മെഹറുബായ്ക്ക് അന്ന് 14 വയസ്സായിരുന്നു. സ്കൂളിൽ നിന്ന് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ അന്ന് തന്റെ സ്‌കൂളിലെ അവസാന ദിനമാണെന്ന് അവൾ ഓർത്തതേയില്ല. അമ്മയുടെ മുഖത്തെ അപരിചിതമായ ഗൗരവം കണ്ട് അവൾ അന്ധാളിച്ചു. അച്‌ഛന്റെ മൗനം വാക്കുകളേക്കാൾ ഭാരം ഉള്ളതായിരുന്നു. “നിന്റെ വിവാഹം നിശ്ചയിച്ചു.“ ആ വാക്കുകൾ അവളുടെ കാതിൽ ഇടിമുഴക്കംപോലെ മുഴങ്ങിക്കൊണ്ടിരുന്നു. ചോദ്യങ്ങൾക്കും എതിർപ്പിനും ഒരു പ്രസക്തിയും ഇല്ല എന്നറിയാവുന്നതിനാൽ അവൾ നിശബ്ദയായി നിന്നതേ ഉള്ളൂ.
വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ആ ബാലഹൃദയത്തിൽ എത്തി നോക്കിയിട്ട് പോലും ഇല്ലായിരുന്നു. വിവാഹം ഒരു സ്വപ്നമായിരുന്നില്ല അവൾക്ക് അത് മറ്റുള്ളവർ അവളുടെ മേൽ എഴുതിയ ഒരു വിധിയായിരുന്നു. മൈലാഞ്ചിയുടെ നിറം ഉണങ്ങുന്നതിന് മുമ്പേ ദുരിതത്തിന്റെ ഘോഷയാത്ര തുടങ്ങിയെന്ന് ആദ്യത്തെ ആഴ്ചകളിൽ തന്നെ അവൾ മനസ്സിലാക്കി. ആ വീട്ടിൽ ചിരിക്കുന്നത് പോലും കുറ്റമാണ്. ഭർത്താവിന്റെ കണ്ണുകളിൽ അവൾ കണ്ടത് സ്നേഹമല്ല മറിച്ച് കാമവും അധികാരവുമായിരുന്നു. എല്ലാം സഹിച്ചാൽ എല്ലാം ശരിയാകും എന്ന അമ്മയുടെ ഉപദേശം അവളുടെ ദിനചര്യയായി മാറി. രാത്രികൾ എന്നും അവളെ ഭയപ്പെടുത്തുന്നതായിരുന്നു. പകലുകൾ ശ്വാസം എടുക്കാനുള്ള ഇടവേളയും. അവളുടെ വേദനകൾ ആരും കേൾക്കാതെയായി. അന്നൊരു രാത്രിയിൽ മദ്യപിച്ച് ലെക്ക് കെട്ട് ആരുടേയോ സ്‌കൂട്ടറിന്റെ പുറകിൽ ഇരുന്നുവന്ന അയാൾ ഒരു മൃഗമായി മാറുകയായിരുന്നു. അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന മെഹ്റുവിനെ എടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോൾ അവൾക്കറിയില്ലായിരുന്നു ഇത് അവളുടെ കഥയുടെ അവസാനമാണോ അതോ ആദ്യ അധ്യായത്തിന്റെ തുടക്കമാണോ എന്ന്. കണ്ണാടിയിൽ സ്വന്തം മുഖം കണ്ട് അവൾ ഭയന്നുപോയി.
ആശുപത്രിയിലെ വെളുത്ത ചുവരുകൾ മെഹ്റുവിന് പുതിയ ലോകമായിരുന്നു. അവൾക്ക് അവിടെ ഓരോ നിമിഷവും വേദനയുടെ നിമിഷങ്ങൾ ആയിരുന്നു. അവൾ കണ്ണാടിയെ ഒഴിവാക്കാൻ തുടങ്ങി. മുഖത്ത് കെട്ടിയിരുന്ന വെളുത്ത തുണി അവളുടെ ആത്മധൈര്യം ചോർന്നു പോകാതിരിക്കാനുള്ള മറയായിരുന്നു. അത് നീക്കാൻ തന്നെ അവൾ ഭയപ്പെട്ടു. ആശുപത്രിയിലെ ഡോക്‌ടർമാർ അവൾക്ക് മനോധൈര്യം കൊടുത്തുകൊണ്ടേയിരുന്നു. ശസ്ത്രക്രിയകളെക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും അവർ അവളോട് സംസാരിച്ചു. അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇനി എനിക്ക് സാധാരണ ജീവിതം നയിക്കാൻ ആകുമോ? അവളുടെ അമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു. കണ്ണിൽ കുറ്റബോധത്തോടെ ചില ബന്ധുക്കൾ വന്നു കണ്ടു. ചിലർ വന്നില്ല. വന്നവർ കരുണയോടെ അവളെ നോക്കി. രാത്രികളിൽ അവൾ ഉറങ്ങിയില്ല. ഓർമ്മകൾ അവളെ ഉറങ്ങാൻ അനുവദിച്ചില്ല.
നേഴ്സ് അവളുടെ അടുക്കൽ ചെന്നിരുന്നു ചെറു ചിരിയോടെ ചോദിച്ചു.
“നിനക്ക് ഭയമുണ്ടോ? ആ ചോദ്യം കേട്ട് അവൾ ആദ്യമായി കരഞ്ഞു ശബ്ദമില്ലാതെ അടക്കിപ്പിടിച്ച കരച്ചിൽ.





