പിറ്റേന്ന് കുഴഞ്ഞുമറിയുന്ന മനസ്സുമായി ഓഫീസിലെത്തി. താഴത്തെ വാച്ച് റിപ്പയർ ഷോപ്പിലെ പയ്യനെ വിട്ട് രണ്ടു മസാലച്ചായ ഫ്ലാസ്കിൽ വാങ്ങിപ്പിച്ചു. ആദ്യം എന്‍റെ നിബന്ധനകൾ അടങ്ങുന്ന ഫോം പൂരിപ്പിച്ച് ഒപ്പിടാനായി മാർഗരറ്റിന് മെയിൽ അയച്ചു. ഏതായാലും മാഗിയുടെ കേസിൽ അല്പം കുഴച്ചു മറിയലുണ്ട്.
മനസ്സിലാക്കിയിടത്തോളം ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്‌താൽ ചെന്നെത്തുക സ്വഭാവികമായ ഹൃദയസ്തംഭനത്തിലാണ്. റിട്ട. മേജറിന്‍റെ സഹോദരൻ ഡേവീസിന്‍റെ മരണം ഹൃദയസ്തംഭനമായിരുന്നു. ഇത്തരം അസുഖങ്ങളുടെ ജീനുകൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ് എന്നതാണ് എന്‍റെ അറിവ്.
അകന്ന ബന്ധത്തിലുള്ള ഒരു യു. കെ ബേസ്ഡ് ഡോക്ടർ ആ കല്യാണ വിരുന്നിൽ പങ്കു കൊള്ളാനെത്തിയിരുന്നു എന്ന് മാഗി മാഡം പറഞ്ഞിരുന്നു. ഈ ഇച്ചായന്‍റെയും ഡേവീസിന്‍റേയും ഒരേ ഒരു സഹോദരിയും യു. കെയിലാണ്. ഒരു ചെറിയ ബന്ധം ഉണ്ടെന്നല്ലാതെ ഇത് വലിയൊരു ഗൂഢാലോചനയെന്ന് കരുതാനാവില്ല. പിന്നെ യു. കെയിലുള്ള സഹോദരി കോടികൾ കവിയുന്ന വൻതുകയെക്കുറിച്ചൊക്കെ ഇച്ചായനുമായി സംസാരമുണ്ടായി.
മാഗി മേഡം ആ സമയം മുന വച്ച് എന്തോ പറഞ്ഞു. അതിനർത്ഥം അവർ നമ്മിൽ മുൻകാലങ്ങളിൽ വലിയ തോതിലുള്ള എന്തെങ്കിലും പണമിടപാട് നടന്നിട്ടുണ്ട് എന്ന് കരുതേണ്ടിവരും. അതിലെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കൂടെ? അതിനു സാധ്യതകൾ ഉണ്ട്.
പിന്നെ രണ്ടു മരണങ്ങൾ നടന്നിടത്തും ഒരു സാന്നിദ്ധ്യമായി നിലകൊണ്ടത് ഈ മാഗി മേഡം തന്നെയാണ്. തറവാടിന്‍റെ അന്തസ്സും പറഞ്ഞ് പോലീസന്വേഷണവും അവർ ഒഴിവാക്കി. അവർക്കെന്തെങ്കിലും അജൻഡ ഉണ്ടോ? ഈ സാമുവേൽ ഡോക്ടർ ഇവരുടെ ആളായിരിക്കും. ഒരു ഡോക്ടർ മനസുവച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ഇയാൾ കല്യാണ വിരുന്നിനിടക്ക് ഭക്ഷണം പോലും കഴിക്കാതെ ഏത് അത്യാവശ്യത്തിനായിരിക്കും പോയിരിക്കുക? ഇയാൾക്ക് എന്ത് പ്രായം കാണും? വലിയ വീടുകളിലെ കൊച്ചമ്മമാരുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. അത്തരം കഥകളിൽ അവർക്ക് ഒഴിവാക്കപ്പെടേണ്ട ആദ്യത്തെ വ്യക്തി സ്വന്തം ഭർത്താവു തന്നെ ആയിരിക്കും. അത്തരം ബന്ധങ്ങൾക്കുള്ള തടസ്സം ഭർത്താവു തന്നെയായിരിക്കുമല്ലോ?
ഇല്ല! അത്തരമൊരു ചിന്തക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നു തന്നെ കരുതാം. ഇപ്പോൾ അവരെ നേരിട്ട് ബാധിക്കുന്ന തരത്തിൽ നിലവിൽ യാതൊരു പ്രശ്നവുമില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരാവശ്യവുമായി അവർക്ക് എന്നെ സമീപിക്കേണ്ട കാര്യമില്ല. മാത്രമല്ല അവരുടെ വാക്കുകളിൽ ഇച്ചായനോടുള്ള അകമഴിഞ്ഞ സ്നേഹവും തറവാടിനോടുള്ള കൂറും തീർത്തും വ്യക്തവുമാണ്.
ആദ്യം അറിയേണ്ടത് അവരുടെ ഇച്ചായൻ ഇല്ലാതാകുന്നതോടെ ഗുണം ആർക്കെന്നാണ്. അതൊടൊപ്പം ഇച്ചായനോട് ശത്രുത ആർക്കെന്നതും ചേർത്തു വായിക്കപ്പെടേണ്ടതാണ്. ലഭ്യമായ അറിവുകൾ വച്ച് കുന്തമുന ആദ്യം ചെന്നുകൊള്ളുന്നത് സണ്ണിയിലേക്കാണ്. കറി മസാലപ്പൊടിയുടെ ഏജന്‍റ് സണ്ണി എലവുത്തിങ്കൽ.
അറിഞ്ഞിടത്തോളം എല്ലുവത്തിങ്കൽ കുടുംബാംഗങ്ങളിൽ വച്ച് താരതമ്യേന മോശം ചുറ്റുപാട് സണ്ണിക്കാണ്. മാഗിയുടെ കുടുംബം കേരളത്തിനു പുറത്തുള്ള കാലഘട്ടത്തിൽ തറവാട്ടിൽ സണ്ണിയും കുടുംബവുമായിരുന്നു. മാഗിയുടെ കുടുംബം വന്ന ശേഷം സണ്ണിയും കൂട്ടരും സ്വയം ഒഴിഞ്ഞു പോയതാണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആ ഒഴിഞ്ഞു പോക്കലിലുണ്ടോ?