പാടത്തിന്‍റെ നടുക്കുള്ള തറവാട്ടുവീട്ടിൽ രാത്രി നക്ഷത്രങ്ങളെ നോക്കി വലിയ സ്വപ്നങ്ങൾ കണ്ട രജിഷ സ്വപ്ന തുല്യമായ നേട്ടമാണ് ആദ്യ ചിത്രത്തിലൂടെ തന്നെ കരസ്ഥമാക്കിയത്. നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി സ്വയം വെള്ളിത്തിരയിലെ നക്ഷത്രമായി തിളങ്ങുന്ന കഥ, ഈ സ്നേഹ വർത്തമാനത്തിനിടയിൽ രജിഷ വിജയൻ താരജാഡയില്ലാതെ പറയുന്നു...
അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിന് വേണ്ടി രജിഷയുടെ റെഫറൻസ് എന്തൊക്കെയായിരുന്നു?
അതുപോലൊരു ബ്രേക്ക് അപ് എന്ന അവസ്‌ഥയിലൂടെ കടന്നു പോകുന്ന ധാരാളം പേരെ പഠിക്കുന്ന സമയത്ത് കോളേജിലും ഹോസ്റ്റലിലും ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം റിയാക്‌ട് ചെയ്യുന്നതെങ്ങനെയാണ് നേരിടുന്നത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഒരേകദേശ കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. പുതിയ തലമുറയിലെ ഭൂരിഭാഗം പെൺകുട്ടികളിലും ഇതുണ്ടാകുന്നുണ്ട്. ഇതൊക്കെ നമുക്ക് ചുറ്റിലും സംഭവിക്കുന്നതാണ്. ഏതെങ്കിലും ഒരു വ്യക്‌തിയെ അനുകരിച്ചല്ല ഞാനാ കഥാപാത്രം ചെയ്‌തത്. എലി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് നൽകിയതിന്‍റെ ഫുൾ ക്രഡിറ്റും സംവിധായകൻ ഖാലിദ് റഹ്മാനാണ്.
നവ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് രജിഷയ്ക്കുള്ള കാഴ്ചപ്പാട് എന്താണ്?
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ഒരാളല്ല ഞാൻ. എല്ലാവരും ഒരു പാരലൽ വേൾഡിലാണ് ജീവിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പരസ്പരം തമ്മിൽ കാണുന്ന നാലുപേർ വാട്സ്ആപ്പോ, ഫെയ്സ്ബുക്കോ അവരുടെ ഫോണിൽ ഉപയോഗിക്കുന്നതിന്‍റെ തിരക്കിലാകും. എന്നാൽ പിന്നെ നേരിട്ട് കാണേണ്ട ആവശ്യം ഇല്ലല്ലോ. സോഷ്യൽ മീഡിയ മൊത്തത്തിൽ മോശമാണെന്ന് ഞാനൊരിക്കലും പറയില്ല. നമുക്ക് പെട്ടെന്ന് പല കാര്യങ്ങളിലും ഇടപെടാൻ പറ്റും. പെട്ടെന്നൊരാളെ ഹെൽപ്പ് ചെയ്യാൻ പറ്റും. നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയും ഇതുപോലുള്ള ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതു പോലെ ഉപയോഗിക്കുന്നതിന്‍റെ ഫ്രീക്വൻസി തിരിച്ചറിയണം.
ആളുകൾ അവരുടെ ഡെവിളിഷ് സൈഡ് പുറത്തെടുക്കുന്നതിനുള്ള ഒരിടമായി സോഷ്യൽ മീഡിയയെ കാണുന്നുണ്ട്. കാപട്യങ്ങളില്ലാത്ത വളരെ ലൈവായി നിൽക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. സോഷ്യൽ മീഡിയയെ ആളുകൾ മിസ്യൂസ് ചെയ്യുന്നിടത്താണ് കുഴപ്പങ്ങൾ സംഭവിക്കുന്നത്. കൗമാരപ്രായത്തിലുള്ള കുട്ടികളെ ഇതൊരുപാട് ബാധിക്കുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികൾ വളരേണ്ടത് വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ്.
അനുരാഗ കരിക്കിൻ വെള്ളവുമായി ബന്ധപ്പെട്ട് എടുത്തു പറയാവുന്ന അനുഭവങ്ങൾ?
ആങ്കറിംഗ് ചെയ്‌തിരുന്നതു കൊണ്ട് എനിക്കുണ്ടായ ഗുണം ഞാനൊട്ടും ക്യാമറാ കോൺഷ്യസ് അല്ലായിരുന്നു എന്നതാണ്. സ്ക്രിപ്റ്റ് എഴുതുമ്പോഴും തിരുത്തി എഴുതുമ്പോഴും ഞാനവരുടെ കൂടെ ഉണ്ടായിരുന്നു. ഡയലോഗും സന്ദർഭങ്ങളും എനിക്ക് നേരത്തെ അറിയാമായിരുന്നത് കൊണ്ട് ഷൂട്ട് ചെയ്തപ്പോൾ ബുദ്ധിമുട്ടി സമയമെടുത്ത് ചെയ്യേണ്ടതായി വന്നിട്ടില്ല. മറ്റുപല കഥാപാത്രങ്ങളുടെ ഡയലോഗു പോലും എനിക്കൂഹിക്കാമായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം ചെയ്യുന്ന സമയത്ത് എനിക്ക് ഡ്രൈവിംഗ് അറിയില്ല. ഡ്രൈവിംഗ് ഷോട്ട്സ് എടുക്കുന്ന സമയത്ത് ഞാൻ കുറച്ച് കഷ്ടപ്പെട്ടു. ഇതൊക്കെ കഴിഞ്ഞ് ഡബ്ബിംഗിനു വന്നപ്പോഴാണ് ശരിക്കും പെട്ടുപോയത്.
അടച്ചിട്ട മുറിയിലിരുന്ന് മൈക്കിന്‍റെ മുന്നിലെ സ്ക്രീനിൽ നോക്കി ഡബ്ബ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. എന്‍റെ തൊണ്ടയൊക്കെ ഇടറി ശബ്ദമൊക്കെ മാറിപ്പോയി. ഇമോഷൻസെല്ലാം മാറി മാറി വരുന്ന സന്ദർഭങ്ങളാണ് അനുരാഗ കരിക്കിൻ വെള്ളത്തിൽ ഉണ്ടായിരുന്നത്. പേടിയൊക്കെ വന്ന് ഞാൻ വല്ലാതായി. പിന്നെ പലരും ഡബ്ബ് ചെയ്യുന്നത് പോയിരുന്ന് കണ്ടു. ഏഴെട്ടു ദിവസം എടുത്താണ് അനുരാഗ കരിക്കിൻ വെള്ളം ഡബ്ബിംഗ് പൂർത്തിയാക്കിയത്. ഇതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണം പിന്നീട് വന്ന സിനിമകൾക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഡബ്ബിംഗ് ചെയ്യാൻ പറ്റി.