രാമനാഥൻ സെക്രട്ടേറിയറ്റിലെ ഗസറ്റഡ് ഉദ്യോഗസ്ഥനാണ് എന്നത് കൂടാതെ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്‌മയായ "സ്വര് എന്ന സംഘടനയുടെ ജോയിന്‍റ് സെക്രട്ടറി കൂടിയാണ്. ഇനി ഒരു വർഷം കൂടിയേ സർവ്വീസ് ബാക്കിയുള്ളു. ഭാര്യ കാൻസർ ബാധിതയായി മരണപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ആകെയുള്ള രണ്ട് പെൺകുട്ടികളുടേയും വിവാഹം ഭാര്യയുടെ രോഗാവസ്‌ഥയുടെ തീവ്രത കണ്ടപ്പോൾ ഒന്നര വർഷം മുന്നേതന്നെ നടത്തിയിരുന്നു.
ഭാര്യ മരണപ്പെട്ട ശേഷമുള്ള അച്‌ഛൻ അനാരോഗ്യവും കൂടെ നിന്നുകൊണ്ടുള്ള ഒരാളുടെ പരിചരണത്തിന്‍റെ ആവശ്യകതയും കണ്ട് മനസ്സിലാക്കിയ മക്കളുടേയും മരുമക്കളുടേയും ഒരുമിച്ചുള്ള നിർബ്ബന്ധത്തിന് അവസാനം രാമനാഥൻ വഴങ്ങിയിട്ടാണ് വിവാഹമോചനം നേടിയ സൂര്യയെ പുനർവിവാഹം കഴിച്ചു കൊണ്ടുവന്നത്. പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് വന്നിട്ട് ഒരാഴ്ചയേ കഴിഞ്ഞുള്ളു എങ്കിലും രാമനാഥന്‍റെ ആരോഗ്യം, ആഹാരം, വിശ്രമം തുടങ്ങി എല്ലാ കാര്യങ്ങളും സൂര്യ ഏറ്റെടുത്തത് മക്കൾക്കും മരുമക്കൾക്കും ഏറെ സന്തോഷവും ആശ്വാസവുമേകി.
ആദ്യ ഭാര്യയുണ്ടായിരുന്നപ്പോൾ തന്നെ ആദ്യത്തെ വീടിന്‍റെ തെക്കുഭാഗത്തായി പണിത പുതിയ വീട്ടിൽ മൂത്ത മകളും കുടുംബവും ഈ വീടിന്‍റെ മുകളിലത്തെ നിലയിൽ ഇളയമകളും കുടുംബവും ഉള്ളത് രാമനാഥന് നൽകുന്ന ആശ്വാസവും സമാധാനവും ചെറുതൊന്നുമല്ലെന്ന് സൂര്യ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. രാവിലെ രാമനാഥൻ ഓഫീസിലേക്ക് പുറപ്പെട്ടതിനു ശേഷം സ്വീകരണമുറിയിൽ ഒറ്റയ്ക്കിരുന്നപ്പോൾ സൂര്യയുടെ മനസ്സ് നിയന്ത്രണം വിട്ട് പുറകോട്ട് ഒഴുകിപ്പോയി.
ഇലക്ട്രിക്കൽ കോൺട്രാക്‌ട് ജോലികൾ എടുത്തിരുന്ന അച്ഛന്‍റെയും സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയുടെയും കൂടെ താനും അനിയത്തിയും കഴിഞ്ഞിരുന്ന ആ നല്ല നാളുകൾ സൂര്യയുടെ സ്‌മൃതിയിലേക്ക് മെല്ലെ ഒഴുകിയിറങ്ങുവാൻ തുങ്ങി. പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് മഹേഷുമായുള്ള തന്‍റെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം മാത്രമേ തനിക്ക് ഭർത്താവിന്‍റെ വീട്ടിൽ സന്തോഷത്തോടെ കഴിയാനുള്ള യോഗമുണ്ടായിരുന്നുള്ളു എന്നതും മൂത്ത മകനെ വിശേഷമായിട്ട് തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നതിനുശേഷം ഒരു ദിവസം പോലും ഭർത്താവോ വീട്ടുകാരോ തന്നെ തിരിഞ്ഞു നോക്കാതെ അവഗണിച്ചതും പ്രസവത്തിന്‍റെയും തുടർന്നുള്ള എല്ലാ ചെലവുകളും അച്‌ഛന്‍റെ തലയിൽ ഇട്ടതും എല്ലാം സൂര്യയുടെ മനസ്സിൽ അലയടിച്ചുയർന്നു.
മോന്‍റെ പേരിടൽ കഴിഞ്ഞ് അവനേയും കൊണ്ട് മഹേഷിന്‍റെ വീട്ടിൽ എത്തിയ തനിക്ക് അവിടത്തെ എല്ലാവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടായി. ആദ്യ പ്രസവശേഷം ഉടനെ രണ്ടാമത് വിശേഷം ആയതിനെ നശിപ്പിയ്ക്കുവാൻ മഹേഷ് നിർബന്ധിച്ചതും അത് സഹിക്കാതെ താൻ സ്വന്തം വീട്ടിലേയ്ക്ക് മോനെയും കൊണ്ട് നിറവയറോടെ എത്തി അമ്മയോട് കാര്യങ്ങൾ പറഞ്ഞതും രണ്ടാമത്തെ മകനെ പ്രസവിച്ച ശേഷം അച്‌ഛന്‍റെയും അമ്മയുടെയും ഉപദേശ പ്രകാരം മഹേഷിന്‍റെയടുത്തേക്ക് തിരിച്ച് പോകുന്നില്ല എന്ന് തീരുമാനിച്ച് ഡിവോർസ് നോട്ടീസ് നൽകിയതും ആറ് മാസം കൊണ്ട് കുടുംബ കോടതിയിൽ നിന്ന് വേർപിരിയുന്ന ഉത്തരവ് കിട്ടിയതും എല്ലാം ഓർമ്മയുടെ ചെപ്പ് തുറന്നപ്പോൾ അടുക്കും ചിട്ടയുമില്ലാതെ ചിതറി വീണു.





