നഗര ഹൃദയത്തിൽ നിന്നും ആറു കിലോമീറ്ററോളം ഉള്ളിലോട്ടു മാറിയുള്ള ചെറു ടൗണിലാണ് എന്‍റെ ഓഫീസ്. ആ ടൗണിനുള്ളിൽ പൂമരങ്ങളും പേരറിയാത്ത മരങ്ങളും നിരനിരയായി തണൽ പടർത്തി നിൽക്കുന്ന നീണ്ട വഴിയോരങ്ങളുണ്ട്. വൃത്തിയും ഭംഗിയുമുള്ള വഴിത്താരകൾ ഗതകാല പ്രൗഢി വിട്ടൊഴിയാൻ കൂട്ടാക്കാതെ ഇപ്പോഴും നിലനിൽക്കുന്നു. ഈയൊരു പ്രദേശത്ത് ഓടകളും അഴുക്കുചാലുകളും ഇല്ലാത്തത് ചെറുപ്പത്തിൽത്തന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. പഴയ കാലത്തെ ഏതൊ ഒരു ആസൂത്രകനിൽ ദൈവം, ഇപ്രദേശമെത്തിയപ്പോൾ ഒരു കൈയൊപ്പ് ചാർത്തിക്കാണണം.
ടൗണിലെ നാൽക്കവലയിൽ നിന്നും വലത്തോട്ടു പോകുന്ന വഴിത്താരയിൽ ആദ്യം തന്നെ കണ്ണിലുടക്കുന്ന ഒരു പാട് വർഷത്തെ പഴമയുടെ മുഖപടമണിഞ്ഞു നിൽക്കുന്ന രണ്ടുനില കെട്ടിടമുണ്ട്. ആ കെട്ടിടത്തിലെ മുകൾ നിലയിൽ ഇടതും വലതുമായി രണ്ടു വിശാലമായ മുറികൾ. അവക്കു മുന്നിൽ മരം പാകിയ നീണ്ട വരാന്ത. എപ്പോഴും അടച്ചിട്ടു കാണാറുള്ള ഒന്നിന്‍റെ അവകാശി ആരെന്ന് വ്യക്തമല്ല. അതിനപ്പുറത്തുള്ളതാണ് എന്‍റെ ഓഫീസ് മുറി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനിവിടെ ഒരു പാട് തവണ വന്നിട്ടുണ്ട്. അന്ന് കരുതിയിരുന്നില്ല, ഒരു കാലത്ത് ഇവിടം എന്‍റെ സ്ഥിരം താവളമാകുമെന്ന്.
അന്നീ സ്ഥലം സ്നാക്സും കേക്കും മസാല ചായയുമെല്ലാം ഒക്കെ ലഭിക്കുന്ന ചെറു ഭക്ഷണശാലയായിരുന്നു. രണ്ടു കസേരയും ഒരു ചെറുമേശയുമായി സ്ഥലം നാലുഭാഗമായി വിഭജിച്ചിരുന്നതായാണ് ഓർമ്മ. എപ്പോൾ ചെന്നാലും കേക്കിന്‍റെ ഹൃദ്യമായ ഗന്ധം അവിടെ നിന്നും പരന്നൊഴുകും. നാക്കിൽ വച്ചാലലിയുന്ന അത്രയും മാർദവമേറിയ സമചതുരാകൃതിയിൽ മുറിച്ച് അടുക്കി വച്ച കേക്കിൻ കഷണങ്ങൾ എന്‍റെ സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത ഒരു രുചിയോർമ്മയാണ്. എന്‍റെ അടുത്ത സുഹൃത്തായിരുന്ന ഗബ്രി എന്ന ഗബ്രിയേലിന്‍റെ അപ്പനായിരുന്നു അന്നതു നടത്തിയിരുന്നത്. വല്ലപ്പോഴും അല്പം പണം ലഭിച്ചാൽ അവിടെ പോയി നാക്കിൽ വച്ചാലലിയുന്ന പതുപതുത്ത കേക്കും വിശേഷപ്പെട്ട സുഗന്ധദ്രവ്യങ്ങൾ ഇട്ട് തിളപ്പിച്ച ചായയും കഴിക്കുവാൻ എനിക്ക് വലിയ കൊതിയുമായിരുന്നു.
ഞാൻ ഗബ്രിയുടെ കൂട്ടുകാരനെന്ന് അറിയാവുന്ന അവന്‍റെ അപ്പൻ അത്യാവശ്യം സൗജന്യങ്ങളൊക്കെ തനിക്ക് അനുവദിച്ചു തന്നിരുന്നു. വെളുത്ത താടിയും ബ്രൗൺ നിറമുള്ള കോട്ടുമിട്ട് മങ്കി തൊപ്പിയും ധരിച്ച് സൗമ്യമായിസംസാരിക്കുന്ന അദ്ദേഹത്തിന്‍റെ മുഖവും ശരീരഭാഷയും ഇന്നും എന്‍റെ ഓർമ്മകളിലുണ്ട്. ഓർക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അദ്ദേഹം സ്ഥിരം ഇരിക്കാറുള്ള വിചിത്ര ചിത്രപ്പണികളുള്ള ഒരു ഇരുമ്പുകസേരയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്. ഒരു പത്തറുപതു വർഷമെങ്കിലും പഴക്കം കാണുമതിന്. ഇന്നും തുരുമ്പിന്‍റെ അംശം പോലും അതിൽ കാണാൻ കഴിയുകയില്ല.
ഒരുനാൾ ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്ന അപ്പനെ തിരക്കി സ്നാക്ക്സ്ഷോപ്പിലെത്തിയ ഗബ്രി കണ്ടത് ഇരുമ്പു കസേരയിൽ കെട്ടുപാടുകളില്ലാതെ സർവ്വത്തിൽ നിന്നും മോചിതനായി ശാന്തനായി ഇരിക്കുന്ന അപ്പനെയായിരുന്നു. പുതുതായി ബേക്ക് ചെയ്ത കേക്ക് പുകുത്ത കഷണങ്ങൾ അപ്പോഴും ചില്ലുകൂട്ടിൽ ചൂടാറാതെ ഇരിപ്പുണ്ടായിരുന്നു.