നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 18

നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തു നിന്നും കരച്ചിലിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയവർ നോക്കിയപ്പോൾ കണ്ടത് കിച്ചുവും, നന്തുവും കൂടി ടെഡിബിയറിനു വേണ്ടി വഴക്കിടുന്നതാണ്.

“ഉം.. ഇത്. എന്‍റെ തെഡി ബിയർ ആണ്… ഞാനിതാക്കും കൊക്കൂല്ല…” നന്തു വീറോടെ പറഞ്ഞു.

“ഉം… എനിച്ചു വേനം.” അങ്ങനെ പറഞ്ഞ് കിച്ചു അവന്‍റെ കൊച്ചുകൈ കൊണ്ട് ടെഡിബിയറിനെ നന്തുവിൽ നിന്നും പിടിച്ച് വലിച്ചെടുക്കാൻ നോക്കി. അതോടെ നന്തു അവനെ പുറകോട്ടു പിടിച്ചു തള്ളി. അപ്പോൾ തലയടിച്ചു താഴെ വീണ കിച്ചുവിന്‍റെ കരച്ചിൽ ആണ് എല്ലാവരും കേട്ടത്. കിച്ചുവിനെ താര ഓടിച്ചെന്ന് എടുത്തു. അവന്‍റെ തല നല്ലവണ്ണം മുഴച്ചിരുന്നു. അവൻ ഉറക്കെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. താര അവനെ തന്‍റെ മാറോടു ചേർത്ത് അവന്‍റെ തലതിരുമ്മി.

അപ്പോൾ സുരേഷ് നന്തുവിന്‍റെ ചെവിയിൽ പിടിച്ച് പതുക്കെ തിരിച്ചു കൊണ്ട് പറഞ്ഞു. “അല്ലെങ്കിലും ഇവനിത്തിരി വികൃതി കൂടുതലാ…. നിന്നോടു ഞാൻ പറഞ്ഞതല്ലെ, ഇങ്ങോട്ടു പോരുമ്പോൾ ആ ടെഡി ബിയറിനെയൊന്നും എടുക്കേണ്ടാ എന്ന്… ഇപ്പോ മനസ്സിലായോടാ…”

നന്തു ഉറക്കെ കരയുന്നതു കണ്ടപ്പോൾ സുനന്ദയ്ക്ക് വിഷമമായി. “പോട്ടെ സുരേഷേട്ടാ… അവര് കൊച്ചു പിള്ളേരല്ലെ? അങ്ങനെ ഒക്കെ കിടക്കും.” എന്നു പറഞ്ഞ് സുനന്ദ നന്തുവിനെ വാരിയെടുത്തു.

രണ്ടമ്മമാർക്കും തങ്ങളുടെ മക്കളോടുള്ള സ്നേഹം കണ്ട് സുമേഷ് പറഞ്ഞു, “കണ്ടോ മക്കൾക്കല്ല നൊന്തത്.അവരുടെ തളളമാർക്കാ… അതുപോട്ടെ… നിങ്ങളെല്ലാം കളി മതിയാക്കി പുറത്തേക്കിറങ്ങ്. അപ്പൂപ്പനെ ഞങ്ങള് ഇപ്പത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോവുകയാ.”

“ഹോസ്പിറ്റലിലോ… അതിന് അപ്പൂപ്പന് എന്തസുഖമാ ചെറിയഛാ” രമ്യയാണത് ചോദിച്ചത്.

“അപ്പൂപ്പന് അസുഖമൊന്നുമില്ല. അപ്പൂപ്പൻ ഇത്രയും നേരം ഞങ്ങളുടെ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്തല്ലോ…”

“അത് ചിലപ്പോ അപ്പൂപ്പന് ചില അസുഖം ഉണ്ടാകാറില്ലേ? എല്ലാവരേയും ഉപദ്രവിക്കാൻ നോക്കുക, ചിലതെല്ലാം മറന്നു പോകുക…. അങ്ങനെ ചിലതെല്ലാം അതിനാ ഡോക്ടറെ കാണിക്കുന്നത്.”

“ഞങ്ങടെ കൂടെ കളിച്ചാ അപ്പൂപ്പന്‍റെ അസുഖമെല്ലാം മാറും.” ചിന്നുവാണ് അത് പറഞ്ഞത്.

“അതിനി ഹോസ്പിറ്റലിൽ പോയിട്ടു വന്നിട്ടാകട്ടെ…ഉം. എല്ലാവരും കളി മതിയാക്കി അപ്പൂപ്പന്‍റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിക്കേ. സുരേഷേട്ടൻ മാത്രം ഇവിടെ നിന്നാൽ മതി.”

അങ്ങനെ പറഞ്ഞ് സുമേഷ് സുരേഷിനെ ഒഴിച്ച് ബാക്കി എല്ലാപേരേയും പുറത്തിറക്കി. എന്നിട്ട് സുരേഷിനെ വിളിച്ച് അടുത്തു നിർത്തിയിട്ട് പറഞ്ഞു. “അച്ഛനെ ഇപ്പോത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ എന്ന് എനിക്കൊരാലോചന. ചേട്ടനാണെങ്കിൽ ലീവും അധികമില്ലല്ലോ. എനിക്കും ഒഴിവുകിട്ടാൻ പ്രയാസമാണ്. ഇന്നത്തെ ദിവസം ഞാൻ ഏതായാലും ചേട്ടൻ വരുന്നതു പ്രമാണിച്ച് ലീവെടുത്തു. ഇനി ഇപ്പോൾ അച്ഛനെ ഡോക്ടറെ കാണാൻ താമസിപ്പിക്കണ്ട. എനിക്ക് പരിചയമുള്ള ഒരു ഹോസ്പിറ്റലും ഡോക്ടറുമുണ്ട്. ഞാൻ നേരത്തെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങോട്ടു ചെന്നാൽ മതി അപ്പോയിന്‍റ്മെന്‍റ് ഒന്നും എടുക്കണ്ട എന്നു പറഞ്ഞു. നമുക്ക് ഇപ്പത്തന്നെ അച്ഛനേയും കൊണ്ട് പോയാലോ ചേട്ടാ…” സുമേഷിന്‍റെ ചോദ്യം കേട്ട് സുരേഷ് ആലോചനയോടെ പറഞ്ഞു.

“നീ പറഞ്ഞതു ശരിയാണ്. അച്ഛന്‍റെ അസുഖം ഇപ്പോൾ ആരംഭത്തിലാണെന്നു തോന്നുന്നു. ഇനിയും വച്ചു താമസിപ്പിക്കാതിരിക്കുകയായിരിക്കും നല്ലത്. നമുക്ക് ഇന്ന് തന്നെ അച്ഛനെ ഏതെങ്കിലും സൈക്കിയാട്രിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കാം. അത് നിനക്ക് നല്ല പരിചയമുള്ള ഡോക്ടറാണെങ്കിൽ വളരെ നല്ലത്.”

“അതെ ചേട്ടാ, അതാ ഞാൻ പറഞ്ഞത് അധികം ദൂരെയല്ലാതെ ‘സ്മൃതി’ എന്ന പേരിൽ ഒരു ഹോസ്പ്പിറ്റൽ ഉണ്ട്. അവിടത്തെ ഡോക്ടർ സൈമൺ എന്‍റെ സുഹൃത്താണ്. വളരെ പേരു കേട്ട ഒരു സൈക്കിയാട്രിസ്റ്റാണദ്ദേഹം. നമുക്ക് അദ്ദേഹത്തെ കാണിക്കാം.”

“ഓകെടാ. നമുക്കെങ്കിൽ ഇപ്പോൾത്തന്നെ പോകാം.” അതു കേട്ടഉടൻ തന്നെ സുമേഷ് അച്ഛന്‍റെ ഷർട്ട് ഊരി മാറ്റാൻ തുടങ്ങി. അപ്പോൾ അടുത്തു നിന്ന സുരേഷ് പറഞ്ഞു.

“അച്ഛന്‍റെ ദേഹം വല്ലാതെ നാറുന്നു. അച്ഛനെ ആരും കുളിപ്പിക്കാറില്ലെ?” സുരേഷ് ചോദിച്ചു

“ആദ്യമൊക്കെ അച്ഛൻ തനിയെ കുളിക്കുമായിരുന്നു. ഇപ്പോ അച്ഛൻ കുളിക്കാൻ മറന്നു പോയതു പോലെ ബാത്റൂമിൽ പോയിട്ട് മടങ്ങിവരുന്നതു കാണാം.. കുറച്ചു നാളായി അച്ഛന്‍റെ ദിനകൃത്യങ്ങളെല്ലാം ശാന്തിയാണ് ചെയ്യിച്ചിരുന്നത്. ശാന്തി വല്ലപ്പോഴും മേലു തുടച്ചു കൊടുക്കും. അതല്ലാതെ കുറെ നാളായിട്ട് കുളിയൊന്നുമില്ല. കിച്ചുവിനെ നോക്കേണ്ടതുകൊണ്ട് ശാന്തിക്ക് സമയമില്ലാതെ വന്നതോടെയാണ് ഏജൻസിയിൽ നിന്ന് ആളെ വരുത്തിയത്. അവരാണ് രണ്ടു ദിവസമായി അച്ഛന്‍റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഒടുവിൽ അതെങ്ങനെ ആയെന്ന് ചേട്ടൻ കണ്ടതല്ലെ?”

“എങ്കിൽ ആദ്യം അച്ഛനെ നമുക്ക് ഒന്ന് കുളിപ്പിക്കാമെടാ.” സുരേഷ് പറഞ്ഞതു കേട്ട് സുമേഷിന് അല്പം മടിയുണ്ടായിരുന്നെങ്കിലും ഏട്ടനെ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു.

“അച്ഛൻ എണീറ്റേ. നമുക്ക് കുളിമുറിയിലേക്കു പോകാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടുപേരും കൂടി നന്ദൻമാഷിനെ കുളിമുറിയിലെത്തിച്ചു. നന്ദൻമാഷ് കൈവിടുവിച്ച് പ്രതിഷേധിക്കാൻ നോക്കി.

“അച്ഛൻ മര്യാദയ്ക്കിരുന്നില്ലെങ്കിൽ എനിക്ക് പിള്ളേരെ തല്ലുന്ന വടിയെടുക്കേണ്ടി വരുമേ.” സുമേഷ് ഭീഷണിപ്പെടുത്തി.

“അച്ഛനെ തല്ലുമോടാ?” സുരേഷ് അമ്പരപ്പോടെ ചോദിച്ചു

“ഏയ്. ഒന്ന് പേടിപ്പിക്കാനാ ചേട്ടാ. പിള്ളേരെ തല്ലുന്ന വടിയെടുത്താ മതി അച്ഛന് പേടിയാ.”

അതു കേട്ട് സുരേഷിന് വിഷമം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. അങ്ങനെ ആദ്യം പ്രതിഷേധിച്ചെങ്കിലും നന്ദൻമാഷ് പിന്നീട് സുമേഷിന്‍റെ ഭീഷണിപ്പെടുത്തലിൽ പേടിച്ച് അതിനനുവദിച്ചു.

ഗീസറിൽ നിന്നുള്ള ചെറു ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഉഷാറായി. പിന്നീട് ടൗവ്വൽ കൊണ്ട് തുടച്ച് പുതിയ ഷർട്ട് ധരിപ്പിച്ചതോടെ നന്ദൻമാഷിന്‍റെ മുഖം പ്രസന്നമായി.

“നമുക്ക് ഒന്ന് പുറത്തുപോയി വന്നാലോ അച്ഛാ?” സുരേഷ് ചോദിച്ചു.

ആ മുറിക്ക് പുറത്തുകടക്കുന്നത് നന്ദൻമാഷിന് സന്തോഷമുള്ള കാര്യമായിരുന്നു. പുറത്തുപോകുന്നത് അതിലേറെ സന്തോഷവും. അവർ രണ്ടുപേരും കൂടി നന്ദൻമാഷിന്‍റെ കാലിൽ ചെരുപ്പ് ഇടീച്ചു കൊടുത്തു. എന്നിട്ട് പതുക്കെ നടത്തി പൂമുഖത്തെത്തിച്ചു.അതു കണ്ട് താരയും സുനന്ദയും അത്ഭുതപ്പെട്ടു നോക്കി നിന്നു.

“അച്ഛനെ നിങ്ങൾ എവിടെ കൊണ്ടു പോകുന്നു?” സുനന്ദ ചോദിച്ചു

“ഞങ്ങൾ അച്ഛനെ ഇന്നു തന്നെ ഇവിടെ അടുത്ത് ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോകുകയാണ്. ഇനിയും താമസിച്ചാൽ ശരിയാവുകയില്ല.”

“ആരെയാ സുമേഷേട്ടാ കാണിക്കുന്നത്?” താര ചോദിച്ചു

“അത് ‘സ്മൃതി’ ഹോസ്പിറ്റലിലെ ഡോ. സൈമണിനെ കാണിക്കാമെന്നു വിചാരിച്ചു. അദ്ദേഹത്തിനോടാകുമ്പോൾ എല്ലാം തുറന്നു സംസാരിക്കാമല്ലോ.” സുമേഷ് പറഞ്ഞു

“അതു നന്നായി. ഏതായാലും രണ്ടു പേരും കാപ്പി മുഴുവൻ കുടിച്ചില്ലല്ലോ. അതു കുടിച്ചിട്ട് പൊയ്ക്കോളു. അതുവരെ അച്ഛൻ പൂമുഖത്തിരിക്കട്ടെ.” താര പറഞ്ഞു.

“അച്ഛൻ വല്ലതും കഴിച്ചോ?” സുരേഷ് ചോദിച്ചു

“അച്ഛന് സാറാമ്മ കൊടുക്കാൻ ചെന്നതിന്‍റെ കോലാഹലങ്ങളാ നമ്മള് രാവിലെ കണ്ടത്. പിന്നെ ശാന്തി ചെന്ന് ആഹാരം എടുത്തുകൊടുത്തപ്പഴാ അച്ഛൻ കഴിച്ചത്.” താര അല്പം പുഛരസത്തിൽ പറഞ്ഞു.

“പിള്ളേരെവിടെ? അവരോട് കുറച്ചുനേരം കൂടി അച്ഛന്‍റെ അടുത്തിരിക്കാൻ പറ” സുരേഷ് താരയോട് പറഞ്ഞു.

“അവര് കാപ്പി കുടികഴിഞ്ഞ് മുറ്റത്ത് കളിക്കുന്നുണ്ട്. ഞാൻ ചെന്നു വിളിച്ചുകൊണ്ടു വരാം.” എന്നു പറഞ്ഞ് ശാന്തി അവരെ വിളിക്കാൻ പോയി. അവൾ പിള്ളേരെ വിളിച്ചുകൊണ്ടുവന്ന് അപ്പൂപ്പന്‍റെ അടുത്തിരുത്തി. അപ്പോൾ നന്ദൻമാഷ് സന്തോഷത്തോടെ അവരുടെ കൂടെ ഇരുന്നു. സുരേഷും, സുമേഷും, വേഗം കാപ്പി കുടി കഴിഞ്ഞ് തങ്ങളുടെ ഡ്രസ്സ് മാറാൻ പോയി.

പുതിയ ഷർട്ട് ധരിച്ച് പുറത്തെത്തിയ സുമേഷ് ഒരിക്കൽക്കൂടി ഡോ. സൈമണിനെ വിളിച്ച് തങ്ങൾ എത്തുകയാണെന്ന് അറിയിച്ചു. പിന്നീട് കാർഷെഡിൽ നിന്നും കാറെടുത്ത് മുറ്റത്തുവന്നു. അപ്പോൾ സുരേഷ് അച്ഛനെ മെല്ലെ പിടിച്ചു നടത്തി കാറിനടുത്തെത്തിച്ചു. അദ്ദേഹം സുരേഷിന്‍റെ അടുത്ത് ഏറെ അനുസരണയുള്ളതു പോലെ പെരുമാറി.

നന്ദൻമാഷ് കാറിൽ കയറി ഇരുന്നു കഴിഞ്ഞപ്പോൾ കുട്ടികൾ കാറിനു ചുറ്റും കൂടി “അപ്പൂപ്പാ ടാറ്റാ” എന്നു പറഞ്ഞു. നന്ദൻമാഷ് കുട്ടികളെ വിട്ടു പിരിയുന്നതിൽ അല്പം വിഷമത്തോടെ അവരെ നോക്കിയിരുന്നു. സുരേഷ് നന്ദൻമാഷിനോടൊപ്പം പുറകിലത്തെ സീറ്റിലിരുന്നു.

“അപ്പോൾ ഞങ്ങൾ പോയിട്ടു വരാം.” കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സുമേഷ് സുനന്ദയേയും താരയേയും നോക്കി പറഞ്ഞു.

ഹോസ്പിറ്റലിലെ കാർ പാർക്കിംങ് ഏരിയായിൽ കാർ കൊണ്ടിട്ടശേഷം സുരേഷും സുമേഷും ചേർന്ന് നന്ദൻമാഷിനെ പിടിച്ചിറക്കി. അദ്ദേഹം തീരെ നടക്കാൻ വയ്യാത്ത വിധം അവശനാണെന്നു തോന്നി. ഓരോ ദിവസം ചെല്ലുന്തോറും അദ്ദേഹം ക്ഷീണിതനായിക്കൊണ്ടിരുന്നു. ഡോ. സൈമണിന്‍റെ മുറിയിലേക്ക് ലിഫ്റ്റ് കയറി പോകണമായിരുന്നു. ഹോസ്പിറ്റലിലെ റിസപ്ഷനിൽ ചെന്ന് പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞപ്പോൾ സുമേഷ് വീൽ ചെയറിന്‍റെ ആവശ്യം പറഞ്ഞു. അവർ ഒരു വീൽചെയർ വരുത്തി നന്ദൻമാഷിനെ അതിലിരുത്തി. ലിഫ്റ്റിൽ മൂന്നാം നിലയിലേക്കവർ കയറി ചെന്നു. അവിടെ ഡോ. സൈമണിന്‍റെ റൂമിനു മുന്നിൽ വലിയ ആൾക്കൂട്ടമൊന്നുമുണ്ടായിരുന്നില്ല.

“പേഷ്യന്‍റ് അകത്തുണ്ട്.” നഴ്സ് വന്ന് അറിയിച്ചതനുസരിച്ച് അവർ പുറത്തു കാത്തിരുന്നു. ഈ സമയത്തെല്ലാം നന്ദൻമാഷ് നിശ്ശബ്ദനായിരുന്നു.  പത്തു മിനിട്ട് കഴിഞ്ഞ് ആ രോഗി പുറത്തിറങ്ങിയപ്പോൾ അവർ നന്ദൻമാഷിനേയും കൊണ്ട് അകത്തുകയറി. ഡോ. സൈമൺ സുമേഷിനെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. “ഹലോ സുമേഷ്.”

“ഹലോ ഡോക്ടർ, ഞാൻ നേരത്തെ ഡോക്ടറെ വിളിച്ചിരുന്നു.”

“യെസ്… യെസ്… താങ്കളുടെ അച്ഛനെ കൊണ്ടുവരുന്ന കാരും പറഞ്ഞിരുന്നു. അപ്പോൾ ഇതാണല്ലേ അച്ഛൻ. മറ്റേതാരാ?”

“അത് എന്‍റെ ജ്യേഷ്ഠനാണ് ഡോക്ടർ. അദ്ദേഹം ഇന്ന് കാലത്ത് ഗൾഫിൽ നിന്നും എത്തിയതേ ഉള്ളൂ.”

“ഓകെ. അച്ഛന് ഈ ഓർമ്മപ്പിശക് തുടങ്ങിയിട്ട് എത്ര നാളായി?”

“ഏതാണ്ട് മൂന്നു നാലു മാസമേ ആയിട്ടുള്ളു. അമ്മ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിൽ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.”

അതിനു ശേഷം നന്ദൻമാഷിനുണ്ടായിട്ടുള്ള മാറ്റങ്ങളെപ്പറ്റിയും അദ്ദേഹം സ്നേഹസദനത്തിലേക്ക് ഭാര്യയെ അന്വേഷിച്ചു പോകാറുള്ളതിനെപ്പറ്റിയും ഈയിടെയായി നന്ദൻമാഷിൽ കാണുന്ന ആക്രമണോത്സുകതയെപ്പറ്റിയും സുമേഷ് വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ഡോക്ടർ നന്ദൻമാഷിനോട് ചില ചോദ്യങ്ങൾ ചോദിച്ചു അതിൽ നിന്നും പുതിയ കാര്യങ്ങളെക്കാൾ വളരെ പഴയ കാര്യങ്ങളാണ് നന്ദൻമാഷിന്‍റെ ഓർമ്മയിൽ തങ്ങിനില്ക്കുന്നതെന്ന് ഡോക്ടർക്കു മനസ്സിലായി. പ്രത്യേകിച്ചും ഭാര്യയെ പറ്റിയുള്ള കാര്യങ്ങൾ. ഭാര്യയുടെ അഭാവം അംഗീകരിക്കാൻഅദ്ദേഹത്തിന്‍റെ മനസ്സിനു കഴിയുന്നില്ലെന്നു ഡോക്ടർ മനസ്സിലാക്കി. ഭാര്യയും, മക്കളുമൊത്തുള്ള ആ ചെറുപ്പകാലത്തിലാണ് അദ്ദേഹത്തിന്‍റെ മനസ്സിപ്പോൾ തങ്ങി നില്ക്കുന്നത്.

“ഇതൊരുതരം ഡിമെൻഷ്യ ആണ്. ഇത്തരം രോഗികളിൽ വളരെ പഴയ ഭൂതകാലം ഓർമ്മയിൽ തങ്ങി നില്ക്കുകയും, വർത്തമാനകാലം വിസ്മൃതിയിലാകുകയും ചെയ്യും. ഇത്തരത്തിലുള്ള രോഗികൾ ചില സന്ദർഭങ്ങളിൽ അക്രമാസക്തരാകാറുണ്ട്. ഏതായാലും ചില സ്ക്കാനിങ് ടെസ്റ്റുകളും ബ്ലഡ് ടെസ്റ്റുകളും വേണ്ടിവരും. അതു കഴിഞ്ഞു പറയാം ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ എന്ന്. അതിനിടയിൽ ഇവിടെയുള്ള നൂറോ സർജനുമായിട്ടും ഞാൻ ഒന്ന് കൺസൽട്ട് ചെയ്യാം. പിന്നെ ഇത്തരം രോഗികൾക്ക് സ്നേഹപൂർണ്ണമായ പരിചരണം ആണ് ആവശ്യം. അല്ലാതെയുള്ള പെരുമാറ്റങ്ങൾ അവരുടെ രോഗം വർദ്ധിപ്പിക്കുകയേ ഉള്ളൂ നിങ്ങളിൽ രണ്ടു പേരിൽ ആർക്കാണതിനു കൂടുതൽ കഴിയുക എന്നതനുസരിച്ച് അദ്ദേഹത്തെ കൂടെ താമസിപ്പിക്കുക. അദ്ദേഹത്തിന്‍റെ കൂടെത്തന്നെ ഇരുന്ന് പരിചരിക്കാൻ ആരെങ്കിലും വേണം.”

“ഡോക്ടർ, എന്‍റെ വീട്ടിൽ എനിക്കും ഭാര്യക്കും ജോലിയുണ്ട്. ഡോക്ടർക്കും അതറിയാമല്ലോ. പിന്നെ ഹോം നഴ്സിനെ നിർത്തിയിട്ട് അച്ഛന് അവരെ ഇഷ്ടപ്പെടുന്നില്ല. പിന്നെ കൊച്ചുമോനെ നോക്കേണ്ടതുള്ളതു കൊണ്ട് സ്ഥിരമായി നിൽക്കുന്ന വേലക്കാരിക്കും അദ്ദേഹത്തെ പരിചരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ചേട്ടൻ കൊണ്ടുപോയി നോക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്കു തോന്നുന്നത്” സുമേഷ് പറഞ്ഞു നിർത്തി. അതു കേട്ട് ഡോക്ടർ പറഞ്ഞു.

“ശരിയാണ് സുമേഷ്… നിങ്ങളുടെ ബുദ്ധിമുട്ട് എനിക്കറിയാം. ഈ രോഗാവസ്ഥയിലുള്ള ഒരു രോഗിയെ പരിചരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അഥവാ അതിനു തയ്യാറായാൽ തന്നെ അസാധാരണമായ ക്ഷമയും സഹനശക്തിയും വേണം.”

“അതെ. ഡോക്ടർ. അച്ഛൻ ചിലപ്പോൾ അനുസരിക്കാതെ ഇരിക്കുമ്പോൾ എനിക്ക് കൊച്ചുകുട്ടികളെപ്പോലെ വടി കാണിച്ച് പേടിപ്പിക്കേണ്ടി വന്നിട്ടുണ്ട്.”

“അതെ. അതാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഈ അവസ്ഥയിലുള്ളവരെ ഉപദ്രവിച്ച് അനുസരിപ്പിക്കുന്നതും ശരിയാണെന്ന് ഞാൻ പറയില്ല. അപ്പോൾ നല്ല ക്ഷമ ഇതിനാവശ്യമാണ്. നിങ്ങൾ എന്തു പറയുന്നു സുരേഷ്.” ഡോക്ടർ സുരേഷിന്‍റെ നേരേ തിരിഞ്ഞു ചോദിച്ചു

“ഞാൻ എന്തു പറയാനാണ് ഡോക്ടർ. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാൻ അച്ഛനെ കൊണ്ടു പോയി നല്ലോണം നോക്കുമായിരുന്നു. എനിക്ക് രണ്ടു പെൺമക്കളും ഒരു മകനുമാണുള്ളത്. പിന്നെ ഭാര്യ ഗൾഫിൽ തന്നെ കമ്പനിയിൽ വർക്കു ചെയ്യുന്നുണ്ട്. അവിടെയാണെങ്കിൽ ഒരു വേലക്കാരിയെ നിർത്തുവാനുള്ള സാഹചര്യവുമില്ല. അഥവാ നിർത്തിയാൽ തന്നെ അവർ അച്ഛനെ കാര്യമായിട്ട് നോക്കുമോ എന്നറിയില്ല. പിന്നെ അച്ഛനു വേണ്ടി ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കേണ്ടിവരും. അതിനും ഞാൻ തയ്യാറാണ് ഡോക്ടർ. എന്‍റെ അച്ഛനാണ് എനിക്ക് വലുത്.” സുരേഷ് വികാരഭരിതനായി പറഞ്ഞു. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഡോ. സൈമൺ സുരേഷിനെ നോക്കി പറഞ്ഞു.

“ഒരു മകനെന്ന നിലയിൽ നിങ്ങൾ വലിയവനാണ് സുരേഷ്. പക്ഷെ നിങ്ങൾക്ക് അച്ഛനെ മാത്രം നോക്കിയാൽ പോരല്ലോ. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബവും നിങ്ങൾക്കില്ലേ? പിന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും അവിടെവരുന്ന ചിലവ് എത്രത്തോളമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ഭാര്യയുടെ ശമ്പളം കൊണ്ടു മാത്രം കുടുംബം കൊണ്ടുനടക്കാൻ കഴിയില്ലെന്നറിയാം. അതുകൊണ്ട് നിങ്ങളിപ്പോൾ ജോലി രാജി വക്കുന്ന കാര്യമൊന്നും ആലോചിക്കേണ്ട. ഞാൻ മറ്റൊരു പോംവഴി നിർദ്ദേശിക്കാം. നിങ്ങൾ പറഞ്ഞില്ലേ വൃദ്ധസദനത്തിലേക്ക് നിങ്ങളുടെ അച്ഛൻ ഇടയ്ക്ക് ഭാര്യയെ അന്വേഷിച്ചു പോയിരുന്നു എന്ന് അവിടെത്തന്നെ നിങ്ങളുടെ അച്ഛനെ എത്തിക്കുന്നത് നന്നായിരിക്കും. ഒരിക്കൽ തന്‍റേതായിരുന്ന ആ ഭവനത്തിൽ ഭാര്യയുണ്ടെന്നുള്ള വിശ്വാസത്തിൽ അദ്ദേഹം അവിടെ സ്വസ്ഥനായിരിക്കും. പിന്നെ അദ്ദേഹത്തെ സ്നേഹപൂർണമായി പരിചരിക്കാനും അവിടെ ആളുണ്ടല്ലോ? വീട്ടുകാർക്ക് ഇത്തരം രോഗികളെ പരിചരിക്കാൻ സാധ്യമല്ലാത്ത അവസരത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഞങ്ങൾ നിർദ്ദേശിക്കാറുണ്ട്. ഞങ്ങൾ ഡോക്ടർമാരുടെ സേവനവും അവിടെ ലഭ്യമായിരിക്കും.”

“അതൊരു നല്ല ഐഡിയ ആണ് ഡോക്ടർ. ഞങ്ങൾ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാം.” സുമേഷ് സന്തോഷത്തോടെ പറഞ്ഞു. നന്ദൻമാഷ് മുഖാന്തിരം തങ്ങൾ ഇപ്പോൾ നേരിടുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് അത് പരിഹാരമാകുമെന്ന് സുമേഷ് ഊഹിച്ചു.

“എന്നാൽ പിന്നെ അതിനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യുക. നിങ്ങൾ ഇടയ്ക്കിടക്ക് ചെന്ന് അദ്ദേഹത്തിന്‍റെ ക്ഷേമം അന്വേഷിച്ചാൽ മാത്രം മതിയാകും. ബ്ലഡ് ടെസ്റ്റും സ്ക്കാനിങ്ങും നടത്തിയിട്ട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരിക. അതിനുള്ള സൗകര്യം ഇവിടെത്തന്നെ ഉണ്ട് കേട്ടോ സുമേഷ്. എവിടെയാണെന്ന് സിസ്റ്റർ കാണിച്ചു തരും. ടെസ്റ്റ് റിസൽട്ടുകൾ കിട്ടാൻ ഏതാണ്ട് രണ്ടു മണിക്കൂറെടുക്കും ഞാനിനി ഉച്ചകഴിഞ്ഞേ ഇവിടെ ഉണ്ടാകൂ. അപ്പോൾ നിങ്ങൾ വന്നാൽ മതി.”

“ഓ.കെ ഡോക്ടർ. ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും നടത്തിയ ശേഷം ഞങ്ങൾ വരാം.” ഡോക്ടറോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ സുമേഷ് ദീർഘമായി നിശ്വസിച്ചു. ഒരു വലിയ ബാധ്യതയിൽ നിന്നാണ് താൻ ഒഴിവാകാൻ പോകുന്നത്. പോരാത്തതിന് മറ്റുള്ളവരുടെ മുന്നിൽ നാണംകെടേണ്ടി വരുമ്പോഴുള്ള താരയുടെ നിരന്തരമുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നുള്ള മോചനവും ആകും അത്.

പുറത്തിറങ്ങിയ ഉടനെ അറ്റൻഡർ വീൽചെയറുമായെത്തി. “സ്കാനിങ്ങ് സെന്‍ററിലേക്ക്” ഡോക്ടറുടെ സമീപമുണ്ടായിരുന്ന സിസ്റ്റർ അറ്റൻഡറോടു പറഞ്ഞു. നന്ദൻമാഷിനേയും കൊണ്ട് വീൽചെയർ പോയ വഴിയെ അവർ ഇരുവരും നീങ്ങി. അല്പം കഴിഞ്ഞ് സെക്കന്‍റ് ഫ്ലോറിലുള്ള സ്കാനിങ്ങ് സെന്‍ററിൽ അവർ എത്തിച്ചേർന്നു. നന്ദൻമാഷിനെയും കൊണ്ട് വീൽ ചെയർ അതിനകത്തു പ്രവേശിച്ചു കഴിഞ്ഞപ്പോൾ സുരേഷും സുമേഷും പുറത്തെ വരാന്തയിൽ നിന്നു അപ്പോൾ ഒരു സിസ്റ്റർ പുറത്തു വന്നുപറഞ്ഞു

“നിങ്ങളിലാരെങ്കിലും പോയി ബില്ലടച്ചിട്ടു വരൂ. ഇതാ സ്ലിപ്പ്.”

സുരേഷ് സിസ്റ്ററിൽ നിന്നും സ്ലിപ്പ് വാങ്ങിക്കൊണ്ടുപറഞ്ഞു “ഞാൻ പോയി സ്കാനിംങ്ങിനും ബ്ലഡ് ടെസ്റ്റിനുമുള്ള ബില്ലടച്ചിട്ടു വരാം സുമേഷ്.”

സുമേഷ് അപ്പോൾ തന്നെ സ്നേഹ സദനത്തിലേക്ക് വിളിച്ച് രാജീവിനോട് കാര്യങ്ങൾ അന്വേഷിച്ചു. അവിടത്തെ പ്രവേശന മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അന്വേഷിച്ച സുമേഷിന്‍റെ മുഖം പെട്ടെന്ന് വിളറി വെളുത്തു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 17

അന്ന് പ്രഭാതം പൊട്ടി വിടർന്നത് പുറത്ത് കിളികളുടെ ശബ്ദ കോലാഹലങ്ങളോടെയാണ്. ഹേമാംബിക അത് കേട്ട് ഞെട്ടി ഉണർന്നു. പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമാണ്. പുറത്ത് നല്ല മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. അതായിരിക്കും അതിനു കാരണം എന്നവർ ചിന്തിച്ചു പെട്ടെന്ന് താൻ വളർത്തുന്ന കിളിക്കൂട്ടിലെ കിളികളെക്കുറിച്ചായി അവരുടെ ചിന്ത. ഇന്നലെ താൻ അവക്ക് തീറ്റ കൊടുക്കാൻ മറന്നു പോയോ എന്ന് ഹേമാംബിക ഓർത്തു നോക്കി. ഇല്ല… ഇന്നലെ സന്ധ്യക്ക് അവയ്ക്കും അടുത്ത കൂട്ടിലുള്ള മുയലുകൾക്കുമുള്ള ആഹാരം നൽകിയിട്ടാണല്ലോ താൻ മടങ്ങിയത്. എങ്കിലും ഒന്ന് അവയെ ചെന്ന് നോക്കുക തന്നെ. പ്രത്യേക രീതിയിലുള്ള പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ എന്തോ അപകട സൂചന നൽകുന്നതായി തോന്നി. ഒരു കുടയെടുത്ത് തലയിൽ ചൂടിക്കൊണ്ട് ഹേമാംബിക പുറത്തേക്ക് നടന്നു. അതു കണ്ട് കുളികഴിഞ്ഞ് തല തുവർത്തുകയായിരുന്ന നയന ഓടി വന്നു.

“എന്താ ഹേമാമ്മേ അതിരാവിലെ കുടയുമെടുത്ത് പുറത്തേക്ക്.” അവൾ ചോദിച്ചതു കേട്ട് ഹേമാംബിക തിരിഞ്ഞു നോക്കി പറഞ്ഞു.

“ആ ലൗവ് ബേർഡ്സിന്‍റെ കൂട്ടിൽ നിന്നുമാണെന്നു തോന്നുന്നു. എന്തോ പ്രത്യേക രീതിയിലുള്ള കരച്ചിൽ കേൾക്കുന്നു. ഒന്ന് നോക്കാമെന്നു കരുതി.”

“നല്ല മഴയുണ്ടല്ലോ ഹേമാമ്മേ… ഈ മഴയത്ത് ഒറ്റക്കു പോകണ്ട. ഞാനും വരാം.” നയന മറ്റൊരു കുടയുമെടുത്ത് ഹേമയുടെ കൂടെ നടന്നു.

“വല്ല ചേരയോ പാമ്പോ മറ്റോ പക്ഷികളെ പിടിച്ചു കാണുമോ എന്നാ എനിക്കു പേടി.” ഹേമാംബിക പറയുന്നതു കേട്ട് നയനക്കും പേടിയായി.

“ശരിയാ ഹേമാമ്മേ മലമ്പ്രദേശമായതുകൊണ്ട് ഇവിടെയൊക്കെ പാമ്പുകൾ ധാരാളം കാണും. എന്നാലും നമ്മളാ പക്ഷിക്കൂട് അല്പം ഉയരത്തിലല്ലെ വച്ചിട്ടുള്ളത്. അപ്പോപ്പിനെ പാമ്പും മറ്റും കേറുമോ?”

“പാമ്പുകൾ ഏതുയരത്തിലും കേറില്ലേ പൊട്ടിപ്പെണ്ണേ.” ഹേമാംബിക നയനയെ കളിയാക്കി. അവർ ചെന്നു നോക്കുമ്പോൾ ഊഹിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. പക്ഷികളിലൊന്നിനെ ഏതോ ജീവികൾ പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചിരിക്കുന്നു. ആ ശ്രമത്തിൽ അതിലൊന്ന് കുട്ടിനുള്ളിൽ ചത്തു കിടക്കുന്നു. മറ്റു കിളികൾ പേടിച്ച് വല്ലാത്ത ശബ്ദത്തിൽ ചിലച്ചു കൊണ്ടിരിക്കുന്നു.

“നോക്കൂ, ഹേമാമ്മേ… കിളികളിലൊന്ന് ചത്തുപോയല്ലോ.” അതു പറയുമ്പോൾ നയനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹേമാംബികക്കും ആ കാഴ്ച കണ്ട് വല്ലാത്ത വിഷമമായി. എന്നും പ്രഭാതത്തിൽ ആ കൂട്ടിനടുത്തു വന്ന് കിളികളെ കാണുകയും അവക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്നതിൽ ഹേമാംബിക വല്ലാതെ ആനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെ താൻ അരുമയായി വളർത്തുന്ന കിളികളിലൊന്ന് ചത്തു കിടക്കുന്നതു കണ്ടപ്പോൾ ഹേമാംബികക്കും സഹിച്ചില്ല.

“ഹോ… എന്തൊരു കാഴ്ചയാണിത്. എനിക്കിതു കണ്ടിട്ട് സഹിക്കാനാവുന്നില്ല.” ഹേമാംബികയും അറിയാതെ കരഞ്ഞു പോയി. അവരുടെ കരച്ചിലും പറച്ചിലും കേട്ട് അന്തേവാസികളിൽ ഒന്നു രണ്ടു പേർ ഓടിവന്നു.

“എന്തു പറ്റി ടീച്ചർ?” അവർ ആകാംക്ഷയോടെയും അമ്പരപ്പോടെയും ചോദിച്ചു.

“അത് ഹേമാമ്മ വളർത്തിയിരുന്ന കിളികളിലൊന്ന് ചത്തുപോയി.” നയന തേങ്ങിക്കൊണ്ട് പറഞ്ഞു.

“ശ്ശോ… കഷ്ടമായിപ്പോയല്ലോ… ആ കമ്പിയുടെ ഇടയിൽക്കൂടിവല്ല പാമ്പോ പെരുച്ചാഴിയോ മറ്റോ പിടിച്ചതായിരിക്കും” ശാരദാമ്മ എന്ന സ്ത്രീ സഹതാപപൂർവ്വം ഹേമാംബികയെ നോക്കി പറഞ്ഞു.

“എന്തു ചെയ്യാനാ ഇതുങ്ങൾക്കൊക്കെ ആയുസ്സ് ഇത്രയുമേ ഉള്ളൂവെന്നേ. പിന്നെ അതുങ്ങള് പറന്നു കളിക്കുന്നതു കാണുമ്പോ നമുക്കൊക്കെ ഒരു സന്തോഷം തോന്നും.” ഏലിയാമ്മയാണതു പറഞ്ഞത്

“ഞാൻ പണ്ട് ഇതുപോലെ കോഴിയെ വളർത്തിയിട്ട് എത്ര കോഴിയെയാണെന്നോ കുറുക്കൻ പിടിച്ചു കൊണ്ടുപോയത്. മുട്ടയിടുന്ന നല്ല ഒന്നാന്തരം കോഴികളായിരുന്നു എല്ലാം.” ശാരദാമ്മയാണ് അതു പറഞ്ഞത്.

“ഇനീപ്പോ കരഞ്ഞോണ്ടിരുന്നിട്ടെന്നതാ കാര്യം. ഒടേ തമ്പുരാൻ അതിന് അത്രേ ആയുസ്സുകൊടുത്തുള്ളൂ എന്ന് വിചാരിച്ച് സമാധാനിക്കാം. ഏതായാലും ആ ചത്ത കിളിയെ കൂട്ടീന്ന് വേഗം നീക്കാൻ നോക്കാം അല്ലെങ്കിൽ മറ്റു കിളികളും വല്ല അസുഖോം വന്ന് ചത്തു പോകും.” ഏലിയാമ്മ അതും പറഞ്ഞ് കൂടുതുറന്ന് പതുക്കെ ചത്ത കിളിയെ പുറത്തെടുത്തു. കിളിക്കൂട്ടിന് അഴികളേക്കാൾ നല്ലത് കമ്പി വലയാണെന്ന് അവർ പറയുകയും ചെയ്തു. അന്നു തന്നെ ഹേമാംബിക കിളിക്കൂടിന് കമ്പി വല അടിക്കാനുള്ള ഏർപ്പാടു ചെയ്തു. വൈകുന്നേരങ്ങളിൽ കിളിക്കൂടിനു മുമ്പിൽ കിളികളെ കാണാൻ എത്തുന്ന പ്രായമായവർക്ക് അത് നയനാ നന്ദകരമായ കാഴ്ചയായിരുന്നു. അവർ അവയുടെ കളികൾകണ്ട് ആനന്ദിക്കുകയും അവക്ക് തീറ്റ നൽകുകയും ചെയ്യുന്നത് തുടർന്നു പോന്നു.

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് രാജീവൻ തന്‍റെ ബൈക്കിൽ സ്നേഹ സദനത്തിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു. സ്നേഹസദനത്തിൽ ആഹാരം കിട്ടുമെങ്കിലും അയാൾ അതു കഴിക്കാറില്ല വീട്ടിൽ തന്‍റെ അമ്മയുടേയും ഭാര്യയുടേയും കൈ കൊണ്ട് വിളമ്പിയ ആഹാരമാണ് അയാൾക്ക് പഥ്യം.

“അമ്മയുടെ കൈ കൊണ്ട് വിളമ്പി ഉണ്ടാലെ എനിക്കിപ്പഴും ചോറിറങ്ങൂ.” അതു കേൾക്കുമ്പോൾ ഭാര്യ സുമിത്ര അല്പം അസൂയയോടെയാണെങ്കിലും ചിരിക്കും. ഭർത്താവിന്‍റെ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ അവൾക്ക് അസൂയ തോന്നാറുണ്ടെങ്കിലും അവൾ അത് പ്രകടമാക്കാറില്ല. കാരണം, തന്നെ ഒരു മകളെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ അവൾക്കും ഇഷ്ടമായിരുന്നു. ചിലപ്പോൾ രാജീവൻ അമ്മയോട് രണ്ടുരുള തനിക്ക് വാരിത്തരാൻ പറയും. അത് കേൾക്കുമ്പോൾ സുമതിയമ്മ പറയും.

“കണ്ടില്ലേ? അവനിപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം. പെണ്ണുകെട്ടി രണ്ടു പിള്ളേരുമായി. അപ്പഴാ…”

അങ്ങനെ പറയുമെങ്കിലും സുമതിയമ്മ അയാൾക്ക് വാരിക്കൊടുക്കും. അതു കാണുമ്പോൾ സുമിത്രയുടെ കണ്ണുനിറയും. കാരണം അവൾ അമ്മയില്ലായാണ് വളർന്നത്. അതു കാണുമ്പോൾ സുമതിയമ്മ അവൾക്കും വാരിക്കൊടുക്കും. അപ്പോഴേക്കും രാജീവന്‍റെ മക്കൾ അടുത്തെത്തും. “അമ്മൂമ്മേ… ഞങ്ങൾക്കും…” പത്തിൽ പഠിക്കുന്ന മാളവികക്കും എട്ടിൽ പഠിക്കുന്ന മനോജിനും അമ്മൂമ്മയെ ജീവനാണ്. അങ്ങനെ ആ കൊച്ചു കുടുംബം സുമതിയമ്മയുടെ സ്നേഹ പരിലാളനങ്ങളിൽ ആനന്ദിച്ചു ജീവിച്ചു. സുമതിയമ്മക്ക് താൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ചെറുപ്പത്തിൽ മക്കളെ വളർത്താൻ അവർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ പോലും അമ്മ ഉറങ്ങിയോ എന്ന് നോക്കിയ ശേഷം അവരെ ഒരു പുതപ്പെടുത്ത് പുതപ്പിച്ചിട്ടാണ് രാജീവൻ തന്‍റെ ഉറക്കറയിലേക്കു പോലും പോകുകയുള്ളു അമ്മയോടുളള കടപ്പാടുകൾ അത്ര വലുതാണെന്ന് രാജീവന് തോന്നാറുണ്ട്.

രാജീവൻ തന്‍റെ ബൈക്ക് ‘സ്നേഹ സദന’ത്തിന്‍റെ ഷെഡിൽ വച്ച് തിരിഞ്ഞു നടന്നു. അപ്പോഴാണ് ആ മൂന്നു ഫ്രീക്ക് പയ്യന്മാർ തന്‍റെ മുന്നിലേക്ക് നടന്നുവരുന്നത് കണ്ടത്. അവർ തങ്ങൾ വന്ന ബൈക്കുകൾ ഒരിടത്ത് ഒതുക്കി വച്ച് രാജീവന്‍റെ മുന്നിലെത്തുകയായിരുന്നു.

“ആരാ മനസ്സിലായില്ലല്ലോ?” രാജീവൻ ചോദിച്ചു.

“ഞാൻ ഷിജു, ഇവൻ ഷിബു. ഞങ്ങൾ ഇവിടെയുള്ള കാർത്യായനി അമ്മയുടെ പേരമക്കളാണ് സർ. ഞങ്ങൾക്ക് ഞങ്ങളുടെ അമ്മൂമ്മയെ ഒന്നു കാണണം.”

രാജീവന് അത് കേട്ടപ്പോൾ വളരെ സന്തോഷമായി. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും പേരമക്കളുണ്ടല്ലോ.

“വരു രണ്ടു പേരും. അമ്മൂമ്മയെ കാണിച്ചു തരാം.” രാജീവൻ അവരെ അകത്തേക്കു ക്ഷണിച്ചു. കാർത്യായനിയമ്മയെ കാണിച്ചു കൊടുത്തു. പ്രായാധിക്യത്താൽ തീർത്തും അവശയായ അവർ കട്ടിലിൽ കിടക്കുകയായിരുന്നു. രാജീവ് അവരെ ചെന്ന് തൊട്ടുവിളിച്ചു പറഞ്ഞു

“അമ്മേ. അമ്മയെക്കാണാൻ പേരമക്കൾ വന്നിരിക്കുന്നു.” കാർത്യായനി അമ്മക്ക് ആദ്യം രാജീവ് പറയുന്നതെന്തെന്ന് മനസ്സിലായില്ല. എന്നാൽ ക്രമേണ, മങ്ങൽ മാറി കാര്യങ്ങൾ തെളിഞ്ഞു വന്നു. തന്‍റെ ഇളയമകന്‍റെ മകനും ഇളയമകളുടെ മകനും ആണതെന്ന് അവർക്കുമനസ്സിലായി അപ്പോൾ അവരുടെ പീള കെട്ടിയ കണ്ണുകളിൽ അമ്പരപ്പും, അതിശയവും, സന്തോഷവും, മാറി മാറി നിഴലിട്ടു. അവർ പല്ലില്ലാത്ത തൊണ്ണു കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു. “എന്തിനാ മക്കളെ വന്നത്?”

“ഞങ്ങൾ… ഞങ്ങൾ… അമ്മൂമ്മയെക്കാണാൻ വേണ്ടി വന്നതാണ്.”

“എന്നെക്കാണാനോ? എനിക്ക് സന്തോഷമായി മക്കളെ…” അതു പറയുമ്പോൾ ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. ആയ കാലത്ത് വീട്ടുജോലികൾ എടുത്താണ് അവർ മൂന്നു മക്കളെ പോറ്റിയത്. വളർന്നപ്പോൾ കൂലിവേലയുൾപ്പെടെ പലതരം ജോലികൾ ചെയ്തു. പിന്നീട് അവർ വിവാഹിതരായി. ഏതാനുംനാൾ മുമ്പ് ജോലി ചെയ്യാനാവാത്ത തന്നെക്കൂടി നോക്കാനാവില്ലെന്നു പറഞ്ഞ് ആ വീട്ടിൽ നിന്നും ഒരു പട്ടിയെപ്പോലെ ആട്ടിയിറക്കി വിട്ടു. വഴിയിൽ ഭിക്ഷയെടുത്തു കുറെനാൾ ജീവിച്ചെങ്കിലും ഒടുവിൽ അവശയായി വഴിയിൽ വീഴുകയായിരുന്നു. അപ്പോഴാണ് ഏതാനും സാമൂഹിക പ്രവർത്തകർ അവരെ ഇവിടെ കൊണ്ടെത്തിച്ചത്. അതെല്ലാം പേരമക്കളെ കണ്ടനിമിഷത്തിൽ അവർ മറന്നു പോയി. അവർ ഏറെ സന്തോഷത്തോടെ പേരമക്കളെ അടുത്തു വിളിച്ചു, തന്‍റെ ശുഷ്കിച്ച കൈകൾ കൊണ്ട് അവരെ ആലിംഗനം ചെയ്ത് ആ നെറുകയിൽ ചുംബിച്ചു.

“എന്നാലും നിങ്ങൾ എന്നെ ഓർത്തല്ലോ മക്കളെ, എനിക്കതുമതി. ആട്ടെ നിങ്ങടെ അച്ഛനുമമ്മയുമൊക്കെ സുഖമായിരിക്കുന്നോ? അവരെന്നെ അന്വേഷിക്കാറുണ്ടോ?”

“പിന്നെ. അമ്മൂമ്മയെ ഇറക്കിവിട്ടതില് അച്ഛനിപ്പൊ നല്ല സങ്കടമുണ്ട്. അമ്മൂമ്മയെ വിളിച്ചു കൊണ്ടുവരണം എന്ന് ഇന്നാള് അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു.” ഷിബു പറഞ്ഞതു കേട്ട് ആ വൃദ്ധ നയനങ്ങൾ വീണ്ടും നിറഞ്ഞു.

“അവന് അങ്ങനെ തോന്നിയില്ലെങ്കിലെ അതിശയിക്കാനുള്ളു. ഞാനത്ര കഷ്ടപ്പെട്ടാ അച്ഛനില്ലാത്ത അവരെ വളർത്തിയത്.”

“ആട്ടെ, അമ്മൂമ്മയ്ക്കിവിടെ സുഖമാണോ?”

“പിന്നെ എനിക്കിവിടെ സ്വർഗ്ഗമാ മക്കളെ. ഏതായാലും നിങ്ങളെയൊന്നും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ഈശ്വരൻ എനിക്ക് ഒരു വഴി ഒരുക്കിത്തന്നു.” അതു പറയുമ്പോൾ ഷിബുവിന്‍റെ ചുണ്ടിൽ ഒരു സന്തോഷച്ചിരി വിരിഞ്ഞു. അവൻ ഷിജുവിനെ ചിരിച്ചു കൊണ്ട് നോക്കി. എന്നിട്ടു പറഞ്ഞു.

“അമ്മൂമ്മയെ ഇവിടെ താമസിക്കാൻ ഇനി അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല അടുത്തു തന്നെ അച്ഛൻ വന്ന് അമ്മൂമ്മയെ കൂട്ടിക്കൊണ്ടുപോകും. ഇപ്പത്തന്നെ അച്ഛർ പറഞ്ഞിട്ടാ ഞങ്ങൾ വന്നത്.” അതു കേൾക്കെ കാർത്യായനിയമ്മ പേരമക്കളെ അവിശ്വസനീയതയോടെ നോക്കി.

“എനിക്കിനി ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത് മക്കളെ. അവൻ എന്‍റെ മകനാ. ഞാനങ്ങനെയാ എന്‍റെ മക്കളെ വളർത്തിയത്. അവർക്ക് എന്നെ മറക്കാനാവൂല്ല.” ആ അമ്മ ഹൃദയം ആനന്ദാതിരേകത്താൽ നിറഞ്ഞു. തന്‍റെ ജന്മം സഫലമായതായി അവർക്കു തോന്നി. മക്കൾ തന്നോട് ചെയ്ത എല്ലാതെറ്റുകളും ഒരു നിമിഷം കൊണ്ട് പൊറുക്കുവാനും ആ അമ്മയ്ക്കു കഴിഞ്ഞു.

“എന്നാൽ ഞങ്ങള് പോകുകാ അമ്മൂമ്മേ കോളേജിൽ നിന്ന് ക്ലാസ്സ് കട്ട് ചെയ്തിട്ടാ ഞങ്ങള് വന്നത്. ഞങ്ങള് പോട്ടേ അമ്മൂമ്മേ…” അവർ ഏതാനും പൊതികൾ അമ്മൂമ്മയുടെ തലയ്ക്കൽ വച്ചു. “ഇത് കുറച്ച് ഓറഞ്ചാ അമ്മൂമ്മേ…”

“ഇതൊന്നും വേണ്ടായിരുന്നല്ലോ മക്കളെ… നിങ്ങൾ എന്നെക്കാണാൻ വന്നതു തന്നെ എനിക്കു സന്തോഷമായി. നിങ്ങടെ അച്ഛനോട് വേഗം വരാൻ പറയണെ. ഞാൻ കാത്തിരിക്കും.”

“ഒ.കെ അമ്മൂമ്മേ. ഞങ്ങള് അമ്മൂമ്മയുടെ ഒരു സെൽഫി എടുത്തോട്ടെ.” ഉടൻ തന്നെ മൂന്നു പേരും അമ്മൂമ്മയോട് ചേർന്നിരുന്ന് ഒരു സെൽഫി എടുത്തു. എന്നിട്ട് വിജയ ഭാവത്തിൽ പറഞ്ഞു, “ഇനി ഞങ്ങള് പൊക്കോട്ടെ അമ്മൂമ്മേ ഇന്ന് ‘ഗ്രാൻഡ് മദേഴ്സ് ഡേ’ ആണ്. അതുകൊണ്ടും കൂടി ആണ് ഞങ്ങൾ വന്നത്. അപ്പോൾ അമ്മൂമ്മയ്ക്ക് “ഹാപ്പി ഗ്രാൻഡ് മദേഴ്സ് ഡേ” പിന്നെ ഇവനെ ഞങ്ങൾ പരിചയപ്പെടുത്തിയില്ലല്ലൊ. ഇത് ഞങ്ങടെ കൂട്ടുകാരൻ റോയ്. അപ്പോൾ ഗുഡ് ബൈ അമ്മൂമ്മേ, ഇനിയും കാണാം.”

അങ്ങനെ പറഞ്ഞ് ആ ഫ്രീക്കന്മാർ അവിടെ നിന്നും അകന്നു പോയി. അവർ ഒടുവിൽ ഇംഗ്ലീഷിൽ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കാർത്യായനിയമ്മയുടെ മനസ്സും കണ്ണും നിറഞ്ഞു കവിഞ്ഞു. അതു കണ്ട് അടുത്ത ബെഡ്ഡിലിരുന്ന ലീലാമ്മ ചോദിച്ചു.

“പേരമക്കളാണല്ലേ കാർത്യായനിയമ്മേ. നിങ്ങള് ഭാഗ്യവതിയാണല്ലോ. അവര് കാണാൻ വന്നില്ലേ.”

“ഇനി എന്‍റെ മകൻ വരും. ലീലാമ്മേ. എന്നെ കൂട്ടി കൊണ്ടു പോകാൻ. ഇതിൽപ്പരം സന്തോഷം എനിക്കിനിയെന്തു വേണം.” കാർത്യായനിയമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നറും പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് അപ്പോൾ ലീലാമ്മയ്ക്ക് കാണാമായിരുന്നു.

ഷിജുവും ഷിബുവും റോയിയും തങ്ങൾ ബൈക്ക് വച്ചിരിക്കുന്നിടത്തേക്ക് ചെല്ലുന്നത് രാജീവ് കണ്ടു. അവർ കാർത്യായനി അമ്മയുമായി സംസാരിക്കുന്നത് മുഴുവൻ അയാൾ കേട്ടിരുന്നു അമ്മൂമ്മയോടുള്ള അവരുടെ സ്നേഹം കണ്ട് രാജീവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു ബൈക്കിനടുത്തെത്തിയപ്പോൾ ഷിബുവിനോട് ഷിജു ചോദിച്ചു.

“നിന്‍റേത് നല്ല അഭിനയമായിരുന്നല്ലോടാ ഷിബു. മാമൻ വരുമെന്ന് ആ തള്ളയെ പറഞ്ഞു വിശ്വസിപ്പിക്കാൻ നിനക്കു കഴിഞ്ഞല്ലോ.”

“അപ്പോ നിങ്ങടേത് അഭിനയമായിരുന്നോ?” സുഹൃത്ത് റോയി ചോദിച്ചു.

“അതെ, അതല്ലേ ഞങ്ങടെ കഴിവ്. അമ്മൂമ്മയുടെ പേരിലുള്ള ഒരു ഇൻഷുറൻസ് തുക, ഏകദേശം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ഇന്‍റിമേഷൻ വീട്ടിൽ വന്നിട്ടുണ്ട്. അതിന്‍റെ സ്നേഹമാ ഞങ്ങള് പ്രകടിപ്പിച്ചത്.” ഷിബു പറഞ്ഞു.

“അത്രയും തുക അവരുടെ പേരിലോ?” റോയ് അല്പം അതിശയോക്തിയിൽ ചോദിച്ചു

“അതേടേയ് അതവര് വീട്ടുജോലിക്കു പോയിരുന്നകാലത്ത് ഊറ്റി ഉറുമ്പി സമ്പാദിച്ചതാ.” ഷിജു അല്പം പരിഹാസ സ്വരത്തിൽ പറഞ്ഞു.

“അതെ, അത് അവരെക്കൊണ്ട് ഒപ്പിടുവിച്ച് എങ്ങനെയെങ്കിലും അടിച്ചെടുക്കണമെടാ. അതിനുള്ള ഒരു മയക്കു വിദ്യ. പിന്നെ ഈ സെൽഫിയും ഫെയ്സ്ബുക്കിൽ ഇടണം. അതോടെ ഞങ്ങടെ ഗേൾഫ്രണ്ട്സ് ഫ്ലാറ്റാകും. ഞങ്ങളെക്കുറിച്ച് അവർക്കിപ്പോഴുള്ള എല്ലാ മോശം അഭിപ്രായവും മാറും. അതല്ലാതെ ആ തള്ളയെ പ്രീതിപ്പെടുത്തിയിട്ട് എന്താവശ്യമെടാ.” ഷിബു അതു പറയുമ്പോൾ ഷിജുവും ഒപ്പം ചേർന്ന് ആർത്തുചിരിച്ചു. അതു കേട്ട് നിന്ന റോയ് പറഞ്ഞു,

“നിങ്ങൾ രണ്ടു പേരും ആളു കൊള്ളാമല്ലോ. സിനിയെയും നിമിയെയും ഈ ഫോട്ടോ കാണിച്ച് സ്വാധീനിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം അല്ലേ? പിന്നെ ആ തള്ളയുടെ ഇൻഷുറൻസ് തുക അടിച്ചെടുക്കുകയും വേണം. അപ്പോ കള്ളുകുടിയനായ നിന്‍റെ അച്ഛൻ വരുമെന്നു പറഞ്ഞതും ഈ ആവശ്യത്തിനാണോ?”

“അതേന്നെ. അല്ലാതെ ഈ വയസ്സുകാലത്ത് ആ തള്ളയെ ഏറ്റെടുത്ത് നോക്കിയിട്ട് ഞങ്ങക്കെന്തു കിട്ടാനാ?”

“അപ്പോ അവര് നിങ്ങളു പറഞ്ഞത് വിശ്വസിച്ച് നിങ്ങടെ തന്തമാരെ കാത്തിരിക്കുമല്ലോ. പുവർ ഉമൺ” അങ്ങനെ പറഞ്ഞ് റോയിയും പൊട്ടിച്ചിരിച്ചു.

“അപ്പോ നമുക്കിന്ന് ഗ്രാൻഡ്മാസ് ഡേ ആഘോഷിക്കേണ്ടേടേയ്. നമുക്ക് നല്ല ഇടുക്കി ഗോൾഡ് നീലച്ചടയൻ കിട്ടുമോന്ന് നോക്കാം.” അങ്ങനെ പറഞ്ഞ് അവർ മൂന്നു പേരും തങ്ങളുടെ ബൈക്കുകളിൽ കയറി.

അവരുടെ ഈ സംസാരം അല്പം മാറി നിന്ന് രാജീവ് കേൾക്കുന്നുണ്ടായിരുന്നു. ആ യുവാക്കളെ ഇടിച്ച് ചമ്മന്തി പരുവമാക്കാൻ ആ പഴയ പട്ടാളക്കാരന്‍റെ കൈ തരിച്ചു. പക്ഷെ അയാൾ എത്തും മുമ്പ് അവർ മൂന്നു പേരും ചിരിച്ചു ബഹളമുണ്ടാക്കി ബൈക്കുകളിൽ കേറിപ്പോകുന്നത് കണ്ട് രാജീവ് സ്തംഭിച്ചു നിന്നു.

ജീവിതം ആഘോഷമാക്കിയ പുതിയ തലമുറ അധ:പതിക്കുന്നതും മനുഷ്യത്വം മരവിച്ചു പോകുന്നതും കണ്ട് രാജീവ് ദുഃഖിച്ചു. ഇനി അവരോ അവരുടെ കള്ളുകുടിയന്മാരായ തന്തമാരോ വരികയാണെങ്കിൽ അവരെ ഇതിനകത്തു കേറ്റുകയില്ലെന്നും അയാൾ ഉറച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 16

എയർപോർട്ടിൽ സുരേഷും കുടുംബവും ലഗേജിനായി കാത്തു നില്കാൻ തുടങ്ങിയിട്ട് അല്പ സമയമായി. ഇതിനിടയിൽ സുരേഷ്, സുമേഷിനെ വിളിച്ചു പറഞ്ഞു.

“ഞങ്ങൾ എയർപോർട്ടിൽ എത്തി കേട്ടോടാ. ലഗ്ഗേജിനായി കാത്തു നില്ക്കുകയാണ്. ലഗേജ് കിട്ടാൻ ഇനിയും ഒരു പത്തുപതിനഞ്ചു മിനിട്ട് നില്ക്കേണ്ടി വരുമായിരിക്കും. അതു കഴിഞ്ഞാലുടനെ ഒരു ടാക്സി പിടിച്ച് ഞങ്ങൾ അങ്ങെത്തിക്കോളാം.”

“അതുവേണ്ട ചേട്ടാ. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് വലിയ ദൂരമില്ല. ഞാൻ കാറും കൊണ്ടു വരാം. ഒരര മണിക്കൂർ.”

“ഒ.കെ ടാ… എന്നാൽ ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.” അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു.

അപ്പോൾ സുരേഷിന്‍റെ ഭാര്യ സുനന്ദ ചോദിച്ചു. “എന്താ സുരേഷേട്ടാ സുമേഷ് എന്താണ് പറഞ്ഞത്?”

“അവൻ കാറും കൊണ്ടുവരാമത്രെ. ലഗേജ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് ഒരു ചെറിയ ടീയും കുടിച്ച് അവനെ വെയിറ്റു ചെയ്യാം.”

“കുട്ടികൾ മൂന്നുപേരും നന്നായി ആസ്വദിക്കുന്നുണ്ട് ഈ കേരളയാത്ര. നോക്കൂ അവരുടെ സന്തോഷം.” സുനന്ദ പറഞ്ഞു.

അവരുടെ കുട്ടികളായ ഗീതുവും രമ്യയും അനന്തുവും ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അല്പം മാറി നിൽക്കുകയായിരുന്നു. ഗീതു പ്ലസ് വണ്ണിനും, രമ്യ എട്ടാം ക്ലാസ്സിലും നാലരവയസ്സുകാരനായ നന്തു എന്നു വിളിക്കുന്ന അനന്തു കിന്‍റർഗാർഡനിലുമാണ്. കുട്ടികളായ അവർ അവരുടേതായ ലോകത്തിലാണ്.

ഇതിനിടയിൽ സുരേഷ് സുനന്ദയോട് പറഞ്ഞു. “എനിക്ക് അച്ഛന്‍റെ കാര്യം ഓർത്തിട്ടാണ് വിഷമം. അവന്‍റെ വർത്തമാനത്തിൽ നിന്നും അച്ഛനെന്തോ കാര്യമായ കുഴപ്പമുണ്ട്.”

“അങ്ങനെയെങ്കിൽ സുമേഷെന്താ അച്ഛനെ ഇതുവരെ ഡോക്ട്ടറെയൊന്നും കാണിക്കാത്തത്.”

“എനിക്കും അതു തന്നെയാ മനസ്സിലാകാത്തത്. അവന് ചിലപ്പോൾ കാശു ചിലവാക്കാൻ കഴിയില്ലാഞ്ഞിട്ടായിരിക്കും. ഏതായാലും ഞാൻ ചെല്ലട്ടെ. അച്ഛനെ നല്ല ഒരു ഡോക്ടറെത്തന്നെ കാണിക്കുന്നുണ്ട്.”

“നമുക്കതിന് അധിക ദിവസമൊന്നും കേരളത്തിൽ തങ്ങാൻ പറ്റില്ലല്ലോ. എനിക്കാണെങ്കിൽ കമ്പനിയിൽ നിന്നും വളരെ കുറച്ചു ദിവസത്തെ ലീവേ കിട്ടിയിട്ടുള്ളൂ.” സുനന്ദ പറഞ്ഞു

“എനിക്കും അതേ. ആകെ പത്തിരുപതു ദിവസം. അതിനുള്ളിൽ അച്ഛനെ ഏതെങ്കിലും നല്ല ഡോക്ടറെക്കാണിച്ച് ചികിത്സിപ്പിക്കണം.” അവർ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോൾ ലഗേജ് എത്തി.

നന്തു പറഞ്ഞു, “അച്ഛാ… നമ്മുടെ ലഗേജ്. ഞാൻ ഉന്താം”

“നീ തനിച്ചോ… ഞങ്ങളും കൂടാം.” അങ്ങനെ പറഞ്ഞ് കുട്ടികൾ മൂന്നുപേരും കൂടി ലഗേജ് ഉന്തി നീക്കി പുറത്തു കൊണ്ടുവന്നു. അവർ വെയിറ്റിംങ് റൂമിൽ അല്പനേരം കാത്തിരുന്നു. അപ്പോഴേക്കും സുമേഷ് വന്നെത്തി.

സുരേഷ് ഭാര്യയോടും കുട്ടികളോടുമൊപ്പം സുമേഷിന്‍റെ കാർ നില്ക്കുന്നിടത്ത് എത്തി.

“ഹലോ ഏട്ടാ… യാത്രയൊക്കെ സുഖമായിരുന്നോ?” സുമേഷ് കാറിൽ നിന്നിറങ്ങിക്കൊണ്ടു ചോദിച്ചു.

“സുഖമായിരുന്നെടാ… പിന്നെ നീ മാത്രേ വന്നൊള്ളു. താരയേയും കുട്ടികളെയും കൊണ്ടുവന്നില്ലെ?”

“ഇല്ലേട്ടാ… അവർ നിങ്ങളെ വീട്ടിൽ എത്തിയിട്ട് കണ്ടാൽ മതി എന്നു വിചാരിച്ചു അല്ലെങ്കിൽ ആ ഇളയവൻ കിച്ചു മഹാവികൃതിയാ. കാറോടിക്കാൻ സമ്മതിക്കില്ല.”

“ഓഹോ. അങ്ങനെയാണോ. അതൊക്കെ ഇവനെ കാണുമ്പോൾ മാറിക്കോളും. നമ്മുടെ അനന്തു അതിലും വലിയ വികൃതിയാ.” സംസാരത്തിനിടയിൽ അവർ ഓരോരുത്തരായി ലഗേജ് എല്ലാം എടുത്ത് കാറിന്‍റെ ഡിക്കിയിൽ വച്ചു. സുമേഷ് കാറടക്കുന്നതിനു മുമ്പ് ഏട്ടത്തിയെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.

“ഹലോ ഏട്ടത്തി, ഏടത്തി എന്താ ഒന്നും മിണ്ടാതെ നില്ക്കുന്നേ. എന്തെങ്കിലുമൊക്കെ പറയൂന്നേ. എത്ര നാളു കൂടീട്ടാ നമ്മളു തമ്മിൽ കാണുന്നേ.”

“അവൾ വായ തുറക്കാനിരിക്കുന്നതല്ലേ ഉള്ളൂ സുമേഷ്. അവിടെ ചെന്ന് താരയെ കണ്ടു കഴിഞ്ഞാൽ അവൾ തനിയെ വാ തുറന്നോളും. ഈ പെണ്ണുങ്ങൾ തമ്മിൽ സംസാരിക്കുന്നതു കണ്ടാൽ നമ്മൾ ആണുങ്ങൾക്ക് അടുത്ത പരിസരത്തൊന്നും നിക്കാൻ പറ്റുകില്ലെന്ന് നിനക്കറിയില്ലേ സുമേഷ്…”

“അതു ശരിയാ ഏട്ടാ. സാരിയുടേയും സ്വർണ്ണാഭരണങ്ങളുടേയും കണക്കായിരിക്കും ഇവർക്ക് പറയാനുള്ളത്. പിന്നെ കുറെ പരദൂഷണവും.”

“യൂ ആർ റൈറ്റ്. അപ്പോ നമുക്കു പോകാം അല്ലേടാ.” ലഗേജു മുഴുവൻ കാറിന്‍റെ ഡിക്കിയിൽ കേറ്റിക്കഴിഞ്ഞപ്പോൾ സുരേഷ് പറഞ്ഞു.

“ഓ.കെ. ചേട്ടാ. നമുക്കു പോയിക്കളയാം.”

“എന്‍റെ ടെഡിബിയർ… ടെഡി ബിയറിനെ എനിച്ചു വേണം.” നന്തു വാശിപിടിച്ചു കരയുന്നതു കണ്ടപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. എപ്പോഴും അവൻ കൂടെ കൊണ്ടു നടക്കുന്ന അവന്‍റെ വലിയ ടെഡി ബിയർ കാറിന്‍റെ ഡിക്കിക്കകത്ത്. ഉടൻ തന്നെ സുമേഷ് ഡിക്കി തുറന്ന് ടെഡിബിയറിനെ പുറത്തെടുത്തു. നന്തു സന്തോഷത്തോടെ ഓടി വന്ന് അതിനെ വാങ്ങി തന്‍റെ തോളോടു ചേർത്തു. എന്നിട്ട് കാറിൽ കയറി ഇരിപ്പായി.

ടെഡിബിയറിനെ ഓമനിച്ചു കൊണ്ടവൻ പറഞ്ഞു. “എങ്ങും പോകല്ലെ കുത്താ… ഡാഡിയുടെ മതിയില് തന്നെ ഇരുന്നോണെ”

“ഓ… അവൻ ഡാഡിയാണു പോലും. അവന്‍റെ മോൻ കരടിക്കുട്ടനും…” ഗീതുവും രമ്യയും ഉറക്കെ ചിരിച്ചു.

ചേച്ചിമാരുടെ കളിയാക്കൽ കേട്ട് നന്തു കരയാനായി ഭാവിച്ചു. അതു കണ്ട് സുനന്ദ അവനെ തഴുകിക്കൊണ്ട് പറഞ്ഞു. “വേണ്ട… മോൻ കരയേണ്ട. ചേച്ചിമാർ വെറുതെ കളിയാക്കിയതല്ലെ?”

“ഉം. മോന്‍റെ തെഡി ബിയറിനെ കിട്ടാത്തതിന്‍റെ അശൂയയാ അവർക്ക്.”

“ഉം… പിന്നെ ഞങ്ങൾക്കാ ടെഡിബിയറിനെ കിട്ടിയട്ട് വലിയ കാര്യമല്ലേ? ഒന്നു പോടാ ചെക്കാ.” ചേച്ചിമാർ കളിയാക്കിയപ്പോൾ നന്തുമോൻ അമ്മയുടെ മടിയിൽ മുഖമമർത്തി കരയാൻ തുടങ്ങി. അതു കണ്ട് സുനന്ദ ശാസിച്ചു.

“നിങ്ങള് രണ്ടു പേരും വെറുതെ മിണ്ടാതിരിക്കുന്നുണ്ടോ, അവനെ കരയിക്കാതെ.”

ഈ കുട്ടികൾ കൂടി തന്‍റെ വീട്ടിലേക്കു വന്നാൽ തന്‍റെ മക്കളുമായി ചേർന്ന് നല്ല മേളമായിരിക്കുമല്ലോ എന്നോർത്തു കൊണ്ട് സുമേഷ് വണ്ടിയോടിച്ചു. സുരേഷ് ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും പെട്രോളിന്‍റെ വില വർദ്ധനവിനെക്കുറിച്ചും അന്വേഷിച്ചു.

“ഒന്നും പറയേണ്ട ചേട്ടാ, ഇവിടെ ഓരോ ദിവസവും എന്ന കണക്കിനാണ് പെട്രോളിനു വില വർദ്ധിക്കുന്നത്. ഗവർമ്മെന്‍റ് കോർപ്പറേറ്റുകളെ സുഖിപ്പിക്കാൻ ശ്രമിക്കയാണെന്നു തോന്നുന്നു.”

“അപ്പോൾ സാധനങ്ങളുടെ വിലയും അതനുസരിച്ചു കൂടുമല്ലോ.”

“അതെ… അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കടക്കാർ തോന്നിയതു പോലെയാണ് സാധനങ്ങൾക്ക് വില ഈടാക്കുന്നത്.”

സുമേഷിന്‍റെ കാർ ഗേറ്റ് കടന്നയുടനെ താരയും മക്കളും ഓടി എത്തി. പുറകേ ശാന്തിയും.

സുരേഷും സുനന്ദയും മക്കളും കാറിൽ നിന്നിറങ്ങിയ ഉടനെ താര ഓടിയെത്തി സ്വാഗതം ചെയ്തു. “വരണം ചേച്ചി. യാത്രയൊക്കെ സുഖമായിരുന്നോ?”

“ഓ… ഒന്നും പറയണ്ട താരേ. ചില വിമാനങ്ങളിലെ യാത്ര അത്ര സുഖകരമൊന്നുമല്ല. പിന്നെ ദുബായിൽ നിന്ന് ഇവിടെയെത്താൻ അധികം സമയം വേണ്ടല്ലോ എന്ന ആശ്വാസമുണ്ട്.” അപ്പോഴേക്കും ചിന്നുമോളെത്തി. അവൾ ഗീതുവിനേയും രമ്യയേയും മാറി മാറി കെട്ടിപ്പിടിച്ചു കൊണ്ട് തന്‍റെ ആഹ്ളാദമറിയിച്ചു.

“നിനക്ക് സുഖമാണോടീ മോളെ. നീ കുറച്ച് വലുതായി എന്നു തോന്നുന്നല്ലോ.” ഗീതു ചിന്നുമോളോട് ചോദിച്ചു.

“സുഖമാ ചേച്ചീ… ഞാൻ നിങ്ങളെ കാത്തിരിക്കുവാരുന്നു. വാ… നമുക്ക് അകത്തേക്ക് പോകാം…” അവൾ ചേച്ചിമാരെ കയ്യിൽ പിടിച്ച് അകത്തേക്ക് നയിച്ചു.

അപ്പോഴേക്കും അമ്മമാരുടെ പുറകിൽ മറഞ്ഞ് അകന്നു നിന്നിരുന്ന കിച്ചുമോനും നന്തുമോനും പരസ്പരം നോക്കി. കിച്ചുവിന്‍റെ കണ്ണ് നന്തുവിന്‍റെ കയ്യിലെ വലിപ്പം കൂടിയ ടെഡി ബിയറിലായിരുന്നു. എല്ലാവരേയും കണ്ട് ശാന്തി ചിരിച്ചുകൊണ്ടു നിന്നു.

“ഇവൾ ഇപ്പോഴും നിന്‍റെ കൂടെ ഉണ്ടല്ലേ താരേ? അന്ന് നീ കിച്ചുവിനെ പ്രസവിച്ചു കിടക്കുമ്പോൾ ഞങ്ങളിവിടെ വന്നിരുന്നല്ലോ. അന്ന് കണ്ടതാ ഇവളെ.” സുനന്ദ അല്പം അത്ഭുതത്തോടെ ചോദിച്ചു.

“അതെ ചേച്ചീ… ഞാൻ കിച്ചുവിനെ പ്രസവിച്ച ഉടനെ കൊണ്ടു വന്നതല്ലെ അവളെ ഇവിടെ. ഇപ്പോൾ രണ്ടു രണ്ടരക്കൊല്ലമായി. അവളുടെ വീട്ടിൽ ഒരമ്മയും അനിയനും മാത്രമേ ഉള്ളൂ. പിന്നെ ഇവിടെ ഇവള് എല്ലാം കണ്ടും അറിഞ്ഞും ചെയ്തോളും. അതെനിക്കൊരു വലിയ സമാധാനമാണ്.”

“അത് നന്നായി താരേ… കിച്ചുവിനെ നോക്കാൻ ഒരാളയല്ലോ? നിനക്കാണെങ്കിൽ ജോലിക്കും പോകണമല്ലോ.”

“നീ അവരെ ഇങ്ങനെ പുറത്ത് നിർത്താതെ അകത്തേക്ക് വിളിച്ചു കൊണ്ടുപോ താരെ. അവര് യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലെ?” സുമേഷ് താരയെ ഓർമ്മിപ്പിച്ചു.

പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ സാറാമ്മ ബഹളം വച്ചു കൊണ്ട് ഓടി വന്നു. അവരുടെ തലവഴിയെ സാമ്പാർ ഒഴുകിക്കൊണ്ടിരുന്നു.

“അയ്യോ… എനിക്കു വയ്യേ ഈ സാറിനെ നോക്കാൻ. ഇതു കണ്ടില്ലേ സാറാമ്മാരെ രാവിലെ ഞാൻ കൊണ്ടു കൊടുത്ത ഇഡ്ഡലിയും സാമ്പാറും എന്‍റെ തലവഴിയെ കോരി ഒഴിച്ചത്. ഞാൻ വള്ളിയമ്മയാണ് എന്നെ കാണണ്ട പോലും. ഇങ്ങനാണെങ്കിൽ ഞാൻ പോകുകാ സാറെ.”

സാമ്പാർ തലയിലും ദേഹത്തും ഒഴുകുന്നസാറാമ്മയുടെ രൂപവും ഭാവവും എല്ലാവരേയും അമ്പരപ്പിച്ചു. പെട്ടെന്ന് സുരേഷ് ചോദിച്ചു “അച്ഛനാണോ ഇത് ചെയ്തത്?”

“അതെ സാറെ.. ആ സാറിന് എന്നെ കണ്ടു കൂടാ… ഞാൻ അടുത്തു ചെന്നാലുടനെ ഉപദ്രവങ്ങൾ തുടങ്ങും. ഇങ്ങനാണെങ്കിൽ ഞാൻ ഇന്നുതന്നെ പോകുകാ സാറെ. നിങ്ങള് വേറെ ആളെ അന്വേഷിക്ക്…” അങ്ങനെ പറഞ്ഞ് സാറാമ്മ അകത്തേക്കു പോയി.

“അച്ഛനിങ്ങനെ ആയാൽ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. അച്ഛനിപ്പോൾ എന്നെയും താരയേയും പോലും കാണുന്നത് ഇഷ്ടമല്ല, ആകെയൊരു ഭയമോ അക്രമാസക്തിയോ അങ്ങനെ എന്തൊക്കെയോ?” സുമേഷ് പറഞ്ഞു

“അച്ഛന്‍റെ കാര്യം ഇത്ര സീരിയസാണെന്ന് ഞാൻ വിചാരിച്ചില്ല. ഏതായാലും ഞാൻ ഒന്നു കാണട്ടെ അച്ഛനെ.” അങ്ങനെ പറഞ്ഞ് സുരേഷ് മുറ്റത്തുനിന്നും അകത്തേക്ക് കയറി. പുറകേ മറ്റുള്ളവരും. അനന്തുവും അച്ചുവും അവരവരുടെ അമ്മമാരുടെ സാരിത്തുമ്പുകളിൽ തൂങ്ങി നടന്നു. അവർ നന്ദൻ മാഷിന്‍റെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ മാഷ് മറ്റാരോടോ എന്ന പോലെ പറന്നതു കേട്ടു, “ഹും. സൗദാമിനി. കളളിയാണവൾ. പെരുങ്കള്ളി. അവളെ അകത്തു. അകത്തു.”

പിന്നെയുളള വാക്ക് നന്ദൻമാഷ് മറന്നു പോയി. ഈയിടെയായി ചിലപ്പോൾ അദ്ദേഹം ഇത്തരത്തിൽ വാക്കുകൾ മറന്നു പോകാറുണ്ട്. അതദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യും.അതിനാൽ ഒന്നും പറയാതെ ദേഷ്യത്തിൽ കൈയ്യിൽ കിട്ടുന്നതെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. മുറി ആകെ അലങ്കോലമായിരുന്നു.

അതു കണ്ട് സുമേഷ് മുറിക്കകത്തുകടന്ന് ഉറക്കെ പറഞ്ഞു “അച്ഛാ… ഒന്നു നിർത്തുന്നുണ്ടോ? അച്ഛൻ എന്തൊക്കെയാണ് ഈ കാണിക്കുന്നത്?”

സുമേഷിന്‍റ ആജ്ഞാസ്വരത്തിനും നോട്ടത്തിനും മുന്നിൽ നന്ദൻമാഷ് പെട്ടെന്നു ഭയന്ന് നിശ്ശബ്ദനായി. അദ്ദേഹം മറ്റുള്ളവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു അനങ്ങാതെ നിന്നു. അതു കണ്ട് സുരേഷ് സ്നേഹപൂർവം അടുത്തെത്തി ചോദിച്ചു

“അച്ഛന് എന്നെ മനസ്സിലായില്ലെന്നുണ്ടോ? ഞാൻ സുരേഷാണഛാ…”

“സുരേഷോ? ങാ സുരേഷ്? എന്‍റെ മോൻ.” നന്ദൻമാഷ് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിന്ന അനന്തുവിനെ കണ്ട് പറഞ്ഞു. അദ്ദേഹം നന്തു മോന്‍റെ അടുത്ത് പതുക്കെ നടന്നെത്തി. എന്നിട്ട് അവനെ ചേർത്തുപിടിച്ചു പറഞ്ഞു “അച്ഛന്‍റെ പുന്നാരമോൻ. എന്താ കുട്ടാ, നീ അച്ഛന്‍റെ അടുത്ത് വരാത്തെ.” അങ്ങനെ പറഞ്ഞ് നന്ദൻമാഷ് തന്‍റെ ജുബ്ബയുടെ പോക്കറ്റിൽ കയ്യിട്ടു. കയ്യിൽ തടഞ്ഞത് കുറെ കല്ലുകളാണ്. കഴിഞ്ഞ ദിവസം മുറ്റത്തിറങ്ങിയപ്പോൾ സുമേഷ് വഴക്കുപറഞ്ഞതിന് അയാളെ എറിയാനെടുത്ത കല്ലുകളായിരുന്നു അവ. അതിൽ കുറെ കല്ലുകൾ നന്ദൻ മാഷ് അറിയാതെ പോക്കറ്റിലിട്ടതാണ്. അതിൽനിന്നും കുറെ കല്ലുകൾ വാരി കയ്യിലെടുത്തു കൊണ്ടു പറഞ്ഞു.

“ഇതാ… അച്ഛൻ മോന് സ്കൂളീന്ന് വരുന്ന വഴി ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്.” നന്ദൻ മാഷ് തന്‍റെ കയ്യിലുള്ള കല്ലുകൾ അവന്‍റെ കയ്യിലേക്ക് നൽകി.

“അയ്യേ… കല്ല്… എനിച്ചു വേണ്ടാ…” അവൻ ആ കല്ലുകൾ വലിച്ചെറിഞ്ഞു കളഞ്ഞ ശേഷം സുനന്ദയുടെ അടുത്തേക്കോടി. എന്നിട്ട് സുനന്ദയെ കെട്ടിപിടിച്ചു പറഞ്ഞു. “അമ്മേ… അപ്പൂപ്പൻ ചീത്തയാ… എനിച്ച് കല്ല് തിന്നാൻ തന്നു.”

സുനന്ദ ഒന്നും മിണ്ടാതെ അവനെ ചേർത്തു പിടിച്ചു. അവൾക്ക് കുറേശ്ശെ വിഷമം തോന്നുന്നുണ്ടായിരുന്നു. നന്ദൻമാഷാകട്ടെ സങ്കടപ്പെട്ട് കരയാനും തുടങ്ങി.

“കണ്ടോ. എന്‍റെ മോൻ ചോക്ലേറ്റ്… വലിച്ചെറിഞ്ഞു. അവന് എന്നോട് ഇഷ്ടമില്ല. ഹും…” നന്ദൻമാഷ് വിങ്ങിപ്പൊട്ടി. അച്ഛന്‍റെ രീതികൾ കണ്ട് സുരേഷിന്‍റെ കണ്ണുകൾ നിറഞ്ഞു.

താൻ തന്നെയാണ് സുരേഷ് എന്ന് അച്ഛനെ ബോധ്യപ്പെടുത്താനാവില്ലെന്ന് അയാൾക്ക് മനസ്സിലായി. അച്ഛൻ ഇപ്പോൾ ജീവിക്കുന്നത് തങ്ങളുടെ ബാല്യ കാലത്തിലാണ്. അതുകൊണ്ടാണ് തന്‍റെ ഛായയുള്ള നന്തുമോനെ കണ്ടപ്പോൾ അദ്ദേഹം താനാണെന്നു വിചാരിച്ചത്. അമ്മയുടെ മരണം അച്ഛന്‍റെ സമനില തെറ്റിച്ചതാണെന്ന് അയാൾക്കു തോന്നി. തന്‍റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ തുടച്ച് അയാൾ നന്ദൻമാഷിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. അയാളെ പിടിച്ച് കട്ടിലിലിരുത്തിയിട്ട് പറഞ്ഞു.

“അച്ഛൻ സമാധാനമായിട്ടിരിക്ക്. നമുക്ക് സുരേഷ് മോനെക്കൊണ്ട് ചോക്ലേറ്റ് കഴിപ്പിക്കാം. ഞാനല്ലേ പറയുന്നത്.” എന്നിട്ടയാൾ നന്ദൻമാഷ് കാണാതെ തന്‍റെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്ത് അനന്തുവിന് നൽകിക്കൊണ്ടു പറഞ്ഞു.

“മോൻ അപ്പൂപ്പന്‍റെ അടുത്തു പോയിരുന്ന് ഈ ചോക്ലേറ്റ് തിന്നോ. അപ്പോൾ അപ്പൂപ്പന്‍റെ വിഷമമെല്ലാം മാറും.”

“ഉം… ഉം… അപ്പൂപ്പൻ ചീത്ത അപ്പൂപ്പനാ. ചോക്ലേറ്റാന്ന് പഞ്ഞ്എനിച്ച് കല്ല് തിന്നാൻ തന്നു.”

“അതപ്പൂപ്പൻ അറിയാതെ ചെയ്തതല്ലേ? ഇപ്പോ മോന് അച്ഛൻ തന്ന ചോക്ലേറ്റ് അപ്പൂപ്പൻ തന്നതാ.”

“എന്നാ ശരി… ഞാൻ അപ്പൂപ്പന്‍റെ അത്ത് പോയിരിച്ചാം.” അവൻ അമ്മയുടെ അടുത്തു നിന്ന് നന്ദൻമാഷിന്‍റെ അടുത്ത് ഓടി എത്തി. അവനെ പിടിച്ച് നന്ദൻമാഷിന്‍റെ അടുത്ത് ഇരുത്തിക്കൊണ്ട് സുരേഷ് പറഞ്ഞു.

“കണ്ടോ. ഇപ്പോ അച്ഛന്‍റെ മോന്‍റെ പിണക്കമെല്ലാം മാറി. ഇനി രണ്ടു പേരും കൂടിവർത്തമാനം പറഞ്ഞ് ചിരിച്ചുകളിച്ചിരുന്നോ.” നന്ദൻമാഷ് സന്തോഷത്തോടെ നന്തുവിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു, “അച്ഛന്‍റെ പുന്നാര മോൻ…” എന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴേക്കും ബാക്കി കുട്ടികൾ ഓരോരുത്തരായി ഭയം മാറി അപ്പൂപ്പന്‍റെ അടുത്തെത്തി. അതോടെ നന്ദൻമാഷിന്‍റെ മുഖം തെളിഞ്ഞു. ഇപ്പോഴും അദ്ദേഹത്തിന് കുട്ടികളെല്ലാം അത്രയേറെ പ്രിയപ്പെട്ടവരാണ്. അവിടെ അദ്ദേഹം ചിലപ്പോൾ പഴയ അധ്യാപകനായി മാറും. കുട്ടികളോടൊപ്പം പാട്ടുപാടാനും കഥ പറയാനും ശ്രമിക്കും. ഇപ്പോഴും ചിന്നു മോൾ പറഞ്ഞു.

“അപ്പൂപ്പാ കഥ…”

“കഥ… ങാ… കഥ… മറന്നു… പോയി…”

നന്ദൻമാഷ് അവ്യക്തമായി ഉച്ചരിച്ചു. മുമ്പ് നന്ദൻമാഷ് ചിന്നുവിനേയും കിച്ചുവിനേയും മടിയിലിരുത്തിനല്ല നല്ല കഥകൾ പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ കഥകൾ പലതും അദ്ദേഹം മറന്നു തുടങ്ങിയിരുന്നു അപ്പോൾ ചിന്നു മോൾ അപ്പൂപ്പൻ മുമ്പു പറഞ്ഞു കൊടുത്തിട്ടുള്ള കഥകൾ ഓർമ്മിച്ചു പറഞ്ഞു തുടങ്ങി. അതോടെ നന്ദൻമാഷിന് സന്തോഷമായി. അദ്ദേഹം ചിന്നുമോളെ കെട്ടിപിടിച്ചുമ്മ കൊടുത്തു.

സുരേഷ് കണ്ണുകളൊപ്പിക്കൊണ്ട് സുമേഷിനോടു പറഞ്ഞു, “അച്ഛൻ ഇത്രത്തോളം മോശം സ്റ്റേജിലാണെന്ന് ഞാൻ വിചാരിച്ചില്ല. എത്രയും പെട്ടെന്ന് അച്ഛനെ ഒരു നല്ല ഡോക്ടറെ കാണിക്കണം. ഒരു സൈക്കിയാട്രിസ്റ്റിനേയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കുകയായിരിക്കും നല്ലത്.”

“അതെ. ഏട്ടൻ വരട്ടെയെന്ന് വിചാരിച്ച് ഞാൻ മിണ്ടാതെ ഇരുന്നതാണ്.”

“നാളെത്തന്നെ നമുക്ക് അച്ഛനേയും കൊണ്ട് ഡോക്ടറെ കാണാൻ പോണം. അദ്ദേഹം പറയുന്നതനുസരിച്ച് നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം.” സുരേഷ് ആലോചനാപൂർവ്വം പറഞ്ഞു.

“ചേട്ടൻ പറയുന്നതു പോലെ എല്ലാം ചെയ്യാം. ഞാൻ തനിയെ എല്ലാ റെസ്പോൺസിബിലിറ്റിയും ഏറ്റെടുക്കേണ്ടല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്. ഏതായാലും സുരേഷേട്ടൻ വന്നത് എനിക്കു സമാധാനമായി, ഇത്രയും ദിവസം ഞാനും താരയും എത്രമാത്രം ടെൻഷനിലായിരുന്നു എന്ന് ചേട്ടനറിയില്ല”

അച്ഛൻ സ്നേഹസദനത്തിൽ അമ്മയെ അന്വേഷിച്ചുപോയതും മറ്റും സുമേഷ് സുരേഷിനോടു പറഞ്ഞു.

“അതെ. എനിക്കും തോന്നുന്നത് ഇത് അമ്മയുടെ മരണം സൃഷ്ടിച്ച എന്തോ ഷോക്ക് ആണെന്നാണ്. അമ്മയുടെ മരണത്തെ അംഗീകരിക്കാൻ അച്ഛന്‍റെ മനസ്സിനു കഴിയുന്നില്ല. നമ്മുടെയൊക്കെ ചെറുപ്പകാലമാണ് അച്ഛന്‍റെ മനസ്സിലിപ്പോൾ തങ്ങിനില്ക്കുന്നത്. ബാക്കിയൊക്കെ അച്ഛൻ മറന്നു പോയതുപോലെ. എന്തായാലും നല്ല ട്രീറ്റ്മെന്‍റ് തന്നെ വേണ്ടി വരും. ഇവിടെ പറ്റിയില്ലെങ്കിൽ ഞാൻ ദുബായ്ക്ക് കൊണ്ടു പൊയ്ക്കോളാം.”

അതു കേട്ടപ്പോൾ സുമേഷിനും താരക്കും പകുതി സന്തോഷമായി. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തുക്കൾ ഭാഗം വയ്ക്കാനും രജിസ്ട്രേഷനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് അയാൾ തീരുമാനിച്ചുറച്ചു.

“സാറെ, ഞാൻ ഇറങ്ങുകയാണ്. എനിക്കു വയ്യ സാറെ ഇങ്ങനത്തെ ഒരാളെ നോക്കാൻ.” തന്‍റെ ബാഗുമെടുത്ത് സാറാമ്മ പോകാനായി ഒരുങ്ങിനില്ക്കുന്നതു കണ്ട് സുമേഷ് വല്ലാതെ ഞെട്ടി.

“നിങ്ങൾ എവിടെ പോകുന്നു?”

“ഞാൻ തിരിച്ചു പോകുകയാ സാറെ. എനിക്കിവിടെ പറ്റത്തില്ല. ഇനിയും ഇവിടെ നിന്നാൽ ഞാൻ വല്ല ആസ്പത്രീലും പോയി കിടക്കേണ്ടി വരും. അതുകൊണ്ട് ഞാൻ പോകുകയാ സാറെ. ഏജൻസീല് വിളിച്ചു പറഞ്ഞാ അവര് സാറിന് വേറെ ആളെ തരും.”

വീട്ടിൽ അതിഥികൾ ഉള്ള ഈ സമയത്ത് ഇവർ കൂടി പോയാലെങ്ങനെയാ എന്നോർത്ത് സുമേഷ് അമ്പരന്ന് താരയെ നോക്കി. താരയാകട്ടെ പോകുന്നെങ്കിൽ പൊക്കോട്ടെ, അവരെ തടയേണ്ട എന്ന മട്ടിൽ കണ്ണടച്ചു കാണിച്ചു.

സാറാമ്മ താരയെ നോക്കി “ഞാൻ പൊയ്ക്കോട്ടെ മാഡം” എന്ന് ചോദിച്ചു.

“ശരി. നിങ്ങൾക്ക് പോണമെങ്കിൽ പൊക്കോ. ഇനി ഞങ്ങള് പിടിച്ചു നിർത്തിയിട്ട് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകേണ്ട.” അങ്ങനെ പറഞ്ഞ് താര അവർക്ക് തന്‍റെ ഹാൻഡ് ബാഗ് തുറന്ന് നൂറു രൂപ നൽകി, “ഇതിരിക്കട്ടെ.” എന്നു പറഞ്ഞു.

സാറാമ്മ ആ കാശ് പുഛത്തോടെ നോക്കിയിട്ട് “ഈ നൂറു രൂപ എനിക്കെന്തിനാ മാഡം. ഞാൻ ഈ രണ്ടു ദിവസം ഇവിടെ കിടന്ന് പെട്ട പാട് എനിക്കറിയാം. അതിന് ഈ തുകയൊന്നും പോരാ മാഡം…”

“ആകെ രണ്ടു ദിവസമല്ലെ നിങ്ങൾ ഇവിടെ നിന്നുള്ളൂ. അതിൽ തന്നെ കൂടുതൽ സമയവും ടി.വി കാണുകയായിരുന്നു നിങ്ങടെ ജോലി. അടുക്കളയിൽ ശാന്തി തനിയെ കിടന്നു കഷ്ടപ്പെടുകയായിരുന്നു. അപ്പോ നിങ്ങൾക്കിതു തന്നെ കൂടുതലാ തന്നത്.”

“എനിക്കീ കാശു വേണ്ടാ മാഡം. ഇത് നിങ്ങളു തന്നെ എടുത്തോ…” എന്ന് പറഞ്ഞ് അവർ താരയുടെ നേർക്ക് ആ പൈസ നീട്ടി. താര അത് കൈ നീട്ടി വാങ്ങിക്കാൻ തുനിയുമ്പോൾ സുരേഷ് പറഞ്ഞു.

“ഏതായാലും നിങ്ങൾ രണ്ടു ദിവസം അച്ഛനു വേണ്ടി കഷ്ടപ്പെട്ടതല്ലേ? ഇതാ ഇതിരിക്കട്ടെ.” എന്ന് പറഞ്ഞ് തന്‍റെ പേഴ്സിൽ നിന്ന് ഒരഞ്ഞൂറു രൂപ അവർക്കു നേരേ നീട്ടി. അവർ സന്തോഷത്തോടെ അതു വാങ്ങി “എന്നാ ഞാൻ പോകുകാ സാറെ.” എന്ന് പറഞ്ഞ് പിന്തിരിഞ്ഞു നടന്നു.

അവർ പോയിക്കഴിഞ്ഞപ്പോൾ താര പറഞ്ഞു.

“എന്നാലും ഒരു വല്ലാത്ത സ്ത്രീ തന്നെ അവര്. ഹോം നഴ്സ് എന്നു പറഞ്ഞാ കുറച്ചൊക്കെ സേവന മനസ്ഥിതി ഉള്ളവരായിരിക്കുമെന്നാ ഞാൻ കരുതിയത്. പക്ഷെ ഇവര് ഒരു തീറ്റ പണ്ടാരം. എത്ര ആഹാരമാ ഒരു ദിവസം അവര് വയറ്റിലേക്ക് കുത്തിച്ചെലുത്തുന്നത്. എന്നിട്ട് പണിയൊന്നും ചെയ്യാനും വയ്യ. ഏതായാലും അവര് പോയതു നന്നായി. നമുക്ക് അത്രയും ചിലവെങ്കിലും കുറഞ്ഞു കിട്ടുമല്ലോ”

“ഹോം നഴ്സ് എന്നു പറഞ്ഞ് ഏജൻസികളിൽ നിന്നും കിട്ടുന്നവർ എല്ലാവരും നന്നായിക്കൊള്ളണമെന്നില്ല താരെ. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ നല്ല സേവനമനസ്ഥിതി ഉള്ള നല്ല ആൾക്കാരെ കിട്ടിയെന്നു വരും.” സുനന്ദയാണ് അത് പറഞ്ഞത്. സുരേഷും അതിനെ പിന്താങ്ങി.

“നീ പറഞ്ഞത് ശരിയാണ്. അല്ലെങ്കിലും അച്ഛനെപ്പോലുള്ളവരെ നോക്കാൻ പ്രത്യേകം പരിശീലനം കിട്ടിയ ആൾക്കാർ തന്നെ വേണം.” സുരേഷ് പറഞ്ഞു.

“നോക്കട്ടെ ചേട്ടാ. ഞാനിനി അത്തരത്തിൽ പരിശീലനം കിട്ടിയ ആൾക്കാരെ കിട്ടുമോ എന്ന് നോക്കാം.”

“പക്ഷെ ഇവരെയൊക്കെ നിർത്താൻ പോയാൽ ഇല്ലാത്ത ചെലവുകൾ വന്നു കൂടും. എന്‍റേയും, സുമേഷേട്ടന്‍റേയും ശമ്പളം ഒന്നിനും തികയാതെ വരും.” താര പറയുന്നതു കേട്ട് സുരേഷും സുനന്ദയും പരസ്പരം നോക്കി.

“നാളെ രാവിലെ തന്നെ ഇവിടെയുള്ള ഏറ്റവും നല്ല സൈക്കിയാട്രിസ്റ്റിന്‍റെ അടുത്ത് നമുക്ക് അച്ഛനെ കൊണ്ടു പോകണം. ആദ്യം അച്ഛന്‍റെ രോഗനിർണ്ണയം നടത്തിയിട്ടാകാം ബാക്കി കാര്യങ്ങൾ. “ശരി ഏട്ടാ…”

അപ്പോഴേക്കും അകത്തു നിന്നും ഭക്ഷണം കഴിക്കാനുള്ള ക്ഷണം എത്തിയതിനാൽ അവർ അകത്തേക്കു നടന്നു. അപ്പോൾ നന്ദൻമാഷിന്‍റെ മുറിയിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു കേട്ടു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 15

ആറുമാസം ഗർഭം പേറിയിരുന്ന അവളുടെ വയർ അല്പം വീർത്തിരുന്നു. പെട്ടെന്ന് അവളുടെ കൈവിരലിൽ തൂങ്ങി നടന്നിരുന്ന, ഗാഗ്രാ ചോളിയും പാവാടയും ധരിച്ച ഒരു അഞ്ചു വയസ്സുകാരി കൊഞ്ചിക്കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.

“അമ്മേ എനിച്ചാ പൂവേണം. തലയില് വച്ചാനാ” വധുവിന്‍റെ തലയിൽ ചൂടാൻ വച്ചിരുന്ന പൂചൂണ്ടിയാണവൾ പറഞ്ഞു കൊണ്ടിരുന്നത്.

“അത് ചിറ്റയുടെ തലയിൽ ചൂടാനുള്ളതല്ലേ മോളെ. നിനക്കു വേണമെങ്കിൽ പൂ വേറെവച്ചു തരാം.” അവൾ ചിണുങ്ങാൻ തുടങ്ങിയപ്പോൾ, അങ്ങനെ പറഞ്ഞ് ആരോ അവളെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയി. അപ്പോൾ അവൾ ഹേമാംബികയെ നോക്കി സ്വയം പരിചയപ്പെടുത്തി.

“വല്യമ്മേ ഞാൻ ജാനിയാണ്. വല്യമ്മയെക്കാണാൻ ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. അമ്മയാണെങ്കിൽ വല്യമ്മയെപ്പറ്റി പറയാത്ത ദിവസങ്ങളില്ല.”

“ഞാനും നിങ്ങളെയെല്ലാം എന്നുമോർക്കും ഈ ജന്മം എനിക്ക് നിങ്ങളെ എല്ലാവരേയും കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല മോളെ. ഏതായാലും എനിക്കിപ്പോൾ സന്തോഷമായി.” ജാനിയെ ചേർത്തണച്ചുകൊണ്ട് ഹേമാംബിക പറഞ്ഞു.

ഹേമാംബിക താൻ കയ്യിൽ കരുതിയിരുന്ന ചെറുമോതിരം കല്ലുവിന്‍റെ കയ്യിൽ അണിയിച്ചു. “വല്യമ്മക്ക് ഇതേ തരാനുള്ളൂ മോളെ.”

“വല്യമ്മ ഒന്നും തന്നില്ലെങ്കിലും ഞങ്ങൾക്ക് സന്തോഷമേയുള്ളു.” കല്ലു ആഹ്ളാദസ്വരത്തിൽ പറഞ്ഞ് ഹേമാംബികയുടെ കയ്യിൽ പിടിച്ചു.

“നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ സമ്മാനിക്കട്ടെ.” ഹേമാംബിക കല്ലുവിന്‍റെ നെറുകയിൽ ചുംബിച്ചു. പെട്ടെന്ന് തിരിഞ്ഞ് നീലാംബരിയോടു ചോദിച്ചു.

“നീലു, കിങ്ങിണി മോൾ വരികയില്ലെ? അവളെ നീ ക്ഷണിച്ചില്ലേ?”

“ക്ഷണിച്ചു ചേച്ചീ, അവൾക്ക് പക്ഷെ കാനഡയിൽ നിന്ന് ഇപ്പോഴെങ്ങും വരാൻ പറ്റുകയില്ല എന്നറിയിച്ചു. അവളുടെ വിസ ശരിയായിട്ടില്ലത്രെ. വിസ ശരിയായാലുടൻ അവൾ ഇൻഡ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.”

“എത്ര കാലമായി ഞാൻ അവളെയും കണ്ടിട്ട്. വല്ലപ്പോഴുമുള്ള ഫോൺ വിളികളിൽ ഒതുങ്ങുന്നു ഇപ്പോൾ നമ്മൾ തമ്മിലുള്ള സ്നേഹബന്ധം അല്ലേ നീലു.” ഹേമാംബികയുടെ ശബ്ദം ഇടറിയിരുന്നു.

“അതെ ചേച്ചി. എല്ലാവർക്കും അവരവരുടെ തിരക്കുകൾ. പിന്നെ അച്ഛനുമമ്മയും പോയതിൽപ്പിന്നെ ഞങ്ങൾക്കൊക്കെ നാട്ടിലേക്ക് വരാനുള്ള ഉത്സാഹവും കുറഞ്ഞു.” നീലാംബരി കുറ്റബോധത്തോടെ പറഞ്ഞു.

“ങാ, എത്ര അടുക്കാൻ കൊതിച്ചാലും കാലം ചിലപ്പോൾ ചില ബന്ധങ്ങളിൽ വിടവുകൾ സൃഷ്ടിച്ച് രസിക്കാറുണ്ട്.” ഹേമാംബിക ഒരു തത്വചിന്തകയെപ്പോലെ സ്വയമെന്നോണം പറഞ്ഞു. അപ്പോൾ ആരോ വാതിൽക്കലെത്തി അറിയിച്ചു. “മുഹൂർത്തമാകാറായി. ഒന്നു വേഗമാകട്ടെ.”

മണ്ഡപത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ പയ്യനെ ആനയിച്ചു കൊണ്ടുവരുന്നത് ഹേമാംബിക വാതിൽക്കൽ നിന്നു കണ്ടു. അപ്പോൾ നീലാംബരി പറഞ്ഞു

“കണ്ടോ.. അതാണ് ചേച്ചീ പയ്യൻ. ആളു കേമനല്ലേ.”

“ബാഹ്യ കാഴ്ചയിലല്ലോ നീലു കാര്യം പുറമെ കാണുന്നതു പോലെ അവന്‍റെ ഉള്ളും വെളുത്തു തുടുത്തതാകട്ടെ.”

“അതെ ചേച്ചീ… അതു തന്നെയാണ് എന്‍റെയും പ്രാർത്ഥന.” അപ്പോഴേക്കും വെളുത്ത് അല്പം കഷണ്ടിയുള്ള ഒരാൾ അവിടെ വന്നെത്തി. ഹേമാംബികയെക്കണ്ട് അത്ഭുതത്തോടെ ചോദിച്ചു.

“അല്ലാ… ഇതാര്… അംബിക ചേച്ചിയോ… ചേച്ചിയെ കണ്ടിട്ട് വർഷങ്ങൾ എത്രയായി?”

“ങാ, സതീഷേ… വർഷങ്ങൾ കുറെ കടന്നു പോയി നമ്മൾ തമ്മിൽ കണ്ടിട്ട്. എല്ലാവർക്കും അവരവരുടേതായ തിരക്കുകളും, സ്റ്റാറ്റസ്റ്റ് കാര്യങ്ങളും ആയിരുന്നില്ലേ? അതിനിടയിൽ മറ്റുള്ളവരെക്കുറിച്ച് ഓർക്കുവാൻ എവിടെയാസമയം?”

അന്ന് താൻ നീലാംബരിയുടെ കൂടെ സ്നേഹസദനത്തിൽ ചെല്ലാതിരുന്നതിന്‍റെ പരിഭവമാണ് ഹേമാംബിക പറയുന്നതെന്ന് സതീഷിന് മനസ്സിലായി. അയാൾ നേരിയ കുറ്റബോധത്തോടെ പറഞ്ഞു, “അന്ന് നീലാംബരി അവിടെ വരുമ്പോൾ എനിക്കും വന്ന് ചേച്ചിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷെ സമയക്കുറവുമൂലം കഴിഞ്ഞില്ല. ങാ, അതെന്തെങ്കിലുമാകട്ടെ. ഏതായാലും ഇപ്പോൾ ചേച്ചിയെ കണ്ടുവല്ലോ. ബൈ ദ ബൈ, എങ്ങനെയാണ് ചേച്ചി ഗുരുവായൂർ വരെ എത്തിയത്? ആരാണ് കൂടെയുള്ളത്.”

താൻ എങ്ങിനെയാണ് ഇവിടെയെത്തിയതെന്നും ആരെല്ലാമാണ് കൂടെയുള്ളതെന്നും ഹേമാംബിക വിവരിച്ചു.

“ഏതായാലും സന്തോഷമായി.” സതീഷ് കൈകൂപ്പി അവിടെ നിന്നും പോയി. അപ്പോൾ ഹേമാംബിക നീലാംബരിയോടു ചോദിച്ചു, “ഇനി ഞാൻ താഴെഹാളിലേക്ക് പോകട്ടെ നീലു. അവിടെ ഞാൻ മറ്റുള്ളവരുടെ ഒപ്പം ഇരുന്ന് കല്യാണച്ചടങ്ങുകൾ വീക്ഷിച്ചോളാം.”

“ചേച്ചീ ഞങ്ങളുടെ കൂടെ മണ്ഡപത്തിലേക്ക് വരണം കല്യാണച്ചടങ്ങുകൾ തീരുന്നതു വരെ ഞങ്ങളുടെ കൂടെയുണ്ടാവണം.” നീലാംബരി അപേക്ഷാ സ്വരത്തിൽ പറഞ്ഞു.

“അത് പറ്റില്ല നീലു. അവിടെ എന്‍റെ സാമിപ്യം ഏറെ ആവശ്യമുള്ളവരാണ് ഇരിക്കുന്നത്. ഏറെപ്പേരും ശരിക്ക് നടക്കാൻ പോലും വയ്യാത്തവരാണ്. ഞാൻ അവരെ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് അവർ എന്‍റെ കൂടെ വന്നിട്ടുള്ളത്.”

“എന്നാൽ ശരി ചേച്ചി, ഇനി കല്യാണം കഴിഞ്ഞ് നമുക്കു കാണാം.” ഹേമാംബിക ഹാളിലേക്ക് നടന്നു. അപ്പോൾ പുറകിൽ നിന്ന് “ചേച്ചീ” എന്ന പരിചിതമായ ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി. അത് മണിക്കുട്ടനായിരുന്നു. “നീ… നീ എപ്പോ വന്നു.” ഹേമാംബിക അത്ഭുതത്തോടെ ചോദിച്ചു.

“ഞാൻ… ഞാനിപ്പോൾ എത്തിയതേയുള്ളൂ ചേച്ചീ…”

“നീ തനിച്ചാണോ വന്നത്? നിന്‍റെ കൂടെ രമണി വന്നില്ലേ?”

“ഇല്ല ചേച്ചീ… അവൾക്ക് ലീവ് കിട്ടിയില്ല. പിന്നെ പിള്ളേർക്കു രണ്ടു പേർക്കും പരീക്ഷയാണ്.”

“ഏതായാലും നിന്നെയെങ്കിലും കണ്ടുവല്ലോ. സന്തോഷമായി.”

“ചേച്ചിയെ എന്‍റെ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നു പറഞ്ഞ് നീലു ചേച്ചീ എന്നെ ഒരു പാട് കുറ്റപ്പെടുത്തി.”

“അത്… ഞാനവളോടു പറഞ്ഞിരുന്നല്ലോ ഞാൻ എന്‍റെ സ്വന്തം ഇഷ്ടത്തിനു പോന്നതാണെന്ന്. പിന്നെ എന്തിനാ അവൾ അങ്ങനെ പറയുന്നത്?”

“അത്… അത് എനിക്കറിയില്ല ചേച്ചി, ഏതായാലും രമണി ചെയ്ത കുറ്റത്തിന് ഞാൻ ചേച്ചിയോട് ഒരിക്കൽക്കൂടി മാപ്പു ചോദിക്കുന്നു ചേച്ചി എന്നോട് ക്ഷമിക്കുകയില്ലേ?” മണിക്കുട്ടൻ ഹേമാംബികയുടെ കൈകൾ കൂട്ടിപ്പിടിച്ചു. അവന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നിന്‍റെ ഈ കണ്ണുകൾ തന്നെയാണ് മോനെ എനിക്കതിനുള്ള ഉത്തരം. ചേച്ചിക്ക് സന്തോഷമായി. നിന്‍റെ മനസ്സിൽ ഈ ചേച്ചിയുണ്ടല്ലോ. അതു തന്നെ ഈ ജന്മം മുഴുവൻ സന്തോഷിക്കാൻ എനിക്ക് ധാരാളം. ഞാൻ നിങ്ങൾക്കു നൽകിയ സ്നേഹം പാഴായില്ലല്ലോ എന്ന ആശ്വാസം മാത്രം മതി ചേച്ചിക്ക് സംതൃപ്തിയോടെ ജീവിക്കാൻ. ഏതായാലും നിന്നെക്കണ്ടതു കൊണ്ട് ചേച്ചിക്ക് ഒരുപാടുസന്തോഷം തോന്നുന്നു. കിങ്ങിണി മോളേയും കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേ ബാക്കിയുള്ളു.” ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ആളുകൾ ശ്രദ്ധിക്കുന്നതു കണ്ട് അവൾ പെട്ടെന്നു കണ്ണുകൾ തുടച്ചു.

“എന്നാൽ ശരി. ചേച്ചി അങ്ങോട്ടു പോകട്ടെ. അവിടെക്കുറെപ്പേർ പ്രതീക്ഷിച്ചിരിപ്പുണ്ട്.”

“ശരി ചേച്ചീ, അപ്പോൾ പിന്നെ കാണാം.” അവൻ യാത്ര പറഞ്ഞ് തന്‍റെ സീറ്റിൽ പോയിരുന്നു. ഹേമാംബിക സ്നേഹസദനത്തിലെ അന്തേവാസികൾക്കൊപ്പമിരുന്ന് കല്യാണച്ചടങ്ങുകൾ വീക്ഷിച്ചു.

കൃത്യം പതിനൊന്നു മണിക്ക് കല്ലുവിന്‍റെ കഴുത്തിൽ നിരഞ്ജൻ താലി ചാർത്തി. കൊട്ടും കുരവയുമായി ആ മംഗല്യ മുഹൂർത്തത്തിന് സാക്ഷിയാകുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അത് ആനന്ദത്തിന്‍റേതാണോ അതോ ദുഃഖത്തിന്‍റേതാണോ എന്ന് വേർതിരിച്ചറിയാനാവാത്ത അജ്ഞാതനനൊമ്പരം അവരെ കീഴ്പെടുത്തുകയായിരുന്നു. ആരെങ്കിലും കാണുന്നതിനു മുമ്പ് കണ്ണുകൾ സാരിത്തുമ്പുകൊണ്ട് തുടച്ചുനീക്കി.

ഹേമാംബിക എല്ലാവരോടുമായി പറഞ്ഞു, “ഇനി എല്ലാവരും എത്രയും വേഗം സദ്യക്കുള്ള ഹാളിലെത്തണം. ആദ്യത്തെ പന്തിയിൽ തന്നെ ഇരുന്നാൽ ആർക്കും കൂടുതൽ വിശക്കാതെ ഇരിക്കും. മാത്രമല്ല നമുക്ക് വേഗം മടങ്ങിപ്പോവുകയും ചെയ്യാം.”

“ശരി ഹേമാമ്മേ.” നയന ഹേമാംബികയെ നോക്കി പറഞ്ഞു. അവർ ഇരുവരും കൂടി എല്ലാവരെയും ഡൈനിംഗ്ഹാളിൽ കൊണ്ടിരുത്തി.

“സദ്യ വളരെ നന്നായിട്ടുണ്ട്.” രാഘവൻ മാഷ് ഏമ്പക്കം വിട്ടു കൊണ്ടു പറഞ്ഞു.

“അതെ… അതെ… പാലട ബഹുജോർ ആയിട്ടുണ്ട്.” കാർത്തികാമ്മ തലകുലുക്കിക്കൊണ്ട് പറഞ്ഞു.

എല്ലാവരുടേയും ക്ഷേമമന്വേഷിച്ച് നീലാംബരി എത്തി. വിളമ്പുകാരോട് എല്ലാവർക്കും നല്ലോണം വിളമ്പിക്കൊടുക്കുവാനാവശ്യപ്പെട്ടു. ഊണു കഴിഞ്ഞ് എല്ലാവരും ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കുന്ന കാര്യവും ഓർമ്മിപ്പിച്ചു. ചടങ്ങുകളെല്ലാം തീർന്നു. പോകാനായി ഹേമാംബിക തിടുക്കം കൂട്ടി. നീലാംബരി അവർക്ക് പോകാനായി അനുവാദം കൊടുത്തു.

“നാളെ വൈകുന്നേരം റിസപ്ഷന് എത്തണേ ചേച്ചീ.” നീലാംബരി ഓർമ്മിപ്പിച്ചു

“വരാം നീലു. ഇതുപോലെ നടക്കാൻ ശേഷിയുള്ള കുറച്ചുപേരെക്കൂടി എന്‍റെ കൂടെ കൊണ്ടുവരാം.”

ഒരിക്കൽക്കൂടി ബന്ധുമിത്രാദികൾ എല്ലാവരോടും യാത്ര പറഞ്ഞ് ഹേമാംബിക അന്തേവാസികളോടൊപ്പം വാനിൽ കയറി. ഭഗവാനെ ഒരിക്കൽ കൂടി മനസ്സിൽ ധ്യാനിച്ച് ആ പുണ്യ ഭൂമിയിൽ നിന്ന് യാത്ര തിരിച്ചു.

പിറ്റേന്ന് റിസപ്ഷനു പോകാൻ വളരെ കുറച്ചു പേർ മാത്രമേ തയ്യാറായുള്ളു അവർ എല്ലാവരോടുമൊപ്പം റിസപ്ഷനിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു. ഹേമാംബികയ്ക്ക് നല്ല തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. വന്നയുടനെ മൂടിപ്പുതച്ച് ബെഡ്ഡിലേക്ക് വീണ അവർ പിറ്റേന്ന് കാലത്തെ നയനയുടെ വിളികേട്ടാണ് ഉണർന്നത്.

“എന്തു പറ്റി ഹേമാമ്മേ. ഇന്ന് എണീക്കുവാൻ വൈകിയല്ലോ?”

“അത്… നല്ല കുളിരും തലവേദനയും മേലുവേദനയും… പതിവില്ലാതെ യാത്ര ചെയ്തതിന്‍റെ ആയിരിക്കും.”

“പനിയുണ്ടോന്ന് ഞാൻ നോക്കട്ടെ ഹേമാമ്മേ.” അങ്ങനെ പറഞ്ഞ് അവൾ ഹേമയുടെ നെറ്റിയിൽ തൊട്ടുനോക്കി.

ഹേമാംബികക്ക് പൊള്ളുന്ന ചൂടുണ്ടായിരുന്നു. തെർമോമീറ്ററെടുത്ത് ചൂടളന്നപ്പോൾ നൂറ് ഡിഗ്രി പനി. അപ്പോൾ തന്നെ രാജീവ്, ഹേമാംബികയെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ മഞ്ഞപ്പിത്തമാണെന്ന് വിധിയെഴുതി. നയന അടുത്തു നിന്നു മാറാതെ ശുശ്രൂഷിച്ചു. ഒരാഴ്ച പിന്നിട്ടതോടെ പനി കുറഞ്ഞു തുടങ്ങി.

പത്തു ദിവസങ്ങൾക്ക്‌ ശേഷം ഹേമാംബിക ചിരിക്കാനും സംസാരിക്കാനും തുടങ്ങി. “ഇനി എന്‍റെ ഹേമാമ്മ പഴയ പോലെ ഊർജ്ജസ്വലയാകും” നയന കഞ്ഞി കോരിക്കൊടുത്തുകൊണ്ട് പറഞ്ഞു.

“എന്‍റെ നയനമോളാണ് എന്നെ രക്ഷിച്ചത്. നീയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിലേക്ക് മടങ്ങിവരില്ലായിരുന്നു.”

“ഹേമമ്മയെ അങ്ങനെയങ്ങ് ഞാൻ ദൈവത്തിന് വിട്ടു കൊടുക്കുമോ? അഥവാ പോകുന്നെങ്കിൽ ഞാനും കൂടെ വരുമായിരുന്നു.”

“എന്‍റെ മോളെ… നിന്നെ പോലെ ഒരു മകളെക്കിട്ടിയ ഞാൻ ഭാഗ്യവതിയാണ്.”

“ഹേമാമ്മ നല്ലതുമാത്രമല്ലേ ചെയ്യുന്നുള്ളു. അതുകൊണ്ടാണ് ദൈവത്തിന്‍റെ കാരുണ്യം എല്ലാപ്പോഴും ഹേമാമ്മക്ക് ലഭിക്കുന്നത്.”

അങ്ങനെ കാഴ്ചക്കാരിൽ അസൂയ ഉളവാക്കിക്കൊണ്ട് ആ അമ്മയും മകളും സ്നേഹം പങ്കിട്ടു… മൂന്നു നാലു ദിവസങ്ങൾ കൂടി പിന്നിട്ടതോടെ ഹേമാംബിക പൂർണ്ണ ആരോഗ്യ വതിയായി സ്നേഹസദനത്തിൽ തിരിച്ചെത്തി. ഏതാനും ദിവസത്തെ ഹേമാംബികയുടെ അഭാവം ആ വൃദ്ധസദനത്തിലെ ഓരോ അംഗത്തിലും പ്രകടമായിരുന്നു. പലരും തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

“ടീച്ചറും നയനമോളും ഇവിടെ ഇല്ലാതിരുന്നതു കാരണം എന്‍റെ ദിനചര്യയൊക്കെ തെറ്റി… എനിക്ക് മര്യാദക്ക് കുളിക്കാനോ ആഹാരം കഴിക്കാനോ പോലും കഴിഞ്ഞില്ല മക്കളെ.” പടുവൃദ്ധയായ കാർത്ത്യായനി പറഞ്ഞു.

കിടപ്പുരോഗികളിൽ പലരുടേയും രോഗം കൂടി തീക്ഷ്ണാവസ്ഥയിലായി. എന്നാൽ ഹേമാംബികയും നയനയും അവരുടെ ശുശ്രൂഷ ഏറ്റെടുത്തതോടെ അവരെല്ലാം പഴയ നിലയിലായിത്തുടങ്ങി. അങ്ങനെ ആ സ്നേഹ സദനത്തിൽ വീണ്ടും സന്തോഷവും സമാധനവും കളിയാടി.

 

നന്ദൻ മാഷിന്‍റെ മുറിപൂട്ടിയിട്ടിരിക്കുന്നതു കണ്ട് സാറാമ്മ അത്ഭുതവും അല്പം ഭയവും കലർന്ന സ്വരത്തിൽ താരയോട് ചോദിച്ചു.

“എന്തിനാ മാഡം മുറിപൂട്ടിയിട്ടിരിക്കുന്നത്. പേഷ്യന്‍റ് അത്ര കുഴപ്പക്കാരനാണോ? എല്ലാരേം ഉപദ്രവിക്കുമോ?”

“ങാ… കുറച്ചൊക്കെ… കണ്ടും കേട്ടും നിന്നാൽ നിങ്ങൾക്കു കൊള്ളാം അങ്ങേർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്…”

‘ശരി മാഡം.” അങ്ങനെ പറഞ്ഞെങ്കിലും സാറാമ്മയ്ക്ക് കുറച്ചു ഭയം തോന്നിത്തുടങ്ങിയിരുന്നു. അവർ അകത്തു കയറിയപ്പോൾ നന്ദൻ മാഷ് അവിടെയുള്ള മേശപ്പുറത്ത് എന്തോ തിരയുകയായിരുന്നു. താരയും, സാറാമ്മയും മുറിക്കകത്തു കടന്നിട്ടും അദ്ദേഹം അറിഞ്ഞില്ല.

“എത്ര തവണ പറയണം സൗദാമിനിയോട് എന്‍റെ പുസ്തകവും ചോക്കും ഡസ്റ്ററും എല്ലാം ഒരിടത്ത് വയ്ക്കണമെന്ന്. അതുപോലെ എന്‍റെ പേഴ്സ് എവിടെ?. വാച്ച് എവിടെ? ഒന്നും വച്ചയിടത്ത് കാണുകയില്ല. സൗദാമിനി… മിനി… നിന്നോടാ ചോദിച്ചത്… നീയവിടെ അടുക്കളയിൽ എന്തു ചെയ്യുകയാ.”

“ഇതെന്താ മാഡം… ഇങ്ങേരിങ്ങനെ… സൗദാമിനി ആരാ മാഡം?” സാറാമ്മ ജിജ്ഞാസയോടെ ചോദിച്ചു.

“അതങ്ങേരുടെ ഭാര്യയാ… സുമേഷേട്ടന്‍റെ അമ്മ… പക്ഷെ സുമേഷേട്ടന്‍റെ അമ്മ മരിച്ചിട്ടിപ്പോൾ ഏതാണ്ട് നാലു മാസമായി. ഇങ്ങേര് ഇങ്ങനെ ആകാൻ തുടങ്ങിയത് അതില്പിന്നെയാ.” താര പതിഞ്ഞ ശബ്ദത്തിൽ സാറമ്മയോട് പറഞ്ഞു.

“അപ്പോ ഇങ്ങേർക്കേതാണ്ട് ഭ്രാന്ത് ആണ്. ഭാര്യ മരിച്ചു പോയതറിഞ്ഞിട്ടുള്ള ഷോക്കിൽ നിന്നും ഉണ്ടായതായിരിക്കും.”

“അതായിരിക്കാം. ഇടയ്ക്ക് കണ്ണു തെറ്റിയാൽ പുറത്തേക്കിറങ്ങി പൊയ്ക്കളയും… ഭാര്യയെ അന്വേഷിച്ച്…”

“ഓ ഹോ… എങ്കിൽപ്പിന്നെ നല്ല ശ്രദ്ധ കൊടുക്കണമല്ലോ മാഡം… ഞാൻ നോക്കിക്കോളാം മാഡം.” അങ്ങനെ പറഞ്ഞവർ നന്ദൻ മാഷിന്‍റെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് നന്ദൻ മാഷ് അവരെ കാണുന്നത്. അയാൾ അവരെ ഇഷ്ടപ്പെടാത്ത മട്ടിൽ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. എന്നിട്ടു ചോദിച്ചു.

“നിങ്ങള്… നിങ്ങള്… വള്ളിയമ്മയല്ലേ? കുറെ നാളു മുമ്പ് ഞങ്ങടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളൊക്കെ കട്ടുകൊണ്ട് കടന്നു കളഞ്ഞ വേലക്കാരി. നിങ്ങളെന്തിനാ വീണ്ടും വന്നത്? നിങ്ങളാണോ ഞാൻ മേശപ്പുറത്തു വച്ചിരുന്ന പേഴ്സും വാച്ചും പുസ്തകവും മറ്റും എടുത്തത്?”

അതുകേട്ട് സാറാമ്മ വിളറി വെളുത്തു.

“ഞാനല്ല സാറെ. എന്‍റെ പേര് വള്ളിയമ്മയെന്നല്ല. സാറാമ്മ. ഞാൻ സാറിനെ നോക്കാൻ വന്ന നേഴ്സാ.”

“ഓ… നിങ്ങള് വള്ളിയമ്മയാ… വള്ളിയമ്മ… പോ… നിങ്ങളെ എനിക്ക് കാണണ്ട… എന്‍റെ കൺമുമ്പീന്ന് പോ.” നന്ദൻ മാഷ് കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത് സാറാമ്മയുടെ നേർക്ക് വലിച്ചറിയാൻ തുടങ്ങി. സാറാമ്മയും താരയും പേടിച്ച് മുറിവിട്ടിറങ്ങി.

ശബ്ദം കേട്ട് സുമേഷ് ഓടിവന്നു. “എന്താ… എന്താ… ഇവിടെ?”

“ഓ… എന്നെക്കൊണ്ട് ഇങ്ങേരെ നോക്കാൻ പറ്റത്തില്ല സാറെ. ആളുപദ്രവിയാ.”

“അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ. ഞാൻ ഏജൻസിയിൽ പണം അടച്ചിട്ടാണ് നിങ്ങളെ വരുത്തിയത്.”

“രണ്ടു ദിവസം കൂടി ഞാൻ നോക്കും. പറ്റത്തില്ലെങ്കി ഞാനങ്ങു പോകും.”

“ങാ… നിങ്ങളു പറ്റുമോന്ന് നോക്ക്… ഇല്ലെങ്കിൽ ഞാൻ വേറെ ആളെ അന്വേഷിക്കാം.”

“വയറ്റുപ്പിഴപ്പാണേലും അവനവന് ദേഹോപദ്രവമൊന്നും ഉണ്ടാകാതെ നോക്കേണ്ടതും ഞങ്ങള് തന്നാണല്ലോ സാറേ.”

“ങ… ശരി… ശരി നിങ്ങള് ചെല്ല്… അച്ഛന് ആഹാരം കൊണ്ടുപോയിക്കൊടുത്തിട്ട് നിങ്ങളും വല്ലതും കഴിക്കാൻ നോക്ക്.”

“അയ്യോ ഇന്ന് ഞാനിനി ആ മുറിയ്ക്കകത്ത് പോവില്ല സാറെ. ഇപ്പഴും എന്‍റെ ദേഹം കിടന്ന് വിറക്കുകാ…”

“എന്നാ ശരി… ഇന്ന് ശാന്തിയോട് കൊണ്ടുപോയി കൊടുക്കാൻ പറ. നാളെ മുതല് നിങ്ങള് പോയാ മതി. അല്ലെങ്കിൽ അവളുടെ കൂടെ നിങ്ങളും ചെല്ല്. ഒന്നു പരിചയമായാ അങ്ങേര് ശാന്തനായിക്കോളും.”

“ആ… അതു നോക്കാം സാറെ. ശാന്തിയുടെ കൂടെ ആവുമ്പോ എന്നെ ഒന്നും ചെയ്യത്തില്ലായിരിക്കും.” അങ്ങനെ പറഞ്ഞ് സാറാമ്മ അടുക്കളയിലേക്ക് നടന്നു. അവിടെ ശാന്തി പച്ചക്കറി നുറുക്കുന്നതു കണ്ട് അവരു നോക്കി നിന്നു. അവരെക്കണ്ട് ശാന്തി ചോദിച്ചു “സാറാമ്മ ച്ചേടത്തി ഈ പച്ചക്കറി ഒന്നു നുറുക്കുമോ? ഞാനപ്പഴേക്കും കറിക്കരയ്ക്കാം.”

“ങേ, ഞാനോ… ഞാനിവിടെ ഹോം നഴ്സായി വന്നതാ കൊച്ചേ. ഞങ്ങളോട് അടുക്കളപ്പണി ചെയ്യാനൊന്നും ആരും പറയാറില്ല.”

“ഓ… വെറുതെയല്ല നന്ദൻസാറ് നിങ്ങളെ അടുപ്പിക്കാത്തത്. കണ്ടപ്പഴേ തോന്നിക്കാണും ഒരു കണ്ടാമൃഗമാണെന്ന്.” ശാന്തി മെല്ലെയാണ് അത് പറഞ്ഞതെങ്കിലും സാറാമ്മ അത് കേട്ടു.

അവർ ദേഷ്യത്തോടെ ശാന്തിയെ നോക്കി പറഞ്ഞു. “പിന്നെ നീ പറയുന്നതു പോലെയല്ലെ കാര്യങ്ങള്… കൊച്ച് ആളു മോശമല്ലല്ലോ. അവക്ക് ഞാൻ അടുക്കള ജോലിയിൽ സഹായിക്കാത്തതിന്‍റെ കെറുവാ. പിന്നെ നീ പറയുന്നതു പോലെ ചെയ്യാനിത്തിരി പുളിക്കും. ഈ സാറാമ്മ ആളു വേറെയാ.” അങ്ങനെ പറഞ്ഞവർ അടുക്കളക്ക് പുറത്തുകടന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് ശാന്തിയോടു പറഞ്ഞു

“ആ സാറിന് മുറിക്കകത്തേക്ക് ആഹാരം എത്തിച്ചുകൊടുക്കാൻ ഇവിടത്തെ സാറു കൊച്ചിനോട് പറയാൻ പറഞ്ഞു.”

“അത് നിങ്ങളുടെ ജോലിയല്ലേ? ഞാനെന്തിനാ അത് ചെയ്യുന്നത്?”

“അങ്ങനെ പറഞ്ഞാ ആ സാറിന്ന് പട്ടിണി കിടക്കത്തേ ഉള്ളൂ. എനിക്ക് പേടിയാ ഇന്നിനി ആ മുറി പോകാൻ… കൊച്ച് വേണങ്കി കൊണ്ടു പോയി കൊടുക്ക്” സാറാമ്മ നേരേ ഡ്രോയിങ് റൂമിലെ സോഫയിൽ വന്നിരുന്ന് ടിവി കാണാൻ തുടങ്ങി. അതു കണ്ട് താര സുമേഷിനോടു പറഞ്ഞു,

“ഈ തള്ള പറ്റുമെന്ന് തോന്നുന്നില്ല നിങ്ങടെ അച്ഛനെ നോക്കാൻ. കുറെക്കൂടി ക്ഷമയും കാര്യശേഷിയും ഉള്ള ആരെങ്കിലും വേണം.”

“ഇവരു പറ്റില്ലെങ്കിൽ ഇവരെ നാളെത്തന്നെ പറഞ്ഞയച്ചേക്ക്. നാളെ ഏജൻസിയിൽ വിളിച്ചു പറഞ്ഞ് വേറെ ആളെ ഏർപ്പാടാക്കാം.”

“ആ അതാ നല്ലത്. ഇതൊരു അവലക്ഷണം പിടിച്ച തള്ളയായിട്ടാ തോന്നുന്നേ. അതുമാത്രമല്ല അവര് തിന്നാൻ മാത്രം ജീവിക്കണ സ്ത്രീയാ. പണിയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല.”

“ഈ സ്ഥിതിയില് അച്ഛന്‍റെ കയ്യീന്ന് ഒന്നും എഴുതി വാങ്ങിക്കാനും പറ്റൂല്ല. അതാണെന്‍റെ വിഷമം. ഉം… എല്ലാത്തിനും സുരേഷേട്ടൻ വരട്ടെ. നമുക്ക് പരിഹാരമുണ്ടാക്കാം.”

അങ്ങനെ പറഞ്ഞ് സുമേഷ് തന്‍റെ ബെഡ് റൂമിലേക്ക് പോയി. താര പുറകേയും. അയാൾക്ക് ബാങ്കിൽ പോകാനും താരയ്ക്ക് ഓഫീസിൽ പോകാനും സമയമായിക്കഴിഞ്ഞിരുന്നു. അവർരണ്ടു പേരും അരമണിക്കൂറിനുള്ളിൽ ഡ്രസ്സു ചെയ്തു പുറത്തുവന്നു.

“ഇന്ന് ഞാൻ സുമേഷേട്ടന്‍റെ കൂടെയാണ് വരുന്നത്. നമുക്കു രണ്ടു പേർക്കും സ്കൂട്ടറിൽ പോകാം. വെറുതെ കാറെടുത്ത് പെട്രോളിനു കാശു ചിലവാക്കുന്നത് എന്തിനാ. വൈകുന്നേരം സുമേഷേട്ടൻ എന്നെ വിളിക്കാൻ വന്നാൽ മതി.”

“അതിന് എനിക്ക് ചിലപ്പോ നീയിറങ്ങുന്ന സമയത്ത് ഇറങ്ങാൻ പറ്റിയില്ലെന്നു വരും.”

“എന്നാൽ സുമേഷേട്ടൻ സ്കൂട്ടറിൽ തന്നെ തിരികെ പോന്നോളു. ഞാൻ ബസ്സിലും പോരാം. എന്‍റെ ഫ്രണ്ട്സ് കുറെപ്പേർ ബസ്സിലാണ് വീട്ടിൽ പോകുന്നത്. അവരുടെ കൂടെ ഞാനും കേറിക്കോളാം.”

“എന്നാൽ ശരി. നീ ഇറങ്ങുന്നെങ്കിൽ വേഗം ഇറങ്ങണം എനിക്ക് നേരത്തെ ചെന്നിട്ട് കാര്യങ്ങൾ ഉള്ളതാ.”

“ശരി… സുമേഷേട്ടാ… ഞാനിതാ വന്നു. കിച്ചുമോന്‍റെ കാര്യം ഒന്ന് ശാന്തിയെ പറഞ്ഞ് ഏല്പിച്ചിട്ട് ഞാനിപ്പം വരാം.”

താര അടുക്കളയിലെത്തിയപ്പോൾ ശാന്തി നന്ദൻ മാഷിനുളള ആഹാരം പാത്രത്തിലാക്കി എടുക്കുകയായിരുന്നു. അതു കണ്ട് താര പറഞ്ഞു.

“നീ ഇപ്പോ അച്ഛനുള്ള ആഹാരം കൊണ്ടുപോയി കൊടുത്തിട്ട് കിച്ചുമോനെ വിളിച്ചുണർത്തണം. അവനെ പല്ലുതേപ്പിച്ച് കുളിച്ചിച്ച് പാല് കൊടുക്കണം. പിന്നെ ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും അവനിഷ്ടമാണ്. നീ അതുമെടുത്തു കൊടുക്കണം. ചിന്നു മോളോട് ഇടയ്ക്ക് അപ്പൂപ്പന്‍റെ കാര്യം കൂടി ശ്രദ്ധിക്കാൻ പറയണം. പിന്നെ സാറാമ്മയെ അച്ഛന് പരിചയപ്പെടുത്തിക്കൊടുക്കണം. അച്ഛന്‍റെ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ അവരോടു പറയണം.”

“ശരി താരേച്ചീ… കിച്ചുമോന്‍റെ കാര്യം എല്ലാം ഞാൻ ചെയ്തോളാം. പക്ഷെ നന്ദൻസാറിന്‍റെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല. ഇവിടെ നൂറുകൂട്ടം പണിക്കിടക്ക് എനിക്ക് നന്ദൻസാറിന്‍റെ കാര്യം കൂടി ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.”

“അല്ലെങ്കിലും നിന്നോടു ചെയ്യാൻ ആരുപറഞ്ഞു. സാറാമ്മയെക്കൊണ്ട് ചെയ്യിക്കാനാ പറഞ്ഞത്. അതിന് അച്ഛന് അവരെ പരിചയമാക്കിക്കൊടുത്താലെ അച്ഛൻ ശാന്തനായി അവരോട് പെരുമാറുള്ളൂ. ഏതായാലും നീയും ചിന്നു മോളും ചെന്നാൽ കുഴപ്പമൊന്നുമില്ലല്ലോ. അതു തന്നെ ഭാഗ്യം.”

“ആ സാറിനെ വേഗം ഒരു ഡോക്ടറെ കാണിക്ക് ചേച്ചീ… അല്ലെങ്കിൽ അങ്ങേരുടെ അസുഖം കൂടുമെന്നാ തോന്നുന്നേ.”

“ആ… കാണിക്കണം. അതിന് സുരേഷേട്ടൻ കൂടി വരട്ടെ എന്നാ സുമേഷേട്ടൻ പറയുന്നത്… നീയിപ്പോ ഞാൻ പറഞ്ഞതൊക്കെ ചെയ്യ്.”

“നിന്നോടെത്ര പ്രാവശ്യം പറയണം വേഗം പോകണം എന്ന്. ഇന്ന് ഞാൻ ബാങ്കിൽ ചെല്ലുമ്പോൾ ശരിക്കും ലേറ്റാകും. നീ കാരണമാ ഞാനിന്ന് കാറെടുക്കാതിരുന്നത്. അല്ലെങ്കിൽ കാറുമെടുത്ത് ഞാൻ നേരത്തേ പോയേനേ.”

“സോറി സുമേഷേട്ടാ, ശാന്തിയോട് ചില കാര്യങ്ങൾ പറഞ്ഞേല്പിക്കാനുണ്ടായിരുന്നു. അതാ താമസിച്ചേ.”

“നീ വേഗം വണ്ടിയിൽ കേറ്. ഇനിയും ലേറ്റാകാതെ പോകാം.” താര. വണ്ടിയിൽ കേറിയ ഉടനെ സുമേഷ് അല്പം വേഗതയിൽ വണ്ടി പായിച്ചു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 14

“ഞാൻ “സേവന” എന്ന ഏജൻസിയിൽ നിന്നാണെ സാറെ. സാറിന്നലെ വിളിച്ചു പറഞ്ഞിരുന്നില്ലെ?”

സേവനയിൽ താൻ ഓൺലൈനായി കഴിഞ്ഞ ദിവസം പണമടച്ചതാണ്. അതു കഴിഞ്ഞ് ഇന്ന് “സേവന”യിൽ പോയി അവരെ വിളിച്ചുകൊണ്ടുവരണമെന്ന് വിചാരിച്ചിരുന്നതാണ്. അപ്പോൾ അവർ തനിയെ എത്തിയിരിക്കുന്നല്ലോ എന്ന് സുമേഷ് അത്ഭുതത്തോടെ വിചാരിച്ചു. സുമേഷ് ചെന്ന് ഗേറ്റിന്‍റെ കൊളുത്തെടുത്ത് കൊടുത്ത് അവരെ അകത്തു പ്രവേശിപ്പിച്ചു.

“സാറിന്നു വരുമെന്ന് ഏജൻസിയിൽ നിന്നു പറഞ്ഞിരുന്നു. പക്ഷെ ഞാനിങ്ങു പോന്നു സാറെ. എനിക്കിവിടെയൊക്കെ നന്നായി അറിയാം. പിന്നെ സാറ് അവിടെ വന്ന് മറ്റു വല്ലവരേം വിളിച്ചോണ്ടു പോന്നാലോ എന്ന് ഞാൻ വിചാരിച്ചു. എനിക്കാണേല് ഒരു ജോലി ഇപ്പ അത്യാവശ്യവുമാ…” ടൈൽ വിരിച്ച പാതയിലൂടെ സുമേഷിന്‍റെ പുറകേ അവർ അകത്തേക്ക് നടന്നു.

“നിങ്ങളുടെ വീടെവിടാന്നാ പറഞ്ഞത്?”

“അത്… ഇവിടെ നിന്ന് രണ്ടുമൂന്നു കിലോമീറ്റർ അപ്പുറത്താ സാറെ. എനിക്കിവിടൊക്കെ നല്ല പരിചയമാ. ഇവിടെ അടുത്ത് ഒരു ഡോക്ടറുടെ വീട്ടിൽ അവരുടെ അമ്മച്ചിയെ നോക്കാൻ ഞാൻ നിന്നിട്ടൊണ്ട്. അവരു നല്ല ആൾക്കാരായിരുന്നു സാറെ. ആ ഡോക്ടറാണെങ്കില് നല്ല തങ്കപ്പെട്ട സ്വഭാവം.”

ധരിച്ചിരിക്കുന്നത് ചട്ടയും മുണ്ടും ആയതു കൊണ്ടു തന്നെ അവർ ക്രിസ്താനിയാണെന്ന് ഊഹിച്ചു കൊണ്ട് സുമേഷ് ചോദിച്ചു.

“നിങ്ങടെ പേരെന്താന്ന് പറഞ്ഞില്ല?”

“സാറാമ്മ. ഞാൻ ഒന്നാന്തരം സത്യക്രിസ്ത്യാനിയാ സാറെ.”

“സാറാമ്മ നല്ല വാചകമടിക്കാരിയാണല്ലോ.”

“അയ്യോ ഞാനങ്ങനെ വർത്തമാനമൊന്നും പറയത്തില്ല സാറെ. ഇപ്പോ സാറ് ചോദിച്ചതുകൊണ്ട് പറഞ്ഞതാ…”

അവരുടെ വർത്തമാനം സുമേഷിന് ഒട്ടും പിടിച്ചില്ല. അയാൾ അല്പം ദേഷ്യത്തോടെ പറഞ്ഞു. “ങ… ഇവിടെ അധികം സംസാരമൊന്നും വേണ്ട. അല്പം ഓർമ്മക്കുറവുള്ള എന്‍റെ അച്ഛനെയാ നിങ്ങള് നോക്കേണ്ടത് അങ്ങേർക്കീ സംസാരമൊന്നും പിടിക്കില്ല.”

“ശരി. സാറെ” അവർ സിററൗട്ടിൽ കേറിയ ഉടനെ സംസാരം കേട്ട് താര പുറത്തേക്കിറങ്ങിവന്നു. സാറാമ്മ താരയയെക്കണ്ട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു, “സാറിന്‍റെ ഭാര്യയായിരിക്കും അല്ലേ?”

താര അവരെക്കണ്ട് സുമേഷിനോടു ചോദിച്ചു. “ഇതാരാ… സുമേഷേട്ടാ…”

“ഇത് സാറാമ്മ. സേവന ഏജൻസിയിൽ നിന്ന് പറഞ്ഞുവിട്ടതാണ്.”

 

“ഓ… ഇത്ര പെട്ടെന്ന് അവർ ആളെ പറഞ്ഞു വിട്ടോ. നല്ല ഏജൻസിയാണല്ലോ സുമേഷേട്ടാ…”

“ങാ… നീ ഇവരെക്കൊണ്ടു പോയി അച്ഛന്‍റെ മുറികാണിച്ചു കൊടുക്ക്.”

“വരൂ… നിങ്ങടെ പേരെന്തെന്നാ പറഞ്ഞത്?” താര ചോദിച്ചു

“സാറാമ്മ” അവർ പുഞ്ചിരിയോടെ പറഞ്ഞു.

“ങാ… കാര്യമൊക്കെ കൊള്ളാം. അച്ഛന് ഒന്നും ശരിക്ക് ഓർമ്മയില്ലാത്ത പോലെയാ ഇപ്പഴത്തെ പെരുമാറ്റം. ചിലപ്പോ ചെറിയ ചില അക്രമങ്ങളുമുണ്ട്. നിങ്ങൾ സൂക്ഷിച്ചും കണ്ടും പെരുമാറണം. അങ്ങേർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്.”

“ശരി. മാഡം… ഞാൻ മറവിരോഗം ബാധിച്ചവരെ ഇതിനു മുമ്പ് നോക്കിയിട്ടുളളതാ…”

“ശരി… ശരി… നിങ്ങൾക്കുള്ള മുറി കാണിച്ചു തരാം.” അങ്ങനെ പറഞ്ഞ് താര ശാന്തിയുടെ മുറിയുടെ അടുത്ത് ഉള്ള ചെറിയ മുറി അവർക്ക് കാണിച്ചു കൊടുത്തു. എന്നിട്ട് ചട്ടയും മുണ്ടുമൊക്കെ മാറ്റി നൈറ്റി ഇട്ടോളാൻ പറഞ്ഞ് താരയുടെ ഒരു പുതിയ നൈറ്റി എടുത്തു കൊടുത്തു.

“ഞാൻ വേറെ നൈറ്റികൾ കൊണ്ടുവന്നിട്ടുണ്ട് മാഡം.” അവർ പുഞ്ചിരിയോടെ പറഞ്ഞതു കേട്ട് താര പറഞ്ഞു.

“ങാ… ഇപ്പോ ഇതിട്ടോളു. പിന്നെ നിങ്ങളു കൊണ്ടു വന്നത് അടുത്ത ദിവസം മുതൽ ഉപയോഗിക്കാം. ഡ്രസ്സുമാറിക്കഴിഞ്ഞ് നിങ്ങള് ഊണുമുറിയിലേക്ക് പോന്നോളു. അവിടെ നിങ്ങൾക്ക് കഴിക്കാനുള്ളത് എടുത്തു വയ്ക്കാം.”

“രാവിലെ കഴിച്ചിട്ടിറങ്ങിയതാ മാഡം. പക്ഷെ ഇവിടെ വരെ യാത്ര ചെയ്തപ്പോ എല്ലാം ദഹിച്ചു പോയി. ഇപ്പോ നല്ല വിശപ്പ്…”

അവരുടെ സംസാരത്തിൽ നിന്ന് അവർ നല്ല ഭക്ഷണ പ്രീയയാണെന്ന് താരയ്ക്ക് ബോദ്ധ്യമായി. ഏതായാലും കുടുംബ ബജറ്റ് ചുരുക്കേണ്ടതിനെക്കുറിച്ച് ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടു പേർക്കും ഒരു വിധം ശമ്പളം ഉണ്ടെങ്കിലും ആറേഴു വയറുകൾ നിറക്കേണ്ടതുണ്ട്. പിന്നെ മറ്റു വീട്ടുചിലവുകളും. എല്ലാ ചിലവും കഴിഞ്ഞ് നീക്കിയിരുപ്പ് ഒന്നും ബാക്കിയുണ്ടാവില്ല… രണ്ടു പേരും കഷ്ടപ്പെടുന്നത് മാത്രം മിച്ചം. താര വിചാരിച്ചു. സാറാമ്മ മുറിയടച്ച് ഡ്രസ്സു മാറാൻ തുടങ്ങിയപ്പോൾ താര അടുക്കളയിലേക്ക് ചെന്ന് ശാന്തിയോടു പറഞ്ഞു.

“പുതിയ ഹോംനഴ്സ് വന്നിട്ടുണ്ട്. നീ അവരുമായി അധികംകൂട്ടു കൂടാനൊന്നും പോകണ്ട…” രണ്ടു പേരും കൂടി സംസാരിച്ച് സമയം കളഞ്ഞാൽ വീട്ടു ജോലിയൊന്നും നടക്കാതെ വരുമെന്ന് താര ഭയപ്പെട്ടു. മാത്രമല്ല സാറാമ്മയെക്കണ്ടതോടെ ശാന്തി ഒരു വെറും പാവം പെണ്ണാണെന്ന് താരക്ക് ബോദ്ധ്യമായി. ഇനി സാറാമ്മയായിട്ട് അവൾക്ക് വേണ്ടാതീനം വല്ലതും ഓതിക്കൊടുത്ത് അവളെ ഇവിടെ നിന്ന് പോകാൻ പ്രേരിപ്പിച്ചാലോ എന്നും താര ഭയപ്പെട്ടു.

“ഇല്ല ചേച്ചീ… ഞാനായി… എന്‍റെ പാടായി. ഞാനെന്തിനാ അവരെ നോക്കുന്നെ. എന്‍റെ ജോലി ചെയ്തുകൊണ്ട് ഞാൻ മിണ്ടാതിവിടെ കഴിഞ്ഞോളാം.” അപ്പോഴേക്കും സാറാമ്മ നൈറ്റിധരിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു.

അവർ ശാന്തിയെക്കണ്ട് ചോദിച്ചു. “ഇതാരാ മാഡം?”

“ഇത് ശാന്തി… ഇവിടുത്തെ വേലക്കാരിയാ.”

“ഓ… വേഷോം പടുതിം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇവിടെ നിങ്ങടെ സ്വന്തക്കാര് ആരോ ആണെന്ന്. ങ്ങാ… ഏതായാലും എനിക്ക് സംസാരിക്കാൻ ഒരാളായല്ലോ.”

അതു കേട്ട് താര, സാറാമ്മ കാണാതെ കണ്ണിറുക്കി കാണിച്ചു. അവരോട് സംസാരിക്കാൻ പോകണ്ട എന്ന അർത്ഥത്തിൽ. ശാന്തി തലകുലുക്കി. സത്യത്തിൽ അവൾക്ക് അവരെ അത്ര പിടിച്ചില്ലായിരുന്നു പക്ഷെ സാറാമ്മയാകട്ടെ ശാന്തിയെ നോക്കി ലോഹ്യത്തോടെ ചിരിച്ചു

സാറാമ്മക്ക് ഊണുമുറിയിൽ ചപ്പാത്തിയും ഉരുളക്കിഴങ്ങ്കറിയും ശാന്തി എടുത്തു വച്ചിരുന്നു. താര അവരെ അങ്ങോട്ടു ക്ഷണിച്ചു കൊണ്ടു പറഞ്ഞു.

“സാറാമ്മച്ചേടത്തി ഇങ്ങോട്ട് വന്നാട്ടെ. ഇവിടെ നിങ്ങക്ക് കഴിക്കാനുള്ളത് എടുത്തു വച്ചിട്ടുണ്ട്.”

പ്ലേറ്റിൽ ചപ്പാത്തിയും, ഉരുളക്കിഴങ്ങുകറിയും കണ്ട് അവർ നെറ്റിചുളിച്ചു.

“ഓ… എനിക്കീ ഉരുളകിഴങ്ങുകറിയോട് വല്യ പത്ത്യമൊന്നും ഇല്ലാ മാഡം. എനിക്ക് ചപ്പാത്തിയുടെ കൂടെ ബീഫ് കറിയോ, ചിക്കൻ കറിയോ, മുട്ടക്കറിയോ ഒക്കെ ആണിഷ്ടം.” അതുകേട്ട് താരക്ക് തല കറങ്ങുന്നതായി തോന്നി. അവൾ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“ങാ… അതൊക്കെ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ ചേടത്തി ഇതു കഴിക്ക്…”

അത് പറയേണ്ട താമസം ഏഴെട്ട് ചപ്പാത്തികൾ ഒറ്റ ഇരിപ്പിന് അവർ കഴിച്ചു തീർത്തു. എന്നിട്ട് കൈകഴുകി ഏമ്പക്കം വിട്ടുകൊണ്ട് ചോദിച്ചു, “എവിടെയാ രോഗി കിടക്കുന്നതെന്നാ പറഞ്ഞെ.”

അവരുടെ രീതികണ്ട് തലയിൽ കൈ വച്ചു നിന്ന താര പെട്ടെന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു.

“അത്… അത്… ഈ മുറിയിലാ…” താര നന്ദൻ മാഷിന്‍റെ മുറിയുടെ ലോക്ക് തുറന്നു കൊണ്ട് അവരെ അകത്തേക്ക് നയിച്ചു.

 

അന്ന് നീലാംബരിയുടെ മകളുടെ വിവാഹദിനമായിരുന്നു. അതിരാവിലെ തന്നെ ഉണർന്നെണീറ്റ ഹേമാംബിക തന്നോടൊപ്പം കല്യാണത്തിനു വരുന്നവരേയും വിളിച്ചുണർത്തി.

“എല്ലാവരും വേഗം റെഡിയായിക്കോളു… നമുക്ക് കല്യാണത്തിന് പോകണ്ടേ.”

നയനയുൾപ്പെടെ അഞ്ചാറു പേർ പെട്ടെന്ന് കുളിച്ചു റെഡിയായി. മറ്റു ചിലരും കൂടെ ചെല്ലാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഹേമാംബിക പറഞ്ഞു.

“ഗുരുവായൂരിൽ വച്ച് ഇന്ന് നടക്കുന്ന കല്യാണത്തിനാണ് ഞങ്ങൾ കുറച്ചു പേർ ഇപ്പോൾ പോകുന്നത്. ഇത് കഴിഞ്ഞ് വീണ്ടും… വൈകുന്നേരം റിസപ്ഷനുണ്ടാകും. അപ്പോൾ ബാക്കിയുളളവർക്ക് പോകാം.” അങ്ങനെ പറഞ്ഞ് സമാധാനിപ്പിച്ച് ഹേമാംബിക തന്‍റെ മുറിയിലേക്ക് നടന്നു.

കുളി കഴിഞ്ഞ് നീലാംബരി കൊണ്ടുവന്ന നീലപ്പട്ടുസാരി ധരിച്ചു. അതുടുക്കുമ്പോൾ വർഷങ്ങൾക്കു ശേഷമാണല്ലോ താൻ പട്ടുസാരി ഉടുക്കുന്നതെന്ന് ഹേമാംബിക ചിന്തിച്ചു. ഭർത്താവും പത്തുവയസ്സുണ്ടായിരുന്ന മകനും സ്കൂട്ടറാക്സിഡന്‍റിൽ മരിച്ചതോടെ താൻ പട്ടുസാരികൾ ഉപേക്ഷിച്ചതാണ്. പിന്നീട് എന്നും വെള്ള സാരികൾ മാത്രമായിരുന്നു തനിക്കു പഥ്യം. എന്നാൽ ഇന്നിപ്പോൾ വളരെ വർഷങ്ങൾക്കു ശേഷം പട്ടുസാരി ഉടുക്കുമ്പോൾ മനസ്സ് എന്തുകൊണ്ടോ ആഹ്ളാദഭരിതമാകുന്നു. അവർ തനിക്ക് ഉള്ള ഏക സ്വർണ്ണാഭരണമായ നീലക്കൽ നെക്ലസ്സും എടുത്തണിഞ്ഞു. ഇപ്പോൾ ഹേമാംബികയെക്കണ്ടാൽ അതിസുന്ദരിയായ ഒരു മദ്ധ്യവയസ്ക്കയായിട്ടേ ആർക്കും തോന്നുകയുള്ളു. അറിയാതെ അവരുടെ കണ്ണുകൾ കണ്ണാടിയിൽ ചെന്നുമുട്ടി. ഇനിയും ഒളിമങ്ങാത്ത സൗന്ദര്യം ഒരിക്കൽക്കൂടി അപ്പോൾ ദൃശ്യമായി.

“എന്താ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുന്നത്. ഹേമാമ്മയെക്കാണാൻ ഇപ്പോഴും നല്ല ഐശ്വര്യമുണ്ട്. വാർദ്ധക്യം ഹേമാമ്മയെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു.” നയനയുടെ വാക്കുകൾക്ക് മുന്നിൽ അറിയാതെ ചൂളിക്കൊണ്ട് പറഞ്ഞു.

“അല്ലാ രാവിലെ കുളികഴിഞ്ഞ് വന്നപ്പോ കണ്ണുകൾക്ക് നല്ല നീറ്റലും ചൊറിച്ചലും. എന്തോ അലർജിയാണെന്നു തോന്നുന്നു… കണ്ണുകൾ ചുമന്നിട്ടുണ്ടെന്നു തോന്നി. അതുകൊണ്ട് നോക്കിയതാ.”

“ഉം… ഉം… എന്തിനാ എന്നോട് കള്ളം പറയുന്നത്? ഞാൻ കണ്ടുവല്ലോ അമ്മ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുന്നത്. അമ്മക്കിനിയും ഒരു അങ്കത്തിനുള്ള ബാല്യമുണ്ട് കേട്ടോ… അമ്മക്കിഷ്ടമാണെങ്കിൽ നമുക്ക് ഒരു കല്യാണം ആലോചിക്കാം.” കളിചിരി വർത്തമാനങ്ങൾക്കിടയിൽ എന്തും തുറന്നടിക്കുന്ന നയന വെറുതെ വിടില്ലെന്നു മനസ്സിലായി.

“ഞാനാ കാർത്തികാമ്മയെ ഒന്നു നോക്കിയിട്ടു വരട്ടെ. അവർക്ക് നല്ല തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു.”

അങ്ങനെ പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹേമാംബിക മുറിക്കു പുറത്തുകടന്നയുടനെ പുറകിൽ നയനയുടെ ചിരിനിന്നിരുന്നു. അവൾ ഇപ്പോൾ സഹതാപത്തോടെ തന്നെ നോക്കുകയാവാം. ഹേമാംബിക വിചാരിച്ചു. ചെറുപ്പത്തിൽ തന്നെ ഭർത്താവും മകനും നഷ്ടപ്പെട്ട തന്‍റെ വേനൽ കിനാക്കളെ ഓർത്ത് അവൾ സഹതപിക്കുകയാവാം.

“എന്‍റെ കുട്ടി, ഇനി ഒരിക്കൽക്കൂടി ഈ ഉഷ്ണമരത്തിൽ വസന്തം പൂവിടുമെന്ന് നീ വിചാരിക്കുന്നെങ്കിൽ നിനക്കു തെറ്റി. ഒരിക്കൽ നന്ദൻ മാഷിലൂടെ പൂത്തുതളിർത്തു തുടങ്ങിയ ഈ ചെറുവൃക്ഷം അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഉണങ്ങാൻ തുടങ്ങുമ്പോഴാണ് നിധിമോന്‍റെ അച്ഛൻ വന്ന് എന്‍റെ കൈപിടിക്കുന്നത്. വീണ്ടും എന്നിൽ വസന്തം തളിരിട്ടുവെങ്കിലും ഏതാണ്ട് പതിനൊന്നു വർഷങ്ങൾക്കു ശേഷം അത് വീണ്ടും ഉണങ്ങി. ഇനിയും ഒരു തളിരിടലോ. അതൊരിക്കലും ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല കുഞ്ഞെ…”

അങ്ങനെ ചിന്തിച്ച് ഹേമാംബിക നടന്നു. വാൻ അറേഞ്ച്മെന്‍റ് എവിടം വരെയായി എന്നറിയാൻ അവർ രാജീവിനെ അന്വേഷിച്ച് ഓഫീസ് റൂമിലെത്തി.

 

രാജീവ് തിരക്കിട്ട് ഏതോ കണക്കുകൾ നോക്കുകയായിരുന്നു. പെട്ടെന്ന് പാദപതനം കേട്ട് അയാൾ തലയുയർത്തിനോക്കി. അണിഞ്ഞൊരുങ്ങിയ ഹേമാംബിക ടീച്ചറിനെക്കണ്ട് അത്ഭുതത്തോടെ ചോദിച്ചു, “അല്ല… മുന്നിൽ ഒരു വസന്തം പൂത്തുലഞ്ഞ മട്ടുണ്ടല്ലോ. ഇന്നെന്താ ഹേമാംബികടീച്ചർ പതിവില്ലാതെ ഈ വേഷത്തിൽ.” ഹേമാംബിക അല്പം ചൂളിക്കൊണ്ട് പറഞ്ഞു.

“അത്… ഞാൻ ഇന്നലെ ഒരു കല്യാണത്തിന്‍റെ കാര്യം രാജീവനോട് പറഞ്ഞിരുന്നില്ലെ? എന്‍റെ അനുജത്തിയുടെ ഇളയ മകളുടെ കല്യാണമാണ്. അവൾ ഇവിടെ വന്ന് ക്ഷണിച്ചിരുന്നു. ഇവിടെ എല്ലാവരോടും അവൾ കല്യാണത്തിന് ചെല്ലണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഞങ്ങൾ കുറച്ചുപേർ കല്യാണത്തിന് പോകാമെന്ന് തീരുമാനിച്ചു. ഗുരുവായൂര് വച്ചാണ് കല്യാണം. അതിനു വേണ്ടി ഒരു മിനിവാൻ അറേഞ്ചു ചെയ്യുന്ന കാര്യം ഞാൻ രാജീവിനോട് പറഞ്ഞിരുന്നില്ലേ?”

“ഓ… ശരിയാണല്ലോ ഹേമാംബിക ടീച്ചർ, ഞാനതു മറന്നു പോയി… അതു സാരമില്ല ഞാനിപ്പോൾ ആ നജീബിനെ ഒന്ന് വിളിച്ചു നോക്കട്ടെ. അയാളുടെ വണ്ടികളിലൊന്ന് അയച്ചു തരാൻ പറയാം.” രാജീവ് ഉടൻ തന്നെ ഫോണിൽ വിളിച്ച് വാൻ അറേഞ്ച് ചെയ്തു.എന്നിട്ട് ഹേമാംബികയോട് വാൻ തയ്യാറാണ് എന്നറിയിച്ചു.

“വളരെ നന്ദി രാജീവ്. വാൻ കിട്ടിയില്ലായിരുന്നെങ്കിൽ ഈ പ്രോഗ്രാം ക്യാൻസൽ ചെയ്യേണ്ടി വന്നേനെ, ഈ വയ്യാത്ത ആൾക്കാരേയും കൊണ്ട് ബസ്സിലും ട്രെയിനിലും മറ്റും വലിഞ്ഞു കേറി പോകുന്നതെങ്ങിനെ?”

“അന്ന് ഹേമാംബിക ടീച്ചറിന്‍റെ അനുജത്തി വന്നപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഞാനന്ന് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ. ഏതായാലും എന്‍റേയും വിവാഹ മംഗളാശംസകൾ അനുജത്തിയുടെ മകളെ അറിയിച്ചോളു”

“അറിയിക്കാം രാജീവ്. വേണമെങ്കിൽ രാജീവ് കൂടെ പോന്നോളു. അവൾ ഇവിടെയുള്ള എല്ലാ പേരേയും ഒന്നിച്ചാണ് ക്ഷണിച്ചത്. ആരേയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ല.”

“അതു വേണ്ട ടീച്ചർ. ഞാൻ കൂടി കല്യാണത്തിനു വന്നാൽ ഇവിടെ ആരും മേൽനോട്ടത്തിന് ഇല്ലാതാവുകയില്ലേ… പിന്നെ പുതുതായി ആരെങ്കിലും ഇന്നിവിടെ വന്നുചേരുമോ എന്നും അറിയില്ലല്ലോ?”

“അതു ശരിയാണ് രാജീവ്. ഞാനക്കാര്യം ഓർത്തില്ല. ഇനി ആരെങ്കിലും പുതുതായി വന്നാൽ രാജീവ് ഇവിടെ ഇല്ലാതെ വന്നാൽ ശരിയാവുകയില്ല. എങ്കിൽ ഞങ്ങൾ പോയിട്ടു വരാം.” ഹേമാംബിക രാജീവിനോട് യാത്ര പറഞ്ഞിറങ്ങി.

അപ്പോൾ സ്നേഹസദനത്തിന്‍റെ പൂമുഖത്ത് ഒരു മിനിവാനിൽ കൊള്ളാവുന്ന കുറെപ്പേർ ഹേമാംബികയെ കാത്തു നിന്നിരുന്നു. അക്കൂട്ടത്തിൽ നയനയും ഉണ്ടായിരുന്നു.

“ഞങ്ങൾ എല്ലാപേരും റെഡിയാണ് ഹേമാമ്മേ…” നയന എല്ലാ പേരേയും പ്രതിനിധീകരിച്ചു കൊണ്ട് പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ഒരു വാൻ സ്നേഹസദനത്തിന്‍റെ മുമ്പിൽ വന്നു നിന്നു. ഹേമാംബിക ഉടനെ എല്ലാവരോടുമായി പറഞ്ഞു.

“നിങ്ങൾ എല്ലാവരും വാനിൽ കേറിക്കോളു. ഞാൻ പുറകേ കേറാം.”

കൈപിടിച്ചു കേറ്റേണ്ട കുറച്ചുപേരെ നയനയും ഹേമാംബികയും മറ്റു ചിലരും കൂടി കൈ പിടിച്ചു കേറ്റി.

എല്ലാവരും വാനിൽ കേറിക്കഴിഞ്ഞപ്പോൾ ഹേമാംബികയും നയനയും ഏറ്റവും പുറകിലായി ഇരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ വരാന്തയിൽ നിന്നിരുന്ന പലരും കൈവീശി. വണ്ടിയിലുള്ളവർ തിരിച്ചും. വളരെക്കാലം കൂടിയുളള ആ യാത്ര അവർക്കെല്ലാം എത്രത്തോളം ആനന്ദകരമാണെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ പതിവായി അന്തേവാസികളെ പരിശോധിക്കാനും ചികിത്സിക്കാനുമെത്തിയിരുന്ന ഒരു ഡോക്ടറും യാത്ര ചെയ്തിരുന്നു. ഹേമാംബികയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം വന്നത്.

ആർക്കെങ്കിലും അടിയന്തര ശുശ്രൂഷ വേണമെങ്കിൽ നൽകാൻ അദ്ദേഹം തയ്യാറായിരുന്നു. രണ്ടുമുന്നു മണിക്കൂർ ദീർഘയാത്ര പരിചയമില്ലാത്ത ചിലർ ചർദ്ദിക്കുന്നുണ്ടായിരുന്നു. ഡോക്ടർ രാമദാസ് അവരെയെല്ലാം പരിശോധിച്ച് മരുന്നു കൊടുത്തു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ അവരിൽ പലരും ക്ഷീണം മറന്ന് ഉത്സാഹത്തോടെ ഇരുന്നു.

അവർ ഗുരുവായൂരിൽ എത്തിച്ചേർന്നപ്പോൾ സമയം ഏതാണ്ട് ഒമ്പതുമണിയോടടുപ്പിച്ച് ആയിട്ടുണ്ടായിരുന്നു. പതിനൊന്നു മണിക്കാണ് മുഹൂർത്തം എന്നാണ് പറഞ്ഞിരുന്നത്. ഹേമാംബിക ആദ്യം വാനിൽ നിന്നിറങ്ങി. പിന്നീട് ഓരോരുത്തരെയായി കൈപിടിച്ച് ഇറക്കി. നടക്കാൻ വിഷമമുള്ള പലരേയും കൈപിടിച്ചു മെല്ലെ നടത്തി. ജീവിതത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ കിട്ടിയ അപൂർവ്വം ചില സന്ദർഭങ്ങളിലൊന്നായി അവരിൽ പലരും ആ യാത്രയെ കണ്ടു. സീനിയർ സിറ്റിസൺസിനു പ്രത്യേകമായുള്ള ക്യൂവിൽ നിന്ന് അവർ ഭഗവാനെ കണ്ടു തൊഴുതു നിർവൃതിയടഞ്ഞു.

“എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നുവെന്നോ ഭഗവാനെ ഒന്നു കണ്ടു തൊഴണമെന്ന്. ഏതായാലും ആ ആഗ്രഹവും ഇപ്പോൾ പൂർത്തിയായി.” കാർത്ത്യായനിയമ്മ എന്ന വൃദ്ധസ്ത്രീ ഭക്തി നിർവൃതിയോടെ പറഞ്ഞു.

“അതെ… ഞാനും… ഏറെക്കാലത്തെ മോഹമാണ് ഇപ്പോൾ നടന്നത്. കൃഷ്ണാ… ഭക്തവത്സല…” സുമതിക്കുട്ടി എന്ന സ്ത്രീയാണ് അതു പറഞ്ഞത്.

“മരിക്കുന്നതിനു മുമ്പ് ഒന്നു വന്നു തൊഴണംന്ന് ഉണ്ടായിരുന്നു. ഏതായാലും ഭഗവാനിപ്പോൾ അത് നിറവേറ്റിത്തന്നു.” രാഘവൻ മാഷ് കണ്ണടച്ചു കൈ കൂപ്പി.

“ഇനിവരൂ… എല്ലാവരുടേയും ഒരു വലിയ ആഗ്രഹം നടന്നില്ലെ? നമുക്ക് ഇനി കല്യാണം നടക്കുന്ന ഹാളിലേക്കു പോകാം.കൗസ്തുഭം കല്യാണ മണ്ഡപത്തിൽ വച്ചാണ് കല്യാണം. നമുക്കാദ്യം പെണ്ണിനെക്കണ്ട് ആശീർവദിക്കാം.”

അങ്ങനെ പറഞ്ഞ് ഹേമാംബിക എല്ലാവരുമായി ഹാളിലേക്കു നടന്നു. അവിടെ ഒഴിഞ്ഞു കിടന്ന കസേരകളിൽ അവർ ഓരോരുത്തരേയുമിരുത്തി ഹേമാംബിക നീലാംബരിയെ അന്വേഷിച്ച് ചെന്നു. സ്റ്റേജിനോടനുബന്ധിച്ചുള്ള സൈഡ് ഹാളിൽ അപ്പോൾ പെണ്ണിനെ ഒരുക്കുന്ന തിരക്കിലായിരുന്നു ഏതാനും പേർ. അക്കൂട്ടത്തിൽ നീലാംബരിയും നിന്നിരുന്നു. ബ്യൂട്ടീഷ്യന്‍റെ കരവിരുത് വധുവിന്‍റെ ഓരോ അംഗവടിവിലും പ്രകടമായിരുന്നു. ഒരു ദേവസുന്ദരിയെപ്പോലെ കല്ലു മോൾ കാണപ്പെട്ടു. ഹേമാംബികയെ കണ്ടയുടനെ നീലാംബരി കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“എങ്കിലും എന്‍റെ ചേച്ചി കല്യാണത്തിന് വന്നുവല്ലോ. ഇനി എന്തെങ്കിലും കാരണം പറഞ്ഞ് ചേച്ചി ഒഴിഞ്ഞു നില്ക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.”

“അങ്ങനെ മാറിനില്ക്കാൻ എനിക്കു കഴിയുമോ നീലു. വർഷങ്ങൾക്ക്‌ ശേഷം നിന്നെക്കണ്ടപ്പോൾ ഞാൻ എത്ര സന്തോഷിച്ചുവെന്നോ. സ്വന്ത- ബന്ധങ്ങൾ വീണ്ടെടുക്കാൻ കഴിയുമ്പോൾ കിട്ടുന്ന ആനന്ദം എത്രത്തോളമാണെന്ന് ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്കേ അറിയൂ.” ഹേമാംബികയുടെ കണ്ണുകളിൽ അപ്പോൾ ഒരു തുള്ളി കണ്ണുനീർ തങ്ങി നിന്നു.

“ചേച്ചിയുടെ കൂടെ എന്നും ഞങ്ങളുണ്ടാകും. ചേച്ചി ഇനി അതോർത്ത് വിഷമിക്കരുത്.”

“ഇല്ല മോളെ. ചേച്ചിക്കിപ്പോഴാണ് വിശ്വാസമായത്. ജീവിതത്തിൽ നാം നല്കുന്ന സ്നേഹം എന്നെങ്കിലും നമുക്ക് തിരിച്ചു കിട്ടാതിരിക്കയില്ലെന്ന്.” നീലാംബരി പെട്ടെന്നു തിരിഞ്ഞ് ഈ രംഗം വീക്ഷിച്ചു നിന്ന കല്ലാണിയോട് പറഞ്ഞു.

“കല്ലുമോളെ… നീ ദക്ഷിണ കൊടുത്ത് വല്യമ്മയെ നമസ്ക്കരിക്കൂ…”

കല്യാണി ഹേമാംബികയുടെ കയ്യിൽ ദക്ഷിണ നൽകി ആ കാൽക്കൽ വീണ് നമസ്കരിച്ചു. അപ്പോൾ ഹേമാംബിക കയ്യുയർത്തി ആശിർവദിച്ചു. “ദീർഘ സുമംഗലീ ഭവ:”

അതു കഴിഞ്ഞ ഉടനെ കല്ലുവിനെ… തന്നോടു ചേർത്തണച്ചു കൊണ്ട് പറഞ്ഞു, “എന്‍റെ മോളെ നിന്നെ ഇപ്പോഴെങ്കിലും കാണാൻ എനിക്കു കഴിഞ്ഞല്ലോ. എത്ര കാലമായി ഞാൻ നിങ്ങളെയെല്ലാം കാണാൻ കൊതിക്കുന്നെന്നോ?”

“ഹേമ വല്യമ്മയെ എനിക്കറിയാലോ… അമ്മയുടെ ശേഖരത്തിൽ ഹേമ വല്യമ്മയുടെ ധാരാളം ഫോട്ടോകൾ ഉണ്ട്.”

“അതെ… കാലമിത്രയായിട്ടും ചേച്ചിയുടെ സൗന്ദര്യത്തിന് ഒരുടവും തട്ടിയിട്ടില്ല. ഈ നീല സാരിയിൽ ചേച്ചി അതി സുന്ദരിയായിട്ടുണ്ട്.” അടുത്തു നിന്ന നീലാംബരിയാണതു പറഞ്ഞത്. ഹേമാംബിക അതുകേട്ട് പുഞ്ചിരിച്ചതേയുള്ളു. അപ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 13

കാലങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയിൽ ഇരുവരുടേയും ഹൃദയങ്ങളിലൂടെ പഴയ കാലങ്ങൾ നൊടിയിടയിൽ കടന്നുപോയി. “അച്ഛനും അമ്മയും ഉണ്ടായിരുന്ന ആ കാലങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞതെങ്കിലും എത്ര മനോഹരമായിരുന്നു അല്ലെ ചേച്ചി?”

”അതെ മോളെ ആ കാലങ്ങൾ ഞാൻ എന്നുമോർക്കും. നമ്മുടെ ആ ചെറുപ്പ കാലം മനസ്സിൽ നിന്നും മായാതെ അങ്ങനെ തന്നെ കിടപ്പുണ്ട്.”

“എത്ര പെട്ടെന്നാണ് അച്ഛനുമമ്മയും കടന്നുപോയത്. പക്ഷെ നമ്മുടെ അമ്മ കുറെയൊകെ ഭാഗ്യവതിയാണ് അല്ലെ ചേച്ചി. അമ്മ വിചാരിച്ചതിലും ഉന്നതങ്ങളിലെത്താൻ നമുക്കു കഴിഞ്ഞില്ലെ. നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നതു കണ്ടിട്ടാണല്ലോ അമ്മ മരിച്ചതും.”

“അതെ എനിക്കു സംഭവിച്ച ദുർവ്വിധികൾ കാണുന്നതിനു മുമ്പു തന്നെ അമ്മ മരിച്ചതു നന്നായി. അല്ലെങ്കിൽ ആ മനസ്സു വല്ലാതെ നൊന്തേനേ.” ഹേമാംബികയുടെ കണ്ണു നിറയുന്നതു കണ്ടു നീലാംബരി ദുഃഖസാന്ദ്രമായ സ്വരത്തിൽ വിളിച്ചു. “ചേച്ചീ…”

“സാരമില്ല നീലു… ഇന്നിപ്പോൾ ഈ അന്തേവാസികളുമായി സ്നേഹം പങ്കിട്ടു കഴിയുമ്പോൾ എനിക്ക് കഴിഞ്ഞതെല്ലാം മറക്കാൻ കഴിയുന്നുണ്ട്. ങാ… അതുപോകട്ടെ നിന്‍റെ വിശേഷങ്ങൾ ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ… ജാനു മോളും കല്ലുമോളും സുഖമായിട്ടിരിക്കുന്നല്ലോ അല്ലേ.”

“അതെ ചേച്ചി ജാനു രണ്ടാമത് ഗർഭിണിയാണ്. അവൾക്ക് ആദ്യത്തേത് പെൺകുഞ്ഞാണെന്നറിയാമല്ലോ. അവൾ നാട്ടിൽ തന്നെ ഭർത്താവിന്‍റെ വീട്ടിൽ സുഖമായി കഴിയുന്നു. പിന്നെ ഇതാ ചേച്ചീ ഇൻവിറ്റേഷൻ.”

നീലാംബരി ഇൻവിറ്റേഷൻ നീട്ടിയപ്പോൾ ഹേമാംബിക അത് കൈ നീട്ടി വാങ്ങിച്ചു. സുവർണ്ണ ലിപികളിൽ എഴുതിയ അതിലെ വരികൾ നോക്കിക്കൊണ്ട് പറഞ്ഞു, “കല്യാണിയും, നിരഞ്ജനും നല്ല പേരുകൾ. പേരുകളിലല്ലല്ലോ കാര്യം അല്ലേ നീലു. മനപ്പൊരുത്തത്തിലല്ലേ.”

“അതെ ചേച്ചീ. മറ്റൊന്നിലും കാര്യമില്ല. മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് എല്ലാറ്റിലും വലുത്. അതുകൊണ്ടാണ് അവൾക്ക് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞങ്ങൾ മറ്റൊന്നും നോക്കാതെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായത്. ഇനി നന്നായി ജീവിക്കേണ്ടത് അവരാണ്.”

“ങാ… നീലു… മനസ്സുകൾ തമ്മിൽ പൊരുത്തമുണ്ടെങ്കിലും ഒന്നിച്ചു ചേരാൻ കഴിയാത്ത എത്രയോ പേരുണ്ട്. വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു പറയുന്നതിന് അർത്ഥംതന്നെ അതല്ലെ ഏതായാലും നിന്‍റെ മോൾ ഭാഗ്യവതിയാണ് നീലു. ആശിച്ച ആളെ തന്നെ കിട്ടിയല്ലോ.” ചേച്ചിയുടെ മനസ്സിൽ നിമിഷ നേരത്തേക്ക് ഇടറിവീണതെന്താണെന്ന് നീലാംബരിക്ക് മനസ്സിലായി.

“ചേച്ചി പിന്നീട് എപ്പൊഴെങ്കിലും മാഷിനെ കണ്ടുവോ? മാഷ് സുഖമായിട്ടിരിക്കുന്നോ?”

“ഞാൻ കണ്ടു മോളെ… ഏ\താനും ആഴ്ചമുമ്പ് മാഷിനെ ഞാൻ ഇവിടെ വച്ചു കണ്ടു. വാർദ്ധക്യം അദ്ദേഹത്തെ വല്ലാതെ അവശനാക്കിയിരിക്കുന്നു. ഒപ്പം മറവിരോഗവും പിടിപെട്ടിരിക്കുന്നു.”

“അപ്പോൾ ചേച്ചിയെ അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നുണ്ടോ.”

“എന്നെയെന്നല്ല, അദ്ദേഹത്തിന്‍റെ മരിച്ചുപോയ ഭാര്യയൊഴിച്ച് ഈ ലോകത്തിൽ എല്ലാവരേയും അദ്ദേഹം മറന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ പൂർണ്ണമായും മറവിരോഗത്തിന് അടിപ്പെടും മുമ്പ് എനിക്കദ്ദേഹത്തെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ മകൻ വന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ടു പോയി.” അതു പറയുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അമ്മേ, ആന്‍റി, പായസം കുടിച്ചിട്ട് ഇനി സംസാരിക്കാം. ഇതാ കുടിക്കൂ…” അവൾ നീട്ടിയ പായസ ഗ്ലാസ് ആദ്യം നീലാംബരി അല്പം കുടിച്ച ശേഷം ഹേമാംബികക്കു നീട്ടി. “അസ്സലായിരിക്കുന്നു പായസം. ഇത് നയനയുണ്ടാക്കിയതാണോ. ഹേമേച്ചിയുടെ കൈപ്പുണ്യവും ഇതിൽ കാണാനുണ്ട്.”

നീലാംബരി പറഞ്ഞതു കേട്ട് നയന പറഞ്ഞു. “അമ്മയുടെ മേൽനോട്ടത്തിൽ ഞാൻ ഉണ്ടാക്കിയതാണ്.”

“ഇവൾ വെറുതെ പറയുന്നതാണ് കേട്ടോ നീലു. പാചകത്തിൽ ഇവൾ നല്ല മിടുക്കിയാണ്.”

“ഏതായാലും നയനയെ പോലെ ഒരു മകളെക്കിട്ടിയ ചേച്ചി ഭാഗ്യവതിയാണ്.”

“അതെ നീലു… സ്നേഹബന്ധങ്ങളുടെ വില ഞാൻ കൂടുതലായറിഞ്ഞത് ഇവരിൽ നിന്നെല്ലാമാണ്. അതി മോഹങ്ങളില്ലാതെ സ്നേഹം മാത്രം പകുത്തു നൽകുന്നവർ…” നയന ഒഴിഞ്ഞ പായസ ഗ്ലാസ്സുകൾ തിരികെ വാങ്ങി.

“ഇനി ഞാൻ പോയി എല്ലാവർക്കും ഊണു വിളമ്പട്ടെ.” അങ്ങനെ പറഞ്ഞ് നയന തിരികെ നടന്നു പോയി. അപ്പോൾ നീലാംബരി ആവേശപൂർവ്വം പറഞ്ഞു.

“ഞാൻ ഇനിയും വരും ഈ സ്നേഹ സദനത്തിലേക്ക്… ഇവിടത്തെ ശാന്തിയും സമാധാനവും സ്നേഹ- സൗഹൃദ കൂട്ടായ്മകളും എന്നെ വല്ലാതെ അകർഷിച്ചു. ഇപ്പോൾ ഞാൻ നൽകുന്ന ഈ തുക ഉപയോഗിച്ച് ചേച്ചി ഇവിടെ എല്ലാവർക്കും നല്ലഭക്ഷണവും, വസ്ത്രവും ചികിത്സയും മറ്റും നൽകണം.”

നീലാംബരി നീട്ടിയ അമ്പതിനായിരം രൂപയുടെ ചെക്ക് കയ്യിൽ വാങ്ങുമ്പോൾ ഹേമാംബികയുടെ കണ്ണുകൾ നിറഞ്ഞു.

“നീലു, നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. നിന്‍റെ ഈ സംഭാവന തീർച്ചയായും ഇവിടെയുള്ളവരുടെ ക്ഷേമത്തിന് ഉപകരിക്കും.”

“പിന്നെ ഈ കവറിൽ കല്യാണം പ്രമാണിച്ച് ഞാൻ ചേച്ചിക്കു വാങ്ങിയ പട്ടുസാരിയാണ്. ഇതുടുത്തു വേണം ചേച്ചി കല്ലുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ…”

“നീലു… നീയെന്നെ വല്ലാതെ തോല്പിച്ചു കളയുന്നു കുട്ടീ… നിന്‍റെ ഈ സ്നേഹത്തിനു പകരം നൽകാൻ എന്‍റെ കയ്യിൽ ഒന്നുമില്ലല്ലോ മോളെ…”

“ചേച്ചിയുടെ മനസ്സു നിറഞ്ഞ അനുഗ്രഹം മാത്രം മതി എനിക്ക്. അമ്മ മരിച്ചതിൽപ്പിന്നെ ചേച്ചീ ഞങ്ങൾ കൂടപ്പിറപ്പുകൾക്ക് അമ്മയും കൂടിയാണ്.”

“ശരി മോളെ. നിങ്ങൾ എനിക്കും മക്കൾ തന്നെയാണ്… എന്‍റെ അനുഗ്രഹവും സ്നേഹവും നിങ്ങൾക്കൊപ്പം എന്നുമുണ്ടാകും. മണിക്കുട്ടനേയും കിങ്ങിണി മോളേയും കാണണമെന്നുണ്ടെനിക്ക്. അതു നടക്കുമോ എന്നറിയില്ല.”

“വരും… ചേച്ചീ… അവരും ചേച്ചിയെക്കാണാൻ അടുത്തു തന്നെ എത്തും… ചേച്ചിയെ മറക്കാൻ അവർക്കു കഴിയുകയില്ല. ചെറുപ്പകാലത്ത് ചേച്ചി ഞങ്ങൾക്കുവേണ്ടി സഹിച്ചിട്ടുള്ള ത്യാഗങ്ങളും അവർക്ക് മറക്കാനാവുകയില്ല…”

“വരൂ… നമുക്കിനി ഊണു കഴിക്കാം അമ്മേ എന്നിട്ടു സംസാരിക്കാം.” നയന മടങ്ങിവന്നുകൊണ്ട് പറഞ്ഞു. അവൾ അവർ ഇരുവരേയും ഊണുമുറിയിലേക്ക് നയിച്ചു… അവിടെ വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കുന്നതിനിടയിൽ നീലാംബരി എല്ലാവരുമായി പരിചയപ്പെട്ടു സ്നേഹത്തിന്‍റെ നിറകുടങ്ങളാണ് അവരെല്ലാമെന്ന് നീലാംബരിക്ക് അനുഭവവേദ്യമായി. ഊണു കഴിഞ്ഞയുടനെ അവർ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും നീലാംബരിയെ സന്തോഷിപ്പിച്ചു. വൈകുന്നേരം വളരെയേറെ സന്തോഷവതിയായി നീലാംബരി പോകാനായി തുനിഞ്ഞു.

“ഇവിടെത്തെ അന്തരീക്ഷത്തിൽ നിന്ന് എനിക്ക് മടങ്ങിപോകാൻ തോന്നുന്നില്ല ചേച്ചീ… എങ്കിലും പോകാതിരിക്കാനാവില്ലല്ലോ. അവിടെ സതീഷേട്ടൻ എന്നെ കാത്തുനിലക്കുന്നുണ്ടാവും. വിവാഹത്തോടനുബന്ധിച്ച് അല്പം പർച്ചേസ് കൂടി ഉണ്ട്.”

“ശരി… നീലു… നീയിനിയും വരണം… കൂടെ മക്കളെയും സതീഷിനേയും കൂട്ടണം.”

“സതീഷേട്ടൻ വന്നില്ലെങ്കിലും ഞാൻ വരും ചേച്ചീ… ഇനി നമുക്ക് വിവാഹ മണ്ഡപത്തിൽ വച്ച്. കാണാം എല്ലാവരേയും കൂട്ടി നേരത്തേ ചേച്ചി എത്തണം.” നീലാംബരി എല്ലാവരോടും ഒരിക്കൽക്കൂടി യാത്രപറഞ്ഞ് താൻ വന്ന എൻഡോവറിൽ കയറി.

“നമുക്കു പോകാം രാമകൃഷ്ണേട്ടാ.”

“ഫ്ലാറ്റിലേക്കു തന്നെയല്ലെ?”

“അതെ അവിടെ സതീഷേട്ടൻ കാത്തിരുന്നു മുഷിഞ്ഞു കാണും.” രാമകൃഷ്ണൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ നീലാംബരി പുറകോട്ടു നോക്കി കൈകൾ വീശി. കാർ കണ്ണിൽ നിന്നു മറയുന്നതു വരെ ഹേമാംബികയോടൊപ്പം വൃദ്ധസദനത്തിലുള്ളവർ കൈവീശി നിന്നു. അവർക്ക് തങ്ങൾക്ക് പ്രീയപ്പെട്ട ആരോ തങ്ങളെക്കാണാൻ വന്നുപോയ പ്രതീതിയായിരുന്നു.

നേരം പരപരാ വെളുക്കുന്നതേയുള്ളു. കിഴക്ക് ഉദിച്ചുയരുന്നസൂര്യ ബിംബം, താലത്തിൽ ആരോ നേദിച്ച ഫലം പോലെ ചുവന്നുതുടുത്തിരുന്നു. അന്ന് ബാങ്കിന് അവധിയായിരുന്നു. ഒരു ഒഴിവുദിനത്തിന്‍റെ ആലസ്യത്തിൽ സുമേഷ് മുടിപ്പുതച്ചു കിടന്നു. ശനിയാഴ്ച ആയതിനാൽ താരക്കും ഓഫീസ് ഉണ്ടായിരുന്നില്ല. അവൾ നേരത്തേ എണീറ്റ് ശാന്തിയോടൊപ്പം വീട്ടുകാര്യങ്ങളിൽ വ്യാപൃതയായി. അല്പം കഴിഞ്ഞ് ചിന്നു മോൾ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. മേശപ്പുറത്തിരുന്ന അമ്മയുടെ ഫോൺ കണ്ണിൽപ്പെട്ട അവൾ അതിൽ ചില ഗെയിമുകൾ കളിക്കാൻ തുടങ്ങി. അമ്മ കണ്ടാൽ വഴക്കുപറയുമെന്നറിയാവുന്നതു കൊണ്ട് അവൾ അതും കൊണ്ട് തന്‍റെ മുറിയിലേക്കു പോയി. കുറച്ചു നേരം കഴിഞ്ഞ് താര കിച്ചുമോനെ ഉണർത്താനായി വന്നപ്പോൾ ചിന്നു മോൾ തന്‍റെ മൊബൈൽ എടുത്ത് കളിക്കുന്നതു കണ്ടു.

“നിന്നോടല്ലേ പറഞ്ഞത് എന്‍റെ മൊബൈലെടുത്ത് കളിക്കരുതെന്ന്.”

“അത് അമ്മേ എന്‍റെ പരീക്ഷയൊക്കെ കഴിഞ്ഞ് സ്ക്കൂൾ അടച്ചല്ലോ. പിന്നെയെന്താ?”

“അതൊക്കെ ശരി. നീ പക്ഷെ ഫോണെടുത്ത് കളിച്ചാൽ എന്‍റെ ഫോൺ ചീത്തയാകും. കൂടാതെ കണ്ട ഗെയിമുകളൊക്കെ കളിക്കാൻ പോയാൽ ചിലപ്പോൾ അതുമതി കുട്ടികളെ വഴിതെറ്റിക്കാനും അപകടങ്ങൾ വരുത്തിവയ്ക്കാനും.”

“ഇല്ല അമ്മേ, അമ്മ ഉദ്ദേശിക്കുന്നത് ബ്ലൂവെയിൽ പോലുള്ള ഗെയിമുകളെല്ലെ ഇന്നാള് അമ്മയുടെ ഓഫീസിലെ ആന്‍റിയുടെ മകൻ മരിച്ചത് ആ ഗെയിം കളിച്ചിട്ടാണെന്ന് എനിക്കറിയാം. പക്ഷെ ഞാൻ അങ്ങനത്തെ ഗെയിമൊന്നും കളിക്കില്ല അമ്മേ…”

“എന്തായാലും നീ എന്‍റെ ഫോണെടുത്ത് കളിക്കേണ്ട ചിന്നു. എപ്പോഴാണതിൽ ഒഫീഷ്യൽ കോളുകൾ വരുന്നതെന്നറിയില്ല.” താര അവളുടെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങാൻ നോക്കിയപ്പോൾ അവൾ അതും കൊണ്ട് അപ്പൂപ്പന്‍റെ മുറിയിലേക്കോടി. രാവിലെ കാപ്പി കൊണ്ടു പോയി കൊടുത്ത ശേഷം ശാന്തി മുറി പൂട്ടാൻ മറന്നു പോയിരുന്നു. മുറിക്കകത്തു കയറിയ ചിന്നു മോൾ ഒരു മൂലയിൽ അമ്മ കാണാതെ പതുങ്ങി നിന്നു. ചിന്നുമോളെക്കണ്ട് നന്ദൻമാഷ് പുഞ്ചിരിച്ചു. “ശ്… മിണ്ടല്ലേ അപ്പൂപ്പാ… ഞാനിവിടെ ഉണ്ടെന്ന് അമ്മയോടു പറയല്ലേ…” എന്ന് പറഞ്ഞ് അവൾ നന്ദൻമാഷിന്‍റെ നേരേ കൈയാഗ്യം കാണിച്ചു.

അല്പം കഴിഞ്ഞു താരയും ചിന്നുമോളുടെ പുറകെ ഓടിയെത്തി. അവളുടെ കൈയ്യിൽ ആ ചെറിയ ചൂരൽ വടി ഉണ്ടായിരുന്നു. വടി കണ്ട നന്ദൻമാഷ് ഉറക്കെ നിലവിളിച്ചു, “അയ്യോ… എന്നെ തല്ലാൻ വരുന്നേ…”

പെട്ടെന്ന് താര വടി മറച്ചു പിടിച്ചു. പക്ഷെ നാസാരന്ധ്രങ്ങളിൽ വല്ലാത്തൊരു മണം അടിച്ചു കയറിയതിനെത്തുടർന്ന് അവൾ മൂക്കുവിടർത്തി. മുറിയിൽ അവിടെവിടെയായി മൂത്രം തളംകെട്ടി നില്ക്കുന്നതാണ് അവൾ കണ്ടത്. അതു കണ്ട് താര തലയിൽ കൈവച്ചു പോയി.

“ഈ അച്ഛനെന്താ ഈ കാണിക്കുന്നത്? മൂത്രമൊഴിക്കേണ്ടത് ബാത്റൂമിലാണെന്ന് അറിഞ്ഞു കൂടെ?” താര ഉച്ചത്തിൽ അലറി. അതുകേട്ട് സുമേഷും ശാന്തിയും ഓടിയെത്തി…

“എന്താ താരെ നീ കാലത്തെ ഒച്ചയിടുന്നത്?” സുമേഷ് ചോദിച്ചു.

“അച്ഛൻ കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ സുമേഷേട്ടാ… മുറിക്കകത്തൊക്കെ മൂത്രമൊഴിച്ചു വച്ചിരിക്കുന്നു. നമ്മൾ പൂട്ടിയിട്ടതിന്‍റെ പ്രതിഷേധമാണെന്നാ തോന്നുന്നേ.”

സുമേഷ് അത് കണ്ട് ക്രൂദ്ധനായി അച്ഛനെ നോക്കി. താരയുടെ കൈയ്യിൽ നിന്ന് വടി വാങ്ങിയെടുത്ത് സുമേഷ്, നന്ദൻ മാഷിനെ അടിക്കാനോങ്ങി. അതുകണ്ട് ചിന്നു മോൾ അപ്പൂപ്പനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, “അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… അപ്പൂപ്പൻ പാവമാ…”

“നീ മാറിനിന്നോ… ഇല്ലെങ്കിൽ നിനക്കും കിട്ടും അടി.” താരയാണ് അത് പറഞ്ഞത്.

ചിന്നുമോളെ പിടിച്ചു മാറ്റി നന്ദൻമാഷിനെ അടിക്കാൻ തുനിഞ്ഞ സുമേഷിനോട് ശാന്തി പറഞ്ഞു.

“അയ്യോ സാറെ… അങ്ങേർക്ക് ഓർമ്മയില്ലാതെയാ ഇതെല്ലാം ചെയ്യുന്നതെന്നാ എനിക്കു തോന്നുന്നത്. അതിന് അടിച്ചിട്ടൊന്നും കാര്യമില്ല സാറെ. നല്ല ഒരു ഡോക്ടറെ കാണിക്കുകയാവേണ്ടത്.” ശാന്തിയുടെ വാക്കുകൾ സുമേഷിനെ പിടിച്ചു നിർത്തി. അയാൾ ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്ന് പിന്നെ പിൻവാങ്ങി.

സുമേഷ് ശാന്തനായി തിരികെ പോകുന്നതു കണ്ട് താര അമ്പരന്നു. അവൾ ദേഷ്യത്തോടെ ശാന്തിയെ നോക്കി.

“നിനക്ക് ഇങ്ങേരോട് വലിയ സിംപതി ആണല്ലോ. നീ തന്നെ എല്ലാം തുടച്ചു വൃത്തിയാക്ക്.”

“അതെ ചേച്ചീ… എനിക്കിങ്ങേരോട് ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നു. പക്ഷെ ഇപ്പം എനിക്ക് സഹതാപമാ തോന്നുന്നത്. കാരണം ഇങ്ങേർക്ക് ശരിക്കുള്ള ഓർമ്മയില്ലാ എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. എന്‍റെ അപ്പയും ഇങ്ങനത്തെ അസുഖം വന്നാ ചത്തത്. അന്ന് ഞാനാ നോക്കിയത്. അതുകൊണ്ട് ഈ സാറിന്‍റെ കാര്യങ്ങൾ നോക്കാൻ എനിക്കു വെഷമമില്ല ചേച്ചീ… പക്ഷേങ്കില് കിച്ചു മോന്‍റെ കാര്യം ഒള്ളതു കൊണ്ടാ. അല്ലേൽ ഞാൻ എന്‍റെ അപ്പയെപ്പോലെ നോക്കിയേനേം.”

അങ്ങനെ പറഞ്ഞ് അവൾ ഒരു തുണിയെടുത്തുകൊണ്ട് വന്ന് അവിടെയെല്ലാം തുടച്ചു വൃത്തിയാക്കി. പിന്നെ ധരിച്ചിരുന്ന മുണ്ട് ഊരിക്കളഞ്ഞ് നല്ല ഒരു മുണ്ടെടുത്ത് നന്ദൻമാഷിനെ ധരിപ്പിച്ചു. എന്നിട്ട് ചിന്നുമോളോട് പറഞ്ഞു, “ഇടക്ക് അപ്പൂപ്പനെ ബാത്റൂമിലേക്ക് കൈപിടിച്ച് കൊണ്ടു പോകണേ ചിന്നു. അല്ലെങ്കിൽ അപ്പൂപ്പൻ ഇനിയും ഇതുപോലെ കാണിക്കും.”

“ഓ കെ ശാന്തിച്ചേച്ചി, ഞാൻ അപ്പൂപ്പന്‍റെ അടുത്തു തന്നെ ഇരുന്നോളാം. അപ്പൂപ്പന് എന്താവശ്യമുണ്ടെങ്കിലും ചെയ്തു കൊടുക്കാം.” അവൾ താരക്ക് ഫോൺ മടക്കിക്കൊടുത്തു.

“അമ്മ തന്നെ എടുത്തോ ഫോൺ, എനിക്കു വേണ്ട. ഞാൻ അപ്പൂപ്പന്‍റെ കൂടെ വർത്തമാനം പറഞ്ഞ് ഇരുന്നോളാം. ഇടയ്ക്ക് ബാത്റൂമിലേക്കും കൈപിടിച്ച് കൊണ്ടു പൊയ്ക്കോളാം.”

താര അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഒന്നും മിണ്ടാതെ പുറത്തുകടന്നു. ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന ചിന്തയായിരുന്നു അവളുടെ മനസ്സുനിറയെ. പൂമുഖത്തെത്തിയയുടനെ സുമേഷ് ഒരു ഏജൻസിയിലേക്ക് വിളിച്ചു സംസാരിക്കാൻ തുടങ്ങി. അടുത്ത ദിവസം തന്നെ ഒരു ഹോം നേഴ്സിനെ വീട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്ത് അയാൾ ഫോൺ വച്ചു. അടുത്തു തന്നെ ഹോം നഴ്സ് എത്തുമെന്നറിഞ്ഞതോടെ താരക്ക് സന്തോഷമായി. എന്നാൽ സുമേഷാകട്ടെ ഹോം നഴ്സ് വരുന്നതോടെ വർദ്ധിക്കുന്ന വീട്ടു ചിലവുകളോർത്ത് അസ്വസ്ഥനായി. അയാൾ ഭാര്യയോടു പറഞ്ഞു.

 

“ഹോം നഴ്സ് വരുന്നതോടെ നമ്മുടെ ബഡ്ജറ്റൊക്കെ തെറ്റും. നീ അതനുസരിച്ച് വീട്ടു ചെലവുകൾ വെട്ടിച്ചുരുക്കി കാര്യങ്ങൾ മാനേജ് ചെയ്തോണം.”

“അതൊക്കെ ഞാൻ നോക്കിക്കോളാം സുമേഷേട്ടാ… അല്ലേലും ഇപ്പഴ് ഇവിടെ ഒരു കൈയ്യും കണക്കുമില്ലാതെയാണ് വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും ചിലവാക്കുന്നതും. ശാന്തിയാണെങ്കിൽ വളരെ ലാവിഷ് ആണ്.”

“ഉം… എത്ര ചുരുക്കിയാലും പിള്ളേരുടെ കാര്യത്തിനൊന്നും ഒരു മുടക്കവും വരുത്തണ്ട.”

“അത് പിന്നെ ചിന്നു മോൾക്ക് എപ്പഴും കൊറിക്കാൻ വേണം. പിന്നെ അവള് ചോക്ലറ്റും മറ്റും ഇഷ്ടം പോലെ കഴിക്കും. അതെല്ലാം കുറക്കണം.”

“അതെല്ലാം വേണ്ട വിധത്തിൽ നീ കൈകാര്യം ചെയ്താൽ മതി പിന്നെ സുരേഷേട്ടൻ വരുമ്പോൾ നമുക്ക് സുരേഷേട്ടനെക്കൊണ്ട് കാശു ചിലവാക്കിക്കാം.”

“ങാ… അതൊക്കെ നിങ്ങളുടെ മിടുക്ക്…” അങ്ങനെ പറഞ്ഞ് താര തിരിഞ്ഞു നടന്നു. അവൾ കിച്ചു മോനെ വിളിച്ച് എണീപ്പിച്ച് പല്ലുതേപ്പിച്ച് അവന് പാലു കൊടുത്തു. അപ്പോഴേക്കും ശാന്തി എല്ലാവർക്കും കാപ്പിയും പലഹാരവും മേശപ്പുറത്ത് നിരത്തി.

“നീ അച്ഛന്‍റെ മുറിയിൽ കൊണ്ടുപോയി ആഹാരം വച്ചിട്ടു വാ. എന്നിട്ട് ചിന്നുമോളെ ഇങ്ങു വിളിച്ചോ.”

“ചിന്നു മോൾ അവിടെയിരുന്നോട്ടെ ചേച്ചീ… അല്ലെങ്കിൽ നന്ദൻസാറ് ഇനിയും ഓർമ്മയില്ലാതെ വല്ലതുമൊക്കെ കാണിക്കും.”

“നിന്നോട് പറഞ്ഞത് കേട്ടാൽ മതി. ചിന്നു മോളോട് ഇവിടെ മേശപ്പുറത്ത് വന്നിരുന്നത് കാപ്പി കുടിക്കാൻ പറ.”

“ശരി ചേച്ചീ… ഞാൻ ചിന്നു മോളോട് ചെന്നു പറയാം.” അങ്ങനെ പറഞ്ഞ് ശാന്തി, നന്ദൻമാഷിന്‍റെ മുറിയിലേക്ക് നടന്നു. മേശപ്പുറത്ത് ആഹാരം വച്ച ശേഷം ശാന്തി ചിന്നുമോളോട് പറഞ്ഞു, “ചിന്നു മോൾ അവിടെ വന്നിരുന്ന് ആഹാരം കഴിക്കാൻ അമ്മ പറഞ്ഞു.”

“എനിക്കു ഇവിടെ കൊണ്ടുവന്നു തന്നാൽ മതി. അല്ലെങ്കിൽ അപ്പൂപ്പനും കൂടിയുള്ളത് മേശപ്പുറത്ത് കൊണ്ടു വയ്ക്കണം.”

“അയ്യോ കുഞ്ഞേ… താരേച്ചി വഴക്കും പറയും.”

“അമ്മയോട് ഞാൻ പറഞ്ഞോളാം.” അവളുടെ വാക്കുകളിൽ ധൈര്യം നിറഞ്ഞിരുന്നു. ചിന്നു മോൾ അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ച് പതുക്കെ ഊണു മുറിയിലേക്ക് നടത്തി. താര അതു കണ്ട് അമ്പരന്നു നോക്കിനിന്നു

“എന്താ ചിന്നു മോളെ നീയിക്കാണിക്കുന്നത്. അങ്ങേർക്ക് നല്ല ഓർമ്മയും വെളിവുമില്ലാത്തതാണെന്ന് നിനക്കറിഞ്ഞുകൂടെ?”

“അത് മുറിക്കകത്തു പൂട്ടിയിട്ടിരുന്നാൽ കൂടുകയേ ഉള്ളു എനിക്കത് ആ മുറിയിലിരുന്നപ്പോൾ മനസ്സിലായി. അപ്പൂപ്പൻ ഇവിടെ എല്ലാവരുടേയും ഒപ്പമിരുന്ന് കഴിച്ചാൽ എന്തുവരുമെന്ന് നോക്കാമല്ലോ. ശാന്തി ചേച്ചി, അപ്പൂപ്പന്‍റെ പലഹാരവും ചായയും ഇങ്ങെടുത്തോണ്ട് വാ…”

ചിന്നുമോളുടെ സ്വരത്തിന് ആജ്ഞാഭാവമുണ്ടായിരുന്നു. അതുകണ്ട് താര ഒന്നും മിണ്ടിയില്ല. ശാന്തി മുറിക്കകത്തുനിന്നും ചായയും പലഹാരവും എടുത്തു കൊണ്ടുവന്ന് നന്ദൻമാഷിന്‍റെ മുമ്പിൽ വച്ചു.

ചിന്നു മോൾ വാഷ് ബേസിനടുത്തു കൊണ്ടുപോയി നന്ദൻമാഷിന്‍റെ കൈ രണ്ടും കഴുകിച്ചു. എന്നിട്ട് മേശയ്ക്കരുകിലെ കസേരയിൽ പിടിച്ചിരുത്തി. നന്ദൻമാഷ് ആഹാരത്തിനു മുന്നിൽ മിഴിച്ചിരിക്കുന്നതു കണ്ട് ചിന്നു മോൾ ദോശ പൊട്ടിച്ച് അപ്പൂപ്പന്‍റെ വായിൽ വച്ചു കൊടുത്തു. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ചെയ്തു കഴിഞ്ഞപ്പോൾ അവൾ അപ്പൂപ്പന്‍റെ നേരെമുമ്പിൽ പോയിരുന്ന് “ഇനി അപ്പൂപ്പൻ ഇതുപോലെ തനിയെ എടുത്ത് കഴിക്ക്” എന്നു പറഞ്ഞു, കഴിക്കുന്ന വിധം കാണിച്ചു കൊടുത്തു. നന്ദൻമാഷ് പ്ലേറ്റിലുണ്ടായിരുന്ന ദോശ മുഴുവനോടെ എടുത്ത് വായിലേക്കു കൊണ്ടുപോയി വായിൽ കുത്തിത്തിരുകി. പെട്ടെന്ന് വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ കാണിച്ച് കൈകാലിട്ടടിച്ച് വെപ്രാളപ്പെട്ടു. അതുകണ്ട് ചിന്നുവും ശാന്തിയും കൂടി നന്ദൻമാഷിന്‍റെ വായിലുള്ളതെല്ലാം പുറത്തെടുത്തു. നന്ദൻമാഷ് കൈ കാലിട്ടടിച്ചപ്പോൾ മേശപ്പുറത്തിരുന്ന ഏതാനും പ്ലേറ്റുകളും ഗ്ലാസ്സുകളും താഴെ വീണ് പൊട്ടി. ശബ്ദം കേട്ട് സുമേഷ് ഓടി വന്നു.

“എന്താണിത്… അച്ഛനെ ആരാണ് ഇങ്ങോട്ടു കൊണ്ടുവന്നത്?” അത് ചിന്നുമോളാണെന്ന് താര പറഞ്ഞതു കേട്ട് സുമേഷ് ദേഷ്യത്തോടെ അവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി കൊണ്ട് ചോദിച്ചു, “നിന്നോട് ആരു പറഞ്ഞു അച്ഛനെ ഇവിടെ കൊണ്ടുവന്നിരുത്താൻ. നീ പറഞ്ഞാൽ അനുസരിക്കില്ലല്ലേ?”

ചിന്നു ഉറക്കെ കരഞ്ഞു. അതുകണ്ട് നന്ദൻമാഷ് കൈ കൊണ്ട് സുമേഷിന്‍റെ പുറത്ത് അടിച്ചു കൊണ്ട് “മിന്നുവിനെ വിട്” എന്നു പറഞ്ഞു.

സുമേഷ് ഞ്ഞെട്ടിത്തിരിഞ്ഞ് “ങാഹാ അത്രയ്ക്കായോ” എന്നു പറഞ്ഞ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് മുറിക്കകത്തിട്ടു പൂട്ടി. നന്ദൻമാഷ് ഉറക്കെ വാതിലിൽ തട്ടി നിലവിളിച്ചുകൊണ്ടിരുന്നു.

“വാതിൽ തുറക്ക്… വാതിൽ തുറക്ക്…” എന്നാൽ സുമേഷ് അത് കേട്ടതായി ഭാവിച്ചില്ല.

“ഇനി ഇന്ന് അങ്ങേർക്ക് ഒരു തുള്ളി വെള്ളം കൊടുത്തു പോകരുത്.” സുമേഷ് ചുറ്റുമുള്ളവരെ നോക്കി ആക്രോശിച്ചു. അയാൾ മുണ്ടുമടക്കിക്കുത്തി അവിടെ നിന്നും ദേഷ്യത്തിൽ നടന്നു നീങ്ങി. അതുകണ്ട് ശാന്തിയും ചിന്നുമോളും പരസ്പരം നോക്കി. ആ നാലുകണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 12

ഏറ്റവും ഒടുവിൽ സുമേഷും പുറത്തുകടന്നുകൊണ്ട് വാതിൽ പഴയപോലെ അടച്ചു പൂട്ടി. നന്ദൻമാഷ് ഭയന്നുവിറച്ച് അതിനകത്തിരുന്നു. മുറിക്കു പുറത്തു കടന്ന ശേഷം താര പറഞ്ഞു.

“സുമേഷേട്ടൻ ചെയ്തത് വളരെ നന്നായി. ഇപ്പോഴേ ഇങ്ങനെ ഭയപ്പെടുത്തിയില്ലെങ്കിൽ അങ്ങേർക്ക് ഇനിയും കുറുമ്പു കൂടും. നാളെ നമ്മളെ പലവിധത്തിൽ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.”

അതു കേട്ട് ശാന്തി പറഞ്ഞു, “തന്തയെ തല്ലുന്നത് പാപാ സാറെ. ഞാനങ്ങനെയാ കേട്ടിട്ടുള്ളത്. എത്രയൊക്കെയായാലും സാറിനെ വളർത്തിയ തന്ത തന്നെയല്ലെ അത്.”

“പാപവും പുണ്യവുമൊന്നും നീ എന്നെ പഠിപ്പിക്കാൻ വരണ്ട. ഭ്രാന്തു മൂത്താൽ അടി തന്നെയാണ് മറുമരുന്ന്. ഞാനിപ്പോ പിള്ളേരെ തല്ലുന്ന വടിയല്ലെ ഉപയോഗിച്ചുള്ളു. കുറച്ചു കഴിഞ്ഞാ ചങ്ങലയ്ക്കിടണമോ എന്നും ആലോചിക്കേണ്ടിവരും. ഏതായാലും നീയിപ്പോ ഇതൊന്നും കണ്ട് പറയാൻ നിക്കണ്ട. പോയി ആഹാരം വിളമ്പ്. അച്ഛനുള്ള ആഹാരം മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

അല്പം കഴിഞ്ഞ് നന്ദൻമാഷിനുള്ള ആഹാരവുമായി ശാന്തി മുറിക്കകത്തെത്തി. അപ്പോൾ മാഷ് തളർന്ന പോലെ കിടക്കുന്നതു കണ്ടു. അവൾക്ക് സഹതാപം തോന്നി. അവൾ നന്ദൻമാഷിനെ മെല്ലെ തട്ടി വിളിച്ച് പറഞ്ഞു. “സാറെ ഈ ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് മിണ്ടാതെ കിടന്നോ. അല്ലേൽ സുമേഷ്സാർ ഇനിയും വടിയും കൊണ്ടുവരും. അടിയും തരും. സുമേഷ് സാർ ആളു ഭയങ്കരനാ. ഇപ്പോ കണ്ടാ സുമേഷ് സാറാണെന്നു തോന്നും സാറിന്‍റെ തന്ത. സാറു അങ്ങേരുടെ മകനും.”

നന്ദൻമാഷ് ശാന്തി പറയുന്നതു കേട്ട് ആഹാരം കഴിക്കാനായി എഴുന്നേറ്റിരുന്നു… സത്യത്തിൽ ഇപ്പോൾ അദ്ദേഹത്തിന് മകനെ വല്ലാതെ പേടിയായി തുടങ്ങി. നന്ദൻമാഷ് കഴിക്കാൻ തുടങ്ങുന്നതു കണ്ട് ശാന്തി സന്തോഷത്തോടെ പറഞ്ഞു. “ങാ… മുഴുവൻ കഴിച്ചോണേ. ഞാൻ പോകുവാ.”

ആഹാരം കഴിക്കാൻ തുനിഞ്ഞ നന്ദൻമാഷ് പെട്ടെന്ന് ശാന്തിയോട് ചോദിച്ചു. “കഴിക്കാൻ അറിഞ്ഞൂടാ… വാരിത്തരോ?”

കൊച്ചു പിള്ളേരുടേതുപോലെയുള്ള നന്ദൻമാഷിന്‍റെ ചോദ്യം കേട്ട് ശാന്തി അലിവോടെ പറഞ്ഞു, “എനിക്ക് അടുക്കളേൽ ഒത്തിരി പണിയുണ്ട്. പിന്നെ കൊച്ചിനേം നോക്കണം. അല്ലേൽ ഞാൻ വാരിത്തന്നേനേം.”

പെട്ടെന്ന് നന്ദൻമാഷ് ചോദിച്ചു, “മിന്നു… മിന്നു മോൾ… എവിടെ?”

“മിന്നുമോളല്ല സാറെ… ചിന്നു മോൾ… ആ കൊച്ചിരുന്നു പഠിക്കുവാ സാറെ. പാവം അതിനെക്കൂടി തല്ലുകൊള്ളിക്കല്ലെ.”

നന്ദൻമാഷ് പിന്നെ ഒന്നും മിണ്ടിയില്ല. സത്യത്തിൽ ആഹാരം കഴിക്കേണ്ട വിധം അദ്ദേഹം മറന്നു തുടങ്ങിയിരുന്നു. നന്ദൻമാഷ് ആഹാരം കഴിക്കാതെ മിണ്ടാതിരിക്കുന്നതു കണ്ട് ശാന്തി മൂന്നുനാലുരുള വാരിക്കൊടുത്തു. അപ്പോഴെക്കും താര അവളെ അടുക്കളയിൽ നിന്ന് വിളിച്ചു.

“ഇനി സാർ തനിയെ കഴിക്കാൻ നോക്ക്. ഞാൻ പോട്ടെ. അല്ലേൽ താരേച്ചി ഇപ്പോ വഴക്കുപറയാൻ തുടങ്ങും.” പഴയ പോലെ മുറി അടച്ചു പുറത്തേക്കിറങ്ങിയ ശാന്തി അടുക്കളയിൽ കലിപൂണ്ടു നില്കുന്ന താരയെ കണ്ടു.

“എല്ലാർക്കും ചോറു വിളമ്പി വയ്ക്കാൻ പറഞ്ഞിട്ട് നീ എവിടെ പോയി കിടക്കുവാടീ…” താരയുടെ ശുണ്ഠി കണ്ട് ഭയന്ന ശാന്തി പറഞ്ഞു.

“ആ സാറ്… പാവം. ആഹാരം കഴിക്കാൻ പറ്റാതെ വിഷമിക്കുന്നതുകണ്ട് ഞാൻ വാരിക്കൊടുക്കുവായിരുന്നു.”

“നീ ആരാടി അങ്ങേർക്ക് വാരിക്കൊടുക്കാൻ. അങ്ങേര് വേണോങ്കി കഴിച്ചോളും. നീ നിന്‍റെ പണിനോക്ക്…”

“ശരി ചേച്ചി…” അങ്ങനെ പറഞ്ഞ് ശാന്തി വേഗം എല്ലാവർക്കും ചോറു വിളമ്പി മേശപ്പുറത്തു വച്ചു. അവർ ഓരോരുത്തരായി മേശപ്പുറത്ത് വന്നിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി. ഒടുവിൽ ചോറു വാരിക്കൊടുക്കാനായി കിച്ചുവിനെ എടുത്തുകൊണ്ട് ശാന്തി മുറ്റത്തേക്കു നടന്നു.

അപ്പോൾ താര സുമേഷിനോടു പറഞ്ഞു, “നിങ്ങടഛനിങ്ങനെ ആയാ നമ്മളെന്തോ ചെയ്യും? ഓരോ ദിവസം കഴിയുന്തോറും അങ്ങേര് മുഴുഭ്രാന്തിന്‍റെ ലക്ഷണങ്ങളാ കാണിക്കുന്നേ. മാത്രമല്ല അങ്ങേരെ നോക്കാൻ തന്നെ ഒരാളു വേണ്ടി വരുന്ന ലക്ഷണം. ശാന്തിക്കാണേൽ ഇവിടെ പിടിപ്പതു ജോലിയുണ്ട്. പോരെങ്കിൽ കിച്ചു മോനേം നോക്കണം. നമുക്ക് ഒരു ഹോം നഴ്സിനെ അന്വേഷിച്ചാലോന്നാ ഞാൻ ആലോചിക്കുന്നെ.”

“നീ പറയുന്നതു ശരിയാ. ഞാനും അതു തന്നെയാ ആലോചിക്കുന്നെ. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് അച്ഛന് വല്ലതും വന്നാ നമ്മളു നോക്കാഞ്ഞിട്ടാണെന്നേ എല്ലാരും പറയൂ. പ്രത്യേകിച്ച് സുരേഷേട്ടനും ഭാര്യയും അതുകൊണ്ട് നമുക്ക് ഒരു ഹോം നഴ്സിനെ ഏർപ്പെടുത്താം… അച്ഛന്‍റെ കാര്യങ്ങൾ നോക്കാൻ മാത്രമായി. നോക്കട്ടെ, ഞാൻ നാളെ ഏതെങ്കിലും ഏജൻസിയിൽ വിളിച്ച് ഒന്നന്വേഷിച്ചു നോക്കട്ടെ. നല്ല പണച്ചിലവുള്ള കാര്യമാണ്.”

“നമുക്ക് സുരേഷേട്ടനോടും കൂടി പറയാം. ഹോം നേഴ്സിനെ നിർത്താനുള്ള പണം തരാൻ. ഇല്ലേൽ അങ്ങേരു കൊണ്ടുപോയി നോക്കട്ടെ അച്ഛനെ” താര പറഞ്ഞു.

“ങ… അതെല്ലാം അടുത്തയാഴ്ച സുരേഷേട്ടൻ വന്നിട്ട് ആലോചിക്കാം. നമുക്കിപ്പോൾ ഒരു ഹോം നഴ്സിനെ കിട്ടുമോന്ന് നോക്കാം.” അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തെന്തോ തട്ടിമറിച്ചിട്ട ഒച്ച കേട്ടു. സുമേഷും താരയും ശബ്ദം കേട്ട് ഓടിയെത്തി.

മുറി തുറന്ന് നോക്കിയ സുമേഷ് കണ്ടത്. നന്ദൻമാഷിനു വേണ്ടി വിളമ്പി വച്ചിരുന്ന ആഹാരം മുഴുവൻ താഴെക്കിടക്കുന്നതാണ്. സുമേഷിന്‍റെ തുറിച്ചു നോട്ടത്തിനു മുന്നിൽ നന്ദൻമാഷ് അയാളെ ഭയത്തോടെ നോക്കി.

“അച്ഛൻ ചോറു മുഴുവൻ തട്ടിക്കളഞ്ഞുവല്ലേ. വേണ്ടെങ്കിൽ പറയാമായിരുന്നില്ലേ? ഇങ്ങനെ തട്ടിക്കളയേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഇനി ഇതാവർത്തിച്ചാൽ നേരത്തേ കിട്ടിയതിലും നല്ല അടി എനിക്കു തരേണ്ടിവരും. പറഞ്ഞില്ലെന്നു വേണ്ട.” സുമേഷ് ക്രൂദ്ധനായി പറഞ്ഞു.

സുമേഷിന്‍റെ ദേഷ്യഭാവം കണ്ട് നന്ദൻമാഷ് പേടിച്ച് നാലുപാടും നോക്കി. പേടിച്ച ഒരു കുട്ടിയെ പോലെ എവിടെയെങ്കിലും ഒളിക്കാൻ ഒരിടം കിട്ടിയെങ്കിൽ എന്നാണ് ആ നോട്ടത്തിന് അർത്ഥമെന്ന് അവിടെ നിന്ന എല്ലാവർക്കും തോന്നി. പെട്ടെന്ന് എന്തുകൊണ്ടോ സുമേഷ് ശാന്തനായി. അയാൾ തിരിഞ്ഞ് ശാന്തിയോടു പറഞ്ഞു, “നീ വേഗം ഇതെല്ലാം വൃത്തിയാക്കാൻ നോക്ക്.എന്നിട്ട് പഴയ പോലെ മുറിപൂട്ടി പോര്.”

നന്ദൻമാഷ് ചോറു വാരി ഉണ്ണാൻ മറന്നു പോയിരുന്നു എന്ന് അറിയാമായിരുന്നത് അപ്പോൾ അവിടെ ശാന്തിക്കു മാത്രമായിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു. നല്ല മഞ്ഞുണ്ടായിരുന്നതുകൊണ്ട് സ്നേഹ സദനത്തിൽ പലരും ആലസ്യം പൂണ്ട് കിടന്നുറങ്ങുകയായിരുന്നു. കൂട്ടത്തിൽ ആന്‍റണിയും, ഫിലിപ്പും മാത്രം അല്പം നേരത്തേ എണീറ്റ് അടുത്തുള്ള പള്ളിയിലേക്ക് നടന്നു.

ഹേമാംബികയും നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി മടങ്ങിവന്നു. പിന്നീട് അടുക്കളയിൽ കടന്ന് പാചകത്തിന് മേൽനോട്ടം വഹിക്കുകയും കൂടെ സഹകരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ് നയനയും എഴുന്നേറ്റു വന്നു. അവൾ നോക്കുമ്പോൾ അടുക്കള മുറ്റത്തിരുന്ന് ഒരു കാക്ക വിരുന്നു വിളിക്കുന്നതുകേട്ടു. അവൾ സന്തോഷത്തോടെ ഹേമയോട് വിളിച്ചു പറഞ്ഞു.

“ഹേമാമ്മേ… ഇതു കണ്ടോ… ഇന്ന്… ആരോ ഇവിടെ വിരുന്നിനെത്തുന്നുണ്ട്. ആരുടെ മക്കളാണാവോ അത്… ഏതായാലും ഇവിടെയുള്ള ആർക്കോ ഇന്ന് അവരുടെ സ്വന്തക്കാരെ കാണാനുള്ള ഭാഗ്യമുണ്ട്.”

“അപ്പോ ഇന്ന് എന്തെങ്കിലും സ്പെഷ്യലും കൂടി വേണം അല്ലേ നയനേ. നമുക്ക് ഒരു ശർക്കരപ്പായസം ഉണ്ടാക്കിയാലോ…”

“ഹായ്… അതു നല്ല ആലോചനയാ ഹേമാമ്മേ… പാവം… ദേവകിയമ്മ മരിച്ചതിപ്പിന്നെ നമ്മള് പായസം ഉണ്ടാക്കിയിട്ടില്ലല്ലോ. ഇപ്പോ എത്ര നാളായി. ഇന്ന് പായസം ഉണ്ടാക്കാൻ ഞാനും കൂടാം ഹേമാമ്മേ…” അങ്ങനെ പറഞ്ഞ് അവൾ ശർക്കര ഉരുക്കാനും പായസത്തിനുള്ള അട പാകപ്പെടുത്താനും തുടങ്ങി.

ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ പായസം റെഡിയായപ്പോൾ അവൾ അത് ഒരു വലിയ പാത്രത്തിലാക്കി അടച്ച് ഊണുമേശപ്പുറത്തു വച്ചു. ഉച്ചത്തേക്കുള്ള ചോറും കറികളും അപ്പോഴേക്കും തയ്യാറായിക്കഴിഞ്ഞിരുന്നു.

അല്പം കഴിഞ്ഞ് അവൾ ഹേമാംബികയോടൊപ്പം തോട്ടത്തിൽ പണിയെടുക്കാൻ തുടങ്ങി. പുതിയ ചില പൂച്ചെടികൾ ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയത് അവർ ഇരുവരും ചേർന്ന് പൂച്ചട്ടികളിൽ നട്ടുപിടിപ്പിച്ചു. അപ്പോൾ നയന പറഞ്ഞു, “ഈ പൂച്ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ എന്തു രസമായിരിക്കും അല്ലേ ഹേമാമ്മേ. ഇവിടെ മുഴുവൻ ഒരു വസന്തം വിടർന്നു നില്ക്കും…”

“ശരിയാ നയനേ. അതിനു വേണ്ടിയാണല്ലോ നാമിതു നട്ടുപിടിപ്പിക്കുന്നത്.”

“മനോഹരമായ ഒരു പൂവിന്‍റെ ജന്മം നൈമിഷികമെങ്കിലും എത്ര സാർത്ഥകമാണ് അല്ലേ ഹേമാമ്മേ. വിടർന്നു നില്ക്കുന്ന ഒരു പൂ മറ്റുള്ളവർക്ക് കൺനിറയെ ആനന്ദം പകരുന്നുണ്ട്. ചിലപ്പോൾ ഭഗവാന് തിരുവടികളിൽ അത് പൂജാ പുഷ്പമായി മാറുന്നു. അല്ലെങ്കിൽ സുന്ദരികളുടെ മുടിക്കെട്ടിൽ പരിമളം പൊഴിച്ചു കൊണ്ട്. അങ്ങനെ ഏതു രീതിയിൽ നോക്കിയാലും അവ തന്‍റെ ജന്മം പുണ്യം നിറഞ്ഞതാക്കുന്നു.”

“അതെ നയന, ഒരു പൂവിന്‍റെ ജന്മം പോലെയാകണം നാം ഓരോരുത്തരുടെ ജന്മവും. എത്ര കുറച്ചു ജീവിച്ചാലും മറ്റുള്ളവരിൽ പരിമളം പരത്താനും, ആനന്ദിപ്പിക്കാനും, നമുക്കു കഴിയണം.”

“പക്ഷെ അമ്മേ ജനിക്കുമ്പോഴേ പുഴുക്കുത്തേറ്റ പൂക്കളുടെ കാര്യമോ?”

“അവർക്കും എന്തെങ്കിലും ജന്മനിയോഗം ഉണ്ടാകും കുഞ്ഞെ. ഭഗവാന്‍റെ കണ്ണിൽ അദ്ദേഹത്തിന്‍റെ ഒരു സൃഷ്ടിയും പാഴ്ജന്മമല്ല.”

നയന ചിന്താഭരിതയായി ഏറെ നേരം നിന്നു. തന്‍റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ ചുടുകണ്ണീർ അവൾ കൈ കൊണ്ട് തുടച്ചു നീക്കി മെല്ലെ പുഞ്ചിരിച്ചു.

പെട്ടന്ന് മുറ്റത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ട് അവർ രണ്ടു പേരും തലയുയർത്തി നോക്കി.

സ്നേഹ സദനത്തിന്‍റെ മുറ്റത്ത് ഒരു കാർ ഒഴുകി വന്നു നില്ക്കുന്നത് അവർ കണ്ടു ഒരു ചുവന്ന ഫോർഡ് എൻഡോവർ കാർ. അതിൽ നിന്നും കൂളിംഗ് ഗ്ലാസ് വച്ച പ്രൗഢയായ ഒരു സ്ത്രീ ഇറങ്ങി വന്നു. അവർ തോട്ടത്തിൽ നില്ക്കുന്ന ഹേമാംബികയുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു

“നീലാംബരി…” ഹേമാംബികയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവൾ വേഗം നീലാംബരിയുടെ അടുത്തേക്ക് നടന്നു. ഒപ്പം നയനയും. നടക്കുന്നതിനിടയിൽ നയന പറഞ്ഞു, “കണ്ടോ… ഞാൻ രാവിലെ പറഞ്ഞതല്ലെ അമ്മേ വിരുന്നുകാരുണ്ടാവുമെന്ന്…”

തന്‍റെ പ്രവചനം ഫലിച്ചതിൽ വലിയ പൊങ്ങച്ചമട്ടിൽ അവൾ ഹേമാംബികയെ നോക്കി. പിന്നെ അല്പം ശബ്ദം താഴ്ത്തി പറഞ്ഞു, “ആരോ വലിയ കാശുകാരാണെന്ന് തോന്നുന്നല്ലോ അമ്മേ… വല്ല സംഭാവനയും നൽകാൻ വന്നതായിരിക്കുമോ?” നയന ഹേമാംബികയുടെ മുഖത്ത് നോക്കി കണ്ണിറുക്കി.

“അത്… അത് എന്‍റെ അനുജത്തിയാണ് മോളെ… നീലാംബരി.” നയന പെട്ടെന്ന് മുഖം വെട്ടിത്തിരിച്ചു ഹേമയെ അതിശയത്തോടെ നോക്കി.

“എന്‍റെ രണ്ടനുജത്തിമാരിൽ മൂത്ത ആൾ. വർഷങ്ങളായി അവർ ഗൾഫിലാണ്. ഗൾഫിലെ ഒരു ഇൻഡ്യൻ സ്ക്കൂളിന്‍റെ പിൻസിപ്പലായിട്ടാ അവൾ റിട്ടയർ ചെയ്തത്… അവളുടെ ഭർത്താവ് അവിടെ വലിയ ബിസിനസ്സുകാരനാ ഇപ്പോൾ.”

“ഓഹോ… അപ്പോൾ ഹേമാമ്മ ഇന്നാളൊരിക്കൽ ടെറസ്സിൽ നിന്ന് സംസാരിച്ചത് ഈ ആന്‍റിയോടാണല്ലേ.”

“അതെ മോളെ.” അപ്പോഴേക്കും നീലാംബരിയുടെ അടുത്ത് അവർ എത്തിക്കഴിഞ്ഞിരുന്നു.

“നിന്നെക്കണ്ടിട്ട് എത്ര നാളായി നീലു.” അങ്ങനെ പറഞ്ഞ് ഹേമാംബിക നീലാംബരിയെ കെട്ടിപിടിച്ചു. അവളുടെ കണ്ണു നിറഞ്ഞാഴുകുന്നുണ്ടായിരുന്നു.

“ശരിയാണ് ചേച്ചി… നമ്മൾ തമ്മിൽ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഇതിനു മുമ്പ് കേരളത്തിൽവരുമ്പോഴെല്ലാം ചേച്ചിയെ വന്നു കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും നടന്നില്ല. പലവിധ തിരക്കുകളായിരുന്നു അപ്പോഴെല്ലാം.”

“ശരിയാണ്. അപ്പോഴെല്ലാം ഫോൺ വിളികളിൽ ഒതുങ്ങി നമ്മുടെ സമാഗമങ്ങൾ. ഏതായാലും ഇന്നിപ്പോൾ നീ വന്നല്ലോ മോളേ. എനിക്ക് സന്തോഷമായി.”

“സത്യത്തിൽ അപ്പോഴെല്ലാം ചേച്ചി ഒരു അനാഥയെ പോലെ ഇവിടെ വന്നു താമസിക്കുന്നതിലുള്ള വിരോധവും എന്‍റെ ഉള്ളിലുണ്ടായിരുന്നു. ഒരിക്കലും ചേച്ചിയെ ആ വിധത്തിൽ കാണുവാൻ ഞാൻ ആഗ്രഹിച്ചില്ല.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു, “ഇപ്പോൾ നീ അകത്തേക്ക് വന്നു നോക്കു നീലു. അപ്പോൾ കാണാം ഞാൻ ഇവിടെ അനാഥയാണോ അതോ സനാഥയാണോ എന്ന്. അതു പോകട്ടെ നിന്‍റെ കൂടെ സതീഷ് വന്നില്ലേ?”

“ഇല്ല ചേച്ചീ. ഇവിടെ ഞങ്ങൾ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടിട്ടുണ്ട്, വല്ലപ്പോഴും വരുമ്പോൾ താമസിക്കാൻ. അവിടെ അദ്ദേഹമുണ്ട്. മൂപ്പർക്ക് ഇവിടെ എന്തോ ബിസിനസ് ഇടപാടുകൾ ഉണ്ട്… പിന്നെ കല്യാണത്തിന്‍റെ തിരക്കുകളും കാര്യങ്ങളും.” അവയൊന്നുമല്ല അയാൾ വരാത്തതിന് കാരണമെന്ന് ആ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു. ഇത്തരം ഒരു സ്ഥലത്തേക്ക് വരുന്നതിന് അയാളുടെ സ്റ്റാറ്റസ് അനുവദിക്കുന്നില്ലായിരിക്കും. ഹേമാംബിക അങ്ങനെ മനസ്സിൽ വിചാരിച്ചു കൊണ്ട് അനുജത്തിയെ നോക്കി.

അപ്പോൾ നീലാംബരി അടുത്തു നിന്ന നയനയെ ചൂണ്ടി ചോദിച്ചു. “ഇതാരാ ചേച്ചീ കൂടെയുള്ള ഈ പെൺകുട്ടി?”

“ഇത് നയന. എനിക്ക് പിറക്കാതെ പോയ എന്‍റെ മകൾ… എന്‍റെ മാനസപുത്രി…” ഹേമാംബിക പറഞ്ഞതു കേട്ട് നയന ഹേമാംബികയെ കെട്ടിപിടിച്ച് ആഹ്ളാദത്തോടെ പറഞ്ഞു.

“അതെ എന്നെ പ്രസവിക്കാത്ത എന്‍റെ അമ്മ തന്നെയാണ് ഇത്… അമ്മേ… എന്‍റെ അമ്മേ…” അങ്ങനെ പറഞ്ഞ് അവൾ ഹേമാംബികയുടെ കവിളിൽ തുരുതുരെ ഉമ്മ വച്ചു. അതു കണ്ട് നീലാംബരി പുഞ്ചിരി പൊഴിച്ചു കൊണ്ടു നിന്നു.

സ്നേഹത്തോടെ നയനയുടെ കവിളിൽത്തട്ടി, അവളുടെ ആലിംഗനത്തിൽ നിന്ന് മുക്തയായിക്കൊണ്ട് ഹേമാംബിക പറഞ്ഞു, “വരൂ നീലു. നമുക്ക് ഇവിടെ ബാക്കിയുള്ളവരെ കാണാം.”

അപ്പോൾ നീലാംബരി തന്‍റെ അടുത്തു നിന്ന ഡ്രൈവർ രാമകൃഷ്ണനെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു.

“ഇത് രാമകൃഷ്ണൻ ചേട്ടൻ. ഞങ്ങൾ നാട്ടിൽ വരുമ്പോഴെല്ലാം ഇദ്ദേഹമാണ് ഞങ്ങളുടെ വണ്ടി ഓടിക്കുന്നത്.” രാമകൃഷ്ണൻ ഹേമാംബികയെ നോക്കി കൈകൂപ്പി. ഹേമാംബിക തിരിച്ചും.

“എങ്കിൽ രാമകൃഷ്ണൻ ചേട്ടൻ ഇവിടെ തനിച്ചിരിക്കണ്ട. ഞങ്ങളോടൊപ്പം അകത്തേക്ക് പോന്നോളു. അകത്ത് സ്വീകരണ മുറിയിൽ ഇരിക്കാം. അവിടെ ആരെങ്കിലുമൊക്കെ സംസാരിക്കാനുണ്ടാകും.” നീലാംബരിയേയും കൂട്ടിക്കൊണ്ട് ഹേമാംബിക അകത്തേക്കു നടന്നു. പിറകേ നയനയും. രാമകൃഷ്ണനും.

അവർ ഹാളിലെത്തിയപ്പോൾ പലരും അമ്പരപ്പോടെ നീലാംബരിയെ നോക്കി. ഇതാരാണപ്പാ ഒരു പുതിയ ആളെന്ന മട്ടിൽ. നീലാംബരിയുടെ പ്രൗഢമായ വേഷവിധാനങ്ങൾ കണ്ട് വല്ല സിനിമാ താരമോ മറ്റോ ആണോ എന്നും ചിലർ സംശയിച്ചു. ഹേമാംബിക എല്ലാവർക്കുമായി നീലാംബരിയെ പരിചയപ്പെടുത്തി.

“ഇതെന്‍റെ അനുജത്തി നീലാംബരി. എന്നെ കാണാൻ ഗൾഫിൽ നിന്നും വന്നെത്തിയതാണ്. ഇവളുടെ മകളുടെ വിവാഹം അടുത്തുതന്നെയുണ്ടാകും അതിന് ക്ഷണിക്കാൻ കൂടി വന്നതാണ്.”

എല്ലാവരും അതു കേട്ട് പുഞ്ചിരിക്കുകയും കൈകൊട്ടി നീലാംബരിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

“ഹേമാംബിക ടീച്ചറിന്‍റെ അനുജത്തി ഞങ്ങളുടെയും അനുജത്തിയാ.” സാവിത്രിയാണ് അതു പറഞ്ഞത്. അതു കേട്ട് നീലാംബരി പുഞ്ചിരിച്ചു

“എത്ര മക്കളാ?” ആരോ ചോദിച്ചതു കേട്ട് നീലാംബരി പറഞ്ഞു.

“എനിക്ക് രണ്ടു പെൺകുട്ടികളാണ് ഉള്ളത്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഒരു കുട്ടിയുമുണ്ട്. ഇളയ ആളുടെ വിവാഹമാണ് അടുത്ത മാസം പത്താം തീയതി ഗുരുവായൂരിൽ വച്ച് നടക്കുന്നത്. അതു കഴിഞ്ഞ് ഇവിടെ ഒരു വലിയ ഹോട്ടലിൽ റിസപ്ഷനുമുണ്ട്. നിങ്ങൾ എല്ലാവരേയും ഞാൻ കല്യാണത്തിന് ക്ഷണിക്കുകയാണ്.”

“ഓ… ഞങ്ങൾക്ക് എല്ലാവർക്കും വരാൻ കഴിയത്തില്ല ടീച്ചറെ… ഞങ്ങളിൽ പലർക്കും തനിയെ നടക്കാൻ പറ്റത്തില്ല.” വർഗ്ഗീസ് എന്ന വൃദ്ധനാണ് അത് പറഞ്ഞത്.

“വരാൻ പറ്റുന്നവർ എല്ലാവരും വരണം. ഞങ്ങൾക്കതൊരു സന്തോഷമായിരിക്കും.” നീലാംബരി കൈകൂപ്പിക്കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഹേമാംബിക ടീച്ചറിന്‍റെ കൂടെ വരാം… ഹേമാംബിക ടീച്ചർ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾക്കതൊരു ആത്മവിശ്വാസമാണ്. ടീച്ചർ ഞങ്ങളെയെല്ലാം സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്.” അങ്ങനെ പറഞ്ഞ് അവർ ആഹ്ളാദം പങ്കിട്ടു. അപ്പോഴേക്കും ഹേമാംബിക നീലാംബരിയെ തന്‍റെ മുറിയിലേക്ക് ക്ഷണിച്ചു

“വരൂ.നീലു എത്ര കാലമായി നമ്മൾ സ്വയം മറന്നിരുന്നൊന്ന് വർത്തമാനം പറഞ്ഞിട്ട്.”

അപ്പോൾ പുറകിൽ എല്ലാം വീക്ഷിച്ചു നിന്ന നയന മുൻപോട്ടു കയറി നിന്നുപറഞ്ഞു. “നിങ്ങൾ അമ്മയുടെ മുറിയിൽ പോയി സംസാരിച്ചു കൊണ്ടിരുന്നോളു. ഞാൻ പോയി പായസമെടുത്തു കൊണ്ടുവരാം.” അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു.

“ഇവൾ ഒരു പ്രവചനക്കാരി കൂടിയാണ് കേട്ടോ നീലു. ഇന്നിവൾ ആരെങ്കിലും അതിഥികൾ എത്തുമെന്ന് രാവിലെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. അതനുസരിച്ച് സ്പെഷ്യൽ ശർക്കരപ്പായസവും മറ്റും ഉണ്ടാക്കിയിട്ടുണ്ട്.”

“അയ്യോ പായസമൊക്കെ ഊണിനു മതിയായിരുന്നു. ഇപ്പോൾ മോൾ അതെടുക്കാനൊന്നും പോകണ്ട.”

നീലാംബരി പറഞ്ഞതു കേട്ട് നയന പറഞ്ഞു, “അതുപറഞ്ഞാൽ പറ്റില്ല ആന്‍റി. ഇന്ന് ആന്‍റി വന്നതു പ്രമാണിച്ച് ഞങ്ങൾക്കൊരു സ്പെഷ്യൽ ഡേയാണ്. ആന്‍റി ഞങ്ങളുടെ സ്പെഷ്യൽ അതിഥിയും. ആന്‍റിയെ ഞങ്ങൾ മധുരം തന്ന് സ്വീകരിക്കുകയാണ്.”

അവളുടെ മണിചിതറിയതുപോലെയുള്ള സംസാരം കേട്ട് നീലാംബരി പുഞ്ചിരിയൊടെ പറഞ്ഞു, “എങ്കിൽ ശരി മോളെ. ഒരു ഗ്ലാസ്സ് പായസം എടുത്തോളു. അത് നമുക്ക് പങ്കിട്ടു കുടിക്കാം. മധുരം പരസ്പരം പങ്കിടുമ്പോഴാണല്ലോ ആഹ്ളാദകരമാവുന്നത്.”

“ശരി. ആന്‍റി. ഞാൻ പായസം എടുത്തു കൊണ്ടു വരാം.” എന്നു പറഞ്ഞ് അവൾ അടുക്കള ഭാഗത്തേക്കു നടന്നു. അപ്പോൾ ഹേമാംബിക നീലാംബരിയേയും കൂട്ടി തന്‍റെ മുറിയിലേക്കു നടന്നു.

അവർ ഹേമാംബികയുടെ മുറിയിലെത്തിയപ്പോൾ ഇരുവരുടേയും ഹൃദയങ്ങൾ വികാര സാന്ദ്രമായിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 11

അന്നൊരു തിങ്കളാഴ്ചയായിരുന്നു. വൃദ്ധമന്ദിരത്തിലെ ദേവകിയമ്മയുടെ എൺപതാം പിറന്നാൾ ദിനം. അതിനോടനുബന്ധിച്ച് സ്നേഹസദനം വർണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു… അതിരാവിലെ ദേവകിയമ്മയെ ഹേമാംബിക വിളിച്ചുണർത്തി.

“ദേവകിചേച്ചീ കുളിക്കുന്നില്ലേ? രാവിലെ നമുക്ക് അടുത്തുളള അമ്പലത്തിൽ പോയി തൊഴുതിട്ടു വരാം.”

“ഓ… രാവിലെ അമ്പലത്തിൽ പോകാനോ. അവിടം വരെ നടക്കേണ്ടേ ഹേമേ. ഞാനില്ല.”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഈ പ്രായത്തിൽ അല്പം നടക്കുന്നത് നല്ലതാണ് ചേച്ചീ… വരൂ… ഞാനില്ലെ കൂടെ…” അങ്ങനെ പറഞ്ഞ് ഹേമാംബിക അവരെ പിടിച്ച് എഴുന്നേൽപ്പിച്ച് മെല്ലെ നടത്തി. നല്ല തടിയുണ്ടായിരുന്നതുകൊണ്ട് അവർക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കുളിമുറിയിൽ വാഷ്ബേസിനടുത്തെത്തിച്ച്‌ പല്ലു തേയ്ക്കാൻ പേസ്റ്റും ബ്രഷും എടുത്തു കൊടുത്തു. ദേവകിയമ്മ പല്ലുതേച്ചു കഴിഞ്ഞപ്പോൾ ഹേമാംബിക തന്നെ അവരെ സ്റ്റൂളിലിരുത്തി കുളിപ്പിക്കാൻ തുടങ്ങി. കുളികഴിഞ്ഞപ്പോൾ ഒരു നല്ല മുണ്ടും ബ്ലൗസുമിടീച്ചു നേര്യതും ധരിപ്പിച്ചു. കുളി കഴിഞ്ഞെത്തിയ ദേവകിയമ്മയെക്കാത്ത് ഏതാനും പേർ പുറത്തു നിന്നിരുന്നു. അവർ ദേവകിയമ്മക്ക് ഓരോ റോസാപൂവ് നല്കിക്കൊണ്ട് ജന്മദിനാശംസകൾ നേർന്നു. ഇനിയും ദീർഘനാൾ ജീവിച്ചിരിക്കട്ടെ എന്ന് അവരെല്ലാം ആശംസിച്ചു. ദേവകിയമ്മയുടെ മുഖം അപ്പോൾ സന്തോഷം കൊണ്ട് വിടർന്നു.

“എന്‍റെ സ്വന്തം വീട്ടിൽ ഞാൻ ഇതുവരെ എന്‍റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഇതുപോലെ ആശംസകൾ നേരുവാൻ മക്കളും ഉണ്ടായിരുന്നില്ല. അവർക്കെല്ലാം എന്‍റെ പണം മാത്രം മതിയായിരുന്നു.” ഒരു നിമിഷത്തേക്ക് ദേവകിയമ്മയുടെ മനസ്സ് വിങ്ങിപ്പൊട്ടി.

“അമ്മ വിഷമിക്കാതെ… എന്നെങ്കിലും അമ്മയുടെ മക്കൾ അവരുടെ തെറ്റുകൾ തിരിച്ചറിയും. അന്ന് അവർ അമ്മയെക്കാണാൻ വരും.”

“ഞാനും അങ്ങനെ വിശ്വസിക്കുന്നു ഹേമേ. ചെറുപ്പത്തിൽ ഞാൻ അവർക്കു നൽകിയ സ്നേഹം മറക്കാൻ അവർക്കാവുകയില്ലല്ലോ. അത്രത്തോളം കഷ്ടപ്പെട്ടാണ് ഞാനവരെ വളർത്തിയത്. ചെറുപ്പത്തിലെ ഭർത്താവുമരിച്ച ഒരു സ്തീയുടെ മാനസിക സ്ഥിതി എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാനും അത്തരം വിഷമങ്ങളിലൂടെ കടന്നു പോന്നവളാണ്. പിന്നെ ഭർത്താവിന് സ്വത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് പണത്തിന്‍റെ ബുദ്ധിമുട്ടുകൾ അറിഞ്ഞില്ലെന്നു മാത്രം ഞാനാകട്ടെ ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്നും വന്നവളാണ്. പക്ഷെ എന്‍റെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം എന്നെ വിവാഹം ചെയ്തത്.”

“അതു ശരിയാ… ദേവകി ചേച്ചിയെ ഇപ്പോ കാണാനും നല്ല ഐശ്വര്യമാ.” സാവിത്രി എന്നു പേരുളള സ്ത്രീ വീൽച്ചെയറിൽ ഇരുന്നാണ് അത് പറഞ്ഞത്. അവരുടെ രണ്ടുകാലുകളും പ്രമേഹബാധയെത്തുടർന്ന് മുറിച്ചു കളയേണ്ടി വന്നതാണ്. ദേവകിയമ്മ അതു കേട്ട് പുഞ്ചിരിയോടെ തുടർന്നു

“മക്കൾ മുതിർന്നപ്പോൾ അദ്ദേഹത്തിന്‍റെ സ്വത്തുക്കൾക്ക് അവർ അവകാശം ഉന്നയിച്ചു. അങ്ങനെ ഞാൻ ഒരവകാശവും ഉന്നയിക്കാതെ അവർക്കെല്ലാം വിട്ടു കൊടുത്തു. അപ്പോഴും മക്കൾ ആരെങ്കിലും എന്നെ നോക്കുമെന്ന് ഞാൻ വിചാരിച്ചു. എത്രയൊക്കെയായാലും അവരുടെ പെറ്റമ്മയല്ലെ ഞാൻ. എന്നാൽ മക്കൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. എന്നല്ല പലപ്പോഴും ആഹാരം പോലും നൽകാതെ പട്ടിണിക്കിട്ടു. ഒരിക്കൽ ആഹാരം ചോദിച്ചു ചെന്നതിന് മൂത്തമകൻ എന്നെ തല്ലി. ഭാര്യ എന്തോ ഓതി കൊടുത്തതാണ്… ഓരോരുത്തരും മറ്റുള്ളവരെ ഭാരമേല്പിച്ചെന്ന പോലെ പിൻമടങ്ങി. ഒടുവിൽ ഈ സ്നേഹസദനത്തിലെത്തുന്നതുവരെ ഞാൻ അനുഭവിച്ച ക്ലേശങ്ങൾക്ക് കണക്കില്ല.” ദേവകിയമ്മ അതു പറഞ്ഞ് കണ്ണീരു തൂകിയപ്പോൾ ഹേമാംബിക ആശ്വസിപ്പിച്ചു.

“എന്നെങ്കിലും ദൈവം അവരുടെ കണ്ണു തുറപ്പിക്കാതിരിക്കല്ല അമ്മേ. അതുവരെ നമുക്ക് കാത്തിരിക്കാം.”

“മരിക്കുന്നതിനു മുമ്പ് ഒരു നോക്ക് എനിക്കവരെയെല്ലാം കാണണമെന്നുണ്ട് അത് നടക്കുമോന്നറിയില്ല. പക്ഷെ എന്തൊക്കെയായാലും ഞാൻ പൊന്നുപോലെ വളർത്തിയ മക്കളാ അവര്. അവർക്കെന്നെ വേണ്ടെങ്കിലും എനിക്കവരെ വേണം. അവർക്ക് ഒരാപത്തും വരുത്താതെ ദൈവം കാക്കട്ടെ.” നന്മ നിറഞ്ഞ ആ അമ്മ മനസ്സിന്‍റെ തേങ്ങലുകൾ അവിടെ പലരേയും കരയിക്കാറുണ്ട്.

താനനുഭവിച്ച ദുരനുഭവങ്ങൾ അവർ പലപ്പോഴായി എല്ലാരോടും ഇങ്ങനെ പറഞ്ഞിരുന്നു. ആരുമില്ലാത്ത അനാഥയെപ്പോലെ അവരെ വിറകുപുരയിൽ തള്ളി. ദിവസങ്ങളോളം ആഹാരമില്ലാതെ പട്ടിണി കിടന്ന് അബോധാവസ്ഥയിലായ അവരെ ചില സാമൂഹിക സംഘടനാ പ്രവർത്തകർ കണ്ടെത്തുകയും ഇവിടെ എത്തിക്കുകയുമായിരുന്നു. ഇന്നിപ്പോൾ അവർ ഇവിടെ എത്തിയിട്ട് രണ്ടു കൊല്ലത്തോളമാകുന്നു.

ഈ രണ്ടു കൊല്ലവും മക്കളാരും അവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അതോർക്കുമ്പോൾ ആ കണ്ണുകൾ നിറയും. എങ്കിലും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കും.

“എന്‍റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനേ എന്ന്.” കഴിഞ്ഞ കൊല്ലവും ദേവകിയമ്മ പിറന്നാൾ അന്തേവാസികളോടൊപ്പം ആഘോഷിക്കുകയായിരുന്നു.

“ദേവകി ചേച്ചിയോടൊപ്പം അമ്പലത്തിൽപ്പോകാൻ ഞങ്ങളും വരുന്നുണ്ട്.” അങ്ങനെ പറഞ്ഞ് ഏതാനും പേർ കുളി കഴിഞ്ഞ് അമ്പലത്തിൽ പോകാനുള്ള വേഷവും ധരിച്ച് എത്തി.

“എന്നാൽ നമുക്കെല്ലാം ഇന്നത്തെ നടപ്പ് അമ്പലത്തിലേക്കാക്കാം.” ഹേമാംബിക അവരോടായി പറഞ്ഞു. എന്നും അതിരാവിലെ ഏതാനും അന്തേവാസികളേയും കൂട്ടി ഹേമാംബിക നടക്കാൻ പോകാറുണ്ട്. നടക്കാൻ വിഷമമുള്ള രോഗബാധിതരായ പലരും അതിലുണ്ടാകും. അവർ മടി പറഞ്ഞാലും ഒരു വിധം നടക്കാവുന്നവരെയെല്ലാം ഹേമ കൂട്ടത്തിൽ കൂട്ടും. കൂട്ടത്തിലെ ആരോഗ്യമുള്ളവരും, നയനയും, നടക്കാൻ വിഷമമുള്ളവരോടൊപ്പം കൈപിടിച്ച് നടക്കും. അതിരാവിലെ ജാഥ പോലെ നടന്നു പോകുന്ന അവരെ കണ്ട് ചില ആളുകൾ വഴിയിൽ നോക്കിനില്ക്കാറുണ്ട്. പലരോഗങ്ങൾക്കും നടപ്പ് ഒരു നല്ല ഔഷധമാണെന്ന് ഹേമാംബികയ്ക്കയറിയാമായിരുന്നു. ഇന്നും പതിവു നടത്തക്കാരിൽ പലരും ഹേമയോടൊപ്പം അമ്പലത്തിലേക്കു നടന്നു. അതൊരു ദേവീ ക്ഷേത്രമായിരുന്നു.

“ദേവകിയമ്മ. തിരുവാതിര നക്ഷത്രം.” അമ്പലത്തിലെ കൗണ്ടറിൽ അർച്ചനയ്ക്കുള്ള രസീത് എഴുതിക്കുമ്പോൾ ഹേമാംബിക പറഞ്ഞു കൊടുത്തു. ദേവകിയമ്മ ദേവിയുടെ നടയ്ക്കൽ കൈകൂപ്പി തൊഴുതു നിന്നു. തന്‍റെ മനോദുഃഖങ്ങളെല്ലാം അവർ ആ തിരുസന്നിധിയിൽ അർപ്പിച്ചു. “എന്നോടു ചെയ്ത തെറ്റിന് എന്‍റെ മക്കളെ ശിക്ഷിക്കരുതേ ദേവീ” എന്നും ആ അമ്മ ഹൃദയമുരുകി പ്രാർത്ഥിച്ചു.

അങ്ങനെ ആ തിരുനടയിൽ നിന്നു പ്രാർത്ഥിച്ച ഓരോരുത്തരും തങ്ങളുടെ സങ്കടങ്ങളും പ്രതീക്ഷകളും ആ തിരുസന്നിധിയിൽ ഇറക്കി വച്ചു. മനസ്സിൽ ഉറങ്ങിക്കിടന്ന ക്ളേശഭരിതമായ ഭൂതകാലം അവരുടെയെല്ലാം മനസ്സിൽ തിരയിട്ടുണർന്നു. തിരികെ പോരുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല. അല്പം മുമ്പ്പലവിധ വികാരങ്ങൾ അലയടിച്ചുണർന്ന ആ മനസ്സുകളിപ്പോൾ ദൈവാനുഗ്രഹത്താലെന്നപോലെ ശാന്തമാണ്. ആ ശാന്തത കൈമോശം വരാതിരിക്കാനെന്നോണം അവർ മൗനം പൂണ്ടു നടന്നു.

ഏതാണ്ട് ഇരുപതു മിനിട്ടിനു ശേഷം അവർ സ്നേഹ സദനത്തിലെത്തി.

“ഇനി എല്ലാവരും കാപ്പി കുടിക്കാൻ വന്നോളു. ദേവകിയമ്മയുടെ പിറന്നാൾ പ്രമാണിച്ച് ഇന്ന് ചില പ്രത്യേക വിഭവങ്ങളുണ്ടാകും കാപ്പിക്ക്.”

“ഹായ് ഇന്ന് പായസവും ഉണ്ടാകും അല്ലെ ഹേമാമ്മേ…” ചെറിയ മാനസിക തകരാറുള്ള ചിദംബരം ആണ് അതു ചോദിച്ചത്.

“അതെ… പായസം ഉച്ചക്ക്, രാവിലെ മറ്റു ചില മധുര പലഹാരങ്ങളാണുണ്ടാവുക.” അങ്ങനെ പറഞ്ഞ് ഹേമാംബിക എല്ലാവരേയും ഭക്ഷണ ഹാളിലേക്ക് നയിച്ചു.

അവിടെ മേശപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും കൂടാതെ, അട, കേസരി, ലഡു തുടങ്ങിയ മധുരപലഹാരങ്ങളും വിശിഷ്ട വിഭവങ്ങളായി ഉണ്ടായിരുന്നു.

ഭക്ഷണത്തിനിടയിലും പലരും ദേവകിയമ്മക്ക് ആശംസകളുമായെത്തി. ഭക്ഷണം കഴിഞ്ഞ് സ്ത്രീകളെല്ലാം ഉച്ചനേരത്തേക്കുള്ള പാചകത്തിൽ സഹായിക്കാൻ അടുക്കളയിലേക്കും, ആണുങ്ങൾ തോട്ടത്തിലേക്കുമിറങ്ങി. നിരവധി പൂച്ചെടികളും ഫല സസ്യങ്ങളും നിറഞ്ഞ ആ തോട്ടം ഹേമാംബികയുടെ മേൽനോട്ടത്തിൽ ഉണ്ടായതാണ്. ആ സ്ഥാപനത്തിന്‍റെ ഡയറക്ടർമാരിൽ ഒരാൾ എന്ന നിലയിലും, ഒരെളിയ സേവിക എന്ന നിലയിലും ഹേമാംബിക പ്രവർത്തിച്ചു പോന്നു.

പട്ടാളത്തിൽ ഏറെക്കാലം ജോലി ചെയ്ത ശേഷം റിട്ടയറായി വന്ന് സ്ഥാപനത്തിന്‍റെ മാനേജർ ആയി പ്രവർത്തിക്കുന്ന രാജീവും അവർക്ക് എല്ലാവിധ സഹായവും ചെയ്തു പോന്നു.

വിശാലമായ അടുക്കളയിലെത്തിയ സ്തീകളാവട്ടെ തങ്ങളാലാവുംവിധം കറിക്കുനുറുക്കിയും, പാചകത്തിലേർപ്പെട്ടും ഊണിനുള്ള വിഭവങ്ങൾ തയ്യാറാക്കി. എല്ലാവരോടുമൊപ്പം ഉച്ചയ്ക്ക് ഇലയിട്ട് ഊണു കഴിക്കാനിരിക്കുമ്പോൾ ദേവകിയമ്മയുടെ മനസ്സ് സംതൃപ്തമായിരുന്നു.

“ദേവകി ചേച്ചിക്ക് ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ…” അങ്ങനെ പറഞ്ഞ് അംഗങ്ങൾ ഓരോരുത്തരായി വന്ന് ഓരോ ചെറിയ സമ്മാനങ്ങൾ നൽകി. അക്കൂട്ടത്തിൽ ചിലർ സെറ്റുസാരികളും മറ്റുംഅവർക്ക് സമ്മാനമായി നൽകി.

“എനിക്ക് തൃപ്തിയായി. ഇത്രയും നല്ല ജന്മദിനം ഞാൻ എന്‍റെ ജീവിതത്തിൽ ആഘോഷിച്ചിട്ടില്ല.” തനിക്കായി ഇലയിൽ വിളമ്പിയ പാൽപ്പായസം ആസ്വദിക്കുന്നതിനിടയിൽ ദേവകിയമ്മ പറഞ്ഞു. അവരുടെ കണ്ണുകളിൽ അപ്പോൾ ആനന്ദക്കണ്ണീർ നിറഞ്ഞിരുന്നു.

വൈകുന്നേരം ഹാളിൽ എല്ലാവരും പാട്ടും മേളവുമായി ഒത്തുകൂടി. “ഞാൻ ഒരു മിമിക്രി അവതരിപ്പിക്കാം.” ബാലൻ പിള്ള എന്നയാൾ പറഞ്ഞു. അയാൾ നാടോടിക്കാറ്റിലെ മോഹൻലാലിന്‍റെ സംഭാഷണം അനുകരിച്ചു കാണിച്ചു.

“ഞാൻ ഡാൻസു ചെയ്യാം.” വളരെക്കാലം ഒരു ഡാൻസ്ടീച്ചറായിരുന്ന മീനാക്ഷിയാണ് അതു പറഞ്ഞത്. ജോലി ചെയ്യാൻ വയ്യാതായപ്പോൾ, അവിവാഹിതയായ അവർ വയസ്സുകാലത്ത് ആരും നോക്കാനില്ലാത്തതിനാൽ സ്നേഹസദനത്തിൽ എത്തിയതാണ്. ക്ലാസ്സിക്കൽ നൃത്തത്തിലെ ചില സ്റ്റെപ്പുകൾ ചെറിയ അംഗ ചലനങ്ങളോടെ അവതരിപ്പിച്ചുകൊണ്ട് മീനാക്ഷിയമ്മ തന്‍റെ നൃത്ത പാടവം തെളിയിച്ചു. എല്ലാവരും കൈയ്യടിച്ചു കൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചു.

ദേവകിയമ്മക്ക് ഇഷ്‌ടപ്പെട്ട ഗാനങ്ങൾ ആലപിച്ചുകൊണ്ട് നയനയും ആ അമ്മയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരം കഴിഞ്ഞില്ല, ദേവകിയമ്മ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഹേമാംബികയോട് പറഞ്ഞു. അവർ വല്ലാതെ വിയർക്കുകയും ശ്വാസം എടുക്കാൻ വിഷമിക്കുകയും ചെയ്യുന്നതായി തോന്നി. സ്ഥാപനത്തിന് സ്വന്തമായുള്ള ആംബുലൻസിൽ ഹേമാംബിക അവരെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ അതിനു മുമ്പുതന്നെ ഈ ലോകത്തോട് അവർ വിട പറഞ്ഞു കഴിഞ്ഞിരുന്നു. ആ മരണം സ്നേഹ സദനത്തിലെ ഏവരേയും ദു:ഖിപ്പിച്ചു.

“എത്രനല്ല മനസ്സായിരുന്നു ദേവകിയുടേത്.”

“കാണാനും പ്രവൃത്തിയിലും സിനിമയിലെ കവിയൂർ പൊന്നമ്മയെപ്പോലെയായിരുന്നു.” സമപ്രായക്കാരായ പലരും ഏങ്ങലടിച്ചു കരഞ്ഞു.

“അതെ… ആ അമ്മക്ക് തന്നെ തിരിഞ്ഞു നോക്കാത്ത മക്കളോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല.” നയന കരഞ്ഞുകൊണ്ട് പറഞ്ഞു. വൈകുന്നേരം പൊതുശ്മശാനത്തിൽ അവരുടെ ശരീരം ദഹിപ്പിച്ചു.

ഹേമാംബിക ദേവകിയമ്മയുടെ മക്കളെ വിവരമറിയിച്ചെങ്കിലും ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ആരും വന്നില്ല. രാജീവ് ഒരു മകന്‍റെ സ്ഥാനത്തു നിന്ന് മരണാനന്തര കർമ്മങ്ങൾ ചെയ്യുകയായിരുന്നു.

അങ്ങനെ മക്കളെ അവസാനമായി ഒരു നോക്കു കാണുവാൻ ആഗ്രഹിച്ച ആ അമ്മയുടെ ആഗ്രഹം നടക്കാതെ പോയി. സ്വന്തബന്ധങ്ങളുടെ നിരർത്ഥകത ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു കൊണ്ട് അവർ വിടവാങ്ങി.

കിച്ചുമോൻ ഓഫീസിൽ നിന്നും തിരിച്ചെത്തിയ അമ്മയുടെ പുറകേ ഓടിയെത്തി. താര ശാന്തിയോട് ഒച്ചയെടുക്കുന്നതും ബഹളം കൂട്ടുന്നതും അവൻ അല്പം അമ്പരപ്പോടെ വീക്ഷിച്ചു. താരയുടെ ഷാളിൽ തൂങ്ങി നടന്നിരുന്ന അവൻ

“ഞാൻ ഒന്നു ഡ്രസ്സുമാറി വരട്ടേടാ”യെന്നു താര ദേഷ്യത്തിൽ പറഞ്ഞതോടെ ഷാളിൽ നിന്നുള്ള പിടി വിട്ടു. മുറ്റത്ത് സൈക്കിളോടിച്ചു വളരെ നേരം കളിച്ചതിനാൽ അവന് നല്ലവണ്ണം ദാഹിക്കുന്നുണ്ടായിരുന്നു… മേശപ്പുറത്ത് ശാന്തി താരയ്ക്കു വേണ്ടി ഒരു കപ്പ് ചായ കൊണ്ടുവന്നു വയ്ക്കുന്നത് കണ്ട് അവൻ അതെടുത്ത് കുടിക്കാൻ ഭാവിച്ചു. അവന്‍റെ കൈ തട്ടി ചായ കപ്പ് താഴെ വീണതും ശാന്തി ഓടി വന്നു.

“അയ്യോ… ചായ മുഴുവൻ പോയല്ലോ. താരേച്ചി ഇപ്പോൾ ഇതു വന്നു കണ്ടാൽ എനിക്കും നിനക്കും നല്ല വഴക്കു കിട്ടും. അല്ലെങ്കിലും നല്ല മൂഡിലല്ല ഇന്ന് വന്നിട്ടുള്ളത്.”

ശാന്തി പറഞ്ഞ് നാവെടുത്തില്ല. അതിനു മുമ്പ് “എന്താ ശാന്തി താഴ വീണത്?” എന്നു ചോദിച്ചു കൊണ്ട് താരയെത്തി.

“അത് കിച്ചുമോൻ ചായ തട്ടിമറിച്ചിട്ടു ചേച്ചീ…” ശാന്തി ഭയത്തോടെ പറഞ്ഞു.

താഴെ വീണുകിടക്കുന്ന ചായയും പൊട്ടിച്ചിതറിയ ചായക്കപ്പും കണ്ട് താരയുടെ ദേഷ്യം ഇരട്ടിച്ചു. അവൾ കിച്ചുവിന്‍റെ കുഞ്ഞിത്തുടയിൽ ഒരടി വച്ചു കൊടുത്തു.

“എന്താടാ വികൃതി. നിനക്ക് എല്ലാം പൊട്ടിച്ചാലെ സമാധാനമാവുകയുള്ളോ?” പകലത്തെ നാണക്കേടും ടെൻഷനും മുഴുവൻ അവൾ ആ ദേഷ്യത്തിൽ അലിയിച്ചിറക്കി. അമ്മയുടെ അടി കൊണ്ട കിച്ചുവാകട്ടെ ഉറക്കെകരഞ്ഞു തുടങ്ങി. അപ്പോഴേക്കും അമ്മയുടെ വഴക്കിനെത്തുടർന്ന് പഠന മുറിയിലായിരുന്ന ചിന്നുമോൾ ഓടി വന്നു.

“എന്തിനാ അമ്മേ കിച്ചുവിനെ തല്ലിയത്?” എന്ന് ചോദിച്ച് അവൾ അനിയനെ കെട്ടിപ്പിടിച്ചു. കിച്ചുവാകട്ടെ തന്‍റെ കരച്ചിൽ തുടർന്നു. ഈ ബഹളങ്ങളെല്ലാം കേട്ട് പൂമുഖത്തിരുന്ന നന്ദൻമാഷ് ആകെ ഭയന്ന് മൂലയിൽ പതുങ്ങി നിന്നു. ആരോ തന്നെ ആക്രമിക്കാൻ വരുന്നുണ്ടെന്ന തോന്നലായിരുന്നു നന്ദൻമാഷിനപ്പോൾ. മകൻ തന്നെ മുറിയിൽ പൂട്ടിയിട്ടതറിഞ്ഞതോടെ നന്ദൻമാഷിന്‍റെ മനസ്സിൽ സുമേഷിനെക്കുറിച്ച് അവിശ്വാസം ഏറിക്കഴിഞ്ഞിരുന്നു. സുമേഷിനെയും താരയെയും ഒരു ശത്രുവിന്‍റെ സ്ഥാനത്ത് നന്ദൻമാഷ് അതോടെ കാണാൻ തുടങ്ങി.

ഈ സമയത്താണ് സുമേഷ് കാറിൽ വന്നിറങ്ങിയത്. അകത്തെ ബഹളം കേട്ട് സുമേഷ് ധൃതിയിൽ അകത്തേക്ക് നടന്നുകൊണ്ടു ചോദിച്ചു. “എന്താണിവിടെ ഒരു ബഹളം?” അപ്പോൾ ചിന്നു മോൾ ഊണുമുറിയിൽ നിന്ന് ഓടി വന്നു കൊണ്ടു പറഞ്ഞു.

“അമ്മ കിച്ചുവിനെ ചായക്കപ്പ് പൊട്ടിച്ചതിന് തുടയിൽ അടിച്ചു. അതു കാരണം അവൻ കരഞ്ഞു ബഹളമുണ്ടാക്കുകയാണ്.”

സുമേഷ് പെട്ടെന്ന് ഊണുമുറിയിലേക്ക് ചെന്നു കൊണ്ടു ചോദിച്ചു, “നിനക്കെന്താ താരേ ഭ്രാന്തുപിടിച്ചോ? അവൻ കൊച്ചു കുഞ്ഞല്ലേ?. അവനെ അടിച്ചതെന്തിനാ?”

“ങാ… ഭ്രാന്തുപിടിച്ചു. ഈ വീട്ടിൽ ഭ്രാന്തുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എല്ലാരും കൂടി മനുഷ്യനെ അതും പിടിപ്പിക്കും.” താര കൂടുതൽ അമർഷത്തോടെ തുടർന്നു.

“അച്ഛന്‍റെ കാര്യമറിഞ്ഞ് ഇന്ന് ഓഫീസിൽ ഞാൻ ആരുടെയൊക്കെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നെന്നോ? ആകെ നാണക്കേടായി എന്നു പറഞ്ഞാൽ മതിയല്ലോ.”

“അതിന് അവരൊക്കെ എങ്ങനെ അറിഞ്ഞു അച്ഛന്‍റെ കാര്യം?”

“ശാന്തിയോട് ഞാൻ ഫോണിൽ സംസാരിക്കുന്നത് അവർ കേട്ടിരുന്നു. അപ്പോൾ തന്നെ അവരെല്ലാം ആകാംക്ഷയോടെ ചെവിയോർത്ത് ഇരിക്കുന്നത് എനിക്കു കാണാമായിരുന്നു. ഉച്ചക്ക് ഞാൻ ഊണു കഴിക്കാൻ ചെന്നപ്പോൾ ആ സൂപ്രണ്ട് സാർ പരിഹാസത്തോടെ ഒരു ചോദ്യം. ഇന്നെന്താ താരെ ലഞ്ച് കൊണ്ടുവന്നില്ലെ എന്ന്? ഞാൻ എല്ലാദിവസവും കാന്‍റീനിൽ പൈസ ചിലവാക്കാതെ ലഞ്ചുംകൊണ്ട് ചെല്ലാറുണ്ടല്ലോ. അതിന്‍റെ പേരിൽ പിശുക്കി എന്ന് അസൂയക്കാർ ചിലർ കളിയാക്കി വിളിക്കാറുണ്ട്. അതിന്നു മുടങ്ങിയതിന്‍റെ കാരണം അവർ ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എന്നിട്ടാണ്‌ കളിയാക്കിയൊരു ചോദ്യം. ഇക്കണക്കിനു പോയാൽ എവിടെയൊക്കെ നമ്മൾ പരിഹാസ പാത്രമാകേണ്ടിവരുമെന്ന് അറിയില്ല.”

അച്ഛൻ മൂലം ഉണ്ടായ രാവിലത്തെ സംഭവങ്ങളാണ് അവളുടെ സമനില തെറ്റിച്ചതെന്ന് സുമേഷിന് മനസ്സിലായി. അതിന് എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്ന് ഒരു രൂപവുമില്ലാതെ അയാൾ കുഴങ്ങി.

താരയോട് മറുത്തൊന്നും പറയാൻ കഴിയാതെ സുമേഷ് ഊണുമുറിയിൽ നിന്ന് മടങ്ങിപ്പോന്നു. അപ്പോൾ പൂമുഖത്ത് ഒരു മൂലയിൽ നന്ദൻമാഷ് പതുങ്ങിനില്ക്കുന്നത് സുമേഷ് കണ്ടു, “അച്ഛനെന്താ എന്തോ കണ്ടു പേടിച്ച മാതിരി ഇവിടെ പതുങ്ങിനില്ക്കുന്നത്?”

സുമേഷ് തന്‍റെ അടുത്തേക്ക് വരുന്നതു കണ്ടപ്പോൾ നന്ദൻമാഷിന് ഒന്നു കൂടി ഭയമായി. “വേണ്ട… എന്‍റെ അടുത്തേക്ക് ആരും വരണ്ട.” ഒരു ഭ്രാന്തന്‍റെ പോലുള്ള നന്ദൻമാഷിന്‍റെ ഭാവഹാവാദികൾ കണ്ട് സുമേഷ് അമ്പരന്നു.

“അച്ഛനിതെന്തെല്ലാമാണ് പറയുന്നത്? ഇത് ഞാനാണ്… സുമേഷ്:…”

“അതെ സു… മേ… ഷ്… പേടിയാ… എനിക്ക്… പേടി… യാ”

നന്ദൻമാഷ് അവ്യക്തമായും പ്രയാസപ്പെട്ടും വാക്കുകളുച്ചരിക്കുന്നതു കേട്ടപ്പോൾ സുമേഷിന് എന്തു കൊണ്ടോ ഭയം തോന്നി. അച്ഛന്‍റെ രോഗം മൂർഛിക്കുന്നതായി അയാൾ സംശയിച്ചു. അതു തന്നെ അകത്തു നിന്നും കടന്നു വന്ന താരയും പറഞ്ഞു.

“അങ്ങേർക്കു ഭ്രാന്താ… മുഴു ഭ്രാന്ത്… ഒറ്റക്കു കുത്തിയിരുന്ന് ഭ്രാന്തായിത്തീർന്നതാ… ഇനി നമ്മളെക്കൂടി അങ്ങേര് ഭ്രാന്തു പിടിപ്പിക്കും. അതിനു മുമ്പ് നിങ്ങൾ അങ്ങേരെ ഏതെങ്കിലും സൈക്ക്യാട്രിസ്റ്റിനെ കൊണ്ടുപോയി കാണിക്ക്. ഇന്ന് ഓഫീസിൽ എല്ലാരും പറഞ്ഞത് അതു തന്നെയാ.”

അതു കേട്ട് സുമേഷ് ഒന്നും മിണ്ടിയില്ല. അച്ഛന്‍റെ നില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാത്രം അയാൾ അറിഞ്ഞു. ഒടുവിൽ മുഴുഭ്രാന്തനായി അച്ഛനെ ചങ്ങലയ്ക്കിടേണ്ടി വരുമെന്ന് അയാൾ സംശയിച്ചു. അങ്ങനെയെങ്കിൽ അച്ഛൻ മുഴു ഭ്രാന്തിലേക്ക് നീങ്ങുന്നതിനു മുൻപ് സ്വത്തുക്കൾ മുഴുവൻ എഴുതി വാങ്ങുന്നതാണ് ബുദ്ധി എന്ന് അയാൾക്ക് തോന്നി. ആ സമയത്ത് അകത്ത് ഫോൺ ബെൽ റിങ്ങു ചെയ്തു. സുമേഷ് ചെന്ന് ഫോൺ എടുത്തു. അത് സുരേഷ് ഗൾഫിൽ നിന്ന് വിളിക്കുന്നതാണെന്ന് നമ്പർ കണ്ടപ്പോൾ സുമേഷിന് മനസ്സിലായി.

സുരേഷിന്‍റെ ആ സമയത്തുള്ള ഫോൺവിളി ഒട്ടും ഇഷ്ടമായില്ലെങ്കിലും സുമേഷ് സന്തോഷം നടിച്ചു കൊണ്ട് ചോദിച്ചു. “ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷം?”

“ഹലോ സുമേഷ്… ഇത് ഞാനാണെടാ… അവിടെ എന്തൊക്കെയുണ്ട് വിശേഷം? അച്ഛൻ സുഖമായിരിക്കുന്നോടാ?”

സുമേഷിനേക്കാൾ സുരേഷിനാണ് അച്ഛനോട് കൂടുതലിഷ്ടം. അയാൾ അമ്മയെ ആണ് കൂടെ കൊണ്ടുപോയതെങ്കിലും മനസ്സുകൊണ്ട് അയാൾക്ക് കൂടുതലടുപ്പം അച്ഛനോടാണ്. അമ്മ മരിച്ചു കഴിഞ്ഞപ്പോൾ അയാൾ അച്ഛനെ കൂടെ കൊണ്ടുപോകാൻ തയ്യാറായതാണ്. എന്നാൽ സുമേഷ് വിട്ടില്ല. അച്ഛനെ നോക്കിയതിന്‍റെ പേരിൽ, അച്ഛന്‍റെ സ്വത്തിൽ ഭൂരിഭാഗവും ചേട്ടൻ അടിച്ചെടുത്താലോ എന്ന ഭയമായിരുന്നു അയാൾക്ക്. സുരേഷിന്‍റെ ചോദ്യത്തിനുത്തരമായി അയാൾ പറഞ്ഞു.

“പിന്നെ… അച്ഛൻ നല്ല സുഖമായിട്ടിരിക്കുന്നു സുരേഷേട്ടാ…”

“എങ്കിൽ നീ അച്ഛനെ ഒന്നു വിളിച്ചേ. എത്ര നാളായി ഞാൻ അച്ഛനോട് സംസാരിച്ചിട്ട്.”

“അത്… അച്ഛൻ നേരത്തേ കിടന്നുറങ്ങി എന്നു തോന്നുന്നു സുരേഷേട്ടാ… ഞാൻ നാളെ ഏട്ടൻ വിളിച്ചിരുന്ന കാര്യം അച്ഛനോടു പറഞ്ഞോളാം.”

“ശരി… ശരി… ഞാൻ മറ്റൊരു കാര്യം പറയാനാണ് നിന്നെ വിളിച്ചത്. ഞങ്ങൾ അടുത്തു തന്നെ കേരളത്തിലേക്ക് വരുന്നുണ്ട്. കുട്ടികളുടെ പരീക്ഷയെല്ലാം കഴിഞ്ഞുവല്ലോ. അവരോടൊപ്പം ഒരു പ്ലഷർ ട്രിപ്പ്. ജോലിതിരക്കുകൾ മൂലം ഒന്നു രണ്ടു കൊല്ലമായല്ലോ ഞങ്ങൾ അങ്ങോട്ടു വന്നിട്ട്.”

അതുകേട്ടതും സുമേഷ് വല്ലാത്തൊരവസ്ഥയിലായി. അച്ഛനെ ഈ അവസ്ഥയിൽ ഏട്ടനെ കാണിക്കുന്നതെങ്ങിനെ? അല്ലെങ്കിൽ ഏട്ടൻ അച്ഛനെ നേരിട്ടു കണ്ടു കഴിയുമ്പോൾ എല്ലാം ഊഹിക്കുകയില്ലേ? അതുകൊണ്ട് ചെറിയ ഒരു സൂചന നൽകിയേക്കാം എന്ന് സുമേഷ് വിചാരിച്ചു

“അതിനെന്താ സുരേഷേട്ടാ… ഈ വെക്കേഷൻ നമുക്ക് അടിച്ചു പൊളിക്കാം. ഇവിടെ ചിന്നു മോൾക്ക് ചേച്ചിമാരെന്ന് വച്ചാൽ ജീവനാ… പിന്നെ ചിന്തു മോനും വലുതായല്ലോ. അവർ അടിച്ചു പൊളിച്ച് കളിക്കട്ടെ എന്നേ.പിന്നെ ഞാൻ ചേട്ടനോട് ഒരു കാര്യം പറയാൻ വിട്ടു പോയി. ഈയിടെയായി അച്ഛന് ചെറിയ ഒരു ഓർമ്മക്കുറവുണ്ട്. എന്താണെന്നറിയില്ല. പരസ്പര ബന്ധമില്ലാതെ പലതും പറയുന്നു.”

“ഓഹോ… എന്നിട്ട് നീ ഡോക്ടറെയൊന്നും ഇതുവരെ കാണിച്ചില്ലേ?”

“ഇല്ല ഏട്ടാ. ഏട്ടനോടു കൂടി പറഞ്ഞിട്ട് ഏത് ഡോക്റെയാണ് കാണിക്കേണ്ടതെന്ന് തീരുമാനിക്കാമെന്ന് കരുതി.”

“ങ… ഞാൻ അടുത്ത ആഴ്ച തന്നെ കേരളത്തിൽ എത്തും. ഫ്ലൈറ്റ് ബുക്കു ചെയ്തു കഴിഞ്ഞു. ഞാൻ അവിടെ വന്നിട്ട് അച്ഛനെ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.”

“ശരി ഏട്ടാ… അപ്പോൾ അങ്ങനെയാവട്ടെ. ഇനി ഇവിടെ വരുമ്പോൾ നമുക്ക് കൂടുതൽ സംസാരിക്കാം. ഞാൻ ഫോൺ വക്കുകയാണ്.”

സുരേഷ് ഫോൺ വച്ചു കഴിഞ്ഞപ്പോൾ സുമേഷ് സന്തോഷിച്ചു. ഇനി അച്ഛനെ ഡോക്ടറെ കാണിക്കുന്നതും മറ്റും ചേട്ടൻ ചെയ്തു കൊള്ളും. തനിക്ക് പൈസച്ചെലവൊന്നും ഉണ്ടാവില്ല.

അയാൾ നോക്കിയപ്പോൾ നന്ദൻമാഷ് മുറ്റത്തേക്കിറങ്ങി നടക്കുന്നതാണ് കണ്ടത്. സുമേഷ് വരുന്നതിനു മുമ്പ് ഗേറ്റുതുറന്ന് പുറത്തേക്കു പോകാൻ ഭാവിച്ച നന്ദൻമാഷിനെ ബലമായി പിടിച്ച് അകത്തേക്കു കൊണ്ടുപോകാൻ അയാൾ തുനിഞ്ഞു.

നന്ദൻമാഷ് പ്രതിഷേധിച്ച് മുറ്റത്തു കിടന്ന കല്ലെടുത്ത് സുമേഷിനെ എറിയാൻ തുനിഞ്ഞു. സുമേഷ് ഒഴിഞ്ഞുമാറിയതുകൊണ്ട് ഏറു കൊണ്ടില്ല. വീണ്ടും നന്ദൻമാഷ് അവിടെ കിടന്നിരുന്ന ഓരോ സാധനങ്ങളെടുത്ത് സുമേഷിനെ എറിഞ്ഞു കൊണ്ടിരുന്നു. നന്ദൻമാഷിന്‍റെ പ്രതിഷേധം കൂടിയപ്പോൾ അയാൾ അകത്തേക്കു നോക്കിവിളിച്ചു പറഞ്ഞു.

“താരെ… നീയാ പിള്ളേരെ പേടിപ്പിക്കാൻ വച്ചിരിക്കുന്ന ചെറിയ വടി ഇങ്ങെടുത്തോണ്ടുവന്നേ. ഞാൻ ഇങ്ങേരെ ഒന്നനുസരിപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ.” താര, അകത്ത് പോയി ചെറിയ ചൂരൽ വടി എടുത്തു കൊണ്ടുവന്നു.

“ഇതു കണ്ടോ, ഇതു കൊണ്ട് ഒന്നു തന്നാൽ അച്ഛന്‍റെ ഈ പ്രാന്തെല്ലാം പമ്പ കടക്കും. വേണോ ഇതു കൊണ്ടുള്ള അടി.” വടി കണ്ട് നന്ദൻമാഷ് കൊച്ചു കുട്ടി കളെപ്പോലെ ഭയന്നു മിണ്ടാതെ നിന്നു… അപ്പോൾ സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് മാഷിന്‍റെ കിടക്ക മുറിയിലിരുത്തി. നന്ദൻമാഷ് വീണ്ടും പ്രതിഷേധിക്കാൻ തുടങ്ങിയപ്പോൾ സുമേഷ് വടി ഓങ്ങിക്കൊണ്ടു പറഞ്ഞു.

“പറയുന്നതു കേട്ടില്ലെങ്കിൽ ഇനി അച്ഛൻ എന്‍റെ കൈയ്യിൽ നിന്നു വാങ്ങിക്കും. അല്ലെങ്കിൽ അനങ്ങാതെ ഇവിടെത്തന്നെ ഇരുന്നോണം. മുൻവശത്ത് വരുന്ന ആരെങ്കിലും അച്ഛനെ ഈ നിലയിൽ വന്നു കണ്ടാൽ ഞങ്ങക്കാ നാണക്കേട്. അച്ഛൻ പറയുന്നതും പെരുമാറുന്നതുമൊന്നും ഇപ്പോൾ സ്വബോധത്തോടെയല്ലല്ലോ… തീരെ കൊച്ചുപിള്ളേരെപ്പോലെയല്ലെ. അപ്പോ പറഞ്ഞാ കേട്ടില്ലെങ്കി പിള്ളേരെ തല്ലും പോലെ ഞാൻ അച്ഛനേയും തല്ലും.”

ഇതിനിടയിൽ പേടിച്ചരണ്ട നന്ദൻമാഷ് സുമേഷിനെ തള്ളി നീക്കി ഓടാൻ തുനിഞ്ഞു. പെട്ടെന്ന് വടി കൊണ്ട് ഒരടി കൊണ്ട നന്ദൻമാഷ് ഉറക്ക നിലവിളിച്ചു, “അയ്യോ… അയ്യോ… എന്നെ തല്ലുന്നേ.” എന്ന്.

അതു കേട്ട് സുമേഷ് നന്ദൻമാഷിന്‍റെ വായ് അമർത്തിപ്പിടിച്ചു. “അച്ഛൻ മിണ്ടരുത്. മിണ്ടിയാൽ ഞാൻ ഇനിയും തല്ലും.”

അതിനെത്തുടർന്ന് നന്ദൻമാഷ് അനങ്ങാൻ വയ്യാതെ ഇരുന്നു. ശബ്ദം കേട്ട് വീട്ടിലുള്ള എല്ലാവരും ഓടി വന്നു. അച്ഛന്‍റെ കയ്യിൽ തങ്ങളെ പേടിപ്പിക്കാറുള്ള ചെറിയ വടി ഇരിക്കുന്നതു കണ്ട് ചിന്നു മോൾ ഭയത്തോടെ നോക്കി.

“അയ്യോ അപ്പൂപ്പനെ തല്ലല്ലെ അച്ഛാ… പാവം അപ്പൂപ്പൻ.” അവൾ നിലവിളിച്ചു കൊണ്ടുപറഞ്ഞു.

“നീ മിണ്ടാതിരുന്നോണം. ഇല്ലെങ്കിൽ നിനക്കും കിട്ടും അടി. അപ്പൂപ്പനെ പറഞ്ഞാൽ അനുസരിപ്പിക്കാമോ എന്ന് ഞാനൊന്നു നോക്കട്ടെ.” സുമേഷിന്‍റെ ദേഷ്യഭാവവും വടിയും കണ്ട് നന്ദൻമാഷ് ഭയചകിതനായി മിണ്ടാതിരുന്നു.

അല്പം കഴിഞ്ഞപ്പോൾ സുമേഷ് കൈ വലിച്ചെടുത്തു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു. “ഇനി ഇവിടെ മിണ്ടാതെ കിടന്നോണം. അല്ലെങ്കിൽ എന്‍റെ കൈയിൽ നിന്നും ഇനിയും മേടിക്കും. അച്ഛനല്ലെ, വേണ്ടാ… വേണ്ടാ എന്ന് വിചാരിക്കും തോറും മനുഷ്യനെ നാണം കെടുത്താനും ബുദ്ധിമുട്ടിക്കാനും ഇറങ്ങിയിരിക്കുകാ. ഇനി മുതൽ ഞാൻ പറയുന്നതെല്ലാം മിണ്ടാതെ അനുസരിച്ചോണം. അല്ലെങ്കിൽ…”

അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ എല്ലാ പേരോടും മുറിക്കുപുറത്തു കടക്കാൻ ആവശ്യപ്പെട്ടു. ശാന്തിയോടും താരയോടുമൊപ്പം പുറത്തേക്കു നടന്ന ചിന്നുവാകട്ടെ അപ്പൂപ്പനെ സഹതാപത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 10

ഹേമാംബിക അയയിൽ തുണിവിരിച്ചു കൊണ്ടു ടെറസ്സിൽ നില്ക്കുകയായിരുന്നു. പടിഞ്ഞാറു നിന്ന് ഒഴുകിവരുന്ന കാറ്റ് പകലത്തേ ചൂടിനെ ശമിപ്പിക്കുമാറ് ആഞ്ഞു വീശി. നരച്ചുതുടങ്ങിയ നീണ്ടമുടിയിഴകൾ കാറ്റിന് സ്വാഗതമോതിക്കൊണ്ട് ഇളകിപ്പറന്നു. ഒപ്പം ഹേമാംബികയുടെ മനോഹരവദനത്തെ അത് ഇടയ്ക്കിടെ തഴുകിക്കൊണ്ടിരുന്നു. വായുവിൽ തങ്ങി നില്ക്കുന്ന മുല്ലപ്പൂക്കളുടെ സുഗന്ധത്തോടൊപ്പം ഏതോ ഓർമ്മകളും ഭൂതകാലത്തിൽ നിന്ന് ഒഴുകിയെത്തി അവരെ തരളിതയാക്കി. നന്ദൻമാഷിനോട് ബന്ധപ്പെട്ട ചില ഓർമ്മകളായിരുന്നു അവ. നന്ദൻമാഷിനെ വീണ്ടും കണ്ടുമുട്ടിയതോടെ ഭൂതകാലം ചേതോഹരമായ ഒരു മയിലിനെപ്പോലെ പീലി നിവർത്തി ആടുവാൻ തുടങ്ങിയിരുന്നു.

“ഹേമാമ്മേ… ഹേമാമ്മയ്ക്ക് ഫോൺ…” നയന എന്ന യുവതി അപ്പോൾ ടെറസ്സിൽ എത്തി നിന്നിരുന്നു. ഹേമാംബിക തന്‍റെ മുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന ഫോൺ കൈയ്യിലെടുത്തു കൊണ്ടാണ് അവളുടെ വരവ്. അവളുടെ പുഞ്ചിരി തൂകുന്ന വദനത്തിൽ സ്നേഹനിഷ്ക്കളങ്കതകൾ നിറഞ്ഞു നിന്നു. കിലുക്കാംപെട്ടി എന്നാണ് ഹേമാംബികയുൾപ്പെടെ എല്ലാവരും അവളെ വിളിച്ചിരുന്നത്. നന്ദനം എന്നു പേരുള്ള വാടക വീട്ടിൽ പ്രവർത്തിക്കുന്ന “സ്നേഹ സദനത്തിൽ” ഒരു സഹായിയായി വർത്തിക്കുന്ന അവൾ എല്ലാവർക്കും ഒരത്ഭുതമായിരുന്നു. കാലം അതിന്‍റെ ബലിഷ്ഠമായ കരങ്ങളാൽ ബ്രസ്റ്റ് കാൻസറിന്‍റെ രൂപത്തിൽ പ്രഹരങ്ങളേൽപ്പിച്ചിട്ടും തളരാതെ പിടിച്ചു നില്ക്കുവാൻ അവൾക്ക് കഴിയുന്നുണ്ട്.

“എന്താ നയനേ… ആരുടെ ഫോണാണ്?” ഹേമാബിക അങ്ങനെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തെത്തി ഫോൺ വാങ്ങി.

“അറിയില്ല അമ്മേ, വിദേശത്തു നിന്നുള്ള കോൾ ആണെന്നു തോന്നുന്നു.” അതാരുടെ ഫോണാണെന്ന് ഹേമാംബിക്ക് പെട്ടെന്നു പിടി കിട്ടി. നീലാംബരി ഗൾഫിൽ നിന്നും വിളിക്കുന്നതാണ്. ആഴ്ചകളായി അവളുടെ ഫോൺ വന്നിട്ട്. മറ്റേത് മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും അവൾ വിളിക്കും. അതുകൊണ്ട് താൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവൾ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത്. ഹേമാംബിക ഫോൺ ഓൺ ചെയ്തു.

ഉടനെ നീലാംബരി വീഡിയോ കോളിൽ ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം പ്രസന്നമെങ്കിലും കാലം അവളിൽ വരുത്തിയ മാറ്റങ്ങൾ കൂടുതൽ പ്രകടമായിരുന്നു. തല കൂടുതൽ നരച്ചിരിക്കുന്നു. മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

“ഹലോ നീലാംബരി, നിനക്ക് സുഖമല്ലേ?” ഹേമാംബികയുടെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു.

“സുഖമാണ് ചേച്ചി. ഞാൻ പിന്നെ അല്പം തിരക്കിലായിരുന്നു. അതുകൊണ്ടാണ് വിളിക്കാൻ താമസിച്ചത്.”

“എന്ത് തിരക്ക്? നീയിപ്പോൾ റിട്ടയറായി സുഖമായി വീട്ടിലിരിപ്പല്ലേ? പിന്നെ എന്താ?”

“അതെ ചേച്ചി. ഞാൻ പറഞ്ഞത് മറ്റു ചില തിരക്കുകളെക്കുറിച്ചാണ്. കല്ലുമോളുടെ വിവാഹം നിശ്ചയിച്ചു. ഗൾഫിൽത്തനെയുള്ള ഒരു എംബിഎക്കാരനാണ് വരൻ. അച്ഛനുമമ്മയും കോഴിക്കോട്ടുകാരാണ്. വിവാഹം അടുത്തു തന്നെ ഗുരുവായൂരിൽ വച്ചുണ്ടാകും. ഞാൻ നാട്ടിലെത്തിയാലുടനെ ചേച്ചിയെക്കാണാൻ വരും.”

“കല്ലുമോൾക്ക് ഇത്ര പെട്ടെന്ന് വിവാഹ പ്രായമെത്തിയെന്നോ?” ഹേമാംബികക്ക് അനുജത്തിയുടെ വാക്കുകൾ വിശ്വസിക്കാനായില്ല. പത്തുവർഷത്തെ വ്യത്യാസമുണ്ട് മൂത്തവളും ഇളയവളും തമ്മിൽ. ജാനു എന്നു വിളിക്കുന്ന ജാനകിയും, കല്ലു എന്നു വിളിക്കുന്ന കല്യാണിയുമാണ് അവളുടെ മക്കൾ. നാട്ടിലെ ഒരു ഡോക്ടറുമായി ജാനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് എട്ടൊമ്പതു വർഷമായിക്കാണും. അവൾക്കിപ്പോൾ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. പക്ഷെ കല്ലുവിനെ ചെറിയ കുട്ടിയായാണ് എല്ലാവരും പരിഗണിച്ചിരുന്നത്. ഇന്നിപ്പോൾ അവൾക്ക് പത്തിരുപത്തിരണ്ടു വയസ്സായിക്കാണും.

“അതെ ചേച്ചീ… അവൾ ഇളയവളായതു കൊണ്ട് അല്പം താമസിച്ചു മതിയെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് അവൾക്ക് ഒരു പയ്യനുമായി പ്രണയമുണ്ടെന്ന് അറിയുന്നത്. അവൾ ജേർണലിസത്തിലാണ് ബിരുദമെടുത്തതെന്ന് ചേച്ചിക്കറിയാമല്ലോ. കോഴ്സ് കഴിഞ്ഞ ശേഷം മാദ്ധ്യമ പ്രവർത്തകയായി അവൾ ജോലിചെയ്യുന്ന സ്ഥാപനത്തിലാണ് എംബിഎക്കാരനായ ഈ പയ്യനും ജോലി ചെയ്യുന്നത്. അന്വേഷിച്ചപ്പോൾ നല്ല കുടുംബക്കാരാണെന്നറിഞ്ഞു. ഉടനെ തന്നെ വിവാഹം നടത്തുവാൻ മുൻകൈ എടുക്കുകയായിരുന്നു.”

“ഏതായാലും നല്ല കാര്യം നീലൂ. നീ കല്ലുവിനെ എന്‍റെ ആശംസകൾ അറിയിക്കൂ…”

“അതു പോരാ… ചേച്ചി വിവാഹത്തിനു വരണം. ഞാൻ അവിടെ വന്ന് ക്ഷണിക്കുന്നുണ്ട്.” ആ വാക്കുകൾ അവിശ്വസനീയമായിരുന്നു. ഭർത്താവിന്‍റേയും മകന്‍റേയും മരണശേഷം മണിക്കുട്ടന്‍റെ വീട്ടിലായിരുന്നു തന്‍റെ താമസം. അതിനിടക്ക് അച്ഛൻ ആക്സിഡന്‍റിൽപ്പെട്ടും അമ്മ രോഗം മൂർഛിച്ചും മരിക്കുകയായിരുന്നു. മണിക്കുട്ടന്‍റെ ഭാര്യയുടെ നീരസം മൂലം ആ കുടുംബത്തിൽ നിന്നും താൻ ഈ വൃദ്ധമന്ദിരത്തിലേക്ക് താമസം മാറ്റുകയായിരുന്നു. അങ്ങനെ മാറുന്നതിൽ ഏറ്റവും കൂടുതൽ പ്രതിഷേധിച്ചത് നീലാംബരിയാണ്. ചേച്ചി ഒരാനാഥയല്ലെന്നും, ഞങ്ങളെല്ലാം ചേച്ചിക്കുണ്ടെന്നും അവൾ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. പക്ഷെ റിട്ടയർമെന്‍റിനു ശേഷം സ്വന്തമായി ഒരിടം തേടാനായിരുന്നു തന്‍റെ തീരുമാനം. അപ്പോഴാണ് ഈ സ്നേഹ സദനത്തെക്കുറിച്ചറിഞ്ഞത്. പിന്നീട് ഇങ്ങോട്ടു പോരാൻ തീരുമാനിക്കുകയായിരുന്നു.

ഇവിടെ വന്ന് ഈ അന്തരീക്ഷത്തോട് ഇണങ്ങിച്ചേർന്നു കഴിഞ്ഞപ്പോൾ എന്തുകൊണ്ട് തനിക്കിത് നേരത്തേ തോന്നിയില്ല എന്നാണ് തോന്നിയത്.

“ചേച്ചീ… എന്താണൊന്നും മിണ്ടാത്തത്… ഞാൻ വന്നു വിളിച്ചാൽ ചേച്ചീ വരികയില്ലേ?”

“പിന്നെ തീർച്ചയായും നീലു… ഇപ്പോഴും നീയും കിങ്ങിണി മോളുമൊക്കെത്തന്നെയാണ് എന്‍റെ മനസ്സിൽ. നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തിലില്ല. പിന്നെ മണിക്കുട്ടൻ. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവന് ചേർന്ന ഒരു ഭാര്യയെയല്ല അവന് ലഭിച്ചത്. ഞാൻ അവിടെ ഉള്ളപ്പോൾ എന്നെയും അവനെയും കുറ്റപ്പെടുത്തുകയായിരുന്നു അവളുടെ പ്രധാന ജോലി. ഞാൻ മുഖാന്തിരം അവർക്ക് ഒരു വിഷമം ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മാറിയത്. അതുകൊണ്ടിങ്ങോട്ടു വരാൻ കഴിഞ്ഞു. ഇവിടെ സമാനമസ്ക്കരായ ഏതാനും പേരോടൊത്ത് കഴിയുമ്പോൾ ഞാനനുഭവിക്കുന്ന സുഖം നിനക്കറിയില്ല നീലാംബരി.”

“ശരി… ശരി… ചേച്ചിയുടെ ഇഷ്ടം പോലെ ആകട്ടെ. ഞാനിനി ഫോൺ വക്കുകയാണ് നമുക്ക് അവിടെ വരുമ്പോൾ കാണാം.” ഫോൺ ഓഫ് ചെയ്ത് ഹേമാംബിക തിരിഞ്ഞു നോക്കുമ്പോൾ തങ്ങളുടെ സംസാരം ശ്രദ്ധിച്ച് തന്നെത്തന്നെ ഉറ്റുനോക്കി നില്ക്കുന്ന നയനയെ ആണ് കണ്ടത്.

“നീ… ഇതുവരെ പോയില്ലേ?” ഹേമാoബികയുടെ ചോദ്യം കേട്ട് സന്തോഷം ഇടകലർന്ന ദുഃഖ സ്വരത്തിൽ നയന പറഞ്ഞു.

“ഹേമാമ്മയുടെ മനസ്സ് എത്ര നല്ലതാണെന്ന് ഓർക്കുകയായിരുന്നു ഞാൻ. എനിക്കിതു പോലെ ഒരമ്മയുണ്ടായില്ലല്ലോ എന്നും.”

“അതെന്താ മോളെ. നിന്നെ ഞാനെന്നും എന്‍റെ മകളായി മാത്രമല്ലേ കണ്ടിട്ടുള്ളു. അല്ല എന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?”

“അതല്ല ഹേമാമ്മേ… ജീവിതം വഴിമുട്ടി നിന്ന ഒരവസരത്തിലാണ് ഞാൻ ഈ അഗതിമന്ദിരത്തിൽ എത്തിച്ചേർന്നത്. ഇവിടെ എന്‍റെ സമപ്രായക്കാരല്ലാത്തവരുമായി ഇടപെട്ടു ജീവിക്കുമ്പോൾ ഞാൻ നിങ്ങളിലോരോരുത്തരിലൂടെ എനിക്ക് നഷ്ടമായ രക്തബന്ധത്തെ വീണ്ടെടുക്കുകയായിരുന്നു. അങ്ങനെ ഹേമാമ്മ എനിക്കമ്മയായി. ഇപ്പോൾ ഹേമാമ്മ എത്ര ഭാഗ്യവതിയാണെന്ന് ഞാൻ ചിന്തിച്ചു പോകുന്നു. ഇപ്പോഴും ഹേമാമ്മെ ഉപേക്ഷിക്കാത്ത കൂടപ്പിറപ്പുകൾ ഹേമാമ്മയ്ക്കുണ്ടല്ലോ.”

“അതെ മോളെ. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ഞാൻ അവരിൽ നിന്നൊക്കെ അകലുവാൻ ശ്രമിച്ചിട്ടും അവർ എന്നെ അകറ്റാതെ ചേർത്തുപിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് എന്‍റെ രണ്ടനുജത്തിമാർ. ഞാൻ എവിടെയാണെങ്കിലും മാസത്തിലൊരിക്കലെങ്കിലും എന്നെ വിളിച്ചവർ സംസാരിക്കാറുണ്ട്.”

“അതെ. അതാണ് ഞാൻ പറഞ്ഞത് ഹേമാമ്മ ഭാഗ്യവതിയാണെന്ന്. രക്തബന്ധത്തിൽപ്പെട്ടവർ എല്ലാം ഉപേക്ഷിച്ച എന്നെപോലെയല്ലല്ലോ ഹേമാമ്മ.”

“പക്ഷെ ഇന്നു നീ ഞങ്ങൾക്കെല്ലാം മകളാണ്. നിന്നെപ്പോലെ ഒരു മകളെ ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. പ്രസവിച്ചില്ലെങ്കിലും നീ എനിക്ക് മകൾ തന്നെയാണ്. ഇനി നിന്‍റെ വിവാഹം നടന്നു കാണണമെന്നു തന്നെയാണ് ഞാൻ ആ ഗ്രഹിക്കുന്നത്. ഞാൻ മാത്രമല്ല ഈ അഗതിമന്ദിരത്തിലെ ഭൂരിപക്ഷം പേരും.”

“അതു നടക്കുമെന്ന് തോന്നുന്നില്ല ഹേമാമ്മേ. ഈ ജീവിതത്തിൽ ഒരു വിവാഹജീവിതം സ്വപ്നം കാണാൻ എനിക്കർഹതയുണ്ടെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു മരിച്ചോളാം ഹേമാമ്മേ.” അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു വന്നു.

“അതിന് നിനക്ക് പത്തുമുപ്പതു വയസ്സേ ആയിട്ടുള്ളു നയനേ. നീ ഇപ്പോഴും ചെറുപ്പമാണ്. നിനക്കിനിയും മുന്നോട്ട് ജീവിതമുണ്ട്.”

“പക്ഷെ… പക്ഷെ… കാൻസർ കാർന്നു തിന്ന അപൂർണ്ണമായ ഈ ശരീരവുമായി എന്നെ ഇനി ആരുവിവാഹം കഴിക്കാനാണ് അമ്മേ… ഞാൻ… ഞാൻ… ഇന്ന് ഒരു സ്ത്രീയല്ല… സ്ത്രീയുടെ ബാഹ്യരൂപം മാത്രമുള്ളവൾ… ആർക്കും വേണ്ടാത്ത ഒരു ശാപജന്മമാണ് എന്‍റേത്… ചെറുപ്പത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ടു… പിന്നീട് കാൻസർ രോഗം പിടിപെട്ടപ്പോൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവളായി. സഹോദരഭാര്യമാർക്ക് ദുശ്ശകുനമായി…” അവൾ ഹേമാംബികയുടെ തോളിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു തുടങ്ങി.

എന്നും കളി ചിരികളുമായി മാത്രം കണ്ടിട്ടുള്ള നയന. അതുവരെ കാണാത്ത അവളുടെ അപ്പോഴത്തെ ഭാവമാറ്റം കണ്ട് ഹേമാംബിക വല്ലാതെ പതറി. അവളെ എങ്ങനെ സമാശ്വസിപ്പിക്കേണ്ടു എന്നറിയാതെ കുഴങ്ങി. പിന്നീട് വിചാരിച്ചു അവൾ മനസ്സിൽ അണകെട്ടിനിർത്തിയിരുന്നതെല്ലാം പൊട്ടി ഒഴുകുകയാണെന്ന്. ഒരു കല്ലോലിനി പ്രവാഹം പോലെ അത് തടയിണകളെ തല്ലിത്തകർത്ത് ഒഴുകട്ടെ എന്ന്. ഹേമാംബിക ഒരമ്മയെ പോലെ അവളുടെ പുറംതലോടിക്കൊണ്ടിരുന്നു. ഏറെ നേരം കരഞ്ഞ ശേഷം അവൾ സ്വയം സമാശ്വസിച്ചു കൊണ്ടു പറഞ്ഞു.

“ഇപ്പോൾ എനിക്കാശ്വാസമായി അമ്മേ. എല്ലാ വേദനകളും ഉള്ളിലൊതുക്കി ഞാൻ ഇത്രനാളും നിങ്ങളുടെ മുന്നിൽ പൊട്ടിച്ചിരിച്ചു നടന്നു. ഇന്നിപ്പോൾ ഉള്ളിൽ കെട്ടിനിന്നതെല്ലാം കണ്ണുനീരായി പുറത്തേക്കൊഴുകിപ്പോയി. ഇതിനു കാരണം എന്‍റെ പെറ്റമ്മയെപ്പോലുള്ള ഹേമാമ്മയുടെ സ്നേഹസ്പർശനങ്ങളാണ്. ഈ തലോടലാണ്. എനിക്ക് തൃപ്തിയായി അമ്മേ. ഇനി ഞാൻ ഒരിക്കലും കരയുകയില്ല.”

അവൾ കണ്ണുനീർ തുടച്ച് പുഞ്ചിരിയോടെ എഴുന്നേറ്റിരുന്നു. എന്നിട്ടു ഹേമാംബികയുടെ കൈവിരലിൽ കൈ കോർത്തുപിടിച്ചു കൊണ്ട്പറഞ്ഞു. “വരൂ… ഹേമാമ്മേ… നേരം സന്ധ്യയായി. നമുക്ക് താഴെപ്പോയി വിളക്കു കൊളുത്തി എല്ലാവരുമായി ചേർന്ന് പ്രാർത്ഥിക്കാം.”

ഹേമ യാന്ത്രികമായി അവളെ അനുഗമിച്ചു. ഒരു പക്ഷെ അവളുടെ കൈവിരൽത്തുമ്പിന്‍റെ മാന്ത്രികസ്പർശം ഹേമാംബികയെ മുന്നോട്ടു നടത്തുകയായിരുന്നു. അവർക്ക് പിന്നിൽ അപ്പോൾ ഇരുട്ട് കട്ടി കൂടിക്കൊണ്ടിരുന്നു.

ചിന്നു മോൾ മുറ്റത്ത് കൊച്ചു സൈക്കിളോടിച്ച് കളിച്ചു കൊണ്ടിരുന്നു. അപ്പോൾ ശാന്തി അവളുടെ അനുജനെ മുച്ചക്ര സൈക്കിളിലിരുത്തി കളിപ്പിച്ചു. ശാന്തിയോടും കിച്ചു മോനോടുമൊപ്പം ചിന്നു മോൾ പുറത്തേക്കിറങ്ങി പോയപ്പോൾ നന്ദൻമാഷ്, ആഹാരം കഴിച്ചുഴിഞ്ഞ ശേഷം മുറികൾ തോറും ദിക്കറിയാതെ ന്നോണം പരതിക്കൊണ്ടിരുന്നു…

കൈ കഴുകാനുള്ള വാഷ്ബേസിൻ അനേഷിച്ചാണ് അദ്ദേഹം നടന്നത്. കണ്ണുകൾ കൊണ്ട് കാണാമായിരുന്നിട്ടും അദ്ദേഹം ഒന്നും കാണുന്നുണ്ടായിരുന്നില്ല… താൻ കൈകഴുകാനാണ് മുറിക്കു പുറത്തിറങ്ങിയതെന്ന് പോലും അല്പം കഴിഞ്ഞപ്പോൾ അദ്ദേഹo മറന്നു തുടങ്ങി. പുറത്തപ്പോൾ നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. ശാന്തി കുട്ടികളേയും കൊണ്ട് അകത്തു കയറി.

നന്ദൻമാഷിനെ മുറിയിൽക്കാണാഞ്ഞ് അവൾ വന്നു നോക്കുമ്പോൾ അദ്ദേഹം ജനലഴികളിൽ പിടിച്ച് പുറത്തേക്കു നോക്കി നില്ക്കുന്നു. ആർത്തലച്ചു പെയ്യുന്ന മഴയിലേക്കു നോക്കി നന്ദൻമാഷ് എന്തോ ഓർത്തു നിന്നു. അദ്ദേഹം മനസ്സിലപ്പോൾ സ്വയം മഴയിലൂടെ കളിവള്ളം ഓടിച്ചു നടക്കുന്ന ചെറിയകുട്ടിയായി മാറുകയായിരുന്നു.

“എന്താ നന്ദാ ഇത്… മഴ കൊണ്ടാൽ നിനക്ക് പനി വരികയില്ലേ?” അമ്മ ശാസിച്ചു കൊണ്ട് തന്നെ ചേർത്തുപിടിച്ച് തല തുവർത്തുന്നതു അദ്ദേഹം മനസ്സിൽ കണ്ടു.

“അല്ല സാറെന്താ കൈയ്യൊന്നും കഴുകാതെ പുറത്തേക്ക് നോക്കിനില്ക്കുന്നത്. കൈയ്യിലെ എച്ചിലുമുഴുവൻ ആ ജനലഴികളിൽ ആയല്ലോ?” എന്നു പറഞ്ഞ് ശാന്തിയപ്പോൾ അടുത്തെത്തി. നന്ദൻമാഷ് സ്വന്തം കൈകളിലേക്കു നോക്കി ഒന്നും മനസ്സിലാകാതെ നിന്നു.

“അയ്യോ ഈ സാർ കൊച്ചു കുട്ടികളെപ്പോലെയാണല്ലോ. ഇപ്പോൾ ചോറുണ്ടാൽ കൈ കഴുകണമെന്ന് സാറിനറിയില്ലേ? വന്നാട്ടെ ഞാൻ കൈ കഴുകുന്ന സ്ഥലം കാണിച്ചു തരാം…” അങ്ങനെ പറഞ്ഞ് അവൾ നന്ദൻമാഷിനെ പിടിച്ചു കൊണ്ട് വാഷ്ബേസിനടുത്തെത്തിച്ചു. എന്നിട്ട് പൈപ്പ് തുറന്നു കൊടുത്തുകൊണ്ട് പറഞ്ഞു.

“കൈ കഴുക് സാറെ… കൈയ്യിലുമുഴുവൻ എച്ചിലാണല്ലോ…” പെട്ടെന്ന് നന്ദൻമാഷ് എന്തോ ഓർത്തെന്നപോലെ കൈകഴുകി. ശാന്തി ടൗവ്വലെടുത്ത് കൊടുത്തപ്പോൾ അദ്ദേഹം കൈ തുടച്ചുവെങ്കിലും സ്വന്തം മുറിയിലേക്കു പോകാനറിയാതെ അവിടെ പരുങ്ങി നിന്നു. അപ്പോൾ ചിന്നു മോൾ ഓടി വന്നു നന്ദൻമാഷിന്‍റെ കൈപിടിച്ചു. ഡാൻസ് ചെയ്യാനായി അവൾ കാലിൽ അണിഞ്ഞിരുന്ന ചിലങ്ക വല്ലാതെ കിലുങ്ങി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു, “അപ്പൂപ്പനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഞാൻ ഇന്നു സ്ക്കൂളിൽ പഠിച്ച ഡാൻസ് അപ്പൂപ്പനു കാണണോ? വാ നമുക്ക് മുൻവശത്തെ മുറിയിൽ പോയിരിക്കാം.” എന്നാൽ നന്ദൻമാഷ് അവൾ പറയുന്നതു കേട്ടിട്ടും അനങ്ങാതെ നിന്നതേയുള്ളു.

അവൾ നന്ദൻമാഷിന്‍റെ അനക്കമറ്റ നില്പ് കണ്ട് അദ്ദേഹത്തെ കൈപിടിച്ചു മുന്നോട്ടു നടത്തി. പൂമുഖത്തെത്തിയപ്പോൾ അദ്ദേഹത്തെ അവിടെക്കിടന്ന സെറ്റിയിൽ പിടിച്ചിരുത്തി. എന്നിട്ടവൾ ഡാൻസ് ചെയ്യാൻ തുടങ്ങി.

“ഗോകുലപാലകനേ കണ്ണാ… ഗോപാല പാലകനേ… ഗുരുവായൂരമ്പല ശ്രീലകം വാഴുന്ന ഗോപാല പാലകനേ…” അവൾ പിഞ്ചു കാലുകൾ കൊണ്ട് ചുവടുകൾ വച്ചു തുടങ്ങിയപ്പോൾ നന്ദൻമാഷ് അത് ആനന്ദത്തോടെ നോക്കിയിരുന്നു. അപ്പൂപ്പനോട് ചേർന്നു നിന്നിരുന്ന കിച്ചു മോൻ കുഞ്ഞിക്കൈകൾ കൊട്ടി ചേച്ചിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

അവൻ ഇടക്കിടക്ക് “ഹായ്” എന്നു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴേക്കും പുറത്ത് ഒരു സ്ക്കൂട്ടർവന്നു നില്ക്കുന്ന ശബ്ദം കേട്ടു. അതിൽ നിന്നും താര ഇറങ്ങി വന്നു. സിറ്റൗട്ടിലേക്ക് കയറിയ അവൾ താനണിഞ്ഞിരുന്ന മഴക്കോട്ട് ഊരി കൈയ്യിൽപ്പിടിച്ചു. അതിൽ നിന്ന് ഇറ്റിറ്റ് വെള്ളം വീണു കൊണ്ടിരുന്നതിനാൽ അവൾ അത് അരമതിലിന്‍റെ ഭിത്തിയിൽ വച്ചു. എന്നിട്ട് അകത്തേക്ക് കയറി വന്നു.

അവൾ നോക്കുമ്പോൾ നന്ദൻമാഷിന്‍റെ മടിയിൽ കിച്ചുമോൻ ഇരിക്കുന്നതും ചിന്നു മോൾ ഡാൻസ് ചെയ്യുന്നതും കണ്ടു. നന്ദൻമാഷിന്‍റെ രാവിലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്കെന്തു കൊണ്ടോ വല്ലാത്ത കലിയാണ് വന്നത്. അവൾ ചിന്നുവിനെ ശാസിച്ചു കൊണ്ടു ചോദിച്ചു

“ചിന്നൂ, നീ ഇന്നു സ്ക്കൂളിൽ നിന്നുവന്നിട്ട് ഡാൻസും കൂത്തുമായി നടക്കുകയാണോ?. പരീക്ഷ അടുക്കാറായല്ലോ? നിനക്ക് പഠിക്കാനൊന്നുമില്ലേ?”

“പഠിക്കാൻ പോകുകാ അമ്മേ… അപ്പൂപ്പന് ഞാൻ ഇന്നു സ്ക്കൂളിൽ പഠിച്ച ഡാൻസ് കാണിച്ചുകൊടുക്കുകയായിരുന്നു.”

“ശരി… ശരി… ഇനി എല്ലാം മതിയാക്കി പോയിരുന്നു പഠിക്കാൻ നോക്ക്.” അതു കേട്ട്ചിന്നു മോൾ പേടിച്ച് പഠിക്കാനായി അകത്തേക്കോടി. താരയുടെ ദേഷ്യവും ഭാവവും കണ്ട് നന്ദൻമാഷ് അമ്പരപ്പോടെ നോക്കി. അതു കണ്ടപ്പോൾ താരയുടെ കലി കൂടി വന്നു.

“നോക്കുന്നതു കണ്ടില്ലെ? മനുഷ്യനെ മിനക്കെടുത്താനായിട്ട് ഇറങ്ങിപ്പോക്കും, പിന്നെ തട്ടും മുട്ടും ബഹളവും. അയൽപക്കത്തൊക്കെ മനുഷ്യരുള്ളതാ എല്ലാവരും എന്തു വിചാരിക്കുമോ ആവോ?” താരയുടെ വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ നന്ദൻമാഷ് മിഴിച്ചുനോക്കി ഇരുന്നു. അദ്ദേഹം രാവിലെ നടന്ന കാര്യങ്ങൾ എല്ലാം അപ്പോഴേക്കും മറന്നു പോയിരുന്നു.

താരയാകട്ടെ ചവിട്ടിക്കുതിച്ച് അകത്തേക്ക് പോയി. അവൾ അകത്തു ചെന്ന് ശാന്തിയോട് ദേഷ്യഭാവത്തിൽ “നീയെന്തിന്നാ ഇന്ന് എന്നെ ഫോണിൽ വിളിച്ച് അച്ഛന്‍റെ കാര്യമൊക്കെ പറഞ്ഞത്? അച്ഛന്‍റെ കാര്യങ്ങൾ വല്ലതും പറയണമെങ്കിൽ നിനക്ക് സുമേഷേട്ടനെ വിളിച്ചാൽ പോരായിരുന്നോ? അങ്ങേർക്കാണെങ്കിൽ ബാങ്കിൽ മാനേജരായതു കൊണ്ട് പ്രത്യേകം കാബിനുണ്ട്. എനിക്കാണെങ്കിൽ അതൊന്നുമില്ല. ഫോണിലൂടെ എന്തെങ്കിലും മറുപടി പറയുമ്പോൾ അത് കേൾക്കാൻ കുറെപ്പേർ കാതും കൂർപ്പിച്ചിരിക്കും. എന്നിട്ട് വല്ലതുമൊക്കെ പറഞ്ഞു പരത്തും. മാത്രമല്ല ഓഫീസ് സമയത്ത് ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് സെക്ഷൻ ഓഫീസർക്ക് കംപ്ലെയിന്‍റും കൊടുക്കും.”

“എനിക്കിതൊന്നും അറിയാമ്മേലായിരുന്നു ചേച്ചീ… ഇനി മേലാൽ ഞാൻ ചേച്ചിയെ വിളിക്കാതെ സാറിനോട് എല്ലാം പറഞ്ഞോളാം.”

“ങ… അതുമതി അങ്ങേർക്കാവുമ്പോ പെട്ടെന്ന് ഓടിയെത്താനും പറ്റും. എനിക്ക് അതും പറ്റില്ല, ഇടയ്ക്കെങ്ങാനും ഇറങ്ങിപ്പോയാൽ പിന്നെ അതുമതി കംപ്ലെയിന്‍റ് പോകാനും ജോലി പോകാനും പുതിയ ഓഫീസർ വന്നതിൽപ്പിന്നെ കാര്യങ്ങളെല്ലാം വളരെ സ്ട്രിക്ടാണ്. എന്‍റീശ്വരാ… ഇനി ഈ കിഴവൻ കാരണം എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുമോ ആവോ?” അങ്ങനെ തലയിൽ കൈ വച്ച് അവൾ തന്‍റെ കിടപ്പുമുറിയിലേക്കു നടന്നു. ഇടയ്ക്കുവച്ച് തിരിഞ്ഞു നിന്ന് ശാന്തിയോടായിപ്പറഞ്ഞു.

“ങാ… നീ എനിക്ക് ചായയും പലഹാരവും എടുത്തുവക്ക്. ഡ്രസ്സ് മാറിയിട്ട് ഞാനിതാ വന്നു കഴിഞ്ഞു.” പെട്ടെന്ന് എന്തോ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് നന്ദൻമാഷ് വല്ലാതെ പേടിച്ചു വിറച്ചു. അദ്ദേഹം ഭയത്തോടെ മുറിയുടെ മൂലയിൽ പതുങ്ങി.

നോവൽ പവിഴമല്ലിപ്പൂക്കൾ ഭാഗം- 9

“സൗദാമിനി… സൗദാമിനി നീ വാതിൽ തുറക്ക്… എന്നിട്ട് വേഗം വാ നമുക്ക് ഒന്നിച്ചിരുന്ന് കാപ്പി കുടിക്കാം” എന്നെല്ലാം വിളിച്ചു പറയാൻ തുടങ്ങി.

ഇതെല്ലാം ശാന്തി ഒട്ടൊരു അത്ഭുതത്തോടെ നോക്കി നിന്നു. ഈ മനുഷ്യന് ഭ്രാന്തു തന്നെ എന്ന് അവൾ തീർച്ചയാക്കി. ഭയം തോന്നിയ അവൾ തനിക്കു സ്വന്തമായി ഉണ്ടായിരുന്ന മൊബൈലെടുത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്ന താരയെ വിളിച്ചു. എന്നിട്ട് നന്ദൻ മാഷിന്‍റെ അസ്വാഭാവിക രീതികളെപ്പറ്റി പറഞ്ഞു. താര അല്പനേരം ആശയക്കുഴപ്പത്തിലായതു പോലെ ഇരുന്നു

എന്നിട്ടു പറഞ്ഞു, “സാരമില്ല… നീ പേടിക്കേണ്ട. കൂടുതൽ ബഹളമുണ്ടാക്കുകയാണെങ്കിൽ നീ സുമേഷിനെ വിളിച്ചു പറ അല്ലെങ്കിൽ ഞാൻ വരാൻ നോക്കാം. ഇപ്പോൾ നീ ഫോൺ ഓഫ് ചെയ്ത് വച്ച് അങ്ങേര് എന്തു ചെയ്യുകാന്ന് നോക്ക്. ഒച്ചേം ബഹളോം കൂടുകയാണെങ്കിൽ മാത്രം എന്നെ വിളിക്ക്…”

“ശരി ചേച്ചീ… പേടിച്ചിട്ട് എന്‍റെ കൈയ്യും കാലം കിടന്ന് വിറക്കുകാ.”

“കിച്ചു മോൻ ഉറങ്ങുകയാണെങ്കിൽ അവൻ ഉണർന്ന് പേടിച്ചു കരയാൻ തുടങ്ങും. നീ അതിനു മുമ്പ് അവന്‍റെ അടുത്ത് ചെന്നിരുന്ന് അവനെ തട്ടി ഉറക്കാൻ നോക്ക്…”

“ശരി ചേച്ചി.” എന്നു പറഞ്ഞ് ശാന്തി അവൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് തിരിയാൻ തുടങ്ങുന്നതിന് മുമ്പു തന്നെ കിച്ചുമോൻ ഉണർന്ന് കരയാൻ തുടങ്ങി.

അവൻ നന്ദൻ മാഷിന്‍റെ വാതിലിലെ തട്ടലും മുട്ടലും കേട്ട് വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. ഉറക്കെ കരയാൻ തുടങ്ങിയ കിച്ചുമോനെ അവൾ സാന്ത്വനിപ്പിക്കുന്നതു പോലെ തുടയിൽ തട്ടിക്കൊടുത്തു. അവൻ വീണ്ടും ഉറങ്ങിയപ്പോൾ അവൾ വാതിൽ ചാരി പുറത്തിറങ്ങി. ഈ സമയത്ത് നന്ദൻ മാഷ് തന്‍റെ ബെഡ്റൂമിലെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

“സൗദാമിനി… വാതിൽ തുറക്ക്… നീ അവിടെ എന്തു ചെയ്യുകയാ… എന്താ നീ. ഒന്നും മിണ്ടാത്തത്… നിനക്ക് എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ?” എന്നൊക്കെ ഉച്ചത്തിൽ വിലപിച്ചു കൊണ്ടിരുന്നു.

ശാന്തി എന്തു വേണമെന്നറിയാതെ നിശ്ചേതനയായി നിന്നു. അല്പം കഴിഞ്ഞ് സുമേഷിന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്ന ശബ്ദം അവൾ കേട്ടു. ആശ്വാസപൂർവ്വം വാതിൽ തുറന്ന അവൾ സുമേഷിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു.

“എത്ര നേരമായെന്നോ സാറെ, അങ്ങേര് സൗദാമിനി, സൗദാമിനി എന്ന് വിളിച്ചു കൂവിക്കൊണ്ട് വാതിലിലിടിക്കുന്നു. കിച്ചുമോനാണെങ്കി ഈ ശബ്ദം കേട്ട് ഉണർന്ന് കരയാൻ തുടങ്ങി. ഞാൻ ഇപ്പോൾ തുടയിൽ തട്ടി ഉറക്കിയതേ ഉള്ളൂ.”

“ശരി… ശരി… നീ അപ്പുറത്തേക്ക് പൊയ്ക്കോ. കിച്ചു മോൻ ഉണരും മുമ്പ് എന്തെങ്കിലും പണി ഉണ്ടെങ്കിൽ തീർക്ക് ഞാൻ അച്ഛനെ സമാധാനിപ്പിച്ചോളാം.” അങ്ങനെ പറഞ്ഞ് സുമേഷ് അച്ഛന്‍റെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടു നിന്ന നന്ദൻമാഷിനെക്കണ്ടു സുമേഷ് ദേഷ്യത്തോടെ ചോദിച്ചു, “എന്താ അച്ഛാ ഇക്കാണിക്കുന്നത് അമ്മ ബാത്റൂമിലാണെന്ന് അച്ഛനോട് ആരാ പറഞ്ഞെ?”

മകന്‍റെ ദേഷ്യഭാവം കണ്ട് നന്ദൻ മാഷ് പകച്ചു നോക്കി നിന്നു. എന്നിട്ട് വിക്കി വിക്കി പറഞ്ഞു. “അവള് ബാത്റൂമിലുണ്ടെന്ന് ആരോ എന്നോടു പറഞ്ഞു. ആരാ പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുന്നില്ല…”

“അഥവാ അമ്മ ബാത്റൂമിലുണ്ടെങ്കിൽ അച്ഛൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. അമ്മ ഇറങ്ങി വരുന്നതു വരെ കാത്തിരിക്കാതെ കെട ന്ന്ബഹളം വക്കുകയാണോ വേണ്ടത്.”

സുമേഷിന് ദേഷ്യം വർദ്ധിച്ചു കൊണ്ടിരുന്നു. അയാൾ ബാത്റൂമിന്‍റെ അടുത്തു നിന്ന് നന്ദൻമാഷിനെ ബലമായി പിടിച്ചു മാറ്റി. എന്നിട്ടു പറഞ്ഞു, “അല്ലെങ്കിലും അമ്മ ബാത്റൂമിലൊന്നുമില്ല. സുരേഷേട്ടൻ അമ്പലത്തിൽ നിന്നും മടങ്ങി വരുന്ന വഴി അമ്മയെ കൂട്ടിക്കൊണ്ടു പോയി.”

“ങേ… സുരേഷോ… അതെപ്പോ… എന്നിട്ട് അവൾ വീണ്ടും അവന്‍റെ കൂടെപ്പോയോ?” നന്ദൻ മാഷിന് ആ അറിവ് ഒരു ഷോക്കായിരുന്നു. അയാൾ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി.

നന്ദൻമാഷിന്‍റെ കരച്ചിൽ നിർത്തേണ്ടത് എങ്ങിനെയെന്നറിയാതെ സുമേഷ് വിഷമിച്ചു. അയാൾ ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു, “അച്ഛനൊന്ന് നിർത്തുന്നുണ്ടോ ഈ അഭ്യാസം. എനിക്കാണെങ്കി ബാങ്കില് നൂറുകൂട്ടം കാര്യങ്ങളാ… താരവിളിച്ചു പറഞ്ഞതു കാരണം. ബാങ്കിപ്പോകാതെ മടങ്ങിവന്നതാ ഞാൻ… ഹെഡ്ഓഫീസീന്നു വിളി വന്നാ ഓരോ കാര്യങ്ങൾക്ക് മാനേജരായ ഞാനാ മറുപടി പറയേണ്ടത്.”

സുമേഷിന്‍റെ അനിയന്ത്രിതമായ ദേഷ്യം കണ്ട് നന്ദൻമാഷ് പെട്ടെന്നു നിശ്ശബ്ദനായി. അതു കണ്ട് സുമേഷ് പറഞ്ഞു, “എനിക്കിപ്പോ തോന്നുന്നത് അച്ഛനെല്ലാം അഭിനയമാണെന്നാ… അമ്മയേയും അമ്മയെപ്പറ്റിയുള്ള കാര്യങ്ങളും എല്ലാം അച്ഛനോർമ്മയുണ്ട്… പക്ഷെ ഈ വീടും ഇവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളും ഒന്നും ഓർമ്മയില്ല. ഇക്കണക്കിന് കുറെക്കഴിയുമ്പോൾ അച്ഛൻ എന്നെയും മറന്നു പോകുമല്ലോ. ങാ… അതു പോട്ടെ രാവിലെ കാപ്പി കുടിക്കാൻ വിളിച്ചപ്പഴാ അച്ഛനീ കോലാഹലമൊക്കെ ഉണ്ടാക്കിയതെന്ന് ശാന്തി പറഞ്ഞല്ലോ… അച്ഛൻ എഴുന്നേറ്റു വന്ന് വല്ലതും കഴിക്കുന്നുണ്ടോ എന്നിട്ടു വേണം എനിക്ക് മടങ്ങിപ്പോകാൻ… വാ… വന്നേ…”

സുമേഷ് നന്ദൻമാഷിനെ ബലമായി പിടിച്ചു വലിച്ച് ഊണുമേശയ്ക്കടുത്തുള്ള കസേരയിലിരുത്തി. എന്നിട്ട് പ്ലേറ്റിലെ ഇഡ്ഡലി എടുത്ത് കഴിക്കാൻ ആവശ്യപ്പെട്ടു.

നന്ദൻമാഷ് യാന്ത്രികമായി ഇഡ്ഡലി എടുത്തു കഴിക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്നു തന്നെ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

“സൗദാമിനി… എന്‍റെ സൗദാമിനി… അവൾ അടുത്തില്ലാതെ ഞാൻ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല…” അയാൾ വിങ്ങിപ്പൊട്ടി.

അതു കേട്ട് സുമേഷ് വർദ്ധിച്ച കോപത്തോടെ ചോദിച്ചു, “ആരു പറഞ്ഞു… അമ്മയില്ലാതെയാണല്ലോ അച്ഛൻ കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ ഞങ്ങളുടെ കൂടെ കഴിഞ്ഞത്. അമ്മ അപ്പോഴെല്ലാം സുരേഷേട്ടന്‍റെ കൂടെയായിരുന്നു. പിന്നെന്തിനാണ് അമ്മ അടുത്തുണ്ടായിരുന്നു എന്ന് അച്ഛൻ പറയുന്നത്? ഇതെല്ലാം വെറും അഭിനയമല്ലെ അച്ഛാ? അച്ഛനിപ്പോ എന്‍റെ കൂടെ താമസിക്കാൻ ഇഷ്ടമില്ല. അതല്ലെ കാരണം?” സുമേഷിന്‍റെ വാക്കുകൾ നന്ദൻമാഷിനെ വല്ലാതെ അമ്പരപ്പിച്ചു.

സൗദാമിനി തന്‍റെ കൂടെ ഇല്ലായിരുന്നു എന്ന് ഇവനോട് ആരാ പറഞ്ഞത്? അവൾ എപ്പോഴും എന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലോ… പിന്നെ ഇടയ്ക്കെല്ലാം അവൾ അപ്രത്യക്ഷയാകാറുണ്ടെന്നത് ശരി. അത് സുരേഷ് അവളെ കൂട്ടിപ്പോകുമ്പോഴാണ്. എങ്കിലും താൻ കാണണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴെല്ലാം അവൾ തന്‍റെ അടുത്ത് ഓടി വരാറുണ്ടല്ലോ.

നന്ദൻമാഷ് അവിശ്വസനീയതയോടെ മകന്‍റെ വാക്കുകൾ കേട്ടിരുന്നു. അച്ഛൻ ആഹാരം കഴിക്കാതെ തന്‍റെ മുഖത്തു തന്നെ കണ്ണുനട്ടിരിക്കുന്നതു കണ്ട് സുമേഷ് പറഞ്ഞു, “ഹും… കണ്ടില്ലെ ഒന്നും കഴിക്കാതെ ഇരിക്കുന്നത്. മനുഷ്യന്‍റെ സമയം മിനക്കെടുത്താൻ. ഇനി അച്ഛൻ വേണമെങ്കിൽ കഴിക്ക്… ഇല്ലെങ്കിൽ ഞാൻ പോണു. എനിക്ക് ബാങ്കിലെത്താൻ ഇപ്പോൾത്തന്നെ സമയം വൈകി.”

സുമേഷ് വല്ലാത്ത ഈർഷ്യയോടെ അങ്ങനെ പറഞ്ഞ് അടുക്കളഭാഗത്തേക്ക് നടന്നു ചെന്നു, വേലക്കാരിയെ ഉറക്കെ വിളിച്ചു “ശാന്തി… എടീ ശാന്തി…”

“എന്താ സാറെ… ഞാനിതാ വന്നു. കൈ ഒന്ന് കഴുകിക്കോട്ടെ. അപ്പിടി അഴുക്കാ.” അങ്ങനെ പറഞ്ഞ് അവൾ കൈകഴുകിത്തുടച്ച് സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“നീ ആ ചായയും പലഹാരങളും എടുത്ത് അടച്ചു വെയ്ക്ക്… അച്ഛൻ ഒന്നും കഴിക്കുന്നില്ല. എന്നിട്ട് അപ്പുറത്തേക്ക് വന്ന് വാതിലടക്ക്. ഞാൻ തിരികെപ്പോവുകയാ…”

“അതിന്… സാറെ… ആ സാറ് ഇനിയും ബഹളമുണ്ടാക്കിയാ ഞാൻ എന്തോ ചെയ്യും?”

“അങ്ങനൊന്നും ഉണ്ടാവുകയില്ല. ഞാൻ അച്ഛനെ അച്ഛന്‍റെ കിടപ്പു മുറിക്കകത്ത് അടച്ചിടാൻ പോവുകയാണ്. നീ ഉച്ചക്ക് ഊണു കാലാകുമ്പോൾ മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

“ശരി സാറെ… അതാ നല്ലത്… അല്ലെങ്കി ഇനീം സൗദാമിനി എന്നു പറഞ്ഞ് ബഹളമുണ്ടാക്കിയാ ഞാൻ വിഷമിച്ചു പോകും. മാത്രമല്ല കിച്ചുമോനും പേടിച്ചു പോകും.”

“ശരിയാ… പക്ഷെ വൈകുന്നേരം ചിന്നു മോളു വരുമ്പോ നീ വാതിലു തുറന്നു കൊടുത്തോ അവളെ അച്ഛനു വലിയ ഇഷ്ടമാ. അപ്പോൾ ബഹളമൊന്നും ഉണ്ടാക്കുകയില്ല.”

“ശരി സാറെ. സാറിപ്പോ പൂട്ടിയിട്ടിട്ടു പൊയ്ക്കോ ബാക്കി കാര്യങ്ങളു ഞാൻ നോക്കിക്കോളാം.”

സുമേഷ് മടങ്ങിവരുമ്പോൾ നിശ്ചലനായി എങ്ങോ നോക്കിയിരിക്കുന്ന നന്ദൻമാഷിനെ ആണ് കണ്ടത്. സുമേഷ് അച്ഛന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. “അച്ഛൻ വരണം. നമുക്ക് അച്ഛന്‍റെ മുറിയിൽപ്പോയി അല്പനേരം കിടക്കാം.”

നന്ദൻമാഷ് അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മകന്‍റെ കൂടെ നടന്നു. സുമേഷാകട്ടെ അദ്ദേഹത്തെ കട്ടിലിൽ കൊണ്ടുപോയിരുത്തിയിട്ട് പറഞ്ഞു, “ഞങ്ങൾ വൈകുന്നേരം വരുന്നതു വരെ അച്ഛൻ മിണ്ടാതെ ഇവിടെ കിടന്നോണം. ഇനിം ബഹളമുണ്ടാക്കിയാ ഞാൻ പുറത്തേക്ക് ഇറക്കിവിടും.”

മകന്‍റെ വാക്കുകൾ നന്ദൻ മാഷിനെ വല്ലാതെ വേദനിപ്പിച്ചു. ഒന്നും മിണ്ടാതെ അയാൾ കട്ടിലിൽ കിടന്നു. ആകണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. തനിക്കെന്തോ സംഭവിക്കുന്നുണ്ടെന്നു മാത്രം നന്ദൻ മാഷിനു മനസ്സിലായി. അതു വരെയില്ലാത്ത എന്തോ ചില മാറ്റങ്ങൾ. പക്ഷെ അതെന്താണെന്ന് നന്ദൻ മാഷിന് മനസ്സിലായില്ല

സുമേഷാകട്ടെ അച്ഛന്‍റെ മുറിയിൽ നിന്നിറങ്ങി വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞ് മുറ്റത്തുകിടന്ന കാറിൽ കയറി അയാൾ ഓടിച്ചു പോയി.

ഓഫീസിൽ ലഞ്ച് ബ്രേക്കായിരുന്നു. താര, സുഹൃത്ത് ആരതിയോടൊന്നിച്ച് ഊണു കഴിക്കാൻ കാന്‍റീനിലെത്തി. കൗണ്ടറിൽ ചെന്ന് രണ്ട് വെജിറ്റേറിയൻ ഊണിന് ഓർഡർ കൊടുത്തശേഷം അവർ ഒഴിഞ്ഞു കിടന്ന ടേബിളിലിരുന്നു. അവിടെ അപ്പോൾ ഏതാനും പേർ വേറെയും ഊണു കഴിക്കുന്നുണ്ടായിരുന്നു. സൂപ്രണ്ട് ജോൺസൺ താരയെക്കണ്ടയുടനെ പുഞ്ചിരിയോടെ ചോദിച്ചു, “ഓ… ഇന്നും താരമാഡം ലഞ്ച് കൊണ്ടുവന്നിട്ടില്ലെന്നു തോന്നുന്നു.”

“ഒന്നും പറയണ്ട ജോൺസണെ, എങ്ങനെ കൊണ്ടുവരാനാ. വീട്ടിൽ ഇന്ന് നേരം വെളുത്തപ്പോൾ മുതൽ ആകെ കോലാഹലമായിരുന്നില്ലെ?”

“കോലാഹലമോ, എന്തു പറ്റി? സുമേഷ് സർ വഴക്കടിച്ചോ?”

“ഏയ്, അങ്ങേര്‌ വഴക്കടിച്ചൊന്നുമില്ല. പക്ഷെ ഇന്നൊരു സംഭവമുണ്ടായി. നേരം വെളുത്തപ്പോ പുള്ളീടെ അച്ഛനെ കാണാനില്ല.”

“ആരാ… ആ വാദ്ധ്യാരേയോ? എന്നിട്ട്?”

“ഒന്നും പറയണ്ട. ഞങ്ങള് വീടു മുഴുവൻ തിരഞ്ഞു. എങ്ങും കാണാനില്ല. സുമേഷേട്ടന് ആകെ വട്ടു പിടിക്കുമെന്ന അവസ്ഥയിലായി.”

“അങ്ങേര് ഇതിനു മുമ്പ് ഇങ്ങനെ ഇറങ്ങിപ്പോയിട്ടുണ്ടോ?” ആ ചോദ്യം സീനിയർ എക്കൗണ്ടന്‍റ് ശോശാമ്മയുടേതായിരുന്നു. അവർ ഊണു കഴിക്കുന്നതിനിടയിൽ തലയുയർത്തിയാണ് അതു ചോദിച്ചത്.

“ഏയ്… ഇതാദ്യമായിട്ടാ… അതല്ലേ ഞങ്ങളെല്ലാം ആകെ വിഷമിച്ചത്… എന്നിട്ട് പിന്നെ വീടിന്‍റെ മുക്കിലും മുലയിലും ഒക്കെതിരഞ്ഞ് നിരാശരായിരിക്കുമ്പോഴാണ് പാൽക്കാരൻ പയ്യന്‍റെ വരവ്. അവൻ വന്നയുടനെ രാവിലെ പാലും കൊണ്ട് വരുന്ന വഴി അങ്ങേരെ വഴിയിൽ വച്ചു കണ്ടുവെന്നും അങ്ങേര് ആവശ്യപ്പെട്ട പ്രകാരം വൃദ്ധമന്ദിരത്തിൽ കൊണ്ടുപോയാക്കിയെന്നും പറഞ്ഞു.”

ഠവൃദ്ധമന്ദിരത്തിലോ? അതെന്തിനാ നിങ്ങള് സംരക്ഷിച്ചോണ്ടിരിക്കുന്ന ഒരാളെ അവൻ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കുന്നത്.” ഗീതയെന്ന ക്ലാർക്ക് ആണ് അതു ചോദിച്ചത്.

ഠഅതൊരു കഥയാ. ഏതാനും വർഷം മുമ്പ് അങ്ങേരു ഭാര്യയും മക്കളോടുമൊത്ത് അവിടെ താമസിച്ചിരുന്നെന്ന്. ആ ഓർമ്മയിലാ അങ്ങേര് അങ്ങോട്ടു പുറപ്പെട്ടത്. അങ്ങേരുടെ ഭാര്യ അവിടെ കാത്തിരിക്കും എന്നു പറഞ്ഞോണ്ട്. ഏതായാലും അതു കേട്ടതോടെ ഞങ്ങളുടെ നല്ല ജീവൻ വീണു. പിന്നെ സുമേഷേട്ടൻ കാറിൽ പോയി അങ്ങേരേ കൂട്ടിക്കൊണ്ടുവന്നു.”

“കൊള്ളാമല്ലോ താരേ. നിങ്ങൾക്കു നല്ല സുഖമായി അല്ലേ? ഇത്തരത്തിലുള്ള ഒരാളെ വച്ചോണ്ട് നിങ്ങളെങ്ങനാ ജീവിക്കുന്നേ?” ശോശാമ്മ അമ്പരപ്പോടെ ചോദിച്ചു.

താരയുടെയും ആരതിയുടേയും മുന്നിൽ അപ്പോഴേക്കും കാന്‍റീൻ ജീവനക്കാരൻ ചോറും കറികളും നിരത്തിയിരുന്നു. ശോശാമ്മയുടെ ചോദ്യത്തിനുത്തരമായി താര ഒരുരുള ചോറ് കൈയ്യിലെടുത്തുകൊണ്ടു പറഞ്ഞു, “നല്ല സുഖമായി. ഇന്നു രാവിലെ വീട്ടിലെത്തിയശേഷം അങ്ങേര്, ഭാര്യ ബാത്റൂമിലിരിപ്പുണ്ടെന്നും പറഞ്ഞ് വലിയ ഒച്ചയും ബഹളവും ആയിരുന്നെന്ന് സർവന്‍റ് ശാന്തി ഫോണിൽ വിളിച്ചു എന്നോടു പറഞ്ഞു. അന്നേരം ബാങ്കിലേക്കു പോയ സുമേഷേട്ടനോട് ഞാനാണ് പറഞ്ഞത് ചെന്ന് കാര്യമെന്തെന്നറിയാൻ. സുമേഷേട്ടൻ തിരികെ ചെന്ന് അങ്ങേരെ സമാധാനിപ്പിച്ചു കിടപ്പുമുറിയിൽ കൊണ്ടിരുത്തി.” സുമേഷ് മുറി അടച്ചുപൂട്ടിയ കാര്യം മനപൂർവ്വം താര മറച്ചുവച്ചു.

“ഏതായാലും നിങ്ങൾ ഏതെങ്കിലും നല്ല ഒരു സൈക്ക്യാട്രിസ്റ്റിനെക്കൊണ്ട് അങ്ങേരേ ചികിത്സിപ്പിക്കാൻ നോക്ക്. അല്ലെങ്കിൽ നിങ്ങൾക്ക്‌ ജീവിക്കാനൊക്കുകയില്ല ജീവിതകാലം മുഴുവൻ അങ്ങേരെ ശുശ്രൂഷിച്ചോണ്ടിരിക്കേണ്ടി വരും.” ഗീത പറഞ്ഞു.

“ഉം. അതേ, ഇനി എന്തു വേണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അങ്ങേർക്ക് ഒരു തരം മറവിരോഗമാണെന്നാ തോന്നുന്നേ. അതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.” സ്ത്രീകൾ പലരുടേയും മുഖത്ത് അപ്പോൾ താരയോടുള്ള സഹതാപം നിറഞ്ഞു വന്നു. അപ്പോൾ ജോൺസൺ പറഞ്ഞു, “ഏതായാലും ഇത്തരം രോഗികൾ സമൂഹത്തിൽ ഇപ്പോൾ കൂടിവരുന്നുണ്ട്. ഏതു പ്രായത്തിലും ഇത്തരം രോഗങ്ങൾ പിടികൂടുമെന്നാണ് പറഞ്ഞുകേൾക്കുന്നത്. എന്നാൽ പ്രായമായവരിൽ പ്രത്യേകിച്ച് അറുപത്തഞ്ചുവയസ്സു കഴിഞ്ഞവരിൽ ഒരു നിശ്ചിത ശതമാനത്തിന് ഈ മാവിരോഗമുണ്ട്. ലൈഫ്സ്റ്റൈൽ രോഗങ്ങളും, തൈറോയിഡും, തലച്ചോറിന്‍റെ ക്ഷതവും, ട്യൂമറും മറ്റും ഇതിന് കാരണമാകുന്നുണ്ടത്രെ. നിങ്ങൾ എത്രയും വേഗം അങ്ങേരെ ഒരു നല്ല ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കണം.”

“അതെ. നല്ല പണച്ചെലവുള്ള കാര്യമാണ്. എന്നാലും ചികിത്സിക്കണം.” അങ്ങനെ പറഞ്ഞ് താര ഊണു കഴിക്കാൻ തുടങ്ങി. ഊണുകഴിക്കുന്നതിനിടയിൽ ഇക്കാരണം പറഞ്ഞ് അച്ഛന്‍റെ പേരിലുള്ള അക്കൗണ്ടൊക്കെ സുമേഷേട്ടന്‍റെ പേരിലാക്കണമെന്ന് ആലോചിക്കുകയായിരുന്നു അവൾ. അതിന് സുരേഷിന്‍റേയും കൂടി സമ്മതം വാങ്ങണം. അച്ഛനെ സംരക്ഷിക്കുന്നത് തങ്ങളായതുകൊണ്ട് സുരേഷേട്ടൻ സമ്മതിക്കാതിരിക്കുകയില്ല. എന്ന് ചിന്തിച്ചു കൊണ്ട് അവൾ കൈകഴുകനായി വാഷ്റൂമിലേക്കു നടന്നു.

തന്‍റെ കിടപ്പുമുറിയിലെ കിടക്കയിൽ ഏറെ നേരം നന്ദൻമാഷ് കണ്ണടച്ചു കിടന്നു. അപ്പോൾ ബാല്യത്തിലെ ചില ഓർമ്മകൾ അയാൾക്ക് കൂട്ടിനെത്തി… അമ്മ ഭവാനി, അമ്മയുടെ കൈപിടിച്ച് അമ്പലത്തിൽപ്പോയിരുന്നത് കുളിർമ്മയുള്ള ഒരു ഓർമ്മയായി. പാടവരമ്പിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ അമ്മ ഓർമ്മിപ്പിച്ചിരുന്നു.

“എടാ നന്ദാ സൂക്ഷിച്ച് നടക്കണം. വരമ്പില് വഴുക്കലുണ്ടാകും.” അമ്മയുടെ വാക്കുകൾ അനുസരിക്കാതെ പാടവരമ്പത്തു കൂടി ഓടി തോട്ടിൽ വീണത് ഓർമ്മ വന്നു.

പിന്നെ ബാല്യത്തിലെ കൂട്ടുകാരോടൊപ്പം മാഞ്ചോട്ടിൽ മാങ്ങ പെറുക്കി കളിച്ചിരുന്നത്. ഒരിക്കൽ മാഞ്ചോട്ടിൽ നിന്ന് ഏന്തി വലിഞ്ഞ് കണ്ണിമാങ്ങ പറിക്കുന്നതിനിടയിൽ കൂട്ടുകാരെറിഞ്ഞ ഒരു കല്ലു വന്നുകൊണ്ട് തലപൊട്ടിയത്. തന്‍റെ തലയിൽ നിന്ന് ചോര ഒഴുകുന്നതു കണ്ട അമ്മ അപ്പോൾ തന്നെ തന്നെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിയത്, എല്ലാമെല്ലാം ഏതോ മയക്കത്തിലെന്നപോലെ നന്ദൻമാഷിന്‍റെ മനസ്സിലേക്ക് കടന്നു വന്നു. പിന്നെ അമ്പലത്തിലെ പ്രസാദം നെറ്റിയിൽ തൊടുവിച്ച് അമ്മ പ്രാർത്ഥിക്കാറുള്ളത് ഓർത്തു

“എന്‍റെ ദേവി… എന്‍റെ കുഞ്ഞിനെ ആപത്തൊന്നും വരുത്താതെ കാത്തു കൊള്ളണേ… എനിക്കിവൻ മാത്രയേയുള്ളു…” ഇടറുന്ന ആ സ്വരത്തിനോടൊപ്പം കുളിർമ്മയുള്ള ആ കൈത്തലങ്ങൾ തന്‍റെ നെറ്റിത്തടത്തിൽ ചന്ദന സ്പർശമായി അലിഞ്ഞുചേർന്നിരുന്നത്. അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ തന്‍റെ മുടിച്ചുരുളുകളിൽ തലോടുന്ന ആ കൈകൾ ഒരു സാന്ത്വനമെന്നതുപോലെ ഹൃദയഭിത്തികളെ തഴുകിയുറക്കുന്നതും അയാൾ അറിഞ്ഞു. ആ കിടപ്പിൽ നന്ദൻമാഷ് സുഖസുഷുപ്തിയിലാണ്ടുപോയി.

ഉച്ചയ്ക്ക് ശാന്തി കിടപ്പുമുറിയുടെ വാതിൽ തുറന്ന് കാസ്സറോളിൽ ചോറും കറികളുമായി വന്നതും, വാതിൽ അടച്ചുപൂട്ടി വീണ്ടും പോയതുമൊന്നും അയാൾ അറിഞ്ഞില്ല.

വൈകുന്നേരം ചിന്നു മോൾ വന്ന് വാതിലിൽ തട്ടി ബഹമുണ്ടാക്കിയപ്പോഴാണ് നന്ദൻമാഷ് കണ്ണുതുറന്നത്.

“അപ്പൂപ്പനെ പൂട്ടിയിട്ടിരിക്കുന്നതെന്തിനാ… വാതിൽ തുറക്ക്…” അവൾ ഉറക്കെ ബഹളം കൂട്ടി. ശബ്ദം കേട്ട് നന്ദൻമാഷ് സുഖസുഷുപ്തിയിൽ നിന്നും ഉണർന്ന് ചുറ്റും നോക്കി. അപ്പോഴാണ് അദ്ദേഹം അറിഞ്ഞത് താൻ ഇതുവരെ തന്‍റെ മുറിയിൽ പൂട്ടിയിടപ്പെട്ടിരിക്കുകയായിരുന്നു എന്ന്. അദ്ദേഹം എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ശരീരത്തിന് നല്ല ക്ഷീണം തോന്നി വീണ്ടും കിടന്നു. രാവിലെ ഒന്നും കഴിക്കാതിരുന്നതും അദ്ദേഹത്തിന്‍റെ ക്ഷീണത്തിന് കാരണമായിരുന്നു. അപ്പോൾ ചിന്നു എന്നു വിളിക്കുന്ന നന്ദനമോൾ ശാന്തിയെക്കൊണ്ട് വാതിൽ തുറപ്പിച്ച് അകത്തേക്കു കടന്നു വന്നു. അവൾ സഹതാപത്തോടെ അപ്പൂപ്പനെ അല്പനേരം നോക്കിനിന്നു. അതു കണ്ട് നന്ദൻമാഷ് അവളെ നോക്കി പുഞ്ചിരിയോടെ വിളിച്ചു.

“അപ്പൂപ്പന്‍റെ ചിന്നു മോൾ ഇങ്ങടുത്തുവാ. അപ്പൂപ്പന് എഴുന്നേൽക്കാൻ പറ്റുന്നില്ല.നല്ല ക്ഷീണം തോന്നുന്നു.”

ആ സുന്ദരമായ പിഞ്ചു മുഖത്ത് അപ്പോൾ സന്തോഷം കളിയാടി. രണ്ടാം ക്ലാസ്സിലെ ആയിട്ടുള്ളുവെങ്കിലും നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു നന്ദന. അവൾ അപ്പൂപ്പന്‍റെ അടുത്തേക്കു ചെന്നു. ആ മുഖത്തേക്ക് നോക്കി പുഞ്ചിയോടെ ചോദിച്ചു, “അപ്പൂപ്പാ… അപ്പൂപ്പനെ എന്തിനാ പൂട്ടിയിട്ടത്. ആരാ ഇതു ചെയ്തത്?”

“അറിയില്ല മോളെ. അപ്പൂപ്പന് ഒന്നും ഓർക്കാൻ കഴിയുന്നില്ല.”

“അപ്പൂപ്പൻ ബഹളം വച്ചപ്പോ അച്ഛനാ പൂട്ടിയിട്ടതെന്ന് ശാന്തിച്ചേച്ചി പറഞ്ഞല്ലോ. ശരിയാണോ അപ്പൂപ്പാ…”

അതു കേട്ട് നന്ദൻമാഷ് ഒന്നു ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു. ഇപോൾ അപൂർവ്വമായി മാത്രമാണ് നന്ദൻമാഷ് അപ്പപ്പോഴത്തേ കാര്യങ്ങൾ ഓർക്കുന്നത്… അന്ന് രാവിലെ താനുണ്ടാക്കിയ ബഹളമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. പെട്ടെന്ന് നന്ദനമോളുടെ കണ്ണുകൾ അവിടെ അടച്ചു വച്ചിരുന്ന കാസറോളിൽ ചെന്നു പതിഞ്ഞു. അവൾ തുറന്നു നോക്കിയപ്പോൾ അതിൽ ചോറും കറികളും കണ്ടു.

“ഇതിനകത്ത് ചോറും കറികളുമാണല്ലോ. അപ്പൂപ്പൻ ഇതുവരെ ഊണു കഴിച്ചില്ലേ?” നന്ദന ചോദിച്ചു

നന്ദൻമാഷ് ഒന്നും മിണ്ടാതെ കിടന്നു. അപ്പോൾ അദ്ദേഹം അത് ഓർക്കുന്നുണ്ടായിരുന്നില്ല. പക്ഷെ “ഊണുകഴിച്ചല്ലോ മോളെ” എന്നു നന്ദൻമാഷ് പറഞ്ഞു.

“അയ്യോ ഈ അപ്പൂപ്പന് ഒന്നും ഓർമ്മയില്ല. ഇതു നോക്കിയേ, അപ്പുപ്പന്‍റെ ചോറും കറികളുമാ ഈ ഇരിക്കുന്നെ.”

പെട്ടെന്ന് നന്ദൻമാഷ് അതു കണ്ടു. അദ്ദേഹം ഒരു വിഷാദച്ചിരിയോടെ പറഞ്ഞു, “ശരിയാ… ഞാനത് മറന്നു പോയി ചിന്നുമോളെ. കഴിച്ചു എന്നാ വിചാരിച്ചത്.” എന്നു പറഞ്ഞ് നന്ദൻമാഷ് കിടക്കയിൽ നിന്നും വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതു കണ്ട് നന്ദന പറഞ്ഞു.

“കണ്ടോ… അപ്പൂപ്പൻ ഒന്നും കഴിക്കാതിരുന്നിട്ടാ ഇത്ര ക്ഷീണം. അപ്പൂപ്പനെ ഞാനിപ്പം പിടിച്ച് എഴുന്നേൽപ്പിക്കാം.”

എന്നു പറഞ്ഞ് അവൾ തന്‍റെ കൊച്ചു കൈകൾ കൊണ്ട് നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. പക്ഷെ ഒരു തരി പോലും നന്ദൻമാഷിനെ പൊക്കാൻ അവൾക്കായില്ല.

“അയ്യോ എന്നെക്കൊണ്ട് പറ്റുന്നില്ലല്ലോ. അപ്പൂപ്പാ ഞാൻ പോയി ശാന്തിചേച്ചിയെ വിളിച്ചു കൊണ്ടു വരാം.” അങ്ങനെ പറഞ്ഞ് അവൾ അവിടെ നിന്നും ഓടിപ്പോയി.

മുറ്റത്ത് കിച്ചുമോനെ മുച്ചക്ര സൈക്കിളിലിരുത്തി കളിപ്പിച്ചു കൊണ്ടു നിന്ന ശാന്തിയോട് ചെന്ന് പറഞ്ഞു.

“ശാന്തിച്ചേച്ചി… ഒന്നു വന്നേ അപ്പൂപ്പന് എഴുന്നേൽക്കാൻ പറ്റുന്നില്ല. ശാന്തിച്ചേച്ചി കൂടിവന്ന് ഒന്നു അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ചേ.”

ചിന്നു മോൾ പറഞ്ഞതു കേട്ട് ശാന്തിപറഞ്ഞു. “അതെന്താ അപ്പൂപ്പന് തനിയെ എഴുന്നേൽക്കാൻ പറ്റില്ലേ?”

“ഇല്ല അപ്പൂപ്പന് നല്ല ക്ഷീണം. തനിയെ എഴുന്നേൽക്കാൻ പറ്റുന്നില്ല…”

“ഞാൻ വരുന്നു. കിച്ചു മോനേ ഈ സൈക്കിളീന്ന് ഒന്ന് എണീപ്പിക്കട്ടെ.” അവൾ കിച്ചു മോനെ സൈക്കിളിൽ നിന്ന് എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ അവൻ ഉറക്കെ കരഞ്ഞ് പ്രതിഷേധിച്ചു. അപ്പോൾ ചിന്നു മോൾ അടുത്തു ചെന്ന് അവനോടു പറഞ്ഞു, “ദേ ചേച്ചിയല്ലെ വിളിക്കുന്നത്, അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് ചേച്ചി കിച്ചുമോനെ സൈക്കിളിലിരുത്തി ഓടിക്കാമല്ലോ?”

അതവൻ സമ്മതിച്ചു കൊണ്ട് ശാന്തിയെ നോക്കി… ശാന്തി അപ്പോൾ അവനെ സൈക്കിളിൽ നിന്നും എഴുന്നേൽപ്പിച്ച് താഴെ നിർത്തി. എന്നിട്ട് പതുക്കെ കെയ്യിൽ പിടിച്ച് നടത്തിക്കൊണ്ട് അകത്തേക്കു പോയി. നന്ദൻമാഷിന്‍റെ മുറിയിൽ ചെന്ന അവൾ താൻ ഉച്ചയ്ക്ക് കാസറോളിലാക്കി വച്ചിരുന്ന ആഹാരം അങ്ങനെ തന്നെ ഇരിക്കുന്നതു കണ്ടു പറഞ്ഞു.

“വെറുതെയല്ല സാറിന് തല പൊക്കാൻ കഴിയാത്തത്. രാവിലെയും ഉച്ചക്കും പട്ടിണിയല്ലേ?. പിന്നെങ്ങനെ തലപൊങ്ങും?” ശാന്തിയും ചിന്നുമോളും കൂടി നന്ദൻ മാഷിനെ മെല്ലെ എണീപ്പിച്ചിരുത്തി. ചിന്നു മോൾ അപ്പൂപ്പന് ഒരു തലയിണ ചാരി ഇരിക്കാൻ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.

“അപ്പൂപ്പന് ഞാൻ ചോറു വാരിത്തരാം… അപ്പൂപ്പൻ കഴിച്ചാട്ടെ.” കൈ കഴുകി വന്ന് അവൾ തന്‍റെ കുഞ്ഞിക്കൈകൾ കൊണ്ട് അപ്പൂപ്പന് ചോറു വാരിക്കൊടുത്തു തുടങ്ങി. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അദ്ദേഹം കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. “നീ എന്‍റെ സൗദാമിനിയെപ്പോലെയാ മോളെ. അതേമുഖവും, കണ്ണും മൂക്കും സ്വഭാവവുമാ നിനക്കുള്ളത്.”

“ശരിയാ അപ്പൂപ്പാ ഞാൻ മിനി അമ്മൂമ്മയെപ്പോലെയാ ഇരിക്കുന്നതെന്ന്. ഇന്നാള് ചേന്ദമംഗലത്തെ അമ്മൂമ്മ വന്നപ്പഴും പറഞ്ഞു.” ചേന്ദമംഗലത്തെ അമ്മൂമ്മ അവളുടെ അമ്മയുടെ അമ്മയാണ്. ഇടയ്ക്കെല്ലാം അവർ മകളുടെ വീട് സന്ദർശിക്കാൻ എത്താറുണ്ട്.

കുറെ വാരിക്കൊടുത്തു കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഇനി താൻ തനിയെ കഴിച്ചു കൊള്ളാം എന്നു പറഞ്ഞു. അപ്പോഴേക്കും കിച്ചു മോൻ കരഞ്ഞു തുടങ്ങിയതിനാൽ നന്ദനമോൾ അവനേയും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി… ശാന്തിയാകട്ടെ അടുക്കളയിലേക്കും. നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു. പക്ഷെ പെട്ടെന്ന് അദ്ദേഹം താൻ കൈ കഴുകേണ്ടത് എവിടെയാണെന്ന് മറന്നു പോയിരുന്നു. അദ്ദേഹം മുറിക്കുള്ളിൽ ദിക്കറിയാതെന്നോണം പരതിക്കൊണ്ടിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें