ലോകം മുഴുവനും സുഖനിദ്രയിലാണ്. കടൽക്കാറ്റ് പോലും തീരത്ത് അലോസരമുണ്ടാക്കാതെ മുന്നോട്ട് വീശിക്കൊണ്ടിരിക്കുന്നു. പുലർച്ചെ ഏകദേശം 4 മണിയായിട്ടുണ്ട്. ഒരു പക്ഷേ ഈ അസമയത്ത് ഞാൻ മാത്രമാണ് പലവിധ ചിന്തകളിൽ കുടുങ്ങിയ മനസ്സ് ഏകാഗ്രമാക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ മനസ്സ് പ്രക്ഷുബ്ധമാണെങ്കിൽ എങ്ങനെയാണ് ഏകാഗ്രമാകുന്നത്.
ബാല്യം മുതൽ കൗമാരകാലഘട്ടം വരെ എങ്ങനെയെത്തിയെന്നു പോലും ഓർമ്മയില്ല. ഓർമ്മയിലുള്ളത് കൂട്ടുകാരിയായിരുന്ന മീനാക്ഷി മാത്രമായിരുന്നു. ഞാനവളെ അമ്മിണിയെന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്. എന്‍റെ ബാല്യവും കൗമാരവും അവളോടൊപ്പമുള്ള സുന്ദരമുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോയത്. അവളോടൊപ്പം ഊഞ്ഞാലാടുകയും പലപ്പോഴും അയലത്തുകാരുടെ പറമ്പിൽക്കയറി മാങ്ങയും പുളിയും നാരങ്ങയും മോഷ്ടിക്കുകയും ചെയ്യും. പിന്നീട് പിടിക്കപ്പെടുമ്പോൾ ക്ഷമ പറഞ്ഞും, ചെവിക്കു പിടിച്ച് ഏത്തമിട്ടും രക്ഷപ്പെടുന്നത് ഇന്നും ഓർക്കുന്നു.
പക്ഷേ പിന്നീട് സ്വഭാവത്തിൽ മാറ്റം വന്നത് വളരെ പെട്ടെന്നാണ്. അതുകൊണ്ടാണ് 16 വയസ്സുതൊട്ട് എനിക്ക് വലിയ മാറ്റമുണ്ടായത്. അടുത്ത ബന്ധുവായ വിനോദുമായി കണ്ണുകളിടഞ്ഞത് ആരും തന്നെ അറിഞ്ഞില്ല. രാപ്പകൽ വിനോദിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിൽ മുഴുകി കഴിഞ്ഞു.
ഇതിനിടയിലാണ് വിനോദുമായുള്ള എന്‍റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം അടുത്തു. അമ്മിണിയാകെ ഉത്സാഹഭരിതയായി. അമ്മിണിക്ക് എന്‍റെ വിവാഹദിവസം ഒരു ഉത്സവദിനം പോലെയായിരുന്നു. അവളൊരു തുമ്പിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോകും വരെ അവളെന്നോടൊപ്പം നിന്നു. എന്‍റെ ശ്യാമവർണ്ണൻ ആ മീരയുടെ ചെവികളിൽ എപ്പോഴാണ് ഓടക്കുഴലൂതിയത്? ആ രഹസ്യം ഇതുവരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്‍റെ പ്രിയതമന് അമ്മിണിയോടൊരു ആഭിമുഖ്യം ഉണ്ടെന്നുള്ള കാര്യം ഞാനറിഞ്ഞില്ല. ഞാനെപ്പോഴെങ്കിലും അമ്മിണിയെന്നുച്ചരിക്കുമ്പോൾ എന്‍റെ ഭർത്താവിന് കലശലായ ദേഷ്യം വരുമായിരുന്നു. മീനാക്ഷിയെന്നത് എത്ര നല്ല പേരാണ്. നീയാണ് അവളുടെ പേരിനെ വികൃതമാക്കുന്നത്. വിനോദ് എന്നെ വഴക്കുപറഞ്ഞു.
ചേട്ടനും ഭാര്യയുടെ അനുജത്തിയും തമ്മിലുള്ള ഒരു സാധാരണ ബന്ധമായിട്ടാണ് ഞാനവരുടെ ബന്ധത്തെ കണ്ടിരുന്നത്.
എനിക്ക് സമയം കിട്ടുന്നില്ലായെന്ന് ആരോപിച്ച് വിനോദ് തന്നെ മുൻകൈയെടുത്ത് അമ്മിണിക്ക് കത്തെഴുതാൻ തുടങ്ങി. അവൾക്ക് കത്തെഴുതി അദ്ദേഹമെന്‍റെ ഭാരം കുറച്ചു കൊണ്ടിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കാതെ പമ്പര വിഡ്ഢിയായ ഞാൻ സന്തോഷിച്ചു.
അങ്ങനെ ഒരു വർഷം കടന്നുപോയി. മീനാക്ഷിയുടെ വിവാഹം കഴിഞ്ഞു. പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിനു ഞങ്ങളും പങ്കെടുത്തു. പക്ഷേ ഭർത്താവിനെക്കണ്ടപ്പോൾ ഞങ്ങളാകെ ഞെട്ടിത്തരിച്ചു. വെളുത്ത് സുന്ദരിയായ അമ്മിണി എവിടെ നിൽക്കുന്നു, കരിക്കട്ട പോലുള്ള അവളുടെ ഭർത്താവോ... ഒട്ടും യോജിപ്പില്ലാത്ത ജോടി. എന്‍റെ മനസ്സിൽ അറിയാതെയൊരു തേങ്ങലുയർന്നു. പാവം അമ്മിണി...
കല്യാണശേഷം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. കുറച്ചുനാൾക്കു ശേഷം ഒരു ദിവസം അവൾ വിധവയായ വാർത്ത ഞങ്ങളെ തേടിയെത്തി. അവളുടെ ഭർത്താവ് ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. ഇതറിഞ്ഞ ഞങ്ങൾ അവളുടെ വീട്ടിൽപ്പോയി. വിനോദ് അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. വിഷമിക്കാതിരിക്കൂ മീനാക്ഷി, ഞാനില്ലെ കൂടെ?