വന്ധ്യത ചികിത്സകൾ എല്ലാം തന്നെ ചെലവേറിയതാണെന്ന ധാരണയോടെയാണ് പലരും ഇൻഫെർട്ടിലിറ്റി സെന്‍ററുകളെ സമീപിക്കുന്നത്. എന്നാൽ വന്ധ്യതയുമായി എത്തുന്നവരിൽ പത്ത് ശതമാനം പേർക്ക് മാത്രമേ ചെലവേറിയ ചികിത്സയുടെ ആവശ്യം വരുന്നുള്ളൂ. ബാക്കിയെല്ലാം മെഡിക്കൽ ട്രീറ്റ്മന്‍റ് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. വന്ധ്യത അത്ര ഗുരുതരമല്ലാത്ത കേസുകളിൽ മരുന്നുകൾ തന്നെ ഫലപ്രദമാണ്. മരുന്നുകൾ പരാജയപ്പെടുമ്പോൾ മാത്രമാണ് ഐവിഎഫ്, ഐയുഐ, എസിഎസ്ഐ തുടങ്ങിയ ചികിത്സാരീതികളുടെ ആവശ്യം വരുന്നത്. ബീജത്തിന്‍റെ കൗണ്ട് വളരെ കുറവായവർക്ക് ഏറ്റവും ഫലപ്രദം ഈക്സി ആണ്.

മരുന്നുകൊണ്ടുള്ള ചികിത്സ, കൗൺസിലിംഗ്, ലാപ്രോസ്കോപി ചികിത്സ കൃത്രിമ ബീജ സങ്കലന ചികിത്സ ഇങ്ങനെ വന്ധ്യതാ ചികിത്സക്ക് പല ഘട്ടങ്ങൾ ഉണ്ട്. സാധാരണ ആർത്തവ ക്രമീകരണം മുതൽ ടെസ്റ്റ്യൂബ് ബേബി വരെയുള്ള ചികിത്സാരീതികളും നിലവിലുണ്ട്. ഏറെ വിജയസാധ്യതയുള്ള ചികിത്സാരീതിയാണ് ആർത്തവ ക്രമീകരണം. അണ്ഡവാഹിനി കുഴലുകളിൽ തടസ്സം ഇല്ലാത്തവർക്കും ബീജത്തിന്‍റെ തോത് നോർമ്മലായിരിക്കുന്നവർക്കും ഈ ചികിത്സാരീതി ഫലിക്കാത്തവർക്കും  പുരുഷ ബീജത്തിന്‍റെ ചെറിയ കുറവുള്ളവർക്ക് വേണ്ടിയുള്ളതാണ് ഐയുഐ ചികിത്സ. ഇതും ഫലപ്രദമാകാതെ വരുമ്പോഴാണ് ഐവിഎഫ് ചെയ്യുന്നത്.

ഐയുഐ (Intra Uterine insemination)

ബീജം കുറവുള്ളവരിൽ, വർദ്ധിപ്പിക്കാനുള്ള രീതികൾ നടത്തി ഫലപ്രദമാകാതെ വരുമ്പോൾ ഈ ചികിത്സ ചെയ്യാവുന്നതാണ്. പുരുഷ വന്ധ്യതയിൽ ബീജാണുക്കളുടെ ഗുണനിലവാരമോ എണ്ണമോ താരതമ്യേന മോശമായി വരുമ്പോൾ ബീജം ലാബിൽ വെച്ച് കഴുകി സാന്ദ്രതയും സഞ്ചാരശേഷിയും വർദ്ധിപ്പിച്ച് ഗർഭപാത്രത്തിനകത്ത് നിക്ഷേപിക്കുന്ന ചികിത്സയാണിത്. അൾട്രാസൗണ്ട് വഴി അണ്ഡവിസർജ്ജനം തീർച്ചപ്പെടുത്തിയതിന് ശേഷമാണ് ഐയുഐ ചെയ്യുന്നത്. ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളുള്ളതുമായ സ്ഥലത്ത് മാത്രം ചികിത്സ തേടുക.

ഐസിഎസ്ഐ/ ഐവിഎഫ് (Intra cytoplasmic sperm injection/ In vitro fertilization)

താരതമ്യേന ചിലവേറിയ ചികിത്സയാണിത്. കൃത്യമായ കാരണം കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥ, സ്ത്രീകളിൽ ബീജസങ്കലന പ്രശ്നം, പോളിസ്റ്റിക് ഓവറി ചികിത്സ ഫലിക്കാതിരിക്കുക, എൻഡോമെട്രിയോസിസ് എന്നിങ്ങനെയുള്ളവർക്കാണ് ഈ ചികിത്സ മുഖ്യമായും വേണ്ടി വരുന്നത്. ബീജാണുക്കളുടെ എണ്ണക്കുറവ്, സഞ്ചാരശേഷിയില്ലായ്മ,  ബീജം പുറത്തുവരാത്ത അവസ്ഥ എന്നിവയ്ക്ക് ഇക്സി വളരെ ഫലപ്രദമാണ്. പുറത്തെടുത്ത അണ്ഡാണുവിലേക്ക് ബീജത്തെ കടത്തിവിട്ട് ബീജസങ്കലനം സാധ്യമാക്കുന്ന അവസ്ഥയാണ് ഐവിഎഫ്. രണ്ടുദിവസം ഇൻകുബേറ്ററിൽ വെച്ച ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു.

ഇക്സി ആണ് പുരുഷ വന്ധ്യത ഭേദമാക്കാൻ നിലവിലുള്ളതിൽ വെച്ച് ഏറ്റവും ആധുനികവും ഫലപ്രദവുമായ ചികിത്സ. ബീജാണുക്കളുടെ എണ്ണക്കുറവ്, സഞ്ചാരശേഷിയില്ലായ്മ, ബീജം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പല തരത്തിലുള്ള തടസ്സങ്ങൾക്കൊണ്ട് സംഭോഗവേളയിൽ ഒരു ബീജാണുപോലും പുറത്തുവരാതിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കുറച്ച് വർഷങ്ങൾ മുമ്പ് വരെ ചികിത്സ ഉണ്ടായിരുന്നില്ല. ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്രിമമായി ബീജസങ്കലനം നടത്തുന്ന രീതിയാണ് ഇക്സി.

അൾട്രാസൗണ്ട് സ്കാനിംഗ് വഴി പുറത്തെടുത്ത അണ്ഡാണുവിലേക്ക് അതിസൂക്ഷമമായ സൂചി ഉപയോഗിച്ച് ബീജം കുത്തിവെച്ചാണ് ഇക്സി നടത്തുന്നത്. ഒന്ന് രണ്ട് ദിവസം ലാബിൽ സൂക്ഷിക്കുന്ന ഭ്രൂണം ടെസ്റ്റ്യൂബ് ചികിത്സയിലെന്നപോലെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു.

ടെസ്റ്റ്യൂബ് ചികിത്സ

ചെലവേറിയതും എത്ര നന്നായി ചെയ്താലും ലോകത്തെമ്പാടും 30- 40 ശതമാനം വരെ മാത്രം വിജയസാധ്യതയുള്ള ഒന്നാണ് ടെസ്റ്റ്യൂബ് ചികിത്സ. ദമ്പതികളുടെ പ്രായം, ചികിത്സ നടത്തുന്ന സ്ഥലത്തെ സൗകര്യങ്ങൾ, ഡോക്ടറുടെ അനുഭവ പരിചയം എന്നീ ഘടകങ്ങൾ മൂലം വിജയസാധ്യത 5 മുതൽ 60 ശതമാനം വരെ വർദ്ധിക്കാനും സാധ്യതയുണ്ട്.

ഇംസി (IMSI- intra cytoplasmic morphologically selected sperm injection)

ഇക്സി ചികിത്സക്ക് ഫലപ്രദവും ഗുണനിലവാരവുമുള്ള ബീജം ശേഖരിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഇംസി. ഇക്സിയിൽ പലപ്പോഴും അണ്ഡത്തിന്‍റെ ഗുണമേന്മ കൃത്യമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ഇക്സി ചെയ്യുന്ന മൈക്രോമാനിപ്പുലേറ്ററിൽ ഒരു പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വലുതാക്കി നല്ല ബീജം തെരഞ്ഞെടുത്ത് ഇക്സിക്കായി ഉപയോഗിക്കുന്ന രീതിയാണ് ഇംസി. ഇംസിയുടെ സഹായത്തോടെ 7200 ഇരട്ടി വലുതായി കാണാൻ സാധിക്കും.

സങ്കീർണ്ണമായ വന്ധ്യത പ്രശ്നങ്ങളുള്ള പുരുഷന്മാരിൽ വരെ ഏറെ വിജയസാധ്യതയുള്ള ചികിത്സാരീതിയാണിത്. ഇക്സി പരാജയപ്പെട്ടവരിലും കാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയാത്ത വന്ധ്യതയിലും ഇംസി സഹായകമാണ്. മികച്ച അണ്ഡനിക്ഷേപം, ഗുണനിലവാരമുള്ള ഭ്രൂണങ്ങൾ, മികച്ച ഗർഭസാധ്യത ഇവയൊക്കെ ഇംസി വഴി സാധ്യമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഐവിഎം (In vitro maturation)

അണ്ഡോത്പാദന ചികിത്സയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വളരെക്കൂടുതൽ അണ്ഡം ഉണ്ടാകുന്നു. ഹൈപ്പർ സ്റ്റിമുലേഷൻ സിൻഡ്രോം എന്ന ഈ അവസ്ഥ കാരണം ഇക്സി നിർത്തി വയ്ക്കേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള അവസ്ഥയ്ക്കുള്ള ചികിത്സയാണ് ഐവിഎം. കുറച്ച് ഇൻജക്ഷൻ നൽകി അണ്ഡം പാകപ്പെടുന്നതിന് മുമ്പ് പുറത്തെടുത്ത് ലാബിൽ വളർത്തി ഇക്സി ചെയ്യുന്നതാണ് ഈ രീതി.

പിജിഡി (preimplation genetic diagnosis)

ഇക്സി ചികിത്സയിൽ ഭ്രൂണം ഗർഭാശയത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഭ്രൂണത്തിൽ നിന്നും ഒരു കോശമെടുത്ത് ഫിഷ് ടെക്നോളജി ഉപയോഗിച്ച് തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന രീതിയാണിത്.

ശുക്ലദാനം (Donar insemination)

ഒരു പുരുഷന്‍റെ വൃഷണങ്ങളിൽ നിന്ന് തീരെ ബീജം ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയിൽ ഒരു ദാതാവിന്‍റെ ബീജം കഴുകി ഗർഭാശയത്തിൽ നിക്ഷേപിക്കുന്നതിനാണ് ശുക്ലദാനം എന്ന് പറയുന്നത്. ആരോഗ്യവും ബുദ്ധിയുമുള്ള ദാതാക്കളുടെ ബീജം ശേഖരിച്ച് പകർച്ചവ്യാധികൾ ഒന്നുമില്ലെന്ന് തിട്ടപ്പെടുത്തി പ്രത്യേക ഇൻകുബേറ്ററുകളിൽ സൂക്ഷിച്ചുവെച്ചാണ് ഇത് ചെയ്യുന്നത്. നൂറുശതമാനം ഹൈജിനിക് ആയ ലാബിൽ വെച്ചാണ് ശുക്ലശീതീകരണവും ബീജം തയ്യാറാക്കലും നടക്കുന്നത്. ഇക്സിയേക്കാൾ ചിലവ് കുറവാണ്.

സറോഗസി

ഏറ്റവും ഗുരുതരമായ വന്ധ്യത കേസുകളിൽ ഗർഭപാത്രം വാടയ്ക്കെടുക്കൽ നിർദ്ദേശിക്കാറുണ്ട്. മുകളിൽ പറഞ്ഞ രീതികൾ അനുസരിച്ച് 90 ശതമാനം വന്ധ്യതയും ചികിത്സിച്ച് ഭേദമാക്കാം. പരാജയപ്പെടാനുള്ള സാധ്യത 10 ശതമാനം മാത്രമാണ്. അപൂർവം കേസുകളിൽ ഗർഭപാത്രം തീരെ അനുകൂലമല്ലാത്ത സാഹചര്യത്തിൽ സ്വന്തം കുഞ്ഞിനെ ലഭിക്കാൻ സറോഗസി വേണ്ടി വരും. ഭ്രൂണം ഉണ്ടായാലും ചിലപ്പോൾ അത് ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച് വളരാനുള്ള പ്രവണത കാണിക്കാറില്ല, ഇത്തരം കേസുകളിൽ മാത്രമാണ് വന്ധ്യത ചികിത്സ പരാജയപ്പെടുന്നത്.

എആർടി

അണ്ഡവാഹിനി കുഴൽ അടഞ്ഞുപോയവർക്കും അൺഎക്സ്പ്ലെയ്ൻഡ് ഇൻഫെർട്ടിലിറ്റി കേസുകളിലും ഫലപ്രദമായ മാർഗ്ഗമാണ് ടെസ്റ്റ്യൂബ് ശിശു. അണ്ഡം പുറത്തെടുത്ത് ബീജസങ്കലനത്തിന് ശേഷം തിരിച്ച് വീണ്ടും ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന രീതിയാണിത്. എൻഡോമെട്രിയോസിസ് രോഗം മൂലം ശരിയായ ബീജസങ്കലനം നടക്കാത്തവർക്കും ഫലപ്രദമായ മാർഗ്ഗമാണ് ഇത്.

Tags:
COMMENT