അന്ന് പ്രഭാതം പൊട്ടി വിടർന്നത് പുറത്ത് കിളികളുടെ ശബ്ദ കോലാഹലങ്ങളോടെയാണ്. ഹേമാംബിക അത് കേട്ട് ഞെട്ടി ഉണർന്നു. പൂന്തോട്ടത്തിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമാണ്. പുറത്ത് നല്ല മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. അതായിരിക്കും അതിനു കാരണം എന്നവർ ചിന്തിച്ചു പെട്ടെന്ന് താൻ വളർത്തുന്ന കിളിക്കൂട്ടിലെ കിളികളെക്കുറിച്ചായി അവരുടെ ചിന്ത. ഇന്നലെ താൻ അവക്ക് തീറ്റ കൊടുക്കാൻ മറന്നു പോയോ എന്ന് ഹേമാംബിക ഓർത്തു നോക്കി. ഇല്ല... ഇന്നലെ സന്ധ്യക്ക് അവയ്ക്കും അടുത്ത കൂട്ടിലുള്ള മുയലുകൾക്കുമുള്ള ആഹാരം നൽകിയിട്ടാണല്ലോ താൻ മടങ്ങിയത്. എങ്കിലും ഒന്ന് അവയെ ചെന്ന് നോക്കുക തന്നെ. പ്രത്യേക രീതിയിലുള്ള പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ എന്തോ അപകട സൂചന നൽകുന്നതായി തോന്നി. ഒരു കുടയെടുത്ത് തലയിൽ ചൂടിക്കൊണ്ട് ഹേമാംബിക പുറത്തേക്ക് നടന്നു. അതു കണ്ട് കുളികഴിഞ്ഞ് തല തുവർത്തുകയായിരുന്ന നയന ഓടി വന്നു.
“എന്താ ഹേമാമ്മേ അതിരാവിലെ കുടയുമെടുത്ത് പുറത്തേക്ക്.” അവൾ ചോദിച്ചതു കേട്ട് ഹേമാംബിക തിരിഞ്ഞു നോക്കി പറഞ്ഞു.
“ആ ലൗവ് ബേർഡ്സിന്‍റെ കൂട്ടിൽ നിന്നുമാണെന്നു തോന്നുന്നു. എന്തോ പ്രത്യേക രീതിയിലുള്ള കരച്ചിൽ കേൾക്കുന്നു. ഒന്ന് നോക്കാമെന്നു കരുതി.”
“നല്ല മഴയുണ്ടല്ലോ ഹേമാമ്മേ... ഈ മഴയത്ത് ഒറ്റക്കു പോകണ്ട. ഞാനും വരാം.” നയന മറ്റൊരു കുടയുമെടുത്ത് ഹേമയുടെ കൂടെ നടന്നു.
“വല്ല ചേരയോ പാമ്പോ മറ്റോ പക്ഷികളെ പിടിച്ചു കാണുമോ എന്നാ എനിക്കു പേടി.” ഹേമാംബിക പറയുന്നതു കേട്ട് നയനക്കും പേടിയായി.
“ശരിയാ ഹേമാമ്മേ മലമ്പ്രദേശമായതുകൊണ്ട് ഇവിടെയൊക്കെ പാമ്പുകൾ ധാരാളം കാണും. എന്നാലും നമ്മളാ പക്ഷിക്കൂട് അല്പം ഉയരത്തിലല്ലെ വച്ചിട്ടുള്ളത്. അപ്പോപ്പിനെ പാമ്പും മറ്റും കേറുമോ?”
“പാമ്പുകൾ ഏതുയരത്തിലും കേറില്ലേ പൊട്ടിപ്പെണ്ണേ." ഹേമാംബിക നയനയെ കളിയാക്കി. അവർ ചെന്നു നോക്കുമ്പോൾ ഊഹിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. പക്ഷികളിലൊന്നിനെ ഏതോ ജീവികൾ പിടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചിരിക്കുന്നു. ആ ശ്രമത്തിൽ അതിലൊന്ന് കുട്ടിനുള്ളിൽ ചത്തു കിടക്കുന്നു. മറ്റു കിളികൾ പേടിച്ച് വല്ലാത്ത ശബ്ദത്തിൽ ചിലച്ചു കൊണ്ടിരിക്കുന്നു.
“നോക്കൂ, ഹേമാമ്മേ... കിളികളിലൊന്ന് ചത്തുപോയല്ലോ.” അതു പറയുമ്പോൾ നയനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹേമാംബികക്കും ആ കാഴ്ച കണ്ട് വല്ലാത്ത വിഷമമായി. എന്നും പ്രഭാതത്തിൽ ആ കൂട്ടിനടുത്തു വന്ന് കിളികളെ കാണുകയും അവക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്നതിൽ ഹേമാംബിക വല്ലാതെ ആനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെ താൻ അരുമയായി വളർത്തുന്ന കിളികളിലൊന്ന് ചത്തു കിടക്കുന്നതു കണ്ടപ്പോൾ ഹേമാംബികക്കും സഹിച്ചില്ല.
“ഹോ... എന്തൊരു കാഴ്ചയാണിത്. എനിക്കിതു കണ്ടിട്ട് സഹിക്കാനാവുന്നില്ല.” ഹേമാംബികയും അറിയാതെ കരഞ്ഞു പോയി. അവരുടെ കരച്ചിലും പറച്ചിലും കേട്ട് അന്തേവാസികളിൽ ഒന്നു രണ്ടു പേർ ഓടിവന്നു.
“എന്തു പറ്റി ടീച്ചർ?” അവർ ആകാംക്ഷയോടെയും അമ്പരപ്പോടെയും ചോദിച്ചു.
“അത് ഹേമാമ്മ വളർത്തിയിരുന്ന കിളികളിലൊന്ന് ചത്തുപോയി.” നയന തേങ്ങിക്കൊണ്ട് പറഞ്ഞു.