“എന്നെപ്പറ്റി ട്രീസ കുറെയൊക്കെ പറഞ്ഞു കാണുമല്ലോ? ഞാൻ മിയാ ആൻസൻ റൊസാരിയോ, ഇവിടെ നിന്നും ഇരുപത് കിലോമീറ്റർ ദൂരത്ത് ബീച്ച് റോഡിന്‍റെ എൻഡിലാണ് വീട്. ഹസ്ബന്‍റ് മി. ആൻസൺ. സമുദ്രോൽപ്പന്നങ്ങളുടെ എസ്പോർട്ടിംഗ് ബിസിനസ് ചെയ്യുന്നു.”
അവർ ഒന്നു നിർത്തി. അച്ചടി ഭാഷയിൽ സ്ഫുടമായും ആകർഷമായും സംസാരിക്കുന്ന അവരെ കേട്ടിരിക്കാൻ എനിക്ക് താത്പര്യം തോന്നി.
അവർ തുടർന്നു.
“ഈ ഓഫീസിനെക്കുറിച്ചും ഓഫീസ് നല്കുന്ന സേവനങ്ങളെക്കുറിച്ചും ട്രീസ പറഞ്ഞറിഞ്ഞിട്ടുണ്ട്. അതറിഞ്ഞപ്പോഴാണ് എന്നെ ഏറെ കാലമായി നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് ഇവിടെ നിന്ന് ഒരു പരിഹാരം ലഭ്യമാകുമോ എന്നറിയാനുള്ള ആകാംക്ഷ എന്നിലുണ്ടായത്. സ്കൂൾ കാലത്ത് എന്നല്ല, ഇപ്പോഴും എപ്പോഴും ട്രീസ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്. അവളെ എനിക്കേറെ വിശ്വാസവുമാണ്.
അവളുടെ ഹസ്ബന്‍റായ നിങ്ങളോടും ആ വിശ്വാസത്തിന്‍റെ ഒരു ഭാഗമുണ്ട്. അതുകൊണ്ടു കൂടിയാണ് നിങ്ങളെ എന്നെ അലട്ടുന്ന പ്രശ്നത്തിന്‍റെ സൊലൂഷനുവേണ്ടി സമീപിക്കുന്നത്. ഞാൻ ഇവിടെ ഈയൊരു ആവശ്യത്തിനായി വന്നത് നാലാമതൊരാൾ അറിയില്ലെന്ന ഉറപ്പും എനിക്കുണ്ട്.”
“തീർച്ചയായും മാഡം. ആ ഒരു ഉറപ്പ് ഞങ്ങൾക്ക് നല്കാനാകും. നിങ്ങളെ അലട്ടുന്ന പ്രശ്നമെന്താണ് എല്ലാം തുറന്നു പറയൂ.” ഞാൻ തിടുക്കം കൂട്ടി.
തന്നെ സാകൂതം ഉറ്റുനോക്കുന്ന ട്രീസയിൽ അല്പനേരം മിയയുടെ കണ്ണുടക്കി നിന്നു. ട്രീസയിൽ നിന്ന് സംസാരം തുടരാനുള്ള സിഗ്നൽ അവർക്ക് കിട്ടിക്കാണണം. അവർ പറഞ്ഞു തുടങ്ങി.
“പതിനാറോളം വർഷം മുൻപത്തെ സംഭവപരമ്പരകളുടെ തുടക്കത്തിൽ നിന്നുവേണം എനിക്ക് ആരംഭിക്കേണ്ടത്. ഞാൻ എല്ലാം പറയാം.”
നെറ്റിയിൽ പൊടുന്നനെ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ വെളുത്ത തൂവാലകൊണ്ട് ഒപ്പിയെടുത്ത് അൽപ നേരം ചിന്തിച്ചിരുന്നു
“പുരാതനമായ കുടുംബമാണ് ഞങ്ങളുടേത്. എന്‍റെ അപ്പൻ ഡൊമനിക് റോസാരിയോ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. അമ്മ മാർഗരീറ്റ. നല്ല കാര്യശേഷിയുള്ള ഒരു സ്ത്രീയായിരുന്നു. ഞാനാദമ്പതികളുടെ ഏകമകളും. എന്‍റെ അമ്മ വെളുത്തു തടിച്ച് സുന്ദരിയായ സ്ത്രീയായിരുന്നു. ഒരു വിവാഹച്ചടങ്ങിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട് അപ്പന്‍റെ വീട്ടുകാർ വിവാഹാലോചന മുമ്പോട്ടു വക്കുകയായിരുന്നു. ഉയർന്ന വിദ്യഭാസ യോഗ്യതകളൊന്നും അമ്മയ്ക്കില്ലായിരുന്നെങ്കിലും കഴിവിന്‍റേയും കാര്യശേഷിയുടേയും ആൾരൂപമായിരുന്നു അവർ.
അല്പം പിടിവാശിയും തന്‍റെ തീരുമാനമേ വീട്ടിൽ നടക്കാവൂ എന്ന ഒരു താൻപോരിമയും ഉണ്ടെങ്കിലും ഭർത്താവിനേയും മകളായ എന്നെയും അതിരറ്റ് സ്നേഹിച്ചിരുന്ന ഒരു മാതൃകാവനിതയായിരുന്നു അവർ. അപ്പന്‍റെ അടുക്കൽ നിന്നും എന്‍റെ ഓർമ്മയിൽ മോശപ്പെട്ട അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്തിട്ടില്ല.
ഞാൻ ആവശ്യപ്പെടുന്നത് വാങ്ങി നല്കും. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും മനോഹരമായ ഉടുപ്പുകളും നിർലോഭം എനിക്കുതരുമായിരുന്നു. എന്‍റെ ഓർമ്മകളിൽ വാത്സല്യത്തോടെ മാത്രമേ അപ്പൻ എന്നോട് ഇടപെട്ടിട്ടുള്ളൂ. ദിവസവും ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ എത്ര വൈകിയാലും ഒരു ചോക്ലേറ്റ് ബോക്സ് എനിക്കായി കരുതിയിട്ടുണ്ടാകും. അദ്ദേഹത്തിൽ നിന്നും മോശമായ ഒരനുഭവവും എനിക്കുണ്ടായിട്ടില്ല.
എങ്കിലും അപ്പന്‍റെ തീഷ്ണമായ നോട്ടത്തിന്‍റെ അർത്ഥതലങ്ങളറിയാൻ എനിക്ക് ചെറുപ്പം മുതൽ കഴിഞ്ഞിരുന്നു. ആ കണ്ണുകൾ തീഷ്ണമാകുന്നതിന്‍റെ അർത്ഥം അപ്പോൾ ഞാൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല എന്നാണ്. അതു മനസ്സിലാക്കി ഞാൻ അപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.” മിയയുടെ കണ്ണുകൾ സജലങ്ങളായി.