അവസാനത്തെ “നന്മ നിറഞ്ഞ മറിയമേ സ്വസ്തിയും" ചൊല്ലിക്കഴിഞ്ഞു കുരിശുമ്മൂടു വീട്ടിലെ സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ പോലെ അവസാനം ആമേൻ പറഞ്ഞു എല്ലാവരുമെണീറ്റു…
ഇതെന്നതാ മമ്മീ, മുട്ടേലിരുന്നങ്ങ് ഉറങ്ങുവായിരുന്നല്ലോ? ജോമോൻ
ഓ, പോടാ അവിടുന്ന് ഞാനേ കർത്താവിനോടായി കണ്ണടച്ചു പ്രാർത്ഥിക്കുവായിരുന്നു.
ജോമോൻ മമ്മി ജിജിയുടെ മറുപടിയിലറിയാതെ ഒരു കോട്ടുവാ കൂടി പുറത്തേക്കു വന്നു...
എടീ നിനക്കു മുട്ടിലിരുന്ന് പ്രാർത്ഥക്കാൻ വയ്യെങ്കിൽ കസേരയിട്ടിരുന്നാൽ പോരേ? എന്തിനാ പിള്ളേരെ കൊണ്ടിങ്ങ നെ പറയിപ്പിക്കുന്നത്? ജോമോൻ ചോദ്യം ഉറപ്പിച്ചു ചോദിച്ചു.
ഓ..എന്‍റെ മനുഷ്യാ അത് നാളെ മുതൽ നോക്കാന്നേ.
മ്മ്... ആന്‍റോ അമർത്തി, ചിരിച്ചു. എന്നാലും ആനിയും സോണിച്ചനും കൂടി ആലിസ്സിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയിട്ട് വരാനിത്രേം വൈകുമെന്ന് എന്തെങ്കിലും പറഞ്ഞായിരുന്നോടാ ജോമോനെ നിന്നോട്?
ഇല്ല ചാച്ചാ...
നിങ്ങളൊന്നു വിളിച്ചു ചോദിക്കൂ മനുഷ്യാ നിങ്ങളെ പെങ്ങളും അളിയനുമല്ലേ." ജിജി ആന്‍റോയോടു പറഞ്ഞു.
എന്‍റെ പെങ്ങളും നിന്‍റെ ആങ്ങളയും കൂടിയാണ്. അപ്പോ നിനക്കും വിളിച്ചു ചോദിക്കാം കോട്ടോ...
ഇതാ ഞാൻ നിങ്ങളെ ആലോചന വന്നപ്പോൾ പണ്ടേ പറഞ്ഞത് മാറ്റക്കല്യാണം ശരിയാകൂലാന്ന്. ആരുകേൾക്കാൻ എനിക്കു നിങ്ങളേം എന്‍റെ ആങ്ങളയ്ക്കു നിങ്ങടെ പെങ്ങളേം തന്നെ കെട്ടാനാ യോഗം കർത്താവ് തന്നത്. ഇപ്പോ ഇതാ ഇങ്ങനെ കുറവും കുറ്റവും പറയുന്നത് കേൾക്കാൻ ആണല്ലോ നിങ്ങടെ ചാച്ചൻ വർഗ്ഗീസച്ചായൻ ഞങ്ങടെ ചാച്ചൻ ചെറുപ്പം മുതലേ കൂട്ടായത് എന്ന് എനിക്കിന്നും നല്ല സംശയമുണ്ട് കോട്ടോ... ജിജി പറഞ്ഞു.
കുറവും കുറ്റവുമോ...? കാര്യം ചോദിച്ചാലും അവൾക്ക്.... ഫ്‌ഫാ.. എടീ പെമ്പ്രന്നോത്തീ നിന്‍റെ അപ്പനും എന്‍റപ്പനും തമ്മിലുള്ള സൗഹൃദം മരണം വരെയുണ്ടായിരുന്നു. ഞങ്ങൾ മക്കളിലും അതങ്ങനെ തുടരണമെന്ന് കാർന്നോർ രണ്ടു പേരും ചേർന്നുറപ്പിച്ചു. എന്നിട്ടെന്തായി. പൊന്നുപോലെ അല്ലേ നിന്നെ നോക്കുന്നത്? രണ്ടു കുടുംബവും തമ്മിൽ എന്തെങ്കിലും ചേർച്ചക്കുറവോ അഭിപ്രായ വ്യത്യാസമോ ഉണ്ടായിട്ടുണ്ടോ.
ഈ ഒറ്റവീട്ടിൽ കഴിഞ്ഞ ഇരുപത്തിയാറു കൊല്ലം താമസിച്ചിട്ടും. കാണൂലാ. അതാണ് നമ്മളുടെ പൊരുത്തം. നമ്മുടെ മോൻ ജോമോൻ സോണിച്ചനെയും അവന്‍റെ മോള് ആലീസ് എന്നെയും വിളിയുന്നത് പപ്പാ എന്നാ... പിള്ളേർ വേർതിരിവില്ലാതെ നിന്നെയും ആനിയെയും വിളിക്കുന്നത് മമ്മീ എന്നുതന്നെയുമാ. രണ്ടു പേർക്കും അപ്പന്‍റെയും അമ്മയുടേയും സ്ഥാനമാടീ. വേറെ ആർക്കുകിട്ടും ഈ ഭാഗ്യം? കർത്താവ് തന്നതാടീ ഈ സന്തോഷമൊക്കെ...
ഉവ്വ ഉവ്വേ... ഇതെല്ലാം കേട്ടപാതി കേൾക്കാത്ത പാതി ജോമോൻ മൊബൈലിൽ ആലീസിന്‍റെ നമ്പറിൽ കാൾ അമർത്തി..
എടീ... നീ എവിടാ? ഇത്രയും ലേറ്റാകുന്നതെന്തിനാ?
ദേ ഇപ്പോ എത്തുമെടാ. ഞങ്ങളീ മൂന്നാം വളവു കഴിഞ്ഞു. ആലീസ് മറുപടി പറഞ്ഞു. മ്മ് ശരി. അവരിപ്പോളിങ്ങ് വരും പപ്പാ. അവരപ്പുറത്തെ വളവുകഴിഞ്ഞു.
മ്മ്... അവരും വന്നിട്ട് വിളമ്പിയാൽ മതിയെന്നു പറഞ്ഞു ആന്‍റോ ജിജിയെ ഒന്നുകൂടി നോക്കി. ശരി ഇച്ചായാ... ജിജി ചിരിച്ചോണ്ട് മറുപടി പറഞ്ഞു എണീറ്റു പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ മുൻവശത്തെ മുറ്റത്തേക്ക് വെളുത്ത ഇന്നോവ കാർ ഇരച്ചു കയറിവന്നു.





