ശരീരത്തിൽ ചുവന്ന രക്‌താണുക്കളുടെ കുറവ് ഉണ്ടാകുമ്പോഴാണ് അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നത്. ശരീരം ചുവന്ന രക്‌താണുക്കളെ ഉൽപാദിപ്പിക്കുന്നതു കുറഞ്ഞാലും, അളവിൽ ക്കൂടുതൽ രക്‌തം നഷ്‌ടപ്പെട്ടാലും അനീമിയ സംഭവിക്കാം.
നമ്മുടെ ശരീരം മൂന്നു തരം രക്‌തകോശങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. രോഗങ്ങളോട് പൊരുതുന്ന ശ്വേത രക്‌താണുക്കൾ, രക്‌തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‍ലെറ്റുകൾ, ശരീരത്തിലെമ്പാടും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്‌താണുക്കൾ.
രക്‌തത്തിലെ ഹീമോഗ്ലോബിൻ ആണ് ചുവന്ന രക്‌താണുക്കളിലൂടെ ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെമ്പാടും ഓക്സിജൻ എത്തിക്കുന്നത്. ശരീരത്തിന്‍റെ അസ്‌ഥി മജ്‌ജയിലാണ് ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കപ്പെടുന്നത്. ഹീമോഗ്ലോബിൻ കൂടിയും കുറഞ്ഞും വരിക സ്വാഭാവികമാണ്. എന്നാൽ ശരീരത്തിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധം കുറഞ്ഞാൽ അയേൺ അടങ്ങിയ ഭക്ഷണരീതി അവലംബിക്കേണ്ടി വരും. ഹീമോഗ്ലോബിൻ അളവ് 10 ൽ താഴെ വന്നാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിഹാരം ആരായണം.
പലതരം അനീമിയ
അയോണിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന അനീമിയ ആണ് ഇവയിൽ പ്രധാനം. ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ അസ്‌ഥി മജ്‌ജയ്‌ക്ക് അയേൺ എന്ന ധാതുവിന്‍റെ സഹായം കൂടിയേ തീരൂ. വേണ്ടത്ര അളവിൽ ഇരുമ്പിന്‍റെ അംശം ശരീരത്തിൽ ഇല്ലെങ്കിൽ ചുവന്ന രക്‌താണുക്കൾക്കു വേണ്ടി ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നു. ഇത്തരം അനീമിയ കൂടുതലായും സ്ത്രീകളിലും രോഗികളിലും കണ്ടു വരുന്നു. അതിയായ മാസമുറ രക്‌തസ്രാവം, അൾസർ, കാൻസർ, ആസ്പിരിൻ പോലുള്ള സ്റ്റാൺസ്റ്റിറോയ്ഡ് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നിന്‍റെ തുടർച്ചയായ ഉപയോഗം എന്നിങ്ങനെയുള്ള അവസ്‌ഥകൾ മേൽപ്പറഞ്ഞ അനീമിയയുടെ കാരണങ്ങളാണ്.
ഇരുമ്പിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന അനീമിയക്കു പുറമെ മറ്റു പല കാരണങ്ങളാലും വിളർച്ച സംഭവിക്കാം. വിറ്റാമിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന വിളർച്ചയാണതിലൊന്ന്. ഫോളേറ്റ്, വിറ്റാമിൻ ബി - 12 എന്നിവയുടെ സഹായത്തോടെയാണ് ശരീരം ചുവന്ന രക്‌താണുക്കളെ ഉൽപാദിപ്പിക്കുന്നത്. പോഷകം കുറഞ്ഞ ക്ഷണ രീതിയാണ് അവലംബിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള വിളർച്ചയും അനുഭവപ്പെടാം.
കാൻസർ, എച്ച്ഐവി, റുമാറ്റോയിഡ് ആർത്രൈറ്റിസ്, ക്രൗൺസ്, വൃക്ക തകരാർ എന്നിവയും വിളർച്ചയ്ക്കു കാരണമാകാറുണ്ട്. ബോൺമാരോയുടെ പ്രവർത്തന ശേഷി കുറവു കൊണ്ടും ഹീമോഗ്ലോബിൻ കുറയാം. നഷ്‌ടപ്പെട്ട രക്‌തകോശങ്ങളെ ഉൽപാദിപ്പിക്കാൻ അസ്‌ഥി മജ്‌ജയ്‌ക്കു കഴിയാതെ വരുന്നതടക്കം, നിരവധി പ്രശ്നങ്ങൾ അനീമിയ ഉണ്ടാകുന്നതിന്‍റെ പിന്നിലുണ്ടാകാമെന്ന് അറിയുക. ഇത്തരം രക്‌തക്കുറവുകളിൽ ഏറ്റവും റിസ്‌ക് ഉള്ളത് അയേണിന്‍റെ അഭാവത്താലുള്ള അനീമിയക്കു തന്നെ. കാരണം പലരും അത് അവഗണിച്ചു തള്ളും. പ്രത്യേകിച്ചും സ്ത്രീകൾ. ശരീരം മുഴുവൻ ഓക്‌സിജൻ എത്തിക്കേണ്ട ജോലി ചുവന്ന രക്‌താണുക്കൾക്കാണ്. അവ ആവശ്യത്തിനില്ലെങ്കിൽ ശരീരത്തിന്‍റെ മൊത്തം പ്രവർത്തനം താളം തെറ്റും.
ലക്ഷണങ്ങൾ
എപ്പോഴും തളർച്ച തോന്നുക
ശരീരത്തിന് എപ്പോഴും തളർച്ച തോന്നുന്നതാണ് അയേൺ അഭാവത്തിന്‍റെ പ്രധാന ലക്ഷണം. എന്നാൽ ഈ തളർച്ചയും ക്ഷീണവും ദൈനംദിന തിരക്കുകളുടെ ഭാഗമായി കരുതി അവഗണിക്കുകയാണ് പതിവ്. അതിനാൽ അനീമിയ എന്ന അവസ്‌ഥ കണക്കിലെടുക്കാതെ പോകും. ശരീരകോശങ്ങളിൽ ഓക്‌സിജൻ എത്താൻ പ്രയാസം നേരിടുമ്പോൾ ശരീരത്തിന്‍റെ ഊർജ്ജനില താഴേക്ക് പോരും.