പച്ച പുതച്ച പർവ്വത നിരകൾ... പേരറിയാത്ത വൻ വ്യക്ഷങ്ങൾക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ദേവദാരു, പൈൻ, കെയിൽ, വ്യക്ഷങ്ങൾ... നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പുൽമേടുകൾ...
കണ്ണിമ ചിമ്മാതെ ദൃശ്യഭംഗി ആസ്വദിച്ചു കൊണ്ടിരിക്കെ... ഇളം കാറ്റിന്‍റെ അകമ്പടിയോടെയെത്തിയ കോടമഞ്ഞ് ആ മനോഹര ദൃശ്യങ്ങളെമായ്ച്ചു കൊണ്ട് കടന്നുപോയി. കണ്ണാരം പൊത്തി കളിക്കുന്നതുപോലെ ദൃശ്യങ്ങൾ മാഞ്ഞും തെളിഞ്ഞും അങ്ങനെ... സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവും മഞ്ഞു മേലാപ്പണിഞ്ഞ ഡൽഹൗസിയുടെ പ്രകൃതി ഭംഗി വർണ്ണനാതീതം തന്നെ.
ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിലെ അതിരമണീയമായ ഒരു ഹിൽസ്റ്റേഷനാണ് ഡൽഹൗസി. ചരിത്രപുസ്തകത്തിൽ പലവുരു വായിച്ച ഓർമ്മ, മനോഹരമായ ഈ പ്രദേശത്തിനു ഡൽഹൗസിയെന്നു പേര് വീഴാൻ പ്രത്യേകിച്ചൊരു കാരണം കൂടിയുണ്ട്.
ഹിമാലയത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള അതീവ സുന്ദരമായ ഈ പ്രദേശത്തിന്‍റെ ഹരിത ഭംഗിയിലും നല്ല കാലാവസ്ഥയിലും ആകൃഷ്ടനായ ലോർഡ് ഡൽഹൗസി ബ്രിട്ടീഷ് ഭരണ കാലത്ത് തന്‍റെ വിശ്രമ സങ്കേതമാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഡൽഹൗസിയുടെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഈ പ്രദേശം വിനോദസഞ്ചാരികൾക്കേറെ പ്രിയങ്കരമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി തീരുകയായിരുന്നു.
ഒരു വശത്ത് പീർ പഞ്ചാൻ പർവ്വതനിരകൾ മറുവശത്ത് ധൗലാധാർ ധവള ഭംഗി. അൽപമകലെയായി കളകളാരവത്തോടു കൂടി ഒഴുകുന്ന രവി, ബിലാസ്, ചക്കി നദികളുടെ തെളിനീർ ഒഴുക്ക്.. കുളിർ കാഴ്ചകളുടെ ഒരു കേദാരം തന്നെയാണ് ഡൽഹൗസി.
സമുദ്രനിരപ്പിൽ നിന്നും 2,500 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ജനസംഖ്യ ഏതാണ്ട് 4,000 ത്തോളം വരും. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന റോഡുകൾക്കിരുവശവും പച്ചക്കുട ചൂടിയതുപോൽ നീണ്ട വൃക്ഷനിര. മാലിന്യമൊട്ടുമില്ലാത്ത വൃത്തിയുള്ള വീഥികൾ... ഹെയർ പിൻ വളവുകൾ...
യാത്രാ ക്ഷീണം കാരണം ഹോട്ടൽ മുറിയിൽ അടച്ചിരിക്കാനൊന്നും തോന്നിയില്ല. ഹിമാവൃതമായി കിടക്കുന്ന ധൗലാധാർ പർവ്വത നിരകൾ. കോച്ചുന്ന തണുപ്പിൽ പർവ്വതങ്ങൾക്കു മീതെ നിന്നുമുള്ള കാഴ്ചകൾ സ്വർഗ്ഗീയമാണ്. താഴെ മഞ്ഞുതുള്ളി സ്പർശമേറ്റ പുൽമൈതാനങ്ങളിൽ സ്വസ്ഥമായിരുന്ന് കാഴ്ചകൾ കാണുന്നതും മറക്കാനാവാത്ത അനുഭവമാണ്. ഇവിടെ ദൃശ്യങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്!
ഡൽഹൗസിയിൽ ഏറ്റവും ഉയരത്തിലുള്ള ആമോദ് റിസോർട്ടാണ് ഞങ്ങൾ തങ്ങാനായി തെരഞ്ഞെടുത്തത്. കളിമണ്ണിൽ തീർത്ത ഭിത്തികൾ, വേനലിൽ തണുപ്പും ശൈത്യകാലത്ത് ചൂടും നില നിർത്തുന്ന റൂം ഫ്ളോറിംഗ്..
പ്രകൃതിയെ നോവിക്കാതെ ഒരു മരം പോലും മുറിക്കാതെയാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് മാനേജർ പറഞ്ഞു. റിസോർട്ടിനോടു ചേർന്ന് ഒരു നഴ്സറിയുമുണ്ട്. ഇവിടെ വിവിധ തരം ഔഷധസസ്യങ്ങൾ നട്ടു വളർത്തിയിട്ടുണ്ട്. ഹിമാചലിലെ പർവ്വതങ്ങളുടെ പേരാണ് ഹോട്ടലിലെ ഓരോ മുറിയ്ക്കും നൽകിയിരിക്കുന്നത്.
ലളിതം... പ്രൗഢം... സുന്ദരം...
ബ്രിട്ടീഷ് പ്രതാപം വിളിച്ചോതുന്ന വിക്ടോറിയൻ ശൈലിയിൽ പണി തീർത്ത ധാരാളം ഭവ്യ സൗധങ്ങൾ ഇവിടെയുണ്ട്. സുഭാഷ് ചൗക്ക്, ഗാന്ധി ചൗക്ക് തുടങ്ങി വിവിധ ദിശകളിൽ നിന്നെത്തി ചേരുന്ന എട്ട് റോഡുകളുടെ വിചിത്രമെന്നു തോന്നിക്കുന്ന ഒരു ജംഗ്ഷനിൽ ഞങ്ങളെത്തി. വളഞ്ഞുതിരിഞ്ഞ് വന്ന റോഡുകളുടെ സംഗമ സ്ഥലത്തിനു ചുറ്റും ചേരി പ്രദേശങ്ങളാണ്! പർവ്വത യാത്രാ വേളയിൽ റോഡുകളുടെ അവസ്ഥയെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ മുൻ കൂട്ടി പ്രവചിക്കാനാവില്ല. ഇവിടെ ഓരോ വളവും ചെന്നവസാനിക്കുന്നത് ഒരു ഹോട്ടലിനു മുന്നിലാണ്. സിംല- മണാലിയെ പോലെ മാല്‍ റോഡിൽ കാര്യമായ ആൾത്തിരക്കില്ല. അവിടത്തെ മലകളുടെ ഉയരം കാണുമ്പോൾ മനുഷ്യൻ എത്ര നിസ്സാരനാണെന്നു തോന്നും. എല്ലാ അഹങ്കാരങ്ങളും ശമിച്ചുപോകുന്ന ഉയരങ്ങൾ!