ഒഴിവു ദിവസമായതുകൊണ്ടാകാം. പതിവിലേറെ ആളുകൾ അന്നത്തെ സായാഹ്നത്തിൽ ബീച്ചിലുണ്ടായിരുന്നു. കുറെ കുട്ടികൾ ബീച്ചിൽ തമ്പടിച്ച അരിപ്രാവുകൾക്ക് കപ്പലണ്ടി കൊടുക്കുന്നത് കണ്ടു. ചിലപ്പോൾ ലവലേശം ഭയപ്പാടില്ലാതെ കുട്ടികളുടെ കൈവെള്ളയിലേക്ക് പ്രാവുകൾ തത്തിക്കയറി കപ്പലണ്ടി കൊത്തിത്തിന്നുന്ന കാഴ്ചകൗതുകകരമായി തോന്നി. അപ്പോഴേക്കും വിദൂരതയിൽ സൂര്യൻ ഒരു ചുകന്ന കിണ്ണമായി മാറിയിരുന്നു. ആ അകലങ്ങളിലെ ജലപ്പരപ്പ് സ്വർണ്ണം ഉരുക്കിയൊഴിച്ചപോലെ കാണപ്പെട്ടു.
കാലുകൾ വക്കുന്നിടം പൊടുന്നനെ പൂഴ്ന്നു പോകുന്ന വെള്ള മണലിലൂടെ മസാല ചേർത്ത് വറുത്തകടല കഴിച്ചുകൊണ്ട് നടക്കുമ്പോഴാണ് ട്രീസ പള്ളിമുറ്റത്തു വച്ച് സംസാരിച്ച ആ സ്ത്രീയെക്കുറിച്ച് പറയാൻ തുടങ്ങിയത്. ട്രീസയുടെ സ്കൂൾ കാലഘട്ടത്തിൽ ഒരേ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ആ സ്ത്രീ. പള്ളിയിൽ വച്ച് ഒരുപാട് വർഷങ്ങൾക്കുശേഷം അവർ തമ്മിൽ കണ്ടുമുട്ടുകയായിരുന്നു. പഴയ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച ശേഷം ഇപ്പോഴത്തെ വീട്ടുവിശേഷങ്ങളും സംസാരിച്ച് ഗൗരവമായ ഒരു കാര്യവും അവർ ട്രീസയോട് പങ്കുവച്ചു.
അത് എന്നിൽ നിന്നും ഒരു സഹായം ആവശ്യപ്പെടലായിരുന്നു. അതു എന്‍റെ ജോലിയുമായി ബന്ധപ്പെട്ടവിഷയമാണ് എന്നു മാത്രം അവർ ട്രീസയോടു പറഞ്ഞിട്ടുണ്ട്. എനിക്കു അവരെ സഹായിക്കാൻ തയ്യാറുമെങ്കിൽ വിശദയവിവരങ്ങൾ അവർ കൈമാറും. എന്തു സഹായമാണ് അവർ എന്നിൽ നിന്നും ആഗ്രഹിക്കുന്നതെന്ന് ട്രീസയ്ക്കും വ്യക്തമല്ല. എന്തായാലും ഒരന്വേഷണമായിരിക്കും അവരുടെ വിഷയം എന്നു മനസിലായി.
എനിക്ക് താത്പര്യമുണ്ടെങ്കിൽ ട്രീസ വഴി അവരെ ഉടനെത്തന്നെ വിവരം അറിയിക്കുക അത്രമാത്രം. ഭാര്യയുടെ സുഹൃത്താണ് എന്ന പരിഗണന അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ആവശ്യമില്ല. ഒരു ക്ലയന്‍റ് എന്ന പരിഗണ മാത്രം അവർക്കുമതി. തുറന്നടിച്ചുള്ള ആ നിർദേശങ്ങൾ ഏതായാലും എനിക്കിഷ്ടപ്പെട്ടു.
നമ്മുടെ ഓഫീസ് സംബന്ധമായ നടപടിക്രമങ്ങൾ അവരെ ധരിപ്പിക്കുവാനും എന്‍റെ പൂർണ്ണമായ സഹകരണവും സഹായവും പ്രതീക്ഷിക്കാമെന്ന് അവരെ അറിയിക്കണമെന്നും ഞാൻ ട്രീസയോട് ആവശ്യപ്പെട്ടു . മാത്രമല്ല അവരുടെ പ്രശ്നങ്ങൾ വിശദീകരിക്കുവാൻ വേണ്ടി ഒരു കൂടിക്കാഴ്ചയ്ക്ക് സൗകര്യപ്രദമായ ഒരു ദിവസവും സമയവും നിശ്ചയിക്കാൻ അവരോടുതന്നെ ആവശ്യപ്പെടണമെന്നും ഞാൻ നിർദേശിച്ചു.
തുടർന്ന് അന്നു വൈകീട്ട് അവയെല്ലാം തന്നെ ട്രീസ ആ സ്ത്രീയെ, അവരുടെ പേര് മിയ ആൻസൻ എന്നായിരുന്നു, അറിയിക്കുകയും ചെയ്തു. രണ്ടു മൂന്നു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. മിയയുമൊത്തുള്ള ഒരു കൂടിക്കാഴ്ച ഉടനെത്തന്നെ പ്രതീക്ഷിച്ചിരുന്ന ഞാൻ നിരാശനായി.
ലോൺ തിരിച്ചടവിന്‍റെ ദിവസവും അടുത്തു വരാൻ തുടങ്ങി. ഒരു ഓൺലൈൻ പുസ്തക വില്പന ഏജൻസി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു ഞാൻ. ആ യാത്ര ലക്ഷ്യം കണ്ടു. ഒരു ഏജൻസി എനിക്ക് പെട്ടന്ന് തന്നെ അനുവദിച്ചു തന്നു. അതു നൽകിയ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു എന്‍റെ തിരിച്ചുള്ള യാത്ര.
പഠന സംബന്ധിയായതടക്കമുള്ള വിവിധതരം വിഷയങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളുടെ ഓർഡറുകൾ എടുക്കുക. ഫേസ്ബുക്ക് അല്ലെങ്കിൽ വാട്ട്സ്അപ്പ് സൗഹൃദകൂട്ടായ്മകളിലൂടെയോ അല്ലെങ്കിൽ സ്കൂളുകളോ മറ്റു പഠനകേന്ദ്രങ്ങളോ സന്ദർശിച്ചോ പുസ്തകങ്ങളുടെ വിവരങ്ങൾ ഉപഭോക്താക്കളിലെത്തിക്കുക. എന്നിട്ടാ ഓർഡറുകൾ പ്രധാന ഓഫീസിൽ അറിയിക്കുക. അവർ അത് പണമടച്ചവർക്ക് എത്തിച്ചു കൊടുക്കും. ചെറിയ കമ്മീഷനേ ഉള്ളൂ എങ്കിലും നമുക്ക് സൗകര്യപ്രദമായ സമയങ്ങളിൽ പ്രവർത്തിച്ചാൽ മതി. പ്രത്യേക ടാർഗറ്റ് ഒന്നുമില്ല അതെല്ലാം എനിക്ക് യോജിച്ച ഘടകങ്ങളായിത്തോന്നി.