Novel: സമുദ്രമുഖം ഭാഗം- 26

നനഞ്ഞു കുളിർന്ന പുലർകാലം. മനസിനെ ഗ്രസിച്ച പലതരം ചിന്തകളുടെ നൂലാമാലകളെ തുടച്ചു നീക്കിയ ഉറക്കം. കായൽ പരപ്പ് തണുപ്പിച്ച കുളിർ കാറ്റുൾകൊണ്ട് അൽപനേരം കൂടെ കിടക്കാൻ മനസു ആഗ്രഹിച്ചെങ്കിലും ഞാൻ എഴുന്നേറ്റു, എഴുന്നേൽക്കാൻ വിസമ്മതം കാണിച്ചിട്ടും ട്രീസയെ നിർബന്ധപൂർവം എഴുന്നേൽപ്പിച്ചു.

നമ്മുടെ നടപടിക്രമങ്ങൾ ഒന്നും തന്നെ മിയയെ രേഖാപൂർവ്വം അറിയിച്ചിട്ടില്ല. അതെല്ലാം ട്രീസ വഴി അറിയിക്കുകയായിരിക്കും ഉചിതമെന്ന് എനിക്ക് തോന്നി. അതിനായി ഓഫീസിൽ പോയി ചെയ്യേണ്ട കാര്യങ്ങൾ ട്രീസയോട് വിശദീകരിച്ചശേഷം സമയം കളയാതെ ഞാൻ ഉടൻ തന്നെ പുറപ്പെട്ടു.

റൊസാരിയോയുടെ സഹോദരിയാണ് ഏലിയാന്‍റി. റൊസാരിയോയെക്കുറിച്ച് ആധികാരികമായും വ്യക്തമായും പറയാൻ പറ്റിയ, നിലവിലെ എന്‍റെ അറിവുകൾ വച്ചുള്ള ഏക കണ്ണി. കുട്ടിക്കാലം മുതൽ റൊസാരിയോയെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തിത്വം ഡൊമനിക്കിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന ഏലിയാന്‍റി. റോസ് വില്ലയിലെ ദാരുണമായ സംഭവത്തെക്കുറിച്ച് ഏലിയാന്‍റിയെ ഒന്നുകണ്ട് സംസാരിക്കുന്നത് പ്രയോജനകരമാകുമെന്ന് തോന്നുന്നു.

അറിഞ്ഞിടത്തോളം അവർ നല്ല വ്യക്തിത്വത്തിന് ഉടമയെന്ന് കരുതുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അപ്പന്‍റെയും അമ്മയുടെയും വാത്സല്യവും കരുതലും അനിവാര്യമാകേണ്ട ഒരു ഘട്ടത്തിൽ, അപ്പനും അമ്മയും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയോട് അവർ കരുതൽ കാണിച്ചു.

ജീവിതത്തിന്‍റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയെന്നറിയാതെ പകച്ചു നിന്ന മിയക്ക് അവർ മാർഗ്ഗദർശകയായി നിലകൊണ്ടു. പഠനം മുഴുമിപ്പിച്ച് നല്ലൊരു വിവാഹബന്ധം തരപ്പെടുത്തി മിയക്ക് നല്ലൊരു ജീവിതം നല്കാൻ കൂട്ടായി നിന്നു. കൗമാരക്കാരിയായ ഒരു പെൺകുട്ടിയിൽ ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.

ജീവിതയാത്രയിൽ തീർത്തും ഒറ്റക്കായിപ്പോയ ഒരു പെൺകുട്ടിയുടെ തുടർ ജീവിതം പ്രതിസന്ധിയിലാകാൻ സാധ്യതകൾ ഏറെയായിരുന്നു. അത്തരമൊരു ഘട്ടത്തിൽ ഒരു രക്ഷകയെപ്പോലെ അവർ പ്രവർത്തിച്ചു. അതിനുപിന്നിൽ മറ്റെന്തെങ്കിലും പ്രേരണയോ സ്ഥാപിത താല്പര്യങ്ങളോ ഉണ്ടോ എന്ന് ചുഴിഞ്ഞു നോക്കുന്നത് അവിവേകമാകും.

മിയയെ വിവരം അറിയിച്ചപ്പോൾ അവർ ഏലിയാന്‍റിയുടെ വിലാസവും കൂടിക്കാഴ്ചക്ക് അവരുടെ സന്നദ്ധതയും അറിയിച്ചു. ട്രീസയെ ഓഫീസിൽ വിട്ട് പടർന്നു പന്തലിച്ച മരങ്ങൾ തണലുതീർത്ത വഴിത്താരയിലൂടെ ഏലിയാന്‍റിയുടെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു.

ഏലിയാന്‍റിയുടെ വീട് കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടി വന്നില്ല. വീടിനു മുന്നിലുള്ള ഇലഞ്ഞി മരവും താഴെ വയലറ്റ് പഴങ്ങൾ ചതഞ്ഞു മുകളിൽ പച്ച പടർന്നു തഴച്ചു നിൽക്കുന്ന ഞാവൽ മരവും കൃത്യമായ ഒരു മാർഗ്ഗദർശിയായിരുന്നു. ഏറെ മുറ്റമുള്ള പഴയമട്ടിൽ പണികഴിപ്പിച്ച ഒരു കൊച്ചുവീട്.

വീടിനു മുന്നിലും മുറ്റത്തും പച്ചപ്പിന്‍റെ വസന്തം തീർത്തിരിക്കുന്നു. ഭർത്താവ് മരിച്ച ഏലിയാന്‍റിയുടെ മക്കൾ വിദേശത്താണ്. ഒരനാഥാലയത്തിൽ നിന്നും മക്കൾ ഉപേക്ഷിച്ച ഒരു അമ്മയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവരൊടപ്പമാണ് താമസമെന്നാണ് മിയ പറഞ്ഞത്.

വീട്ടിലേക്കുള്ള ചെറിയ വെള്ളാരം കല്ലുകൾ വിരിച്ച നടപ്പാതക്കിരുവശവും പച്ചതഴച്ച പൂച്ചെടികൾ വച്ചു പിടിച്ചിരിക്കുന്നു. വീടിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ഒരുപാട് പൂച്ചെടിക്കുടങ്ങൾ. അവയിൽ നിന്നും ഉരുണ്ട ഇലകളുള്ള വള്ളിച്ചെടികൾ താഴേക്കു പടർന്നിറങ്ങിയിരിക്കുന്നു.

ആ പരിസരങ്ങളിലെ വിചിത്രമായ മനോഹാരിത തെല്ലിട ആസ്വദിച്ചു നിന്നപ്പോഴാണ് പൂന്തോട്ടത്തിനു നടുവിൽ ഒരു സ്ത്രീയെക്കണ്ടത്. വെളുത്തു മെലിഞ്ഞ് തലയിൽ ഒരു മഫ്ളർ ചുറ്റിക്കെട്ടിയ സ്ത്രീ. പ്രായം അത്ര പെട്ടെന്ന് പിടികിട്ടാത്ത അവർ ചെടികൾ പരിപാലിക്കുകയായിരുന്നു. നല്ല പ്രസരിപ്പും ചുറുചുറുക്കുമുള്ള വെറുതെയിരിക്കാൻ  ഒട്ടും തന്നെ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെന്ന് ആരും ഒറ്റനോട്ടത്തിൽപറയും. എന്നെക്കണ്ടതും അവർ അവർക്കരികിലേക്ക് മാടി വിളിച്ചു. അവർ ഒരു കെറ്റിലുപോലുള്ള പാത്രം കൊണ്ട് ചെടികൾ നനക്കുകയായിരുന്നു.

“മിയക്കുട്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇരിക്കൂ.” വെളുത്ത പെയിന്‍റടിച്ച ഒരു ഊഞ്ഞാൽ കസേരയിൽ ഞാൻ ഇരുന്നു. “സാം… സാം എന്നല്ലേ പേര്?”

“അതെ.”

“പഴയ കാര്യങ്ങളൊന്നും ഞാൻ ഓർക്കാറില്ല. അതുപോലെ ഇനി വരാൻ പോകുന്ന ഭാവികാര്യങ്ങളും. ഇന്നിലാണ് എന്‍റെ വിശ്വാസം. പിന്നെ മിയക്കുട്ടി നിർബന്ധിച്ചതു കൊണ്ട്….” അവർ തെല്ലിട സംസാരം നിറുത്തി.

“നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെങ്കിൽ…”

“എന്നോട് ക്ഷമിക്കണം.” ഞാൻ പെട്ടെന്ന് പ്രതിവചിച്ചു.

“നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. എന്‍റെ ജോലിയുടെ ഭാഗമായാണ് ഞാൻ നിങ്ങളിൽ നിന്നും ചില വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്. ഈ ജോലി എന്നെ ഏൽപ്പിച്ചതാകട്ടെ നിങ്ങളുടെ സഹോദരന്‍റെ മകൾ മിയയും. മിയയാണ് ചില കാര്യങ്ങൾക്ക് വ്യക്തത കിട്ടണമെന്ന് ആഗ്രഹിക്കുന്നത്. എന്‍റെ ഒരേഒരു ലക്ഷ്യവും അതുതന്നെ. മറ്റു യാതൊരു താല്പര്യങ്ങളും എനിക്കില്ല അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങളുടെ പിന്തുണ കൂടിയേതീരൂ.”

മിയയുടെ പേരു പറഞ്ഞുകേട്ടപ്പോൾ അവരുടെ മുഖം പ്രകാശാനമായത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. തെല്ലിട ചിന്തയിലാണ്ടു നിന്നശേഷം അവർ തലയാട്ടിക്കൊണ്ട് പറഞ്ഞു.

“ശരി… സമ്മതിച്ചു. നിങ്ങൾക്കറിയേണ്ടത് എന്താണെങ്കിലും ചോദിച്ചോളൂ. എനിക്കറിയാവുന്ന വിവരങ്ങൾ ഞാൻ പറഞ്ഞുതരാം.“

“ശരി നന്ദി. ആദ്യം നിങ്ങളുടെ സഹോദരനെക്കുറിച്ചു തന്നെ പറയൂ.”

ഏലിയാന്‍റി ചെടി നനക്കുന്ന കെറ്റിലിൽ നിന്നും ഒരു കൈകുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി. അതുപിന്നെ ശ്രദ്ധാപൂർവ്വം ഒതുക്കിവച്ച് കരിങ്കല്ലുകൊണ്ട് മനോഹരമായി നിർമ്മിച്ച ഒതുക്കുകല്ലിൽ വന്നിരുന്നു. വിദൂരതയിലേക്കു നോക്കി തെല്ലിട ചിന്തയിലാണ്ടു നിന്നശേഷം അവർ പതുക്കെ പറഞ്ഞു തുടങ്ങി.

“എന്‍റെ രണ്ടു സഹോദരങ്ങളിലൊരാളായിരുന്നു ഡൊമനിക്ക്. മറ്റൊരാൾ റിച്ചാർഡ്. റിച്ചാർഡ് വലിയ വാഹനക്കമ്പക്കാരനായിരുന്നു. ആ വാഹനക്കമ്പം തന്നെ റിച്ചാർഡിന് വിനയായി. കേളേജ് പഠനകാലത്ത് നടന്ന ഒരു ബൈക്കപകടം. ദൈവത്തിന് ഏറെ പ്രിയപ്പെട്ട റിച്ചാർഡിനെ ദൈവം നേരത്തെ തന്നെ തിരിച്ചുവിളിച്ചു.

തെല്ലിട നേരം ഏലിയാന്‍റി മൗനിയായി. നനവേറ്റുനിന്ന പച്ചിലതഴപ്പുകളെ തഴുകി ഇളങ്കാറ്റ് വീശി.

“ഞങ്ങൾ മൂവരിൽ ഏറ്റവും സാധു ഡൊമനിക് ആയിരുന്നു. പഠിക്കാൻ അതിസമർത്ഥൻ. ആരോടും കയർക്കാനോ വഴക്കിനോ പോകില്ല. എപ്പോഴും ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്നതു കാണാം. കൊച്ചായിരിക്കുമ്പോൾ കുറെ നിർബന്ധിച്ചാലെ ഞങ്ങളൊടൊപ്പം കളിക്കാനൊക്കെ വരൂ. പൊതുവെ ഒരുഉൾവലിഞ്ഞ പ്രകൃതമായിരുന്നു. പഠിക്കുന്ന കാലത്ത് സ്കോളർഷിപ്പൊക്കെ കിട്ടിയിരുന്നു. ഇവിടുത്തെ മെഡിക്കൽ കോളേജിൽത്തന്നെ മെറിറ്റിൽ പ്രവേശനവും ലഭിച്ചു. കഠിനാധ്വാനി ആയിരുന്നു. തറവാട്ടു മഹിമയ്ക്ക് കുറവൊന്നും ഇല്ലായിരുന്നെങ്കിലും അങ്ങനെ എടുത്തു പറയാൻ മാത്രം സാമ്പത്തിക ശേഷിയുള്ള കുടുംബമൊന്നുമായിരുന്നില്ല ഞങ്ങളുടേത്. ആ റോസ് വില്ല ബംഗ്ലാവും എല്ലാം ഡൊമനിക് പിന്നീട് അധ്വാനിച്ചു സമ്പാദിച്ചതാണ്.

ഡൊമനിക്കിന് ജീവിതത്തിൽ ഒരു പിഴവ് സംഭവിച്ചു. ജീവിതകാലം മുഴുവൻ ആ പിഴവിന്‍റെ അനന്തരഫലങ്ങൾ ഞങ്ങളെ പിൻതുടർന്നു.

അച്ചടിഭാഷയിൽ ഒരു സിനിമാക്കഥ പോലെ കാര്യങ്ങൾ വിവരിക്കുന്ന ഏല്യാന്‍റിയുടെ സംസാരം കേട്ടിരിക്കാൻ രസകരമായി തോന്നി. അവർ ഉദ്ദേശിച്ച ആ പിഴവ് ഏതെന്ന് എനിക്ക് വ്യക്തമായിരുന്നിട്ടും ആകാംക്ഷയോടെ ഞാൻ പിഴവെന്തെന്ന് ആരാഞ്ഞു.

‘മാർഗരീറ്റ’

ഏലിയാന്‍റി പിറുപിറുത്തു. ഏലിയാന്‍റിയുടെ മുഖത്ത് രക്തം ഇരച്ചുകയറി. അവരുടെ വിളറി വെളുത്ത ചുണ്ടുകൾ വിറച്ചു. വികാരമടക്കാൻ അവർ പാടുപെടുന്നപോലെ തോന്നി.

“ഞങ്ങളുടെ ബന്ധുവായ റോബർട്ട് റൊസാരിയോയുടെ മകളുടെ വിവാഹത്തിനു പോയപ്പോഴാണ് മാർഗരീറ്റയെ ആദ്യമായി കാണുന്നത്. അതിനു മുൻപ് അവർ തമ്മിൽ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് ചെറിയ സംശയമുണ്ട്. റോബർട്ട് റൊസാരിയോയുമായി മാർഗരീറ്റയുടെ വീട്ടുകാർക്ക് എന്താണ് ബന്ധമെന്ന് ഇന്നും എനിക്കറിയില്ല. എന്തുകൊണ്ടോ അവനവളെ ഇഷ്ടപ്പെട്ടു.

എന്നോടാണ് ആദ്യം അക്കാര്യം പറയുന്നത്. അവന്‍റെ ആഗ്രഹമല്ലേ? മാത്രമല്ല ഒരു വിവാഹത്തിനുള്ള പ്രായവും അവനായി കഴിഞ്ഞിരുന്നു. അതിനാൽ ഞാൻ മാർഗരീറ്റയെക്കുറിച്ച് അന്വേഷിച്ചു. അന്വേഷണമൊക്കെ കഴിഞ്ഞപ്പോൾ ഞാനാകെ വിഷമത്തിലായി. ഞങ്ങളുടെ കുടുംബവുമായി ഒരുതരത്തിലും കൂട്ടിക്കെട്ടാൻ പറ്റാത്ത ഒരു ബന്ധം. മരിച്ച വീടുകളിൽ പോയി പാട്ടുപാടലാണ് അവൾടപ്പൻ ഡാനിയേലിന്‍റെ തൊഴിൽ.

പലതവണ ഞാൻ ഡൊമനിക്കിനോട് നിർബന്ധിച്ചു പറഞ്ഞു ഈ ബന്ധം നമുക്കു പറ്റിയതല്ലെന്ന്! ഞാൻ ഒടുവിൽ തോറ്റുപോയി. അവന് ഒരേഒരു പിടിവാശി. ആ പെണ്ണുമതിയെന്ന്. എന്തു ചെയ്യാനൊക്കും വരാനുള്ളത് വഴിയിൽ തങ്ങില്ലലോ?

അങ്ങനെ മറ്റൊരു നിവൃത്തിയുമില്ലാതെ ഡൊമനിക്കിന്‍റെ ഇഷ്ടാനുസരണം ഞാൻ മുൻകൈയെടുത്തു തന്നെ ആ വിവാഹം നടത്തിക്കൊടുത്തു. പിന്നെ അവളുടെ ചൊൽപ്പടിക്കായി അവന്‍റെ ജീവിതം.

മാർഗരീറ്റയെക്കുറിച്ചുള്ള അപദാനങ്ങൾ പറഞ്ഞു കാടു കയറേണ്ടതില്ല എന്ന് കരുതി ഞാൻ പറഞ്ഞു.

“ശരി. ആ ദാരുണമായ സംഭവം നടന്ന രണ്ടു ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങൾ അറിയാവുന്നവ പറയാമോ?“

ഏലിയാന്‍റി തെല്ലിട നേരം കണ്ണുകൾ ഇറുക്കിയടച്ചു. ആ ദുഷിച്ച ദിവസത്തെക്കുറിച്ചുള്ള ഓർമ്മകൾ അവരിൽ തിരതല്ലുന്ന പോലെതോന്നി. അല്പനേരം കഴിഞ്ഞ് അവർ ശബ്ദം താഴ്ത്തി

“ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ സൂചിപ്പിച്ചത്. ആ സംഭവങ്ങളും അതെത്തുടർന്നുള്ള നിയമനടപടികളും എന്നെ തെല്ലൊന്നുമല്ല ഉലച്ചു കളഞ്ഞത്. എന്‍റെ മിയക്കുട്ടിയെക്കരുതി ഞാൻ എല്ലാം സഹിച്ചു പിടിച്ചുനിന്നു. ഇപ്പോൾ അവളുടെ അനുവാദത്തോടെ വന്നഒരാളെന്നു കരുതിയാണ് ഞാൻ ഇതൊക്കെ പറയാമെന്നു കരുതുന്നതും.

ശരി. ഞാൻ പറയാം. സത്യത്തിൽ എനിക്ക് ആ രണ്ടുദിവസങ്ങളിൽ എന്താണുണ്ടായതെന്ന് ഒരു പിടിയുമില്ല. വില്ലയിൽ വച്ച് നടത്താറുള്ള പാർട്ടികളിൽ സംബന്ധിക്കണമെന്ന് സ്ഥിരമായി എന്നോട് നിർബന്ധിക്കാറുണ്ടെങ്കിലും ഞാൻ പങ്കെടുക്കാറില്ല. ആ മാർഗരീറ്റക്ക് എന്നെ അത്ര പത്ഥ്യമില്ല. അവളുടെ അപ്പനെ ഞാൻ എന്തോപറഞ്ഞ് ആക്ഷേപിച്ചെന്നാണ് അവളുടെ കണ്ടുപിടുത്തം. അതെല്ലാം എന്നെയും ഡൊമനിക്കിനേയും തമ്മിൽത്തല്ലിക്കാൻ പറഞ്ഞു നടക്കുന്നതാണ്.

ആ സംഭവങ്ങൾ നടന്നെന്നു പറയുന്ന പാർട്ടിക്ക് ഞാൻ പോയില്ല. എന്നെ അറിയിച്ചില്ല എന്നതാണ് സത്യം. അറിയിച്ചാലും എനിക്ക് പോകാനും താത്പര്യമില്ലായിരുന്നു. അന്ന് ഞായറാഴ്ച ആയിരുന്നെന്നാണ് എന്‍റെ ഓർമ്മ. അന്ന് പുലർച്ചെ ഒരു നാലുമണി അഞ്ചുമണിയോടു കൂടെ എനിക്ക് തുരുതുരാ ഫോൺ കോളു വന്നു. പാതിയുറക്കത്തിൽ ഞാൻ ഫോൺ അറ്റൻഡു ചെയ്തപ്പോൾ ഡൊമനിക്കായിരുന്നു. പരിഭ്രാന്തമായ സ്വരം. ശബ്ദം കേട്ടപ്പോൾത്തന്നെ എന്തോ അരുതാത്തതു സംഭവിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. ഏതോ വിചിത്രമായ ഒരിടത്തുനിന്നാണ് ഡൊമനിക് സംസാരിക്കുന്നത് എന്ന് തോന്നി. മുഴങ്ങി പ്രതിധ്വനിക്കുന്ന ശബ്ദം വ്യക്തമായി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ഡൊമനിക്ക് ഒന്നേ പറഞ്ഞുള്ളൂ.

ഉടൻ റോസ് വില്ലയിലേക്ക് പോകണം. വീടിന്‍റെ കീ ഗേറ്റിലുള്ള തപാൽപെട്ടിയിലുണ്ട്. വീടു തുറന്ന് അവിടെ മിയ മാത്രമേ ഉണ്ടാകൂ അവളെ ഉടനെ വീട്ടിലേക്ക് കൂട്ടിവരണം. അവളുടെ പുസ്തകങ്ങളും അവൾക്കാവശ്യമുള്ള എല്ലാം എടുക്കണം. തുടർന്ന് വീടു പൂട്ടി താക്കോൽ കൈയ്യിൽ സൂക്ഷിക്കുക. മറ്റൊന്നും എന്നോട് ചോദിക്കരുത്. മിയക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കണം. ഞാൻ അത്യാവശ്യമായി ഒരിടത്ത് പോകുകയാണ്. ഉടനെ തിരിച്ചു വരും. മാർഗരീറ്റ എന്നെ ചതിച്ചു. ഇപ്പോൾ ഞാൻ ഒറ്റക്കാണുള്ളത്.

ഇത്രയും കാര്യങ്ങൾ ധൃതിയിൽ പറഞ്ഞവസാനിപ്പിച്ച ശേഷം ഡൊമനിക്ക് ഞാനെന്തെങ്കിലും ചോദിക്കാനൊരുമ്പെടുമ്പോളേക്കും ഫോൺ കട്ടു ചെയ്തു. പുലർകാലത്തു തന്നെ ഇത്തരം വാക്കുകൾ കേട്ട ഞാനാകെ പരിഭ്രമിച്ചു പോയി. ആ അഴിഞ്ഞാട്ടക്കാരി മാർഗരീറ്റ എന്തോ അപകടം വരുത്തിവച്ചെന്നു എനിക്കു മനസ്സിലായി. ഞാനുടനെ വസ്ത്രം പോലും മാറാതെ റോസ് വില്ലയിലേക്ക് തിരിച്ചു . ഗേറ്റ് തുറന്ന് വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ എന്തോ അരുതായ്ക സംഭവിച്ചെന്ന് എനിക്കു തോന്നി.

വീടു തുറന്നപ്പോൾ അകത്തളത്തിൽ വീർപ്പുമുട്ടിക്കുന്ന വല്ലാത്തൊരു അന്തരീക്ഷം. അലങ്കോലപ്പെട്ടു കിടക്കുന്ന കസേരകൾ. ഭക്ഷണാവശിഷ്ടങ്ങൾ. പാതിഭക്ഷണം നിറത്ത പാത്രങ്ങൾ ഒരുതരം മടുപ്പിക്കുന്ന അന്തരീക്ഷം. ഞാൻ ഏറെ ചിന്തിച്ച് സമയം കളയാൻ മിനക്കെട്ടില്ല. ഡൊമനിക് പറഞ്ഞപ്രകാരം മിയക്കുട്ടിയേയും കൂട്ടി ഇവിടേക്ക് വേഗം വന്നു. ആ മുറിക്കകത്തു കുട്ടി വല്ലാതെ പേടിച്ചരണ്ട് രിക്കുകയായിരുന്നു.

“ആ മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നല്ലെ?“

“അതെ… ആ മുറി പൂട്ടിയ നിലയിലായിരുന്നു. മറ്റു മിക്ക മുറികളെല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു.”

“ആ തപാൽപെട്ടിയിൽ മറ്റെന്തെങ്കിലും?“

“രണ്ടുമൂന്നു കവറുകൾ കണ്ടിരുന്നു. ഞാനതൊന്നും നോക്കിയില്ല പിന്നീട് ഡൊമനിക്കിനെ കണ്ടെത്താൻ മറ്റൊരു മാർഗ്ഗവും തോന്നായ്കയാൽ ഞാൻ പോലീസിൽ പരാതി കൊടുത്തു. ഇത്തരം കാര്യങ്ങളുമായി മിയയെ കൂട്ടിയിണക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചില്ല ഡൊമനിക്കിന്‍റെ കുഞ്ഞിന് ആകുലതകളില്ലാതെ സമാധാനമായിപഠിക്കാനുള്ള ഒരു അന്തരീക്ഷം നല്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.

“ഒരുതവണ അത്യാവശ്യം വേണ്ടുന്ന ചില കാര്യങ്ങൾ അവളോട തിരക്കിയെന്നതല്ലാതെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഞാൻതന്നെ നേരിട്ട് ഇടപെടുകയായിരുന്നു.”

“പോലീസിൽ പരാതി നല്കിയത് എപ്പോഴാണ്?“

“മിയക്കുട്ടിയെ കൂട്ടിവരുമ്പോൾ അടുത്ത ദിവസങ്ങളിൽ ഡൊമനിക്ക് തിരിച്ചുവരും എന്നായിരുന്നു എന്‍റെ പ്രതീക്ഷ. മാർഗരീറ്റയുമായി എന്തോ പ്രശ്നം ഉണ്ടായി. അതിന്‍റെ തീർപ്പാക്കലിന് അവളൊടൊപ്പം എവിടെക്കോ പോയി. പ്രശ്നങ്ങളെല്ലാം തീർത്ത് ഏറിയാൽ ഒരാഴ്ച. ഒരാഴ്ചക്കകം തിരിച്ചുവരും എന്നയിരുയുന്നു എന്‍റെ മനസ്സിൽ. മിയക്കുട്ടി കൂടെ വരാൻ പിടിവാശി കാണിച്ചു കാണും. അതിനാൽ അവളെ മുറിക്കകത്താക്കി എന്നിങ്ങനെ ഒരുപാട് ചിന്തിച്ചുകൂട്ടി. പിന്നീട് മിയയോട് ചോദിച്ചപ്പോൾ പാർട്ടിയിൽ വച്ചെന്തോ കശപിശയായെന്നു പറഞ്ഞതല്ലാതെ അവളും വ്യക്തമായി ഒന്നും പറഞ്ഞില്ല. അവളാണ് ശരിക്കും നിസ്സഹായാവസ്ഥയിലായത്! പാവം കുട്ടി.

എന്തുപറഞ്ഞാലും അപ്പനോ അല്ലെങ്കിൽ അമ്മയ്ക്കോ എതിരാവും. ഇതുപോലുള്ള അവസ്ഥയിൽ എന്താപറയുക? അവൾ പോലീസിനോട് പറഞ്ഞത് പാർട്ടിയിൽ വച്ച് വാക്കുതർക്കമുണ്ടാവുകയും അതുകണ്ട് പേടിച്ച് മുറിക്കകത്തു കയറി വാതിലടച്ചെന്നും ക്ഷീണം കൊണ്ട് ഉറങ്ങി പോയെന്നുമാണ്.

ഞാൻ ഒരാഴ്ച കഴിഞ്ഞ് പോലീസിൽ പരാതി കൊടുത്തു. ഡൊമനിക്കിനേയും ഭാര്യയേയും കാണാനില്ലെന്നായിരുന്നു പരാതി കൊടുത്തത്. അവർ അന്വേഷണം തുടങ്ങി. വീടൊക്കെ തുറന്ന് എല്ലായിടത്തും പരിശോധന തുടക്കിയപ്പോഴാണ് നിലവറയിൽ മൂല ഇളകിയ നിലയിൽ കണ്ടതും മാംസാവശിഷ്ടങ്ങൾ കണ്ടെടുത്തതും. ഒരാഴ്ച പഴക്കമെന്ന് തെളിഞ്ഞു. അതു മാർഗരീറ്റയുടേതാണെന്നും പറയുന്നു. പക്ഷേ എനിക്കതു വിശ്വാസമില്ല.

ഡൊമനിക്ക് ഫോൺ വിളിച്ചപ്പോൾ മാർഗരീറ്റ ചതിച്ചു എന്നല്ലേ പറഞ്ഞത്. ഡൊമനിക് കള്ളം പറയില്ല. അവൾ അവളുടെ ഇഷ്ടക്കാരനോടൊപ്പം പോയി. അതിന്‍റെ സൂചന മുമ്പേ അറിയുമായിരുന്ന ഡൊമനിക്കിനെ എന്നന്നേക്കുമായി അവൾ കുടുക്കി. എന്തിനേയും അട്ടിമറിക്കാൻ അവൾക്ക് പ്രാപ്തിയുണ്ട്. അവളുടെ കള്ളക്കാമുകന്‍റെ അകമഴിത്ത പിന്തുണയും അവൾക്ക് കിട്ടികാണണം. ഏതെങ്കിലും പണച്ചാക്കാകും… പുളിങ്കൊമ്പ് നോക്കി പിടിക്കാൻ പ്രത്യേക വൈദഗ്ധ്യമാ അവൾക്ക്. എന്‍റെ ബ്രദറിന്‍റെ ജീവിതം തകർത്ത് ഏതെങ്കിലും വിദേശ രാജ്യത്ത് സുഖിച്ചു കഴിയുന്നുണ്ടാകും.” ഏലിയാന്‍റി വീർപ്പു മുട്ടലോടെ പറഞ്ഞു നിർത്തി.

“പോലീസ് പിന്നീട് ഡോക്ടർ ഡൊമനിക്കിനെ കണ്ടെത്തിയില്ലേ? ഒരു സ്ത്രീയോടൊപ്പം?” അപ്പറഞ്ഞത് അബദ്ധമായെന്ന് എനിക്കു തോന്നി. ഏലാന്‍റിയുടെ മുഖം ഇരുണ്ടു.

“അല്ല കാര്യങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം മിയ എനിക്ക് തന്നിരുന്നു. ക്ലിനിക്കിൽ ജോലിക്കു നിന്നിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. അപ്പനും അമ്മയുമൊന്നും ഇല്ലെന്നാ എന്‍റെ അറിവ്. ആ പാവത്തിന് ഡൊമനിക്ക് ഒരു ജീവിതമാർഗ്ഗം ആക്കിക്കൊടുത്തു. അന്നു തുടങ്ങിയതാണ് അപവാദം പറച്ചിൽ. മാർഗരീറ്റയാണ് അതിനു മുൻകൈ എടുത്തത്. അവൾക്ക് അവളുടേതായ കാര്യങ്ങൾ സുഗമമായി നടക്കണമല്ലോ? ഡൊമനിക്കിനെ ഒരുതരി അവശേഷിപ്പിക്കാതെ നിശ്ശേഷം ഇല്ലാതാക്കണം. ഒരു പൊടിയവശേഷിച്ചാൽ അത് അവൾക്കുതന്നെ അപകടമാണല്ലോ.”

നെറ്റിയിലൂടെ വാർന്നൊഴുകിയ വിയർപ്പുചാലുകൾ പുറംകൈ കൊണ്ട്തുടച്ച് ഏലിയാന്‍റി തെല്ലിട കണ്ണടച്ചിരുന്ന് പ്രാർത്ഥിച്ചു.

മതി. ഇവരിൽ നിന്നും ലഭിക്കാവുന്ന വിവരങ്ങളെല്ലാം ഏറെ ചോദ്യങ്ങൾ ചോദിക്കാതെത്തന്നെ പറഞ്ഞുതന്നു. ഇവർക്കറിയാവുന്ന വിവരങ്ങൾ അറിഞ്ഞെങ്കിലും സംഭവപരമ്പരകൾ കൂടുതൽ ദുരൂഹമായിത്തന്നെ തുടരുന്നു. ഇവരുടെ കാഴ്ചപ്പാടിൽ മാർഗരീറ്റയും കാമുകനുമാണ് പ്രധാന വില്ലൻമാർ. അവർ പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറനതും ഞാൻ നന്ദി പറഞ്ഞ് യാത്ര ചോദിച്ചു. അവർ തലയാട്ടി.

പാതിയടഞ്ഞ ഗേറ്റ് തുറന്ന് തിരിച്ച് ഗേറ്റ് പൂർണ്ണമായും കുറ്റിയിടാൻ തിരിഞ്ഞപ്പോഴാണ് വരാന്തയിലെ ജനലഴിയിൽ പിടിച്ചുനിൽക്കുന്ന ഒരു വൃദ്ധയെ കണ്ടത്. അവരുടെ ഉള്ളിലേക്കിറങ്ങിയ കണ്ണുകളിൽ നിന്നുള്ള ചുഴിഞ്ഞുനോട്ടം! ഗേറ്റടച്ച് റോട്ടിലേക്ക് ഇറങ്ങുവോളം ആ കുഴിഞ്ഞകണ്ണുകൾ എന്നെ പിൻതുടരുന്നതായി തോന്നി.

Novel: സമുദ്രമുഖം ഭാഗം- 25

ഉച്ചച്ചൂട് അലിഞ്ഞു തീർന്നെങ്കിലും അന്തരീക്ഷത്തിലെ ചൂടപ്പോഴും ശമിച്ചിരുന്നില്ല. പൂമരപൂക്കളും പഴുത്ത ഇലകളും കൊഴിഞ്ഞുവീണ വഴിത്താരകളിലൂടെ ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഞാൻ എന്‍റേതായ മനോവ്യാപാരങ്ങളിലും ട്രീസ അവളുടേതായ ചിന്തകളിലും മുഴുകി ഉരിയാടാതെ നടന്നു ഫ്ലാറ്റുപറ്റി. ശർക്കരയും നാളികേരവുമിട്ട മധുരഅട അമ്മയുണ്ടാക്കി ടേബിളിൽ അടച്ചുവച്ചിരിക്കുന്നു. വാഴയിലയിൽ വിലയിച്ചു ചേർന്ന ഹരിതകത്തിന്‍റെ ജൈവ സാന്ദ്രതയുൾക്കൊണ്ട് വെന്ത അട എനിക്കേറെ ഇഷ്ടമുള്ള വിഭവമാണ്. രണ്ടുമൂന്നെണ്ണം കഴിച്ച് ഒരു കടുംകാപ്പിയും കുടിച്ച് റൂമിൽ വന്ന് കിടന്നു. വെയിലേറ്റിട്ടാണോ എന്തോ? നേരിയ തലവേദനയുണ്ട്.

ട്രീസ അമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി. മിയ തന്ന ഫയലുകൾ അലമാരയിൽ എടുത്തുവച്ചു. ഇന്ന് അവരുടെ വിഷയത്തെക്കുറിച്ച് ഒന്നുംതന്നെ ചിന്തിക്കേണ്ടതില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നെങ്കിലും അത് തീർത്തും ഫലവത്തായില്ല.

അടക്കാൻ ശ്രമിച്ചിട്ടും ഒരുപാട് ചോദ്യങ്ങൾ കടൽത്തിരപോലെ മനസ്സിൽ തിരയടിച്ചെത്തി. ഇതിൽ വിരുന്നിന്‍റെ ദിവസം ബഹളത്തിനു കാരണക്കാരനായ ആൽഫ്രഡ് ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.

മിയയുടെ അമ്മയുടെ രഹസ്യ കാമുകൻ. അയാളാണ് ഭാര്യയുടെ കാമുകനെന്ന് റൊസാരിയോ എങ്ങനെ അറിഞ്ഞു? കാമുകി കാമുകന്മാർ തമ്മിലുള്ള രഹസ്യ സമാഗമനങ്ങൾ അയാൾ കണ്ടുകാണുമായിരിക്കും. അയാളുടെ ഭാര്യ തന്നെ ആൽഫ്രഡിനെ വിരുന്നിനു ക്ഷണിച്ചതാവാം. അവർ തമ്മിൽ നിഗൂഢമായ എന്തെങ്കിലും പരസ്പര ധാരണകൾ ഉണ്ടാകും ഏതായാലും വിരുന്നിനു ശേഷമുള്ള റോസ് വില്ലയിലെ രാത്രി സംഭവബഹുലമാണ്. അതെല്ലാംനടക്കുമ്പോൾ ഒന്നുമറിയാതെ മിയ മുകളിലെ കിടപ്പുമുറിയിൽ തളർന്നുറങ്ങുകയാണ്.

അന്ന് വിരുന്നിനു വന്നവരിൽ മിയക്കു പരിചയമുള്ളവരും കാണില്ലേ അവരിൽ ആരെയെങ്കിലും അൽപ്പനേരം സംസാരിക്കാൻ കിട്ടുമെങ്കിൽ ആൽഫ്രഡിനെകുറിച്ചുള്ള വിവരമെന്തെങ്കിലും കിട്ടിക്കൂടായ്കയില്ല. പക്ഷേ ഇത്രയേറെ വർഷം മുൻപുള്ള സംഭവം. മാത്രമല്ല കേസും കൂട്ടവും. ആരുംതന്നെ സഹകരിക്കില്ല. അതുറപ്പാണ്. ആർക്കാണ് ഇത്തരം മലീമസത പുറത്തെടുത്തു ചർച്ച ചെയ്യാൻ താല്പര്യം? പ്രത്യേകിച്ചു ഈ വിഷയത്തിന്‍റെ ഗുണഭോക്താവ് ഞാൻ മാത്രമായ സ്ഥിതിക്ക്. ആൽഫ്രഡ് അങ്ങനെ ദുരൂഹമായിത്തന്നെ തുടരുന്നു. റിസ്വാന….

മിയയുടെ അന്വേഷണത്തിൽ നിന്നു തന്നെ അവരെന്നേ രക്ഷപ്പെട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തിൽ ദുരൂഹതയുടെ ഇരുമ്പു മറയെല്ലാം കനത്ത താഴിട്ടു പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടു തുറക്കാൻ ഏറെ പണിപ്പെടേണ്ടിവരും.

ട്രീസ പകർന്നു തന്ന ഒരു കടുപ്പമുള്ള ചായയിൽ തലവേദന തെല്ലു ശമിച്ചപ്പോൾ മിയ ഏൽപ്പിച്ച പേപ്പർ കട്ടിംഗുകൾ എല്ലാം എടുത്തു വായിച്ചു. ഡോക്ടറുടെ ഫോട്ടോയുണ്ട്. മിയ പറഞ്ഞത് ശരിയാണ്. കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ മുഖം. ഇയാൾക്ക് സ്വന്തം ഭാര്യയെ വധിക്കുക എന്നത് തികച്ചും അചിന്തനീയമായിരിക്കും. നിലവറയിൽ നിന്നും കണ്ടെത്തിയത് ചില വെട്ടിമുറിക്കപ്പെട്ട മാംസപിണ്ഡങ്ങളാണ്.

ശരീരഭാഗങ്ങളോടൊപ്പം നിലവറയിൽ നിന്നും മൃതദേഹത്തിന്‍റെ തല കണ്ടെത്തിയില്ല. കുറെ മുടിയിഴകൾ കണ്ടെത്തിയതായി പറയുന്നു. മാംസഭാഗങ്ങൾ ഏറെ ഇല്ല, ഒരു സ്ത്രീയുടെ മാംസഭാഗങ്ങൾ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . അവയുടെ പഴക്കത്തിന്‍റെ കാലയളവ് ഡൊമനിക് തിരോഭവിച്ച ദിവസവുമായി ഒത്തുചേരുന്നുണ്ട് എന്നാൽ അതു മാർഗരീറ്റയുടെ ആണെന്നുള്ളതിനു തെളിവില്ല.

ഡി.എൻ.എ പരിശോധന നടത്തിയോ എന്നതിനെക്കുറിച്ച് മിയയൊന്നും പറഞ്ഞു കേട്ടില്ല. അത് അവരോടു തന്നെ ചോദിച്ചു ഉറപ്പു വരുത്താവുന്നതേ ഉള്ളു. ശരി. എങ്കിൽ ഡി.എൻ.എ തെളിവുപ്രകാരം ആ ശരീരാവശിഷ്ടങ്ങൾ മാർഗരീറ്റയുടേതു തന്നെയെന്നു കരുതുക. കൊലപ്പെടുത്തിയത് ഡൊമനിക് റൊസാരിയോ ആണെന്നു ഉറപ്പു പറയുന്നതെങ്ങനെ?

ഇതിനെല്ലാമുപരി എഴുത്തിൽ വ്യക്തമായിത്തന്നെ എഴുതിയിരിക്കുന്നു, ആൽഫ്രഡിന്‍റെ കൂടെ ഒളിച്ചോടി പോയെന്ന്! ഈ ആൽഫി എന്ന ആൽഫ്രഡുമൊത്തുള്ള രഹസ്യബന്ധം ആരോപിച്ചാണ് ഡൊമനിക് റൊസാരിയോ നിരന്തരം മാർഗരീറ്റയുമായി കലഹിച്ചിരുന്നത്.

ഒരുപാടു സ്നേഹിച്ചിരുന്ന മകളെ കരുതിയായിരിക്കണം അയാൾ എല്ലാം ക്ഷമിക്കാനും പൊറുക്കാനും ഒപ്പം അവിശുദ്ധബന്ധങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചത്. പക്ഷേ മാർഗരീറ്റ തന്‍റെ രഹസ്യബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. അതുകൊണ്ടു തന്നെയാണല്ലോ ആൽഫിയെ വിരുന്നിനു വിളിച്ചത്? അവരുടെ ചങ്കുറപ്പ് അപാരം തന്നെ! ആ ക്ഷണത്തിനു പിന്നിൽ മറ്റെന്തെകിലും ഗൂഢ ഉദ്ദേശം ഉണ്ടോ എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്.

ആ വിരുന്നിന്‍റെ ദിവസം അവരുടെ ഗൂഢ താൽപര്യങ്ങൾക്കു ഒരു മറയാക്കിയതാണോ എന്നതും സാധ്യത നൽകുന്ന ചോദ്യമാണ്. ആ ഒരു രാത്രിയാണ് എല്ലാം തകിടം മറിഞ്ഞത്. ഇങ്ങനെ കുടുംബബന്ധങ്ങളെ നിഷ്ക്കരുണം വിഛേദിച്ച്, ഒളിച്ചോടി പോകുന്നവരെ മിക്കവാറും കാത്തിരിക്കുന്നത് നല്ല അനുഭവങ്ങളാകില്ല. സമാധാനമായി ജീവിതം മുന്നോട്ടു പോകാൻ അവർക്ക് കഴിയാറില്ല. അതിന്‍റെ കാരണങ്ങൾ പലതാണ്.

ഒന്നാമതായി അന്യന്‍റെ ഭാര്യയൊടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്നൊക്കെ ചിന്തിക്കുന്ന വ്യക്തി ഒരിക്കലും ഒരു നല്ല മനുഷ്യനല്ല. ഇത്തരക്കാരുടെ ഭൂതകാലജീവിതവും ചരിത്രവും ധാർമ്മികത മുൻനിർത്തി പരിശോധിച്ചാൽ ഒന്നിലേറെ സ്ത്രീകൾ അവരുടെ ജീവിതത്തിൽ വന്നുപോയിട്ടുള്ളതായി കാണാം. നല്ലൊരു ക്രിമിനൽ പശ്ചാത്തലവും അയാൾക്കുണ്ടാകാം.

മറ്റൊന്ന് കളങ്കമില്ലാത്ത സ്നേഹമല്ല അത്തരം ആളുകളെ ഇത്തരം പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നത്. എന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഇതിപിന്നിൽ ഉണ്ടെന്നുള്ളത് നിശ്ചയമാണ്. ഒന്നുരണ്ടു സംഭവങ്ങൾ എനിക്ക് നേരിട്ടുതന്നെ അറിവുള്ളതാണ്. ഗവർമെന്‍റിൽ ഉന്നതദ്യോഗസ്ഥനായ ഭർത്താവിനെ ഉപേക്ഷിച്ച് തന്‍റെ കാർ ഡ്രൈവറോടൊപ്പം പോയ ലക്ചറായ വീട്ടമ്മ വൈകിയാണറിഞ്ഞത് ഒരൊന്നാന്തരം ക്രിമിനലിനെയാണ് താൻ കൂടെ കൂട്ടിയതെന്ന് എല്ലാം തിരിച്ചറിയുമ്പോഴേക്കും ഒരു മടങ്ങിപ്പോക്ക് അസാധ്യമായിരുന്നു.

അപ്പോൾ ഈ വിഷയത്തിലുള്ള ആൽഫ്രഡിനെ ഒരിക്കലും ഒരു നല്ല മനുഷ്യനായി കാണാനാവില്ല. ഒരൊന്നാന്തരം ക്രിമിനലാണയാൾ. ഒരു നിഷ്കളങ്കനായ ഡോക്ടറുടെ ഭാര്യയെ വശീകരിച്ചു. സമ്പത്തും ഒരു ലക്ഷ്യമായിരിക്കാം. കാര്യമായ സമ്പത്ത് മാർഗരീറ്റ കൂടെ കൊണ്ടുപോയിരിക്കാം. തനിക്കെതിരെ ഡോക്ടറുടെ ഭാഗത്തു നിന്നും തിരിച്ചടി പ്രതീക്ഷിച്ച അയാൾ ജീവിതകാലം മുഴുവൻ ഡോക്ടറെ കുടുക്കാൻ സ്ത്രീയുടെ മാംസഭാഗങ്ങൾ നിലവറയിൽ കൊണ്ടുതള്ളി. ഒരുപക്ഷേ ആ നിലവറ അയാൾക്ക് ഏറെ പരിചിതമായ ഇടമായിരിക്കാം!

ഇനിയൊരുപക്ഷേ ഉദ്ദേശിച്ച കാര്യം സാധിച്ച ശേഷം അയാൾ തന്നെ മാർഗരീറ്റയെ കൊന്നു നിലവറയിൽ തള്ളിയതാകം. ഇങ്ങനെ തുണ്ടമാക്കണമെങ്കിൽ ജന്മനാ ക്രിമിനലായ ഒരാൾക്കേ കഴിയൂ. ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറുകയേ മാർഗ്ഗമുള്ളൂ.

ട്രീസയുടെ സുഹൃത്തെന്ന നിലക്ക് ഈ വിഷയം ഒഴിവാക്കാനും സാധ്യമല്ല. ഏതായാലും ആദ്യമായി സംഭവ പരമ്പരകൾ നടന്ന രാത്രിക്കു ശേഷം റോസ് വില്ലയിലെത്തിയ ഏലിയാന്‍റിയെ ഒന്നു കാണണം. പിന്നെ റോസ് വില്ല. അവിടെ ഒരു കോടിയുടെ റിനോവേഷൻ ചെയ്താലും എനിക്കു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും എനിക്കായി അവശേഷിച്ചു കാണും.

അതിനു ശേഷം പെട്ടെന്ന് അപ്രത്യക്ഷയായ റിസ്വാന ഒരു അന്വേഷണം അർഹിക്കുന്നുണ്ട്. റൊസേരിയോ നടത്തിയിരുന്ന ക്ലിനിക്കിനു സമീപം താമസിച്ചിരുന്ന അവർ വിറ്റുപെറുക്കിപോയി എന്നാണ് മിയ പറഞ്ഞത്. അവർ അവിടെ വച്ച് അവരുടെ കണ്ണിൽ ഏറ്റവും വെറുക്കപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം ധൃതിയിൽ അവസാനിപ്പിച്ചു. അവർ അന്വേഷണം അവസാനിപ്പിച്ചിടത്തു നിന്നും എനിക്ക് അന്വേഷണം തുടരേണ്ടതുണ്ട്. അതൊരു അടഞ്ഞ അദ്ധ്യായമായി കാണാനാവില്ല.

സന്ധ്യയാകാറായിരിക്കുന്നു. അത്താഴം കഴിച്ചെന്നു വരുത്തി വന്നു കിടന്നു. ആ ദിവസത്തെ സംഭവ പരമ്പരകളിൽ മനസ്സ് കാകനെപോലെ ചുറ്റിത്തിരിയുന്നു.

ട്രീസ കിടക്കയിൽ വന്നിരുന്നു. മുഖത്ത് ഉറക്കക്ഷീണം കലശലായുണ്ട്. ഞാൻ ഉദ്യോഗത്തോടെ ആരാഞ്ഞു.

“എന്താണ് അഭിപ്രായം?”

“കേക്ക് ഒന്നാന്തരമായിരുന്നു. എന്താ അതിന്‍റെ ഒരുരുചി. നാക്കിൽ വച്ചാലലിയുന്നത്ര സോഫ്റ്റ്. കുറച്ച് വീട്ടിൽ കൊണ്ടുവരാമായിരുന്നു. ഫ്രിഡ്ജിൽ വക്കാമായിരുന്നു.”

അവളുടെ മറുപടി എന്നെ നിരാശയിലാഴ്ത്തി

എന്‍റെ ഉദ്യോഗഭരിതമായ മനസ് തണുത്തു. ഞാൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു

“ശരി… കിടക്കാം.”

Novel: സമുദ്രമുഖം ഭാഗം- 24

“എന്നെപ്പറ്റി ട്രീസ കുറെയൊക്കെ പറഞ്ഞു കാണുമല്ലോ? ഞാൻ മിയാ ആൻസൻ റൊസാരിയോ, ഇവിടെ നിന്നും ഇരുപത് കിലോമീറ്റർ ദൂരത്ത് ബീച്ച് റോഡിന്‍റെ എൻഡിലാണ് വീട്. ഹസ്ബന്‍റ് മി. ആൻസൺ. സമുദ്രോൽപ്പന്നങ്ങളുടെ എസ്പോർട്ടിംഗ് ബിസിനസ് ചെയ്യുന്നു.”

അവർ ഒന്നു നിർത്തി. അച്ചടി ഭാഷയിൽ സ്ഫുടമായും ആകർഷമായും സംസാരിക്കുന്ന അവരെ കേട്ടിരിക്കാൻ എനിക്ക് താത്പര്യം തോന്നി.

അവർ തുടർന്നു.

“ഈ ഓഫീസിനെക്കുറിച്ചും ഓഫീസ് നല്കുന്ന സേവനങ്ങളെക്കുറിച്ചും ട്രീസ പറഞ്ഞറിഞ്ഞിട്ടുണ്ട്. അതറിഞ്ഞപ്പോഴാണ് എന്നെ ഏറെ കാലമായി നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് ഇവിടെ നിന്ന് ഒരു പരിഹാരം ലഭ്യമാകുമോ എന്നറിയാനുള്ള ആകാംക്ഷ എന്നിലുണ്ടായത്. സ്കൂൾ കാലത്ത് എന്നല്ല, ഇപ്പോഴും എപ്പോഴും ട്രീസ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്. അവളെ എനിക്കേറെ വിശ്വാസവുമാണ്.

അവളുടെ ഹസ്ബന്‍റായ നിങ്ങളോടും ആ വിശ്വാസത്തിന്‍റെ ഒരു ഭാഗമുണ്ട്. അതുകൊണ്ടു കൂടിയാണ് നിങ്ങളെ എന്നെ അലട്ടുന്ന പ്രശ്നത്തിന്‍റെ സൊലൂഷനുവേണ്ടി സമീപിക്കുന്നത്. ഞാൻ ഇവിടെ ഈയൊരു ആവശ്യത്തിനായി വന്നത് നാലാമതൊരാൾ അറിയില്ലെന്ന ഉറപ്പും എനിക്കുണ്ട്.”

“തീർച്ചയായും മാഡം. ആ ഒരു ഉറപ്പ് ഞങ്ങൾക്ക് നല്കാനാകും. നിങ്ങളെ അലട്ടുന്ന പ്രശ്നമെന്താണ് എല്ലാം തുറന്നു പറയൂ.” ഞാൻ തിടുക്കം കൂട്ടി.

തന്നെ സാകൂതം ഉറ്റുനോക്കുന്ന ട്രീസയിൽ അല്പനേരം മിയയുടെ കണ്ണുടക്കി നിന്നു. ട്രീസയിൽ നിന്ന് സംസാരം തുടരാനുള്ള സിഗ്നൽ അവർക്ക് കിട്ടിക്കാണണം. അവർ പറഞ്ഞു തുടങ്ങി.

“പതിനാറോളം വർഷം മുൻപത്തെ സംഭവപരമ്പരകളുടെ തുടക്കത്തിൽ നിന്നുവേണം എനിക്ക് ആരംഭിക്കേണ്ടത്. ഞാൻ എല്ലാം പറയാം.”

നെറ്റിയിൽ പൊടുന്നനെ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ വെളുത്ത തൂവാലകൊണ്ട് ഒപ്പിയെടുത്ത് അൽപ നേരം ചിന്തിച്ചിരുന്നു

“പുരാതനമായ കുടുംബമാണ് ഞങ്ങളുടേത്. എന്‍റെ അപ്പൻ ഡൊമനിക് റോസാരിയോ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. അമ്മ മാർഗരീറ്റ. നല്ല കാര്യശേഷിയുള്ള ഒരു സ്ത്രീയായിരുന്നു. ഞാനാദമ്പതികളുടെ ഏകമകളും. എന്‍റെ അമ്മ വെളുത്തു തടിച്ച് സുന്ദരിയായ സ്ത്രീയായിരുന്നു. ഒരു വിവാഹച്ചടങ്ങിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട് അപ്പന്‍റെ വീട്ടുകാർ വിവാഹാലോചന മുമ്പോട്ടു വക്കുകയായിരുന്നു. ഉയർന്ന വിദ്യഭാസ യോഗ്യതകളൊന്നും അമ്മയ്ക്കില്ലായിരുന്നെങ്കിലും കഴിവിന്‍റേയും കാര്യശേഷിയുടേയും ആൾരൂപമായിരുന്നു അവർ.

അല്പം പിടിവാശിയും തന്‍റെ തീരുമാനമേ വീട്ടിൽ നടക്കാവൂ എന്ന ഒരു താൻപോരിമയും ഉണ്ടെങ്കിലും ഭർത്താവിനേയും മകളായ എന്നെയും അതിരറ്റ് സ്നേഹിച്ചിരുന്ന ഒരു മാതൃകാവനിതയായിരുന്നു അവർ. അപ്പന്‍റെ അടുക്കൽ നിന്നും എന്‍റെ ഓർമ്മയിൽ മോശപ്പെട്ട അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്തിട്ടില്ല.

ഞാൻ ആവശ്യപ്പെടുന്നത് വാങ്ങി നല്കും. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും മനോഹരമായ ഉടുപ്പുകളും നിർലോഭം എനിക്കുതരുമായിരുന്നു. എന്‍റെ ഓർമ്മകളിൽ വാത്സല്യത്തോടെ മാത്രമേ അപ്പൻ എന്നോട് ഇടപെട്ടിട്ടുള്ളൂ. ദിവസവും ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ എത്ര വൈകിയാലും ഒരു ചോക്ലേറ്റ് ബോക്സ് എനിക്കായി കരുതിയിട്ടുണ്ടാകും. അദ്ദേഹത്തിൽ നിന്നും മോശമായ ഒരനുഭവവും എനിക്കുണ്ടായിട്ടില്ല.

എങ്കിലും അപ്പന്‍റെ തീഷ്ണമായ നോട്ടത്തിന്‍റെ അർത്ഥതലങ്ങളറിയാൻ എനിക്ക് ചെറുപ്പം മുതൽ കഴിഞ്ഞിരുന്നു. ആ കണ്ണുകൾ തീഷ്ണമാകുന്നതിന്‍റെ അർത്ഥം അപ്പോൾ ഞാൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല എന്നാണ്. അതു മനസ്സിലാക്കി ഞാൻ അപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.” മിയയുടെ കണ്ണുകൾ സജലങ്ങളായി.

ഓർമ്മകളുടെ വേലിയേറ്റത്തിൽ വൈകാരികവിക്ഷോഭം അവരുടെ മുഖത്ത് കടൽത്തിരപോലെ ഓളം തല്ലി. അവരെ ശ്രദ്ധിച്ചിരുന്ന ട്രീസ എഴുന്നേറ്റ് അലമാരി തുറന്ന് ഫ്ലാസ്ക്കിൽ നിന്നും ചായ മൂന്ന് ഗ്ലാസ്സുകളിലേക്ക് പകർന്ന് ടേബിളിൽ കൊണ്ടു വച്ചു. തുടർന്ന് ഒരു പ്ലേറ്റിൽ ബ്രൗൺനിറമുള്ള ചോക്ലേറ്റ് കേക്ക്പീസുകളും മസാല ബിസ്ക്കറ്റും നിറച്ച് ഞങ്ങൾക്കരികിലേക്ക് വച്ചു. ഞാൻ ചായ മിയക്കരികിലേക്ക് വച്ച് കുടിക്കുവാൻ ആവശ്യപ്പെട്ടു. അവർ ചായക്കപ്പെടുത്ത് അൽപ്പാൽപ്പം നുണഞ്ഞുകൊണ്ട് പറയാനാരംഭിച്ചു.

എന്‍റെ അമ്മയേയും അപ്പന് വലിയ സ്നേഹമായിരുന്നു. മിക്കവാറും എല്ലാ ഒഴിവു ദിവസങ്ങളിലും ഞങ്ങൾ പുറത്തു പോകുമായിരുന്നു. ഇവിടെ താഴെയുള്ള പോർച്ചുഗീസ് റസ്റ്റോറന്‍റില്ലേ? അവിടേയൊക്കെ ഞങ്ങൾ വന്ന് ഭക്ഷണം കഴിച്ചിരുന്നത് ഇപ്പോൾ കഴിഞ്ഞപോലെ ഓർക്കുന്നു. ഒറ്റമകൾക്കു ലഭിക്കാവുന്ന നിറഞ്ഞ സ്നേഹവാൽസല്യങ്ങൾ മതിയാവോളം അനുഭവിച്ചാണ് ഞാൻ വളർന്നത്.“

അവർ ചായ കുടിച്ചു തീർത്ത് കപ്പ് താഴെ വച്ചു. ഒരു ബിസ്ക്കറ്റ് എടുത്തു കടിച്ചു. അപ്പോൾ അവർ ഏറെ അസ്വസ്ഥയെന്ന് തോന്നി. ഇനി പറയാൻ പോകുന്ന വസ്തുതകളെക്കുറിച്ചുള്ള ചിന്തകളാണ് അവരെ ആ സംഘർഷങ്ങളിലേക്കെത്തിച്ചതെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഞാൻ അവരെ തുടർന്നു പറയാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അവർ തെല്ലിട സംശയിച്ച ശേഷം പറഞ്ഞു തുടങ്ങി.

“ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന കാലയളവിൽ അപ്പനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. നിസാരകാര്യങ്ങൾക്ക് അമ്മയോട് കയർക്കുക വഴക്കിടുക എന്തിനേറെ ഒരുനാൾ തല്ലുക കൂടി ചെയ്തു. എന്നോടു കയർക്കലൊന്നുമില്ലെങ്കിലും പഴയപോലുള്ള സ്നേഹ പ്രകടനങ്ങളില്ല. അമ്മയ്ക്ക് ആദ്യം അപ്പനിൽ വന്നമാറ്റം ഉൾക്കൊള്ളാനായില്ല. ഇത്രകാലം നീണ്ട സന്തോഷകരമായ ദാമ്പത്യജീവിതത്തിൽ ഒരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. പിന്നെ അപ്പനിൽ മദ്യപിക്കുന്നതടക്കമുള്ള ദു:സ്വഭാവങ്ങൾ കാണാൻ തുടങ്ങി.

രാത്രി നേരത്തെ പറയാതെ വൈകിവരിക പതിവായി. അപ്പനെ കാര്യമായി എന്തോ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മതന്നെ അപ്പനു വന്ന മാറ്റത്തിന്‍റെ കാരണം കണ്ടുപിടിച്ചു. തീർത്തും വേദനാജനകമായ ഒന്നായിരുന്നു അത്!

ആദ്യമൊന്നും ആ വസ്തുത ഉൾക്കൊള്ളാൻ എനിക്കു കഴിഞ്ഞില്ല പിന്നെപിന്നെ അതു വിശ്വസിക്കേണ്ടി വന്നു. അല്ലലിലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ സന്തുഷ്ടമായ കുടുംബജീവിതത്തിന്‍റെ അസ്ഥിവാരം തോണ്ടുന്ന ഒന്നായിരുന്നു അത്!

പൊടുന്നനെ മിയയുടെ മുഖത്ത് രക്തം ഇരച്ചുകയറി. അരുണിമ ആ മുഖത്ത് പടർന്നു.“ അതെ അവളാണ് എല്ലാം നശിപ്പിച്ചത് ആ നശിച്ച പെണ്ണ് റിസ്വാന.”

ദേഷ്യം സഹിക്കാനാവാതെ മിയ പല്ലിറുമ്മുന്നത് ഞാൻ വ്യക്തമായി കേട്ടു.

ആരാണ് റിസ്വാന? ഞാൻ ചോദിച്ചു.

“എന്‍റെ അപ്പന്‍റെ കാമുകി… അപ്പൻ തന്‍റെ കൺസൾട്ടിംഗ് സമയം ഒരു ഹോസ്പിറ്റലിനായും പിന്നീട് സ്വന്തമായി നടത്തുന്ന ക്ലിനിക്കിനായും ഭാഗിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ക്ലിനിക്ക് പ്രവർത്തിച്ചിരുന്നു. ആ ക്ലിനിക്കിൽ അപ്പോയ്ന്‍റ് ചെയ്ത നേഴ്സായിരുന്നു റിസ്വാന. നേഴ്സെന്നു പറയാനാകില്ല ഒരു സഹായി. അവളെങ്ങനെ അവിടെ എത്തിപ്പെട്ടതെന്ന് ആലോചിച്ചിട്ട് ഒരുത്തരവും എനിക്ക് കിട്ടിയില്ല. കാരണം അപ്പന് ക്ലിനിക്കിൽ സഹായികളുടെ ആവശ്യമൊന്നും ഇല്ലായിരുന്നു. ഞാനവിടെ പലതവണ പോയിട്ടുണ്ട്. ഒരു നേഴ്സിന്‍റെ സേവനം ആവശ്യമുള്ള പ്രയാസകരമായ കേസുകൾ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യാറാണ് പതിവ്.”

റിസ്വാന… അവൾക്ക് എന്‍റെ അറിവിൽ ഇരുപതു വയസ്സിനു താഴെയേ പ്രായമുണ്ടായിരുന്നുള്ളൂ. എന്‍റെ അപ്പന് നാൽപ്പത്തേഴ് വയസ്സും. എന്താ ഇനി ഞാൻ പറയേണ്ടത്? മറ്റുള്ളവരുടെ കുടുംബം നശിപ്പിക്കാൻ കച്ചകെട്ടി നടക്കുന്ന അവളുടെ വലയിൽ അപ്പൻ പൂർണ്ണമായും പെട്ടുപോയി. അവളുടെ കൈയ്യിലെ വെറുമൊരു പാവ മാത്രമായി മാറി ഡോക്ടർ റൊസാരിയോ.

റിസ്വാനയുടെ പ്രണയം അസ്ഥിക്കു പിടിച്ച എഴുത്തുകളും ഫോട്ടോയും അപ്പന്‍റെ ബാഗിൽ നിന്നും അമ്മ പലപ്പോഴായി കണ്ടെത്തിയിരുന്നു. അതെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലും പ്രകോപനകരമായ സംസാരങ്ങളും വഴക്കും… ഇതെല്ലാം കൊണ്ട് സത്യത്തിൽ വീട് നരകതുല്യമായി. എനിക്കാണെങ്കിൽ ഇതെല്ലാം കണ്ട് ശ്രദ്ധിച്ചു പഠിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഒരു വല്ലാത്ത അരക്ഷിതാവസ്ഥ വന്നുമൂടിയ പ്രതീതി.

അങ്ങനെയിരിക്കെ അമ്മ ക്ലിനിക്കിൽ ചെന്ന് റിസ്വാനയെ ചീത്തവിളിക്കുകയും കയ്യേറ്റത്തിനു മുതിർന്നതും അപ്പനു വലിയ നാണക്കേടായി. അതിനുശേഷം അപ്പനും അമ്മയും പരസ്പരം കാണുന്നതും മിണ്ടുന്നതും വല്ലപ്പോഴായി. തുടർന്ന് അപ്പൻ മറ്റൊരു ആരോപണവുമായി വന്നു.

ഏതോ ഒരു ആൽഫ്രഡുമായി അമ്മക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തൽ. അതിന്‍റെ തെളിവായി ആൽഫ്രഡ് അമ്മയ്ക്ക് കൊടുത്തതെന്ന് പറഞ്ഞ് കുറെ പ്രേമലേഖനങ്ങൾ അപ്പൻ കാണിച്ചു. അതുപറഞ്ഞ് ഒരു സ്വസ്ഥതയും കൊടുക്കാതെ നിരന്തരം അപ്പൻ ബഹളം വക്കുമ്പോൾ അമ്മ ഒന്നും ഉരിയാടാതെ പ്രതികരിക്കാതെ മൗനത്തിന്‍റെ വാൽമീകമണിഞ്ഞ് കണ്ണു നിറച്ചത് എന്നിൽ സംശയമുണർത്തി.

കാമുകന്‍റെ കാര്യം നിരന്തരം പറഞ്ഞ് അപ്പൻ അമ്മയിൽ നിന്ന് ഡൈവേഴ്സ് ആവശ്യപ്പെടാൻ തുടങ്ങി. അമ്മയാകട്ടെ ആ ആവശ്യം തെല്ലു പോലും വകവച്ചു കൊടുത്തുമില്ല. അപ്പനും അമ്മയും ജീവിതത്തിന്‍റെ ഒരിക്കലും അടുക്കാനാവാത്ത രണ്ടു വിരുദ്ധധ്രുവങ്ങളിലേക്ക് പരസ്പരം അകന്നകന്നു പോകുകയായിരുന്നു.”

“അന്നൊരുനാൾ പരീക്ഷാകാലമായിരുന്നു. രാത്രി ഏറെ വൈകി പഠിച്ച് കിടക്കാനായി പോകുമ്പോൾ വല്ലാത്ത ദാഹം തോന്നി. മുറിയിൽ സൂക്ഷിച്ച കുടിവെള്ളം തീർന്നു പോയിരുന്നു. അടുക്കളയിൽ നിന്ന് വെള്ളമെടുക്കാനായി പോകുമ്പോൾ അപ്പന്‍റെയും അമ്മയുടേയും മുറിയിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേട്ടു .

അപ്പൻ അമ്മയുടെ കൈപിടിച്ച് ഗദ്ഗധത്തോടെ, വിതുമ്പിക്കൊണ്ട് പറയുകയാണ്. ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്നും ഇനി മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ആ പെണ്ണിനെ ഇന്നലെ ക്ലിനിക്കിൽ നിന്നും പറഞ്ഞു വിട്ടെന്നും… അമ്മ അതെല്ലാം കേട്ട് കണ്ണീരോടെ വിസ്മയമിഴികളോടെ നിൽക്കുകയാണ്.

ഞാൻ തുടർന്ന് കേൾക്കാൻ നിൽക്കാതെ, മനസ്സു നിറഞ്ഞ സന്തോഷത്തോടെ സമാധാനത്തോടെ കിടപ്പു മുറിയിലേക്ക് പോയി കിടന്നു. ഇത്രയേറെ മനസ്സമാധാനത്തോടെ ഞാൻ അടുത്തകാലത്തെന്നും മതി മറന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ലിവിംഗ് റൂമിൽ ചെന്നപ്പോൾ അതീവ സന്തോഷവതിയായി അമ്മയും സന്തുഷ്ടനായി നിറഞ്ഞ പുഞ്ചിരിയോടെ അപ്പനും ഒരുങ്ങി നിൽക്കുന്നു. ഒരു ഔട്ടിങ്ങിനുള്ള പുറപ്പാടാണ്. ഞാൻ അത്തരമൊരു കാഴ്ച കണ്ടിട്ട് ഏറെനാളുകൾ ആയിരുന്നു. എനിക്കൊരുവേള ആ കാഴ്ച കണ്ടു വിശ്വസിക്കാനായില്ല. എനിക്ക് അത്ഭുതവും ഒപ്പം അടക്കാനാവാത്ത സന്തോഷവും തോന്നി.

എന്നെ ഏറെ നാളായി, ഭീതിയിലാഴ്ത്തിയിരുന്ന അവരുടെ പിണക്കവും വഴക്കുമെല്ലാം ഒരു രാത്രി കൊണ്ട് മാറിയിരിക്കുന്നു. പരീക്ഷാക്കാലമായിട്ടും ഞാനും പെട്ടന്ന് തന്നെ ഒരുങ്ങി പോകാനായി തയ്യാറായി. ആ ദിവസം! അത്രയേറെ സന്തോഷകരമായ ഒരു ദിവസമായിരുന്നു അത്‌. കായലിൽ ബോട്ടു യാത്രയും ഒന്നാന്തരം സ്റ്റാർ റസ്റ്റോറന്‍റിൽ നിന്നും രുചികരമായ ഭക്ഷണം കഴിച്ചും, കായലിൽ നിന്നും മീൻ പിടിച്ചും, എല്ലാരും ചേർന്ന് ഫോട്ടോകളെടുത്തും.. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഞാൻ ഓർക്കുന്നു.

നിശ്ശബ്ദമായി അവർ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന ഞാൻ അവരുടെ വിടർന്ന മിഴികളിൽ കണ്ണുനീർത്തുള്ളികൾ നിറഞ്ഞു തുളുമ്പുന്നത് പ്രയാസത്തോടെ കണ്ടു. ആകംക്ഷ അടക്കാനാവാതെ ഞാൻ അവരോട് തുടർന്നു പറയാൻ അവശ്യപ്പെട്ടു.

“പിന്നെ ഞങ്ങളുടെ കുടുംബത്തിലൊരു പതിവുണ്ട്. മാസാവസാനം അപ്പന്‍റേയും അമ്മയുടേയും സുഹൃത്തുക്കളേയും വേണ്ടപ്പെട്ട മറ്റു ബന്ധുക്കളെയും അപ്പന്‍റെ ജോലിസ്ഥലത്തെ ആളുകളെയും ക്ഷണിച്ചു വിരുന്ന് നല്കാറുണ്ടായിരുന്നു. അമ്മ തന്‍റെ പാചകവൈദഗ്ധ്യം ആളുകൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായിട്ടായിരുന്നു ആ വിരുന്നിനെ കണ്ടിരുന്നത്. ഒന്നുരണ്ടു സഹായിയെക്കൂട്ടി വിരുന്നിനു സാമാന്യം ഭേദപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുക അമ്മയ്ക്ക് നിസ്സാരകാര്യമായിരുന്നു.

വിരുന്നിനു ശേഷം വീഞ്ഞു കഴിക്കലും ദമ്പതികൾ കൈകോർത്തുള്ള നൃത്തവും പതിവായിരുന്നു. ആ ദിവസം എന്‍റെ ഇന്നുവരെയുള്ള ജീവിതത്തിലെ ഒരിക്കും മറക്കാൻ കഴിയാത്ത നശിച്ച ദിവസമായിരുന്നു. ആ ഞായറാഴ്ച, കൃത്യമായി പറഞ്ഞാൽ മാർച്ച് മാസം 25-ാം തീയതി.

അന്ന് പുലർകാലം മുതലേ പൊടിഞ്ഞ മഴ പെയ്തുകൊണ്ടിരുന്നു. തണുപ്പ് ഞങ്ങളുടെ റോസ് വില്ലയെ വട്ടംചുറ്റി പുണർന്നു കൊണ്ടിരുന്നു. അതൊന്നും തെല്ലു പോലും വകവക്കാതെ അമ്മ രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നതിലും മറ്റും മേൽനോട്ടം വഹിച്ച് ഊർജ്ജസ്വലയായി ഓടി നടന്നു. നല്ല മഴക്കോളു കണ്ട് പ്രതീക്ഷിച്ച അതിഥികൾ എല്ലാവരും എത്തിച്ചേരില്ലെന്ന് ഞങ്ങൾ കരുതിയെങ്കിലും സായാഹ്നമായപ്പോഴേക്കും അതിഥികളെല്ലാവരും ഞങ്ങളുടെ വസതിയിൽ വന്നുചേർന്നു. ഒരു ഇരുപതോളം പേരുണ്ടായിരുന്നതായാണ് എന്‍റെ ഓർമ്മ.

വന്നവരെല്ലാം അന്യോനം പതിവുപോലെ പരസ്പരം സ്നേഹാന്വേഷണങ്ങൾക്കും കുശലപ്രശ്നങ്ങളും വീട്ടുവിശേഷങ്ങൾക്കും ശേഷം വിരുന്നു തുടങ്ങി. അതൊടൊപ്പം കലാപരമായ കഴിവുള്ളവരുടെ പ്രകടനവും തുടങ്ങി. ഞാനും എനിക്ക് പരിചയമുള്ള ആളുകളെ സ്വീകരിച്ച ശേഷം അവരൊടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.

ഒന്നു രണ്ടു കലാപരിപാടികൾ കണ്ടശേഷം ഞാൻ രണ്ടുനാൾ കഴിഞ്ഞുള്ള പരീക്ഷക്കു എന്തെങ്കിലും വായിക്കാമെന്നു കരുതി കിടപ്പുമുറിയിലേക്കു പോയി. പുസ്തകം നെഞ്ചിനു മുകളിൽ പിടിച്ച് കിടന്നുകൊണ്ട് വായിക്കുന്നതിനിടെ ചെറുതായൊന്നു മയങ്ങിക്കാണണം. താഴെ നിന്ന് ഉച്ചത്തിൽ ബഹളം കേട്ടാണ് ഞെട്ടിയുണർന്നത്.

താഴെ ചെന്നു നോക്കുമ്പോൾ അപ്പൻ ഒരാളോട് കയർക്കുകയാണ്. ഒപ്പം അയാളെ തള്ളുകയും മർദ്ദിക്കാനും ശ്രമിക്കുന്നുണ്ട്. നീയല്ലെടാ ആൽഫ്രഡ് നിന്നെ ഞാൻ ഇപ്പോൾത്തന്നെ തീർക്കും എന്നൊക്കെ മദ്യലഹരിയിലെന്നവണ്ണം അസ്പഷ്ടമായി അപ്പൻ വിളിച്ചു പറയുന്നുണ്ട്. അമ്മയും വിരുന്നിനുവന്ന രണ്ടുമൂന്ന് പേരും ചേർന്ന് അപ്പനെ തടയാൻ ശ്രമിക്കുന്നു. അപ്പൻ കുതറി വീണ്ടും അയാളെ മർദ്ദിച്ചു.

അപ്പൻ മർദ്ദിച്ച ആൾ ആ അടിയുടെ ഊക്കിൽ നിലത്തു വീഴുന്നത് കണ്ടു. അപ്പൻ വീണ്ടും മർദ്ദിക്കാനൊരുമ്പെടുന്നതു കണ്ട് അയാൾ പൊടുന്നനെ തട്ടിക്കുടഞ്ഞെഴുന്നേറ്റ് വീടിന്‍റെ മുൻവാതിൽ തള്ളിത്തുറന്ന് ഓടാനാരംഭിച്ചു. അപ്പൻ പിറകെയും. ഇതെല്ലാംകണ്ട് സ്തംഭിച്ചു നിന്നുപോയ എന്നെ അമ്മ കണ്ടു. അമ്മ ഭയം കലർന്ന മുഖഭാവത്തോടെ എന്നരികിൽ ഓടിവന്ന് കൈപിടിച്ചു വലിച്ചുകൊണ്ട് കിടപ്പുമുറിയിൽ കയറ്റി.

“മോളെ ഇവിടെത്തന്നെ ഇരുന്നാൽ മതി… താഴേക്കു വരണ്ട.” എന്നു പറഞ്ഞ് വാതിൽ കുറ്റിയിട്ട് പോയി. ഭയന്നു വിറച്ചു പോയ ഞാൻ കിടക്കയിൽത്തന്നെ ഇരുന്നു. എന്‍റെ അമ്മയെ… എന്‍റെ അമ്മയെ… ഞാൻ അന്നാണ് അവസാനമായി കാണുന്നത്. അതിനുശേഷം…“

മിയ അവസാനം പറഞ്ഞ വാചകങ്ങൾ ചെറിയ മുഴക്കങ്ങളായാണ് എന്‍റെ കാതിൽ വന്നലച്ചതെന്ന് എനിക്കു തോന്നി. അതിന്‍റെ അനുരണനങ്ങൾ തെല്ലിടനേരം കൂടി എന്‍റെ കർണപുടങ്ങളിൽ മറ്റൊലിപൂണ്ടു. ട്രീസ എഴുന്നേറ്റ് മിയയുടെ കൺതടം നിറഞ്ഞ് താഴേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് അവളെ തന്നോട് ചേർത്ത് ആശ്വസിപ്പിച്ചു.

അത്തരമൊരു തലോടൽ മിയ ആഗ്രഹിച്ചിരുന്നതായി എനിക്ക് തോന്നി. ഉച്ചവെയിലിന്‍റെ തിരിയുന്ന കനത്തു പിടിച്ച ചൂട് ഉൾമുറിക്കകത്തേക്ക് പടർന്നിറങ്ങി. ഫുൾസ്പീഡിൽ കറങ്ങിയിട്ടും ഫാനിന് സ്പീഡ് പോരെന്നു തോന്നി. ഉഷ്ണതരംഗങ്ങൾ മുറിക്കകത്ത് വട്ടം ചുറ്റുകയാണ്. ഉള്ളും മനസും തണുപ്പിക്കുന്ന ഡ്രിങ്ക്സ് എന്തെങ്കിലും?

ബംഗാളിപ്പയ്യനെ ഫോണിൽ വിളിച്ച് മൂന്ന് ലസ്സി കൊണ്ടുവരാൻ പറഞ്ഞു. അതുവാങ്ങേണ്ട ഇടവും പറഞ്ഞു കൊടുത്തു. ട്രീസ അപ്പോഴേക്കും മിയയോട് സമാധാനവാക്കുകൾ പറഞ്ഞാശ്വസിപ്പിച്ചശേഷം തുടർന്നുള്ള സംഭവങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

മുറിയിൽ തെല്ലിടനേരം മൗനം തളംകെട്ടി. മൗനം ഭഞ്ജിച്ച് മിയ വീണ്ടും പറഞ്ഞു തുടങ്ങി.

“അന്നു രാത്രി ക്ഷീണവും ഭയവും മൂലം എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ ഏഴു മണിയായിരിക്കുന്നു. വാതിലാകട്ടെ പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുന്നു. ഒരു ഗ്ലാസ്സ് ബ്രൂകോഫിയുമായി മിക്കവാറും ദിവസങ്ങളിൽ അമ്മയാണ് എന്നെ ഉണർത്താറ്. പൊടുന്നനെ തലേന്നത്തെ സംഭവങ്ങൾ എനിക്കോർമ്മ വന്നു. അന്ന് നോക്കിയയുടെ ചെറിയഫോണാണ് എനിക്കുണ്ടായിരുന്നത്. അമ്മയെ വിളിച്ചു അപ്പനെ വിളിച്ചു രണ്ടുപേരുടെ ഫോണും സ്വിച്ചോഫ്.

പിന്നെയും പലതവണ ശ്രമിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്. ധൃതിയിൽ വാതിൽ തുറന്ന് നോക്കുമ്പോൾ അപ്പന്‍റെ സിസ്റ്റർ ഏലിയാന്‍റി. എന്‍റെ അപ്പൻ അവരെ രാവിലെ ഫോൺ ചെയ്തെന്നും എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞത്ര. അതുപ്രകാരം ധൃതി പിടിച്ചു വന്നതാണവർ. മനസ്സു തീർത്തും തളർന്ന് പരിക്ഷീണയായ എനിക്ക് ചുറ്റുപാടും എന്തെല്ലാമാണ് നടക്കുന്നതെന്ന് മനസ്സിലായില്ല.

ഏലിയാന്‍റി പറഞ്ഞതനുസരിച്ച് ഞാനെന്‍റെ ഉടുപ്പുകളും പുസ്തകങ്ങളുമെടുത്ത് അവരുടെ കൂടെ പുറപ്പെട്ടു. എന്തെങ്കിലും ഒഴിവാക്കാനാവാത്ത കാര്യത്തിന് അമ്മയും അപ്പനും കൂടെ ഒരുമിച്ചു പുറത്തു പോയതാവും . വൈകുന്നേരത്തോടെ തിരിച്ചുവരും. എന്നാണ് ഞാൻ കരുതിയത്. പാർട്ടിക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചൊന്നും ഞാൻ അത്രക്ക് ഇഴകീറി ചിന്തിച്ചുമില്ല.

ഏലിയാന്‍റിയുടെ വീട്ടിൽ രാവേറെ ചെല്ലുവോളം കാത്തിരുന്നെങ്കിലും ആരും തിരിച്ചുവന്നില്ല. ഫോൺ വിളിക്കുമ്പോഴൊക്കെ സ്വിച്ച്ഓഫും. ഒരു ദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു ഒരു വിവരവും ഇല്ല. ഏലിയാന്‍റിയും പലതവണ ഫോൺ ചെയ്തു നോക്കി. ഒടുവിൽ ഏലിയാന്‍റിക്കും എന്തോ അസ്വഭാവികത തോന്നി. അവർ എന്‍റെ അനുവാദത്തോടെ സഹോദരനേയും ഭാര്യയേയും കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി കൊടുത്തു. പോലീസെത്തി.

എനിക്കറിയാമായിരുന്നത് ഞാൻ പറഞ്ഞു. തുടർന്നവർ വീട്ടിൽ പരിശോധന ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചലിനു ശേഷം ഞങ്ങൾ വൈനും മറ്റും സൂക്ഷിക്കുന്ന നിലവറയിലെ മൂലയിൽ മണ്ണിളകിയിരിക്കുന്നതായി കണ്ടു. അവിടെ വിശാലമായി കുഴിച്ചു നോക്കിയ പോലീസുകാർ കണ്ടത്…“

മിയ ടേബിളിൽ കൈകൾ പിണച്ച് അതിൽ തല താഴ്ത്തി… “വേണ്ട അതൊന്നും പറയണ്ട. അപ്പോൾത്തന്നെ പോലീസ് നിങ്ങളുടെ അപ്പന്‍റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിക്കാണുമല്ലോ? അതു അപ്പോൾ പറയേണ്ടിയിരുന്നില്ലെന്നു എനിക്ക് തോന്നി.

മിയ പൊടുന്നനെ എഴുന്നേറ്റു. അവളുടെ മുഖം ചുവന്നു.

“അതെ അതുതന്നെയാണ് പ്രശ്നം. എല്ലാവരും അങ്ങനെത്തന്നെയാണ് വിചാരിച്ചിരിക്കുന്നത്. എന്‍റെ അമ്മയെ അപ്പൻ കൊന്നിട്ടില്ല. അമ്മയെ എന്നല്ല ഒരാളെയും അപ്പന് കൊല്ലാൻ കഴിയില്ല. കൊല്ലാൻ പോയിട്ട് ഒരുറുമ്പിനെ വേദനിപ്പിക്കാൻ അപ്പനു കഴിയില്ല. എന്‍റെ അപ്പൻ പാവമാണ്. അതുകൊണ്ടാണ് ആ പിശാചിന്‍റെ പ്രലോഭനത്തിൽ അപ്പൻ പെട്ടുപോയത്. ഒരുവൾ രണ്ടും കൽപ്പിച്ച് ഒരുമ്പെട്ടിറങ്ങിയാൽ എന്തു ചെയ്യാനൊക്കും?

മനുഷ്യസഹജമായതേ അപ്പനും ചെയ്തുള്ളൂ. പിന്നീട് ആ തെറ്റു മനസ്സിലാക്കി അത് മാപ്പു പറഞ്ഞു തിരുത്തി അപ്പൻ ഞങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നതല്ലേ? ഞാനതിന് ഏക ദൃക്സാക്ഷിയാണ്.”

“സോറി വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ഞാൻ ഉദ്ദേശിച്ചത് പോലീസിൽ മിസ്സിംഗ് ആയ പരാതി കൊടുത്താൽ സ്വാഭാവികമായി അന്വേഷിക്കുമല്ലോ? പോരാത്തതിന് വീട്ടിൽ നിന്നും… ഞാനതു പൂർത്തീകരിച്ചില്ല.

“അതെ… അവരന്വേഷിച്ചു. കണ്ടുപിടിക്കുകയും ചെയ്തു. ഏറെ നാൾ പണിപ്പെട്ടാണ് കണ്ടെത്തിയത്. ഡൽഹിക്കടുത്ത് വിദൂരമായ ഒരു ഗ്രാമത്തിൽ വച്ച്. അപ്പനെ മാത്രമല്ല കൂടെ അവളുമുണ്ടായിരുന്നു. റിസ്വാന!“

എന്‍റെ കാലിന്‍റെ പെരുവിരലിൽനിന്ന് ഒരു തരിപ്പ് മുകളിലോട്ട് അരിച്ചു കയറി. ആ നടുക്കം പുറത്തു കാണിക്കാനാവാതെ ഞാൻ തെല്ലിട കണ്ണുചിമ്മി.

“പോലീസവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. പിന്നെ, കോടതിയായി കേസായി. എന്‍റെ മൊഴിയെടുത്തു. എല്ലാത്തിനുമൊടുവിൽ അപ്പനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആ സാത്താന്‍റെ സന്തതിയെ വെറുതെ വിട്ടു. ലോകത്തോടു മുഴുവൻ വെറുപ്പായിരുന്നു എനിക്ക്. സ്നേഹനിധിയായ എന്‍റെ അപ്പനെ… ഒപ്പം നിലവറയിൽ കണ്ടെത്തിയ ശരീരാവശിഷ്ടാക്കൾ?

ചിലപ്പോൾ അപ്പനോട് കഠിനമായ വെറുപ്പ് തോന്നും. പക്ഷേ അപ്പൻ നിരപരാധിയെന്ന് ഇപ്പോൾ ഞാൻ സംശയത്തിന് ഇടയില്ലാതെ വിശ്വസിക്കുന്നു ആ വിശ്വാസത്തെ പൂർണ്ണമായും ശരിവെക്കുന്ന വ്യക്തമായ തെളിവ് ഇന്ന് എന്‍റെ പക്കലുണ്ട്. നല്ല കഴിവുള്ള, സമൂഹത്തിൽ അന്തസ്സും ആഭിജാത്യവുമുള്ള എന്‍റെ അപ്പനെ കുടുക്കാൻ ആരോ ആരുടേയോ ശരീരാവശിഷ്ടങ്ങൾ നിലവറയിൽ മണ്ണിളക്കി കുഴിച്ചിട്ടു അപ്പനെ എല്ലാ തരത്തിലും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയുടെ, കൊടുംകുടിലതയുടെ ഭാഗമായി ഈ സംഭവങ്ങൾ കാണാൻ കഴിയില്ലേ?

അങ്ങനെ ചിന്തിക്കുമ്പോൾ ഒരു വലിയ ചോദ്യം പിടിതരാതെ നിൽക്കുന്നു. എന്‍റെ അമ്മയെവിടെ? ആ ചോദ്യത്തിന് അപ്പന് ഉത്തരമില്ലാത്തതുകൊണ്ടുതന്നെ ഒരിക്കൽ പോലും ഞാൻ അപ്പനെ കാണാൻ പോയിട്ടില്ല. ഞാൻ നിരപരാധിയാണ് എന്ന ഒറ്റമറുപടിയാണ് അപ്പൻ എല്ലാവരോടും കോടതിയിലും ആവർത്തിച്ചത്.

മനസ്സിന്‍റെ സമനില തന്നെ തെറ്റിക്കുന്ന ഇത്തരം കാര്യങ്ങളെല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാൻ സ്നേഹനിധിയായ ഏലിയാന്‍റിയുടെ ദയയും വാത്സല്യവും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുള്ളതു മൂലമാണ് ഞാൻ ഇന്നും ജീവിതത്തിൽ നിലനിൽക്കുന്നത്.

സ്നേഹനിധിയും എന്നിൽ ഒരുപാട് കരുതലുള്ള ഒരു ഭർത്താവിനെ അവർ എനിക്ക് കണ്ടെത്തിത്തന്നു. അതിന് ഞാൻ സർവ്വേശ്വരനോട് നന്ദി പറയുന്നു. ഈശ്വരൻ മോശം അനുഭവങ്ങൾ ഒരുപാട് തന്നിട്ടുണ്ടെങ്കിലും, ഇന്ന് ഞാൻ തീർത്തും സന്തോഷത്തിലും സമാധാനത്തിലും ആണ് ഇവിടെ ജീവിക്കുന്നത്.

വിവാഹശേഷം ഞാൻ ഏറെക്കാലം വിദേശത്തായിരുന്നു. മൂന്നു വർഷം മുമ്പ് എനിക്ക് അറിയിപ്പു കിട്ടി. അപ്പൻ ജയിലിൽ വച്ച് മരണപ്പെട്ടെന്ന്! ഞാൻ വന്നില്ല. എനിക്കെന്‍റെ അപ്പനെ മരിച്ച അവസ്ഥയിൽ പോലും കാണണമെന്നില്ലായിരുന്നു. ഇന്ന് അതേക്കുറിച്ചു ചിന്തിച്ചു മനസുരുകുകയാണ്. എന്തൊരു മഹാപാപിയാണ് ഞാൻ? എന്‍റെ മനസാക്ഷിയുടെ കോടതിൽ ഞാൻ ഒരു തെറ്റുകാരിയായി പ്രതിസ്ഥാനത്തു നിൽക്കുകയാണ്.

ഏലിയാന്‍റിയായിരുന്നു അപ്പന്‍റെ ശവസംസ്ക്കാരത്തിനൊക്കെ മേൽനോട്ടം വഹിച്ചത്. പിന്നീട് വിദേശവാസം മടുത്തപ്പോൾ ഞങ്ങൾ നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു. ഇവിടെ ഞാൻ ജനിച്ചു വളർന്ന വീടുണ്ടല്ലോ? ബന്ധുജനങ്ങളുണ്ടല്ലോ? പിന്നെ കാലം മായ്ക്കാത്ത മുറിവുകളുണ്ടോ? ആ നിലവറയും മറ്റും പൊളിച്ചു കളഞ്ഞ് വീടിന്‍റെ മുഖഛായമാറ്റി സമാധാനത്തോടെയും സന്തോഷത്തോടെയും ഞങ്ങൾ ജീവിക്കുന്നു. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഇതിൽ താങ്കൾക്കെന്താണ് റോളെന്ന്? എനിക്ക് ഒരൊറ്റകാര്യം അറിയണം.

എന്‍റെ അപ്പൻ കുറ്റക്കാരനായിരുന്നോ? ഞാൻ വലിയൊരു തെറ്റ് അദ്ദേഹത്തോട് ചെയ്തുവോ? ഞാനൊന്ന് കാണാൻ ചെന്നിരുന്നെങ്കിൽ അദ്ദേഹം സൂയിസൈഡ് ചെയ്യുമായിരുന്നില്ല. എനിക്കീ ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം കിട്ടണം. എന്നെ നേരിട്ട് ബാധിക്കുന്ന യാതൊരു പ്രശ്നങ്ങളും നിലവിൽ ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽ ഞാനിത് കുത്തിപ്പൊക്കുന്നത് എന്തിനെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നെ മനസിന്‍റെ കോടതിക്കൂട്ടിൽ കുറ്റക്കാരിയായി നിർത്തുന്നതിനു കാരണം ഈ കത്താണ് നോക്കൂ.”

അതും പറഞ്ഞ് അവർ ബാഗു തുറന്ന് ഒരു സുതാര്യമായ ഫയൽ കവറെടുത്തു. അതിനുള്ളിൽ നിറംമങ്ങി മഞ്ഞ നിറമായ ഒരു കവർ പുറത്തെടുത്തു. ആ കത്തിന്‍റെ അരികുകൾ കാലപ്പഴക്കത്താൽ തുരുമ്പിച്ചു പോയിരുന്നു.

“റിനോവേഷന്‍റെ ഭാഗമായി ഞങ്ങളുടെ വീട്ടിലെ തുരുമ്പു പിടിച്ച ഗേറ്റ് നീക്കം ചെയ്തിരുന്നു. അതിൽ ഘടിപ്പിച്ചിരുന്ന പഴയ ലറ്റർ ബോക്സിൽ നിന്നും കിട്ടിയതാണിത്. വായിച്ചു നോക്കൂ. ”

ഞാനാ കവർ തുറന്നു. അതിൽ ടൈപ്പ്റൈറ്റർ ഉപയോഗിച്ച് ടൈപ്പു ചെയ്ത അരപ്പേജ് എഴുത്ത്. ആകത്തു എഴുതിയിരിക്കുന്നത് മാർഗരീറ്റ. . ! എന്‍റെ കൈകളിലിരുന്ന കത്ത് വിറകൊണ്ടു. ഞാൻ കത്ത് തുറന്നു വായിക്കാനാരംഭിച്ചു. ഒരു ക്ഷമ ചോദിക്കലാണ് കത്തിലെ വിഷയം.

മകളും ഹസ്ബന്‍റും ക്ഷമിക്കണം മറ്റൊരു മാർഗ്ഗവുമില്ലാത്തതു കൊണ്ടാണ് ഇതു ചെയ്യുന്നത്. ഞാൻ പോകുന്നു. എന്നെ ജീവനക്കാളേറെ സ്നേഹിക്കുന്ന ആൽഫ്രഡിന്‍റെ കൂടെ ഇനിയുള്ള കാലം ജീവിക്കാനായി പോകുകയാണ്. മറ്റൊരു മാർഗ്ഗവും എന്‍റെ മുന്നിലില്ല. എന്നെ വെറുക്കരുത് എന്നെ പിൻതുടരാൻ ശ്രമിക്കുകയും ചെയ്യരുത്. അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഒരു കാരണവശാലും എന്നെ അന്വേഷിക്കരുത്. അതിന് ആരെങ്കിലും മുതിർന്നാൽ വലിയ വില കൊടുക്കേണ്ടി വരും. നന്നായി പഠിക്കണം എന്ന് ഹതഭാഗ്യയായ മാർഗരറ്റ് റൊസാരിയോ.

ഞാൻ കണ്ണുയർത്തി മിയയെ നോക്കി.

“ഇനി പറയു എന്‍റെ അപ്പൻ. കുറ്റക്കാരനാണോ? അല്ലെങ്കിൽ ഞാൻ നിരപരാധിയായ എന്‍റെ അപ്പനോട് കാണിച്ചത് പൊറുക്കാനാവാത്ത തെറ്റല്ലേ? അപ്പനു വേണ്ടി നല്ലൊരു വക്കീലിനെ ഞാൻ ഏർപ്പാടാക്കിയില്ല. എന്നെ നിരന്തരം മുറിവേൽപ്പിക്കുന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടിയേ തീരു. ഇല്ലെങ്കിൽ ഈ ചോദ്യം എന്‍റെ ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടും.“

മിയയുടെ ആ വാചകത്തിനു മുന്നിൽ ഞാനൊന്ന് പകച്ചു. പെട്ടെന്ന് സംയമനം പാലിച്ച് പറഞ്ഞു.

“നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കാം. നിങ്ങൾ ഇപ്പോൾ വിവരിച്ചത് ഒരുപാട് വർഷം മുൻപത്തെ സംഭവപരമ്പരകളാണ് നിയമത്തിന്‍റെ വഴികളിലൂടെയും ഈ വിഷയം ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട്. നിയമവ്യവസ്ഥ അതിന്‍റെ ദൃഢവും വ്യക്തവുമായ നടപടിക്രമങ്ങളിലൂടെ തീർപ്പു കൽപ്പിച്ചിട്ടുമുണ്ട്. ആ തീർപ്പിൽ നിങ്ങൾ കടുത്ത സംശയം പ്രകടിപ്പിക്കുന്നു. ഇതൊക്കെ ഉൾക്കൊണ്ടുതന്നെ നൂറുശതമാനം ഉത്തരം നല്കാം എന്നു ഞാൻ പറയില്ല. ശ്രമിക്കാം എന്നേ പറയാനാവൂ. പിന്നെ എനിക്ക് താങ്കളോട് ചോദിക്കാൻ അതായത് ക്ലാരിഫൈ ചെയ്യാനുണ്ട്. ചോദിക്കാമല്ലോ?”

“താങ്കൾ ശ്രമിക്കാം എന്ന് പറഞ്ഞതു തന്നെ എന്‍റെ പൊള്ളുന്ന മനസ്സിന് ആശ്വാസദായകമായി തോന്നുന്നു. ശ്രമിക്കൂ. നിങ്ങൾക്ക് എന്തും എന്നോട് ചോദിക്കാം എനിക്കറിയാവുന്ന ക്ലാരിഫിക്കേഷൻ ഞാൻ നല്കാം.”

“ശരി. നന്ദി. റിസ്വാന ഇപ്പോൾ എവിടെയുണ്ട്?”

മിയയുടെ മുഖം ഇരുണ്ടു. “കോടതി വെറുതെ വിട്ടുവെന്ന് പറഞ്ഞല്ലോ എനിക്കവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. ഞാൻ അവളെക്കുറിച്ചുള്ള എന്‍റെ പരിമിതമായ അറിവനുസരിച്ച് അന്വേഷിച്ചെങ്കിലും അവളെവിടെയെന്ന് എനിക്ക് കണ്ടെത്താനായില്ല. അപ്പൻ നടത്തിയിരുന്ന ക്ലിനിക്കിന്‍റെ പരിസരങ്ങളിലെവിടെയോ ആണ് അവളുടെ വീട്. ഞാനൊരാളെവിട്ട് അറിയാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിറ്റുപെറുക്കി എങ്ങോട്ടോ കടന്നു കളഞ്ഞു.

“പിന്നെ വിരുന്നിനിടയിൽ അപ്പൻ മർദ്ദിക്കാൻ ചെന്ന ആളെക്കുറിച്ച്? ആൽഫ്രഡ് എന്നല്ലേ അയാളുടെ പേര്?“

“അതെ ആ പേരിനെച്ചൊല്ലി വീട്ടിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. പേര് ഒരുപാട് കേട്ടിട്ടുണ്ട് എന്നല്ലാതെ അന്നാണ് ഞാൻ ആദ്യമായി ആ വ്യക്തിയെ കാണുന്നത്. അപ്പനാ കുഴപ്പക്കാരനെ തല്ലിയോടിച്ച ശേഷം പിന്നീട് ഇന്നുവരെ അയാളെ കണ്ടിട്ടില്ല. പക്ഷെ ധൂമകേതു പോലെ വന്ന അയാളുടെ നശിച്ച മുഖം ഞാൻ മറക്കില്ല.”

അപ്പന് വീട്ടിൽ വച്ച് കൺസൾട്ടിംഗ് ഉണ്ടായിരുന്നോ? “പതിവായി ഇല്ല. ചില അപൂർവ്വ അവസരങ്ങളിൽ രോഗിയോട് വീട്ടിൽ വരാൻ ആവശ്യപ്പെടാറുണ്ട്. വീട്ടിലും അത്യാവശ്യം ചികിത്സാ സൗകര്യങ്ങളുണ്ട്.”

നിങ്ങളും കുടുംബവും റോസ് വില്ലയിൽ താമസിക്കാൻ വരുമ്പോൾ വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപെട്ടിരുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നോ?

“വിലപിടിപ്പുള്ളതു എന്നുപറയാൻ അമ്മയുടെ ഒർണമെന്‍റ്സ് ആണ്. അതെല്ലാം ലോക്കറിൽ ആണ്. അത്യവശ്യം ഉപയോഗത്തിനുള്ളതേ വീട്ടിൽ സൂക്ഷിക്കാറുള്ളു. അത് സുരക്ഷിതമായി അലമാരിയിൽ ഉണ്ടായിരുന്നു.”

“അമ്മയുടെ വസ്ത്രങ്ങളും മറ്റും?

“ഒന്നും തന്നെ നഷ്ടപെട്ടിട്ടില്ലായിരുന്നു. പണവും നഷ്ടപെട്ടിട്ടില്ലായിരുന്നു.“

“കുടുംബം വിദേശത്തുള്ളപ്പോൾ ഇതെല്ലാം ആരാണ് നോക്കിയിരുന്നത്?”

“ഏലിയാന്‍റി ഇടക്ക് അവർ പണിക്കാരെ കൂട്ടി വീടും തൊടിയും വൃത്തിയാക്കും. വാടകയ്ക്ക് കൊടുത്തുകൂടെ എന്ന് അവർ കൂടെ കൂടെ ചോദിക്കുമായിരുന്നു. റോസ് വില്ല വാടകയ്ക്ക് കൊടുക്കുന്നതിനോട് എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. വീടിന്‍റെതൊഴിച്ചുള്ള എല്ലാ കീകളും ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.”

തുടർന്നവർ ഒരു ഫയൽ പുറത്തെടുത്തു. അതു എനിക്കു നേരെ നീക്കി വച്ചിട്ടു പറഞ്ഞു.

“ഇതു മുഴുവൻ ഈ സംഭവവുമായി ബന്ധപ്പെട്ട് അക്കാലത്തെ പേപ്പറിൽ വന്ന തുടർകഥകളാണ്. ഈ മാധ്യമക്കഥകൾ വായിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ജനങ്ങളെ അമ്പരിപ്പിക്കാനുള്ള നിറംപിടിപ്പിച്ച വിഭവങ്ങൾ ഇവയിൽ ഉടനീളം കാണാം. ഇതിലൊന്നും സത്യമില്ലെന്ന് എനിക്കറിയാം. റിസ്വാന പ്രഗ്നന്‍റ് ആയിരുന്നെന്നാണ് അവരുടെ ഒരു കണ്ടുപിടുത്തം. ഇതുവായിച്ച് നിങ്ങൾക്ക് കാര്യമായ ഗുണമൊന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല. എങ്കിലും കേസിന്‍റെ നാൾവഴികളെക്കുറിച്ചൊക്കെ ഒരു ഗ്രാഹ്യം ലഭിക്കും.

“ശരി. ആ കത്തു നിങ്ങൾ കൈവശം വയ്ക്കൂ. സമയം ഏറെ വൈകി. എനിക്കു പോകാനുള്ള സമയമായി വീട്ടിലൊരു അത്യാവശ്യമുണ്ട്. ഇതാണെന്‍റെ നമ്പർ.”

അവർ ഒരു കടലാസിൽ ഫോൺ നമ്പറെഴുതി എനിക്കു നേരെനീട്ടി. എഴുന്നേൽക്കാനാഞ്ഞു. ഞാനതു വാങ്ങി. അപ്പോൾത്തന്നെ എന്‍റെ ഫോണിൽ സേവു ചെയ്തു.

“എനിക്കു നിങ്ങളുടെ വീടൊന്നു കാണേണ്ടതുണ്ട്.“ ഞാൻ ആവശ്യപ്പെട്ടു.

“നോക്കു മിസ്റ്റർ സാം നിങ്ങൾക്ക് എല്ലായ്പോഴും വീട്ടിലേക്ക് സ്വാഗതം. അതിനൊന്നും യാതൊരു എതിർപ്പുമില്ല പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ പഴയ ഓർമ്മകളുടെ അവശിഷ്ടത്തെ പേറുന്ന ഒരു ശേഷിപ്പും അവിടില്ല. ഒരു കോടിയോളം മുടക്കിയാണ് ഞാനാഭവനം റിനോവെറ്റ് ചെയ്തെടുത്തത്. ഓർമകളെ ഉണർത്തുന്നവയുടെ ഒരു തരിപോലും അവശേഷിപ്പിക്കാതെ, വേദനകളെ കുഴിച്ചു മൂടിക്കൊണ്ടുള്ള ഒരു ടോട്ടൽ റിനോവേഷൻ.”

അവർ എന്‍റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി ഫോൺനമ്പർ എഴുതിയതിനു താഴെ കുറിച്ചു.

മിയ ആൻസൻ റൊസാരിയോ വൈഫ് ഓഫ് ആൻസൻ റൊസാരിയോ, 13/1413 . റോസ് വില്ല, 2nd  ക്രോസ്സ്, ബീച്ച് മെയിൻ റോഡ്.

തുടർന്ന് ട്രീസയോടും എന്നോടും യാത്ര പറഞ്ഞ് പെട്ടെന്ന് ചുറ്റുഗോവണിയിറങ്ങി റോഡിലേക്കിറങ്ങി. പൂമരച്ചോട്ടിൽ പാർക്കു ചെയ്തിരുന്ന കാറു ലക്ഷ്യമാക്കി അവർ നടന്നു പോകുന്നത് ഞങ്ങൾ നോക്കിനിന്നു.

Novel: സമുദ്രമുഖം ഭാഗം- 23

അറബിക്കടലിലെവിടേയോ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്‍റെ ഫലമായി രണ്ടു ദിവസമായി കനത്തുപിടിച്ച മഴ. പണ്ട് താമസിച്ചിരുന്നിടമെല്ലാം വെള്ളം കയറിയെന്ന് അവിടുത്തെ പരിചയക്കാരായ അയൽക്കാർ വിളിച്ചു പറഞ്ഞു. വീട്ടിൽ വെള്ളം കയറിയാലുള്ള ഒരവസ്ഥ. കുഞ്ഞുനാളിൽ ഒന്നിലേറെ തവണ ആ അവസ്ഥ അനുഭവിച്ചതാണ്. ഇന്ന് ചിന്തിക്കാൻപോലും വയ്യ. അങ്ങിനെ കനത്തുപിടിച്ച മഴ മൂലം പുറത്തിറങ്ങാൻ കഴിയാതെയായി. അതുകൊണ്ടു തന്നെ ഏജൻസിയുമായി ബസപ്പെട്ട കാര്യങ്ങളിൽ ഒരു തുടക്കം കുറിക്കാൻ തീരുമാനിച്ചു. പുതു സംരംഭം ട്രീസയുടെ അനുവാദത്തോടെ ട്രീസയുടെ പേരിൽത്തന്നെ തുടങ്ങാനാണ് ഞാൻ നിശ്ചയിച്ചത്.

അങ്ങനെ ഞാൻ അടുത്ത സുഹൃത്തുക്കളുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ ആരംഭിച്ചു ഒരു ദിവസം മുഴുവൻ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു പുസ്തകത്തിന്‍റെ ഓർഡർ പോലും എടുക്കാനാവാതെ എനിക്ക് നിരാശനാകേണ്ടിവന്നു. ആവശ്യം വരുന്ന പക്ഷം അറിയിക്കാം എന്ന പൊതു മറുപടിയാണ് എല്ലായിടത്തു നിന്നും ലഭിച്ചത് ഞാൻ അവതരിപ്പിക്കുന്ന ദാർശനീക പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ സുഹൃത്തുക്കൾ പുസ്തകങ്ങളുടെ ഓർഡർ ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ കാവ്യാത്മകമായ പോസ്റ്റുകളെ തീർത്തും അവഗണിച്ചു കളഞ്ഞു.

ഏതായാലും നിരാശ ഉളവാക്കുന്ന അത്തരം പ്രതികരണങ്ങളിൽ കാലുഷ്യമൊന്നും തോന്നിയില്ല. തുടക്കമല്ലേ. ഒരു ഒറ്റമുറിയിൽ ഒരു കംപ്യൂട്ടറു മാത്രമായി ആരംഭിച്ച, പുസ്തകം വിതരണം മാത്രമായി തുടങ്ങിയ ആമസോണിന്‍റെ ചരിത്രം എവിടെയോ വായിച്ചത് മനസ്സിൽ വന്നു. ശ്രമിക്കുക, തിരിച്ചടികളിൽ തളരാതിരിക്കുക കർമ്മം ചെയ്തുകെണ്ടേ ഇരിക്കുക ഫലം ഇച്ഛിക്കരുത്. കാലം കർമ്മഫലം നല്കും.

ഒരു ചെടി നടുമ്പോഴേ ഫലം തരില്ലല്ലോ! യഥാവിധി പരിപാലിച്ച് സമയം എടുത്തു മാത്രമേ കായഫലം നല്കുകയുള്ളൂ. അതുകൊണ്ട് പരമാവധി ശ്രമിക്കുക… ശ്രമിച്ചു കൊണ്ടേ ഇരിക്കുക. അതേ ചെയ്യാനുള്ളൂ.

അറബിക്കടലിലെ ന്യൂനമർദ്ദം ഒഴിഞ്ഞുപോയ തെളിഞ്ഞ ഞായറാഴ്ച. അങ്ങകലെ ആകാശത്തിന്‍റെ അതിരുകൾ വെടിച്ചിരുന്നു. ഇന്നാണ് മിയയുമൊത്തുള്ള കൂടിക്കാഴ്ച്ചയ്ക്ക് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഓഫീസിലാണത് പറഞ്ഞു വച്ചിരിക്കുന്നത്. പക്ഷെ ഓഫീസുമുറി അലങ്കോലപ്പെട്ടാണു കിടക്കുന്നത്‌. ഇന്ന് എന്തായാലും നേരത്തെ ഓഫീസിലെത്തി എല്ലാമൊന്ന് അടുക്കിഒതുക്കി വയ്ക്കേണ്ടതുണ്ട്.

വിവരം പറഞ്ഞ് പോകാമെന്ന് കരുതി അമ്മയെ തിരക്കിയപ്പോൾ കാണുന്നില്ല, അമ്മ ഈയിടെ എപ്പോഴും തിരക്കിലാണ്. ബാൽക്കണിയിൽ ചെന്നു നോക്കിയപ്പോൾ സ്ഫടിക കുപ്പികളിൽ വെള്ളം നിറച്ച് മണിപ്ലാന്‍റുകൾ നട്ട് വേണ്ട പരിപാലനം ചെയ്യുകയായിരുന്നു അമ്മ. ആ വിദ്യയും, ഫ്ലാറ്റിനുള്ളിലെ വിവിധ ഇടങ്ങളിൽ വാസ്തുശാസ്ത്രപ്രകാരം വയ്ക്കേണ്ട ക്രമവും ട്രീസ അമ്മക്ക് പറഞ്ഞു കൊടുത്തിരുന്നു. അമ്മക്ക് ആ പ്രവൃത്തി വളരെ സന്തോഷം നല്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. അമ്മയോട് വിവരം പറഞ്ഞ് ട്രീസയെയും കൂട്ടി ഞാൻ പുറത്തിറങ്ങി.

പൂമരങ്ങൾ തണലുതീർത്ത വൃത്തിയും വെടുപ്പുമുള്ള വഴിയോരത്തിലൂടെ നടക്കുമ്പോൾ കടൽകാറ്റ് തിരതല്ലാൻ തുടങ്ങിയിരുന്നു. ഞായറാഴ്ചയുടെ മയങ്ങിയ അലസതയിൽ ആറാടി നിൽക്കുന്ന തെരുവ്. വലിയ ജനത്തിരക്ക് ദൃശ്യമല്ല. പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റാണ് ഞങ്ങളുടെ ലക്ഷ്യം. ഏറെ നാളായിരിക്കുന്നു അവിടെ പോയിട്ട്. ഞായറാഴ്ചകളിൽ സ്പെഷ്യൽ വിഭവങ്ങൾ എന്തെങ്കിലും കാണണം.

വീട്ടു രുചിയിൽ നിന്നു മാറി മറ്റൊരു വൈവിധ്യമാർന്ന രുചി ആസ്വദിക്കാൻ ട്രീസയും കുറച്ചുകാലമായി തയ്യാറായിരുന്നു. പുറത്തുനിന്നുള്ള വിഭവങ്ങളോട് അമ്മയ്ക്ക് വലിയ താത്പര്യമില്ല എന്നറിയാമെങ്കിലും നല്ല ഐറ്റമാണെങ്കിൽ കുറച്ചു പാർസൽ വീട്ടിലേക്കു വാങ്ങണം എന്നു നിശ്ചയിച്ചു.

റസ്റ്റോറന്‍റിലെത്തി മെനു പരിശോധിച്ചപ്പോൾ ബ്രേക്ഫാസ്റ്റിനായി കാര്യമായ വിഭവങ്ങളില്ല. വലിയ ഗ്രാഹ്യമില്ലെങ്കിലും മെനുവിൽ ആദ്യംകണ്ട പോർച്ചുഗീസ് സാൻഡ്‍വിച്ചും കടുംകാപ്പിയും ട്രീസ ഓർഡർ ചെയ്തു.

ഭാഗ്യവശാൽ നാവിൽ രുചിയുടെ അലയൊലികൾ ഉണർത്തുന്ന വിഭവമായിരുന്നു അത്. അതിനു മുകളിൽ കടുംകാപ്പി കൂടെ കഴിച്ചതോടെ ഉന്മേഷമായി. ധാരാളം പച്ചക്കറിയും ഇലയും ചേർത്ത് വേവിച്ച ആ വിഭവം വൈകുന്നേരമാകുമ്പോഴേക്കും ഭക്ഷ്യയോഗ്യമല്ലാതാകുമെന്ന് തോന്നിയതോടെ പാർസൽ വാങ്ങാനുള്ള പദ്ധതി ഒഴിവാക്കി.

ഓഫീസിനു താഴെ നിലയിലുള്ള ബംഗാളിപ്പയ്യൻ അധികാരിയെ സഹായത്തിനു വിളിച്ച് ഓഫീസ് വൃത്തിയാക്കാൻ ആരംഭിച്ചു. അധികാരി മിടുക്കനാണ്. നല്ല കാര്യക്ഷമത ഉള്ളവനാണ് പെട്ടെന്നുതന്നെ അവൻ തൂത്തും അടുക്കി വച്ചും ഓഫീസ് വൃത്തിയാക്കിത്തന്നു. ചായയും മസാലബിസ്ക്കറ്റും വാങ്ങി വരുവാൻ ഫ്ലാസ്ക്കും പണവും നല്കി ബംഗാളിപ്പയ്യനെ പറഞ്ഞു വിട്ടു. സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.

മിയ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നല്ല മികവ് കാണിച്ചിരുന്ന കുട്ടിയായിരുന്നെന്ന് ട്രീസ ഓർത്തെടുത്തു. അക്കാലയളവിൽ ട്രീസയുടെ ഏറ്റവുമടുത്ത മൂന്നു കൂട്ടുകാരികളിൽ ഒരാളായിരുന്നു മിയ റൊസാരിയോ. പത്താം ക്ലാസ്സിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പത്താം ക്ലാസ്സിനു ശേഷം ഇപ്പോഴാണ് കാണുന്നതെന്നും ട്രീസ തെല്ലു വിഷമത്തോടെ പറഞ്ഞു. അവർ വരട്ടെ. സമയമുണ്ട് എല്ലാ വിവരങ്ങളും വിശദമായിത്തന്നെ ചോദിച്ചറിയണം.

ബംഗാളിപ്പയ്യൻ അധികാരി കൊണ്ടുവന്ന ചായയും സ്നാക്സുകളും അലമാരിക്കകത്തുവച്ച് അവനെ പറഞ്ഞു വിടുമ്പോൾ ട്രീസയുടെ ഫോൺ ശബ്ദിച്ചു. മിയയുടെ കാർ ഡ്രൈവറായിരുന്നു അത്.

ഓഫീസിലേക്കുള്ള വഴിയറിയാതെ നാലു ഭാഗത്തേക്കുള്ള വഴിത്താരകൾ കൂടിച്ചേരുന്ന ജംഗ്ഷനിൽ നിന്നാണ് അയാൾ വിളിക്കുന്നതെന്ന് മനസ്സിലായി. ഞങ്ങൾ ബാല്കണിയിലേക്കിറങ്ങി നോക്കിയപ്പോൾ തെല്ലകലെയുള്ള കവലയിൽ ഒരു വിദൂരദൃശ്യമായി അയാളും മിയയും നില്ക്കുന്നതു കണ്ടു. ആ സമയം ട്രീസ കൈ രണ്ടും വീശിക്കാണിച്ചത് അവർ കണ്ടുവെന്നു തോന്നി. അവർ ഓഫീസു ലക്ഷ്യമാക്കി വരുന്നതു കണ്ട ഞങ്ങൾ അകത്തേക്കു തിരിച്ചു. ഞാൻ ടേബിളിനു പുറകിലെ കസേരയിലും ട്രീസ ടേബിളിനഭിമുഖമായി സോഫയിലും ഇരുന്നു.

തെല്ലിട കഴിഞ്ഞ് മരത്തിന്‍റെ ചുറ്റുഗോവണി ഇടർച്ചയോടെ ശബ്ദിച്ചു. മിയയും ഡ്രൈവറും എത്തിക്കഴിഞ്ഞു. ആദ്യം പാതിയടഞ്ഞ വാതിൽ തുറന്നു വന്നത് മിയയായിരുന്നു. കുലീനതയും ആഭിജാത്യവും നിറഞ്ഞു തുളുമ്പുന്ന ഒരു യുവതി. ഏറെക്കാലം വിദേശത്തായിരുന്നു ജീവിച്ചിരുന്നതെന്ന് അവരുടെ ശരീരഭാഷയും വസ്ത്രധാരണ ശൈലിയും വ്യക്തമാക്കി. അവർ വന്നപാടെ ട്രീസക്കരികിലിരുന്ന് തെല്ലുനേരം സൗഹൃദം പങ്കു വച്ചു. തുടർന്ന് ഡ്രൈവറോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു.

മിയയും ട്രീസയും അല്പനേരം സംസാരിച്ച് അന്തരീക്ഷം കംഫർട്ട് ആയിക്കോട്ടെ എന്നുകരുതി ഞാൻ പോർച്ചുഗീസ് റസ്റ്റോറന്‍റിനു സമീപം പാർക്കു ചെയ്തിരിക്കുന്ന കാറിനരികിലേക്ക് ഡ്രൈവർ നടന്നു പോകുന്നതും അയാൾ കാറിൽ നിന്നും ചെറിയ ഒരു ബാഗെടുത്ത് റസ്റ്റോറന്‍റിനരികെ ചായയും സമോസയും കിട്ടുന്ന ചെറുകടയിലേക്ക് കയറിപ്പോകുന്നതും കണ്ടു. ആ കടയിൽ ഞാൻ വല്ലപ്പോഴും പോകാറുള്ളതാണ്. ആകെ രണ്ടു കസേരകൾ ഇടാനുള്ള സ്ഥലമേ അതിനകത്തുള്ളൂ. നീട്ടിയടിച്ച രുചികരമായ അവിടുത്തെ ചായക്ക് ആറു രൂപയും ചീനിപ്പടക്കത്തിന്‍റെ വലുപ്പമുള്ള സമോസക്ക് അഞ്ചു രൂപയും. ചൂടുചായയോടൊപ്പം അതീവരുചികരമാണത്.

അല്പനേരം കഴിഞ്ഞ് ട്രീസ വന്നുവിളിച്ചപ്പോൾ ഞാൻ ഓഫീസിലേക്ക് കയറി. എന്നെക്കണ്ട് അവർ എഴുന്നേറ്റു. മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിക്കുകയായിരുന്ന മിയയിൽ നിന്നും ഞൊടിയിടയിൽ അപരിചിതത്വത്തിന്‍റെ മേലാപ്പ് അഴിഞ്ഞു പോയത് ഞാൻ കണ്ടു. അവർ എനിക്കഭിമുഖമായി വന്നിരുന്നു. അപ്പോഴാണ് ആ മുഖം സൂക്ഷ്മമായി ഞാൻ ശ്രദ്ധിക്കുന്നത്.

പുഞ്ചിരിതൂകുന്ന ആ പ്രസന്നഭാവത്തിനു പുറകിൽ വിഷാദത്തിന്‍റെ ഇരുളിമയുടെ ഓളം വെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മുറുകിക്കെട്ടിയ അന്തരീക്ഷത്തിന് തെല്ലു ലാഘവത്വം വരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. തെല്ലിട കഴിഞ്ഞ് അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി.

Novel: സമുദ്രമുഖം ഭാഗം- 22

ഒഴിവു ദിവസമായതുകൊണ്ടാകാം. പതിവിലേറെ ആളുകൾ അന്നത്തെ സായാഹ്നത്തിൽ ബീച്ചിലുണ്ടായിരുന്നു. കുറെ കുട്ടികൾ ബീച്ചിൽ തമ്പടിച്ച അരിപ്രാവുകൾക്ക് കപ്പലണ്ടി കൊടുക്കുന്നത് കണ്ടു. ചിലപ്പോൾ ലവലേശം ഭയപ്പാടില്ലാതെ കുട്ടികളുടെ കൈവെള്ളയിലേക്ക് പ്രാവുകൾ തത്തിക്കയറി കപ്പലണ്ടി കൊത്തിത്തിന്നുന്ന കാഴ്ചകൗതുകകരമായി തോന്നി. അപ്പോഴേക്കും വിദൂരതയിൽ സൂര്യൻ ഒരു ചുകന്ന കിണ്ണമായി മാറിയിരുന്നു. ആ അകലങ്ങളിലെ ജലപ്പരപ്പ് സ്വർണ്ണം ഉരുക്കിയൊഴിച്ചപോലെ കാണപ്പെട്ടു.

കാലുകൾ വക്കുന്നിടം പൊടുന്നനെ പൂഴ്ന്നു പോകുന്ന വെള്ള മണലിലൂടെ മസാല ചേർത്ത് വറുത്തകടല കഴിച്ചുകൊണ്ട് നടക്കുമ്പോഴാണ് ട്രീസ പള്ളിമുറ്റത്തു വച്ച് സംസാരിച്ച ആ സ്ത്രീയെക്കുറിച്ച് പറയാൻ തുടങ്ങിയത്. ട്രീസയുടെ സ്കൂൾ കാലഘട്ടത്തിൽ ഒരേ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ആ സ്ത്രീ. പള്ളിയിൽ വച്ച് ഒരുപാട് വർഷങ്ങൾക്കുശേഷം അവർ തമ്മിൽ കണ്ടുമുട്ടുകയായിരുന്നു. പഴയ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച ശേഷം ഇപ്പോഴത്തെ വീട്ടുവിശേഷങ്ങളും സംസാരിച്ച് ഗൗരവമായ ഒരു കാര്യവും അവർ ട്രീസയോട് പങ്കുവച്ചു.

അത് എന്നിൽ നിന്നും ഒരു സഹായം ആവശ്യപ്പെടലായിരുന്നു. അതു എന്‍റെ ജോലിയുമായി ബന്ധപ്പെട്ടവിഷയമാണ് എന്നു മാത്രം അവർ ട്രീസയോടു പറഞ്ഞിട്ടുണ്ട്. എനിക്കു അവരെ സഹായിക്കാൻ തയ്യാറുമെങ്കിൽ വിശദയവിവരങ്ങൾ അവർ കൈമാറും. എന്തു സഹായമാണ് അവർ എന്നിൽ നിന്നും ആഗ്രഹിക്കുന്നതെന്ന് ട്രീസയ്ക്കും വ്യക്തമല്ല. എന്തായാലും ഒരന്വേഷണമായിരിക്കും അവരുടെ വിഷയം എന്നു മനസിലായി.

എനിക്ക് താത്പര്യമുണ്ടെങ്കിൽ ട്രീസ വഴി അവരെ ഉടനെത്തന്നെ വിവരം അറിയിക്കുക അത്രമാത്രം. ഭാര്യയുടെ സുഹൃത്താണ് എന്ന പരിഗണന അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ആവശ്യമില്ല. ഒരു ക്ലയന്‍റ് എന്ന പരിഗണ മാത്രം അവർക്കുമതി. തുറന്നടിച്ചുള്ള ആ നിർദേശങ്ങൾ ഏതായാലും എനിക്കിഷ്ടപ്പെട്ടു.

നമ്മുടെ ഓഫീസ് സംബന്ധമായ നടപടിക്രമങ്ങൾ അവരെ ധരിപ്പിക്കുവാനും എന്‍റെ പൂർണ്ണമായ സഹകരണവും സഹായവും പ്രതീക്ഷിക്കാമെന്ന് അവരെ അറിയിക്കണമെന്നും ഞാൻ ട്രീസയോട് ആവശ്യപ്പെട്ടു . മാത്രമല്ല അവരുടെ പ്രശ്നങ്ങൾ വിശദീകരിക്കുവാൻ വേണ്ടി ഒരു കൂടിക്കാഴ്ചയ്ക്ക് സൗകര്യപ്രദമായ ഒരു ദിവസവും സമയവും നിശ്ചയിക്കാൻ അവരോടുതന്നെ ആവശ്യപ്പെടണമെന്നും ഞാൻ നിർദേശിച്ചു.

തുടർന്ന് അന്നു വൈകീട്ട് അവയെല്ലാം തന്നെ ട്രീസ ആ സ്ത്രീയെ, അവരുടെ പേര് മിയ ആൻസൻ എന്നായിരുന്നു, അറിയിക്കുകയും ചെയ്തു. രണ്ടു മൂന്നു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. മിയയുമൊത്തുള്ള ഒരു കൂടിക്കാഴ്ച ഉടനെത്തന്നെ പ്രതീക്ഷിച്ചിരുന്ന ഞാൻ നിരാശനായി.

ലോൺ തിരിച്ചടവിന്‍റെ ദിവസവും അടുത്തു വരാൻ തുടങ്ങി. ഒരു ഓൺലൈൻ പുസ്തക വില്പന ഏജൻസി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു ഞാൻ. ആ യാത്ര ലക്ഷ്യം കണ്ടു. ഒരു ഏജൻസി എനിക്ക് പെട്ടന്ന് തന്നെ അനുവദിച്ചു തന്നു. അതു നൽകിയ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു എന്‍റെ തിരിച്ചുള്ള യാത്ര.

പഠന സംബന്ധിയായതടക്കമുള്ള വിവിധതരം വിഷയങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളുടെ ഓർഡറുകൾ എടുക്കുക. ഫേസ്ബുക്ക് അല്ലെങ്കിൽ വാട്ട്സ്അപ്പ് സൗഹൃദകൂട്ടായ്മകളിലൂടെയോ അല്ലെങ്കിൽ സ്കൂളുകളോ മറ്റു പഠനകേന്ദ്രങ്ങളോ സന്ദർശിച്ചോ പുസ്തകങ്ങളുടെ വിവരങ്ങൾ ഉപഭോക്താക്കളിലെത്തിക്കുക. എന്നിട്ടാ ഓർഡറുകൾ പ്രധാന ഓഫീസിൽ അറിയിക്കുക. അവർ അത് പണമടച്ചവർക്ക് എത്തിച്ചു കൊടുക്കും. ചെറിയ കമ്മീഷനേ ഉള്ളൂ എങ്കിലും നമുക്ക് സൗകര്യപ്രദമായ സമയങ്ങളിൽ പ്രവർത്തിച്ചാൽ മതി. പ്രത്യേക ടാർഗറ്റ് ഒന്നുമില്ല അതെല്ലാം എനിക്ക് യോജിച്ച ഘടകങ്ങളായിത്തോന്നി.

പതുക്കെ പതുക്കെ സുഹൃത്തുകളോടൊക്കെ വിവരം പറഞ്ഞു ഈ മേഖലയിൽ വിജയിക്കാമെന്ന വിശ്വാസം എനിക്കുണ്ടായി. സ്കൂളുകളും മറ്റും സന്ദർശിക്കാൻ എനിക്ക് വലിയ താത്പര്യം തോന്നിയില്ലെങ്കിലും സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ ചെറുതല്ലാത്ത ബിസിനസ് പിടിക്കാവുന്നതാണെന്ന് എനിക്ക് തോന്നിത്തുടങ്ങി.

നേരിട്ട് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരുപാട് സമൂഹമാധ്യമ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. കടഞ്ഞെടുത്ത കടുത്ത ജീവിതസത്യങ്ങളും ദാർശനീകതയും ഇഴചേരുന്ന എന്‍റെ പോസ്റ്റുകൾ ആ സുഹൃത്തുക്കൾ അംഗീകരിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു. ആ ആത്മവിശ്വാസം മനസ്സിനു നല്കിയ ശീതളിമയിൽ ബസ്സിറങ്ങി ആദ്യം കണ്ട സ്പൈസ്ഷോപ്പിൽ കയറി ഇഞ്ചിയിട്ടു തിളപ്പിച്ച മസാലച്ചായ നുണയുമ്പോഴാണ് ട്രീസയുടെ ഫോൺ വന്നത്.

അടുത്ത ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു കൂടിക്കാഴ്ച്ചയ്ക്ക് മിയ താത്പര്യപ്പെടുന്നു എന്നായിരുന്നു അത്. ഞായറാഴ്ചയ്ക്ക് ഇനി അഞ്ചു ദിവസമുണ്ട്. മറ്റന്നാൾ ഒന്നാം തീയതിയും. ഒന്നാം തീയതി അക്കൗണ്ടിൽ നിശ്ചിത തുകയില്ലാതെ വന്നാൽ വിഷമിച്ചുപോകും. പെട്ടെന്ന് ഒരു ചെറിയ അഡ്വൻസ് തരപ്പെടുത്താനുള്ള ആഗ്രഹത്തിനാണ് നാലഞ്ചു ദിവസത്തെ സാമാന്യം ദീർഘമായ ഇടവേള മങ്ങലേൽപ്പിച്ചത്. നീരസം തോന്നിയെങ്കിലും അതു പുറത്തുകാട്ടാതെ ഞാൻ സമ്മതംമൂളി. കൂടിക്കാഴ്ചയ്ക്ക് ഓഫീസ് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി.

അവർ വരുമ്പോൾ ട്രീസയും ഓഫീസിൽ ഒപ്പമുണ്ടാകണമെന്ന് ഞാൻ നിശ്ചയിച്ചു. സുഹൃത്തിന്‍റെ സാന്നിദ്ധ്യം ഉള്ളുതുറന്ന് സംസാരിക്കാൻ അവർക്ക് പ്രചോദനമാകുമെന്ന് എനിക്ക് തോന്നി. ഗ്ലാസ്സിൽ അവശേഷിച്ച മസാലച്ചായ കുടിച്ചുതീർത്ത് ഞാനൊരു പീസ്കേക്കിന് ഓർഡർ ചെയ്തു. നാക്കിൽ വച്ചാലലിയുന്ന ഹൃദയഹാരിയായ ഗന്ധം ഉൾക്കൊള്ളുന്ന പതുപതുത്ത കേക്ക്. സായാഹ്നത്തിൽ ഫ്ലാറ്റ് പറ്റുംവരെ ആ കേക്കുകഷണത്തിന്‍റെ രുചി എന്നെ എന്തെല്ലാമോ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 21

വെളുത്തു നുരയുന്ന കടൽത്തിര പാറക്കെട്ടുകളിൽ തല്ലിച്ചിതറുന്നത് നോക്കിയിരിക്കുയായിരുന്നു, ഞാനും ട്രീസയും. സായാഹ്നങ്ങളിൽ പഞ്ചാര മണൽ നിറഞ്ഞ ബീച്ചിലൂടെ ഒരു യാത്ര. അതു പതിവുള്ളതാണ്. തീർത്തും ഒഴിവാക്കാനാവാത്ത എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിലേ സന്ധ്യനേരത്തെ യാത്ര മുടക്കാറുള്ളൂ. കടൽക്കാറ്റേറ്റ്, പഞ്ചാരമണലിനെ തട്ടിത്തെറുപ്പിച്ച് വറുത്തകപ്പലണ്ടി കഴിച്ച് ഒരു അലസഗമനം. ഇന്നും പ്രസക്തി നഷ്ടപ്പെട്ടില്ലാത്ത ചീനവലകളിലെ മീൻപിടുത്തം കണ്ടും ഇടക്ക് ഇരുമ്പുവലകൾ കെട്ടിയൊതുക്കിയ കരിങ്കൽകെട്ടിൽ വിശ്രമിച്ചും നന്നാറി സർബത്ത് രുചിച്ചും വഴിയോരക്കച്ചവടക്കാരുടെ അപൂർവ്വങ്ങൾ ആയ കൗതുകവസ്തുക്കൾ പരിശോധിച്ചും വിലപേശിയും ഒരു യാത്ര.

സൂര്യൻ ഇരുണ്ട്, കനത്തു ചുകന്ന് ഒടുവിൽ തിളച്ചൊടുങ്ങിയ കടൽപ്പരപ്പിന്‍റെ അനന്തമായ അകലങ്ങളിൽ മുങ്ങിതാഴും വരെ ആ യാത്ര തുടരും. ആ യാത്രക്കിടയിൽ ഒപ്പമുള്ള ട്രീസക്ക് പറയാനേറെയുണ്ടാകും. ഞാനൊന്ന് മൂളിക്കൊടുത്ത് പ്രോത്സാഹിപ്പിച്ചാൽ മാത്രം മതി. പ്രധാനമായും ആംഗ്ലോഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ഓർമ്മകൾ. ഒപ്പം പഠിച്ചിരുന്ന സുഹൃത്തുകൾ. അവിടുത്തെ മാന്തണലിനു ചുവട്ടിലെ നീണ്ട ഉച്ചകൾ. അവിടെയിരുന്നാണത്രെ ഉച്ചഭക്ഷണം കഴിക്കുക പിന്നീട് ഇപ്പോഴും ബന്ധം തുടരുന്നവരുടെ വർത്തമാനകാല ജീവിതാവസ്ഥകൾ ചിലപ്പോൾ ദു:ഖത്തിന്‍റേയും ചിലപ്പോൾ സന്തോഷത്തിന്‍റേയും വർത്തമാനങ്ങൾ. അതെല്ലാം കേട്ടിരിക്കുന്നതിലൂടെ എനിക്കും ഭൂതകാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് സാധ്യമാകുന്നു.

ട്രീസ എന്‍റെ ജീവിതത്തിൽ വലതുകാൽവച്ച് കയറിയതിൽ പിന്നെ ജീവിതരീതികൾ ഒരുപാട് മാറിപ്പോയി. ഒറ്റക്കുള്ള യാത്രകൾ കുറഞ്ഞു എന്നല്ല തീർത്തും ഇല്ലാതായി. മിക്കവാറും യാത്രകൾ അവളൊടൊപ്പം തന്നെ. പിന്നെ ഒരു വീടുമാറ്റം. നാട്ടിൻപുറത്തെ വസ്തുവും പുരയിടവും മോശമല്ലാത്ത ഒരു തുകക്ക് വിറ്റു. അതിനു പിന്നിൽ ട്രീസയുടെ നിരന്തര സമ്മർദമുണ്ടായിരുന്നെന്ന് പറയാതെ വയ്യ. ആ തുക കൊണ്ട് ടൗണിൽ തന്നെ ഒരു രണ്ടുമുറി ഫ്ലാറ്റ് വാങ്ങി. വസ്തുവിറ്റ തുക കൊണ്ട് എന്ന് പറയാനാകില്ല.

മോശമല്ലാത്ത ഒരു തുക വായ്പയായി എടുക്കേണ്ടതായി വന്നു. പുതിയ താമസസ്ഥലത്തു നിന്നും ഏതാണ്ട് നാലഞ്ചു കിലോമീറ്റർ ദൂരമേ നാലുവഴികൾ ചെന്നുചേരുന്ന നാൽക്കവലയിൽ നിന്നും ഞങ്ങളുടെ രണ്ടാംനിലയിലുള്ള ഓഫീസിലോട്ടുള്ളൂ എന്നത് ഒരനുഗ്രഹമായിത്തോന്നി.

ഓഫീസിൽ ഈയിടെയായി കാര്യമായ ജോലിയൊന്നുമില്ലെങ്കിലും ഓഫീസിലോട്ടുള്ള നടന്നുകൊണ്ടുള്ള യാത്ര ദിനം മുഴുവൻ നീണ്ടുനിൽക്കുന്ന ഉത്സാഹവും ഉന്മേഷവും എന്നിൽ നിറച്ചു. പുതിയ താമസസ്ഥലത്തെക്കുറിച്ചുള്ള ചർച്ചകളിൽ അമ്മ ആദ്യം നീരസവും അനിഷ്ടവും പ്രകടിപ്പിച്ചിരുന്നെങ്കിലും വൃത്തിയും വെടുപ്പും ഉള്ള ഫ്ലാറ്റിൽ താമസമാരംഭിച്ചതോടെ അനിഷ്ടം ഇഷ്ടത്തിന് വഴിമാറി. എപ്പോഴും അഴുക്കുപുരണ്ട പഴയ അടുക്കളയിൽ നിന്നും ആധുനിക അടുക്കളയിലേക്കുള്ള കൂടുമാറ്റം അമ്മയെ അത്യധികം സന്തോഷിപ്പിച്ചു. ട്രീസയോടുള്ള പെരുമാറ്റത്തിലും ശുഭകരമായ മാറ്റം കണ്ടുതുടങ്ങി.

തുടക്കത്തിൽ ട്രീസയോട് ആവശ്യത്തിന് മാത്രം സംസാരിക്കുക എന്നതായിരുന്നു അമ്മയുടെ നയം. പിന്നെപിന്നെ നയം മാറിത്തുടങ്ങി. അവർ തമ്മിൽ നല്ല ബന്ധമായി. അതു എനിക്കു നല്കിയ ആശ്വാസം ചെറുതല്ല. മനസ്സിലെ പ്രധാന പ്രയാസം തുടർച്ചയായി ജോലികൾ ലഭിക്കുന്നില്ല എന്നതായിരുന്നു. ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപെട്ടു എടുത്ത ലോണിന്‍റെ തിരിച്ചടവ് തീയതി അടുത്തുവരുമ്പോൾ മനസ്സ് വല്ലാതെ ആകുലപ്പെട്ടുകൊണ്ടിരുന്നു. ഒരു ലോൺ തിരിച്ചടവിൽ എന്‍റെ ഗതാഗത മാർഗം കേക്കുവണ്ടി എന്നന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നെ ഒരാശ്വാസമായത് ഇനി മുതൽ ഓഫീസിന്‍റെ വാടകയൊന്നും മേലിൽ തരേണ്ടതില്ലെന്ന ട്രീസയുടെ അമ്മയുടെ നിർദേശമാണ്. ഓഫീസ് മുറിക്കായി മുൻകൂറായി അവരെ ഏൽപ്പിച്ച മോശമല്ലാത്ത തുക അവർ തിരിച്ചുതരികയും ചെയ്തു.

അന്നൊരു പ്രസന്നമായ ദിനമായിരുന്നു. ഊഷ്മളമായ ഞായറാഴ്ച. നേരിയ ചൂടു പ്രസരിപ്പിച്ചുകൊണ്ട് സൂര്യൻ സർവ്വജീവജാലങ്ങളെയും പ്രചോദിപ്പിച്ചിരുന്നു. ഒരു തരത്തിലുമുള്ള പുരോഗതിയുടേയും തുടർച്ച മനുഷ്യന്‍റെ കൈപ്പിടിയിലല്ല. ദൈവാനുഗ്രഹത്തിന്‍റെ ആവശ്യകത ജീവിതകാലത്തുടനീളം മനുഷ്യന് കൈമുതലായി വേണ്ടതാണ്. ഒരുവൻ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള പുരോഗതി നേടിയാലും ദൈവാനുഗ്രഹമില്ലെങ്കിൽ അവൻ ആർജ്ജിച്ച പുരോഗതി ജലരേഖകൾ മാത്രമായിത്തീരും. മനസ്സ് ഈയൊരു സത്യത്തിലേക്ക് അടുത്തു കഴിഞ്ഞിരിക്കുന്നു.

സമീപകാലത്ത് മനസ്സിലുടക്കിയ ഒരു വല്ലാത്ത മരണമാണ് അത്തരമൊരു ചിന്തയിലേക്ക് മനസ്സിനെ എത്തിച്ചത്. എന്‍റെ അപ്പനും എനിക്കും നേരിട്ടറിയാവുന്ന ഒരാൾ. അപ്പന്‍റെ കടമുറിയുടെ താഴെയുള്ള ഒരു ഒറ്റമുറിയിൽ നിന്നായിരുന്നു തുടക്കം. ഒരു ഒറ്റമുണ്ടുടുത്ത് ഒരു ചെറിയ ബാഗുമായി പുലർകാലേ വന്ന് രാവുപുലരുവോളം ജോലി ചെയ്യുന്ന അയാളെക്കുറിച്ച് അപ്പൻ വീട്ടിൽ പറയാറുള്ളത് ഓർക്കുന്നു. ആ ഒറ്റമുറിയിൽ ഒരു മേശയും കസേരയും അതിനു പിന്നിൽ വലിച്ചുകെട്ടിയ ഒരു പ്ലാസ്റ്റിക് ഷീറ്റും . ആ ഷീറ്റിൽ അയാളുടെ സ്ഥാപനത്തിന്‍റെ പേര് വൃത്തിയായി എഴുതിയിരുന്നു.

ഒരു പത്തുപതിനഞ്ച് വർഷത്തിനിപ്പുറം ഭാരതം മുഴുവൻ വ്യാപിച്ച മൂവായിരത്തിലധികം ബ്രാഞ്ചുകളുള്ള പണമിടപാട് സാഥാപനമായി ആ ഒറ്റമുറി വളർന്നു പന്തലിച്ചു. ആ ബ്രാഞ്ചുകൾ മിക്കതും അയാളുടെ സ്വന്തം ഉടമസ്ഥതയിലുള്ളവ. അതിന്‍റെയെല്ലാം മേലധികാരിയായി അയാൾ. ആ വളർച്ച അക്ഷരാർത്ഥത്തിൽ എന്നെ അമ്പരപ്പിച്ചു. വിദ്യഭ്യാസമോ പാരമ്പര്യസ്വത്തുക്കളോ ഭാഗ്യമോ ഒന്നുമല്ല വിജയത്തിന്‍റെ അടിസ്ഥാനമെന്ന് അയാൾ എന്നെ കൂടെക്കൂടെ ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നു.

ലക്ഷ്യബോധത്തോടു കൂടിയുള്ള കഠിനാധ്വാനത്തിന്‍റെ ഏവർക്കും കണ്ടുപഠിക്കാനുള്ള ഒരു മാതൃകയായി അയാൾ മാറി. ഒരുനാൾ ഫോർബ്സ് മാഗസിന്‍റെ ഭാരതത്തിൽ നിന്നുള്ള അതിസമ്പന്നരുടെ പട്ടികയിൽ അയാളും ഉണ്ടായിരുന്നു. പിന്നീട് അയാളെക്കുറിച്ച് ഓർക്കാതെയായി. രണ്ടാഴ്ച മുൻപാണ് എന്നെ ഞെട്ടിച്ച ആ വാർത്തയറിഞ്ഞത്. സ്വവസതിയിലെ മൂന്നാംനിലയിൽ നിന്ന് ചാടി അയാൾ ആത്മഹത്യ ചെയ്തു.

ആ ഒരു സാഹസത്തിന് ഇറങ്ങുമ്പോൾ അയാൾക്ക് അൻപതു വയസ്സ് തികഞ്ഞിരുന്നില്ല. ഏതു സമയരാശിയിൽ? ജീവിതത്തിന്‍റെ ഏതു തിരിച്ചുഴിയിൽ അകപ്പെട്ടതിനു ശേഷമായിരിക്കും നിരാശയുടെ കരാളഹസ്തങ്ങൾ അദ്ദേഹത്തിനുമേൽ പിടിമുറുക്കിയത്? ബിസിനസ്സിലെ സങ്കീർണ്ണതകളെക്കുറിച്ച് എനിക്ക് വേണ്ടത്ര അറിവില്ല. അപ്പൻ പലതവണ നിർബന്ധിച്ചിട്ടും അപ്പന്‍റെ കടയിലോട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയിട്ടുമില്ല. ആ മേഖലയോട് അകൽച്ചയാണ് ഇപ്പോഴും.

ഇത്രയേറെ സാമ്പത്തികശേഷിയുള്ള ഒരാൾ സാമ്പത്തിക പ്രശ്നങ്ങളാൽ നട്ടം തിരിഞ്ഞ് ഇത്തരം പ്രവൃത്തിക്കൊരുമ്പെടുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഇല്ലെന്നാണ് അറിവ്. ഒന്നുമില്ലായ്മയിൽ നിന്ന് ഭാരതം മുഴുവൻ പടർന്നു പന്തലിക്കാൻ രാസത്വരകമായ ഉൾബലം ഒരു പ്രത്യേകഘട്ടത്തിൽ ചോർന്നുപോയതിന് അന്തർലീനമായ കാരണമെന്ത്?

ഈയൊരു അവസ്ഥയിലാണ് സർവ്വത്തിന്‍റേയും കാരണഭൂതരായവന്‍റെ ഇടപെടൽ ജീവിതത്തിൽ ഉണ്ടാകേണ്ടതിന്‍റെ പ്രസക്തി എനിക്കു വെളിവാക്കപ്പെടുന്നത്.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളേയും പരീക്ഷണങ്ങളേയും പ്രതിരോധിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ട ശക്തി നല്കുന്ന ഇടപെടൽ. അതു നല്കുന്ന ആത്മബലം സമാനതകൾ ഇല്ലാത്തതാണ്. അത്തരമൊരു ഇടപെടൽ ലോകം കീഴടക്കിയിട്ടും ഹതഭാഗ്യനെന്നു വിളിക്കാവുന്ന അയാളിൽ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നു തന്നെ പറയേണ്ടി വരും.

ഇളം ചൂടു പ്രസരിക്കുന്ന ഉന്മേഷദായകമായ ആ പ്രഭാതത്തിൽ പള്ളിയിലേക്കു പോകാൻ എന്‍റെ നിർദ്ദേശപ്രകാരം എല്ലാവരും പെട്ടെന്നുതന്നെ തയ്യാറായി വന്നു. ഞൊറിയുള്ള, തൂവെള്ള ഉടുപ്പിട്ടു വന്ന ട്രീസ ഏതോ എണ്ണച്ചായച്ചിത്രത്തിൽ കണ്ട മാലാഖയെപ്പോലെ തോന്നിച്ചു . സമയം ഏറെ നഷ്ടപ്പെടുത്താതെ ഒരു ടാക്സി വിളിച്ച് പെട്ടെന്നു തന്നെ ഞങ്ങൾ പള്ളിയിലെത്തി.

അവിടുത്തെ നിലം പറ്റി നിന്ന പുൽക്കൊടിത്തുമ്പിലും മരഞ്ചില്ലകളിലും കുഞ്ഞുസൂര്യൻമാർ തിളങ്ങിനിന്നു… പുതുതായി സ്ഥലം മാറി വന്ന ഫാദറാണ്. ദയയും അനുകമ്പയും നിറഞ്ഞു തുളുമ്പുന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണം ശ്രദ്ധിച്ചു. അതു ഉൾക്കൊണ്ടുകൊണ്ട് അല്പനേരം നിന്നപ്പോൾ. മനസ്സിന്‍റെ ആകുലതകൾ അലിഞ്ഞൊഴുകുന്ന പോലെ തോന്നി.

പ്രാർത്ഥന കഴിഞ്ഞ് പള്ളിയുടെ പടിക്കെട്ടിറങ്ങി അമ്മയൊടൊപ്പം അപ്പന്‍റെയടുത്ത് എത്തി. തെല്ലിടനേരം മനസ്സുരുകി പ്രാർത്ഥിച്ചു. അവിടെ ഒരു കുടന്ന പനിനീർ പൂക്കൾ വച്ച് തിരിച്ചു വന്ന് ടാക്സിയിൽ കയറാനൊരുങ്ങുമ്പോഴാണ് ട്രീസ ഒപ്പമില്ലെന്ന് മനസ്സിലായത്. നീണ്ട പടിക്കെട്ടിലെ തിരക്കിൽ അല്പനേരം അവൾക്കായി പരതി.

തെല്ലിട കഴിഞ്ഞ് അമ്മ കൈ ചൂണ്ടിയയിടത്ത് നോക്കിയപ്പോഴാണ് പേരിനു മാത്രം ഇലകളുള്ള പള്ളിമുറ്റത്തെ പൂമരത്തണലിൽ അവൾ ഒരു സ്ത്രീയോട് സംസാരിച്ചുകൊണ്ട് നിൽക്കുന്നതു കണ്ടത്. വെളുത്ത വസ്ത്രം കൊണ്ട് തലവഴി മൂടിയ അവരുടെ മുഖം വ്യക്തമല്ല. എന്തോ ഗൗരവതരമായ വിഷയമാണ് അവരുടെ ചർച്ചയുടെ വിഷയമെന്ന് ട്രീസയുടെ മുഖം വ്യക്തമാക്കിത്തന്നു.

അതുകൊണ്ടു തന്നെ അവർക്കിടയിലേക്ക് ഇടപെടാൻ പോയില്ല . ട്രീസ സംസാരിച്ചു വരുംവരെ കാത്തുനിന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ വെളുത്തു സുമുഖനായ ഒരാൾ ആ സ്ത്രീയുടെ അടുത്തെത്തുകയും അവർ ട്രീസയോടു യാത്ര പറഞ്ഞ് അയാൾക്കൊപ്പം വിലപിടിപ്പുള്ള ഒരു കാറിൽ കയറി പോകുകയും ചെയ്തു. ട്രീസ ഉടനെത്തന്നെ ഞങ്ങളുടെ അരികിലേക്കു വന്ന് കാറിൽ കയറി ഇരുന്നു. ആ സ്ത്രീ ആരാണെന്നും ഇത്രനേരം സംസാരിക്കാൻ മാത്രം ഗൗരവമുള്ള വിഷയം എന്താണെന്നും അറിയാൻ ഞാൻ അപ്പോൾതന്നെ ആഗ്രഹിച്ചെങ്കിലും പിന്നീട് വിശദമായി പറയാമെന്നാണ് അവളുടെ ഇംഗിതമെന്ന് ആ മുഖഭാവത്തിൽ നിന്ന് വ്യക്തമായി.

ടാക്സിയിൽ വീടെത്തുന്നതുവരെ അതെന്തായിരിക്കുമെന്ന് ചിന്തിച്ചെങ്കിലും വീടെത്തി അമ്മയുടെ സ്നേഹവും കൈപ്പുണ്യവും ഇഴചേർന്ന അപ്പത്തിന്‍റേയും ഇറച്ചി ചേർന്ന ഉരുളക്കിഴങ്ങു കറിയുടേയും രുചിയുടെ മേളപെരുക്കത്തിൽ ആ ചിന്ത മനസ്സിൽ നിന്ന് എപ്പോഴോ വിട്ടു പോയിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 20

വീടെത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. മടക്കയാത്ര എന്തുകൊണ്ടോ ഏറെ പ്രയാസമായി തോന്നിയില്ല. അമ്മ രണ്ടു ദിവസമായി വീട്ടിലില്ല. ബന്ധുവീട്ടിൽ സന്ദർശനത്തിലാണ്. പെട്ടെന്നൊരു യാത്രക്കൊരുങ്ങിയതും അതുകൊണ്ടു തന്നെ. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ പ്രഭ പൊഴിച്ചു നിൽക്കുന്ന വാനം. കനത്ത ഇരുളിനെ പൊതിഞ്ഞ് മൂടി പകലെന്നു തോന്നിപ്പിക്കുന്ന നറുനിലാവ്.

കട്ടിലപ്പടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന വീടിന്‍റെ താക്കോൽ എടുക്കാനാഞ്ഞപ്പോഴാണ് പുറകിൽ നിന്നും എന്തോ ചീറി വരുന്ന ഒച്ച കേട്ടത്. ഞൊടിയിടയിൽ ഒഴിഞ്ഞുമാറി. ഒരു മരപ്പലക വാതിലിൽ വലിയ ശബ്ദത്തോടെ ആഞ്ഞു പതിച്ചു. രാത്രിയുടെ പൂർണ്ണ നിശ്ശബ്ദതയിൽ ആ ശബ്ദം മാറ്റൊലി കൊണ്ടു. അടുത്ത നിമിഷം മാരകമായ പ്രഹരശേഷിയിൽ തലക്കു നേരെ പാഞ്ഞെടുത്ത ഇരുമ്പുദണ്ഡ്, കണ്ണഞ്ചിക്കുന്ന വേഗതയിൽ നിലത്തേക്ക് ആഞ്ഞുവീണതിനാൽ അതിൽ നിന്നും രക്ഷപ്പെട്ടു.

രാത്രിയെ ഭേദിച്ച ആ ശബ്ദത്തിന്‍റെ മാറ്റൊലി കേട്ട് തൊട്ടയൽപക്കത്ത് വെട്ടം തെളിയുന്നതു കണ്ടു. വാഴത്തോട്ടത്തിൽ നിന്ന് ഒരു നിഴൽ രൂപം അകന്നകന്നു ഗേറ്റു കടന്ന് ശമിക്കുന്നത് ഞാൻ കണ്ടു.

പിറ്റേന്ന് ഓഫീസിലിരിക്കുമ്പോൾ ദത്തൻ സാറിന്‍റെ വിഷയം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ. മിക്കവാറും ദത്തൻ സാറിനെ അലട്ടിക്കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം ഞാൻ കണ്ടുപിടിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ഇക്കാര്യത്തിൽ എനിക്ക് നല്കാനില്ല. ഇതുവരെ ഈ വിഷയത്തിൽ പോലീസിന് ലഭ്യമായ ശാസ്ത്രീയ വിശകലനങ്ങൾ എനിക്കു ലഭ്യമായില്ല. എങ്കിലും എന്‍റെ നിഗമനങ്ങളെ സാധൂകരിക്കുന്ന നിരവധി സാഹചര്യ തെളിവുകളുണ്ട്.

എന്‍റെ നിഗമനങ്ങളെ ഒരാൾക്കും ഖണ്ഡിക്കാനും കഴിയില്ല. എന്‍റെ നിഗമനങ്ങളിൽ സംശയമുണ്ടാകുന്ന പക്ഷം തീർത്തും വ്യക്തതയോടെ സാധൂകരണം നല്കാനും ഞാൻ തയ്യാറാണ്. ഈ അന്വേഷണം ഉടനെ അവസാനിപ്പിക്കേണ്ടത് നിലനിൽപ്പിന്‍റെ പ്രശ്നമായിട്ടു തന്നെ വന്നിരിക്കുകയാണ്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലെ എന്‍റെ യാത്ര ഈ വിഷയത്തിന്‍റെ പ്രതിസ്ഥാനത്തുള്ള ആരുടേയോ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇതിനു പിന്നിലുള്ളത് എന്ന തികഞ്ഞ ബോധ്യപ്പെടലാണ് ആശങ്കയുളവാക്കുന്നത്. ഉടനെത്തന്നെ ദത്തൻസാറുമൊത്ത് കൂടിക്കാഴ്ചക്ക് അവസരമൊരുക്കി ഈ വിഷയം അവസാനിപ്പിക്കണം.

ഇന്നലത്തെ സംഭവത്തിൽ കൈ കുത്തി വീണതിനാൽ കുഴക്ക് നീരുണ്ട്. കൈയിലെ തൊലിയും ഏറെ പോയിട്ടുണ്ട്. തോമാച്ചനെ വിളിച്ച് വിവരം പറഞ്ഞപ്പോൾ ഉടനെത്തന്നെ ദത്തൻ സാറിനോട് കൂടിക്കാഴ്ചക്ക് സമയം ചോദിക്കാമെന്ന് പറഞ്ഞു. തെല്ലിട കഴിഞ്ഞ് ദത്തൻ സാറിന്‍റെ ഫോൺ. ഉച്ചക്കു ശേഷം കാണാമെന്ന്. മുൻപുകണ്ട അതേ ഹോട്ടലിൽ, അതേ മുറിയിൽ.

ഉച്ചനേരം, നാരായണേട്ടൻ നല്കിയ ചൂടുകുത്തരിക്കഞ്ഞി അല്പം തൈരൊഴിച്ച് പപ്പടവും ചെറുപയറും ചേർത്ത് കഴിക്കുമ്പോൾ മനസ്സുനിറയെ ദത്തൻ സാറായിരുന്നു. തന്‍റെ കണ്ടെത്തൽ അയാളുടെ തുടർ ജീവിതത്തെ എന്തുമാത്രം സ്വാധീനം ചെലുത്തും എന്നതായിരുന്നു എന്‍റെ മനസിലുള്ള പ്രധാന ആശങ്ക. തന്നെ സംബന്ധിച്ചിടത്തോളം ആ ആശങ്ക തീർത്തും അടിസ്ഥാനമില്ലാത്തതാണ്.

തന്നോടാവശ്യപ്പെട്ട വിവരം കൈമാറുക അതിന്‍റെ പ്രതിഫലം വാങ്ങുക. പിന്നീടതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലും തനിക്കില്ല. ഇത്തരം വിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച വരും വരായ്കകൾ ഞാൻ തന്നെയാണ് നേരിടേണ്ടി വരണ്ടതും. ഇന്നലെ സംഭവിച്ചതും അതു തന്നെ. ജീവൻ തന്നെ അപകടത്തിലായ സന്ദർഭമായിരുന്നിട്ടും മനസ്സിലെ ധാരണകൾ ഊട്ടിയുറപ്പിക്കാൻ ആ സംഭവം നിമിത്തമായി. ഏതായാലുംഇനിയുള്ള ധാരണാപത്രങ്ങളിൽ മെഡിക്കൽ ചിലവുകൾ കൂടി ഉൾപ്പെടുത്തേണ്ടി വരും എന്നാണ് കരുതുന്നത്.

“എന്തായി ആലോചിച്ചിരിക്കണെ? നല്ല പെടക്കണ പൊടിമീൻ വറത്തതുണ്ട്. ഒരു പ്ലേറ്റ് എടുക്കട്ടെ?” പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് നാരായണേട്ടൻ.

“ഇതൊക്കെ ചോദിക്കാനുണ്ടോ നാരായണേട്ടാ?” സവാള മുറിച്ച് ഭംഗി ചാർത്തിയ ഒരു പ്ലേറ്റ് പൊടിമീൻ വറുത്തത് നാരായണേട്ടൻ കൊണ്ടു വച്ചു.

“എന്തായീ ആലോചന? കഞ്ഞി ഇത്തിരീംകൂടി.“

“വേണ്ട ഇതുമതി ഓരോ ജോലിക്കാര്യങ്ങള്.”

കഞ്ഞിയുടേയും കലർപ്പില്ലാത്ത വെളിച്ചെണ്ണയിൽ വറുത്ത പൊടിമീനിന്‍റേയും ലയം. രുചിയുടെ മുകുളങ്ങളെ ഉണർത്തിയ സ്വാദിന്‍റെ മേളപ്പെരുക്കം.

നാരായണേട്ടന്‍റെ കടയിൽ നിന്നും ഇറങ്ങുമ്പോൾ വിയർത്തു കുളിച്ചിരുന്നു. ദത്തൻ സാറിന്‍റെ സന്ദേശം വന്നുകിടപ്പുണ്ട്. ഉടനെ വന്നു കാണണമെന്ന്. കാണണം. ഈയൊരു കൂടിക്കാഴ്ചയിലൂടെ വിഷയം അവസാനിപ്പിക്കണം.

ചൂടായിട്ടായിരിക്കണം റോഡിൽ ഏറെ ആൾത്തിരക്കില്ല. ഉച്ചതിരിഞ്ഞ പൊള്ളുന്ന വെയിൽ. സൂചി കുത്തുന്ന പോലെ സൂര്യരശ്മികൾ ദേഹത്ത് ആളുന്നു. ദത്തൻ സാറിനെ കണ്ട് തിരികെ വരുമ്പോൾ ലോനേട്ടന്‍റെ ബൈക്ക് കൊടുത്ത് കേക്കു വണ്ടി തിരികെ വാങ്ങണം എന്ന് മുൻകൂട്ടി നിശ്ചയിച്ചു. ബൈക്കിൽ കയറി.

വഴിത്താരയിലൂടെ സഞ്ചരിക്കുമ്പോൾ സൂര്യന് നേരത്തെ അനുഭവിച്ച തീഷ്ണതയില്ല. വെയിലിന് ചുകന്ന നിറം. വാകമരം പൂത്തു നിൽക്കുന്നിടത്ത് ബൈക്കുവച്ച് ആരാധ്യയിലേക്ക് നടന്നു. ഗേറ്റിൽ വർക്കിച്ചേട്ടനില്ല. നല്ല പ്രായം തോന്നിക്കുന്ന ഒരാൾ ഇയാളായിരിക്കുമോ ജോസപ്പേട്ടൻ? അയാളുടെ അഭിവാദ്യം സ്വീകരിച്ച് റിസപ്ഷനിൽ പറഞ്ഞ് ദത്തൻ സാറിന്‍റെ മുറിയിലെത്തി.

വെളുത്ത ജുബയും മുണ്ടും ധരിച്ച് പ്രസന്ന വദനനായി പുഞ്ചിരിച്ചു കൊണ്ട് ദത്തൻ സാർ സ്വീകരിച്ചു. മേശമേൽ ഒരു കെട്ട് പേപ്പറുണ്ട്. ചിലവയിൽ എഴുതിയിട്ടുമുണ്ട്. സിനിമയിലെ ഏതെങ്കിലും സീനാകണം. എന്നോട് ഇരിക്കാനാവശ്യപ്പെട്ട് റിസപ്ഷനിലേക്ക് വിളിച്ച് തണുത്ത ബിയർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാളുടെ മുഖത്ത് ആകാംക്ഷയുടെ നിറഭേദങ്ങൾ വ്യക്തമായിരുന്നു.

കൈക്കു പറ്റിയതെന്തെന്ന് ദത്തൻ സാർ ആരാഞ്ഞപ്പോൾ കാൽ വഴുതി ഒന്നു വീണെന്നു പറഞ്ഞ് ഞാൻ ചിരിച്ചൊഴിഞ്ഞു. വാതായനങ്ങൾ തുറന്നിട്ട് ദത്തൻ സാർ വന്നു. അപ്പോഴേക്കും റൂം ബോയ് കൊണ്ടു വച്ച പതഞ്ഞു നുരയുന്ന ബിയർ, ഗ്ലാസ്സിലേക്ക് പകർന്നിരുന്നു. ഒരു ഗ്ലാസ്സ് കയ്യിലെടുത്ത് സോഫയിൽ ചാഞ്ഞിരുന്ന് ദത്തൻ സാർ എന്‍റെ മുഖത്തേക്കു ഉറ്റു നോക്കി. തീഷ്ണതയാർന്ന കണ്ണുകൾ.

എവിടെ നിന്നാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നറിയാതെ ഞാൻ തെല്ലിട മൗനം പാലിച്ചു. അല്പസമയം കഴിഞ്ഞ് ഞാൻ പറയാനാരംഭിച്ചു.

“സാർ, ആദ്യമേ തന്നെ ഞാൻ പറഞ്ഞു കൊള്ളട്ടെ. ആദ്യ കൂടിക്കാഴ്ചയിൽ താങ്കൾ വ്യക്തമാക്കിയ പോലെ ശാസ്ത്രീയമായ ഒരു രേഖയും എന്‍റെ നിഗമനത്തിനു അടിസ്ഥാനമായി തരാനില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടെന്നു ഞാൻ കരുതുന്ന വ്യക്തികളെ പറ്റി അന്വേഷിച്ചും പഠിച്ചും അവരുൾപ്പെട്ട സംഭവങ്ങളെ പരസ്പരം കൂട്ടിയിണക്കിയും സാഹചര്യത്തെളിവുകൾ അപഗ്രഥിച്ചും എല്ലാറ്റിനും ഉപരിയായി മനുഷ്യമനസ്സിന്‍റെ സ്വഭാവവും അതിന്‍റെ ഊഹിച്ചെടുക്കാവുന്ന സഞ്ചാരവും ഉൾക്കൊണ്ടുമാണ് ഞാൻ ഉത്തരത്തിലെത്തിയത്.

ഏതു വഴിയിലൂടെ സഞ്ചരിച്ചാലും ആ ഒരു ഉത്തരത്തിലേക്ക് എത്തുന്നത്. അതു കൊണ്ടു തന്നെ ആ ഉത്തരം നൂറുശതമാനം സത്യം എന്നു തന്നെ കരുതുന്നു. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ താങ്കൾക്കു ചിലപ്പോൾ അരോചകമാകാം. അതിൽ താങ്കൾക്ക് തീർത്തും അപ്രിയങ്ങളായ സത്യങ്ങളുണ്ടാകാം. ആ സത്യങ്ങളെ അറിഞ്ഞു കൊണ്ട് നിഷേധിക്കരുത് എന്നു മാത്രം അഭ്യർത്ഥിക്കുന്നു. ഒപ്പം എതിരഭിപ്രായം ഉള്ളത് പറയുകയും ആവാം.

ദത്തൻ സാർ അതു കേട്ട് തലയാട്ടി. ഞാൻ തുടർന്നു.

“നിങ്ങൾക്ക് വിവരങ്ങൾ കൈമാറുക എന്നതിൽ കവിഞ്ഞ് ഒരിഞ്ചുപോലും ഞാനീ വിഷയത്തിൽ മുന്നോട്ടു പോകില്ല. ഈയൊരു കൂടിക്കാഴ്ചയോടെ എനിക്കിത് അടഞ്ഞ അധ്യായം മാത്രം.”

ദത്തൻ സാർ ഒരു സിപ്പ് ബിയർ കഴിച്ചു കൊണ്ട് ഉത്കണ്ഠയോടെ പറഞ്ഞു. “നിങ്ങൾ പറയൂ. നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു.”

പതുപതുത്ത വെളുത്ത വെൽറ്റ് മേലാപ്പിട്ട കസേരയിൽ ഒന്നമർന്നിരുന്ന് ഞാൻ പറയാനാരംഭിച്ചു.

“താങ്കൾ ആദ്യമായി സന എന്ന പെൺകുട്ടിയെ കാണുന്നത് ഇക്കഴിഞ്ഞ സിനിമയുമായി ബന്ധപ്പെട്ടല്ല. ഏതാണ്ട് ഒന്നര വർഷത്തോളം പഴക്കമുള്ള പരിചയം ആ കുട്ടിയുമായി നിങ്ങൾക്കുണ്ട്. പ്രധാനപ്പെട്ട ഒരു കഥാപാത്രം നിങ്ങൾ നല്കുന്നത് കഴിഞ്ഞ ചിത്രത്തിലാണെന്നു മാത്രം. കഷ്ടതകൾ മാത്രം അറിഞ്ഞു വളർന്ന ആ പെൺകുട്ടിയോടുള്ള സഹതാപവും ഒപ്പം കഴിവുറ്റ ഒരു കലാകാരിയോടുള്ള ആരാധനയും ഒത്തുചേർന്നപ്പോൾ നിങ്ങൾ തമ്മിലുള്ള ബന്ധത്തിന് നിങ്ങൾ പോലും അറിയാതെ പുതിയ നാനാർത്ഥങ്ങൾ കൈവരുകയായിരുന്നു.

ഒരു വേള നിങ്ങളിരുവരും ഒരുമിച്ചുള്ള ഒരു കുടുംബ ജീവിതത്തെക്കുറിച്ചു പോലും നിങ്ങളിരുവരും ചിന്തിച്ചിരുന്നു. ഇപ്പോഴും വിട്ടു പോകാൻ കൂട്ടാക്കാത്ത ആ അടുപ്പത്തിന്‍റെ ശക്തിയാലാണ് നിങ്ങൾ അവരുടെ അമ്മയെ ചികിത്സിക്കുന്നത് സംരക്ഷിക്കുന്നത്. അതിനായി ഫാദർ ഡൊമനിക്കു വഴി സഹായങ്ങൾ താങ്കൾ നല്കുന്നുണ്ട്.”

ദത്തൻ സാറിന്‍റെ തീഷ്ണതയാർന്ന നോട്ടത്തെ ഗൗനിക്കാതെ ഞാൻ തുടർന്നു.

“നിങ്ങളിരുവരുടേയും അതിരുകടന്ന ബന്ധം സെറ്റിൽ പരസ്യമായ രഹസ്യമായി. സിനിമയോടുള്ള അദമ്യമായ താത്പര്യം നിമിത്തം താങ്കളുടെ സെറ്റുകളിൽ സ്ഥിരമായി വരാറുള്ള താങ്കളുടെ ഭാര്യയുടെ ചെവിയിലുമെത്തി. ആദ്യം അവർ ആ വിഷയത്തെ നിസാരവൽക്കരിച്ച് ഗൗനിച്ചില്ല. എങ്കിലും സെറ്റിൽ നടന്നിരുന്ന പല സംഭവങ്ങളും അവരിൽ സംശയമുണർത്തി. അത് ആളിക്കത്തിക്കാൻ എരിതീയിൽ എണ്ണ പോലെ ജോഫിനുമുണ്ടായിരുന്നു.

ഒടുവിൽ ആ പെൺകുട്ടി മൂലം താങ്കൾ കൈവിട്ടു പോകും എന്നവർ മനസ്സിലാക്കി. താങ്കളെ അത്യധികം സ്നേഹിച്ചിരുന്ന അവർ പരമാവധി തവണ താങ്കളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. ജോഫിൻ വഴി ആ പെൺകുട്ടിയോട് ഉപദേശമായി. പിന്നെയത് ഭീഷണിയിലേക്ക് വഴിമാറി.

ഒടുവിൽ ദുർബലമായ ഒരുനിമിഷത്തിൽ അവർ ചിലത് തീരുമാനിച്ചു. അതിനവർ കണ്ടെത്തിയത്, അവരോടു അപ്പോഴും അടുപ്പം കാണിക്കാൻ ശ്രമിച്ചിരുന്ന സിനിമാഭിനയം ജീവിത ലക്ഷ്യമായി കണ്ട ജോഫിനെയായിരുന്നു. താങ്കളുടെ ഭാര്യയുടെ ആവശ്യം കേട്ട് പതറിപ്പോയ ജോഫിൻ ഒഴിഞ്ഞു മാറാൻ കഴിവതും ശ്രമിച്ചു. അപ്പോൾ പണവും കാറുമടക്കമുള്ള മറ്റു പ്രലോഭനങ്ങളായി. അതിലും ജോഫൻ വഴങ്ങിയില്ല. അങ്ങനെ അവർ ജോഫിന്‍റെ മനസ്സിലെ ദുർബലമായ കണ്ണിയിൽ കൈവച്ചു.

തുടർന്നവരുടെ ഓഫർ അച്ഛൻ ഐസക്ക് നിർമ്മിക്കാനൊരുങ്ങുന്ന പുതിയ സിനിമയിലെ ഉപനായക വേഷമായിരുന്നു. ഒപ്പം ഒന്നാന്തരം പ്രതിഫലവും. സിനിമാഭിനയമോഹം തലക്കുപിടിച്ച, അതു ജീവിതാഭിലാഷമായിക്കണ്ട ജോഫിനു ആ ഓഫർ തള്ളിക്കളയാൻ കഴിഞ്ഞില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വരുംവരായ്കകൾ എന്തു തന്നെയായാലും സമൂഹത്തിന്‍റെ നാനാതുറകളിൽ ഏറെ സ്വാധീനശക്തിയുള്ള തന്‍റെ അച്ഛനെക്കൊണ്ട് എന്ത് പ്രശ്നവും മുളയിലേ നുള്ളികളഞ്ഞു ഇല്ലാതാക്കാമെന്നും വാക്കു നല്കി.

ലക്ഷ്യസാക്ഷാത്കാരത്തിനായി അവർ പല പദ്ധതികളും ചിന്തിച്ചു. അങ്ങനെയാണ് പെൺകുട്ടി താമസിക്കുന്ന ഹോട്ടൽ മുറിയിൽ കയറിപ്പറ്റി ഏതെങ്കിലും മാർഗ്ഗമുപയോഗിച്ച് കൃത്യം നിർവഹിക്കാൻ തീരുമാനമായത്. അതിന് ഒരു പ്രധാന തടസ്സമായി സനയുടെ അമ്മ ത്രേസ്യേമ്മയെ അവർ കണ്ടു. സനയിൽ നിന്നും അമ്മയെ അകറ്റാനായി ജോഫിൻ കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു ലോട്ടറി തോമാ. അതിനായി പറ്റിയ ഒരാളെ ഏർപ്പാടാക്കി. രണ്ടു തവണ പദ്ധതി പാളി പോയി. വികലാംഗനായ തോമായെ വണ്ടിയിടിപ്പിച്ചു അപായപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. അങ്ങനെ ഒരുനാൾ എല്ലാ കാര്യങ്ങളും ഒത്തുവന്നു. താങ്കൾ ആത്മഹത്യ ചിത്രീകരിച്ച ആ ദിവസം.

തോമായുടെ അപകട വിവരമറിഞ്ഞ് ത്രേസ്യോമ്മ നാട്ടിലേക്കു പോയി. അന്ന് രാത്രി ഏറെ വൈകിയാണല്ലോ സനയുൾപ്പെടുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തത്. അതിനു ശേഷം ഏറെ പരിക്ഷീണയായ സനയെ ഹോട്ടൽ മുറിയിൽ കൊണ്ടുചെന്നാക്കാൻ ഏൽപ്പിച്ചത് ജോഫിനെ ആയിരുന്നു. ആത്മഹത്യാ ചിത്രീകരണം കഴിഞ്ഞ് തീർത്തും ക്ഷീണിതയായ അവൾ ഏതാണ്ട് കുഴഞ്ഞു വീണു പോകുന്ന അവസ്ഥയിലായിരുന്നു. അത് നല്ലൊരവസരമായി അയാൾക്കണ്ടു.

അൽപനേരം മുൻപ് ദൃശ്യവത്കരിച്ച ആത്മഹത്യ രംഗത്തിന്‍റെ ഓർമ്മ അവനെ പ്രചോദിപ്പിച്ചു. പ്രമുഖ നടൻമാരേയും നടിമാരേയും മറ്റു സാങ്കേതിക പ്രവർത്തകരേയും സിനിമയുമായി ബന്ധപ്പെട്ട മറ്റു പ്രമുഖരെയും താമസസ്ഥലത്ത് കൊണ്ടുചെന്നാക്കാൻ എല്ലായ്‌പോഴും നിയോഗിക്കപ്പെടാറുണ്ടായിരുന്ന ജോഫിന്‍റെ അസമയത്തുള്ള വരവ് ഹോട്ടലിലെ ജോലിക്കാർക്കൊന്നും യാതൊരു സംശയത്തിനും ഇട നൽകിയില്ല.

അവൻ സനയേയും കൂട്ടി റൂമിലെത്തി. നല്ലപോലെ ഉറക്കം വരുന്നെന്നു പറഞ്ഞ് വാതിൽ പൂട്ടി അവൾ കിടക്കാനാഞ്ഞു. അപ്പോഴാണ് താങ്കൾ ഫോൺ ചെയ്തത്. ഒന്നു പതറി പുറത്തേക്കു പോയ ജോഫിൻ കൈകളിൽ ഗ്ലൗസ് ഇട്ടു തിരിച്ചു വന്ന് വാതിലിൽ മുട്ടി. വാതിൽ തുറന്ന സനയോട് എന്തോ മറന്നു വച്ചെന്ന് കള്ളം പറഞ്ഞ് തെല്ലിട നേരം അവിടെ ഇരുന്നു. എന്തോ അരുതായ്മ ഗ്രഹിച്ച സന അവനോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച് എഴുന്നേറ്റ അവൻ പോയത് വാതിൽ കുറ്റിയിടാനായിരുന്നു.

ജിമ്മിൽ പോയി ബലിഷ്ഠമാക്കിയ കൈകൾ കൊണ്ട് തീർത്തും പരിക്ഷീണയായ അവളെ അവൻ ഗ്ലൗസണിഞ്ഞ കൈകളാൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.”

“ഛെ! എന്തസംബന്ധമാണ് നിങ്ങൾ ഈ പറയുന്നത്? വർഷങ്ങളായി എന്‍റെ നിഴലുപോലെയുള്ള ജോഫിനോ? കണ്ണിൽ ചോരയില്ലാത്ത കൊലപാതകം നടത്തുകയോ? ഞാനിത് വിശ്വസിക്കില്ല. വെറും രണ്ടു ദിവസത്തെ പരിചയം ഉള്ള നിങ്ങളുടെ തിരനാടകം വിശ്വസിക്കണോ? അതോ വർഷങ്ങളായെന്നോടൊപ്പമുള്ള ജോഫിനെ വിശ്വസിക്കണോ?”

അപ്രതീക്ഷിത വിവരങ്ങളോട് പൊരുത്തപെടാനാകാതെ വലിഞ്ഞുമുറുകിയ ദത്തൻ സാറിന്‍റെ മുഖത്തു നിന്നും വാക്കുകൾ പൊട്ടിയടർന്നു വീണു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നതായിരുന്നു. ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്ത സംശയത്തിനു ഉത്തരമായി ഞാൻ പറഞ്ഞു.

“താങ്കൾ മുഴുവൻ കേൾക്കൂ, എന്നിട്ട് താങ്കളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നല്കാം. ആ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബലിഷ്ഠകായനായ അവന് തെല്ലു പോലും ആയാസപ്പെടേണ്ടി വന്നില്ല, ഷാളിൽ കുരുക്കി ഫാനിൽ കെട്ടിത്തൂക്കാൻ. തുടർന്നാണ് അവൻ അതിബുദ്ധി കാണിച്ചത്. സനയുടെ ഫോൺ ലോക്ക് അവൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അതുയോഗിച്ച് ഫോൺ തുറന്ന് ഒരാത്മഹത്യാ കുറിപ്പ് തയ്യാറാക്കി.

അത് അയക്കാനൊരുങ്ങുമ്പോഴാണ് സന തന്‍റെ അമ്മയുടെ പേര് ഫോണിൽ സേവു ചെയ്തത് സംബന്ധിച്ച് അവൻ ആശയക്കുഴപ്പത്തിലായത്‌. അങ്ങനെ അവൻ രണ്ടു പേർക്കും സന്ദേശമയച്ചു ആശയക്കുഴപ്പം തീർത്തു. അമ്മക്കും, കാറ്ററിംഗ് സൂപ്പർ വൈസർ അമലിനും.

തുടർന്ന് ഇരുചെവിയറിയാതെ വാതിൽ തഴുതിട്ട് ജനാല വഴി വരാന്തയിലേക്കും അങ്ങനെ പുറത്തേക്കും പോവുകയാണുണ്ടായത്. ജനാല തുറന്ന് സൂഗമമായി പുറത്തു പോകുന്നതിനു വേണ്ട ചില അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ചകൾക്കു മുൻപ് ആ റൂമിൽ നടത്തിയതായി വിശ്വസനീയരായ ആളുകളിൽ നിന്ന് എനിക്ക് അറിവു ലഭിച്ചിട്ടുണ്ട്. തുടർന്ന് ജോഫിൻ ഈ സംഭവങ്ങൾ താങ്കളുടെ ഭാര്യയെ അറിയിച്ചു.

വല്ലാത്തൊരു മാനസികാവസ്ഥയിൽ ജോഫിനെ ഈ വിഷയം ഏൽപ്പിച്ചെങ്കിലും ഈയൊരു കൊലപാതകത്തിന്‍റെ വരുംവരായ്കകൾ എങ്ങനെ നേരിടുമെന്നതോർത്തു അവർ വല്ലാത്ത ഭീതിയിലായി. ആ ആധിയുടെ പരകോടിയിൽ അവർ ഗത്യന്തരമില്ലാതെ അച്ഛനോട് വിവരം പറയുന്നു.

ക്ഷോഭിച്ചെങ്കിലും സ്വന്തം മകളെ അതിരറ്റ് സ്നേഹിച്ചിരുന്ന അയാൾ മകളെ അന്വേഷകരിൽ നിന്നും രക്ഷപ്പെടുത്താൻ തന്‍റെ ബന്ധു ബലവും സ്വാധീനശക്തിയും പരമാവധി ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയും മകളെ സമാധാനപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ ഗേറ്റിലെ രജിസ്റ്ററിൽ വന്ന തിരുത്തടക്കം ഒട്ടേറെ പാതകങ്ങളുടെ ഘോഷയാത്രയാണ് മകളെ രക്ഷിച്ചെടുക്കാനായുള്ള ആ അച്ഛന്‍റെ ആ തീരുമാനത്തിന്‍റെ ആകെത്തുക.

സാമാന്യജനങ്ങൾക്ക് ഇന്നത്തെ നടപ്പു വ്യവസ്ഥയോടുള്ള വിശ്വാസത്തെയാണ് അയാളും കൂട്ടരും ചേർന്ന് ചോദ്യചിഹ്നമാക്കിയത്. പ്രത്യേകിച്ച് ചോദിക്കാനും പറയാനും ആരുമില്ലാത്ത, സാമ്പത്തിക ശേഷി ഇല്ലാത്ത നിസ്സഹായരായ മനുഷ്യരുടെ വിശ്വാസത്തെ. നീതിന്യായ വ്യവസ്ഥയെത്തന്നെ നോക്കുകുത്തിയാക്കി. ഞാൻ സനയുടെ ഗ്രാമത്തിൽ പോയത് ജോഫിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അന്വേഷണത്തിന്‍റെ ഭാഗമായാണോ എന്നായിരുന്നു സംശയം. ആ സംശയം അയാൾ തീർത്തത് ദാ ഇങ്ങനെയാണ്.”

കൈക്കുഴ ഞാൻ ഒന്നുയർത്തിക്കാണിച്ചു.

പിന്നെ താങ്കളുടെ ചോദ്യം. ഒന്നു രണ്ടു സിനിമയിൽ മുഖം കാണിച്ച ഒരാൾക്ക് ഉപനായക വേഷം. ഞാനതെക്കുറിച്ച് അന്വേഷിച്ചു. ഉപനായകനൊന്നുമല്ല. രണ്ടു നായകൻമാരിൽ ഒരാൾ. മുപ്പതു ലക്ഷം പ്രതിഫലം. പത്തു ലക്ഷത്തോളം മുൻകൂർ തുകയും അയാൾ വാങ്ങിക്കഴിഞ്ഞു. താരപുത്രനോ നിർമ്മാതാവിന്‍റെ മകനോ അസാമാന്യമായ കഴിവോ അല്ലെങ്കിൽ അറിയപ്പെടുന്ന ആളോ ഒന്നുമല്ല ജോഫിൻ ഒരോട്ടാക്കാരന്‍റെ മകനാണെന്ന് നിങ്ങൾക്കും അറിയാമല്ലോ?

മലയാള സിനിമയിൽ വ്യക്തമായ ഒരടിസ്ഥാനമില്ലാത്ത ആർക്കെങ്കിലും ഇത്തരമൊരവസരം ലഭിക്കുമോ? പടം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ആ നവാഗതസംവിധായകൻ തന്നെയാണ് പടത്തിന്‍റെ കഥയും തിരക്കഥയും എഴുതിയത്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ശരീരഭാഷയുള്ള വ്യക്തിയല്ലാഞ്ഞിട്ടും ജോഫിനെ നായകനാക്കിയാലെ പടത്തിന് പണം മുടക്കൂ എന്ന് താങ്കളുടെ ഭാര്യയുടെ അച്ഛനിൽ നിന്നും അയാൾക്കുമേൽ സമ്മർദ്ദമുണ്ടായി.

ഒരു നവാഗതന് സമ്മതിക്കുകയല്ലാതെ മറ്റെന്ത് മാർഗം. ഈ വിവരങ്ങൾ വിശ്വസനീയ കേന്ദ്രത്തിൽ നിന്നും ലഭിച്ചവയാണ്. ആ നവാഗത സംവിധായകനുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തിട്ടുമുണ്ട്. താങ്കൾക്കതു പരിശോധിക്കാവുന്നതാണ് അയാൾ ചൂടായി അല്പം മോശമായി സംസാരിക്കുന്നുണ്ട്. അത് കാര്യമാകരുത്.

പണം മുടക്കുന്ന നിർമാതാവിന്‍റെ ഭാഗത്തുനിന്നും തീർത്തും ഉൾക്കൊള്ളാനാവാത്ത ഇടപെടലുകൾ സംവിധായകരെ എന്തുമാത്രം മാനസികമായി പ്രകോപിപ്പിക്കും എന്ന് താങ്കൾക്കും അനുഭവമുണ്ടാകുമല്ലോ. മാത്രമല്ല ഈ സംഭാഷണത്തിനിടെ ഒരു ഭാഗത്തു തോമസുമാണ്. തോമസിന് പ്രയാസമുണ്ടാകുന്ന വിധത്തിൽ താങ്കൾ നിലപാടെടുക്കരുത് എന്നൊരു അപേക്ഷയുമുണ്ട്.

പിന്നെ ആ രാത്രി ആരാധനക്കുള്ളിൽ കടന്ന് അരുംകൊല ചെയ്ത് മണിക്കൂറുകൾക്കു ശേഷമാണ് ജോഫിൻ തിരിച്ച് ഗേറ്റ് കടന്ന്പോയത്. ഗേറ്റിലെ വെഹിക്കിൾ രജിസ്റ്ററിൽ അതു തിരുത്തി അഞ്ചു മിനിറ്റാക്കിയിരിക്കുന്നു.

തൊണ്ട വരളുന്നതായി തോന്നിയപ്പോൾ ഒരു ബിയർ ഗ്ലാസ് കാലിയാക്കിയശേഷം ഞാൻ തുടർന്ന് പറഞ്ഞു

അന്ന്, എന്നെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ ജോഫിനെ ഏർപ്പാടാക്കിയ ദിവസം, അവന്‍റെ നമ്പർ തുണ്ടു കടലാസിലെഴുതി എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ വ്യക്തമായി കണ്ടതാണ്, അവന്‍റെ കൈത്തണ്ടയിൽ അർദ്ധവൃത്താകൃതിയിൽ ദന്ത ദംശനത്തിന്‍റെ ഉണങ്ങി പൊറ്റയടർന്ന നേരിയ ചുമപ്പ് നിറമുള്ള പാട്. ഒരു പാവം പെൺകുട്ടിയുടെ വ്യർത്ഥമായ, അവസാന ചെറുത്തുനിൽപ്പിന്‍റെ ബാക്കി പത്രം.

സിനിമയിൽ എത്തിപ്പെടാൻ എന്തിനും തയ്യാറായ ജോഫിന്‍റെ മനസ്സ് ഞാൻ നേരിട്ട് അറിഞ്ഞതാണ്. മാർഗ്ഗമേതായാലും ലക്ഷ്യം നേടിയാൽ മതി എന്ന യുവതലമുറയുടെ മാരകമായ സിദ്ധാന്തത്തിന്‍റെ ഉദാഹരണമാണ് ജോഫിൻ. ഇന്ന് സമൂഹത്തിൽ നടമാടുന്ന അരങ്ങുതകർത്തു ആഘോഷിക്കപ്പെടുന്ന മൂലച്യുതിയുടെയും കാരണവും ഇതല്ലേ. ലക്ഷ്യം കൈവരിക്കുന്നത് നല്ല മാർഗ്ഗത്തിലൂടെയാവണം.

പിന്നെ സനയുടെ ഫോൺ ലോക്ക് ജോഫിൻ എങ്ങിനെ മനസ്സിലാക്കി എന്നൊരു സംശയം ഉണ്ടാകാം. നമ്മൾ തീരെ ശ്രദ്ധിക്കാത്ത കാര്യമാണത്. സൂക്ഷ്മമായി ഒരാളെ നിരീക്ഷിക്കുന്ന ആർക്കും അതു കണ്ടുപിടിക്കാം. കൈ വിരലിന്‍റെ ചലനങ്ങൾ നിരീക്ഷിക്കുന്ന ഒരാൾക്ക് അതു കണ്ടുപിടിക്കാൻ വലിയ പ്രയാസമില്ല. ഞാൻ താങ്കളുടെ ഫോൺ ലോക്ക് D എന്നാണെന്ന് കഴിഞ്ഞ കൂടിക്കാഴ്ചയിൽ തന്നെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.”

തെല്ലിടനേരം സംസാരം ഒന്നു നിർത്തി ഒന്നു പാളി നോക്കിയപ്പോൾ തീയാളുന്ന കണ്ണുകളുമായി വിദൂരതയിലേക്ക് നോക്കുന്ന ദത്തൻ സാറിനെയാണ് കണ്ടത്. പണിപ്പെട്ട് ശാന്തത വരുത്തി അയാൾ പറഞ്ഞു.

“നിങ്ങൾ പറഞ്ഞത് കുറെയൊക്കെ എനിക്ക് മനസ്സിലാകുന്നു. എനിക്കു സംഭവിച്ച തെറ്റുകൾ ഞാൻ മനസ്സിലാക്കുന്നു. അത് പൊറുക്കാനാവാത്ത തെറ്റുകൾ ആണെന്ന് തിരിച്ചറിയുന്നു. ഞാൻ ന്യായീകരിക്കുക അല്ല. ഞാനും ഒരു മനുഷ്യനാടോ സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കുമുണ്ട്. ഒരു മാനേജരുടെ കീഴാള സ്നേഹമല്ല ഞാൻ ഭാര്യയിൽ നിന്നും പ്രതീക്ഷിച്ചത്. ഞാനും ഭാര്യയും ഈ ബന്ധത്തെച്ചൊല്ലി വഴക്കടിച്ചിട്ടുണ്ട്‌. ഒരു വേള വിവാഹമോചനം തന്നെ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും വിട്ടുവീഴ്ച എന്ന് പറയുന്നത് എന്‍റെ ഭാഗത്തുനിന്നും മാത്രമേ ഉണ്ടായിട്ടുള്ളൂ ഞങ്ങളുടെ വഴക്കിനും പിണക്കത്തിനും ഏതാനും മണിക്കൂറിന്‍റെ ആയുസ്സേ ഉണ്ടായിട്ടുള്ളൂ. ഭാര്യയുടെ സ്ഥാനം ഭാര്യക്കും ആർട്ടിസ്റ്റിന്‍റെ സ്ഥാനം ആർട്ടിസ്റ്റിനും ഞാൻ കൊടുത്തിട്ടുണ്ട്. അത് മനസിലാക്കുവാൻ അവൾക്കു കഴിയാതെ പോയി.

കുടുംബ ജീവിതത്തിൽ അത്യാവശ്യം വഴക്കും സൗന്ദര്യപ്പിണക്കങ്ങളും സ്വാഭാവികമാണ്. ഞാനും അതൊക്കെ ഉൾക്കൊണ്ടിട്ടേ ഉള്ളൂ. ഇത്ര ബാലിശമായി ഇതിനെയൊക്കെ എന്താ പറയേണ്ടത് ഇത്ര എക്സ്ട്രീമായി അവൾ ചിന്തിച്ചു കൂട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. ഇതൊക്കെ ചെയ്തിട്ട് എന്ത് സമാധാനമാണ് അവൾക്കു ജീവിതത്തിൽ ലഭിക്കാൻ പോകുന്നത് ? കഷ്ടം.

ദത്തൻ സർ അസഹിഷ്ണുതയോടെ കൈകൾ കൂട്ടിത്തിരുമ്മി.

“ഇത്ര മൃഗീയമായ കുടിലത ആ മനസ്സിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഈ കുടിലതക്ക് കൂട്ടുനിന്നവരെ ഞാൻ വെറുതെ വിടില്ല. അല്ലെങ്കിൽ അതെന്‍റെ മനസ്സാക്ഷിയോടു ചെയ്യുന്ന നീതികേടാവും.”

“ശരി, നിങ്ങൾ പൊയ്ക്കോളൂ. നന്ദി.”

ഞാൻ ഒന്നും പറഞ്ഞില്ല. വീർപ്പുമുട്ടുന്ന ആ അന്തരീക്ഷത്തിൽ നിന്നും ഒന്നു വേഗം പുറത്തു കടക്കാൻ മനസാ ഞാൻ കൊതിച്ചിരുന്നു. അതു കൊണ്ടു തന്നെ എനിക്കാ വാക്കുകൾ ആശ്വാസമായിത്തോന്നി. ദത്തൻ സാറിനോട് യാത്ര പറഞ്ഞ് റൂം വിട്ടു ഞാൻ പുറത്തിറങ്ങി. ഗേറ്റിൽ പുഞ്ചിരിച്ചു കൊണ്ട് വർക്കിച്ചേട്ടനുണ്ട്. കൈ കൊടുത്ത് സ്നേഹാന്വേഷണം നടത്തി പോരുമ്പോൾ ചെവിയിൽ പാർട്ടി നടത്താൻ പോകുന്ന സ്ഥലവും തീയതിയും പറഞ്ഞു. വെളുക്കെ ചിരിച്ചു കൊണ്ട് വർക്കി ചേട്ടൻ കൈ വീശി യാത്രയാക്കി.

ബൈക്ക് ലോനേട്ടന്‍റെ കടയിൽ ഏൽപ്പിച്ച് പണിതീർത്തു ഒന്നാംതരമാക്കി കിട്ടിയകേക്കു വണ്ടിയുമായി ഓഫീസിലേക്ക് തിരിക്കുമ്പോൾ ഒരു കോൾ. ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞപ്പോൾ മനസ്സു തുടിച്ചു.

അവൾ പറയുകയാണ്

“അമ്മയുമായി ഞാൻ വഴക്കിട്ടു. കാരണമറിയേണ്ടെ? ഞാനറിയാതെ എന്‍റെ കല്യാണം നിശ്ചയിച്ചു. ആരാണ് വരൻ എന്നറിയാമോ? പെർഫ്യൂം കമ്പനിയിലെ കടൽ കിഴവൻ കണക്കപിള്ള. കാര്യം അറിഞ്ഞപ്പോൾ ഞാൻ വീടുവിട്ടു. ഗബ്രിയോട് വിവരം പറഞ്ഞ് നേരെ ഇങ്ങു പോന്നു. ദൈവത്തിന്‍റെ നാട് എന്‍റെയും നാടാണല്ലോ? ഞാൻ ഇപ്പോൾ എയർപോർട്ടിനു പുറത്തു നില്പുണ്ട്. വേഗം എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നോളൂ കേട്ടോ.

ആ മധുരമായ ശബ്‌ദം ആസ്വദിച്ച ശേഷം വിസ്മയത്തോടെ കേക്കുവണ്ടി എയർപോർട്ടിലേക്കുള്ള വഴിയിലേക്ക് ധൃതിയിൽ തിരിക്കുമ്പോൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരുപാട് കടമ്പകൾ വഴിമാറി പോകുന്നതിന്‍റെ അതിയായ സന്തോഷത്തിന്‍റെ പൂക്കൾ മനസ്സിൽ പൂത്തു വിടരുകയായിരുന്നു.

ബന്ധുവീട്ടിൽ പോയ അമ്മയെ വിളിച്ച് വിവരം പറഞ്ഞു. അമ്മയുടെ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴിമാറുന്നത് ശബ്ദമാറ്റം കൊണ്ട് മനസ്സിലാക്കി ആഹ്ളാദത്തോടെ ഞാൻ വണ്ടിയോടിച്ചു. ഒരു പാട് ചുകന്ന പൂക്കൾ മേലാപ്പു തീർത്ത പൂമരത്തിൽ നിന്നും വഴിത്താരക്കിരുവശത്തും അപ്പോഴും പൂക്കൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 19

നിനച്ചിരിക്കാതെ പെയ്ത മഴയുടെ ശീതളിമയിൽ കുളിരു കോരിയ പ്രകൃതി. പെയ്തു തോർന്ന ആ മഴയത്രയും ഉൾക്കൊണ്ടു ആലസ്യം പൂണ്ടു കൊഴുത്ത മൺതാരകൾ. ഇരുളിമ പേറിയിരുന്ന സാന്ദ്രതയേറിയ മേഘങ്ങൾ തിടം ചോർന്നു ഇരുളകന്ന് ശുഭ്രവസ്ത്രം ധരിച്ച നവോഢയെപ്പോലെ തെളിഞ്ഞു നിൽക്കുന്നു. ചൂട് കൈമോശം വന്ന ചുകന്ന വെയിൽ. ആ വെയിലിൽ പറന്നലയുന്ന തുമ്പികൾ.

ബസ് സ്റ്റോപ്പിൽ എത്തി ബസ്സിൽ കയറിയിരുന്നപ്പോഴും കുളിരിനു തെല്ലു പോലും ശമനമുള്ളതായി തോന്നിയില്ല. ബസ്സു പുറപ്പെട്ടു കഴിഞ്ഞു. ഏറെ ആളുകൾ ഉള്ളതായി കണ്ടില്ല. തെല്ലിട നേരം കഴിഞ്ഞു ജനാലയുടെ ഷട്ടർ തുറന്ന് തലയൊന്നു പുറത്തേക്കിട്ടു നോക്കി. നനഞ്ഞു കുതിർന്നു തിടം വച്ച കാറ്റ് പൊടുന്നനെ മുഖത്തേക്കു ഇരമ്പിയാർത്തു. ഇത്ര പരിമിതമായ സ്ഥാലരാശിയിൽ അന്തരീക്ഷത്തിനു കൈവന്ന ഭാവമാറ്റം വിസ്മയത്തോടെയേ കാണാനാകൂ. യാത്ര തുടങ്ങിയിട്ട് ഏറെ നേരം ആയിട്ടും ചൂളം കുത്തുന്ന കാറ്റിന് യാതൊരു കുറവുമില്ല.

സ്ഥലഭേദമില്ലാതെ കാറ്റു പടർന്നു കയറി. കൈപ്പടം തിരുമ്പി ചൂടുപിടിപ്പിക്കുന്നതിനിടയിൽ വലിയൊരു മലയടിവാരത്തേക്കാണ് ബസ്സിന്‍റെ പ്രയാണമെന്ന് മനസ്സിലായി. ഒരു മലയെ ചുറ്റിയുള്ള വലിയൊരു വളവിൽ ബസ്സു നിർത്തി അവിടുള്ള ചെറിയ ഒരു ഹോട്ടലിൽ ഡ്രൈവറും കിളിയും കണ്ടക്ടറും ചായ കുടിക്കാനിറങ്ങി. ആ ഇടവേള നോക്കി ഞാൻ പുറത്തിറങ്ങി.

പൊട്ടിപ്പൊളിഞ്ഞ റോഡിനു വലതുവശം ഇരുണ്ടു കനത്ത അഗാധത. തഴച്ച പച്ചമരങ്ങളുടെ തലപ്പുകൾ എഴുന്നു നില്ക്കുന്നു. അങ്ങകലെ മലയടിവാരത്തിൽ പഞ്ഞിക്കെട്ടു പോലെ ഒഴുകി നീങ്ങുന്ന കോടമഞ്ഞ്. ഒരു ചൂടു ചായ കുടിച്ചെങ്കിലും ആ സമയത്ത് മാത്രം അകലം പാലിച്ച തണവ് ബസ്സിൽ കയറിയതും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നു.

ഒരു വിധം മാപ്പു നോക്കി ടൗൺ കണ്ടു പിടിച്ചു. ടൗണെന്നു പറയാനാവില്ല ഒരു ഗ്രാമീണ നാൽക്കവല. കിതച്ചു കൊണ്ട് വന്നു നിന്നു. അവിടെ ബസ്സ് റൂട്ടിന്‍റെ അവസാനമാണെന്നു തോന്നുന്നു. ഞാനടക്കം മൂന്നു പേരെ അവിടെ ഇറങ്ങുവാനുള്ളതായി കണ്ടുള്ളൂ. ഒരു പേരാലിൻ ചുവടെ ബസ്സ് നീക്കിയിട്ട് ബസ്സ് ജീവനക്കാർ കാര്യമായി എന്തെങ്കിലും കഴിക്കാനായി ആ പ്രദേശത്ത് ആകെ കാണപ്പെട്ട ഒരു ഹോട്ടലിലേക്ക് കയറി. ആകെ രണ്ടു വണ്ടികളേ ഈ പ്രദേശത്തിലോട്ടുള്ളൂ. അവയുടെ തിരിച്ചു പോക്കിന്‍റെ സമയം മനസ്സിലാക്കി ഒരോട്ടോ വിളിച്ചു.

ഒരമ്പതു വർഷം പുറകോട്ടു പോയ പ്രതീതി. ഗ്രാമീണതയുടെ മേലാപ്പ് എടുത്തണിഞ്ഞ പ്രകൃതിയും മനുഷ്യരും. ഈയൊരു കുഗ്രാമത്തിൽ നിന്നുമാണ് സന മാത്യു സിനിമയുടെ മായികലോകത്തേക്ക് നടന്നടുത്തത്. അതു തന്നെ അത്ഭുതമായി തോന്നുന്നു. ഇടിത്തീ പോലെ ദൗർഭാഗ്യം വന്നിരുന്നില്ലെങ്കിൽ ജ്വലിക്കുന്ന അപാരസൗന്ദര്യവും അഭിനയശേഷിയും കൊണ്ട് മലയാളത്തിലെ എണ്ണപ്പെട്ട ഒന്നാംനിര നായികയായി തീരേണ്ടവളായിരുന്നു.

വിധിയും സാഹചര്യവും അവൾക്കായി കാത്തു വച്ചതോ, മരണത്തിന്‍റെ കരാളഗ്രസ്തവും. ഒരു കുടുംബത്തിന്‍റെ മുന്നോട്ടുള്ള യാത്രയിലെ ചാലകശക്തിയാണ് നാമാവശേഷമായത്. ഈ യാത്രയിൽ എനിക്ക് അശേഷം പ്രതീക്ഷയില്ല. ഒരേ ഒരു മകളുടെ ദുരൂഹമരണം ആ അമ്മയെ തകർത്തിരിക്കും. അവർ ജീവിച്ചിരിപ്പുണ്ടോ എന്നു തന്നെ സംശയമാണ്. അഥവാ ഉണ്ടെങ്കിൽ മാനസികമായി തകർന്നിരിക്കണം.

അവരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ദത്തൻ സാറിന്‍റെ കനത്ത മൗനത്തിന്‍റെ അർത്ഥമെന്താണ്? ഒടുവിൽ മനസ്സില്ലാ മനസ്സോടെയാണ് സമ്മതം മൂളിയത്. ഈയൊരു ആവശ്യം ഉന്നയിച്ചതിൽ അയാൾക്ക് അതൃപ്തിയുണ്ട്. എന്നാൽ അയാളെ അലട്ടുന്ന പ്രശ്നത്തിന് ഒരുത്തരവും അയാൾക്ക് വേണം. ഇത്തരമൊരു പരസ്പര വിരുദ്ധതയിൽ നിന്നും പലതും വായിച്ചെടുക്കേണ്ടി വരും.

വിശാലതയിലേക്കു പടർന്നപച്ച തഴച്ച പാടം പിന്നിട്ട് ഓടിട്ട ചെറിയ വീടുകളെ പിന്തള്ളി ഒരു വെട്ടുവഴിയിലേക്കിറങ്ങി ഓട്ടോ വന്നു നിന്നു. അപ്പോൾ ഇതാണ് സ്ഥലം.

“ഇവടെ ആരോടെങ്കിലും ചോദിച്ചാൽ വീടു പറഞ്ഞു തരും.” ഓട്ടോ ഡ്രൈവർ അറിയിച്ചു

മര്യാദക്കാരനായ ഓട്ടോക്കാരന് പണം കൊടുത്ത് നമ്പർ വാങ്ങി. ഇനി തിരിച്ചു പോകാൻ സമയത്തിന് വാഹന സൗകര്യം ഉണ്ടായില്ലെങ്കിലോ? തെല്ലിട നേരം ആ വെട്ടുവഴിയിൽ കാത്തിരുന്നു. ആൾസഞ്ചാരം പോലും അപൂർവ്വമായ വഴി. വഴിക്കിരുവശവും നാട്ടുകുറ്റിച്ചെടികൾ വളർന്നു നിന്നു. ആ വഴി വന്ന പയ്യനോട് വീടു ചോദിച്ചെങ്കിലും അവനറിയില്ലായിരുന്നു.

തലയിൽ ചുവന്ന തോർത്തുമുണ്ട് കെട്ടി വന്ന ഒരു വൃദ്ധനോട് ചോദിച്ചപ്പോൾ കൃത്യമായി വീടു പറഞ്ഞു തന്നു. വെട്ടുവഴി കടന്ന് ഇടവഴി. വലതു വശത്ത് ഏതാനും വീടുകളുണ്ട്. ഇടവഴി തുടങ്ങുന്നിടത്തു നിന്നും നാലാമത്തെ വീട്. ഗ്രാമത്തിലെ ഇടവഴിയോരത്തെ ചെടിയുടേയും പൂക്കളുടേയും ഗന്ധം നുകർന്ന് ആ വീടു കണ്ടെത്തി.

അതു കണ്ടതും ഭീതിയുടെ ഒരു തണുത്ത തരിപ്പ് പെരുവിരലിൽ നിന്നും മുകളിലേക്ക് അരിച്ചു കയറി. പ്രേതബാധയുള്ള വീടെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നാവുന്ന പരുവം. ഭയത്തെ മുളയിലേ നുള്ളിക്കളഞ്ഞ് മുൾവേലി തുറന്ന് ഉള്ളിൽ കടന്നു. കാടുപിടിച്ച ചെറിയ മുറ്റം. പഴയ മട്ടിലുള്ള ഓടിട്ട വീട്. മേൽക്കൂരയിലെ ഓട് മിക്കവാറും തകർന്നു പോയിരിക്കുന്നു. മരപ്പലകകൾ അങ്ങിങ്ങ് പൊട്ടിയടർന്നും ചിലവ എങ്കോണിച്ചും എഴുന്നു നിൽക്കുന്നു.

വീടിനു വലതു വശത്തുള്ള കിണർ മുൾച്ചെടിപ്പടർപ്പു കയറി വാവട്ടം ഭാഗികമായി മൂടിപ്പോയിരിക്കുന്നു. വല്ലാത്തൊരു അന്തരീക്ഷം. ശ്മശാനത്തിൽ തളം കെട്ടുന്ന തരം മൂകത. ഒരർത്ഥത്തിൽ ഇത് ശ്മശാനഭൂമി തന്നെയാണ്. ഒരു പാവപെട്ട കുടുംബത്തിന്‍റെ ആഗ്രഹത്തിന്‍റെയും സ്വപ്നത്തിന്‍റെയും പ്രതീക്ഷകളുടെയും ശവപ്പറമ്പ്. എല്ലാം മണ്ണിട്ടുമൂടിയ ചാവുനിലം.

ഉച്ചതിരിഞ്ഞിരിക്കുന്നു. പടരുന്ന ഉച്ചചൂടിൽ അലിഞ്ഞ്, ആലസ്യത്തോടെ, എല്ലാം മയങ്ങിക്കിടപ്പാണ്. ഇതിന്‍റെ നടപ്പു സ്ഥിതി അറിയണമെങ്കിൽ അയൽപക്കത്ത് അന്വേഷിക്കണ്ടി വരും. അല്പനേരം വീടും ചുറ്റുപാടും നോക്കി നിന്നശേഷം തിരിഞ്ഞു നടന്നു. മുൾവേലി അടച്ച് ഇടവഴിയിലേക്കിറങ്ങുമ്പോഴാണ് ഒരു പെൺകുട്ടിയുടെ അടക്കിപ്പിടിച്ച തേങ്ങൽ ആ വീടിനുള്ളിൽ നിന്നും വന്നലച്ചത്. ഒരു ആർത്തനാദം പോലെ. ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ആരുമില്ല. ഒരു ഇലയനക്കം പോലും ദൃശ്യമല്ല.

ശവക്കല്ലറയിൽ നാട്ടിയ മരക്കുരിശു പോലെ വീടിനു മുകളിൽ മരപ്പലകകൾ പൊന്തി നിൽക്കുന്നു. പൊളിഞ്ഞു കിടക്കുന്ന വീടിനകത്ത് ആരുമില്ലെന്ന് ഉറപ്പാണ്. പിന്നെയാരാണ്? മനസ്സിൽ ഉറച്ചു പോയ ചില വിശ്വാസങ്ങളോട് സമരസപ്പെട്ട് മനസ്സിൽ നിന്നും യാഥാർത്ഥ്യമല്ലാത്ത പ്രതികരണങ്ങൾ ഉണ്ടാകുന്നത് പുതിയ അനുഭവമല്ല. ഓഫീസ് മുറിയിൽ അനുഭവപ്പെടുന്ന കേക്കിന്‍റെ ഗന്ധവും അബോധ മനസ്സിൽ രൂഢമൂലമായ വിശ്വാസങ്ങളോടുള്ള ഐക്യപ്പെടലിന്‍റെ പെട്ടന്നുള്ള പ്രതികരണമാണ് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. അതല്ലാതെ ഇത്തരം പ്രതിഭാസങ്ങൾക്കു പിന്നിൽ അമാനുഷികമായ ചോദന ഉണ്ടെന്നു കരുതുന്നില്ല.

ഇല്ല. ഇതുമനസ്സിന്‍റെ ഭ്രമമല്ല. അന്തരീക്ഷത്തിൽ തരംഗമായി പടരുന്ന തേങ്ങലിന്‍റെ ശബ്ദം നേർത്തുനേർത്തില്ലാതാകുന്നതിന്‍റെ അനുരണനം കാതുകളിൽ വന്നലക്കുന്നുണ്ട്. ഇടവഴിയിലൂടെ തെല്ലിട നടന്ന് അയൽപക്കത്തെ വീടിന്‍റെ ഗേറ്റു തുറക്കുന്നതു വരെ ആ ശബ്ദത്തിന്‍റെ കമ്പനതരംഗങ്ങൾ വ്യക്തമായിത്തന്നെ കർണ്ണ പുടങ്ങളിൽ വന്നലച്ചുകൊണ്ടിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്നും കുറച്ചു വിവരങ്ങൾ തേടിവന്നതാണെന്നും പറഞ്ഞപ്പോൾ അയൽപക്കക്കാരൻ സൗഹാർദ്ദപരമായി പുഞ്ചിരിച്ചു കൊണ്ട് സ്വീകരിച്ചു. സംസാരപ്രിയരായ അവർ അനിഷ്ടമൊന്നും പ്രകടിപ്പിച്ചുമില്ല. അരി മില്ലിൽ ജോലിക്കു പോകുന്ന ജോസേട്ടൻ, ഭാര്യ ഏല്യാമ്മ ഇരുവർക്കും അറുപതു വയസ്സിനു മേൽ പ്രായം കാണും. ഏല്യാമ്മ ഒരര ഗ്ലാസ്സ് കട്ടൻ ചായ കൊണ്ടു വച്ചു. വിവരങ്ങൾ ആരാഞ്ഞപ്പോൾ ജോസേട്ടന്‍റെ മൗനാനുവാദത്തോടെ അവർ പറഞ്ഞു തുടങ്ങി.

“പത്തിരുപത് വർഷായിട്ട് ഞങ്ങക്ക് പരിചയോണ്ട്. ഞങ്ങടെ അയലോക്കമല്ലയോ പാവം പിടിച്ച കൂട്ടരാ. അപ്പനായിട്ട് വലിയ ദ്രോഹമായിരുന്നു. മാത്യു എന്നാ പേര്. കള്ളുമത്തായിന്ന എല്ലാരും വിളിക്യാ കുടിച്ച് കുടിച്ച് ലിവറ് വീർത്താ ചത്തത്. പോരാത്തതിന് വലിയ ബാധ്യതകളും ഒണ്ടാക്കി വച്ചാ മൂപ്പര് പോയേ.” അതും പറഞ്ഞ് ഏല്യമാ നെടുവീർപ്പിട്ടു.

തുടർന്ന് പറഞ്ഞത് ജോസേട്ടനാണ്.

“ഞാനിടപെട്ട് പാർട്ടിക്കാരും മറ്റും ചേർന്ന് പറ്റാവുന്നത് പോലെ സഹായിച്ചു. ന്നാലതുകൊണ്ടൊന്നും തീരാവുന്ന ബാധ്യതയായിരുന്നില്ല. ഒരു തുക സംഘടിപ്പിച്ചു കൊടുത്തു. ബാങ്കിൽ നിന്നും രണ്ടു മൂന്നു പ്രാവശ്യം തിരിച്ചടവ് കാലാവധി നീട്ടിച്ചു. നമ്മളാൽ കഴീണത്…” ജോസേട്ടൻ അർദ്ധോക്തിയിൽ നിർത്തി. ആ പഴുത് നോക്കി സംസാരിക്കാൻ വെമ്പി നിന്നിരുന്ന ഏലിയാമ്മ പറഞ്ഞു…

“ആ കുട്ടി മിടുക്കിക്കുട്ടിയായിരുന്നു. അതെ. സന, അതാ കുട്ടീടെ പേര്. സനയുടെ അമ്മ ത്രേസ്യ എന്തെങ്കിലും ആവശ്യത്തിനു വരും. സംസാരിക്കും. അതല്ലാതെ വലിയ അടുപ്പമൊന്നും കാട്ടാറില്ലായിരുന്നു. അനുഭവിച്ച കഷ്ടപ്പാടുകൾ ആ മനസ്സിനെ അങ്ങിനെ ആക്കിത്തീർത്തതാവാനേ തരമുള്ളൂ. ഇവർക്കാകെ ഒരു ബന്ധൂന്ന് പറയാൻ ഒണ്ടായിരുന്നത് ലോട്ടറി തോമ എന്നു നാട്ടാര് വിളിക്കുന്ന തോമസ്സായിരുന്നു.

കവലയിൽ ലോട്ടറിക്കച്ചവടമാണ് മൂപ്പരുടെ തൊഴിൽ. കുടുംബമൊന്നുമില്ലാത്ത തോമ ഇവരുടെ ഒപ്പമായിരുന്നു താമസം. കാലിന് സുഖമില്ലാത്ത ആളായിരുന്നു. നല്ല ദൈവഭയമുള്ള മനുഷ്യനായിരുന്നു. അങ്ങേർക്ക് പറ്റാവുന്ന പോലെ കുടുമ്മം നോക്കീരുന്നു. അങ്ങനെയിരിക്കെയാണ് ആ കുട്ടിക്ക് സിനിമേല് ചാൻസ് കിട്ടീത്. ആ കുട്ടീടെ ഡാൻസ് സിനിമേത്തെ ആരോ കണ്ടിട്ട് കിട്ടീതായിരുന്നു ചാൻസ്. ത്രേസേടത്തിക്ക് അത്ര ഇഷ്ടംണ്ടായില്ല. കുട്ടീടെ നിർബന്ധം കൊണ്ട് സമ്മതിച്ചുന്ന് മാത്രം. അങ്ങനെ രണ്ടു മൂന്ന് സിനിമേല് അഭിനയിച്ചു.

കുട്ടി എവിടെ പോണേലും അമ്മേം ഒപ്പം പൂവും. എപ്പോഴും കൂടെ കാണും. അതായിരുന്നു പതിവ്. ആ കുട്ടി അവസാനം സിനിമ അഭിനയിക്കുന്ന സമയത്ത് ലോട്ടറി തോമയെ ഒരു ലോറിയിടിച്ചു. തൽക്ഷണം തോമ മരിച്ചു. ലോറിയെപ്പറ്റിയോ ഡ്രൈവറെപ്പറ്റിയോ ആർക്കും ഒരു വിവരവുമില്ല. സംഭാവമറിഞ്ഞു ഏടത്തി ഓടിവന്നു. പിന്നെയാ അറിയുന്നത് ആ പെങ്കൊച്ച്….

ദുരന്തങ്ങളിങ്ങനെ ഘോഷയാത്ര പോലെ വരല്ലേ? ചെറിയ കുട്ടിയല്ലേ? അതിനു താങ്ങാൻ പറ്റിണ്ടാവില്ല. ഇനീപ്പോ എന്താ ഒരു തടസ്സം ബാങ്കുകാർക്ക്? എപ്പ വേണേലും ജപ്തി ചെയ്ത് കൊണ്ടോവാലോ. ആര് ചോദിക്കാൻ? ആര് പറയാൻ?

“ലോട്ടറി തോമ മരിച്ചതിനെപ്പറ്റി അന്വേഷിച്ചില്ലേ?” പ്രയാസത്തോടെ ഞാൻ ചോദിച്ചു

“അപകട മരണം… ലോറി ഏതാന്നു പോലും നിശ്ചയമില്ല. നമ്പർ ആരോ കണ്ടത് ഓർത്തു പറഞ്ഞു. അത് നോക്കിയപ്പോൾ അങ്ങനെയൊരു നമ്പറേ ഇല്ലെന്നായിരുന്നു വിവരം കിട്ടീത്.”

“അതെക്കുറിച്ച് എന്തെങ്കിലും അന്വേഷണം? “

“കുടുംബത്തിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിലല്ലേ അതിനൊക്കെ ശ്രമമുണ്ടാകൂ. ആർക്കും യാതൊരു പരാതിയുമില്ല. ഞങ്ങക്കു വെഷമുണ്ട് . ഇതിന്‍റെ ഒക്കെ പിന്നാലെ പോയാലേ ഞങ്ങടെ കാര്യം വെള്ളത്തിലാവും. അതോണ്ട് പിന്നെ എടപെടാൻ പോയില്ല.”

“ശരി. ത്രേസ്യാമ്മ എവിടുണ്ട്?”

“സ്വതവേ വെഷമിച്ചോണ്ട് നടക്കുന്ന ഏടത്തി. അവർക്കു ഇതു കൂടെ ആയപ്പോഴോ? അവരുടെ മനസ്സിനു നല്ല സുഖമില്ല. ഇവടത്തെ ഇടവകക്കാര് ഏറ്റെടുത്തു. അവര്ടെ അഗതി മന്ദിരത്തിലാണ്. ചികിത്സേം ഉണ്ട്.”

“പോയാൽ ഒന്നു കാണാൻ പറ്റുമോ?”

“പറ്റുമായിരിക്കും. ഡൊമനിക്കച്ചന്‍റെ അനുവാദം മേടിക്കണംന്ന് മാത്രം”

ഗ്ലാസിൽ അവശേഷിച്ച കട്ടൻ ചായയിൽ ഒരീച്ച ചത്തു പൊന്തിക്കിടക്കുന്നതു കണ്ടു. ഗ്ലാസ്സെടുത്തു കഴുകി വയ്ക്കാനാഞ്ഞപ്പോൾ ഏല്യാമ്മ തടഞ്ഞു. രണ്ടു പേരോടുമായി നന്ദി പറഞ്ഞ് പുറപ്പെടാനൊരുങ്ങവെ ഏല്യാമ്മ ശബ്ദം താഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞങ്ങൾക്കും ഈ സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോയാ മതീന്നായി സാറേ. സാറു പറഞ്ഞാൽ ചെലപ്പോ വിശ്വസിക്കൂല. അസമയത്ത് ആ വീട്ടീന്ന് കരച്ചിലും പൊള്ളേ പിടിച്ച് അമർത്തണ പോലെ ശബ്ദോം ഒക്കേ കേൾക്കണണ്ട്. ഒരു രാത്രി ഞാൻ പൊറത്തിറിങ്ങിയപ്പോ ആ വീട്ടീന്ന് കരയുന്ന പോലെ ശബ്‍ദം കേട്ടു. ഒരു മെലിഞ്ഞു വിളറിയ പെൺകുട്ടി ആ വീടിന്‍റെ മേൽക്കൂരെ മേൽ പൊത്തിപ്പിടിച്ച് കേറണതു കണ്ടു. ആ മരിച്ച കുട്ടീടെ അതെ പ്രായം അതെ ഉയരം അതെ ശരീരപ്രകൃതം. മുഖം നേരെ കാണാൻ ഒത്തില്ല . ഈ കൊന്ത ഇപ്പോഴും കയ്യിലുണ്ടാവുന്നതോണ്ട് അപകടമൊന്നും പറ്റിയില്ല ഇങ്ങനെ പേടിച്ച് എത്രനാളെന്നു വച്ചാ കഴിയാ.”

“അതൊക്കെ ഓരോ തോന്നലാണെ ഞാൻ ഇതുവരെ കരച്ചിലും കേട്ടില്ല ഈ പറയുന്ന പോലൊന്നും കണ്ടിട്ടുമില്ല. നീയെന്തിനാ ഈ വരുന്നവരോടൊക്കെ ഈ കഥ പറയുന്നേ.” ജോസേട്ടൻ ഏല്യാമ്മയുടെ വചനങ്ങളെ പ്രതിരോധിച്ചു.

ആ പറഞ്ഞതിനെ പിന്താങ്ങിക്കൊണ്ടു അതൊക്കെ തോന്നലാണെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് യാത്ര പറഞ്ഞ് ആ വീടു വിട്ടിറങ്ങി. ഗേറ്റ് അടച്ച് ഇടവഴിയിലേക്കിറങ്ങും നേരം തകർന്നു കിടക്കുന്ന വീട്ടിലേക്ക് ഒന്നുപാളി നോക്കി. പൊട്ടിയടർന്ന ഓടും, സിമന്‍റും കല്ലും അടർന്നു വീണ ചുമരുകളൂം, മരപ്പലകകളും. പെൺകുട്ടി തേങ്ങുന്ന വല്ലാത്തൊരു ശബ്‌ദം കേൾക്കുന്നുണ്ടോ? ഇല്ല. അതെല്ലാം വെറും തോന്നലുകളാണ്.

എന്‍റെ തോന്നൽ എന്‍റെ മനസിന്‍റെ ഭ്രമമാകാം. ഒരു പെൺകുട്ടിയുടെ ആർത്തനാദം ഞാനും വ്യക്തമായി കേട്ടതാണല്ലോ? അങ്ങനെയെങ്കിൽ ത്രേസ്യോമ്മക്കും ഒരേ പോലെ ഭ്രമം ആകുമോ? ആ ചോദ്യത്തിന് എനിക്കുത്തരമില്ല. ഇതിന്‍റെയെല്ലാം ഉത്തരം ആരിൽ നിന്നും തേടേണ്ടി വരും?

മെലിഞ്ഞു വെളുത്തു നീണ്ട ഫാദർ ഡൊമനിക്ക്. ആവശ്യം പറഞ്ഞപ്പോൾ അയാൾ മധുരമായി പുഞ്ചിരിച്ചു. തുടർന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അവരെ കാണാൻ ആരെങ്കിലും വരുന്നത് എനിക്ക് വലിയ സന്തോഷം നല്കുന്നു. അവർക്കത് സന്തോഷം നല്കുമോ എന്നെനിക്കറിയില്ല. ഏതായാലും നിങ്ങൾ പോയി കാണൂ.”

ഞാൻ കൊണ്ടു വന്ന അല്പം വസ്ത്രങ്ങളും മധുര നാരങ്ങയും ഫാദറിനു മുൻപിൽ വച്ചു. അവിടെ നിന്നിരുന്ന പ്രായമായ സ്ത്രീയോട് അതെടുക്കാൻ ആവശ്യപ്പെട്ട് ഡൊമനിക്കച്ചൻ ബെല്ലടിച്ചു. അല്പനേരം കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ ഫാദറിന്‍റെ റൂമിലേക്ക് വന്നു. അവരോടൊപ്പം പോകാൻ എന്നോട് ആവശ്യപ്പെട്ടു.

വൃത്തിയും വെടുപ്പുമുള്ള ചെറിയ ഒരു മുറി. മുറി ചെറുതെങ്കിലും വേണ്ടത്ര സൗകര്യങ്ങളുണ്ട്. വെളുത്ത കിടക്ക വിരി വിരിച്ചിട്ടുണ്ട്. ജനാലയിൽ ഞൊറിയുള്ള ഇളംമഞ്ഞ കർട്ടനുകൾ. അവിടെ ഇട്ടിരുന്ന ഒരു കസേര ചൂണ്ടിക്കാട്ടി പ്രായമായ സ്ത്രീ പോയി. പത്തു മിനിറ്റിനകം തിരികെ വന്ന അവരുടെ കൂടെ ഞാൻ കാണാനാഗ്രഹിച്ച സ്ത്രീ ഉണ്ടായിരുന്നു. ത്രേസ്യാമ്മ.

മെലിഞ്ഞു ശുഷ്ക്കിച്ച ശരീരം. ഇന്നോളമുള്ള ജീവിതയാത്രയിൽ നേരിട്ട കടുത്ത അനുഭവങ്ങളുടെ കാളിമ ആ മുഖത്തു പ്രകടം. അപരിചിതനായ എന്നെ അവർ കണ്ടിട്ടും മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. അവർ മെത്തമേൽ വന്നിരുന്ന് ഇരുന്ന് വിദൂരതയിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ ഒരിളം പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.

ആ സമയത്ത് ആ മനസ്സിൽ മകളെക്കുറിച്ച് നല്ല ഓർമ്മകളാണ് തിരതല്ലുന്നതെന്ന് എനിക്കു തോന്നി. അവരെന്തൊക്കെയോ അസ്പഷ്ടമായി പിറുപിറുത്തു കൊണ്ടിരുന്നു. ഞാൻ ഏറെ നേരം അത് ശ്രദ്ധിച്ചു. ഒപ്പം ഇടക്ക് അവരോടു സംസാരിച്ചു. അവർ ചിലതിനെല്ലാം മറുപടി നൽകി. യാഥാർഥ്യവും ഭാവനകളും ഇഴകലർത്തി അവർ നൽകിയ ആ പിറുപിറുക്കലുകളിൽ മനോവിഭ്രമത്തിന്‍റെ ശിഥിലമായ അക്ഷരകൂട്ടിനൊപ്പം യാഥാർഥ്യത്തിന്‍റെ അക്ഷരവെളിച്ചമുണ്ടെന്നു എനിക്കു തീർത്തും നിശ്ചയമുണ്ടായിരുന്നു. അവ നെല്ലും പതിരും കണക്കു വേർതിരിച്ചു മനസിലാക്കുവാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

Story- മന്ത്രി പത്നി

ചേച്ചി, ചേട്ടൻ എവിടെയാണ്? ഫോൺ സ്വിച്ച് ഓഫ് ആണല്ലോ.”

“എന്തെങ്കിലും മീറ്റിംഗിൽ ബിസിയായിരിക്കും. നീ ടെൻഷൻ അടിക്കാതെ.”

“അമ്മ ചേട്ടന് വേണ്ടി കുറച്ച് സാധനങ്ങൾ തന്നയച്ചിട്ടുണ്ട്. ശരി ഞാൻ ചേച്ചിയുടെ കൂടെ വരാം.” എന്ന് പറഞ്ഞുകൊണ്ട് മന്ത്രി പത്നിയായ ചേച്ചി രാധികയെ ബാഗ് ഏൽപ്പിച്ച ശേഷം ദിനേശ് വിശാലമായ മുറിയിൽ നിന്നും പുറത്തിറങ്ങി.

രാധിക ആകാംക്ഷയോടെ ബാഗ് തുറന്ന് അമ്മ തന്നയച്ച ബാഗിലെ സാധനങ്ങളിലേക്ക് നോക്കി. അമ്മ മരുമകൻ അമിത്തിന് ഇഷ്ടപ്പെട്ട പലഹാരങ്ങളാണ് കൊടുത്തു വിട്ടിരിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളതൊന്നും ആ ബാഗിൽ ഉണ്ടായിരുന്നില്ല. സ്വന്തം മകൾക്ക് ഉപരിയായി മന്ത്രിയായ മരുമകന് വേണ്ടിയുള്ളതായിരുന്നു എല്ലാം.

നിരാശയോടെ ബാഗ് ഒതുക്കി വച്ച ശേഷം രാധിക പിഎയെ വിളിച്ച് അമിത്തിന് ഫോൺ നല്കാൻ ആവശ്യപ്പെട്ടു.

മറുതലയ്ക്കൽ അമിത്തിന്‍റെ ശബ്ദം മുഴങ്ങി. “ങാ, രാധിക… എന്താണ് കാര്യം?” അമിത് ചോദിച്ചു.

“നാളെ അഞ്ജു മോളുടെ സ്കൂളിൽ പോകേണ്ടതുണ്ട്. അതുകൊണ്ട് വേറെ പ്രോഗ്രാമൊന്നും ഏൽക്കരുത്. ങാ ഇന്ന് ദിനേശ് വന്നിരുന്നു.

“ങാ… എല്ലാ ചെയ്യാം. നാളെയാകട്ടെ. ഇപ്പോ ഞാൻ കുറച്ച് ബിസിയാണ്.” എന്ന് പറഞ്ഞുകൊണ്ട് അമിത് ഫോൺ കട്ട് ചെയ്തു. നാളെയാണ് അഞ്ജുമോളുടെ സ്കൂൾ ആനിവേഴ്സറി. അക്കാര്യം അമിത്തിനെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയായിരുന്നു. പരിപാടിയ്ക്ക് വന്നാൽ തന്നെ അത് വലിയൊരു കാര്യമായിരിക്കും. അമിതാണെങ്കിൽ മുഴുവൻ സമയവും ഔദ്യോഗിക കാര്യങ്ങളുമായി തിരക്കിലായിരിക്കും. അമിത് വരുമെന്നതിൽ രാധികയ്ക്കു ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. നാളെ എങ്ങനെ സമയം കണ്ടെത്തുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. തനിക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യാഥാർത്ഥ്യത്തിൽ അതൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.

രാധികയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രാധിക കേവലം ബഹുമാന്യനായ സംസ്ഥാന മന്ത്രിയുടെ ഭാര്യ മാത്രമായിരുന്നു. ആരുടെയെങ്കിലും മനസ്സിന്‍റെ കോണിൽ തനിക്കൊരു ഇത്തിരിയിടമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അവൾ ഏറെ മോഹിച്ചിരുന്നു. എന്തെങ്കിലും കാര്യസാധ്യത്തിനായി ആളുകളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു അവൾ. അവളുടെ സുഹൃത്തുക്കൾ പോലും അമിത്തിന്‍റെ ജീവിതശൈലിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അയാളുടെ സുഹൃത്തുക്കളെക്കുറിച്ചും അധികാരത്തെക്കുറിച്ചും മാത്രമാണ് സംസാരിച്ചിരുന്നത്.

ടീനേജ് പ്രായക്കാരായ അഞ്ജുവും ആര്യനും അച്‌ഛന്‍റെ പദവിയെയും മന്ത്രി സ്ഥാനത്തെ ചൊല്ലിയും ഏറെ അഹങ്കരിച്ചിരുന്നു. അതിനാൽ അവർക്ക് അമ്മയുടെ വാത്സല്യവും പരിചരണവും വിലയില്ലാത്ത വസ്തുക്കൾ മാത്രമായിരുന്നു. അവൾ കുട്ടികളോട് സ്കൂളിലെ വിശേഷങ്ങളെയും കൂട്ടുകാരെപ്പറ്റിയും ചോദിച്ചറിയാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കുട്ടികൾക്ക് അച്‌ഛനിലുള്ള മതിപ്പും അഹങ്കാരവും മൂലവും രാധിക അതേപ്പറ്റി ഒരക്ഷരവും ചോദിയ്ക്കാൻ മുതിർന്നില്ല. ഏതോ മന്ത്രിയുടെ അഹങ്കാരികളായ മക്കളോട് സംസാരിക്കുന്നതു പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയിരുന്നത്. അതോടെ അവൾ ആ വീട്ടിലെ നിശബ്ദജീവിയായി മാറി.

ആരോട് എന്താണ് സംസാരിക്കേണ്ടത്. വാക്കുകൾ എങ്ങോ മറഞ്ഞു പോയ പോലെ. എല്ലാവർക്കും ഭർത്താവിനോടു മാത്രമാണ് സംസാരിക്കേണ്ടത്. താൻ ഇവിടെ എങ്ങുമില്ലാത്ത അവസ്‌ഥ. അരൂപിയായി നിശബ്ദം ചലിക്കുന്ന നിഴലു പോലെ. തന്‍റെ ആരും തന്നെ ഇവിടെ ഇല്ലല്ലോ. രാധിക ഓരോരോ ചിന്തകളിൽ മുഴുകുയിരുന്നതിനാൽ ദിനേശും അമിതും അടുത്ത് വന്നതറിഞ്ഞില്ല. ദിനേശ് വിളിച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നും ഉണർന്ന്.

“നോക്ക് ചേച്ചി… ഞാൻ ചേട്ടനെ കയ്യോടെ പൊക്കി കൊണ്ട് വരികയാണ്. അല്ലാതെ ഒരു രക്ഷയുമില്ല.”

ആകർഷക വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അമിത്ത് മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “അതെ അവൻ എന്നെ ഓഫീസിൽ വന്ന് പൊക്കി കൊണ്ട് വരികയായിരുന്നു.”

“അതെ ചേട്ടാ… ഞാൻ ചേട്ടനെ കാണാൻ വന്നതാ. അല്ലാതെ ചേച്ചിയെ അല്ല. ചേച്ചിയെ എപ്പോൾ വേണമെങ്കിലും കാണാമല്ലോ. ചേച്ചി ഭക്ഷണം എടുത്ത് വയ്ക്കൂ.” ദിനേശ് കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ട് കസേര വലിച്ച് തീൻമേശയ്ക്കു അരികിൽ ഇരുന്നു. അമിത് ഫ്രഷ് ആയി വന്നതോടെ രാധിക ടേബിളിൽ ഭക്ഷണം എടുത്തുന്ന വച്ചു. മൂവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ദിനേശ് പറഞ്ഞു. “ഞാൻ ഇന്ന് തന്നെ പോകും. ചേട്ടൻ എന്‍റെ കൂട്ടുകാരന്‍റെ കാര്യം പ്രത്യേകം പരിഗണിക്കണം. അതൊന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് നേരിട്ട് വന്നത്.”

“എന്ത് കാര്യമാണ് ദിനേശ്” രാധിക കൗതുകത്തോടെ ചോദിച്ചു.

“ഹൊ… അത് ചേച്ചി അറിയേണ്ടതല്ല. ഞാനും ചേട്ടനും തമ്മിലുള്ള കാര്യമാണ്. ഞാൻ വരുന്ന വഴിക്ക് ചേട്ടനോടെല്ലാം പറഞ്ഞിട്ടുണ്ട്.” ദിനേശ് താല്പര്യമില്ലാത്ത ഭാവത്തിൽ രാധികയോട് പറഞ്ഞു. അമിത് പുഞ്ചിരിയോടെ ഭക്ഷണം കഴിച്ചു. അപ്പോഴേക്കും കുട്ടികൾ സ്കൂളും കഴിഞ്ഞു മടങ്ങി എത്തിയിരുന്നു. അവരും ഭക്ഷണം കഴിച്ച ശേഷം എല്ലാവർക്കൊപ്പം സ്വീകരണ മുറിയിൽ ഇരുന്നു.

അഞ്ജു ആവേശപൂർവം നാളെ നടക്കാനിരിക്കുന്ന സ്കൂൾ വാർഷികത്തെക്കുറിച്ച് പറയാൻ തുടങ്ങി. “എന്‍റെ ഫ്രണ്ട്സ് ഒന്ന് കാണട്ടെ എന്‍റെ പപ്പയെ. പപ്പയെ കണ്ട് ടീച്ചേഴ്സു ഞെട്ടും. ഹോ ഒരു മന്ത്രിയുടെ പവർ അവർ കാണട്ടെ…” അഞ്ജുവിനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

ആര്യൻ ദിനേശുമായി എന്തോ ഗഹനമായ ചർച്ചയിൽ ആയിരുന്നു. എല്ലാവരുടെയും സംസാരം ശ്രദ്ധിച്ചു കൊണ്ട് രാധിക സ്വീകരണ മുറിയിൽ ഒരു മൂലയിലായി മാറിയിരുന്നു. ഇതിനിടെ എന്തോ ഓർത്തിട്ടെന്ന വണ്ണം ദിനേശ് തലയുയർത്തി അമിത്തിനെ നോക്കി കൊണ്ട് പറഞ്ഞു. “ചേട്ടാ, അമ്മ ചേട്ടന് വേണ്ടി കുറച്ചു പലഹാരങ്ങൾ കൊടുത്തു വിട്ടിട്ടുണ്ട്. അത് കഴിക്കണെ.”

“അമ്മയെ അന്വേഷിച്ചതായി പറയണം. ഞാൻ ഒരു ദിവസം അങ്ങോട്ട് വരാം.” അമിത് സന്തോഷപൂർവം മറുപടി പറഞ്ഞു.

മുമ്പ് അകന്ന് നിന്ന പല സുഹൃത്തുക്കളും ഇപ്പോൾ അമിത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവരായി മാറിയിരിക്കുന്നു. ദിനംപ്രതി സുഹൃത്ത് വലയം വിപുലമായി കൊണ്ടിരുന്നു. രാധിക അമിത്തിന്‍റെ ആരെയും ആകർഷിക്കും വിധമുള്ള ചിരി നോക്കി നിന്നു. രാഷ്ട്രീയ തന്ത്രങ്ങൾ ചിന്തയിലും പ്രവർത്തിയിലും മാത്രമല്ല സ്വന്തം രൂപത്തിലും ഭാവചേഷ്ടകളിലും ആവാഹിച്ചെടുത്തിരിക്കുന്നു. അമിത്തിന്‍റെ മുന്നോട്ടുള്ള ഓരോ ചുവടുവയ്പുകളും വളരെ കൃത്യതയാർന്നതായിരുന്നു. എത്ര കഷ്ടപാടുകൾ സഹിച്ചാണ് ഇന്നത്തെ ഈ നിലയിൽ എത്തിയത്. എന്നിട്ടും ജീവിതം അർത്ഥശൂന്യമായി തുടരുന്നതു പോലെ തനിക്കെന്തുകൊണ്ടാണ് തോന്നുന്നതെന്ന് രാധികയ്ക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

പണ്ട് ആ ചെറിയ വീട്ടിൽ തനിക്കു ചുറ്റും സ്നേഹം നിറച്ചു കൊണ്ട് കഴിഞ്ഞിരുന്നത് ഓർത്തു നിൽക്കെ അമിത്തിന്‍റെ ശബ്ദം അവളെ ഉണർത്തി. “രാധിക ഇന്ന് ഞാൻ കുറച്ച് വൈകും. ഭക്ഷണം കഴിച്ചിട്ടേ വരൂ.”

അമിത് പോകാൻ ഒരുങ്ങവെ ദിനേശും എഴുന്നേറ്റു. രാധിക അവനെ തടഞ്ഞു. “ദിനേശ് നീ ഇന്ന് പോകണ്ട. നീ എന്നോടും ഒന്നും സംസാരിച്ചില്ലല്ലോ.”

“ഇല്ല ചേച്ചി എനിക്ക് പോകണം. പോയിട്ട് അത്യാവശ്യമുണ്ട്.” ദിനേശ് അമിത്തിനൊപ്പം യാത്രയായി.

കുട്ടികൾ അവരുടെ മുറിയിലേക്കും പോയി. ആ വലിയ വീട്ടിൽ തനിച്ചായ രാധിക ബെഡ്റൂമിലേക്ക് നടന്നു.

പിറ്റേ ദിവസം അമിത്തും രാധികയും അഞ്ജുവും കൂടി സ്കൂൾ വാർഷികാഘോഷത്തിൽ പങ്കുചേരാനായി അഞ്ജുവിന്‍റെ സ്കൂളിലേക്ക് പോയി. സ്കൂൾ ഗേറ്റിൽ എത്തിയ ഉടൻ സ്കൂൾ അധികൃതർ മന്ത്രിയെ സ്വാഗതം ചെയ്തു വേദിയിലേക്ക് ആനയിച്ചു. രാധിക എല്ലാവരുടെയും സ്നേഹ പ്രകടനത്തിന് മറുപടിയെന്നോണം പുഞ്ചിരിയോടെ പ്രത്യഭിവാദനം നടത്തി.

രാധികയ്ക്ക് താൻ ഏതോ പ്രതിമയാണെന്ന് തോന്നിപോയി. യാന്ത്രികമായി ചലിക്കുന്ന ഒരു യന്ത്രം കണക്കെ അവൾ അമിത്തിന്‍റെ ഒപ്പം നടന്നു. ഇടയ്ക്ക് അവിടെ ഉണ്ടായിരുന്ന വരെ പുഞ്ചിരിയോടെ തൊഴുതു. എല്ലാവരും അമിത്തിനെ വളഞ്ഞു നിന്നു. അതിനിടയിൽ നിന്ന രാധികയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. സ്കൂളിലെ കുട്ടികളും അധ്യാപകരും അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് സുരക്ഷ വലയം ഭേദിച്ചു കൊണ്ട് ഓരോരുത്തരും അദ്ദേഹത്തിനടുത്തേക്കു കടന്നു വന്നു. അമിത് പറഞ്ഞതനുസരിച്ച് സുരക്ഷ വലയം തീർത്തിരുന്ന പോലീസുകാർ കുറച്ചുനേരം മാറി നിന്നു.

പരിപാടി കഴിഞ്ഞ് രാധിക ഒരു റോബോട്ട് കണക്കെ അമിത്തിനൊപ്പം വീട്ടിൽ മടങ്ങി വന്നു. വീട്ടിലെത്തിയപ്പോഴാണ് അമിത്തിന്‍റെ ചെറിയച്ഛന്‍റെ രണ്ട് പെണ്മക്കൾ വന്ന കാര്യമറിയുന്നത്. അവർ വന്നിട്ട് കുറച്ചുനേരമായിരിക്കുന്നു. അതോടെ രാധിക അവരെ സത്കരിക്കുന്ന തിരക്കിലായി. ചിലർ അഭിമുഖത്തിനായി വരുമ്പോൾ മറ്റു ചിലർ ട്രാൻസ്ഫെർ തടഞ്ഞു നിർത്താനും അങ്ങനെ ജീവിതത്തിന്‍റെ നാനാതുറകളിൽപെട്ടവർ വീട്ടിൽ വന്നു പോകുന്നത് നിത്യ സംഭവമായിരുന്നു.

വളരെ നാളുകൾക്ക് ശേഷമാണ് അമിത്തിന്‍റെ സഹോദരിമാർ വരുന്നത്. ഏതോ ബന്ധുവിന്‍റെ ഫാക്ടറി തുറക്കുന്നതിലുള്ള തടസ്സം നീക്കം ചെയ്തു തരണമെന്ന ആവശ്യവുമായിട്ടായിരുന്നു അവരുടെ വരവ്. അതിനു വേണ്ട സഹായം നൽകാമെന്ന് അമിത്ത് അവർക്ക് ഉറപ്പ് നൽകുകയും ചെയ്‌തു. അവരോട് കുറച്ചു നേരം സംസാരിക്കാമല്ലോ എന്ന ധാരണയിൽ സ്വീകരണ മുറിയിൽ ചെന്നപ്പോൾ അമിത്ത് പോയ ഉടനെ അവർ തിടുക്കപ്പെട്ട് യാത്രയും പറഞ്ഞിറങ്ങി. അവർക്കും മന്ത്രിയെ മാത്രമാണ് ആവശ്യം.

താൻ എന്ന വ്യക്തി എത്ര അപ്രസക്തമാണ് ഇവിടെ. രാധികയുടെ മനസ് നീറിപുകഞ്ഞു. തന്നോട് സംസാരിക്കാൻ ആർക്കും നേരവും താല്പര്യവുമില്ല. മന്ത്രിയുടെ ഭാര്യയാവുക എന്നത് ഒരു മുൾകിരീടമാണെന്ന് അവൾക്ക് മനസിലായെങ്കിലും സ്നേഹനിധിയായ ഭാര്യ എന്ന നിലയിൽ സ്വന്തം വിഷമങ്ങളും പ്രശ്നങ്ങളും ആരുമായും പങ്കുവയ്ക്കാനും മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും അവൾക്കാവുമായിരുന്നില്ല.

സാധാരണ സ്ത്രീയെന്ന രീതിയിൽ അയലത്തെ വീട്ടിൽ പോയി സ്വന്തം കാര്യങ്ങൾ പറയാനും കഴിയില്ലല്ലോ. കോളേജ് സൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തിരുന്ന സമയത്ത് ശുപാർശകളുമായി കൂട്ടുകാർ വരാൻ തുടങ്ങിയതോടെ ആ അധ്യായവും എന്നന്നേക്കുമായി അടച്ചു. ഇനി ഏതെങ്കിലും സാമൂഹ്യ സേവന പ്രവർത്തനത്തിൽ ഇറങ്ങാൻ ശ്രമിച്ചാൽ അവിടെയും അമിത്തിനെ വാഴ്ത്തിക്കൊണ്ടുള്ള വാക്കുകളെ കേൾക്കാൻ കഴിയൂ.

മന്ത്രി പത്നിയായതിന്‍റെ സുഖവും ദുഃഖവും അവൾ മനസിൽ പേറി. തന്‍റെ സുഖ ദുഃഖങ്ങളെപ്പറ്റി ആരുമായും പങ്കുവയ്ക്കാനാവാത്തതിനാൽ അവൾ ഏകാന്തതയുടെ തടവറയിൽ കഴിഞ്ഞു കൂടി. അവൾ പറയുന്ന ഓരോ വാക്കുകളും അവളെ തന്നെ തുറിച്ചു നോക്കി പല്ലിളിച്ചു കാട്ടി. തങ്ങളുടേതായ സ്വകാര്യ നിമിഷങ്ങൾ ഏതോ കാലത്ത് എന്നോ കഴിഞ്ഞു പോയ മായിക സ്വപ്നം പോലെയായിരുന്നു അവൾക്ക്.

ഒരു ദിവസം അവിചാരിതമായ ബാല്യകാല സഖിയായ കവിത രാധികയെ ഫോൺ ചെയ്‌തു. അവൾ ഏതോ വിവാഹത്തിന് പങ്കെടുക്കാൻ നഗരത്തിൽ വരുന്നുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള വിളിയായിരുന്നുവത്. രാധികയുടെ സന്തോഷം കൊണ്ട് വീർപ്പുമുട്ടി.

ഫോണിൽ കവിത എന്തൊക്കെയോ തമാശകൾ പറഞ്ഞു കൊണ്ടിരുന്നു.

“നീ എന്നെ ഒരു മന്ത്രി പത്നിയായിട്ടാണോ അതോ എന്‍റെ കളികൂട്ടുകാരിയായിട്ടാണോ എന്നെ സ്വീകരിക്കുക.”

രാധിക പൊട്ടിച്ചിരിയോടെ മറുപടി പറഞ്ഞു,“ നീ ഒന്ന് വന്ന് നോക്ക്, അപ്പോൾ മനസിലാവും.”

കവിത പറഞ്ഞ സമയത്തു തന്നെ രാധികയെ കാണാൻ വീട്ടിലെത്തി. കൂട്ടുകാരിയെ കണ്ടയുടനെ കവിത ഓടിച്ചെന്ന് കെട്ടിപിടിച്ചു.

കുറച്ചുനേരം രാധികയെ നോക്കി നിന്ന ശേഷം കവിത അദ്ഭുതത്തോടെ പറഞ്ഞു. “ഒരിക്കലെങ്കിലും കാണുമെന്ന് കരുതിയതല്ല. നീ എന്നെ വീട് കാണിക്ക്.”

വീട് എന്നത് ഒരു സർക്കാർ മന്ദിരമായിരുന്നു. അമിത്തിന്‍റെ ആവശ്യമനുസരിച്ച് കോൺട്രാക്ടർമാർ വീടിന്‍റെ ലുക്ക് തന്നെ മാറ്റി മറിച്ചിരുന്നു. അതും സൗജന്യമായിട്ട്. രാധിക കവിതയെ കൂട്ടി കൊണ്ടു പോയി ബംഗ്ലാവ് മൊത്തം കാട്ടിക്കൊടുത്തു. കവിത ഓരോ മുറിയും കണ്ടശേഷം പ്രശംസിച്ചു കൊണ്ടിരുന്നു.

കുട്ടിക്കാലത്തു ഇരുവരുടെയും വീടുകൾ തൊട്ടടുത്തായിട്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജീവിത സാഹചര്യം ആയിരുന്നു അവരുടേത്. രണ്ടുപേരുടെയും രക്ഷിതാക്കൾ കൂലിപ്പണിയും മറ്റും ചെയ്‌താണ് കുടുംബം നോക്കിയിരുന്നത്.

കവിത ഫ്രഷ് ആകാൻ പോയതോടെ രാധിക ഒരിക്കൽ കൂടി പഴയ ഓർമ്മകളിലേക്കു മടങ്ങി. കവിതയും രാധികയും ഒരുമിച്ച് കോളേജിൽ പഠിച്ചിരുന്ന കാലം. അതെ കോളേജിൽ പഠിച്ചിരുന്ന അമിത്ത് രാധികയെ കണ്ടിഷ്ടപ്പെടുന്നതും അവർ പ്രണയത്തിലാവുന്നതും. അവൾ നെടുവീർപ്പോടെ ഓർത്തെടുത്തു.

അമിത്തിന്‍റെ അച്‌ഛനും വളരെ സാധാരണ നിലയിൽ ഉള്ള വ്യക്‌തിയായിരുന്നു. ഇരുവരും രാഷ്ട്രീയത്തിൽ സജീവപ്രവർത്തകരുമായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം രാധികയുടെയും അമിത്തിന്‍റെയും വിവാഹവും വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ നടന്നു. തുടർന്ന് സജീവ രാഷ്ട്രീയത്തിലിറങ്ങിയ അമിത്ത് രാഷ്ട്രീയത്തിൽ വലിയ സ്ഥാനമാനങ്ങളിൽ എത്തുകയായിരുന്നു.

പിന്നോക്കവിഭാഗത്തിൽ പെട്ട ആളായതു കൊണ്ട് അമിത്തിനെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ആവശ്യമായിരുന്നു. മന്ത്രിയുടെ ഭാര്യ ആയിരുന്നിട്ടും രാധിക ഒരിക്കൽ പോലും അതിന്‍റെ പേരിൽ അഹങ്കരിക്കുകയോ മറ്റുള്ളവരോട് അത് കാട്ടുകയോ ചെയ്‌തിരുന്നില്ല. അമിത്തിന്‍റെ ഉയർച്ചയിൽ അവൾ ഏറെ അഭിമാനിച്ചിരുന്നു. അമിത്ത് തിരക്കുകളിൽ പെട്ട് ദിവസങ്ങളോളം കാണാതിരുന്ന അവസരങ്ങൾ ഉണ്ടായിട്ടും അവൾ അതിന്‍റെ പേരിൽ അമിത്തിനോട് പരിഭവം കാട്ടുകയോ പരാതിപ്പെടുകയോ ചെയ്‌തില്ല.

ഭർത്താവിന്‍റെ അളന്നു തൂക്കിയുള്ള സംസാരവും ജോലിത്തിരക്കുകളിലും ആയപ്പോൾ രാധിക ഏകാന്തതയിൽ അകപെടുകയായിരുന്നു. എങ്കിലും അവൾ ഒരു വാക്കുപോലും പറയാതെ ആ സാഹചര്യവുമായി ഒതുങ്ങിക്കൂടുകയാണ് ഉണ്ടായത്.

രാധികയുടെ മന്ത്രിപത്നി എന്ന സ്‌ഥാനത്തേയും സുഖപ്രദവുമായ ജീവിതത്തെയും കവിത വാതോരാതെ പുകഴ്ത്തി കൊണ്ടിരുന്നു. കവിതയുടെ ഭർത്താവ് ഒരു വലിയൊരു കമ്പനിയുടെ ഡയറക്ടർ ആയിരുന്നു. കോളേജ് കാലം തുടങ്ങിയുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് അവർ.

കളിക്കൂട്ടുകാരിയായ കവിതയോടു തന്‍റെ മനസ്സിൽ ഉള്ള വേദനകളെക്കുറിച്ച് പങ്കുവയ്ക്കാൻ അവൾ ആഗ്രഹിച്ചുവെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല. ഭംഗിയായി കുടുംബകാര്യങ്ങൾ നോക്കി നടത്താനുള്ള രാധികയുടെ നൈപുണ്യത്തെ കവിത പുകഴ്ത്തി കൊണ്ടിരുന്നു.

തീൻ മേശയിൽ നിരത്തിയ വൈവിധ്യമാർന്ന വിഭവങ്ങളും ഓരോരോ ജേലി ചെയ്യുന്ന പരിചാരകരെയും കണ്ട് കവിത അദ്ഭുതത്തോടെ പറഞ്ഞു, “രാധിക നീ ഭാഗ്യവതി തന്നെ. ഒന്നിനെക്കുറിച്ചും നിനക്ക് വേവലാതിപ്പെടേണ്ടതില്ല. എല്ലാം നിന്‍റെ കാൽക്കീഴിൽ എത്തും. ഭർത്താവ് മന്ത്രി, രണ്ട് മിടുക്കരായ കുട്ടികൾ.”

കൂട്ടുകാരിക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്ന രാധിക അതിന് മറുപടിയെന്നോണം ഒരു വിളറിയ ചിരി ചിരിച്ച ശേഷം ഓർത്തു “എല്ലാം ഉണ്ട് പക്ഷെ ചിലത് ഇല്ല.”

കവിത പെട്ടെന്ന് രാധികയുടെ ചുമലിൽ പിടിച്ചു. “രാധിക എനിക്ക് നിന്‍റെ മനസ്സിൽ ഉള്ളതെന്താണെന്ന് മനസിലാക്കാൻ കഴിയും. നിന്‍റെ അവസ്‌ഥ എനിക്ക് ഊഹിക്കാൻ കഴിയും. സാധാരണ ചുറ്റുപാടിൽ വളർന്നവരാണ് നമ്മൾ. നമ്മൾ ഏറ്റവും കൊതിക്കുന്നത് സ്നേഹത്തിനുവേണ്ടിയാണ്. പണം കൊടുത്താൽ അതൊന്നും വാങ്ങാൻ കഴിയില്ല. എന്‍റെ അവസ്‌ഥയും ഏറെക്കുറെ ഇത് തന്നെയാണ്. നിനക്കറിയാമോ ഉയർന്ന ജാതിയിൽപെട്ടയാളാണല്ലോ മനോജ്. മനോജിന് നല്ല ശമ്പളം ഉണ്ട്. എനിക്കും ജോലിയുണ്ട്. വലിയ ശമ്പളം ഇല്ല. പക്ഷെ മനോജിന് അത് കുറച്ചിൽ ആണ്. നീ എന്‍റെ കൂട്ടുകാരിയാണല്ലോ. നിന്നെ വന്ന് കണ്ട് കാര്യം പറഞ്ഞാൽ അമിത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് നല്ലൊരു ജോലി വാങ്ങാൻ മനോജ് ഇപ്പോഴും എന്നെ നിർബന്ധിക്കാറുണ്ട്. പക്ഷെ നിന്നെ വന്ന് കണ്ട് അക്കാര്യം പറയാൻ എനിക്ക് മടിയായിരുന്നു. നീ ആളാകെ മാറിക്കാണും എന്നാണ് ഞാൻ വിചാരിച്ചത്. അതുകൊണ്ടാണ് ഇക്കാലമത്രയും നിന്നെ കാണാൻ ഞാൻ വരാതിരുന്നത്. സ്കൂൾ വാർഷിക പരിപാടിയെ കുറിച്ചു ടിവിയിൽ വന്ന വാർത്തയിൽ നിന്‍റെ പടം കണ്ടപ്പോൾ മനസിൽ വല്ലാത്ത ഒരു വിഷമം തോന്നി. നിന്‍റെ ചിരിക്കു പിന്നിൽ എവിടെയോ ഒരു വേദന ഉള്ളതു പോലെ. നീ സന്തോഷത്തോടെ ജീവിക്കണം. ജീവിതം തുടച്ചുമാറ്റാൻ ആവില്ലല്ലോ.”

“നീ പറഞ്ഞത് ശരിയാണ്. ഈ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് ജീവിക്കണം. അല്ലാത്ത പക്ഷം നമുക്കൊപ്പം കുട്ടികളോ സഹോദരങ്ങളോ രക്ഷിതാക്കളോ ഉണ്ടാകില്ല. ഞാൻ എന്തിന് സങ്കടപ്പെടണം അല്ലെ. എനിക്കും എന്‍റേതായ ഒരു വഴി കണ്ടുപിടിക്കണം. എനിക്കുമുണ്ടല്ലോ ഒരു ജീവിതം.” അത് മറന്നതാണ് എന്‍റെ തെറ്റ്.

Novel: സമുദ്രമുഖം ഭാഗം- 18

“ആ ദിവസം ഇന്നലെക്കഴിഞ്ഞ പോലെ ഞാനോർക്കുന്നു. കറുത്ത കാറും ക്ഷീണിതയായ കഴുത്തിൽ ചുവന്നു തടിച്ച പാടുള്ള ഒരു പെൺകുട്ടിയും. ആ ദിവസത്തെ തീയതി കൃത്യമായി ഞാൻ ഓർക്കുന്നില്ല. അന്ന് ഡ്യൂട്ടി ഞാനല്ലായിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് ഞാൻ പോകാറില്ല. രാത്രീല് ഭാര്യേം മക്കളേം തനിച്ചാക്കി വന്നാ സമാധാനം കിട്ടില്ല. അന്ന് രാത്രി ഡ്യൂട്ടിക്കു വരേണ്ടത് ജോസപ്പേട്ടൻ. ഭാര്യയ്ക്ക് വലിവ് കൂടുതലാണെന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒന്നഡ്ജസ്റ്റു ചെയ്യണമെന്ന് പറഞ്ഞു. അന്നേരം ഡ്യൂട്ടി മാറി വീട്ടിൽ പോകാൻ ഒരുങ്ങി ജോസപ്പേട്ടനേയും നോക്കിയിരിക്കുകയായിരുന്നു ഞാൻ. ശരിയെന്നു പറഞ്ഞ് ഞാൻ ഡ്യൂട്ടിയിൽ കയറി.

ഏകദേശം പത്തു പത്തര പതിനൊന്ന് മണിയായിക്കാണും. ഒരു കറുത്ത കാറ് ഗേറ്റിൽ വന്നു നിന്നു. ഞാൻ ചെന്ന് നോക്കിയപ്പോൾ ആ കൊച്ചാണ് വണ്ടിയിൽ. വല്ലാത്ത ക്ഷീണം ആ മുഖത്ത്. കഴുത്തിൽ ആരോ പിടിച്ച് ഞെരിച്ച പോലെ ചുവന്നു തടിച്ചിരിക്കുന്നത് വ്യക്തമായി ഞാൻ കണ്ടു. ആ കുട്ടി കുഴഞ്ഞു വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. അത്രക്കു ക്ഷീണം ആ മുഖത്ത്. ആവശ്യമില്ലാത്തത് ഞാൻ എന്തിന് അന്വോഷിക്കണം? അവനവന് പറഞ്ഞിട്ടുള്ള പണി ചെയ്യുക. സമാധാനത്തോടെ വീട്ടീപോകുക. അതാണെന്‍റെ നടപ്പു പോളിസി.

വെഹിക്കിൾ എൻട്രി രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത ശേഷം ഞാൻ ഉള്ളിൽ പോകാൻ അനുവദിച്ചു. കുറച്ചു കഴിഞ്ഞ് കാർ തിരികെ പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഡ്യൂട്ടി ജോസപ്പേട്ടന് കൈമാറി പോകാൻ നിൽക്കുമ്പോഴാണ് ആ പെൺകുട്ടി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. ഞാൻ കാണാനൊന്നും പോയില്ല. വേണ്ടാത്ത കാര്യത്തിൽ എടപെടുന്നത് എന്നേ നിർത്തി. അതോണ്ട് ജോസപ്പേട്ടനോട് വിവരം പറഞ്ഞു ഡ്യൂട്ടി കൈമാറി വേഗം വീടുപറ്റി.” ഇത് പോരെ എന്ന മട്ടിൽ വർക്കിച്ചേട്ടൻ പറഞ്ഞുനിർത്തി.

“ആ കാർ ഓടിച്ചിരുന്നയാളെ അറിയുമോ?”

“ഇരുട്ടത്ത് അയാളെ നേരെ കണ്ടില്ല. പുറകിലെ സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയെ മൊബൈലിന്‍റെ വെളിച്ചത്തിൽ മുഖം കാണാൻ പറ്റി. ആ കുട്ടിയെ മാത്രമേ ശ്രദ്ധിച്ചുള്ളു ആ കാർ ഇടക്ക് വന്നു പോകൽ പതിവുണ്ട് . ആരുടെതെന്ന് അറിയില്ല.”

“രജിസ്റ്ററിൽ എന്തെല്ലാമാണ് എഴുതുക?”

“വണ്ടീടെ നമ്പർ ഇൻ ടൈം , ഔട്ട് ടൈം. ചിലപ്പോൾ മൊബൈൽ നമ്പർ.”

“ആ കാർ തിരിച്ചുപോകാൻ എത്ര സമയം എടുത്തു?”

“ഇങ്ങനെ ഒക്കെ ചോദിച്ചാൽ കുഴഞ്ഞുപോകത്തെ ഉള്ളു. രജിസ്റ്റർ നോക്കിയേ അത് പറയാൻ പറ്റൂ.”

“അതുമതി കാർ നമ്പറും, കാർ ഔട്ട് ആയ സമയവും. പിന്നെ മൊബൈൽ നമ്പർ എഴുതിയിട്ടുണ്ടെങ്കിൽ അതും. രജിസ്റ്ററിലെ ആ ഭാഗം ഫോട്ടോയെടുത്ത് അയച്ചു തരണം കേട്ടോ?”

തലയാട്ടിക്കൊണ്ട് സമ്മതം മൂളി. ആഹാരം ആസ്വദിച്ചു കഴിച്ചു തീർത്ത ശേഷം വർക്കിച്ചേട്ടൻ എഴുന്നേറ്റു.

പുറത്ത് നേരിയ ചുകന്ന വെയില്. സന്ധ്യയാകാൻ വെമ്പുന്ന പ്രകൃതി കൂടുവിട്ട് പോയിരുന്ന ജീവബിന്ദുക്കളെല്ലാം തിരികെ കൂടണയാൻ തിടുക്കപ്പെട്ടു പോകുന്നനേരം. സർവ്വേശ്വരൻ അനുഗ്രഹിച്ചു നല്കിയ വലിയ ദിനത്തിന്‍റെ അവസാന ഘട്ടം.

ബൈക്കിൽ അരമണിക്കൂർ കൊണ്ട് വർക്കിച്ചേട്ടന്‍റെ വീടെത്തി. ഒരു ചായ കുടിക്കാൻ ഒരു പാട് നിർബന്ധിച്ചെങ്കിലും സമയമേറെ വൈകി ഇനി മറ്റൊരവസരമാകാമെന്നു പറഞ്ഞു. ഫോൺ നമ്പർ വാങ്ങി സേവ് ചെയ്തു.

ആരാധന ഹോട്ടലിന്‍റെ മുതലാളിയും സിനിമാ നിർമ്മാതാവുമായ ആ മനുഷ്യ സ്നേഹിയുടെ പേര് ചോദിച്ചു. ഈപ്പൻ വർഗ്ഗീസ് എന്നാണ് അയാളുടെ പേര്. വിളറി വെളുത്ത നിലയിൽ ദത്തൻ സാർ കണ്ടെന്നു പറഞ്ഞ നിർമ്മാതാവ്. ഇയാളെക്കുറിച്ചു തന്നെയാണ് അന്വേഷിക്കാൻ തോമാച്ചനെ ഏൽപ്പിച്ചത്. അങ്ങനെ എന്‍റെ കൂടണയാനുള്ള നേരവും ആഗതമായിരിക്കുന്നു കൂടണയാൻ വെമ്പുന്ന അസംഖ്യം ജീവബിന്ദുക്കളിലൊരാളായി ഈ ഞാനും.

തോമാച്ചന്‍റെ റിപ്പോർട്ടിനായി കാത്തിരുന്ന് രണ്ടു ദിവസം കഴിഞ്ഞു. ആകെ ഒരു പുരോഗതി വർക്കിച്ചേട്ടൻ അയച്ചു തന്ന മെസേജാണ്. കാറിന്‍റെ നമ്പറുണ്ട്. അതു കിട്ടിയതും അതാരുടെ പേരിലെന്ന് ലാപ്ടോപ്പ് ഓൺ ചെയ്ത് പരിശോധിച്ചു. സംശയമില്ല. കാർ ഞാൻ കരുതിയിരുന്ന വ്യക്തിയുടേതുതന്നെ!

പിന്നെ വെഹിക്കിൾ രജിസ്റ്ററിന്‍റെ ഫോട്ടോയും. കാറിന്‍റെ ഔട്ട് ടൈമിൽ കണ്ട ചില വെട്ടി തിരുത്തലുകൾ എന്നിൽ സംശയത്തിന്‍റെ മുൾമുനയുയർത്തി. ഉടനെ വർക്കിച്ചേട്ടനോട് വിളിച്ചാരാഞ്ഞെങ്കിലും അതെക്കുറിച്ച് യാതൊരു പിടിപാടുമില്ലെന്നായിരുന്നു മറുപടി. പോലീസ് അതൊന്നും പരിശോധിച്ചില്ലെന്നു അയാൾ ഉറപ്പിച്ചു പറഞ്ഞു. അതോടെ ആ സംഭവം മനസ്സിൽ നിന്നും വിട്ടു.

അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ യുക്തമായ തെളിവോടെ ചന്ദ്രേട്ടന്‍റെ പ്രശ്നത്തിന്‍റെ കാരണങ്ങളെല്ലാം കണ്ടു പിടിച്ചു. മനസ്സിൽ വല്ലാത്ത വേദന തോന്നിയെങ്കിലും വിഷയം അയാൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ വേണമല്ലോ. മിക്കവാറും മനസ്സു തകർക്കുന്ന കേസുകളാണ് എനിക്കു മുന്നിൽ വരുന്നത്.

ഇടയ്ക്കെപ്പോഴോ ചന്ദ്രേട്ടൻ വിളിച്ചു. വിവരങ്ങൾ അന്വേഷിച്ചു. സൗകര്യമുള്ളപ്പോൾ ഒന്നിവിടം വരെ വരാനാവശ്യപ്പെട്ടു. അത് പറഞ്ഞു അര മണിക്കൂറിനകം അയാളെത്തി. എനിക്കഭിമുഖമായി ഇരുന്നു. പരിക്ഷീണനായ അയാളുടെ മുഖത്തു നിന്നും വിയർപ്പു ചാലുകൾ ഒഴുകി പടർന്നിരുന്നു. മുൻപും പിൻപും നോക്കാതെ അവിവേകത്തിനു മുതിരരുതെന്ന നിർദേശത്തോടെ വളച്ചുകെട്ടില്ലാതെ ഞാൻ വിവരങ്ങൾ പറഞ്ഞു തുടങ്ങി.

വീട്ടിലെ ഏകാന്തമായ അന്തരീക്ഷത്തിൽ നിന്നുള്ള ഒരു മോചനമായാണ് നിങ്ങളുടെ ഭാര്യ തുണിക്കടയിൽ ജോലിയ്ക്കു പോയിത്തുടങ്ങിയത്. അവിടെ വച്ച് അവർ ഒരാളെ പരിചയപ്പെട്ടു, പിന്നീട് അടുപ്പത്തിലായി. ആദ്യം ഒരു തമാശക്കാണ് തുടങ്ങിയ ഇന്നാ ബന്ധം വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. നിങ്ങളോടുള്ള നിങ്ങളുടെ മക്കളോടുള്ള ആത്മബന്ധത്തേക്കാൾ ഏറെ ദൃഢമാണ് ഇന്ന് അവർക്ക് ആ ബന്ധം.

അവരുടെ മനസ്സ് നിങ്ങളിൽ നിന്ന് ഏറെ അകന്നിരിക്കുന്നു. ഇനി ഒരിക്കലും അടുക്കാനാവാത്ത വിധം. ഇനി അവരെ ഒപ്പം നിർത്താൻ നിങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചാലും അതു നിഷ്ഫലമാണ്. അതിന്‍റേതായ കാലഘട്ടവും പരിധിയും ഏറെ കഴിഞ്ഞു പോയിരിക്കുന്നു. മാത്രമല്ല അതിന് മുതിരുന്നത് നിങ്ങൾക്ക് ഏറെ അപകടകരവുമാണ്. അധികം താമസിയാതെ നിങ്ങളുടെ ഭാര്യയുടെ രജിസ്റ്റർ വിവാഹം ഉണ്ടാകും. എല്ലാം തന്നെ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരക്ഷരം മിണ്ടാതെ മുഖത്ത് തുറിച്ചു നോക്കിയിരിക്കുന്ന ചന്ദ്രേട്ടനെ കണ്ടപ്പോൾ തെല്ലു ഭയം തോന്നി. എടുത്തടിച്ച പോലെ ഇങ്ങനെ പറയേണ്ടതില്ലായിരുന്നു. അപ്രിയങ്ങളായ സത്യങ്ങൾ പറയുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനസ്സു വിഷമിച്ചു വരുന്ന ആളുകളാണ്. എന്തായാലും പറയേണ്ടത് പറഞ്ഞു കഴിഞ്ഞു. ഇനി എന്തു പറഞ്ഞാണ് അയാളെ സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ കുഴങ്ങുമ്പോൾ ചന്ദ്രേട്ടൻ ദൃഢസ്വരത്തിൽ പറഞ്ഞു.

“എനിക്കു സങ്കടമില്ല സാർ. എന്നെ ആവശ്യമില്ലാത്തവരെ എനിക്കും വേണ്ട. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ചെയ്യാത്ത ജോലികളില്ല. മീൻ പിടിക്കാൻ ആഴക്കടലിൽ പോയി ആഴ്ചകളോളം ചത്തു ജീവിച്ചിട്ടുണ്ട്. അതെല്ലാം അനുഭവിച്ചത്‌ എനിക്കു വേണ്ടിയല്ല. ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ എന്‍റെ കുടുംബത്തിന് വരാതിരിക്കാൻ വേണ്ടി. എനിക്ക് തെറ്റുപറ്റി. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഞാൻ പലതും മറന്നു. മനസ്സിലെ സ്നേഹവും പരിഗണനയും പലപ്പോഴും പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. മീൻകാരൻ ചന്ദ്രന്‍റെ മക്കൾ രണ്ടു പേരും ഫോറിനിൽ കമ്പ്യൂട്ടർ എഞ്ചിനീയർമാരാ… എന്‍റെ കഷ്ടപ്പാടിന്‍റെ ഫലാ അത്. ഒരു വാക്കു കൊണ്ടു പോലും ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല.”

അതുവരെ അടക്കിപ്പിടിച്ച വിങ്ങൽ കണ്ണീരായി ചന്ദ്രേട്ടന്‍റെ കവിളിലൂടെ ഇറ്റു വീണു. ഇയാളോട് എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ നടപ്പു സാഹചര്യം മനസ്സിലാക്കി, പ്രായോഗികമായി ചേയ്യേണ്ടതിനെക്കുറിച്ച് സംസാരിക്കാമെന്ന് വിചാരിച്ചു.

“താങ്കൾ വിയർപ്പൊഴുക്കി സമ്പാദിച്ച…“

“പറഞ്ഞു മുഴുവനാക്കും മുൻപ് ചന്ദ്രേട്ടൻ പറഞ്ഞു.

“അറിയാം സാർ എനിക്കൊന്നും വേണ്ട സാർ. പങ്കായം പിടിച്ച് തഴമ്പിച്ച കയ്യാ. നിക്ക് ഇനി ജീവിക്കാൻ ഇതന്നെ ധാരാളം. എല്ലാം അവൾ കൊണ്ടു പൊയ്ക്കോട്ടെ. പോയി സുഖമായി ജീവിക്കട്ടെ.”

ചന്ദ്രേട്ടൻ എഴുന്നേറ്റു. ആശ്വാസവാക്കുകൾ കൊണ്ടൊന്നും ആ മനസ്സിന്‍റെ തീ ശമിപ്പിക്കാൻ കഴിയില്ലെന്ന് തോന്നി. തല കുനിച്ച് അയാൾ നിൽപ്പുറക്കാത്ത ഒരാളെ പോലെ ഇടറിക്കൊണ്ട് നടന്നകലുന്നത് പ്രയാസത്തോടെ നോക്കി നിന്നു. കുടുംബത്തിന് ഭൗതിക സുഖസാഹചര്യങ്ങൾ ഒരുക്കാനുള്ള തത്രപ്പാടിൽ, എല്ലാം മറന്നുള്ള നെട്ടോട്ടത്തിൽ തനിക്കു നഷ്ടപ്പെടുന്നതെന്തെന്ന് തിരിച്ചറിയാൻ വൈകിയ നിസ്സഹായനായ ഒരു മനുഷ്യൻ. ഒരു മനുഷ്യായുസ്സു മുഴുവൻ കുടുംബത്തിനായി ജീവിച്ചു. ഒടുവിൽ കാലം അയാൾക്കായി കാത്തു വച്ചതോ?

കനം തൂങ്ങിയ മനസ്സുമായി അങ്ങനെ ഇരിക്കുമ്പോഴാണ് തോമാച്ചൻ കാണാനാഗ്രഹിക്കുന്നതായുള്ള സന്ദേശം ലഭിച്ചത് . തുണിക്കടയിലെ കഥാനായകൻ തോമാച്ചന്‍റെ ഒരകന്ന ബന്ധുവാണ്. അതുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് കരുതിയത്. സംഭവം അതല്ല. ഒരു പാട് അലച്ചിനിടയിൽ ഞാൻ ആവശ്യപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ ലഭിച്ചതായി പറഞ്ഞു. അതിനായി അല്പം പണവും ചെലവായതായി പറഞ്ഞു. അപ്പോഴാണോർത്തത് എന്‍റെ സേവന വ്യവസ്ഥകൾ ദത്തൻ സാറിന് മെയിൽ ചെയ്തിട്ടില്ലെന്ന കാര്യം. അതുടനെ ചെയ്ത ശേഷം മറുപടിക്കായി അല്പനേരം കാത്തു. മറുപടിയില്ല. തിരക്കായിരിക്കാം എന്നാശ്വസിച്ച് വൈകീട്ടോടെ തോമാച്ചനോട് വിവരങ്ങൾ തരാൻ വരാനാവശ്യപ്പെട്ട് കസേരയിൽ ചാഞ്ഞുകിടന്നു. പെയ്തു പോയ ചാറൽ മഴ അവശേഷിച്ചു പോയ ഇളം തണുപ്പുണ്ട്. കണ്ണടഞ്ഞു പോകുന്നു. ഇത്തരം ചെറുമയക്കങ്ങൾ നല്കുന്ന ഉന്മേഷം ചെറുതല്ല.

തോമ്മാച്ചൻ കുലുക്കിയുണർത്തിയപ്പോഴാണ് കണ്ണു തുറന്നത്.

“എന്തൊരു ഉറക്കമാ ഇങ്ങനെ വാതിലൊക്കെ തുറന്നിട്ട് ഉറങ്ങിയാൽ ആളെ എടുത്തു കൊണ്ടു പോയാലും അറിയില്ലല്ലോ?”

തോമാച്ചനെ ഞാൻ ആകെയൊന്ന് ഉഴിഞ്ഞു നോക്കി. തോമാച്ചന് പ്രകടമായ മാറ്റം. ക്ലീൻ ഷേവ് ചെയ്ത് ഹിന്ദി നടൻമാരെപ്പോലെ മിനുക്കി കോതി വച്ച മുടി. ഒരു കാതിൽ ചുകന്ന കമ്മൽ. വെളുത്ത വട്ടക്കഴുത്തുള്ള ടീ ഷർട്ടും നീല ജീൻസും. കൈയ്യിൽ ചിത്രപ്പണികളുള്ള ചെമ്പുവള. തോമാച്ചന് വന്ന മാറ്റത്തിൽ അതിയായ സന്തോഷം തോന്നി. തോമ്മാച്ചനോട് ഇരിക്കാൻ പറഞ്ഞ് താഴെ പോയി മുഖം കഴുകി ചായക്കും ബർഗറിനും ഓർഡർ കൊടുത്ത് ആകാംക്ഷയോടെ തോമാച്ചനടുത്തെത്തി.

തോമാച്ചൻ അപ്പോൾ ബാൽക്കണിയിൽ നിന്ന് ഒരു സെൽഫിക്കു പോസു ചെയ്യുകയായിരുന്നു. എന്നെക്കണ്ടതും കാര്യഗൗരവം വീണ്ടെടുത്ത് സോഫയിൽ വന്നിരുന്നു. വിവരങ്ങൾ കിട്ടുന്നതിന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെപ്പറ്റി പറഞ്ഞു.

ഒരു പാട് സിനിമാ സെറ്റുകളുടെ ഭാഗമായി മാറിയത് തന്‍റെ സമയത്തെ നല്ല രീതിയിൽ ബാധിച്ചുപോലും. എന്‍റെ ക്ഷമ നശിച്ചു. ഈയവസരത്തിൽ മഹാനടനെ പിണക്കാനും വയ്യ. ക്ഷമയോടെ എല്ലാം കേട്ടിരുന്നു. തുടർന്ന് തോമാച്ചൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ആർജ്ജിച്ച വിവരങ്ങളുടെ കെട്ടഴിച്ചു.

“ദത്തൻ സാർ. ഒരു മലയോര ഗ്രാമത്തിലാണ് വീട്. സ്വന്തം കഴിവും അധ്വാനവും ഒന്നുകൊണ്ടു മാത്രം മലയാള സംവിധാന രംഗത്ത് തന്‍റേതായ ഇടം നേടിയ വ്യക്തി. കഴിവുള്ള പുതിയ ആളുകളെ സിനിമയിലേക്ക് കൊണ്ടുവരാൻ ഏറെ താത്പര്യം കാണിക്കുന സംവിധായകൻ. അതിന്‍റെ പേരിൽ നിർമ്മാതാവുമായി ഉടക്കാൻ മടിയുമില്ലാത്തയാളാണ്.

സെറ്റിൽ എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകുന്നയാൾ. തന്നോടൊപ്പം ജോലി ചെയ്യുന്നവർക്കെല്ലാം ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നയാൾ. എല്ലാത്തിനുപരി പടത്തിനു പണം മുടക്കുന്നയാൾക്ക് മിനിമം മുടക്കു മുതൽ ലഭിക്കണമെന്ന് ദൃഢനിശ്ചയം ഉള്ളയാൾ. ഇതെല്ലാമാണ് ദത്തൻ സാർ.” തോമ്മാച്ചൻ പറഞ്ഞു നിർത്തി.

പോർച്ചുഗീസ് കഫെയിൽ നിന്നും വരുത്തിയ ബർഗർ ഒന്നു കടിച്ച് ഒരു തുടം ചായ കുടിച്ച് തോമാച്ചൻ തുടർന്നു.

“ഇതെല്ലാം സെറ്റിലുള്ളവർക്കെല്ലാം അറിയാവുന്ന കാര്യങ്ങൾ. ഇനി പറയാൻ പോകുന്നത് എല്ലാവർക്കും അറിയാത്ത കാര്യങ്ങൾ.”

ഞാൻ പൊടുന്നനെ ജാഗരൂഢനായി.

”ദത്തൻ സാറിന്‍റെ മനസ്സു മുഴുവൻ സിനിമയാണ്. അതുമാത്രമായിരുന്നു ദത്തൻ സാറിന്‍റെ ആത്യന്തിക ലക്ഷ്യവും. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നതാണ് അയാളുടെ ആപ്തവാക്യം. സിനിമയിലേക്കുള്ള പ്രവേശനം നേടി ഷൂട്ടിംഗ് ലൊക്കേഷനുകളും താരങ്ങളെയും നിർമ്മാതാക്കളെയും തേടിയുള്ള അലച്ചിലിനിടയിൽ, പ്രശസ്തനായ നിർമ്മാതാവിന്‍റെ മകൾ എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ആന്‍റണി ഐസക്കിന്‍റെ ഒരേ ഒരു മകൾ തെരേസ ആന്‍റണിയെ പരിചയപ്പെട്ടതും ആ പരിചയം പ്രണയത്തിലേക്കും വഴി മാറിയതും.

തുടർന്ന് ആ പ്രണയം ഏറെ താമസിയാതെ വിവാഹത്തിലുമെത്തി. ദത്തൻ സാറിന്‍റെ ആദ്യപടത്തിന്‍റെ നിർമ്മാതാവും ആന്‍റണി ഐസക്ക് ആയിരുന്നു. ആ പടത്തിന് വളരെ ചെറിയ മുതൽ മുടക്കേ വേണ്ടിവന്നുള്ളൂ. എന്നാൽ പടം വമ്പൻ വിജയമായി. വെറും അമ്പതു ലക്ഷത്തിനു ഫസ്റ്റ് കോപ്പി ആയ പടം തിയേറ്റർ കളക്ഷൻ നാലു കോടി നേടി. മറ്റു റൈറ്റ്സ് കൂടാതെ. അപൂർവ്വമായി കിട്ടിയ ആ അവസരം ദത്തൻ സാർ ഭംഗിയായി ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി.

പുതുമുഖങ്ങളെ വച്ച് ചെയ്ത ആ പടം മെഗാ വിജയമായത് സംവിധായകന്‍റെ മിടുക്കായി വിലയിരുത്തപ്പെട്ടു. അതോടെ ദത്തൻ സാറിന്‍റെ രാശി തെളിഞ്ഞു. പിന്നെ മറ്റു നിർമ്മാതാക്കൾ അഡ്വാൻസുമായി വീട്ടുപടിക്കൽ ക്യൂ നിൽക്കാൻ തുടങ്ങി. നടപ്പു താരങ്ങളുടെ ഡേറ്റ് ലഭിക്കുമായിരുന്നിട്ടും അടുത്ത പടത്തിലും പുതുമുഖങ്ങൾ തന്നെയായിരുന്ന പ്രധാന നടൻമാർ.

അദ്ദേഹത്തിന്‍റെ ഭാര്യ തെരേസാ സിനിമാ പാരമ്പര്യമുള്ള ഒരു മധ്യതിരുവിതാംകൂർ കുടുംബാംഗം. അച്ഛൻ സിനിമാരംഗത്ത് തഴക്കവും പഴക്കുമുള്ള ആന്‍റണി ഐസക്ക്. ഒരു സഹോദരനുണ്ട്. അയാൾ കാനഡയിൽ വളരെക്കാലമായി സെറ്റിൽഡ് ആണ്.

അച്ഛന്‍റെ സിനിമാക്കമ്പം അതുപോലെത്തന്നെ പാരമ്പര്യമായി മകൾക്കാണ് കിട്ടിയിരിക്കുന്നത്. അച്ഛന്‍റെ സിനിമാക്കമ്പമെന്നത് ഒരു കോടി മുടക്കി പത്തുകോടി സമ്പാദിക്കുക എന്നതു മാത്രമാണ്. എന്നാൽ മകളുടേത് അതല്ല. സാങ്കേതിക വിഭാഗം, കാസ്റ്റിംഗ്, കോസ്റ്റുംസ്, ലെക്കേഷൻ, കഥ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ആ സ്ത്രീയുടെ ഇടപെടലുണ്ട്.

നല്ല നിർദേശങ്ങളെ ദത്തൻ സാർ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ആ സ്ത്രീ പടത്തിന്‍റെ ആദ്യാവസാനം വരെ സെറ്റിലുണ്ടാവും. ദത്തൻ സാറിനും അക്കാര്യത്തിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

“ഇവരുടെ വിവാഹം കഴിഞ്ഞിട്ടെത്ര കാലമായി?”

“നാലഞ്ചു വർഷമായിക്കാണും. എന്നാൽ മക്കളില്ല.”

“ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദത്തൻ സാറിന്‍റെ പടത്തിന്‍റെ നിർമ്മാതാവും ആന്‍റണി ഐസക്ക് ആണോ?“

അല്ല. അത് ഈപ്പച്ചൻ മുതലാളി. ആന്‍റണിയുടെ വകയിലൊരു ബന്ധുവായിട്ടു വരും. വലിയ പുള്ളിയാണ്.

ഹോട്ടൽ ബിസിനസ്സ്, റിയൽ എസ്റ്റേറ്റ് അങ്ങനെ പല സംഭവങ്ങൾ പുള്ളിക്കുണ്ട്. പിടിപാടുകളുമുണ്ട്. പക്ഷേ ആളു കഞ്ഞിയാണ്. കഞ്ഞിയീപ്പൻ എന്നാണ് രഹസ്യമായി അറിയപ്പെടുന്നത്. ഒരു നൂറുരൂപ കളത്തിലിറക്കാൻ നൂറു തവണ ചിന്തിക്കും. അതാണ് ആ മഹാന്‍റെ പോളിസി. ദത്തൻ സാറിനോട് അയാളുടെ കളിയൊന്നും നടക്കില്ല . വരച്ച വരയിൽ നിർത്താൻ ദത്തൻ സാറിനറിയാം . രാമോജി ഫിലിം സിറ്റി ഈ കൊച്ചിയിൽ സൃഷ്ടിച്ച അമാനുഷനാണ് ഈപ്പൻ.”

എനിക്കതു മനസ്സിലായില്ല.

അല്ല തിരക്കഥയിൽ രാമോജി ഫിലിം സിറ്റിയിലാണ് ഇടവേളക്കു ശേഷം കഥ നടക്കുന്നത്. രാമോജി ഫിലിം സിറ്റിടെ ബോർഡും വച്ച് അങ്ങേരിവിടെ സെറ്റ് തയ്യാറാക്കി പടം തീർത്തു. പടം കണ്ടാൽ രാമോജി തന്നെ.

തോമാച്ചൻ വിശദീകരിച്ചു.

ദത്തൻ സാറായിട്ട് അങ്ങനെ അഭിപ്രായ വ്യത്യാസമൊന്നുമില്ല. ചെലവു കുറച്ച് പടമെടുക്കാൻ അദ്ദേഹത്തിനും വളരെ താത്പര്യമാണല്ലോ? ആരില്ലെങ്കിലും സിനിമയുണ്ടാവും നിർമ്മാതാവൊഴിച്ച് എന്നാ പറയാറ്.

അടുത്തയാൾ കാറ്ററിംഗ് സൂപ്പർവൈസർ ശ്രീമാൻ അമൽ വർക്കി. എല്ലാവരുടേയും അന്ന ദാതാവ്. വളരെ നല്ല പയ്യൻ. എല്ലാവരുടേയും മാനസപുത്രൻ. നിർമാതാവു മുതൽ ലൈറ്റ് ബോയ് വരെ എല്ലാവരോടും സർവ്വ സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന ഒരാൾ. ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന വ്യക്തി. വളരെ റിസ്ക്കുള്ള ജോലിയാണ്. വ്യത്യസ്തങ്ങളായ നാവുകളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ലാലോ? എന്നിട്ടും ഇന്നുവരെ ആരുടേയും മുഖം കറുപ്പിച്ചിട്ടില്ല.

ഓരോരുത്തരുടേയും ആഹാരത്തോടുള്ള അഭിരുചി അറിഞ്ഞ് പ്രവർത്തിക്കുക എളുപ്പമല്ല. എന്നാൽ അവനതറിയാം. പിന്നെ കൃത്യനിഷ്ഠ. അവന്‍റെ അപ്പന് ഈപ്പച്ചന്‍റെ ഹോട്ടലിൽ ജോലിയുണ്ട്. അയാൾ മുന്നേ കാറ്ററിംഗ് സർവ്വീസ് നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്.

ശരി. ഇനിയാരാണ്? ജോഫിൻ അല്ലേ? ഞാൻ പിറുപിറുത്തു.

“അതെ മെഗാ താരം ജോഫിൻ. മസിലു പിടിച്ചോണ്ട് നടക്കുന്ന എനിക്കവനെതീരെ പിടുത്തമില്ല. അഭിനയമോഹിയായി നടക്കുന്ന ഒരുത്തനാണ്. ഒരു പടത്തിൽ പോലും ഞാൻ അവനെ കണ്ടിട്ടില്ല എന്നാൽ അവന്‍റെ വിചാരം ലിയാനാർഡോ ഡികാപ്രിയോ ആണെന്നാണ്.

സിനിമയിലെ ആരെക്കണ്ടാലും പോയി ചാൻസു ചോദിക്കും. അത്യാവശ്യം പഠിച്ചിട്ടൊക്കെ ഉണ്ട്. നിലവിൽ ദത്തൻ സാറിന്‍റെ ഡ്രൈവറാണ്. ഇവനെപ്പോലുള്ളവർ ഒരെണ്ണമെങ്കിലും എല്ലാ സെറ്റിലും കാണും. വിശ്വസിക്കാൻ കൊള്ളില്ല. ഇവിടെക്കേട്ടത് അവിടെ പറഞ്ഞ് അവിടെ കേട്ടത് ഇവിടെ പറഞ്ഞ്.”

ഞാനപ്പോൾ ഇടക്കു കയറി പറഞ്ഞു.

“നീ പറയുന്ന ഇനം ആളെ മനസ്സിലായി. ഇത്തരക്കാർ സിനിമാസെറ്റിൽ മാത്രമല്ല എല്ലായിടത്തുമുണ്ടാകും. ഇവൻമാരൊക്കെ എന്തെങ്കിലും ജോലി വൃത്തിയായി ചെയ്തിട്ടല്ല ആളാകുന്നത്. എന്നാൽ ഇത്തരം സ്വഭാവക്കാർ, ഒരോഫീസാണെങ്കിൽ ഓഫീസ് മേധാവിയുടെ അരുമയായിരിക്കും. അവർക്കും ഇത്തരം വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവരായിരിക്കും. അങ്ങനെ വിവരങ്ങൾ തേടുന്നതിന് അവർക്ക് പരിമിതികളുണ്ടല്ലോ? അപ്പോൾ ഇത്തരം ആളുകളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരും.

“അതെ, അതു തന്നെ സിനിമ സെറ്റിലെ വമ്പൻമാരുമായി ഇവൻ നല്ല സൗഹൃദത്തിലാണ്. ഇവനെയാണ് പ്രധാന കാര്യങ്ങൾ ഏൽപ്പിക്കാറ്. പറയുമ്പോഴോ ദത്തൻ സാറിന്‍റെ വെറുമൊരു ഡ്രൈവറും. അവനൊന്നും ടലന്‍റില്ല. പിന്നെ സ്ത്രീകളായിട്ടൊക്കെ നല്ല കമ്പനിയാണ്.

ദത്തൻ സാറിന്‍റെ ഭാര്യ സൈറ്റിൽ വന്നാൽ ഓരോ കാര്യങ്ങൾ പറഞ്ഞും സേവനങ്ങൾ ചെയ്തും കൂടെക്കൂടും. സത്യം പറഞ്ഞാൽ ഇവനെ ഒരു തരം ഭയമാണ് എല്ലാവർക്കും. ഇവനുള്ളപ്പോൾ തമാശക്കെന്തെങ്കിലും പറയുന്നത് എത്തേണ്ടിടത്തെത്തും.”

“ശരി. അഭിനയിക്കാൻ വന്ന ഒരു കുട്ടി മരിച്ച ദിവസം. തോമാച്ചനുണ്ടായിരുന്നോ ഷൂട്ടിംഗ് ടീമിനൊപ്പം?”

“അങ്ങനെ ഒരു സംഭവം നടന്നതായി പറഞ്ഞു കേട്ടിരുന്നു. ഞാൻ വർക്കു ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു മൂന്നര മാസമല്ലേ ആയുള്ളൂ. മരിച്ച സംഭവം ആറേഴ് മാസം മുന്നേയാണ്.”

“ശരി. ആ കുട്ടിയുടെ അമ്മയെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ?”

“അതെപ്പറ്റി അന്വേഷിച്ചില്ല. ലിസ്റ്റിൽ അതുണ്ടായിരുന്നില്ലല്ലോ?”

“ശരി ആ കോമഡി ചെയ്യുന്നയാൾ?”

”ഓ അയാളോ അയാളൊരു സാധുവാണ്. സ്ത്രീകളൊടൊക്കെ കമ്പനിയായി നടക്കാൻ വലിയ താത്പര്യമാണ്. എന്നാലോ അതിനൊരു നയം ആവശ്യമാണല്ലോ അതയാൾക്ക് ഇല്ല താനും. അതു കൊണ്ടെന്താ, ഓരോ അമളിയിൽ ചെന്നു ചാടും. സിനിമേല് അയാളുടെ വേഷങ്ങൾ കണ്ടിട്ടില്ലേ? അതുപോലെത്തന്നെ ജീവിതവും…”

ഇതിനകം ഒരുപാട് ഫോൺ കോൾ വന്നു കൊണ്ടിരുന്ന തോമാച്ചനെ ഇനിയും ഇരുത്തേണ്ടെന്നു കരുതി യാത്രയാക്കി. ഇപ്പോൾ ദുരൂഹത മുറ്റി കാളിമയാർന്ന വിഷയത്തിനൊരു തെളിമയുടെ പ്രകാശകിരണങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്. ചിത്രം ഏകദേശം ഒരു മങ്ങിയ കണ്ണാടി കാഴ്ച പോലെ വ്യക്തമായി വരുന്നു. എങ്കിലും കൂടിച്ചേരാനാകാത്ത കണ്ണികൾ ഏച്ചുകെട്ടിയ പോലെ മുഴച്ചു നില്ക്കുന്നുമുണ്ട് അതിലെ ഏറ്റവും വലിയ മുഴയാണ് സന മരണത്തിനു മുൻപ് അമ്മക്ക് അയച്ചതായി പറയുന്ന വാട്ട്സപ്പ് സന്ദേശം. അമ്മയ്ക്കും പിന്നെ…

തെല്ലിട നേരം അതെകുറിച്ച് ചിന്തിച്ചപ്പോൾ പൊടുന്നനെ ആ വലിയ ഏച്ചുകെട്ടലിന്‍റെ കുരുക്കഴിയുന്നതായി തോന്നി. അതെ! അതു തന്നെയാണ് സംഭവിച്ചിരിക്കുക. ഇനിയൊരു യാത്ര കൂടി. ആ യാത്ര ചില സംശയങ്ങൾക്ക് തീർപ്പാകാൻ വേണ്ടി മാത്രം. ആ യാത്ര വച്ചു താമസിപ്പിക്കാനില്ല. അതിനു മുന്നേ ദത്തൻ സാറിന്‍റെ അനുവാദം വാങ്ങണം.

ഇമെയിൽ തുറന്നു നോക്കിയപ്പോൾ എന്‍റെ സേവന വ്യവസ്ഥയെല്ലാം അംഗീകരിച്ചതായി കണ്ടു. ഉടനെത്തന്നെ വിളിച്ച് അനുവാദം ചോദിച്ചപ്പോൾ ഏറെ നേരം കനത്ത മൗനമായിരുന്നു മറുപടി. ഒടുവിലയാൾ അർദ്ധ മനസ്സോടെ സമ്മതം തന്നു. അതൊരു കല്ലുകടിയായി എനിക്ക് തോന്നി. ഏതായാലും അദ്ദേഹത്തിന്‍റെ മറുപടി പ്രതികൂലമായാൽ പോലും നാളെത്തന്നെ യാത്ര തിരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें