Novel: സമുദ്രമുഖം ഭാഗം- 17

കുളിരുൾക്കൊണ്ട പുലർകാലം. വഴിത്താരയിൽ അധികം ആൾ സഞ്ചാരമില്ല. സോഫ നേരെയിട്ട് മുഖം കഴുകി ഓഫീസ് പൂട്ടി പുറത്തിറങ്ങി. കേക്കുവണ്ടി ഇടക്കിടക്ക് പണിമുടക്കും. വണ്ടി ലോനേട്ടന്‍റെ വർക്ക് ഷാപ്പിൽ ഏൽപ്പിച്ചിട്ട് രണ്ടാഴ്ചയാകുന്നു. ലോനേട്ടൻ വണ്ടി പണിയിൽ വിദഗ്ധനാണ്. അതുകൊണ്ടു തന്നെ പണിയെപ്പോഴെ തീർത്തു കാണണം. തോമാച്ചനോടു പറഞ്ഞ് അതൊന്നു വാങ്ങണം.

വഴിത്താരക്കരികെ നിന്നും ഒരു കട്ടൻ കുടിച്ച് കുളിരകറ്റിയ ശേഷം ഒരോട്ടോ പിടിച്ച് വീടു പറ്റി. കുളിച്ചുഷാറായി വന്നപ്പോഴതാ വെളുത്തു മയമുള്ള റവ ഉപ്പുമാവും വെണ്ണ പോലുള്ള ഞാലിപ്പൂവൻ പഴവും എന്നെ കാത്തിരിക്കുന്നു. ഒപ്പം ബ്രൂ കോഫിയും. അമ്മയുടെ ഉപ്പുമാവ് നല്ല രുചിയാണ്. കല്യാണവീടുകളിൽ രാവിലെ ഇലകീറിൽ കഴിക്കാറുള്ള ഉപ്പുമാവിന്‍റെ രുചിയാണ് ഓർമ്മ വരുന്നത് ഞാൻ പല തവണ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു കഴിക്കാം എന്നേയുള്ളൂ. ഈ രുചി ലഭിക്കാറില്ല.

അമ്മ ഉപ്പുമാവ് വല്ലപ്പോഴുമേ ഉണ്ടാക്കാറുള്ളൂ. ഉപ്പുമാവിനു കൂട്ടായി തൊടിയിലുണ്ടായ ഞാലിപ്പൂവൻ പഴം. മാധുര്യമാർന്ന ഞാലിപ്പൂവൻപഴം ഒരൽപ്പം ഉപ്പുമാവിൽ കുഴച്ച് കഴിച്ചു. അമൃതിനു സമം. നാവിലെ രുചി മുകുളങ്ങൾ ആ രുചിയെ സഹർഷം സ്വാഗതം ചെയ്തു. ഒരു പാട് ഇടങ്ങളിൽ നിന്നും ആഹാരം കഴിച്ചിട്ടുണ്ട്. രുചിയുടെ ഈ മേളം അമ്മയ്ക്കു മാത്രം സ്വന്തം. കുറച്ചു കൂടെ ഉപ്പുമാവ് വാങ്ങി കഴിച്ച ശേഷം അമ്മയോട് പറഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു. ഈ നേരമായിട്ടും കഴിഞ്ഞ ദിവസം ഏറ്റെടുത്ത വിഷയത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തില്ല എന്നോർത്ത് സങ്കോചം തോന്നി. മേശമേൽ കാലെടുത്തു വച്ച് കസേരയിലേക്ക് ചാഞ്ഞ് കണ്ണടച്ച് ഇന്നലെ ഉൾക്കൊണ്ട വിവരങ്ങളിലേക്ക് മനസ്സു പായിച്ചു.

ലോക്കൽ പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ്. ദത്തൻ സാറ് ഇത്രയേറെ സൗഹൃദത്തോടെ സംഭവങ്ങൾ വള്ളി പുള്ളി വിടാതെ വിവരിച്ചു തന്നിട്ടും അതുമായി ബന്ധപ്പെട്ട് കാര്യമായി ഒന്നും തന്നെ ചോദിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരു വിവരണം തീർത്തും പ്രതീക്ഷിച്ചിരുന്നില്ല എന്നു പറയുന്നതാവും ശരി.

ഇത്രയേറെ തെളിവുകൾ ഒരുമിച്ച് പഴുതടച്ചു യാതൊരു പിടിയും തരാതെ നിൽക്കുമ്പോൾ പെൺകുട്ടി ആത്മഹത്യ ചെയ്തതാവാനേ തരമുള്ളൂ. പുറമെ സന്തോഷവും ഉത്സാഹവും കാണിക്കുന്ന പല പെൺകുട്ടികളും അകമേ ഹൃദയവേദനയുടെ കടലാഴം താണ്ടുന്നവരായിരിക്കും. ചില പത്രവാർത്തകളിൽ അത്തരം സംഭവങ്ങൾ വായിച്ചു വിഷമിച്ചു പോയിട്ടുണ്ട്.

ചുരുങ്ങിയ കാലയളവ് മാത്രം ഇടപഴകിയിട്ടുള്ള ദത്തൻ സാറിന് അതു മനസ്സിലാക്കാൻ കഴിയാതെ പോയതാവും.

ആ കുട്ടിയുടെ കുടുംബ സാഹചര്യം പരിശോധിച്ചാൽ അരക്ഷിതമായ ഒരുചുറ്റുപാടാണ് ഉണ്ടായിരുന്നത്. അച്ഛനില്ല, സഹോദരൻ മരിച്ചു. അമ്മയ്ക്കും കാര്യമായ ജോലിയില്ല. കടുത്ത സാമ്പത്തിക പരാധീനതകളുണ്ടാകാം. പിന്നെ ആകെ ബന്ധു എന്നു പറയാനുള്ളത് അമ്മയുടെ ഒരു സഹോദരനാണ്.

ചെറുപ്രായത്തിൽ തന്നെ ദുഖത്തിന്‍റെയും വേദനയുടെയും നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടാണ് അവൾ വളർന്നിട്ടുള്ളത് കടുത്ത ജീവിതയാഥാർഥ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരമാല കണക്കു തിരയടിക്കുമ്പോൾ മനസുറപ്പിച്ചു പഠിക്കാനും ജോലി തേടാനുമുള്ള സമയമോ മാനസികാവസ്ഥയോ ആ കുട്ടിക്കുണ്ടായിട്ടില്ല. അതു കൊണ്ടാണല്ലോ സിനിമ അവർ തിരഞ്ഞെടുത്തത്. കലാപരമായ കഴിവുകൾ പുറത്തെടുക്കാനുള്ള ഒരു വേദി എന്നതിലുപരി സാമ്പത്തിക സുരക്ഷിതത്വം മോഹിച്ചു തന്നെയാണ് സന മാത്യു സിനിമയിൽ അഭിനയിക്കാൻ ആഗഹിച്ചത്.

പൊടുന്നനെയാണ് ആകെയുള്ള കുടുംബാംഗത്തിനു സംഭവിച്ച അപകടം. അതാ കുട്ടിയെ മുറിവേൽപ്പിച്ചിരിക്കാം. ആ ഒരു വിഷമകരമായ സാഹചര്യത്തിൽ ഒപ്പം നിന്ന് സമാധാനിപ്പിക്കേണ്ട അമ്മയും കൂടെ ഉണ്ടാകാതെ പോയി.

എന്‍റെ ഒരു സുഹൃത്ത് പറഞ്ഞ സംഭവം ഓർമ്മ വരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്ത്, വളരെ തിരക്കുള്ള ഒരു ഐ.ടി. മാനേജർ. വിവാഹം കഴിഞ്ഞ് ഒരു മാസമേ ആയുള്ളൂ. തിരക്കുപിടിച്ച ഓഫീസ് ജോലികൾക്കിടയിൽ, അപ്പോൾ സമയം രാത്രി ഏറെ വൈകിയിരുന്നു. ഭാര്യയുടെ തുടർച്ചയായ ഫോൺ കോളുകൾ. അത് അറ്റൻഡ് ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്നേരമയാൾ. തുടർന്ന് ഒരു പാട് സന്ദേശങ്ങൾ. അതും അയാൾ നോക്കിയില്ല. ഒടുവിൽ സമയമേറെക്കഴിഞ്ഞ് അയാൾ വായിച്ചു നോക്കിയ മെസേജുകൾ ഇങ്ങനെയായിരുന്നു.

“എന്നെ ഒന്നു വിളിക്കാമോ?”

അതിനു ശേഷം ഏറ്റവുമൊടുവിൽ ഇനി എന്നെ വിളിക്കണ്ട ഞാൻ പോകുന്നു. മനം മടുപ്പിക്കുന്ന ഏകാന്തത, പരിഗണനയില്ലായ്മ അതെല്ലാം ആ ഭാര്യയെക്കൊണ്ടതു ചെയ്യിപ്പിച്ചു. പുറമേക്ക് നിസാരമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങൾ ചില പെൺകുട്ടികളുടെ ദുർബലമായ മനസിനെ മാരകമായി മുറിവേല്പിക്കാൻ തന്നെ ഇടയാക്കിയേക്കാം. സാഹചര്യങ്ങളും വസ്തുതകളും ശരിയാം വിധം ഉൾക്കൊള്ളാൻ കഴിയാത്തതും മനോബലമില്ലാത്തതുമാണ് അതിന്‍റെ കാരണം.
സനയുടെ മരണ കാരണം ഇനിയൊരു വേള കൊലപാതകമെങ്കിലോ? അതിന് വിദൂരമായ സാധ്യത മാത്രമെന്ന് തോന്നുന്നു. ഒന്നാമതായി ആ പാവം കുട്ടിക്ക് ശത്രുക്കളില്ല. നിരന്തരം ശല്യം ചെയ്തിരുന്ന ഹാസ്യനടനെക്കുറിച്ച് പരാതിപ്പെട്ടതും പിന്നീട് അയാൾ അപമാനിതനായതും ഒരു കല്ലുകടിയായി സജീവമായുള്ളത് മറക്കുന്നില്ല. ദത്തൻ സാറിന്‍റെ പുറത്താക്കലിൽ അയാൾ ഒതുങ്ങിയെങ്കിലും ഒരു പ്രതികാരബുദ്ധി അയാളിൽ നിന്നും പ്രതീക്ഷിക്കണം. കടുത്ത അപമാനം നേരിട്ട ഈയൊരു വ്യക്തിയെ ഒഴിവാക്കിയാൽ, പൊതുവെ അറിഞ്ഞിടത്തോളം അവൾ ഇല്ലാതാവുന്നതോടെ ആർക്കും ഒന്നും നേടാനില്ല.

മോഷണശ്രമത്തിനിടെ ഉണ്ടായ സംഭവമല്ലെന്ന് ഉറപ്പാണ്. പിന്നെ ലൈംഗികാതിക്രമങ്ങളൊന്നും അവിടെ നടന്നിട്ടില്ല എന്ന കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ച്‌ ദത്തൻ സാർ തന്നെ സൂചിപ്പിച്ചതാണ്. പിന്നെ ആര് എന്തിനു വേണ്ടി അതു ചെയ്യണം. ഇനി കൊലപാതകമെന്ന നേരിയ സാധ്യത സത്യമെങ്കിൽ ഭയക്കണം. തീർത്തും പ്രബലൻമാർ തന്നെ ആയിരിക്കണം ഈ പാതകത്തിനു പിന്നിൽ.

നിയമ വ്യവസ്ഥയെത്തന്നെ അടിമുടി അട്ടിമറിക്കാൻ കെൽപ്പുള്ളവർ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തങ്ങളുടെ അഭീഷ്ടപ്രകാരം തിരുത്താൻ കെൽപ്പുളളവർ. വിഷാദത്തിന് ചികിത്സ തേടിയിരുന്നതായി ഡോക്ടറെക്കൊണ്ട് തെളിവു സംഘടിപ്പിക്കാൻ കഴിവുള്ളവർ. ലോക്കൽ പോലീസിനെക്കൊണ്ട് അന്വേഷണം പ്രഹസനമാക്കാൻ തക്ക സ്വാധീനശേഷി ഉള്ളവർ. എന്തിനേറെ ഹോട്ടൽ റൂമിൽ കൊലയാളിയെ അയച്ച് ഈച്ച പോലുമറിയാതെ കൊലപാതകം നടത്തി രക്ഷപെടാൻ തക്ക പ്രാവീണ്യമുള്ളവർ.

ഈ വിഷയത്തിൽ ഞാൻ ഇടപെടുന്നത് അറിയാനിടയായാൽ എന്നെത്തന്നെ ഇല്ലായ്മ ചെയ്യാനും ഇവർ മടിക്കില്ല എന്നതിൽ സംശയമൊന്നുമില്ല. കാര്യങ്ങൾ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് ഇനി പിൻമാറുന്നത് ഭീരുത്വമാണ്.

ഏതായാലും ഈ വിഷയവുമായി ബന്ധപ്പെട്ട് എന്‍റെ ഐഡന്‍റിറ്റി ആരോടും വെളിപ്പെടുത്തിക്കൂടാ. വിഷയം കഴിയുന്നതുവരെ ഞാൻ ഒരു നവാഗത തിരക്കഥാകൃത്താണ്. സിനിമയിൽ അവസരം തേടി നടക്കുന്ന ഒരു കഥാകാരൻ. ജോഫിൻ കല്പിച്ചു തന്ന പുതിയ പട്ടം.
ഒരു സിനിമ കാണുന്ന അനുഭവത്തോടെ സംഭവങ്ങൾ തട്ടും തടവുമില്ലാതെ ദത്തൻ സാർ പറഞ്ഞു തന്നു. ഒരിക്കലും പ്രതീക്ഷിച്ച ഒന്നല്ല അത്. എന്നിരുന്നാലും പല കാര്യങ്ങളും വ്യക്തമല്ല. ഈ സംഭവങ്ങളിൽ സൂചിപ്പിച്ച ഒരാളുടേയും കുടുംബ പശ്ചാത്തലം വ്യക്തമല്ല. എന്തിനേറെ? ഈ ദത്തൻ സാറിന്‍റെ പശ്ചാത്തലം എന്താണ്. ആദ്യം ഈ വിഷയവുമായി ബന്ധപ്പെട്ടവരുടെ പശ്ചാത്തലം അറിയണം.

സഹോദരൻ അപകടത്തിൽ പെട്ട വാർത്തയറിഞ്ഞ് നാട്ടിൽ പോയ അമ്മയുടെ കൂടുതൽ വിവരങ്ങൾ ഇല്ല. അതെല്ലാം അറിയാൻ തോമ്മാച്ചന്‍റെ അടിയന്തിര ഇടപെടൽ കൂടിയേ തീരൂ. അതറിയാതെ അന്വോഷണത്തിൽ ഒരിഞ്ച് പുരോഗതി ഉണ്ടാവുക പ്രയാസമാണ് .

അപ്പോഴാണ് ദത്തൻ സാറിന്‍റെ ഒരു വാട്സപ്പ് സന്ദേശം വന്നത്. സനയുടെ ഫോട്ടോയും ബയോഡാറ്റയുമായിരുന്നു അത്.

അന്വേഷണം ആവശ്യമായ ആളുകളുടെ വിവരങ്ങൾ എല്ലാം ഒരു പേപ്പറിൽ എഴുതി തോമാച്ചന് അയച്ചു കൊടുത്തു. അതിൽ പ്രത്യേകം അന്വോഷിക്കേണ്ട ആളായി വിളറി വെളുത്ത മുഖഭാവത്തോടെ കണ്ടെന്ന് ദത്തൻ സാർ പറഞ്ഞിരുന്ന നിർമ്മാതാവിനെക്കുറിച്ച് വ്യക്തമായി എഴുതിയിരുന്നു. കഴിയാവുന്ന നേരത്തെ വിവരങ്ങൾ അന്വോഷിച്ച് തരാമെന്ന് തോമാച്ചൻ അറിയിച്ചു.

തുടർന്ന് ലാപ്ടോപ് ഓൺ ചെയ്ത് സനയുടെ മരണം നടന്ന ദിവസങ്ങളിലെ പഴയ പത്രത്താളുകൾ ഓരോന്നായെടുത്തു കണ്ണോടിച്ചു. ഇന്നാട്ടിലെ എഡിഷൻ പത്രത്താളുകൾ ഒന്നൊഴിയാതെ അരിച്ചു പെറുക്കി നോക്കി. ഒടുവിൽ അത് കണ്ടുപിടിച്ചു. ഒരു പത്രത്തിലെ ചരമക്കോളത്തിനു താഴെ അഞ്ചു വരി വാർത്ത.

സിനിമയിൽ അഭിനയിക്കാനെത്തിയ ഒരു പെൺകുട്ടി ആത്മഹത്യ സന്ദേശം അയച്ചശേഷം ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ എന്നാണ് വാർത്ത. ഈ വാർത്തക്കു വേണ്ടി അന്വേഷിക്കുന്നവർക്കല്ലാതെ സാധാരണ പത്രവായനക്കാരന്‍റെ ശ്രദ്ധയിൽ പെടാൻ യാതൊരു സാധ്യതയും ഇല്ലാത്തിടത്താണ് ഈ മരണവാർത്ത കൊടുത്തിരിക്കുന്നത്.

മറ്റൊരു പത്രത്തിലും കാണുന്നുമില്ല. ഈ വാർത്ത കൊടുത്ത പത്രലേഖകനെ സമീപിച്ചാൽ എന്തെങ്കിലും വിവരം കിട്ടുമോ എന്ന് ആലോചിച്ചു. അവർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരമായിരിക്കണം. അതിൽ കൂടുതൽ ഒന്നും തന്നെ അവർക്ക് അറിവുണ്ടാകുമെന്ന് തോന്നുന്നില്ല.

തോമാച്ചന്‍റെ അന്വേഷണ വിവരങ്ങൾ ലഭിക്കാൻ സമയമെടുക്കും. ദത്തൻ സാർ ഇതുവരെ അഞ്ചു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒന്നൊഴിച്ച് എല്ലാം പ്രേക്ഷക ശ്രദ്ധ ലഭിച്ചവയാണ്. ആറാമത്തെ ചിത്രത്തിനിടക്കാണ് ഈയൊരു മരണം നടക്കുന്നത്. അദ്ദേഹത്തിന്‍റെ മുൻ ചിത്രങ്ങൾ പരതിയപ്പോൾ എല്ലാം യുടൂബിൽ ലഭ്യമാണ്. ഒന്നുപോലും ഞാൻ മുഴുവനായി കണ്ടിട്ടില്ല. അതൊന്നും കുറ്റാന്വേഷണ സ്വഭാവം ഉള്ളതല്ല. അതായിരിക്കാം എന്‍റെ ശ്രദ്ധയിൽ പെടാതെ പോയത്. ഏതായാലും എല്ലാം ഒന്നോടിച്ചു കണ്ടു എന്ന് നിശ്ചയിച്ചു . കലാകാരന്‍റെ കലാസൃഷ്ടിയിൽ കലാകാരന്‍റെ മനസിന്‍റെ സ്പന്ദനം തൊട്ടറിയാം അദ്ദേഹത്തിന്‍റെ അഭിരുചികളെക്കുറിച്ച് ഒരു ധാരണ ലഭിക്കുമല്ലോ?

ബംഗാളിപ്പയ്യനെ വിട്ട് മസാല ചായയും ചെറിയ എരിവുള്ള പരിപ്പുവടയും വാങ്ങിപ്പിച്ചു. ഏതായാലും ഒരു തിരക്കഥാകൃത്തിന് ഒരു പാട് സിനിമകൾ കണ്ടുള്ള പരിചയം അത്യന്താപേക്ഷിതം തന്നെ. മൊരിഞ്ഞ പരിപ്പുവട, ചൂടു ചായ, പുറത്തെ ഈ ചാറൽ മഴ. പിന്നെ ദത്തൻ സാറിന്‍റെ ഒന്നാന്തരം സിനിമയും.

ബന്ധത്തിന്‍റെയും ത്യാഗത്തിന്‍റേയും വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായ സിനിമ. ജീവിത യാഥാർഥ്യങ്ങളുടെ നെരിപ്പോടിൽ തിടം വച്ച് ഉയർത്ത കഥാപാത്രങ്ങൾ. രക്തബന്ധത്തേക്കാൾ കരുത്താർജ്ജിക്കുന്ന മനുഷ്യ ബന്ധങ്ങൾ. ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ അത്തരമൊരു വൈകാരിക തുളുമ്പുന്ന സീനിലാണ് ഞാൻ ആ പെൺകുട്ടിയെക്കണ്ടത്. റീവൈൻഡ് ചെയ്ത് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ കുട്ടിയെ മനസ്സിലായത്‌. സന!

അപ്പോൾ സംവിധായകൻ പറഞ്ഞത് ? അപ്പോൾ അയാൾക്ക് മുൻപേ തന്നെ ഈ കുട്ടിയുമായി പരിചയമുണ്ട്. പരിചയം മാത്രമോ? അടുപ്പവും ഉണ്ട്. മുൻപ് റിലീസായ സിനിമയും സനയുടെ മരണം നടന്ന സിനിമാ ചിത്രീകരണ സമയവും തമ്മിൽ ഒന്നര വർഷത്തെ സമയ വ്യത്യാസമുണ്ട്. അപ്പോൾ ഒന്നര വർഷത്തിലേറെ പരിചയം ഇവർ തമ്മിലുണ്ട്.

ചിലപ്പോൾ ദത്തൻ സാർ സനയെ ആദ്യമായി കണ്ടതെന്നു അവകാശപ്പെടുന്നത് മുൻ സിനിമയുടെ ചിത്രീകരണ സമയത്താകാം. അതെന്തുകൊണ്ടോ എന്നിൽ നിന്നും മറച്ചു വച്ചു. ആ ഒരു പ്രത്യേക അടുപ്പം ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചിരിക്കാം.

ആ അടുപ്പം വെറും ജോലി സംബന്ധമായ വിഷയങ്ങളിലെ പരസ്പര ബഹുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണോ? ഏതായാലും ഇതു പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെയാണ്. സത്യം പറഞ്ഞാൽ ഒരു ചെറിയ പിടിവള്ളി.

ഈ പിടിവളളിയിൽ പിടിച്ചു കയറിയാൽ ചിലപ്പോൾ ലക്ഷ്യം കണ്ടേക്കും. ഒരു കഴിവുള്ള ആർട്ടിസ്റ്റിനോടുള്ള ആദരവിന്‍റെ ഇഴയടുപ്പമായി മാത്രം ഈ ബന്ധത്തെ കാണാനാവില്ല.

ഈ മരണം ദത്തൻ സാറിനെ അടിമുടി ഉലച്ചിട്ടുണ്ട്. ആഴത്തിലുള്ള ഒരാത്മബന്ധം, അതായത് ഒരു കുടുംബാംഗത്തെ പോലെയുള്ള ഒരാത്മബന്ധം അവർ തമ്മിലുണ്ട്. അതു കൊണ്ടാണല്ലോ പോലീസ് വിധിയെഴുതിയിട്ടും തന്നെ ബാധിക്കാവുന്ന ഒരു വിഷയമല്ലാതിരുന്നിട്ടും എന്നെ സമീപിച്ചത്.

പോലീസിന്‍റെ വിധിയെഴുത്തിൽ പോലും അയാൾതൃപ്തനല്ല. ഈയടുപ്പത്തിന് ആ കുട്ടിയുടെ മരണത്തിൽ ചെറുതല്ലാത്ത പങ്കുണ്ടെന്ന് മനസ്സു പറയുന്നു. ആ അടുപ്പത്തിൽ നിഗൂഢമായി പ്രയാസപ്പെടുന്നവരുണ്ടാകാം.

ആ കുട്ടിയോട് പ്രണയമുള്ള കാമുകനുണ്ടെങ്കിലോ? ആ കാമുകനെ ധിക്കരിച്ചും ഒഴിവാക്കിയും പെൺകുട്ടി ദത്തൻ സാറുമായുള്ള അടുപ്പവുമായി മുന്നോട്ടു പോയിക്കാണും. ചിലതരം പ്രത്യേക മനോനിലയുള്ള സൈക്കോ കാമുകൻമാരുണ്ട്. പ്രണയം നിഷേധിക്കുന്ന കാമുകിയെ ആസിഡ് എറിഞ്ഞും കത്തിച്ചും മറ്റും അപായപ്പെടുത്താൻ ശ്രമിക്കുന്നവർ. ഇത്തരക്കാർ തുനിഞ്ഞിറങ്ങിയാൽ പിന്നെ അമ്പരപ്പിക്കുന്ന അപകടകരമായ കാര്യങ്ങളാണ് സംഭവിക്കുക.

അവൻ ഷൂട്ടിംഗ് സൈറ്റിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ ചുറ്റിത്തിരിഞ്ഞു പലതും ഗ്രഹിച്ചു കാണും. സനയുടെ അമ്മയുടെ സഹോദരന്‍റെ അപകടത്തിലും അവന് പങ്കുകാണും. അമ്മയെ ആ കുട്ടിയിൽ നിന്നകറ്റാനുള്ള പദ്ധതിയായിരിക്കും അത്. അതു വിജയിച്ച ശേഷം കൊലയാളി അവളുടെ മുറിയിൽ കയറിപ്പറ്റി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടു.

അന്നേ ദിവസം ഷൂട്ടു ചെയ്ത തൂങ്ങി മരണവും അവനൊരു പ്രചോദനമായിക്കാണും. അതിനു ശേഷം സംഭവം ജനശ്രദ്ധ പിടിച്ചുപറ്റി വിവാദമായി പടത്തെയും പടവുമായി ബന്ധപ്പെട്ടവരേയും ബാധിക്കാതിരിക്കാൻ കോടികൾ അമ്മാനമാടുന്ന നിർമ്മാതാവും ബന്ധപ്പെട്ടവരും ചേർന്ന്‌ വിവാദങ്ങളൊഴിവാക്കി. പടത്തെ രക്ഷപ്പെടുത്താൻ തന്‍റെതായ സംഭാവനകൾ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും നല്കിയിരിക്കും. ഈയൊരു കുരുക്കിൽ നിന്നും തലയൂരാൻ എന്തൊക്കെ ചെയ്യേണ്ടി വരും? അതേക്കുറിച്ചു ചിന്തിച്ചായിരിക്കും നിർമാതാവ് മൃതശരീരം കണ്ട വേളയിൽ വിളറി വെളുത്തത്.

ഇത് തന്നെയായിരിക്കും നടന്നിരിക്കുക. ഇതു തന്നെയാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകുന്നത്. ആ ഹോട്ടലിലെ സെക്യൂരിറ്റിക്ക് ഇതിൽ അറിവു കാണില്ലേ? ആ രാത്രിയിൽ സംശയാസ്പദമായ എന്തെങ്കിലും സംഭവിച്ചോ എന്നറിയണം.

ലോനേട്ടന്‍റെ വർക്ക് ഷോപ്പിൽ കേക്കു വണ്ടിയുടെ റിപ്പയർ നടക്കുന്നു. അടുത്തെങ്ങും റിപ്പയർ ചെയ്തു കിട്ടുന്ന ലക്ഷണമില്ല അടിയന്തിരമായി ചെയേണ്ടുന്ന ഒരുപാട് റിപ്പയർ ജോലികൾ പെട്ടന്ന് വന്നുപെട്ടു എന്ന് ലോനേട്ടൻ ന്യായം പറഞ്ഞു.

ലോനേട്ടനോട് ചൂടായി അവിടെയിരുന്ന ഒരു ബൈക്കുമെടുത്ത് പുറപ്പെട്ടു. ഹോട്ടൽ ആരാധന റസിഡൻസി. പത്തു പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട്. ബൈക്കോടിച്ചിട്ട് ഏറെ നാളായിരിക്കുന്നു. ഈറൻ കാറ്റടിക്കുന്ന വഴിത്താരകൾ. നീണ്ടു പോകുന്ന നെടുവഴി. വഴിയരികെ എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോകുന്ന പേരറിയാത്ത പൂത്തുനിൽക്കുന്ന വൻമരങ്ങൾ.

പൂത്ത വാകമരത്തിനു ചുവട്ടിൽ ബൈക്കു പാർക്കു ചെയ്ത് ആരാധനയിലേക്കു നടന്നു. പെട്ടന്നാണ് ഗേറ്റിൽ സെക്യൂരിറ്റിയായി നിൽക്കുന്ന ആളെ ശ്രദ്ധയിൽ പെട്ടത്. വർക്കിച്ചേട്ടൻ! സെക്യൂരിറ്റി വേഷത്തിൽ ആളെ തിരിച്ചറിഞ്ഞില്ല.

ജോലിയും നാടകവും മദ്യവുമെല്ലാം ഒഴിവായിപ്പോയ വർക്കിച്ചേട്ടൻ. വർക്കിച്ചേട്ടനും എന്നെ മനസ്സിലായി. ഒരു പാട് തവണ കാറ്ററിംഗ് സർവ്വീസിന് എന്നെ കൂടെക്കൂട്ടിയിരുന്നല്ലോ? വർക്കിച്ചേട്ടന് എന്നെക്കണ്ടപ്പോൾ ഒരു ജാള്യത. പതിയെ അരികെ ചെന്ന് പറഞ്ഞു.

“വർക്കിച്ചേട്ടന് എന്നെ മനസ്സിലായില്ലേ?“

മദ്യത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായ വർക്കിച്ചേട്ടൻ വിളറിയ ചിരിയോടെ തലയാട്ടി.

“ചേട്ടനെപ്പോഴാ ഒഴിവാകുന്നത്? ഒന്നു സംസാരിക്കാനുണ്ട്.”

മുഖത്തെ ജാള്യത കുടഞ്ഞു കളഞ്ഞ് വർക്കിച്ചേട്ടൻ ഉഷാറായി. “ഒരര മണിക്കൂർ. ഡ്യൂട്ടി മാറാറായി.”

വർക്കി ചേട്ടനോട് സമ്മതമറിയിച്ച് വാകമരച്ചോട്ടിലേക്ക് നടന്നു. അവിടുള്ള സിമന്‍റു ബഞ്ചിൻമേൽ ഇരുന്നു. പടർന്നു പന്തലിച്ച വാകമരത്തിന്‍റെ പരന്ന തണുത്ത തണല്. കുരുന്നിലകൾ പേറുന്ന മരഞ്ചില്ലകളിൽ കിളിക്കൂട്ടങ്ങളുടെ മേളപ്പെരുക്കം. ഉണങ്ങിയ ഇലയും നാരും കൊണ്ട് കൂടൊരുക്കാൻ തന്ത്രപ്പെടുന്ന ഇണക്കുരുവികൾ.

വർക്കിച്ചേട്ടന്‍റെ ഡ്യൂട്ടി സാകൂതം ഉറ്റുനോക്കുകയായിരുന്നു ഞാൻ. വർക്കിച്ചേട്ടൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ്. പച്ച വെള്ളം കണ്ടാലും ഒന്നറക്കും. അതു കൊണ്ടു തന്നെ വിവരങ്ങൾ ലഭിക്കുക ദുഷ്ക്കരമാകും. സഹായിക്കണമെന്നു പറയാം. അറിയാവുന്ന വിവരങ്ങൾ തരാൻ അഭ്യർത്ഥിക്കാം. യാതൊരു കാരണവശാലും വിവരങ്ങളുടെ പ്രഭവകേന്ദ്രം വെളിപ്പെടുത്തുകയില്ലെന്നു പറയാം. പിന്നെയും യാതൊരു രക്ഷയുമില്ലെങ്കിൽ അറ്റകൈക്ക് എന്തെങ്കിലും വാഗ്ദാനം. അതിന്‍റെ പ്രലോഭനത്തിൽ നിന്നും അയാൾ വഴുതി മാറിയാൽ പിന്നെ മറ്റു മാർഗമില്ല.

അപ്പോഴാണ് ഒരു ചെറുപ്പക്കാരനൊടൊപ്പം ഹോട്ടലിന്‍റെ ഗേറ്റു കടന്ന് ഒരോട്ടോക്ക് കൈ കാണിക്കുന്ന സ്ത്രീ എന്‍റെ ശ്രദ്ധയിൽ പെട്ടത്. പേഴ്സിൽ തുണിക്കടയിലെ ബില്ലുണ്ട്. അതുടനെ എടുത്ത് അതിലെഴുതിയ നമ്പറിൽ വിളിച്ചു. ടീ ഷർട്ട് വാങ്ങിയതും അതു സ്വല്പം ഇറുക്കമുണ്ടെന്നും മാറ്റിത്തരാൻ എന്തെങ്കിലും വകുപ്പുണ്ടോ എന്നു ചോദിച്ചു. മാനേജരോട് സംസാരിക്കണമെന്നും നാളെ ബില്ലും കൊണ്ട് വരാനും ഇന്ന് മാനേജർ ലീവാണെന്നുമായിരുന്നു മറുപടി.

വേദനയോടെ ഫോൺ കട്ടു ചെയ്തു.

തല കുമ്പിട്ട് സിമന്‍റു ബഞ്ചിൽ ഇരിക്കുമ്പോൾ ചന്ദ്രേട്ടന്‍റെ വിഷയം അയാളെ ഏറെ പ്രയാസപ്പെടുത്താതെ എങ്ങനെ അവസാനിപ്പിക്കുമെന്ന് ചിന്തിക്കുകയായിരുന്നു. ഇനിയാ ചെറുപ്പക്കാരന്‍റെ ഭാവി പരിപാടി കൂടി അറിഞ്ഞ് ഈ വിഷയം സമാധാനപരമായി അവസാനിപ്പിക്കണം. തോമാച്ചന് ഈ വിഷയത്തിൽ ഒരു സന്ദേശം അയച്ചിരുന്നതാണ്. മറുപടി ഇതുവരെ തന്നില്ല.

തോളത്തു ഒരു കൈപ്പത്തിപൊടുന്നനെ പതിഞ്ഞപ്പോൾ പെട്ടെന്നെഴുന്നേറ്റു. വർക്കിച്ചേട്ടൻ. അയാൾ റോഡു മുറിച്ചു വന്നത് കണ്ടിരുന്നില്ല. ഉടനെത്തന്നെ പോകാനൊരുങ്ങി ബൈക്കു സ്റ്റാർട്ടു ചെയ്തപ്പോൾ വീട്ടിൽ കൊണ്ടു വിടണമെന്നയാൾ ഓർമ്മിപ്പിച്ചു. ധാബക്കു മുന്നിൽ ബൈക്കു നിർത്തി.

ധാബയിലെ ഒരു മാമ്പഴലസ്സി ഉള്ളു തണുപ്പിച്ചപ്പോൾ വർക്കിച്ചേട്ടൻ ഉഷാറായി. പണ്ടത്തെ പ്രസരിപ്പ് മുഖത്ത് തെളിഞ്ഞു വന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ അയാൾ പൂർണ്ണ തൃപ്തനാണ്. ആർക്കു മുന്നിലും നട്ടെല്ലു വളച്ച് നിൽക്കണ്ട. ഭേദപ്പെട്ട ശമ്പളമുണ്ട്. മകനും തിരക്കുപിടിച്ച ഒരു ജോലിയായി.

യാദൃശ്ചികമായി ഒരു സിനിമാ നിർമ്മാതാവിനെ പരിചയപ്പെട്ടതും തന്‍റെ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞതുമാണ് നിമിത്തമായത്. കാര്യങ്ങൾ മനസ്സിലാക്കിയ നിർമ്മാതാവ് ഉടനെത്തന്നെ അദ്ദേഹത്തിന്‍റെ മൂന്നു നക്ഷത്ര ഹോട്ടൽ ആരാധനയിൽ സെക്യൂരിറ്റി ജോലി ഏർപ്പാടാക്കിത്തരികയും മകൻ അമലിന് അയാളുടെ സിനിമാ ലൊക്കേഷനുകളിൽ സ്ഥിരം കാറ്ററിംഗ് ജോലി നല്കുകയും ചെയ്തു.

ലോകത്തോടു മുഴുവൻ വെറുപ്പായി നടന്നിരുന്ന തനിക്ക് ഈ ലോകത്ത് മനുഷ്യപ്പറ്റുള്ളവരും ഉണ്ടെന്ന് ബോധ്യമായി. തന്‍റെ അനുഭവങ്ങൾ പറയാൻ ഒരാളെ കിട്ടിയ സന്തോഷത്തോടെ വർക്കിച്ചേട്ടൻ പറഞ്ഞു നിർത്തി.

ആ പറഞ്ഞതിനിടയിൽ ഒരു പഴുതു കണ്ട ഞാൻ ചോദിച്ചു.

“അയാളുടെ സിനിമേടെ ഷൂട്ടിങ്ങിനിടക്കല്ലേ ഒരു കുട്ടി മരിച്ചത്”അതു കേട്ടതും വർക്കിച്ചേട്ടന്‍റെ മുഖം ഇരുണ്ടു.

“അതിപ്പോ നാട്ടിൽ മുഴുവൻ പാട്ടായോ? ആ അങ്ങനെയും സംഭവിച്ചു. ആ കുട്ടി ആത്മഹത്യ ചെയ്തതാ. സുഖമില്ലാത്ത കുട്ടിയായിരുന്നു.”

അല്ല, ഈ കഥ എവിടുന്ന് കിട്ടി?

“എന്‍റെ ഒരു ഫ്രണ്ട് ഉണ്ട് . സിനിമയിലേക്ക് ആർട്ടിസ്റ്റുകളെ നല്കുന്ന ആൾ ആണ്. അയാള് ഓരോ കാര്യങ്ങൾ പറഞ്ഞപ്പോ പറഞ്ഞതാ.”

ആ കുട്ടി നിങ്ങളുടെ ആരാധനയിലെ ഹോട്ടൽ മുറിയിലല്ലേ മരിച്ചത്? അന്ന് വർക്കിച്ചേട്ടന്നായിരുന്നോ സെക്യൂരിറ്റി?

“ആരാധന റെസിഡൻസി എന്‍റെതല്ല. ഞാൻ അവിടുത്തെ ജോലിക്കാരനാണ് അതേയ് സംഭവം നീയെന്‍റെ നല്ല കാലത്ത് കൂടെയുണ്ടായിരുന്നവനാ. നിന്നെ ഞാൻ ഒരു ഹെൽപ്പറായിട്ടല്ല കണ്ടിട്ടുള്ളത്. ഇമ്മാതിരി ചോദ്യം ചോദിക്കാനാണോ നീയെന്നെ കൂട്ടിക്കൊണ്ടുവന്നു ലസ്സി കുടിപ്പിച്ചത്? നീയെന്നെ വേഗം വീട്ടിൽ കൊണ്ടുവിട്.”

വർക്കിച്ചേട്ടനോട് എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ ആരുടേയും പേരു പറയാതെ ഞാൻ അന്വേഷണം ഏറ്റെടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. തല പോയാലും ഒരാളോടും വിവരം തന്നതിന്‍റെ പേരിൽ വർക്കിച്ചേട്ടന്‍റെ പേരു പറയില്ലെന്നും കുരിശിൽ പിടിച്ച് സത്യം ചെയ്തു.

തികഞ്ഞ ദൈവ വിശ്വാസിയായ ചേട്ടൻ ഒന്നയഞ്ഞു ആ തക്കം നോക്കി പനിർ ടിക്കയും ദാലും ബട്ടൂരയും പിന്നെ മധുരത്തിന് ഗുലാബ് ജാമും ഓർഡർ ചെയ്തു. അതിൽ പ്രസാദിച്ച വർക്കിച്ചേട്ടൻ തനി സ്വഭാവം പുറത്തെടുത്തു.

“പിന്നെ ഇതിലെനിക്കെന്താ ഗുണം?”

“ഇതൊക്കൊത്തന്നെ ഗുണം.”

”ഈ ഗുണം പോര. ”

“ശരി. ഞാൻ മര്യാദപോലെ വേണ്ടതു ചെയ്യാം?”

“ആ മര്യാദ എന്താന്ന് ഒന്നു പറ.”

“വർക്കിച്ചേട്ടാ സഹകരിക്കുക ഗുണമുണ്ടാവും.“

“ശരി, ശരി. എന്താ നിനക്കറിയണ്ടത്? പറ അറിയാവുന്നത് സത്യം സത്യം പോലെ പറയാം.”

“ശരി. ആ പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം രാത്രി ഉണ്ടായ കാര്യങ്ങൾ ഒന്നു പറയാമോ?”

“ശരി… ഒന്നാലോചിക്കാൻ സമയം തരണം.”

ധാബയിലെ ചിത്രപ്പണികളുള്ള ചുമരിലേക്ക് ദൃഷ്ടിയൂന്നി വർക്കിച്ചേട്ടൻ പറഞ്ഞു തുടങ്ങി.

Novel: സമുദ്രമുഖം ഭാഗം- 16

അയാൾ എഴുന്നേറ്റു. അതീവദു:ഖകരമായ ഒരു കാര്യം പറയേണ്ടി വരുന്നതിന്‍റെ പ്രയാസം അയാളുടെ മുഖം വിളിച്ചു പറഞ്ഞു. അയാൾ നടന്ന് വെളുത്ത വിരിയിട്ട ജനാലക്കരികിൽ പോയി നിന്നു. വെളുത്ത ഞൊറികൾ വകഞ്ഞു മാറ്റി ജനാല തുറന്നിട്ടു. ദൂരെ ഏതോ താഴ്‌വാരത്തിൽ ആറ്റിത്തണുപ്പിച്ച നനവൂറുന്ന തണുത്ത കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് തിരതല്ലി. രണ്ടു പേർക്കുമിടയിലുള്ള മൗനത്തിന്‍റെ കടലാഴം ഏറുന്നതു കണ്ട് ഞാൻ പറഞ്ഞു.

“സാർ… എനിക്കൂഹിക്കാം താങ്കൾക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് ഇനി പറയാനുള്ളതെന്ന്. എന്തു തന്നെയായാലും താങ്കൾ പറയണം. എനിക്ക് കഴിയും വിധം താങ്കളെ അലട്ടുന്ന വിഷമതയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കാം.”

“പക്ഷേ താങ്കൾക്ക് യാതൊരു വിധ ശാസ്ത്രീയ രേഖകളോ ഇതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ടോ എന്തിനേറെ സംഭവം നടന്ന സ്ഥലം കണ്ടിട്ടുപോലും യാതൊരു ഗുണവും ലഭിക്കാൻ പോകുന്നില്ല. പിന്നെ വെറും ഊഹങ്ങളുടെ മേൽ കെട്ടിപ്പടുത്ത കണ്ടെത്തലുകളേ താങ്കൾക്ക് നല്കാനാവൂ. അത്തരം നിഗമനങ്ങൾക്കു എന്‍റെ മനസിലെ തീ കെടുത്താൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.” അയാളുടെ ശബ്ദം പതറി.

തെല്ലിട കഴിഞ്ഞ് ഞാൻ പറഞ്ഞു.  “സാർ… തികഞ്ഞ മുൻവിധിയോടെ ഒരാളെയും വിലയിരുത്തരുത്. ഒരു കാര്യവും മുൻവിധിയോടെ കാണുകയുമരുത്. നമ്മുടെ മനസ്സിന്‍റെ ഒരു പ്രത്യേകതയാണിത്. ഒരു കാര്യം നടക്കുകയില്ല എന്നു മനസ്സിൽ വിശ്വസിച്ചുറപ്പിച്ച് അതിനായി എത്ര പരിശ്രമിച്ചാലും ആ കാര്യം നടക്കാൻ ബുദ്ധിമുട്ടാണ്.

ആ ഒരവസ്ഥയിൽ നമ്മുടെ മനസ്സ് ആ ഒരു നെഗറ്റീവ് റിസൽട്ടിനായി പാകപ്പെടുകയാണ്. ആ റിസൾട്ട് ആഗ്രഹിക്കുകയാണ്. പിന്നെ താങ്കൾ തന്നെ പറഞ്ഞല്ലോ ഭാര്യയെക്കൊണ്ട് സിനിമയുടെ ഫസ്റ്റ് ക്ലാപ്പടിച്ചാൽ മെഗാഹിറ്റാകുമെന്ന് അതു പോലെ പ്രശസ്തനായ ഒരു ക്രിക്കറ്റ് താരം ചുവന്നചരട് കൈയ്യിൽ കെട്ടി ബാറ്റിങ്ങിനിറങ്ങിയാൽ സെഞ്ചുറി നേടുമെന്ന് പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞിട്ടുണ്ട്.

ചരട് കെട്ടിയില്ലെങ്കിൽ ഡക്ക് അടിക്കുമെത്രെ! ഇതിനൊക്കെ എന്ത് സമീകരണമാണുള്ളത്? എങ്കിലും മിക്കവാറും ഇത്തരം സംഗതികൾ ഫലം തരുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ മനസ്സിനെ ഒരു പോസറ്റീവ് ഫലത്തിനായി പാകപ്പെടുത്തുന്നു. ഇത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ട അബോധമനസ്സിന്‍റെ നിർദേശങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നു. അതിനനുസരിച്ച് ആഗ്രഹിച്ച ഫലവും ലഭിക്കുന്നു.

പിന്നെ ഞാൻ ഊഹങ്ങളുടെ പുറത്ത് തെറ്റായ ഉത്തരം നല്കാറില്ല. വെറും ഊഹങ്ങളുടെ പിൻബലത്തിൽ നല്കുന്ന ഉത്തരം തെറ്റായാലുണ്ടാകുന്ന അപകടത്തെക്കുറിച്ച്, അതിന്‍റെ വരും വരായ്കകളെക്കുറിച്ചും ഞാൻ തീർത്തും ബോധവാനാണ്. അതെന്‍റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും അറിയാം. അതുകൊണ്ടു തന്നെ പല വഴിക്കുള്ള അന്വേഷണം ഒരു ബിന്ദുവിൽ മാത്രം വന്നു ചേരുമെങ്കിലേ ഞാൻ റിസൽട്ട് നൽകാറുള്ളൂ.

പിന്നെ ഞാൻ മാന്ത്രികനൊന്നുമല്ല. എന്‍റെ പല മാർഗ്ഗങ്ങളിലൂടെയുള്ള അന്വേഷണം ഒരു ബിന്ദുവിൽ വന്നു ചേരാതെ പല വഴിക്കായി ചിതറിപ്പോകുന്നുവെങ്കിൽ ഞാൻ വന്ന് ആ വിവരം പറയും. എന്നെക്കൊണ്ട് കൃത്യമായ ഒരുത്തരം കണ്ടെത്താൻ കഴിയുന്നില്ലെന്ന്. അങ്ങനെയൊരു അവസ്ഥ വന്നാൽ താങ്കൾക്ക് എന്നെ അനായാസം ഒഴിവാക്കാം. അതു വേണ്ടി വരില്ല, ഞാൻ തന്നെ സ്വമേധയാ കേസു മടക്കും. എന്‍റെ ഒരു രീതി അതാണ്.”

ഞാൻ പറയുന്നത് മുഴുവൻ അയാൾ സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞ് എന്‍റെ മറുപടിയിൽ സംതൃപ്തനെന്ന പോലെ ജനലരികിൽ നിന്നും വന്ന് എനിക്കഭിമുഖമായി ചാഞ്ഞിരുന്നു.

“സാർ പറയൂ. തുടർന്ന് എന്താണ് സംഭവിച്ചത്?” ഞാൻ ഉത്കണ്ഠയോടെ ആരാഞ്ഞു.

ദത്തൻ സാറിന്‍റെ മുഖത്ത് വികാരങ്ങളുടെ വേലിയേറ്റം ദൃശ്യമാകാൻ തുടങ്ങി. വാച്ചിൽ സമയം നോക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അത് അക്ഷമയും താത്പര്യക്കുറവുമായി ദത്തൻ സാർ കരുതിയെങ്കിലോ എന്ന് വിചാരിച്ച് അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് തന്നെ സാകൂതം നോക്കിയിരുന്നു.

എന്‍റെ മനസ്സ് വായിച്ചെന്ന പോലെ ദത്തൻ സാർ പ്രതികരിച്ചു.

“സാം സമയം പ്രശ്നമാക്കണ്ട. എത്ര വൈകിയാലും താങ്കൾ താമസിക്കുന്നിടത്ത് എത്തിക്കാൻ ഡ്രൈവറും കാറും താഴെ തയ്യാറാണ്. അതല്ല ഇന്ന് വീട്ടിൽ പോകണമെന്നില്ല എങ്കിൽ താമസ സൗകര്യവും തയ്യാറാക്കാം. ”

“വേണ്ട സാർ എത്ര വൈകിയാലും വീട്ടിലെത്തണം എന്നാണ്.” അതും പറഞ്ഞ് അമ്മയോട് വിളിച്ച് വിവരം പറഞ്ഞു. പിന്നെ ദത്തൻ സാറിന്‍റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു.

“സാർ ഇനിയുള്ള സംഭവങ്ങൾ വിശദമായി പറയണം സാർ. എനിക്കെന്തെങ്കിലും ആശയക്കുഴപ്പം നേരിട്ടാൽ ഞാൻ ചോദിക്കും.”

“ശരി. തീർച്ചയായും താങ്കൾക്ക് ചോദിക്കാം.”

“ആ ദിവസം എന്‍റെ ജീവിതത്തിലെ കറുത്ത ദിവസമായിരുന്നു. ഡിസംബർ 22-ലെ എങ്ങും തണുപ്പു പടർന്ന ഒരു ദിവസം. ആ തണുപ്പിലും പുലർകാലെത്തന്നെ ഞങ്ങളുടെ ക്രൂ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അന്നും സനയുടെ സീനുകളാണ് പ്രധാനമായും ചിത്രീകരിച്ചിരുന്നത്. അന്നോടെ ആ കുട്ടി ഉൾപ്പെടേണ്ട എല്ലാ രംഗങ്ങളും തീർക്കാനായി അക്ഷീണം ശ്രമിക്കുകയാണ് ഞാൻ. അതിനൊരു കാരണവുമുണ്ടായിരുന്നു.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ഒരു മുൻനിര സംവിധായകന്‍റെ ചിത്രത്തിലേക്ക് അവൾക്കുടനെ ജോയിൻ ചെയ്യേണ്ടതുണ്ടായിരുന്നു. പുതിയ ഒരു അഭിനേത്രിയെക്കുറിച്ചുള്ള വാർത്തകൾ അപ്പോഴേക്കും മാധ്യമങ്ങൾ ആഘോഷമാക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആ പുതിയ അവസരം ആ കുട്ടിക്ക് കിട്ടിയത്.

ടേക്ക് എല്ലാം എടുത്തു ദ്രുതഗതിയിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് അവളുടെ അമ്മയ്ക്ക് ഒരു സന്ദേശം ലഭിക്കുന്നത്. അവരുടെ ഒരു സഹോദരൻ റോഡപകടത്തിൽ പെട്ട വാർത്തയായിരുന്നു അത്. അവരുടെ ഒരേഒരു ബന്ധുവായിരുന്നു അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് സനയും അമ്മയും നാട്ടിൽ പോകണമെന്ന അഭ്യർത്ഥനയുമായെത്തി. എന്നാൽ ആ കുട്ടിയെ പോകാൻ അനുവദിച്ചാൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്ന് നിർമ്മാതാവ് അക്കമിട്ട് കണക്കു നിരത്തിയപ്പോൾ അവരുടെ അഭ്യർത്ഥന ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു.

ഒടുവിൽ സനയുടെ അമ്മയെ വീട്ടിൽ കൊണ്ടുപോയി വിടാനുള്ള നിർദേശം ബന്ധപെട്ടവർക്ക് നൽകി ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ സന നീരസം അറിയിച്ചെങ്കിലും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയതോടെ ആ കുട്ടിയും ഞങ്ങളോട് സഹകരിക്കാൻ തയ്യാറായി. അങ്ങനെ ഉച്ചതിരിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.

വളരെ ബുദ്ധിമുട്ടേറിയ ചില രംഗങ്ങളായിരുന്നു അന്ന് ഷൂട്ടിന് നിശ്ചയിച്ചിരുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു രംഗം സന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ആത്മഹത്യ രംഗമായിരുന്നു. തൂങ്ങിമരണം ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. തന്നെക്കാളേറെ നായകൻ തന്‍റെ ചേച്ചിയെയാണ് സ്നേഹിക്കുന്നതെന്നറിഞ്ഞ് കടുത്ത പ്രണയ പരാജയദു:ഖത്താൽ കോളേജിലെ ക്ലാസ്സ് മുറിയിൽ വച്ച് അനുജത്തി ആത്മഹത്യ ചെയ്യുന്ന രംഗമായിരുന്നു എനിക്ക് ചിത്രീകരിക്കേണ്ടിയിരുന്നത്.”
“കുട്ടികളെല്ലാം പോയ ശേഷം ക്ലാസ്സ് റൂമുകൾ പൂട്ടുവാൻ വരുന്ന കാവൽക്കാരൻ കാണുന്ന ഭീതിജനകമായ കാഴ്ച. ചുരിദാർ ഷാളിൽ പിടയുന്ന പെൺകുട്ടി. പെൺകുട്ടി ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കുന്നു. അത് ക്ലോസ്സ് അപ്പ് ഷോട്ടും പിന്നീടുള്ള രംഗങ്ങൾ ഡമ്മിയെ വച്ചും ആണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്. സനയും ഷൂട്ടിംഗ് സെറ്റും പെട്ടെന്നു തന്നെ തയ്യാറായി. ഷാളിന്‍റെ ഒരറ്റം ഫാനിലും മറ്റേയറ്റം വട്ട കുടുക്കാക്കി സന തന്‍റെ കഴുത്തിലും ഇട്ടു. ക്യാമറമാനോട് നിർദേശം നൽകി ആക്ഷനിലേക്കു കടക്കുമ്പോളാണ് അത് സംഭവിച്ചത്. സനയുടെ കാലൊന്നു വഴുതി. അവിടെയുണ്ടായിരുന്നവർ ഒന്നടങ്കം അവിടേക്കു കുതിച്ചു. ആ വലിയ വിപത്തിൽ നിന്നും ആ പെൺകുട്ടിയെ ഒരു വിധം രക്ഷപ്പെടുത്തിയെടുത്തു എന്നു പറഞ്ഞാൽ മതിയല്ലോ!

ആ സംഭവം മുന്നിൽ കണ്ടാലെന്നവണ്ണം ദത്തൻ സർ കണ്ണിമ മുറുകി അടച്ചു.

“എന്നാൽ ആ കുട്ടിക്കൊരു കൂസലുമില്ലായിരുന്നു. അങ്ങനെ ആ കുട്ടിയുടെ തീർത്തും പ്രൊഫഷണലായ മനോഭാവം കൊണ്ടു മാത്രം രംഗങ്ങളെല്ലാം ഒന്നാന്തരമായി ചിത്രീകരിച്ചു. ആ കുട്ടിയുടെ സാന്നിദ്ധ്യം ആവശ്യമയി വരുന്ന എല്ലാ രംഗങ്ങളും ചിത്രീകരിച്ചു തീർത്തപ്പോൾ സമയം രാത്രി പത്തു മണി. രാവിലെ മുതൽ തുടർച്ചയായി നടന്ന ഷൂട്ടിംഗിൽ അവർ ഏറെ ക്ഷീണിച്ചതായി എനിക്കു തോന്നി. സ്വല്പം ആഹാരം കഴിച്ചെന്നു വരുത്തി, കാറിൽ കയറി കൈവീശി പുഞ്ചിരിച്ചു കൊണ്ട് അവർക്കു താമസം ഏർപ്പാടാക്കിയിരുന്ന ഹോട്ടലിലേക്ക് പോകുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണതെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.”

വികാരങ്ങളുടെ അനിയന്ത്രിതമായ തിരതള്ളലിൽ ദത്തൻ സാർ കിതച്ചു. മുഖം ചുവന്നു തുടുത്തു. ഒരു വേള അയാൾ പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി. വെറും സോഡ വെള്ളം ഗ്ലാസ്സിലൊഴിച്ച് ഒറ്റ വീർപ്പിന് അയാൾ കുടിച്ചു.

ഒരു പാട് ചോദ്യങ്ങൾ എന്‍റെ മനസ്സിൽ ഞാൻ മുൻപേ എന്ന മട്ടിൽ തിക്കിത്തിരക്കി വന്നു. ദത്തൻ സാറിന് പറയാനുള്ളതു മുഴുവൻ കേട്ട ശേഷം മാത്രമേ എന്തെങ്കിലും വിശദാംശങ്ങൾ ആവശ്യമെങ്കിൽ ചോദിക്കൂ എന്ന് ആദ്യമേ മനസ്സിൽ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ദത്തൻ സാറിന്‍റെ വാക്കുകളുടെ തുടർച്ചക്കായി ഞാൻ കാത്തു.

അല്പനേരം കഴിഞ്ഞ് സംയമനം വീണ്ടെടുത്ത് ദത്തൻ സാർ പറഞ്ഞു തുടങ്ങി.

ആ കുട്ടി പോയ ശേഷവും ഞങ്ങൾ ഷൂട്ടിംഗ് തുടർന്നു. അല്പനേരത്തിനു ശേഷം ഞാൻ അവളെ വിളിച്ച് താമസസ്ഥലത്ത് എത്തിയതായി ഉറപ്പാക്കി. മികച്ച അഭിനയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഒരവാർഡിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു പറഞ്ഞ് ഞാൻ അവരെ പ്രശംസിച്ചു. ഒരു പെൺകുട്ടിയെ പാതിരാത്രി വരെ ജോലി ചെയ്യിപ്പിച്ചല്ലോ എന്നൊരു കുറ്റബോധവുംഎന്‍റെ ഉള്ളിലുണ്ടായിരുന്നു. ഓർമപ്പൂക്കാലത്തിലേതുപോലുള്ള മികച്ച അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നു അവൾ പറഞ്ഞു. തുടർന്ന് നന്ദി പറഞ്ഞ് ഫോൺ വച്ചു.

ഏകദേശം പന്ത്രണ്ട് മണിയോടെ പാക്കപ്പ് പറഞ്ഞ് റൂമിലെത്തി മൊബെൽ ഓഫ്‌ ചെയ്ത് കുളിച്ച് കിടന്നതേ ഓർമ്മയുള്ളൂ. അതിയായ ക്ഷീണവും തുടർച്ചയായ ഉറക്കമൊഴിയും മൂലം പെട്ടെന്നുറങ്ങിപ്പോയി. പിറ്റേന്ന് വാതിലിൽ മുട്ടുകേട്ട് എഴുന്നേൽക്കുമ്പോൾ സമയം പതിനൊന്നുമണി. പ്രൊഡക്ഷൻ കൺട്രോളർ ശശിധരനായിരുന്നു, വാതിലിൽ മുട്ടിക്കൊണ്ടിരുന്നത്. സന തൂങ്ങി മരിച്ച വിവരം പൊടിപ്പും തൊങ്ങലും വച്ച് അയാൾ വിവരിച്ചു. എനിക്ക് വിശ്വസിക്കാനായില്ല. റൂം ക്ലീനിങ്ങിനായി വന്ന ബോയി ആണ് സംഭവം ആദ്യം കണ്ടത്. അവനുടനെ ഹോട്ടൽ മാനേജരെ വിവരമറിയിക്കുകയും അയാൾ വിവരം പറഞ്ഞപ്പോഴാണ് ശശിധരനും കാര്യങ്ങൾ അറിയുന്നത്. മാനേജർ ഉടനെത്തന്നെ പോലീസിനേയും വിളിച്ചു വരുത്തിക്കഴിഞ്ഞു.

ഞാൻ മുഖം കഴുകി പെട്ടെന്ന് വസ്ത്രം മാറ്റി സ്ത്രീകൾക്കായി താമസം ഏർപ്പാടാക്കിയിരിക്കുന്ന ബ്ലോക്കിലെത്തി. ശശിധരൻ സനയ്ക്കായി ഏർപ്പാടാക്കിയിരുന്ന റൂമിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ പോലീസുണ്ട്. ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട കുറച്ച് ആളുകളുണ്ട്. പരിചിത മുഖങ്ങളിൽ ആദ്യം കണ്ടത് പരിഭ്രമിച്ച് വിളറി വെളുത്ത മുഖഭാവവുമായി നിൽക്കുന്ന ഞങ്ങളുടെ പടത്തിന്‍റെ നിർമ്മാതാവിനെയാണ്. തലേന്ന് ഏറെ വൈകി ഉറങ്ങിയതുകൊണ്ടാണോ അതോ പരിഭ്രമം കൊണ്ടാണോ എന്നറിയില്ല എനിക്കു തല ചുറ്റുന്ന പോലെ തോന്നി. എന്നിട്ടും ഞാൻ ഒരു വിധം ആ റൂമിലെത്തി.

അപ്പോഴേക്കും നിലത്തേക്കിറക്കിക്കിടത്തിയിരുന്ന മൃതദേഹം ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ. എന്‍റെ നെഞ്ച് പൊട്ടിത്തകരുന്ന പോലെ എനിക്കു തോന്നി. തെല്ലിട നേരം ഒന്നു ഞാൻ വ്യക്തമായിക്കണ്ടു. കഴുത്തിൽ മുറുകിക്കിടന്ന ആ ഷാൾ. അതേ! തൂങ്ങിമരണം ചിത്രീകരിക്കാനുപയോഗിച്ച ഇളം മഞ്ഞ നിറമുള്ള ആ ഷാൾ കഴുത്തിൽ മുറുകിക്കിടക്കുന്നു.”

ആ ഭീതിജനകമായ രംഗം കൺമുമ്പിൽ കണ്ട പോലെ ദത്തൻ സാർ വിറച്ചു. പിന്നെ കണ്ണുകളിൽ സമ്മിശ്ര വികാരങ്ങളുടെ തിരയിളക്കം ദൃശ്യമാകാൻ തുടങ്ങി.

“പിന്നെ എന്താണുണ്ടായതെന്നു കേൾക്കണോ?“

ഭയത്തിനു പകരം പുച്ഛരസത്തിലുള്ള വാക്കുകൾ ദത്തൻ സാറിൽ നിന്നും ഉതിർന്നു വീണു. ആ ഭാവമാറ്റം എന്നിൽ ഉൾഭയത്തിന്‍റെ വിത്തുകൾ വിതച്ചു

ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാ അന്വേഷണങ്ങളും നടപടിക്രമങ്ങളും പൂർത്തിയായി. ഒരു സംശയവും വേണ്ട, ആത്മഹത്യ തന്നെ! എന്തിനേറെ! എന്നിൽ നിന്നു പോലും യാതൊരു വിവരവും അവർ തേടിയില്ല. എന്നെ അവർ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.

അതും പറഞ്ഞ് ദത്തൻ സാർ വിലക്ഷണമായി പൊട്ടിച്ചിരിച്ചു. തുടർന്ന് അയാൾ തെല്ലിട നേരം നിശ്ശബ്ദനായി. പൊടുന്നനെ ഒരു ചോദ്യം ചാട്ടൂളി പോലെ എന്നിൽ പതിച്ചു.

“ഞാൻ ഇത്രനേരം സനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വച്ച് ഇതൊരു ആത്മഹത്യയാണെന്ന് മി. സാമിന് തോന്നുന്നുണ്ടോ? പിറ്റേന്നു മലയാള സിനിമയിലെ മുഖ്യധാരയിലെ ഒന്നാംതരം സംവിധായകന്‍റെ പടത്തിൽ അഭിനയിക്കാൻ തയാറായി ഇരിക്കുന്ന ഒരുവൾ ഇങ്ങനെ ഒരു വിവേകമില്ലാത്ത പ്രവർത്തി ചെയ്യുമോ?

ഞാനൊന്നു പതറി. ഇതിനൊക്കെ പെട്ടെന്നെങ്ങനെ മറുപടി പറയും? ഒരു മറുചോദ്യം കൊണ്ട് ആ ചോദ്യത്തെ പ്രതിരോധിക്കാൻ തീരുമാനിച്ചു.

“അല്ല, പോലീസ് എന്തെല്ലാം കാരണങ്ങളാണ് ഈയൊരു കണ്ടെത്തലിന്‍റെ അടിസ്ഥാനമായി പറയുന്നത്?

“അതോ, ഒന്നാന്തരം കാരണങ്ങൾ. കേട്ടോളൂ. ഒന്ന്. മരിക്കുന്നതിന് മുൻപ് ആ കുട്ടി അമ്മയ്ക്കും മേക്കപ്പ്മാനും വാട്സപ്പ് സന്ദേശം അയച്ചതിന്‍റെ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. അതിൽ പറയുന്നത് ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്കിനിയും ഇങ്ങനെ അർത്ഥമില്ലാതെ ജീവിക്കാൻ വയ്യ. ഞാൻ പോകുന്നു. എന്‍റെ മരണത്തിൽ ആർക്കും പങ്കില്ല. അമ്മ മാപ്പുതരണം എന്നൊക്കെയാണ്‌.

കാരണം രണ്ട്. ആ കുട്ടി വിഷാദരോഗത്തിന് ഒരു മനഃശാസ്ത്രചികിത്സ കേന്ദ്രത്തിൽ വച്ച് ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കാരണം മൂന്ന്. ആത്മഹത്യയെക്കുറിച്ചൊക്കെ ആ കുട്ടി സുഹൃത്തുക്കളോടൊക്കെ സംസാരിക്കുമായിരുന്നത്ര. ആത്മഹത്യ ചെയ്യാൻ പോകുന്നവൻ അങ്ങനെയൊക്കെ സംസാരിക്കുമെന്നാണ് പറയപ്പെടുന്നത്. സന ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നതായി സെറ്റിലുള്ള ഒന്ന് രണ്ടു പേര് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. പിന്നെ പോസ്റ്റുമാർട്ടം റിപ്പോർട്ടും ഒരാത്മഹത്യാ ലക്ഷണങ്ങളെ സാധൂകരിക്കുന്നതായിരുന്നു.

പോലീസ് പറയുന്നതിപ്രകാരമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് റൂമിലെത്തിയ സനയുടെ മനസ്സ് തീർത്തും സംഘർഷഭരിതമായിരുന്നു. ഒരേഒരു ബന്ധുവിന് സംഭവിച്ച അപകടം ആ ദുർബല മനസ്സിനെ ഒന്നുകൂടി മുറിവേൽപ്പിച്ചു. ഒപ്പം അമ്മ അടുത്തില്ലാതിരുന്നതും വലിയൊരു ശൂന്യത അവളിൽ സൃഷ്ടിച്ചു. അല്പം മുന്നെ ചിത്രീകരിച്ച ആത്മഹത്യാ രംഗങ്ങൾ അവളുടെ അപക്വ മനസ്സിൽ കൂടെ കൂടെ വന്നു കൊണ്ടിരുന്നു.

വിഷാദ രോഗത്തിന്‍റേതായ സ്വയം നശീകരണ ശേഷിയുള്ള ചിന്തകളുടെ കടലാഴം വർദ്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ ആ ഏകാന്തതയിലെ ഒരു ദുർബല നിമിഷത്തിൽ അവൾ മരിക്കാൻ തീരുമാനിച്ചു. എപ്പോഴും ഒപ്പമുണ്ടാകുമായിരുന്ന അമ്മ അടുത്തില്ലാത്തത് ഒരു സൗകര്യമായി കണക്കാക്കി , സിനിമാ ഷൂട്ടിംഗിന് ഉപയോഗിച്ച അതേ ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങി മരിച്ചു.

“താങ്കൾ നേരത്തെ പറഞ്ഞ പോലെ പല വഴികൾ ഒരു ബിന്ദുവിൽ സംഗമിച്ചു അല്ലേ? ആത്മഹത്യ എന്ന ഒരൊറ്റ ബിന്ദുവിൽ. വിഷാദം, ആത്മഹത്യാ സംസാരം, ആത്മഹത്യാക്കുറിപ്പ് അങ്ങനെയങ്ങനെ എന്തെല്ലാം വഴികൾ! പക്ഷേ മി. സാം ലോകം മുഴുവൻ ഇതാത്മഹത്യയെന്നു വിധിയെഴുതിയാലും ഞാൻ ഇത് ആത്മഹത്യയെന്ന് സമ്മതിക്കില്ല. കുറച്ചു ദിവസങ്ങൾ മാത്രമേ ഞങ്ങൾ ഇടപഴകിയിട്ടുള്ളൂ. എങ്കിലും ആ മനസ്സ് ഞാൻ അറിഞ്ഞിട്ടുണ്ട്. വിഷാദമല്ല, അതിന്‍റെ സ്ഥായീഭാവം. ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിച്ച് വന്ന് ഇനി ജീവിതത്തിൽ മുന്നേറണം, വിജയിക്കണം എന്നൊരൊറ്റ ആഗ്രഹം മനസ്സിലുറപ്പിച്ച ഒരു കുട്ടിയാണവൾ.

അവളൊടൊപ്പം ഇരുന്ന് ഒരഞ്ചു മിനിറ്റ് സംസാരിച്ചാൽ മതി എത്ര നെഗറ്റിവിറ്റി ഉള്ളവനും പോസിറ്റീവായി ചിന്തിക്കാൻ തുടങ്ങും. ഇടപഴകുന്നവർക്കൊക്കെ മാതൃകയും പ്രചോദനവുമായിരുന്നു അവൾ. ആ കുട്ടി അതു ചെയ്യില്ല.

ഒരു പാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം പിന്നെ ലോകമറിയുന്ന മികച്ച അഭിനേത്രിയാകണം ഇത്തരം ആഗ്രഹങ്ങളോട് ചേർന്നു നിൽക്കുന്ന ചിന്തകളും സംസാരങ്ങളുമാണ് ആ കുട്ടി പറയാറ്. ആത്മഹത്യയെക്കുറിച്ച് സംസാരിച്ചു പോലും. ആ പാവം കുട്ടിയെ തകർത്ത് ആർക്ക് എന്ത് നേടാനാണ്. ആ കുട്ടിയോട് ശത്രുത പുലർത്താൻ ആർക്കുമാവില്ല. എന്നിട്ടും…

എനിക്കറിയണം. എനിക്കതറിഞ്ഞാൽ മാത്രം മതി. അതിനു ശേഷം എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. വെറുതെ വിടില്ല ഞാൻ കൊലപാതകം ആത്മഹത്യയാക്കുന്ന വിദ്യ എനിക്കും ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ?

ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള കുട്ടിയായിരുന്നു. അതിന്‍റെ സാഫല്യത്തിനായി ഏതറ്റംവരെയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമവൾക്കുണ്ടായിരുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായിരുന്നു… അതാണ് മുളയിലേ എരിഞ്ഞടങ്ങിയത്.

ദത്തൻ സാർ പൊടുന്നനെ വിതുമ്പാൻ തുടങ്ങി. ആ വലിയ മനുഷ്യൻ വിതുമ്പുന്നതു കണ്ട് ഞാൻ വല്ലാതായി. വെറും വാക്കുകൾ കൊണ്ട് ആശ്വാസം ലഭിക്കുന്ന ഒരു വിഷയമല്ല അദ്ദേഹത്തിന്‍റേത്. മാത്രമല്ല സമയവും ഏറെ കടന്നു പോയിരിക്കുന്നു. ഏതായാലും സംഭവങ്ങളുടെ വിശദമായ ഒരു ചിത്രം ലഭിച്ചു കഴിഞ്ഞു.

നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം ചോദിക്കാനുണ്ട്. മാനസികമായി തീർത്തും പരിക്ഷീണനായ ഇദ്ദേഹത്തോട് ഇപ്പോൾ ചോദിക്കാനൊരുമ്പെടുന്നത് ഉചിതമായിരിക്കില്ല. മാത്രമല്ല വിലയേറിയ മദ്യം അതിന്‍റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായി സൂചന കിട്ടാൻ തുടങ്ങിയിരിക്കുന്നു പിന്നീട് വാട്സപ്പ് വഴി ആശയവിനിമയം നടത്തി സംശയ നിവാരണം വരുത്താം എന്ന് നിശ്ചയിച്ച് ഞാൻ എഴുന്നേറ്റു. എങ്കിലും ഒരു ചോദ്യം ചോദിച്ചേ തീരൂ എന്നു വന്നു. തുടർന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“സാർ. താങ്കൾ സമാധാനപ്പെടൂ. എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ താങ്കളുടെ ചോദ്യത്തിന് ഉത്തരം നേടാനായി പരിശ്രമിക്കും. അന്വേഷണത്തിന്‍റേയും ലഭ്യമായ വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിധിയെഴുത്ത് നടത്തിയ ഒരു വിഷയമാണിത്. അതിൽ ഏറെ പ്രധാനം കുട്ടിയുടെ മരണത്തിനു മുൻപ് അമ്മക്കയച്ച സന്ദേശമാണ്. തെളിവുകളായി ഉയർത്തിക്കാട്ടുന്ന മറ്റു കാര്യങ്ങളിൽ ബാഹ്യ ഇടപെടലിന് നേരിയ സാധ്യത ഉണ്ടാകാം. ഉണ്ട് എന്നല്ല. എന്നാൽ ആ സന്ദേശം. ആ സമയത്തുള്ള സന്ദേശം. പ്രത്യേകിച്ച് അമ്മ നാട്ടിലേക്കു പോയ സന്ദർഭത്തിൽ, അത് തീർത്തും കുറ്റമറ്റ ഒരു തെളിവായി തോന്നുന്നു.

ഏതായാലും താങ്കൾ നന്നായി വിശ്രമിക്കൂ. താങ്കളുടെ വാട്സപ്പ് നമ്പരും ഇ മെയിൽ അഡ്രസ്സും തോമാച്ചന്‍റെ കൈവശം ഉണ്ടെങ്കിൽ എനിക്കു ലഭ്യമാക്കണം. പിന്നെ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. സാർ ഈ വിഷയവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി താങ്കൾക്ക് തോന്നുന്നതെന്താണ്? ആരെക്കുറിച്ചെങ്കിലും സന പരാതിയെന്തെങ്കിലും പറഞ്ഞിരുന്നോ അതായതു ശല്യപെടുത്തുകയോ മറ്റോ?”

അല്പനേരം കഴിഞ്ഞ് ദത്തൻ സാർ മറുപടി പറഞ്ഞു.

അങ്ങനെ സംശയാസ്പദമായി സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പിന്നെ ഒരാളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അത് ഒരു ഹാസ്യ നടനെ കുറിച്ചാണ്. അയാൾ പതിവായി സനയുടെ അരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നുവെന്നും മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ഠി കാണിക്കുന്നുവെന്നായിരുന്നു പരാതി. ഞാൻ ശക്തമായി അയാളെ താക്കീത് ചെയ്തു. മേലും കീഴും നോക്കാതെ അയാളെ അങ്ങു പുറത്താക്കുകയാണ് ഉണ്ടായത്. പിന്നെ അത്തരം സംഭവങ്ങൾ എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.”

ആ ഹാസ്യ നടന്‍റെ പേര് പറഞ്ഞു തന്ന ശേഷം ദത്തൻ സാർ എഴുന്നേറ്റ് ടീപോയിൽ വച്ചിരുന്ന ഫോണെടുത്ത് എന്‍റെ നമ്പറിലേക്ക് മിസ്കോൾ ചെയ്തു. ഒപ്പം ഇമെയിൽ വിലാസവും സന്ദേശമായി ലഭിച്ചു. അപ്പോൾ തന്നെ ആരേയോ ഫോൺ ചെയ്തു. പിന്നെ അടുത്തേക്കു വന്നു കൈ പിടിച്ചു.

“മി. സാം താങ്കളെ ഞാൻ വിശ്വസിക്കുന്നു. താങ്കളുടെ യുക്തിക്കനുസരിച്ച് പരിശ്രമിക്കുക. വൈകാരികത ഒരിക്കലും അവിവേകത്തിന് വഴിപ്പെടാൻ പാടില്ലല്ലോ? ഞാൻ അവസാനം പറഞ്ഞ കാര്യങ്ങൾ, അതു സത്യം തന്നെ. എങ്കിലും അതു താങ്കൾ മറക്കുക. എന്‍റെ മനസ്സിന്‍റെ നീറ്റൽ ശമിക്കാനുള്ള ഔഷധം എനിക്ക് ഉത്തരമായി നല്കുക. താഴെ കാർ തയ്യാറാണ്. ഏറെക്കാലം എന്നൊടൊപ്പമുള്ള ജോഫിൻ താങ്കളെ പ്രതീക്ഷിച്ച് റിസപ്ഷനിൽ ഇരിപ്പുണ്ട്.

ഞാൻ ജോഫിനെ ഡ്രൈവർ എന്നു വിളിക്കാറില്ല. എന്‍റെ സന്തത സഹചാരി എന്നു വേണമെങ്കിൽ പറയാം. വിശ്വസിക്കാവുന്നവനാണ്. താങ്കളെ അയാൾ അധികം സമയമെടുക്കാതെ വീട്ടിലെത്തിച്ചു തരും. പിന്നെ ഞാൻ പറഞ്ഞതിൽ കൂടുതലായി എനിക്കറിയാവുന്ന വിവരങ്ങൾ എന്തെങ്കിലും അറിയണമെങ്കിൽ എന്നും വൈകീട്ട് ആറുമണിക്കു ശേഷം എന്നെ അറിയിക്കാം. പൂർണ്ണമനസോടെയുള്ള എന്‍റെ സഹകരണം ഉണ്ടാകും എങ്കിൽ ശരി. നമുക്കു കാണാം.”

ദത്തൻ സാറിനോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി. അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. കനത്ത ഇരുട്ടിനെ ഭേദിച്ച് പലയിടങ്ങളിൽ വിളക്കുകൾ പ്രഭ ചൊരിഞ്ഞു കൊണ്ടിരുന്നു. ഫോണിൽ സമയം നോക്കിയപ്പോൾ ഒരു മണി. ഹോട്ടൽ മുറിയിലെ വെള്ളി വെളിച്ചത്തിൽ സമയം കടന്നു പോയത് അറിഞ്ഞതേ ഇല്ല. റിസപ്ഷനിൽ ദത്തൻ സാർ പറഞ്ഞ ജോഫിനിരിപ്പുണ്ട്. സമീപത്ത് ഒരുറിസപ്ഷനിസ്റ്റ് ഇരുന്ന് ഉറക്കം തൂങ്ങുന്നു.

ജോഫിൻ വെളുത്ത മുറിക്കൈ ഷർട്ടും ഇറുകിയ നീല ജീൻസും വേഷം. ആരോഗ്യദൃഢഗാത്രനായ ജോഫിൻ. ഒരു ഹിന്ദി യുവ നടന്‍റെ ശരീരഭാഷയെ ഓർമിപ്പിച്ചു. ജിംനേഷ്യത്തിലൊക്കെ പോയി മെരുക്കിയെടുത്ത ശരീരം. സിനിമാ നടനാവാൻ മോഹിച്ച് സംവിധായകന്‍റെ ഡ്രൈവറായി ഒതുങ്ങിപ്പോയ ഒരുവനാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. ഏതൊ സിനിമയിൽ ഒന്നു രണ്ടു സീനിൽ ഇയാളെ കണ്ടിട്ടുള്ളതായി ഞാൻ ഓർമ്മിച്ചെടുത്തു. ഡ്രൈവറായി വന്നു ഭാരതത്തിലെ തന്നെ ഒന്നാംകിട നിർമാതാവായ ചിലരുടെ മുഖം മനസ്സിൽ വന്നു മിന്നിമറഞ്ഞു. ഡ്രൈവറായി വരുന്നവർക്കും സാധ്യതയുടെ അപാരവഴിത്താരകളാണ് സിനിമാലോകം തുറന്നുതരുന്നത്.

നട്ടപ്പാതിരക്ക് ഈയൊരു ജോലി ഏൽപ്പിച്ചാൽ ആർക്കായാലും അനിഷ്ടം തോന്നാം. അതൊന്നും പുറത്തു കാട്ടാതെ നിറഞ്ഞ സൗഹൃദത്തോടെ ജോഫിൻ എന്നെ കാറിനടുത്തേക്ക് നയിച്ചു. കാറിൽ കയറിയ ശേഷം പോകേണ്ട സ്ഥലം പറത്തു കൊടുത്തു. ഓഫീസ്. ഈ സമയത്ത് വീട്ടിൽ കയറിച്ചെന്നാൽ അമ്മയുടെ ഉറക്കം പോകും. അതു കൊണ്ട് ഓഫീസിലൊന്നു വിശ്രമിച്ച് രാവിലെ വീട്ടിൽ പോകാം എന്നു തീരുമാനിച്ചു.

ഒന്നാന്തരം കാർ. തട്ടും തടവുമില്ലാതെ കാർ വഴിത്താരയിലൂടെ മന്ദംമന്ദം സഞ്ചരിക്കുകയല്ല ഒഴുകുകയാണെന്നു തോന്നി. വിരസതയും ഉറക്കവും അകറ്റാൻ സരസനും സഹൃദയനുമായ ജോഫിൻ സംസാരത്തിന്‍റെ കെട്ടഴിച്ചു. രണ്ടു വർഷമായി അയാൾ ദത്തൻ സാറിന്‍റെ കൂടെയുണ്ട്. ബിരുദധാരിയാണ് ആത്യന്തിക ലക്ഷ്യം സിനിമ തന്നെ. മലയാളസിനിമാ മേഖലയെപ്പറ്റി വ്യക്തമായ വിലയിരുത്തലുകൾ ജോഫിനുണ്ട്.

സ്ഥിരം കണ്ടു മടുത്ത താരങ്ങളാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്നതാണ് ജോഫിന്‍റെ പക്ഷം. ഒരു പാട് കഴിവുള്ള ആളുകൾ ഒരവസരം ലഭിക്കാതെ പുറത്തുണ്ട്. അവർക്കൊക്കെ അവസരം ലഭിക്കുകയാണെങ്കിൽ മലയാള സിനിമയിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് അയാളുടെ അഭിപ്രായം. അതുപോലെത്തന്നെ സിനിമാക്കഥകളും. ഒരേ കഥ തന്നെ തിരിച്ചും മറിച്ചും സിനിമയാക്കി വിദേശസിനിമയിൽ നിന്നും ആശയം കടം കൊണ്ട് പ്രേക്ഷകരെ മടുപ്പിക്കുകയാണ് സിനിമാ സംവിധായകർ. നടപ്പു മലയാളസിനിമയിൽ മലയാളിത്തമുള്ള കഥയില്ല കഥാപരിസരമില്ല മണ്ണിന്‍റെ മണമുള്ള കഥാപാത്രങ്ങളില്ല ഒരു സിനിമയിൽ ക്ലാപ്പടിച്ചു നിൽക്കുന്നവനെ പിന്നെ കാണുന്നത് സംവിധായകനായിട്ടാണ്. ഒരു നല്ല നിർമ്മാതാവിന്‍റെ പിൻബലമുള്ള ആർക്കും സംവിധായകനാകാമെന്ന് ജോഫിൽ സമർത്ഥിച്ചു.

അയാൾ പറയുന്നതെല്ലാം അംഗീകരിച്ചു കൊണ്ട് ഞാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പറയുന്നതിനനുസരിച്ച് മൂളിക്കൊടുത്താൽ മാത്രം മതി. പറഞ്ഞു കൊണ്ടേ ഇരിക്കുന്നയാളാണ് ഭാവി മെഗാ താരമാകാൻ പോകുന്ന ജോഫിൻ എന്ന് വ്യക്തമായി. എന്‍റെ ശാരീരിക പ്രകൃതം കണ്ട് അഭിനയമോഹിയല്ല എന്നയാൾ ഉറപ്പിച്ചു. അയാളുടെ കണ്ടെത്തൽ ഞാനൊരു തിരക്കഥാകൃത്താണെന്നാണ്. എന്‍റെ അയഞ്ഞ ജുബയും പോക്കറ്റിലെ ഫൗണ്ടൻ പേനയും കൈയ്യിൽ കരുതിയിരുന്ന ഡയറിയും ആ വിശ്വാസത്തെ ബലപ്പെടുത്തി. ഞാനും ആ വിശ്വാസത്തെ ഹനിക്കാൻ പോയില്ല. ഒരു ദുരുഹമായ കഥയെക്കുറിച്ചുള്ള ചർച്ചയല്ലേ നടന്നത്! കഥകളുടെ കെട്ടഴിക്കുന്ന തിരക്കഥാകൃത്തായിത്തന്നെ എന്നെ വിലയിരുത്തുന്നതിൽ സന്തോഷമേ ഉള്ളൂ.

നിശ്ശബ്ദമായ രാത്രി. പകലിന്‍റെ തിരക്കെല്ലാം കെട്ടടങ്ങി ശാന്തമായിരിക്കുന്നു. എല്ലാം ശമിച്ചൊടുങ്ങുന്ന രാത്രി. പുതിയ തിരക്കുകളിലേക്ക് പ്രവേശിക്കുവാൻ എടുക്കുന്ന ഇടവേള. ഈ സമയത്തൊരു സഞ്ചാരം പഴയ ഓർമകളിൽ ഇല്ല. തീർത്തും വിജനമായ വഴിത്താരകൾ.

വഴിവിളക്കുകളുടെ നേർത്തുമഞ്ഞച്ച പ്രകാശം. അതിനു ചുറ്റും വട്ടമിട്ടു പറന്ന് ഒടുവിൽ ചിറകുകൾ കൊഴിഞ്ഞ് നിലം പറ്റുന്ന ഇയാംപാറ്റകൾ. ആ വഴിവിളക്കുകൾ ഒരു പ്രതീകമാണ്. പ്രശസ്തിയുടേയും പണക്കൊഴുപ്പിന്‍റെയും സിനിമയെന്ന വെള്ളി വെളിച്ചം കണ്ട് സർവ്വതും ത്യജിച്ച് ആ വെളിച്ചത്തിന്‍റെ പ്രഭ പറ്റാൻ വരുന്ന ഇയാംപാറ്റകൾ. എന്നിട്ട് ചിറകുകൾ കൊഴിഞ്ഞ് തുടർന്ന് പറക്കാൻ മാർഗ്ഗമില്ലാതെ വിളക്കു കാലിൽ വന്നടിയുന്ന ഈയാംപാറ്റകൾ. അതു കണ്ടിട്ടും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു പറ്റം പറ്റമായി ആർത്തു വരുന്ന പുതിയ ഈയാംപാറ്റക്കൂട്ടങ്ങൾ. ഇതൊക്കെയല്ലേ സിനിമയെന്ന മായികക്കാഴ്ചയുടെ പിന്നിലെ യഥാർത്ഥ്യങ്ങൾ?

“സാർ ഇതല്ലേ സാർ പറഞ്ഞ റസ്‌റ്റോറന്‍റ്? ഇതിനടുത്തല്ലേ ഓഫീസ്? ജോഫിന്‍റെ ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്നു.

“അതെ ഇവിടെത്തന്നെ. ഞാൻ ഇവിടെ ഇറങ്ങാം.”

കാറു റസ്റ്റോറന്‍റിന്‍റെ മുന്നിൽ ചെന്നു നിന്നു. ഞാനിറങ്ങി ജോഫിനോട് നന്ദി പറഞ്ഞ് പോകാനൊരുങ്ങുമ്പോൾ അയാൾ പുറകിൽ നിന്നും വിളിച്ചു”

“സാർ ഒരു കാര്യമുണ്ട്. ദത്തൻ സാർ പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്ന സംവിധായകനാണ്. പിന്നെ സാറു ശ്രദ്ധിച്ചിട്ടില്ലേ. നല്ല കഥകളൊന്നും ഇന്നത്തെ മലയാള സിനിമയിൽ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. പണ്ടൊക്കെ നല്ല ജീവിതഗന്ധിയായ കഥകളുണ്ടായിരുന്നു. അത്തരം കഥകളെഴുതുന്നവർക്കു വംശനാശം വന്നുപോയി.

ഇന്നത്തെ മെഗാതാരങ്ങളുടെ അടിത്തറയും അത്തരം പ്രമേയങ്ങളായിരുന്നു. അവരിന്നതു ബോധപൂർവം മറക്കുന്നു. ദത്തൻ സാർ കഴിവ് മാത്രം പരിഗണിക്കുന്ന ആളാണ്. നല്ല കഥക്കും തിരക്കഥക്കും ഇന്നത്തെ മലയാള സിനിമ ലോകത്ത് ആവശ്യക്കാരുണ്ട്. സാറിന്‍റെ കഥ സിനിമയാകുമെങ്കിൽ എന്നെ പരിഗണിക്കണം. ഞാൻ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കുകയൊന്നും ചെയ്യില്ല. എനിക്കു യോജിച്ച കഥാപാത്രങ്ങളുണ്ടെങ്കിൽ മാത്രം എനിക്കവസരം തരണം. ഞാൻ ഇടയ്ക്ക് താങ്കളെക്കുറിച്ച് ദത്തൻ സാറിനെ ഓർമ്മിപ്പിച്ചോളാം.”

അതും പറഞ്ഞ് അയാൾ ഒരു തുണ്ടുകടലാസിൽ ഫോൺ നമ്പർ നീട്ടി. ഞാനതു വാങ്ങി അയാൾ കാൺകെ ഫോണിൽ സേവു ചെയ്തു. തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ജോഫിൻ പറഞ്ഞു.

“സാർ പിന്നെയൊരു സന്തോഷമുണ്ട്. എനിക്ക് നല്ലൊരു വേഷം തരാമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ട്. ഉപനായകന്‍റെ വേഷം. ദത്തൻ സാറിന്‍റെ പടമല്ല വേറൊരു പടം. വെറും വാക്കല്ല. മുൻകൂർ തുക കിട്ടിക്കഴിഞ്ഞു.”

നിറഞ്ഞ ചിരിയോടെ ലോകം വെട്ടിപ്പിടിച്ചവനെപ്പോലെ നിൽക്കുന്ന ജോഫിന്‍റെ കൈ പിടിച്ചുകുലുക്കി അഭിനന്ദനങ്ങൾ അറിയിച്ചു. നന്ദി പറഞ്ഞയാൾ കാറിൽ കയറി പോകുന്നത് അല്പനേരം നോക്കി നിന്നു.

തല തിരിയുന്നുണ്ട്. ഒന്നു കിടന്നാൽ മതി. ഓഫീസു തുറന്ന് സോഫ ഒരു താത്കാലിക മെത്തയാക്കി കിടന്നു. അപ്പോഴാണ് അവിടെങ്ങും കേക്കിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം പ്രസരിച്ചത്. പതുപതുത്ത മാർദ്ദവമുള്ള കേക്കിന്‍റെ ഗന്ധം! കണ്ണുകൾ ഇറുക്കിയടച്ചു. ഇടക്കെപ്പോഴോ ഒരാംബുലൻസ്‌ സൈറൺ മുഴക്കി പോകുന്നതിന്‍റെ അപശബ്ദം ചെവിയിൽ തുളച്ചു കയറി. അതിന്‍റെ അലയൊലികൾ അകന്നകന്നു ശമിക്കുമ്പോഴേക്കും ഒരിളം കാറ്റുപോലെ നിദ്ര വന്നു തഴുകിത്തലോടിയിരുന്നു. ഉറക്കം. മരണം ദു:ഖകരമാണ്. താത്കാലികമായ മരണമാണ് ഉറക്കമെങ്കിലും അതെന്തൊരു അനുഗ്രഹമാണ്!

Novel: സമുദ്രമുഖം ഭാഗം- 15

തുണിക്കട അധികം ദൂരത്തല്ല. നടക്കാവുന്ന ദൂരമേ ഉള്ളൂ. നനവ് പറ്റിയ വഴിത്താരയിലൂടെ തുണിക്കട ലക്ഷ്യമാക്കി നടക്കുമ്പോൾ ചന്ദ്രേട്ടൻ ഒരു നീറ്റലായി മനസ്സിൽ പറ്റി നിന്നു. തുണിക്കടയിൽ ഏറെ തിരക്കില്ല. അല്പം വിശാലമായ ഹാളും പിന്നീട് ഇടതു വശത്തേക്ക് ഒരു ചെറിയ വിപുലീകരണവും. ഹാളിന്‍റെവലതു വശത്തായി ഷർട്ടു തുണികൾ, പാന്‍റു പീസുകൾ ഇടതുവശത്ത് കുട്ടികളുടെ യൂണിഫോം, ഉടുപ്പുകൾ. യൂണിഫോം വസ്ത്രങ്ങൾക്കാണ് ഈ സ്ഥലം പ്രസിദ്ധമെന്ന് തോന്നുന്നു. പല സ്കൂളിലേയും യൂണിഫോം മാതൃകകൾ കടക്കു മുന്നിൽ നിരത്തി വച്ചിരുന്നതായി ശ്രദ്ധിച്ചിരുന്നു.

വിൽപ്പനക്കായി നാലു സ്റ്റാഫുകളുണ്ട്. അറുപതോളം വയസ്സു തോന്നിക്കുന്ന ഒരാളും അധികം പ്രായം തോന്നിക്കാത്ത രണ്ടു സ്ത്രീകളും പിന്നെ ഒരു ചെറുപ്പക്കാരനും. സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് കാഷ്യറുടെ സീറ്റിൽ ഒരു സ്ത്രീയും ഇരിപ്പുണ്ട്.

ടീ ഷർട്ടുകൾ ഇരിക്കുന്നിടത്തേക്ക് പോയപ്പോൾ പ്രായമേറിയ ആൾ അടുത്തുവന്നു നിന്നു. ടീ ഷർട്ടുകൾ കാണിക്കാൻ ആവശ്യപ്പെട്ട എന്നെ ആകെയൊന്നു നോക്കിയ ശേഷം അടുക്കി വച്ചിരിക്കുന്ന ടീ ഷർട്ടുകൾ എടുത്തു മേശമേൽ വച്ചു. വലിയ തോതിലുള്ള കളക്ഷൻ ഒന്നുമില്ല. പോരാത്തതിന് അല്പം ഏറിയ വിലയും.

ഡിസ്കൗണ്ട് എന്തെങ്കിലും പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളെല്ലാം മാനേജരോട് ചോദിക്കാൻ പറഞ്ഞ് അയാൾ കാഷ്യർ ഇരിക്കുന്നിടത്തേക്കു കൈ ചൂണ്ടി. അപ്പോൾ ഇവരാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്ന മാനേജർ. ചന്ദ്രേട്ടന്‍റെ ഭാര്യ.

മാനേജരോട് സംസാരിച്ച് അല്പം വിലയിളവും നേടി ടീഷർട്ടുമായി പുറത്തിറക്കുമ്പോൾ ചന്ദ്രേട്ടൻ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്‍റെ ഹേതു ഏറെക്കുറെ ഞാൻ മനസിലാക്കിക്കഴിഞ്ഞിരുന്നു ഇനി ഇവരുടെ തുടർന്നുള്ള ഭാവി തീരുമാനമെന്ത്? എന്നു മാത്രമേ ഇനി മനസിലാക്കാനായി ഉള്ളു. അതും എനിക്ക് ഊഹിക്കാനാവുന്നതാണെങ്കിലും. എങ്കിലും എനിക്ക് ഒരുറപ്പു വരുത്തേണ്ടതുണ്ട്.

അപ്പോഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്. മനസ്സിൽ വിചാരിക്കുമ്പോഴേക്കും ഫോൺ ചെയ്യാറുള്ള തോമാച്ചന്‍റെ അത്ഭുത സിദ്ധിയെ നമിച്ചു കൊണ്ട് ഫോൺ അറ്റൻഡു ചെയ്തു. സംവിധായകനുമൊത്ത് കൂടിക്കാഴ്ച നടത്തേണ്ടുന്ന സമയത്തിൽ അല്പം മാറ്റം. ആറു മണിക്കാണ് എത്തേണ്ടത്. സംവിധായകനെ പോയിക്കാണേണ്ട റൂം നമ്പർ 601.

തോമ്മാച്ചൻ ഒപ്പമുണ്ടാകില്ല. അയാൾക്ക് സിനിമാ ആവശ്യത്തിനായി ഉടനെത്തന്നെ പള്ളീലച്ചന്‍റെ ശരീരഭാഷയുള്ള മൂന്നു പേരെ സംഘടിപ്പിച്ച് ഷൂട്ടിംഗ് സെറ്റിൽ എത്തിക്കേണ്ടതുണ്ട്. അതിനായുള്ള നെട്ടോട്ടത്തിലാണയാൾ.

പഞ്ചാബ് ധാബയിൽ കയറി മൃദുലമായ രണ്ടു റൊട്ടിയും സബ്ജിയും പരിപ്പുകറിയും കഴിച്ച് നിരത്തിലേക്കിറങ്ങുമ്പോൾ മനസ് വട്ടംചുറ്റി നിന്നത്‌ മനുഷ്യന്‍റെ ശരീരഭാഷ എന്ന വിഷയത്തിൽ ആയിരുന്നു. മനുഷ്യന്‍റെ അബോധതലത്തിലുള്ള ചിന്തകളുടെ കൃത്യമായ പ്രതിഫലനമാണ് ശരീരഭാഷ. ഒരാളുടെ ശരീരഭാഷ മാറിനിന്നു സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസ്സിന്‍റെ ഉള്ളറകളിലൊളിഞ്ഞിരിക്കുന്ന പലവസ്തുതകളും വെളിപ്പെട്ടുവരും.

ഒരു സ്ത്രീ തനിക്കു ചുറ്റും നിൽക്കുന്ന നാലഞ്ചു പേരോടായി സംസാരിക്കുന്നു എങ്കിൽ അതിൽ ആരോടാണ് അവൾക്ക് താത്പര്യമുള്ള വ്യക്തി എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. അതുപോലെ തിരക്കുപിടിച്ച ബസ്സിലും ബസ്‌സ്റ്റോപ്പുകളിലും ട്രെയിനിലും മിഴിമുനകൾ ആശയങ്ങൾ കൈമാറുന്നതും, പലതും പറയാതെ പറയുന്നതും എത്രയോ തവണ കണ്ടിരിക്കുന്നു.

തുണിക്കടയിലെ പ്രായം ചെന്ന സെയിൽസ്മാൻ, മാനേജരെ പറ്റി സൂചിപ്പിച്ചപ്പോൾ മാത്രമാണ് ഞാൻ ആ സ്ത്രീയെ ശ്രദ്ധിക്കുന്നത്. ഏതോ ഒരു സ്വപ്നലോകത്തിൽ വ്യാപരിക്കുന്ന ആ മനസ്സിനെ ആ സുന്ദരമായ മുഖത്ത് ഒളിച്ചിതറുന്ന പകർച്ചകൾ അടയാളപ്പെടുത്തിത്തന്നു. ആ കൂമ്പിയ മിഴിമുനയുടെ ഇടക്കിടക്കുള്ള ധൃതചലനങ്ങൾ. പ്രണയാതുരമായ ആ നീലമിഴികൾ നിരന്തരം എന്തിനെയോ തേടിക്കൊണ്ടിരിക്കുന്നു.

ഒരിടത്ത് ഏറെ നേരം വിശ്രമിക്കുന്നു. പാറിപ്പറക്കുന്ന പൂമ്പാറ്റയെപ്പോലെ ആ മനസ്സ് ഒരിടത്ത് ഏറെ നേരം ചുറ്റിക്കറങ്ങുന്നത് കണ്ടെത്താൻ ആയിരം കണ്ണുകളൊന്നും വേണ്ടെന്ന് എനിക്ക് ആദ്യനോട്ടത്തിൽ തന്നെ ബോധ്യമായി. ഞാനവിടെ ഉണ്ടായിരുന്ന അല്പനേരത്തിനിടയിൽ പ്രണയത്തിന്‍റെ കടലാഴം ഒളിപ്പിച്ച മിഴിമുനകൾ എത്രയോതവണ ലക്ഷ്യസ്ഥാനത്തു പതിച്ചുകൊണ്ടിരുന്നു അതു മനസ്സിലൊളിപ്പിച്ച പ്രണയത്തിന്‍റെ വ്യക്തമായ പ്രതിഫലനമായി തോന്നി.

തുണിക്കടവിട്ടിറങ്ങി വഴിത്താര കടന്ന് ഒരിടത്ത് നിൽപ്പുറപ്പിച്ചു. അല്പനേരം കൂടി ദൂരെയുള്ള കഥാനായികയെ നിരീക്ഷിച്ചപ്പോൾ ചന്ദ്രേട്ടന് ഭാര്യയുടെ പ്രകൃതത്തിൽ മാറ്റം വന്നതായി സംശയം തോന്നിയതിൽ അത്ഭുതമില്ലെന്ന് വ്യക്തമായി. ഇനി കഥാനായകനെപ്പറ്റി അന്വേഷിക്കണം. എന്നാലേ തൃപ്തികരമായ വിശദീകരണം ചന്ദ്രേട്ടന് നല്കാൻ കഴിയൂ. ആ ചുമതല തോമാച്ചനെ ഏൽപ്പിക്കാം. തോമാച്ചൻ തിരക്കിലാണെങ്കിലും എന്‍റെ ഒരാവശ്യത്തിന് ഉപേക്ഷ കാണിക്കില്ല എന്നു തന്നെകരുതാം.

ഇടയ്ക്ക് ഫോൺ നോക്കിയപ്പോൾ അഞ്ചു മണി കഴിഞ്ഞിരിക്കുന്നതായി കണ്ടു. സംവിധായകനൊടൊപ്പമുള്ള കൂടിക്കാഴ്ച്ചക്ക് സമയമാകുന്നു. ഒരോട്ടോ വിളിച്ച് സ്ഥലം പറഞ്ഞു. ഓട്ടോക്കാരന്‍റെ വിസ്മയം നിറഞ്ഞ മുഖഭാവം കണ്ടില്ലെന്നു നടിച്ച് ഗൗരവത്തിൽ പുറത്തേക്ക് നോക്കിയിരുന്നു.
ആരാധന റസിഡൻസി. ടൗണിലെ കണ്ണായ പ്രദേശത്ത്‌ തലയുയർത്തി നിൽക്കുന്ന മനോഹരമായ ഹോട്ടൽ. ടൗണിലെത്തന്നെ ഒന്നാന്തരം ഹോട്ടലാണിത്. എത്രയോ തവണ ഈ സ്റ്റാർ ഹോട്ടലിനു മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാടു തവണ ഒന്നു കയറണമെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. ഇപ്പോഴാണ് അതൊന്നു സാധ്യമാകാൻ പോകുന്നത്.

കപ്പടാ മീശവച്ച സെക്യൂരിറ്റി ജീവനക്കാരന്‍റെ വിനീതവിധേയമായ അഭിവാദ്യം സ്വീകരിച്ച്, റിസപ്ഷനിലിരിക്കുന്ന അതിസുന്ദരിയുടെ കിളിനാദം ശ്രവിച്ച് ആഡംബരം നിറഞ്ഞു തുളുമ്പി പരിലസിക്കുന്ന 601-ാം റൂമിലേക്ക്.

കമനീയമായി അലങ്കരിച്ച വിശാലമായ 601-ാം നമ്പർ റൂം. വില പിടിപ്പിള്ള ഫർണീച്ചറുകൾ. റൂമിൽ സുഖകരമായ ഇളം തണുപ്പിനോടൊപ്പം നേർത്ത സുഗന്ധവും. ഗസലിന്‍റെ ശീലുകൾ മന്ത്രിക്കും പോലെ പടരുന്നു. വെളുത്ത വിരിയിയിട്ട ജാലകത്തിനരികെ പുറം തിരിഞ്ഞു നിൽക്കുന്ന ഒരാൾ. അതായിരിക്കും സംവിധായകൻ ദത്തൻ.

“സാം വെൽക്കം.”

പൊടുന്നനെ മുഴക്കമുള്ള അയാളുടെ ശബ്ദം അനുരണങ്ങളായി ആ റൂമിൽ പ്രതിധ്വനിച്ചു.
തേക്കുതടിയിൽ തീർത്ത വ്യാളീമുഖത്തിന്‍റെ അലങ്കാരപ്പണികളുള്ള കസേരയിൽ എനിക്കഭിമുഖമായി അയാളിരുന്നു. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്തശക്തിയാർന്ന കണ്ണുകൾ. കൈയ്യിലെ മദ്യചഷകം മേശമേൽ വച്ചശേഷം മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

“മി. സാം. താങ്കളെക്കുറിച്ച് എന്നോടു പറയുന്നത് തോമാസ് ആണ്. ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ യാദൃശ്ചികമായി താങ്കളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പറയുകയായിരുന്നു. അപ്പോഴാണ് താങ്കളുടെ സേവനം എനിക്ക് ആവശ്യമെന്നു തോന്നിയത്.” അയാളൊന്നു നിർത്തി.

തീർത്തും അപരിചിതമായ ആ അന്തരീക്ഷവുമായി സമരസപ്പെടാൻ ശ്രമിക്കുകയായിരുന്ന ഞാൻ സൗഹാർദ്ദപൂർവ്വം പുഞ്ചിരിയോടെ തലയാട്ടി. വില കൂടിയ സ്കോച്ച് മദ്യം ചിത്രപ്പണികളോടു കൂടിയ സ്ഫടിക ഗ്ലാസ്സിൽ അയാൾ പകരുമ്പോൾ, മദ്യം കഴിക്കാൻ അശേഷം താത്പര്യമില്ലാഞ്ഞിട്ടും ഞാൻ എതിർപ്പു പ്രകടിപ്പിച്ചില്ല.

തുടക്കത്തിൽ തന്നെ എന്‍റെ ഭാഗത്തു നിന്നുള്ള അത്തരമൊരു നീക്കം എന്നോടുള്ള സൗഹാർദ്ദപൂർവ്വമായ അദ്ദേഹത്തിന്‍റെ ഇടപെടലുകൾക്കു പ്രതിരോധം തീർക്കും. അത് മാനസികമായ അകൽച്ചക്കു വഴി വക്കും. അത് അയാളുടെ വാചാലതക്കു ഭംഗം വരുത്തും. അപ്പോൾ വിവരങ്ങൾ എല്ലാം തന്നെ ലഭിക്കണമെന്നില്ല. ഒരടുപ്പം അയാൾക്കു തോന്നിയാൽ, ചോദ്യങ്ങൾ ചോദിക്കാതെത്തന്നെ അറിവുള്ള എല്ലാ കാര്യങ്ങളും വെളിവായി വരും.
ഗ്ലാസ്സിൽ ഐസ്ക്യുബിട്ട് അല്പം തണുത്ത വെള്ളമൊഴിച്ച് എന്‍റെ നേരെ നീട്ടിയപ്പോൾ വിസമ്മതം പ്രകടിപ്പിക്കാതെ അതു വാങ്ങി. തോമാച്ചൻ പരിചയപ്പെടുത്തിയിട്ടുള്ള സ്ഥിതിക്ക് ഇനി എന്നെ പരിചയപ്പെടുത്തേണ്ടതില്ല. അതു കൊണ്ടു പതുക്കെ പറഞ്ഞു തുടങ്ങി.

“സാർ, താങ്കളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. താങ്കളെഴുതിയ സിനിമാ സംബന്ധിയായ ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ഒന്നു രണ്ടു സിനിമകൾ കണ്ടിട്ടുമുണ്ട്. താങ്കളെ പോലെ പ്രശസ്തനായ ഒരാളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചതിൽ സന്തോഷവും ഒപ്പം ആശ്ചര്യമുണ്ട്. എന്തു സേവനമാണ് എന്നിൽ നിന്നും ആഗ്രഹിക്കുന്നതെന്നറിയാൻ എനിക്ക് നല്ല ആകാംക്ഷയുണ്ട്.”

പതുപതുത്ത സോഫയിലേക്ക് ഒന്ന് ചാഞ്ഞിരുന്നു കൊണ്ട് അയാൾ ഒരിറക്ക് മദ്യം കഴിച്ചു.

“ശരി. ഞാൻ വളച്ചുകെട്ടില്ലാതെത്തന്നെ കാര്യം പറയാം. എനിക്കും അല്പം തിരക്കുണ്ട്. നിങ്ങൾക്കു അറിയാമെന്നു കരുതുന്നു എന്‍റെ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ആറു മാസത്തോളമായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് ഉത്തരം തേടിയാണ് ഞാൻ താങ്കളെ വിളിച്ചു വരുത്തിയത്.

ഈയൊരു പ്രശ്നം എന്നെ നേരിട്ട് ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല. എന്നിരുന്നാലും ഈയൊരു വിഷയം എന്നെ സദാ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നു. ജോലിയിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല മനസ്സ് കൈവിട്ടു പോകുന്നതായി തോന്നുന്നു.

ഇതിന്‍റെയെല്ലാം കാരണമെന്തെന്ന് എനിക്കറിയാം. ഒരു ചോദ്യം എന്‍റെയുള്ളിൽ പേരാലു പോലെ വളർന്നു തിടം വച്ചു വരികയാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന സേവനം.”

“ശരി. ഇനി ഞാൻ എനിക്ക് താങ്കളിൽ നിന്ന് ആവശ്യമുള്ള കാര്യങ്ങൾ പറയാം. ഒപ്പം അതുമായി ബന്ധപ്പെട്ട സംഭവങ്ങളും”.

സംവിധായകൻ ഒന്നു കൂടെ ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

തീർത്തും വാചാലനായ അദ്ദേഹത്തിന് സംസാരം തുടരുവാൻ ഞാൻ തലയാട്ടിക്കൊണ്ട് സമ്മതം നല്കി.

ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി വറുത്ത കശുവണ്ടിപ്പരിപ്പ് എടുത്ത് കഴിച്ച ശേഷം അയാൾ എന്നോട് മദ്യം കഴിക്കാൻ നിർബന്ധിച്ച ശേഷം പറഞ്ഞു തുടങ്ങി.

“ഇപ്പോൾ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ചിത്രം ‘ഓർമ്മപ്പൂക്കാലം’ ആറു മാസം മുൻപ് തുടങ്ങി വച്ചതാണ്. മുക്കാൽ ഭാഗത്തോളം ചിത്രീകരണവും കഴിഞ്ഞു. അതിനു ശേഷം ആ ചിത്രത്തിന്‍റെ ശിഷ്ടഭാഗം ചിത്രീകരിക്കാൻ തുടങ്ങുന്നത് രണ്ടാഴ്ച മുൻപ് മാത്രമാണ്. അതിനു പിന്നിലെ കാരണം ഒരു മരണമാണ്. അതെന്നെ മാനസികമായി വല്ലാതെ തളർത്തിക്കളഞ്ഞു. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി ഞാൻ. സത്യം പറഞ്ഞാൻ മനസ് എന്‍റെ വരുതിയിലല്ല. ഇപ്പോൾ കുറെയൊക്കെ അതിൽ നിന്നുള്ള ഒരു മോചനം തേടിയാണ് വീണ്ടും ഷൂട്ടിംഗ് പുനരാരംഭിച്ചത്. പക്ഷേ അതത്ര എളുപ്പമായി എനിക്ക് തോന്നുന്നില്ല.

എന്‍റെ ജോലിയെ മാത്രമല്ല ജീവിതത്തിന്‍റെ താളം തന്നെ തെറ്റിയിരിക്കുന്നു ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു. ആ മരണത്തിനു പിന്നിലെ ദുരൂഹത മറ നീക്കി പുറത്തുവരണം. എന്നാലെ എനിക്കെന്‍റെ മനസ്സിന്‍റെ ആധിക്ക് അറുതി വരുത്താനാവൂ.”
“ആരുടെ മരണം?”

ഞാൻ ആകംക്ഷയോടെ ചോദിച്ചു.

ദത്തൻ തെല്ലിട നേരം നിശ്ശബ്ദനായി. അയാളുടെ വലിയ കണ്ണുകൾ സജലങ്ങളായി. അല്പം കൂടെ മദ്യം ഗ്ലാസ്സിലൊഴിച്ച് അയാൾ പറഞ്ഞു തുടങ്ങി.

“ഞാൻ സിനിമയിലെ എല്ലാ മേഖലയിലും പുതിയ ആളുകൾക്ക് പരമാവധി അവസരം കൊടുക്കുന്ന സംവിധായകനാണ്. സിനിമാമേഖലയിൽ എത്തിപ്പെടാൻ ഞാൻ അനുഭവിച്ച അലച്ചിലുകളാണ് ഈയൊരു തീരുമാനത്തിലേക്ക് മനസിനെ പാകപ്പെടുത്തിയത്.

“ഓർമ്മപ്പൂക്കാലത്തിൽ മിക്ക വിഭാഗങ്ങളിലും പുതുമുഖങ്ങളെ ആയിരുന്നു പങ്കെടുപ്പിച്ചിരുന്നത്. ആ ചിത്രത്തിൽ മുഖ്യനായികാ കഥാപാത്രത്തിന്‍റെ സഹോദരിയായി അഭിനയിക്കാൻ ഒരു കുട്ടിയെ ആവശ്യമായിരുന്നു. നായികയുടെ അനുജത്തി ആണെങ്കിലും ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു അത് ഒരു തൂങ്ങിമരണത്തിലൂടെയാണ് ആ കഥാപാത്രത്തിന്‍റെ അവസാനം.

ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ കുട്ടിയെ കിട്ടിയിരുന്നില്ല. ഒരു പാട് പേരെ പരീക്ഷിച്ചിരുന്നെങ്കിലും അതൊന്നും തന്നെ എനിക്ക് തൃപ്തികരമായി തോന്നിയില്ല. ആ ഒരു കാരണം കൊണ്ടു പടത്തിന്‍റെ ചിത്രീകരണം തന്നെ തുടങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. അപ്പോഴാണ് കാസ്റ്റിംഗ് ഡയറക്ടർ റോയി ഒരു പ്രൊഫൈലുമായി എന്നെ സമീപിക്കുന്നത്.

സന മാത്യു, അതായിരുന്നു ആ കുട്ടിയുടെ പേര്. ഓമനത്തം തുളുമ്പുന്ന ഒരു പതിനെട്ടുകാരി. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗം. അടുത്ത ബന്ധം എന്ന് പറയാൻ അമ്മ മാത്രമേ ഉള്ളൂ. ഒരു സഹോദരനുണ്ടായിരുന്നത് ഒരപകടത്തിൽ മരിച്ചു. അത് ആ കുട്ടിക്കുമേൽ ഉത്തരവാദിത്വം വർദ്ധിപ്പിച്ചിരിക്കാം. ഒറ്റ നോട്ടത്തിൽ ഞാൻ മനസ്സിൽ കണ്ടിരുന്ന കഥാപാത്രത്തിന് അനുയോജ്യയെന്ന് തോന്നിയെങ്കിലും ആ കുട്ടിയുടെ കുടുംബ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആ കുട്ടിക്ക് അവസരം നല്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ആ വിവരം അപ്പോൾ തന്നെ കാസ്റ്റിംഗ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. സത്യത്തിൽ ഒരു പാട് പേരെ ആകഥാപാത്രത്തിനായി പരീക്ഷിച്ച് ഞാൻ മടുത്തിരുന്നു.”

“പിറ്റേന്ന് രാവിലെ ഷൂട്ടിംഗ് സെറ്റിലെ ആർട്ട് വർക്ക് വിലയിരുത്താനായി സൈറ്റിലെത്തിയപ്പോൾ കണ്ടത് എന്നെ കാത്തിരിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറേയും ആ കുട്ടിയേയും അമ്മയേയുമാണ്. ആർട്ട് വർക്ക് പരിശോധിക്കാനായി വന്ന എനിക്ക് നീരസം തോന്നിയെങ്കിലും ആ കുട്ടിയുടെ പ്രൊഫൈലിൽ സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളിൽ പ്രാവീണ്യമുള്ളതായി എഴുതിയിരുന്നു.

നായികയുടെ അനുജത്തി കഥാപാത്രത്തിന് ക്ലാസിക്കൽ നൃത്തത്തിലുള്ള പ്രാവീണ്യം തീർത്തും ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ഒരു പരീക്ഷണത്തിനു ഞാൻ തയ്യാറായി. ഉടനെത്തന്നെ അസോസിയേറ്റ്സിനെ വിളിച്ച് നായികയുടെ അനുജത്തിയുടെ ഒരു പാട് വൈകാരികത ആവശ്യപ്പെടുന്ന രംഗത്തിന്‍റെ ഷൂട്ടിനുള്ള ക്രമീകരണങ്ങൾ നടത്താൻ ആവശ്യപ്പെട്ടു.

പെട്ടന്നു തന്നെ രംഗസജ്ജീകരണം അവർ തയ്യാറാക്കി. പിന്നീടുള്ളഒരു മണിക്കൂർ ശരിക്കും പറഞ്ഞാൽ വിസ്മയത്തിന്‍റേതായിരുന്നു. അഭിനയകലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ആ കുട്ടി അക്ഷരാർത്ഥത്തിൽ എന്നെ മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാവരേയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.

ഞാൻ ആഗ്രഹിച്ച സ്വാഭാവികമായ അഭിനയത്തിന്‍റെ മനോഹരമായ ഒരു പ്രകടനമായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. ഒരുപാട് അഭിനയപരിചയമുള്ള അഭിനേതാക്കൾ ആണെങ്കിൽ കൂടി ആദ്യ ടേക്ക് ഓക്കേയാകുന്നത് അപൂർവമാണ്. ഈ കുട്ടി ആദ്യത്തെ ടേക്കിൽത്തന്നെ സങ്കീർണ്ണമായ ആ സീൻ കൃത്യമായി ചെയ്തിരിക്കുന്നു.

പിന്നൊന്നും ചിന്തിച്ചില്ല. പ്രൊഡക്ഷനിൽ വിളിച്ച് അഡ്വാൻസ് കൈമാറാനും താമസത്തിനും മറ്റുമുള്ള കാര്യങ്ങൾ തയ്യാറാക്കാനും ഒപ്പം നാളെത്തനെ ഷൂട്ടിംഗ് തുടങ്ങുകയാണെന്നും നിർദേശം നല്കി ഞാൻ ഹോട്ടലിലേക്ക് മടങ്ങി.

ദത്തൻ സാർ ഒന്നു നിശ്വസിച്ചു.

ദത്തൻ സാർ പറയുന്ന രീതി എന്നിൽ മതിപ്പുളവാക്കി. സംവിധായകരും കഥാകാരൻമാരുമെല്ലാം ഇത്തരത്തിലുള്ളവരായിരിക്കാം. അദ്ദേഹത്തിന്‍റെ വിവരണം കേൾക്കുമ്പോൾ കൺമുൻപിൽ ഓരോ രംഗവും ഇതൾ വിരിഞ്ഞു വരുന്ന അനുഭവം. ഏതായാലും ഇത്ര വാചാലമായ സംഭാഷണം ഞാൻ പ്രതീക്ഷിച്ചില്ല. അതുകൊണ്ടു തന്നെ ഇടയ്ക്കു കയറി പറഞ്ഞ് അദ്ദേഹത്തിന്‍റെ അനുഭവകഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചുമില്ല.

ദത്തൻ സാർ ഇപ്രകാരം കാര്യങ്ങൾ തുറന്നു പറയുന്നതിൽ തോമ്മാച്ചനും ഒരു പങ്കുണ്ടെന്നു തോന്നി. തോമാച്ചൻ ഇത്ര ചെറിയ കാലയളവിൽ നല്ലൊരു സൗഹൃദം ദത്തൻ സാറുമായി ഉണ്ടാക്കിയെടുത്തിരിക്കുന്നു എന്ന് വ്യക്തം. തോമാച്ചന്‍റെ അടുത്ത സുഹൃത്തായ എന്നോടും ആ സൗഹൃദത്തിന്‍റെ ഊഷ്മളത ദൃശ്യമാകുന്നുണ്ട്.

അപ്പോഴേക്കും കാലിയായ ഗ്ലാസ്സുകൾ നിറച്ചു കൊണ്ട് ദത്തൻ സാർ തുടർന്നു.

“ഏറെ ആശ്വാസത്തോടെയാണ് ഞാൻ ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഷൂട്ടിംഗ് നാളെത്തന്നെ ആരംഭിക്കാൻ കഴിയുന്നതിന്‍റെ ആഹ്ളാദം മനസ്സിൽ തിരതല്ലുകയാണ്. സാധാരണ പുതിയ പടത്തിന്‍റെ ആദ്യ ക്ലാപ്പടിക്കുന്ന ദിവസം എനിക്കൊരു പതിവുണ്ട്. സിനിമക്കാർക്കിടയിലുള്ള ഒരു വിശ്വാസം എന്നു തന്നെ കൂട്ടിക്കോളൂ.

അല്ല, എന്‍റെ അറിവിൽ എനിക്കു മാത്രമേ ഈയൊരു വിശ്വാസമുള്ളൂ. എന്‍റെ ഭാര്യ ആദ്യ ക്ലാപ്പിടക്കണം എന്നതാണ് എന്‍റെ നിർബന്ധം. എന്‍റെ ഭാര്യ അനുമോൾ ആദ്യ ക്ലാപ്പടിച്ച ശേഷം ചിത്രീകരിച്ച ചിത്രങ്ങൾ മെഗാഹിറ്റുകളാണ്. ഒരവസരത്തിലേ ആ പതിവു തെറ്റിയുള്ളൂ. അവൾക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ തീർത്തും വരാൻ പറ്റാത്ത ഒരു സാഹചര്യം വന്നു. ഫലമോ, പടം വൻ പരാജയം. എന്‍റെ സിനിമാ ജീവിതത്തിലെ ആദ്യ പരാജയം.”

അതും പറഞ്ഞ് ദത്തൻ സാർ ഒന്നു പുഞ്ചിരിച്ചു . അയാൾ വിദഗ്ധമായി മനസ്സിലൊളിപ്പിച്ചെങ്കിലും ഇടക്കിടക്ക് മുഖത്ത് ദൃശ്യമായി കൊണ്ടിരുന്ന സംഘർഷത്തിന് ഒരയവു വന്ന പോലെ തോന്നി.

“പുതിയ സിനിമയുടെ ആദ്യ ഷൂട്ട് എപ്പോൾ വേണമെങ്കിലും തുടങ്ങും എന്ന വിശ്വാസത്തിൽ എന്‍റെ ഭാര്യയും കുടുംബാംഗങ്ങളും എന്നൊടൊപ്പം ഉണ്ടായിരുന്നു. അങ്ങിനെ പിറ്റേന്ന് ശുഭമുഹൂർത്തത്തിൽ എന്‍റെ ഭാര്യ ആദ്യ ക്ലാപ്പിച്ച് ഷൂട്ടിംഗ് ആരംഭിച്ചു. പിന്നീട് ഷൂട്ടിംഗ് യാതൊരു മുടക്കവുമില്ലാതെ, ഒരവധി ദിവസം പോലുമില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഓരോ ദിവസവും അസാധാരണമായ അഭിനയത്തികവുകൊണ്ട് സന മാത്യു അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു വേള ചില രംഗങ്ങളിൽ ആ കുട്ടി നായികയെക്കൂടി അപ്രസക്തമാക്കിക്കൊണ്ടിരുന്നു.

നായികാ ദാരിദ്ര്യം അനുഭവിക്കുന്ന മലയാളസിനിമക്ക് അഭിനയത്തികവുമുള്ള ഒരു നായികയെ സംഭാവന ചെയ്യാൻ ഞാൻ ഒരു നിമിത്തമായതിൽ എനിക്ക് ആഹ്ളാദവും അഭിമാനവും തോന്നി. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല.

ദത്തൻ പൊടുന്നനെ നിശ്ശബ്ദനായി.

Novel: സമുദ്രമുഖം ഭാഗം- 14

ബാൽക്കണിയിൽ നിന്നു കൊണ്ട് ആഹാരത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണതു ശ്രദ്ധയിൽ പെട്ടത്. പോർച്ചുഗീസ് ഡച്ച് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റിനടുത്ത് പുതുതായി ഒരു പഞ്ചാബി ധാബ തുറന്നിരിക്കുന്നു. എന്‍റെ അറിവിൽ ഈ പ്രദേശത്ത് നോർത്തിന്ത്യൻ ആഹാരസാധനങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ കണ്ടിട്ടില്ല. ഇത്തരം ധാബകളിലെ മൃദുലമായ ചപ്പാത്തി അതീവ രുചികരമാണെന്നു കേട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞ നേരത്ത് അതൊന്ന് സന്ദർശിക്കാമെന്ന് തീരുമാനിച്ചു.

തൊഴിൽപരമായ പലതരം വിഷയങ്ങളെക്കാളുപരി ട്രീസയെക്കുറിച്ചുള്ള ചിന്തകളാണ് ഏറെ ആകുലപ്പെടുത്തുന്നത്. ഭൂഖണ്ഡങ്ങളുടെ അത്യന്തം വിദൂരമായ അകൽച്ച. ദിവസവും ഫോണിലൂടെ സംസാരമുണ്ടെങ്കിലും അകന്നിരിക്കുന്നത് മാനസികമായ ഇഴയടുപ്പത്തെ ഒരുപാട് ബാധിക്കുന്ന ഒന്നാണ്. എന്നന്നേക്കുമായ നഷ്ടപ്പെടലിനു തന്നെ അതു കാരണമായേക്കാം.

വീടും നാടുമുപേക്ഷിച്ചു രണ്ടും കല്പിച്ച് വിദേശത്തു പോകുന്നതും ചിന്തിക്കാൻ വയ്യ. അവളുടെ അമ്മ അങ്ങനെ വെറുതെ ഇരിക്കില്ല . നിശ്ചയമായും മകൾക്കായി വിവാഹാലോചനകൾ കൊണ്ടുവരും. മകൾക്കും മകനും ഇന്നാട്ടിലിരുന്നു വിദൂര രാജ്യത്തുള്ള കമ്പനിയിൽ ജോലി ഏർപ്പാടാക്കിയ അവർക്കാണോ മകൾക്കായി ഒരു വിവാഹബന്ധം തരപ്പെടുത്താൻ കഴിയാത്തത്! ഇപ്പോൾ തന്നെ ഈയൊരു വിഷയത്തിൽ അവൾക്കു മേൽ സമ്മർദ്ദമുണ്ടെന്നു തോന്നുന്നു. ആ മാധുര്യമുള്ള പതിഞ്ഞ ശബ്ദത്തിന്‍റെ താള ഭേദം, പതർച്ച അതെല്ലാം സംസാരത്തിനിടക്ക് ഞാൻ ഉൾക്കൊണ്ടതാണ്. ഞാൻ അറിഞ്ഞതാണ്.

വിദൂരതയിലിരുന്നു തന്നെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി അവൾ എല്ലാ കാര്യങ്ങളും തുറന്നു പറയാത്തതാവാം. അത്തരം എന്തെങ്കിലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ അവൾ കടുത്ത രീതിയിൽ തന്നെ എതിർക്കും. അതിനൊരു സംശയവുമില്ല. എത്രനാൾ എതിർക്കും? എന്നിൽ നിന്നും അനുകൂലമായ ഒരു നീക്കമുണ്ടാകാത്ത പക്ഷം എതിർപ്പിന് ശക്തി സ്വാഭാവികമായും കുറയും. പിന്നീട് ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

ഇല്ല. അവളെ ഞാൻ മനസ്സിലാക്കിയിടത്തോളം മറ്റാരാണ് മനസ്സിലാക്കിയിട്ടുള്ളത്? എത്ര സമ്മർദ്ദമേറിയാലും അവൾ അവസാന ശ്വാസം വരെ പിടിച്ചു നിൽക്കും. അതെനിക്കുറപ്പുണ്ട്. അതിനു മുൻപ് ഒരു തീരുമാനവും അതനുസരിച്ചുള്ള പ്രവർത്തനവും എന്‍റെ ഭാഗത്തു നിന്ന്‌ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉള്ളുലക്കുന്ന ചിന്തകളുമായി സമയം ഉച്ചയാകാറായി. വെയിലേറ്റ് മഞ്ഞച്ച ഇലകൾ ചുടുകാറ്റിൽ വഴിത്താരയിലേക്ക് പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. മനസ്സിലും പുറത്തെ പടർന്നു പിടിക്കുന്ന ചുടുകാറ്റിന്‍റെ പ്രതിഫലനം. റോഡ് മുറിച്ച് കടന്ന് പുതുതായി തുടങ്ങിയ പഞ്ചാബി ധാബയിൽ കയറി ഒരു ലസ്സി ഓർഡർ ചെയ്തു. ഇളംതണുപ്പുള്ള ലസ്സി ഏറെ സമയമെടുക്കാതെ കൊണ്ടുവന്നു തന്നു, അല്പാൽപ്പം നുണഞ്ഞിറക്കുന്നതിനിടെ മെനു കാർഡ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്.

തോമാച്ചൻ ഇവിടെ അടുത്തെവിടെയോ ഉണ്ട്. എന്നെ കാണേണ്ട ഒരു അത്യാവശ്യ കാര്യമുണ്ട്. നേരിൽ കണ്ട് ഉടനെത്തന്നെ സംസാരിക്കണമെന്നാണ് ആവശ്യം. ഞാനുടനെ ധാബയുടെ ലൊക്കേഷൻ തോമാച്ചന് അയച്ചു കൊടുത്തു. പത്തു മിനിറ്റിനകം വിയർത്തു കുളിച്ച് തോമാച്ചനെത്തി. വന്നപാടെ മേശപ്പുറത്തിരുന്ന ലസ്സി ഒറ്റയടിക്കു കുടിച്ചു തീർത്തു കസേരയിൽ തളർന്നിരുന്നു തോമാച്ചന്‍റെ പരവേശം തെല്ലൊന്നടങ്ങിയപ്പോൾ ഞാൻ ധാബക്കാരനെ വിളിച്ച് രണ്ടു ലസ്സിക്കു കൂടെ ഓർഡർ പറഞ്ഞു.

ആ സമയം മെനു കാർഡ് പരിശോധിക്കുകയായിരുന്ന തോമാച്ചൻ, രണ്ട് നാനിനും ഒരു പ്ലേറ്റ് പനീർ ബട്ടർ മസാലക്കും ഓർഡർ കൊടുത്തു കഴിഞ്ഞിരുന്നു. തെല്ലിട കഴിഞ്ഞ് വിയർപ്പാറി ശാന്തത കൈവരിച്ച തോമാച്ചൻ വന്ന കാര്യം പറയാൻ ആരംഭിച്ചു.

പ്രശസ്തനായ ഒരു സംവിധായകന് എന്നെ അടിയന്തിരമായി കാണണം. മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന അദ്ദേഹത്തിന്‍റെ പേര് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ സിനിമയിൽ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ആളുകളുമായി തോമാച്ചൻ ഇത്രവേഗം സൗഹൃദത്തിലായതിൽ എനിക്കു സന്തോഷം തോന്നി. എന്തായാലും കലാപരമായ യാതൊരു കഴിവും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത എന്നെ ആ പ്രശസ്തനായ സംവിധായകൻ കാണാനാഗ്രഹിക്കുന്നത് അലേർട്ട് ഡിറ്റക്ടീവ് ഏജൻസിയിൽ നിന്നും എന്തെങ്കിലും സേവനം കാംക്ഷിച്ചായിരിക്കും എന്നു മനസ്സു പറഞ്ഞു.

എന്നെക്കുറിച്ചും അലേർട്ട് ഡിറ്റക്ടീവ് ഏജൻസിയെക്കുറിച്ചും സേവനകളെക്കുറിച്ചും മറ്റു പല കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ സൂചിപ്പിച്ചുണ്ടെന്നും എന്നാൽ ഇപ്പോൾ എന്നെ അടിയന്തിരമായി കാണാൻ ആഗ്രഹിക്കുന്നതെന്തിനെന്ന് അറിവില്ല എന്നായിരുന്നു തോമാച്ചന്‍റെ എങ്ങും തൊടാതെയുള്ള മറുപടി.

സംവിധായകന്‍റെ പുതിയ പടത്തിന്‍റെ ഷൂട്ട് അടുത്തൊരിടത്ത് നടക്കുന്നുണ്ട്. ഞായറാഴ്ചകളിൽ സാധാരണ ഷൂട്ട് ഉണ്ടാകാറില്ല. അത്തരം ഒഴിവുള്ള ദിവസങ്ങളിൽ തോമാച്ചനെ അറിയിച്ചാൽ സംവിധായകൻ താമസിക്കുന്ന ഹോട്ടൽ മുറിയിൽ വന്ന് കാണാനുള്ള സൗകര്യം ഏർപ്പാടാക്കിത്തരും എന്ന നിർദേശമാണ് തോമാച്ചനു സംവിധായകനിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഏതായാലും നിലവിൽ യാതൊരു ജോലിയുമില്ല. എന്നാലും അല്പം തിരക്കു കാണിക്കുന്നതാണ് ഈയൊരു ഘട്ടത്തിൽ നല്ലതെന്നു തോന്നി.

മാർദ്ദവമേറിയ നാനും സുഖകരമായ ഗന്ധം പ്രസരിക്കുന്ന പനീർ ബട്ടർ മസാലയും ടേബിളിലെത്തിയപ്പോൾ തോമാച്ചൻ സംസാരിച്ചുകൊണ്ടിരുന്ന വിഷയം വിട്ടു. നാൻ അല്പം കീറിയെടുത്ത് ചാറിൽ ഒന്നു മുക്കി സമചതുരാകൃതിയിലുള്ള പനീർ പീസ് ഉള്ളിൽ വച്ച് മടക്കി കഴിച്ചപ്പോൾ എന്‍റെയും മനസ്സൊന്നു കൈവിട്ടു.

നാവിൽ രുചിയുടെ മുകുളങ്ങൾ തൊടിയിടയിൽ ഉണർന്നു പ്രവർത്തനക്ഷമമായി. നാക്കിനെ മയക്കുന്ന അപാരമായ രുചിമേളം ചില തരം വെജ് വിഭവങ്ങളുണ്ട്. ഇത് അതിൽ പെട്ടതാണ്.

സാവകാശം ആസ്വദിച്ച് നാൻ കഴിച്ചു തീർത്ത് അതിനു മുകളിൽ ഒരു ലസ്സി കൂടി കുടിച്ച് സംതൃപ്തനായി തോമ്മാച്ചൻ എഴുന്നേറ്റു. ഡിജിറ്റൽ മാർഗ്ഗം പണം കൊടുത്ത് ധാബ വിട്ട് പുറത്തു കടന്നപ്പോൾ വെയിലിന്‍റെ ഉഷ്ണ തീവ്രത കുറഞ്ഞിരുന്നു.

വെയിൽ ശമിച്ച തെരുവിലൂടെ നടന്നു പോകുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു തുടങ്ങി. വാച്ചിലേക്കും തുടർന്ന് ആകാംക്ഷയോടെ എന്‍റെ മുഖത്തേക്കും മാറി മാറി നോക്കുന്ന തോമാച്ചനെ ഇനിയും പരീക്ഷിക്കേണ്ടെന്നു കരുതി നാളെ രാവിലെത്തന്നെ സംവിധായകന്‍റെ വിഷയത്തിലുള്ള എന്‍റെ തീരുമാനം അറിയിക്കാമെന്നു പറഞ്ഞു. അതു കേട്ടതും തിരക്കുപിടിച്ച് ഒരു ഓട്ടോക്കു കൈ കാണിച്ച് അതിൽ കയറി തോമാച്ചൻ സ്ഥലം വിട്ടു. ഞാൻ ഓഫീസിലേക്കും.

ഓഫീസിലേക്കുള്ള ചുറ്റു ഗോവണി കയറി മരം പാകിയ വരാന്തയിലൂടെ നടക്കവേയാണ് നാസാരന്ദ്രങ്ങളെ ഉണർത്തിയ ഗന്ധം തിരതള്ളിയെത്തിയത് ! ആ ഗന്ധം തന്നെ! പതുപതുത്ത കേക്കിന്‍റെ ഗന്ധം!

പിറ്റേന്ന് കുളിരു തിരതല്ലുന്ന പുലർകാലം ആസ്വദിച്ചുകൊണ്ട് ഓഫീസിലേക്ക് പോകുമ്പോൾ ജിജ്ഞാസ മനസ്സിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു അപ്പോൾത്തന്നെ തോമാച്ചനെ വിളിച്ച് സംവിധായകനെ കാണാനുള്ള എന്‍റെ സമ്മതമറിയിച്ചു. ഏതായാലും പ്രശസ്തനായ ആ സംവിധായകനുമൊത്തുള്ള കൂടിക്കാഴ്ചക്ക് മനസ്സ് വെമ്പിത്തുടങ്ങി. അദ്ദേഹത്തിന് എന്തായിരിക്കും എന്നോട് അറിയിക്കാനുള്ളത്? ഏതു പ്രശ്നമാണ് അദ്ദേഹത്തെ അലട്ടി കൊണ്ടിരിക്കുന്നത്?

ഉന്മേഷത്തോടെ വഴിയോരത്തെ പച്ചപ്പുൽനാമ്പിൽ പറ്റിക്കിടന്ന മഞ്ഞുതുള്ളികൾ തട്ടിത്തെറിപ്പിച്ചു കൊണ്ട് നടക്കുമ്പോഴാണ് ഓഫീസിനരികിലെ ചെറിയ ചായക്കടയിൽ നീട്ടി ചായയടിക്കുന്നതു കണ്ടത്. ചായ കുടിച്ച് കൗതുകത്തിന് അവിടെ തുങ്ങിക്കിടന്ന ഒരു സിനിമാ മാഗസീനും വാങ്ങി ഓഫീസിലെത്തി. ഒരു മസാലച്ചായ വരുത്തി അല്പാൽപ്പം കുടിച്ചു കൊണ്ട് സിനിമാ മാഗസിന്‍റെ താളുകൾ മറിച്ചു നോക്കി.

കേരളത്തിലുടനീളം നടക്കുന്ന സിനിമാഷൂട്ടിംഗ് വിവരങ്ങൾ ലൊക്കേഷനുകൾ സഹിതം അതിൽ കൊടുത്തിട്ടുണ്ട് സിനിമാ പ്രവർത്തകരൊടൊപ്പമുള്ള നീണ്ട അഭിമുഖങ്ങൾ. അങ്ങിനെ താളുകൾ ഒന്നോടിച്ചു വായിച്ചു മറിക്കുമ്പോൾ യാദൃശ്ചികമായാണ് അടുത്തൊരിടത്ത് നടക്കുന്ന ഷൂട്ടിംഗ് വിശേഷങ്ങൾ ശ്രദ്ധയിൽ പെട്ടത്. വായിച്ചു നോക്കിയപ്പോൾ അത് തോമ്മാച്ചൻ പറഞ്ഞ സംഭവം തന്നെ.

സംവിധായകനുമൊപ്പം ദീർഘമായ ഒരു അഭിമുഖവും. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

ഈ സംവിധായകനെക്കുറിച്ച് ഞാനൊരു ലേഖനം വായിച്ചതോർക്കുന്നു. വിദൂരമായ ഒരു കുഗ്രാമത്തിൽ നിന്നും സിനിമയുടെ സ്വപ്നഭൂമികയിൽ എത്തി, ഒരു ഗോഡ്ഫാദറിന്‍റേയും പിൻബലമില്ലാതെ കഠിനാധ്വാനം കൊണ്ടും ജന്മസിദ്ധമായി ആർജിച്ച കഴിവുകൊണ്ടും മലയാള സിനിമാമേഖലയിൽ മുൻനിരയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന സംവിധായകൻ.

സിനിമ ആത്യന്തികമായി സംവിധായകനെ അടയാളപ്പെടുത്തുന്ന കലാരൂപമാണെന്ന് വിശ്വസിക്കുന്നയാൾ. ഒരു ചലച്ചിത്രം അന്തിമമായി അടയാളപ്പെടുത്തേണ്ടത് സംവിധായകന്‍റെ കയ്യൊപ്പിനാലെന്ന് തീർച്ചപ്പെടുത്തിയ ഒരാൾ. സിനിമയിലെ പല വിധ മേഖലയിൽ തന്നാലാവും വിധം പുതിയ ആളുകൾക്ക് അവസരം നല്കുന്ന സംവിധായകൻ. ഇതു വരെ ചെയ്ത സിനിമകളത്രയും കലാപരമായും സാമ്പത്തികമായും മികച്ച വിജയം നേടിയവ.

തന്നെ വിശ്വസിച്ച് സിനിമക്കായി പണം മുടക്കുന്നവർക്ക് മുടക്കു മുതലെങ്കിലും തിരിച്ചുകൊടുക്കലാണ് തന്നിലെ സംവിധായകന്‍റെ പ്രഥമ കർത്തവ്യം എന്ന് സംശയലേശമെന്യേ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു. അതിനു തടസ്സമാകുന്നതൊന്നും താൻ ചെയ്യുന്ന സിനിമകളിൽ ഉണ്ടാകില്ലെന്നു ഉറപ്പു പറഞ്ഞിരിക്കുന്നു. അതെല്ലാം നല്ല കാര്യങ്ങൾ തന്നെ. മാസിക മടക്കി ചായ കുടിച്ചു കഴിഞ്ഞ് ബാൽക്കണിയിൽ പോയി നിന്നു.

ദൂരെ വിശാലമായ ചില്ലകൾ പടർത്തി ഏവർക്കും തണലു നല്കി ദീർഘകായനായ മുത്തച്ഛനെപ്പോലെ എഴുന്നു നിൽക്കുന്ന പൂമരത്തിൽ ശ്രദ്ധിക്കുമ്പോഴാണ് തോമാച്ചൻ വിളിക്കുന്നത്.

പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.

“നാളെ ഞായറല്ലേ? ഞാൻ തയ്യാറാണ്. സംവിധായകനോട് ചോദിച്ച് വിവരം പറയൂ.”

തോമ്മാച്ചൻ സമ്മതിച്ചു കൊണ്ട് ഫോൺ കട്ടു ചെയ്തു. തിരിച്ച് ഓഫീസിലേക്ക് കയറുമ്പോഴാണ് കറുത്തു തടിച്ച് ദീർഘകായനായ ഒരാൾ സോഫയിൽ ഇരിക്കുന്നത് കണ്ടത്. എന്‍റെ കണ്ണിൽ പെടാതെ ഇയാളെങ്ങിനെ ഇവിടെ കയറിപ്പറ്റി എന്നാലോചിച്ച് കസേരയിൽ പോയിരുന്നു. അപ്പോഴാണ് അവിടെ കടൽകാറ്റിന്‍റെയും മത്സ്യത്തിന്‍റെയും ഗന്ധം അനുഭവപ്പെട്ടത്. അയാൾ എഴുന്നേറ്റു വന്ന് എനിക്കഭിമുഖമായി ഇരുന്നു. സിൽക്കു ജുബ, കൈവിരലുകളിൽ കനത്ത സ്വർണ്ണ മോതിരങ്ങൾ. കഴുത്തിൽ പിരിയൻ സ്വർണ്ണമാല. ഘനഗംഭീര സ്വരത്തിൽ പരിചയപ്പെടുത്തി.

“ഞാൻ ചന്ദ്രൻ. ഫിഷ് മർച്ചന്‍റാണ്. ഞാൻ ഒരിക്കൽ വിളിച്ചിരുന്നു. എന്‍റെ പ്രശ്നം ഞാൻ പറഞ്ഞിരുന്നു.”

പൊടുന്നനെ അയാളെയും അയാളുടെ വിഷയവും എനിക്ക് ഓർമ്മ വന്നു. മനസ്സിന്‍റെ ഇടർച്ചയും വ്യസനവും അയാളുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. അടുത്ത കാലത്തായി ഭാര്യയുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് ചന്ദ്രനിൽ സംശയം ജനിപ്പിച്ചത്. ആ മാറ്റങ്ങളെക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല. അതേകദേശം എനിക്കുഹിക്കാം, അയാളുടെ വിലാസവും ഭാര്യ മാനേജരായി ജോലി ചെയ്യുന്ന തുണിക്കടയുടെ വിലാസവും വാങ്ങി ഡയറിയിൽ കുറിച്ചെടുത്തു.

ഏതു നിമിഷവും പുറത്തേക്ക് ബഹിർഗമിക്കാവുന്ന ലാവ ഉള്ളിലൊതുക്കിയ അഗ്നിപർവ്വതമാണ് അയാളെന്നു തോന്നി. അതുകൊണ്ടുതന്നെ അധികമൊന്നും വിവരങ്ങൾ തേടിയില്ല. അയാൾ പറയുന്നത് കേട്ടിരുന്നു.

ആകെയുള്ള മകൾ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞ് വിദേശ രാജ്യത്ത് ചേക്കേറിയിരിക്കുന്നു. നാട്ടിൽ വന്ന് പോയിട്ട് ഏഴെട്ടു കൊല്ലമായി. വലിയ വീട്ടിൽ ഭാര്യ ഒറ്റക്കിരിക്കുന്നതിന്‍റെ ദു:ഖം അകറ്റാൻ ഇയാൾ തന്നെയാണ് നിർബന്ധിച്ച് തുണിക്കടയിലെ മാനേജർ ജോലി തരപ്പെടുത്തി കൊടുത്തത്. അതിപ്പോൾ ഇയാൾക്കു തന്നെ കോടാലിയായിട്ടാണ് വന്നിരിക്കുന്നത്.

ഭാര്യയിൽ വന്ന മാറ്റം കണ്ട് ജോലിക്കു പോകുന്നത് ഒഴിവാക്കാൻ ഇയാൾ ഒരു പാട് നിർബന്ധിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല. ജോലി ചെയ്യുവാനുള്ള ആഗ്രഹമല്ല അതിനു പിന്നിലെന്ന് ആർക്കും പകൽ പോലെ സുവ്യക്തമാണ് അതേക്കുറിച്ചു അയാൾക്കറിയാവുന്നതിൽ കൂടുതൽ വസ്തുതകളും വിവരങ്ങളും തുണിക്കടയിലെ സ്റ്റാഫുകൾക്ക് അറിയുമായിരിക്കും. ഒരാഴ്ചക്കകം വിവരങ്ങൾ കൈമാറാമെന്ന് ഉറപ്പു നല്കിയ ശേഷം അയാളെ യാത്രയാക്കി.

പുറമേക്ക് പരുക്കനായി തോന്നിച്ച ആ നിർഭാഗ്യവാനായ മനുഷ്യനോട് അനുകമ്പ തോന്നുകയാണ്. കാര്യങ്ങൾ അറിഞ്ഞിടത്തോളം സംഭവം അത്യന്തം ഗുരുതരമാണ്. ഒരു കുടുംബത്തിന്‍റെ തകർച്ചയിലേക്കുതന്നെ നയിക്കാവുന്ന കാര്യങ്ങൾ ഇതിലുണ്ട് ഏതായാലും സംവിധായകന്‍റെ വിഷയം മനസ്സിലാക്കിയ ശേഷം ഇയാളുടെ ഭാര്യയെക്കുറിച്ച് അന്വോഷിക്കണം. അയാൾ തന്ന അഡ്രസ്സിലെ തുണിക്കട അത്ര പ്രസിദ്ധമല്ല. മെയിൻ റോഡിനോടു ചേർന്നുള്ള ചെറിയ ഒരു കടയാണ്. ഏതായാലും അവിടെങ്ങും എനിക്ക് പരിചയക്കാരില്ലാത്ത സ്ഥിതിക്ക് വീട്ടമ്മയെ പിൻതുടരേണ്ടി വരും. ഒപ്പം തുണിക്കടയിലും ഒന്നു പോകേണ്ടിവരും.

ഞായറാഴ്ച വൈകീട്ട് സംവിധായകനുമൊത്തുള്ള കൂടിക്കാഴ്ച തോമാച്ചൻ ഏർപ്പാടാക്കിത്തന്നു. ടൗണിലെ മുന്തിയ ഒരു ഹോട്ടൽ. ഹോട്ടൽ ആരാധന. ആർക്കും ആരാധന തോന്നിക്കുന്ന നക്ഷത്ര ഹോട്ടൽ. സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും സ്ഥിരം തട്ടകം. സമയമുണ്ട്. അതു കൊണ്ട് തുണിക്കടയിൽ പോയി എന്തെങ്കിലും വാങ്ങാം എന്നു നിശ്ചയിച്ചു. ഞായറാഴ്ചയും തുറക്കുന്ന കടയാണ്. നല്ല കച്ചവടം ഞായറാഴ്ചയാകും ലഭിക്കുന്നത്. അമ്മ നിർബന്ധിച്ചു തന്ന ഒരു ഗ്ലാസ്സ് കടും കാപ്പിയും കുടിച്ച് രാവിലെത്തന്നെ നേരത്തെ പുറത്തിറങ്ങി.

ഇളം തണുപ്പുള്ള അന്തരീക്ഷം. പുൽക്കൊടിത്തുമ്പിൽ കുഞ്ഞു സൂര്യന്മാർ മിന്നിത്തിളങ്ങുന്നു. ഈറനുടുത്തു നിൽക്കുന്ന മരങ്ങൾ. അവയത്രയും ഉൾക്കൊണ്ടു കിടക്കുന്ന നേരിയ ചുകന്ന വെയിൽ. നാരായണേട്ടന്‍റെ കടയായിരുന്നു ആദ്യ ലക്ഷ്യം. എത്ര കഴിച്ചാലും മതിയാകാത്ത നേർത്തുമൊരിഞ്ഞ ദോശയും പൂ പോലെ മൃദുലമായ ഇഡലിയുമാണ് അവിടുത്തെ സ്പെഷൽ . കൂട്ടിന് ഉള്ളിച്ചമ്മന്തിയും സാമ്പാറും. പിന്നെ വേണമെങ്കിൽ പച്ച വെളിച്ചെണ്ണ കുഴച്ച ചട്നി പൊടിയും.

ദോശയെല്ലാം ഒറ്റയടിക്കുണ്ടാക്കി കണ്ണാടിക്കൂട്ടിൽ അട്ടിവക്കുന്ന രീതി അവിടില്ല. ചിലയിടങ്ങളിൽ അങ്ങിനെക്കിട്ടുന്ന തണുത്തു ഉണങ്ങിയ ദോശയും എനിക്ക് ഇഷ്ടമല്ല. ഇവിടെ ആവശ്യക്കാരുടെ ഓർഡറനുസരിച്ച് അപ്പപ്പോൾ ചൂട് ദോശ തയ്യാറാക്കലാണ് പതിവ്.

ചെറിയ ചായക്കടയിൽ രണ്ടോ മൂന്നോ ആളുകളേ ഉള്ളൂ. നേർത്തുമൊരിഞ്ഞ നെയ് ദോശ , വെളിച്ചെണ്ണയൊഴിച്ചു പതം വരുത്തിയ മുളകു ചമ്മന്തി ചേർത്ത് കഴിക്കുമ്പോൾ പുറത്തെ ഇളം തണുപ്പ് നേരിയ മഴയ്ക്ക് വഴിമാറി. ആ അവാച്യമായ സുഖം ആസ്വദിച്ച് നീട്ടിയാറ്റി പാലൊഴിച്ചു കൊഴുപ്പിച്ച ചായ അൽപാൽപം കുടിക്കുമ്പോൾ ഫിഷ് ബിസിനസ്സുകാരൻ ചന്ദ്രേട്ടനെക്കുറിച്ച് ആലോചിച്ചു.

കുടുംബജീവിതത്തിൽ അല്പസ്വല്പം ദാമ്പത്യ പ്രശ്നങ്ങൾ സാധാരണമാണ്. അവ പരമാവധി ഭാര്യയിലും ഭർത്താവിലുമായി ഒതുങ്ങി നിൽക്കാറാണ് പതിവ്. അത്യന്തം ഗുരുതരമാകുമ്പോഴെ പുറത്തു നിന്നുള്ള ഇടപെടലുകൾ അവരാവശ്യപ്പെടാറുള്ളൂ. അങ്ങനെയെങ്കിൽ ചന്ദ്രേട്ടന്‍റെ വിഷയം ഗുരുതരം തന്നെ.

സാമ്പത്തികമായി നല്ല ശേഷിയുള്ള കുടുംബമാണ്. ഭാര്യക്കു പോയി പണം സമ്പാദിക്കേണ്ട ആവശ്യമില്ല. എങ്കിൽ ഭർത്താവിന്‍റെ എതിർപ്പിനെ വകവക്കാതെ ധിക്കരിച്ചു കൊണ്ട് അവർ ജോലിക്കു പോകാൻ ഒരുമ്പെടുന്നതിനു പിന്നിൽ ജോലിയോടുള്ള താത്പര്യമല്ലെന്നു വ്യക്തം. അവരെ ജോലിക്കു പോകാൻ പ്രേരിപ്പിക്കുന്ന പ്രചോദനശക്തികൾ അവരുടെ ജോലിസ്ഥലത്തു ഉണ്ടായിരിക്കാം.

അതെന്തെന്നു കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുമ്പ് കണ്ടുപിടിച്ചാൽ എന്‍റെ പ്രശ്നത്തിന് സമീകരണമായി അതോടപ്പം ആ കണ്ടെത്തൽ ചന്ദ്രേട്ടന്‍റെ പ്രശ്നങ്ങളുടെ ആരംഭവുമാകും.

നാരായണേട്ടൻ ഒരു തവ ദോശമാവെടുത്തു ദോശ കൂട്ടാനുള്ള തയാറെടുപ്പിനിടയിൽ എന്‍റെ അനുവാദത്തിനായി എന്നെ ഒന്ന് നോക്കി പിന്നെയും ദോശ കഴിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവത് സംബന്ധിയായ വിഷയത്തിന്‍റെ ഹേതുവറിയാനുള്ള ജിജ്ഞാസ മൂലം എഴുന്നേറ്റു കൈ കഴുകി നാരായണേട്ടന് പണം കൊടുത്ത് പുറത്തിറങ്ങുമ്പോൾ പൊടിഞ്ഞു പെയ്തു കൊണ്ടിരുന്ന മഴ പൂർണ്ണമായും തോർന്നിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 13

ഒരു മാസം, ആ കാലയളവ് എങ്ങിനെ പൊയ്പോയി എന്നത് ആ മാസാവസാനം എനിക്ക് മനസ്സിലായതേ ഇല്ല. ജീവിതത്തിൽ യാതൊരു പുരോഗതിക്കു വേണ്ടിയും ഒരുമ്പെടാത്ത, യാതൊരു പുരോഗതിക്കും ദൃശ്യമാകാതെ പൊയ്പോയ ഒരു മാസക്കാലം.

എന്‍റെ തൊഴിലുമായി ബന്ധപ്പെടുന്ന ഫോറൻസിക് സയൻസുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിച്ചതാണ് ആകെയുള്ള ഒരു നേട്ടമായി തോന്നിയത്. അതിന്‍റെ എഴുതാപ്പുറങ്ങളിലേക്ക്, കാണാക്കയങ്ങളിലേക്ക് ഊളിയിട്ട് പൊയ്പോയ മനസ്സ്. മാഗി മാഡവുമായി ബന്ധപ്പെട്ട് പിന്നീട് ഒന്നും തന്നെ അറിയാൻ കഴിഞ്ഞില്ല. അറിയാൻ ശ്രമിച്ചുമില്ല. ഒരു തവണയോ മറ്റോ കുഞ്ഞച്ചൻ ആ കറുത്ത അംബാസിഡർ കാർ ഓടിച്ചു പോകുന്നതായി കണ്ടിരുന്നു.

ബീച്ച് റോഡിലേക്കുള്ള വഴിത്താരയിൽ പൂമരങ്ങൾ പൂത്തുതളിർത്തു നിന്ന പരിസരങ്ങളിൽ ആയിരുന്നു അയാളെ കണ്ടത്. പൂമരച്ചോട്ടിനരികെ പാർക്കു ചെയ്ത കാറിനരികിലേക്ക് ഹൃദയം തകർന്ന് നടന്നു പോകുന്ന മാഗി മാഡം. ആ കാഴ്ച ഏറെ നാൾ മനസിനെ ശക്തിയായി പിടിച്ചുലച്ചിരുന്നു. പിന്നെ അതെക്കുറിച്ച് ഓർക്കാതായി.

പരീക്ഷാക്കാലത്ത് എഴുതിയും വായിച്ചും പഠിച്ചിരുന്ന വസ്തുതകൾ തക്ക സമയത്ത് ഓർമ്മ കിട്ടാത്തതോർത്ത് പരീക്ഷാ ഹാളിലിരുന്ന് മനസ്സുനൊന്തു വ്യസനിച്ചിരുന്നു. മറവി മനുഷ്യനു ദൈവം നല്കിയ വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് ഇന്നറിയുന്നു. മനുഷ്യനെ മുന്നോട്ടു ചലിപ്പിക്കുന്ന ചാലകശക്തി മറവി തന്നെയെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു. അനവരതം നീറ്റലുള്ള ഓർമ്മകൾ വന്നു നിറയുമ്പോൾ മനസ്സ് മുന്നോട്ടു ചലിക്കുന്നതെങ്ങനെ? അത് മുറിവേറ്റ മനസ്സിന്‍റെ ഓർമ്മകളെങ്കിലോ? തുടർ ജീവിതം അസാദ്ധ്യം തന്നെ!

ഒരേ പോലെ ആവർത്തിക്കുന്ന ദിനരാത്രങ്ങൾ. ചിലപ്പോൾ ഓഫീസിനു പുറത്തെ ബാൽക്കണിയിൽ നിന്നു നോക്കുമ്പോൾ സമയവും സ്ഥലവും നിശ്ചലമായി തളം കെട്ടി നിൽക്കുന്നതായി തോന്നും. പിന്നെയാ തോന്നൽ ഈടില്ലാത്തതെന്ന് വ്യക്തമാകും. സ്ഥലകാലങ്ങളെ മറികടന്ന് ഒരാൾ നടത്തിയ യാത്രയെക്കുറിച്ചുള്ള ഒരു ലേഖനം പണ്ട് വായിച്ചതോർക്കുന്നു.

കുറെക്കാലം മുമ്പ് റുഡോൾഫ് ഫെന്‍റസ് എന്നൊരു വ്യക്തി തിരക്കേറിയ ഒരു തെരുവിൽ പ്രത്യക്ഷപ്പെട്ടു. ഉടനെത്തന്നെ കാറ് ഇടിച്ച് മരിക്കുകയും ചെയ്തു. അയാൾ കഴിഞ്ഞ നൂറ്റാണ്ടിലെ വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. അയാളുടെ പോക്കറ്റുകളിൽ നിന്ന് ലഭിച്ച വസ്തുക്കൾ എല്ലാം കഴിഞ്ഞ നൂറ്റാണ്ടിലേത്. അന്വേഷണത്തിൽ നിന്നും വെളിവായത് അയാൾപോയ നൂറ്റാണ്ടിൽ ഒരു നാൾ അപ്രത്യക്ഷനായ വ്യക്തി എന്നായിരുന്നു. ആ പ്രഹേളികക്ക് ഇന്നും ഉത്തരമില്ല. സമയത്തെ മറികടന്നു കൊണ്ട് ഒരു യാത്ര. ശാസ്ത്ര നിയമങ്ങളെ മറികടന്നുള്ള സംഭവപരമ്പരകൾ. അതിന് സമീകരണവുമില്ല.

ഇവിടെ നിന്നു നോക്കുമ്പോൾ എനിക്കു മുന്നിൽ പുതിയ കെട്ടിടങ്ങൾ ഉയരാനൊരുങ്ങുന്നുണ്ട്. ഉള്ള കെട്ടിടങ്ങൾ പുതിയ നിറമണിയുന്നുണ്ട്. ആളുകളും ആളുകളെ നിറച്ച വാഹനങ്ങളും ജീവബിന്ദുക്കളും എല്ലാം അനവരതം ലക്ഷ്യസ്ഥാനത്തെത്താൻ നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാമായിരിക്കും കാലപ്രയാണത്തിന്‍റെ സൂചനകൾ.

ഓഫീസിലും ഒരു മാറ്റം ഞാൻ കൊണ്ടുവന്നിരിക്കുന്നു. ചിലപ്പോൾ ഇവിടെ കാലം നിശ്ചലമാണെന്നു തോന്നിയാലോ? ബിനാലെയോടുബന്ധിച്ചുള്ള ഒരു ചിത്രപ്രദർശനം കാണാൻ അവസരം ലഭിച്ചപ്പോൾ മനസ്സിലുടക്കിയ ഒരു ചിത്രം, ഘാലിയുടെ ഉരുകുന്ന വാച്ചുകൾ, അതു കണ്ടപ്പോൾതന്നെ ഇഷ്ടപ്പെട്ടു. പറഞ്ഞ വില കൊടുത്ത് വാങ്ങി. അതിന്ന് ഓഫീസ് ചുമരിന് ഗാംഭീര്യം നൽകുന്ന പ്രസക്തമായ ഒരാഭരണമായി തൂക്കിയിട്ടിരിക്കുന്നു. മനുഷ്യർ വാച്ചുകൾക്കൊണ്ട് സമയത്തെ അളക്കാൻ തുനിയുന്നതിന്‍റെ വ്യർത്ഥത അടയാളപ്പെടുത്തുന്ന ഘാലിയുടെ ഉരുകുന്ന വാച്ചുകൾ.

എങ്കിലും സമയം മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അനാദൃശ്യമാകുന്നു. മനുഷ്യനെ നിരന്തരം കർമ്മബന്ധത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന സമയമെന്ന മായാജാലക്കാരൻ.

ഈ കാർന്നു തിന്നുന്ന വിരസതയിലും ട്രീസയുടെ പതിഞ്ഞ ശബ്ദത്തിലുള്ള മാധുര്യമാർന്ന കിളികൊഞ്ചലുകൾ ആശ്വാസം നൽകുന്നു. അവൾക്കു അവളുടെ അമ്മയുടെ സ്വാധീനം വഴി സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണ കമ്പനിയിൽ ജോലി തരപ്പെട്ടത്ര. എങ്ങും സുഗന്ധം മാത്രം പരന്നൊഴുകുന്ന പെർഫ്യൂം കമ്പനിയുടെ സ്റ്റോറിലാണ് ജോലി.

ഏതായാലുംഅവളുടെ അമ്മക്ക് ആ പ്രസിദ്ധമായ പെർഫ്യൂം കമ്പനിയുടെ നടത്തിപ്പുകാരിൽ കാര്യമായ സ്വാധീനമുണ്ട് എന്ന് വ്യക്തം. ആ സ്വാധീനം എനിക്കൊരു ദ്രോഹമായി വരുമോ എന്ന ഒരു സംശയം ഇല്ലാതില്ല. ഒരിക്കൽ വിളിച്ചപ്പോൾ അവൾ അപ്രതീക്ഷിതമായി പെട്ടെന്നൊരു ചോദ്യം. പാസ്പോർട്ട് എടുത്തിട്ടുണ്ടോ എന്ന്! താത്പര്യമെങ്കിൽ അവിടെ ഒരു ജോലി ശരിപ്പെടുത്തിത്തരാമെന്ന്. പറയാമെന്നു പറഞ്ഞ്‌ ഫോൺ കട്ടു ചെയ്തു.

ഇവിടുത്തെ കാറ്റും മഴയും വേനലുമറിയാതെ, ഉൾക്കൊള്ളാതെ, ഭൂഖണ്ഡങ്ങൾ താണ്ടാനോ? അമ്മ? എവിടെക്കുമില്ല. ജനിച്ചു വളർന്നിടത്തെ സാന്ദ്രമായ ജൈവസ്ഥലരാശികൾ ഉപേക്ഷിച്ച് എങ്ങോട്ടും ഇല്ല. ഏതായാലും അവൾക്കായി ഇവിടെ ഒരു ജോലി അന്വേഷിക്കേണ്ടിയിരിക്കുന്നു.

തുടർന്ന് അവൾ അമ്മയെക്കുറിച്ച് പറഞ്ഞു. അവളുടെ അമ്മ ഏറെ സമാധാനത്തിൽ കഴിയുന്നു. പഴയ പോലെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടലില്ല. സ്വന്തം നാടു പറ്റിയതിന്‍റെ ആശ്വാസത്തിന്‍റെ പ്രതിഫലനമാകാം ആ സന്തോഷം!

തോമാച്ചനെ പറ്റി വിവരമില്ല. ശേഷം സ്ക്രീനിൽ എന്നെഴുതിയ ഒരു സന്ദേശം കണ്ടു. കാര്യം അന്നേരം മനസ്സിലായില്ല. പിന്നീടാണ് അറിഞ്ഞത് തോമാച്ചൻ പുതിയ ലാവണം കണ്ടെത്തിയിരിക്കുന്നു.

അയാളുടെ പുതിയ കൂടുമാറ്റം രസകരമായിത്തോന്നി. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കുന്ന കോർഡിനേറ്റർ. ഒരു പാട് സൗഹൃദങ്ങളും ഒരു പാട് അഭിനയമോഹികളും ഉള്ള ഇന്നാട്ടിൽ തോമാച്ചൻ തിളങ്ങും എന്ന് എനിക്കു തോന്നി. എന്നാൽ കോർഡിനേറ്റർ മാത്രമായി ചുരുങ്ങാൻ തയ്യാറല്ല എന്ന് തോമാച്ചൻ വിശദീകരിച്ചു.

വർക്കുകൾ ഏറ്റെടുത്ത് കഴിവു തെളിയിച്ച് സംവിധായകരുടേയും നിർമ്മാതാക്കളുടേയും പ്രീതിയും നല്ല അഭിപ്രായവും പിടിച്ചുപറ്റി യോജിച്ച നല്ലൊരു അഭിനയാവസരം ഒത്തുവന്നാൽ സിനിമയിൽ അഭിനയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ആത്യന്തിക ലക്ഷ്യം.

തോമാച്ചന്‍റെ ചിലയവസരങ്ങളിലെ ശരീരഭാഷ കാണുമ്പോൾ മികച്ച അഭിനയം എന്നെനിക്ക് തോന്നാറുണ്ടെങ്കിലും അഭിനയമോഹം ഉള്ളിലുറങ്ങിക്കിടക്കുന്ന മികച്ച ഒരു കലാകാരനാണെന്നു എനിക്കറിയില്ലായിരുന്നു. തിരിച്ചറിയാതെപ്പോയ ഒരു പ്രതിഭ. ആ പ്രതിഭയെ തൊട്ടുണർത്തുന്ന സാഹചര്യമാണ് ഈ ജോലിയിലൂടെ ഒത്തു വന്നിരിക്കുന്നത്.

പണ്ടേതോ നാടകത്തിലൊക്കെ അഭിനയിച്ചിരുന്നെന്നു പറഞ്ഞപ്പോൾ ഞാൻ കാര്യമായി ഗൗനിച്ചിരുന്നില്ല. തുടർന്ന് ഈ മേഖലയിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ചു കേട്ടപ്പോൾ സംഗതി കൊള്ളാമെന്നു തോന്നി. ഒരാളെ ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിച്ചു നല്കിയാൽ എണ്ണൂറു രൂപ തോമാച്ചനു കിട്ടും. ചായ, ഭക്ഷണം, ലഘുഭക്ഷണം മുതലായവ ഇഷ്ടം പോലെ.

ആ എണ്ണൂറു രൂപയിൽ അഞ്ഞൂറു രൂപ ആർട്ടിസ്റ്റിനു പോകും. ബാക്കിമുന്നൂറു രൂപ കമ്പനിക്ക്. ഇതു പോലെ പലയിടങ്ങളിൽ ഷൂട്ടിംഗ് കാണും. വമ്പൻ പടമെങ്കിൽ കൂടുതൽ ദിവസവും കൂടുതൽ ആളുകളും വേണ്ടിവരും. അത്തരം അവസരങ്ങൾ ഒത്തുവന്നാൽ തോമാച്ചൻ കളം വാഴും. ഇതിനായി അഞ്ഞൂറു പേരടങ്ങുന്ന ഒരു വാട്ട്സപ്പ് കൂട്ടായ്മയും രൂപീകരിച്ചു. ആളെ ആവശ്യമെന്ന അറിയിപ്പു കിട്ടിയാൽ ആ വിവരവും ലൊക്കേഷനും സമയവും പ്രായവും മറ്റു വിവരങ്ങളും ഗ്രൂപ്പിൽ ഇടും. താത്പര്യം കാണിക്കുന്നവരുടെ ലിസ്റ്റ് ബന്ധപ്പെട്ട സിനിമാക്കാർക്കു നല്കും. പിന്നെ തോമാച്ചൻ നേരെ ലൊക്കേഷനിലേക്ക് .

പലയിടങ്ങളിൽ നിന്നായി അവിടെ എത്തിച്ചേരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ പട്ടിക തയ്യാറാക്കും. ജൂനിയർ ആർട്ടിസ്റ്റുകളെ കയ്യോടെ ഷൂട്ടിംഗിനേൽപ്പിച്ച് ലഘുഭക്ഷണം കഴിച്ചും സൗഹൃദങ്ങളുണ്ടാക്കിയും തോമാച്ചൻ ലെക്കേഷനിൽ കറങ്ങി നടക്കും. അന്നത്തെ ഷൂട്ടിംഗിനു ശേഷം പടത്തിൽ സഹകരിച്ചവരുടെ പട്ടിക പ്രൊഡക്ഷനിൽ ഏൽപ്പിച്ച് അന്നത്തെ പണം കൃത്യമായി കൈപ്പറ്റും.

ഇങ്ങിനെ തിരക്കുപിടിച്ച അവസ്ഥയിലാണെങ്കിലും എനിക്കൊരാവശ്യം വന്നാൽ അതിനായിരിക്കും പ്രഥമ പരിഗണനയെന്ന് തോമാച്ചൻ വാക്കു തന്നു. അതു കേട്ടപ്പോൾ അയാൾ കൈവിട്ടു പോയല്ലോ എന്ന് വിഷമിച്ച എനിക്ക് ആശ്വാസമായി.

സിനിമാ ലോകം! ഈ ചെറിയ ടൗൺസിനിമാക്കാരുടെ പ്രധാന കേന്ദ്രമാണ്. പലപ്പോഴുള്ള യാത്രകളിൽ എത്രയോ സിനിമാക്കാഴ്ചകൾ കണ്ടിരിക്കുന്നു. അന്നൊന്നും കാര്യമായി ശ്രദ്ധിച്ചിട്ടില്ല. കൊളോണിയൻ ഭരണത്തിന്‍റെ ബാക്കിപത്രമായ, കാര്യമായ കേടുപാടുകൾ സംഭവിക്കാത്ത മനോഹരമായ ശേഷിപ്പുകൾ ഇവിടെ ഒരുപാടുണ്ട്.

വെട്ടുകല്ല് പാകിയ മനോഹരമായ വഴിത്താരകൾ. വഴിത്താരക്കിരുവശവും പച്ച തഴച്ച നിരയൊത്ത മരങ്ങൾ. അവ കാണുമ്പോൾ വിദേശ രാജ്യത്തെ ഏതോ മനോഹരമായ സ്ഥലമെന്ന് തോന്നിപ്പോകും. ഇവിടുന്ന് നടക്കാവുന്ന ദൂരമേുള്ളൂ ബീച്ചിലേക്ക്. വെളുത്ത കമ്പിളി വിരിച്ച പോലെ നീണ്ടു കിടക്കുന്ന വെള്ളമണൽപ്പരപ്പ് അതിർത്തി നിശ്ചയിച്ച അപാരമായ നീലകടൽ. പിന്നെ ദൈവത്തിന്‍റെ സ്വന്തം നാടിനെ അടുത്തറിയാൻ മഹാസമുദ്രങ്ങളും വൻകരകളും താണ്ടി എത്തുന്ന വിദേശീയർ. ചെറിയ കാര്യങ്ങൾ അത്ഭുതം കലർന്നമിഴിയോടെ കാണുന്നവർ.

പിന്നെ സിനിമയിലെ ആരാധനാപാത്രമാകാൻ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന അഭിനയമോഹികൾ. അവർക്കു തന്നെയറിയാം ലക്ഷങ്ങൾ ഈയൊരു ലക്ഷ്യമിട്ട് അലയുന്നുണ്ടെന്ന്! അതിൽ നിന്നും സിനിമയിൽ മുൻനിരയിൽ എത്തിപ്പെടുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. മിക്കവാറും അഭിനയമോഹികൾ വേണ്ടപ്പെട്ടവരിൽ നിന്നുള്ള നിരന്തരമായ പഴി കേട്ട് മടുത്ത് ബന്ധുജനങ്ങളുടെ പരിഹാസം ഉൾക്കൊണ്ട് പതുക്കെ പിൻവലിയും. പിന്നെ അവർ ജീവിതം മുന്നോട്ടു പോകാനുള്ള തൊഴിലിലോ ബിസിനസ്സിലോ കയറിപ്പറ്റാനാണ് ശ്രമിക്കുക.

ഒന്നും വകവക്കാതെ അസ്ഥിക്കു പിടിച്ച സിനിമാ പ്രേമം മൂലം കുറെക്കൂടി മുന്നോട്ടു പോകുന്നവരുണ്ട്. ഇടക്ക് എപ്പോഴെങ്കിലും വെള്ളിത്തിരയിൽ മുഖം കാണിച്ച് അങ്ങനെ കുറെക്കാലം കഴിയുമ്പോൾ അവരും പച്ച കാണാതെ പിൻവാങ്ങും. അതു കൊണ്ടു തന്നെ സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും കാണുമ്പോൾ നമിക്കണം. സാധാരണക്കാർക്ക് ഏറെ ദുഷ്ക്കരമാണ് ഇത്തരം മേഖലകളിൽ മുൻനിരയിൽ എത്തിപ്പെടാൻ.

ചെറുപ്പകാലത്ത് സിനിമാ ഷൂട്ടിംഗ് കാണുമ്പോൾ പോയി നോക്കി നിൽക്കാറുണ്ട്. പിന്നെ പിന്നെ ആ പുതുമ പോയി. സിനിമ കാണുന്ന രസം ഷൂട്ടിംഗ് കാണുമ്പോഴില്ല എന്നു തീർത്തും ബോധ്യപ്പെട്ടു. ഏതായാലും തോമാച്ചന്‍റെ പുതിയ മേച്ചിൻ പുറം ഒന്നാന്തരമായി. ഇനി വിളിക്കുമ്പോൾ സിനിമാ സെറ്റിലെ ആഹാരത്തെക്കുറിച്ച് വിശദമായി ചോദിക്കണം. സിനിമാ സെറ്റിലെ ആഹാരത്തിന്‍റെ രുചി പിടിച്ചവൻ പിന്നെ അതു വിട്ട് പോകില്ലെന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 12

തോമാച്ചനെ വീട്ടിലെത്തിച്ച് സ്വന്തം വീടെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അമ്മയപ്പോഴും ഉറങ്ങിയിരുന്നില്ല. അമ്മയോട് പല തവണ പറഞ്ഞിട്ടുള്ളതാണ് ഉറക്കമിളക്കരുതെന്ന്. എന്നിട്ടും അതുകൂട്ടാക്കാറില്ല. നിർബന്ധപൂർവ്വം അമ്മയെ ഉറങ്ങാൻ വിടുമ്പോൾ ഒരു പയ്യൻ എന്നെ അന്വേഷിച്ചു വന്നതായി പറഞ്ഞു. അമ്മ അവന് ഫോൺ നമ്പർ നൽകിയെങ്കിലും ഇന്നങ്ങനെ അപരിചിതരാരും എന്നെ വിളിച്ചിരുന്നില്ലെന്ന് മനസ്സിലോർത്തു. അവന്‍റെ നമ്പറൊട്ട് തന്നതുമില്ല. ആരെങ്കിലുമാവട്ടെ നല്ല ക്ഷീണം.

ശരീര കലകൾക്ക് പുതുജീവൻ പകർന്ന് കിണറുവെള്ളത്തിന്‍റെ തണുത്ത തഴുകൽ. അലച്ചിലിനിടയിൽ എവിടെയോ പൊയ്‌പ്പോയ ഉണർവും ഉൻമേഷം പതിൻമടങ്ങായി തിരിച്ചെത്തിയ പ്രതീതി. കിണറ്റിനരികിൽ കുലവന്നു പച്ചച്ചു നിൽക്കുന്ന വാഴകളുടെ നിഴലുകൾ. ഇളങ്കാറ്റിൽ അവ പ്രേതരൂപങ്ങളെ പോലെ ഇളകിയാടുന്നു. അവയ്ക്കിടയിൽ തെല്ലിട നേരം മിന്നിത്തെളിഞ്ഞു എങ്ങോ പാറിപൊയ്‌പോകുന്ന മിന്നാമിന്നികൾ.

കുളിച്ചു കയറി വാതിലുപൂട്ടി ഉണ്ണാനിരുന്നു. അടച്ചു വച്ച പച്ചരിച്ചോറിൽ വെളിച്ചെണ്ണ പടർന്ന മീൻ കറിയൊഴിച്ചു. പിന്നെ മത്തി വറുത്തത് എടുത്തു പ്ലേറ്റിലേക്കിട്ടു. ഇന്ന് എന്നെ അന്വേഷിച്ചു വന്നവനാരാണ്? ഒന്നുകിൽ ഞാൻ കേസിൽ കുടുക്കിയ ക്വട്ടേഷൻ താരം. അതല്ലെങ്കിൽ മാഗി മാഡം വിഷയത്തിലെ അറ്റത്തെക്കണ്ണി. ഇവരിൽ ആരാണെങ്കിലും ആഗമനോദ്ദേശം വ്യക്തമാണ്. അഭ്യർത്ഥന അല്ലെങ്കിൽ അപേക്ഷ.

ഏതായാലും ഒന്നു തീരുമാനിച്ചു. നാളത്തെ ഒരു ദിവസം. അതോടു കൂടി ഈ വിഷയം അവസാനിപ്പിക്കണം. ഇനിയും ഇത് മനസ്സിലിട്ട് നടക്കാൻ കഴിയില്ല. നാളെ രാവിലെത്തന്നെ മാഡത്തെ വിളിച്ച് വിശദമായി സംസാരിക്കാനുള്ള സമയം കണ്ടെത്തണം. അതിനു മുൻപ് എന്‍റെ വാദങ്ങൾ അരക്കിട്ടുറപ്പിക്കാൻ തക്ക തെളിവുകൾ അടുക്കണം. സംസാരിക്കേണ്ടത് ഞാൻ മാത്രമല്ല തെളിവുകൾ കൂടിയാണ്.

ഊണു കഴിച്ച് കൈ കഴുകാനായി പോയപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. അസമയത്തുള്ള ആ ശബ്ദം കേട്ട് വേഗം കൈ കഴുകി വന്നു. വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ ഒരു പയ്യൻ. അവന്‍റെ മുഖത്ത് വല്ലാത്തൊരു പരവേശവും പരിഭ്രമവും വരാന്തയിലെ അരണ്ട വെളിച്ചത്തിൽ കൂടി വ്യക്തമായിക്കണ്ടു. കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. ആ ക്വട്ടേഷൻ പയ്യനല്ല.

ജനൽപ്പാളി തുറന്നതും അവൻ ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി. അതു കണ്ടതും പരിഭ്രമമായി. കരയാതിരിക്കു എന്ന് പറഞ്ഞ് അവനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. അമ്മയിതൊക്കെ കേട്ട് ഉണരുമോ എന്നതായിരുന്നു എന്‍റെ വേവലാതി. അവനെക്കൂട്ടി സോഫയിലിരുത്തി കുടിക്കാനായി വെള്ളം കെടുത്തു. പറ്റാവുന്ന പോലെ ആശ്വസിച്ചു. ഒടുവിൽ പയ്യനൽപ്പം നോർമലായി. അര മണിക്കൂറോളം ഇരുന്ന് അവന് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേട്ടു.

പലപ്പോഴും മനുഷ്യൻ തെറ്റു ചെയ്യുന്നത് അവനവനു വേണ്ടിയല്ല ആത്മബന്ധമോ മറ്റൊരാളോടുള്ള കടപ്പാടോ ഉള്ളിൽ അലിഞ്ഞ വൈകാരികതയോ ചെയ്ത തെറ്റുകൾക്ക് സമീകരണമാകാം. ഒടുവിൽ ഒരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയ അപരാധം ഉടനെ വെളിച്ചം കാണുമെന്ന് ബോധ്യമായാൽ പശ്ചാത്താപമായി, വ്യർത്ഥമായ കുറ്റബോധമായി. പയ്യൻ ചെയ്തത് ചെറിയ കുറ്റമല്ല. ഇളം പ്രായമാണ്. ഭാവി തന്നെ കൂമ്പടിയാൻ ഇതു മതി. ഏതായാലും അവന്‍റെ ഭാവി നിശ്ചയിക്കുന്നത് ഞാനല്ല. അതു തീരുമാനിക്കേണ്ടത് മാഗി മാഡമാണ്.

ഞാൻ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൻ മാഗി മാഡം നടത്താനിടയുള്ള തുടർപ്രവൃത്തികളെ ആശ്രയിച്ചിരിക്കുമത്. പയ്യനെ ആശ്വസിപ്പിച്ചു. ഭയക്കേണ്ടതില്ല. പഠിപ്പിൽ ശ്രദ്ധിക്കാൻ പറഞ്ഞു. അവന്‍റെ ഭയം കലർന്ന മുഖഭാവം മാറി. ഒരാശ്വാസം ആ മുഖത്ത് ദൃശ്യമായി. ഈ നട്ടപ്പാതിരക്ക് എങ്ങനെ വീട്ടിൽ പോകും എന്ന ചോദ്യത്തിന് ബൈക്കുണ്ടെന്നായിരുന്നു മറുപടി. അവനെ യാത്രയാക്കി വാതിലടച്ച് വന്നു കിടന്നു.

രാത്രി ഏറെ വൈകിയിരുന്നു. പടരാൻ തുടങ്ങിയ ഉഷ്‌ണതരംഗങ്ങൾ കിടപ്പുമുറിയിൽ സചേതങ്ങളായി. ഇടക്കെപ്പോഴോ അർദ്ധബോധാവസ്ഥയിൽ ജനലുകൾ തുറന്നിട്ടു. രാത്രി വിടരുന്ന പൂക്കളുടെ നേർത്ത ഗന്ധം ഉൾക്കൊണ്ട തണുത്ത കാറ്റ് ജനലഴിയിലൂടെ കടലേറ്റം പോലെ തിരയടിച്ചു. അതേറ്റ് അതിവേഗം രാവു പുലരാൻ കൊതിച്ച് കണ്ണടച്ചു. കൈപ്പടം കൊണ്ട് കണ്ണുകൾ അടച്ചു. അങ്ങിനെ കിടക്കുമ്പോഴാണ്  നിദ്ര പ്രാണപ്രേയസിപോലെ ഒളിച്ചു വന്ന് തഴുകിത്തലോടിയത്.

പിറ്റേന്ന് പുലർകാലെ എഴുന്നേറ്റ് ഓഫീസിലെത്തി. മാഗി മാഡത്തെ വിളിച്ചു. വിശദമായി സംസാരിക്കാൻ സമയം തേടി. ഇന്ന് രാവിലെ മകളുടെ ഒരു സംഗീത പ്രോഗ്രാം ഉണ്ടെന്നും അതു കഴിഞ്ഞ് ഉച്ചതിരിഞ്ഞ് ആദ്യം കണ്ടുമുട്ടിയ റസ്‌റ്റോറന്‍റിൽ വച്ച് കണ്ടു മുട്ടാമെന്നും അവർ അറിയിച്ചു. എങ്കിൽ അങ്ങനെയാകട്ടെ എന്നു പറഞ്ഞ് ഫോൺ വച്ചു. ഫോണിലൂടെ അവരുടെ ഹൃദയമിടുപ്പിന്‍റെ താളവും ഉത്കണ്ഠയുടെ ആവേഗവും ഞാൻ അനുഭവിച്ചറിഞ്ഞു

ഈ മെയിലുകളുടേയും ലാബ് റിപ്പോർട്ടിന്‍റേയും മറ്റു സന്ദേശങ്ങളുടേയും പ്രിന്‍റ് എടുത്ത് ഫയൽ ചെയ്ത ശേഷം ഫയലുമെടുത്ത് റസ്റ്റോറന്‍റിലേക്ക് പുറപ്പെട്ടു. അവിടെ ആൾത്തിരക്കില്ല. അവിടുത്തെ ശീതളമായ അന്തരീക്ഷം ഉഷ്ണരാശി പടർന്ന് തപിച്ച മനസ്സിന് ആശ്വാസദായകമായി. ഇനി എന്‍റെ മനസിൽ നിന്നുള്ള ഉഷ്ണായനo മാഗി മാഡത്തിന്‍റെ മനസിലേക്കാണ് പടരാൻ പോകുന്നത്.

റസ്റ്റോറന്‍റിനു പുറത്തും ഭൂമിയുടെ നെടുവീർപ്പെന്ന പോലെ ചൂടുണ്ട്. എവിടെ നിന്നോ തണവേറ്റി വന്ന ഇളകാറ്റിൽ പിന്നീടെപ്പോഴോ ഉഷ്ണം തെല്ലു ശമിച്ചു. ഒരു മീറ്റ് ബർഗറും മസാലച്ചായയുമായി ഒരൊഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിച്ചു. തെല്ലിട കഴിഞ്ഞ് കേക്കിന് പറഞ്ഞു. അതു കഴിച്ചു കഴിഞ്ഞപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. മാഗി മാഡം ഉടനെ വരുന്നെന്ന്. എന്താണിത്ര പെട്ടെന്ന് എന്നു ചോദിച്ചപ്പോൾ വന്നിട്ട് പറയാമെന്നായിരുന്നു മറുപടി.

ഫോൺ കട്ടു ചെയ്തതും പിന്നെയും കിളിനാദം. ആ കിളിനാദത്തിന്‍റെ ഉടമ ഞാനിത്രയും കാലം കാത്തിരുന്ന ഒരാളായിരുന്നു. എന്നാൽ അവർ വിളിച്ച സമയം ഒരുപാടുനേരം സംസാരിക്കുന്നതിനായി തീർത്തും അനുയോജ്യമല്ലാതായിപ്പോയി. അല്പനേരം സംസാരിച്ചു.

മനസ്സിലെ പരിഭവത്തിന്‍റെ ഇരുളാർന്ന കാർമേഘങ്ങൾ നീങ്ങിപ്പോയി. അവൾ വിളിക്കാതിരുന്നതിന്‍റെ കാരണം ബോധ്യപ്പെട്ടു. മനസ്സിൽ കുളിർമഴ പെയ്ത അനുഭവം. ഒരു മണിക്കൂറോളം ആ മഴ നിന്നു ചെയ്തു. മാഗി മാഡം വാതിൽ തുറന്ന് വരുന്നതു വരെ. മാഗി മാഡം വന്നു മുന്നിലിരുന്നു. മുഖം വാടിയിരിക്കുന്നു. വന്നപാടെ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ വെള്ളം കുടിച്ചു തീർത്തു. എന്നിട്ട് പറഞ്ഞു

“പള്ളിയിൽ മോൾടെ പ്രോഗ്രാമുണ്ടായിരുന്നു പറഞ്ഞില്ലെ. കുട്ടിക്കു നേരെ പാടാൻ പറ്റിയില്ല. മുൻപും പ്രോഗ്രാം ചെയ്തിട്ടുള്ളതാണ്. ഇതാദ്യായിട്ടാണ് ഇങ്ങനെ സ്റ്റേജീക്കയറിയതും മുഖത്താകെ പരിഭ്രമം. നേരെ പാടാനൊന്നും പറ്റീല്ല. ഞാൻ വേഗം കൂട്ടിക്കൊണ്ടു പോന്നു.”

ഇതു പറയുമ്പോൾ അവരുടെ മുഖമാകെ വിളറി വെളുത്തിരുന്നു. ഞാൻ അവർക്കായി തണുപ്പിച്ച മുന്തിരി ജ്യൂസ് ഓർഡർ ചെയ്തു. പൊടുന്നനെ അവരുടെ മുഖത്ത് ആകാംക്ഷ വന്നു നിറഞ്ഞു. പെട്ടന്നവർ ചോദിച്ചു.

“അന്വേഷണം കഴിഞ്ഞോ? ഇച്ചായന് എന്താ പറ്റിയേ?”

തെല്ലിട നേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി. മൗനം അഴിയാനായി ഞാൻ വാക്കുകൾക്കു പരതി. അങ്ങനെ അല്പനേരം കഴിഞ്ഞ് ഞാൻ പറഞ്ഞു തുടങ്ങി. അപ്പോൾ ഉദ്യോഗഭരിതമായ മിഴികളോടെ എന്നെ ഉറ്റുനോക്കുകയായിരുന്നു മാഡം.

“മാഡം ഇതേ റസ്റ്റോറന്‍റിൽ വച്ചാണ് നമ്മൾ ആദ്യം കണ്ടുമുട്ടിയത്. അന്ന് നിങ്ങൾ ഉന്നയിച്ച സംശയത്തിന് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ആ ഉത്തരം നിങ്ങളോടു പറയാൻ എനിക്കു വലിയ പ്രയാസമുണ്ട്. എങ്കിലും എന്‍റെ തൊഴിൽ പരമായ സത്യസന്ധതയും ധാർമ്മികതയും മൂലം ഞാൻ ഇക്കാര്യം പറയാൻ നിർബന്ധിതനായിരിക്കുന്നു. ഞാൻ നിങ്ങളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ വിവരിക്കാം. യോജിച്ചു പോകാൻ കഴിയാത്ത വസ്തുത ഞാൻ പറഞ്ഞെങ്കിൽ അതു തിരുത്തണം.” ഞാനൊന്നു നിർത്തി.

അവർ തലയാട്ടിക്കൊണ്ടതു അംഗീകരിച്ചു. ഞാൻ തുടർന്നു.

“നിങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നു വർഷക്കാലം നിങ്ങളുടെ കുടുംബം താമസിച്ചിരുന്നത് ഡൽഹിയിലായിരുന്നു. അവിടെയുള്ള ആർമിയുടെ ഹെഡ്ക്വാർട്ടേഴ്സിലാണ് നിങ്ങളുടെ ഹസ്ബന്‍റ് ജോലി ചെയ്തിരുന്നത്. തീർത്തും സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങൾ നയിച്ചിരുന്നത്. ആഴ്ച്ചാവസാനം ട്രിപ്പുകൾ ഒക്കെ നടത്തിയിരുന്നു. സെബാസ്റ്റ്യൻ എന്ന കുക്ക് അക്കാലം മുതൽക്കേ നിങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ അവിടുണ്ടായിരുന്നു. എന്നാൽ സന്തോഷകരമായ ജീവിതത്തിന്‍റെ മറുവശം ദുഃഖത്തിന്‍റേതായിരുന്നു.

ഒരു കുഞ്ഞുണ്ടാകണമെന്നുള്ള ആഗ്രഹം മൂന്നു വർഷമായിട്ടും സഫലമായില്ല. ഒടുവിൽ നിങ്ങളും ഹസ്ബന്‍റും പരിശോധനകൾക്കായി ഡോക്ടറെ സമീപിച്ചു. അവരുടെ കണ്ടെത്തലുകൾ നിങ്ങളുടെ ഭർത്താവിന്‍റെ ചില പ്രശ്നങ്ങളാണ് കുഞ്ഞുങ്ങളുണ്ടാകാത്തതിന് കാരണം എന്നതായിരുന്നു. അദ്ദേഹത്തിൽ നിന്ന് കുഞ്ഞുങ്ങളുണ്ടാകാൻ നേരിയ സാധ്യത പോലും ഇല്ലെന്ന അറിവ് ഇരുവരെയും തളർത്തിക്കളഞ്ഞു.

സന്തോഷകരമായ ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങി. പരസ്പരം കുറ്റപെടുത്തികൊണ്ടുള്ള വഴക്കുകൾ പതിവായി. അങ്ങിനെയിരിക്കെ പൂനെയിലേക്ക് ജോൺ സാറിന് ട്രാൻസ്ഫർ ലഭിച്ചു. അവിടെ വച്ചാണ് ഒരു കുഞ്ഞിനെ വളർത്തണമെന്ന നിങ്ങളുടെ ആഗ്രഹം ശക്തമായത്. നിങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ജോൺ സാറിന്‍റെ പരിചയമുള്ള ഒരനാഥ മന്ദിരത്തിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തു. അന്നു മുതൽ ഇന്നുവരെ ആ കുട്ടി നിങ്ങളുടെ സ്വന്തം മകളായാണ് നിങ്ങൾ സ്നേഹിച്ചതും പരിപാലിച്ചതും. ആദ്യകാലയളവുകളിൽ നിങ്ങളുടെ ഭർത്താവുമതെ.

ഡോക്ടറുടെ ഏകപക്ഷീയമായ വിധിയെഴുത്ത് ജോൺ സാറിന്‍റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു. അതെത്തുടർന്നുള്ള സങ്കീർണ്ണമായ മനസ്സിന്‍റെ വ്യാപാരങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരിക്കലും ചെയ്തു കൂടാത്ത പ്രവൃത്തികളിലേക്ക് അയാളെ നിരന്തരം കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരിക്കലും ചെയ്യരുതാത്ത ആ തെറ്റുകൾ നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ സാമീപ്യത്തിൽ അത്തരം തെറ്റുകൾ വാത്സല്യത്തിന്‍റേയും കരുതലിന്‍റെയും നിഷ്കളങ്കതയുടേയും മുഖപടമണിഞ്ഞു. അതോ നിങ്ങളിക്കാര്യം അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല.

വേർതിരിച്ചറിയാനാവാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങൾ തിരതല്ലുന്ന മാഡത്തിന്‍റെ മുഖത്ത് ഒന്നു പാളി നോക്കി കണ്ണുകൾ പിൻവലിച്ചുകൊണ്ട് പറഞ്ഞു.

“വളർന്നു വരുന്ന ആ കുട്ടിയുടെ മനസ്സ് വല്ലാതെ മുറിവേറ്റു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായമായപ്പോഴേക്കും ഉമിത്തീ പോലെ അവൾ നീറാൻ തുടങ്ങി. തീർത്താൽ തീരാത്ത പകയുടെ ലാവ ഒളിപ്പിച്ച ഒരഗ്നിപർവ്വതമായി ആ കുട്ടി മാറി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ച് സർവ്വത്തിനേയും തകർക്കാൻ ശേഷിയുള്ള അഗ്നിപർവ്വതം.

കടന്നൽ കൂടിളകുന്ന പോലുള്ള നശീകരണ ചിന്തക്കൊടുവിൽ ആ കുട്ടി ഒന്നു നിശ്ചയിച്ചു. കൊന്നുകളയുക. തന്നെ നിരന്തരം ദ്രോഹിക്കുന്നവനെ നിശ്ശേഷം ഇല്ലാതാക്കുക. അതിനായുള്ള മാർഗ്ഗങ്ങൾ അവൾ നിരന്തരം തേടിക്കൊണ്ടിരുന്നു. അങ്ങനെ പലതും അവൾ പ്ലാൻ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഭീതി മൂലം ഒന്നും നടപ്പിലായില്ല. വളരെ സേഫ് ആയ ഒരു മാർഗ്ഗത്തിനായി അവൾ നിരന്തരം പലവഴിക്ക് അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെ എവിടെ നിന്ന് ആ മാർഗം കണ്ടെത്തി എന്നറിയില്ല.

ഒരു സുരക്ഷിതമായ മെത്തേഡ് മനസിലാക്കി അത് പഴുതടച്ചു നടപ്പാക്കണമെന്നവൾ നിശ്ചയിച്ചു. അതിന്‍റെ നാനാവശങ്ങൾ പഠിച്ചു മനസ്സിലാക്കി. അതിനിടക്കാണ് ജോൺ സാർ റിട്ടയറായി നാട്ടിൽ സെറ്റിൽ ചെയ്യാൻ നിശ്ചയിച്ചത്. താരതമ്യേന അധികം ബഹളവും തിരക്കുമില്ലാത്ത ആ അന്തരീക്ഷം താൻ കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹസാഫല്യത്തിന് തീർത്തും അനുയോജ്യമെന്ന് അവൾ കരുതി. തുടർന്ന് അതിനു വേണ്ടത് സ്വരുക്കൂട്ടാൻ തുടങ്ങി. അതിനായി അവൾ തേടിയത് മാരക വിഷവും പെട്ടന്നു തന്നെ മരണപ്പെടാൻ കാരണമാകുന്ന പൊട്ടാസ്യം സയനൈഡായിരുന്നു. അതു ലഭിക്കുവാനായി തന്‍റേതായ രീതിയിൽ ആ പെൺകുട്ടി അന്വേഷണം തുടങ്ങി.

യാദൃശ്ചികമായി തന്‍റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ അച്ഛന് ഇലക്ട്രോപ്ലേറ്റിംഗുമായി ബന്ധപ്പെട്ട ബിസിനസ്സാണെന്നു മനസ്സിലാക്കി. ആ മാരക വിഷം ലഭിക്കുന്നതിനായി അവനുമായി സൗഹൃദം സ്ഥാപിച്ചു. ആ സൗഹൃദം മുതലെടുത്ത് അവൾ പൊട്ടാസ്യം സയനൈഡ് ആവശ്യപ്പെട്ടു.

ആ പയ്യൻ കഠിനമായി എതിർത്തെങ്കിലും എങ്ങനെയോ അതവൾ കരസ്ഥമാക്കി. ആ പയ്യൻ ഇന്നലെ എന്‍റെ വീട്ടിൽ വന്നിരുന്നു. അവന്‍റെ ക്ലാസ്സ് ടീച്ചർ എന്‍റെ അടുത്ത ബന്ധുവാണ്.

അന്തർമുഖിയായി ആരോടും വലിയ സൗഹൃദത്തിനു പോകാത്ത എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞുള്ള പ്രാകൃതമായ അലീന പെട്ടന്നൊരുനാൾ ഇലക്ട്രോപ്ലേറ്റിംഗ് ജോലിക്കാരന്‍റെ മകനുമായി സൗഹൃദത്തിൽ ആയതു ആ ടീച്ചറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈയൊരു കേസ് ഞാനാണ് അന്വോഷിക്കുന്നതെന്ന വിവരം അവനെങ്ങനെ അറിഞ്ഞെന്ന് വ്യക്തമല്ല.

ആ ടീച്ചർ അവനോടെന്തെങ്കിലും ചോദിച്ചതിൽ അവനു സംശയം തോന്നിക്കാണും. പെൺകുട്ടി പറഞ്ഞറിയാനും മതി. അങ്ങനെ മാരക വിഷം കരസ്ഥമാക്കിയ ശേഷം അതെങ്ങനെ പ്രയോഗിക്കണമെന്നവൾ ഒരു പാട് ചിന്തിച്ചു. ഭക്ഷണത്തിലൂടെ നല്കിയാൽ ആ ഭക്ഷണവും അവശിഷ്ടവും വ്യക്തമായ ഒരു തെളിവായി നിലനിൽക്കുമെന്നവൾ ഭയന്നു. മാത്രമല്ല മറ്റാരെങ്കിലും വിഷം കലർന്ന ഭക്ഷണം ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്ന് അവൾ പേടിച്ചു. അങ്ങനെ ഏറെ ആലോചിച്ച ശേഷം വിഷം കലർത്താൻ കണ്ടെത്തിയ ഒരു മാധ്യമമായിരുന്നു ടൂത്ത് പേസ്റ്റ്. ടൂത്ത് പേസ്റ്റിൽ കലർത്തിയാൽ അതാരുടേയും ശ്രദ്ധയിൽ പെടുകയില്ലെന്നവൾ കണക്കുകൂട്ടി. മാത്രമല്ല തന്‍റെ സ്വകാര്യവസ്തുക്കൾ മറ്റാരും പങ്കുവെക്കുന്നത് ജോൺ സാറിന് ഇഷ്ടമല്ല എന്നും രാത്രി വെറും ബ്രഷുകൊണ്ടാണ് പല്ലു തേക്കുക എന്നും രാവിലെ വലിയ അളവിൽ പേസ്റ്റ് എടുത്ത് അല്പം കൂടുതൽ നേരം പല്ലു തേക്കുന്നതാണ് ജോൺ സാറിന്‍റെ ശീലം എന്നും അവൾക്ക് അറിയുമായിരുന്നു. ഒരു ഒരു കാര്യത്തിൽ മാത്രമേ അവൾക്ക് സംശയമുണ്ടായിരുന്നു.

മാരക വിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച്‌ പല്ലു തേക്കുന്നത് മരണകാരണമാകുമോ എന്നുള്ളത്. അതെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഒരുത്തരം ലഭിച്ചില്ല. എങ്കിലും ഒരു പരീക്ഷണമെന്ന നിലക്കാണ് അവൾ മുന്നോട്ടു പോയത്. ഞാൻ നിങ്ങളുടെ വീട്ടിലെ ബാത്ത് റൂമിൽ നിന്നും താഴെ ചിതറിക്കിടക്കുന്ന രീതിയിൽ കണ്ടെടുത്ത ടൂത്ത് പേസ്റ്റിൽ മാരക വിഷം അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ടാണ് ആ ഫയലിലിരിക്കുന്നത്. താങ്കൾക്കു അതു പരിശോധിക്കാം.

വികാര വിക്ഷോഭങ്ങൾ കടലേറ്റം പോലെ തിരതല്ലുന്ന പ്രതിഫലനം മുഖത്തു നിന്നും വിദഗ്ധമായി മറക്കാൻ ശ്രമിച്ച് മാഗി മാഡം ആ ഫയലുകളെടുത്തു മറിച്ചു നോക്കി. അവരുടെ കണ്ണുതുളുമ്പി. അടക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത വിങ്ങൽ അടക്കികൊണ്ടു അവർ പറഞ്ഞു.

“ഇല്ല. വിഷബാധയേറ്റ മരണമായിരിക്കാം. എന്‍റെ ഇച്ചായന്‍റേത്. പക്ഷേ എന്‍റെ മകൾ അതു ചെയ്യില്ല. ഇച്ചായനെ ജീവനാണവൾക്ക് തിരിച്ചുമതേ. ഞാനിത് ഒരിക്കലും വിശ്വസിക്കില്ല. തീർച്ച പിന്നെ ഈ സംഭവവികാസങ്ങൾ നടക്കുമ്പോഴെല്ലാം അവൾ ടൂറിൽ ആയിരുന്നല്ലോ? പിന്നെങ്ങനെ?”

ഇത്രയേറെ ജീവിതാനുഭവങ്ങൾ ഉള്ള അവർ ഇത്ര ബാലിശമായ യുക്തിപ്രകടിപ്പിക്കുമെന്ന് ഞീൻ പ്രതീക്ഷിച്ചില്ല.

“മാഡം.” ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു

“മാഡം വല്ലാത്തൊരു വിഷമസന്ധിയിലാണെന്ന് എനിക്കറിയാം. ഞാൻ ഇങ്ങനെ പറയുന്നത് ക്രൂരതയാണെന്നതും എനിക്കറിയാം. അലീനയുടെ അമ്മ എന്ന് തന്നെയാണ് ഞാൻ താങ്കളെ വിളിക്കാൻ ആഗ്രഹിക്കുന്നത്. ഒരമ്മക്കും ഈയൊരവസ്ഥ വരരുതെന്നാണെന്‍റെ പ്രാർത്ഥന. പക്ഷേ എനിക്കു സത്യം പറഞ്ഞേ തീരു. നിങ്ങൾക്കറിയാമോ ഒരുപാടാളുകൾ എന്‍റെ സംശയദൃഷ്ടിയിൽ ഉണ്ടായിരുന്നു. ആദ്യമേ ഒന്നു മനസ്സിലാക്കുക. നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ ജോൺ സാറുമായി ഇടപെട്ട ആർക്കും അദ്ദേഹത്തോട് ദേഷ്യമില്ല. പകയില്ല. നീണ്ട വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ജീവിച്ച നിങ്ങൾക്കും ഇതറിയാം. പരിചയപ്പെട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല. മാന്യതയും മര്യാദയും ഉള്ള പെരുമാറ്റവും ഉദാരമായ സഹായമനസ്ഥിതിക്കുടമയായിരുന്നു ജോൺ സാറെന്നത് ഞാൻ പറഞ്ഞിട്ട് നിങ്ങൾക്കറിയേണ്ട പുതിയ കാര്യമല്ല.

ഒന്നും തന്നെ അർഹതയുള്ള ഒരാളെ സഹായിക്കാതിരിക്കാനുള്ള ഘടകമാവരുത് എന്ന് നിർബന്ധമുള്ള അദ്ദേഹത്തോട് ഈ ലോകത്തിൽ ഒരാൾക്കൊഴിച്ച് ആർക്കും ദേഷ്യമില്ല അടങ്ങാത്ത പകയില്ല. അല്ലെങ്കിൽ ഈ ലോകത്ത് ഒരാൾക്കു മാത്രമേ അദ്ദേഹത്തോട് പകയുള്ളൂ. അതാകട്ടെ തീർത്താൽ തീരാത്ത പക. ജീവനെടുക്കുന്ന വിനാശകാരിയായ പക. ആ പക വച്ചു പുലർത്തുന്നത് നിങ്ങളുടെ മകളാണ്. അതൊരു ദിവസം കൊണ്ടുണ്ടായതല്ല. വർഷങ്ങളായി ചേർത്തുവച്ച് മഹാമേരുവോളം വളർത്തിയെടുത്ത ഒന്നാണ്. ഈയൊരു വസ്തുത ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ വീട്ടിൽ വച്ചു തന്നെയാണ്.

നിങ്ങൾ രണ്ടാമതു തന്ന ആൽബം. അതിലെ കുടുംബ ഫോട്ടോകൾ. ആ പുതിയ ഫോട്ടോസ് ഉള്ള ആൽബം സൂക്ഷിച്ചിരുന്നത്, യാതൊരു തർക്കവുമില്ല നിങ്ങളുടെ മകളായിരുന്നു. അതിലെ കുടുംബ ചിത്രങ്ങൾ. നിങ്ങൾ, ജോൺ സാർ, അലീന. ആ ചിത്രങ്ങളിൽ ജോൺ സാറിന്‍റെ ഫോട്ടോസ് ഉടനീളം കോമ്പസ്സു കൊണ്ടു കുത്തി വരഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ തല മുഴുവൻ കോമ്പസ്സുകൊണ്ട് ദ്വാരമിട്ട് വികൃതമാക്കിയിരിക്കുന്നു. ഇതിനു പിന്നിലുള്ള മനശ്ശാസ്ത്രമെന്താണ്? വാത്സല്യമോ? നിങ്ങൾ പറയൂ.

ഒരാളുടെ മേൽ നശീകരണ സ്വഭാവം ഏറിയ മനോവ്യാപാരമുള്ള ഒരാളെ അത്തരം പ്രവൃത്തികൾ ചെയ്യൂ. പിന്നെ ടൂറിന്‍റെ കാര്യം. അതു നിങ്ങൾ പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. ജോൺ സാറിന്‍റെ മരണ ദിവസത്തിനും തലേന്നും ഉണ്ടായ സംഭവങ്ങൾ ഞാൻ വിവരിക്കാം. സ്കൂളിൽ നിന്നും ആദ്യമായി ടൂർ പ്രോഗ്രാമിന്‍റെ ദിവസം നിശ്ചയിച്ചപ്പോൾ അലീന പേരു നല്കിയിരുന്നില്ല. ടൂറിനൊക്കെ പോയി അടിച്ചു പൊളിക്കാനുള്ള ഒരു മാനസികാവസ്ഥ ആ കുട്ടിക്കില്ല. ആ മനസ്സിലേറ്റ മുറിവിന്‍റെ ആഴം വലുതാണ്. ആ മുറിവിന്‍റെ വേദനക്ക് ശമനം കിട്ടണമെങ്കിൽ ആ വേദന വരുത്തിയവന്‍റെ മരണം കൊണ്ടു മാത്രമേ കഴിയൂ എന്ന് ഉപബോധമനസ്സിൽ അരക്കിട്ടുറപ്പിച്ച ഒരു വ്യക്തിയാണവൾ.

ആദ്യം ടൂറിനു പേരു കൊടുത്തില്ലെങ്കിലും പിന്നീടവൾ ഒന്നു ചിന്തിച്ചു. അങ്ങനെ തന്‍റെ ആഗ്രഹ പൂർത്തികരണത്തിന്‍റെ ഒരു മറയാക്കി ഈ ടൂർ പ്രോഗ്രാമിനെ മാറ്റുകയായിരുന്നു. ആദ്യം ടൂർ പ്രോഗ്രാമിന് ഇല്ലാതിരുന്ന അലീന അവസാന നിമിഷത്തിലാണ് പേരു നല്കിയതെന്ന് വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഞാൻ ആ ദാരുണമായ മരണം നടന്ന രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങൾ വിവരിക്കാം.

നിങ്ങൾ ജോൺ സാറുമായി ബാൽക്കണിയിലിരുന്ന് സംസാരിച്ച ദിവസം അതായത് അദ്ദേഹം മരിച്ചതിന്‍റെ തലേന്ന് രാവിലെ പുറത്തു പോയ അദ്ദേഹം വൈകീട്ടോടെയാണ് തിരിച്ചെത്തിയത്. അലീന ലെഗേജുമായി ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ കോളേജിലേക്കിറങ്ങിയത് ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് അല്പം വിശ്രമിച്ച ശേഷവും.

രാവിലെ ജോൺ സാർ വീട്ടിൽ നിന്നിറങ്ങിയ ഉടനെ അലീന മുകൾ നിലയിലേക്കു വന്നു. ബാത്ത് റൂമിൽ കയറി ടൂത്ത് പേസ്റ്റ് എടുത്ത് തന്‍റെ മുറിയിലേക്കു പോയി. വളരെ ശ്രദ്ധാപൂർവ്വം വലിയൊരളവ് ടൂത്ത്പേസ്റ്റ് നീക്കം ചെയ്ത ശേഷം റൂമിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സയനൈഡ് എടുത്ത് ട്യൂബിൽ നിറച്ചു. നീക്കം ചെയ്ത ടൂത്ത് പേസ്റ്റിലും സയനൈഡ് ചേർത്ത് അതും കുറെയൊക്കെ ട്യൂബിലേക്ക് നിറച്ച് ബാത്ത് റൂമിൽ കൊണ്ടു വച്ചു. തുടർന്ന് അവൾ ടൂറിനു പോകുകയാണുണ്ടായത്.

ജോൺ സാർ വൈകുന്നേരം വന്നതിനു ശേഷമുള്ള കാര്യങ്ങൾ നിങ്ങൾക്കറിയാവുന്നതാണ്. വൈകുന്നേരം ഉറങ്ങാൻ പോകുമ്പോൾ വിയർക്കുകയും നെഞ്ചു തടവുകയും ചെയ്തതായി നിങ്ങൾ പറഞ്ഞിരുന്നല്ലേ. ഒരു മൈനർ അറ്റാക്കിലൂടെ അദ്ദേഹം കടന്നു പോകുകയായിരുന്നു. എന്നാൽ അതല്ല മരണകാരണം. മാരക വിഷമായ സയനൈഡ് വലിയ തോതിൽ അടങ്ങിയ പേസ്റ്റ് കൊണ്ട് പല്ലു തേച്ചതു തന്നെയാണ് മരണത്തിന്‍റെ യഥാർത്ഥ കാരണം. ഒപ്പം നേരിയ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളും ശരീരം കാണിച്ചു.

സയനൈഡിന്‍റെ മാരകമായ പ്രഹരശേഷിയിൽ അദ്ദേഹം കുഴഞ്ഞു നിലത്തുവീണു, ആ വീഴ്ചയിൽ നെറ്റി എവിടെയോ തട്ടി. മുഴ കാണപ്പെട്ടു എന്ന് പറഞ്ഞിരുന്നില്ലേ അത് അങ്ങനെ സംഭവിച്ചതാണ്. അനുഭവങ്ങളുടെ മഹാസമുദ്രം താണ്ടിയ താങ്കളുടെ കുടുംബ ഡോക്ടർക്ക് ഇത് സയനൈഡ് പോയസനെന്ന് അറിയാഞ്ഞതല്ല. താങ്കളുടെ കുടുംബത്തോട് വലിയ കടപ്പാടുള്ള അയാൾ ഇതുമൂലം കുടുംബത്തിന് നേരിടേണ്ടി വരാവുന്ന പ്രയാസങ്ങളെ ഭയന്നു.

സയനൈഡിന്‍റെ മാരകമായ പ്രഹരശേഷിയെക്കുറിച്ച് പറയപ്പെടുന്ന ഒരു സംഭവ കഥയുണ്ട്. ഒരു ഡോക്ടർക്ക് അദമ്യമായ ആഗ്രഹം ഇതിന്‍റെ രുചി അറിയണമെന്ന്. ആരെങ്കിലും രുചിച്ചു നോക്കിയാലല്ലേ രുചി അറിയാൻ കഴിയു? ആരും തന്നെ അത്തരമൊരു കാര്യത്തിന് ഒരുമ്പെട്ടില്ല. സ്വന്തം ജീവൻ പണയം വച്ച് ശാസ്ത്രലോകത്തിന് ഒരറിവ് നല്കേണ്ട കാര്യം അവർക്കില്ലയിരുന്നു.

എന്നാൽ ആ ഡോക്ടർ മരിച്ചാലും സാരമില്ല ശാസത്ര ലോകത്തിന് തന്‍റെ ജീവത്യാഗം കൊണ്ട് ഒരു പുതിയ അറിവ് നല്കാനാകുമല്ലോ എന്ന് ചിന്തിച്ച് മരണപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും, റേഡിയം പരീക്ഷണത്തിലേർപ്പെട്ട മാഡം ക്യൂറിയെപ്പോലെ ഒരൽപ്പം സയനൈഡ് രുചിച്ചു. അദ്ദേഹത്തിന് ആ രുചിയുടെ വാക്കിന്‍റെ ആദ്യത്തെ അക്ഷരം മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. ശേഷം പറയേണ്ടതില്ലലോ?

ലാബ് റിപ്പോർട്ട് എടുത്തു നോക്കു. ചെറിയ അളവല്ല. വലിയ തോതിലാണ് പോയസൻ ടൂത്തപേസ്റ്റിൽ ഉണ്ടായിരുന്നത്. അതും നല്ല ഒരളവ്‌ പേസ്റ്റ് പുറത്തെടുത്തശേഷവും. അതുകൊണ്ടുതന്നെ മറ്റൊരു മരണ സാധ്യതയെപ്പറ്റി ചിന്തിക്കുക പോലും വേണ്ട.

ടേബിളിൽ രണ്ടു കൈക്കുള്ളിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു മാഡം. നേർത്ത നീർച്ചാലുകൾ ആ കൈകളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാൻ വേപഥുവോടെ കണ്ടു. എന്തു പറഞ്ഞാണ് എങ്ങനെയാണിവരെ സമാധാനിപ്പിക്കേണ്ടത്? ആശ്വസിപ്പിക്കേണ്ടത്? അറിയില്ല. ജ്യൂസ് കൊണ്ടു വച്ചിട്ട് എറെ നേരമാകുന്നു. ഒടുവിൽ രണ്ടും കല്പിച്ച് അവരെ വിളിച്ചു. അവർ തലയുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണുകൾ. എനിക്കവരോട് അനുകമ്പ തോന്നി. ഈയൊരു പരീക്ഷണം ശത്രുക്കൾക്കു പോലും വരുത്തരുത്. പുറത്തെ പൊടിഞ്ഞ മഴയിലും അവരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പിന്‍റെ ചാലുകൾ ഒഴുകി. അവർ പരവേശത്തോടെ ജൂസെടുത്തു കഴിച്ചു.

ഞാൻ പറഞ്ഞു.

മാഡം മനുഷ്യന്‍റെ ജീവിതം എന്നും പരീക്ഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്നതാണ്. തനിക്കു ചുറ്റുമുള്ള സാഹചര്യത്തെയും ഇടപെടുന്ന മനുഷ്യർക്കുമനുസരിച്ചു ഓരോരുത്തർക്കും വെവ്വേറെ പരീക്ഷണങ്ങൾ ആകാം എന്നേയുള്ളു ജീവിതാന്ത്യം വരെ നിരന്തരം അവ നമ്മെ പിൻതുടരുന്നു. അത്തരം പരീക്ഷണളെ മനസ്സിന്‍റെ ശക്തിയാൽ പ്രതിരോധിക്കുക.

ഒരു പാട് പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ജീവിച്ച് ഒരു പാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ് നിങ്ങൾ. സംഭവിക്കാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ സംഭവിച്ചു. ശരിയും തെറ്റുമെല്ലാം അവനവൻ നിശ്ചയിക്കുന്ന അളവുകോലായി, മാനദണ്ഡങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ഫലപ്രദമായി പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തുണ്ട്. അതൊടൊപ്പം നിസ്സാരമായ പ്രശ്നങ്ങളിൽ കാലിടറി വീഴുകയുംചെയ്യും. അതുകൊണ്ടു ഈ അവസ്ഥയെ അതിജീവിക്കുക, കുടുംബത്തിന്‍റെ നല്ലഭാവിയിലേക്ക് നല്ല തീരുമാനമെടുക്കുക. ഉചിതമായത് ചിന്തിക്കുക… പ്രവർത്തിക്കുക….

ഞാൻ പറഞ്ഞത് ഉൾകൊണ്ട മുഖഭാവത്തോടെ അവർ എഴുന്നേറ്റു. യാത്ര ചോദിച്ചു. പോകുന്നെന്നു പറഞ്ഞ് പൊടിമഴ കൂട്ടാക്കാതെ പുറത്തിറങ്ങി. ദൂരെ ചുകന്ന പൂക്കൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്ന പൂമരച്ചോട്ടിൽ കാത്തു കിടന്നിരുന്ന കാറു ലക്ഷ്യമാക്കി നടന്നുപോകുന്നത് വേദനയോടെ ഞാൻ നോക്കിനിന്നു.

Novel: സമുദ്രമുഖം ഭാഗം- 11

പിറ്റേന്ന് നേരത്തെ ഓഫീസിൽ എത്തിച്ചേർന്നു. ഒരു ദിവസം വിട്ടു നിന്നതേ ഉള്ളൂ. എല്ലായിടത്തും പൊടിപിടിച്ചിരിക്കുന്നു. താഴെയുള്ള ബൈക്ക് റിപ്പയർ ഷോപ്പിൽ പണിക്കു നിൽക്കുന്ന ബംഗാളിപ്പയ്യൻ രജ്ഞൻ അധികാരിയെ വിളിച്ച് എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കിപ്പിച്ചു. ബംഗാളി പയ്യന് പണവും കൊടുത്ത് പറഞ്ഞു വിട്ട് അല്പനേരം വിശ്രമിക്കുമ്പോഴാണ് സ്വാദിഷ്ഠമായ കേക്കിന്‍റെ ഗന്ധം പ്രസരിച്ചത്. അതെ പണ്ടിവിടെ വരുമ്പോൾ ഗന്ധമാപിനികളെ മയക്കി മത്തുപിടിപ്പിച്ചിരുന്ന അതേ ഗന്ധം. ഇതു എന്‍റെ തോന്നലാണോ? ഈ ഗന്ധം ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്‍റെ പൊയ്പോയ പഴയകാല ഓർമ്മകളുടെ അടരുകളിൽ അലിഞ്ഞു ചേർന്നതാണ്. ഏതായാലും ഇതിന്‍റെ രഹസ്യം ഒന്നു കൂടെ അന്വേഷിക്കേണ്ടതുണ്ട്.

സമയം ഒച്ചിനെപ്പോലെ അരിച്ചരിച്ച് പതിനൊന്നു മണിയോടുക്കുന്നു. അപ്പോഴാണ് എലവുത്തിങ്കൽ ചാർളി വിളിക്കുന്നത്. ബീച്ച് റോഡിൽ അയാളുടെ ഒരു റിസോർട്ടുണ്ട് അങ്ങോട്ടു വരണമെന്ന്. നീരസം പുറത്തു കാട്ടാതെ സൗമ്യമായിത്തന്നെ റിസോട്ടിലേക്ക് വരുവാനുള്ള എന്‍റെ അസൗകര്യം അറിയിച്ചു. എങ്കിൽ അര മണിക്കൂറിനുള്ളിൽ ഓഫീസിലേക്ക് വരാമെന്നായി ചാർളി. സമ്മതം അറിയിച്ചു പത്തു മിനിറ്റിനകം ഒച്ച വക്കുന്ന ഇരുമ്പു പിരിയൻ ഗോവണി ചാർളിയുടെ വരവറിയിച്ചു.

വാതിൽ തുറന്നു വന്ന ചാർളി എന്‍റെ ഊഹങ്ങളെയും മുൻധാരണകളെയും കാറ്റിൽ പറത്തുന്ന തരത്തിലുള്ള ഒരാളായിരുന്നു. മുറിക്കയ്യൻ വരയൻ വെള്ള ഷർട്ട്, വെള്ള മുണ്ട്, വെളുത്തു മെലിഞ്ഞ് നീണ്ടൊരു രൂപം. ഷർട്ടിന്‍റെ പോക്കറ്റിൽ നീല റെയ്നോർഡ്സ് പേന. നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കനായ ഒരു കർഷകന്‍റെ ശരീരഭാഷ. ഇത്തരത്തിലുള്ള സമ്പന്നരെ ഞാൻ സാകൂതം നിരീക്ഷിച്ചിട്ടുണ്ട്. ലളിത വസ്ത്രധാരണവും ലളിത ജീവിതവുമായിരിക്കും അവരുടേത്. എന്നാൽ ബിസിനസ് ജീവിതത്തിലും വ്യക്തിപരമായും കോടികൾ അമ്മാനമാടുന്നവരായിരിക്കും. അയാൾ ഇരുന്നു. ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

“എന്നെ പരിചയപ്പെടുത്തേണ്ടല്ലോ? ഞാൻ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ തൊട്ടു താഴെയുള്ള ബ്രദർ ചാർളി എലവുത്തിങ്കൽ.”

“നിങ്ങളെപ്പറ്റി എനിക്കറിയാം.”

അതും പറഞ്ഞയാൾ സൗഹാർദ്ദപരമായി ചിരിച്ചു കൊണ്ട് കൈ നീട്ടി. തെല്ലിട ആ നീട്ടിപ്പിടിച്ച കൈയ്യിലേക്ക് കണ്ണു പാഞ്ഞു. ഏതായാലും ചാർളി എലവുത്തിങ്കലിനു ആറു വിരലൊന്നുമില്ല. ഹസ്തദാനം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

“ശരി. എനിക്കു താങ്കളെക്കുറിച്ച് കേട്ടറിവു മാത്രമേ ഉള്ളൂ. കണ്ടതിലും പരിചയപ്പെട്ടതിലും ഏറെ സന്തോഷം. അല്പം ചായയാകാമല്ലോ?”

“ഇല്ല. നന്ദി. ഞാൻ ചായയും കാപ്പിയുമൊന്നും കഴിക്കുക പതിവില്ല.”

അതു കേട്ടപ്പോൾ എഴുന്നേറ്റ് വീട്ടിൽ നിന്നും വലിയ ഫ്ലാസ്കിൽ കൊണ്ടുവരാറുള്ള ചൂടുള്ള ചുക്കുവെള്ളം ഗ്ലാസ്സിൽ പകർന്ന് അയാൾക്കു നല്കി. ചൂടുവെള്ളം ഒരിറക്കു കുടിച്ച് അയാൾ അച്ചടി ഭാഷയിൽ പറയാനാരംഭിച്ചു.

“നിങ്ങൾ കുറച്ച് ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. എനിക്കറിയാം ഇതു രഹസ്യാത്മകമായ ഒരു അന്വേഷണമാണെന്ന്. നിങ്ങളെ ഇതേൽപ്പിച്ചയാളും പിന്നെ ഞങ്ങളുടെ കുടുംബ ഡോക്ടറും ഒഴികെ നാലാമതൊരാൾക്ക് ഇതെക്കുറിച്ച് അറിയാൻ വഴിയില്ല. താങ്കൾ എന്നെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിക്കാണുമല്ലോ? ഞാനൊരു ബിസിനസ്സ് മാനാണ്. പലതരം ബിസിനസ്സുകൾ എനിക്കുണ്ട്. അതിന്‍റേതായ തിരക്കുകളും എനിക്കുണ്ട്.

ജ്യേഷ്ഠനാണെങ്കിൽ ജോലി സംബന്ധമായി പലയിടങ്ങളിലും. എങ്കിലും വല്ലപ്പോഴും ഞങ്ങൾ എല്ലാവരും ഒത്തുകൂടാറുണ്ട്. എത്ര തിരക്കാണെങ്കിലും ഞങ്ങളുടെ ഒത്തുകൂടലിനിടക്കുള്ള കാലയളവ് ആറുമാസത്തിനപ്പുറം പോകാറില്ല. ഞങ്ങൾ എല്ലാവരും നല്ല ബന്ധത്തിലുമാണ്. അദ്ദേഹവും കുടുംബവും നാട്ടിൽ താമസമാക്കിയ അന്ന് ഞാൻ പോയി കണ്ടിരുന്നു. വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്. ഞങ്ങളുടെ ആകെയുള്ള പെങ്ങൾ നാട്ടിൽ സ്ഥിര താമസമാക്കാൻ തീരുമാനിച്ചത് അറിഞ്ഞതിനാലും ഞങ്ങൾ ഏറെ സന്തുഷ്ടരായിരുന്നു. എന്നാൽ ആ സന്തോഷം ഏറെ നാൾ നിലനിന്നില്ല. നിർഭാഗ്യവശാൽ ജോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടു.

ഹൃദയസ്തംഭനമാണെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചത്. പിന്നെ ജീനുകൾ ഞങ്ങൾക്കുള്ളിൽ പാരമ്പര്യമായിത്തന്നെ ഉണ്ടെന്നു തന്നെ കൂട്ടിക്കോ.” അയാളൊന്നു നിർത്തി അല്പം വെള്ളം കുടിച്ചു. പിന്നെ തുടർന്നു.

“പിന്നെ ഞാനിവിടെ വരാനും താങ്കളെ കാണാനുമുള്ള കാരണം അവരാണ്. മാഗി. അവർക്കാണല്ലോ സ്വാഭാവിക മരണത്തെ ആത്മഹത്യയും കൊലപാതകവും ഒക്കെയാക്കേണ്ടത്. ”

മുഖത്തേക്ക് ഇരച്ചു കയറിയ നീരസം വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ഡോക്ടർ നൂറു ശതമാനം ഉറപ്പിച്ചു പറഞ്ഞ ഒരു വിഷയത്തിൽ സംശയം പ്രകടിപ്പിക്കുകയും ഇരുചെവി അറിയാതെ, അതായത് ഞങ്ങളോട് ഒന്നു കൂടിയാലോചിക്കുക പോലും ചെയ്യാതെ അവർ നിങ്ങളെ സമീപിക്കുകയാണ് ചെയ്തത്. അതിൽ എനിക്കൽപ്പം സുഖക്കുറവുണ്ടെന്നു തന്നെ നിങ്ങൾ കരുതിക്കോളൂ. മാത്രമല്ല നിങ്ങളുടെ അന്വേഷണത്തിന്‍റെ ഫലം നിങ്ങളുടെ അന്വേഷണത്തിന്‍റെ പിടിപ്പുകേടോ മറ്റെന്തെങ്കിലും കാരണത്താലോ ഞങ്ങളുടെ കുടുംബത്തിന് പ്രതികൂലമെങ്കിൽ അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇപ്പോൾ ഞങ്ങളുടെ കേൾവികേട്ട പുഴ ശാന്തമായി ഒഴുകുകയാണ്. അതിൽ കല്ലു വലിച്ചെറിയുന്ന തരത്തിലുള്ള പോലാവരുത് നിങ്ങളുടെ പ്രവൃത്തികൾ.

ഒറ്റവാക്കിൽ പറയാം. നിങ്ങളീ അന്വേഷണത്തിൽ നിന്ന് പിൻമാറണം. അല്ലെങ്കിൽ ഞങ്ങളുടെ കുടുംബത്തിന് ദോഷം വരുത്താത്ത അന്വേഷണ ഫലം അതായത് ജ്യേഷ്ഠന്‍റെ മരണം സ്വാഭാവികമെന്ന റിസൽട്ട് മാഗിക്കു നല്കണം. എനിക്കവരോട് ഇതെക്കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രമല്ല താത്പര്യവുമില്ല. മറ്റൊന്നുകൂടി എന്‍റെ ഈയൊരാവശ്യം അംഗീകരിക്കുവാനായി താങ്കൾക്ക് എന്തെങ്കിലും വ്യവസ്ഥ പറയാനുണ്ടെങ്കിൽ അതാവാം. ” അയാൾ പറഞ്ഞു നിർത്തി.

ഞാൻ അല്പനേരം അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അപ്പോൾ എന്‍റെ ഊഹം തെറ്റിയില്ല. എന്‍റെ അന്വേഷണ ഫലത്തെക്കുറിച്ച് ഡോക്ടർ സാമുവലും ഇദ്ദേഹവും ഭയപ്പെടുന്നു. അതു കൊണ്ട് ഇവർക്ക് ഈ മരണത്തിൽ പങ്കുണ്ട് എന്ന് അർത്ഥമില്ല. തറവാട്ടു മഹിമക്ക് കളങ്കം വരരുതെന്ന് ഇവർ ആഗ്രഹിക്കുന്നു.

സാമുവൽ ഡോക്ടറുടെ ഈ കുടുംബത്തോടുള്ള കടപ്പാട് മനസ്സിലാക്കാം. ഒരുപാടു ബിസിനസും ബന്ധങ്ങളുമൊക്കെയുള്ള ഇദ്ദേഹത്തിനും പ്രശ്നം തന്നെ. ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഇയാളെ പറഞ്ഞു മനസ്സിലാക്കുകയാണ് എനിക്ക് ചെയ്യാവുന്ന കാര്യം. ഇപ്പോൾ തോമ്മാച്ചൻ ലാബ്‌ റിപ്പോർട്ടുമായി വരും. അതിനു മുൻപ് ഇയാളെ പറഞ്ഞു വിടണം. അതു കൊണ്ട് മെല്ലെ പറഞ്ഞു തുടങ്ങി. അച്ചടി ഭാഷക്കാരനോട് അച്ചടി ഭാഷയിൽത്തന്നെ.

“സുഹൃത്തെ, താങ്കൾ പറഞ്ഞതെല്ലാം എനിക്കു മനസ്സിലായി. അതിനോട് പൂർണ്ണമായും യോജിക്കുന്നു. ശാന്തമായി ഒഴുകുന്ന പുഴ പ്രക്ഷുബ്ധമാക്കാൻ എനിക്കു ലവലേശം ആഗ്രഹമില്ല. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും, ഇവിടുത്തെ ജനങ്ങൾക്കുള്ള ആദരവും ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. ഞാൻ ഇവിടെ ഈ ഓഫീസ് തുടങ്ങി ഏതാനും ആഴ്ചയേ ആയുളളൂ. ഞാൻ അന്വേഷിക്കുന്ന അല്പം ദുരൂഹത മുറ്റിയ ഒരു വിഷയമാണിത്. മാഗി മാഡം ഈ വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ തൊണ്ണൂറ്റൊമ്പത് ശതമാനം ആത്മഹത്യയോ കൊലപാതകമോ അല്ല എന്നാണ് സാഹചര്യത്തെളിവുകൾ കൊണ്ട് മനസ്സിലാക്കിയിട്ടുള്ളത്. സത്യം പറയാമല്ലോ ഇപ്പോഴും ആ ഊഹം തന്നെയാണ് നിലനിൽക്കുന്നത്.”

അതു പറഞ്ഞപ്പോൾ ചാർളിയുടെ മുഖത്ത് ഒരാശ്വാസത്തിന്‍റെ അനുരണനം പ്രസരിക്കുന്നതു കണ്ടു.

“പിന്നെ സാർ ഞാനിതൊരു ജോലിയായിട്ടാണ് കാണുന്നത്. എന്‍റെ കണ്ടെത്തൽ അതു സ്വാഭാവിക മരണമെന്നുള്ള കാര്യം ബന്ധപ്പെട്ട സാഹചര്യങ്ങളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ അവരോട് സ്പഷ്ടമാക്കേണ്ടതുണ്ട്. അവരുടെ സംശയങ്ങൾക്ക് വിശ്വസനീയമായ സമീകരണം നല്കേണ്ടതുണ്ട്. ഇനിയിപ്പൊ മരണം അസ്വാഭാവികമെങ്കിലും! അതോടു കൂടി ഈ വിഷയത്തിലുള്ള എന്‍റെ പ്രവർത്തനം അവസാനിക്കും. പിന്നെ അതിൽപ്പിടിച്ച് തുടർന്നുള്ള നടപടിക്കൊരുമ്പെടുക എന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എന്നെ ജോലിയേൽപ്പിച്ചവർ പിന്നീടെന്തു ചെയ്യുന്നു എന്ന് ഞാൻ അന്വോഷിക്കാറില്ല . തുടർന്നുള്ള അവരുടെ പ്രവർത്തനത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. പിന്നെ ഞാനീ അന്വേഷണം ഒഴിയണം എന്നു പറയുന്നതിൽ യാതൊരു അർത്ഥമില്ല. നിങ്ങളുടെ വ്യവസ്ഥകൾ സ്വീകരിച്ച് ഞാനീ ഉത്തരം തേടലിൽ നിന്നൊഴിഞ്ഞാൽ അവർ ഞാനല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തും. അതിൽ യാതൊരു സംശയമില്ല. ഞാൻ അത് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്.

മാഗി മാഡം ഇതിനൊരു നൂറുശതമാനം വിശ്വസനീയമായ ഉത്തരം കിട്ടാതെ പിന്മാറുകയില്ല എന്നതുറപ്പാണ്. അപ്പോൾ നിങ്ങൾക്കെന്തു ഗുണം? ഏതായാലും ഞാനായി ശാന്തമായ പുഴയിൽ കല്ലെറിയില്ല. നൂറു ശതമാനം ഉറപ്പ്.”

അയാൾ നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പു ചാലുകൾ ഒരു ടവ്വലെടുത്ത് തുടച്ചു. തന്നെ ഒന്നു ചുഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.

“ശരി. നിങ്ങളെ വിശ്വസിക്കുന്നു. പന്ത് മാഗിയുടെ കോർട്ടിലെത്തുന്നേരം ഞാൻ നിങ്ങളുമായി വിശദമായി സംസാരിക്കുന്നുണ്ട്. നമ്മുടെ കുടുംബ പ്രശ്നമായിപ്പോയില്ലേ. ശരി. ഞാൻ ഇറങ്ങുന്നു. നന്ദി.”

അയാൾ എഴുന്നേറ്റ് ശരവേഗത്തിൽ ഇറങ്ങിപ്പോയി. പൂമരച്ചോട്ടിൽ നിറുത്തിയിട്ടിരിക്കുന്ന സ്വിഫ്റ്റ് കാറിൽ അയാൾ കയറിപ്പോകുന്നത് ജനലഴിയിലൂടെ കണ്ടു. എന്‍റെ മറുപടിയിൽ അയാളത്ര തൃപ്തനല്ല എന്നു വേണം കരുതാൻ. ഈയൊരു വരവോടെ പ്രശ്നങ്ങൾ തീർക്കാം എന്നായിരിക്കും അയാൾ കരുതിയത്. എല്ലാം വിലക്കു വാങ്ങിയായിരിക്കും ശീലം. ഏതായാലും അയാളോട് പറഞ്ഞതിൽ ചെറിയൊരു പിഴവ് പറ്റി. ശതമാനം പറഞ്ഞതിൽ തിരിച്ചായിരുന്നു സത്യം. ആ സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ അയാളിവിടെ നിന്ന് ഇത്ര വേഗം പോകുകയില്ലായിരുന്നു.

പതിനൊന്നു മണി കഴിഞ്ഞിരുന്നു. ബാൽക്കണിയിൽ വെറുതെ നടക്കുന്നതിനിടയിൽ തോമാച്ചനെ കാണുന്നില്ലെന്ന് വിചാരിച്ചുകൊണ്ടു വഴിത്താരയിലേക്കു കണ്ണ്പായിച്ചപ്പോൾ താഴെ തോമാച്ചൻ റോഡ് ക്രോസ്സ് ചെയ്യുന്നു. ഒരൊറ്റ നിമിഷം എവിടെ നിന്നോ ചീറി വന്ന ബൈക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തോമാച്ചനരികിലൂടെ കടന്നു പോയി. ആ അപ്രതീക്ഷിതമായ ചടുല വേഗത്തിന്‍റെ അലയൊലിക്കൊടുവിൽ കണ്ടത് തോമാച്ചൻ റോഡിൽ കിടക്കുന്നതാണ്. ഗോവണി ഇറങ്ങി താഴെ റോഡു മുറിച്ച് ചെന്നപ്പോഴേക്കും വഴിയാത്രക്കാരായ രണ്ടാളുകൾ തോമാച്ചനെ പൊക്കിയെഴുന്നേൽപ്പിച്ചിരുന്നു. തോമാച്ചന്‍റെ ഷർട്ടിൽ പുരണ്ട മണ്ണൊക്കെ തട്ടിക്കളഞ്ഞ് ഒരാൾ ആശ്വാസത്തോടെ പറഞ്ഞു.

“ഹൊ ഭാഗ്യം ഒന്നും പറ്റിയില്ല. ആ വണ്ടീടെ പോക്ക് കണ്ടപ്പോ ആളു തീർന്നൂന്നാ കരുതിയേ.”

അതെ ഭാഗ്യം കാര്യമായി ഒന്നും പറ്റിയിട്ടില്ല. ചീറിപ്പാഞ്ഞു ബൈക്കു വന്നപ്പോൾ പൊടുന്നനെ പുറകോട്ടു മാറി. ബാലൻസ് കിട്ടാതെ ഒന്നിരുന്നു പോയി. കൈ കുഴയുടെ ഭാഗത്ത് തൊലിയൽപ്പം അടർന്നിട്ടുണ്ട്. മറ്റ് പരിക്കുകൾ ഒന്നും കാണുന്നില്ല. നടക്കാനൊന്നും പ്രയാസമില്ല. ഒരു കൈ തോളിലിട്ടു കൊണ്ട് തോമാച്ചനേയും കൂട്ടി റോഡ് മുറിച്ചു കടന്നു. ബൈക്കിന്‍റെ നമ്പർ എന്തെങ്കിലും കാണാൻ പറ്റിയോ എന്നു ചോദിച്ചപ്പോൾ ഏതു ബ്രാൻഡ് ബൈക്കാണെന്നു പോലും മനസ്സിലാക്കാൻ പറ്റിയില്ലെന്നായിരുന്നു മറുപടി.

അതെ ഞാനുമൊരു മിന്നായം പോലെയെ കണ്ടുള്ളൂ. ഒരു കറുത്ത പൾസർ ബൈക്ക് ആണെന്നു തോന്നുന്നു. ബൈക്കോടിച്ചിരുന്നയാൾ കറുത്ത മഴക്കോട്ട് ധരിച്ചിരുന്നു. അതിനോടു ചേർന്ന ഹെൽമറ്റും. പിരിയൻ ഗോവണി കയറുമ്പോൾ തോമാച്ചനിൽ വലിയ പ്രയാസമൊന്നും കണ്ടില്ല. ഡോക്ടറെ ഒന്നു കണ്ടു കളയാമെന്ന് പറഞ്ഞപ്പോൾ അല്പനേരം വിശ്രമിച്ച ശേഷം പരവേശം തോന്നുന്നുണ്ടെങ്കിൽ ആലോചിക്കാമെന്നായി തോമ്മാച്ചൻ.

തോമാച്ചനെ സോഫായിലിരുത്തി ഡെറ്റോൾ മുക്കിയ പഞ്ഞി കൊണ്ട് മണ്ണുപുരണ്ടിരുന്ന മുറിഭാഗം വൃത്തിയാക്കി. ഒരോയിൽമെന്‍റ് പുരട്ടി. ആശ്വാസം തോന്നിയ തോമ്മാച്ചൻ ചാഞ്ഞു വിശ്രമിച്ചു. പരിക്കിനേക്കാളുപരി ഭയമാണ് തോമാച്ചനെ കീഴ്‌പ്പെടുത്തിക്കളഞ്ഞതെന്ന് എനിക്കു തോന്നി. തെല്ലിട കഴിഞ്ഞ് ഒരു മസാലച്ചായയും റസ്റ്റോറന്‍റിൽ നിന്നും വരുത്തിയ ചീസ് ബർഗറും കൂടികഴിച്ചതോടെ അയാൾ ഉഷാറായി. പ്രസന്നചിത്തനായി കഥകൾ പറയാനാരംഭിച്ചു.

പൊടിപ്പും തൊങ്ങലും വച്ച സാഹസികകഥകൾ അനവരതം തുടരുന്നതിനിടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച ലാബ്‌ റിപ്പോട്ട് എടുത്ത് അയാൾ അഭിമാനത്തോടെ മേശക്കു മുകളിൽ വച്ചു. തോമാച്ചന്‍റെ അടുത്ത ഒരു സുഹൃത്തായതിനാൽ മാത്രമാണ് ഞാൻ ഏൽപ്പിച്ച സാധനങ്ങൾ അവർ പരിശോധിക്കാൻ തയ്യാറായതെന്ന് തോമാച്ചൻ എടുത്തു പറഞ്ഞു. ആ അവകാശവാദം നൂറു ശതമാനം അംഗീകരിച്ച് തോമാച്ചനെ പുകഴ്ത്തിക്കൊണ്ട് നന്ദിയറിയിച്ചു.

തോമാച്ചനെ തെല്ലുനേരം വിശ്രമിക്കാൻ വിട്ട് ലാബ് റിസൽട്ട് അടങ്ങിയ കവറുമെടുത്ത് കംപ്യൂട്ടറിനു മുന്നിലെ കസേരയിലിരുന്നു. കവർ തുറന്ന് റിപ്പോർട്ട് വായിക്കാനാരംഭിച്ചു. സംശയം തോന്നിയ ചില സാങ്കേതിക പദങ്ങളുടെ അർത്ഥം കയ്യോടെ കംപ്യൂട്ടറിൽ അന്വേഷിച്ച് മനസ്സിലാക്കി. റിപ്പോർട്ടിലെ വിശദാംശങ്ങൾ മെല്ലെ മനസ്സിലാക്കുമ്പോൾ നെറ്റിയിൽ നിന്ന് വിയർപ്പു ചാലുകൾ അനസ്യൂതം കവിളിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങി. തറവാടിയായ മിസ്റ്റർ ചാർളി! ഞാൻ താങ്കളോടു പറഞ്ഞ തൊണ്ണൂറ്റൊമ്പതു ശതമാനം ഒറ്റനിമിഷം കൊണ്ട് പൂജ്യം ശതമാനത്തിലെത്തിയല്ലോ അല്ലെങ്കിൽ മി. സാം ഡിക്രൂസ് താങ്കളുടെ ഒരു ശതമാനം പൂജ്യത്തിലേക്ക് താണുപോയിരിക്കുന്നു. അതിനാൽ അന്വേഷണത്തിന്‍റെ അന്തിമഘട്ടവും പൂർത്തിയായി എന്നു തന്നെ പറയാം.

ഇനിയീ വിഷയത്തിൽ ഒരു കാര്യം മാത്രമേ അറിയാനുള്ളൂ. ഈ പ്രവൃത്തി ചെയ്യാൻ കുറ്റവാളിക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നുള്ളത്. അതു കണ്ടെത്താൻ വലിയ വിഷമമില്ല. എന്‍റെ അടുത്ത ഒരു സ്ത്രീ സുഹൃത്തിന് ഇക്കാര്യത്തിൽ തീർച്ചയായും സഹായം നല്കാൻ കഴിയും. എനിക്കുള്ള സംശയത്തിന്‍റെ മിഴിമുന കുറ്റം ചെയ്ത വ്യക്തിയിലേക്ക് നീണ്ടപ്പോൾ തന്നെ ഞാൻ അവരെ വിളിച്ച് വിവരങ്ങൾ ഒന്ന് അറിയണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്‍റെ മറ്റു കണക്കുകൂട്ടലുകൾ ശരിയെങ്കിൽ മാത്രമേ ഞാൻ വിളിക്കുകയുള്ളൂ എന്നും അപ്പോൾ മാത്രമേ എനിക്ക് വിവരങ്ങൾ തരേണ്ടതുള്ളൂ എന്നും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ ദുരൂഹമായി കൊട്ടിയടക്കപ്പെട്ട ഒരു പറ്റം വഴികൾ ഒരുമിച്ചു തുറന്നിരിക്കുന്നു. ആ വഴികളെല്ലാം തന്നെ എത്തിക്കുന്നത് ആ ഒരു സത്യത്തിലേക്കാണ്. ഒരേ ഒരു സത്യത്തിലേക്ക്. തുറന്നു നോക്കാതിരുന്ന ഗബ്രിയുടെ ഇമെയിലുകൾ പരിശോധിച്ചു. സത്യത്തിൽ അവ പരിശോധിക്കേണ്ട ആവശ്യമില്ല. എങ്കിലും അവയിൽ വിശദീകരിച്ച ലക്ഷണങ്ങൾ എല്ലാം തന്നെ എന്‍റെ നിരീക്ഷണത്തോട് നൂറു ശതമാനവും ചേർന്നു പോകുന്നവ തന്നെയാണ്.

തോമാച്ചനെ ഒന്നിടങ്കണ്ണിട്ടു നോക്കിയപ്പോൾ അയാൾ കാലു സോഫയിൽ വച്ച് ചെറു മയക്കത്തിലാണ്. ഉറങ്ങട്ടെ. ആ ഭയവും ക്ഷീണവും മാറിക്കൊള്ളട്ടെ. തെല്ലിട കഴിഞ്ഞ് ബാൽക്കണിയിൽ അല്പനേരം പോയി നിന്നു.

അല്പം ദൂരെ പേരിനു മാത്രം ഇലപ്പടർപ്പുള്ള പൂമരത്തിന്‍റെ ഇലയടരുകളിൽ നിന്നും ചുകന്ന പൂക്കൾ പൊഴിഞ്ഞു വീഴുന്നതു കാണാം. ആ പൂമരത്തിന്‍റെ വിസ്തൃതമായ തണുത്ത തണലിൽ ചുകന്ന പൂക്കളുടെ ഒരു വിരിപ്പു വിരിച്ചതെന്ന് തോന്നും. പൊഴിഞ്ഞു വീഴുന്ന പൂവിനെ നോക്കിച്ചിരിക്കുന്ന ഇലപ്പടർപ്പിനിടയിലെ പൂക്കളുടെ ആയുസ്സ് അടുത്ത ശക്തിയേറിയ കാറ്റടിക്കുന്നതിനിടക്കുള്ള ക്ഷണനേരമെ ഉള്ളൂ.

മനസ്സിൽ തൊഴിൽപരമായ സത്യസന്ധതയുടെയും ധാർമ്മികതയുടേയും ദ്വന്ദയുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ചിലപ്പോൾ ധാർമ്മികത സത്യസന്ധതയെ കീഴ്പ്പെടുത്തും. ക്ഷണനേരം കൊണ്ട് മത്സരത്തിൽ സത്യസന്ധത മുൻതൂക്കം നേടും. അന്തിമ വിജയം ഇപ്പോഴും നിശ്ചയിക്കാറായില്ല. ഏതായാലും ഒന്നു രണ്ടു ദിവസം കഴിഞ്ഞേ അന്തിമ വിവരങ്ങൾ മാഡത്തോട് വെളിപ്പെടുത്താനാവൂ. വിശാലമായി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു ഞരക്കം കേട്ട് തിരിഞ്ഞു നോക്കി. തോമാച്ചൻ സോഫയിൽ നിന്ന് എണീറ്റിരിക്കുന്നു. നോക്കിയപ്പോൾ ദേഹം മുഴുവൻ തടവുകയാണ്. ഇടതു കയ്യിന്‍റെ കുഴ ഊതി നിറച്ച ബലൂൺ പോലെ നീരുവന്നു വീർത്തിരിക്കുന്നു. പരിക്കുകളില്ലെന്നാണ് കരുതിയത്. ഇതേതായാലും വച്ചു കൊണ്ടിരിക്കാൻ പറ്റില്ല. ഡോക്ടറെ കാണിക്കണം.

തോമാച്ചൻ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ നിർബന്ധപൂർവ്വം കേക്കു വണ്ടിയിൽ പിടിച്ചിരുത്തി. നെൽസൻ തന്നു വിട്ട സാധനങ്ങൾ എടുത്ത് വണ്ടിയിൽവച്ചു. പതുക്കെ ഡ്രൈവ് ചെയ്യലാണ് അഭികാമ്യം. തോമാച്ചന്‍റെ ദേഹം വല്ലാതെ കുലുങ്ങിക്കൂടാ. ഇവിടുത്തെ റോഡൊക്കെ ഒരു പരുവമാണ്. തോമാച്ചന് ബുദ്ധിമുട്ടാകാതെ പതുക്കെ വണ്ടി ഓടിച്ചു.

ഡോക്ടറെ കാണിക്കണമെന്ന് നിശ്ചയിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന പേര് സാമുവൽ ഡോക്ടറുടെ ആയിരുന്നു. ഉടനെത്തന്നെ ഡോക്ടറെ വിളിച്ച് ടോക്കൺ ബുക്കു ചെയ്തു. അര മണിക്കൂറിനകം ക്ലിനിക്കിലെത്തി. വണ്ടി പാർക്കു ചെയ്ത് തോമാച്ചനെയും താങ്ങി ബോഗൻ വില്ല ഗേറ്റ് തുറന്ന് ക്ലിനിക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് ക്ലിനിക്കിന് വലതു വശത്ത് പാർക്കു ചെയ്തിരിക്കുന്ന കാർ ശ്രദ്ധയിൽ പെട്ടത്. കറുത്ത അമ്പാസിഡർ കാർ. നല്ല പരിചയം തോന്നി. ഇത്തരം കാറുകൾ പൊതുവെ അപൂർവ്വമായതിനാലാണ് പെട്ടെന്ന് ശ്രദ്ധയിൽ വന്നത്.

എലവുത്തിങ്കൽ തറവാട്ടിലെ കാറാണതെന്ന് നിമിഷ വേഗത്തിൽ മനസ്സു പറഞ്ഞു. അതെ! യാതൊരു സംശയവുമില്ല. ആ സംശയത്തിന് സാധൂകരണമായി ആ വീട്ടിലെ സെക്യൂരിറ്റി ഗാർഡ് അവിടെ ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടു. ക്ലിനിക്കു മുന്നിലെ വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ തോമാച്ചനെ ഇരുത്തി ടോക്കൺ എത്രയായെന്ന് നോക്കുവാൻ എഴുന്നേറ്റപ്പോഴാണ് ക്ലിനിക്കിന്‍റെ വാതിൽ തുറന്നു വരുന്നവരെ കണ്ടത്. മാഗി മാഡവും മകളും!

എന്നെ കണ്ടതും അവർ മന്ദഹസിച്ചു കൊണ്ട് അടുത്തുവന്നു. മകളാകട്ടെ മുഖം ഉയർത്താതെ താഴേക്കു നോക്കിക്കൊണ്ടു നിൽക്കുകയാണ് ചെയ്തത്. എന്താണിവിടെ? എന്നവർ ആരാഞ്ഞപ്പോൾ തോമാച്ചനു സംഭവിച്ച അപകടം ഞാൻ വിവരിച്ചു. താഴേക്കു നോക്കിക്കൊണ്ടു നിന്ന അലീനയുടെ കൈവിരലുകളിലെ ബാൻഡേജ് അപ്പോഴാണ് എന്‍റെ ശ്രദ്ധയിൽ പെട്ടത്. ചോദിക്കുന്നതിനു മുൻപു തന്നെ മാഗി മാഡം പറഞ്ഞു തുടങ്ങി.

“മോളു ഇന്നലെ ബാത്റൂമിലൊന്നു വഴുതി. വീഴാൻ പോയപ്പോ എവിടെയോ പിടിച്ചു. അതെല്ലാം കൂടി കൈ കുത്തി വീണു. കുഴപ്പമൊന്നുമായില്ലെന്നാണ് കരുതിയത്. ഇന്നു രാവിലെ വേദന കൂടി. വിരലിൽ ചെറിയ ഫ്രാക്ചർ ഉണ്ട്. എക്സ് റേ എടുത്തപ്പോൾ വിരലിലെ ബോണിൽ ചെറിയ വര. ഒരാഴ്ച കൈയധികം അനക്കേണ്ടെന്നു ഡോക്ടറു പറഞ്ഞു. ഓരോ കഷ്ടകാലം ഇങ്ങനെ തീർന്നു പോകുന്നു. അല്ലാതെന്തു പറയാൻ.”

പൊതുവെ സമയം മോശമാണെന്നു ഞാൻ തോമാച്ചനെ ചൂണ്ടി പറഞ്ഞപ്പോൾ അവർ തലകുലുക്കി സമ്മതിച്ചു.

തുടർന്ന് യാത്ര പറഞ്ഞ് അവർ വേഗം പോകാനൊരുങ്ങി. അലീനയപ്പോഴും മുഖമുയർത്തുക പോലും ചെയ്യാതെ താഴേക്കു നോക്കി നോക്കി നടന്നു കാറിൽ കയറി ഇരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾ ഇങ്ങിനെയാണ്‌. മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ വല്ലായ്മ കാണിക്കും.

അവർ പോയതും തോമാച്ചന്‍റെ നമ്പർ വിളിച്ചു. തോമാച്ചനൊടൊപ്പം റൂമിൽ കയറി ഡോക്ടറെ കണ്ടു. തെല്ലൽഭുതം കൂറിയ മിഴിയോടെ ഡോക്ടർ തോമാച്ചനെ പരിശോധിച്ചു തുടങ്ങി. റോഡിൽ തെന്നി വീണതെന്നു പറഞ്ഞു. പരിശോധന കഴിഞ്ഞു കൈമുട്ടിലെ മുറിവു ഡ്രസ്സു ചെയ്യാൻ നേഴ്സിനെ ഏൽപ്പിച്ചു. തുടർന്ന് ചില മരുന്നുകൾ കുറിച്ചു തന്നു. കൈ മുട്ടിൽ എന്തെങ്കിലും ഫ്രാക്ചറിനു സാധ്യതയുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല അങ്ങനെയുണ്ടെങ്കിൽ നീരുവന്നു കയറും എന്നു പറഞ്ഞു. പിന്നെ പെട്ടെന്നൊരു ചോദ്യവും.

“മി. സാം അന്വേഷണമൊക്കെ എന്തായി? തീർന്നോ?”

അനവസരത്തിലുള്ള അദ്ദേഹത്തിന്‍റെ ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല വിമ്മിഷ്ടം പുറത്തു കാട്ടാതെ നടക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞ് ഡോക്ടറുടെ ഫീസു കൊടുത്തു. അപ്പോഴേക്കും തോമ്മാച്ചൻ കൈമുട്ടിലൊരു ബാൻഡേജുമായി പുറത്തു വന്നിരുന്നു. ഡോക്ടറോടു നന്ദി പറഞ്ഞ് പുറത്തിറങ്ങി. സമയം സന്ധ്യയോടടുക്കുന്നു.

തോമാച്ചന് വേണ്ട മരുന്നു വാങ്ങി വീട്ടിൽ കൊണ്ടുവിടണം. എന്നിട്ടേ എനിക്ക് എന്‍റെ കൂടണയാൻ പറ്റൂ. ഉപ്പുരസം കലർന്ന കടൽക്കാറ്റിനെ കീറി മുറിച്ച് കേക്കു വണ്ടി മുന്നോട്ടു നീങ്ങി. സർപ്പത്തിനെപോലെ സീല്കാരശബ്ദത്തെ ഉയർത്തിക്കൊണ്ടു കടൽ കാറ്റ് ചീറിയടിച്ചു. പൊടുന്നനെയാണ് അന്തരീക്ഷം ആകെ ഇരുണ്ട് കറുത്ത് മഴ പെയ്തു തുടങ്ങിയത്. വഴിത്താരക്കിരുവശവും ചുറ്റിത്തിരിഞ്ഞിരുന്ന ആളുകൾ ചിതറി നാലുപാടും പായാൻ തുടങ്ങി.

ആ തിരക്കിനിടയിലും വഴിത്താരക്കു വലതുവശത്ത് ആ വഴിയിലൂടെ പോകുന്ന ഓട്ടോകൾക്കെല്ലാം കൈകാണിച്ചുകൊണ്ട് പരവശനായി നിൽക്കുന്ന ഒരു പയ്യനെ ശ്രദ്ധയിൽപെട്ടു. അവൻ കൈകാണിക്കുന്ന ഓട്ടോകളൊന്നും നിർത്തുന്നില്ല. അവനെക്കണ്ടതും തോമാച്ചൻ പിറുപിറുത്തു.

“ദാ ഇതാണാ പാൽക്കാരൻ സണ്ണി.”

അവനു പിന്നിൽ പരുങ്ങി നിന്ന പെൺകുട്ടിയെ നല്ല പരിചയം. ആളെ വേഗം തന്നെ മനസ്സിലായി. അതല്ലേ മാഗി മാഡത്തിന്‍റെ വീട്ടിൽ നിക്കണ പെണ്ണ്. ജാൻസി അതെ അതവൾ തന്നെ! എംഎസ്‌ ഓഫീസ് പഠനം ഇപ്പോൾ ബീച്ചിലാണ് നടക്കുന്നത്….

Novel: സമുദ്രമുഖം ഭാഗം- 10

റെയിൽവേ സ്റ്റേഷനിൽ വച്ച് എന്നെ യാത്രയാക്കുമ്പോൾ നെൽസൽ ഒന്നു കൂടെ ചോദിച്ചു. വന്ന കാര്യം നടന്നോ എന്ന്. ഞാൻ കൈ പിടിച്ച കുലുക്കി വന്ന കാര്യം നൂറു ശതമാനവും നടന്നെന്ന് അറിയിച്ചു. അത്ഭുതം നിറഞ്ഞ മിഴിയോടെ അയാൾ ഒരു പാക്കറ്റ് ഏൽപ്പിച്ച് തോമാച്ചന് നല്കണമെന്ന് അറിയിച്ചു. അതെന്താണെന്നു ചോദിച്ചപ്പോൾ കാന്‍റീൻ ഐറ്റംസ് ആണെന്നു പറഞ്ഞ് അതിന്‍റെ ബില്ലും തന്നു. ട്രെയിനിൽ ആ പാക്കറ്റ് യഥാസ്ഥാനത്തു വച്ചു തന്ന് നെൽസൻ പോയി.

ട്രെയിനിൽ ഇരിക്കുമ്പോൾ അന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞ പോലെ ആശ്വാസം തോന്നി. ട്രെയിൻ കോലാഹലമുണ്ടാക്കിക്കൊണ്ട് നീങ്ങിത്തുടങ്ങി. ഇനി അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം നെൽസനെപ്പോലെ സഹായമനസ്ഥിതിയുള്ള നല്ല സുഹൃത്തുക്കൾ ഉള്ള തോമാച്ചന്‍റെ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാച്ചനെപ്പറ്റി ഓർത്തതേ ഉള്ളൂ. അവന്‍റെ ഫോൺ കോൾ. ലാബ് റിപ്പോർട്ട് നാളെ രാവിലെ പത്തുമണിക്ക് മുന്നേ കിട്ടുമെന്ന്. അതും കൊണ്ട് രാവിലെത്തന്നെ ഓഫീസിലെത്താമെന്ന് അവൻ അറിയിച്ചു. വരുമ്പോൾ നെൽസൻ തന്നയിച്ചിട്ടുള്ള കാന്‍റീൻ സമ്മാനങ്ങൾ കൈമാറാമെന്നും അറിയിച്ചു. അവൻ ഫോൺ വച്ചതും മറ്റൊരു കാൾ ട്രൂ കാളറിൽ നിന്നും മനസ്സിലായത്ചാർളി എലവുത്തിങ്കൽ!

അല്പനേരം ചിന്തയിലാണ്ടു,  ഫോൺ എടുത്തില്ല. പിന്നെയും മി. ചാർളി. തെല്ലിട കഴിഞ്ഞ് ഉത്കണ്ഠയോടെ ഫോണെടുത്തു. മറുതലക്കൽ നിന്ന് ഘനഗംഭീരമായ ശബ്ദം.

“മി. സാം അല്ലേ?”

“അതെ നിങ്ങളാരാണ്?”

“ഞാൻ ചാർലി. ബിസിനസ്സുകാരനാണ്. എന്നെ അറിയാതിരിക്കാൻ വഴിയില്ല. എനിക്ക് താങ്കളുമായി നേരിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളാണ്. അതിനായി നിങ്ങളെ അന്വേഷിച്ച് വന്നിരുന്നു. നിങ്ങൾ സ്ഥലത്തില്ലെന്നാണ് നിങ്ങളുടെ ഓഫീസിനടുത്തുള്ള റസ്റ്റോറന്‍റ് മാനേജർ പറഞ്ഞത്. നിങ്ങളെപ്പോഴാണ് ഓഫീസിലെത്തുക?”

“അല്ല ഫോണിലൂടെ സംസാരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?” അയാളെ നേരിൽ കാണുന്നത് ഒഴിവാക്കാനായി ഞാൻ പറഞ്ഞു.

അയാൾ പൊടുന്നനെ പ്രതികരിച്ചു. “നേരിട്ടു കണ്ടു സംസാരിക്കേണ്ട വിഷയമാണ്. എപ്പോഴാണ് ഓഫീസിൽ കാണുക?“

“ഞാൻ നാളെ പതിനൊന്നു മണിക്ക് ഓഫീസിലുണ്ടാകും.” മറുപടി പറഞ്ഞ് ഫോൺ കട്ടു ചെയ്തു.

ചാർലി എലവുത്തിങ്കൽ. പതുക്കെയേ സംസാരിച്ചുവെങ്കിലും ആ സംസാരത്തിൽ നിന്നു തന്നെ അയാളുടെ ആജ്ഞാശക്തിയും താൻപോരിമയും വ്യക്തം. എലുവത്തിങ്കൽ കുടുംബത്തിലെ ഏറ്റവും ധനാഢ്യനും സ്വാധീനശക്തിയുമുള്ള ബിസിനസ്സ് മാഗ്നറ്റിന് എന്നെ നേരിട്ടു കാണേണ്ടുന്ന ആവശ്യമെന്ത്? എന്‍റെ ഫോൺ നമ്പർ അയാൾ സംഘടിപ്പിച്ചതെവിടുന്ന്? എന്‍റെ അന്വേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞിട്ടുണ്ട്. ആരാണ് തീർത്തും രഹസ്യാത്മകമായ ആ വിവരം അയാളിലെത്തിച്ചത്? മേഗി മാഡം ആയിരിക്കില്ല. പിന്നെ?

ചാർളിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെങ്കിൽ ഇതുവരെയുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെട്ടിപൊക്കിയവ ചീട്ടുകൊട്ടാരം പോലെ തകരും. ഇതു വരെ ചാർലി സംശയത്തിന്‍റെ നിഴലിൽ വന്നിട്ടില്ല. സഹോദരനെന്നു അറിഞ്ഞതിൽ കവിഞ്ഞ് ജോൺ സാറുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായി പറഞ്ഞു കേട്ടുമില്ല.

റിയൽ എസ്‌റ്റേറ്റും മറ്റു കനപ്പെട്ട ബിസിനസ്സ് നടത്തുന്ന ചാർലി അതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പണമിടപാട് മൂത്തസഹോദരനുമായി ഉണ്ടായിരിക്കുമോ? അങ്ങനെ എന്തെങ്കിലും ഇടപാടുണ്ടെങ്കിൽ മാഗി മാഡം അറിയും. അതെക്കുറിച്ചൊന്നും എന്നോട് സൂചിപ്പിച്ചില്ല. തന്നെയുമല്ല സഹോദരനെങ്കിലും യാതൊരു അടുപ്പവുമില്ലാത്ത പോലെയാണ് ചാർളിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ഏതായാലും മാഗി മാഡത്തോട് ചാർളിയെക്കുറിച്ച് ഒന്നു സംസാരിക്കണം.

ഞാൻ അന്വേഷണത്തിലാണെന്നും എന്‍റെ നമ്പർ മനസ്സിലാക്കിയതും എങ്ങനെയെന്നതിന് സമീകരണം ഡോക്ടർ സാമുവൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത് . എലവുത്തിങ്കൽ കുടുംബത്തോട് കടുത്ത കൂറുള്ള ഡോക്ടർ സാമുവൽ. കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള അഭിമാനക്ഷതം നേരിട്ടാൽ അതു കണ്ടു നിൽക്കാൻ കഴിയാത്ത ഡോക്ടർ സാമുവൽ.

മാഗി മാഡത്തിൽ നിന്നും എന്തെങ്കിലും വിവരങ്ങൾ കൈമാറാനുണ്ടെന്ന് പറഞ്ഞ് എന്‍റെ നമ്പർ വാങ്ങിയിരിക്കണം. എലവുത്തിങ്കൽ കുടുംബത്തിലെ എല്ലാവരുമായും അടുപ്പമുള്ള അയാൾ ചാർളിക്കത് കൈമാറിയിരിക്കണം. ഞാനെന്തെങ്കിലും അപ്രിയ സത്യം പുറത്തു കൊണ്ടുവരുമെന്ന് അയാൾ ഭയപ്പെടുന്നു. അങ്ങനെയെന്തെങ്കിലും അപ്രിയ സത്യങ്ങൾ കണ്ടെത്തിയെങ്കിൽ മാഗി മാഡത്തോടു വിവരം പറഞ്ഞ് ഞാൻ ഒഴിവായി പോകുകയേ ഉള്ളൂ. അതിനപ്പുറം ഞാനെന്തെങ്കിലും പ്രവർത്തിക്കുമോ എന്നയാൾ ഭയപ്പെടുന്നുണ്ടാകാം. അപ്പോൾ കാര്യമിതു തന്നെയാണ് .

ഞാൻ അന്വേഷണം ഇനി തുടരാതെ അവസാനിപ്പിക്കുവാനും നിലവിൽ ജോൺ സാറിന്‍റെ മരണത്തെക്കുറിച്ച് എന്താണോ തീരുമാനിക്കപ്പെട്ടിരിക്കുന്നത് അതുപോലെത്തന്നെ ഇരിക്കുവാൻ യുക്തമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടാനുമായിരിക്കും ചാർളി എന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും മാഗി മാഡം ഒഴിച്ച് , ചാർളിയെന്നല്ല ആരു പറഞ്ഞാലും ഞാനീ അന്വേഷണത്തിൽ നിന്നും പിൻമാറുന്ന പ്രശ്നമില്ല. മാത്രമല്ല ഈ ചാർളിയും ഇനി മുതൽ എന്‍റെ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതായിരിക്കും.

തലേന്ന് നല്ലപോലെ ഉറങ്ങിയെങ്കിലും എന്തുകൊണ്ടോ ഉറക്കക്ഷീണം വിട്ടുമാറിയിരുന്നില്ല. ഇടക്ക് ഒന്നു രണ്ടു ചായ കുടിച്ചെങ്കിലും രുചികരമായോ ഉൻമേഷ ദായകമായോ തോന്നിയില്ല. വിരസമായ യാത്രയിൽ ബാഗിൽ കരുതിയ ഒരു പുസ്തകമെടുത്ത് തുറന്ന് ഒന്നു രണ്ടു പേജ് വായിക്കാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ ചിതറുന്നു. പുസ്തകം അടച്ചു വച്ച് നെൽസൻ തന്ന കാൻറീൻ ബോക്സും എന്‍റെ ബാഗും ചേർത്ത് തലയിണയാക്കി മുകളിലെ ബർത്തിൽ കയറിക്കിടന്നു.

മുഖത്തിനു നേരെ ഒച്ചയുണ്ടാക്കിക്കൊണ്ട് കറങ്ങുന്ന ചെറിയ ഫാൻ അതിന്‍റെ അലോസരപ്പെടുത്തുന്ന മൂളിക്കറക്കം. അതാരെങ്കിലും ഓഫ് ചെയ്തിരുന്നെങ്കിൽ! ഒരു വലിയ വണ്ടിന്‍റെ ചുറ്റിത്തിരിയുമ്പോഴുള്ള ഇരമ്പൽ പോലെ അതെന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു. ആ മൂളിപെരുക്കം നിർത്താനുള്ള സ്വിച്ച് എവിടെയാണാവോ? താഴെ ഡിജിറ്റൽ വായനയിൽ മുഴുകി ഇരിക്കുന്ന ഒരു വൃദ്ധനെ വിളിച്ചെങ്കിലും അയാൾ കേട്ട മട്ടില്ല. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു കിടന്നു.

ഓഫീസിലെ മധ്യഭാഗം ഉരുണ്ടു വീർത്ത ഫാനിന് എന്തു പഴക്കം കാണും? ചുരുങ്ങിയത് നാല്പത് വർഷം. ചെറുപ്പത്തിൽ ആ ഷോപ്പിൽ പോകുമ്പോഴൊക്കെ ഞാനതു ശ്രദ്ധിക്കാറുണ്ട്. ഇന്നും ഫാനിൽ നിന്ന് യാതൊരു ശബ്ദവും ഇല്ല. പഴയ നിർമ്മിതികളുടെ ഈടും ഗുണവും. അതിന്‍റെ ചിറകുകൾ വെള്ളനിറം മങ്ങി മഞ്ഞച്ചു പോയിട്ടുണ്ട്. അതൊന്ന് പെയിന്‍റ് ചെയ്ത് വെൺമ വീണ്ടെടുക്കണം.

ട്രെയിനിന്‍റെ ശബ്ദം നേർത്തുനേർത്ത് ശമിക്കുന്നതായി തോന്നി. വിചിത്രമായ ശബ്ദത്തിൽ ചായയെന്ന് വിളിച്ച് പറഞ്ഞിരുന്നയാളുടെ ശബ്ദവും അകന്നകന്ന് ഇല്ലാതായി.

പറഞ്ഞതു പോലെത്തന്നെ പതിനൊന്നു മണിക്ക് ചാർളി ഹാജരുണ്ട്. ഊഹിച്ച പോലെത്തന്നെ കറുത്തു തടിച്ചു ഭീമാകായനായ ഒരാൾ. വെളുത്ത ജുമ്പയും മുണ്ടും വേഷം. അയാൾ വന്ന ഭീമാകാരമായ കറുത്ത കാർ പൂമരത്തിന്‍റെ ചോട്ടിൽ പാർക്കു ചെയ്തിരിക്കുന്നത് ജനലഴിയിലൂടെ കണ്ടു. അയാളങ്ങനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ മുന്നോട്ടാഞ്ഞ് അയാൾ കൈ തന്ന് മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു. ഞാൻ ചാർളി. ഇയാളുടെ വിചിത്രമായ പെരുമാറ്റത്തിന്‍റെ നാനാർത്ഥങ്ങൾ തേടുകയായിരുന്നു എന്‍റെ മനസ്സ്. അയാൾ കൈ പിൻവലിച്ചപ്പോഴാണതു ശ്രദ്ധിച്ചത് ആ കൈയ്യിൽ ആറു വിരലുകൾ! പൊടുന്നനെ മനസ്സിലേക്ക് ഒരു ഭയം ഇരച്ചു കയറി. അയാൾ പറയാനാരംഭിച്ചു

”നിനക്കറിയാമല്ലോ എന്‍റെ ജേഷ്ഠൻ ജോണിനെ? അയാളെ ഞാൻ കൊന്നതാണ്. നീയന്വേഷിച്ചു നടക്കുകയല്ലേ? എങ്കിൽ നീയറിഞ്ഞോ ദുഷ്ടനായ അയാളെ ഞാൻ കഴുത്തുഞെരിച്ചു കൊന്നു. ഇനി നീ പറ നിനക്കെന്തു ചെയ്യാൻ പറ്റും? ഒരുപാടു പേരെ കൊന്നു തള്ളിയിട്ടുള്ളവനാ ഈ ചാർളി. വേണ്ടിവന്നാൽ നിന്നെയും കൊല്ലും. നിന്‍റെ കാമുകി ഉണ്ടല്ലോ അവളെയും കൊല്ലും.” ഇതു പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.

കാലിന്‍റെ പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരം മുഴുവൻ പടർന്നു കയറിയ പോലെ. അവിടെ നിന്നെഴുന്നേറ്റ് ഇറങ്ങി ഓടിയാലോ എന്നാലോചിച്ചു. എന്നാൽ ഇരിപ്പിടത്തിൽ നിന്നും അനങ്ങാൻ പോലുമാകുന്നില്ല. അങ്ങനെയിരിക്കെയാണ് വാതിൽ തുറന്ന് ഒരാൾ കടന്നു വന്നത്. അയാളുടെ മുഖത്ത് നോക്കിയപ്പോൾ അമ്പരന്ന് പോയി. കുക്ക് സെബാസ്റ്റ്യൻ ഇയാളെങ്ങനെ ഇവിടെ വന്നു. ആലോചിച്ച് തല പെരുക്കുന്ന പോലെ തോന്നി. കുക്കിനെക്കണ്ടതും ചാർളി എഴുന്നേറ്റ് അലറി.

“ഇവനെ ജീവനോടെ വിടരുത് അതപകടമാണ്‌.”

യാതൊരു ഭാവഭേദവും കൂടാതെ കുക്ക് വന്ന് എന്‍റെ കഴുത്തിൽ പിടുത്തമിട്ടു. ബലിഷ്ഠമായ കൈകൊണ്ടയാൾ എന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ്. ആ ബഹളത്തിനിടയിൽ കുക്കിന്‍റെ മങ്കിത്തൊപ്പി നിലത്തു വീണു. അപ്പോഴാണ് ചാർളിയുടെ ആറു വിരലുള്ള കൈ ജുബയുടെ പോക്കറ്റിലേക്കു ഇറങ്ങുന്നതായി കണ്ടത്. ആ കൈതിരിച്ചുവന്നത് ഒരു റിവോൾവറുമായി. അതയാൾ പൊടുന്നനെ എന്‍റെ തലക്കു നേരെ നീട്ടിപ്പിടിച്ചു. ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ.

റിവോൾവറിന്‍റെ കുഴലുകളുടെ അഗ്രം നെറ്റിയിൽ സ്പർശിച്ചു. ലോഹത്തിന്‍റെ തണുപ്പ് നെറ്റിയിൽ നിന്നും താഴേക്കു അരിച്ചിറങ്ങുന്നു. മരണത്തിന്‍റെ തണുപ്പ്. കനത്ത പ്രതിധ്വനി കേൾപ്പിച്ചു കൊണ്ട് റിവോൾവർ രണ്ടാവർത്തി ശബ്ദിച്ചു. നെറ്റിയിൽ നിന്ന് കിനിഞ്ഞിറങ്ങി ശരീരമാസകലം പടരുന്ന ചോര. നിമിഷ നേരം കൊണ്ട് ശരീരമാസകലം ചോരയിൽ കുളിച്ചിരിക്കുന്നു.

പൊടുന്നനെയാണ് ചാർളി റിവോൾവൾ ജൂബക്കുള്ളിലേക്ക് തുരുകി ചാടിയെഴുന്നേറ്റത്. എഴുന്നേറ്റതും വലതു വശത്തേക്കു തിരിഞ്ഞ് ഞാൻ ഇരുന്നിരുന്ന കസേരയടക്കം ഒറ്റത്തള്ളൽ. കസേരയടക്കം ഞാൻ പുറകോട്ടു മറിഞ്ഞു വീണു. കുക്കും ചാർളിയും അടച്ചിട്ട വാതിൽ ചവിട്ടിത്തുറന്ന് പുറത്തേക്കു പോകുന്നതു കണ്ടു. ഞാനാകട്ടെ നിലയില്ലാത്ത കയത്തിലേക്കാണ് വീണതെന്നു തോന്നി. ആ കടലാഴത്തിലേക്ക് ഞാൻ ഊളിയിട്ടി‌റങ്ങുകയാണ്. ശ്വാസം മുട്ടുന്നു. ശ്വാസം കിട്ടാതെ അര നിമിഷം പോലും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. കഴിഞ്ഞു. എല്ലാം അവസാനിച്ചു.

ചായ വില്പനക്കാരന്‍റെ വിചിത്രമായ തുളച്ചു കയറുന്ന ഒച്ച അടുത്തേക്കു വരുന്നു. അവ ചെറുമുഴക്കങ്ങളായി ചെവിയിൽ കമ്പനം തീർക്കുകയാണ്. ഞെട്ടി കണ്ണു തുറന്നു. പരിസരത്തെ ഉൾകൊള്ളാൻ ബോധമനസ്സു അല്പം സമയമെടുത്തു ദേഹമാസകലം വിയർപ്പിൽ കുളിച്ചിട്ടുണ്ട്. തീർത്തും യാഥാർഥ്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു സ്വപ്നം.

ആ ചായക്കച്ചവടക്കാരൻ ഒച്ച വച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അടുത്ത രംഗം. ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്കുള്ള യാത്രയാവാം. ചിലപ്പോൾ സ്വപ്നങ്ങളിൽ പരസ്പര ബന്ധമില്ലാത്ത സംഭവത്തിന്‍റേയും വ്യക്തികളുടെയും കെട്ടുപിണച്ചിലുണ്ടായി കാണാറുണ്ട്. യാതൊരു ബന്ധമില്ലാത്ത കുക്കും ചാർളിയും സ്വപ്നത്തിൽ ഒരുമിച്ചു. അല്ല ബന്ധമില്ല എന്ന് എങ്ങനെ പറയാൻ കഴിയും? ചാർളി എപ്പോഴെങ്കിലും ജേഷ്ഠന്‍റെ ക്വാർട്ടേഴ്സിൽ പോയിരിക്കാം. സെബാസ്റ്റ്യൻ കുക്കിനെ പരിചയപ്പെട്ടിരിക്കാം.

കുക്കിന്‍റെ പ്രകൃതമനുസരിച്ച് ഉന്നതങ്ങളിൽ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള കരവിരുത് അയാൾക്കുണ്ട്. അത് പൊരിച്ചമീനിലൂടെയോ അതോ മത്തികറിയിലൂടെയോ എന്ന് അറിയാൻ വയ്യ. ഏതായലും ചാർളിയുടെ സഞ്ചാരങ്ങൾ എനിക്ക് ദുരൂഹമായിത്തന്നെ തുടരുന്നു. ഇക്കാര്യത്തിൽ ചാർളിക്കുള്ള താത്പര്യങ്ങൾ നാളെ അറിയാം. ഏതായാലും ചാർളിയെ അഭിമുഖീകരിക്കുന്നത് കരുതലോടെ വേണം. റിവോൾവർ കയ്യിലുണ്ടെങ്കിലോ?

സ്ലീപ്പർ ബർത്തിൽ നിന്ന് വേഗം താഴെയിറങ്ങി ചായക്കാരനോട് ചായ പറഞ്ഞു. ഫോണിൽ മാപ്പ് നോക്കിക്കൊണ്ട് ചായ കുടിക്കുമ്പോൾ ഒന്നു ഞെട്ടി. പത്തു മിനിറ്റേ ഇറങ്ങേണ്ട സ്റ്റേഷനിലോട്ടുള്ളൂ. ഏതായാലും ചായക്കാരൻ സഹായിച്ചു. സ്വപ്നവും ഉറക്കവും കുറെക്കൂടി നീണ്ടു പോയെങ്കിൽ എന്തായേനെ സ്ഥിതി.

തോമാച്ചൻ വിളിക്കുന്നു. മാഗി മാഡത്തിന്‍റെ വീട്ടിൽ പാലെത്തിച്ചു നല്കുന്ന സണ്ണിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോമാച്ചന് സന്ദേശമയച്ചിരുന്നു. അയാളെക്കുറിച്ച് എനിക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. തോമാച്ചൻ കഥ പറയാനാരംഭിച്ചു.

അയാൾ രാവിലെത്തന്നെ ബൈക്കോടിച്ച് കവലയിലെത്തി വഴിയോരത്തെ ഒരു ചായക്കടയിൽ കയറി. ഒരു ചായ കുടിച്ചു കൊണ്ട് ചായക്കടക്കാരനോട് സണ്ണിയെപ്പറ്റി അന്വേഷിച്ചു. കടക്കാരന് സണ്ണിയെ നന്നായറിയാം. ആ ചായക്കടയിലും പാലു കൊടുക്കുന്നതു സണ്ണിയാണ്. കോപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന സണ്ണിയല്ലേ എന്നു ചോദിച്ചപ്പോൾ അവൻ കോളേജിലൊന്നും പോകുന്നില്ല കംപ്യൂട്ടറെന്തോ പഠിക്കാൻ പോകുന്നുണ്ട് എന്ന അറിവേ ചായക്കടക്കാരനുള്ളൂ. ഏതായാലും സണ്ണിയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി ചായക്കടക്കാരൻ പറഞ്ഞു തന്നു.

വീടെത്തുന്നതിനു മുൻപെ സണ്ണിയെ പരിചയപ്പെട്ടു. അയാളുടെ വീട്ടിലേക്കുള്ള വഴിയിൽ ഒരു സംശയം തോന്നിയത് ചോദിച്ചത് സണ്ണിയോട് തന്നെ ആയിരുന്നു. അങ്ങനെ സംസാരിച്ച് തുടങ്ങി പരിചയമായി. ജോൺ സാറിന്‍റെ വീട്ടിലെ സംഭവം പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം അവൻ ദേഷ്യപ്പെട്ട് പോകാനൊരുങ്ങി. പിന്നെയതിന്‍റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ പയ്യൻ വിറക്കാൻ തുടങ്ങി. ആ സംഭവത്തിനു ശേഷം താൻ പാലു കൊടുക്കാൻ പോകാറില്ല. അമ്മയാണ് പോകാറ് എന്നു പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട് ഒന്നു പേടിപ്പിച്ചപ്പോൾ അന്നുണ്ടായ സംഭവം അവൻ വിവരിച്ചു തന്നു. അതിപ്രകാരമായിരുന്നു.

ജോൺ സാറിന്‍റെ വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന കുട്ടിയുമായി അടുപ്പമുണ്ട്. കംപ്യൂട്ടർ ക്ലാസ്സിൽ ചേർന്നത് കംപ്യൂട്ടർ പഠനത്തോടൊപ്പം മറ്റു ചില ലക്ഷ്യങ്ങളും മുന്നിൽ കണ്ടായിരുന്നു. ജോൺ സാറിന്‍റെ വീട്ടിൽ ദിവസവും അമ്മയായിരുന്നു പാൽ കൊടുത്തു കൊണ്ടിരുന്നത്. പിന്നെ അമ്മക്കൊരു സഹായമാകുമെന്ന് കരുതി ആ ജോലി ഏറ്റെടുത്തു.

ജോൺ സാറിന്‍റെ മരണം നടന്ന ദിവസം അതിരാവിലെ പാലും കൊണ്ട് വീടിനു പുറകിലുള്ള ഗേറ്റിലൂടെ അടുക്കളയിലെത്തി. ആ വഴിയിലൂടെയാണ് സ്ഥിരം പോകാറ്. അടുക്കളയിൽ ജാൻസി തലേന്നത്തെ പാത്രം കഴുകി വക്കുകയായിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. എനിക്കു വല്ലാതെ ദേഷ്യം വന്നു. ഇപ്പണിയൊക്കെ നീയെന്തിനാ ചെയ്യുന്നതെന്ന് ചോദിച്ച് പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു. അവളാകെ പേടിച്ചു. അപ്പോൾ കഴുകി വച്ചിരുന്ന പാത്രമെല്ലാം തട്ടി മറിഞ്ഞു വീണു വലിയ ഒച്ചയായി. പിന്നെ അങ്ങോട്ട് ആരെങ്കിലും വരുമെന്ന് വിചാരിച്ച് അവിടെ നിന്നില്ല. പാൽപ്പാത്രം ഒരു മൂലക്ക് വച്ച് ഓടിപൊയ്ക്കളഞ്ഞു. ഇതേ ഉണ്ടായുള്ളൂ. പിന്നെയാണ് ജോൺ സാർ മരണപ്പെട്ട കാര്യമൊക്കെ അറിഞ്ഞത്.

ഇതും പറഞ്ഞു പരിഭ്രമിച്ചു നിന്ന സണ്ണിയെ നല്ല വാക്കു പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് പൊയ്ക്കൊള്ളാൻ പറഞ്ഞു.

തോമാച്ചൻ കഥ പറഞ്ഞ് നിറുത്തിയതും ട്രെയിൻ തനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തിയതും ഒരുമിച്ചായിരുന്നു. നാളെ ലാബ് റിസൽട്ട് കൊണ്ടുവരുന്ന കാര്യം ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ച് നന്ദി പറഞ്ഞ് ഫോൺ കട്ടു ചെയ്തു. ബാഗുകളെല്ലാമെടുത്ത് ട്രെയിനിൽ നിന്നും ധൃതിയിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയതും തണുപ്പ് പടർത്തി തിരത്തള്ളിയ കാറ്റു ആസ്വാദിച്ചു അൽപനേരം നിന്നു. തുടർന്നു ഒരു ടാക്സി വിളിച്ചു ലഗേജുകൾ ഓഫീസിലെത്തിച്ച് വീട്ടിലേക്ക് തിരിച്ചു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

കടപ്പുറം. സന്ധ്യ… ഹേമന്ത് തനിച്ചാണോയെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ടീച്ചർ…

കാലത്തിന്‍റേതായ യാതൊരു പരുക്കുകളുമില്ലാത്ത ദേഹത്തിൽ പഴയ പ്രസന്നതയിൽ…

ടീച്ചർ തനിച്ചാണോയെന്ന് ചോദിച്ചില്ല. ഭർത്താവിന്‍റെ മരണശേഷം ടീച്ചറെ എവിടേയും തനിച്ചേ കണ്ടിട്ടുള്ളൂ… എന്‍റെ സിഗരറ്റ് വലിച്ച് കറുത്ത ചുണ്ടിലേക്ക് നോക്കി ഹേമന്ത് നീയങ്ങ് വളർന്നു പോയല്ലോയെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ച് നിന്നതേയുള്ളൂ.

താഴ്ന്ന ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും മുന്തിയ ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും ടീച്ചറുടെ വീട്ടിലെ ട്യൂഷൻ കൂടെ കഴിഞ്ഞേ എനിക്ക് സ്കൂൾ വിട്ടാലും വീട്ടിലെത്താനാവൂ…

വീട്ടിലെത്തിയാലും അമ്മ കാപ്പിയും പലഹാരങ്ങളുമൊക്കെ തന്ന് പാഠപുസ്തകങ്ങൾക്ക് മുന്നെ പിടിച്ചിരുത്തും. ഉറക്കം വന്ന് തൂങ്ങുമ്പോഴാകും അമ്മ അവിടെ നിന്ന് എന്നെ എഴുന്നേൽപ്പിക്കുക. ചിലപ്പോ രാത്രി ഭക്ഷണമൊന്നും കഴിക്കാതെയാവും ഉറങ്ങുക.

താൻ നല്ലൊരു പഠിപ്പിസ്റ്റാവണമെന്ന് അച്ഛനെക്കാൾ ആഗ്രഹം അമ്മയ്ക്കായിരുന്നു. ഇങ്ങനെ പഴയ കാലങ്ങളെ ഒരിക്കൽ കൂടെ ഓർത്തെടുക്കുമ്പോൾ ടീച്ചർ ചോദിച്ചു.

“ഹേമന്ത് ആ രാമൻ നായരെ അറിയോ?” ഞാൻ അറിയാമെന്ന ഭാവത്തിൽ തല കുലുക്കി.

നഗര ഹൃദയത്തിൽ തന്നെ അയാൾക്കൊരു സ്റ്റേഷനറി ഹോൾസെയിൽ കടയുണ്ട്.

കച്ചവടത്തിനായി നേർച്ചയർപ്പിക്കപ്പെട്ട ജീവിതമാണ് അയാളുടെതെന്നൊരു കുഴപ്പമേയുള്ളൂ.

ഒരു ദുശ്ശീലത്തിനും കീഴ്പ്പെടാത്ത ആൾ. സുമുഖൻ, സുന്ദരൻ. ടീച്ചറുമായി നല്ല ചേർച്ചയാകും അയാൾക്ക്… ഒരു മകൻ മാത്രമാണ് അയാൾക്കുള്ളത്.

പിന്നെ ആർക്ക് വേണ്ടിയാ അയാളിങ്ങനെ സമ്പാദിച്ച് കൂട്ടണതെന്നാ അയാളെ അറിയുന്നവരൊക്കെ ചോദിക്കുന്നത്. അയാളുടെ ഭാര്യ കടുത്ത ഹൃദരോഗിയാണെന്ന് ഹേമന്തിന് അറിയാമല്ലോ? അവർ അടുത്ത് തന്നെ മരിക്കും. അവർ മരിച്ചാൽ പിന്നെ എന്നെ വിവാഹം കഴിക്കണമെന്നാ അയാളുടെ ആഗ്രഹം.

ഈ ആവശ്യാർത്ഥം അയാളെത്ര കുറിയായി എന്‍റെ വീട്ടിൽ വരുന്നു. ഇങ്ങനെയൊരു ആവശ്യവുമായി വരരുതെന്ന് പറഞ്ഞിട്ടും അയാൾ വരുന്നുണ്ട്. ചിലപ്പോ സുഖമില്ലാത്ത ഭാര്യയേയും കൂട്ടി. അവരും താണുകേണ് പറയാറുണ്ട്. ഈ ബന്ധത്തിന് സമ്മതിക്കണമെന്ന്. ആൺതുണയില്ലാത്ത വീടാണ് തന്‍റേതെന്നും കണ്മുന്നിൽ രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്ന് പറഞ്ഞിട്ടും ഈ ആവശ്യത്തിന്‍റെ ലഹരിയിൽ അയാളിതൊക്കെ മറന്ന് വീണ്ടും വരും.

ഹേമന്തിനറിയില്ലേ ഞാനുമെന്‍റെ ഭർത്താവുമായുണ്ടായിരുന്ന ജീവിതം… ഗൾഫിൽ നിന്ന് ലീവിന് വന്നിട്ട് ഒരു രാത്രി ഉറങ്ങാൻ കിടന്നതാണ്. പിന്നെ ഉണർന്നില്ല…

ഇപ്പോഴും അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല.

അങ്ങനെയെങ്കിൽ എനിക്കിങ്ങനെ ജീവിച്ചിരിക്കാനാവില്ല. സാധാരണ ഭാര്യ ഭർത്താക്കന്മാരെ പോലൊരു പിണക്കമോ കലഹമോ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അങ്ങനെയൊന്നിന്നും ഇടം തരാത്ത വിധം ഭാര്യ മക്കൾ അവരോടുള്ള സ്നേഹം അതിനായാണ് അദ്ദേഹം ജീവിച്ചത്.

അദ്ദേഹം മരിക്കുമ്പോൾ മക്കൾ മുതിർന്നിരുന്നില്ല.

എന്നിട്ടും ഞാനവരെ വളർത്തി. അച്‌ഛനില്ലാത്ത കുട്ടികളെന്ന ഫീൽ അനുഭവിപ്പിക്കാതെ… അവർക്കൊന്നിനുമൊരു കുറവും വരുത്തിയിട്ടില്ല. വസ്ത്രത്തിനും ആഹാരത്തിനും ആഹ്ദളാത്തിനും…

ചിലരൊക്കെ പറയാറുണ്ട്. ടീച്ചറേയും മക്കളേയും കണ്ടാൽ ചേച്ചിയും അനിയത്തിമാരുമാണെന്നേ തോന്നുവെന്ന്. മൂത്തവൾ നിയമത്തിനും ഇളയവൾ മെഡിസിനും പഠിക്കുന്നു.

ഞാനിപ്പോഴും ഓർക്കുന്നുണ്ട്.

ടീച്ചറുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നാൽ പിന്നെ പിറ്റേ ദിവസം ടീച്ചർ ക്ലാസിലെത്തുക ഫോറിൻ പെന്നും പെൻസിലും വാസനയുള്ള റബറുമായൊക്കെയാണ്.

എന്നിട്ട് മറ്റാരും കാണാതെ തനിക്കത് കൈമാറാൻ ശ്രമിക്കുമ്പോൾ താനത് കൈപ്പറ്റാൻ മടിക്കുമ്പോൾ ടീച്ചർ പറയും.

പ്ലീസ് ഹേമന്ത് ഇത് വാങ്ങൂ. നിന്നോടിഷ്ടമുള്ളത് കൊണ്ടല്ലേ ഞാനിതൊക്കെ നിനക്ക് കൊണ്ട് വന്ന് തരുന്നതെന്ന്.

സത്യത്തിൽ, സെയിൽ ടാക്സ് ഓഫീസർ മൂർത്തിയുടെ മകന് ഇതിന്‍റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? അനാവശ്യമായിരുന്നു അത്.

സ്റ്റേറ്റ്സിൽ നിന്ന് അമ്മാവന്മാരും ഗൾഫിൽ നിന്ന് ഇളയച്ഛന്മാരും അയക്കുന്നതിന് പുറമേയായിരുന്നു അത്.

ഞാൻ സ്കൂൾ ഫൈനൽ പാസായ ശേഷമാണ് അച്‌ഛൻ ദൂരെയുള്ള ഒരു പട്ടണത്തിലേക്ക് ട്രാൻസ്ഫറായത്. പിന്നെ അവിടെയായി തുടർ വിദ്യാഭ്യാസം… ഈ വിവരം ധരിപ്പിക്കുവാനായി ടീച്ചറുടെ വീട്ടിൽ ചെന്നപ്പോഴും ടീച്ചറൊന്നേ പറഞ്ഞുള്ളൂ. നല്ലോണം പഠിക്കണം…

അവിടെയെത്തിയ ശേഷം കുറച്ച് നാൾ ടീച്ചർ ഫോണിൽ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു. പ്രത്യേകിച്ചും പഠന കാര്യങ്ങൾ. പിന്നെ എപ്പോഴോ അതും നിലച്ചു…

ടീച്ചറോട് ഞാൻ മക്കളെ തിരക്കി.

അവർ സുഖമായിരിക്കുന്നുവെന്നും ഇടക്ക് അവർ നിന്നെ തിരക്കാറുണ്ടെന്നും ടീച്ചർ പറഞ്ഞു. ടീച്ചറെ പോലൊരു അമ്മയെ കിട്ടിയതാണാ കുട്ടികളുടെ ജന്മസുകൃതം… അടുത്ത് തന്നെ രാമൻ നായരുടെ ഭാര്യ മരിക്കും….

അപ്പോളയാളുടെ ജീവിത സഖിയാകാനുള്ള ക്ഷണവുമായി അയാൾ വരും.

അന്നേരം ഞാനെന്ത് മറുപടിയാ ഹേമന്ത് അയാളോട് പറയുക…

ടീച്ചറുടെ ഈ ചോദ്യത്തിന് ഞാനെന്ത് ഉത്തരമാണ് പറയുക?

രാമൻ നായരെ ടീച്ചർ വിവാഹം കഴിക്കണമെന്നോ. അങ്ങനെ ഞാൻ പറഞ്ഞാലുമത് നടക്കണമെന്നില്ലല്ലോ. പിന്നെ എന്തിലും ഏതിലും അവരവരുടെ തീരുമാനമല്ലേ മറ്റൊരാൾ പറയുന്നതിനെക്കാളും മുന്നിട്ട് നിൽക്കുക?

ഇങ്ങനെയൊരുപാടു വേവലാതികളാൽ വിയർത്തും ഒരു ഉത്തരത്തിന്‍റെയും സാന്ത്വനത്തിലേക്ക് എത്താനാവാത്തതിന്‍റെ മൗനത്തെ ആചരിച്ചും കൊണ്ട് ഞാൻ ടീച്ചർക്ക് മുന്നെ നിന്നു…

Novel: സമുദ്രമുഖം ഭാഗം- 9

തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യുമ്പോഴാണ് മാഗി മാഡം വിളിച്ചത്. ശബ്ദം കേട്ടപ്പോൾ വല്ലാതെ പരിക്ഷീണയെന്നുതോന്നി. അന്വേഷണത്തിലുള്ള പുരോഗതിയെക്കുറിച്ചാണ് അവർക്കറിയേണ്ടത്. ഒപ്പം ബാലിശമായ ഒരു കാര്യവും അവർ പങ്കുവച്ചു. അവരുടെ ഭർത്താവ് സ്വപ്നത്തിൽ ഇടക്കിടെ സന്ദർശിക്കാൻ വരുന്നുണ്ടെന്ന്! ഇന്നലെ രാത്രി സ്വപ്നത്തിൽ വന്ന് ഒരു പാട് സംസാരിച്ചത്രെ. തറവാടിനോട് ചേർന്ന് ഒരു സ്വമ്മിംഗ് പൂൾ നിർമ്മിക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു പോലും.

ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടു നടന്ന് പൂർത്തീകരിക്കാതെ പോയൊരാൾ. എനിക്ക് വ്യസനം തോന്നി. ഞാൻ മാഡത്തെ ആശ്വസിപ്പിച്ചു. ഒരാഴ്ചക്കകം ജോൺ സാറിന്‍റെ മരണത്തിന്‍റെ കാരണത്തെക്കുറിച്ചുള്ള വ്യക്തമായ ഒരുത്തരം നല്കാമെന്ന് ഉറപ്പുകൊടുത്തു. അത് കേട്ടപ്പോൾ അവർ തെല്ലു ശാന്തയെന്നു തോന്നി. ഞാനത് അവരെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞതായിരുന്നില്ല. എൺപതു ശതമാനം ഞാനാ ഉത്തരത്തെ സമീപിച്ചിരിക്കുന്നു. ബാക്കിയുള്ള ഇരുപതു ശതമാനത്തിൽ പതിനഞ്ച് ശതമാനം തോമസ്സിന്‍റെ കൈകളിലാണ്. പിന്നീടുള്ള അഞ്ചു ശതമാനം എന്‍റെ തിരുവനന്തപുരം യാത്രയിലൂടെ വെളിവാകുമെന്നാണ് പ്രതീക്ഷ.
യാത്ര തിളച്ചുരുകി തിരതല്ലുന്ന വെയിൽ ബോഗിയിലെ ജനലഴികളെ ചുട്ടുപഴുപ്പിച്ചിരുന്നു. അതിനെ തഴുകി തലോടി ബോഗിക്കുള്ളിലേക്ക് അലയടിച്ചെത്തുന്ന ചൂടുപിടിച്ച കാറ്റിനു ചുട്ടുപഴുത്ത ഇരുമ്പിന്‍റെ ഗന്ധം. ട്രെയിനകത്തെ അസുഖകരമായ ഗന്ധം. ആ കാറ്റിനോട് ഇഴചേർന്നു ഉഷ്ണവും ആ ഗന്ധവും ഇടചേർന്നു പടർന്നു പിടിക്കുമ്പോൾ വേഗം ലക്ഷ്യമെത്തണമെന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു.

മരണപ്പെട്ടവന്‍റെ സ്വപ്നദർശനം. താൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് സ്വപ്നത്തിലൂടെ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിൽ എപ്പോഴെ കേസുമടക്കാമായിരുന്നു. സ്വമ്മിംഗ് പൂളിന്‍റെ കാര്യമാണ് സ്വപ്ന ദർശനത്തിലൂടെ കാണപ്പെട്ട വ്യക്തി പറഞ്ഞത്. മരിക്കുന്നതിന്‍റെ തലേന്ന് അതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ സഞ്ചാരം.

പത്തുനൂറു കൊല്ലം മുൻപ് താൻ കൊല്ലപ്പെട്ടതെങ്ങനെ എന്നും ആരാണ് അപായപ്പെടുത്തിയതെന്നും സ്വപ്നത്തിലൂടെ സ്വന്തം അമ്മക്ക് മകൾ വിവരിച്ചു കൊടുത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. കോടതിയും ആ വാദം എന്തുകൊണ്ടോ അംഗീകരിച്ചു. പോസ്റ്റുമോർട്ടം ചെയ്യാതെ അടക്കിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ഉത്തരവിടുകയായിരുന്നു. അതെത്തുടർന്ന് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. ആ റിസൽട്ടിൽ നിന്നും വ്യക്തമായത് മകൾ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു എന്നാണ്. തുടർന്ന് ആ അമ്മ തനിക്ക് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന സ്വപ്നദർശനത്തിൽ മകൾ ചൂണ്ടിക്കാട്ടിയ കൊലയാളിയായ ആ വ്യക്തിയെക്കുറിച്ച് പോലീസിനെ ധരിപ്പിക്കുകയായിരുന്നു.

നിർഭാഗ്യവശാൽ ആ വ്യക്തി അവളുടെ ഭർത്താവ് തന്നെയായിരുന്നു. അയാൾ തന്നെയാണ് തുടക്കത്തിൽ പോസ്റ്റ്മോർട്ടത്തിന് വൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയും അയാൾ കുറ്റം ഏൽക്കുകയും ചെയ്തു അതേത്തുടർന്ന് കോടതി തക്കതായ ശിക്ഷ അയാൾക്കായി നൽകുകയും ചെയ്തു. അങ്ങനെ ഈ സംഭവം ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.

ഇവിടെ മാഗി മാഡത്തിന്‍റെ കാര്യമെടുത്താൽ അവർക്ക് അനുഭവവേദ്യമായ സ്വപ്ന ദർശനത്തിൽ ഭർത്താവ് സിമ്മിംഗ് പൂളിന്‍റേയും മറ്റു പലകാര്യങ്ങളുമാണ് സംസാരിക്കുന്നത്. അതല്ലാതെ തന്‍റെ മരണത്തെക്കുറിച്ചുള്ള യാതൊരു സൂചനകളും പുള്ളി നൽകുന്നില്ല എന്നുള്ളത് ഒരു തമാശക്കായി ആലോചിച്ചു. കേസന്വേഷണത്തിന് ഗുണകരമായ എന്തെങ്കിലും സൂചനകൾ നല്കിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിത്തന്നെ ഞാൻ ആഗ്രഹിച്ചു പോകുകയാണ്.

പൊതുവെ യാത്രകൾ ഇഷ്ടമല്ല. ദൂരയാത്രകളാണെങ്കിൽ പറയുകയും വേണ്ട. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലെ യാത്രക്കൊരുമ്പെടാറുള്ളൂ. അധികം ദൂരമില്ലെങ്കിലും യാത്രകൾ എല്ലായ്‌പോഴും മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. യാത്രയിലുടനീളം അപരിചിതത്വത്തിന്‍റെ ഗന്ധവും ദൃശ്യവും തിരതല്ലുന്ന സ്ഥലരാശികൾ. അപരിചിതരായ ആളുകൾ. അവരുടെ ദുർഗ്രഹമായ ശരീരഭാഷകൾ. ഇപ്പോൾ തന്നെ നോക്കു. നേരെ എതിർവശത്തിരിക്കുന്ന കറുത്തുതടിച്ച ഒരാൾ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നതെന്തിനാണ്? അയാളിൽ നിന്നും ദൃഷ്ടി പിൻവലിച്ചു ജനലഴിയിലൂടെ പുറംകാഴ്ചകൾ ശ്രദ്ധിക്കുന്നതായി ഭാവിച്ചപ്പോൾ ഇടിമുഴക്കം പോലെ അയാളിൽ നിന്നൊരു ചോദ്യം,

“മൊബൈൽ ചാർജർ ഒന്ന് തരാമോ?”

അപ്പോൾ തന്നെ ചാർജർ എടുത്തു കൊടുത്തു. സമാധാനം! ചാർജർ ഇനി തിരിച്ചു തന്നിലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ തുറിച്ചു നോക്കി പേടിപ്പിക്കരുത്. ഏതായാലും ആ മാന്യൻ ഇറങ്ങേണ്ട ഇടമെത്തിയപ്പോൾ ചാർജർ തിരിച്ചു തന്ന് നന്ദി പ്രകാശിപ്പിച്ചു. സന്തോഷം!

അങ്ങനെ അല്പം ഉറങ്ങിയും പുസ്തകം വായിച്ചു തീർത്തും ഒടുവിൽ മിനിറ്റുകൾ എണ്ണിത്തീർത്ത മടുപ്പിക്കുന്ന യാത്രക്കു ശേഷം ഇറങ്ങേണ്ട ഇടമെത്തി. തോമാച്ചൻ എന്നെ ഏല്പിച്ചിരുന്ന ഫോൺ നമ്പറിൽ സൈനികനെ വിളിച്ചു. നെൽസൺ. അയാൾ റെയിൽവേ സ്റ്റേഷനു പുറത്ത് എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പരിചയപ്പെട്ടു. ഇന്ത്യാ മഹാരാജ്യം മുഴുവൻ ജോലി ചെയ്ത ഒരു ജവാൻ. മിലിട്ടറി ജീപ്പിൽ അയാളൊടൊപ്പം അയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പുറപ്പെടുമ്പോൾ അയാൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടേ ഇരുന്നു. റോഡിന്‍റെ നിമ്നോന്നതങ്ങളിൽ തെല്ലു പോലും പതറാതെ മുന്നോട്ടു കുതിക്കുന്ന കരുത്തുറ്റ മിലിട്ടറി ജീപ്പ്.

തോമാച്ചന്‍റെ നാട്ടുകാരനായ ഈ സൈനികൻ വളരെ സൗഹൃദ സഹകരണ മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഇവിടുത്തെ യൂണിറ്റിൽ നിന്നും റിട്ടയർ ആയ ജോൺ സാറിനെയും ഇയാൾക്ക് പരിചയമുണ്ട്. വലിയ തോതിലുള്ള സൗഹൃദമില്ല. കണ്ടിട്ടുണ്ട് അത്രമാത്രം.

എന്‍റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യം ദീർഘകാലം ജോൺ സാറിന്‍റെ കുക്കായിരുന്ന സെബാസ്റ്റ്യൻ ചേട്ടനെ കണ്ടെത്തുവാൻ വേണ്ടിയാണ്. ജോൺ സാറിന്‍റെ ഫാമിലിയൊടൊപ്പം സെബാസ്റ്റ്യൻ ചേട്ടനെന്ന ഒരാളുണ്ടായിരുന്ന വിവരം ഈ സൈനികൻ വഴി തോമാച്ചൻ എന്നെ അറിയിച്ചിരുന്നു. മാഗി മാഡം ഇത്തരമൊരാളെപ്പറ്റി യാതൊരു സൂചനയും നല്കിയില്ലെന്നതിനു പിന്നിൽ എന്തെങ്കിലും കാരണം കാണും.

ദീർഘകാലം ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് ഈ കുടുംബത്തെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ അറിയുമായിരുന്നിരിക്കണം. ആ അറിവുകളിൽ ചിലത് നല്ലതാകാം അല്ലെങ്കിൽ ചീത്ത വിവരങ്ങളാവാം.

ജോൺ സാർ റിട്ടയർ ആയ ശേഷം പിന്നെ ആ കുക്ക് ഇവിടുത്തെത്തന്നെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥന്‍റെ കൂടെയാണെന്നും ആ ഓഫീസറെ പരിചയമുണ്ടെന്നും നെൽസൺ അറിയിച്ചു. ജോൺ സാറിനൊപ്പമോ അയാൾക്കു മേലേയോ പദവിയുള്ള നാലഞ്ച് ഓഫീസർമാരേ ഈ യൂണിറ്റിലുള്ളൂ. അതു കൊണ്ട് കുക്ക് സെബാസ്റ്റ്യനെ കണ്ടെത്താൻ വലിയ പ്രയാസമുണ്ടായില്ലെന്ന് സൈനികൻ വെളിപ്പെടുത്തി. ആ ഒരു മാനദണ്ഡമനുസരിച്ചുള്ള അന്വേഷണം എളുപ്പമായിരുന്നെന്നും പെട്ടെന്നു തന്നെ അയാളെ കണ്ടെത്തി പരിചയപ്പെട്ടെന്നും നെൽസൺ പറഞ്ഞു. പിന്നീട് കണ്ടപ്പോൾ വിശദമായി സംസാരിച്ചതായും വീട്ടിലേക്ക് ക്ഷണിച്ചതായും പറഞ്ഞു. ഇന്നു രാത്രി എട്ടരക്ക് നെൽസൻ താമസിക്കുന്നിടത്ത് സെബാസ്റ്റ്യൻ വരാമെന്ന് ഏറ്റിട്ടുണ്ട്. അയാൾക്കും തനിക്കുമായി ഒരു ചെറിയ മദ്യ സൽക്കാരപ്പാർട്ടി തയ്യാറാക്കിയെന്ന് നെൽസൻ അറിയിച്ചു.

ഏറെ വൈകാതെ നെൽസന്‍റെ ഒരു ബന്ധു എന്ന മേൽവിലാസത്തിൽ സെക്യൂരിറ്റി ഗേറ്റിൽ നിന്ന് ഒരു വിസിറ്റർ പാസ്സ് സംഘടിപ്പിച്ച് അയാളൊടൊപ്പം താമസസ്ഥലത്തെത്തി. കുളിച്ച് വസ്ത്രം മാറ്റി അയാളുടെ കൂടെ കാന്‍റീനിലേക്ക് പോയി. അവിടെ നിന്ന് റൊട്ടിയും ദാലും പച്ചക്കറിയും അല്പം തൈരും മിലിട്ടറി ചട്ടത്തോടെത്തന്നെ ആസ്വദിച്ചു കഴിച്ചു.
തിരിച്ച് ക്വാർട്ടേഴ്സിലെത്തി ടി. വി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ കുക്ക് സെബാസ്റ്റ്യൻ വാരാതിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. ചെറിയ പാർട്ടിക്കു വേണ്ടത് സെറ്റു ചെയ്യുകയായിരുന്നു അപ്പോൾ നെൽസൻ.

ഷോകേസിൽ നിന്നും ഉരുണ്ട ഒരു മദ്യക്കുപ്പിയെടുത്ത് എന്നെക്കാണിച്ച് പറഞ്ഞു. ദാ ഈയൊരു ഐറ്റമുണ്ടെങ്കിൽ സെബാസ്റ്റ്യൻ പറന്നു വരും എന്നു പറഞ്ഞു. സെബാസ്റ്റ്യൻ വന്നാൽ ഒരര മണിക്കൂർ നേരം വ്യക്തിപരമായി ചില കാര്യങ്ങൾ സംസാരിക്കാൻ അവസരം തരണമെന്ന് നെൽസനോട് ആവശ്യപ്പെട്ടു. രണ്ടു പെഗ് ഉള്ളിൽ ചെന്നാൽ അറിയാവുന്ന ഏതു കാര്യവും തത്ത പറയുന്ന പോലെ സെബാസ്റ്റ്യൻ പറഞ്ഞു തരുമെന്ന് നെൽസൻ ഉറപ്പിച്ചു പറഞ്ഞു.

അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ മധ്യവയസ്സിനോട് പ്രായം ചെന്ന ഉയരം കുറഞ്ഞ് ടീഷർട്ടും ട്രൗസറും ഒരു കറുത്ത ക്യാപ്പൊക്കെ ധരിച്ച ഒരാൾ. ഞാൻ പ്രതീക്ഷിച്ച ആളുതന്നെ ആയിരിക്കാനാണ് സാധ്യത. കുക്ക് സെബാസ്റ്റ്യൻ.

ചിരിച്ച് കളിച്ച് വർത്തമാനം പറയുന്ന കുക്ക് സെബാസ്റ്റ്യൻ പെട്ടന്ന് തന്നെ കളം നിറഞ്ഞു. സാലഡിനായി കുക്കുമ്പർ കനം കുറച്ചു അരിഞ്ഞും മേശ വൃത്തിയാക്കിയും അടുക്കളയിൽ പോയി താൻ കൊണ്ടുവന്ന എന്തെല്ലാമോ പൊരിച്ചും ഗ്ലാസ്സുകളും പ്ലേറ്റുകളും കഴുകി വൃത്തിയാക്കിയും സെബാസ്റ്റ്യൻ ഉത്സാഹിയായി ഓടി നടന്നു.

ഈ പ്രവൃത്തികൾ ചെയ്യുന്നതിനിടത്തും അയാൾ എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാം തയ്യാറാക്കി അയാൾ ക്ഷീണം നടിച്ച് കസേരയിൽ വന്നിരുന്നു. അത്രനേരം കുക്കിനെ നിരീക്ഷിക്കുകയായിരുന്ന ഞാൻ അയാൾക്ക് അഭിമുഖമായി ഇട്ടിരുന്ന കസേരയിൽ പോയി ഇരുന്നു. ഇതിനിടയിൽ നെൽസനും പോയൊന്നു കുളിച്ച് വന്നു. സ്ഫടിക ഗ്ലാസ്സുകളിൽ മേൽത്തരം മദ്യം പൊട്ടിച്ചിതറിവീണു. കുക്ക് സെബാസ്റ്റ്യൻ മദ്യം അല്പാൽപ്പമായി മൊത്തിക്കുടിക്കുന്നത് സാകൂതം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

മദ്യപാനം എനിക്ക് താല്പര്യമുള്ള വിഷയമല്ല. ഒരു കമ്പനിക്കു കൂടിയെന്നെയുള്ളൂ. മനസ്സിന്നഗാധതയിൽ അലിഞ്ഞു ചേർന്ന വിവരങ്ങൾ പുറത്തേക്കു തള്ളുന്ന മദ്യപാന സദസ്സുകളോട് ഒരുകാലത്തും കമ്പം തോന്നിയിട്ടില്ല. മദ്യത്തിന്‍റെ ലഹരിയിൽ കനത്ത രഹസ്യങ്ങൾ വിളിച്ചുപറയുന്ന ഒരു പാടാളുകളെ കണ്ടിട്ടുണ്ട്. അവനവന് തന്നെ കുഴിവെട്ടുന്ന രഹസ്യങ്ങൾ. ഏതു തരം പ്രലോഭനവും തട്ടി വിളിച്ചാലും രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ ഇരിക്കണം.

മുപ്പതോളം വർഷം നേവിയിൽ സിവിലിയൻ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന വർക്കിചേട്ടനെ ഓർമ്മ വരുന്നു. ചെറുപ്പം തൊട്ടേ അറിയുന്ന ആളാണ്. ജോലിക്കൊപ്പം കലാപ്രവർത്തനവും അത്യാവശ്യം വേണ്ടപ്പെട്ടവർക്കായി കാറ്ററിംഗ് സേവനങ്ങളും വർക്കിചേട്ടൻ നല്കിയിരുന്നു. ചെറുപ്പത്തിൽ വല്ലപ്പോഴും ഞായറാഴ്ചകളിൽ അയാളുടെ കൂടെ കാറ്ററിംഗിന് പോകുക പതിവായിരുന്നു. ഒരു പ്രത്യക മസാലക്കൂട്ടിട്ട്  പച്ച വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചിക്കൻ ഫ്രൈയാണ് അയാളുടെ പ്രശസ്തമായ വിഭവം. കെഎഫ്സി രുചികൂട്ടുപോലെ അതീവരുചികരമായ ആ വിഭവത്തിന്‍റെ നിർമാണരഹസ്യം ഇന്നും വർക്കിച്ചേട്ടനിൽ രഹസ്യമായി നിലനിൽക്കുന്നു പണ്ടെന്നോ കഴിച്ച അതിന്‍റെ രുചി ഇന്നും നാവിൽ തങ്ങി നിൽക്കുന്നു.

കലാപ്രവർത്തനമെന്നു പറഞ്ഞാൽ പള്ളിപ്പെരുന്നാളിനൊക്കെ അവതരിപ്പിക്കാനുള്ള നാടകങ്ങളിലെ ഒരു പ്രധാന കഥാപാത്രം വർക്കിച്ചേട്ടനായിരിക്കും. അതിന്‍റെയൊക്കെ ആഘോഷാവസരങ്ങളിൽ കൊഴുപ്പു കൂട്ടാൻ മദ്യസൽക്കാരവും പതിവായിരുന്നു. അത്തരമൊരു വേളയിൽ അഭിശപ്തമായ സമയത്താണ് വർഷങ്ങളായി ഓർമ്മയുടെ അറകളിൽ കാത്തു സൂക്ഷിച്ച ഒരു രഹസ്യം വർക്കിചേട്ടനിൽ നിന്നും മറ നീക്കി പുറത്തുവന്നത്. അതിന്‍റെ പരിണാമം വർക്കിയുടെ അടിത്തറ തന്നെ ഇളക്കുന്നതായിരുന്നു.

പള്ളിയിലെ നാടകാവതരണം കഴിഞ്ഞ് അതിന്‍റെ വിജയമാഘോഷിക്കാൻ ഒന്നു കൂടിയതായിരുന്നു വർക്കിയും കൂട്ടരും. നാടകത്തിനു ലഭിച്ച നിറഞ്ഞ കയ്യടിയും പള്ളി മേലധികാരിയുടെ അഭിനന്ദനവും പിന്നെ മദ്യവും കൂട്ടുകാരും ഒത്തുചേർന്നപ്പോൾ വർക്കി ഉന്മാദാവസ്ഥയിലായി. അതിന്‍റെ ഓളത്തിൽ വർക്കി ഒന്നു തെളിഞ്ഞു. തന്‍റെ മേലധികാരികളായഒന്നു രണ്ടു നേവി ഓഫീസർമാരെ പുലഭ്യം പറഞ്ഞു കൊണ്ടയാൾ ആരംഭിച്ചു.

മുപ്പതു മുപ്പത്തഞ്ചുവർഷമായി ഞാൻ ഇവരെയൊക്കെ പൊട്ടൻമാരാക്കി രസിക്കുകയാണെന്നും പറഞ്ഞു വച്ചു. അതെങ്ങനെ എന്ന ചോദ്യത്തിന് താൻ ജോലിക്കു കയറിയപ്പോൾ കൊടുത്ത പത്താം ക്ലാസ്സ് ഐ. ടി. ഐ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പറഞ്ഞ് വർക്കി പൊട്ടിച്ചിരിച്ചു. ഒപ്പം താൻ അഞ്ചാം ക്ലാസ്സുവരെയേ സ്കൂളിൽത്തന്നെ പോയിട്ടുള്ളൂ എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. കൂട്ടുകാർ അയാളുടെ വെളിപ്പെടുത്തലുകളെ കയ്യടിച്ചു വരവേറ്റു. വർക്കിച്ചൻ ഒരു സംഭവമാണെന്ന് അവർ വിലയിരുത്തി. ചില്ലറകാര്യമാണോ ചെയ്തിരിക്കുന്നത്? അതേറ്റുപിടിച്ചു വർക്കിച്ചേട്ടൻ പൂരപ്പറമ്പിലെ കതിന പോലെ കത്തിക്കയറി.

പൂര വെടിക്കെട്ടു കഴിഞ്ഞുള്ള മൈതാനം പോലെ മദ്യപാന സദസ്സ് പിരിഞ്ഞു. ഒരാഴ്ചത്തെ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാൻ പോയപോയ
വർക്കിയെ കാത്തിരുന്നത് സസ്പെൻഷൻ ഓർഡറായിരുന്നു. സ്വാശ്രയ എൻജിനീയറിംഗ് പഠിച്ച് തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന രണ്ടു മക്കളുള്ള ഔതക്കുട്ടിയാണോ, മകളെ പഠിപ്പിച്ച് പഠിപ്പിച്ച് കിടപ്പാടം നഷ്ടപ്പെട്ട ജോണിയാണോ ഈ കൊലച്ചതിക്കു പിന്നിലെന്ന് വർക്കിക്കറിയില്ല. ഏതായാലും വർക്കിയിപ്പോൾ നാടകത്തിന് പോകാറില്ല. വലിയ മീനുകൾക്കിടയിൽ ചെറുമീനുകൾക്ക് നിന്നു പിഴക്കാൻ പ്രയാസമെന്ന് കണ്ട് നാട്ടുകാർക്കു കാറ്ററിംഗ് സേവനങ്ങൾ നല്കാൻ അയാൾ താത്പര്യപെട്ടില്ല. ചിലപ്പോൾ പെയിന്‍റു പണി, അല്ലെങ്കിൽ കൂലിപ്പണി അങ്ങനെ വർക്കിയെ നാട്ടിൽ കാണാം.

വർക്കിയുടെ സസ്പെൻഷൻ, മാസങ്ങൾ നീണ്ട നടപടി ക്രമങ്ങൾക്കു ശേഷം പുറത്താക്കലിലേക്കെത്തി. എഴുപത്തിനായിരത്തോളം രൂപ ശമ്പളം വാങ്ങിയിരുന്ന വർക്കിക്ക് ലഭിച്ചിരുന്ന സസ്പെൻഷൻ കാലയളവിലെ അലവൻസും നിലച്ചു ജയിലിൽ പോകേണ്ടി വരുമോ എന്ന ഭീതിയും വർക്കിയെ പിടികൂടി. പെൻഷൻ കൊണ്ട് ജീവിത സായാഹ്നം മധുരതരമാക്കാമെന്നുള്ള വിശ്വാസം തകർന്നു. ഏതായാലും തന്‍റെ സുരക്ഷിത ഭാവി അലങ്കോലമാക്കിയ ആ മദ്യ സൽക്കാരത്തെ ശപിക്കാത്ത ഒരു ദിനം പോലും വർക്കിയുടെ തുടർന്നുള്ള ജീവിതത്തിലില്ല.

അല്പനേരം കഥകൾ പറഞ്ഞ് പങ്കുവച്ചു കഴിഞ്ഞപ്പോൾ സെബാസ്റ്റ്യൻ സുഹൃത്തായി. ഞങ്ങൾക്കിടയിൽ പെട്ടന്നു തന്നെ ദൃശ്യമായ മാനസിക ഐക്യം കണ്ട് നെൽസൻ അര മണിക്കൂറിനകം വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. അങ്ങനെ ആ ക്വാർട്ടേഴ്സിൽ ഞാനും കുക്കും മാത്രമായി. ആ അവസരം നോക്കി ഞാൽ സ്നേഹപൂർവ്വം ആരാഞ്ഞു.

“സെബാസ്റ്റ്യൻചേട്ടൻ മുന്നേ എവിടാരുന്നു?”

‘ഇവടെത്തന്നെ.”

“അല്ല ഇവിടെ ആരൊടൊപ്പമായിരുന്നു സർവ്വീസ്?”

“അതോ മേജർ ജോൺ എലവുത്തിങ്കൽ.” കുഴഞ്ഞ നാക്കു കൊണ്ട് അതും പറഞ്ഞയാൾ ചിറി തുടച്ചു.

“പുള്ളി ഈയിടെ മരിച്ചു. ശവമടക്കിന് പോകാനൊത്തില്ല. പത്തു പതിനഞ്ച് വർഷമായി മേജറോടൊപ്പമായിരുന്നു. നല്ലൊരു മനുഷ്യൻ. എന്നെ വലിയ കാര്യമായിരുന്നു. ചെറിയ മീൻ പൊരിച്ചതാണയാളുടെ ഇഷ്ടവിഭവം. അതുണ്ടെങ്കിൽ വേറൊന്നും വേണ്ട. അതും എന്‍റെ സ്പെഷ്യൽ മസാല ഇട്ടു പൊരിച്ചത്. എത്ര വറുത്തു കൊടുത്താലും കഴിക്കും. വലിയ ആരോഗ്യവും ചിട്ടയുമൊക്കെ നോക്കുന്നയാളാ. എന്‍റെ പൊരിച്ച മീൻ കണ്ടാൽ പുള്ളിയുടെ ചിട്ട തെറ്റും. പിന്നെയുമൊന്നുണ്ട് നാക്കിനെ മയക്കുന്ന കല്ലുമ്മക്കായ പൊരിച്ചത്. പക്ഷേ സീസണലായേ സാധനം കിട്ടൂ.”

ഒരു തുടം ഉമിനീരിറക്കി അയാളൊന്നു നിർത്തി. ഒരു കാര്യം ബോധ്യമായി. കുക്കിനു മുന്നിൽ എന്തെങ്കിലും ഒരു വിഷയം കൊളുത്തിയിട്ടാൽ മതി. പിന്നെ കഥയും ഉപകഥയുമായി വിസ്തരിച്ചു പറഞ്ഞോളൂം. പറയുന്നത് മുഴുവൻ ശ്രദ്ധിക്കുന്നതായി അയാൾക്കു തോന്നണമെന്നു മാത്രം.

“അപ്പോ മേജറിന്‍റെ ഭാര്യയൊന്നും കിച്ചനിൽ കയറില്ലേ?” ഞാൻ കുക്കിനെ പ്രോത്സാഹിപ്പിച്ചു

“അവര് ഒരു മേൽനോട്ടമെ ഉള്ളൂ. പിന്നൊരു ഫൈനൽ ടച്ചും. അയമ്മ ഒരു തങ്കപ്പെട്ട സ്ത്രീയാണ്. തൃശ്ശൂരെ വലിയ തറവാട്ടുകാരാ അവര്. ജോൺ സാറും മോശമൊന്നുമല്ല. എന്‍റെ മകളുടെ പഠിപ്പിനും കല്യാണത്തിനുമെല്ലാം അയമ്മ സഹായിച്ചിട്ടുണ്ട്. അതൊന്നും ജന്മത്തു മറക്കാൻ പറ്റില്ല. അതും പറഞ്ഞയാൾ വിതുമ്പാൻ തുടങ്ങി.

അയാളുടെ ഗ്ലാസ്സിൽ സ്വല്പം കൂടെ മദ്യം പകർന്ന് നല്കി അയാളെ ആശ്വസിപ്പിച്ചു. അയാൾ. വിതുമ്പൽ നിർത്തി മദ്യം ഒരിറക്കു കുടിച്ചു, അതിനു മുകളിൽ വറുത്ത മീനെടുത്തു കഴിച്ചു .

“അപ്പോൾ ജോൺ സാർ സഹായമൊന്നും ചെയ്തിട്ടില്ലെന്ന്?”

“ഏയ് അങ്ങനെയല്ല. ജോൺ സാറിന്‍റെ അറിവോടു കൂടെത്തന്നെയാണ് അമ്മച്ചി എനിക്ക് സഹായമൊക്കെ ചെയ്തോണ്ടിരുന്നത്. എന്നാലും അയാളൊരു മൊരടനാ. ചെല നേരത്തൊക്കെ അയാളടെ വർത്തമാനം കേട്ടാ ചൊറിഞ്ഞു വരും. പിന്നെ ആ കുട്ടീടടുത്തൊക്കെ.”

അയാളൊന്നു നിർത്തി. അബദ്ധം പറ്റിയ മട്ടിൽ ഒന്നു പരുങ്ങാൻ തുടങ്ങി. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തുടർന്നു.

“ഓ മരിച്ച പോയവരെപ്പറ്റി കുറ്റമൊന്നും പറയാൻ പാടില്ല സാറേ സോറി” അയാൾ മുഖം താഴ്ത്തി.

അതെ ഒരു മുൾമുനയാണ് അയാൾ പറത്തിവിട്ടത്. ചില പ്രത്യേകതരം മുള്ളുകളുണ്ട്‌. പാദത്തിൽ തറഞ്ഞു കയറിയാൽ പെട്ടന്നൊന്നും കണ്ടെത്താൻ കഴിയില്ല. കാൽ നിലത്തുവക്കുമ്പോൾ മാംസത്തിൽ തറഞ്ഞു കയറി നീറികൊണ്ടിരിക്കും. ഏറെ നേരം പരതി ആ മുള്ളിന്‍റെ തലപ്പുകണ്ടെത്തി വല്ലവിധം എടുത്തുകളഞ്ഞാലോ? അതിന്‍റെ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരമൊരുമുള്ളിന്‍റെ തലപ്പാണ് കുക്ക് എടുത്തു തന്നിരിക്കുന്നത്. ഇതിത്രവേഗം അയാൾ ചെയ്തുതരുമെന്നു കരുതിയില്ല. ഇനി മുള്ളെടുക്കൽ അത്ര ആയാസമല്ല. ആകാംക്ഷയോടെ കാത്തു കാത്തിരുന്ന ഉത്തരമാണയാൾ അർദ്ധോക്തിയിൽ പറഞ്ഞു നിറുത്തിയത്‌.

ഇനി എന്തു ചോദിച്ചാലാണ് അയാളത് തുടരുക? പലതരം ചോദ്യങ്ങൾ മനസ്സിൽ കിടന്ന് ഞാൻ മുന്നേ എന്ന മട്ടിൽ മുറവിളി കൂട്ടിത്തുടങ്ങി. ഇയാൾക്ക് എന്തെങ്കിലും സംശയം തോന്നുന്ന ചോദ്യമെങ്കിൽ ഇയാളിനി വാ തുറക്കില്ല. തുടർന്നയാൾ വിഷയം മാറ്റാനെന്ന വണ്ണം വിശിഷ്ട സേവാമെഡൽ നേടിയ ഒരു ഓഫീസറെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും നാളികേര പാലു ചേർത്ത കൊഴുവ മീൻ കറിയും കുത്തരി ചോറും നൽകി പാട്ടിലാക്കിയ കഥ പറയാനാരംഭിച്ചു.

അയാളൊടൊപ്പമിരുന്ന് മദ്യപിച്ചിട്ടുണ്ട് പോലും. സുഹൃത്തെ കരിമീൻ പൊള്ളിച്ചതൊക്കെ ഇഷ്ടവിഷയമാണ്. എന്നാൽ ഇപ്പോൾ തത്ക്കാലം താത്പര്യമില്ല. മേജർ ജോണിന്‍റെ കഥകളിലാണ് താത്പര്യം എന്ന് മനസ്സിൽ പറഞ്ഞ ശേഷം രണ്ടും കല്പിച്ച് ഒരു ചോദ്യം എയ്തു വിട്ടു.

“ഏത് കുട്ടീടെ കാര്യാ പറഞ്ഞെ? ജോൺ സാറിന് അതിന് മക്കളൊന്നും ഇല്ലല്ലോ?“

ആ ചോദ്യം കേട്ടതും അയാളൊന്ന് പതറി. പ്ലേറ്റിൽ നിന്നും കടല എടുത്തു ചവച്ചു കൊണ്ട് എന്നാലിനി വിസ്തരിച്ചു പറയാം എന്ന മട്ടിൽ അയാൾ തുടർന്നു.

“ശരിയാണ് അതെ, അയാൾക്ക് മക്കളില്ല. സ്വന്തം മക്കളുണ്ടെന്ന് ഞാൻ പറഞ്ഞോ? അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ? ആ കുടുംബം ദത്തെടുത്ത് വളർത്തുന്ന കുട്ടിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. മദ്യമെത്ര കഴിച്ചാലും സത്യം സത്യമായിത്തന്നെ പറയുന്നയാളാ ഞാൻ. കള്ളുകുടിച്ച് വായിൽ തോന്നിയത് വിളിച്ചു പറയുന്ന കൂട്ടത്തിൽ ഞാൻ പെടില്ല. പിന്നെയ് നല്ല തങ്കപ്പെട്ട കുടുംബമാ അവരുടേത് മക്കളില്ലാത്ത മനോവിഷമത്താൽ ഒരു പാട് ചികിത്സകൾ അവർ ചെയ്തു. ഒടുവിൽ മനം മടുത്ത് നോർത്തിലെ ഏതോ അനാഥാലയത്തിൽ നിന്ന് അവരാ കുട്ടിയെ ദത്തെടുത്തു. മക്കളില്ലാത്തവർക്ക് മക്കളില്ലാഞ്ഞുള്ള സങ്കടം. മക്കളുള്ളവർക്കോ മക്കളെക്കൊണ്ടുള്ള സങ്കടം.”

ഒരു ലോകതത്വം പറഞ്ഞെന്ന മട്ടിൽ എന്‍റെ അഭിപ്രായത്തിനായി അയാൾ തെല്ലിടനേരം കാത്തു. അയാളുടെ വാക്കുകൾ ചെറു മുഴക്കങ്ങളായാണ് ചെവിയിൽ പ്രതിധ്വനിക്കുന്നതെന്ന് എനിക്ക് തോന്നി. അതിനിടെ അലയൊലികൾ ശമിക്കാതെ, തരംഗങ്ങളായി ചെവിയിൽ അനുരണനം തീർത്തുകൊണ്ടിരുന്നു… ഗ്ലാസ്സിൽ അവശേഷിച്ച മദ്യം ഒറ്റവലിക്ക് കുടിച്ച് എഴുന്നേറ്റു. ഞാനങ്ങനെ മദ്യം കഴിക്കുക അപൂർവ്വമാണ്. എന്തോ അപ്പോൾ അങ്ങനെ തോന്നിപ്പോയി.

ചാരിയ പുറംവാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി. പത്തു പതിനാറ് നിലകളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ അവിടവിടെ എഴുന്നു നിൽക്കുന്നു. കെട്ടിടത്തിലെ എല്ലാ നിലകളിൽ നിന്നും പ്രകാശം പ്രസരിക്കുന്നുണ്ട്. ഒരു ഫ്ലോറിൽ രണ്ട് വശങ്ങളിലുമായി എട്ടോളം ക്വാർട്ടേഴ്സാണുള്ളത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഈയൊരു വിസ്തൃതിയിൽ താമസമുണ്ട്. ഇതു രണ്ടാമത്തെ ഫ്ലോറാണ്. ഇവിടെ നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങുന്ന ആകാശം അകലെ താഴേക്ക് ഇറങ്ങി വന്ന പ്രതീതി.

അല്പനേരംകഴിഞ്ഞ് താഴേക്കു നോക്കിയപ്പോൾ വഴിത്താരക്കുവലതു വശത്തെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ നെൽസൻ ധൃതി പിടിച്ച് നടന്നു വരുന്നതു കണ്ടു. വാതിൽ തുറന്ന് താഴേക്കിറങ്ങി നെൽസനേയും കൂട്ടി വരുമ്പോഴേക്ക് സെബാസ്റ്റ്യൻ ചേട്ടൻ കളം കാലിയാക്കിക്കഴിഞ്ഞിരുന്നു. നെൽസൻ കൊണ്ടുവന്ന പാക്കറ്റിലെ ചപ്പാത്തി, ഉള്ളിയും ഗ്രേവിയും ചേർത്ത് അകത്താക്കിയ ശേഷം കുക്ക് എഴുന്നേറ്റു. എല്ലാവർക്കും ശുഭരാത്രി നേർന്ന് അല്പം ആടിയാടി പുറത്തേക്കു പോയി.

വാതിൽ കൊളുത്തിട്ട ശേഷം അയാളെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് നെൽസനാരാഞ്ഞു. തല കുലുക്കിക്കൊണ്ട് ഞാൻ നെൽസന് നന്ദി പറഞ്ഞു. തുടർന്ന് ഞങ്ങളിരുവരും ചപ്പാത്തി കഴിച്ചു. യാത്രാ ക്ഷീണവും പിന്നെ മേൽത്തരം മദ്യവും. തലതിരിയുന്നു. നെൽസനോട് ഗുഡ് നൈറ്റ് പറഞ്ഞ് പോയിക്കിടന്നതേ ഓർമ്മയുള്ളു. സർവ്വതിനേയും മൂടികൊണ്ടു വന്ന ഇരുട്ട് വലിയൊരു കരിമ്പടമായി എന്നെയും മൂടിക്കഴിഞ്ഞിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें