എന്‍റെ ബിസിനസ് ജീവിതത്തിൽ നേരിൽ കാണുന്ന ആദ്യത്തെ ക്ലയിന്‍റ്. ഒരറുപതു വയസ്സോളം പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ച് ആഢ്യത്വവും കുലീനതയും തുളുമ്പുന്ന ഒരു സ്ത്രീ. മുഖത്ത് ലേശം പരിഭ്രമമുണ്ട്. അവരോട് ഇരിക്കാൻ പറഞ്ഞു. അവർക്കായി ഒരു കാപ്പി ഓർഡർ ചെയ്തു കൊണ്ട് ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു.
“ഗുഡ്മോർണിംഗ്. എന്‍റെ പേര് സാം ഡിക്രൂസ്. എന്‍റെ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച ഏകദേശവിവരം അറിഞ്ഞിരിക്കുമല്ലോ”
“ഗുഡ്മോർണിംഗ് സാം, അറിയാം. ഞാൻ മാർഗരറ്റ്. ഇവിടെ അടുത്തു തന്നെയാണ് എന്‍റെ വീട് ബീച്ച് റോഡിൽ.”
“ശരി. ഇനി പറയൂ. നിങ്ങൾ ഞങ്ങളിൽ നിന്നും ആവശ്യപ്പെടുന്ന സേവനം? കാര്യങ്ങൾ എല്ലാം വിശദമായിത്തന്നെ കേൾക്കാൻ ആഗ്രഹമുണ്ട്.”
മാർഗരറ്റ് തെല്ലിട ചുറ്റും നോക്കി. റസ്റ്റോറന്‍റിൽ അധികം തിരക്കില്ല. രണ്ടു മൂന്നാളുകളെ ഉള്ളൂ. അവരിലൊരാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നതു കണ്ട് അവർ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇവിടെ പ്രൈവറ്റ് ഇരിപ്പിടം ലഭിക്കില്ലേ?
“ശരി. അതിനിവിടെ സൗകര്യമുണ്ട്. നമുക്കുമാറിയിരിക്കാം.”
എഴുന്നേറ്റ് ഒരു മൂലയിലുള്ള ഫാമിലി ക്യാബിനിലേക്ക് മാറിയിരുന്നു. അവരും ഒപ്പം അനുഗമിച്ചു. ജനലിലൂടെ മഴയുടെ ചെറുചാറ്റലുകൾ വന്നു തൂവുന്നത് അവർ അല്പനേരം നോക്കിയിരുന്നു. അവ പല കൈവഴിയിലൂടിറങ്ങി തിടം വച്ച് വലിയ തുളളികളായി സ്ഫടിക വാതായനത്തിലൂടെ താഴോട്ട് ഊർന്നിറങ്ങുന്നത് അവർ സശ്രദ്ധം നിരീക്ഷിക്കുന്നതായി എനിക്കു തോന്നി. അപ്പോഴേക്കും കാപ്പി എത്തിയിരുന്നു. കാപ്പി ഊതികുടിച്ച് അവർ പതുക്കെ പറയാനാരംഭിച്ചു.
“ഞാൻ പറഞ്ഞല്ലോ, ഞാൻ മാർഗരറ്റ്. മാഗി എന്നാണ് അടുപ്പമുള്ളവർ വിളിക്കുക. താങ്കൾ ഈ നാട്ടുകാരൻ തന്നെയല്ലേ? അപ്പോൾ ചിലപ്പോൾ കേട്ടിട്ടുണ്ടാകും, എലവുത്തിങ്കൽ കുടുംബത്തെക്കുറിച്ച്.“
എവിടെയൊക്കെയോ വച്ച് ആ വീട്ടുപേര് കേട്ടിട്ടുണ്ടായിരുന്നു. ഞാൻ തലയാട്ടി. അതുകണ്ടു അവർ തുടർന്നു.
“എനിക്കറിയാം നിങ്ങൾ അത് തീർച്ചയായും കേട്ടുകാണുമെന്ന്. പുരാതനവും കേൾവികേട്ടതുമായ തറവാടാണ് എലവുത്തിങ്കൽ. എന്‍റെ നാട് തൃശ്ശൂരാണ്. എലവുത്തിങ്കൽ തറവാട്ടിലേക്ക് ഞാൻ മരുമകളായി വന്നതാണ്. പിന്നെ ഞാൻ തരുന്ന എന്‍റെ വ്യക്തിഗത വിവരങ്ങൾ നിങ്ങളിൽ സുരക്ഷിതമെന്ന് ഞാൻ കരുതട്ടെ?”
“തീർച്ചയായും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.” ഞാൻ പെട്ടെന്ന് പ്രതികരിച്ചു.
അവർ തുടർന്നു.
“ശരി. എന്‍റെ ഭർത്താവ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ. ഞങ്ങളുടെ മകൾ എലീന. പ്ലസ്ടുവിനു പഠിക്കുന്നു. ഭർത്താവിന്‍റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. രണ്ടുവർഷം ആൻഡമാനിലുണ്ടായിരുന്നു. ഹസ്ബന്‍റ് ആർമിയിൽ നിന്നും റിട്ടയർ ആയതോടെ നാട്ടിൽ വന്ന് സ്ഥിരതാമസമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാത്രമല്ല മകളുടെ വിദ്യാഭ്യാസത്തിനും അതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി.”
അവരൊന്നു നിർത്തി അല്പം കൂടി കാപ്പി കുടിച്ചു.
“ഇവിടെ നാട്ടിൽ വന്ന് സെറ്റിൽ ആയി മൂന്നു മാസമേ ആയുള്ളൂ. ബീച്ച് റോഡിലുള്ള ഞങ്ങളുടെ പുരാതനമായ തറവാട്ടിൽ സ്ഥിരമായി താമസിക്കണം എന്നുള്ളതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ കേരളത്തിനു പുറത്തുള്ളപ്പോൾ സണ്ണിയും ഫാമിലിയുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്.”




 
  
         
    





 
                
                
                
                
                
                
               