മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്‌ഥാനം നേടിയ നടിയാണ് സായ് പല്ലവി. സ്വാഭാവിക അഭിനയം, ലളിതമായ വ്യക്തിത്വം, അതുല്യമായ നൃത്തച്ചുവടുകൾ ഇതെല്ലാം ചേർന്നാണ് സായ് പല്ലവി പുതുതലമുറയുടെ പ്രിയതാരമായി മാറിയത്. ഗ്ലാമറിനേക്കാൾ കഥാപാത്രത്തിന്‍റെ ആന്തരികഭാവങ്ങൾക്കും ആത്മാവിനും മുൻഗണന നൽകുന്ന അവരുടെ നിലപാടാണ് അവരെ വേറിട്ടു നിർത്തുന്നത്. പ്രേമം എന്ന മലയാള ചിത്രത്തിലെ മലർ ടീച്ചർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ പുതുമയോടെ നിറഞ്ഞുനിൽക്കുന്നു. ചിരിയിലും കണ്ണുകളിലുള്ള നിഷ്‌കളങ്കതയും കൊണ്ടാണ് സായ് പല്ലവി ആദ്യ ചിത്രത്തിലൂടെ തന്നെ യുവതലമുറയുടെ ഹൃദയം കീഴടക്കിയത്.
പിന്നീട് തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ സ്വാധീനമുറപ്പിച്ച അവർ, ഇന്ന് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ രാമായണത്തിലൂടെ ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ്. ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ്‌പല്ലവി സീതയുമായി പ്രത്യക്ഷപ്പെടുന്നു. സമീപകാലത്ത് സായ് പല്ലവി നേരിട്ട സൈബർ ആക്രമണങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. "ഏക് ദിൻ" എന്ന ചിത്രത്തിന്‍റെ പ്രചാരണാർത്ഥം നടന്ന ഒരു പരിപാടിയിൽ അവർ സംസാരിച്ച വീഡിയോയെ മുൻനിർത്തിയായിരുന്നു ചില കോണുകളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ ഉയർന്നത്. തന്‍റെ ഹിന്ദി ഭാഷാപരിജ്‌ഞാനം പരിമിതമാണെന്ന് മുൻകൂട്ടി വ്യക്‌തമാക്കിയിട്ടും, ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനറിയാത്ത ഒരാൾ സീതയെപ്പോലെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ ഔചിത്യത്തെ ചിലർ ചോദ്യം ചെയ്യുകയായിരുന്നു.
എങ്കിലും ഇതിനെതിരെ ശക്തമായ പ്രതിരോധം സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും ഉയർന്നുവന്നു. ജാക്വിലിൻ ഫെർണാണ്ടസ്, കത്രീന കൈഫ് എന്നിവരെ പോലെ ഹിന്ദി മാതൃഭാഷയല്ലാത്ത നിരവധി താരങ്ങൾ ബോളിവുഡിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ആരാധകരും സിനിമാ പ്രേമികളും വിമർശകർക്ക് മറുപടി നൽകിയത്. സിനിമയുടെ തിളക്കത്തിനിടയിലും ലാളിത്യവും നൈസർഗിക സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന താരം എന്ന നിലയിലാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മേക്കപ്പില്ലാത്ത മുഖവുമായി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന അവരുടെ സമീപനം നിരവധി യുവതികൾക്ക് പ്രചോദനം പകരുന്നു.
നൃത്തത്തിലായാലും അഭിനയത്തിലായാലും സൂക്ഷ്‌മമായ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ അവർക്ക് സാധിക്കുന്നു. ഓരോ വേഷത്തിലും അവർ പുലർത്തുന്ന സമർപ്പണമനോഭാവം അവരെ ഒരു കംപ്ലീറ്റ് ആർട്ടിസ്‌റ്റ് എന്ന പദവിയിലേക്ക് ഉയർത്തുകയാണ്.
മയൂഖം മുതൽ മോഹിനിയാട്ടം വരെ
അന്തർമുഖനും അൽപം നാണക്കാരനുമായ വ്യക്തി എന്നാവും സൈജു കുറുപ്പിനെ കാണുമ്പോൾ ആർക്കും തോന്നുക. എന്നാൽ അത്തരം ഇമേജിനെയൊക്കെ കടത്തി വെട്ടുന്ന സ്ക്രീൻ പെർഫോമൻസിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ നടൻ. മലയാള സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായിരിക്കുന്നു സൈജു കുറുപ്പ്. കോമഡി- സീരിയസ് അങ്ങനെ ഏത് റേഞ്ചിലുമുള്ള കഥാപാത്രങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള അസാധാരണ മികവുള്ള നടൻ. അഭിനയ ശൈലിയിലുള്ള ഈ മികവാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.





