നിനച്ചിരിക്കാതെ പെയ്ത മഴയുടെ ശീതളിമയിൽ കുളിരു കോരിയ പ്രകൃതി. പെയ്തു തോർന്ന ആ മഴയത്രയും ഉൾക്കൊണ്ടു ആലസ്യം പൂണ്ടു കൊഴുത്ത മൺതാരകൾ. ഇരുളിമ പേറിയിരുന്ന സാന്ദ്രതയേറിയ മേഘങ്ങൾ തിടം ചോർന്നു ഇരുളകന്ന് ശുഭ്രവസ്ത്രം ധരിച്ച നവോഢയെപ്പോലെ തെളിഞ്ഞു നിൽക്കുന്നു. ചൂട് കൈമോശം വന്ന ചുകന്ന വെയിൽ. ആ വെയിലിൽ പറന്നലയുന്ന തുമ്പികൾ.
ബസ് സ്റ്റോപ്പിൽ എത്തി ബസ്സിൽ കയറിയിരുന്നപ്പോഴും കുളിരിനു തെല്ലു പോലും ശമനമുള്ളതായി തോന്നിയില്ല. ബസ്സു പുറപ്പെട്ടു കഴിഞ്ഞു. ഏറെ ആളുകൾ ഉള്ളതായി കണ്ടില്ല. തെല്ലിട നേരം കഴിഞ്ഞു ജനാലയുടെ ഷട്ടർ തുറന്ന് തലയൊന്നു പുറത്തേക്കിട്ടു നോക്കി. നനഞ്ഞു കുതിർന്നു തിടം വച്ച കാറ്റ് പൊടുന്നനെ മുഖത്തേക്കു ഇരമ്പിയാർത്തു. ഇത്ര പരിമിതമായ സ്ഥാലരാശിയിൽ അന്തരീക്ഷത്തിനു കൈവന്ന ഭാവമാറ്റം വിസ്മയത്തോടെയേ കാണാനാകൂ. യാത്ര തുടങ്ങിയിട്ട് ഏറെ നേരം ആയിട്ടും ചൂളം കുത്തുന്ന കാറ്റിന് യാതൊരു കുറവുമില്ല.
സ്ഥലഭേദമില്ലാതെ കാറ്റു പടർന്നു കയറി. കൈപ്പടം തിരുമ്പി ചൂടുപിടിപ്പിക്കുന്നതിനിടയിൽ വലിയൊരു മലയടിവാരത്തേക്കാണ് ബസ്സിന്‍റെ പ്രയാണമെന്ന് മനസ്സിലായി. ഒരു മലയെ ചുറ്റിയുള്ള വലിയൊരു വളവിൽ ബസ്സു നിർത്തി അവിടുള്ള ചെറിയ ഒരു ഹോട്ടലിൽ ഡ്രൈവറും കിളിയും കണ്ടക്ടറും ചായ കുടിക്കാനിറങ്ങി. ആ ഇടവേള നോക്കി ഞാൻ പുറത്തിറങ്ങി.
പൊട്ടിപ്പൊളിഞ്ഞ റോഡിനു വലതുവശം ഇരുണ്ടു കനത്ത അഗാധത. തഴച്ച പച്ചമരങ്ങളുടെ തലപ്പുകൾ എഴുന്നു നില്ക്കുന്നു. അങ്ങകലെ മലയടിവാരത്തിൽ പഞ്ഞിക്കെട്ടു പോലെ ഒഴുകി നീങ്ങുന്ന കോടമഞ്ഞ്. ഒരു ചൂടു ചായ കുടിച്ചെങ്കിലും ആ സമയത്ത് മാത്രം അകലം പാലിച്ച തണവ് ബസ്സിൽ കയറിയതും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നു.
ഒരു വിധം മാപ്പു നോക്കി ടൗൺ കണ്ടു പിടിച്ചു. ടൗണെന്നു പറയാനാവില്ല ഒരു ഗ്രാമീണ നാൽക്കവല. കിതച്ചു കൊണ്ട് വന്നു നിന്നു. അവിടെ ബസ്സ് റൂട്ടിന്‍റെ അവസാനമാണെന്നു തോന്നുന്നു. ഞാനടക്കം മൂന്നു പേരെ അവിടെ ഇറങ്ങുവാനുള്ളതായി കണ്ടുള്ളൂ. ഒരു പേരാലിൻ ചുവടെ ബസ്സ് നീക്കിയിട്ട് ബസ്സ് ജീവനക്കാർ കാര്യമായി എന്തെങ്കിലും കഴിക്കാനായി ആ പ്രദേശത്ത് ആകെ കാണപ്പെട്ട ഒരു ഹോട്ടലിലേക്ക് കയറി. ആകെ രണ്ടു വണ്ടികളേ ഈ പ്രദേശത്തിലോട്ടുള്ളൂ. അവയുടെ തിരിച്ചു പോക്കിന്‍റെ സമയം മനസ്സിലാക്കി ഒരോട്ടോ വിളിച്ചു.
ഒരമ്പതു വർഷം പുറകോട്ടു പോയ പ്രതീതി. ഗ്രാമീണതയുടെ മേലാപ്പ് എടുത്തണിഞ്ഞ പ്രകൃതിയും മനുഷ്യരും. ഈയൊരു കുഗ്രാമത്തിൽ നിന്നുമാണ് സന മാത്യു സിനിമയുടെ മായികലോകത്തേക്ക് നടന്നടുത്തത്. അതു തന്നെ അത്ഭുതമായി തോന്നുന്നു. ഇടിത്തീ പോലെ ദൗർഭാഗ്യം വന്നിരുന്നില്ലെങ്കിൽ ജ്വലിക്കുന്ന അപാരസൗന്ദര്യവും അഭിനയശേഷിയും കൊണ്ട് മലയാളത്തിലെ എണ്ണപ്പെട്ട ഒന്നാംനിര നായികയായി തീരേണ്ടവളായിരുന്നു.
വിധിയും സാഹചര്യവും അവൾക്കായി കാത്തു വച്ചതോ, മരണത്തിന്‍റെ കരാളഗ്രസ്തവും. ഒരു കുടുംബത്തിന്‍റെ മുന്നോട്ടുള്ള യാത്രയിലെ ചാലകശക്തിയാണ് നാമാവശേഷമായത്. ഈ യാത്രയിൽ എനിക്ക് അശേഷം പ്രതീക്ഷയില്ല. ഒരേ ഒരു മകളുടെ ദുരൂഹമരണം ആ അമ്മയെ തകർത്തിരിക്കും. അവർ ജീവിച്ചിരിപ്പുണ്ടോ എന്നു തന്നെ സംശയമാണ്. അഥവാ ഉണ്ടെങ്കിൽ മാനസികമായി തകർന്നിരിക്കണം.