എൻഗേജ്‌മെന്‍റ് ദിവസം അതിരാവിലെ തന്നെ ജോമോനായിരുന്നു എല്ലാ കാര്യങ്ങളുടേയും മേൽനോട്ടക്കാരൻ. എൻഗേജ്‌മെന്‍റ് കഴിഞ്ഞുള്ള ഫോട്ടോ സെഷനിൽ ജോമോന്‍റെ തോളിൽ ചേർത്തുപിടിച്ചുള്ള ഫോട്ടോയ്ക്കാണ് ആലീസ് പോസ് ചെയ്തത്. ഒറ്റ നോട്ടത്തിൽ അത് രമിത്തിന് ഇഷ്‌ടമായില്ലെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. എല്ലാം ഭംഗിയാക്കി വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ജോമോൻ ആന്‍റോയോട് പറഞ്ഞു.
“ചാച്ചാ, പള്ളിയിൽ നിന്നും തീയതി കുറിച്ചു... ഇനി പത്തു ദിവസമേ ഉള്ളൂ കല്യാണത്തിന് എനിക്കും രമിത്തിനും തിയതി കുറിച്ച പേപ്പർ അച്ഛൻ തന്നു.
“അയ്യോ, ഈശോ. ഇതൽപം നേരത്തെ ആയല്ലോടാ ജോമോനെ."
“ആ ഞാനും പറഞ്ഞു. ബാക്കി ദിവസം അവിടെ കല്യാണവും മനസമ്മതങ്ങളും ഉണ്ടെന്ന്...”
“മ്മ്.. അതിപ്പോ നാട്ടുകാരെ അറിയിക്കണമല്ലോ?"
"നാളെ മുതൽ എല്ലാം ഓടിനടന്നങ്ങു ചെയ്യാം... ഓരോ ദിവസവും സോണിച്ചനും ഞാനും രണ്ടായി തിരിഞ്ഞു വിളിച്ചാൽ കാര്യങ്ങൾ കയ്യിൽ നിൽക്കും. അപ്പോ ഭക്ഷണം ഉൾപ്പെടെ ബാക്കിയൊക്കെ ജോമോനെ നീ നോക്കണെ."
“മ്മ് നോക്കാം ചാച്ചാ."
“അവന്മാരെ തന്നെ ഭക്ഷണം ഏൽപ്പിച്ചേക്ക്. കൂടെ പള്ളിയും റോസാപ്പൂക്കൾ കൊണ്ട് ഡെക്കറേഷൻ ചെയ്യാൻ പറഞ്ഞേക്ക്... മ്മ്..."
"ചെയ്യാം ചാച്ചാ..."
കല്യാണത്തിന്‍റെ ഒരുക്കങ്ങൾ തകൃതിയായി പൊടിക്കുന്നുണ്ട്. കല്യാണത്തിന്‍റെ രണ്ടുദിവസം മുമ്പാണ് ആലീസിന്‍റെ ചില കൂട്ടുകാരികൾ വീട്ടിൽ വന്നത്. വന്നവരവനെ നോക്കി തമാശയ്ക്ക് ചോദിച്ചു.
“കല്യാണപ്പയ്യൻ ആണോ?"
“ഏയ് അല്ല എന്തേ?”
"ഒന്നുമില്ല. നിങ്ങൾ നല്ല മാച്ചായിരുന്നു."
"മ്മ്” അവൻ നാണത്തോടെ മൂളി. വൈകുന്നേരം വീട്ടിലെത്തിയ ജോമോന്‍റെ സുഹൃത്തുക്കളായ ബിനുവും വിനോദും വന്നു.
“എടാ, ജോമോനേ... നിനക്കവളെ കെട്ടിക്കൂടായിരുന്നോ? ഇത്രേം നല്ലൊരു പെണ്ണ് കുടുംബത്തിൽ ഉള്ളപ്പോ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം കാണിക്കുമോ?” ജോമോൻ അത്ഭുതത്തോടെ ബിനുവിനെ നോക്കി.
“എടാ, അതിന് അവളും ഞാനും അങ്ങനെയൊന്നുമല്ല. ഇനി, ഇങ്ങനെ വല്ലോം ഞാൻ പറഞ്ഞാൽ അയ്യോ…" അവൻ ആലോചിച്ചപോലെ പറഞ്ഞു.
“ഈ നഷ്ടം നിനക്ക് പിന്നെ മനസ്സിലാകും." വിനോദ് ജോമോനോടു പറഞ്ഞു. ജോമോൻ വല്ലാതെയായിരുന്നു അപ്പോഴേക്കും.
ബിനു വിനോദുമായി പോയികഴിഞ്ഞപ്പോൾ ജോമോൻ കുറേനേരം മുകളിലെ ബാൽക്കണിയിൽ പുറത്തേക്കു നോക്കിയിരുന്നു. അപ്പോഴേക്കും ആകാശം കറുത്തിരുണ്ട് നിരാശയുടെ ഇരുളുകൾ മൊത്തം മൂടുന്നത് അവൻ തിരച്ചറിഞ്ഞു.
രാത്രിയിൽ ആലീസിന്‍റെ കൂട്ടുകാരികൾ തിരികെ പോയി. അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ പോയി, ടിവി കാണുകയായിരുന്ന ജോമോന്‍റെ മുഖഭാവം കണ്ട് അടുത്തു വന്നിരുന്ന് ആലീസവനോട് ചോദിച്ചു.
“എന്താടാ? എന്തുട്ട? കല്യാണത്തിന്‍റെ ഓട്ടത്തിൽ മുഖം വല്ലാതെ ആയതാണോ?"
"അല്ല, ആലീസേ"
“പിന്നെ"
“മറ്റൊരുകാര്യമാണ്. പറഞ്ഞാൽ നീ എന്നെ വഴക്കു പറയരുത്...!”
“മ്മ്... പറ, എന്തേ, എന്തേലും മറന്നോ കല്യാണത്തിന്‍റെ ആയിട്ട്?"
“അങ്ങനെയല്ല. നീ വഴക്ക് പറയരുത്. ഓക്കേ ആണെങ്കിൽ പറയാം."
“മ്മ്, നീ പറഞ്ഞോടാ.” അവളവനെ നോക്കി.
"നിനക്കീ കല്യാണം വേണോ ആലിസേ…?"
“അതെന്താ ജോമോനെ ഇപ്പോ ഇങ്ങനെ തോന്നാൻ. രമിത്തുമായി ഞാൻ ഇപ്പോൾ കൂടെ സംസാരിച്ചേയുള്ളൂ… നീ കാര്യം പറ."





