“ആ ദിവസം ഇന്നലെക്കഴിഞ്ഞ പോലെ ഞാനോർക്കുന്നു. കറുത്ത കാറും ക്ഷീണിതയായ കഴുത്തിൽ ചുവന്നു തടിച്ച പാടുള്ള ഒരു പെൺകുട്ടിയും. ആ ദിവസത്തെ തീയതി കൃത്യമായി ഞാൻ ഓർക്കുന്നില്ല. അന്ന് ഡ്യൂട്ടി ഞാനല്ലായിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് ഞാൻ പോകാറില്ല. രാത്രീല് ഭാര്യേം മക്കളേം തനിച്ചാക്കി വന്നാ സമാധാനം കിട്ടില്ല. അന്ന് രാത്രി ഡ്യൂട്ടിക്കു വരേണ്ടത് ജോസപ്പേട്ടൻ. ഭാര്യയ്ക്ക് വലിവ് കൂടുതലാണെന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒന്നഡ്ജസ്റ്റു ചെയ്യണമെന്ന് പറഞ്ഞു. അന്നേരം ഡ്യൂട്ടി മാറി വീട്ടിൽ പോകാൻ ഒരുങ്ങി ജോസപ്പേട്ടനേയും നോക്കിയിരിക്കുകയായിരുന്നു ഞാൻ. ശരിയെന്നു പറഞ്ഞ് ഞാൻ ഡ്യൂട്ടിയിൽ കയറി.
ഏകദേശം പത്തു പത്തര പതിനൊന്ന് മണിയായിക്കാണും. ഒരു കറുത്ത കാറ് ഗേറ്റിൽ വന്നു നിന്നു. ഞാൻ ചെന്ന് നോക്കിയപ്പോൾ ആ കൊച്ചാണ് വണ്ടിയിൽ. വല്ലാത്ത ക്ഷീണം ആ മുഖത്ത്. കഴുത്തിൽ ആരോ പിടിച്ച് ഞെരിച്ച പോലെ ചുവന്നു തടിച്ചിരിക്കുന്നത് വ്യക്തമായി ഞാൻ കണ്ടു. ആ കുട്ടി കുഴഞ്ഞു വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. അത്രക്കു ക്ഷീണം ആ മുഖത്ത്. ആവശ്യമില്ലാത്തത് ഞാൻ എന്തിന് അന്വോഷിക്കണം? അവനവന് പറഞ്ഞിട്ടുള്ള പണി ചെയ്യുക. സമാധാനത്തോടെ വീട്ടീപോകുക. അതാണെന്‍റെ നടപ്പു പോളിസി.
വെഹിക്കിൾ എൻട്രി രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത ശേഷം ഞാൻ ഉള്ളിൽ പോകാൻ അനുവദിച്ചു. കുറച്ചു കഴിഞ്ഞ് കാർ തിരികെ പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഡ്യൂട്ടി ജോസപ്പേട്ടന് കൈമാറി പോകാൻ നിൽക്കുമ്പോഴാണ് ആ പെൺകുട്ടി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. ഞാൻ കാണാനൊന്നും പോയില്ല. വേണ്ടാത്ത കാര്യത്തിൽ എടപെടുന്നത് എന്നേ നിർത്തി. അതോണ്ട് ജോസപ്പേട്ടനോട് വിവരം പറഞ്ഞു ഡ്യൂട്ടി കൈമാറി വേഗം വീടുപറ്റി.” ഇത് പോരെ എന്ന മട്ടിൽ വർക്കിച്ചേട്ടൻ പറഞ്ഞുനിർത്തി.
“ആ കാർ ഓടിച്ചിരുന്നയാളെ അറിയുമോ?”
“ഇരുട്ടത്ത് അയാളെ നേരെ കണ്ടില്ല. പുറകിലെ സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയെ മൊബൈലിന്‍റെ വെളിച്ചത്തിൽ മുഖം കാണാൻ പറ്റി. ആ കുട്ടിയെ മാത്രമേ ശ്രദ്ധിച്ചുള്ളു ആ കാർ ഇടക്ക് വന്നു പോകൽ പതിവുണ്ട് . ആരുടെതെന്ന് അറിയില്ല.”
“രജിസ്റ്ററിൽ എന്തെല്ലാമാണ് എഴുതുക?”
“വണ്ടീടെ നമ്പർ ഇൻ ടൈം , ഔട്ട് ടൈം. ചിലപ്പോൾ മൊബൈൽ നമ്പർ.”
“ആ കാർ തിരിച്ചുപോകാൻ എത്ര സമയം എടുത്തു?”
“ഇങ്ങനെ ഒക്കെ ചോദിച്ചാൽ കുഴഞ്ഞുപോകത്തെ ഉള്ളു. രജിസ്റ്റർ നോക്കിയേ അത് പറയാൻ പറ്റൂ.”
“അതുമതി കാർ നമ്പറും, കാർ ഔട്ട് ആയ സമയവും. പിന്നെ മൊബൈൽ നമ്പർ എഴുതിയിട്ടുണ്ടെങ്കിൽ അതും. രജിസ്റ്ററിലെ ആ ഭാഗം ഫോട്ടോയെടുത്ത് അയച്ചു തരണം കേട്ടോ?”
തലയാട്ടിക്കൊണ്ട് സമ്മതം മൂളി. ആഹാരം ആസ്വദിച്ചു കഴിച്ചു തീർത്ത ശേഷം വർക്കിച്ചേട്ടൻ എഴുന്നേറ്റു.
പുറത്ത് നേരിയ ചുകന്ന വെയില്. സന്ധ്യയാകാൻ വെമ്പുന്ന പ്രകൃതി കൂടുവിട്ട് പോയിരുന്ന ജീവബിന്ദുക്കളെല്ലാം തിരികെ കൂടണയാൻ തിടുക്കപ്പെട്ടു പോകുന്നനേരം. സർവ്വേശ്വരൻ അനുഗ്രഹിച്ചു നല്കിയ വലിയ ദിനത്തിന്‍റെ അവസാന ഘട്ടം.