എയർപോർട്ടിൽ സുരേഷും കുടുംബവും ലഗേജിനായി കാത്തു നില്കാൻ തുടങ്ങിയിട്ട് അല്പ സമയമായി. ഇതിനിടയിൽ സുരേഷ്, സുമേഷിനെ വിളിച്ചു പറഞ്ഞു.
“ഞങ്ങൾ എയർപോർട്ടിൽ എത്തി കേട്ടോടാ. ലഗ്ഗേജിനായി കാത്തു നില്ക്കുകയാണ്. ലഗേജ് കിട്ടാൻ ഇനിയും ഒരു പത്തുപതിനഞ്ചു മിനിട്ട് നില്ക്കേണ്ടി വരുമായിരിക്കും. അതു കഴിഞ്ഞാലുടനെ ഒരു ടാക്സി പിടിച്ച് ഞങ്ങൾ അങ്ങെത്തിക്കോളാം.”
“അതുവേണ്ട ചേട്ടാ. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് വലിയ ദൂരമില്ല. ഞാൻ കാറും കൊണ്ടു വരാം. ഒരര മണിക്കൂർ.”
“ഒ.കെ ടാ... എന്നാൽ ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.” അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു.
അപ്പോൾ സുരേഷിന്‍റെ ഭാര്യ സുനന്ദ ചോദിച്ചു. “എന്താ സുരേഷേട്ടാ സുമേഷ് എന്താണ് പറഞ്ഞത്?”
“അവൻ കാറും കൊണ്ടുവരാമത്രെ. ലഗേജ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് ഒരു ചെറിയ ടീയും കുടിച്ച് അവനെ വെയിറ്റു ചെയ്യാം.”
“കുട്ടികൾ മൂന്നുപേരും നന്നായി ആസ്വദിക്കുന്നുണ്ട് ഈ കേരളയാത്ര. നോക്കൂ അവരുടെ സന്തോഷം.” സുനന്ദ പറഞ്ഞു.
അവരുടെ കുട്ടികളായ ഗീതുവും രമ്യയും അനന്തുവും ചുറ്റുമുള്ള കാഴ്ചകൾ കണ്ട് അല്പം മാറി നിൽക്കുകയായിരുന്നു. ഗീതു പ്ലസ് വണ്ണിനും, രമ്യ എട്ടാം ക്ലാസ്സിലും നാലരവയസ്സുകാരനായ നന്തു എന്നു വിളിക്കുന്ന അനന്തു കിന്‍റർഗാർഡനിലുമാണ്. കുട്ടികളായ അവർ അവരുടേതായ ലോകത്തിലാണ്.
ഇതിനിടയിൽ സുരേഷ് സുനന്ദയോട് പറഞ്ഞു. “എനിക്ക് അച്ഛന്‍റെ കാര്യം ഓർത്തിട്ടാണ് വിഷമം. അവന്‍റെ വർത്തമാനത്തിൽ നിന്നും അച്ഛനെന്തോ കാര്യമായ കുഴപ്പമുണ്ട്.”
“അങ്ങനെയെങ്കിൽ സുമേഷെന്താ അച്ഛനെ ഇതുവരെ ഡോക്ട്ടറെയൊന്നും കാണിക്കാത്തത്.”
“എനിക്കും അതു തന്നെയാ മനസ്സിലാകാത്തത്. അവന് ചിലപ്പോൾ കാശു ചിലവാക്കാൻ കഴിയില്ലാഞ്ഞിട്ടായിരിക്കും. ഏതായാലും ഞാൻ ചെല്ലട്ടെ. അച്ഛനെ നല്ല ഒരു ഡോക്ടറെത്തന്നെ കാണിക്കുന്നുണ്ട്.”
“നമുക്കതിന് അധിക ദിവസമൊന്നും കേരളത്തിൽ തങ്ങാൻ പറ്റില്ലല്ലോ. എനിക്കാണെങ്കിൽ കമ്പനിയിൽ നിന്നും വളരെ കുറച്ചു ദിവസത്തെ ലീവേ കിട്ടിയിട്ടുള്ളൂ.” സുനന്ദ പറഞ്ഞു
“എനിക്കും അതേ. ആകെ പത്തിരുപതു ദിവസം. അതിനുള്ളിൽ അച്ഛനെ ഏതെങ്കിലും നല്ല ഡോക്ടറെക്കാണിച്ച് ചികിത്സിപ്പിക്കണം.” അവർ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോൾ ലഗേജ് എത്തി.
നന്തു പറഞ്ഞു, “അച്ഛാ... നമ്മുടെ ലഗേജ്. ഞാൻ ഉന്താം”
“നീ തനിച്ചോ... ഞങ്ങളും കൂടാം.” അങ്ങനെ പറഞ്ഞ് കുട്ടികൾ മൂന്നുപേരും കൂടി ലഗേജ് ഉന്തി നീക്കി പുറത്തു കൊണ്ടുവന്നു. അവർ വെയിറ്റിംങ് റൂമിൽ അല്പനേരം കാത്തിരുന്നു. അപ്പോഴേക്കും സുമേഷ് വന്നെത്തി.
സുരേഷ് ഭാര്യയോടും കുട്ടികളോടുമൊപ്പം സുമേഷിന്‍റെ കാർ നില്ക്കുന്നിടത്ത് എത്തി.
“ഹലോ ഏട്ടാ... യാത്രയൊക്കെ സുഖമായിരുന്നോ?” സുമേഷ് കാറിൽ നിന്നിറങ്ങിക്കൊണ്ടു ചോദിച്ചു.
“സുഖമായിരുന്നെടാ... പിന്നെ നീ മാത്രേ വന്നൊള്ളു. താരയേയും കുട്ടികളെയും കൊണ്ടുവന്നില്ലെ?”
“ഇല്ലേട്ടാ... അവർ നിങ്ങളെ വീട്ടിൽ എത്തിയിട്ട് കണ്ടാൽ മതി എന്നു വിചാരിച്ചു അല്ലെങ്കിൽ ആ ഇളയവൻ കിച്ചു മഹാവികൃതിയാ. കാറോടിക്കാൻ സമ്മതിക്കില്ല.”
“ഓഹോ. അങ്ങനെയാണോ. അതൊക്കെ ഇവനെ കാണുമ്പോൾ മാറിക്കോളും. നമ്മുടെ അനന്തു അതിലും വലിയ വികൃതിയാ.” സംസാരത്തിനിടയിൽ അവർ ഓരോരുത്തരായി ലഗേജ് എല്ലാം എടുത്ത് കാറിന്‍റെ ഡിക്കിയിൽ വച്ചു. സുമേഷ് കാറടക്കുന്നതിനു മുമ്പ് ഏട്ടത്തിയെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.