ഇന്നിപ്പോൾ പല വെറൈറ്റിയിലുള്ള ഫ്‌ളോറിംഗ് ഉൽപന്നങ്ങൾ വിപണിയിലുണ്ട്. ഇവയിൽ ഏതു തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമാണ് പലരേയും അലട്ടുന്നത്. ദീർഘ നാൾ നിലനിൽക്കുന്നതും മാറുന്ന ട്രെൻഡിനു ചേരുന്ന തരത്തിലുള്ളതുമായ ഫ്‌ളോറിംഗ് ആണ് അഭികാമ്യം. ഫ്‌ളോറിംഗ് അകത്തളങ്ങൾക്ക് അഴകും ആകർഷണീയതയും നൽകുന്നതാവണം. കാർപറ്റ്, വുഡ്, വിനൈൽ, ലാമിനേറ്റഡ്, ടൈൽസ്, മാർബിൾ, ബാംബൂ, കോർക്ക് എന്നിങ്ങനെ വിവിധ തരം ഫ്‌ളോറിംഗുകൾ ഇന്ന് വിപണിയിൽ തരംഗം തീർക്കുകയാണ്...
ഫ്‌ളോറും സ്‌റ്റൈലാക്കാം
നിലം ഭംഗി വരുത്താൻ റെഡ് ഓക്‌സൈഡ് ഇട്ടിരുന്ന കാലം കഴിഞ്ഞു. പിന്നീട് മൊസൈക്ക്, മാർബിൾ ഇവ ആയിരുന്നു ട്രെന്‍റ്. ഗ്രാനൈറ്റ് ഫ്‌ളോറിംഗും ഇപ്പോൾ ഡിമാന്‍റ് കുറഞ്ഞു വരികയാണ്. വിട്രിഫൈഡ് ടൈൽസ് പ്രചാരം വർദ്ധിക്കാൻ തുടങ്ങിയതോടെ സിറാമിക് ടൈൽസ് ഔട്ട് ഡേറ്റഡുമായി.
വുഡൻ, ലാമിനേറ്റഡ് ഫ്‌ളോറിംഗ് ആണ് ലേറ്റസ്‌റ്റ് ട്രെന്‍റ്. ഇത് അനായാസം ഫിക്‌സ് ചെയ്യാനാവും. കാലതാമസമെടുക്കാതെ വീട് അലങ്കോലമാക്കാതെ 4-5 ദിവസത്തിനകം തന്നെ ഫ്‌ളോറിംഗ് കംപ്ലീറ്റ് ചെയ്യാനാവും. ഇന്‍റർ ലോക്കിംഗ് ടെക്‌നിക്കാണ് ഉപയോഗിക്കുന്നതെന്നതിനാൽ ഇത് എളുപ്പം ഫിറ്റ് ചെയ്യാനും ഇളക്കി നീക്കാനും സാധിക്കും. കാലാവസ്‌ഥയെ അതിജീവിക്കാനുള്ള ശേഷി, പ്രൗഢി, ഈട്, സ്വാഭാവിക ഭംഗി, പഴമയുടെ പ്രതിഛായ എന്നീ ഘടകങ്ങൾ വുഡൻ ഫ്‌ളോറിംഗിനെ കൂടുതൽ മികവുറ്റതാക്കുന്നു. മാത്രമല്ല ഇത് ഇക്കോ ഫ്രണ്ട്‌ലിയുമാണ്.
വുഡൻ ഫ്‌ളോറിംഗ് ചെയ്‌താൽ വലുപ്പം തോന്നിക്കും. ഇൻസുലേറ്റിംഗ് കപ്പാസിറ്റിയുണ്ടെന്നതിനാൽ ദീർഘനാൾ കേടു കൂടാതിരിക്കുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വെറും 3-4 മണിക്കൂറിനുള്ളിൽ ഫിക്‌സ് ചെയ്യാമെന്നതും മറ്റൊരു സവിശേഷതയാണ്. ടംഗ് ആന്‍റ് ഗ്രൂപ്പ് ടെക്‌നിക്ക്, പശ, ആണി എന്നിവയുടെ സഹായത്തോടെ പിടിപ്പിക്കാൻ സാധിക്കും.
ഹാർഡ് വുഡ് ഫ്‌ളോറിംഗ്
ഹാർഡ് വുഡ് ഫ്‌ളോറിംഗിൽ ഫൈൻ പ്രോസസ്‌ഡ് വുഡ് ആണ് ഉപയോഗിക്കുന്നതെന്നതിനാൽ ഇതിനു പ്രത്യേക തിളക്കമായിരിക്കും. റിയൽ വുഡാണ് ഉപയോഗിക്കുന്നതെന്നതാണ് ഇതിനു കാരണം. മുറിയിൽ പൊടിയും അഴുക്കും ഇല്ലാതിരിക്കാൻ ഹാർഡ് വുഡ് ഫ്‌ളോറിംഗ് നല്ല ഉപാധിയാണ്. ഇതിന്‍റെ ആകർഷകമായ ഒട്ടനവധി പാറ്റേണുകൾ വിപണിയിലുണ്ട്. മുറിയ്‌ക്ക് അനുയോജ്യമായ ഡിസൈനുകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നു മാത്രം. തേക്ക്, റോസ് വുഡ് എന്നിവയ്‌ക്ക് പുറമെ വിദേശ വെറൈറ്റികളുമുണ്ട്.
തീയിലും ചൂളയിലും ഉണക്കിയാണ് തടിയുടെ ഈർപ്പം ഇല്ലാതാക്കുന്നത്. പാടുകൾ വീഴാതിരിക്കാൻ പുറത്ത് പോളിഷ് ആണ് തെരഞ്ഞെടുക്കുന്നത്. സാധാരണയായി ലൈറ്റ് പീച്ച്/ഡാർക്ക് വാൾനട്ട് നിറമാകും നൽകുന്നത്. വുഡിന്‍റെ കനം അനുസരിച്ചാവും വില നിർണ്ണയിക്കുക. ഒരു സ്‌ക്വയർ ഫീറ്റിന് 250 രൂപ എന്നതാണ് കണക്ക്. ഇത് 18 മില്ലി മീറ്റർ കനത്തിൽ ലഭിക്കും. സൈസ് സാധാരണയായി 5x36 ഇഞ്ച് ആയിരിക്കും. നിറങ്ങളെ അടിസ്‌ഥാനപ്പെടുത്തിയും വില നിർണ്ണയിക്കപ്പെടാറുണ്ട്.
ലാമിനേറ്റഡ് വുഡൻ ഫ്‌ളോറിംഗ്
കാഴ്‌ചയ്‌ക്ക് ഹാർഡ്‌വുഡ് പോലെ തോന്നുമെങ്കിലും കംപ്രസ്സ്‌ഡ് ഫൈബർ നിർമ്മിതമാണിത്. മോയ്‌സ്‌ചർ, കെമിക്കൽ, സ്‌റ്റെയിൻ, സ്‌ക്രാച്ച് പ്രൂഫ് ആണെന്നതിനാൽ ഹാർഡ് വുഡ്, പർക്വയറ്റ് എന്നിവയെ അപേക്ഷിച്ച് ലാമിനേറ്റഡ് വുഡൻ ഫ്‌ളോറിംഗ് കൂടുതൽ പ്രിയങ്കരമാകുന്നു. സ്‌ട്രിപ്‌സ് ആയി ലഭിക്കുമെന്നതിനാൽ അനായാസം ഫിക്‌സ് ചെയ്യാനാവും. കേടായാലും പുതിയത് ഫിക്‌സ് ചെയ്യാം. നിറം മങ്ങില്ല, പാടുകൾ വീഴില്ല, ചൂടും തണുപ്പും ഏൽക്കുകയുമില്ല. ന്യായ വിലയാണ്. പാദ സംബന്ധമായ അസ്വസ്‌ഥതകൾ അലട്ടുന്നവർക്ക് ഈ ഫ്‌ളോറിംഗ് ഏറെ ഗുണകരമാണ്.