മുറപ്പെണ്ണ്- നോവലെറ്റ് 4

“എടാ ജോമോനേ… എന്നോട് സംസാരിക്കില്ലേ നീ..? ഞാൻ അപ്പോൾ അന്നത്തെ ദേഷ്യത്തിനു പറഞ്ഞതാണ്. നീ എന്നോട് ക്ഷമിക്കില്ലെടാ?” അതുചോദിച്ചു കൊണ്ടവൾ അവന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു. അവൻ ടിവിയിൽ മാത്രം ശ്രദ്ധിച്ചിരുന്നു.

“ചോദിച്ചതു കേട്ടില്ലേ ജോമോനെ? നീ എന്നോട് സംസാരിച്ചില്ലെങ്കിലും എനിക്ക് പിണക്കമില്ല. ഞാനിവിടെ തന്നെയിരിക്കും.” അതുപറഞ്ഞിട്ടവൾ അവൻ നെഞ്ചിലേക്ക് ചാരിയിരുന്നു. അതുകൂടിയായപ്പോൾ അവനൊന്നും മിണ്ടാതെ എഴുന്നേറ്റു റൂമിലേക്ക് നടന്നു പോയി…

അവൾ അവനെ അപ്പോഴും നോക്കിയിരുന്നു..അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും കണ്ണീർ മറച്ചു പിടിച്ചതിനാൽ ടിവിയിലെ പ്രോഗ്രാം രൂപങ്ങൾ അപ്പോഴേക്കും അവ്യക്തമായിരുന്നു. ജോമോൻ റൂമിലെത്തിയപ്പോൾ പതിവില്ലാതെ റൂമിന്‍റെ വാതിലടച്ചു. അവൻ ഒരുപാടു മാറിപ്പോയി എന്ന് ആലീസിനു തോന്നി. രാത്രി വൈകിയും ജോമോൻ ഭക്ഷണം കഴിക്കാൻ വരാതിരുന്നത് ആലീസ് ശ്രദ്ധിച്ചു. പോയി വിളിക്കാൻ മനസ്സിൽ ആഗ്രഹം തോന്നിയെങ്കിലും ജോമോൻ റൂം അപ്പോഴും അടഞ്ഞുതന്നെ കിടന്നിരുന്നു. രാത്രിയേറെ വൈകി വെളുപ്പിന് മൂന്നു മണിയോടെയാണ് രമിത്ത് തിരിച്ചു വന്നത്. മറ്റുള്ളവരെല്ലാം ഉറങ്ങിയിട്ടും രമിത്ത് തിരിച്ചുവരും വരെ അവളുറങ്ങാതെ ടിവി കണ്ട് സെറ്റിയിൽ കാത്തിരുന്നു.

പിറ്റേന്നു രാവിലെ ഉറക്കമെണീറ്റ ജോമോൻ മുൻവശത്തേക്ക് നടന്നു. അപ്പോഴേക്കും സോണിച്ചനോട് യൂണിവേഴ്‌സിറ്റിയിൽ കൂടെ വരാൻ നിർബന്ധിക്കുന്ന ആലീസിനെയാണ് അവൻ കണ്ടത്.

“എടീ ആലീസുകൊച്ചേ നീ നിന്‍റെ കെട്ടിയോൻ രമിത്തിനെ ഒപ്പം വിളിച്ചോണ്ട് പൊക്കോ? എനിക്കുവയ്യ അങ്ങട്ടുവരാൻ.” സോണിച്ചൻ പറഞ്ഞു.

“ഇച്ചായൻ കുറച്ചുമുമ്പ് വന്നേയുള്ളൂ. ഉറക്കത്തിൽ നിന്നും വിളിക്കരുതെന്നു പറഞ്ഞിട്ടാ കിടന്നത്. ആലീസ് പറഞ്ഞു.”

“ജോമോനെ വിളിച്ചോണ്ട് പൊക്കോ. ബൈക്കോ കാറോ ഉണ്ടല്ലോ ഇവിടെ..” സോണിച്ചൻ പറഞ്ഞു.

“അതല്ല ചാച്ചാ, സർട്ടിഫിക്കറ്റു കിട്ടാൻ വൈകും. ചിലപ്പോൾ രാത്രിയാകും. അറിയാലോ…?” ആലീസ് പറഞ്ഞു.

“അത് അറിയാന്നോണ്ടാ ഞാൻ വരാത്തത്. എനിക്കെന്തോ അവിടെ അത്രേം പിടിച്ചില്ലായെന്നേ…എടാ, ജോമോനേ..?” സോണിച്ചൻ വിളിച്ചു.

“എന്നതാ പപ്പാ..” ജോമോൻ മുറ്റത്തേക്കിറങ്ങി നിന്നുചോദിച്ചു.

“ഇന്നു നീ രാവിലെ ആലീസുമായൊന്ന് കോട്ടയം വരെ പോണം. അവളുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്‌സിറ്റിയിൽ”

ആലീസപ്പോഴും ജോമോന്‍റെ മുഖത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു. ജോമോൻ തന്നെ ശ്രദ്ധിക്കാത്തത് മനപ്പൂർവം ആണെന്ന് അവൾക്കു തോന്നി.

“അയ്യോ പപ്പാ ഇന്നെനിക്ക് പറ്റില്ല. മറ്റൊരു കാര്യമുണ്ട്… അതുകൊണ്ടാ.” അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“എന്നാ കാര്യമുണ്ടെന്ന് പറഞ്ഞാലും നടക്കുകേല. നീ കാറെടുത്തോ….. ആവശ്യത്തിന് കാശും എടുത്തോ. മോൻ ആലീസിനൊപ്പം പോയേ പറ്റൂ.” സോണിച്ചൻ ഉറപ്പിച്ചു പറഞ്ഞു.

“ശരി പപ്പാ…” അവൻ സമ്മതിച്ചു. കുറച്ചുകഴിഞ്ഞ് യാത്രതിരിച്ചത് മുതൽ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആലീസ്.

“എടാ ജോമോനെ, നീ എന്നോട് പിണങ്ങരുത്. ഞാൻ അതൊക്കെ അങ്ങനെയൊരു ഉദേശത്തിൽ പറഞ്ഞതല്ല. എന്നെയൊന്നു മനസ്സിലാക്കൂ നീ. എന്നോട് നീ മിണ്ടാതെയിരിക്കുന്നത് സഹിക്കുന്നില്ല. ഓർമ്മയിൽ ആദ്യമാ ഇങ്ങനെ നമ്മൾ പിണങ്ങുന്നത്. ജോമോനെ നീ മിണ്ടില്ലേ എന്നോട്?” മറുപടി മൗനം തന്നെ ആയിരുന്നു. മുന്നോട്ടു മാത്രം നോക്കി വണ്ടിയോടിച്ചിരുന്ന അവൻ മുഖത്ത് ദേഷ്യവും നിരാശയും കൊണ്ടു മൂടിയിരുന്നു..

“എടാ ജോമോനെ എനിക്കൽപം വെള്ളം വേണം. ഏതെങ്കിലും കടയിൽ നിന്നും ഒരു മിനറൽ വാട്ടർ വാങ്ങിത്തരുമോ?” അവൾ ചോദിച്ചു. വണ്ടിയൊതുക്കി അടുത്ത കടയിലേക്ക് കയറി വെള്ളം വാങ്ങി തിരിച്ചു വന്നിട്ടത് കയ്യിൽ കൊടുക്കാതെ അവളുടെ സീറ്റിലേക്കുവച്ചു.

അതുകൂടി കണ്ടപ്പോൾ അവളുടെ ഉള്ളൊന്നുകൂടി പാളി.

“എടാ നീയിങ്ങനെ പിണങ്ങല്ലേടാ…” അവൾ കരഞ്ഞു തുടങ്ങി. അവനതു ശ്രദ്ധിക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

“ആദ്യമേ പറയണമായിരുന്നു ഇഷ്ടമുണ്ടെങ്കിൽ അല്ലാതെ മിന്നുകെട്ടിന് രണ്ടുദിവസം മുമ്പല്ല ഇങ്ങനെയൊക്കെ കാണിക്കാൻ…” അവൾ പൊട്ടിത്തെറിച്ചപോലെ അവനോടുറക്കെ അലറി പറഞ്ഞു. അവനൊന്നവളെ നോക്കിയിട്ട് പിന്നേം വണ്ടിയിലായി ശ്രദ്ധ.

“ഞാൻ എന്നാ വേണമായിരുന്നു. വാക്കുറപ്പിച്ച് മോതിരമിട്ടവനോട് പറയണമായിരുന്നോ എനിക്ക് ജോമോനെ മതിയെന്ന്, എങ്കിൽ അതുവരെയുണ്ടായിരുന്ന നമ്മുടെ കുടുംബത്തിന്‍റെ സൽപ്പേരും ഒരുമയും എന്താകുമെന്ന് നീ ആലോചിച്ചുനോക്കിയിട്ടുണ്ടോ? പറയെടാ… നിന്‍റെ നാക്ക് തണുപോയോ? അവൻ ഒരിഷ്ടം പറച്ചിൽ ഞാൻ നൂറുതവണ നിന്നോട് ചോദിച്ചതല്ലേടാ ഈ കല്യാണം വന്നപ്പോഴും പെണ്ണുകണ്ടപ്പോഴും എല്ലാം. പെണ്ണുകാണലിന്‍റെ അന്നു നീയെന്നോട് എന്തെങ്കിലും പറയുമെന്ന് കരുതി ഞാൻ പറഞ്ഞതല്ലേ എനിക്കീ കല്യാണം ഇഷ്‌ടപ്പെട്ടില്ലെന്ന്. എന്നിട്ടും നീയെന്നതാ ഇങ്ങനെ പെരുമാറുന്നത്?” അവൾ നിയന്ത്രണം വിട്ടപോലെ കരഞ്ഞുകൊണ്ടുറക്കെ ചോദിച്ചു. അവനവളെ ശ്രദ്ധിയ്ക്കാത്ത ഭാവത്തിൽ ഇരുന്നു. അൽപം കഴിഞ്ഞവൻ പറഞ്ഞു.

“കണ്ണു തുടയ്ക്കൂ… യൂണിവേഴ്‌സിറ്റി എത്തി.”

“ഓ… അപ്പോ നീ മിണ്ടും അല്ലേ… നന്നായെടാ നന്നായി. ഇനി ഞാനായിട്ട് മിണ്ടാതിരുന്നാൽ പോരെ. ശരി കാറിൽ തന്നെയിരുന്നാൽ മതി. ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങിവരാം.”

“ഞാൻ വരാം.” അവളെ നോക്കാതെ അവൻ പറഞ്ഞു. കാർ ലോക്കിട്ട് അവൻ അവളുടെ പിന്നാലെ നടന്നു.

“ക്യൂ ആണല്ലോ സർട്ടിഫിക്കറ്റ് വാങ്ങൻ. അവൾ പറഞ്ഞു. അവനൊന്നും മിണ്ടാതെ അവളുടെ ഐഡി കാർഡ് വാങ്ങി വെയിലുള്ള മുറ്റത്തെ ക്യൂവിൽ നിന്നു. അവൾ അൽപം മാറി മരത്തണലിലിരുന്നു. അപ്പോഴും ജോമോനെ തന്നെ നോക്കിയിരുന്ന ആലീസിന്‍റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവളെ നോക്കാതെ അവൻ പതിയെ പതിയെ മുന്നോട്ടേക്ക് നീങ്ങി. ഒരുമണിക്കൂർ കഴിഞ്ഞവൻ തിരിച്ചു വന്നു. കയ്യിലെ സർട്ടിഫിക്കറ്റ് അവൾക്കുനേരെ നീട്ടി. അവളതുവാങ്ങുമ്പോൾ അവന്‍റെ മുഖ ത്തേക്ക് നോക്കി. ആ മുഖം വലിയ നിരാശകൊണ്ട് മൂടിയിരുന്നു. മുടിപോലും ചീകിയിട്ടില്ല. ഫ്രഞ്ച് മോഡൽ താടിവച്ചിരുന്നത് ചുറ്റും കുറ്റിരോമങ്ങൾ കൊണ്ട് വളർന്നിരിക്കുന്നു. അപ്പോഴേക്കും ചെറുതായി മഴ തുടങ്ങി. അവന്‍റെ പിറകേ അവളും കാറിലേക്ക് നടന്നു.

“എടാ എനിക്ക് വിശക്കുന്നുണ്ട്…” അവൾ പറഞ്ഞു. അവൻ അൽപദൂരം കഴിഞ്ഞ് ഒരു ഹോട്ടലിൽ നിർത്തി. വണ്ടിയിൽ നിന്നും കുട എടുത്തവൾക്ക് കൊടുത്തു.

“എന്‍റെ കൂടെ വരണം.” അവൾ പറഞ്ഞു.

“എനിക്ക് മസാലദോശ മതി,” സീറ്റുറപ്പിച്ചവൾ വെയിറ്ററോട് പറഞ്ഞു.

“സാറിനോ..? അയാൾ ചോദിച്ചു. ഒന്നും വേണ്ട. അവിടെ കൊടുത്തേക്കൂ. അതുമതി,” ജോമോൻ പറഞ്ഞു.

“എന്താ ജോമോനേ ഇങ്ങനെ. നിനക്ക് എന്‍റെ കൂടെ മിണ്ടാൻ പാടില്ലല്ലേ? എനിക്കൊപ്പം ഇതുവരെ വരാൻ മടിയാണല്ലേ? എനിക്കൊപ്പം ആഹാരം കഴിക്കാൻ പാടില്ലല്ലേ? ഞാൻ പറഞ്ഞതാ എനിക്ക് കല്യാണം വേണ്ടന്ന്… ആരു കേൾക്കാൻ… എന്നെ പെണ്ണുകാണാൻ വരുന്നതിന്‍റെ തലേദിവസം ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും കർത്താവുപോലും കേട്ടില്ല ആ പ്രാർത്ഥന.” അതു പറഞ്ഞവൾ പിന്നേം കരഞ്ഞുതുടങ്ങി.

“ആൾക്കാര് കാണും, എല്ലാവരും നോക്കുന്നു…” അവൻ പതിയെ പറഞ്ഞു.

“കേൾക്കട്ടെ… എല്ലാരും കേൾക്കട്ടെ ഇല്ലെങ്കിൽ നീയെന്നോട് പഴയപോലെ സംസാരിക്കൂ. എനിക്കിനി വയ്യ ഇങ്ങനെ ടെൻഷനടിക്കാൻ. ഞാൻ വീട്ടിൽ എല്ലാരോടും പറയാൻ പോകുവാ. പറ്റുന്നില്ല ഒട്ടും പറ്റുന്നില്ല അതുകൊണ്ടാ.” അവൻ അതുകേട്ടതും എണീറ്റ് നടന്നു. ക്യാഷ് കൗണ്ടറിലെ ബില്ലുകൊടുത്തു. അവിടെ തന്നെ അവൾ കഴിച്ചിട്ടുവരും വരെ കാത്തുനിന്നു. നിനക്കെന്താ ജോമോനേ പറ്റിയത്, അന്നങ്ങനെ? പോട്ടെ, മറന്നേക്ക്… പ്ലീസ്..” അവൻ മറുപടിയൊന്നും പറഞ്ഞില്ല. മൗനത്തിൽ മാത്രം മുഴുകിയിരുന്നു. ഇടയ്ക്കെപ്പോഴോ കണ്ണിൽ പൊടി പോയപോലെ അവന്‍റെ കണ്ണുകൾ ഒരുവട്ടം അവൻ തുടയ്ക്കുന്നത് കണ്ടപ്പോൾ ആലീസ് പറഞ്ഞു.

“വണ്ടി നിർത്തൂ. ഇതിനൊരു തീരു മാനമാകാതെ ഇവിടുന്നിനി ഞാൻ വീട്ടിലേക്ക് വരുന്നില്ല. പറയൂ… ഞാനെന്താ ചെയ്യേണ്ടത്. നീ പറഞ്ഞുതാ എനിക്ക് അതുംകൂടി? ഇനിയിങ്ങനെ അഭിനയിച്ചു ജീവിക്കാൻ വയ്യ. പറ ഞാൻ പറയട്ടെ എനിക്ക് നിന്നെ മതിയെന്ന്… കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച ആയപ്പോൾ ഭർത്താവ് പെണ്ണിന്‍റെ അവിഹിതം കയ്യോടെ പൊക്കിയതായി വാർത്തവരും. അതുപോരേ..? ഞാനിന്നു പറഞ്ഞേക്കാം എല്ലാരോടും…..”

“ഞാൻ നിങ്ങളോടൊന്നും പറഞ്ഞില്ലല്ലോ ഇതൊക്കെ എന്നോടുപറയാൻ മാത്രം..?” അവനിടറിയ ശബ്ദ്‌ദത്തിൽ പറഞ്ഞു.

“നിങ്ങളോ..” ഞാൻ നിനക്കിപ്പോ നിങ്ങളാണല്ലേ? എടാ ജോമോനെ നീ എന്നോടിത്രേം പറയണ്ടായിരുന്നു. അലറി കരഞ്ഞുകൊണ്ടവൾ പറഞ്ഞു. ഞാൻ ചത്താൽ നിന്‍റെ പിണക്കം തീരുമല്ലോ അല്ലേ? ഞാൻ ആത്മഹത്യചെയ്‌തു തന്നേക്കാം. അതാകുമ്പോ ടെൻഷനടിക്കണ്ടല്ലോ ഇങ്ങനെ. നിനക്കതുപോരേ? പിന്നെ നിന്നോടൊന്നിനും ഞാൻ മിണ്ടാൻ വരണ്ടല്ലോ അല്ലേ..”

അവനൊന്നും മറുപടി പറയാതെ കാറിന്‍റെ ഡോറുകൾ പവർലോക്കിട്ടു കൊണ്ട് വണ്ടി ‌സ്റ്റാർട്ടാക്കി, അവളുടെ എതിർപ്പിനെ വകവയ്ക്കാതെ വണ്ടി മുന്നോട്ടു പാഞ്ഞു. വീടെത്തുന്നതിനു തൊട്ടുമുമ്പുള്ള ചെറിയ റോഡിലെത്തിയപ്പോൾ ഗിയറിന്‍റെ പുറത്തുവച്ചിരുന്ന ജോമോൻ ഇടം കൈയ്യിലേക്ക് അവൾ വലംകൈകൊണ്ട് അമർത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“ഞാനെന്താ വേണ്ടത്. നീ പറയൂ…?” അവളുടെ ചോദ്യം വല്ലാതെയായിരുന്നു അപ്പോഴേക്കും. അവൻ അവന്‍റെ കൈ മാറ്റി സ്റ്റിയറിംഗിൽ വച്ചു. പിന്നെയും മൗനമായിരുന്നു മറുപടി. വീട്ടിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞു.

“നേരത്തെ കിട്ടിയോ സർട്ടിഫിക്കറ്റ്?” സോണിച്ചൻ ചോദിച്ചു.

“കിട്ടി പപ്പാ. അവിടെ എടുത്തുവച്ചിരുന്നു. പോയി വാങ്ങുന്ന സമയം മാത്രം മതിയായിരുന്നു.”

“മ്മ് മോളെന്താ വല്ലാതിരിക്കുന്നത്?”

“ഒന്നുമില്ല ചാച്ചാ… യാത്രയുടെ…”

“മ്മ്… എന്നാ പോയി ഫ്രഷാകൂ”

“രമിത്ത് പുറത്തേക്കുപോയി വൈകുന്നേരം രമിത്തിങ്ങു വരും.”

“മ്മ്…” അവൾ ഇറങ്ങിയതും അവൻ വണ്ടി പുറത്തേക്കു എടുത്തു

“അല്ലാ നീയിതെങ്ങോട്ടാ ജോമോനേ…”

“പെട്രോൾ അടിച്ചില്ല പപ്പാ… ഞാൻ മറന്നുപോയി… ഞാൻ കവലയിൽ നിന്നും അടിച്ചിട്ടു വരാം.”

“കവലയിൽ പോകാനോ സാധനങ്ങൾ വല്ലതും വാങ്ങാനോ ഉണ്ടെങ്കിൽ നീ തന്നെ പോണം” സോണിച്ചൻ പറഞ്ഞു മറുപടിയൊന്നും പറയാത്ത അവന്‍റെ മുഖത്തെപ്പോഴും നിരാശയും ദേഷ്യവും പടർന്നുകയറുന്നത് ആലീസ് തിരിച്ചറിഞ്ഞു. അവൻ പോയികഴിഞ്ഞ് അവളകത്തേക്ക് കയറി.

“എന്നാ മമ്മീ ഇന്ന് സ്പെഷ്യലായി ട്ട്.” കുറച്ച് കഴിഞ്ഞു തിരിച്ചെത്തിയ ജോമോൻ ജിജിയോട് ചോദിച്ചു.

“ഇന്നോ ഒന്നാന്തരം പോർക്ക് ഫ്രൈയും കള്ളപ്പവും. രമിത്തിന് വല്യ ഇഷ്ടമാ ഇത്. എന്തേ?”

“എന്നാ എടുത്തുവച്ചേക്കൂ. ഞാനിപ്പോ വരാം”

“ഇന്നെന്താ അത്താഴം നേരത്തെയാണല്ലോ?”

“ആ ഇത്തിരി വിശപ്പുണ്ട്. അതാ മമ്മി എടുത്ത് വച്ചേക്കൂ ഞാനിപ്പോൾ വരാം.”

“മ്മ് ശരി.”

“മോളേ ആലീസേ, നീ കഴിച്ചായിരുന്നോ? രമിത്തുവരാൻ അൽപം വൈകും,” ജിജി ചോദിച്ചു

“ഇല്ല മമ്മീ എന്തുവാ…”

“നീ പോയി ജോമോന്‍റെ കൂടെയിരുന്നൽപം എന്തേലും കഴിക്കൂ. ജോമോന് വിശക്കുന്നു. ടേബിളിലെടുത്ത് വയ്ക്കാൻ പറഞ്ഞു.”

“ശരി മമ്മീ.” അവൾ ടേബിളിൽ വന്നിരുന്നു.

അപ്പോഴേക്കും ഷർട്ടുമിട്ട് ജോമോൻ റൂമിന് പുറത്തേക്ക് വന്നു. വാഷ്‌ബേസിനിൽ കൈ കഴുകികഴിഞ്ഞു നോക്കുമ്പോൾ അവനെ നോക്കിയിരിക്കുകയാണ് ആലീസ്. പെട്ടെന്നവൻ ജിജിയോട് പറഞ്ഞു..

“ഞാൻ ഇറങ്ങുവാ മമ്മീ, കവലവരെ പോണം. പോയിട്ട് വരാം.”

“വിശപ്പുണ്ടെന്ന് പറഞ്ഞിട്ട് ജോമോൻ കഴിച്ചില്ലല്ലോ?” ആനി ചോദിച്ചു.

“ഇല്ല ഇപ്പോ വിശപ്പിത്തല്ലാത്തോണ്ടാ വിശപ്പ് മാറി ഞാൻ പിന്നെ കഴിച്ചോളാം..”

“എടാ ജോമോനേ..” അപ്പോഴേക്കും കരഞ്ഞു തുടങ്ങിയ ശബ്ദ‌ത്തിൽ ആലിസ് പതുക്കെ വിളിച്ചു. അവനതുകേൾക്കാതെ പുറത്തേക്കിറങ്ങി പോയി. അതുകണ്ടപ്പോൾ അവനോടൊപ്പം ഒരുമിച്ചു കഴിക്കാൻ പഴയ പ്ലേറ്റിൽ വിളമ്പി നോക്കിയിരുന്ന ആലീസിന്‍റെ കണ്ണിൽ നിന്നുമൊരു കണ്ണീർത്തുള്ളി പാത്രത്തിലെ ഭക്ഷണത്തിലേക്ക് വീണു. ആരും കാണാതിരിക്കാൻ അവൾ പെട്ടന്നവളുടെ കണ്ണുകൾ തുടച്ചു. ഭക്ഷണം കഴിക്കാതെ പതുക്കെ എണീറ്റു അടുക്കളയിലേക്ക് നടന്നു. അവൻ ഭക്ഷണം കഴിക്കാതെ ഇത് രണ്ടാം ദിവസമാണെന്ന് ആലീസിന് അറിയാമായിരുന്നു. പിറ്റേന്ന് രാവിലെ ജോമോൻ കൂട്ടുകാരുടെയൊപ്പം പുറത്തേക്ക് പോയി. രമിത്തിനോടൊപ്പമുള്ള മൊത്തം സമയവും ജോമോൻ തിരിച്ചു വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു ആലീസ്. രാത്രിയിൽ ജോമോൻ തിരിച്ചുവന്നു.

“നീ കഴിക്കുന്നില്ലേടാ… ആന്‍റോ അവനോട് ചോദിച്ചു… ഇല്ല ചാച്ചാ… വിശപ്പില്ല.” അതുപറഞ്ഞവൻ ആലീസിനെ നോക്കാതെ റൂമിലേക്ക് കയറി കതകടച്ചു. അധികം വൈകാതെ അവൻ ബാത്ത്റൂമിലുള്ള ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം ഹാളിൽ കേട്ടു. രാവിലെ ഉറക്കമെണീക്കാൻ വൈകിയ ജോമോൻ ക്ലോക്കിലേക്ക് നോക്കി സമയം രാവിലെ ഏഴര. അവൻ ഹാളി ലേക്ക് നടന്നു. ഹാളിൽ സോണിച്ചൻ ഇരിക്കുന്നുണ്ട്. അവൻ ചോദിച്ചു.

“പപ്പാ മമ്മിയും ചാച്ചനും എന്തിയേ?”

“ആഹാ ജോമോൻ മറന്നോ ഇന്നല്ലേ നിന്‍റെ അപ്പാപ്പൻ വർഗീസ് അച്ചാച്ചന്‍റെ ഓർമ്മദിനം. അവരെല്ലാം കൂടി സെമിത്തേരിയിൽ കല്ലറ വൃത്തിയാക്കാൻ പോയേക്കുവാ, വൈകുന്നേരം ഓർമ്മപുതൂക്കൽ പ്രാർത്ഥനയുണ്ടവിടെ രമിത്തിന് ജോലിക്കായുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നാളെയാണ്. ഇന്നവൻ തിരുവനന്തപുരത്തുപോകും. ഞാനവനെ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടു ചെന്നാക്കാൻ ഉള്ളതുകൊണ്ട് അവരുടെകൂടെ പോയില്ല. പ്രാർത്ഥനയ്ക്ക് വൈകുന്നേരം നമുക്കൊരുമിച്ച് പോകാം. തിരുവനന്തപുരം പേകേണ്ടവനാണ്. അവളും അവനും ഇതുവരെ ഉറക്കംപോലും എണീറ്റിട്ടില്ല.” സോണിച്ചൻ പറഞ്ഞു.

അവൻ തിരിച്ച് റൂമിലെത്തി കുളിച്ചു. കണ്ണാടിയിൽ നോക്കി താടിരോമം വല്ലാതെ വളർന്നിരിക്കുന്നു. പൂർണ്ണമായും ഷേവു ചെയ്ത് മീശ വെട്ടി മാറ്റിയൊതുക്കി. ഒന്നുകൂടെ കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കാൻ പോലും മറന്നുപോയ മുഖമാണ് തന്‍റെ എന്നവൻ തിരിച്ചറിഞ്ഞു. തേച്ചുമടക്കിയ കറുത്ത ജീൻസ് പാൻറും വെളുത്ത കോട്ടൻ ഷർട്ടും ധരിച്ചവൻ തലമുടി ചീകിയൊതുക്കി. പിന്നെ വെള്ള ക്യാൻവാസ് ഷൂസ്സും ധരിച്ചു. കയ്യിൽ വാച്ചും കെട്ടി കുറച്ചുനേരം കട്ടിലിൽ വെറുതെയിരുന്നു. മൊബൈൽ ഫോൺ ചാർജുണ്ടെന്ന് ഉറപ്പുവരുത്തി വെറുതെ ഗ്യാലറി നോക്കി. എടുത്ത എല്ലാ ഫോട്ടോയിലും ഒപ്പം നിൽക്കുന്ന ആലീസ്സിന്‍റെ മുഖം അവനെ കൂടുതൽ വിഷമിപ്പിച്ചു. അപ്പോൾ ആലീസിന്‍റെ മുറിയുടെ ഡോർ തുറന്നു.

“എടോ ഞാൻ ഇന്നുപോയാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു മറ്റെന്നാൾ രാത്രി തിരിച്ചുവരുള്ളൂ കോട്ടോ?” രമിത്ത് അവളോട് പറഞ്ഞു.

“അതേയുള്ളോ. ഞാൻ കൂടെ വരണോ”

“വേണ്ട വന്നാലും അവിടെ ഹോട്ടലിൽ ഒറ്റയ്ക്കായി പോകും താൻ ഞാൻ പോയിട്ടുവരാം.” “ശരി ഇച്ചായാ” അവൾ മറുപടി പറഞ്ഞു.

“അല്ലാ എനിക്കൊന്നും തരുന്നില്ലേ ഒരു യാത്രയ്ക്കിറങ്ങുമ്പോൾ?”

“എന്ത്?”

“ഉമ്മ. എല്ലാരും കൊടുക്കുന്നതാണ്”

“ഉമ്മയല്ല വാപ്പ… ഒന്നുപോയേ..”

“എടാ ജോമോനേ?” പുറത്തു നിന്നും സോണിച്ചൻ വിളിച്ചു.

“എന്നതാ പപ്പാ..” അവൻ പുറത്തിറങ്ങി ചോദിച്ചു.

“നീയാ രമിത്തിനോട് ഒന്നിറങ്ങാൻ പറയുമോ?”

“ഞാൻ വണ്ടിയിറക്കാം” എന്നു പറഞ്ഞുകൊണ്ടയാൾ അൽപം മാറി പാർക്ക് ചെയ്ത്‌ വണ്ടിയെടുക്കാൻ നടന്നു. അവൻ അതു പറയാനായി രമിത്തിന്‍റെ റൂമിന്‍റെ പടി ചവിട്ടിയപ്പോൾ ആലീസ്സിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന കാഴ്‌ചയാണ് കണ്ടത്. പെട്ടെന്നവൻ കാണാത്തപോലെ തിരിച്ചു മാറിയെങ്കിലും രമിത്തവനെ കണ്ടു.

മിസ്‌റ്റർ… കസിൻ ഒക്കെ ശരിതന്നെ എങ്കിലും ഒരു ഫാമിലി താമസിക്കുന്ന റൂമിൽ വരുമ്പോൾ അൽപം മാനേഴ്‌സ് കാണിക്കണം. ദൂരെ നിന്നും ഒരു ഒച്ചയെങ്കിലും… അവനെ നോക്കി നിന്നിരുന്ന ആലീസ്സിന്‍റെ മുഖഭാവം അപ്പോൾ ദയനീയമായിരുന്നു. ഭർത്താവിനോടു തിരിച്ചൊരു വാക്കും പറയാനാകാത്ത വിധത്തിൽ…

മുറപ്പെണ്ണ്- നോവലെറ്റ് 3

എൻഗേജ്‌മെന്‍റ് ദിവസം അതിരാവിലെ തന്നെ ജോമോനായിരുന്നു എല്ലാ കാര്യങ്ങളുടേയും മേൽനോട്ടക്കാരൻ. എൻഗേജ്‌മെന്‍റ് കഴിഞ്ഞുള്ള ഫോട്ടോ സെഷനിൽ ജോമോന്‍റെ തോളിൽ ചേർത്തുപിടിച്ചുള്ള ഫോട്ടോയ്ക്കാണ് ആലീസ് പോസ് ചെയ്തത്. ഒറ്റ നോട്ടത്തിൽ അത് രമിത്തിന് ഇഷ്‌ടമായില്ലെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. എല്ലാം ഭംഗിയാക്കി വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ജോമോൻ ആന്‍റോയോട് പറഞ്ഞു.

“ചാച്ചാ, പള്ളിയിൽ നിന്നും തീയതി കുറിച്ചു… ഇനി പത്തു ദിവസമേ ഉള്ളൂ കല്യാണത്തിന് എനിക്കും രമിത്തിനും തിയതി കുറിച്ച പേപ്പർ അച്ഛൻ തന്നു.

“അയ്യോ, ഈശോ. ഇതൽപം നേരത്തെ ആയല്ലോടാ ജോമോനെ.”

“ആ ഞാനും പറഞ്ഞു. ബാക്കി ദിവസം അവിടെ കല്യാണവും മനസമ്മതങ്ങളും ഉണ്ടെന്ന്…”

“മ്മ്.. അതിപ്പോ നാട്ടുകാരെ അറിയിക്കണമല്ലോ?”

“നാളെ മുതൽ എല്ലാം ഓടിനടന്നങ്ങു ചെയ്യാം… ഓരോ ദിവസവും സോണിച്ചനും ഞാനും രണ്ടായി തിരിഞ്ഞു വിളിച്ചാൽ കാര്യങ്ങൾ കയ്യിൽ നിൽക്കും. അപ്പോ ഭക്ഷണം ഉൾപ്പെടെ ബാക്കിയൊക്കെ ജോമോനെ നീ നോക്കണെ.”

“മ്മ് നോക്കാം ചാച്ചാ.”

“അവന്മാരെ തന്നെ ഭക്ഷണം ഏൽപ്പിച്ചേക്ക്. കൂടെ പള്ളിയും റോസാപ്പൂക്കൾ കൊണ്ട് ഡെക്കറേഷൻ ചെയ്യാൻ പറഞ്ഞേക്ക്… മ്മ്…”

“ചെയ്യാം ചാച്ചാ…”

കല്യാണത്തിന്‍റെ ഒരുക്കങ്ങൾ തകൃതിയായി പൊടിക്കുന്നുണ്ട്. കല്യാണത്തിന്‍റെ രണ്ടുദിവസം മുമ്പാണ് ആലീസിന്‍റെ ചില കൂട്ടുകാരികൾ വീട്ടിൽ വന്നത്. വന്നവരവനെ നോക്കി തമാശയ്ക്ക് ചോദിച്ചു.

“കല്യാണപ്പയ്യൻ ആണോ?”

“ഏയ് അല്ല എന്തേ?”

“ഒന്നുമില്ല. നിങ്ങൾ നല്ല മാച്ചായിരുന്നു.”

“മ്മ്” അവൻ നാണത്തോടെ മൂളി. വൈകുന്നേരം വീട്ടിലെത്തിയ ജോമോന്‍റെ സുഹൃത്തുക്കളായ ബിനുവും വിനോദും വന്നു.

“എടാ, ജോമോനേ… നിനക്കവളെ കെട്ടിക്കൂടായിരുന്നോ? ഇത്രേം നല്ലൊരു പെണ്ണ് കുടുംബത്തിൽ ഉള്ളപ്പോ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം കാണിക്കുമോ?” ജോമോൻ അത്ഭുതത്തോടെ ബിനുവിനെ നോക്കി.

“എടാ, അതിന് അവളും ഞാനും അങ്ങനെയൊന്നുമല്ല. ഇനി, ഇങ്ങനെ വല്ലോം ഞാൻ പറഞ്ഞാൽ അയ്യോ…” അവൻ ആലോചിച്ചപോലെ പറഞ്ഞു.

“ഈ നഷ്ടം നിനക്ക് പിന്നെ മനസ്സിലാകും.” വിനോദ് ജോമോനോടു പറഞ്ഞു. ജോമോൻ വല്ലാതെയായിരുന്നു അപ്പോഴേക്കും.

ബിനു വിനോദുമായി പോയികഴിഞ്ഞപ്പോൾ ജോമോൻ കുറേനേരം മുകളിലെ ബാൽക്കണിയിൽ പുറത്തേക്കു നോക്കിയിരുന്നു. അപ്പോഴേക്കും ആകാശം കറുത്തിരുണ്ട് നിരാശയുടെ ഇരുളുകൾ മൊത്തം മൂടുന്നത് അവൻ തിരച്ചറിഞ്ഞു.

രാത്രിയിൽ ആലീസിന്‍റെ കൂട്ടുകാരികൾ തിരികെ പോയി. അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ പോയി, ടിവി കാണുകയായിരുന്ന ജോമോന്‍റെ മുഖഭാവം കണ്ട് അടുത്തു വന്നിരുന്ന് ആലീസവനോട് ചോദിച്ചു.

“എന്താടാ? എന്തുട്ട? കല്യാണത്തിന്‍റെ ഓട്ടത്തിൽ മുഖം വല്ലാതെ ആയതാണോ?”

“അല്ല, ആലീസേ”

“പിന്നെ”

“മറ്റൊരുകാര്യമാണ്. പറഞ്ഞാൽ നീ എന്നെ വഴക്കു പറയരുത്…!”

“മ്മ്… പറ, എന്തേ, എന്തേലും മറന്നോ കല്യാണത്തിന്‍റെ ആയിട്ട്?”

“അങ്ങനെയല്ല. നീ വഴക്ക് പറയരുത്. ഓക്കേ ആണെങ്കിൽ പറയാം.”

“മ്മ്, നീ പറഞ്ഞോടാ.” അവളവനെ നോക്കി.

“നിനക്കീ കല്യാണം വേണോ ആലിസേ…?”

“അതെന്താ ജോമോനെ ഇപ്പോ ഇങ്ങനെ തോന്നാൻ. രമിത്തുമായി ഞാൻ ഇപ്പോൾ കൂടെ സംസാരിച്ചേയുള്ളൂ… നീ കാര്യം പറ.”

“ആലിസെ നമുക്ക് തമ്മിൽ കെട്ടിയാലോ?”

“എന്താടാ നീ ഇങ്ങനെ പറയുന്നത്.” അവളവനെ ദേഷ്യത്തോടെ നോക്കി ചോദിച്ചു.

“നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്കിവിടെ പറ്റില്ല. ഓർമ്മവച്ച നാളുമുതൽ നമ്മൾ കൂട്ടല്ലേ… ഇനി നീ പോയാൽ ഞാനെന്തുചെയ്യും? നീ കെട്ടി പോകുന്നത് ഓർത്തപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. നീയില്ലാതെ എനിക്ക് പറ്റില്ലെന്ന്. നമുക്ക് ഇപ്പോൾ എങ്ങോട്ടേലും ഓടിപ്പോയാലോ ആലിസെ?”

“ജോമോനെ നീ നിർത്ത് ഇനിയൊന്നും പറയണ്ട. ഇതിപ്പോൾ പറയുന്നതിന്‍റെ ആവശ്യം പോലുമില്ല. ഇനിയെന്നെ നീ അങ്ങനെ കാണരുത്, നിന്നോടിനി ഒരിക്കലും ഞാൻ മിണ്ടാനും വരുന്നില്ല. എനിക്ക് നിന്നെ വേണ്ട. നിന്‍റെ അടുത്ത് ഞാനിത്രേം നേരം എങ്ങനെയാണ് ഇരുന്നതെന്നുപോലും നീയോർത്തില്ലല്ലോ ജോമോനെ വിട്ടു… പൂർണ്ണമായും വിട്ടു. നീയുമായുള്ള എല്ലാം ദാ ഇവിടം കൊണ്ട് ക്ലോസ് ചെയ്യുന്നു. നമ്മൾ തമ്മിലിനിയൊരു ബന്ധവുമില്ല കേട്ടല്ലോ.”

ഇത്രേം പറഞ്ഞവൾ അവിടെ നിന്നും എണീറ്റപ്പോൾ അവന്‍റെ മുഖം ഇപ്പോൾ കരഞ്ഞുപോകുമെന്നായി…

“എടീ ആലീസേ… ഞാനൊന്നു പറയട്ടെ?” എന്നുപറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു.

“ജോമോനെ കയ്യിൽ കയറി പിടിക്കുന്നോ, നീ മര്യാദയ്ക്ക് കയ്യെടുക്ക്. ഇല്ലെങ്കിൽ ഞാനിപ്പോൾ ചാച്ചനേം പപ്പയേം വിളിക്കും.”

അവൾ ദേഷ്യത്തോടെ തീർത്തു പറഞ്ഞു. അവളുടെ മുഖം വല്ലാതെ ആയതുകണ്ടപ്പോൾ അവനവളുടെ കൈവിട്ടു. അവൾ തിരികെ റൂമിലേക്ക് പോയി. പതിവില്ലാതെ ഡോർ അടയ്ക്കാൻ തിരിഞ്ഞപ്പോൾ ജോമോൻ ഒരു കൈകൊണ്ട് അവന്‍റെ കണ്ണീർ തുടയ്ക്കുകയായിരുന്നു. കല്യാണത്തിന്‍റെ തലേദിവസം രാവിലെ വൈകിയാണ് ജോമോൻ ഉണർന്നത്. ഹാളിലെത്തുമ്പോൾ രാവിലെ എട്ടുമണി.

“നിന്‍റെ കണ്ണിന് എന്തുപറ്റി ജോമോനേ, വല്ലാതെ ചുവന്നിരിക്കുന്നു”. ആനി ചോദിച്ചു.

“ഒന്നൂല്ല.” അവൻ മറുപടി പറഞ്ഞു.

“ഓഹ്, എന്തോ എന്‍റെ കൊച്ച് കുറച്ചുനാളായി ഓട്ടമല്ലിയോ കല്യാണത്തിന്‍റെ കാര്യങ്ങൾക്കായിട്ട് അതാകും.” ആനി പറഞ്ഞു.

“ആലീസ് എവിടെ മമ്മീ?” അവൻ ആനിയോട് ചോദിച്ചു.

“അവൾ രാവിലെ കഴിച്ചിട്ട് ബ്യൂട്ടി പാർലറിൽ പോയല്ലോ.”

“ആലീസിന്നൊറ്റയ്ക്ക് കഴിച്ചോ?”

“മ്മ് എന്നോടു നിന്നെ വിളിക്കണ്ടാന്ന് പറഞ്ഞു. നിന്‍റെ ഉറക്കം കളയണ്ട എന്നുകരുതിക്കാണും അവൾ.” അവന്‍റെ മുഖം സങ്കടത്തിൽ കറുത്തു.

ജിജിയും ആന്‍റോയും സോണിച്ചനൊപ്പം കാര്യങ്ങളെല്ലാത്തിനുമായി കൂടെ നിന്ന് സഹായിക്കാൻ പറഞ്ഞുവിട്ട ജോമോനെ തന്നെയായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഒരുക്കങ്ങളും പൂർത്തിയാക്കി സോണിച്ചനും ജോമോനും കൂടി തിരിച്ചു വീട്ടിൽ വരുമ്പോൾ ആലീസ് ജോമോന്‍റെ മുഖത്തേക്ക് നോക്കിയില്ല.

“എന്നതായി ചാച്ചാ?” അവൾ സോണിച്ചനോട് ചോദിച്ചു.

“ഓ എന്‍റെ കൊച്ചേ എല്ലാം ഒരുവിധം ഒപ്പിച്ചു. ജോമോൻ ഊപ്പാടു വന്നുകാണും എല്ലാത്തിനും ഓടിയോടി.”

“ചാച്ചൻ വല്ലോം കഴിച്ചായിരുന്നോ?”

“ഓ ഞാൻ കഴിച്ചു ജോമോൻ കഴിച്ചില്ല. ചോദിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു.”

ആലീസിനെ തന്നെ നോക്കിയിരുന്ന ജോമോനെ ശ്രദ്ധിക്കാതെ അമർത്തിയൊന്നു മൂളിയിട്ട് അവൾ റൂമിലേക്ക് പോയി. തലേദിവസത്തെ കല്യാണ പാർട്ടി ആഘോഷമാകുമ്പോൾ എല്ലാവരേയും നോക്കി പുഞ്ചിരിക്കുന്ന ആലീസിന്‍റെ മുഖത്തേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു ജോമോൻ.

ആലീസ് പിന്നെ അവനെ നോക്കിയില്ല. നിരാശയും ദേഷ്യവും സങ്കടമായി അവന്‍റെ കണ്ണിലേക്കു ഇരച്ചുകയറി. ഇനി ബന്ധുക്കളെല്ലാവരും വാ… ഫോട്ടോയെടുക്കാം എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞത് കേട്ട ജോമോനും അവൾക്ക് മുന്നിലെത്തി. അവളുടെ ഇടംവശം തൊട്ടടുത്തു പതിവില്ലാതെ ജിജിയും ആന്‍റോയും നിർത്തി അതിന്‍റെ ഏറ്റവും അങ്ങേയറ്റത്തായി ജോമോനെ നിർത്തി ഫോട്ടോഗ്രാഫർ. നിർത്തിയതെല്ലാം ഓക്കേ അല്ലേ ആലീസുകൊച്ചെ? ഫോട്ടോഗ്രാഫർ അവളോടു ചോദിച്ചു. അതേ അങ്കിളെ… അവൾ അവനെയൊന്നുകൂടി നോക്കി മറുപടി പറഞ്ഞു. അതുകേട്ടപ്പോൾ ജോമോൻ കരഞ്ഞത് പോലെയായി… ജോമോൻ പെട്ടെന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്തു ചെവിയിൽ വച്ചു സംസാരിച്ചു എന്തോ അത്യാവശ്യം പോലെ നടന്നുനീങ്ങി.

“ഹാ ഇവൻ എങ്ങോട്ടാ ഇപ്പോ പോണത്. ഫോട്ടോ എടുക്കണ്ടേ?” വലതുവശം നിന്ന സോണിച്ചൻ അവനോട് ചോദിച്ചു.

“പള്ളിയിൽ നിന്നാ പപ്പാ… അവിടെ ഡെക്കറേഷനുള്ള പണിക്കാർ വന്നിട്ടുണ്ട്. ഞാനിപ്പോ വരാം..”

“ഫോട്ടോയെടുത്തിട്ട് പോയാൽ പോരേ ജോമോനേ?”

“അതിന് നിന്നാൽ വൈകും. ശരി പപ്പാ, ഞാൻ പോയിട്ടുവരാം.” ജോമോൻ കാറിൽ കയറിപോയി.

പിറ്റേന്നു രാവിലെ മിന്നുകെട്ടിനായി ഒരുങ്ങിവന്ന ആലീസിനെ കണ്ടപ്പോൾ ശരിക്കും അവളൊരു മാലാഖതന്നെയെന്ന് ജോമോനു തോന്നി. അവനവളെ നോക്കി വെറുതെയൊന്നു ചിരിക്കാൻ ശ്രമിച്ചു. ഇല്ല, ചിരി വരുന്നില്ല. ഉള്ളിലൊരു സങ്കടത്തിന്‍റെ തിരമാല ഇരമ്പി വരുന്നതവൻ തിരിച്ചറിഞ്ഞു. ആലീസ് പള്ളിയിലേക്കുള്ള കാറിൽ കയറും മുമ്പ് അവനെ വെറുതെ നോക്കി. സങ്കടത്തോടെയുള്ള ഒരു ചിരിയിൽ അവനും.

പള്ളിയിലെത്തുമ്പോൾ രാവിലെ കൃത്യം പത്തുമണി. അപ്പോഴേക്കും തന്നെ രമിത്തിന്‍റെ കാർ അവിടെയുണ്ടായിരുന്നു. പള്ളിയിൽ വന്ന എല്ലാവരേയും നോക്കിചിരിച്ച ആലീസ് പള്ളിയിലേക്ക് കയറി. പ്രാർത്ഥനയോടെ പെട്ടെന്നുതന്നെ മിന്നുകെട്ടും കഴിഞ്ഞു. രമിത്ത് അപ്പോഴും ചോദിക്കുന്നതിനൊക്കെ പുഞ്ചിരിയോടെ മറുപടി കൊടുത്തതിരുന്നു ആലീസ്. പള്ളിയിൽ ഇരിക്കുന്ന മുൻവരിയിലുള്ള ആൾക്കാർ ഭക്ഷണത്തിനായി ഇറങ്ങുമ്പോൾ അവൾ ജോമോനെ കണ്ടു. അപ്പോഴേക്കും ജോമോൻ ഒരു ഭാവവുമില്ലാതെ എന്തോ ആലോചനകളിൽ നിസ്സംഗതയോടെ ആലീസിനെ ഏറെനേരം നോക്കിയിരുന്നു. ഭക്ഷണത്തിനായി ബന്ധുക്കളെല്ലാവരും ഒരു വരിയായി രമിത്തിനും ആലീസിനൊപ്പം സീറ്റിലിരുന്നപ്പോൾ ജോമോനെയും സോണിച്ചൻ വിളിച്ചു.

“ഞാൻ കഴിച്ചു പപ്പാ.” അവൻ പറഞ്ഞു.

അതുകേട്ടതും “ആഹാ, നേരത്തെ കഴിച്ചോ ഇയാൾ” രമിത്ത് കളിയാക്കി പറഞ്ഞു. അതുകേട്ടപ്പോൾ വല്ലാതായിപോയി ആലീസ്. അവൾക്കുറപ്പായിരുന്നു ഇന്നലെ രാവിലെ മുതൽ ഈ നിമിഷംവരെ അവനൊന്നും കഴിച്ചിട്ടില്ലെന്ന്. അവളുടെ കണ്ണുകൾ നിറഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോൾ ആൾക്കാർ പിരിയാൻ തുടങ്ങുമ്പോൾ തിരിച്ചു പള്ളിയിലെത്തി യാത്ര ചോദിക്കുമ്പോൾ ഒന്നും ഒരിടത്തും ജോമോനെ ആലീസ് കണ്ടില്ല. അന്നുവരെ ചിലവഴിച്ച ഓരോ നിമിഷവും ജോമോന്‍റെ ഓർമ്മകളും ആലീസിന്‍റെ മനസ്സിൽ തെളിഞ്ഞു വന്നു. എല്ലാവരോടും യാത്ര ചോദിക്കാനുള്ള സമയമാണ്. പള്ളിവികാരി പറഞ്ഞപ്പോൾ ആലീസ് ചുറ്റും നിന്ന എല്ലാവരേയും നോക്കി. പള്ളിയ്ക്കുള്ളിൽ അകലെയായി ഏറ്റവും പിൻ സീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ജോമോനെ അവൾ കണ്ടു. അവനവളെ നോക്കി പുഞ്ചിരിക്കുന്നു… ആ ചിരിയിൽ തന്നെ കണ്ണീർ കവിളിലേക്കൊഴുകുന്നു. അവനൊന്നുകൂടി ആലീസിനെ നോക്കി പുഞ്ചിരിച്ചിട്ട് പള്ളിക്ക് പുറത്തേക്കുനടന്നു. ഇതുകൂടി കണ്ടതും ആലീസ് കരഞ്ഞു പോയി. ബന്ധുക്കളിൽ നിന്നും യാത്രയാകുന്ന വിഷമം കൊണ്ടാണെന്ന് വിചാരിച്ച രമിത്തപ്പോഴേക്കും അൽപം മാറി നിന്നു.

“എന്താ കൊച്ചേ… ഒരു വഴിക്കിറങ്ങുമ്പോൾ കരയരുത് എന്നറിഞ്ഞു ടെ?” ആലീസിനെ ആശ്വസിപ്പിക്കാൻ എത്തിയ ആന്‍റോ ചോദിച്ചു.

“എനിക്കെന്‍റെ ജോമോനെ കാണണം പപ്പാ” അവൾ അപേക്ഷാപൂർവ്വം കണ്ണീരോടെ ആന്‍റോയോട് പറഞ്ഞു.

“അവൻ ഇവിടെയെങ്ങാനും കാണും. ഞാനൊന്ന് വിളിച്ച് നോക്കട്ടെ. സ്വിച്ചോഫ് എന്ന മറുപടി. ഇതുംകൂടി കേട്ടപ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.

“ജോമോൻ, കാറെടുത്തു പുറത്തേക്കു പോയി.” അടുത്തുനിന്ന ജോമോൻ സുഹൃത്തായ വിനോദ് പറഞ്ഞു.

“എങ്ങോട്ടാ മോനേ പോയത്?”

“കാറ്ററിങ്ങുകാർക്കുള്ള പൈസാ കൊടുക്കാൻ”

“ഓ… ഇതിപ്പോ ഇനിയിപ്പോ അവനെ വൈകുന്നേരം നോക്കിയാൽ മതി…”

പക്ഷേ അവൾക്കുറപ്പായിരുന്നു അവൻ മനപ്പൂർവ്വം അടുത്തുവരാതെയും ഒരു ഫോട്ടോയ്ക്ക് പോലും അടുത്ത് നിൽക്കാതെയും അകന്നും പോയതാണെന്ന്. അന്ന് വൈകി രാത്രിയോടെയാണ് ജോമോൻ വീട്ടിലെത്തിയത്.

“ജോമോനെ… നിന്നെ ആലീസ് ഒരു പാടു തിരക്കി. നീ എവിടെയായിരുന്നു?” ആനിയാണ് അതുചോദിച്ചത്.

“ഞാൻ എല്ലാവരേയും കണക്കു നോക്കി പൈസ കൊടുക്കാൻ പോയതാ…”

“മ്മ് അവൾ നിന്നെ കുറേ വിളിച്ചു ഫോണിൽ ഫോൺ ഓഫായിരുന്നു.”

“ചാച്ചാ പൈസയുടെ കണക്കുകൾ പറയട്ടെ?” ജോമോൻ ചോദിച്ചു

“കണക്കൊക്കെ നാളെ കേൾക്കാം. മോൻ പോയി ഉറങ്ങൂ… ഒരുപാടു ക്ഷീണമുണ്ട് നിന്‍റെ മുഖത്ത്.” സോണിച്ചനാണ് അതുപറഞ്ഞത്.

അവനൊന്നമർത്തി മുളിയിട്ട് നേരെ റൂമിലേക്കുപോയി. വസ്ത്രം മാറി ഷവറിന്‍റെ താഴെ കുളിക്കാനായി നിന്നു. അപ്പോഴേക്കും അവൻ നിയന്ത്രണം വിട്ടിരുന്നു. അവൻ ജീവൻ നഷ്ട്‌ടപ്പെടും പോലെ അലറി കരയാൻ തുടങ്ങി. അവന്‍റെ കരച്ചിൽ ആരും കേൾക്കാതെ ജലമവന്‍റെ കണ്ണീരിനെ മായ്ച്ചു.

പിറ്റേന്നു രാവിലെ ആന്‍റോയുടെ മുമ്പിൽ കണക്കുകൾ പറഞ്ഞശേഷം ജോമോൻ തിരിച്ചു നടക്കുമ്പോൾ ആന്‍റോ പറഞ്ഞു.

“ആ പിന്നെ ജോമോനെ നിന്‍റെ അപ്പാപ്പൻ വർഗ്ഗീസ് മാപ്പിളയുടെ ഓർമ്മ പ്രാർത്ഥനയാണ് അടുത്ത ബുധനാഴ്ച്ച പിന്നേ ഒന്നൂടെയുണ്ട്.”

“എന്തുവാ ചാച്ചാ? അവൻ ചോദിച്ചു.”

“മറ്റന്നാൾ രാവിലെ ആലീസും രമിത്തും ഇങ്ങുവരും. അവർക്കൊരു വിരുന്ന് ഒരുക്കണം. രണ്ടുദിവസം കഴിഞ്ഞ് രമിത്ത് തിരുവനന്തപുരത്തിനു പോകും. അവൻ ജോലിക്കുള്ള എന്തോ സർട്ടിഫിക്കറ്റ് പരിശോധിപ്പിക്കാൻ… വിരുന്നിന് വേണ്ടതുകൂടി നീ ചെയ്യണം.”

അപ്പോഴേക്കും അവന്‍റെ മുഖത്ത് പിന്നെയും സങ്കടത്തിന്‍റെ മേഘങ്ങൾ ഇരച്ചുകയറി. ഏൽപ്പിക്കുന്ന ജോലികൾ കഴിഞ്ഞു. പിന്നെയുള്ള രണ്ടുദിവസവും റൂ മിൽ വെറുതെയിരിക്കുമ്പോൾ അവന്‍റെ നോട്ടം ആലീസിനൊപ്പം അവൻ നിൽക്കുന്ന ഫ്രയിം ചെയ്തു തൂക്കിയ ഫോട്ടോയിലായിരുന്നു. ഞായറാഴ്ച പള്ളികഴിഞ്ഞു രമിത്തും ആലീസുമായി വീട്ടിലെത്തുമ്പോൾ ജോമോൻ റൂമിൽ നിന്നും പുറത്തേക്കുവന്നു. വീട്ടിൽ വന്നതും ആലീസാദ്യം നോക്കിയതും ജോമോനെ ആയിരുന്നു. ജോമോൻ ആലീസിനെ നോക്കാതെ രമിത്തിനെ നോക്കി ചിരിച്ചുനിന്നു. അപ്പോഴേക്കും ജോമോൻ ഒന്നവളെ നോക്കാനുള്ള ആർത്തിയോടെ ആലീസിന്‍റെ കണ്ണുകൾ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അൽപം കഴിഞ്ഞപ്പോൾ എല്ലാവരും കേൾക്കെ ആലീസ് ഇടറിയ ശബ്ദത്തോടെ ജോമോനെ നോക്കി പറഞ്ഞു.

“എടാ ജോമോനെ നിനക്കൊരു ഡയറിമിൽക്ക് കൊണ്ടുവന്നിട്ടുണ്ട്…”

അവനത് കേട്ടതായി പോലും ഭാവിക്കാതെ വെറുതെ രമിത്തിനെ മാത്രം നോക്കി ചിരിച്ചുകൊണ്ട് നിന്നു.

“രണ്ടും തമ്മിൽ വല്യകൂട്ടായിരുന്നു ഇപ്പോ ഇവൻ ഒറ്റയ്ക്കായി രമിത്തിനോടായി ജിജിയും ആന്‍റോയും പറഞ്ഞു. രമിത്തപ്പോൾ ആലീസിനെ നോക്കി പുഞ്ചിരിച്ചു. ജോമോൻ അതുവരെയും ആലീസിനെയൊന്നു നോക്കാതെ തിരിച്ചു റൂമിലേക്ക് പോയി.

ഉച്ചയായപ്പോൾ ജിജി വിളിച്ചു

“കഴിക്കാൻ നേരമായി. രമിത്ത് മുകളിലെ നിലയിലെ ബാൽക്കണിയിൽ നിൽപ്പുണ്ട്. നീ പോയി അവനെ ഭക്ഷണം കഴിക്കാൻ വിളിക്കാമോ? എനിക്ക് കാൽമുട്ട് വയ്യ എപ്പോഴും പടി കേറാൻ…”

ശരിയെന്ന് ജോമോൻ തലയാട്ടി. മുകളിലേക്ക് പടി കയറി നടന്നു. ചെന്നുകയറിയപ്പോൾ കസേരയിൽ രമിത്തിന്‍റെ മടിയിലിരിക്കുന്ന ആലിസിനെയാണ് അവൻ കണ്ടത്. ദൂരെ നിന്ന് അവനെ കണ്ട ആലീസ് പെട്ടെന്നെണീറ്റു മാറി. അവൻ അവിടെ പുറം തിരിഞ്ഞുനിന്നു കൊണ്ടു പറഞ്ഞു.

” ഭക്ഷണം വിളമ്പി. കഴിക്കാൻ വരൂ.”

“മ്മ് ദാ വരുന്നു”. രമിത്ത് മറുപടി പറഞ്ഞു. അതുകേട്ടപ്പോൾ ജോമോൻ ആലീസിനെ തിരിഞ്ഞു നോക്കി. അവന്‍റെ മുഖത്ത് ദേഷ്യവും സങ്കടവും ഇരച്ചുകയറുന്നത് അവൾ തിരിച്ചറിഞ്ഞു. പിന്നെയവൻ അവളെ നോക്കാതെ പടികളിറങ്ങി താഴേക്ക് നടന്നു.

“നീ കഴിക്കുന്നില്ലേ ജോമോനെ?” റൂമിലേക്ക് തിരിച്ചുപോകുമ്പോൾ ജിജിയാണ് അതുചോദിച്ചത്.

“ഇല്ല അവർ കഴിക്കട്ടെ”

“ഈയിടയായി വിശപ്പില്ല എന്‍റെ കുട്ടിക്ക്.” എന്ന് പറഞ്ഞു കൊണ്ട് ജിജി അടുക്കളയിലേക്ക് നടന്നു.

ഭക്ഷണം കഴിക്കുമ്പോൾ രമിത്തു പറഞ്ഞു. എനിക്ക് ഇന്നുവൈകുന്നേരം ഒരു കല്യാണത്തിനു പോകാനുണ്ട്. രാത്രിയേ പോയിട്ടു തിരിച്ചുവരൂ. കൂടെ പഠിച്ച പയ്യന്‍റെയാണ്. പിറവം പോണം തിരിച്ചുവരാൻ വൈകും.”

“അതിനെന്താ മോനേ മോൻ പോയിട്ടുവാ. ഇവളിവിടെ നിൽക്കട്ടെ.” ആനിയാണ് മറുപടിയായി അതുപറഞ്ഞത്. വൈകുന്നേരം ജോമോൻ പുറത്തേക്കു വരുമ്പോൾ രമിത്ത് കല്യാണത്തിനു പോകൻ കാറിൽ കയറുന്നതാണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ തിരിച്ചുവന്നു ടിവി ഓണാക്കി സെറ്റിയിൽ ഇരുന്നു. ചാനൽ വെറുതെ മാറ്റിനോക്കി. രമിത്ത് പോയെന്നുറപ്പായപ്പോൾ ടിവി പ്രേഗ്രാം കാണുന്ന ജോമോനെ ആലീസ് കണ്ടു. പഴയപോലെ ആലീസ് സെറ്റിയിൽ അവന്‍റെ അടുത്തുവന്നിരുന്നു.

(തുടരും)

പുനർജന്മം

രാമനാഥൻ സെക്രട്ടേറിയറ്റിലെ ഗസറ്റഡ് ഉദ്യോഗസ്ഥനാണ് എന്നത് കൂടാതെ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്‌മയായ “സ്വര് എന്ന സംഘടനയുടെ ജോയിന്‍റ് സെക്രട്ടറി കൂടിയാണ്. ഇനി ഒരു വർഷം കൂടിയേ സർവ്വീസ് ബാക്കിയുള്ളു. ഭാര്യ കാൻസർ ബാധിതയായി മരണപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ആകെയുള്ള രണ്ട് പെൺകുട്ടികളുടേയും വിവാഹം ഭാര്യയുടെ രോഗാവസ്‌ഥയുടെ തീവ്രത കണ്ടപ്പോൾ ഒന്നര വർഷം മുന്നേതന്നെ നടത്തിയിരുന്നു.

ഭാര്യ മരണപ്പെട്ട ശേഷമുള്ള അച്‌ഛൻ അനാരോഗ്യവും കൂടെ നിന്നുകൊണ്ടുള്ള ഒരാളുടെ പരിചരണത്തിന്‍റെ ആവശ്യകതയും കണ്ട് മനസ്സിലാക്കിയ മക്കളുടേയും മരുമക്കളുടേയും ഒരുമിച്ചുള്ള നിർബ്ബന്ധത്തിന് അവസാനം രാമനാഥൻ വഴങ്ങിയിട്ടാണ് വിവാഹമോചനം നേടിയ സൂര്യയെ പുനർവിവാഹം കഴിച്ചു കൊണ്ടുവന്നത്. പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് വന്നിട്ട് ഒരാഴ്ചയേ കഴിഞ്ഞുള്ളു എങ്കിലും രാമനാഥന്‍റെ ആരോഗ്യം, ആഹാരം, വിശ്രമം തുടങ്ങി എല്ലാ കാര്യങ്ങളും സൂര്യ ഏറ്റെടുത്തത് മക്കൾക്കും മരുമക്കൾക്കും ഏറെ സന്തോഷവും ആശ്വാസവുമേകി.

ആദ്യ ഭാര്യയുണ്ടായിരുന്നപ്പോൾ തന്നെ ആദ്യത്തെ വീടിന്‍റെ തെക്കുഭാഗത്തായി പണിത പുതിയ വീട്ടിൽ മൂത്ത മകളും കുടുംബവും ഈ വീടിന്‍റെ മുകളിലത്തെ നിലയിൽ ഇളയമകളും കുടുംബവും ഉള്ളത് രാമനാഥന് നൽകുന്ന ആശ്വാസവും സമാധാനവും ചെറുതൊന്നുമല്ലെന്ന് സൂര്യ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. രാവിലെ രാമനാഥൻ ഓഫീസിലേക്ക് പുറപ്പെട്ടതിനു ശേഷം സ്വീകരണമുറിയിൽ ഒറ്റയ്ക്കിരുന്നപ്പോൾ സൂര്യയുടെ മനസ്സ് നിയന്ത്രണം വിട്ട് പുറകോട്ട് ഒഴുകിപ്പോയി.

ഇലക്ട്രിക്കൽ കോൺട്രാക്‌ട് ജോലികൾ എടുത്തിരുന്ന അച്ഛന്‍റെയും സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയുടെയും കൂടെ താനും അനിയത്തിയും കഴിഞ്ഞിരുന്ന ആ നല്ല നാളുകൾ സൂര്യയുടെ സ്‌മൃതിയിലേക്ക് മെല്ലെ ഒഴുകിയിറങ്ങുവാൻ തുങ്ങി. പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് മഹേഷുമായുള്ള തന്‍റെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം മാത്രമേ തനിക്ക് ഭർത്താവിന്‍റെ വീട്ടിൽ സന്തോഷത്തോടെ കഴിയാനുള്ള യോഗമുണ്ടായിരുന്നുള്ളു എന്നതും മൂത്ത മകനെ വിശേഷമായിട്ട് തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നതിനുശേഷം ഒരു ദിവസം പോലും ഭർത്താവോ വീട്ടുകാരോ തന്നെ തിരിഞ്ഞു നോക്കാതെ അവഗണിച്ചതും പ്രസവത്തിന്‍റെയും തുടർന്നുള്ള എല്ലാ ചെലവുകളും അച്‌ഛന്‍റെ തലയിൽ ഇട്ടതും എല്ലാം സൂര്യയുടെ മനസ്സിൽ അലയടിച്ചുയർന്നു.

മോന്‍റെ പേരിടൽ കഴിഞ്ഞ് അവനേയും കൊണ്ട് മഹേഷിന്‍റെ വീട്ടിൽ എത്തിയ തനിക്ക് അവിടത്തെ എല്ലാവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടായി. ആദ്യ പ്രസവശേഷം ഉടനെ രണ്ടാമത് വിശേഷം ആയതിനെ നശിപ്പിയ്ക്കുവാൻ മഹേഷ് നിർബന്ധിച്ചതും അത് സഹിക്കാതെ താൻ സ്വന്തം വീട്ടിലേയ്ക്ക് മോനെയും കൊണ്ട് നിറവയറോടെ എത്തി അമ്മയോട് കാര്യങ്ങൾ പറഞ്ഞതും രണ്ടാമത്തെ മകനെ പ്രസവിച്ച ശേഷം അച്‌ഛന്‍റെയും അമ്മയുടെയും ഉപദേശ പ്രകാരം മഹേഷിന്‍റെയടുത്തേക്ക് തിരിച്ച് പോകുന്നില്ല എന്ന് തീരുമാനിച്ച് ഡിവോർസ് നോട്ടീസ് നൽകിയതും ആറ് മാസം കൊണ്ട് കുടുംബ കോടതിയിൽ നിന്ന് വേർപിരിയുന്ന ഉത്തരവ് കിട്ടിയതും എല്ലാം ഓർമ്മയുടെ ചെപ്പ് തുറന്നപ്പോൾ അടുക്കും ചിട്ടയുമില്ലാതെ ചിതറി വീണു.

തുടർന്നുണ്ടായ അമ്മയുടെ വേർപാടും ഒരു വർഷത്തിനുള്ളിൽ തന്നെയുണ്ടായ അച്‌ഛന്‍റെ മരണവുമായിരുന്നു തന്‍റെ പ്രതീക്ഷകളെ ചവിട്ടുമെതിച്ചു പോയത്. അനിയത്തിയുടെ വിവാഹം അവളുടെ ആഗ്രഹപ്രകാരമുള്ള ആർഭാടത്തോടെ തന്നെ അമ്മയുടെയും അച്ഛന്‍റെയും സ്ഥാനത്തു നിന്ന് താൻ നടത്തിക്കൊടുത്തെങ്കിലും മാസങ്ങൾ കഴിഞ്ഞപ്പോഴെ അവൾ ഭാഗം വാങ്ങി മാറി താമസമായി. അതോടെയാണ് താൻ ഒറ്റപ്പെടലിന്‍റെ നടുക്കടലിലായത്.

മക്കൾ പത്തിലും ഒമ്പതിലും എത്തിയത് അറിഞ്ഞ് മഹേഷ് രഹസ്യമായി സ്‌കൂളിൽ എത്തി ബന്ധം പുതുക്കി തുടങ്ങിയെന്ന് വൈകിയാണ് താൻ അറിഞ്ഞത്. പത്ത് കഴിഞ്ഞ് തുടർ പഠനത്തിന് അഡ്മിഷന് ശ്രമിക്കുമ്പോഴായിരുന്നു തന്‍റെ പകുതി ധൈര്യവും കളയും വിധം മൂത്ത മകൻ അവന്‍റെ സാമഗ്രികളെല്ലാമെടുത്ത് മഹേഷിന്‍റെ വീട്ടിലേയ്ക്ക് കൂടിയത്. എങ്ങനേയും തന്നെ ഒറ്റപ്പെടുത്തുവാനും തോൽപ്പിയ്ക്കുവാനും മഹേഷ് ഒരുക്കുന്ന സമർത്ഥമായ കെണികളിൽ ഒരു പക്ഷേ അവൻ വീണുപോയതാകാം.

ഒരുവർഷം കൂടി കഴിഞ്ഞതും ഇളയവനും ചേട്ടന്‍റെ വഴിയെ മഹേഷിന്‍റെ കയ്യിലേയ്ക്ക് എത്തിയതോടെ തന്‍റെ ധൈര്യമെല്ലാം ചോർന്ന് ജീവിതം തന്നെ വേണ്ടതില്ല എന്ന് ചിന്തിച്ച സമയത്തായിരുന്നു ബിരുദത്തിന് ഒപ്പം പഠിച്ചിരുന്ന സൗമ്യയും കൂട്ടരുമെത്തി തന്നെ തോൽവിയ്ക്ക് വിട്ടുകൊടുക്കാതെ പൊരുതി ജീവിയ്ക്കാൻ പാകമാക്കി എടുത്തത്. അവരുടെ ഒറ്റ ശ്രമത്തിലാണ് ഈ പുനർവിവാഹം സാദ്ധ്യമായതും എന്ന് സൂര്യ കണ്ണുകളടച്ച് ഓർത്തു കൊണ്ട് കസേരയിൽ ചാരിയിരുന്നു.

കോളിംഗ് ബെൽ കേട്ടപ്പോഴാണ് സൂര്യ ഓർമ്മകളുടെ ലോകത്ത് നിന്ന് തിരികെ വന്നത്. മുകളിൽ താമസിക്കുന്ന ഇളയ മകൾക്ക് ടെക്നോപാർക്കിലാണ് ഇപ്പോൾ ജോലിയെങ്കിലും വർക്ക് ഫ്രം ഹോം എന്ന ഇളവിൽ മിക്കവാറും അവൾ വീട്ടിലുണ്ടാകും. അമ്മയ്ക്ക് ഒരു ചൂടുള്ള വാർത്തയുമായിട്ടാണ് ഞാൻ വന്നത് എന്ന് പറഞ്ഞു കൊണ്ട് അവൾ ടിവി ഓണാക്കി. സിന്തറ്റിക് ലഹരി വിൽപനയുമായി മഹേഷിനെ സ്‌കൂൾ പരിസരത്തു നിന്ന് അറസ്‌റ്റ് ചെയ്‌തതായും വീട് റെയ്‌ഡ് ചെയ്‌തപ്പോൾ വ്യാപകമായ സ്റ്റോക്ക് കണ്ടെടുത്തതായും അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ റിമാൻഡിലയക്കുവാനുള്ള നടപടികൾ പുരോഗമിയ്ക്കുന്നതായുമുള്ള വാർത്തകൾ ചാനലുകളെല്ലാം വിശദമായി കൊടുത്തു കൊണ്ടിയിരിക്കുകയായിരുന്നു അപ്പോൾ.

സ്വന്തം മകനെക്കൂടി ലഹരി കടത്തിന്‍റെ കരിയർ ആക്കുവാൻ അയാൾ ശ്രമം നടത്തിയെന്നും ചില ചാനലുകളിൽ കാണിയ്ക്കുന്നുണ്ടായിരുന്നു. അയാൾ പണ്ടുമുതലേ തന്നെ തന്‍റെ നേരെയും മനുഷ്യത്വ രഹിതമായി ഓരോന്ന് ചെയ്‌തിരുന്നതിന്‍റെ കാരണം ഇപ്പോഴാണ് സൂര്യയ്ക്ക് പൂർണ്ണമായും പിടികിട്ടിയത്.

അമ്മയ്ക്ക് ഇപ്പോൾ എന്തു തോന്നുന്നു എന്ന മോളുടെ ചിരിച്ചു കൊണ്ടുള്ള ചോദ്യത്തിന് സൂര്യ ഒരു ചെറു ചിരി തിരികെ നൽകിക്കൊണ്ട് പതിയെ മന്ത്രിച്ചു.

ഞാനിവിടെ നിങ്ങളുടെ കാരുണ്യം കൊണ്ട് എന്‍റെ മറ്റൊരു ജന്മം തുടങ്ങിയപ്പോൾ അയാൾ തോൽവിയുടെയും നാശത്തിന്‍റെയും ചതുപ്പിലേയ്ക്ക് വീണു തുടങ്ങിക്കഴിഞ്ഞു. കാലം ആർക്കും ഒരു കടവും ബാക്കി വെക്കില്ലല്ലോ.

സ്വപ്നവും യാഥാർത്ഥ്യവും

വിനീത അന്നും ക്ലബ്ബിലെത്താൻ വൈകിയിരുന്നു. വട്ടം കൂടി ചീട്ടുകളിക്കലും ഏഷണിയും പൊങ്ങച്ചം പറച്ചിലുമൊക്കെയായി പതിവുകാരായ സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. വിനീതയെ കണ്ട് മിസിസ്സ് ജോളിൻ ചിരിച്ചു.

“ഇന്നും വൈകിയല്ലേ…? ആഴ്ചയിൽ ഒരൊറ്റ ദിവസം ക്ലബ്ബിൽ വന്നാൽ മതിയല്ലോ, വിനീതാ പുതിയ എക്സ്ക്യൂസ് എന്താ?”

“കൃത്യ സമയത്തു തന്നെ വരണമെന്നുണ്ട്. പറ്റണ്ടേ? വീട്ടുജോലിയൊക്കെ ഒതുക്കുമ്പോഴേക്കും രണ്ട് മണിയാവും. റെഡിയാവാൻ 10 മിനിറ്റു സമയമെടുക്കും. പിന്നെ ഇവിടം വരെയെത്താൻ ഒരു ഇരുപതു മിനിറ്റും.” വിനീത തന്‍റെ ഭാഗം ന്യായീകരിച്ചു.

മിസ്സിസ്സ് ജോളിൻ ക്ലബ്ബിന്‍റെ അധ്യക്ഷയായതിനാൽ ഈയൊരു ന്യായീകരണം ആവശ്യമായിരുന്നു താനും. അധ്യക്ഷ മാത്രമല്ല കളക്ടറുടെ ഭാര്യ കൂടിയാണ് ജോളിൻ. വിനീതയും ഒരു സർക്കാർ ഉദ്യോഗസ്‌ഥന്‍റെ ഭാര്യയാണെന്നതിനാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ അതൃപ്തിയും അനിഷ്ടവുമൊക്കെ മാറ്റി വച്ച് വളരെ ഭവ്യതയോടെ പെരുമാറേണ്ടി വരാറുണ്ട്. അതാതു ജില്ലകളിലെ ഉദ്യോഗസ്‌ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കളക്ടറല്ലേ എഴുതുന്നത്.

വിനീത പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഭാര്യ മിസിസ്സ് നീലാംബരിയുടെ അടുത്തു ചെന്നിരുന്നു.

“വിനീതാ, നീയെന്തിനാണ് ഈ അനാവശ്യ ടെൻഷനൊക്കെ തലയിലേറ്റി നടക്കുന്നത്?” വിനീത ആശ്ചര്യഭാവത്തോടെ അവരെ നോക്കി.

“എന്താ, ഞാൻ പറഞ്ഞതു തെറ്റാണോ? നിങ്ങളുടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിൽ ജോലിക്കാർക്കാണോ പഞ്ഞം. മിസ്റ്റർ സൂരജിനോടു പറഞ്ഞ് വീട്ടിൽ ഒന്നുരണ്ട് ജോലിക്കാരെ വച്ചാൽ പോരെ. പിന്നെ വിഷമവും കഷ്ടപ്പാടുമൊന്നും വേണ്ടല്ലോ?”

“അതൊക്കെ എന്‍റെ പുള്ളിക്കാരനെ കണ്ടുപഠിക്കണം. ഒരുപറ്റം സെർവന്‍റ്സ് അല്ലേ വീട്ടിലുള്ളത്.” മിസിസ്സ് ചിത്രാംഗദ ഗമ ഒട്ടും കുറയ്ക്കാതെ പറഞ്ഞു.

ഒട്ടനവധി പെർഫ്യൂം ബോട്ടിലുകൾ നിലത്തു വീണെന്നു തോന്നിക്കും വിധം പെട്ടെന്ന് ആ അന്തരീക്ഷമാകെ സുഗന്ധഭരിതമായി ഇളം റോസ് നിറത്തിലുള്ള സാരി, മാച്ചിംഗ് സാന്‍റൽസ്, പേഴ്സ്, വജ്ര മൂക്കുത്തി, ബ്രോഡ് നെക്ക്ലെസ്സ്… മിസിസ്സ് കീർത്തന ഹാളിലേക്ക് പ്രവേശിച്ചു.

“കീർത്തന മാഡം ഇന്നെന്താ ലേറ്റായത്?സാധാരണ മാഡമാണല്ലോ ആദ്യമെത്താറുള്ളത്.” കീർത്തന മുഖത്ത് തെല്ലൊരു ക്ഷീണം വരുത്തി വിനീതയ്ക്ക് മുന്നിലുള്ള സോഫയിൽ അമർന്നിരുന്നു.

“ഞങ്ങൾ ഖജൂരാഹോ വരെ പോയിരുന്നു. ഇന്ന് 12 മണിക്കാ മടങ്ങി വന്നത്. കുളിച്ചു ഫ്രഷായി ഭക്ഷണമൊക്കെ കഴിഞ്ഞപ്പോൾ നേരം വൈകി.”

അതുവരെ മിണ്ടാതിരുന്ന മിസിസ്സ് സുനന്ദിനി പുച്ഛഭാവത്തോടെ വിനീതയെ നോക്കി.“ വിനീതാ, 10 മിനിറ്റിനുള്ളിൽ തയ്യാറാവുകയോ, അദ്ഭുതം തന്നെ…”

“എനിക്ക് ചെറുതായൊന്നു റെഡിയാവാൻ തന്നെ 2 മണിക്കൂർ വേണ്ടിവരും. പുറത്തിറങ്ങി നടക്കാനുള്ളതല്ലേ, അപ്പോ അല്പസ്വല്പം സ്റ്റൈൽ വേണ്ടേ. പിന്നെ സമയം വേണ്ടുവോളമുണ്ട്. അതുകൊണ്ട്…” ഒരു ക്ലോസപ്പ് പുഞ്ചിരിയോടെ സൂസനാണ് മറുപടി നൽകിയത്.

അതിനിടയിൽ അധ്യക്ഷ മിസിസ്സ് ജോളിൻ നിർണ്ണായകമായ ഡയലോഗിലൂടെ സംഭാഷണത്തിന് ഒരു വിരാമമിടുവിച്ചു.

“മിസ് സൂസൻ പറഞ്ഞതും ശരിയാ. രണ്ടു മണിക്കൂറിൽ കുറഞ്ഞ മേക്കപ്പോ…” തെല്ലൊരു പുച്ഛത്തോടെയാണ് അവർ വിനീതയെ നോക്കിയത്.

“ഏതാണ്ട് ഇത്രയൊക്കെ സമയം എനിക്കും വേണ്ടി വരാറുണ്ട്. അതൊക്കെയിരിക്കട്ടെ നമുക്ക് കാർഡ് കളിക്കാം.” മിസിസ്സ് ജോളിൻ ക്ലബ്ബ് ബോയിയോടു ചീട്ടു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അഭിപ്രായങ്ങൾ കേട്ടും കേൾക്കാതെയും വിനീത മൗനം പാലിച്ചു. കളിക്കിടയിൽ സാരികളെക്കുറിച്ചുള്ള ചർച്ചയും തകൃതിയായി നടന്നു. സാരികളുടെ ലേറ്റസ്റ്റ് ട്രെന്‍റ്സ്, ഡിസൈനുകൾ, ഇംപോർട്ടസ് സാരീസ്… കമന്‍റ്സിന് ഒട്ടും കുറവില്ലായിരുന്നു. എന്നിരുന്നാലും മിസിസ്സ് ജോളിന്‍റെ അഭിപ്രായം അന്തിമമായിരുന്നു.

രാത്രി ജോലിയൊക്കെ ഒതുക്കി കുട്ടികളെ ഹോംവർക്ക് ചെയ്യാൻ സഹായിച്ച് വിനീത മുറിയിലെത്തി. സൂരജ് ഒരു നോവൽ വായിക്കുകയായിരുന്നു. “ഞാൻ ക്ലബ്ബിലെ അംഗത്വം വേണ്ടെന്നു വയ്ക്കാൻ പോവുകയാ.”

“ഇതെന്താ പെട്ടെന്നിങ്ങനെയൊരു തീരുമാനം?” സൂരജ് മാസികയിൽ നിന്നും മുഖമുയർത്തി.

“എനിക്കവിടെ തീരെ പിടിക്കുന്നില്ല.”

“വിനീതേ… ഓന്തിന്‍റേതു പോലെയാണ് നിന്‍റെ സ്വഭാവം. എപ്പോ നിറം മാറുമെന്നു പറയാൻ പറ്റില്ല. പരിചയമില്ലാത്ത സ്‌ഥലമാണ്, നേരം പോകുന്നില്ല എന്നൊക്കെ പറഞ്ഞതു കൊണ്ടല്ലേ നിന്നെ ക്ലബ്ബിൽ ചേർത്തത്. ധാരാളം ആളുകളുമായി പരിചയപ്പെടാനും സാധിക്കും. ക്ലബ്ബ് അല്ലേ… അപ്പോ വലിയ വലിയ ഉദ്യോഗസ്‌ഥരുടെ ഭാര്യമാരൊക്കെ വരും.”

“അതുകൊണ്ടാ ഞാൻ പോകുന്നില്ലെന്നു പറഞ്ഞത്” വിനീത ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“വെറുതെ അതുമിതും പറഞ്ഞ് നേരം കളയണ്ട പറയാനുള്ളതെന്താണെന്ന് നേരാംവണ്ണം തുറന്നു പറയ്… നീ ഇത്രമാത്രം ടെൻഷനടിക്കാനെന്തിരിക്കുന്നു? നീയും ഒരു ഓഫീസറുടെ ഭാര്യയല്ലേ?”

“ആഹ്, സത്യസന്ധനായ ഒരു ഓഫീസറുടെ ഭാര്യയായതു കാരണം വില കൂടിയ സാരികളോ, നല്ല പെർഫ്യൂമോ ഒന്നും എന്‍റെ പക്കൽ ഇല്ലല്ലോ. ഒരു കൈ സഹായത്തിന് ജോലിക്കാരുമില്ല. പത്രാസ്സു കാണിക്കാനും പറയാനും മാത്രം എന്താണ് എനിക്കുള്ളത്?”

വിനീതയുടെ പരിഭവം കേട്ട് സൂരജ് പൊട്ടിച്ചിരിച്ചു. “അപ്പോ അതാണ് കാര്യം അല്ലേ? നിന്‍റെ എല്ലാ വിഷമവും ഞാനുടൻ തീർത്തു തരാം.”

എന്താവും സൂരജിന്‍റെ അടുത്ത നീക്കം. വിനീത ആശ്ചര്യഭാവേന സൂരജിനെ നോക്കി.

“വേണ്ടത്ര സൗന്ദര്യവർദ്ധക വസ്തുക്കളൊന്നുമില്ലെന്നതല്ലേ നിന്‍റെ വിഷമം. കുറെ ചായം പൂശിയെന്നു കരുതി സുന്ദരിയാവണമെന്നില്ല. നിന്‍റെ കാര്യം തന്നെ നോക്ക്… ആഭരണങ്ങൾ അധികമിട്ടിട്ടില്ല. വലിയ മേക്കപ്പൊന്നുമില്ല. എന്നിട്ടും നീ സുന്ദരിയല്ലേ…”

വിനീത മറുപടി പറയാനൊരുങ്ങുന്നതു കണ്ട് സൂരജ് അവളുടെ വാ പൊത്തിപ്പിടിച്ചു. “ഇനി അടുത്ത പ്രശ്നം… ജോലിക്ക് ആളില്ലെന്നല്ലേ പരാതി. നിന്നെപ്പോലെ നല്ല ചുറുചുറുക്കും മിടുക്കുമുള്ള ഭാര്യയുണ്ടെങ്കിൽ പ്രത്യേകിച്ച് ജോലിക്കാർ വേണോ? ഒരു പാവം ഭർത്താവും രണ്ട് പാവം കുട്ടികളുമല്ലേയുള്ളൂ. മൂന്നുപേരുടെ കാര്യം നോക്കിയാൽ പോരേ. അപ്പോ അതിന് നീ തന്നെ ധാരാളം.” സൂരജ് അവൾക്കരികിൽ വന്നിരുന്നു.

ഭർത്താവിന്‍റെ തമാശ വിനീതയ്ക്ക് ഒട്ടും ഇഷ്ടമായില്ല. “ഇനിയും വെറുതെ സോപ്പിട്ട് എന്നെ പറ്റിക്കാൻ നോക്കണ്ട. കുറച്ചു കൂടുന്നുണ്ട്. നിങ്ങളുടെ വാക്ക് വിശ്വസിക്കാൻ മാത്രം ഞാൻ മണ്ടിയല്ല.” അവൾ മുഖം കനപ്പിച്ചു പറഞ്ഞു.

വിനീതയുടെ മുഖത്ത് ദേഷ്യവും വിഷാദവും ഇരച്ചു കയറുന്നു. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ സൂരജ് അല്പസമയം മിണ്ടാതിരുന്നു.

വിനീതയുടെ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് സൂരജ് തുടർന്നു,“വർഷാ, ഇതുവരെ നിന്‍റെ ഒരാഗ്രഹവും സാധിച്ചു തരാൻ എനിക്ക് സാധിച്ചിട്ടില്ല. ആ ഒരു വിഷമം എന്നെ അലട്ടുന്നുണ്ട്, സോറി.” സൂരജിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“ഇനി മുതൽ ശമ്പളം നിന്നെ ഏല്പിക്കാം. നിനക്ക് ഇഷ്ടമുള്ളതു പോലെ ചെലവഴിക്കാം. വില കൂടിയ ഡ്രസ്സ് വാങ്ങുകയോ, സെർവന്‍റ്സിനെ വയ്ക്കുകയോ, ഭാവിയിലേക്ക് പണം കരുതി വയ്ക്കുകയോ എന്തുമാവാം. അരുതെന്നു പറഞ്ഞ് ഞാൻ ഇന്നേവരെ എന്തെങ്കിലുമൊരു കാര്യത്തിനു തടസ്സം നിന്നിട്ടുണ്ടോ? ഇനിയൊട്ടുണ്ടാവുകയുമില്ല. ഇതിലുമധികം സഹായം ചെയ്യാൻ എനിക്ക് കെല്പില്ല. പണം വെറുതെ ഒഴുക്കി കളയാനുള്ളതല്ലെന്ന മുതിർന്നവരുടെ വാക്ക് ഞാൻ മാനിക്കുന്നു. പണം വാരിക്കോരി ചെലവഴിക്കരുതെന്ന അഭിപ്രായമാണെനിക്ക് ഡിപ്പാർട്ട്മെന്‍റിൽ ഉന്നത ഉദ്യോഗമായതിനാൽ സെർവന്‍റ്സിനെ കിട്ടുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലെന്നത് വാസ്തവം തന്നെ. പക്ഷേ ഓഫീസ് ജോലികൾ ചെയ്യാൻ മാത്രമാണ് ഞാനവരെ ഏല്പിക്കാറുള്ളത്. ഉത്തരവാദിത്തമുള്ള സ്‌ഥാനമാനങ്ങളുടെ ദുരുപയോഗവും ചൂഷണവും. എനിക്ക് താല്പര്യമില്ല.”

“ഇനി തീരുമാനം നിന്‍റേതാണ്. ജീവിതത്തിന്‍റെ അമൂല്യ നിമിഷങ്ങൾ വൃഥാ പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” സൂരജിന്‍റെ മനസ്സിലെ അസ്വസ്ഥത വിനീത മനസ്സിലാക്കി. വിനീതയ്ക്ക് കുറ്റബോധം തോന്നി. തന്‍റെ ഭർത്താവ് കുടുംബത്തെ എത്രമാത്രം സ്നേഹിക്കുന്നു. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.

ഓ! ഞാനിത് എന്തിനുള്ള പുറപ്പാടായിരുന്നു. സ്വർത്ഥ താല്പര്യത്തിനു വേണ്ടി ഭർത്താവിനെ പതനത്തിലേക്ക് നയിക്കുകയായിരുന്നില്ലേ. തന്‍റെ സ്വാർത്ഥതയ്ക്ക് വേണ്ടി സൂരജ് തന്‍റെ ആദർശങ്ങളെ ബലി കഴിച്ചില്ലല്ലോ. ഓരോന്നും ആലോചിക്കുന്നതിനിടയിൽ സൂരജിന്‍റെ ശബ്ദം കേട്ട് അവൾ ഞെട്ടി.

“വിനീതേ, എന്നോടു ദേഷ്യമാണോ? നാളെ ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ പണം നിന്നെ ഏല്പിക്കാം. പിന്നെ നിനക്കിഷ്ടമുള്ള പോലെ ചെലവഴിക്കാമല്ലോ…”

“വേണ്ട സൂരജ്, എനിക്കൊന്നും വേണ്ട. നിങ്ങളും മക്കളും മടങ്ങുന്ന ഈ കൊച്ചു കുടുംബത്തോടൊപ്പം ഞാനെന്നും സന്തുഷ്ടയാണ്. ഞാനെന്തൊരു വിഡ്ഢിയാ. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇതുവരെ തർക്കിക്കുകയായിരുന്നില്ലേ?”

വിനീത സംസാരം തുടർന്നു, “സത്യത്തിൽ ആ പോഷ് പെണ്ണുങ്ങളുടെയിടയിൽ ഞാൻ മാത്രം പലപ്പോഴും ഒറ്റപ്പെടുന്നതു പോലെ. മനസ്സ് കോംപ്ലക്സ് കൊണ്ടു നിറയും. അതുകൊണ്ടാ ഇനി മുതൽ ക്ലബ്ബിൽ പോകുന്നില്ലെന്നു പറഞ്ഞത്. പക്ഷെ അത് ഇത്രത്തോളമാവുമെന്ന് ഞാനൊരിക്കലും കരുതിയില്ല.”

വിനീതയുടെ ഏറ്റുപറച്ചിൽ കേട്ട് സൂരജിന് ആശ്വാസം തോന്നി. ജീവിതത്തിലെ ഒരു ദുർഘടം പിടിച്ച ഘട്ടം തരണം ചെയ്തുവെന്നോണം സൂരജിന്‍റെ മുഖത്ത് സന്തോഷം അലതല്ലി.

“ഓ, അപ്പോ അതാണ് കാര്യം. നീ എന്നെ പരീക്ഷിക്കുകയായിരുന്നുവല്ലേ?”

വിനീതയ്ക്ക് മറുപടി പറയുന്നതിന് അവസരം കൊടുക്കാതെ സൂരജ് തുടർന്നു. “നിനക്ക് ഈ ഇൻഫീരിയോരിറ്റി കോംപ്ലക്സൊക്കെ എന്നാണുണ്ടായത്? അനീതിക്കും കൈക്കൂലിക്കുമെതിരെ നീ എന്നും ശക്തമായി പ്രതികരിക്കുമായിരുന്നല്ലോ? തികഞ്ഞ ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ എത്ര വലിയ പ്രൗഢി കണ്ടാലും മനസ്സ് പതറുകയില്ല.”

സൂരജിന്‍റെ വാക്കുകൾ വിനീതയിൽ മനം മാറ്റമുണ്ടാക്കി.

വിനീത തികഞ്ഞ മനോബലത്തോടെ ക്ലബ്ബിൽ പോകാൻ തുടങ്ങി.അവിടത്തെ സാഹചര്യങ്ങളുമായി ഒത്തു പോകാൻ പഠിച്ചു. എന്നാൽ ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ക്ലബ്ബിൽ പോകേണ്ടെന്ന് വിനീത തീരുമാനിച്ചു.

വിനീത ആവശ്യപ്പെട്ടതനുസരിച്ച് സൂരജ് ഒരു തയ്യൽ മെഷീൻ വാങ്ങി. വിനീത തയ്യലും മറ്റുമായി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. സമയം വേണ്ട രീതിയിൽ വിനിയോഗിക്കുവാനും വരുമാനം വർദ്ധിക്കുവാനും തുടങ്ങി.

ഒരു ദിവസം മിസിസ്സ് ജോളിനും മിസിസ്സ് നീലാംബരിയും വിനീതയുടെ വീട്ടിലെത്തി.

“ക്ലബ്ബിലെ ന്യൂ ഇയർ ഡിന്നർ പാർട്ടി നാളെയാണ് വരണം.”

വിനീത ആദ്യം ചിരിയിൽ മറുപടി ഒതുക്കി.“അതിന് ഞാനിപ്പോൾ ക്ലബ്ബിലെ മെംബർ പോലുമല്ലല്ലോ?”

“അതു കാര്യമാക്കേണ്ട. പണ്ട് ക്ലബ്ബ് മെംബറായിരുന്നില്ലേ? ഇപ്പോഴെന്താ ക്ലബ്ബിലേക്ക് വരാത്തത്? ഓഹോ, ഇപ്പോ തയ്യലും എംബ്രോയ്ഡറിയുമൊക്കെ ചെയ്യുന്നുണ്ടോ? ഭർത്താവിൽ നിന്നും കാലണ കിട്ടാത്ത പെണ്ണുങ്ങളാണ് ഈ ജോലിയൊക്കെ ചെയ്യുക. സത്യത്തിൽ സൂരജിനെ തരം താഴ്ത്തുന്ന കാര്യമല്ലേയിത്? വിനീതേ, നീ ശരിക്കുമെന്നാലോചിച്ചു നോക്ക്…” വെറുപ്പും പുച്ഛവും അവരുടെ സംസാരത്തിൽ തുളുമ്പി നിന്നു.

ആ വാക്കുകൾ വിനീതയിൽ അമർഷം നിറച്ചെങ്കിലും ദേഷ്യം ഒട്ടും പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ട് വിനീത അവരുടെ ക്ഷണം നിരസിച്ചു. അവർ മടങ്ങിയ ശേഷവും വിനീത ഏറെ നേരം ആലോചിച്ചിരുന്നു. വീട്ടിലെ വരുമാനം കൂട്ടാൻ നല്ലൊരു കൈത്തൊഴിലല്ലേ തയ്യൽ. താൻ അനാവശ്യമായി സമയം പാഴാക്കാതെ നല്ലൊരു കാര്യത്തിനല്ലേ വിനിയോഗിക്കുന്നത്. അതെങ്ങനെയാ ഭർത്താവിന് കളങ്കം വരുത്തുക. കുറേ ആഭരണങ്ങളും പട്ടുസാരിയുമുടുത്ത് ക്ലബ്ബിൽ പോയിട്ടാണോ ഭർത്താവിന്‍റെ അന്തസ്സു കാട്ടേണ്ടത്?

അതിനിടെ മിസ്റ്റർ റോണിക്ക് ചെന്നൈയിലേക്ക് ട്രാൻസ്ഫറായി. അവർ യാത്രയാവുന്നതിനു മുമ്പ് മിസിസ്സ് ജോളിനെ ചെന്നു കാണണം. വിനീത തീർച്ചയാക്കി. ക്ലബ്ബ് മെംബേഴ്സ് ഒട്ടുമിക്കവരും നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. പാർട്ടി തിരക്കിനു ശേഷം വിനീത മിസിസ്സ് ജോളിന്‍റെ അരികിലെത്തി.

“ചെന്നൈയിൽ വരുമ്പോൾ വീട്ടിലേക്ക് വരണം.”

വിനീതയുടെഅമ്മാവൻ ചെന്നൈയിലാണ് താമസിക്കുന്നതെന്ന് മിസിസ്സ് ജോളിന് അറിയാമായിരുന്നു.

“വരാം.” മടങ്ങുന്നതിനു മുമ്പായി വിനീത അവർക്ക് വാക്കു നൽകി.

രണ്ടു വർഷത്തിനു ശേഷം അമ്മാവന്‍റെ മകളുടെ വിവാഹാവശ്യത്തിനായി അവർ ചെന്നൈയിലെത്തി. വിവാഹത്തിരക്കുകൾ കഴിഞ്ഞതോടെ മിസിസ്സ് ജോളിനെ കാണണമെന്ന് വിനീത വാശിപ്പിടിച്ചു. മുമ്പ് നൽകിയ അഡ്രസ്സ് കൃത്യമല്ലാത്തതിനാൽ രണ്ടുമൂന്നു ദിവസം തിരച്ചിൽ തുടർന്നു. മടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ, സൂരജ് ഒരു കണക്കിന് അവരുടെ താമസസ്ഥലം കണ്ടുപിടിച്ചു. ധാരാളം ഊടുവഴികളിലൂടെ നീങ്ങി ഓട്ടോ ഒരു ചേരിപ്രദേശത്ത് നിന്നു. അവിടത്തെ ജീർണ്ണിച്ച പൊട്ടിപ്പൊളിഞ്ഞ വീടുകൾ കണ്ട് വിനീത അന്ധാളിച്ചു.

“സൂരജ്, ഇതു തന്നെയാണോ സ്ഥലം. അഡ്രസ്സൊക്കെ കറക്ട് അല്ലേ?”

“ഇതു തന്നെയാ സ്‌ഥലം. ഞാൻ രണ്ടുദിവസം മുമ്പ് ഇവിടെ വന്നതാ?”

സൂരജിന്‍റെ ശബ്ദമിടറി.വിനീതയ്ക്ക് ദേഷ്യം തോന്നി. രണ്ടു ദിവസം മുമ്പ് വന്നയാളാണോ അറിയില്ലെന്നു നുണ പറഞ്ഞത്.

“നീയിങ്ങനെ തുറിച്ചു നോക്കണ്ട. എന്‍റെ പുറകെ വന്നാൽ മാത്രം മതി.”

ഇടുങ്ങിയ വഴികൾ താണ്ടി ഒടുവിൽ അവർ ഇടിഞ്ഞുവീഴാറായ ഒരു വീടിനരികിലെത്തി. സൂരജ് പതിയെ വാതിലിൽ മുട്ടി.

“അല്ല, ഇതെന്തു തമാശയാ? നോക്കൂ ഇതു തന്നെയാണോ അവരുടെ വീട്? മിസിസ്സ് ജോളിൻ ഗവൺമെന്‍റ് ബംഗ്ലാവ് വേണ്ടെന്ന് വച്ച് എന്നുമുതലാ ഇങ്ങോട്ട് താമസം മാറ്റിയത്?”

“മിണ്ടരുത്.” സൂരജ് ആംഗ്യഭാഷയിൽ പറഞ്ഞു. അപ്പോഴേക്കും മിസിസ്സ് ജോളിൻ വാതിൽ തുറന്നു പുറത്തേക്കു വന്നു. വിനീതയെ കണ്ട് മിസിസ്സ് ജോളിൻ ആദ്യമൊന്നു ഞെട്ടി.

“അകത്തേക്കു വരൂ…”

മിസിസ്സ് ജോളിനെ കണ്ട് വിനീത സ്തംഭിച്ചു നിന്നു. ഇതൊക്കെ വാസ്തവമാണെന്ന് തിരിച്ചറിയാൻ വിനീതയ്ക്ക് സ്വല്പം സമയം വേണ്ടിവന്നു.

“ഞാനിപ്പോ വരാം. നിങ്ങൾ അകത്തിരുന്ന് സംസാരിക്ക്.” സൂരജ് പുറത്തേക്കിറങ്ങി നടന്നു.

ഔപചാരികമായി ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ച് മിസിസ്സ് ജോളിൻ അകത്തേക്കു പോയി. സ്വപ്നമോ, യാഥാർത്ഥ്യമോ? എന്‍റെ കണ്ണുകൾക്ക് തെറ്റുപറ്റിയതാവുമോ? ഒരു കാലത്ത് ഇംപോർട്ടഡ് പെർഫ്യൂമിന്‍റെ സുഗന്ധം, ക്ലബ്ബിൽ മിസിസ്സ് ജോളിന്‍റെ സാന്നിധ്യമറിയിച്ചിരുന്നു. ലേറ്റസ്റ്റ് സാരികളേയും ട്രെന്‍റിനെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു.

പുതിയ ജ്വല്ലറി, സാരി, ഫർണിച്ചർ ഷോപ്പുകളെക്കുറിച്ച് അറിയണമെങ്കിൽ മിസിസ്സ് ജോളിനോടു ചോദിച്ചാൽ മതിയാവും. കുത്തുവാക്കു പറയാനും മിസിസ്സ് ജോളിൻ ഒട്ടും പിന്നിലല്ലായിരുന്നു. അതേ മിസിസ്സ് ജോളിനാണോ ഇത്?
കീറിപ്പറിഞ്ഞ സാധാരണ സാരിയുടുത്ത്. മേക്കപ്പ് എന്നു പറയാൻ നെറ്റിയിൽ ഒരു ചുവന്ന പൊട്ടുമാത്രം. ആഭരണമെന്നു പറയാൻ നാലഞ്ചു കുപ്പിവള, കൈകളിലും.

ചായ ഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്ന ശബ്ദം കേട്ട് ചിന്താമഗ്നയായിരുന്ന വിനീതയുടെ ശ്രദ്ധ തിരിഞ്ഞു. മുളകുപൊടിയും വിയർപ്പും കലർന്ന ഗന്ധമായിരുന്നു അവരുടേത്. വിനീതയ്ക്ക് താനേതോ മാന്ത്രികലോകത്ത് വന്നെത്തിയപോലെ തോന്നി. മിസിസ്സ് ജോളിനെ പോലൊരു ധനിക-ദരിദ്രയായതിനു പിന്നിലുള്ള രഹസ്യമറിയാനായി വിനീതയുടെ മനസ്സ് വെമ്പൽ കൊണ്ടു. സത്യാവസ്‌ഥ ചോദിച്ചറിയണമെന്നുണ്ടായിരുന്നു വിനീതയ്ക്ക്.

മനസ്സിൽ തിളച്ചു മറിയുന്ന ചോദ്യങ്ങൾ അറിയാതെ അവളുടെ നാവിൻ തുമ്പിൽ വന്നു, “ഇതെന്തുപറ്റി? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ?”

ദുഃഖമടക്കാനാവാതെ മിസിസ്സ് ജോളിന്‍റെ കണ്ണ് നിറഞ്ഞു. “എന്തു പറയാനാ? കഷ്ടകാലത്തിനിടയിൽ കല്ലുമഴയും എന്നു പറഞ്ഞതു പോലെയായിരുന്നു ഞങ്ങളുടെ അവസ്‌ഥ. ഇവിടെ വന്ന് ഒരു മാസമായപ്പോഴേക്കും അദ്ദേഹത്തെക്കുറിച്ച് ആരോ പരാതി ൽകി. ഇക്കാലത്ത് കൈക്കൂലി വാങ്ങാത്തവരുണ്ടോ? ഹരിശ്ചന്ദ്രനെപ്പോലെ നൂറുശതമാനം സത്യസന്ധതയുള്ളവർ കാണുമോ? ഞങ്ങൾ സുഖമായി ജീവിക്കുന്നതു കണ്ട് ആർക്കൊക്കെയോ അസൂയ തോന്നിക്കാണും.”

മിസിസ്സ് ജോളിൻ കുറ്റബോധത്തോടെ നിലത്തു നോക്കിയാണ് സംസാരിച്ചത്. “കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഒരു ദിവസം പോലീസ് വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. അദ്ദേഹമിപ്പോൾ ജയിലിലാണ്. ഞങ്ങളുടെ വീടും സ്വത്തുമൊക്കെ പണയത്തിലും. ബന്ധുക്കളുടെ ഒരു വിവരവുമില്ല.” മിസിസ്സ് ജോളിന്‍റെ തൊണ്ട ഇടറി.

വിനീത സശ്രദ്ധം എല്ലാം കേട്ടുകൊണ്ടിരുന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കണം? വിനീത വിഷമിച്ചു.

കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം മിസിസ്സ് ജോളിൻ ദയനീയമായി വിനീതയെ നോക്കി. “സമ്പത്ത് ഉള്ള കാലത്ത് കൂടെ നടന്നവരെയൊന്നും ഇപ്പോ കാണാനേയില്ല. പരിചയക്കാരെന്നു പറയാനും മാത്രം ദാ… ഇപ്പോൾ നിങ്ങൾ മാത്രം….”

അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന സൂരജ് ചോദിച്ചു, “നിങ്ങൾക്ക് തയ്യൽ അറിയാമോ?”

“ഉവ്വ്… അറിയാം.”

“എന്നാൽ പിന്നെഒരു തയ്യൽ മെഷീൻ വാങ്ങിക്കൂടേ? നിങ്ങൾക്ക് ഈ അവസ്‌ഥയിൽ ഒരു സഹായമാവും. വെറുതെ സമയം പാഴാക്കേണ്ട.”

ഇതുകേട്ട് മിസിസ്സ് ജോളിൻ ശരിക്കും ഞെട്ടി. മുമ്പ് വിനീതയുടെ വീട്ടിൽ തയ്യൽ മെഷീൻ കണ്ട് താൻ എന്തുമാത്രം പരിഹസിച്ചതാണ്. മിസിസ്സ് ജോളിന്‍റെ മുഖം വാടുന്നതു കണ്ട് വിനീത അവരെ സമാധാനിപ്പിച്ചു.

“ഞാൻ പറഞ്ഞത് തെറ്റായ അർത്ഥത്തിലെടുക്കരുത്. പരിശ്രമവും സ്വന്തമായി തൊഴിൽ ചെയ്യുന്നതും നല്ലതാണ്. അധ്വാനിക്കുന്നതിലൂടെ മനുഷ്യൻ അധഃപതിക്കുകയല്ല മറിച്ച് ഉയരങ്ങൾ കീഴടക്കുകയാണ് ചെയ്യുന്നത്.” സൂരജ് പറഞ്ഞു.

അപരാധബോധം കാരണം മിസിസ്സ് ജോളിൻ മുഖമുയർത്തി അവരെ നോക്കിയതു പോലുമില്ല. ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവർ പഠിച്ചിരുന്നു.

“ഞാൻ നാളെത്തന്നെ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ചെറിയ തവണകളായി പണമടച്ച് ഉടനെ ഒരു തയ്യൽ മെഷീൻ വാങ്ങണം. എന്‍റെ മക്കളുടെ ഭാവി… അതുമാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.” ജോളിൻ മുഖം തുടച്ചു.

മടങ്ങുന്നതിനു മുമ്പായി സൂരജ് ഒരു കവർ മിസിസ്സ് ജോളിന്‍റെ കൈകളിൽ ഏല്പിച്ചു.

“ദയവായി ഇതു വാങ്ങണം. നിങ്ങളുടെ ഭർത്താവ് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്‍റെ പേരിൽ ഇത്രയുമെങ്കിലും ചെയ്യേണ്ടത് എന്‍റെ കർത്തവ്യമല്ലേ. ഒരു തയ്യൽ മെഷീൻ വാങ്ങാനുള്ള മുഴുവൻ പണവും ഇതിലുണ്ട്. നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കാൻ മടിക്കരുത്.” പിന്നെ അധികനേരം അവരവിടെ നിന്നില്ല.

വിനീതയും സൂരജും വൃത്തിഹീനമായ ആ ഇടുങ്ങിയ തെരുവിലൂടെ ദ്രുതഗതിയിൽ നടന്നു. “പാവം… അവരുടെ കാര്യം കഷ്ടം തന്നെ. അവർക്കിങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല.” വിനീതയുടെ ഞെട്ടൽ മാറിയിരുന്നില്ല.

“ഈ ലോകം വളരെ വലിയതാണ് വിനീതാ. പലതരക്കാരുണ്ട് ഇവിടെ. കൂടുതൽ സെന്‍റിമെന്‍റലാവണ്ട. മനുഷ്യത്വത്തിന്‍റെ പേരിൽ നമുക്കാവും വിധം നാം ചെയ്തിട്ടുണ്ട്.” സൂരജിന്‍റെ നടത്തത്തിന് വേഗത കൂടി.

സ്വപ്നവും യാഥാർത്ഥ്യവും തിരിച്ചറിയാനായാൽ ജീവിതം മഴവില്ലു പോലെ മനോഹരമായിത്തീരും. നഗരത്തിരക്കിലൂടെ കാർ വേഗം കണ്ടെത്താൻ ശ്രമിക്കുമ്പോഴും വിനീത ഭർത്താവിനോട് ചേർന്നിരുന്നു.

മുറപ്പെണ്ണ്- നോവലെറ്റ് 2

എന്തായി ആന്‍റോച്ചാ പോയ കാര്യം? സോണിച്ചൻ ചോദിച്ചു. ഡാ ഉവ്വേ, ആ ബ്രോക്കർ പറയുന്നത് മണിമണി പോലൊരു ചെക്കൻ ഉണ്ടെന്നാ. തെങ്ങുമ്മൂട് കഴിഞ്ഞു കാരിച്ചാലിൽ കുര്യന്‍റെ മകൻ രമിത്ത്. അവനും നേരിട്ടറിയാവുന്നതും നൂറു ശതമാനവും ഉറപ്പ് ഉള്ളതുമായ കുടുംബമാണ്. പയ്യനിപ്പോൾ കോളേജിൽ സാറാവാനുള്ള പരീക്ഷ പാസ്സായി ഇന്‍റർവ്യൂ കഴിഞ്ഞു സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും റാങ്ക് ലിസ്‌റ്റും പ്രതീക്ഷിച്ചു നിൽക്കുവാ, ആ ജോലി ഇല്ലെങ്കിലും നൂറ് തലമുറയ്ക്കു തിന്നാനുള്ള വക കുര്യൻ ഉണ്ടാക്കി വച്ചിട്ടുണ്ട്.

“നിനക്കറിയില്ലല്ലോ സോണിച്ചാ കഴിഞ്ഞവർഷം കുരിശുപള്ളിയുടെ അവിടെ വച്ചു കാർ ആക്സിഡന്‍റിൽ മരിച്ചുപോയ പ്ലാന്‍റർ കുര്യനെ?”

“അറിയാം. അങ്ങേരെ അറിയാത്തതായി ആരാ ഉള്ളത് ഈ കോട്ടയത്ത് തന്നെ” സോണിച്ചൻ മറുപടി പറഞ്ഞു.

“ചെക്കൻ മാത്രെയുള്ളൂ. അവന് കൊള്ളാവുന്ന ബന്ധുബലവും പള്ളി ചർച്ചയും ഉള്ള ഒരു കുടുംബത്തിലെ പെണ്ണു മതിയെന്നാ പറഞ്ഞിരിക്കുന്നത്. ഞാൻ പറഞ്ഞു, വന്നു പെണ്ണിനെ കണ്ടോളാൻ. നാളെ വൈകുന്നേരം അവരിങ്ങു വരും ആലീസിനെ ഒന്നുകാണാൻ.” “അതിനെന്താ ആന്‍റച്ചായാ വരട്ടെ. എല്ലാം ആന്‍റച്ചായാൻ തന്നെ നോക്കിയാൽ മതിയെന്ന് സോണിച്ചൻ മറുപടി പറഞ്ഞു.

പപ്പാ… ഇത്രേം പെട്ടെന്നൊരു പെണ്ണുകാണലോ.. എനിക്കൊന്നു ഒരുങ്ങാനുള്ള സമയം പോലുമില്ലാതെ? പിറകെ നിന്ന ആലീസ് ചോദിച്ചു.

പെണ്ണുകണ്ടിട്ട് അവരങ്ങുപോകും. പിന്നേ നിനക്കീ ചന്തം മതി ഈ കോട്ടയത്തുള്ള ഒരുമാതിരി ആൺപിള്ളാർക്ക് നീ സൗന്ദര്യത്തിൽ ക്ലിയോപാട്രയാണ്… അതുപോരെ എന്‍റെ മോൾക്ക്? സോണിച്ചൻ കനപ്പിച്ചുകൊണ്ട് ആലീസ്സിനോട് ചോദിച്ചു.

മ്മ്… അവളൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. അവളെ നോക്കി ജോമോൻ അപ്പോൾ ചിരിച്ചുകൊണ്ട് കൊഞ്ഞനം കുത്തിക്കാണിച്ചു. അവൾ തിരിച്ചും. ഉച്ചക്കൊരു പ്ലേറ്റിൽ നിന്നും ആലീസും ജോമോനും ഭക്ഷണം വിളമ്പി കഴിക്കുന്നത് കണ്ട ആനി പറഞ്ഞു.

കല്യാണം നോക്കി തുടങ്ങി. ഇനിയെങ്കിലും അവന്‍റെ ചോറ് കട്ടുതിന്നാതെ നിനക്ക് വേറെ ഒരു പ്ലേറ്റിൽ നിന്നും കഴിച്ചൂടെ?

ഓ വേണ്ട മമ്മീ. അവൾ ചിരിച്ചു. ഇച്ചിരി കക്ക കൂടിയിങ്ങു ഇട്ടേക്കൂ…

ങാഹേ…? ആനി അവളുടെ ആർത്തി കണ്ടമ്പരന്നു.

അവള് കഴിക്കട്ടെ ഞങ്ങളിങ്ങനെ പണ്ടേ ശീലിച്ചു പോയതാ. ആനിയെ നോക്കി ജോമോൻ പറഞ്ഞു.

മ്മ് ഗുഡ്ബോയ്! ആലീസ് ചിരിച്ചു. രാത്രി പ്രാർത്ഥനയ്ക്ക് മുമ്പുള്ള ടിവി കാണലിൽ പതിവുപോലെ ജോമോന്‍റെ നെഞ്ചിൽ ചാരി സെറ്റിയിൽ ഇരുന്നു കൊണ്ട് ആലീസ് പറഞ്ഞു. എടാ ജോമോനെ…

എന്താ?

നാളെ വരുന്നവന് എന്നെ ഇഷ്ടപ്പെടുമോടാ?

ഇഷ്‌ടപ്പെടും.

അതെന്താ നിനക്കിത്രയുറപ്പ്?

നീ സുന്ദരിയാണ്.

പോ കള്ളം പറയാതെ.

സത്യം നീ ഭയങ്കര സുന്ദരിയാണ്. ഇത്രേം ഭംഗിയുള്ള വേറെയൊരു നസ്രാണി കൊച്ച് നമ്മുടെ പള്ളിയിൽ പോലുമില്ല. അപ്പോ പിന്നെ വരുന്നവൻ ആരായാലും നിന്നെ ഇഷ്ടപ്പെടും.

ഉറപ്പാണോ? അതോ നീ ഇങ്ങനെ പറഞ്ഞത് വിശ്വസിച്ചിട്ട് അവസാനം ഞാൻ ശശിയാകോ? ഞാൻ പറഞ്ഞത് സത്യമാണ്… നീ ഭയങ്കര സുന്ദരിയാണ് പോരെ.

മ്മ്.. അതുപറഞ്ഞ് അവന്‍റെ മുഖത്തേക്ക് അവൾ തലയുയർത്തി നോക്കി…

ആ നിമിഷം അവനും അവളെ നോക്കി ചിരിച്ചു. ഒറ്റ നിമിഷത്തിൽ കാന്തംപോലുള്ള തീക്ഷ്‌ണമായ എന്തോ അവരുടെ കണ്ണുകളിൽ മിന്നിമറഞ്ഞു. തമ്മിലപ്പോഴും പരസ്‌പരം പറയാതെ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു…

രാത്രി പ്രാർത്ഥനയിൽ പതിവില്ലാതെ കണ്ണടച്ചു പ്രാർത്ഥിക്കുന്ന ആലീസി നെ കണ്ടപ്പോൾ ജോമോന് അതിശയമായിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ ജോമോൻ ചോദിച്ചു.

എന്താടി ഇത്രേം പ്രാർത്ഥിക്കാൻ മാത്രം. നാളത്തെ കാര്യത്തിൽ ഇനിയും ടെൻഷനുണ്ടോ?

ഇല്ല ഞാൻ പ്രാർത്ഥിച്ചത് മറ്റൊരു കാര്യമാണ്. സ്വകാര്യമായ മറ്റൊരു പ്രാർത്ഥന കർത്താവത് കേട്ടാൽ മതിയായിരുന്നു.

അതെന്താടീ ഇപ്പോ ഒരു സ്വകാര്യമൊക്കെ. ഇതുവരെ അങ്ങനെ അല്ലായിരുന്നല്ലോ?

നിന്നോട് ഞാൻ പറയാൻ പാടില്ലാത്ത കാര്യമാണ് ജോമോനെ.

ആ എന്നാൽ ഓക്കേ.

രാത്രി ഭക്ഷണത്തിനിടയിൽ ആന്‍റോ ആലീസ്സിനോട് പറഞ്ഞു. “ഡീ കൊച്ചേ നിന്‍റെ മനസ്സിലാരെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. കെട്ടുറപ്പിച്ചു കഴിഞ്ഞു പിന്നെ ഇറങ്ങി പോകാനൊന്നും നിക്കണ്ട. ഇപ്പോ പറഞ്ഞേക്ക് ഞങ്ങൾ നടത്തിതരാം. അതിപ്പോ ജാതിയും മതവും പ്രായവും ഒന്നും നോക്കൂല. മനസ്സിന്‍റെ ഇഷ്‌ടമല്ലയോ വിവാഹത്തിൽ മുഖ്യം. എന്തോലുമുണ്ടെങ്കിൽ ഇപ്പ എന്നോട് തുറന്നു പറയൂ.

അവളതിന് മറുപടിയൊന്നും പറയാതെ അടുത്തിരുന്ന ജോമോനെ വെറുതെ നോക്കി. പിന്നെ ഒന്നുമില്ലെന്ന അർത്തിൽ തലയാട്ടി.

അങ്ങനെ ആരെങ്കിലും ഉണ്ടോ ജോമോനെ നീ പറ? നിങ്ങൾക്കിടയിൽ രഹസ്യമൊന്നും ഇല്ലല്ലോ? അടുത്തതായി സോണിച്ചൻ ചോദിച്ചു.

ഇല്ല പപ്പാ. അങ്ങനെ എന്തേലും ഉണ്ടേൽ അവൾ എന്നോട് പറയുമല്ലോ. ഒന്നുമില്ല.

ഉറപ്പാണോ ആലീസേ? മ്മ് അവൾ പതിയെ മൂളി.

എന്നാ കെട്ടുറപ്പിച്ചു കഴിഞ്ഞാൽ പിന്നൊരിക്കലും വേറെ ഇഷ്ട‌ത്തെക്കുറിച്ച് പറയരുത്. അങ്ങനെ എന്തേലും വന്നാൽ ഞാനും സോണിച്ചനും ഈ വീട്ടിൽ കെട്ടിത്തൂങ്ങി ചാകും. വർഗീസ് മാപ്പിളയുടെ കുടുംബത്തിന്‍റെ പാരമ്പര്യമായ അഭിമാനം പോയാൽ പിന്നെ മരിക്കുകയെ നിവർത്തിയുള്ളൂ.

അടുത്തിരുന്ന ജോമോൻ ചിരിച്ചു. അവന്‍റെ ചിരി കണ്ടതും ആലീസ് അവന്‍റെ കയ്യിൽ ഒരു നുള്ളുവച്ചു കൊടുത്തു. ഹീ… എന്ന് വിളിച്ചുകൊണ്ട് ജോമോൻ ഒന്നവളെ നോക്കി. അവൾ അറിയാത്തപോലെ അപ്പോഴും ഇരിക്കുകയായിരുന്നു. അതിരാവിലെ തന്നെ ഉറക്കമെഴുന്നേറ്റു പുറത്തുനിൽക്കുകയാണ് ആന്‍റോ.

എന്തുപറ്റി ഇച്ചായാ? കട്ടിലിൽ ആന്‍റോയെ കാണാതെ താഴെയിറങ്ങി വന്ന ജിജി ചോദിച്ചു.

അവർ പത്തുമണിക്കല്ലേ വരുന്നത്. അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നു.

അതിന് മണിയിപ്പോൾ ആറല്ലേ ആയുള്ളു. കൊച്ചിന്‍റെ അപ്പനും അമ്മയും കൊച്ചും സുഖമായി ഉറങ്ങുന്നു. ഇതിയാനാണ് ടെൻഷൻ.

പത്തു മണിക്കുമുൻപെ ഒരുങ്ങി വന്ന ആലീസിന്‍റെ രൂപം കണ്ട് അമ്പരന്നുപോയി ജോമോൻ. എന്നാ ഒരു സൗന്ദര്യം. അവൻ ആലീസിന്‍റെ ചെവിയിൽ പറഞ്ഞു.

പോടാ കളിയാക്കിയത് മതി.

അപ്പോഴേക്കും ഒരു ഇന്നോവ കാർ മുറ്റത്തേക്ക് കയറിവന്നു. അതുകണ്ട ആലീസ് അകത്തേക്ക് വലിഞ്ഞു. ബ്രോക്കറോടൊപ്പം പുറത്തേക്ക് ഇറങ്ങിയ വെളുത്ത ചെറുപ്പക്കാരനെ ചൂണ്ടി ബ്രോക്കർ ആലീസ് കേൾക്കാൻ ഒന്നുറക്കെ പറഞ്ഞു.

ചെറുക്കൻ ഇവനാണേ ഞാൻ കല്യാണ ബ്രോക്കർ മാത്രമാണ്. ഇനി ഞാനാണ് എന്ന് തെറ്റിദ്ധരിക്കരുത്.

മോന്‍റെ പേരെന്തുവാ? അകത്തുകയറി ഇരിക്കുമ്പോൾ സോണിച്ചൻ ചോദിച്ചു.

രമിത്ത്

കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞു. വീട്ടിലിപ്പോൾ?

ആരുമില്ല. അമ്മച്ചി ചെറുപ്പത്തിൽ മരിച്ചതാണ്. പപ്പ കഴിഞ്ഞ വർഷവും. ഇപ്പോ ഞാൻ മാത്രം.

എടീ ആലീസേ… അവർക്കുള്ള ചായ എടുത്തോ?

അവൾ അകത്തുനിന്നും ചായയുമായി വന്നു അവർക്ക് കൊടുത്തു. രമിത്തിനെ ഒരു നോക്കിട്ട് അൽപം മാറി നിന്നു.

പുറകെ വന്ന ജോമോൻ അവളോട് പതുക്കെ ചോദിച്ചു.

അൽപം കഷണ്ടിയാണ്. പിന്നെ ഹൈറ്റും കൂടുതൽ.

അതിപ്പോ മുടിയൊക്കെ പോകുന്നത് ഒരു കുറ്റമാണോ? പൊക്കം ഒക്കെ കറക്റ്റാണല്ലോ. ചുമ്മാ പറയല്ലേ. അവൾ ജോമോനെ ഒന്നുകൂടി നോക്കി

നിനക്ക് ഇഷ്ടപ്പെട്ടോ ജോമോനേ.

എനിക്കിഷ്ടമായി.

ജോമോനെയൊന്നു കൂടി നോക്കിയിട്ട് അവളൊന്നും മിണ്ടാതെ അകത്തേക്ക് പോയി. അവർ പോയികഴിഞ്ഞു ആന്‍റോയും സോണിച്ചനും കൂടി ആലീസിന്‍റെ അടുത്തെത്തി.

പയ്യന് നിന്നെ ഇഷ്ടമായി. നിനക്കിഷ്ടമാണെങ്കിൽ ഈ വരുന്ന നോമ്പിൻ മുമ്പ് കല്യാണം നടത്തണമെന്ന ഒറ്റ ഡിമാൻഡേ അവനുള്ളൂ.

മ്മ്. എനിക്കും കുഴപ്പമില്ല, അവൾ പറഞ്ഞു. അപ്പോ പിന്നെ മനസ്സമ്മതം അടുത്ത തിങ്കളാഴ്ച്ച. രണ്ടുവീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം പള്ളിയിൽ വച്ചുള്ള ചടങ്ങ്. കല്യാണം അടുത്ത മാസം ആദ്യം.

അയ്യോ പപ്പാ ഇതിപ്പോ അൽപം നേരത്തെ ആയിപ്പോയില്ലേ? ആലീസ് ചോദിച്ചു.

അതിനെന്താ കൊച്ച് വെറുതെ ഒരുങ്ങി പള്ളിയിലോട്ടു വന്നാൽ മതി. ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കോളാം.

എന്നാലും?

ഒരു എന്നാലുമില്ല. എടാ ജോമോനെ നീ ആ കാറ്ററിങ്ങുകാരെ വിളിച്ചു ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്തേക്ക്. പള്ളിയിൽ ഞാൻ വിളിച്ചു പറഞ്ഞു ഓക്കേ ആക്കാം. ആ പിന്നേ കാറ്ററിങ്ങുകാരോട് പറയണം രാവിലെ പത്തുമണി സമയം ചൂടുള്ള നല്ല ഒന്നാന്തരം ചിക്കനും മട്ടനും എന്നുവേണ്ട എല്ലാം വേണം എന്‍റെ കൊച്ചിന്‍റെ ചടങ്ങിന്… ആന്‍റോ പറഞ്ഞു.

അതുകേട്ട സോണിച്ചൻ ചിരിച്ചു. “നീ ചിരിക്കുവാണോ സോണിച്ചാ. അവൾക്കു വേണ്ട വസ്ത്രം വാങ്ങാൻ ചങ്ങനാശ്ശേരിക്കു പോക്കോ കൊച്ചിനേം കൂട്ടി ഇപ്പോതന്നെ.  തിരിച്ചു വരുമ്പോ ആവശ്യത്തിനുള്ള സ്വർണ്ണവും മറ്റും വാങ്ങിച്ചോ.

ആവശ്യത്തിനുള്ള സ്വർണ്ണവും മറ്റും കൂടി വാങ്ങിച്ചോ…

ഇനിയും സമയമുണ്ട് ആന്‍റച്ചായാ” സോണിച്ചൻ പറഞ്ഞു.

ഓ എന്നാ സമയം ദേ ഒരാഴ്ച്ച പെട്ടെന്നങ്ങു പോകും. എടാ ജോമോനെ നീ കൂട്ടി പൊക്കൊ. എല്ലാം നല്ലതു നോക്കി എടുത്ത് കൊടുത്തേക്ക്. കാശൊന്നും നോക്കണ്ട. ദാ എന്‍റെ കാർഡ് വച്ചേക്ക്. എത്ര ലക്ഷം ആയാലും ഇതിലുണ്ട്. എടുക്കുമ്പോൾ കല്യാണത്തിനു വേണ്ടത് കൂടി എടുത്തേക്ക്. ഇനി അതിനായിട്ട് ഒരു യാത്ര വേണ്ട. ആ സമയം കൂടി നമുക്ക് എല്ലാവരേയും നേരിട്ടു പോയി വിളിക്കാനുള്ളതാണ്. ആന്‍റോ തിരക്കുകൂട്ടി പറഞ്ഞു.

മ്മ്… ശരി ചാച്ചാ… ഞാൻ കാറെടുക്കാം. ജോമോൻ പറഞ്ഞു.

നിൽക്കൂ ഈ ഡ്രസ്സ് ഒന്ന് മാറട്ടെ ഞാൻ… ആലീസ് അകത്തേക്ക് പോയി

കുറച്ചു നേരം കഴിഞ്ഞു പള്ളി വികാരിയെ വിളിച്ചു കാര്യം പറഞ്ഞ ശേഷം ഡേറ്റുറപ്പാക്കിയ ആന്‍റോ ജോമോനോട് ചോദിച്ചു.

ആ കാറ്ററിങ്ങുകാരെ വിളിച്ചു പറഞ്ഞോ?

പറഞ്ഞു ചാച്ചാ. എല്ലാം പറഞ്ഞ പോലെ റെഡിയാണ്.

മ്മ്… എല്ലാം പെട്ടെന്നാവട്ടെ.

യാത്രയിലെല്ലാം മുൻസീറ്റിലിരുന്നിട്ട് അവനെ തന്നെ ഇടം കണ്ണിട്ടു നോക്കുകയായിരുന്നു ആലീസ്. സ്വർണ്ണവും, വസ്ത്രങ്ങളും എല്ലാം വാങ്ങി തിരിച്ചു കാറിൽ കയറിയപ്പോൾ രാത്രിയായി.

ഡാ ജോമോനേ… അവൾ ഒരു കവർ അവനുനേരെ നീട്ടി.

എന്താ ഇത്?

തുറന്നു നോക്കൂ. ജോമോനുള്ള ഡ്രസ്സാ. എന്‍റെ സെലെക്ഷൻ. ആലീസ് പറഞ്ഞു.

ഇതെപ്പോ വാങ്ങി? ആദ്യം ഇതാ വാങ്ങിയത് അവൾ… ആനി മറുപടി പറഞ്ഞു.

അവൻ കവർ തുറന്നുനോക്കി. കറുത്ത ജീൻസും വെള്ള നിറത്തിലുള്ള കോട്ടൺ ലിനൻ ഷർട്ടും.

രാത്രി വൈകിയും അവർ തിരിച്ചു വരുന്നത് വരെ ആന്‍റോയും ജിജിയും മുൻവശത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ ആലീസ് ജോമോനോട് പറഞ്ഞു.

ഉറങ്ങല്ലേ നമുക്കൽപം സംസാരിക്കാനുണ്ട്.

മ്മ്… എന്തുവാ കെട്ടുന്നവന്‍റെ കഷണ്ടിയിൽ ഇനി മുടി പൊടിക്കുമോ എന്നാണോ?

പോടാ… അവൾ ദേഷ്യം ഭാവിച്ചു. രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ പോയപ്പോൾ ഹാളിൽ ഇന്ത്യയുടെ ഓസ്ട്രേലിയയുമായുള്ള ക്രിക്കറ്റിന്‍റെ ഫൈനൽ കണ്ടിരുന്ന ജോമോന്‍റെ അടുത്തായി ആലീസ് വന്നിരുന്നു.

മ്മ്. എന്താടി ക്രിക്കറ്റുകളി കാണാറില്ലല്ലോ നീ സാധാരണ?

ഇല്ല ഞാൻ വേറെയൊരു കാര്യം ചോദിക്കാൻ വന്നതാണ്.

മ്മ് എന്തുവാ ആലീസേ?

എടാ ഞാനിവിടുന്ന് കെട്ടിപ്പോയാൽ പിന്നെ നിനക്കെന്നെ കാണണമെന്നു തോന്നുമ്പോൾ എന്തുചെയ്യും? സങ്കടത്തോടെ ആയിരുന്നു ചോദ്യം.

ഞാൻ വീഡിയോ കാൾ ചെയ്യാം.

പൊട്ടാ അപ്പോ ഇനി തല്ലുകൂടാനും കൂട്ടുകൂടാനം നിനക്കെന്നേട് പറ്റില്ലല്ലോ.

പറ്റില്ലേ വേണ്ട.

എടാ ജോമോനെ. ഞാൻ പറയട്ടെ എനിക്കീ കല്യാണം വേണ്ടന്ന്.

എന്തിന്?

എനിക്ക് നിന്നെ പിരിഞ്ഞു പോകാൻ വയ്യെടാ.

ആഹാ. അപ്പോ എല്ലാ കാലവും ഇവിടെ മുതുക്കി ആയിരിക്കാൻ ആണോ പ്ലാൻ. പെട്ടെന്നു കെട്ടിക്കോ. അതു കഴിഞ്ഞു വേണം എനിക്കൊരെണ്ണം കെട്ടാൻ.

ആരോടൊ ഞാനിതൊക്കെ പറയുന്നത്. പോടാ പൊട്ടാ അതുപറഞ്ഞവൾ അവന്‍റെ കണ്ണിലേക്ക് നോക്കി.

എന്താടീ നീ ഇങ്ങനെ നോക്കുന്നത്?

ഒന്നുമില്ല. മ്മ്… ജോമോനേ…

മ്മ്… എന്താ?

നിനക്കെന്നെ പിരിയുന്നതിൽ വിഷമം ഒന്നുമില്ലേടാ?

ഉണ്ട് പക്ഷേ നിന്നെ കെട്ടിക്കാതെ പറ്റില്ലെന്ന് എനിക്കറിയാം പോരേ.

പിന്നെ എന്താ വേണ്ടത്?

അവളവനെ ഒന്നുകൂടെ കണ്ണിലേക്കു നോക്കി.

ജോമോനെ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കണോ? നിന്‍റെ ഫൈനൽ തീരുമാനം പറ.

നീ സമ്മതിച്ചതല്ലേ പൊട്ടീ മറന്നുപോയൊ? തുണിയും വാങ്ങി സ്വർണ്ണവും വാങ്ങി ഹാളും ബുക്ക് ചെയ്തു. ഇനിയാണോ ഈ ചോദ്യം…

നീ ഒരു മരപ്പാഴ് തന്നെ ജോമോനെ. എന്നുപറഞ്ഞിട്ടവൾ റൂമിലേക്ക് നടന്നു.

ഒന്നും മനസ്സിലാകാതെ അവൻ അവളെ നോക്കി ചിരിച്ചു.

(തുടരും)

മുറപ്പെണ്ണ്- നോവലെറ്റ് ആരംഭിക്കുന്നു

അവസാനത്തെ “നന്മ നിറഞ്ഞ മറിയമേ സ്വസ്തിയും” ചൊല്ലിക്കഴിഞ്ഞു കുരിശുമ്മൂടു വീട്ടിലെ സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ പോലെ അവസാനം ആമേൻ പറഞ്ഞു എല്ലാവരുമെണീറ്റു…

ഇതെന്നതാ മമ്മീ, മുട്ടേലിരുന്നങ്ങ് ഉറങ്ങുവായിരുന്നല്ലോ? ജോമോൻ

ഓ, പോടാ അവിടുന്ന് ഞാനേ കർത്താവിനോടായി കണ്ണടച്ചു പ്രാർത്ഥിക്കുവായിരുന്നു.

ജോമോൻ മമ്മി ജിജിയുടെ മറുപടിയിലറിയാതെ ഒരു കോട്ടുവാ കൂടി പുറത്തേക്കു വന്നു…

എടീ നിനക്കു മുട്ടിലിരുന്ന് പ്രാർത്ഥക്കാൻ വയ്യെങ്കിൽ കസേരയിട്ടിരുന്നാൽ പോരേ? എന്തിനാ പിള്ളേരെ കൊണ്ടിങ്ങ നെ പറയിപ്പിക്കുന്നത്? ജോമോൻ ചോദ്യം ഉറപ്പിച്ചു ചോദിച്ചു.

ഓ..എന്‍റെ മനുഷ്യാ അത് നാളെ മുതൽ നോക്കാന്നേ.

മ്മ്… ആന്‍റോ അമർത്തി, ചിരിച്ചു. എന്നാലും ആനിയും സോണിച്ചനും കൂടി ആലിസ്സിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയിട്ട് വരാനിത്രേം വൈകുമെന്ന് എന്തെങ്കിലും പറഞ്ഞായിരുന്നോടാ ജോമോനെ നിന്നോട്?

ഇല്ല ചാച്ചാ…

നിങ്ങളൊന്നു വിളിച്ചു ചോദിക്കൂ മനുഷ്യാ നിങ്ങളെ പെങ്ങളും അളിയനുമല്ലേ.” ജിജി ആന്‍റോയോടു പറഞ്ഞു.

എന്‍റെ പെങ്ങളും നിന്‍റെ ആങ്ങളയും കൂടിയാണ്. അപ്പോ നിനക്കും വിളിച്ചു ചോദിക്കാം കോട്ടോ…

ഇതാ ഞാൻ നിങ്ങളെ ആലോചന വന്നപ്പോൾ പണ്ടേ പറഞ്ഞത് മാറ്റക്കല്യാണം ശരിയാകൂലാന്ന്. ആരുകേൾക്കാൻ എനിക്കു നിങ്ങളേം എന്‍റെ ആങ്ങളയ്ക്കു നിങ്ങടെ പെങ്ങളേം തന്നെ കെട്ടാനാ യോഗം കർത്താവ് തന്നത്. ഇപ്പോ ഇതാ ഇങ്ങനെ കുറവും കുറ്റവും പറയുന്നത് കേൾക്കാൻ ആണല്ലോ നിങ്ങടെ ചാച്ചൻ വർഗ്ഗീസച്ചായൻ ഞങ്ങടെ ചാച്ചൻ ചെറുപ്പം മുതലേ കൂട്ടായത് എന്ന് എനിക്കിന്നും നല്ല സംശയമുണ്ട് കോട്ടോ… ജിജി പറഞ്ഞു.

കുറവും കുറ്റവുമോ…? കാര്യം ചോദിച്ചാലും അവൾക്ക്…. ഫ്‌ഫാ.. എടീ പെമ്പ്രന്നോത്തീ നിന്‍റെ അപ്പനും എന്‍റപ്പനും തമ്മിലുള്ള സൗഹൃദം മരണം വരെയുണ്ടായിരുന്നു. ഞങ്ങൾ മക്കളിലും അതങ്ങനെ തുടരണമെന്ന് കാർന്നോർ രണ്ടു പേരും ചേർന്നുറപ്പിച്ചു. എന്നിട്ടെന്തായി. പൊന്നുപോലെ അല്ലേ നിന്നെ നോക്കുന്നത്? രണ്ടു കുടുംബവും തമ്മിൽ എന്തെങ്കിലും ചേർച്ചക്കുറവോ അഭിപ്രായ വ്യത്യാസമോ ഉണ്ടായിട്ടുണ്ടോ.

ഈ ഒറ്റവീട്ടിൽ കഴിഞ്ഞ ഇരുപത്തിയാറു കൊല്ലം താമസിച്ചിട്ടും. കാണൂലാ. അതാണ് നമ്മളുടെ പൊരുത്തം. നമ്മുടെ മോൻ ജോമോൻ സോണിച്ചനെയും അവന്‍റെ മോള് ആലീസ് എന്നെയും വിളിയുന്നത് പപ്പാ എന്നാ… പിള്ളേർ വേർതിരിവില്ലാതെ നിന്നെയും ആനിയെയും വിളിക്കുന്നത് മമ്മീ എന്നുതന്നെയുമാ. രണ്ടു പേർക്കും അപ്പന്‍റെയും അമ്മയുടേയും സ്ഥാനമാടീ. വേറെ ആർക്കുകിട്ടും ഈ ഭാഗ്യം? കർത്താവ് തന്നതാടീ ഈ സന്തോഷമൊക്കെ…

ഉവ്വ ഉവ്വേ… ഇതെല്ലാം കേട്ടപാതി കേൾക്കാത്ത പാതി ജോമോൻ മൊബൈലിൽ ആലീസിന്‍റെ നമ്പറിൽ കാൾ അമർത്തി..

എടീ… നീ എവിടാ? ഇത്രയും ലേറ്റാകുന്നതെന്തിനാ?

ദേ ഇപ്പോ എത്തുമെടാ. ഞങ്ങളീ മൂന്നാം വളവു കഴിഞ്ഞു. ആലീസ് മറുപടി പറഞ്ഞു. മ്മ് ശരി. അവരിപ്പോളിങ്ങ് വരും പപ്പാ. അവരപ്പുറത്തെ വളവുകഴിഞ്ഞു.

മ്മ്… അവരും വന്നിട്ട് വിളമ്പിയാൽ മതിയെന്നു പറഞ്ഞു ആന്‍റോ ജിജിയെ ഒന്നുകൂടി നോക്കി. ശരി ഇച്ചായാ… ജിജി ചിരിച്ചോണ്ട് മറുപടി പറഞ്ഞു എണീറ്റു പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ മുൻവശത്തെ മുറ്റത്തേക്ക് വെളുത്ത ഇന്നോവ കാർ ഇരച്ചു കയറിവന്നു.

ദേ ഡീ..അവരെത്തി. ആന്‍റണി പറഞ്ഞു. കാറിൽ നിന്നും ആദ്യം ആലീസ് പുറത്തിറങ്ങി… പിന്നാലെ ആനിയും വണ്ടി ഷെഡിലൊതുക്കി ഒരു ബാഗുമായി സോണിച്ചനും ഇറങ്ങി മുണ്ടൊന്നു മടത്തുകെട്ടി നടന്നുവന്നു…

എന്തായി സോണിച്ചാ… സർട്ടിഫിക്കറ്റ് കിട്ടിയോ യൂണിവേഴ്സിറ്റിയിൽ പോയിട്ട്?

ഓ… എന്നാ പറയാനാ ആന്‍റച്ചായാ നീണ്ട വരിയിൽ നിന്ന് യൂണിവേഴ്സ‌ിറ്റിയൽ കയറിയപ്പോൾ പുതിയ സർട്ടിഫിക്കറ്റ് തരാൻ ഇനിയും മൂന്നാഴ്ച്ച കഴിയുമെന്ന്..

ഓ… എന്നതാണോ എന്തോ, എനിക്കാ സ്ഥ‌ലം അത്രയ്ക്കങ്ങ് പിടിച്ചില്ല. എനിക്കങ്ങു വല്ലാതെയായി… പിന്നെയിങ്ങു പോന്നു.

അതേ നിങ്ങൾ കോളേജിൽ പോകാത്തോണ്ടാ… ആനി പെട്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി ആലീസ്..

ഓ… കോളേജിൽ പോയ ഒരാൾ… പ്രീഡിഗ്രിക്കപ്പുറം പഠിക്കാത്ത നീയാണോ കോളേജിൽ പോയത്. സോണിച്ചൻ മുറുമുറുത്തു.

അതേ മനുഷ്യാ… പ്രീഡിഗ്രിയും ഞാൻ കോളേജിലായിരുന്നു ഞാൻ…

ഉവ്വ ഒരു പരിഷ്ക്കാരി…

നിങ്ങളിങ്ങനെ നിന്നാൽ മതിയോ… കയറുന്നില്ലേ? ഞങ്ങളിപ്പോ പ്രാർത്ഥന കഴിഞ്ഞു.. ഒരു സംശയം പോലെ ജോമോൻ ചോദിച്ചു…

അത് നന്നായി.. ഇനി വല്ലോം തിന്നാലോ അല്ലേടാ? ആലീസ് ചോദിച്ചു ചിരിച്ചു.

നിനക്ക് പുറത്തുനിന്നും എന്തേലും വാങ്ങിതന്നു കാണുമല്ലോ? ജോമോൻ പരിഭവം പറഞ്ഞു. എനിക്കുവാങ്ങി തന്നതെല്ലാം നിനക്കും പാർസൽ വാങ്ങിച്ചിട്ടുണ്ടെടാ. നീ പിണങ്ങാതെ ജോമോനെ… ആലീസ് അവനെ ആശ്വസിപ്പിക്കുമ്പോലെ മുതുകിൽ തടവി. അതുകണ്ടപ്പോൾ എല്ലാവരും ചേർന്നുറക്കെ ചിരിച്ചു. എല്ലാവരും വീട്ടിനുള്ളിലേക്കു കയറവേ ജോമോൻ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു,

ആലീസ് എന്തുപറ്റിയെടാ നിന്‍റെ മുഖം വല്ലാതിരിക്കുന്നു. ബോറടിച്ചോ ഒറ്റയ്ക്ക്…

കുറച്ച്…

ആഹാ… ആ ഓർമ്മ വേണം, ഞാനിവിടെ ഇല്ലെങ്കിൽ ഈ വീട് തന്നെ ഉറങ്ങി പോകുമെന്ന്… ആലീസ് ചിരിച്ചു.

അതുകൊണ്ടല്ല ബോറടിച്ചത്…

പിന്നെ?

പിന്നെയോ… നീ ഇവിടെ ഇല്ലാത്തോണ്ട് അരമണിക്കൂർ നീണ്ട പ്രാർത്ഥനയിൽ നിന്നേം മുട്ടിൽ നിർത്താൻ പറ്റിയില്ലല്ലോ എന്നോർത്തപ്പോ…

പ്ഫാ… നുണയൻ തെമ്മാടി ചെറുക്കൻ…

മ്മ്…. രണ്ടും നല്ല കൂട്ടാ. പക്ഷേ ടി വിയുടെ റിമോട്ട് കയ്യിൽ കിട്ടാൻ പിന്നെ അടിയും വഴക്കും. ആനി അത് പറഞ്ഞപ്പോൾ ആലീസ് അറിയാതെ പറഞ്ഞു. കർത്താവേ… ചന്ദനമഴ സീരിയൽ കഴിഞ്ഞുകാണുമല്ലോ… അതുകേട്ടെല്ലാവരും കൂടി ചിരിച്ചു…

അത്താഴത്തിന്‍റെ സമയം ജോമോനായി സോണിച്ചനെ വിട്ടു വാങ്ങിപ്പിച്ച പാഴ്‌സൽ ആലീസവനു കൊടുത്തു.

ഇതെന്താ ആലീസേ?

കുഴിമന്തി… തണുത്തിട്ടില്ല. തിരിച്ചു വരുമ്പോൾ കുറച്ചുമുമ്പ് നിനക്കായി വാങ്ങിപ്പിച്ചത്. ഞങ്ങൾ ഉച്ചക്കിതാ കഴിച്ചത് ആലീസ് പറഞ്ഞു.

മ്മ്… ചൂടുണ്ട്.

ഇന്നെന്നതാ മീൻ കിട്ടിയെ ഇവിടെ? ആലീസ് തിരക്കി.

ഓ… ആകെ ഇത്തിരി കൊഴുവ മാത്രം. മീൻകാരി റോസമ്മയും കടലുമായി കുറേനാളായി പിണക്കത്തിലാണെന്ന് ആൻറോച്ചായനിന്ന് കളിയാക്കി പറഞ്ഞേയുള്ളൂ… ജിജി മറുപടി നൽകി.

കൊഴുവ എങ്കിൽ കൊഴുവ… ഇപ്പോ കാണിച്ചു തരാമെന്നു പറഞ്ഞവൾ എല്ലാം കൂടി ചോറിൽ ഞെരടി വാരി വിഴുങ്ങാൻ തുടങ്ങി. അതുകണ്ട ജോമോൻ പറഞ്ഞു.

പതിയെ തിന്നെടീ ഈ പ്ലേറ്റിലുള്ളത് ഇന്ന് നിനക്കു തന്നെയാ, എനിക്കീ മന്തി മതി. വേറെയാരും എടുത്തോണ്ട് പോകൂലാ… അതുകേട്ടവൾ ചിരിച്ചു.

കൊച്ചുപെണ്ണാണെന്നാ അവളുടെ ഒരു വിചാരം. വയസ്സ് ഇരുപത്തിയൊന്നായി, ക്രിസ്ത്യാനി പെങ്കൊച്ചുങ്ങൾ ഇങ്ങനെ കെട്ടുപ്രായം കഴിഞ്ഞും വീട്ടിൽ നിന്നാൽ നാട്ടുകാരെന്തു പറയും. ആന്‍റച്ചായ ഉടനെ ഇവളുടെ കെട്ടു നടത്തണം, ആ ബ്രോക്കറോട് ഒന്നിവിടം വരെ പറയുമോ കാണുമെങ്കിൽ സോണിച്ചൻ ചോദിച്ചു.

മ്മ്… ഞാൻ നാളെ കണ്ടുപറയാം.

എനിക്കിപ്പോ ഒന്നും കെട്ടണ്ട. അഞ്ചാറു വർഷം കഴിഞ്ഞു മതി എന്‍റെ മിന്നുകെട്ട്… എനിക്കേ പിജിക്കു പോകണമെന്നുണ്ട്. പറ്റിയാൽ റിസർച്ചും ചെയ്യണം. ആലീസതൊരു അപേക്ഷ പോലെ സോണിച്ചനോട് പറഞ്ഞു.

അതുശരിയാ സോണിച്ചാ… പെമ്പിള്ളാർക്ക് വിദ്യാഭ്യാസം വേണം. അതുകൊണ്ടവളെ കെട്ടുകഴിഞ്ഞും പഠിക്കാൻ വിടുന്ന മെച്ചപ്പെട്ട ഒരു കുടുംബത്തിലേക്കയച്ചാൽ മതി കേട്ടല്ലോ. ഇനി വാക്കുമാറരുത് ഞാൻ പറഞ്ഞേക്കാം….ആന്‍റോ പറഞ്ഞു.

അതല്ല ഞാൻ പറഞ്ഞതെന്ന് ആലീസ് പറഞ്ഞുതീരും മുമ്പാവിഷയം മാറ്റി സോണിച്ചൻ റബ്ബറിന്‍റെയും കുരുമുളകിന്‍റെയും മാർക്കറ്റുവിലയും ചർച്ച ചെയ്തു തുടങ്ങി… കുറച്ചുനേരത്തെ കൂട്ടം കൂടിയുള്ള സൊറ പറച്ചിൽ കഴിഞ്ഞു എല്ലാവരും കിടക്കാൻ അവരവരുടെ റൂം തേടി പോയി… സോണിച്ചനും ആനിയും രണ്ടാം നിലയിലെ വലതുവശത്തുള്ള മുറിയിലും ആന്‍റോയും ജിജിയും രണ്ടാം നിലയിൽ തന്നെ ഇടതുവശത്തെ മുറിയിലുമാണ്.

ആലീസ്സിനും ജോമോനും ആദ്യ നിലയിൽ ഹാളിന് ഓപ്പോസിറ്റ് ആയുള്ള രണ്ടുറൂമുകൾ, കുഞ്ഞിലേ മുതൽ പിള്ളേർ പടിയിൽ നിന്നും വീഴാതിരിക്കാനും വയസ്സാം കാലം ഹാളിലെത്തിയാൽ രണ്ടുപേരും പെട്ടെന്നു കാണാനുമായി ചുമരിൽ ഫോട്ടോയിൽ മാലയിട്ടു ചിരിക്കുന്ന വർഗ്ഗീസ് മാപ്പിളയുടെ കരുതൽ കൂടിയാണ് താഴത്തെ നിലയിലെ അവരുടെ റൂമുകൾ. പിറ്റേന്ന് രാവിലെ നാലു മണിക്ക് പതിവുപോലെ ആന്‍റോ കിടക്കയിൽ നിന്നും താഴേക്കു വിളിച്ചു പറഞ്ഞു… ആലീസ്റ്റുകൊച്ചേ… കട്ടൻ ഇടുവോ? അപ്പൊ തന്നെ താഴെ നിലയിൽ നിന്നും ആലിസിന്‍റെ മറുപടിയും വന്നു.

ഇപ്പോ ഇടാമേ..

നീ ഉറക്കം എണീറ്റായിരുന്നോ ആലീസേ?

ഓ… എണീറ്റു.

എന്നാ ആ ജോമോനെ പോയൊന്നു വിളിച്ചുണർത്ത് ഇത്തവണ എഞ്ചിനീയറിങ് അഡ്‌മിഷൻ എൻട്രൻസ് വഴി കിട്ടിയാൽ തുക എത്രയാ ലാഭം.

എണീറ്റു പഠിക്കാൻ പറ.

ഇത്രേം ആന്‍റോ ഉറക്കെ പറഞ്ഞിട്ടും അടുത്ത് കിടന്ന ജീജി ഉറക്കം പോലും എണീറ്റില്ലെന്നതിൽ ഒന്നുകൂടെ അവളെ അയാൾ നോക്കി.

മ്മ്… ഞാൻ പറയാം.

ഇന്നുമാത്രമല്ല ഇനിയെന്നും അവനെ രാവിലെയൊന്നു പഠിക്കാൻ വിളിച്ചുണർത്തുമോ?

മ്മ്… ഓക്കെ

ആലീസ് പറഞ്ഞു. അവളാദ്യം കട്ടൻ തിളപ്പിക്കാൻ വച്ചു. ശേഷം ജോമോന്‍റെ റൂമിലെത്തിയപ്പോൾ ബർമുഡ മാത്രമിട്ടുകൊണ്ട് ഒരുകാൽ മടക്കിപിണച്ചുവച്ചു വായും തുറന്നു കിടന്നുറങ്ങുന്നു ജോമോൻ. സാധാരണ റൂമിൻ ഡോർ അടയ്ക്കാറില്ല. അവന്‍റെ ഉറക്കം കണ്ടപ്പോൾ അവൾക്ക് ചിരിവന്നു. അവൾ ജോമോനെ കുലുക്കി

ഡാ ജോമോനെ, എണീക്ക് എണീക്ക് ഒരത്യാവശ്യമുണ്ട്. പെട്ടെന്നെണീക്ക്…

എന്തുവാ ആലീസേ അമ്മച്ചിക്ക് പിന്നേം മുട്ടുവേദന തുടങ്ങിയോ? പെട്ടെന്ന് ജോമോൻ ഞെട്ടിത്തെറിച്ചു എണീറ്റുകൊണ്ട് ചോദിച്ചു.

അതല്ല ജോമോനെ.

പിന്നെ?

നിന്നോട് എണീറ്റ് പഠിക്കാൻ പറഞ്ഞു പപ്പ.

ആലീസേ ഇതൽപ്പം കൂടിപ്പോയി. നല്ല ഒരുറക്കമായിരുന്നു. ശേ ആ ഫ്ളോയങ്ങുപോയി. ആലീസ് ചിരിച്ചു. അവളുടെ പുഞ്ചിരി അരണ്ട വെളിച്ചത്തിലും അവൻ തിരിച്ചറിഞ്ഞു.

നീ പോയി പഠിക്കൂ… ഞാൻ കട്ടൻ കൊടുത്തിട്ടു വരാമെന്നു പറഞ്ഞവൾ റൂമിന്‍റെ ലൈറ്റിട്ടിട്ട് പുറത്തേക്ക് നടന്നു. കട്ടൻ കൊണ്ടുകൊടുത്തിട്ട് തിരിച്ച് ഹാളിൽ വരുമ്പോൾ ജോമോൻ പുസ്‌തകം തുറന്നു കൊണ്ട് ഉറങ്ങിവീഴുന്ന കാഴ്ച്ചയാണ് ആലീസ് കണ്ടത്.

ഇങ്ങനെയാണോ നീ പഠിക്കുന്നത്?

ഇങ്ങനേം പഠിക്കാം എന്തോ?

മര്യാദയ്ക്കു പഠിക്ക് ഇല്ലേൽ ഞാനിപ്പോ പപ്പയെ വിളിക്കും.

മ്മ്… ഞാൻ വായിക്കുകയല്ലേ. അവൻ ദേഷ്യത്തോടെ അവളെ യൊന്നു നോക്കി. അവൾ പുഞ്ചിരിച്ചു.

രാവിലെ ഒൻപതു മണിയോടുകൂടി ജോമോൻ നോക്കുമ്പോൾ ആന്‍റോ പുതിയ വെളുത്ത ഖദർ ജുബ്ബയും ധരിച്ചു കസവുമുണ്ടും ഉടുത്തു പുറത്തേക്ക് പോകുന്നു. അവൻ ചോദിച്ചു.

എങ്ങോട്ടാ ചാച്ചാ യാത്ര?

എനിക്കേ ആ ബ്രോക്കറെ ഒന്നുകാണണം. നീയും കേട്ടതല്ലേ ഇന്നലെ സോണിച്ചൻ പറഞ്ഞ കാര്യം. നമ്മുടെ ആലീസ് കൊച്ചിന് കൊള്ളാവുന്ന ഒരു ചെറുക്കനെ തപ്പാൻ…

മ്മ്. ശരി ചാച്ചാ…

തിരിച്ചു നടക്കുമ്പോൾ ആലീസ് ചോദിച്ചു. ഡാ പപ്പയെങ്ങോട്ടാ പോയത്?

നിനക്ക് ചെക്കനെ നോക്കാൻ ബ്രോക്കറെ ഏൽപ്പിക്കാൻ.

അയ്യേ നാണക്കേട്

എന്തേ അപ്പോ നിനക്ക് കല്യാണമൊന്നും വേണ്ടേ?

മ്മ്… വേണോ?

വേണം സുഖമായി ജീവിക്കുന്ന ഒരുത്തൻ കൂടി അനുഭവിക്കട്ടെ… മനുഷ്യന്‍റെ കാര്യമല്ലേ എപ്പോഴും നല്ലതുമാത്രം പോരല്ലോ. അല്ലേ?

അയ്യടാ. പോടാ അവിടുന്ന് ഞാൻ കെട്ടിപോയാലേ നീയെന്‍റെ വിലയറിയൂ… അതുപറഞ്ഞവൾ മുഖം കനപ്പിച്ചു.

അയ്യേ സോ സില്ലി… നാണക്കേട്. നീ കെട്ടിപ്പോയാൽ പിന്നെ എനിക്ക് രാവിലെ മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും എന്നതുകൊണ്ട് ഞാനന്നു മുതലിവിടെ പടക്കം പൊട്ടിച്ചാഘോഷിക്കും.

അമ്പടാ അവന്‍റെ ഒരു സന്തോഷമേ… അവൾ ചിരിച്ചു.

ആലീസ് പിന്നേം കളർ വച്ചല്ലോ. ഇതിപ്പോ കുങ്കുമപ്പൂവ് പാലിൽ കലക്കി കുടിക്കുന്നുണ്ടോ? ഇനിയും വെളുത്താൽ സൂര്യനെ പോലെ വെട്ടം വീഴും, ചൂടാകും ഇവിടൊക്കെ മീൻവിൽപനക്കാരി റോസമ്മയുടെ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടായിരുന്നോണ്ട് ആലീസ് ചിരിച്ചു.

എന്നാ മീനാ ചേടത്തീ?

തിരുതയുണ്ട് പിന്നെ കക്കയിറച്ചിയും.

രണ്ടും എടുത്തോ അവൾ പറഞ്ഞു. ഞാനങ്ങോട്ടു വരുമ്പോൾ ആന്‍റോ സാർ പുറത്തേക്കു പോകുന്നത് കണ്ടു. മീൻ കവറിൽ ഇടുന്നതിനിടയിൽ റോസമ്മ പറഞ്ഞു.

അതവൾക്ക് ഒരു ചെക്കനെ നോക്കാൻ ബ്രോക്കറെ ഏൽപ്പിക്കാൻ പോയതാ? ആലീസിന്‍റെ നാണം കണ്ട ആനി പറഞ്ഞു.

അയ്യോ. കല്യാണപ്രായമൊക്കെ ആയോ ആലിസുകൊച്ചേ? എന്നു ചോദിച്ചുകൊണ്ട് റോസമ്മ അവളുടെ നെഞ്ചിലേക്ക് നോക്കി.

അയ്യേ ഈ ചേട്ടത്തിക്കിതെന്താ

അവൾ നാണത്തോടെ ചിരിച്ചു. ഇനിയിപ്പോ വേറെ ചെക്കൻ എന്തിനാ ദാണ്ട അപ്പുറത്ത് നിൽക്കുകയല്ലേ ചെക്കൻ. അതുപോരെന്നു ചോദിച്ചു കൊണ്ട് ഷർട്ടിടാതെ മുറ്റത്തു വെറുതെ നിൽക്കുന്ന ജോമോനെ നോക്കി റോസമ്മ വിരൽ ചൂണ്ടി. അതു മതിയായിരുന്നു. പക്ഷേ ഇവളെക്കാൾ മൂന്നുമാസം ചെക്കന് മൂപ്പുകുറയും. ഇവളാ മൂത്തത്. ആനി പറഞ്ഞു

മമ്മി എന്തൊക്കെയാ ഈ പറയുന്നേ? ജോമോൻ എനിക്ക് കൂടെപ്പിറപ്പിനെ പോലെയ… അവന് ഞാനും. ഞങ്ങളേ ബെസ്റ്റ‌് ഫ്രണ്ട്സാണ്. ആലീസ് പറഞ്ഞു. അപ്പോ ഇനി അടുത്തത് അവന്‍റെ കല്യാണമാണ് ഇവിടെ അല്ലേ. ദാണ്ടേ നിൽക്കുന്ന കുട്ടിക്കുരങ്ങൻ എന്നു റോസമ്മ പറഞ്ഞതും കാര്യമൊന്നും മനസ്സിലാക്കാതെ അകലെ നിന്ന ജോമോൻ മുറ്റത്തുകിടന്ന ഒരു ഈർക്കിൽ എടുത്തു പല്ലുകുത്താൻ തുടങ്ങിയിരുന്നു. അതുകണ്ടപ്പോൾ എല്ലാവരും കൂടി ഒരുമിച്ചു പറഞ്ഞു. കറക്റ്റാണ്… കുട്ടിക്കുരങ്ങൻ.

പത്തുമണിക്കുള്ള ചായ കഴിഞ്ഞതും അടുക്കളയിൽ നിന്ന ആലീസിനോടൊന്നോണം ജിജി കേൾക്കാൻ ജോമോൻ പറഞ്ഞു. ഞാനേ ക്രിക്കറ്റ് കളിക്കാൻ പോകുവാണേ…

ഗ്രൗണ്ടിലോ?

ഏയ് അപ്പുറത്തെ പറമ്പിൽ..

നാണമില്ലല്ലോ ഇത്രേം വളർന്നിട്ടും കളിച്ചു നടക്കാൻ. ആലീസ് ചോദിച്ചു.

അയ്യേ ഞാനെന്തിന് നാണിക്കണം. എനിക്ക് ഇരുപത്തി ഒന്നേ ആയുള്ളൂ. സച്ചിനൊക്കെ മുപ്പത്തി എട്ടാണ്.

ഉവ്വ നിന്‍റെ എൻട്രൻസ് ഇങ്ങനെ ആണേൽ സ്വാഹാ…

ഞാനിന്നു സെഞ്ച്വറി അടിച്ചു തകർക്കും ആലിസെ. കളിക്കാൻ ബിനുവും വിനോദും വന്നിട്ടുണ്ട്. അപ്പോൾ ഓക്കേ. ഞാൻ പോയി സെഞ്ച്വറി അടിക്കട്ടെ. ഉച്ചക്ക് വരാം… വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം കേട്ടോ.

മ്മ്… ആലീസ് ചിരിയിൽ മൂളി.

അയ്യോടാ… രണ്ടും ഇന്നും ഇള്ളാകുഞ്ഞല്ലേ. രണ്ടും കൂടി ഒരു പാത്രത്തിൽ നിന്നും കഴിക്കാൻ. രണ്ടും പോക്കോണം ഇന്നുമുതൽ രണ്ടുപേർക്കും രണ്ടുപാത്രം തരും. അതിൽ നിന്നും കഴിച്ചാ മതി ജിജി പറഞ്ഞു.

അതുപറ്റില്ല. കുഞ്ഞിലേ മുതൽ ശീലമായിപോയി. വീട്ടിൽ വച്ചേയുള്ളൂ ഇങ്ങനെ. കോളേജിലെ കാന്‍റീനിൽ കുഴപ്പമില്ല. ആലീസ് മറുപടിയാക്കി. അതിന് നിങ്ങൾ രണ്ടും വേറെ കോളേജിൽ അല്ലേ? അതേ അതാണ് കുഴപ്പമില്ലാത്തത് എന്നാണ് ഞാനും ഉദ്ദേശിച്ചത്. ഇങ്ങുവരട്ടെ അവന് ഇന്നുമുതൽ വേറെ പ്ളേറ്റ്. നിനക്കും വേറെ. അങ്ങനെ മുണുങ്ങിയാ മതിയിനി രണ്ടും. ഒന്നും കേൾക്കാത്ത പോലെ ബാറ്റുമെടുത്തു കൊണ്ട് ജോമോൻ വഴികേറി അപ്പുറത്തെ പറമ്പിലേക്ക് നടന്നു.

ക്രിക്കറ്റുകളിക്കിടയിൽ റോഡിലൂടെ ആന്‍റോയുടെ കാർ വീട്ടിലേക്കു പോകുന്നത് കണ്ടപ്പോൾ ജോമോൻ പറഞ്ഞു.

ഞാൻ കളി നിർത്തിയെ വീട്ടിൽ പോകുന്നു.

അതെന്താ? നിന്‍റെ പപ്പ പോയതു കണ്ടിട്ടുള്ള പേടിയാണോ?

അല്ലടാ വിനോദെ. ഇന്ന് ആലീസിന് ആലോചന കൊണ്ടുവരാൻ ബ്രോക്കറെ കാണാൻ പോയത് ചാച്ചൻ. എന്തായെന്ന് പോയി നോക്കണം

ങ്ങേ… അപ്പോ നീ കെട്ടുന്നില്ലേ ആലീസിനെ? നിനക്കവൾ നല്ല ചേർച്ചയായിരുന്നു. പോരാത്തതിന് നിന്‍റെ മുറപ്പെണ്ണല്ലേ? കൂട്ടുകാരിൽ ഒരാളായ ബിനു ചോദിച്ചു.

അയ്യേ. എന്തൊക്കെയാ ഈ പറയുന്നത് നിങ്ങൾ. ഞാൻ അവളെയോ? അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല ഞാൻ. മുറപെണ്ണ് ആയാലുമെന്‍റെ ഏറ്റവും നല്ല ഫ്രണ്ടാണ്.. പോരാത്തതിന് ഞങ്ങൾ സഹോദരങ്ങളെ പോലെയാണ്.

ആണോ? എന്നാ ക്ഷമി. പക്ഷെ ഞാൻ സത്യം പഞ്ഞതാ. നിങ്ങൾ തമ്മിൽ ഒടുക്കത്തെ വൈബായിരുന്നു. കാണാനും അതേ. വിനോദ് പറഞ്ഞു.

അവൻ അറിയാതെ ചിരിച്ചുപോയി.

മ്മ്… ആരുമിതറിയണ്ട. ഞാൻ പോകുവാണെന്ന് പറഞ്ഞുകൊണ്ടവൻ വീട്ടിലേക്ക് നടന്നു.

ആന്‍റോ അപ്പോഴേക്കും കാർ ഒതുക്കി വീട്ടിൽ കയറിയിരുന്നു. സോണിച്ചൻ മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങിവന്നു. അവൻ ആന്‍റോയെ വെറുതെ ശ്രദ്ധിച്ചു.

എന്തായി ആന്‍റോച്ചാ പോയ കാര്യം? സോണിച്ചൻ ചോദിച്ചു.

(തുടരും)

ചുവന്നസാരിക്കാരി

ഇന്ന് ശനിയാഴ്ച്ചയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയും അതിനു മുൻപത്തെ ശനിയാഴ്ച്ചയും അവൾ വന്നിരുന്നു.

ഇന്നുമവൾ വരുമോ? വന്നാൽ….?

റെയിൽവേ പോലീസിന്‍റെ ശ്രദ്ധയിൽ പെടുത്തിയാലോ? വേണ്ട… അതുവേണ്ട… പിന്നെ?

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ചിന്താമൂകനായി നിന്നു. മനസ്സിനാകെ ഒരസ്വസ്ഥത.

ഓർമ്മയിലപ്പോൾ അവളുടെ മുഖശ്രീ തെളിഞ്ഞു. ക്ഷോഭിക്കുമ്പോൾ ആ കവിൾത്തടങ്ങൾ വല്ലാതെ ചുവന്നു തുടുക്കും. വിടർന്ന കണ്ണുകൾ ഈറനാകും.

കഴിഞ്ഞ രണ്ടുവരവിലും ഒരേ വേഷമാണവൾ ധരിച്ചിരുന്നത്. ചുവന്നസാരിയും ബ്ലൗസും. അതേനിറത്തിലുള്ള കുങ്കുമപ്പൊട്ട്. ചുവന്ന കല്ലുവെച്ച മൂക്കുത്തി. അവൾ മുന്നിൽ നിന്ന് മറഞ്ഞിട്ടും നിമിഷങ്ങളോളം ആ രക്തവർണ്ണം കണ്ണിൽനിന്നും മായാതെ നിന്നു,

ഓർക്കുംതോറും ദുരൂഹതയേറുകയാണ്. ആരാണവൾ? എന്താണവളുടെ ഉദ്ദേശം?

സ്റ്റേഷൻ മാസ്റ്ററായി ചാർജ്ജെടുത്തിട്ട് ഒന്നരമാസമാകുന്നതേയുള്ളു. ഒരുപക്ഷെ ഇവിടെയുള്ള മറ്റു ജീവനക്കാർക്ക് അവളെക്കുറിച്ച് അറിയുമായിരിക്കാം. ആരോടെങ്കിലും ചോദിച്ചു നോക്കാം.

ജനാലയുടെ ചതുരത്തിലൂടെ, ഇടക്കിടെ ഒന്നോ രണ്ടോ പേർ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത് കണ്ടു. മഴ ചാറുന്നുണ്ട്. ആകാശത്ത് മഴമേഘങ്ങൾ ശണ്ഠകൂടാൻ തുടങ്ങിയിരിക്കുന്നു. സന്ധ്യയാകാറായില്ലെങ്കിലും മുറിക്കകത്ത് ഇരുട്ട് കടന്നുവന്നു കഴിഞ്ഞു.

അയാൾ ചുവരിലെ സ്വിച്ചിൽ വിരലമർത്തി. മൂന്നാഴ്ച്ചകൾക്ക് മുൻപുവരെ ഈ സമയത്ത് പ്ലാറ്റ്ഫോമിൽ നല്ലതിരക്കായിരിക്കും. ഏഴുമണിയുടെ മദ്രാസ് മെയിൽ കാത്തുനിൽകുന്ന യാത്രക്കാർ, അവരെ യാത്രയയക്കാൻ വരുന്ന ബന്ധുക്കൾ, പിന്നെ ഭക്ഷണസാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും മറ്റും വിൽക്കുന്ന കച്ചവടക്കാർ, പോർട്ടർമാർ, ഭിക്ഷക്കാർ; അങ്ങനെ ആകെ ബഹളം.

യാത്രക്കാരുടെ ദൃഷ്ടികൾ നീണ്ടുകിടക്കുന്ന പാളത്തിലായിരിക്കും. പക്ഷെ അതെല്ലാം പഴയകഥ.

ഏഴുമണിക്കെത്തുന്ന മദ്രാസ് മെയിൽ ഈ സ്റ്റേഷനിൽ നിർത്തേണ്ടതില്ലെന്ന് ഹെഡ് ഓഫീസിൽനിന്നുള്ള ഓർഡർ വരുന്നതിനു മുൻപ്; ഇപ്പോൾ ആ വണ്ടിക്കിവിടെ സ്റ്റോപ്പില്ല. പ്ലാറ്റ്ഫോമിൽ തിരക്കുമില്ല.

അയാൾ വാച്ചിൽ നോക്കി. സമയം ആറരയാകാൻ പോകുന്നു.

ഇന്ന് ശനിയാഴ്ചയാണ്. ഇന്നും അവൾ വരുമോ?

രണ്ടാഴ്ചകൾക്ക് മുൻപാണവൾ ആദ്യമായി അയാളെ കാണാൻ വന്നത്. ഒരു ശനിയാഴ്ച. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയിട്ട് നിമിഷങ്ങൾക്കു ശേഷം.

അകന്നുപോകുന്ന വണ്ടിചക്രങ്ങളുടെ താളക്രമത്തിലുള്ള സ്വരം ചെവിയോർത്തു കൊണ്ട് ഹെഡ്ഓഫീസിൽ നിന്നെത്തിയ മെയിൽ ശ്രദ്ധയോടെ വായിക്കുകയായിരുന്നു അയാൾ.

വാതിൽക്കലപ്പോൾ ഒരു കാലനക്കം. തലയുയർത്തിയപ്പോൾ മുറിക്കകത്തേക്ക് കടന്നു വരുന്ന മുപ്പതിൽ താഴെ പ്രായമുള്ള ഒരു യുവതി.

ധൃതിയിൽ അയാളുടെ മുന്നിൽ വന്ന് നില്പായി അവൾ. മുഖത്തെ ഗൗരവഭാവം ശ്രദ്ധിച്ചുകൊണ്ട് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.

“എന്താ?”

അവൾ മറൂപടി നൽകിയില്ല. അതിനൊന്നും ബാദ്ധ്യസ്ഥയല്ല എന്ന ഭാവമായിരുന്നു അവൾക്ക്.

“നിങ്ങളാണോ ഇവിടത്തെ സ്റ്റേഷൻമാസ്റ്റർ?” ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നികൃഷ്ടനായ ജന്തു നിങ്ങളാണ് എന്ന ധ്വനിയുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“അതെ.എന്തെങ്കിലും പ്രശ്നം”

“എന്നിട്ടാണോ ഒന്നും അറിയാത്ത ഭാവത്തിൽ ഇവിടെയിങ്ങനെ മുനിയേപ്പോലെ ഇരിക്കുന്നത്?”

ചോദ്യം വ്യക്തമായില്ലെങ്കിലും അവളുടെ ശാസനാസ്വരം അയാളെ തെല്ലൊന്ന് ചൊടിപ്പിച്ചു. മനസംയമനം പാലിച്ചുകൊണ്ട് അയാൾ ചോദിച്ചു “നിങ്ങൾ… നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?”

“ഏഴുമണിയുടെ മദ്രാസ് മേയിൽ ഈ സ്റ്റേഷനിൽ നിർത്താതെ കടന്നുപോകാൻ തുടങ്ങിയിട്ട് എത്രയാഴ്ചയായി?”

“രണ്ടുമൂന്നാഴ്ചയായി കാണും.”

“എന്നിട്ട് നിങ്ങളെന്താ ഒരു നടപടിയും എടുക്കാത്തത്?”

“എന്തിന്?” അയാൾ അത്ഭുതാധീനനായി

“മൂന്നാഴ്ചകൾക്കു മുൻപ് ഈ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരുന്നതു പോലെ തുടരാൻ…”

“നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണിത്ര താല്പര്യം?”

“പതിവായി ഈ സ്റ്റേഷനിലിറങ്ങാറുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും. അതുതന്നെ” ന്യായം തന്‍റെ ഭാഗത്താണെന്ന ഊറ്റമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“പക്ഷെ എനിക്ക് ഹെഡോഫീസിൽ നിന്നുള്ള ഓർഡർ അനുസരിക്കണമല്ലോ”

“യാത്രക്കാരുടെ അസൗകര്യങ്ങളോ? എന്താണ് ആരും അതൊന്നും ആലോചിക്കാത്തത്”

“നിങ്ങൾ അത്തരത്തിലൊരു യാത്രക്കാരിയാണോ?”

“ഞാൻ… ഞാൻ… എന്‍റെ പ്രശ്നമല്ല ഞാൻ പറഞ്ഞത്. യാത്രക്കാരുടെ… വണ്ടിയിൽ ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ…” ക്ഷോഭം കൊണ്ട് അവളുടെ സ്വരമുയർന്നു. മേശയുടെ അരികിൽ വിശ്രമിച്ചിരുന്ന അവളുടെ കൈവിരലുകളപ്പോൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ചുണ്ടിനു മുകളിൽ വിയർപ്പിന്‍റെ ചെറുകണങ്ങൾ.

റെയിൽവെയുടെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അവളിങ്ങനെ ക്ഷുഭിതയാകുന്നത്? തൽക്കാലത്തേക്ക് അവളെ സമാധാനിപ്പിക്കാൻ വേണ്ടി അയാൾ പറഞ്ഞു.

“നിങ്ങളൊരു പരാതിയെഴുതിത്തരൂ”

അടുത്ത നിമിഷം പെട്ടെന്ന് അവസാനിച്ച ഒരു സ്വപ്നം പോലെ അവൾ മുന്നിൽ നിന്നും അപ്രത്യക്ഷയാകുകയും ചെയ്തു.

കൃത്യം പിന്നത്തെ ശനിയാഴ്‌ച്ചയും അവളെത്തി. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയി നിമിഷങ്ങൾക്കകം ഒരു തീജ്വാല പോലെ അവൾ! അതേ ചുവന്ന സാരിയും ബ്ലൗസും. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന സിന്ദൂരപ്പൊട്ട്.

“പരാതി കൊണ്ടുവന്നിട്ടുണ്ടോ” അയാൾ തിരക്കി.

“എന്തിന്? ഇവിടെ ഇറങ്ങേണ്ട യാത്രക്കാരെ സഹായിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടോ ഇല്ലയോ?” അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ചുവപ്പുകല്ലിന്‍റെ മൂക്കുത്തിയപ്പോൾ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

എതിരാളിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതു പോലെയുള്ള അവളുടെ ശാസന അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കയ്യെത്തുന്ന ദൂരത്തിലിരിക്കുന്ന ഫോൺ ഒന്ന് കറക്കിയാൽ മതി. റെയിൽവേ പോലീസവളെ ഒരു താക്കീതും കൊടുത്ത് പറഞ്ഞയച്ചോളും. അയാൾ ഫോണിന്‍റെ റിസീവറെടുക്കാൻ കൈ നീട്ടിയതായിരുന്നു. അപ്പോഴാണയാൾ അവളുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണൂകൾ ശ്രദ്ധിക്കുന്നത്. പെട്ടെന്നയാൾ കൈ പിൻവലിച്ചു.

“നിങ്ങളുടെ ആരാണ് ഈ വണ്ടിയിൽ വരാറുള്ളത്?” സൗമ്യസ്വരത്തിലയാൾ ചോദിച്ചു

സാരിത്തുമ്പിനാൽ കണ്ണീരൊപ്പിക്കൊണ്ട് അവൾ വിതുമ്പി. “എന്‍റെ ഭർത്താവ്. അദ്ദേഹം എന്നെക്കാണാൻ വന്നിട്ട് എത്രനാളായെന്നറിയാമോ?” അടുത്ത നിമിഷം വീണ്ടും അവളുടെ സ്വരം പരുഷമായി “എല്ലാത്തിനും കാരണം നിങ്ങളാണ്.”

ഇതെവിടത്തെ ന്യായം. അതിന് മറ്റുള്ളവർക്ക് എന്തുചെയ്യാനാകും? അവളുടെ ഭർത്താവിന് ബസ്സിലൊ മറ്റോ വരാമല്ലോ. മറ്റു വാഹനങ്ങളൊന്നും ഇല്ലാത്തതുപോലെ

“നിങ്ങളുടെ ഭർത്താവിന് ബസ്സിൽ വരാമല്ലോ?’“

“അത്…” ജാള്യതകൊണ്ടാകാം അവളുടെ മുഖം വിളറിപ്പോയി.

“നിങ്ങളുടെ ഭർത്താവ് വരാതായിട്ട് എത്ര നാളായി?”

അവളൊരു നിമിഷത്തേക്ക് ചിന്താമൂകയായി. പിന്നെ നിസ്സഹായത നിഴലിക്കുന്ന സ്വരത്തിൽ ഉഴറി “എനിക്ക്.. എനിക്കൊന്നും ഓർമ്മിക്കാൻ കഴിയുന്നില്ല…”

അടുത്ത നിമിഷം കവിളിലെ കണ്ണീർ നനവ് അമർത്തി തുടച്ചകൊണ്ട് അവൾ വീണ്ടും കയർത്തു.

“നിങ്ങളെന്തിനാ അതൊക്കെയന്വേഷിക്കുന്നത്. ആദ്യം എന്‍റെ ചോദ്യത്തിനുത്തരം പറയൂ. ഏഴുമണിയുടെ എക്സ്പ്രസ്സ് ഇവിടെ നിർത്തുമോ ഇല്ലയോ?”

അവർക്കിടയിൽ നിശ്ശബ്ദത പരന്നു. അയാളുടെ മൗനം അവളെ കൂടുതൽ രോഷാകുലയാക്കി.

“എങ്കിൽ… എങ്കിൽ… ഞാനാവണ്ടി പിടിച്ചു നിർത്തും. ഈ കൈകൊണ്ട്… ഇങ്ങനെ…” മേശയുടെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന വിരലുകളിലെ നെയിൽ പോളിഷിട്ട നഖങ്ങളപ്പോൾ രക്തത്തുള്ളികളെപ്പോലെ തിളങ്ങി.

അടുത്തനിമിഷം അയാളെ ഒരിക്കൽക്കൂടി അമ്പരപ്പിച്ചുകൊണ്ട് ഗതിമാറിയ ഒരു കൊടുങ്കാറ്റു പോലെ അവളയാളുടെ മുന്നിൽ നിന്ന് നടന്നകലുകയും ചെയ്തു.

ഇന്ന് ശനിയാഴ്ചയാണ്.സമയം ഏഴുമണി. ഇന്നുമവൾ…? ടക്… ടക്… ടക്… കാതടപ്പിക്കുന്ന ശബ്ദാരവങ്ങളോടെ മദ്രാസ് മെയിൽ കടന്നു പോകുകയാണ് സ്റ്റേഷൻമാസ്റ്ററുടെ റൂമിലെ ചുവരുകളിൽ ട്രെയിനിന്‍റെ വെളിച്ചം സമ്മാനിച്ച പ്രകാശപാളികൾ ഓടിമറഞ്ഞു.

ആരെല്ലാമോ ഓടിയടുക്കുന്ന കാലൊച്ചകൾ; റെയിൽവെ ഗാർഡിന്‍റെ പരിഭ്രാന്തമായ സ്വരം…

“ആ പെണ്ണ് ആ ചുവന്ന സാരിക്കാരി… പാളത്തിൽ… വണ്ടി കയറി…”

ശരീരമാകെ പടർന്ന ഒരു വിറയലോടെ സ്റ്റേഷൻ മാസ്റ്റർ പുറത്തേക്കോടിച്ചെന്നു.

അയാൾ പതറുന്ന സ്വരത്തിൽ ചോദിച്ചു “ആര്… ആരാണ്”

“എല്ലാ ശനിയാഴ്ച്ചയും പ്ലാറ്റ്ഫോമിൽ വന്ന് കാത്തിരിക്കാറില്ലേ,സർ. അവൾ…ആ ചുവന്ന സാരിക്കാരി..”

“നിങ്ങൾക്കവളെ പരിചയമുണ്ടോ?” സ്റ്റേഷൻ മാസ്റ്ററുടെ സ്വരമപ്പോൾ വല്ലാതെ വിറകൊണ്ടു

“ആ പെണ്ണിവിടെ അടുത്തുതന്നെയുള്ളവളാണ് സാർ. അതിന്‍റെ ഭർത്താവവളെ ഉപേക്ഷിച്ചതാ. അതോടെ തലക്ക് സുഖമില്ലാതായി. എല്ലാ ശനിയാഴ്ചയും ഈ നേരത്ത് പ്ലാറ്റ്ഫോമിൽ വന്ന് അയാളേയും കാത്തിരിക്കും. പാവം”

പുറത്ത് അപകടം കേട്ടറിഞ്ഞ് ഓടിക്കൂടുന്നവരുടെ കലപില ശബ്ദങ്ങൾക്കപ്പോൾ സാന്ദ്രതയേറുകയായിരുന്നു.

ചെറുകഥകൾ

 

മാറാലകൾ മുകളിൽ നിന്ന് തുടച്ചു നീക്കുന്ന ശ്യാമയുടെ കണ്ണുകൾ എന്തെന്നില്ലാത്ത ആവേശത്തോടെ വീടിനകം മുഴുവൻ കറങ്ങുന്നുണ്ടായിരുന്നു.

കുഞ്ഞു… നീ വീഴാതെ കളിക്കണ്ടോ…

അമ്മയുടെ ആവലാതിയെല്ലാം നിറച്ച സ്വരം നിശബ്ദമായ ആ വീട്ടിൽ മൊത്തം നിറഞ്ഞു.

ഷെൽഫിൽ നിന്ന് പഴയ പുസ്തകങ്ങൾ പൊടിതട്ടി വെക്കുമ്പോളാണ് അപ്രതീക്ഷിതമായി ഓ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം കണ്ണിൽപ്പെട്ടത്.

കയ്യിലിരുന്ന പുസ്തകം റാക്കിലേക്ക് തള്ളിക്കയറ്റി ആ പുസ്തകം കൈയ്യിൽ എടുത്തു. രവി മാഷ്… മറക്കാൻ പറ്റാത്ത കഥാപാത്രം. പുസ്തകത്തിന്‍റെ പടർപ്പിലൂടെ കൈയോടിച്ച് ആദ്യ താള് മറിച്ചു.

ഘനശ്യാമൻ…

കൈ വിരലിന്‍റെ അറ്റത്തൂടെ മഞ്ഞുതുള്ളികൾ പോലെ എന്തോ ഒന്ന് ഒലിച്ചിറങ്ങി. ഹൃദയത്തിന്‍റെ കനം കൂടിയും കുറഞ്ഞും ഇടിക്കുന്ന ശബ്ദം എന്‍റെ അസ്വസ്ഥതകളെ കെട്ടി മുറുക്കി. തലമുടിയിലൂടെ അരിച്ചിറങ്ങിയ വിയർപ്പ് ഒച്ചിനെ പോലെ ഇഴഞ്ഞ് നീങ്ങി. മൈതാനത്തിൽ ധൂളിയിട്ട കലാലയത്തിലേക്ക് ഞാൻ അറിയാതെ എന്‍റെ മനസ്സ് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു. വേണ്ടെന്നു തോന്നിയിട്ടും നിരുത്സാഹം ഏറ്റുവാങ്ങി ഞാനും!

ഘനശ്യാമൻ… ഘനശ്യാമൻ…

ആവർത്തിച്ച് ആവർത്തിച്ച് എന്നിലേക്ക് ആ പേര് ഞാൻ ചേർത്തു നിർത്തി. ഭൂതകാലത്തിന്‍റെ ഓർമയിലേക്ക് ഊളിയിട്ട് ഒരു കൗമാരക്കാരിയുടെ അപക്വമായ ചെരുവിന്‍റെ ഓരത്തൂടെ ഞാൻ ചലിച്ചു.

മറന്നുവോ… കൃഷ്ണ…

അതിവേഗം പായുന്ന ഫുട്ബോളിനൊപ്പം കാരിരുക്കിന്‍റെ ശക്തിയോടെ ഊക്കോടെ പായുന്ന കാർവർണ്ണൻ. മഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ ബെഞ്ചുകളും ഡെസ്കുകളും ഒക്കെ കൂട്ടിയിട്ട പഴയ മുറിയുടെ നിശ്ശബ്ദമായ സാന്നിദ്ധ്യം. ഇളവെയിലിന്‍റെ ചെറിയ വെളിച്ചം ഞങ്ങളുടെ കൈകളിൽ മാറി മാറി അടിച്ചു കൊണ്ടേയിരുന്നു.

ആദ്യ ചുംബനം ആദ്യ സ്പർശനം അതൊക്കെ മറക്കാൻ കഴിയുമോ? ആത്മാവിൽ പ്രാണനുള്ളിടത്തോളം.

സ്വന്തം ഓർമ്മകളുടെ വേരുകൾ അറുത്തു കൊണ്ട് ആ താള് കീറി മാറാലയോടൊപ്പം ഇട്ട് കൊണ്ട് ഞാൻ നെടുവീർപ്പെട്ടു. അനശ്വര പ്രണയം… കവിതകൾ പാടിയുറക്കിയ കവീശ്വരൻമാർക്ക് പ്രണാമം.

ഗ്യാസ് അടുപ്പിൽ നിന്ന് തിളച്ച് പൊങ്ങിയ പാൽ തുടച്ച് കുപ്പി ഗ്ലാസ്സിലേക്ക് പകർന്ന് ചൂടോടെ ഞാൻ ഊതി കുടിച്ചു. പ്രണയത്തെ എപ്പോഴും പൂർണമാക്കുന്നത് ഇങ്ങനെയുള്ള ചില പ്രതീകങ്ങളാണ്. കരയുന്ന കുഞ്ഞിനെ മടിയിലേക്ക് എടുത്തു വച്ച് അവന്‍റെ വായിലേക്ക് മുല അമർത്തി കൊടുത്തു. വിശപ്പ് മാറുവോളം പാൽ ചുരത്തി കൊടുത്ത് അവന്‍റെ നെറ്റിയിൽ ഉമ്മ വെച്ചു ഞാൻ പറഞ്ഞു…

ഘനശ്യാമൻ…

– അശ്വതി എൻ.വി

കുടിയിറക്കം

malayalam 2 stories 660*430

വേദന കൊണ്ടയാൾ പുളയുകയായിരുന്നു. ഇടതു ചെവിയിൽ അമർത്തി തിരുമ്മിക്കൊണ്ട്‌ ഒരപസ്മാരരോഗിയെപ്പോലെ അയാൾ ഉറഞ്ഞു തുള്ളി. ചെവിക്കകത്ത്‌ കൊടുങ്കാറ്റടിക്കുന്നതു പോലെയും പടക്കുതിരകൾ കുതിക്കുന്നതായും അയാൾക്കു തോന്നി.

”ചെവിക്കായം പറക്കുന്നതാ, നിങ്ങളൊന്നടങ്ങിയിരിക്ക് ഞാനൊന്നു നോക്കട്ടെ.” ഭാര്യയുടെ നിസ്സാരവൽക്കരിക്കൽ കേട്ട് അയാൾക്ക് അരിശവും വരുന്നുണ്ടായിരുന്നു. വേദന അമർത്താനുള്ള ശ്രമം പരാജയപ്പെട്ട് അയാൾ സോഫയിലേക്കിരുന്നു.

”നീയാ വെളിച്ചെണ്ണയെടുത്ത്‌ ചെവിയിലൊട്ടൊന്നിറ്റിച്ചുതാ വേദന സഹിക്കാമ്മേല” അയാൾ ഭാര്യയോടു പറഞ്ഞു. അത് കേട്ടുകൊണ്ടാണ് മകൾ അവിടേക്കു വന്നത്.

”അച്ഛാ ചെവിക്കകത്ത് ഓയിലൊന്നും ഒഴിച്ചു കൂടെന്നാ ഡോക്‌ടർമാര് പറേണത്” അവളുടെ വൈദ്യവിജ്ഞാനം ശ്രദ്ധിക്കാതെ അയാൾ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് കണ്ണുകൾ പൂട്ടി അമർന്നിരുന്നു. ഭാര്യ അടുത്തു വന്ന് അയാളെ കുറേ നേരം നോക്കിയിരുന്നതൊന്നും അയാളറിയുന്നുണ്ടായിരുന്നില്ല.

“ങാ…… ഇതുറുമ്പു കയറീതു തന്ന്യാ……” അയാളുടെ കഴുത്തിനു പിൻവശത്തു നിന്നും ഒരുറുമ്പിനെ നുള്ളിയെടുത്തുകൊണ്ട് ഭാര്യ പറഞ്ഞതു കേട്ട് അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു.

”ഉറുമ്പാണെങ്കി ഇപ്പോ ഞാനെടുത്തു തരാം” മൊബൈൽ എടുത്ത് ടോർച്ചു മിന്നിച്ചു കൊണ്ട് മകൾ അരികിലേക്ക് ചേർന്നിരുന്നു.

”ചെവിയിലേക്ക് ടോർച്ചടിച്ചു കൊടുത്താൽ ഏതുറുമ്പും ക്ഷണത്തിൽ വെളിയിലേക്കു വരും” മകൾ പറഞ്ഞു.

എങ്ങനെയെങ്കിലും ഈ പരവേശത്തിൽ നിന്നു മുക്തി കിട്ടിയാൽ മതി എന്നു ചിന്തിച്ച് അയാൾ സോഫയിലേക്കു ചരിഞ്ഞു കിടന്നു. മകൾ മൊബൈലിന്‍റെ ടോർച്ച് അയാളുടെ ചെവിക്കകത്തേക്കു തെളിയിച്ചു.

ഒരു മിനിട്ട് കഴിഞ്ഞപ്പോഴേക്കും തെല്ലൊരാശ്വാസം ഉണ്ടായി. ചെവിക്കകത്തെ കൊളുത്തിപ്പിടിത്തത്തിന് അയവു വന്നപോലെയും, പുറത്തേക്ക് എന്തോ ഇഴഞ്ഞിറങ്ങുന്നതായും തോന്നി. ശ്വാസം പിടിച്ച് അയാൾ അനങ്ങാതെ കിടന്നു. ”ദാ ദാ വരണുണ്ട് അവൻ ….കടിയനുറുമ്പാ”. മകൾ ഉത്സാഹത്തോടെ പറഞ്ഞു.

ഉറുമ്പ് പൂർണ്ണമായും വെളിയിലേക്കു വന്നയുടൻ വിരലുകൾ അകത്തേക്കിട്ട് അവൾ അതിനെ കൈപ്പിടിയിലൊതുക്കി പുറത്തേക്കെറിഞ്ഞു.

ചെവിക്കകത്തെ കടലിരമ്പം ഇപ്പോൾ പൂർണ്ണമായും അവസാനിച്ചിരിക്കുന്നു. അവാച്യമായൊരു ശാന്തത അയാളെ പുല്‌കി. പതിയെ സുഖകരമായ ഒരാലസ്യത്തിലേക്ക് അയാൾ ഊർന്നിറങ്ങി. ബോധം അബോധത്തിന്‍റെ തുരുത്തിലേക്കു തുഴഞ്ഞു കൊണ്ടിരിക്കെ  ഒരശരീരി കേട്ടു ”സഹോദരാ ഉണരൂ, എന്തൊരുറക്കമാ ഇത്?”

”ആരാ?” പകുതി ബോധത്തിൽ അയാൾ പ്രതിവചിച്ചു.

”ഞാൻ ഉറുമ്പാ… നേരത്തേ നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന….” ”ഹോ… വീണ്ടും വന്നോ ശല്ല്യപ്പെടുത്താൻ എന്തു വേണം നിനക്ക്?” അയാൾ അലോസരത്തോടെ ചോദിച്ചു.

”ഞാനെങ്ങനെ പോകാനാണ് സഹോദരാ, ഞങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നൊരു ദേശത്തേയ്ക്ക്?

അസ്‌തിത്വം ചോദ്യം ചെയ്യപ്പെടുന്നൊരിടത്തേക്കു വീണ്ടും തിരിച്ചു ചെല്ലാൻ ആരാണ് താത്പര്യപ്പെടുക?” ഉറച്ച ശബ്ദത്തിലുള്ള ഉറുമ്പിന്‍റെ ചോദ്യം അയാളെ തെല്ലുനേരത്തേക്ക് സന്നിഗ്ധതയിലാക്കി.

”ആരാ ആരാ നിങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുന്നത്? ആരാണ് നിങ്ങളെ അവിടെ നിന്ന് ആട്ടിയോടിച്ചത്?” അയാൾ ആകാംക്ഷയോടെ തിരക്കി.

“അതൊക്കെ ഒരു കഥയാണ് സഹോദരാ, വലിയൊരു കുടിയൊഴിപ്പിക്കലിന്‍റെ കഥ. ജനിച്ചതിനും ജീവിക്കുന്നതിനും ഇനി വരാൻ പോകുന്ന മരണത്തിനു ഒക്കെയുള്ള തെളിവുകൾ ഞങ്ങൾ ഉറുമ്പുകൾ എവിടെപ്പോയുണ്ടാക്കാനാ. നാണം കെട്ടും ഭയന്നും അവിടെ കഴിയുന്നതിലും ഭേദം ഇങ്ങോട്ടു വരുന്നതാണ് നല്ലതെന്നു തോന്നി. ആദ്യമൊന്നും ഒട്ടുമേ ഇഷ്‌ടമായിരുന്നില്ല ഇവിടം. എപ്പോഴും അന്ധകാരത്തിലമർന്നു കിടന്നിരുന്ന ഈ സ്‌ഥലം പിന്നെയെപ്പൊഴോ ഇഷ്‌ടപ്പെടേണ്ടി വന്നു. ആഹാരത്തിനുള്ള ബുദ്ധിമുട്ടും അലട്ടിയില്ല. വല്ലപ്പോഴും താങ്കളുടെ കർണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന ആ മധുരിക്കുന്ന സ്രവം… അത് ധാരാളമായിരുന്നു അഷ്‌ടിക്ക്. എന്നാൽ നശിച്ച ആ ടോർച്ചു വെളിച്ചം എല്ലാം നശിപ്പിച്ചു. ഒരു ക്ഷണത്തേക്ക് മനോനിലയാകെ മാറ്റി മറിച്ചു. വീണ്ടും വെളിച്ചത്തിന്‍റെ ലോകത്തെത്താനുള്ള ദുഷ്ചിന്ത മാരീചനെപ്പോലെ വഴിതെറ്റിച്ചു കളഞ്ഞു. എന്തായാലും സംഭവിച്ചതു സംഭവിച്ചു. വെളിച്ചം കണ്ടപ്പോൾ അപ്പോഴത്തെ ഒരാഹ്ളാദത്തിന് താങ്കളെ ചെറുതായി വേദനിപ്പിച്ചതിൽ ഇപ്പോൾ ദുഖവുമുണ്ട്. ഇനിയതുണ്ടാവില്ല. സ്വസ്ഥതയാർന്ന ഈ സുരക്ഷിത ഗുഹയിൽ കഴിയാൻ ദയവായി അനുവദിക്കണം…” ഉറുമ്പിന്‍റെ സ്വരം ഒരു തേങ്ങലായി നേർത്തുനേർത്തു വന്നു. ക്രമേണ അത് ഒരു മുഴക്കമായി ചെവിക്കകത്തേക്ക് ഉൾവലിയുന്നതായി അയാൾക്കു തോന്നി.

പുതിയൊരു ബോധത്തിലേക്ക് കാൽകുത്തിയിറങ്ങിയപോൽ അയാൾ കണ്ണുകൾ തുറന്നുപിടിച്ചു. അപ്പോൾ കണ്ടത് കരിമ്പടം പുതച്ചു കൊണ്ട് ഒരു കൂട്ടം ഉറുമ്പുകൾ വരിവരിയായി അയാളുടെ കർണ്ണകവാടത്തിനരികിലേക്ക് അരിച്ചരിച്ചു വരുന്നതാണ്. തെല്ലും ഭയമില്ലാതെ നിസ്സംഗതയിൽ പൊതിഞ്ഞൊരു പുഞ്ചിരിയോടെ അയാളാ കാഴ്ച നോക്കി കിടന്നു.

– സന്തോഷ് ആറ്റിങ്ങൽ

മെഹറുബ

മെഹറുബായ്ക്ക് അന്ന് 14 വയസ്സായിരുന്നു. സ്കൂളിൽ നിന്ന് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അന്ന് തന്റെ സ്‌കൂളിലെ അവസാന ദിനമാണെന്ന് അവൾ ഓർത്തതേയില്ല. അമ്മയുടെ മുഖത്തെ അപരിചിതമായ ഗൗരവം കണ്ട് അവൾ അന്ധാളിച്ചു. അച്‌ഛന്റെ മൗനം വാക്കുകളേക്കാൾ ഭാരം ഉള്ളതായിരുന്നു. “നിന്റെ വിവാഹം നിശ്ച‌യിച്ചു.“ ആ വാക്കുകൾ അവളുടെ കാതിൽ ഇടിമുഴക്കംപോലെ മുഴങ്ങിക്കൊണ്ടിരുന്നു. ചോദ്യങ്ങൾക്കും എതിർപ്പിനും ഒരു പ്രസക്തിയും ഇല്ല എന്നറിയാവുന്നതിനാൽ അവൾ നിശബ്ദയായി നിന്നതേ ഉള്ളൂ.

വിവാഹത്തെക്കുറിച്ചുള്ള സ്വ‌പ്നങ്ങളും സങ്കൽപ്പങ്ങളും ആ ബാലഹൃദയത്തിൽ എത്തി നോക്കിയിട്ട് പോലും ഇല്ലായിരുന്നു. വിവാഹം ഒരു സ്വപ്നമായിരുന്നില്ല അവൾക്ക് അത് മറ്റുള്ളവർ അവളുടെ മേൽ എഴുതിയ ഒരു വിധിയായിരുന്നു. മൈലാഞ്ചിയുടെ നിറം ഉണങ്ങുന്നതിന് മുമ്പേ ദുരിതത്തിന്റെ ഘോഷയാത്ര തുടങ്ങിയെന്ന് ആദ്യത്തെ ആഴ്ച‌കളിൽ തന്നെ അവൾ മനസ്സിലാക്കി. ആ വീട്ടിൽ ചിരിക്കുന്നത് പോലും കുറ്റമാണ്. ഭർത്താവിന്റെ കണ്ണുകളിൽ അവൾ കണ്ടത് സ്നേഹമല്ല മറിച്ച് കാമവും അധികാരവുമായിരുന്നു. എല്ലാം സഹിച്ചാൽ എല്ലാം ശരിയാകും എന്ന അമ്മയുടെ ഉപദേശം അവളുടെ ദിനചര്യയായി മാറി. രാത്രികൾ എന്നും അവളെ ഭയപ്പെടുത്തുന്നതായിരുന്നു. പകലുകൾ ശ്വാസം എടുക്കാനുള്ള ഇടവേളയും. അവളുടെ വേദനകൾ ആരും കേൾക്കാതെയായി. അന്നൊരു രാത്രിയിൽ മദ്യപിച്ച് ലെക്ക് കെട്ട് ആരുടേയോ സ്‌കൂട്ടറിന്റെ പുറകിൽ ഇരുന്നുവന്ന അയാൾ ഒരു മൃഗമായി മാറുകയായിരുന്നു. അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന മെഹ്റുവിനെ എടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോൾ അവൾക്കറിയില്ലായിരുന്നു ഇത് അവളുടെ കഥയുടെ അവസാനമാണോ അതോ ആദ്യ അധ്യായത്തിന്റെ തുടക്കമാണോ എന്ന്. കണ്ണാടിയിൽ സ്വന്തം മുഖം കണ്ട് അവൾ ഭയന്നുപോയി.

ആശുപത്രിയിലെ വെളുത്ത ചുവരുകൾ മെഹ്റുവിന് പുതിയ ലോകമായിരുന്നു. അവൾക്ക് അവിടെ ഓരോ നിമിഷവും വേദനയുടെ നിമിഷങ്ങൾ ആയിരുന്നു. അവൾ കണ്ണാടിയെ ഒഴിവാക്കാൻ തുടങ്ങി. മുഖത്ത് കെട്ടിയിരുന്ന വെളുത്ത തുണി അവളുടെ ആത്മധൈര്യം ചോർന്നു പോകാതിരിക്കാനുള്ള മറയായിരുന്നു. അത് നീക്കാൻ തന്നെ അവൾ ഭയപ്പെട്ടു. ആശുപത്രിയിലെ ഡോക്‌ടർമാർ അവൾക്ക് മനോധൈര്യം കൊടുത്തുകൊണ്ടേയിരുന്നു. ശസ്ത്രക്രിയകളെക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും അവർ അവളോട് സംസാരിച്ചു. അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇനി എനിക്ക് സാധാരണ ജീവിതം നയിക്കാൻ ആകുമോ? അവളുടെ അമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു. കണ്ണിൽ കുറ്റബോധത്തോടെ ചില ബന്ധുക്കൾ വന്നു കണ്ടു. ചിലർ വന്നില്ല. വന്നവർ കരുണയോടെ അവളെ നോക്കി. രാത്രികളിൽ അവൾ ഉറങ്ങിയില്ല. ഓർമ്മകൾ അവളെ ഉറങ്ങാൻ അനുവദിച്ചില്ല.

നേഴ്സ് അവളുടെ അടുക്കൽ ചെന്നിരുന്നു ചെറു ചിരിയോടെ ചോദിച്ചു.

“നിനക്ക് ഭയമുണ്ടോ? ആ ചോദ്യം കേട്ട് അവൾ ആദ്യമായി കരഞ്ഞു ശബ്ദമില്ലാതെ അടക്കിപ്പിടിച്ച കരച്ചിൽ.

അവർ തുടർന്നു… “നിന്റെ ഭയത്തെ തോൽപ്പിച്ചാൽ നീ വീണ്ടും ജനിക്കും”

ആ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു തിരി കൊളുത്തി. മുഖത്തെ ശസ്ത്രക്രിയകൾ തുടങ്ങി വേദന അവളുടെ കൂടപ്പിറപ്പായി മാറി. ഓരോ തുന്നലിലും അവളുടെ ഹൃദയം പറയുന്നുണ്ടായിരുന്നു ഇത് എന്റെ മുഖം മാത്രമല്ല എന്റെ ജീവിതവും മാറ്റുന്നു. ഒരു ദിവസം അവൾ കണ്ണാടിയുടെ മുമ്പിൽ കുറച്ചു നേരം നോക്കിനിന്നു. കൈകാൽ വിറച്ചെങ്കിലും അവൾ നോട്ടം മാറ്റിയില്ല. ആ കണ്ണാടിയിൽ ഒരു പുതിയ മെഹറുബയെ അവൾ കണ്ടു. തകർന്നെങ്കിലും തോറ്റിട്ടില്ലാത്ത മെഹ്റുബ ഇനി അക്രമം സഹിക്കില്ല, എങ്ങോട്ടും ഒളിച്ചോടില്ല എന്ന് അവൾ ഒരു തീരുമാനം എടുത്തിരുന്നു.

ആശുപത്രി മുറിയിൽ അക്ഷരങ്ങൾ വീണ്ടും അവളുടെ സുഹൃത്തുക്കളായി. വാക്കുകൾ അവൾക്ക് ശക്തി നൽകി. കേസ് ഫയൽ ചെയ്യണമെന്ന് അവൾ തീരുമാനിച്ചു.

അതുകേട്ട് വീട്ടുകാർ എതിർത്തു. സമൂഹമെന്ത് പറയും… ജീവിതം ഇനിയും ദുഷ്‌കരമാകും എന്ന മുന്നറിയിപ്പുകളും… അവൾ ആദ്യമായി ഇതിനെല്ലാം എതിരെ പ്രതികരിച്ചു. ഇതിലപ്പുറം കഷ്ടത ഞാൻ അനുഭവിച്ചു കഴിഞ്ഞു. ആ നിമിഷം തന്നിലെ ശക്‌തി അവൾക്ക് മനസ്സിലായി ആശുപത്രിയിൽ നിന്ന് പുത്തിറങ്ങിയ മെഹർ ആ പഴയ കുട്ടി ആയിരുന്നില്ല.

മുഖത്ത് മുറിവുകളുടെ അടയാങ്ങൾ… മനസ്സിൽ ഭയത്തിന്റെ നിഴലുകൾ… പക്ഷേ കാലുകൾക്ക് മുന്നോട്ട് നടക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു അവൾക്ക്.

ആശുപത്രിക്കവാടം കടന്നിറങ്ങിയ മെഹറുബ ഒരുപാട് മാറിയിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ പുറത്തേക്ക് നോക്കിയിരുന്ന അവളുടെ മനസ്സിൽ ആളുകൾ ഇനി എന്നെ എങ്ങനെയായിരുക്കും നോക്കുക. എന്ന ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. നാട്ടുകാരുടേയും അയൽവാസികളുടേയും നോട്ടത്തിനും ചോദ്യങ്ങൾക്കും അവൾ നേരിട്ട് ഉത്തരം നൽകാൻ തുടങ്ങി. മുഖം മറയ്ക്കുന്ന തുണി പതിയെ മാറ്റി പുറം വാതിൽ കടക്കാൻ അവളുടെ കാലുകൾ വിറച്ചു. പക്ഷേ പതിയെ ഭയത്തെ പിന്നിലാക്കി അവൾ മുന്നോട്ടു നടന്നു. പഠനത്തിൽ അവൾ അഭയം തേടി. വായനശാലയിൽ മണിക്കൂറുകളോളം ചിലവഴിച്ചു. നിയമ പുസ്ത‌കങ്ങൾ, സ്ത്രീകളുടെ ജീവിതകഥകൾ, നീതിയെ കുറിച്ചുള്ള ലേഖനങ്ങൾ എല്ലാം അവളുടെ മൗനത്തിന് ശക്തി പകർന്നു.

ഭർതൃ പീഡനത്തെക്കുറിച്ച് പൊതുപരിപാടിയിൽ സംസാരിക്കുന്ന ഒരു സ്ത്രീയെ പരിചയപ്പെട്ടു അവരുടെ ശബ്ദത്തിൽ അവൾ തന്റെ സ്വന്തം ഹൃദയമിടിപ്പ് കേട്ടു. അന്ന് രാത്രി അവൾ ഉറങ്ങിയിട്ടില്ല. ഇനി ഞാൻ മൗനമായിരിക്കില്ല എന്നവൾ തീരുമാനിച്ചു. പേലീസ് സ്‌റ്റേഷൻ വരാന്തയിൽ പരാതി നൽകുവാൻ നിൽക്കുമ്പോൾ പഴയ ഭയം വീണ്ടും വന്നെങ്കിലും അവൾ പിന്മാറിയില്ല. ഓരോ ചോദ്യത്തിനും അവൾ മറുപടി പറഞ്ഞു. വിറയലോടെയെങ്കിലും സത്യസന്ധതയോടെ. ചിലർ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ പതറിയില്ല. മാധ്യമങ്ങൾ അവളുടെ കഥ അന്വേഷിച്ചു വന്നു. ആദ്യ അഭിമുഖത്തിൽ അവളുടെ ശരീരം വിറച്ചു പക്ഷേ ക്യാമറയുടെ മുമ്പിൽ അവൾ പറഞ്ഞു ഇത് എന്റെ മാത്രം കഥയല്ല നിങ്ങളിൽ ഓരോരുത്തരുടേയും കഥയാണ്. നിശബ്ദരായിരിക്കുന്ന പല സ്ത്രീകളുടേയും കഥയാണ്.

അന്ന് അവൾക്ക് അവളുടെ മുഖത്തെ മുറിവുകളെക്കുറിച്ച് ലജ്ജിക്കേണ്ടതില്ലെന്ന് മനസ്സിലായി. അവ അതിജീവനത്തിന്റെ അടയാളങ്ങൾ ആണെന്ന് അവൾ തിരിച്ചറിഞ്ഞു.

പകൽ കിനാവുകൾ

മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് യെല്ലോ ഫെതർ ഹോട്ടൽ. മൈസൂർ പാലസിന്‍റെ രാത്രി ദൃശ്യം പോലെ സുന്ദരമായിരിക്കുന്നു. രാത്രിയും പകലും വേർതിരിച്ചറിയാനാവാത്തത്ര പുതുവർഷ പരിപാടികളാണ് ഹോട്ടലിനകത്ത് നടക്കുന്നത്. പുറത്തിറങ്ങിയാൽ മാത്രം രാത്രിയാണെന്ന് മനസ്സിലാക്കാം.

മദ്യം മണക്കുന്ന ഡാൻസ് ഫ്‌ളോറിൽ ബെല്ലി ഡാൻസറുടെ അരക്കെട്ട് താളാത്മകമായി ചലിക്കുന്നു. ഹൃദയത്തിന്‍റെ അടയാളം രേഖപ്പെടുത്തിയ ആഭരണം അരക്കെട്ടിനോടു ചേർന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. ആ കാഴ്‌ചയിൽ നിന്ന് കണ്ണെടുക്കാൻ ഗൗതമിനു തോന്നിയില്ല. അവളുടെ ഏതു ശരീരഭാഗത്തേക്കാളും സുന്ദരമാണ് അരക്കെട്ട്.

കയ്യിലെ ഗ്ലാസിൽ നിന്ന് വിസ്‌കി അൽപാൽപമായി നുകർന്നുകൊണ്ട് ആളുകൾ ഈ മാദകനൃത്തം ആസ്വദിക്കുകയാണ്. താനും മെല്ലെ ഉന്മാദാവസ്‌ഥയിലേക്കു വരുന്നുണ്ടെന്ന് ഗൗതമിനു തോന്നി. പക്ഷേ കാൽച്ചുവടുകൾ ഇടറില്ല. എത്ര കഴിച്ചാലും ആ ഒരു കഴിവ് തനിക്കുണ്ടല്ലോ എന്നയാൾ അഭിമാനം കൊണ്ടു. അയാളുടെ ശ്രദ്ധ വീണ്ടും മാദകനർത്തകിയിലേക്കായി. തിളങ്ങുന്ന മഞ്ഞ ബോട്ടത്തിന്‍റെ സ്‌ളീറ്റ്, ചലനങ്ങൾക്കനുസരിച്ച് ഒഴുകി മാറുമ്പോൾ വെളിപ്പെട്ട വെളുത്തു തുടുത്ത കാലുകൾ.

മീരയും മക്കളും ബാംഗ്ലൂരിലേക്കു പോയിരിക്കുന്നു. പുതുവത്സരത്തിന് അച്‌ഛനമ്മമാരോടൊപ്പം ഒരാഴ്‌ച ചെലവിട്ടു വരാമെന്ന് അവൾ പറഞ്ഞപ്പോൾ എതിർത്തില്ല. അയാൾക്ക് ശരിക്കും സന്തോഷമാണ് തോന്നിയത്. അവർക്കൊപ്പം ചെല്ലാൻ ഭാര്യ വളരെ നിർബന്ധിച്ചതാണ്. പക്ഷേ ഓഫീസിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി അയാൾ ഒഴിഞ്ഞു. ചെന്നൈയിൽ മീറ്റിംഗുണ്ട് എന്നാണ് ഗൗതം പറഞ്ഞിരിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ കുറച്ചു ദിവസം അയാൾക്ക് സ്വതന്ത്രമായി ആഘോഷിക്കണം.

നഗരത്തിലെ പ്രധാന സ്റ്റാർ ഹോട്ടലാണ് യെല്ലോ ഫെതർ. ആട്ടവും പാട്ടും രാവ് വെളുക്കുന്നതു വരെ ഉണ്ടാകും. അർദ്ധരാത്രി ആയപ്പോഴേക്കും ന്യൂ ഇയർ ആശംസകളുടെ പ്രവാഹമായി. ഫോണിലും നേരിട്ടും. മദ്യലഹരിയിൽ കെട്ടിപ്പിടിച്ചും ഉമ്മവച്ചും പുതുവർഷം ആഘോഷിക്കുന്നവർ. രാത്രി ഒരു മണിയോടടുത്തപ്പോൾ അയാൾ പുറത്തേക്കു നടന്നു. കാർ പാർക്കിംഗ് ഏരിയയിലുണ്ട്. പക്ഷേ അയാൾ അതെടുത്തില്ല. പകരം ടാക്‌സി വിളിച്ചു. മദ്യപിച്ച് വണ്ടി ഓടിക്കാൻ ഇഷ്‌ടമില്ലാത്തതുകൊണ്ടാണ്.

അയാളുടെ ചിന്തകളിൽ അപ്പോഴും ആ മനോഹരിയായ ബെല്ലി ഡാൻസറുടെ ചലനങ്ങൾ ഓളം തുളുമ്പിയപ്പോൾ പഴയ ഒരു ഹിന്ദി ഗാനത്തിന്‍റെ ട്യൂൺ അയാൾ മെല്ലെ മൂളി. തെരുവുകളിൽ നല്ല തിരക്കുണ്ട് അപ്പോഴും. ആഘോഷത്തിമർപ്പിൽ ചെറുപ്പക്കാരുടെ സംഘങ്ങൾ ബൈക്കുമായി ചുറ്റിത്തിരിയുന്നു.

ടാക്‌സി വളരെ സാവധാനമാണ് നീങ്ങുന്നത്. നഗരത്തിരക്ക് പിന്നിട്ട് വണ്ടി ദേശീയ പാതയിലേക്ക് കടന്നു. റോഡരികിൽ വെള്ളയും നീലയും ചായമടിച്ച ഗേറ്റിനു മുന്നിൽ അയാൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങി സൂക്ഷിച്ചു നോക്കിയപ്പോൾ അകത്തു വെളിച്ചമുണ്ട് എന്നു മനസ്സിലായി. നീതു ഉറങ്ങിയിട്ടുണ്ടാവില്ല. കോളിംഗ് ബെല്ലടിക്കാതെ അയാൾ വാതിലിൽ മുട്ടി. പിന്നെ മൊബൈലിൽ നിന്ന് ഒരു മിസ്‌ഡ് കോൾ കൂടി ചെയ്‌തു. പുറത്ത് താൻ തന്നെയാണെന്ന് അവൾക്ക് സിഗ്നൽ നൽകാനായിരുന്നു അത്.

വാതിൽ തുറന്നത് നീതു തന്നെയാണ്. അല്ലെങ്കിലും ആ വീട്ടിൽ അവൾ തനിച്ചായിരുന്നു. ലാവണ്ടർ നിറത്തിലുള്ള സാരിയുടുത്തപ്പോൾ നീതുവിന്‍റെ സൗന്ദര്യം പതിന്മടങ്ങായതു പോലെ. തീ പിടിച്ചൊരു ചുംബനം ചുണ്ടത്ത് നൽകിക്കൊണ്ട് അയാൾ അവളെ ഗാഢമായി ചേർത്തു പിടിച്ചു.

നീതുവിന് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു അയാളിൽ നിന്ന് അകന്നു നിൽക്കാൻ. അവൾക്ക് ചിരി വന്നു. കക്ഷി നല്ല മൂഡിലാണ്.

“നിങ്ങൾക്കെന്തൊരു തിരക്കാണ് ഗൗതം. അൽപസമയം കൂടി കാത്തിരിക്കൂ. നമുക്ക് ആദ്യം എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം, എന്നിട്ടു പോരെ?”

അവൾ ചിരിച്ചുകൊണ്ട് അയാളുടെ നെഞ്ചിൽ ചെറുതായി തട്ടിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. പുതുവത്സരാഘോഷത്തിനായി അകത്ത് ബെഡ്‌റൂമിൽ അവൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ജനലിനോട് ചേർന്നാണ് മേശ. അതിൽ വിസ്‌കിയും ഗ്ലാസ്സുകളും സിഗരറ്റു പാക്കറ്റുകളും ഉണ്ടായിരുന്നു.

നീതു സിഗരറ്റ് എടുത്ത് കത്തിച്ച് ഗൗതമിന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു. എന്നിട്ട് അവളും ഒന്നെടുത്ത് ചുണ്ടത്തു വച്ചു. എരിയുന്ന സിഗരറ്റ് ചുണ്ടിൽ നിന്നെടുക്കാതെ തന്നെ അവൾ ഗ്ലാസ്സുകളിൽ മദ്യം നിറച്ചു.

തുറന്നിട്ട ജനാലയ്‌ക്കപ്പുറം തെളിഞ്ഞുകണ്ട ചന്ദ്രബിംബവും നക്ഷത്രങ്ങളും നോക്കി അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ ജീവിതത്തിൽ ഇത്രയും റൊമാന്‍റിക്കായ ഒരു രാത്രി ഉണ്ടായിട്ടില്ല. ഹൃദയത്തിലെ പ്രണയം ശരീരത്തിലേക്ക് പൂത്തിരിയായി കത്തിക്കയറുന്നത് അറിഞ്ഞപ്പോൾ നീതു അയാളെ ആവേശപൂർവ്വം ചുറ്റിപ്പിടിച്ചു.

സുന്ദർദാസ് ഇന്ന് വൈകിട്ടാണ് മുംബൈയ്ക്ക് പോയത്. മൂന്നു ദിവസത്തെ കോൺഫറൻസ് എന്നാണ് അയാൾ നീതുവിനോട് പറഞ്ഞത്. ഡോക്‌ടറാണ് സുന്ദർദാസ്. രാത്രി ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന പതിവുള്ളയാൾ. അവധിദിനമായ ഞായറാഴ്‌ചയും അയാൾക്ക് പ്രാക്‌ടീസുണ്ട്. ഭർത്താവുമൊത്ത് കുറച്ചു സമയമെങ്കിലും ചെലവഴിക്കണമെന്നുള്ള അവളുടെ മോഹങ്ങൾക്ക് അയാളുടെ പ്രൊഫഷന്‍റെ അത്ര വിലയില്ലായിരുന്നു.

കോളേജിൽ പഠിക്കുന്ന വേളയിൽ വിവാഹത്തെക്കുറിച്ച് ആരു ചോദിച്ചാലും അവൾ പറയാറുള്ള ഏക കാര്യം ഭർത്താവ് റൊമാന്‍റിക്കായിരിക്കണം. അന്ന് പ്രണയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആരും അങ്ങനെയൊരു ഓഫറുമായി വന്നു മുട്ടിയതുമില്ല.

എന്തായാലും വിവാഹം നടന്നതു 30-ാം വയസ്സിലാണ്. വീട്ടുകാരുടേയും ബന്ധുക്കളുടേയും അഭിപ്രായത്തിൽ അത് അൽപം വൈകിയ കല്ല്യാണമായിരുന്നു. എന്തായാലും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടാൻ വൈകിയ വിവാഹം അവളെ സഹായിച്ചു എന്നതു നേര്. നഗരത്തിലെ പ്രശസ്‌തമായ കോളേജിൽ അദ്ധ്യാപികയാവാനും കഴിഞ്ഞു.

ഡോക്‌ടർ ആണെന്ന ഒരൊറ്റ കാര്യത്തിലാണ് വീട്ടുകാർ വളരെ താൽപര്യത്തോടെ സുന്ദർദാസുമായുള്ള വിവാഹം നടത്തിയത്. ചെന്നൈ നഗരത്തിലെ പ്രമുഖ ഡോക്‌ടർമാരുടെ നിരയിൽ സുന്ദറുമുണ്ട്. പക്ഷേ ഏതു ദമ്പതികളെയും പോലെ കിടപ്പറയിൽ നിന്നു തന്നെ അവരുടെ പൊരുത്തക്കേട് ആരംഭിച്ചു.

ഡോക്‌ടറാണെങ്കിലും ശരീരത്തിന്‍റെ ശുചിത്വത്തിന്‍റെ കാര്യത്തിൽ സുന്ദറിന് കാര്യമായ ശ്രദ്ധയില്ലാതിരുന്നത് നീതുവിനെ അയാളിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒട്ടും റൊമാന്‍റിക്കുമല്ല സുന്ദർ. തമാശകൾ പറയുന്നതോ കേൾക്കുന്നതോ പിടിക്കാത്ത പ്രകൃതം.

പെണ്ണിന്‍റെ വികാരങ്ങൾക്ക് യാതൊരു പ്രധാന്യവും കൊടുക്കാതെ കേവലം ഒരു യന്ത്രത്തെപ്പോലെ കിടപ്പറയിൽ പോലും പെരുമാറുന്ന ഭർത്താവിനെ എങ്ങനെ സ്‌നേഹിക്കും. പ്രത്യേകിച്ചും നീതുവിനെപ്പോലെ വളരെ സെൻസിറ്റീവായ, സഹൃദയായ സ്‌ത്രീയ്‌ക്ക്! എന്നിട്ടും അവൾ ഇക്കാലമത്രയും പൊരുത്തപ്പെട്ടു ജീവിച്ചു, സ്വന്തം മകളെയോർത്ത്.

വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള റസിഡൻഷ്യൽ സ്‌കൂളിലാണ് മകൾ പഠിക്കുന്നത്. അവൾ മാസത്തിലൊരിക്കൽ വീട്ടിൽ വരും. എല്ലാ ആഴ്‌ചയിലും നീതു അവിടെ ചെന്ന് അവളെ കാണും.

ജീവിതത്തിൽ വർണാഭമായ നിമിഷങ്ങൾ കൈവിട്ടുപോയെന്നറിയുമ്പോൾ നിശബ്‌ദമായി അതംഗീകരിക്കുകയല്ലാതെ മറ്റെന്തു പോംവഴി? ചിലപ്പോഴാകട്ടെ കിട്ടാത്തതിനു വേണ്ടി കുറുക്കുവഴികൾ തേടുകയും ചെയ്യും. താൻ ജീവിതത്തിൽ ആഗ്രഹിക്കുന്നതൊന്നും സുന്ദറിൽ നിന്ന് കിട്ടില്ലെന്ന് നീതുവിനറിയാം. നിസ്സാരമെന്നു തോന്നാം, തമാശയോടെയുള്ള ഒരു കെട്ടിപ്പിടിത്തം പോലും. അയാൾക്കത്തരം സ്‌നേഹപ്രകടനങ്ങളൊന്നും മനസ്സിൽ അൽപം പോലും ഇല്ല. കാമപൂർത്തീകരണത്തിനല്ല, സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലിനു വേണ്ടിയാണ് നീതു മറ്റു പുരുഷന്മാരെ തേടാൻ തുടങ്ങിയത്.

യഥാർഥത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്ന, ജീവിതത്തിൽ തനിക്ക് പ്രാധാന്യമുണ്ടെന്ന തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന, തനിക്കു വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കുന്ന പുരുഷനെ തേടുകയായിരുന്നു അവൾ. അത്തരമൊരു തേടലിനിടയിലാണ് ഗൗതമിനെ കണ്ടുമുട്ടുന്നത്.

ഗൗതം അവളുടെ സ്‌കൂൾ മേറ്റാണ്. സ്‌കൂൾ ദിനങ്ങളിൽ അവർ തമ്മിൽ അത്രയ്‌ക്കൊന്നും സൗഹൃദമുണ്ടായിരുന്നില്ല. ഉയരം കൂടിയ വെളുത്തു സുന്ദരനായിരുന്നു അന്നും ഗൗതം. കാലങ്ങൾക്കു ശേഷം ഒരു ആലുമ്‌നി മീറ്റിലാണ് ഗൗതമിനെ കണ്ടു മുട്ടിയത്. പിന്നീട് മെസേജുകളായും ഫോൺകോളുകളായും ബന്ധം ചൂടുപിടിച്ചു. അവന്‍റെ സൗന്ദര്യവും തമാശയും തന്നോടുള്ള താൽപര്യവും അവൾക്ക് വളരെ ആകർഷകമായി തോന്നി.

ഭാര്യയുമായി പൊരുത്തമില്ലാത്തതിനാൽ ഗൗതമിന്‍റെയും ലൈംഗിക ജീവിതം തൃപ്‌തികരമല്ലായിരുന്നു. ഗൗതം തിരക്കുള്ള അഭിഭാഷകനാണ്. അയാളുടെ ഭാര്യ എഞ്ചിനീയറുമാണ്. ജോലിയും കുടുംബകാര്യങ്ങളുമായി തിരക്കോടു തിരക്കു തന്നെയാണ് ഭാര്യയ്‌ക്ക്. തന്‍റെ ശാരീരികാവശ്യങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത പോലെയാണ് മീര പെരുമാറുന്നതെന്ന് തുടക്കം മുതലേ ഗൗതം പറയുമായിരുന്നു. അതൊക്കെ കണ്ടറിഞ്ഞതോടെ തനിക്ക് രഹസ്യബന്ധം സ്‌ഥാപിക്കാൻ പറ്റിയ വ്യക്‌തി ഗൗതം തന്നെയാണെന്ന് നീതു തീരുമാനിച്ചു.

മാസങ്ങൾ കഴിയുന്തോറും അവർക്കിടയിലെ പ്രണയത്തിന്‍റെ ശക്‌തി കൂടിക്കൂടി വന്നു. ശാരീരികമായ ബന്ധത്തിനു വേണ്ടി അവർ ശക്‌തമായി ആഗ്രഹിക്കുകയും ചെയ്‌തു. പക്ഷേ കുടുംബങ്ങളെ ഒഴിവാക്കി അനുകൂല സമയം രണ്ടുപേർക്കും ഒത്തു വന്നത് ഈ പുതുവർഷ തലേന്നാണ്. നഗരത്തിലെ പ്രശസ്തനായ അഭിഭാഷകനാണ് ഗൗതം. കുട്ടികൾ ഏറെ ബഹുമാനിക്കുന്ന അദ്ധ്യാപിക എന്ന ക്രെഡിറ്റ് നീതുവിനും സ്വന്തം. പൊതു സ്ഥലത്ത് കണ്ടുമുട്ടുക എന്നത് വളരെ പരിമിതികളുള്ള കാര്യമായിരുന്നു ഇരുവർക്കും. അതുകൊണ്ടാണ് ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് മാസങ്ങളോളം കാത്തത്.

ആകാശത്ത് കാർമേഘങ്ങളൊന്നുമില്ലാതെ ചന്ദ്രൻ പൂർണ്ണമായി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഗൗതമിന്‍റെ വിരലുകൾ മെല്ലെ നീതുവിന്‍റെ വിരൽ തുമ്പുകളിലേക്ക് അരിച്ചു ചെന്നു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന മട്ടിൽ ഇരുവരും ആവേശത്തോടെ കെട്ടിപ്പുണർന്നു. മദ്യലഹരിയിൽ  നീതുവിന് സന്തോഷവും വേദനയും തിരിച്ചറിയാനാകാത്ത അവസ്‌ഥയിലായിരുന്നു.

കിളികളുടെ മധുരസ്വരമല്ല പുലരിയിൽ നീതുവിനെ വിളിച്ചുണർത്തിയത്. ശരീരം നുറുങ്ങുന്ന വേദന! ശരീരത്തിലാകെ മുറിപ്പാടുകൾ ഉള്ളതു പോലെ അവൾക്കു തോന്നി. പുറത്ത് അപ്പോഴും ഇരുട്ടുണ്ട്. അവൾ എഴുന്നേറ്റ് ലൈറ്റിടാൻ ആഗ്രഹിച്ചു. എന്നാൽ അതിനുപോലും കഴിയുന്നില്ല. കൈ എത്തിച്ച് ടേബിൾ ലാമ്പ് കത്തിച്ചപ്പോഴാണ് അവളത് കണ്ടത്. ശരീരത്തിലാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ! ചോരയിറ്റി നിൽക്കുന്ന മുറിവുകൾ! ഇതെല്ലാം കഴിഞ്ഞ രാത്രിയിൽ സംഭവിച്ചതാണ് എന്നത് അവൾക്ക് അവിശ്വസനീയമായിരുന്നു. മദ്യലഹരിയിൽ ഗൗതമിന്‍റെ മൃഗീയത താൻ അറിയാതെ പോയി.

നീതുവിന് കലശലായ ദേഷ്യവും സങ്കടവും തോന്നി. ഗൗതമിനെ ഇപ്പോൾ തന്നെ വിളിച്ച് തന്‍റെ ദേഷ്യം അറിയിക്കണം. മേശപ്പുറത്ത് മൊബൈൽ നോക്കിയപ്പോൾ കണ്ടില്ല. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് അവൾ ഞെട്ടിത്തരിച്ചു. അരിശത്തോടെ ബെഡ്‌ഷീറ്റ് വലിച്ചെടുത്ത് പുതച്ച് അവൾ മൊബൈൽ അന്വേഷിക്കാൻ തുടങ്ങി. ഫോൺ പുറത്തേക്കുള്ള വാതിലിനു സമീപം നിലത്തു വീണു കിടക്കുന്നു. പക്ഷേ അത് ഗൗതമിന്‍റേതായിരുന്നു. അപ്പോൾ തന്‍റെ മൊബൈൽ അയാൾ കൊണ്ടുപോയിട്ടുണ്ടാകണം.

വീട്ടിലാകട്ടെ ലാന്‍റ് ലൈൻ കണക്ഷനുമില്ല. അവൾക്ക് അതിശക്‌തമായ ദേഷ്യവും ആത്മനിന്ദയും തോന്നിയ നിമിഷങ്ങൾ. എന്തായാലും ഗൗതമിന്‍റെ ഫോണിൽ നിന്നു തന്നെ വിളിച്ചു നോക്കാമെന്നു കരുതി നീതു ഫോൺ ലോക്ക് തുറന്നു. അതിൽ വന്നു കിടന്ന കോൾ ലിസ്‌റ്റും മെസേജുകളുമൊക്കെ വായിച്ചപ്പോൾ നീതുവിന് തലകറങ്ങുന്നതുപോലെ തോന്നി. അയാളുടെ എത്രയോ പെൺ സൗഹൃദങ്ങളിൽ ഒരാൾ മാത്രമാണ് താൻ!

ഇനി ഗൗതമിനെ വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആട്ടിൻ തോലിട്ട ചെന്നായ ആണയാൾ. ഇത്രയും വലിയ ചതിയനാണ് ഗൗതം എന്ന് എങ്ങനെ അറിയാൻ. മനോഹരമായ ആ രൂപത്തിനുള്ളിലെ ഹൃദയം ഇത്രയും കഠോരവും വികൃതവുമായിരുന്നോ? സ്‌നേഹിക്കുന്ന പെണ്ണിനെ ഇത്രയേറെ വേദനിപ്പിക്കുമ്പോഴാണോ അയാൾക്ക് സുഖം തോന്നുക! എത്ര വിചിത്രമാണ് മനോവ്യാപാരങ്ങൾ.

സ്‌നേഹം കൊതിച്ച് പര പുരുഷന്മാർക്കു പിന്നാലെ പോയ താൻ എത്ര മണ്ടിയാണ്? നീതു കരഞ്ഞ് തളർന്നു കിടക്കയിൽ തന്നെ കിടന്നു. ഒരു മണിക്കൂറെങ്കിലും കരഞ്ഞു കാണും. പുറത്ത് ഗേറ്റിൽ ആരോ തട്ടുന്ന ശബ്‌ദം. അവൾ ഞെട്ടി എഴുന്നേറ്റു. ഇനി സുന്ദർ എങ്ങാനും?

അവൾ വസ്‌ത്രം ധരിക്കാതെ തന്നെ ജനാല തുറന്ന് പുറത്തേക്കു നോക്കി. ഗേറ്റിനരികിൽ ഒരു നാടോടി യുവതി കൈ കുഞ്ഞുമായി വന്നു നിൽക്കുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങൾക്കിടയിലൂടെ ആ യുവതിയുടെ നഗ്നത വെളിപ്പെടുത്തുന്നുണ്ട്. മാറത്തെ മാറാപ്പോടു ചേർന്ന് കിടക്കുന്ന കുഞ്ഞിന്‍റെ ശരീരവും നഗ്നമാണ്. തന്‍റെ ശരീരവും നഗ്നമാണല്ലോ എന്ന് അപ്പോഴവൾ ഓർത്തു.

ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ നേർക്കാഴ്‌ചകൾ മുന്നിൽ വന്നു പെട്ടപ്പോൾ അവൾക്ക് സ്വന്തം നഗ്നതയിൽ വെറുപ്പു തോന്നി. സ്‌നേഹത്തിനു വേണ്ടിയാണ് താൻ ശ്രമിച്ചത്. പക്ഷേ കിട്ടിയതോ? യഥാർത്ഥത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുന്ന ഇവർക്കാണ് തന്‍റെ സ്‌നേഹം ആവശ്യം. അതിന് താൻ നഗ്നയാകേണ്ട കാര്യമില്ല. അൽപം ഭക്ഷണവും വസ്‌ത്രവും കൊടുത്താൽ മതി. അവളുടെ സിരകളിൽ നവ്യമായ ഒരു അനുഭൂതി ഉണർന്നു. അവൾ ജനാലയിലൂടെ കൈ നീട്ടി ആ നാടോടി യുവതിയെ അകത്തേക്കു ക്ഷണിച്ചു. അവൾ വേഗം നൈറ്റി എടുത്ത് ധരിച്ച് പുറത്തേക്കു ചെന്നു. കുഞ്ഞിനെയും കൂട്ടി സിറ്റൗട്ടിൽ ഇരിക്കാൻ പറഞ്ഞ ശേഷം നീതു അടുക്കളയിൽ പോയി ഭക്ഷണം എടുത്തുകൊണ്ടു വന്നു. അവർ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നതു നോക്കി അവളും വെറും നിലത്ത് കുത്തിയിരുന്നു.

ഒരു ദിവസം മുമ്പാണെങ്കിൽ താൻ ഈ പാവങ്ങളെ ശ്രദ്ധിക്കുമായിരുന്നോ? അവൾ ചിന്തിച്ചു.

അകത്ത് അലമാരയിൽ നിന്ന് കുറെ വസ്‌ത്രങ്ങൾ എടുത്തുകൊണ്ട് വന്ന് ആ സ്‌ത്രീക്കു നൽകുമ്പോൾ, അവരുടെ കണ്ണുകൾ ഈറനണിയുന്നത് നീതു കണ്ടു. ഒരു പക്ഷേ അവർ ആകെ കൊതിക്കുന്ന സ്‌നേഹം ഈ പരിഗണനയാവാം.

ഒരൽപം ഭക്ഷണം, ചീത്തയൊന്നും കേൾക്കാതെ കിട്ടുക എന്നതു തന്നെ വലിയൊരു കാര്യമായിരിക്കും. ആ നാലു കണ്ണുകളിലെ നനവ് നീതുവിലേക്കും പടർന്നു. അവൾക്കും കരച്ചിൽ വന്നു. അതു പക്ഷേ സങ്കടം കൊണ്ടായിരുന്നില്ല. മനസ്സിൽ നിറഞ്ഞ കരുണയുടെ കണ്ണീർ ആയിരുന്നുവത്.

ഒരു മണിക്കൂർ മുമ്പ് ഒരു പ്രേമനാടകത്തിന്‍റെ ഇരയായി സ്വയം സങ്കൽപിച്ച് കരഞ്ഞ നീതുവല്ല ഇപ്പോൾ. ഈ കണ്ണീർ മറ്റൊരാൾക്കു വേണ്ടി പൊഴിക്കുന്നതാണ്.

ആ കൊച്ചുകുഞ്ഞ് വയറു നിറഞ്ഞ് സുഖമായി അമ്മയുടെ നെഞ്ചത്ത് ചൂടേറ്റു തൃപ്‌തിയോടെ മയങ്ങാൻ തുടങ്ങുന്നത് ആത്മനിർവൃതിയോടെ അവൾ നോക്കി നിന്നു. ജീവിക്കാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടുന്ന ആ ഭിക്ഷക്കാരിയേക്കാളും താഴെയാണ് താനെന്ന് നീതുവിന് തോന്നി. സ്‌നേഹത്തിനു വേണ്ടി എന്തൊക്കെയാണ് താൻ കാണിച്ചു കൂട്ടിയത്. അബദ്ധങ്ങളുടെ കണക്കെടുക്കുമ്പോൾ പുതിയതൊന്ന് ഇനി ഉണ്ടാവില്ല. ഇനി തന്‍റെ ജീവിതം പാവപ്പെട്ടവർക്കു മാത്രം.

നീതു കിഴക്കുദിച്ചു വരുന്ന സൂര്യനെ നോക്കി. സ്വർണ്ണ നിറം കലർന്ന ആകാശത്തേക്ക് ഒരു കൂട്ടം പക്ഷികൾ ഉത്സാഹത്തോടെ പറന്നുയരുന്നു. പ്രതീക്ഷയുടെ ചിറകടികൾ അവിടെ നിറയുന്നുണ്ടായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें