുലർത്താനോ കൊലപ്പെടുത്താൻ തക്കവണ്ണം മാരകമായ തിരിച്ചടി നൽകുവാൻ കാരണമായ സംഭവങ്ങളല്ല ആ വഴിയും അടഞ്ഞ അധ്യായങ്ങളായി. ഇനി ഔദ്യോഗിക ജീവിതത്തിൽ എന്തെങ്കിലും?

ശരി. ആവശ്യമുണ്ടെന്ന് തോന്നിയ, സണ്ണിയും ഡേവീസും സൂസനുമൊക്കെ ഉൾപ്പെടുന്ന രണ്ടു മൂന്നു ഫോട്ടോകൾ മാഡത്തിന്‍റെ അനുവാദത്തോടെ മൊബെലിൽ ഫോട്ടോ എടുത്തു സേവു ചെയ്തു. എല്ലാം നോക്കിക്കഴിഞ്ഞ ശേഷം ആ കനപ്പെട്ട ആൽബം മടക്കി വച്ചു. അതു മുകളിൽ കൊണ്ടുപോയി വയ്ക്കാനായിരിക്കണം അവർ സെലീനാമ്മയെ വിളിച്ചത്. ആ അവസരം നോക്കി മാഗി മാഡത്തിന്‍റെ മൗനാനുവാദത്തോടെ സെലീനാമ്മയോട് പത്താം തീയതി രാവിലെ നടന്ന സംഭവങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടു.

തെല്ലു പകച്ചു നിന്ന ശേഷം അവർ പറഞ്ഞു.

“ഇവിടുത്ത സാറ് മരണപ്പെട്ട അന്നല്ലേ. സാറേ എനിക്കന്നു മുട്ടുവേദന സഹിക്കാൻ മേലാഞ്ഞിട്ട് വീട്ടിൽ ഇരിപ്പായിരുന്നു. അന്ന് ഇവിടെ പണിക്കുവരാൻ പറ്റിയില്ല. അന്ന് എന്‍റെ മോളാ ഇവടെ സഹായത്തിനു വന്നത്.”

“പിന്നെ ഇവിടുത്തെ കുട്ടി വലിയ കരച്ചിലായിരുന്നു എന്നൊക്കെ പറഞ്ഞതോ? കൺമുമ്പിൽ കണ്ടതുപോലെയല്ലെ പറഞ്ഞു കളഞ്ഞത്”

“സാറേ അതെന്‍റെ മോള് എന്‍റടുത്തു വന്നു പറഞ്ഞതാ.”

“ശരി ഇവിടടുത്തല്ലെ വീട് മോളെ ഒന്നു വിളിക്കൂ. നിങ്ങൾ കൂടെ വരണമെന്നില്ല കേട്ടോ.”

മാഡത്തിന്‍റെ കനത്ത നോട്ടം അനുവാദമായെടുത്ത് സെലീനാമ്മ പെട്ടെന്ന് പൊയ്ക്കളഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ മകളെത്തി. ഓടി വന്നതിന്‍റെ കിതപ്പടക്കിക്കൊണ്ട് ഒരു ഇരുപതുകാരി ഒതുങ്ങി നിന്നു. ഉത്കണ്ഠയും പരിഭ്രമവും മാറിമാറി മുഖത്തു പ്രകടമാണ്. ശരീരം ചെറുതായി വിറക്കുന്നുണ്ട്. മാഡത്തിനേയും എന്നെയും മാറി മാറി നോക്കുമ്പോൾ മാഡം എടുത്തടിച്ച പോലെ ചോദിച്ചു

“ജിൻസി. ജോൺ സാർ മരണപ്പെട്ട ദിവസം രാവിലെ അടുക്കളയിലെന്താ ഉണ്ടായത്? ആരെങ്കിലും ഓടി പോകുന്നത് കണ്ടിരുന്നോ? ഈ സാറിന് എല്ലാമൊന്നു പറഞ്ഞു കൊടുക്കു.”

ആ ചോദ്യം അപാകതയായി എനിക്കു തോന്നി. സമാധാനത്തോടെ മറ്റെന്തെങ്കിലും പറഞ്ഞ് തെല്ലിട കഴിഞ്ഞ് ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പെട്ടെന്നിങ്ങനെ ചോദിച്ചാൽ പരിഭ്രമം കൊണ്ട് നടന്ന സംഭവങ്ങൾ അതേപടി പറയണമെന്നില്ല. ഏതായാലും ചോദ്യം കേട്ടതും ഒന്നു പകച്ച് ഭയം കലർന്ന മുഖഭാവത്തോടെ അവൾ പറഞ്ഞു തുടങ്ങി.

“അമ്മച്ചിക്ക് മുട്ടിന് നീരായതോണ്ട് മരുന്നു കെട്ടി വച്ചിരിക്കുകയായിരുന്നു. കാലനക്കാൻ പാടില്ലെന്ന് വേലൻ വൈദ്യര് പറഞ്ഞോണ്ട് കാലനക്കാതെ അമ്മച്ചി വീട്ടിൽ റെസ്റ്റു ചെയ്യുകയായിരുന്നു. അതോണ്ട് ഞാനാ അന്ന് പണിക്ക് വന്നത്. ഞാൻ രാവിലെത്തന്നെ വന്ന് അടുക്കള അടിച്ചുവാരി പാത്രങ്ങളൊക്കെ കഴുകി വെടുപ്പാക്കായിരുന്നു. അപ്പഴാ സണ്ണി വന്നെ.”

“സണ്ണിയോ? ഞാൻ ആകാംക്ഷയോടെ ആരാഞ്ഞു.

“അതേന്നെ എന്നും പാല് കൊണ്ടോരില്യ ആ ചെക്കൻ തന്നെ. കോപ്പറേറ്റീവ് കോളേജില് പഠിക്കണ സണ്ണിക്കുട്ടി. അവൻ വന്നിട്ട്. വന്നിട്ട് പാലിന്‍റെ പാത്രം തരണ നേരത്ത് എന്‍റെ കൈക്കു… ഞാൻ പേടിച്ചപ്പോ പാത്രങ്ങളൊക്കെ തട്ടി മറഞ്ഞ് വീണു. അവനപഴക്കും പേടിച്ച് ഓടിപ്പോയി…“

“ഇക്കാര്യം നീയെന്നോടിതു വരെ എന്തുകൊണ്ട് പറഞ്ഞില്ല?” മാഗി മാഡത്തിന്‍റെ ശബ്ദമുയർന്നു.

“മാഡം ആ കുട്ടി പറയട്ടേ.” ഞാൻ ഇടക്കു കയറി.

ഭയത്തിന്‍റെ തിരയിളക്കം കണ്ണുകളിലേക്ക് പകർന്ന് അവൾ തുടർന്നു.

“പിന്നെ കുറച്ചുകഴിഞ്ഞ് മാഗി മാഡത്തിന്‍റെ കരച്ചിലും എന്നെ ഉച്ചത്തിൽ വിളിക്കുന്നതായും കേട്ടു. ഞാൻ വേഗം സ്റ്റപ്പ് കയറി മുകളിൽ ചെന്ന് നോക്കുമ്പോഴാണ് സാറ്!

അവൾ ആ രംഗം ഓർക്കാനിഷ്ടപ്പെടാത്ത പോലെ തെല്ലിട വിമ്മിഷ്ടപ്പെട്ടു നിന്നു. മാഗി മാഡം തുടരാൻ ആംഗ്യം കാണിച്ചതോടെ സ്വിച്ചിട്ട പോലെ അവൾ പറഞ്ഞു തുടങ്ങി.

“പിന്നെ ഞാനും കൊച്ചമ്മയും കൂടെ എടുത്തു ബെഡിൽ കിടത്തി. കൊച്ചമ്മ ഡോക്ടറെ വിളിക്കുമ്പോഴേക്കും ഞാൻ സാറിന്‍റെ മുഖത്തെ അഴുക്കെല്ലാം നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി. പിന്നെ ബാത്റൂമിൽ നിലത്തു വീണു കിടന്ന സാധനങ്ങളൊക്കെ മോളിൽ എടുത്തു വച്ചു. അപ്പോഴേക്കും ഡോക്ടറൊക്കെ വന്നു. പരിശോധിച്ച് മരിച്ചെന്ന് പറഞ്ഞു.” അവൾ ദുഃഖഭാരത്തോടെ പറഞ്ഞു നിർത്തി. അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു കണ്ടു.

“ജോൺ സാറിന്‍റെ ബ്രദറും ഫാമിലിയുമല്ലേ മുമ്പിവിടെ താമസിച്ചിരുന്നത് അപ്പോഴും ഇവിടെ ജോലിക്കു വന്നിരുന്നോ?”

“അതെ ഞങ്ങടെ അമ്മക്ക് കൊറെ കാലായിട്ട് ഇവിടത്തന്യാ പണി. എടക്ക് അമ്മേനെ സഹായിക്കാൻ ഞാനും വരും. എപ്പഴുംല്ല ഞാൻ കംപ്യൂട്ടറ് പഠിക്കാ ബോണണ്ടേ അതാ…”

“കംപ്യൂട്ടറ് എവിടെയാ പഠിക്കാൻ പോകുന്നത്?”

അവൾ പ്രസരിപ്പോടെ സ്ഥലം പറഞ്ഞു. അപ്പോഴാണ്‌ ഓർത്തത് ആ സ്ഥലം എന്‍റെ ഓഫീസിനടുത്താണെന്നത്. പിന്നെയും ചോദ്യങ്ങൾ പ്രതീക്ഷിക്കുന്ന പോലുള്ള ആ കുട്ടിയുടെ ഉത്സാഹം നിറഞ്ഞ മുഖം കണ്ട് ഒന്നുകൂടെ ചോദിച്ചു.

“കംപൂട്ടറില് എന്ത് കോഴ്സാ പഠിക്കുന്നെ?”

“എം.എസ് ഓഫീസ്. ഇപ്പഴും പഠിക്കണണ്ട്.”

ശരി. ഗുഡ്. ആ കുട്ടിയെ പോകാനനുവദിച്ച് തെല്ലു നിരാശയോടെ എഴുന്നേറ്റു. മാഡത്തിന്‍റെ ആകാംക്ഷ നിറഞ്ഞ മുഖഭാവത്തെ ഗൗനിക്കാതെ യാത്ര പറഞ്ഞ് പോകാനൊരുങ്ങി. അവരുടെ അനുവാദത്തോടെ പോകാൻ തുടങ്ങുമ്പോഴാണ് മാഡം പുറകിൽ നിന്നും വിളിച്ചത്. ആകാംക്ഷയോടെ തിരിഞ്ഞു നിന്നപ്പോൾ അവർ പറഞ്ഞു.

”മി. സാം ലേറ്റസ്റ്റായ ഫോട്ടോസുള്ള ഒരാൽബം കൂടിയുണ്ട്. അതു മകളുടെ മുറിയിലാണെന്നു തോന്നുന്നു. നിങ്ങൾ അല്പനേരം ഇരിക്കു ഞാനെടുത്തു തരാം. പക്ഷേ പെട്ടെന്നു നോക്കിത്തരണം. എനിക്കു ഉടനെത്തന്നെ എലീനയെ വിളിക്കാൻ പോകണം.”

ഇനിയേതായാലും അകത്ത് കയറുന്നില്ല. തെല്ലിട പരിസരം വീക്ഷിച്ചു നിന്നു. മനോഹരമായി വെട്ടിയൊതുക്കിയ പച്ച തഴച്ച ബുഷ് ചെടികൾ. അവക്കു പിന്നിലെ പല ജാതി പൂക്കൾ പടർന്നു നിൽക്കുന്ന ഭംഗിയേറിയ പൂന്തോട്ടം. ജലധാര… പരിസരം മനോഹരമായി പരിപാലിക്കുന്ന കുഞ്ഞച്ചനെ നോക്കി പുഞ്ചിരിച്ചു . എന്‍റെ സൗഹാർദ്ദപൂർവ്വമായ പുഞ്ചിരിയെ അയാൾ തീർത്തും അവഗണിച്ചു മുഖം തിരിച്ചു. ഇയാൾ ഒരു പാവമാണെന്ന സെലീനാമ്മയുടെ സാക്ഷ്യപത്രം വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.

തെല്ലിട കഴിഞ്ഞ് ആൽബമെത്തി. അവിടെ നിന്നു കൊണ്ടു തന്നെ പേജുകൾ ഒന്നൊന്നായി മറിച്ചു നോക്കി. താരതമ്യേന പുതിയ ഫോട്ടോകളാണ്. ഫാമിലി ട്രിപ്പ് പോയതിന്‍റെയാണ് ഏറെയും. സെലിനാമ്മയൊക്കെ ഒരു മഫ്ളറൊക്കെ കഴുത്തിൽ കെട്ടി ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്. മുട്ടിനു നീര് വന്നു നടക്കാൻ വയ്യാത്ത സെലീനാമ്മ… മുട്ടുവേദന ഇതിനൊക്കെ ശേഷം തുടങ്ങിയതാവാനും മതി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്…

ഹൗസ്ബോട്ടിംഗിനും അതിരപ്പിള്ളിയിലോട്ടൊക്കെ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ആഹ്‌ളാദം തിരതല്ലുന്ന നിമിഷങ്ങൾ. ഹാപ്പി റിട്ടയർ ലൈഫ് എന്നൊക്കെ പറയുന്നതിതാണ്. അതിനാണ് ഭാഗ്യം ചെയ്യേണ്ടത്. പക്ഷേ റിട്ട. മേജർ ജോൺ എലുവത്തിങ്കലിന്‍റെ കാര്യത്തിൽ റിട്ടയർമെന്‍റിനു ശേഷം നിർഭാഗ്യം വന്നു ഭവിച്ചു. റിട്ടയർമെന്‍റ് ജീവിതം അതിനിടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പൂർണ്ണമായി ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ആൽബത്തിന്‍റെ അവസാനമായപ്പോൾ കണ്ടപേജുകളിലെ രണ്ടു മൂന്നു ഫോട്ടോകൾ സൂക്ഷ്മമായി നോക്കിയപ്പോഴാണ് മനസ്സിൽ ഒരു ദുരൂഹത കൊളുത്തിപ്പിടിച്ചത്. ആ ഫോട്ടോ എടുപ്പിനു ശേഷം ഫോട്ടോയിൽ ആരുടേയോ ശക്തമായ ഒരിടപെടൽ സംഭവിച്ചിട്ടുണ്ട്. സ്വാഭാവികമായി എങ്ങനെയോ ആരുടെയോ കൈപ്പിഴ മൂലം സംഭവിച്ച ഒന്നായി അതിനെ തള്ളിക്കളയാൻ മനസ്സനുവദിച്ചില്ല.

വലിയൊരു സത്യത്തിലേക്കാണ് സംശയത്തിന്‍റെ കൂർത്ത മുൾമുന തറഞ്ഞിരിക്കുന്നതെന്നു വേപഥുവോടെ ഞാൻ മനസിലാക്കി. മൊബെൽ ഫോണിലുള്ള സ്കാനർ ആപ്പു വഴി അതിന്‍റെ മിഴിവാർന്ന നാലഞ്ചു ഫോട്ടോസെടുത്ത് ആൽബം തിരിച്ചു കൊടുത്തു. മകളെ കൂട്ടാൻ പോകാനായി തിരക്കുപിടിച്ചു നിന്ന മാഡത്തിനോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.

Novel: സമുദ്രമുഖം ഭാഗം- 4

പിറ്റേന്ന് കുഴഞ്ഞുമറിയുന്ന മനസ്സുമായി ഓഫീസിലെത്തി. താഴത്തെ വാച്ച് റിപ്പയർ ഷോപ്പിലെ പയ്യനെ വിട്ട് രണ്ടു മസാലച്ചായ ഫ്ലാസ്കിൽ വാങ്ങിപ്പിച്ചു. ആദ്യം എന്‍റെ നിബന്ധനകൾ അടങ്ങുന്ന ഫോം പൂരിപ്പിച്ച് ഒപ്പിടാനായി മാർഗരറ്റിന് മെയിൽ അയച്ചു. ഏതായാലും മാഗിയുടെ കേസിൽ അല്പം കുഴച്ചു മറിയലുണ്ട്.

മനസ്സിലാക്കിയിടത്തോളം ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്‌താൽ ചെന്നെത്തുക സ്വഭാവികമായ ഹൃദയസ്തംഭനത്തിലാണ്. റിട്ട. മേജറിന്‍റെ സഹോദരൻ ഡേവീസിന്‍റെ മരണം ഹൃദയസ്തംഭനമായിരുന്നു. ഇത്തരം അസുഖങ്ങളുടെ ജീനുകൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ് എന്നതാണ് എന്‍റെ അറിവ്.

അകന്ന ബന്ധത്തിലുള്ള ഒരു യു. കെ ബേസ്ഡ് ഡോക്ടർ ആ കല്യാണ വിരുന്നിൽ പങ്കു കൊള്ളാനെത്തിയിരുന്നു എന്ന് മാഗി മാഡം പറഞ്ഞിരുന്നു. ഈ ഇച്ചായന്‍റെയും ഡേവീസിന്‍റേയും ഒരേ ഒരു സഹോദരിയും യു. കെയിലാണ്. ഒരു ചെറിയ ബന്ധം ഉണ്ടെന്നല്ലാതെ ഇത് വലിയൊരു ഗൂഢാലോചനയെന്ന് കരുതാനാവില്ല. പിന്നെ യു. കെയിലുള്ള സഹോദരി കോടികൾ കവിയുന്ന വൻതുകയെക്കുറിച്ചൊക്കെ ഇച്ചായനുമായി സംസാരമുണ്ടായി.

മാഗി മേഡം ആ സമയം മുന വച്ച് എന്തോ പറഞ്ഞു. അതിനർത്ഥം അവർ നമ്മിൽ മുൻകാലങ്ങളിൽ വലിയ തോതിലുള്ള എന്തെങ്കിലും പണമിടപാട് നടന്നിട്ടുണ്ട് എന്ന് കരുതേണ്ടിവരും. അതിലെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കൂടെ? അതിനു സാധ്യതകൾ ഉണ്ട്.

പിന്നെ രണ്ടു മരണങ്ങൾ നടന്നിടത്തും ഒരു സാന്നിദ്ധ്യമായി നിലകൊണ്ടത് ഈ മാഗി മേഡം തന്നെയാണ്. തറവാടിന്‍റെ അന്തസ്സും പറഞ്ഞ് പോലീസന്വേഷണവും അവർ ഒഴിവാക്കി. അവർക്കെന്തെങ്കിലും അജൻഡ ഉണ്ടോ? ഈ സാമുവേൽ ഡോക്ടർ ഇവരുടെ ആളായിരിക്കും. ഒരു ഡോക്ടർ മനസുവച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

ഇയാൾ കല്യാണ വിരുന്നിനിടക്ക്‌ ഭക്ഷണം പോലും കഴിക്കാതെ ഏത് അത്യാവശ്യത്തിനായിരിക്കും പോയിരിക്കുക? ഇയാൾക്ക് എന്ത് പ്രായം കാണും? വലിയ വീടുകളിലെ കൊച്ചമ്മമാരുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. അത്തരം കഥകളിൽ അവർക്ക് ഒഴിവാക്കപ്പെടേണ്ട ആദ്യത്തെ വ്യക്തി സ്വന്തം ഭർത്താവു തന്നെ ആയിരിക്കും. അത്തരം ബന്ധങ്ങൾക്കുള്ള തടസ്സം ഭർത്താവു തന്നെയായിരിക്കുമല്ലോ?

ഇല്ല! അത്തരമൊരു ചിന്തക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നു തന്നെ കരുതാം. ഇപ്പോൾ അവരെ നേരിട്ട് ബാധിക്കുന്ന തരത്തിൽ നിലവിൽ യാതൊരു പ്രശ്നവുമില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരാവശ്യവുമായി അവർക്ക് എന്നെ സമീപിക്കേണ്ട കാര്യമില്ല. മാത്രമല്ല അവരുടെ വാക്കുകളിൽ ഇച്ചായനോടുള്ള അകമഴിഞ്ഞ സ്നേഹവും തറവാടിനോടുള്ള കൂറും തീർത്തും വ്യക്തവുമാണ്.

ആദ്യം അറിയേണ്ടത് അവരുടെ ഇച്ചായൻ ഇല്ലാതാകുന്നതോടെ ഗുണം ആർക്കെന്നാണ്. അതൊടൊപ്പം ഇച്ചായനോട് ശത്രുത ആർക്കെന്നതും ചേർത്തു വായിക്കപ്പെടേണ്ടതാണ്. ലഭ്യമായ അറിവുകൾ വച്ച് കുന്തമുന ആദ്യം ചെന്നുകൊള്ളുന്നത് സണ്ണിയിലേക്കാണ്. കറി മസാലപ്പൊടിയുടെ ഏജന്‍റ് സണ്ണി എലവുത്തിങ്കൽ.

അറിഞ്ഞിടത്തോളം എല്ലുവത്തിങ്കൽ കുടുംബാംഗങ്ങളിൽ വച്ച് താരതമ്യേന മോശം ചുറ്റുപാട് സണ്ണിക്കാണ്. മാഗിയുടെ കുടുംബം കേരളത്തിനു പുറത്തുള്ള കാലഘട്ടത്തിൽ തറവാട്ടിൽ സണ്ണിയും കുടുംബവുമായിരുന്നു. മാഗിയുടെ കുടുംബം വന്ന ശേഷം സണ്ണിയും കൂട്ടരും സ്വയം ഒഴിഞ്ഞു പോയതാണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആ ഒഴിഞ്ഞു പോക്കലിലുണ്ടോ?

ആദ്യം അയാൾ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. അത് പൊളിഞ്ഞു കാണും. അപ്പോൾ കറി മസാലപ്പൊടി ഷോപ്പുകളിൽ എത്തിക്കുന്ന ഡീലറായി. പിന്നെ കൂട്ടിന് തികഞ്ഞ മദ്യപാനവും. അവസാന ദിവസവും ജോൺ അതെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നു. അപ്പോൾ ഒരു സാധ്യത തെളിയുന്നുണ്ട്. താനും തന്‍റെ കുടുംബവും കാലങ്ങളായി താമസിച്ചിരുന്ന കുടുംബ വീട്ടിൽ നിന്നും ഒഴിയണമെന്ന് ജ്യേഷ്ഠൻ പറഞ്ഞതിൽ സണ്ണിക്ക് കടുത്ത നീരസമുണ്ടായി. താമസിക്കാനായി മറ്റൊരിടം കണ്ടു പിടിക്കേണ്ടതിന്‍റെ ആവശ്യകതയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രയാസവും സണ്ണിയുടെ മനസ്സു തളർത്തി. അതിന്‍റെ പേരിൽ ഇടഞ്ഞു, വഴക്കായി.

ജ്യേഷ്ഠന് തന്നോടുള്ള സ്നേഹം മുതലെടുത്ത് പലപ്പോഴായി കൈപറ്റിയ വലിയ തുകയെക്കുറിച്ച് സംസാരമുണ്ടാകുമോ എന്ന് സണ്ണി സ്വാഭാവികമായും ഭയന്നു. തന്‍റെ വിഹിതയായി ലഭിച്ച സ്വത്തുവകകൾ ആരുമറിയാതെ വിറ്റ് ധൂർത്തടിച്ചതിനെപ്പറ്റിയും ജ്യേഷ്ഠൻ പണം മുടക്കിയ സൂപ്പർമാർക്കറ്റ് അദ്ദേഹമറിയാതെ മറ്റൊരാൾക്ക് കൈമാറിയതും, റിട്ടയർമെന്‍റിനു ശേഷം ഇവിടെത്തന്നെ നാട്ടിൽ സ്ഥിര താമസമാകാനൊരുങ്ങുന്ന ജേഷ്ഠൻ എപ്പോഴെങ്കിലും അറിയും എന്നത് സണ്ണിയെ അങ്കലാപ്പിലാക്കി. ചതി വെച്ചു പൊറുപ്പിക്കാത്ത ആളും ചതി ചെയ്തത് അറിഞ്ഞാൽ അത് ആരാണെങ്കിലും തക്കതായ നടപടി എടുക്കുന്ന ആളാണ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ എന്നതും സണ്ണിയെ വിളറി പിടിപ്പിച്ചു.

അയാൾ സഹോദരനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. അതിനായി രഹസ്യമായി കരുക്കൾ നീക്കി. തന്‍റെ പദ്ധതി നടപ്പാക്കാനായി സണ്ണിയോ അയാൾ ഏർപ്പാടാക്കിയ മറ്റൊരാളോടൊപ്പാമൊ തനിക്ക് മുക്കും മൂലയും കാണാപ്പാഠമായ എലവുത്തിങ്കൽ തറവാട്ടിലെ ബാത്ത്റൂമിനരികെ എപ്പോഴോ വന്ന് പതുങ്ങിയിരുന്നു.

പുലർകാലത്തു തന്നെ ഉറക്കച്ചടവുമായി എത്തിയ ഇച്ചായനെ എന്തെങ്കിലും മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തി. ആ ബഹളത്തിൽ സോപ്പ്, ഷേവിംഗ് സെറ്റ്, ബ്രഷ്, പേസ്റ്റ് എന്നിവ വച്ചിരുന്ന ബോക്സ് താഴെ വീണു ചിതറി. എന്നിട്ട് കഴുത്തു ഞെരിച്ച് കൊന്നു. അപ്പോഴും മാഗി മാഡം ഉറങ്ങിക്കിടക്കുകയായിന്നു. എന്തെങ്കിലും ശബ്ദം കേട്ട് അവർ ഉണർന്നാൽത്തന്നെ അതിനെയും പ്രതിരോധിക്കാനുള്ള സംവിധാനം അവരുടെ പദ്ധതിയിൽ ഉണ്ടായിരിക്കണം. എന്നാൽ അതിന്‍റെ ആവശ്യം അവർക്ക് ഉണ്ടായില്ല.

പദ്ധതി മുൻ നിശ്ചയം പോലെ നടപ്പാക്കിയശേഷം അല്പനേരം കൂടി അവർ അവിടെ ഉണ്ടായിരുന്നു. പിന്നെ താഴേക്കിറങ്ങി അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു. പോകുന്ന പോക്കിൽ അബദ്ധവശാൽ അടുക്കളയിലെ പാത്രങ്ങൾ തട്ടി മറിഞ്ഞു. ആ ശബ്ദം കേട്ട് മാഗി മാഡം ഉണർന്നു. ഭയന്ന് നിന്ന വേലക്കാരിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി അവരങ്ങു പോകുകയും ചെയ്തു.

അപ്പോൾ ഇതു തന്നെയാണ് സംഭവിച്ചിരിക്കുക. സണ്ണി. സണ്ണിയിലാണ് പ്രഥമദൃഷ്ട്യ സാധ്യത. ഈ പുള്ളി വിശദമായ ഒരന്വേഷണം അർഹിക്കുന്നുണ്ട്. അതിന് പറ്റിയ ആളും നമ്മുടെ കൈവശമുണ്ട്. തോമാച്ചൻ. പുള്ളിയെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അല്പം ചെലവുണ്ട്. എന്നാലും സാരമില്ല. എല്ലാ വിവരങ്ങളും കൊണ്ടുവന്നു തരും. പിന്നെ ആ നിക്കണ പെണ്ണിനെ ഒന്നു വിശദമായി കാണണം. പാത്രം തട്ടിമറിച്ച് ഓടി പോയവനാരെന്നറിയണമല്ലോ? അതു മാത്രമല്ല, ആ വേലക്കാരിയിലും എനിക്കുള്ള സംശയത്തിന്‍റെ മുൾമുന ഏറ്റിട്ടുണ്ട്. പാത്രം തട്ടിമറിച്ച് പോയവനാരെന്ന് അവൾ മേഗി മാഡത്തോട് വെളിപ്പെടുത്തിയതായി അറിവില്ല.

സണ്ണിയും കുടുംബവും എലവുത്തിങ്കൽ തറവാട്ടിലെ ഏറെ വർഷങ്ങളായുള്ള മുൻ താമസക്കാരായിരുന്നുവല്ലൊ? അവർ തമ്മിൽ പരസ്പര സഹകരണം പറഞ്ഞുറപ്പിച്ച് ദുഷ്ടലാക്കോടെയുള്ള ധാരണകൾ ഉണ്ടായി കാണണം. പിന്നെ പല തരം ബിസിനസ്സുമായി നടക്കുന്ന സഹോദരൻ ചാർലി എന്തായാലും നിലവിൽ ഈചിത്രത്തിലില്ല.

ഏതായാലും ഒരു വസ്തുത പൊതുവെ അറിഞ്ഞിരിക്കേണ്ടതുണ്ട്. മി. ജോൺ ഏറെക്കാലം കേരളത്തിനു പുറത്തായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ ഏറെ കാലം ജോലി നോക്കിയിരുന്നു. ഏതെങ്കിലും ഇടങ്ങളിൽ വച്ച് ശത്രുക്കളുണ്ടാകാം. ചില പകകളുടെ തീർപ്പുകൾക്കു വർഷങ്ങളുടെ കാത്തിരുപ്പ് ഉണ്ടായേക്കാം. അതറിയാനൊക്കെ വിപുലമായ രീതിയിൽ അന്വോഷിക്കേണ്ടി വരും. അതത്ര എളുപ്പവുമല്ല. മാഗി മാഡത്തോട് ഇക്കാര്യവും ഒന്ന് ആരാഞ്ഞു നോക്കാം. അത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അറിയാതെ പോകില്ലല്ലോ? അതല്ലാതെ മറ്റു മാർഗങ്ങളില്ല. അപ്പോൾ ഇനി തോമാച്ചൻ.

Novel: സമുദ്രമുഖം ഭാഗം- 3

എന്‍റെ ബിസിനസ് ജീവിതത്തിൽ നേരിൽ കാണുന്ന ആദ്യത്തെ ക്ലയിന്‍റ്. ഒരറുപതു വയസ്സോളം പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ച് ആഢ്യത്വവും കുലീനതയും തുളുമ്പുന്ന ഒരു സ്ത്രീ. മുഖത്ത് ലേശം പരിഭ്രമമുണ്ട്. അവരോട് ഇരിക്കാൻ പറഞ്ഞു. അവർക്കായി ഒരു കാപ്പി ഓർഡർ ചെയ്തു കൊണ്ട് ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു.

“ഗുഡ്മോർണിംഗ്. എന്‍റെ പേര് സാം ഡിക്രൂസ്. എന്‍റെ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച ഏകദേശവിവരം അറിഞ്ഞിരിക്കുമല്ലോ”

“ഗുഡ്മോർണിംഗ് സാം, അറിയാം. ഞാൻ മാർഗരറ്റ്. ഇവിടെ അടുത്തു തന്നെയാണ് എന്‍റെ വീട് ബീച്ച് റോഡിൽ.”

“ശരി. ഇനി പറയൂ. നിങ്ങൾ ഞങ്ങളിൽ നിന്നും ആവശ്യപ്പെടുന്ന സേവനം? കാര്യങ്ങൾ എല്ലാം വിശദമായിത്തന്നെ കേൾക്കാൻ ആഗ്രഹമുണ്ട്.”

മാർഗരറ്റ് തെല്ലിട ചുറ്റും നോക്കി. റസ്റ്റോറന്‍റിൽ അധികം തിരക്കില്ല. രണ്ടു മൂന്നാളുകളെ ഉള്ളൂ. അവരിലൊരാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നതു കണ്ട് അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഇവിടെ പ്രൈവറ്റ് ഇരിപ്പിടം ലഭിക്കില്ലേ?

“ശരി. അതിനിവിടെ സൗകര്യമുണ്ട്. നമുക്കുമാറിയിരിക്കാം.”

എഴുന്നേറ്റ് ഒരു മൂലയിലുള്ള ഫാമിലി ക്യാബിനിലേക്ക് മാറിയിരുന്നു. അവരും ഒപ്പം അനുഗമിച്ചു. ജനലിലൂടെ മഴയുടെ ചെറുചാറ്റലുകൾ വന്നു തൂവുന്നത് അവർ അല്പനേരം നോക്കിയിരുന്നു. അവ പല കൈവഴിയിലൂടിറങ്ങി തിടം വച്ച് വലിയ തുളളികളായി സ്ഫടിക വാതായനത്തിലൂടെ താഴോട്ട് ഊർന്നിറങ്ങുന്നത് അവർ സശ്രദ്ധം നിരീക്ഷിക്കുന്നതായി എനിക്കു തോന്നി. അപ്പോഴേക്കും കാപ്പി എത്തിയിരുന്നു. കാപ്പി ഊതികുടിച്ച് അവർ പതുക്കെ പറയാനാരംഭിച്ചു.
“ഞാൻ പറഞ്ഞല്ലോ, ഞാൻ മാർഗരറ്റ്. മാഗി എന്നാണ് അടുപ്പമുള്ളവർ വിളിക്കുക. താങ്കൾ ഈ നാട്ടുകാരൻ തന്നെയല്ലേ? അപ്പോൾ ചിലപ്പോൾ കേട്ടിട്ടുണ്ടാകും, എലവുത്തിങ്കൽ കുടുംബത്തെക്കുറിച്ച്.“

എവിടെയൊക്കെയോ വച്ച് ആ വീട്ടുപേര് കേട്ടിട്ടുണ്ടായിരുന്നു. ഞാൻ തലയാട്ടി. അതുകണ്ടു അവർ തുടർന്നു.

“എനിക്കറിയാം നിങ്ങൾ അത് തീർച്ചയായും കേട്ടുകാണുമെന്ന്. പുരാതനവും കേൾവികേട്ടതുമായ തറവാടാണ് എലവുത്തിങ്കൽ. എന്‍റെ നാട് തൃശ്ശൂരാണ്. എലവുത്തിങ്കൽ തറവാട്ടിലേക്ക് ഞാൻ മരുമകളായി വന്നതാണ്. പിന്നെ ഞാൻ തരുന്ന എന്‍റെ വ്യക്തിഗത വിവരങ്ങൾ നിങ്ങളിൽ സുരക്ഷിതമെന്ന് ഞാൻ കരുതട്ടെ?”

“തീർച്ചയായും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.” ഞാൻ പെട്ടെന്ന് പ്രതികരിച്ചു.

അവർ തുടർന്നു.

“ശരി. എന്‍റെ ഭർത്താവ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ. ഞങ്ങളുടെ മകൾ എലീന. പ്ലസ്ടുവിനു പഠിക്കുന്നു. ഭർത്താവിന്‍റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. രണ്ടുവർഷം ആൻഡമാനിലുണ്ടായിരുന്നു. ഹസ്ബന്‍റ് ആർമിയിൽ നിന്നും റിട്ടയർ ആയതോടെ നാട്ടിൽ വന്ന് സ്ഥിരതാമസമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാത്രമല്ല മകളുടെ വിദ്യാഭ്യാസത്തിനും അതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി.”

അവരൊന്നു നിർത്തി അല്പം കൂടി കാപ്പി കുടിച്ചു.

“ഇവിടെ നാട്ടിൽ വന്ന് സെറ്റിൽ ആയി മൂന്നു മാസമേ ആയുള്ളൂ. ബീച്ച് റോഡിലുള്ള ഞങ്ങളുടെ പുരാതനമായ തറവാട്ടിൽ സ്ഥിരമായി താമസിക്കണം എന്നുള്ളതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ കേരളത്തിനു പുറത്തുള്ളപ്പോൾ സണ്ണിയും ഫാമിലിയുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്.”

“സണ്ണി?

“ജോൺസാറിന്‍റെ തൊട്ടുതാഴെയുള്ള സഹോദരൻ.“

“ശരി. ഹസ്ബന്‍റിന്‍റെ അടുത്ത ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ പറയാമോ?”

”ഹസ്ബന്‍റിന് നാലു സഹോദരങ്ങളുണ്ട്. ഡേവീസ്, സൂസൻ, ചാർലി, സണ്ണി. ഇവരിൽ സൂസൻ യു. കെയിൽ സെറ്റിൽഡാണ്. ഡേവീസ് മരിച്ചിട്ട് രണ്ടു വർഷത്തോളമായി ചാർലി നാട്ടിലുണ്ട്. റിയൽ എസ്റ്റേറ്റ്, റിസോർട്ട് എന്നിങ്ങനെ പലതരം ബിസിനസ്സുകൾ അയാൾക്കുണ്ട്. സണ്ണി ഒരു സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നു. ഇപ്പോൾ കറി മസാലപ്പൊടികളുടെ ഡീലറാണ്.

“ശരി. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഞാൻ ചോദിക്കാം.”

“ഇനി നിങ്ങളുടെ ആവശ്യം പറയു?”

അവർ വല്ലാത്തൊരു മുഖഭാവത്തോടെ പൊടുന്നനെ പറഞ്ഞുതുടങ്ങി.

“മി. സാം എന്‍റെ ഹസ്ബന്‍റ് രണ്ടാഴ്ച മുൻപ് മരണപ്പെട്ടു. പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം ഹൃദയാഘാതമെന്നാണ്. എന്നാൽ മി. സാം ഇതൊരു സ്വാഭാവിക മരണമായി എനിക്കു തോന്നുന്നില്ല. എന്‍റെ ഇച്ചായനെ ഏതോ ക്രിമിനൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. എനിക്കതിൽ സംശയം ഇല്ല. ഏവരെയും സ്നേഹിക്കുകയും, അർഹതപ്പെട്ടവരെ കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന, ഇന്നുവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത എന്‍റെ ഇച്ചായനെ ഇല്ലാതാക്കി ആർക്കാണ് നേടാനുള്ളത്? എനിക്കറിയണം ആരാണ് ഈ ദുഷ്ടതക്ക് പുറകിലെന്ന്?”

അവരുടെ മുഖത്തു രക്തം ഇരച്ചുകയറി. വെളുത്ത ആ മുഖം ചുവന്നു തുടുത്തു. കണ്ണിമയിൽ കണ്ണുനീർ നിറഞ്ഞു. ഒരു തൂവാല കൊണ്ട് കണ്ണു തുടച്ച് അവർ തല കുനിച്ചു. എന്തു പറഞ്ഞവരെ ആശ്വസിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി. അവരിൽത്തന്നെ അല്പനേരം ശ്രദ്ധാലുവായി. തെല്ലിട കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“സോറി. നമുക്കു സത്യാവസ്ഥ കണ്ടുപിടിക്കാം. എന്നെ വിശ്വസിക്കൂ. പിന്നെ ഈയവസ്ഥയിൽ ഇങ്ങിനെ ആവശ്യപ്പെടുന്നതിൽ ക്ഷമിക്കണം. ആ സംഭവം ഒന്നു വിശദീകരിക്കാമോ?

അവർ മെല്ലെ മുഖമുയർത്തി. വികാരവിക്ഷോഭം അടക്കാൻ അവർ പാടുപെടുന്നപോലെ തോന്നി. അവരെ നോക്കുമ്പോൾ ആ കണ്ണുകളിൽ കടലേറ്റം കാണുന്ന പ്രതീതി. തെല്ലിടനേരം കഴിഞ്ഞു ശാന്തയായി കാപ്പി കുടിച്ചു തീർത്ത് അവർ പറയാനാരംഭിച്ചു.

“മി. സാം ഈ മാസം ഒൻപതാം തീയതിയാണ് ഞാൻ എന്‍റെ ഇച്ചായനെ അവസാനമായി ജീവനോടെ കാണുന്നത്. അന്നു രാവിലെ വീട്ടിൽ ഒരു പുതിയ സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോൺട്രാക്ടറെ കാണുവാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. കുറച്ചു ദിവസങ്ങളായി അക്കാര്യം അദ്ദേഹം പറയുമായിരുന്നു. അന്നാണ് പോകാൻ തരപ്പെട്ടത്. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തി.

അന്നു സന്ധ്യക്ക് തറവാട്ടിലെ ബാൽക്കണിയിലിരുന്ന് ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു. ഇച്ചായന് സഹോദരങ്ങളൊടൊക്കെ വലിയ സ്നേഹമാണ്. ഇളയ സഹോദരൻ സണ്ണിയോടാണ് ഏറെ വാൽസല്യം. അദ്ദേഹത്തിന്‍റെ യു. കെയിലുള്ള സഹോദരി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിൽ ചെയ്യാൻ തയ്യാറെടുക്കുന്നതായി എന്നോടു പറഞ്ഞു.

അവരുടെ കുടുംബത്തിന് നാട്ടിൽ വന്നു താമസിക്കാനായി ഒരു വില്ല വിലക്കുവാങ്ങുവാൻ തീരുമാനിച്ചതായും അതൊന്ന് അന്വേഷിക്കുവാൻ ഇച്ചായന്‍റെ സഹായം തേടിയതായും പറഞ്ഞു. രണ്ടു കോടി രൂപയാണത്ര ബജറ്റ്. അന്വേഷിച്ച് വിവരങ്ങളൊക്കെ കൊടുത്തോളൂ, സാമ്പത്തിക കാര്യങ്ങളിലൊന്നും വല്ലാതെ ഇടപെടേണ്ടെ എന്ന് ഞാനൊരു അഭിപ്രായം പറഞ്ഞു.

അതു കേട്ട് ചിരിച്ചു കൊണ്ട് ഇല്ല… ഇല്ല… അതിലൊന്നും ഇടപെടാനില്ല. ടൗണിനോട് ചേർന്ന് നല്ലൊരു വില്ല പ്രൊജക്റ്റ് പോയിക്കാണണം, മികച്ചതെങ്കിൽ അവരെ അറിയിക്കണം. അതേ ഉള്ളൂ എന്നു പറഞ്ഞു.

മികച്ച ഒന്നു രണ്ടു കൺസ്ട്രക്ഷൻ കമ്പനികളുടെ പേരും അവർ നിർദേശിച്ചതായി പറഞ്ഞു. പിന്നെ സണ്ണിയുടെ അമിതമായ മദ്യപാന ശീലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ഈ മദ്യമൊക്കെ ഞാനും കഴിക്കും. അതൊക്കെ ഒരു ലിമിറ്റിൽ മാത്രമേ ഉപയോഗിക്കൂ. ഒരു ലഹരിയും നമ്മളെ കീഴ്പെടുത്താൻ അനുവദിക്കരുത്. ഏതു ലഹരിയും നമ്മുടെ നിയന്ത്രണത്തിൽ വരണം. അതു മനുഷ്യനുമേൽ ആധിപത്യം നേടുന്ന നിമിഷം അവന്‍റെ തകർച്ചയുടെ തുടക്കമാണ്. എന്നൊക്കെ പറഞ്ഞതായി നല്ല പോലെ ഓർക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ കുടുംബക്കാരുടെ കാര്യം മാത്രമേ ചർച്ച ചെയ്യാനുള്ളോ? എനിക്കും വീടും വീട്ടുകാരുമെല്ലാം ഉണ്ട് അങ്ങനെ എന്തെല്ലാമോ ഞാനും പറഞ്ഞു. ഞാനങ്ങനെ പറഞ്ഞത് അദ്ദേഹത്തെ ഒന്ന് ചൊടിപ്പിക്കാനായാണ്. എന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം നല്ല അടുപ്പവും അവരുമായി ബന്ധപ്പെട്ട എല്ലാ വിശേഷാവസരങ്ങളിലും പങ്കെടുക്കാറുമുണ്ടായിരുന്നു.

പിന്നെ ഞാൻ അടുക്കളയിൽ പോയി പനീറുകൊണ്ട് ഒരു വിഭവമുണ്ടാക്കി. ആ വിഭവം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പണ്ടുകാലത്ത് നോൺ വെജ് ധാരാളം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടദ്ദേഹം അത് തീർത്തും ഒഴിവാക്കിയിരുന്നു.

ഞാനത് പെട്ടന്ന് തയ്യാറാക്കി ബാൽക്കണിയിൽ കൊണ്ടുപോയി കൊടുത്തു. ദിവസവും ഒരു പെഗ് മദ്യം അദ്ദേഹം കഴിക്കും. ഒരു തുള്ളി പോലും കൂടുതൽ കഴിക്കില്ല. അതും മിലിട്ടറി കാന്‍റീനിൽ നിന്നും വാങ്ങുന്ന മേൽത്തരം മദ്യം മാത്രം. ഇന്നുവരെ അതിൽ കൂടുതൽ കഴിക്കുന്നത് കണ്ടിട്ടുമില്ല.

അന്ന് മദ്യം കഴിച്ച ശേഷം കുറച്ചു നേരം ബാൽക്കണിയിൽ നടന്നു. പിന്നെ ഒരിടത്തിരുന്ന് നെഞ്ചു തടവുന്നതു കണ്ടു. കൈ കഴക്കുന്ന പോലെന്നും നെഞ്ചിൽ വേദന തോന്നുന്നെന്നും പറഞ്ഞു. സാമുവൽ ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയേ ഇല്ല. എന്തൊ നല്ല സുഖം തോന്നുന്നില്ല നേരത്തെ കിടക്കാമെന്നു പറഞ്ഞ് വന്നു കിടന്നു. അപ്പോൾ നല്ല പോലെ വിയർത്തിരുന്നു. നെറ്റിയിൽ വിയർപ്പ് കിനിഞ്ഞിറങ്ങുന്നതു ഞാൻ വ്യക്തമായി കണ്ടു.

ക്ഷീണിതനെന്നു തോന്നി. ആഹാരം കഴിച്ച് കിടക്കാമെന്ന് പറഞ്ഞപ്പോൾ തീരെ വിശപ്പില്ല, നല്ലൊരുറക്കം കിട്ടിയാൽ ഈ ശാരീരിക അസ്വസ്ഥതകൾ മാറുമെന്ന് പറഞ്ഞ് കിടക്കുകയാണുണ്ടായത്. ഞാനും ഒന്നും കഴിക്കാതെ പോയിക്കിടന്നു. എന്നും രാവിലെ ഞാനല്പം വൈകി എണീക്കാറാണ് പതിവ്. ഇച്ചായൻ നേരത്തെ എണീക്കും. യോഗയൊക്കെ ചെയ്ത് ഗ്രീൻ ചായയൊക്കെ ഉണ്ടാക്കി കുടിച്ച് വ്യായാമമൊക്കെ ചെയ്ത് കുറെക്കഴിഞ്ഞേ ശേഷമേ ഞാൻ എഴുന്നേൽക്കാറുള്ളൂ.

അപ്പോഴേക്കുമേ വീട്ടിൽ നിക്കണ പെണ്ണ് വന്നു മറ്റുജോലികൾ തുടങ്ങൂ. കുക്കിംഗ് എല്ലാം ഞാനാണ് ചെയ്യാറ്. അത് മറ്റാരും ചെയ്യുന്നത് ഇച്ചായന് ഇഷ്ടമല്ല. അന്ന് രാവിലെ അതായത് പത്താം തീയതി ഒരേഴ് ഏഴര മണിക്ക് എന്തൊക്കൊയോ തട്ടി മറിയുന്ന ശബ്ദം കേട്ട് എണീറ്റു. ബെഡ്റൂമോട് ചേർന്ന് അറ്റാച്ഡ് ബാത്ത്റൂമാണ്. ബാത്ത് റൂമിന്‍റെ വാതിൽ മലർക്കെത്തുറന്ന് ഇച്ചായൻ നിലത്തു കുഴഞ്ഞു വീണു വീണുകിടക്കുന്നു.

ഷേവിംഗ് സെറ്റുകളും സോപ്പും ഡെറ്റോൾ കുപ്പിയുമെല്ലാം അവിടെ ചിതറി വീണിട്ടുണ്ട്. മുഖമാകെ ചുവന്ന് എന്തോ കണ്ട് പേടിച്ച പോലെ കോടിയിരിക്കുന്നു. എനിക്കാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ശരീരം മുഴുവൻ തരിച്ചു പോയ ഒരവസ്ഥ പെട്ടന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ഞാൻ ഒച്ചയുണ്ടാക്കി. അപ്പോഴേക്കും നിക്കണ പെണ്ണും മുകളിലേക്ക് ഓടി വന്നു. ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ താങ്ങിയെടുത്ത് ബെഡിലേക്ക് കിടത്തി.

ഉടനെത്തന്നെ കുടുംബ ഡോക്ടർ സാമുവേലിനെ വിളിച്ചു വിവരം പറഞ്ഞു. അദ്ദേഹം വീട്ടിലെത്തി പരിശോധിച്ചു . മരിച്ചിട്ട് ഒന്നര മണിക്കൂറിലേറെയായി എന്നു പറഞ്ഞു. ഹാർട്ട് അറ്റാക്കാകാനാണ് സാധ്യത എന്നും പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് നെഞ്ചു തടവിയിരുന്ന കാര്യവും ഞാൻ ഡോക്ടറോട് സൂചിപ്പിച്ചു. അപ്പോൾ തന്നെ അറിയിക്കാഞ്ഞതെന്തെന്ന് ചോദിച്ച് ഡോക്ടർ ദേഷ്യപ്പെട്ടു. അങ്ങിനെ ഇച്ചായന്‍റെ മരണം സ്വാഭാവിക മരണമായി കണക്കാക്കി പള്ളിയിലെ ഞങ്ങളുടെ കുടുംബക്കല്ലറയിൽ ശവസംസ്ക്കാരവും നടത്തി.”

മാർഗരറ്റ് തെല്ലിട നേരം ഒന്നു നിശ്വസിച്ചു.

“മരണത്തിൽ സംശയമുള്ള പക്ഷം എന്തുകൊണ്ട് പോലീസന്വോഷണം ആവശ്യപെട്ടില്ല?

ആ ചോദ്യം പ്രതീക്ഷിച്ചിരുന്നപോലെ അവർ മറുപടി പറഞ്ഞു.

“മി. സാം ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ? ഞങ്ങൾ അറിയപ്പെടുന്ന തറവാട്ടുകാരാണ്. ഇത്തരത്തിൽ ദുരൂഹവും സംശയാസ്പദമായ ഒരു സംഭവം ഞങ്ങളുടെ കുടുംബത്തിന്‍റെ ഇന്നോളമുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ല . ഇതിനു മേൽ പോലീസന്വോഷണവും മറ്റും വന്നാൽ പൊടിപ്പും തൊങ്ങലും വച്ച വാർത്തകൾ പരക്കാൻ ഇടയാകും.

ഇച്ചായന്‍റെ മരണം സ്വഭാവിക മരണം അല്ല എങ്കിൽ ആ മരണത്തിനു പിന്നിലുള്ള വസ്തുതകൾ എന്തായാലും മോശമായിരിക്കുമല്ലോ? അത്തരം കാര്യങ്ങൾ പൊതുജന സംസാരവുമൊക്കെയാവുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. പോരാത്തതിന് നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൊക്കെ വരുന്നത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്.”

“ശരി. അതും ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾ ആ വസ്തുത സത്യസന്ധമായി പറഞ്ഞു. പിന്നെ നിങ്ങൾ എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടത് ഏഴര മണിക്കാണ്. ഡോക്ടർ മരണം ഉറപ്പിച്ചതു പ്രകാരം മരണ സമയം ആറ് മണിയോടടുത്താണ്. അതിൽ…”

“മി. സാം ഞാനിക്കാര്യം ചിന്തിച്ചതാണ്. ഞാൻ എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടെഴുന്നേറ്റത് ഏഴരക്കു തന്നെയാണ്. ഞാനിക്കാര്യം നിക്കണ പെണ്ണിനോട് ആരാഞ്ഞിരുന്നു. അവൾ പറഞ്ഞത് ഏകദേശം ആ സമയത്ത് കഴുകി വച്ച പാത്രങ്ങൾ കൈ തട്ടിമറിഞ്ഞിരുന്നു എന്നാണ്.”

“അപ്പോൾ ഗ്രൗണ്ട് ഫ്ലോറിൽ നിന്നുള്ള ശബ്ദം കേട്ടാണ് നിങ്ങളുണർന്നത്.”

“അതെ. അങ്ങിനെതന്നെ എന്നാണ് തോന്നുന്നത്.”

“ശരി. നന്ദി. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുമെങ്കിൽ ഞാൻ സന്ദേശങ്ങളയക്കാം. എന്നെ വിളിച്ച നമ്പറിൽ വാട്ട്സപ് ഇല്ലേ?“

“അതെ.”

“സോറി. ഒരു കാര്യം കൂടി. രണ്ടു വർഷം മുൻപ് ഡേവീസ് മരിച്ചതായി പറഞ്ഞിരുന്നല്ലോ. അതെങ്ങിനെയായിരുന്നു?

“ഹൃദയസ്തംഭനം തന്നെ. ഒരു കല്യാണ പാർട്ടിയിൽ വച്ച് ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഞങ്ങൾ അക്കാലത്ത് ആൻഡമാനിൽ ആയിരുന്നെങ്കിലും കല്യാണ വിരുന്നിൽ പങ്കെടുക്കാനായി നാട്ടിൽ എത്തിയിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന ഡോക്ടറാണ് ഹൃദയസ്തംഭനമെന്ന് സ്ഥീരീകരിച്ചത്”

“ഡോ. സാമുവൽ ആ കല്യാണ വിരുന്നിൽ പങ്കെടുത്തിരുന്നോ? ആ ഡോക്ടർ സാമുവൽ ഡോക്ടർ തന്നെയായിരുന്നോ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു

“സാമുവൽ ഡോക്ടർ കല്യാണ വിരുന്നിൽ സംബന്ധിച്ചിരുന്നെങ്കിലും ഭക്ഷണത്തിനു മുൻപ് ഒരത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് എങ്ങോ പോയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരു ഡോക്ടറാണ് പരിശോധിച്ചത്. യു. കെ യിൽ പോയി മെഡിക്കൽ സയൻസിൽ ഉന്നതമായ ബിരുദമെടുത്ത ആളാണ് എന്നാണ് എന്‍റെ അറിവ്.

കുഴഞ്ഞു വീഴുന്നതു കണ്ട് വിരുന്നിൽ പങ്കെടുത്തിരുന്നവരെല്ലാം ഓടിക്കൂടി. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അപ്പോൾ തന്നെ കാറിൽ കയറ്റി ഇരുത്തിയതായിരുന്നു. അപ്പോഴാണ് സംശയം പ്രകടിപ്പിച്ച് ഡോക്ടർ രംഗത്തെത്തുകയും പരിശോധിക്കുകയും ചെയ്തത്. അപ്പോൾത്തന്നെ ഡേവിസ് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.”

“ശരി മകൾ അലീന ഈ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നോ?”

“അവളും കല്യാണ വിരുന്നിനു വന്നിരുന്നു”.

“അല്ല ജോൺ സാറിന്‍റെ മരണം സംഭവിച്ച ദിവസമാണ് ഉദ്ദേശിച്ചത്.”

“ഇല്ല. അവളുടെ സ്കൂളിൽ നിന്നും ടൂറിനു പോയിരുന്നു. വിവരം അറിയിച്ചപ്പോൾ അവരുടെ ടീം നെല്ലിയാമ്പതിയിലെത്തിയിരുന്നു. വിവരമറിഞ്ഞ് ഉടനെത്തന്നെ അലീന ടീച്ചറോട് പറഞ്ഞ് ടൂർ പ്രോഗ്രാം ഒഴിവാക്കി. ക്ലാസ്സ് ടീച്ചർ ഇടപെട്ട് ഒരു കാർ അറേഞ്ച് ചെയ്ത് ഉടൻ തന്നെ വീട്ടിലേക്കു തിരിക്കുകയായിരുന്നു. അവൾ വരുവാൻ വേണ്ടി ചടങ്ങുകൾ എല്ലാം നീട്ടിവച്ചു.

പാവം അപ്പൻ നഷ്ടപെട്ടത് എന്‍റെ കുട്ടിക്കിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അത്രക്കു വാത്സല്യമായിരുന്നു അപ്പന് മകളോട്. ഞങ്ങൾക്ക് അവളൊരു കുട്ടിയല്ലേ ഉള്ളു. അലീനക്ക് അപ്പനെന്നു പറഞ്ഞാ ജീവനാണ്. എന്നെക്കാൾ ഇഷ്ടവും അപ്പനോടാണെന്നു ചിലപ്പോ തോന്നാറുണ്ട്, അവളുടെ എല്ലാ കുസൃതിക്കും ഇഷ്ടങ്ങൾക്കും ഇച്ചായൻ കൂട്ടുനിൽക്കും ഇപ്പൊ പള്ളിയിൽ പോയാൽ അപ്പനെ കാണാതെ അവൾ വരില്ല. അപ്പൻ ഞങ്ങളെ വിട്ടുപോയിട്ടില്ല എന്നാണ് ഇപ്പോഴും പറയാ.

ഇന്നു രാവിലേയും ഇച്ചായന്‍റെ ഫോട്ടോ നോക്കി കണ്ണു നിറച്ചാ പോയത്. എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്നറിയില്ല. ടീച്ചറോടും അവളുടെ ഫ്രണ്ട്സിനോടൊക്കെ ഒന്നു കെയർ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ആ കുട്ടിക്ക് അപ്പന്‍റെ നഷ്ടം താങ്ങാൻ സർവ്വേശ്വരൻ കരുത്തു കൊടുക്കട്ടെ. അതല്ലേ പ്രാർത്ഥിക്കാൻ കഴിയൂ.

“അതെ കുട്ടികളെ അത് വല്ലാതെതന്നെ ബാധിക്കും. കുട്ടിക്ക് അപ്പന്‍റെ വിയോഗം തരണം ചെയ്യാൻ കഴിയട്ടെ.”

തെല്ലിട ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി. പിന്നെ മൗനമഴിഞ്ഞു.

“ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ? ഇങ്ങനെ ചോദിക്കുന്നതിൽ പ്രയാസമുണ്ടെങ്കിൽ ക്ഷമിക്കണം.

“നോക്കു എന്‍റെ സംശങ്ങൾക്ക് ഉത്തരം ലഭിക്കലാണ് എന്‍റെ ലക്ഷ്യം. ഞാൻ താങ്കളെ സമീപിച്ചതും അതിനുതന്നെ. അതിനായി എന്തു ചോദ്യവും താങ്കൾക്ക് ചോദിക്കാം.“

അല്പം ആശങ്കയോടെ ഞാൻ ചോദിച്ചു.

“ഭർത്താവിന്‍റെ മരണം സ്വാഭാവികമല്ല എന്നു തോന്നാൻ എന്താണ് കാരണം?

പൊടുന്നനെ മാർഗരറ്റിന്‍റെ കണ്ണുകൾ സജലങ്ങളായി. കൂമ്പിയ മിഴിയിൽ നിന്നും രണ്ടിറ്റു കണ്ണീരടർന്നത്തൂവാല കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് അവർ പറഞ്ഞു.

“ഇച്ചായൻ നല്ല ആരോഗ്യമുള്ള ആളായിരുന്നു. ഈ പ്രായത്തിലും തന്‍റെ ഒന്നാന്തരം ആരോഗ്യത്തിന്‍റെ രഹസ്യം പട്ടാളച്ചിട്ടയാണെന്നു പറയുമായിരുന്നു. ഓരോ കാര്യത്തിനും കൃത്യമായി സമയം അലോട്ട് ചെയ്ത് ചിട്ടയായ ജീവിതമാണ് നയിച്ചിരുന്നത്. ഒഴിവു ദിവസങ്ങളിൽ പോലും ആ ചിട്ട പുലർത്തിയിരുന്നത് കണ്ടിട്ടുണ്ട്. നേരത്തെ പറഞ്ഞില്ലേ? ചെറിയ അളവിൽ മദ്യം കഴിക്കുമെന്ന് അതല്ലാതെ യാതൊരു ദുശ്ശീലങ്ങളുമില്ലായിരുന്നു.ഡേവീസിന്‍റെ മരണം ഇച്ചായനെ വല്ലാതെ ഉലച്ചു കളഞ്ഞു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന നിർദേശം ഇച്ചായന് എവിടുന്നോ കിട്ടിയിരുന്നു. ചെറിയ അളവിൽ മദ്യപിക്കുന്നതിന്‍റെ കാരണവും അതായിരുന്നു.”

ഭർത്താവിനെ കുറിച്ചുള്ള ഓർമകളിലൂടെ മാഡം സഞ്ചരിച്ചു കൊണ്ടിരുന്നു.

“ഇച്ചായൻ മരിക്കുന്നതിനു ഒരാഴ്ച മുൻപ് ഞങ്ങൾ രണ്ടു പേരും മിലിറ്ററി ഹോസ്പിറ്റലിൽ പോയി ഫുൾ ബോഡി ചെക്കപ്പു നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം നോർമൽ ആയിരുന്നു. റിപ്പോർട്ട് പരിശോധിച്ച മിലിട്ടറി ഡോക്ടർ അഭിനന്ദിക്കുക കൂടി ചെയ്തു. ഈ പ്രായത്തിലും മുപ്പതുകാരന്‍റെ ഊർജസ്വലതയാണെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്! ഒന്നാന്തരം ആരോഗ്യത്തോടെ ഇരിക്കുന്ന ആളിങ്ങനെ പെട്ടന്ന്?

പിന്നെ സംഭവ ദിവസം എന്തോ തട്ടി മറിഞ്ഞ ഒച്ച കേട്ട് ഉറക്കമുണർന്ന ഞാൻ താഴെ അടുക്കള ഭാഗത്തുടെ ആരോ ഓടി പോകുന്ന ശബ്ദം കേട്ടു. പിന്നെ ഡേവീസ് ഹൃദയാഘാതം മൂലം മരിച്ചു കിടന്നത് ഞാൻ നേരിട്ടു കണ്ടതാണല്ലോ. ആ മരണവും ഇച്ചായന്‍റെ മരണവും തമ്മിൽ കാര്യമായ സാമ്യമുള്ള പോലെ തോന്നി. കഴുത്തിൽ ബലമായി അമർത്തിപ്പിടിച്ചപോലെ മുഖം ചുമന്നിരുന്നു. വായിൽ നിന്നും വെളുത്ത പതയും രക്തം കിനിഞ്ഞതിന്‍റെ പാടുകളും. മുഖം എവിടെയോ ശക്തിയായി ഇടിച്ച പോലെ നെറ്റിയിൽ വലിയൊരു മുഴയും കണ്ടു. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കുമോ? അറിയില്ല!

ഇച്ചായന്‍റെ മരണശേഷം ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല. നേരെ ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല ഇമയൊന്നടച്ചാൽ ആ കുഴഞ്ഞു കിടക്കുന്ന രംഗമാണ് മനസ്സിൽ. എന്തായാലും എന്‍റെ ഉൾമനസ്സ് പറയുന്നു, ഇച്ചായൻ സാധാരണ പോലെ മരിച്ചതല്ലെന്ന്! ഒരുറുമ്പിനെ പോലും നോവിക്കാത്ത, ദൈവഭയമുള്ള എന്‍റെ ഇച്ചായനെ കൊന്നിട്ട് ആർക്കെന്ത് നേടാനാണ്? എന്‍റെ ഇച്ചായനെ ഇല്ലാതാക്കിയതാരെന്ന് എനിക്കറിയണ്ടേ? നിങ്ങൾ തന്നെ പറയൂ. എനിക്കതറിഞ്ഞേ തീരൂ. ഇന്ത്യാ മഹാരാജ്യം മുഴുവൻ അലഞ്ഞ ശേഷം സമാധാനമായി ശിഷ്ടകാലം ജീവിക്കാനാഗ്രഹിച്ച് വന്നതാണ് ഞങ്ങൾ. ഇത്ര വേഗം എല്ലാം തീരുമെന്ന്… അവർ വേപഥുവോടെ പറഞ്ഞു നിർത്തി.

അറിഞ്ഞിട്ട് എന്തു ചെയ്യും എന്ന് ഞാവനരോട് ചോദിച്ചില്ല. എനിക്കതറിയേണ്ട കാര്യവുമില്ല. എന്നെ ഏൽപ്പിച്ച പണി, കൊലപാതകമെങ്കിൽ കൊലപാതകിയാരെന്ന് പറഞ്ഞു കൊടുക്കുക. അതല്ലെങ്കിൽ സ്വഭാവിക മരണമെന്ന് വിധിയെഴുതുക. അതറിഞ്ഞിട്ട് അവരുടെ തറവാടിന്‍റെ അന്തസ്സിനും ആഭിജാത്യത്തിനുസരിച്ച് എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ.

“എല്ലാം അവസാനിച്ചു എന്നൊന്നും ചിന്തിക്കരുത്. ജീവിതത്തിൽ എല്ലാവരും ഇത്തരം മനോവേദനയിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നു പോകേണ്ടവരാണ്. ഇത്തരം പരീക്ഷണഘട്ടങ്ങളെ ഉൾബലം കൊണ്ട് അതിജീവിച്ച് മുന്നോട്ടു പോകുക. അതേ മാർഗമുള്ളൂ.” ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു.

അല്പനേരം കഴിഞ്ഞ് അവരുടെ ശാന്തത കൈവന്ന മുഖഭാവം കണ്ട് ചോദിച്ചു. “ശരി. താങ്കളുടെ തൃശൂരിലെ കുടുംബ വിവരങ്ങൾ പറയാമോ?”

“പറയുന്നതിൽ വിരോധമൊന്നുമില്ല. എന്‍റപ്പനും അമ്മച്ചിയും ബാങ്ക് ജോലിക്കാരായിരുന്നു. അപ്പൻ കാത്തലിക്ക് സിറിയൻ ബാങ്കിൽ മാനേജരായി റിട്ടയർ ചെയ്തതാണ്‌. എനിക്ക് ഒരാങ്ങളയും ഒരു അനുജത്തിയും. അവർ ദൈവവിളി കേട്ട് മഠത്തിൽ ചേർന്നു. അനിയൻ ബാങ്ക് ജോലിക്കാരനാണ്. തറവാട്ടിലിപ്പൊ അനിയന്‍റെ കുടുംബവും അമ്മച്ചിയും ആണുള്ളത്.”

“ശരി.” നിങ്ങളുടെ സംശയങ്ങൾക്ക് തെളിവുകളോടെ തന്നെ പരിഹാരം കാണാൻ എന്നാലാവും വിധം ഞാൻ ശ്രമിക്കാം.”

ഞാനുടനെ അവരുടെ വിലാസവും ഇമെയിൽ അഡ്രസ്സും എഴുതി വാങ്ങി. മിസിസ് മാർഗരറ്റ് മേരി ജോൺ, w/o late. ജോൺ എലവുത്തിങ്കൽ, എലവുത്തിങ്കൽ ഹൗസ്, ബീച്ച് റോഡ്. എന്‍റെ സ്ഥാപനത്തിന്‍റെ നിബന്ധനകൾ ഇമെയിൽ ചെയ്യേണ്ടതുണ്ട്. പിന്നെ അവരുടെ വീടൊന്ന് സന്ദർശിക്കണം.

അവരെ ആശ്വസിപ്പിച്ച് യാത്രയാക്കിയ ശേഷം ഓഫീസിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കവേ ഒരു ന്യൂജനറേഷൻ ബൈക്ക് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മുന്നിലൂടെ പാഞ്ഞ് കടന്നു പോയി. അതെക്കുറിച്ച് ഏറെ ചിന്തിക്കാൻ നിൽക്കാതെ ഓഫീസിലെത്തി.

കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പായുന്ന ചിന്തകളുമായി ഇരിക്കുമ്പോൾ, ഞാൻ ഓഫീസെത്താൻ കാത്തു നിന്നാലെന്ന പോലെ വെളുത്തമഴ കനത്തു പിടിച്ചു. അത്ര നേരം ഉള്ളിലൊതുക്കിയ വ്യഥ പെയ്തു തീർത്ത് മഴമേഘങ്ങൾ ആശ്വാസം നേടിയ പോലെ തോന്നി.

Novel: സമുദ്രമുഖം ഭാഗം- 2

ആ വേർപിരിയലിന്‍റെ വിഷാദത്തിൽ നോവു തിടം വച്ച ഓർമ്മകളുടെ കുത്തൊഴുക്കിൽ രണ്ടു ദിവസം അങ്ങുപൊയ്പോയി. താത്ക്കാലികമായ നഷ്ടപ്പെടലുകൾ ജീവിതത്തിന്‍റെ ഭാഗമാണ്. അതിനോട് സമരസപ്പെടുകയേ മാർഗ്ഗമുള്ളൂ. എന്നിരുന്നാലും അത് ശാശ്വതമല്ല. എന്‍റെ ആഗ്രഹങ്ങൾ ഒരു നാൾ പൂവണിയും എന്ന വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്‍റെ അടിത്തറ എപ്പൊഴോ ട്രീസയുരുവിട്ട വാക്കുകൾ തന്നെയാണ്. ആ വാക്കുകളെ ഞാനേറെ വിശ്വസിക്കുന്നു. വിലമതിക്കുന്നു.

ജീവിതം അനസ്യൂതമായ ഒരുപ്രവാഹമാണ്. കല്ലിലും മുള്ളിലും തട്ടിയൊഴുകുന്ന തെളിനീരുറവ പോലെ. കടലിൽ ചെന്നു വിലയിച്ചുചേരും വരെ നീരൊഴുക്കിന് മുന്നോട്ടു പോയേ ഒക്കൂ. അതിനാൽ മുന്നോട്ടുള്ള യാത്രക്കായി തികച്ചും പ്രായോഗികമായിത്തന്നെ തീരുമാനമെടുത്തു. ജീവിതം പുഴ പോലെ ചലനാത്മകമായാലേ, പ്രവർത്തനനിരതമായാലേ വേർപിരിയലിന്‍റെ വ്യഥ മനസിനെ അലട്ടാതിരിക്കു.

ഉത്സാഹം വീണ്ടെടുത്ത് അതിനടുത്ത ദിവസം തന്നെ പഴയ സ്നാക്സ് ഷോപ്പിലെത്തി. അവിടുത്തെ പുരാതന അവശേഷിപ്പുകൾ എടുത്തു മാറ്റി. തുടർന്ന് താഴത്തെ വർക്‌ഷോപ്പി ലെ പണിക്കാരനും പരിചയക്കാരനുമായ ബംഗാളി, അധികാരിയെ വിളിപ്പിച്ച് ഓഫീസ് മുഴുവൻ വൃത്തിയാക്കി. ആ വൃത്തിയാക്കലിനിടയിൽ ലഭിച്ച വിസ്മയിപ്പിച്ച ചില പഴയ വസ്തുക്കൾ എല്ലാം തുടച്ച് കണ്ണാടി അലമാരയിലേക്കു മാറ്റി.

അവിടെ ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന പുസ്തകകൂനക്കുള്ളിൽ നിന്നും ലഭിച്ച ഒരു പുരാതനമായ കൊച്ചു ടൈപ്പ്റൈറ്റർ. അതിൽ രേഖപ്പെടുത്തിയ വർഷം കണ്ടപ്പോൾ വിസ്മയിച്ചു പോയി. 1924! ചില്ലറ അറ്റകുറ്റപ്പണികൾ ആ മെഷീനിൽ നടത്തി പ്രവർത്തനക്ഷമമാക്കി. തലമുറകൾ കൈമാറി ആരുടെയൊക്കേയോ ജീവിതത്തെ മാറ്റിമറിച്ച അക്ഷരങ്ങളുടെ പദതാളം ശ്രവിച്ച ടൈപ്പ്റൈറ്റർ ഒന്നാന്തരമായി പ്രവർത്തിക്കുന്നുണ്ട്. പഴയ നിർമിതിയുടെ മികവ്! കറന്‍റില്ലാത്തപ്പോൾ അത്യാവശ്യം ഉപയോഗിക്കാം.

അങ്ങനെ ഓഫീസിനു വേണ്ട അത്യവശ്യം സാമഗ്രികളെല്ലാം സജ്ജീകരിച്ചു. വീട്ടിൽ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും അവിടെ കൊണ്ടു വച്ചു. പൊതുവെ എല്ലാം സമാധാന പൂർണ്ണമായിരുന്നു.

അടുത്തൊന്നും ബേക്കു ചെയ്യുന്ന സ്ഥാപനങ്ങൾ ഇല്ല എന്നറിയാം എന്നിട്ടും ചിലപ്പോഴൊക്കെ ത്രിസന്ധ്യ നേരമാകുമ്പോൾ പതുപതുത്ത കേക്കിന്‍റെ സ്വാദിഷ്ഠമായ ഗന്ധം അവിടെങ്ങും പ്രസരിക്കുമായിരുന്നു. സ്കൂൾപഠന കാലത്ത് ഇവിടെ വരുമ്പോൾ ആസ്വദിച്ചിരുന്ന അതേ ഗന്ധം. ആ ഗന്ധത്തിന്‍റെ പ്രഭവസ്ഥലം പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കേക്കു ബേക്കു ചെയ്യുന്ന സ്ഥലങ്ങളൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതൊരു പ്രഹേളികയായിത്തന്നെ തുടരുന്നു.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കുറെ അലയേണ്ടി വന്നു. അല്പം കഷ്ടപെട്ടിട്ടാണെങ്കിലും അങ്ങിനെ ഒരു മേൽവിലാസമായി. അലെർട് ഡിറ്റക്റ്റീവ്ഏജൻസി.

നമ്മുടെ സേവനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ പരസ്യം ചെയ്തു. എനിക്ക് നിരാശ നൽകി അതു യാതൊരു ഗുണവും ചെയ്തില്ല. വൻ ഗ്രൂപ്പുകളിലെ ഒരാൾ പോലും എന്നെ ഒരാവശ്യവുമായി ബന്ധപ്പെട്ടില്ല. പ്രതീക്ഷ കൈവിടാതെ മുൻനിര പത്രത്തിലെ ചരമ കോളങ്ങൾക്കു താഴെ ഒരു ചെറിയ പരസ്യം നല്കി.

പരസ്യം നല്കിയ ദിവസം ഉച്ചയോടെ ഒരു പെൺകുട്ടി വിളിച്ചു. അവളുടെ ആവശ്യമെന്തെന്നാൽ അവളുടെ കാമുകനെക്കുറിച്ചുള്ള ചില വിവരങ്ങൾ കണ്ടുപിടിച്ചു കൊടുക്കാൻ കഴിയുമോ എന്നതായിരുന്നു. ചെറിയ ഒരു നിരാശ തോന്നിയെങ്കിലും ആദ്യമായി വന്ന ടാസ്ക് ആയതിനാൽ ഏറ്റെടുത്തു.

ഗബ്രിയുടെ അപ്പൻ വല്ലപ്പോഴും കേക്കിന്‍റെ വലിയ ഓർഡറുകൾ എടുക്കുമായിരുന്നു. കേക്കു എത്തിച്ചു നല്കാനായി ഒരു വാഹനവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഗബ്രി എന്നെ ഏൽപ്പിച്ചു പോയ ആ വാഹനത്തിൽ ഒരാഴ്ച കറങ്ങി. അത്യാവശ്യം സുഹൃദ്ബന്ധങ്ങൾ ഉപയോഗിച്ചു. കാമുകനെക്കുറിച്ച് പെൺകുട്ടി അറിയാനാഗ്രഹിച്ച എല്ലാ വിവരങ്ങളും പലരിൽ നിന്നും ശേഖരിച്ച് അവൾക്കു നല്കി. തീർത്തും സത്യസന്ധമായിത്തന്നെ. ആ വിവരങ്ങൾക്കനുസരിച്ച് കുട്ടി വേണ്ടതു ചെയ്തു.

ഏതായാലും ആ കുട്ടിയെ ഒരു വലിയ ആപത്തിൽനിന്നും രക്ഷപ്പെടുത്താനായതിൽ മനസ്സിനു വളരെ ചാരിതാർത്ഥ്യം തോന്നി. ആദ്യ ടാസ്ക്ക് നല്കിയ ആത്മവിശ്വാസം പതുക്കെ ആറിത്തണുക്കാൻ തുടങ്ങി. രണ്ടു മൂന്നാഴ്ചയായി ആരും തന്നെ വിളിക്കുന്നില്ല. ബീച്ച് റോഡിൽ കടലിനഭിമുഖമായി കിടക്കുന്ന പൂക്കളുടെ മാതൃകകൾ ആലേഖനം ചെയ്ത ഇരുമ്പു കസേരയിലിരുന്ന് കപ്പലണ്ടി കൊറിച്ചും, ഡച്ച് പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്‍റിലിരുന്നും കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന പുസ്തകങ്ങൾ വായിച്ചും സമയം പോക്കേണ്ട അവസ്ഥയായി. അങ്ങനെയിരിക്കെയാണ് ഒരു ഫോൺ കോൾ.

ട്രൂ കാളറിലൂടെ ആരുടെതെന്ന് മനസ്സിലായി. ഒരു മാർഗരറ്റ് മേരി ജോൺ. അവർക്ക് എന്നെ നേരിട്ട് കണ്ടു സംസാരിക്കുവാൻ ആഗ്രഹമുണ്ടെത്ര. തെല്ലിട പരിഭ്രമിച്ചെങ്കിലും കുലീനതയും അന്തസ്സും അവരുടെ സംസാരത്തിൽ നിന്നും വ്യക്തമായതിനാൽ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഏതായാലും മുഖാമുഖത്തിന് ഓഫീസ് അന്തരീക്ഷം ഞാൻ ആഗ്രഹിച്ചില്ല. ഓഫീസിന് എതിർ വശത്തുള്ള ഡച്ച് പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന എസി റസ്റ്റോറന്‍റ് ശാന്തമായി സംസാരിക്കാൻ പറ്റിയ നല്ലൊരിടമാണെന്നു തോന്നി. വലിയ ആൾത്തിരക്കില്ലാത്ത സ്വസ്ഥമായ സ്ഥലം.

സ്ഥലവും തീയതിയും പറഞ്ഞുറപ്പിക്കുമ്പോൾ ഈ സ്ഥാപനത്തെപ്പറ്റി എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് ചോദിച്ചു. ഒരു വേണ്ടപ്പെട്ട സുഹൃത്തു പറഞ്ഞു, ഒപ്പം പത്രത്തിൽ പരസ്യവും കണ്ടെന്ന് അവർ മറുപടി പറഞ്ഞു ഫോൺ കട്ടു ചെയ്തു.

ആകാംക്ഷയായും ആശങ്കയും മൂടിനിന്ന ഒരു ദിവസത്തിനു ശേഷം, മാർഗരറ്റ് മേരി ജോണുമൊത്തുള്ള കൂടിക്കാഴ്ച പറഞ്ഞുറപ്പിച്ച ആ ദിവസം. അന്നു രാവിലെ മുതൽ ഇരുണ്ടു തൂങ്ങിയ ഒരന്തരീക്ഷം. മാനത്ത് നിറയെ പെയ്തുതോരാൻ വെമ്പിനിൽക്കുന്ന ഇരുണ്ട മഴമേഘങ്ങൾ. ഓഫീസിനു മുന്നിലെ ബാൽക്കണിയിൽ നിന്നു നോക്കിയപ്പോൾ തെരുവിലും വലിയ ആൾത്തിരക്കില്ല. പൊടുന്നനെ പൊടിഞ്ഞ ചില്ലു പോലെ നേർത്ത മഴ പെയ്തു തുടങ്ങി. അതുകൊണ്ടുതന്നെ കനത്ത മഴ പ്രതീക്ഷിച്ചു പറഞ്ഞതിലും നേരത്തെ ഞാൻ ഡച്ച് റസ്റ്റോറന്‍റിലെത്തി. ആവിയിൽ വേവിച്ച ഒരു ചൂട് പ്ലേറ്റ് മൊമോസിനും ചുവന്ന ഗ്രേവിക്കുമൊപ്പം ഇരിപ്പുറപ്പിച്ചു.

സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി. ഒരു പ്ലേറ്റ് കഴിച്ചു തീർത്ത് അടുത്ത പ്ലേറ്റ് മോമോസ് കൂടെ അല്പാല്പമായി എടുത്തു പതുക്കെ കഴിച്ചു തീരാറായപ്പോഴാണ് അവരുടെ സന്ദേശമെത്തിയത്. ഞാനിരിക്കുന്നിടത്തെ വിശദാംശങ്ങൾ മെസേജയച്ച് ഒരഞ്ചു മിനിറ്റിനകം അവരെത്തി.

മാർഗരറ്റ് മേരീ ജോൺ!

Novel: സമുദ്രമുഖം ആരംഭിക്കുന്നു

നഗര ഹൃദയത്തിൽ നിന്നും ആറു കിലോമീറ്ററോളം ഉള്ളിലോട്ടു മാറിയുള്ള ചെറു ടൗണിലാണ് എന്‍റെ ഓഫീസ്. ആ ടൗണിനുള്ളിൽ പൂമരങ്ങളും പേരറിയാത്ത മരങ്ങളും നിരനിരയായി തണൽ പടർത്തി നിൽക്കുന്ന നീണ്ട വഴിയോരങ്ങളുണ്ട്. വൃത്തിയും ഭംഗിയുമുള്ള വഴിത്താരകൾ ഗതകാല പ്രൗഢി വിട്ടൊഴിയാൻ കൂട്ടാക്കാതെ ഇപ്പോഴും നിലനിൽക്കുന്നു. ഈയൊരു പ്രദേശത്ത് ഓടകളും അഴുക്കുചാലുകളും ഇല്ലാത്തത് ചെറുപ്പത്തിൽത്തന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. പഴയ കാലത്തെ ഏതൊ ഒരു ആസൂത്രകനിൽ ദൈവം, ഇപ്രദേശമെത്തിയപ്പോൾ ഒരു കൈയൊപ്പ് ചാർത്തിക്കാണണം.

ടൗണിലെ നാൽക്കവലയിൽ നിന്നും വലത്തോട്ടു പോകുന്ന വഴിത്താരയിൽ ആദ്യം തന്നെ കണ്ണിലുടക്കുന്ന ഒരു പാട് വർഷത്തെ പഴമയുടെ മുഖപടമണിഞ്ഞു നിൽക്കുന്ന രണ്ടുനില കെട്ടിടമുണ്ട്. ആ കെട്ടിടത്തിലെ മുകൾ നിലയിൽ ഇടതും വലതുമായി രണ്ടു വിശാലമായ മുറികൾ. അവക്കു മുന്നിൽ മരം പാകിയ നീണ്ട വരാന്ത. എപ്പോഴും അടച്ചിട്ടു കാണാറുള്ള ഒന്നിന്‍റെ അവകാശി ആരെന്ന് വ്യക്തമല്ല. അതിനപ്പുറത്തുള്ളതാണ് എന്‍റെ ഓഫീസ് മുറി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനിവിടെ ഒരു പാട് തവണ വന്നിട്ടുണ്ട്. അന്ന് കരുതിയിരുന്നില്ല, ഒരു കാലത്ത് ഇവിടം എന്‍റെ സ്ഥിരം താവളമാകുമെന്ന്.

അന്നീ സ്ഥലം സ്നാക്സും കേക്കും മസാല ചായയുമെല്ലാം ഒക്കെ ലഭിക്കുന്ന ചെറു ഭക്ഷണശാലയായിരുന്നു. രണ്ടു കസേരയും ഒരു ചെറുമേശയുമായി സ്ഥലം നാലുഭാഗമായി വിഭജിച്ചിരുന്നതായാണ് ഓർമ്മ. എപ്പോൾ ചെന്നാലും കേക്കിന്‍റെ ഹൃദ്യമായ ഗന്ധം അവിടെ നിന്നും പരന്നൊഴുകും. നാക്കിൽ വച്ചാലലിയുന്ന അത്രയും മാർദവമേറിയ സമചതുരാകൃതിയിൽ മുറിച്ച് അടുക്കി വച്ച കേക്കിൻ കഷണങ്ങൾ എന്‍റെ സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത ഒരു രുചിയോർമ്മയാണ്. എന്‍റെ അടുത്ത സുഹൃത്തായിരുന്ന ഗബ്രി എന്ന ഗബ്രിയേലിന്‍റെ അപ്പനായിരുന്നു അന്നതു നടത്തിയിരുന്നത്. വല്ലപ്പോഴും അല്പം പണം ലഭിച്ചാൽ അവിടെ പോയി നാക്കിൽ വച്ചാലലിയുന്ന പതുപതുത്ത കേക്കും വിശേഷപ്പെട്ട സുഗന്ധദ്രവ്യങ്ങൾ ഇട്ട് തിളപ്പിച്ച ചായയും കഴിക്കുവാൻ എനിക്ക് വലിയ കൊതിയുമായിരുന്നു.

ഞാൻ ഗബ്രിയുടെ കൂട്ടുകാരനെന്ന് അറിയാവുന്ന അവന്‍റെ അപ്പൻ അത്യാവശ്യം സൗജന്യങ്ങളൊക്കെ തനിക്ക് അനുവദിച്ചു തന്നിരുന്നു. വെളുത്ത താടിയും ബ്രൗൺ നിറമുള്ള കോട്ടുമിട്ട് മങ്കി തൊപ്പിയും ധരിച്ച് സൗമ്യമായിസംസാരിക്കുന്ന അദ്ദേഹത്തിന്‍റെ മുഖവും ശരീരഭാഷയും ഇന്നും എന്‍റെ ഓർമ്മകളിലുണ്ട്. ഓർക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അദ്ദേഹം സ്ഥിരം ഇരിക്കാറുള്ള വിചിത്ര ചിത്രപ്പണികളുള്ള ഒരു ഇരുമ്പുകസേരയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്. ഒരു പത്തറുപതു വർഷമെങ്കിലും പഴക്കം കാണുമതിന്. ഇന്നും തുരുമ്പിന്‍റെ അംശം പോലും അതിൽ കാണാൻ കഴിയുകയില്ല.

ഒരുനാൾ ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്ന അപ്പനെ തിരക്കി സ്നാക്ക്സ്ഷോപ്പിലെത്തിയ ഗബ്രി കണ്ടത് ഇരുമ്പു കസേരയിൽ കെട്ടുപാടുകളില്ലാതെ സർവ്വത്തിൽ നിന്നും മോചിതനായി ശാന്തനായി ഇരിക്കുന്ന അപ്പനെയായിരുന്നു. പുതുതായി ബേക്ക് ചെയ്ത കേക്ക് പുകുത്ത കഷണങ്ങൾ അപ്പോഴും ചില്ലുകൂട്ടിൽ ചൂടാറാതെ ഇരിപ്പുണ്ടായിരുന്നു.

പെട്ടന്നുണ്ടായ ആ സംഭവം ആ കുടുംബത്തെ ഉലച്ചുകളഞ്ഞു. അപ്പന്‍റെ മരണശേഷം അല്പകാലം കഴിഞ്ഞ് ഗബ്രിയും കുടുംബവും മാതൃരാജ്യത്തിലേക്ക് തിരിച്ചു പോയി. ബാല്യകാലത്തെ ഓർമ്മകൾ പൂവിട്ടുനിൽക്കുന്ന ഇവിടം വിട്ടു പോകാൻ അവന് അശേഷം താത്പര്യമുണ്ടായിരുന്നില്ല. അവന്‍റെ അമ്മക്കായിരുന്നു അക്കാര്യത്തിൽ കടുത്ത നിർബന്ധം. ജനിച്ച നാട്ടിൽ തന്നെ മരിക്കണം എന്നതായിരുന്നു അവരുടെ ജീവിതാഭിലാഷം.

അവിടെത്തന്നെയുള്ള ഒരു പെർഫൂം കമ്പനിയിൽ ഒരു കെമിസ്റ്റിന്‍റെ ജോലിയും അവർ മകനായിഎങ്ങിനെയോ കരുതിവച്ചിരുന്നു. ഏതായാലും അവന്‍റെ അവിചാരിതമായ വിടവാങ്ങൽ എന്നെ തെല്ലു തളർത്തിക്കളഞ്ഞു. കാരണം കേവലം സൗഹൃദം എന്നതിനേക്കാളുപരി മാനസികമായി ഞങ്ങൾ ഇരുവരും നല്ല സ്വരചേർച്ചയിലായിരുന്നു. അത്തരം കൂട്ടുകെട്ടുകളുടെ ആഴവും പരപ്പും അനന്യമാണ്‌.

ഒന്നിച്ചുള്ള പഠന ശേഷം ഞങ്ങൾ രണ്ടു പേരും ചേർന്ന് പല ബിസിനസ്സ് പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. അതിലൊരു പദ്ധതിയുടെ ഭാഗമായാണ് ഞാനിവിടെ ഇരിക്കുന്നതു തന്നെ. എന്നാൽ ഇന്ന് എന്നോടൊപ്പം ഗബ്രിയില്ല. പഠനശേഷം ഇരുവർക്കും അതീവ താത്പര്യമുള്ള മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്നായിരുന്നു ഞങ്ങളുടെ പദ്ധതി.

ഒരു നാൾ വറുത്ത കപ്പലണ്ടി ചവച്ചു കൊണ്ട്, ഉപ്പു ചുവയുള്ള കടൽക്കാറ്റേറ്റ് ബീച്ച് റോഡിലൂടെ നടക്കവേ ഇക്കാര്യങ്ങൾ ചർച്ചയിൽ വന്നു. എനിക്കും അവനും ഇഷ്ടമുള്ള പരിപാടികളിൽ ഒന്ന് സിനിമ കാണലും പിന്നെ പുസ്തകം വായനയുമായിരുന്നു. സിനിമയായാലും പുസ്തകമായാലും കുറ്റാന്വേഷണ സ്വഭാവമുള്ളതാകണം എന്നതു മാത്രമായിരുന്നു ഞങ്ങളുടെ നിബന്ധന. അത്തരം സിനിമകളാണ് എല്ലായ്പ്പോഴും ഞങ്ങൾ ഒരുമിച്ച് പോയി കണ്ടിട്ടുള്ളതും. അത് ഏത് ഭാഷയാണെങ്കിൽ പോലും.

ആ വിഷയത്തിൽ ഭാഷ ഒരു പരിമിതിയായി തോന്നിയിരുന്നില്ല. അത്തരം സിനിമ കാണുമ്പോൾ ഇടവേളയാകുമ്പോഴേക്കും കുറ്റകൃത്യം ചെയ്തതാരെന്ന് ഞങ്ങൾക്കിടയിൽ ഒരു പൊതു കാഴ്ചപ്പാട് രൂപപ്പെടും. സിനിമാന്ത്യത്തിൽ, പുകമറക്കകത്തുള്ള വസ്തുതകൾ ഒന്നൊന്നായി വെളിപ്പെട്ട് വരുമ്പോൾ ഞങ്ങളുടെ നിഗമനം പൂർണ്ണമായും അതിനോടു ചേർന്നു വരാറുണ്ട്. മിക്കവാറും കുറ്റകൃത്യം ചെയ്ത ആൾ ഞങ്ങൾ ഊഹിച്ച വ്യക്തി തന്നെയായിരിക്കും. അതുഒരിക്കലും തെറ്റാറുമില്ല.

ആ ഒരു സിദ്ധി ഒരു തൊഴിലാക്കിയാലോ എന്ന ആലോചനക്കൊടുവിലാണ് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി താത്കാലികാടിസ്ഥാനത്തിൽ തുടങ്ങുന്നതിലേക്കു ഞങ്ങളെ എത്തിച്ചത്. പച്ച പിടിക്കുമെങ്കിൽ തുടർന്നു കൊണ്ടു പോകുകയും ചെയ്യാം. മാത്രമല്ല അതിന്‍റെ സന്തോഷം എന്നുള്ളത്, ഒരു മേലധികാരി ഇല്ലാതെ നമ്മുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യാം എന്നതായിരുന്നു.

ഓഫീസ് സ്ഥലത്തിന് പ്രശ്നമില്ല. അതു നമ്മുടെ കൈവശം തന്നെയുണ്ട്. ഗബ്രിയുടെ അപ്പൻ സ്നാക്സ് ഷോപ്പ് നടത്തിയിരുന്ന സ്ഥലം ഇപ്പോൾ ഉപയോഗത്തിലില്ലാതെ കിടക്കുന്നു. അതു തീർത്തും അനുയോജ്യവുമായി തോന്നി. എന്നാലവന്‍റെ അമ്മ ഞങ്ങളുടെ കൂട്ടായ തീരുമാനത്തിന് തടസ്സമായി നിന്നു.

അവന്‍റെ സഹോദരിക്കും ഇവിടുത്തെ ജീവിതം തന്നെയായിരുന്നു ഇഷ്ടം. അവളുടെ ബാല്യകൗമാരങ്ങളിലെ ഓർമ്മകൾ പടർന്നു പന്തലിച്ച സ്ഥലരാശികൾ ഏറെയും ഇവിടെയാണ്. അവളോടൊത്തുള്ള സംസാരങ്ങളിൽ അവളുടെ നാട് ഇതു തന്നെയാണെന്ന് തോന്നാറുണ്ട്. എന്നാൽ അവളുടെ അമ്മയുടെ പിടിവാശി നിമിത്തം ഗബ്രിക്കും അവന്‍റെ സഹോദരിക്കും അമ്മയെ അനുസരിക്കാതെ നിവൃത്തിയില്ലെന്നായി. അവർ പല വിധ തടസ്സവാദങ്ങൾ ഉന്നയിച്ചെങ്കിലും അതെല്ലാം വൃഥാവിലായി.

ഒടുവിൽ അപ്പൻ നടത്തിയിരുന്ന സ്നാക്സ് ഷോപ്പ് എന്നെയേൽപ്പിച്ച് അവനും കുടുംബവും മാതൃരാജ്യത്തേക്കു പോകാൻ തീരുമാനിച്ചു. അമ്മയുടെ ആവശ്യപ്രകാരം ഒരു തുക കൈമാറി. പിന്നെ പ്രതിമാസം ഒരു ചെറിയ സംഖ്യ വാടകയിനത്തിൽ നല്കാനുള്ള സമ്മതപത്രവും ഒപ്പിട്ട് നല്കി. ഏതെങ്കിലും കാരണവശാൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുമെങ്കിൽ ആ തുക അവർ തിരിച്ചു നല്കും. അതായിരുന്നു കരാർ. അങ്ങിനെ ഗബ്രിയേയും കുടുംബത്തെയും സന്തോഷപൂർവ്വം അവരുടെ മാതൃരാജ്യത്തേക്ക് യാത്രയാക്കി. എന്നാൽ ആ സന്തോഷഭാവം മുഖത്തെ ഉണ്ടായിരുന്നുള്ളു.

അവരുടെ യാത്ര തന്‍റെ ഹൃദയവും പറിച്ചെടുത്തു കൊണ്ടായിരുന്നു. അതിന്‍റെ കാരണം മറ്റൊന്നല്ല. പൂച്ചക്കണ്ണുള്ള, നറുനിലാവ് പോലെ വെളുത്ത് സുന്ദരിയായ ട്രീസാ. ഗബ്രിയുടെ ഒരേഒരു സഹോദരി. ഇന്നുവരെ പരസ്പരം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അവൾക്കുമറിയാം എനിക്കുമറിയാം, പറയാതെ പറഞ്ഞിട്ടുള്ള പ്രണയത്തിന്‍റെ കടലാഴം. എയർപോർട്ടിൽ വച്ച് യാത്ര പറയുമ്പോൾ അവൾ ആരും കാണാതെ നിറഞ്ഞ കണ്ണിമ തുടക്കുന്നതു കണ്ടു.

ജീവിതാസക്തി

കുളിക്കുമ്പോൾ ആണ് അക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇടത്തെ നെഞ്ചിൽ തെന്നിനീങ്ങുന്ന ഒരു ഒരു മുഴ! ബാത്റൂമിലെ കണ്ണാടിയിൽ നോക്കി മേഘ ആ മുഴ ഒന്നുകൂടി പരിശോധിച്ചു. വേദനയോടെ തെന്നി കളിക്കുന്ന മുഴ പുറമേ നിന്നും കാണാവുന്ന അവസ്ഥയിലാണ്. ക്യാൻസർ….? പെട്ടെന്ന് കാലിനടിയിൽ നിന്ന് ഒരു വിറയൽ പാഞ്ഞു കയറി. അത് തലച്ചോറിനകത്തുകൂടി നെഞ്ചിൽ തിരികെയെത്തിയ പോലെ.

മരണം തൊട്ടുമുന്നിൽ കണ്ട രോഗിയെ പോലെ അവൾ കിതച്ചു. മനസ്സിലേക്ക് ശ്രേയയുടെയും ശിവിന്‍റെയും പുഞ്ചിരിക്കുന്ന മുഖം കടന്നുവന്നത് അവൾ പോലുമറിയാതെ ആണ്. എന്‍റെ മക്കൾ… അവർ അനാഥരാകുമോ? അടച്ചിട്ട ബാത്റൂമിനുള്ളിൽ ശ്വാസം മുട്ടുന്നതുപോലെ മേഘയ്ക്കു തോന്നി.

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഭയങ്കര ക്ഷീണം അനുഭവപ്പെട്ടിരുന്നു. രാകേഷിനോട് പറഞ്ഞപ്പോൾ ലീവ് എടുക്കാൻ നിർബന്ധിച്ചു. കഴിഞ്ഞ എത്രയോ വർഷങ്ങളായി രാപകലില്ലാതെ ജോലി ചെയ്യുന്നു. തളർച്ചയും പ്രയാസങ്ങളും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.

രാകേഷ് ഉടൻ വന്നെങ്കിലെന്ന് മേഘ ആശിച്ചു പോയി. വിളിക്കാൻ ഫോൺ എടുത്തതാണ്. പിന്നെ അത് വേണ്ടെന്ന് വെച്ചു. രാകേഷിന് ഇന്ന് ഓഫീസിൽ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതു കഴിയാതെ എന്തായാലും ഇറങ്ങാൻ പറ്റില്ല.

ക്യാൻസറിനെ കുറിച്ചുള്ള ചിന്ത മനസ്സിനെ കാർന്നു തുടങ്ങിയപ്പോൾ മേഘ മുറ്റത്തേക്കിറങ്ങി. പക്ഷേ, പുറത്തെ കാഴ്ചകളിലും മനമുറച്ചില്ല. എവിടെ നോക്കിയാലും ശ്രേയയുടെയും ശിവിന്‍റെയും മുഖമാണ് തെളിയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങൾ എന്തു ചെയ്യും? വിഭ്രമ ചിന്തകളിൽ മരണം കാത്ത ഒരു രോഗിയുടെ മുഖം അവൾ സ്വയം ഏറ്റുവാങ്ങി.

വൈകീട്ട് രാകേഷ് വന്നപ്പോൾ വാടിത്തളർന്ന മുഖത്തെ ആശങ്ക ഒളിപ്പിക്കാൻ മേഘയ്ക്ക് കഴിഞ്ഞില്ല.

നിനക്ക് അസുഖം വല്ലതും?

ഏയ്, ഒന്നുമില്ല.

പക്ഷേ, നിന്‍റെ മുഖം പറയുന്നത് അതല്ലല്ലോ?

രാകേഷ് എന്‍റെ ബ്രസ്റ്റിൽ ഒരു മുഴ വളരുന്നു. ക്യാൻസർ ആകുമോ? അവൾ ആകുലതയോടെ പറഞ്ഞു.

വേണ്ടാത്തതൊന്നും നാവിൽ വരല്ലേ മേഘാ.

പക്ഷേ, ലക്ഷണങ്ങൾ കണ്ടിട്ട് എനിക്ക് സംശയം കൂടി രാകേഷ്.

എന്തിനാ ടെൻഷൻ? നമുക്ക് ഡോക്ടറെ കാണാം. രാകേഷ് പറഞ്ഞപ്പോൾ മേഘയ്ക്ക് ആശ്വാസം തോന്നി.

രാത്രി 8 മണിയായി കാണും ഡോക്ടർ നിർമ്മലയുടെ നഴ്സിംഗ് ഹോമിൽ ചെല്ലുമ്പോൾ. അവർ സ്നേഹപൂർവ്വം രോഗവിവരം തിരക്കിയപ്പോൾ മേഘ എല്ലാം തുറന്നു പറഞ്ഞു.

ഇതിന് പേടിക്കുന്നതെന്തിന്? നമുക്ക് ഇപ്പോൾ തന്നെ ടെസ്റ്റ് ചെയ്യാം. റിപ്പോർട്ട് നാളെ എത്തും.

ആശുപത്രിയിൽ നിന്ന് മടങ്ങിയശേഷം മേഘ ഉദാസീനയായി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. കുഞ്ഞുങ്ങളെ കുറച്ച് ഓർക്കുമ്പോഴാണ് അസ്വസ്ഥത ഏറുന്നത്. ശ്രേയയും ശിവും ഒന്നുമറിയാതെ കളിച്ചു ചിരിച്ചു നടക്കുന്നു. ആ പുഞ്ചിരി മായാതെ നോക്കാൻ തനിക്ക് കഴിയുമോ?

അവരുടെ കളിചിരികളാൽ ഈ ലോകം എത്ര സുന്ദരമാണ്. അത് ഉപേക്ഷിച്ച് വേദനയുടെ കയങ്ങളിലേക്ക് വിധി തന്നെ വലിച്ചിടുമോ?

രാത്രി ഉറക്കം അകന്നു നിന്നു. രാകേഷിന്‍റെ ആശ്വാസ വാക്കുകളിൽ വിളറിയ ചിരി സമ്മാനിച്ച് അവൾ കണ്മിഴിച്ചു കിടന്നു.

പിറ്റേന്ന് റിപ്പോർട്ട് വാങ്ങാൻ രാകേഷാണ് ആശുപത്രിയിൽ പോയത്. ഡോക്ടർ റിപ്പോർട്ട് പരിശോധിക്കുമ്പോൾ രാകേഷ് പ്രാർത്ഥിക്കുകയായിരുന്നു. ഒരു കുഴപ്പവും ഉണ്ടാകല്ലേയെന്ന്.

രാകേഷ് ഭയക്കാൻ ഒന്നുമില്ല. സ്താനാർബുദത്തിന്‍റെ ആരംഭമാണ്. മരുന്ന് കഴിച്ചാൽ മതി.

മേഘ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നു. നാവിൽ വെള്ളം വറ്റി. പ്രയാസപ്പെട്ട ചുണ്ട് നനച്ച് ഒരു മറുപടി പറയാനാകാതെ അയാൾ വിളറി. അത് കണ്ടു ഡോക്ടർ നിർമ്മല ആശ്വസിപ്പിച്ചു.

നെർവസ് ആകേണ്ട കാര്യമില്ല. ഇതൊക്കെ സാധാരണമല്ലേ.

പക്ഷേ ഡോക്ടർ മേഘയോട് ഞാനിതെങ്ങനെ പറയും? എനിക്ക്…

ശരി, എങ്കിൽ ഞാൻ തന്നെ പറയാം. മേഘയോട് ഇങ്ങോട്ട് വരാൻ പറയട്ടെ. ഡോക്ടർ നിർമ്മല മേഘയെ ഫോണിൽ വിളിച്ചു.

മേഘ, നഴ്സിംഗ് ഹോം വരെ ഒന്നു വരൂ. റിപ്പോർട്ട് വന്നിട്ടുണ്ട്.

രാകേഷ് വന്നില്ലേ ഡോക്ടർ?

ഹാ! രാജേഷ് വന്നപ്പോൾ ഞാൻ ഉണ്ടായിരുന്നില്ല. അത്യാവശ്യ കാര്യം ഉള്ളതിനാൽ മടങ്ങിപ്പോയത്ര. ഉച്ചയ്ക്കു ശേഷം ഞാൻ ഉണ്ടാവില്ല. വേഗം വരൂ.

മേഘയുടെ നെഞ്ച് ഉച്ചത്തിൽ മിടിച്ചു. റിപ്പോർട്ട് വന്നിരിക്കുന്നു. ഡോക്ടർക്ക് എന്താവും പറയാനുള്ളത്? എന്തോ പ്രശ്നമുണ്ട്. അല്ലെങ്കിൽ അവിടെ ചെല്ലാൻ പറയില്ല.

കലുഷമായ മനസ്സിനെ ശാസിച്ച് വരുതിയിലാക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഡോക്ടർ നിർമ്മലയുടെ കൺസൾട്ടിംഗ് റൂമിലേക്ക് നടന്നു. അവിടെ രാകേഷ് ഉണ്ടായിരുന്നു. കാൻസർ എന്ന് പറയാനില്ലെങ്കിലും ചെറിയൊരു സൂചനയുണ്ട്.

ഡോക്ടർ നിർമ്മലയും രാകേഷും കസേരയും എല്ലാം അവ്യക്തമായ കാഴ്ചയായി മറയുന്നത് അവളറിഞ്ഞു. പിന്നിലേക്ക് ചാഞ്ഞ മേഘയെ രാകേഷ് ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിൽ രണ്ട് തുള്ളികൾ അടരാതെ വിതുമ്പി. ധൈര്യമായിരിക്കൂ മേഘ…. ഉടൻ സുഖമാകും. ഞങ്ങൾ ഇല്ലേ കൂടെ. ഇന്ന് തന്നെ നമുക്ക് ചികിത്സ തുടങ്ങാം. അടുത്തയാഴ്ച ഓപ്പറേഷൻ നടത്തണം. കീമോതെറാപ്പിയും ആയി പൊരുത്തപ്പെടാൻ ഒന്നോ രണ്ടോ ദിവസം പിന്നെ ഒരു പ്രശ്നവുമില്ല.

ഡോക്ടർ നിർമ്മലയുടെ വാക്കുകൾ മിന്നൽപിണർ പോലെ നെഞ്ചിലൂടെ പാഞ്ഞു. ആ നിമിഷവും അവൾ ഓർത്തത് ശ്രേയയെയും ശിവിനെയുമാണ്. എന്‍റെ മക്കൾ! അവർ എന്‍റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ…. രണ്ടു പേരും ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്.

മേഘയുടെ സങ്കടം കുറയ്ക്കാൻ തന്നാലാവുന്നത് ചെയ്ത് രാകേഷ്. പക്ഷേ… ഏറെ നേരവും പൊട്ടാൻ പാകത്തിനുള്ള അണയായി മാറി അവളുടെ മിഴികൾ. രോഗവിവരം മക്കളെ അറിയിക്കേണ്ട എന്ന് മേഘ പറഞ്ഞപ്പോൾ രാകേഷ് എതിർത്തില്ല. കീമോതെറാപ്പിയും മരുന്നിന്‍റെ ശക്തിയും അവളെ തീർത്തും പരീക്ഷീണയാക്കി കഴിഞ്ഞു. മുഖം വാടിത്തളർന്നു മുടി കൊഴിഞ്ഞ്!

കുട്ടികൾ വീട്ടിൽ വന്നപ്പോൾ അമ്പരന്നുപോയി. അമ്മയുടെ ഈ അവസ്ഥ അവർ അവർ ഒട്ടും പ്രതീക്ഷിച്ചതല്ല.

പപ്പാ, എന്താ ഇക്കാര്യം ഞങ്ങളെ അറിയിക്കാതിരുന്നത്?

അമ്മ പറഞ്ഞു വേണ്ട എന്ന്. ഇപ്പോൾ രോഗം ഇല്ലല്ലോ. കുറച്ചു ദിവസത്തിനകം എല്ലാം ശരിയാകും.

മനസ്സിലെ വ്യഥ പുറത്തു കാണിക്കാതിരിക്കാൻ മേഘ പാടുപെട്ടു. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന മരുന്നും ചികിത്സയും. അവളുടെ മനസ്സ് തളർന്നു തുടങ്ങി. ഓഫീസിൽ പോകാൻ തോന്നുന്നില്ല. സമർത്ഥയായ ഉദ്യോഗസ്ഥയായിരുന്ന മേഘാ ഇപ്പോൾ ഒന്നിനും കൊള്ളാത്ത ഒരു രോഗി! സഹതാപം ജനിപ്പിക്കുന്ന രൂപം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. രാകേഷ് വളരെ നിർബന്ധിച്ചു. ജോലിക്ക് പോകാൻ.

പൂർണ്ണമായും രോഗം മാറട്ടെ… എന്നിട്ടേ ഓഫീസിലേക്ക് ഉള്ളൂ… മേഘ ശഠിച്ചു.

മമ്മി, വീട്ടിൽ വെറുതെ ഇരുന്നാൽ രോഗത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് ആരോഗ്യം വീണ്ടും വഷളാക്കും. ശ്രേയ പറഞ്ഞു.

മോളെ, എന്നെ നിർബന്ധിക്കരുത്. എനിക്ക് സ്വയം വിശ്വാസം തോന്നണം. അന്നേ ഞാൻ പോകു.

മേഘയുടെ മനസ്സു മാറാത്തത്തിൽ രാകേഷിന് ദുഃഖം തോന്നി. പക്ഷേ നിർബന്ധിക്കാൻ വയ്യ. ഈ അവസ്ഥയിൽ ആരും ഇങ്ങനെയൊക്കെ ചിന്തിക്കാം. ചിലർക്ക് ജീവിതത്തോട് അടങ്ങാത്ത ആസക്തി തോന്നാം. ചിലർക്കാകട്ടെ വിരക്തിയും.

ഓരോ കീമോതെറാപ്പിയും കടുത്ത വിഷമഘട്ടത്തിന്‍റെ നാളുകൾ. വേദന, ഛർദ്ദി… കൂടെക്കൂടെയുള്ള ആശുപത്രിവാസം. വീട്ടിനകത്തും മരുന്നിന്‍റെ ഗന്ധം. ജീവിതം മടുത്തു തുടങ്ങിയോ തനിക്ക്! മേഘ ചിന്തിച്ചു.

രോഗിയുടെ ആത്മവിശ്വാസമാണ് പ്രധാനം. ഡോക്ടർ നിർമ്മല കൂടെ കൂടെ അവളെ ഓർമ്മിപ്പിച്ചു. പക്ഷേ മേഘ മരണത്തെ കുറിച്ച് തന്നെ ചിന്തിച്ചു. ജീവിതം അവളോടു പിണങ്ങി നിൽപ്പാണല്ലോ. ഇതിനിടയിലാണത് സംഭവിച്ചത്. ഒരു ഫോൺ കോൾ. ഓഫീസിലെ ഫിനാൻസ് കമ്മിറ്റിയുടെ സെക്രട്ടറി സുഭാഷാണ്.

മാഡം, ഞാൻ സുഭാഷാണ്. വരുന്ന ബുധനാഴ്ച കമ്മിറ്റി മീറ്റിംഗ് ഉണ്ട്. എമർജൻസി ആണ്. മാഡം തീർച്ചയായും എത്തണം.

അയ്യോ സുഭാഷ്, എനിക്ക് തീരെ സുഖമില്ല.

മാഡം, പ്ലീസ്. അൽപ സമയം മതി.

ശരി നോക്കട്ടെ. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ അവൾ ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞു.

ഒരു മണിക്കാണ് മീറ്റിംഗ്. 12 മണിക്ക് സുഭാഷിന്‍റെ ഫോൺ വീണ്ടും. മാഡം വരുമല്ലോ?

ഇല്ല സുഭാഷ്, എനിക്ക് വയ്യ.

ഇത് കേട്ടുകൊണ്ടിരുന്ന രാകേഷ് മേഘയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.

സുഭാഷ്, മേഘയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. എങ്കിലും അവൾ വരും. 5 മിനിറ്റ് മാത്രം. അവളെ കണ്ടാൽ നിങ്ങൾക്ക് കാര്യം മനസ്സിലാകും.

ശരി സാർ, നന്ദി.

രാകേഷ് ഞാൻ പോവില്ല. പിന്നെ എന്തിനാണ്…

മേഘാ, നീ ഒന്നു മനസ്സിലാക്കുക നിനക്ക് രോഗമുണ്ട്. അത് ശരി തന്നെ. പക്ഷേ, നേരത്തെയേറ്റ മറ്റ് ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ… അത് ഒരു ദിവസം പെട്ടെന്ന് ഒഴിയാനാകില്ല.

രാകേഷിന്‍റെ വാദത്തിന് മറുപടിയൊന്നുമുണ്ടായില്ല മേഘയ്ക്ക്.

മീറ്റിംഗിന് രാകേഷിനൊപ്പം മേഘ ചെല്ലുമ്പോൾ മറ്റ് അംഗങ്ങൾ എല്ലാം നേരത്തെ എത്തിയിരുന്നു. ഒരാളൊഴികെ. പ്രകാശ് വർമ്മ. മീറ്റിംഗ് ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അയാൾ വരുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മീറ്റിംഗിലും പ്രകാശ് വർമ പങ്കെടുത്തിട്ടില്ലത്രേ.

അഞ്ചു മിനിറ്റ് മാത്രമേ ഇരിക്കൂ എന്ന് പറഞ്ഞു എങ്കിലും ഇടയ്ക്ക് ഇറങ്ങിപ്പോകാൻ മടി തോന്നി മേഘയ്ക്ക്.

മീറ്റിംഗ് തുടങ്ങി അരമണിക്കൂർ ആയപ്പോഴാണ് പ്രകാശ് വർമ്മ എത്തിയത്. ക്ഷമാപണത്തോടെയാണ് വരവ്.

സോറി സർ, അല്പം വൈകി.

കഴിഞ്ഞ രണ്ടു മീറ്റിംഗിലും പങ്കെടുത്തില്ല. എന്തുപറ്റി മിസ്റ്റർ വർമ്മ? ചെയർമാൻ ചോദിച്ചു.

നല്ല സുഖമില്ലായിരുന്നു. ഇടയിൽ ധാരാളം ജോലികളും.

കണ്ടിട്ട് കുഴപ്പമില്ലല്ലോ. എന്തുപറ്റി?

താങ്കൾക്കറിയാമല്ലോ എന്‍റേത് ടൂറിംഗ് ജോബാണ്. വീട്ടിൽ നിന്നും വിട്ടുനിന്നതിനാൽ രോഗം അല്പം വഷളായി.

എന്താണ്, തുറന്നു പറയൂ.

ഞാൻ ലുക്കിമിയ പേഷ്യന്‍റ് ആണ്. അയാൾ ഒട്ടും പതറാതെ പറഞ്ഞപ്പോൾ കേട്ടിരുന്നവർ കണ്ണുമിഴിച്ചു.

രണ്ടു വർഷമായി തുടങ്ങിയിട്ട്. ഇപ്പോൾ അല്പം കൂടുതലാണ്. കഴിഞ്ഞ മാസം രക്തം മാറ്റേണ്ടിവന്നു. അതുകൊണ്ട് രണ്ട് മീറ്റിംഗിന് വരാനൊത്തില്ല. അയാൾ വളരെ ലാഘവത്തോടെ പറഞ്ഞു.

മറ്റുള്ളവർ അതിശയത്തോടെ പ്രകാശിനെ നോക്കുന്നത് മേഘ ശ്രദ്ധിച്ചു. അവളും അയാളെ അമ്പരപ്പോടെ വീക്ഷിക്കുകയായിരുന്നല്ലോ. ഇത്രയും ഭീതിദമായ രോഗം ഉണ്ടായിട്ടും എത്ര ആത്മവിശ്വാസമാണ് അയാൾക്ക്.

പ്രകാശ് വർമ്മ ആരോഗ്യ കാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം. ചെയർമാൻ പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിച്ചു.

സമയം കിട്ടേണ്ട സാർ, എനിക്ക് ജോലിയാണ് പ്രധാനം. മരുന്ന് കൃത്യമായി കഴിക്കുന്നുണ്ട്. കൂടുതൽ പ്രയാസം തോന്നുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആവും. അല്ലാതെന്തു ചെയ്യാൻ.

താങ്കൾ വളരെ പോസിറ്റീവായി ചിന്തിക്കുന്നു. അത്ഭുതം തന്നെ.

മുൻവിധികളോടെ ജീവിച്ചിട്ട് എന്തുകാര്യം. മരണം അനിവാര്യമാണ്. പക്ഷേ അവസാനശ്വാസം വരെ ഞാൻ ധൈര്യം കൈവിടില്ല. പ്രകാശ് വർമ്മയുടെ വാക്കുകൾ മേഘയുടെ ഹൃദയത്തെ സ്പർശിച്ചു.

ഇദ്ദേഹത്തിന്‍റെ അവസ്ഥ വച്ചു നോക്കുമ്പോൾ എനിക്ക് എന്താണ് ഭയക്കാൻ ഉള്ളത്? രോഗം പിടിപെട്ട ഭാഗം ഓപ്പറേഷൻ ചെയ്തു മുക്തമാക്കി. മരുന്നും കഴിക്കുന്നു. എന്നിട്ടും എന്നും ഞാൻ എന്തൊക്കെയോ ആണ് ചിന്തിച്ചു കൂട്ടുന്നത്? അവൾക്ക് ലജ്ജ തോന്നി.

രോഗത്തെ കുറിച്ചുള്ള ഭീതി മെല്ലെ നെഞ്ചിൽ നിന്ന് കുടിയൊഴിയുന്നോ? കാര്യങ്ങൾ ഗ്രഹിക്കാനും ചിന്തിക്കാനുള്ള ശേഷി തനിക്കും നഷ്ടപ്പെട്ടിട്ടില്ല. അവൾ മനസ്സിൽ ഓർത്തു. മീറ്റിംഗ് അവസാനിച്ചപ്പോൾ അവൾ പുറത്തേക്ക് നടന്നു. രാകേഷ് അവിടെ കാത്തു നിൽക്കുന്നുണ്ട്.

മേഘാ, ഇത്രയും സമയം ഇരുന്നത് എന്തിനാണ്? അസ്വസ്ഥതയുണ്ടോ?

ഇല്ല ഐ ആം ok.

മേഘയുടെ മുഖത്ത് വിടർന്ന ചിരിയിൽ കൃത്രിമത്വം ഇല്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ഷോപ്പിനു മുന്നിൽ കാർ നിർത്താൻ മേഘ ആവശ്യപ്പെട്ടു.

എനിക്ക് ഒരു വിഗ് വേണം. നല്ല ഭംഗിയുള്ളത്. കുറെ നാളായില്ലേ സ്കാഫ് കെട്ടിക്കൊണ്ട് നടക്കുന്നു. രാകേഷ് വിസ്മയത്തോടെ നോക്കി.

അവൾ ഉത്സാഹത്തോടെ വിഗ് സെലക്ട് ചെയ്തു. ഡയാന കട്ടിലുള്ള വിഗ് തലയിൽ വച്ച് അവൾ മുന്നിൽ വന്നു നിന്നപ്പോൾ പണ്ടത്തേതിലും സുന്ദരിയായിരിക്കുന്നു.

എങ്ങനെ?

ഗംഭീരം.

നാളെ എനിക്ക് ഓഫീസിൽ പോകണം. അതിനാണ് ഇത്.

ജീവിക്കാനുള്ള ആഗ്രഹം മേഘയ്ക്കുണ്ടായിരിക്കുന്നു. രാകേഷിന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇനി നിങ്ങളെ ഞാൻ വിഷമിപ്പിക്കില്ല രാകേഷ്. എന്‍റെ തെറ്റ് ഞാൻ മനസ്സിലാക്കി. രാകേഷിന്‍റെ തോളോട് ചേർന്ന് തലചായ്ച്ചിരിക്കേ, അവൾ മനസ്സിൽ പ്രകാശ് വർമ്മയോട് നന്ദി പറയുകയായിരുന്നു.

മഴ നനഞ്ഞ പട്ടങ്ങൾ

ഭാരിച്ച ബാഗും തൂക്കിപ്പിടിച്ച് കൊണ്ട് നന്ദു മോൻ തളർച്ചയോടെ ഏണിപ്പടികൾ ഒന്നൊന്നായി കയറി. വീടിന്‍റെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ട് നന്ദുവിന് ദേഷ്യം വന്നു. വാതിലിൽ ആഞ്ഞു ചവിട്ടി നന്ദു അരിശം തീർത്തു. രാവിലെ ഒരു ഗ്ലാസ്സ് പാലിനൊപ്പം രണ്ട് പീസ് ബ്രഡ് മാത്രമാണ് കഴിച്ചത്. വിശപ്പ് സഹിക്കാനാവുന്നില്ല. മമ്മിക്കാണെങ്കിൽ തന്‍റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. മമ്മിയ്ക്ക് രമേശ് അങ്കിളാണല്ലോ ഇപ്പോ എല്ലാം. നന്ദുവിന്‍റെ സ്‌ഥാനം അതുകഴിഞ്ഞേയുള്ളൂ.

എത്ര നിഷ്കളങ്കതയോടെയാണ് രമേശ് അങ്കിൾ പെരുമാറുന്നത്. വീട്ടിൽ വന്നാലുടൻ നന്ദുമോനേ ഇങ്ങോട്ട് വന്നേ ഒരുമ്മ തന്നേ എന്നൊക്കെ പറഞ്ഞ് തന്‍റെ മേൽ വാത്സല്യം കോരിച്ചൊരിയും. ഇടയ്ക്ക് സമ്മാനമായി ചില കളിപ്പാട്ടങ്ങളും തരും.

അത് കേട്ടാൽ തോന്നും ഞാൻ കളിപ്പാട്ടത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന്. മമ്മിയാണെങ്കിൽ അങ്കിളിനെ കണ്ടാൽ പിന്നെ എല്ലാം മറക്കും. മമ്മിയും രമേശ് അങ്കിളും ഓരോരോ തമാശ പറഞ്ഞ് പിന്നെ ചിരിയോട് ചിരിയാണ്. രമേശ് അങ്കിൾ വരുമ്പോഴൊക്കെ ഉടൻ മമ്മി പറയും നന്ദു പുറത്തുപോയി കളിക്കൂ.

രമേശ് അങ്കിളിന്‍റെ സാന്നിധ്യം മമ്മി വളരെയധികം ആസ്വദിക്കുന്നതു പോലെ തോന്നും. ആ സമയത്ത് മമ്മി നന്ദുവിനെ അകറ്റി നിർത്തും. അല്ലാത്തപ്പോൾ വീട്ടിലിരുന്ന് പഠിക്ക് പഠിക്ക് എന്ന് നിർബന്ധിക്കും. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ ഇരിക്കാൻ പാടില്ലത്രേ. പിന്നെ സംസാരമാണ്. ചിലപ്പോൾ സംസാരവും ചിരിയും ദിവസം മുഴുവനും നീണ്ടുപോകും.

പപ്പയുടെ മുന്നിലാണെങ്കിലോ മമ്മിയാകെ മുഖം വീർപ്പിച്ചിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഓഫീസിൽ നിന്നും തളർന്നവശനായി വരുന്ന പപ്പയ്ക്ക് ഒരു ചായ കുടിക്കണമെങ്കിൽ സ്വയം തയ്യാറാക്കണം. പപ്പയ്ക്കൊപ്പം മമ്മി എങ്ങും പോകാറില്ലായിരുന്നു. രമേശ് അങ്കിളിന്‍റെ കൂടെയാണെങ്കിൽ മമ്മി കറങ്ങാൻ പോകും. ചിലപ്പോൾ എന്നെയും ഒപ്പം കൂട്ടും. പഠിക്കാനുണ്ടെന്നും ഹോംവർക്ക് ചെയ്യാനുണ്ടെന്നും ഒഴിവു കഴിവ് പറഞ്ഞ് ഞാൻ തൊട്ടടുത്തുള്ള ശാന്തി ആന്‍റിയുടെ വീട്ടിൽ പോയിരിക്കും. ഞാനെന്തിന് രമേശ് അങ്കിളിന്‍റെ കാറിൽ പോകണം. പാവം പപ്പ! പപ്പ പഴയ ബൈക്കിൽ തന്നെയാണ് ഇപ്പോഴും ഓഫീസിൽ പോകുന്നത്.

പപ്പ കൂടെയുണ്ടായിരുന്നപ്പോൾ പണത്തെ ചൊല്ലിയും ബാങ്ക് ബാലൻസിനെ ചൊല്ലിയും എപ്പോഴും കലഹിച്ചിരുന്നു.

ആദ്യം പപ്പയോടൊപ്പം ചെറിയൊരു ഫ്ളാറ്റിലായിരുന്നു ഞങ്ങളുടെ താമസം. ഡബിൾ ബെഡിൽ മമ്മിക്കും പപ്പയ്ക്കുമിടയിൽ ഞാൻ സുഖമായി ഉറങ്ങിയിരുന്നു. അന്ന് മമ്മി എത്രയെത്ര കഥകളാണ് പറഞ്ഞ് തന്നിരുന്നത്. രാജകുമാരന്‍റെയും രാജകുമാരിയുടെയും മൃഗങ്ങളുടെയുമൊക്കെ കഥകൾ! എന്ത് രസമായിരുന്നു അന്നൊക്കെ. ഇപ്പോഴോ, ഈ വലിയ മുറിയിൽ തനിച്ച് ഉറങ്ങണം. പേടി തോന്നുമ്പോഴോക്കെ തലയിണ ഇറുക്കിപ്പിടിച്ച് കണ്ണടയ്ക്കും. ചിലപ്പോൾ ഉറങ്ങാനേ കഴിയില്ല.

രമേശ് അങ്കിൾ ഒരു സൂത്രക്കാരൻ തന്നെയാ. രാജാവിന്‍റെയും രാജകുമാരിയുടെയും കഥകളൊന്നും അറിയില്ലെന്നാ പറയുന്നത്. മുമ്പ് മമ്മി എത്ര നല്ലതായിരുന്നു. പപ്പയ്ക്കൊപ്പം അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ ഓരോ സ്ഥലത്തും പോകുമായിരുന്നു. അന്ന് മമ്മിയ്ക്ക് നല്ല നീണ്ട മുടിയുണ്ടായിരുന്നു. ഇപ്പോഴോ മുടി വെട്ടി വളരെ ചെറുതാക്കി. നിലക്കണ്ണാടിയ്ക്ക് മുന്നിലിരുന്ന് മമ്മി ആവർത്തിച്ച് ചോദിക്കും. “നന്ദു… മമ്മി സ്മാർട്ടല്ലേ മോനേ?”

ങ്ഹും സ്മാർട്ട്…

എന്താണ് ഡൈവോഴ്സ്? മമ്മിയും പപ്പയും ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ഇതിനെപ്പറ്റിയാണ്. പപ്പയെ മമ്മി എപ്പോഴും ഡൈവോഴ്സിന് നിർബന്ധിച്ചു കൊണ്ടിരുന്നു. ഇനി പപ്പയെ കാണുകയാണെങ്കിൽ മമ്മിയെ ഡൈവോഴ്സ് ചെയ്യണമെന്ന് പപ്പയോട് പറയണം. എന്തെങ്കിലും വിലപിടിപ്പുള്ള വല്ല വസ്തുവുമായിരിക്കുമത്. പക്ഷേ ഡൈവോഴ്സില്ലാതെ മമ്മിയ്ക്ക് ഒരിക്കലും ജീവിക്കാനാവില്ല.

ഒരു ദിവസം ഞാനും മമ്മിയും കൂടി ഒരു ഓഫീസിൽ പോയി. അവിടെ പപ്പയും ഉണ്ടായിരുന്നു. “ഞാനും മമ്മിയും പപ്പയുടെ കൂടെ താമസിക്കട്ടെ?” എന്ന എന്‍റെ ചോദ്യം കേട്ട് എന്തുകൊണ്ടാണെന്നറിയില്ല, പപ്പയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അന്ന് ഞാൻ ഏറെ സങ്കടപ്പെട്ടു. മുമ്പൊന്നും പപ്പ കരയുന്നത് ഞാൻ കണ്ടിട്ടേയില്ല.

ഇടയ്ക്ക് എന്നേയും കൂട്ടി മമ്മി ആ സ്ഥലത്ത് പോകാറുണ്ട്. നല്ല ആൾത്തിരക്കുള്ള സ്‌ഥലമാണത്. ഒരു ദിവസം ഞാനും മമ്മിയും കൂടി വീണ്ടും അവിടെ പോയി. അവിടെ പപ്പയും ഉണ്ടായിരുന്നു.

“നന്ദു, മോന് പപ്പയുടെ കൂടെ താമസിക്കാമോ?” ഏതാനും ആളുകളുടെ സാന്നിധ്യത്തിൽ വച്ച് പപ്പ ചോദിച്ചു.

ഇത്രയും ചെറിയ കുട്ടി മമ്മിയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് പപ്പയെന്താ ഓർക്കാത്തത്?

“പപ്പ ഞങ്ങളുടെ കൂടെ വരാമോ?” എന്ന എന്‍റെ ചോദ്യം കേട്ട് പപ്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കറുത്ത കോട്ട് ധരിച്ച ആളുകൾ കുറേ ഫയലുകളുമായി തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അന്ന് ഏറെ ഉല്ലാസവാനായി കാണപ്പെട്ട രമേശ് അങ്കിൾ മമ്മിക്കരികിലേക്ക് ഓടി വന്നു പറഞ്ഞു “മീനു, ഇന്ന് ഡൈവോഴ്സ് കിട്ടും.”

പക്ഷേ, മമ്മിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം നിഴലിച്ചു നിന്നിരുന്നു. അന്ന് പപ്പയും ദുഃഖിതനായിരുന്നു. എന്നെ കണ്ടപ്പോൾ പപ്പ ദീർഘമായി നിശ്വസിച്ചു. പിന്നീട്, മമ്മി എന്നെ വലിയൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉയർന്ന ഒരു ഇരിപ്പിടത്തിൽ കറുത്ത കോട്ട് ധരിച്ച ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തെ ശിരസ് കുനിച്ച് നമിച്ചു. താഴെ നിന്ന കറുത്ത കോട്ട് ധരിച്ചയാൾ ഉയർന്ന കസേരയിലിരിക്കുന്ന കറുത്ത കോട്ട്ധാരിയെ മി ലോഡ് എന്നാണ് കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നത്. എന്താണീ മി ലോഡ്?

ഉയർന്ന ഇരിപ്പിടത്തിലിരിക്കുന്ന കറുത്ത കോട്ട് ധരിച്ചയാൾ താഴെ നിൽക്കുന്നയാളോട് എന്തോ പറഞ്ഞപ്പോൾ അയാൾ മമ്മിയുടേയും പപ്പയുടേയും പേര് ഉച്ചത്തിൽ പറഞ്ഞു. പിന്നീട് മി ലോഡ് മുന്നിൽ വച്ചിരുന്ന പേപ്പർ വായിച്ച് കേൾപ്പിച്ചു. എന്താണിതെല്ലാം? പറയുന്നതെന്താണെന്ന് മനസ്സിലാകുന്നുമില്ല. ഒരു പക്ഷേ പപ്പയിൽ നിന്നും മമ്മിയ്ക്ക് ഡൈവോഴ്സ് കിട്ടിയിരിക്കും. അതിനുശേഷം കുട്ടിയെ അമ്മയെ ഏൽപിക്കുന്ന കാര്യം മി ലോഡ് പറയുന്നത് ഞാൻ കേട്ടു. അജയന് കുട്ടിയെ കാണണമെന്ന് തോന്നുമ്പോൾ കാണാമത്രേ! മമ്മിയാകെ സന്തുഷ്ടയായി. ആവേശത്തോടെ മമ്മി എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു. പക്ഷേ പപ്പ കവിളിലേയ്ക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടയ്ക്കുന്നത് ഞാൻ രഹസ്യമായി കണ്ടിരുന്നു. പക്ഷേ പപ്പയെന്തിനാ കരയുന്നത്? അച്‌ഛന്മാർ കരയാറിലല്ലോ.

ഡൈവോഴ്സ് ചെയ്‌തു കഴിഞ്ഞാൽ പിന്നെ പപ്പയ്ക്കും മമ്മിയ്ക്കും ഒരുമിച്ച് താമസിക്കാനാവില്ലേ? പക്ഷേ നന്ദുവിന് അത് എന്തുമാത്രം വേദനയുണ്ടാക്കുമെന്ന കാര്യം മമ്മിക്കറിയില്ലല്ലോ.

ഒരു ദിവസം മമ്മി വളരെ സന്തോഷത്തിലായിരുന്നു. ഇനി നമ്മൾ പുതിയ വീട്ടിലാണ് താമസിക്കാൻ പോകുന്നതെന്ന് മമ്മി സന്തോഷത്തോടെ പറയുകയുണ്ടായി. രമേശ് അങ്കിൾ എടുത്ത വീടായിരുന്നുവത്.

രമേശ് അങ്കിൾ… എന്താണെന്നറിയില്ല. മമ്മി രാത്രിയും പകലുമെന്നില്ലാതെ രമേശ് അങ്കിളിനോട് സംസാരിച്ചിരിക്കുന്നത് കാണാം. ആഗ്രഹമില്ലാതിരുന്നിട്ടും നന്ദുവിന് അമ്മയോടൊപ്പം പുതിയ വീട്ടിൽ താമസിക്കേണ്ടി വന്നു. പുതിയ വീട് നന്ദുവിന് ഒട്ടും ഇഷ്ടമായില്ല.

ഒരു ദിവസം പപ്പ കാണാൻ വന്നപ്പോൾ നന്ദു പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. “പപ്പയും ഞങ്ങൾക്കൊപ്പം താമസിക്കണം. നോക്കിക്കേ… എന്ത് വലിയ വീടാ. പപ്പയ്ക്കറിയോ മമ്മി ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാവും.”

നന്ദു പറയുന്നത് കേട്ട് പപ്പ ഒരു നിമിഷം മമ്മിയെ നോക്കിയെങ്കിലും മമ്മി ആ നോട്ടത്തെ അവഗണിച്ചു കൊണ്ട് മൊബൈൽ ഫോണിൽ എന്തോ പരിശോധിച്ചു കൊണ്ടിരുന്നു.

പപ്പ നന്ദുവിന് നൽകാൻ ധാരാളം കളിപ്പാട്ടങ്ങളും മിഠായികളുമാണ് അന്ന് കൊണ്ടു വന്നത്. അനുവദിച്ച സമയത്തിനുള്ളിൽ പപ്പ ആവോളം നന്ദുവിനെ പുന്നാരിച്ചു. ഇടയ്ക്ക് പപ്പ തെല്ലൊരു കുസൃതിയോടെ ചോദിച്ചു. “മോൻ, പപ്പയെ ഇടയ്ക്ക് ഓർക്കാറുണ്ടോ?”

“ഞാനെന്നും പപ്പയെ ഓർക്കാറുണ്ട്. നോക്കിക്കോ, ഞാൻ വലുതാവുമ്പോൾ പപ്പയ്ക്കൊപ്പം താമസിക്കും.”

പപ്പ നന്ദുവിനെ കോരിയെടുത്ത് മടിയിലിരുത്തി. “മോനെ പപ്പയിന്ന് ചുറ്റിക്കറങ്ങാൻ കൊണ്ടുപോകുവാ.” അതുകേട്ട് മമ്മി പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. പകരം ബാൽക്കണിയിലിരുന്ന് ഞങ്ങളെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പപ്പ നന്ദുവിനെയും കൂട്ടി പുറത്ത് കറങ്ങാൻ പോയി. അടുത്തുള്ള പാർക്കിൽ ഏറെ സമയം ചെലവഴിച്ച ശേഷം പപ്പ നന്ദുവിന് ഐസ്ക്രീമും പോപ്പ്കോണും വാങ്ങിക്കൊടുത്തു. എന്നിട്ടും തൃപ്തി വരാതെ ഇനി എന്തെങ്കിലും വേണോയെന്ന് പപ്പ നന്ദുവിനോട് ചോദിച്ചു കൊണ്ടേയിരുന്നു. പപ്പ അന്നേറെ സന്തോഷിച്ചു.

ഞാൻ പപ്പയ്ക്കൊപ്പം പോയാൽ മമ്മി ഏറെ ദുഃഖിക്കും. ചിലപ്പോൾ കുറെ കരഞ്ഞേക്കാം. നല്ല രസമായിരിക്കുമപ്പോൾ നന്ദു ഓർത്തു. വീട്ടിലെപ്പോഴും രമേശ് അങ്കിളിന്‍റെ സാന്നിധ്യമുണ്ടല്ലോ പിന്നെ നന്ദുവിന്‍റെ ആവശ്യമില്ലല്ലോ.

“പപ്പയെന്താ എന്നും വീട്ടിൽ വരാത്തത്?” എന്ന നന്ദുവിന്‍റെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം പപ്പ പകച്ചു നിന്നു. “പപ്പയ്ക്ക് ഒത്തിരി ജോലിയുണ്ട് മോനെ. ഇന്ന് വന്നതു പോലെ എല്ലാ സൺഡേയും മോനെ കാണാൻ പപ്പ വരാം.”

“പപ്പ മമ്മിയെ ഡൈവോഴ്സ് ചെയ്തോ?” നന്ദു തെല്ല് അസ്വസ്ഥതയോടെ ചോദിച്ചു.

പകച്ചു നിന്ന പപ്പ ഒരു നിമിഷം പാർക്കിലെ ആകാശത്തിൽ ചരടുപൊട്ടി പറക്കുന്ന പട്ടങ്ങളെ നോക്കി നെടുവീർപ്പിട്ടു. അടുത്ത നിമിഷം മുഖത്ത് ചിരിവിടർത്തിയ ശേഷം പപ്പ തലയാട്ടി. “അതെ മോനെ…”

“നന്നായി പപ്പാ, ഇനി വഴക്കുണ്ടാവില്ലല്ലോ. ഇപ്പോ മമ്മിയ്ക്കും വലിയ സന്തോഷമാ.”

നന്ദുവിന്‍റെ മറുപടി കേട്ട് പപ്പ കുറച്ചുനേരം നിശബ്ദനായി നിന്നു.

“പപ്പാ… ഡൈവോഴ്സ് എന്നാലെന്ത്? നന്ദുവിന്‍റെ കണ്ണുകളിലെ ജിജ്ഞാസ കണ്ട് പപ്പയുടെ ധൈര്യം ചോർന്നു പോയി. “മോന് വലുതാകുമ്പോൾ എല്ലാം മനസ്സിലാകും.”

പപ്പ നന്ദുവിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം അടുത്ത ഞായറാഴ്ച കാണാമെന്ന് പറഞ്ഞിറങ്ങി.

പപ്പ ഗേറ്റും കടന്ന് പോകുന്ന കാഴ്ച കണ്ണിൽ നിന്നും മറയുവോളം നന്ദു നോക്കി നിന്നു. പിന്നെ തെല്ലൊരു നിരാശയോടെ സ്വന്തം മുറിയിലേക്ക് നടന്നു. പപ്പ എത്ര നല്ലവനാണ്. പപ്പ മോനെ മടിയിലിരുത്തി ലാളിക്കും. പക്ഷേ നന്ദുവിന് മാനേഴ്സില്ലായെന്നാ പലപ്പോഴും മമ്മിയ്ക്കുള്ള പരാതി. മമ്മി എത്ര മാറിയിരിക്കുന്നു. എന്തു പറഞ്ഞാലും വഴക്കു പറയും. നന്ദു ചെറിയ കുട്ടിയാണെന്നാ മമ്മിയുടെ വിചാരം.

പതിവുപോലെ പപ്പയെ കണ്ടപ്പോൾ നന്ദു ഒരിക്കൽ പറയുകയും ചെയ്‌തു. “പപ്പ, നന്ദു വലിയ കുട്ടിയായി. ഫസ്റ്റ് സ്റ്റാൻഡേർഡിലാ ഇപ്പോൾ.”

കുഞ്ഞ് നന്ദുവിന്‍റെ വർത്തമാനം കേട്ട് പപ്പ പൊട്ടിച്ചിരിച്ചു. “കൊള്ളാം, ഞാനത് അറിഞ്ഞതേയില്ലല്ലോ. എന്‍റെ പൊന്നുമോൻ വലുതായ കാര്യം” പപ്പ നന്ദുവിനെ കോരിയെടുത്ത് അവന്‍റെ കുഞ്ഞ് കവിളിൽ ഉമ്മ വച്ചു. പപ്പയുടെ ചിരി എത്ര മനോഹരമാണ്. നന്ദു പപ്പയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

പപ്പ അന്ന് നന്ദുവിന് റിമോട്ടുള്ള ഒരു കാർ വാങ്ങി നൽകി. പതിവുപോലെ പാർക്കിലും ബീച്ചിലും കറങ്ങാൻ പോയി. മടങ്ങിപ്പോകാൻ നേരം പപ്പ നന്ദുവിനെ ഓർമ്മിപ്പിച്ചു. “മോൻ നന്നായി പഠിക്കണം. ഒരു ദിവസം മോൻ വലിയൊരാളാകും. ധാരാളം പണം സമ്പാദിക്കും.”

“ധാരാളം പണം സമ്പാദിക്കണോ?”

“ഇല്ല മോനേ, അങ്ങനെ ആലോചിക്കരുത്.” പപ്പ നിർവ്വികാരനായി പറഞ്ഞു. കൂടുതൽ പണം സമ്പാദിക്കുന്നത് ചീത്തകാര്യമാണെന്ന ചിന്തയിലായിരുന്നു അപ്പോൾ കുഞ്ഞ് നന്ദു. പക്ഷേ മമ്മിയെന്താ അത് മനസ്സിലാക്കാത്തത്.

സ്കൂളിൽ നിന്നും മടങ്ങി വന്നിട്ട് അന്നേറെ സമയം കഴിഞ്ഞിരുന്നു. അവൻ ഓരോരോ ചിന്തകളിൽ മുഴുകിയിരുന്നതിനാൽ സമയം പോയിതറിഞ്ഞില്ല.

പെട്ടെന്ന് കാറിന്‍റെ ഹോൺ മുഴങ്ങി. മമ്മിയുടെ ഹൈഹീൽ ചെരിപ്പ് ചവിട്ടുപടിയിൽ പതിയുന്നതിന്‍റെ ശബ്ദം അടുത്തടുത്ത് വന്നു. ബാഗ് തുറന്നു താക്കോലെടുത്ത് മമ്മി തിടുക്കപ്പെട്ട് വാതിൽ തുറന്നു. നന്ദു നിശബ്ദനായി ബാഗുമെടുത്ത് അകത്തു പോയി. മമ്മി ബെഡ്റൂമിൽ കയറി ഡ്രസ് മാറിയശേഷം പുറത്തു വന്നു.

“നന്ദു, നീയെന്താ യൂണിഫോം മാറാത്തത്. ഡ്രസ്സ് മാറി പോയി കുളിച്ചിട്ട് വാ. ങ്ഹും വേഗം വേണം. അങ്കിളിപ്പോ വരും. അങ്കിളിനും കുളിയ്ക്കണം. ഞാൻ പോയി കഴിക്കാൻ വല്ലതുമുണ്ടാക്കട്ടെ. അങ്കിൾ വിശന്നാവും വരിക.”

നന്ദു നിസ്സഹായതയോടെ വെള്ള പൂശിയ ചുവരിലേക്ക് നോക്കി. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉറവവറ്റിയതു പോലെ… എല്ലാം നിറം കെട്ടിരിക്കുന്നു. നന്ദു കണ്ണുകൾ ഇറുക്കിയടച്ചു. മമ്മിക്കിപ്പോൾ എല്ലാം രമേശ് അങ്കിളാണ്. രമേശ് അങ്കിൾ കഴിഞ്ഞേയുള്ളൂ എന്തും. പക്ഷേ പപ്പയില്ലാതെ നന്ദുവിന്‍റെ ജീവിതം എത്രമാത്രം വേദനയുള്ളതാണെന്ന് മമ്മി മനസ്സിലാക്കുന്നില്ലല്ലോ… നന്ദു ശൂന്യമായ മനസ്സോടെ ബാത്ത്റൂമിലേക്ക് നടന്നു. ടാപ്പ് തുറന്നതും വെള്ളം നിന്നു പോയിരുന്നു.

Story: സ്നേഹിത

ലോകം മുഴുവനും സുഖനിദ്രയിലാണ്. കടൽക്കാറ്റ് പോലും തീരത്ത് അലോസരമുണ്ടാക്കാതെ മുന്നോട്ട് വീശിക്കൊണ്ടിരിക്കുന്നു. പുലർച്ചെ ഏകദേശം 4 മണിയായിട്ടുണ്ട്. ഒരു പക്ഷേ ഈ അസമയത്ത് ഞാൻ മാത്രമാണ് പലവിധ ചിന്തകളിൽ കുടുങ്ങിയ മനസ്സ് ഏകാഗ്രമാക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ മനസ്സ് പ്രക്ഷുബ്ധമാണെങ്കിൽ എങ്ങനെയാണ് ഏകാഗ്രമാകുന്നത്.

ബാല്യം മുതൽ കൗമാരകാലഘട്ടം വരെ എങ്ങനെയെത്തിയെന്നു പോലും ഓർമ്മയില്ല. ഓർമ്മയിലുള്ളത് കൂട്ടുകാരിയായിരുന്ന മീനാക്ഷി മാത്രമായിരുന്നു. ഞാനവളെ അമ്മിണിയെന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്. എന്‍റെ ബാല്യവും കൗമാരവും അവളോടൊപ്പമുള്ള സുന്ദരമുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോയത്. അവളോടൊപ്പം ഊഞ്ഞാലാടുകയും പലപ്പോഴും അയലത്തുകാരുടെ പറമ്പിൽക്കയറി മാങ്ങയും പുളിയും നാരങ്ങയും മോഷ്ടിക്കുകയും ചെയ്യും. പിന്നീട് പിടിക്കപ്പെടുമ്പോൾ ക്ഷമ പറഞ്ഞും, ചെവിക്കു പിടിച്ച് ഏത്തമിട്ടും രക്ഷപ്പെടുന്നത് ഇന്നും ഓർക്കുന്നു.

പക്ഷേ പിന്നീട് സ്വഭാവത്തിൽ മാറ്റം വന്നത് വളരെ പെട്ടെന്നാണ്. അതുകൊണ്ടാണ് 16 വയസ്സുതൊട്ട് എനിക്ക് വലിയ മാറ്റമുണ്ടായത്. അടുത്ത ബന്ധുവായ വിനോദുമായി കണ്ണുകളിട‍ഞ്ഞത് ആരും തന്നെ അറിഞ്ഞില്ല. രാപ്പകൽ വിനോദിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിൽ മുഴുകി കഴിഞ്ഞു.

ഇതിനിടയിലാണ് വിനോദുമായുള്ള എന്‍റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം അടുത്തു. അമ്മിണിയാകെ ഉത്സാഹഭരിതയായി. അമ്മിണിക്ക് എന്‍റെ വിവാഹദിവസം ഒരു ഉത്സവദിനം പോലെയായിരുന്നു. അവളൊരു തുമ്പിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോകും വരെ അവളെന്നോടൊപ്പം നിന്നു. എന്‍റെ ശ്യാമവർണ്ണൻ ആ മീരയുടെ ചെവികളിൽ എപ്പോഴാണ് ഓടക്കുഴലൂതിയത്? ആ രഹസ്യം ഇതുവരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്‍റെ പ്രിയതമന് അമ്മിണിയോടൊരു ആഭിമുഖ്യം ഉണ്ടെന്നുള്ള കാര്യം ‍ഞാനറിഞ്ഞില്ല. ഞാനെപ്പോഴെങ്കിലും അമ്മിണിയെന്നുച്ചരിക്കുമ്പോൾ എന്‍റെ ഭർത്താവിന് കലശലായ ദേഷ്യം വരുമായിരുന്നു. മീനാക്ഷിയെന്നത് എത്ര നല്ല പേരാണ്. നീയാണ് അവളുടെ പേരിനെ വികൃതമാക്കുന്നത്. വിനോദ് എന്നെ വഴക്കുപറ‍ഞ്ഞു.

ചേട്ടനും ഭാര്യയുടെ അനുജത്തിയും തമ്മിലുള്ള ഒരു സാധാരണ ബന്ധമായിട്ടാണ് ഞാനവരുടെ ബന്ധത്തെ കണ്ടിരുന്നത്.

എനിക്ക് സമയം കിട്ടുന്നില്ലായെന്ന് ആരോപിച്ച് വിനോദ് തന്നെ മുൻകൈയെടുത്ത് അമ്മിണിക്ക് കത്തെഴുതാൻ തുടങ്ങി. അവൾക്ക് കത്തെഴുതി അദ്ദേഹമെന്‍റെ ഭാരം കുറച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കാതെ പമ്പര വിഡ്ഢിയായ ഞാൻ സന്തോഷിച്ചു.

അങ്ങനെ ഒരു വർഷം കടന്നുപോയി. മീനാക്ഷിയുടെ വിവാഹം കഴിഞ്ഞു. പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിനു ‍ഞങ്ങളും പങ്കെടുത്തു. പക്ഷേ ഭർത്താവിനെക്കണ്ടപ്പോൾ ഞങ്ങളാകെ ഞെട്ടിത്തരിച്ചു. വെളുത്ത് സുന്ദരിയായ അമ്മിണി എവിടെ നിൽക്കുന്നു, കരിക്കട്ട പോലുള്ള അവളുടെ ഭർത്താവോ… ഒട്ടും യോജിപ്പില്ലാത്ത ജോടി. എന്‍റെ മനസ്സിൽ അറിയാതെയൊരു തേങ്ങലുയർന്നു. പാവം അമ്മിണി…

കല്യാണശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. കുറച്ചുനാൾക്കു ശേഷം ഒരു ദിവസം അവൾ വിധവയായ വാർത്ത ഞങ്ങളെ തേടിയെത്തി. അവളുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. ഇതറിഞ്ഞ ഞങ്ങൾ അവളുടെ വീട്ടിൽപ്പോയി. വിനോദ് അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വിഷമിക്കാതിരിക്കൂ മീനാക്ഷി, ഞാനില്ലെ കൂടെ?

ദുഃഖവാർത്തയറിഞ്ഞ് എത്തിയ സ്ത്രീകളുടെ ഇടയിൽ ഞാനിരുന്നു. അവിടെക്കൂടിയിരുന്ന സ്ത്രീകളിൽ ഒരുവൾ അടക്കത്തിൽ പറഞ്ഞു. മീനാക്ഷി തന്നെയാണ് കാറിന്‍റെ ബ്രേക്ക് ഫെയിലാക്കിയത്. ഇതുകേട്ട് ഞെട്ടിത്തരിച്ച ഞാൻ ദൂരെ നിന്നിരുന്ന മീനാക്ഷിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ദുഃഖത്തിന്‍റെ ഒരംശം പോലും അവളുടെ മുഖത്തില്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അമ്മിണി ഒരു സ്യൂട്ട് കെയ്സും പിടിച്ച് ഞങ്ങളുടെ ഓഫീസിൽ വന്നത്. അങ്ങനെ ഞങ്ങളുടെ പ്രൈവറ്റ് ഓഫീസ് അവളുടെ ഓഫീസ് കം റസിഡൻസായി മാറി. വിനോദ് അവളെ സ്വന്തം സെക്രട്ടറിയായി നിയമിച്ചു.

വിനോദ് പതിവിലും വിപരീതമായി രാവിലെത്തന്നെ ഓഫീസിൽ പോകും. രാത്രി വളരെ വൈകിയാണ് അദ്ദേഹം വീട്ടിലെത്തിയിരുന്നത്. പലപ്പോഴും ബിസിനസ്സ് ട്രിപ്പുകളിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നത് സെക്രട്ടറിയായ മീനാക്ഷിയായിരുന്നു.

സുമീ, ഒരാൾക്ക് രണ്ടു ഭാര്യമാരുടെ ആവശ്യമുണ്ട്. ഒരുവൾ വീട്ടുകാര്യങ്ങൾ നോക്കി ഭാര്യയുടെ കടമ നിറവേറ്റണം. മറ്റൊരുവൾ ഭർത്താവിനൊപ്പം ഒരു തുമ്പിയെപ്പോലെ ചുറ്റിക്കറങ്ങണം ബിസിനസ്സിൽ സഹായിക്കുന്നവളുമായിരിക്കണം. വിനോദ് ഇടയ്ക്കൊക്കെ ഇങ്ങനെ പറഞ്ഞു. അതുകേട്ട് ഞാൻ ചിരിച്ചു. ഒന്ന് മിണ്ടാതിരിക്കൂ, എന്തെല്ലാം അനാവശ്യങ്ങളാണ് പറയുന്നത്. എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.

എന്നെ അത്രയ്ക്ക് വിശ്വാസമാണോ, അദ്ദേഹം അദ്ഭുതം കൂറി. പിന്നീട് എന്നെ നെ‍‍ഞ്ചോടു ചേർത്ത് നിറുത്തി.

വിനോദും അമ്മിണിയും തമ്മിലെന്തോ അടുപ്പമുണ്ടെന്നുള്ള കാര്യം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എനിക്ക് മനസ്സിലായി. വിനോദ് ഒരു പമ്പരം കണക്കെ അവൾക്കു ചുറ്റും കറങ്ങി. വലിയ വലിയ ഷോപ്പിംഗ് സെന്‍ററുകളിൽ കയറിയിറങ്ങി. അമ്മിണിയുടെ മാർക്കറ്റിംഗ് സെൻസ് അപാരമാണെന്ന് അദ്ദേഹം ഇടയ്ക്ക് വാഴ്ത്തിക്കൊണ്ടിരുന്നു.

ഞാൻ നിർബന്ധിച്ചാണ് നിനക്കു വേണ്ടി ഇതെല്ലാം വാങ്ങിപ്പിച്ചത്. അല്ലെങ്കിൽ വിനോദ് ഇതെല്ലാം വാങ്ങുമോ? വീട്ടിൽ വരുന്ന അവസരങ്ങളിൽ അമ്മിണി മനഃപൂർവ്വം പറഞ്ഞു കൊണ്ടിരുന്നു. എത്ര നല്ല കൂട്ടുകാരിയെയാണ് എനിക്ക് കിട്ടിയതെന്ന് ഞാൻ ഗർവ്വോടെ ഓർത്തു.

ഇതിനിടയിലാണ് ഡോക്ടർ എന്നോട് പൂർണ്ണ വിശ്രമമെടുക്കാൻ നിർദ്ദേശിച്ചത്. വളരെ സങ്കീർണ്ണമായ ‍‍‍ഡെലിവറി കേസായിരുന്നു എന്‍റേത്. അദ്ദേഹത്തിനാണെങ്കിൽ മനസ്സ് നിറഞ്ഞതു പോലെയായിരുന്നു. അദ്ദേഹം കാറുമായി ഓഫീസിലേക്കു പോയി. ഒന്നും പറയാതെയാണ് പോയത്. പക്ഷെ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ ഒപ്പം എന്‍റെ പ്രിയകൂട്ടുകാരി അമ്മിണിയുമുണ്ടായിരുന്നു. കയ്യിൽ ഒരു സ്യൂട്ട്കെയ്സും തൂക്കിയ അവളെ കണ്ടപ്പോൾ എനിക്ക് അമ്പരപ്പാണ് തോന്നിയത് . അവളുടെ വരവ് ഭാവിയിൽ സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിച്ചു. അതിസുന്ദരിയായ, ചുറുചുറുക്കുള്ള അമ്മിണിയുമായി അദ്ദേഹം ഏറെയടുത്തു കഴിഞ്ഞിരുന്നു.

മീനാക്ഷിയാണെങ്കിൽ ആകർഷണീയമായ വസ്ത്രങ്ങൾ ധരിച്ചും കടുത്ത മേക്കപ്പ് വാരിപ്പൂശിയുമാണ് നടന്നിരുന്നത്. അവളൊരു വിധവയാണെന്ന് തോന്നിക്കില്ലായിരുന്നു. ഒരു പക്ഷേ എന്‍റെ ശാന്തസ്വഭാവവും നാടൻ വേഷഭൂഷാദികളും വിനോദ് വെറുത്തു തുടങ്ങിയിട്ടുണ്ടാവണം.

അവസാനം മീനാക്ഷി തന്നെ തന്‍റെ വരവിന്‍റെ ഉദ്ദേശ്യം അറിയിച്ചു. സുമി, നിന്നെ ശുശ്രൂഷിക്കാനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. എന്നേക്കാളും നല്ലൊരു ഗവർണസ്സിനെ അദ്ദേഹത്തിന് എവിടെ നിന്നും കിട്ടാനാണ്. വിനോദിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് മീനാക്ഷി ചിരിച്ചു. ഇവരോട് ഒന്നും പറയാനാവാത്ത നിസ്സാഹായവസ്ഥയിലായിരുന്നു ഞാൻ. കൂട്ടുകാരിയുടെ സ്നേഹത്തെക്കുറിച്ചും ഭർത്താവിന്‍റെ വിശ്വസ്തതയെക്കുറിച്ചും പലപ്രാവശ്യം സംസാരിച്ചിരുന്നു. ആരുടേയും ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്ത് അവരുടെ മുന്നിൽ സ്വയം ചെറുതാവാൻ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു.

പ്രണയം, സ്നേഹം, വിശ്വാസം തുടങ്ങിയ വികാരങ്ങൾ നിരർത്ഥകങ്ങളായി എനിക്ക് തോന്നി.

പ്രിയ സുഹൃത്ത് അമ്മിണിയെ ഒരിക്കലും ഗവർണസ്സായി അവരോധിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പക്ഷേ സഹിക്കാനാവാതെയായപ്പോൾ ഞാനൊരിക്കൽ വിനോദിനോടു പറഞ്ഞു. മീനാക്ഷിയുടെ സഹായസഹകരണങ്ങൾ എന്നെ വീർപ്പുമുട്ടിക്കുന്നു. ദയവു ചെയത് എന്നെ ഇനി നിർബന്ധിക്കരുത്. അവളുടെ മുന്നിൽ തലപൊക്കാനാവാത്ത അവസ്ഥയുണ്ടാക്കരുത്. ഇത് കേട്ടപ്പോൾ വിനോദിന് അരിശം വന്നു.

നാക്കനക്കണ്ട, കിടക്കയിൽക്കിടന്ന് നീ ഒരു സംശയാലുവായി മാറിയിരിക്കുകയാണ് അല്ലേ? അതുകൊണ്ടാണ് ഞാനവളോട് വർത്തമാനം പറയുന്നതും, ചിരിക്കുന്നതും, കറങ്ങി നടക്കുന്നതും നിനക്കിഷ്ടമല്ലാത്തത്. പക്ഷെ ഒരു കാര്യം വ്യക്തമാക്കാം. എന്‍റെ വീട്ടിൽ താമസിക്കണമെങ്കിൽ എന്‍റെ ഇഷ്ടങ്ങളനുസരിച്ചു വേണം നിൽക്കാൻ. ആകാശത്തു നിന്നും നിലത്തു വീണ പ്രതീതിയായിരുന്നു ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത്.

എന്താ ഈ വീട് എന്‍റെയും കൂടിയല്ലേ? എങ്ങനെയൊക്കെയോ എനിക്കത്രയും കൂടി ചോദിക്കാൻ സാധിച്ചു. പക്ഷെ വിനോദ് അതിനു മറുപടിയൊന്നും നൽകാതെ അവിടെ നിന്നും പോയി.

സങ്കടം സഹിക്കാനാവാതെ ഞാൻ ഭിത്തിയിൽ തലയടിച്ചു കൊണ്ടിരുന്നു. ബഹളം കേട്ടെത്തിയ അടുത്ത വീട്ടിലെ ചേച്ചി എന്നെ കയറി പിടിച്ചു. കുറേനേരം എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. എന്‍റെ ബന്ധത്തിൽപ്പെട്ട ഒരു ചേച്ചിയെ അവർ വിളിച്ചു കൊണ്ടുവന്നു.

സുമി, നീയൊരു വിഡ്ഢിയാണ്. ഒരു സ്ത്രീയെ മാത്രം സ്നേഹിക്കാൻ കഴിയുന്ന പുരുഷൻ പല സ്ത്രീകളോടും പ്രേമം നടിക്കും. നീ സ്വയം നിയന്ത്രിക്കൂ. സ്വന്തം കുടുംബത്തെ നാശത്തിൽ നിന്നും രക്ഷിക്ക്.

ഞാനെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെ പറഞ്ഞു. അങ്ങനെയല്ല കാര്യം. വിനോദ് വളരെ നല്ലവനാണ്. എന്നെ ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടാണ് എന്നെ നോക്കാനായി…. വാക്കുകൾ മുഴുമിക്കുന്നതിനു മുമ്പേ കണ്ണുകൾ നിറഞ്ഞു തുളുമ്പി, തൊണ്ടയിടറി. ചേച്ചി എന്നെ ആശ്വസിപ്പിക്കാനായി സ്വന്തം നെഞ്ചോടു ചേർത്തു നിർത്തി.

വിനോദാണെങ്കിൽ മനഃപൂർവ്വം അവഗണിച്ചു. സംസാരത്തിനിടയിൽ എന്നെ വഴക്കു പറയാനും മനഃപൂർവ്വം താഴ്ത്തി പറയാനും അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. വീട്ടിലുണ്ടായിരുന്ന വേലക്കാരനു പോലും അദ്ദേഹത്തിനുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു ദിവസം സഹിക്കാനാവാതെ വേലക്കാരൻ രാമു തുറന്നു പറഞ്ഞു.

ചേച്ചിയുള്ളതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. അല്ലെങ്കിൽ ഞാനെപ്പോഴെ ഇവിടെ നിന്നും പോകുമായിരുന്നു.

മീനാക്ഷി വിനോദിനു മേൽ ഓരോ ആവശ്യങ്ങൾക്കായി പിന്നേയും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ വിനോദും മാറിക്കഴി‍ഞ്ഞിരുന്നു. അതെ അദ്ദേഹം വ്യക്തമായി തന്നെ പറഞ്ഞു. മീനാക്ഷി, നിനക്കെല്ലാ സൗകര്യങ്ങളും ഒരുക്കിതന്നില്ലേ, കാർ, ബംഗ്ലാവ്, ഫോണ് അങ്ങനെയെന്തെല്ലാം. ഇനിയെന്താണ് വേണ്ടത്?

പക്ഷെ എനിക്കൊരിക്കലും വിനോദിനെ പിരിയുവാൻ കഴിയില്ലായെന്നതായിരുന്നു സത്യം. ജനിക്കാനിരിക്കുന്ന കുഞ്ഞിന് പിതാവില്ലാതാക്കാൻ ഞാൻ ഒട്ടും ആഗ്രച്ചില്ല. കൂട്ടുകാരിയുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചക്കുന്നതനുസരിച്ച് എന്‍റെ ബാങ്ക് ബാലൻസ് താഴോട്ടിറങ്ങിത്തുടങ്ങി. മനസ്സിലെ ആശങ്കളും കണ്ണീരിനൊപ്പം ഒഴുകി വീണു.

മീനാക്ഷി ഓരോരോ ആവശ്യങ്ങൾക്കായി വാശിപിടിച്ചു തുടങ്ങിയിരുന്നു. രണ്ടാം ഭാര്യയാകുന്നതിൽ യാതൊരു എതിർപ്പുമില്ലെന്നും പക്ഷെ ഒരു വെപ്പാട്ടിയെ പോലെ ജീവിക്കാൻ താല്പര്യമില്ലെന്നും അവൾ അറിയിച്ചു.

ഒരു ദിവസം വേലക്കാരൻ രാമു പറഞ്ഞു. ചേച്ചി, മീനാക്ഷിചേച്ചി അപ്പുറത്തെ വീട്ടിലെ സാറുമായി അടുപ്പത്തിലാണെന്നു കേട്ടു. ദിവസം മുഴുവനും ചേച്ചി മൊബൈൽ ഫോണിലൂടെ അയാളുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇവിടുത്തെ സാറിനെ മുമ്പത്തെപ്പോലെ ഇപ്പോൾ ഗൗനിക്കാറില്ല.

ഭർത്താവിനോട് കടുപ്പിച്ച് പറയാനും വയ്യ. മീനാക്ഷിയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനും പറയാൻ സാധിക്കുന്നില്ലല്ലോ. ഉള്ളിൽ എന്തൊക്കെ വിചാരങ്ങളുണ്ടായാലും എന്നെ അനുനയിപ്പിച്ച് സംസാരിക്കാൻ വിനോദ് മറന്നില്ല.

വരാനിരിക്കുന്ന ആ കു‍ഞ്ഞതിഥിക്കായി ഞാൻ കുഞ്ഞുടുപ്പുകൾ തുന്നി വച്ചിരുന്നു. എന്തൊക്കെ ചെയ്തിട്ടും എനിക്ക് സന്തോഷിക്കാനായില്ല. നാളെ ഒരു അതിഥി കൂടി ഞങ്ങളുടെ ലോകത്തെത്തും. അപ്പോഴെന്ത് സംഭവിക്കും? അപ്പോൾ ഞാനെന്ത് ചെയ്യും തുടങ്ങിയ ചിന്തകളാണ് എന്‍റെ സന്തോഷമില്ലായ്മയ്ക്ക് കാരണമായത്. ഇതെല്ലാം ഓർത്തപ്പോൾ ഒരു കുറ്റിയിൽ കെട്ടിയിട്ടിരുന്ന പശുവിനെപ്പോലെ എന്‍റെ ചിന്തകളും വട്ടം കറങ്ങിക്കൊണ്ടിരുന്നു. മീനാക്ഷി മൂലം വിനോദിന്‍റെ സ്വസ്ഥതയും ഉറക്കവും നഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ വഴക്കും പതിവായി. ഒരുപക്ഷേ കൂട്ടുകാരിയുടെ ആശകൾ തീർന്നിരിക്കണം.

നാളെ മീനാക്ഷി ഉണ്ടായാലും ഇല്ലെങ്കിലും വിനോദിനു വീണ്ടും വഴിതെറ്റുമെന്ന് ഞാൻ ഭയന്നു. അദ്ദേഹവുമായി സമ്പർക്കം പുലർത്തുന്ന സ്ത്രീകളെ കാണുമ്പോൾ എന്‍റെ മനസ്സിലാകെയൊരു പരിഭ്രമമാണ്. എന്‍റെ കണ്ണിൽ മീനാക്ഷിയും വിനോദും ഒരു പോലെ തെറ്റുകാരാണ്. മനസ്സിലുറഞ്ഞ മലപോലെയുള്ള ദുഃഖവും കണ്ണിൽ നിറഞ്ഞ കണ്ണുനീരുമായി സൗഹൃദത്തിന്‍റെ ശവത്തിന് മേൽ ഒരു പൂമാലയണിയിക്കാൻ ഞാൻ ആഗ്രഹിച്ചു.

ഞാൻ പേരില്ലാത്ത ആ പരമശക്തിയോട് എന്നും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

അവസാനം എന്‍റെ പ്രാർത്ഥന ഫലിച്ചു. മീനാക്ഷിയിൽ നിന്ന് സ്ഫോടനാത്മകമായ ആ വെളിപ്പെടുത്തൽ നടത്തി. ഞാൻ അപ്പുറത്തെ വിഷ്ണു സാറിനെ സ്നേഹിക്കുന്നു…

മീനാക്ഷിയുടെ വെളിപ്പെടുത്തൽ കേട്ടപ്പോൾ വിനോദിന് അമ്പരപ്പാണ് തോന്നിയത്. എങ്കിലും അയാൾ പറഞ്ഞു. അതെ നല്ല കാര്യമാണ്. നിനക്ക് തിരിച്ചറിവ് ഉണ്ടായല്ലോ.

സൗഹൃദത്തിന്‍റെ ശവത്തിനടുത്തിരുന്ന് കണ്ണുനീർ ഒഴുക്കുന്നതിൽ ഭേദമല്ലേ അവളെയൊരു അയൽക്കാരിയുടെ രൂപത്തിൽ അംഗീകരിക്കുന്നത്. സൗഹൃദം ഉറച്ചുതന്നെ നിൽക്കും. പക്ഷെ അമ്മിണിയോ, അവളെ എവിടെയോ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നില്ലേ….

ഇഷ്ടാനിഷ്ടങ്ങൾ- അവസാനഭാഗം

രാവിലെ റൂമില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ മഞ്ജു ശ്രദ്ധിച്ചു. വിനയന്‍റെ മുറി തുറന്നു കിടക്കുകയാണ്. ശിവരാമകൃഷ്ണനും വിനയനും കുട്ടിക്കാനത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.

കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ടപോലെ അവള്‍ വിനയന്‍റെ റൂമിനകത്തേക്ക് നടന്നു.

ക്ലോത്ത് ഹാങ്ങറില്‍ ഒരു പാന്‍റും ഷര്‍ട്ടും തൂങ്ങിക്കിടപ്പുണ്ട്. വല്ലാത്തൊരു ശൂന്യത തോന്നി അവള്‍ക്ക്. വിനയന്‍റെ സാന്നിദ്ധ്യം താന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന അറിവ് അവളെ അത്ഭുതാധീനയാക്കി.

മഞ്ജു ഉണ്ണിത്താന്‍റെ മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം പാതിമയക്കത്തിലായിരുന്നു. സേതുലക്ഷ്മി അവിടെ ഉണ്ടായിരുന്നില്ല. ബാത്ത് റൂമിലെ ഷവറില്‍നിന്ന് വെള്ളമോഴുകുന്ന സ്വരം കേള്‍ക്കാനുണ്ട്.

ഉണ്ണിത്താന്‍റെ പരിക്ഷീണമായ മുഖത്തേക്ക് നിര്‍ന്നിമേഷം നോക്കിനിന്നപ്പോള്‍ മഞ്ജുവിന്‍റെ മനസ്സ് തേങ്ങിപ്പോയി. ഇടറുന്ന സ്വരത്തിലവള്‍ വിളിച്ചു. “ഡാഡി”. പിന്നെ ഉണ്ണിത്താന്‍റെ പാദങ്ങളില്‍ മുഖം ചേര്‍ത്ത് തേങ്ങിക്കരഞ്ഞു. “സോറി ഡാഡി, വെരി വെരി സോറി.”

ഉണ്ണിത്താന്‍ ശ്രമപ്പെട്ട്‌ എഴുന്നേറ്റിരുന്നു. “എന്താ മോളെയിത്? വാ, ഡാഡിയുടെ അടുത്ത് വന്നിരിക്ക്‌.”

മഞ്ജു കട്ടിലിലിരുന്നപ്പോള്‍ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞിനെ എന്നപോലെ ഉണ്ണിത്താനവളെ സ്വന്തം മാറോടണച്ചുപിടിച്ചു. വാത്സല്യത്തിന്‍റെ നിറവോടെ ശിരസ്സില്‍ തഴുകി.

ആ നിമിഷം ബാത്ത്റൂമിന്‍റെ വാതില്‍ തുറന്ന് സേതുലക്ഷ്മി പ്രത്യക്ഷപ്പെട്ടു. കരളലിയിക്കുന്ന ആ രംഗം അവരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.

മഞ്ജുവിനെ പൂണ്ടടക്കം കെട്ടിയണച്ചുകൊണ്ട് സേതുലക്ഷ്മി വിതുമ്പി “തെറ്റ് എന്‍റെതാ. നിനക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സന്മനസ്സുപോലും ഞാന്‍ കാണിച്ചില്ല. ഞാന്‍ വെറുതെ നിന്നെ തെറ്റിദ്ധരിച്ചു. ആ മുരളിയെ കണ്ണടച്ച് വിശ്വസിക്കൂം ചെയ്തു. പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് മുരളിയുടെ തനിനിറമെന്തെന്ന് എനിക്ക് മനസ്സിലായത്.”

“റെസ്റ്ററന്‍റില്‍ വെച്ച് മമ്മിയുടെ കണ്മുന്നില്‍ നടന്ന സംഭവങ്ങലെല്ലാം ശിവരാമേട്ടന്‍ എന്നോട് പറഞ്ഞു.”

“തീരെ ആത്മാര്‍ത്ഥതയില്ലാത്ത ഒരു പകല്‍മാന്യന്‍ മാത്രമാണ് മുരളിയെന്ന് മനസ്സിലായപ്പോള്‍ ആ ബാധ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനെന്നെ സഹായിച്ചത് വിനയന്‍സാറാണ്.” മഞ്ജു അറിയിച്ചു.

“വിനയനെക്കുറിച്ച് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞങ്ങള്‍. നീ മമ്മിയോട് ആദ്യം പറഞ്ഞത് വിനയന്‍ പോസ്റ്റ്‌ഗ്രാജ്വേഷന് പഠിക്കുകയാണെന്നാണല്ലോ. ഇന്നലെ ശിവരാമന്‍ പറഞ്ഞത് അയാള്‍ അഗ്രികള്‍ച്ചറല്‍ എംഎസ്സി ആണെന്നും. സത്യത്തില്‍ ആരാണയാള്‍? നിനക്കെങ്ങനെയാണ് വിനയനെ പരിചയം?”

“ശിവരാമേട്ടന്‍ പറഞ്ഞതാണ്‌ ശരി. പോസ്റ്ഗ്രാജ്വേഷന്‍ കഴിഞ്ഞശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട്‌ ലൈബ്രറിയന്‍റെ താല്‍ക്കാലിക വേക്കന്‍സിയില്‍ ഞങ്ങടെ കോളേജില്‍ ജോലി ചെയ്യുകയായിരുന്നു, വിനയന്‍സാര്‍. മുരളിയുടെ ശല്യമൊഴിവാക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് എന്‍റെ ഫ്രണ്ട്സിന്‍റെ ഉപദേശപ്രകാരം ഞാന്‍ സാറിന്‍റെ സഹായം തേടിയത്. ഞങ്ങള്‍ വളരെ നിര്‍ബ്ബന്ധിച്ചപ്പോഴാണ് കുറച്ചുനേരത്തേക്ക് എന്‍റെ ബോയ്ഫ്രെണ്ടായി അഭിനയിക്കാന്‍ സാര്‍ തയ്യാറായത്. സത്യത്തില്‍ പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ നിന്ന് മടങ്ങുമ്പോള്‍ വെറുമൊരു ബോഡിഗാര്‍ഡായി മാത്രമാണ് ഞാന്‍ സാറിനെ കൂടെ കൊണ്ടുവന്നത്. നല്ലൊരു ജോലി കിട്ടുന്നതുവരെ നമ്മുടെ എസ്റ്റേറ്റില്‍ എന്തെങ്കിലും ഒരു ജോലി നല്കാന്‍ ഡാഡിയോട് റെക്കമന്‍റ് ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു.”

“വിനയനും നീയും രജിസ്റെര്‍ മാര്യേജ് കഴിച്ചു എന്നൊക്കെയാണല്ലോ നീ മമ്മിയോട് പറഞ്ഞത്.”

“മമ്മീടെ കടുംപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതായപ്പോള്‍ പറഞ്ഞു പോയതാ ഡാഡി.”

ഉണ്ണിത്താനപ്പോള്‍ ആശങ്കാകുലനായി “ഇത്രയൊക്കെ സാഹസം വേണ്ടിയിരുന്നോ മോളെ? അപരിചിതനായ ഒരുത്തനെ കണ്ണടച്ച് വിശ്വസിച്ച്… ”

“വിനയന്‍സാറ് ശുദ്ധപാവമാ ഡാഡി. സാറിന് എന്തെങ്കിലും ഒരു ജോലി ഏര്‍പ്പാടാക്കി കൊടുക്കണം. സാറിന്‍റെ കുടുംബത്തിന് അത് വലിയ സഹായമാകും.”

“വിനയനെ നമുക്കങ്ങനെ വെറുംകയ്യോടെ മടക്കി അയക്കാനാകില്ലല്ലോ. വിഷമഘട്ടത്തില്‍ നിന്നെ സഹായിച്ച ആളല്ലേ.”

“വിനയന്‍റെ വീടെവിടെയാ? വീട്ടില്‍ ആരോക്കെയുണ്ട്?”

മഞ്ജു ഔത്സുക്യത്തോടെ അറിയിച്ചു. “സാറിന്‍റെ വീട് മൂലക്കുളത്താ ഡാഡി. ’സ്ഥാനിവീട്ടില്‍’ എന്നാ വീട്ടുപേര്. വീട്ടില്‍ അമ്മേം അച്ഛനും ഒരനുജത്തീം. അനുജത്തി വിമലക്ക് മെഡിസിന് അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. കോട്ടയത്തെ മെഡിക്കല്‍ കോളേജില്‍. സാറിന്‍റെ അച്ഛന്‍ അവിടത്തെ സ്ക്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഞാന്‍ ഒരുദിവസം വിനയന്‍ സാറിന്‍റെ വീട്ടില്‍ പോയിരുന്നു ഡാഡി. എത്ര സ്നേഹത്തോടെയാണെന്നോ അവരെന്നോട് പെരുമാറിയത്.”

അത്യുത്സാഹത്തോടെയുള്ള മഞ്ജുവിന്‍റെ വര്‍ണ്ണന കേള്‍ക്കുമ്പോള്‍ തന്‍റെ മകള്‍ക്ക് വിനയനോടുള്ള ചേതോവികാരമെന്തെന്ന് വിശകലനം ചെയ്യുകയായിരുന്നു ഉണ്ണിത്താന്‍. വെറും ഉപകാരസ്മരണ മാത്രമല്ല അതിന് പിറകില്‍ എന്ന് മഞ്ജുവിന്‍റെ മുഖഭാവത്തില്‍നിന്നും അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു.

ലാഘവപൂര്‍വ്വം ഒരു ചെറുപുഞ്ചിരിയോടെ ഉണ്ണിത്താന്‍ പറഞ്ഞു. “ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് ആവശ്യമായിരുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അന്യരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാലുള്ള അപകടം എന്താണെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. അല്ലെ സേതു?”

തീരെ പരിഭവമില്ലാതെ ചിരിച്ചുകൊണ്ട് സേതുലക്ഷ്മി തലയാട്ടി.

വിനയനെ ആരോ ഫോണില്‍ വിളിക്കുന്നുണ്ടെന്ന് ധര്‍മ്മേന്ദ്രന്‍ അറിയിച്ചപ്പോള്‍ മഞ്ജു ഡ്രോയിംഗ്റൂമിലേക്ക്‌ പോയി. വറീത് ചേട്ടന്‍റെ ഫോണായിരുന്നു.

“ഞാന്‍ മഞ്ജുവാണ് വറീത് ചേട്ടാ. വിനയന്‍ സാറിവിടെയില്ലല്ലോ. എന്‍റെ കസിന്‍റെ വീട്ടില്‍ പോയിരിക്ക്യാ. മടങ്ങാന്‍ രാത്രി ആകുമെന്നാ പറഞ്ഞത്.”

“എങ്കില്‍ സാറെത്തുമ്പോള്‍ ഒരു വിവരം അറിയിച്ചാല്‍ മതി. സാറ് മദ്രാസില്‍ ഒരു ഇന്‍റര്‍വ്യൂവിന് പോയിരുന്നല്ലോ. ആ ജോലി ശരിയായി. അപ്പോയന്‍റ്മെന്‍റ് ഓര്‍ഡര്‍ സാറിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്.”

“സാറെത്തുമ്പോള്‍ ഞാന്‍ വിവരം അറിയിച്ചോളാം.”

“അടുത്ത ആഴ്ച ജോയിന്‍ ചെയ്യണമെന്നാ ഓര്‍ഡറില്‍. എന്നെ നേരിട്ടൊന്നു വിളിക്കാനും സാറിനോട് പറഞ്ഞേക്കണം കേട്ടോ മോളെ.”

“പറയാം.” മഞ്ജു പറഞ്ഞു.

മഞ്ജു തിരികെ വന്നപ്പോള്‍ ഉണ്ണിത്താന്‍ ചോദിച്ചു. “ആരുടെ ഫോണായിരുന്നു?”

“കോളേജിലെ പ്യൂണ്‍ വറീത് ചേട്ടന്‍റെ. സാറിന് മദ്രാസില്‍ ജോലി കിട്ടിയിട്ടുണ്ട് എന്നറിയിക്കാന്‍ വിളിച്ചതാണ്. ഓര്‍ഡര്‍ സാറിന്‍റെ വീട്ടിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞു.”

“വെരി ഗുഡ്. ഏതു കമ്പനീലാണെന്നാ പറഞ്ഞത്?”

“അത് ചോദിക്കാന്‍ ഞാന്‍ മറന്നു ഡാഡി.” മഞ്ജുവിന്‍റെ സ്വരത്തിലെന്തോ ഉത്സാഹക്കുറവുള്ളതുപോലെ തോന്നി ഉണ്ണിത്താന്. അവള്‍ പെട്ടെന്ന് അവിടെനിന്നെഴുന്നേറ്റ് പോവുകയും ചെയ്തു.

വിനയന് മദ്രാസില്‍ ജോലികിട്ടി എന്നറിഞ്ഞപ്പോള്‍ സേതുലക്ഷ്മി പറഞ്ഞു “ഹാവൂ! സമാധാനമായി. നമ്മളാദ്യം സംശയിച്ചതുപോലുള്ള ബന്ധമൊന്നും മഞ്ജുവും വിനയനുമായി ഇല്ലാത്ത സ്ഥിതിക്ക് അയാളിവിടെ താമസിക്കുന്നത് ശരിയല്ലെന്നൊരു വേവലാതി എനിക്കുമുണ്ടായിരുന്നു. മഞ്ജുവിനും അടുത്ത വർഷം പോസ്റ്റ്‌ഗ്രാജ്വേഷന് ചേരണമെന്നാണ് ആഗ്രഹം എന്നല്ലേ പറഞ്ഞത്?”

“മറ്റൊരാഗ്രഹംകൂടി അവള്‍ക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്”

“എന്താഗ്രഹം?” സേതുലക്ഷ്മി ആശയക്കുഴപ്പത്തിലായി.

“നീ അവിടെയിരിക്ക്, തീര്‍ച്ച പറയാനാകില്ലെങ്കിലും ഞാന്‍ പറയാം.” ഉണ്ണിത്താന്‍ പറഞ്ഞു.

മഞ്ജുവപ്പോള്‍ മുകളിലെ ലോബിയിലായിരുന്നു. ടിവി ഓണ്‍ ചെയ്ത് റിമോട്ടില്‍ ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നതല്ലാതെ ഒന്നിലും ശ്രദ്ധയൂന്നാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

വിനയന്‍റെ ജോലിക്കാര്യം വറീത് ചേട്ടന്‍ അറിയിച്ചത് മുതല്‍ വല്ലാത്തൊരു മ്ലാനത അവളെ വിവശയാക്കി. ഈ വാര്‍ത്ത‍ വിനയന്‍ സാറിന് വളരെ സന്തോഷിപ്പിക്കും എന്നതില്‍ സംശയമില്ല. സാറിന്‍റെ ശുഭാകംക്ഷി എന്ന നിലക്ക് സാറിന്‍റെ നേട്ടത്തില്‍ തനിക്കും സന്തോഷം തോന്നേണ്ടതാണ്. പക്ഷെ നഷ്ടബോധംകൊണ്ട് മനസ്സ് നീറുകയാണിപ്പോള്‍.

സാറിന് ഡാഡിയുടെ എസ്റ്റേറ്റില്‍ ഒരുജോലി കൊടുത്താല്‍ സാറിവിടം വിട്ട് പോകില്ലല്ലോ എന്നാശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാ കണക്കുകൂട്ടലുകളും കീഴ്മേല്‍ മറിച്ചുകൊണ്ട് വറീത് ചേട്ടന്‍റെ ഫോണ്‍ എത്തുന്നത്.

രാത്രി കുറെ വൈകിയാണ് വിനയന്‍ കുട്ടിക്കാനത്തുനിന്ന് മടങ്ങി എത്തിയത്. ഉണ്ണിത്താനും സേതുലക്ഷ്മിയും ഉറക്കമായിക്കഴിഞ്ഞിരുന്നു.

വിനയന്‍ എത്തിയ ഉടനെ മഞ്ജു അറിയിച്ചു “വിനയന്‍സാറിന് ആ ജോലി കിട്ടിയെന്ന് വറീത് ചേട്ടന്‍ വിളിച്ചറിയിച്ചു.” വിനയന്‍റെ മുഖമപ്പോള്‍ ആഹ്ലാദംകൊണ്ട് തുടുത്തുപോയി.

“ഓര്‍ഡര്‍ സാറിന്‍റെ വീട്ടഡ്രസ്സില്‍ എത്തിയിട്ടുണ്ടെന്ന്. ഒരാഴ്ചക്കുള്ളില്‍ ജോയിന്‍ ചെയ്യണമെന്നാ പറഞ്ഞത്. നാളെ കോളേജിലേക്ക് ഒന്ന് വിളിക്കണമെന്ന് വറീത് ചേട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”

“എന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിട്ടുണ്ടാകും. പിന്നെന്തൊക്കെയാ വറീത് ചേട്ടന്‍ പറഞ്ഞത്?”

“വേറൊന്നും പറഞ്ഞില്ല. മൂപ്പര് വലിയ സന്തോഷത്തിലായിരുന്നു. സാറിന് ഭക്ഷണം കഴിക്കണ്ടേ? എല്ലാം മേശപ്പുറത്തേക്ക് എടുത്തുവെച്ചിട്ടുണ്ട്.”

“എനിക്കൊന്നും കഴിക്കാന്‍ തോന്നുന്നില്ല. മഞ്ജു കഴിച്ചില്ലേ?”

“സാറെത്താന്‍ വെയ്റ്റ് ചെയ്യുകയായിരുന്നു.”

“ഹോ, സോറി! ശിവരാമകൃഷ്ണന്‍ എന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി മൂക്കറ്റം തീറ്റിച്ചിട്ടാണ് വണ്ടി കയറ്റി വിട്ടത്. മഞ്ജു കഴിച്ചിട്ടുവരൂ. അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം.”

തന്‍റെ പിറകെ മഞ്ജുവും കോണികയറുന്നത് കണ്ടപ്പോള്‍ വിനയന്‍ ചോദിച്ചു “മഞ്ജുവെന്താ ഒന്നും കഴിക്കുന്നില്ലേ?”

“വിശപ്പ്‌ തോന്നുന്നില്ല.” സ്വന്തം റൂമിന് നേരെ നടന്നുകൊണ്ട് മഞ്ജു പറഞ്ഞു അവളുടെ പെരുമാറ്റത്തില്‍ ഇതുവരെ ഇല്ലാത്ത അകല്‍ച്ച തോന്നി വിനയന്.

കുളി കഴിഞ്ഞയുടനെ വിനയന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വഴിമാറി നിന്നതേയുള്ളൂ. ചിന്തകള്‍ കൂട് നഷ്ടപ്പെട്ട കിളിയെപ്പോലെ എവിടെയൊക്കെയോ പാറി നടന്നു.

വീട്ടില്‍ അച്ഛനും അമ്മയും വിമലയും തന്നെയും കാത്തിരിക്കുകയായിരിക്കും. നാളെ രാവിലെ തന്നെ മൂലക്കുളത്തേക്ക് പുറപ്പെടണം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മദ്രാസിലേക്കും. ഏതെങ്കിലും ലോഡ്ജില്‍ താമസ സൗകര്യം ഏര്‍പ്പടാകുന്നതുവരെ ഹോട്ടലില്‍ താമസിക്കേണ്ടിവരും.

ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനിടയില്‍ തന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റി മറിച്ച സംഭവങ്ങളെക്കുറിച്ചും ഓര്‍ത്തുപോയി. അവസാനം വിധി തന്നെയെത്തിച്ചത് ഇവിടെയും.

ഹോട്ടലിലെ “പ്രേമനാടക”ത്തിന് പ്രതിഫലമായി മഞ്ജു തന്ന പണംകൊണ്ടാണ് മദ്രാസില്‍ ഇന്‍റര്‍വ്യൂവിന് പോകാന്‍ കഴിഞ്ഞത്. ഇല്ലെങ്കില്‍ ഈ ജോലി തനിക്കിന്നും ഒരു മരീചികയാകുമായിരുന്നു. മഞ്ജുവിനോട് തനിക്ക് വേറെയും കടപ്പാടുകളുണ്ട്… പിന്നെ എന്തെല്ലാമോ മോഹങ്ങളും… സ്വപ്നങ്ങളുമുണ്ട്.

ആ മോഹങ്ങള്‍ കയ്യെത്താനാകാത്ത ഉയരങ്ങളില്‍ ആണെന്നറിഞ്ഞിട്ടും അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കാന്‍ ആഗ്രഹിക്കുന്ന ബാലനെപ്പോലെ ആശിച്ചുപോകുന്നു.

തുടക്കത്തില്‍ മഞ്ജുവിനോട് സംസാരിക്കാന്‍പോലും മടിയായിരുന്നു. പക്ഷെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവളുടെ സ്വകാര്യദുഃഖങ്ങള്‍ തന്‍റേതുകൂടിയായി. അപ്പോഴെല്ലാം സ്വയമറിയാതെ മനസ്സ് സ്വപ്നങ്ങള്‍ നെയ്തെടുക്കുകയായിരുന്നു… എല്ലാം വെറും പാഴ്ക്കിനാവുകള്‍.

ഒരു വിഷമവൃത്തത്തില്‍നിന്ന് രക്ഷനേടുവാനുള്ള ശ്രമത്തിനിടയില്‍ ഏതാനും പച്ചനോട്ടുകള്‍ പ്രതിഫലം വാങ്ങി അഭിനയിക്കാനെത്തിയ ഒരു നാടകനടനോടുള്ള നന്ദി മാത്രമേ മഞ്ജുവിന് തന്നോടുണ്ടാകാന്‍ വഴിയുള്ളൂ. ചെറിയൊരു ഉപകാരസ്മരണ മാത്രം. കാലം കടന്നുപോകുമ്പോള്‍ സാഹസികതയുടെ ഉദ്വേഗം നിറഞ്ഞ ഏതാനും ദിവസങ്ങളും ഹ്രസ്വമായ ഒരു സൗഹൃദത്തിന്‍റെ ഓര്‍മ്മകളും അവളുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയേക്കാം. പക്ഷെ എന്നും തന്‍റെ ഓര്‍മ്മയുടെ താളുകളില്‍ ചുറുചുറുക്കുള്ള ഒരു പെണ്‍കുട്ടിയുടെ നിറം മങ്ങാത്ത ചിത്രമുണ്ടാകും.

അസ്വസ്ഥചിന്തകള്‍ പുകയുന്ന മനസ്സുമായി വിനയന്‍ ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവസാനം ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച് വാതില്‍ തുറന്ന് ലോബിയിലേക്ക് നടന്നു.

ലൈറ്റ് തെളിയിച്ചപ്പോള്‍ മച്ചിലേക്ക് നോക്കി തപസ്സിരിക്കുന്ന മഞ്ജു! വിഷാദം വഴിയുന്ന മുഖത്ത് കണ്ണീര്‍പാടുകള്‍.!

എതിരെയുള്ള സോഫയില്‍ ഇരുന്നുകൊണ്ട് വിനയന്‍ വ്യഗ്രതയോടെ ചോദിച്ചു. “എന്താ മഞ്ജു? എന്തിനാ കരയുന്നത്?”

വിങ്ങിപ്പൊട്ടിയുള്ള ഒരു കരച്ചിലായിരുന്നു അതിനുള്ള മറുപടി. അടുത്ത നിമിഷം കണ്ണുകള്‍ അമര്‍ത്തിതുടച്ചുകൊണ്ട് മഞ്ജു എഴുന്നേറ്റു. “ഞാനിപ്പോള്‍ വരാം.”

അവള്‍ മടങ്ങിവന്നത് നൂറു രൂപയുടെ ഒരു കെട്ട് നോട്ടുമായാണ്. അവളത് വിനയന്‍റെ നേരെ നീട്ടി. “ഇത് സാറ് വാങ്ങണം.”

“എനിക്കിത് വേണ്ട.”

“എന്താ വേണ്ടാത്തത്?”

“മഞ്ജു തന്ന പണം കൊണ്ടല്ലേ ഞാന്‍ ഇന്‍റര്‍വ്യുവിന് പോയത്. അല്ലെങ്കില്‍ എനിക്ക് ഈ ജോലി കിട്ടുമായിരുന്നില്ല. മഞ്ജു എനിക്ക് പല സഹായങ്ങളും ചെയ്തു കഴിഞ്ഞു. അതെല്ലാം തന്നെ ധാരാളമായി. അതൊന്നും ഞാന്‍ ഒരിക്കലും മറക്കില്ല.”

“സാറ് ചെയ്ത സഹായം എനിക്കും മറക്കാനാവില്ല. വലിയൊരു ചതിക്കെണിയില്‍ നിന്നാണെന്നെ സാറ് രക്ഷിച്ചത്‌. എനിക്ക്… എനിക്ക് സാറിനെ ഒരിക്കലും മറക്കാനാവില്ല… ഒരിക്കലും…” മഞ്ജുവിന്‍റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി.

“ഉറപ്പാണോ?” അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയോടെ വിനയന്‍ ചോദിച്ചു.

അവള്‍ മുഖമുയര്‍ത്തി വിനയന്‍റെ കണ്ണുകളിലേക്ക് നോക്കി. അവയിലെ പ്രേമസന്ദേശം ഒരു മയില്‍‌പീലിതുമ്പുപോലെ അവളുടെ വ്യഥകളെ മായ്ച്ചു കളഞ്ഞു.

ഒരു പൂവിതളിനെ എന്നോണം അവളുടെ കവിളില്‍ തഴുകിക്കൊണ്ട് സ്നേഹത്തിന്‍റെ നിറവോടെ വിനയന്‍ പറഞ്ഞു “മഞ്ജു ഇനി പോയി ഉറങ്ങിക്കോളൂ. ഗുഡ് നൈറ്റ്.”

പിറ്റേന്ന് രാവിലെ വിനയനെ യാത്രയാക്കാന്‍ ഉണ്ണിത്താനും സേതുലക്ഷ്മിയും മഞ്ജുവിനോടൊപ്പം ഉമ്മറത്തുണ്ടായിരുന്നു.

ഉണ്ണിത്താന്‍ ചോദിച്ചു. “വിനയന്‍ എന്നാണിനി ഇങ്ങോട്ടൊക്കെ?”

വിനയന്‍ മറുപടി പറയാന്‍ തുടങ്ങും മുന്‍പുതന്നെ മഞ്ജു ഇടയില്‍ കയറി പറഞ്ഞു “മദ്രാസിലേക്ക് പുറപ്പെടുന്നതിന്‍റെ തലേന്ന്.”

സംശയം തുളുമ്പുന്ന സ്വരത്തില്‍ ഉണ്ണിത്താന്‍ ചോദിച്ചു “ശരിയാണോ വിനയാ?”

മഞ്ജുവിന്‍റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് വിനയന്‍ മറുപടി നല്‍കി “അതെ.”

(അവസാനിച്ചു)

Continue reading ഇഷ്ടാനിഷ്ടങ്ങൾ- അവസാനഭാഗം

Story: ഭഗ്നാവശേഷം

വസുമതിയേടത്തി കണ്ണാടി നോക്കാറേയില്ല. വർഷങ്ങളായി അവരത് നിർത്തിയിട്ട്. കുളി കഴിഞ്ഞ് തള്ളവിരൽ പിന്നിലേയ്ക്ക് അല്പം മടക്കി തലമുടി കൃത്യമായി വകഞ്ഞിടാൻ അവർക്കറിയാം. പെട്ടിയുടെ അകത്തെ കള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പോ‍ഞ്ചുപൊട്ട് നെറ്റിയിൽ പുരികങ്ങളുടെ നേരെ മുകളിൽ തൊടുന്നത് കണ്ണാടി ഇല്ലാതെ തന്നെയാണ്. ഇത്രയും കൊണ്ട് ഒരുക്കവും കഴിഞ്ഞു.

ഭൂലോകത്ത് പെണ്ണായി പിറന്നവരിൽ സ്വന്തം മുഖം കണ്ണാടിയിൽ കാണാനിഷ്ടപ്പെടാത്തവരായി ആരെങ്കിലും കാണുമോ? കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി… എന്നാണ് ഗാനം പോലും. തന്‍റെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നോക്കി തീർച്ചയായും ഒരു കാലത്ത് വസുമതി ഏടത്തി മന്ദഹസിച്ചിരുന്നു. നല്ല പ്രായം കഴിഞ്ഞു പോയി എന്നതു കൊണ്ടല്ല അവർ കണ്ണാടികളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. മറിച്ച് അവ അവരോട് ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോഴാണ്. കണ്ണാടികൾ അവരോട് ആദ്യകാല രൂപമാണ് ചോദിക്കുന്നത്. നീതിയുടെ പര്യായമായി മാറിയ ജഡ്ജിയുടെ കുപ്പായത്തിനുള്ളിൽ നിന്നും അതെങ്ങനെയുണ്ടാക്കാനാണ്? ആ വ്യക്തി പ്രഭാവമല്ലാതെ അവരുടെ സൗന്ദര്യം മാത്രം ആരെങ്കിലും അല്ലെങ്കിൽത്തന്നെ നോക്കുമോ? കാലത്തിന്‍റെ എഴുത്തുകുത്തുകൾ ചുളിവുകളുടെ രൂപത്തിൽ ആ മുഖത്ത് ഇനിയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

അവരെത്രയോ ഉയരെയാണ്. ചിന്തകളിലും പെരുമാറ്റത്തിലും സ്വരത്തിൽ പോലും ഔന്നത്യം പുലർത്തുമ്പോൾ ആരാധനയോടെയല്ലാതെ എങ്ങനെ കാണും അവരെ?

വസുമതിയേടത്തിക്ക് അന്ന് നല്ല തിരക്കായിരുന്നു. ഒരു യുവതി കത്തിക്കരിഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീധനപീഡന ബലിയർപ്പണത്തിന്‍റെ ദാരുണമായ കഥനം. ഇത്തരം കാര്യങ്ങൾ കാലത്തെ അതിജീവിക്കുന്നവയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വസുമതിയേടത്തി അതേക്കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരം. സംഭവത്തെക്കുറിച്ച് പോലീസന്വേഷണം നടത്താതിരിക്കാനും, വാർത്തകൾ ഒളിപ്പിക്കുന്നതിനും പ്രതികളായ ഭർതൃമാതാവിനേയും പിതാവിനേയും മറച്ചു വയ്ക്കുന്നതിനുമായി ദിവസം മുഴുവൻ ഫോണ് ചെയ്യുകയായിരുന്നവർ.

സ്വധീനം തന്നെയാണ്. തെളിവ് നശിപ്പിച്ച് ഒളിവിൽ പോയി എന്ന വാർത്ത തെറ്റാണെന്ന് അടുത്ത ദിവസം പത്രങ്ങൾ പറഞ്ഞു. തീ കൊളുത്തി കൊന്നവരെ സംരക്ഷിക്കാൻ തനിക്കുള്ള മുഴുവൻ സ്വാധീനവും ജീവിതത്തിലാദ്യമായി വസുമതിയേടത്തി ഉപയോഗിച്ചു. പത്രങ്ങൾ, പോലീസ്, ഡോക്ടർ, ഭരണരംഗം ഇങ്ങനെയെല്ലായിടത്തും അവർക്ക് പിടിപാടുണ്ട്.

സ്ത്രീകളുടെ നേരെയുണ്ടാകുന്ന ഏതൊരാക്രമണത്തെയും നഖശിഖാന്തമെതിർക്കുന്ന വസുമതിയേടത്തി ഇത്തവണ ഈ നിഷ്ഠൂരകൃത്യം ചെയ്തവരെ സഹായിക്കുവാൻ മുതിരുന്നതെന്താണെന്ന് ചിന്തിക്കാത്തതായി ആരും ഇല്ല.

കൊല്ലപ്പെട്ട യുവതിക്ക് 25 വയസ്സ് പ്രായം. വിവാഹിത, വീട്ടമ്മ. ഭർത്താവിന് ജോലിയൊന്നുമില്ല. അവശരായ ഭർതൃമാതാവും പിതാവും. ഇത്തരമൊരു വീട്ടിൽ വഴക്കുകൾ സ്വാഭാവികമായിരിക്കുമെന്ന് ആരും പറയേണ്ട കാര്യമില്ലല്ലോ? ഭർത്താവിന്‍റെ ജ്യേഷ്ഠനാണ് വീട്ടുചെലവുകൾ നോക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് രണ്ടുപ്പേരുള്ള കുടുംബം തന്നെ കഴിയാന് ബുദ്ധിമുട്ടാണ്. അപ്പോഴാണ് അച്ഛനുമമ്മയ്ക്കും അനിയനും ഭാര്യയ്ക്കുമൊക്കെ ചെലവിനു കൊടുക്കുന്നത്. മരുമോൾ തുന്നൽപ്പണിക്ക് ഏറെ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജീവിതം മടുത്തപ്പോൾ അവൾ കീടനാശിനിക്കുപ്പിയുടെ സഹായം തേടി. ആദ്യം വിഷം കഴിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി, അവൾ ചാരമായി മാറി.

നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം കാണുമ്പോൾ പോലും പോലീസുകാർ ബഹുമാനം കൊണ്ട് ശിരസ് നമിച്ചു പോകും. സംഭവത്തെപ്പറ്റി പത്രങ്ങളിൽ പിന്നീട് ഒരു റിപ്പോർട്ടു പോലും വന്നില്ല. അല്ലെങ്കിൽ വരുത്തിയില്ല.

അവളുടെ ഹൃദയം തകർന്ന മാതാപിതാക്കൾ എത്തി. അവരും അമ്മായി അച്ഛനമ്മമാരും ചേർന്ന് എല്ലാവരും കൂടെ പൊട്ടിപ്പൊട്ടി കരഞ്ഞു. അനാഥനായ അവളുടെ കു‍ഞ്ഞിനുമേലും അശ്രുപൂക്കൾ അടർന്നു വീണു. ഇത്ര ചെറുപ്പത്തിൽ തന്നെ വിഭാര്യനായിത്തീർന്ന അവളുടെ ഭർത്താവിനെ കാണുമ്പോൾ ആരുടെയും കരളലി‍ഞ്ഞു പോകും. താമസിയാതെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എല്ലാവരും ഉപദേശിച്ചു. എല്ലാ രണ്ടാനമ്മമാരും ചീത്തയായിരിക്കയൊന്നുമില്ല. അയാൾക്ക് ഭാര്യയുടെ ആവശ്യമില്ലെങ്കിലും കുഞ്ഞിന് അമ്മയുടെ ആവശ്യമുണ്ടല്ലോ?

അത് പരിഗണിക്കണ്ടേ?

അങ്ങനെ മാലോകരുടെ ഇച്ഛപ്രകാരം മാത്രമാണ് രണ്ടാം വിവാഹം നടന്നത്. അന്ന് വസുമതിയേടത്തിയുടെ വകയായി ഏവർക്കും മിഠായിവിതരണം ഉണ്ടായിരുന്നു. എനിക്കും കിട്ടി ഒരെണ്ണം. കാരണം അവരുടെ കുഞ്ഞാങ്ങളയുടെ കല്യാണമല്ലേ? ഇത്തരം നാണയങ്ങളുടെ മറുവശം കാണണമെങ്കിൽ വസുമതിയേടത്തിയെപ്പോലെ ബുദ്ധിയും വിവരവും ചിന്താശേഷിയും ഉണ്ടായിരിക്കണം.

ഞാൻ മരിക്കും. എന്നാലും നിങ്ങളെ ഒറ്റയൊരെണ്ണത്തിനെ വെറുതെ വിടില്ല ഞാൻ. ഈ നാട്ടിൽ സത്യത്തിനും നീതിക്കും ഇപ്പോഴും വിലയുണ്ട്. മരിക്കുന്നവർക്ക് വെറുതെയങ്ങ് മരിച്ചാൽ മതി. ബാക്കിയുള്ളവർ എന്തൊക്കെ സഹിക്കണം? ഈ കുരുന്നുകുട്ടിയുടെ കാര്യമോ?

കണ്ടുമറന്ന ഒരു സീരിയൽ രംഗം എനിക്കോർമ്മ വരുന്നു. ഉറക്കമില്ലായ്മയെപ്പറ്റിയായിരുന്നത്.

ഉറങ്ങാതെ എന്തു ചിന്തിച്ചു കൊണ്ടു കിടക്കുന്നു?

ഒന്നുമില്ല.

എന്തെങ്കിലും വിഷമതകളുണ്ടോ?

ഇല്ലേയില്ല.

ഭർത്താവിൽ നിന്നെന്തെങ്കിലും ബുദ്ധിമുട്ട്?

ഒരിക്കലുമില്ല.

എന്തെങ്കിലും കാര്യം മനസ്സിനെ അലട്ടുന്നുണ്ടോ? ഉറക്കം മാത്രമില്ലെന്നോ?

ജീവിതത്തിൽ യാതൊരുവിധ വിഷമതകളും ഇല്ലാഞ്ഞിട്ടും ഒരു വ്യക്തിക്ക് ഉറക്കം കിട്ടുന്നില്ല. ഭർത്താവിൽ നിന്ന്, കുടുംബത്തിൽ നിന്ന് ഈ ലോകത്തിൽ നിന്നു തന്നെ ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുമില്ല. എന്നിട്ടും ഉറക്കമില്ല. പെണ്ണിന് ഉറക്കമില്ലായ്മയുണ്ടല്ലോ ചികിത്സിക്കണമെന്ന് അവളുടെ അമ്മ അമ്മായിയമ്മയോട് ഒരു തവണ ആവശ്യപ്പെട്ടതാണ്. നോട്ടും എണ്ണിക്കൊടുത്തു. രാത്രി ഉറക്കമില്ലെങ്കിൽ പകലുറങ്ങിക്കോളും. കുറച്ചുനേരമെങ്കിലും. അവളെ അമ്മ വീട്ടിലേക്കു കൊണ്ടുപോയാൽ പണിയൊക്കെ ആരുചെയ്യും. ഭയങ്കര കൗശലക്കാരി തന്നെ.

എല്ലാ പണികളും അവൾ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അമ്മായിയമ്മ ജ്യേഷ്ഠത്തിയെ കൈവെള്ളയിലാണ് കൊണ്ടുനടക്കുന്നത്. കെട്ടിക്കൊണ്ടുവന്ന അന്നു മുതൽ അവൾ മാടിനെപ്പോലെ പണിയെടുക്കുന്നതാണ്. പകൽ മുഴുവൻ വീട്ടുപണി. രാത്രി മുഴുവൻ അമ്മായിയമ്മയുടെ കാലുതിരുമ്മൽ. അവളെ ഉറക്കരുതെന്ന ഒറ്റ ഉദ്ദേശ്യമേയുള്ളൂ. എന്താ ചെയ്ക? എന്തൊക്കെ ഭക്ഷണ സാധനങ്ങൾ വീട്ടിലുണ്ടെങ്കിലും അവൾക്ക് പഴങ്കഞ്ഞി മാത്രം മതി. പാല് വീട്ടിലെല്ലാവരും കുടിക്കും. പക്ഷേ അവൾക്കിഷ്ടമല്ല. വസുമതിയേടത്തി ദീർഘനിശൊസമുതിർത്തു.

അവരുടെ വ്യക്തിത്വത്തിന്‍റെ ജ്വാല പകർന്നിരുന്ന ഓജസ് കുറഞ്ഞു. ലക്ഷ്യങ്ങളുടെ ശേഖരം ചികയുമ്പോൾ സ്വാർത്ഥതയുടെ കാഷ്ഠങ്ങൾ, നിങ്ങൾ തന്നെ പറയൂ, വസുമതിയേടത്തി പിന്നെയെങ്ങനെ കണ്ണാടിയിൽ നോക്കും?

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें