പാടത്തിന്‍റെ നടുക്കുള്ള തറവാട്ടുവീട്ടിൽ രാത്രി നക്ഷത്രങ്ങളെ നോക്കി വലിയ സ്വപ്നങ്ങൾ കണ്ട രജിഷ സ്വപ്ന തുല്യമായ നേട്ടമാണ് ആദ്യ ചിത്രത്തിലൂടെ തന്നെ കരസ്ഥമാക്കിയത്. നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി സ്വയം വെള്ളിത്തിരയിലെ നക്ഷത്രമായി തിളങ്ങുന്ന കഥ, ഈ സ്നേഹ വർത്തമാനത്തിനിടയിൽ രജിഷ വിജയൻ താരജാഡയില്ലാതെ പറയുന്നു…

അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിന് വേണ്ടി രജിഷയുടെ റെഫറൻസ് എന്തൊക്കെയായിരുന്നു?

അതുപോലൊരു ബ്രേക്ക് അപ് എന്ന അവസ്‌ഥയിലൂടെ കടന്നു പോകുന്ന ധാരാളം പേരെ പഠിക്കുന്ന സമയത്ത് കോളേജിലും ഹോസ്റ്റലിലും ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം റിയാക്‌ട് ചെയ്യുന്നതെങ്ങനെയാണ് നേരിടുന്നത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഒരേകദേശ കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. പുതിയ തലമുറയിലെ ഭൂരിഭാഗം പെൺകുട്ടികളിലും ഇതുണ്ടാകുന്നുണ്ട്. ഇതൊക്കെ നമുക്ക് ചുറ്റിലും സംഭവിക്കുന്നതാണ്. ഏതെങ്കിലും ഒരു വ്യക്‌തിയെ അനുകരിച്ചല്ല ഞാനാ കഥാപാത്രം ചെയ്‌തത്. എലി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് നൽകിയതിന്‍റെ ഫുൾ ക്രഡിറ്റും സംവിധായകൻ ഖാലിദ് റഹ്മാനാണ്.

നവ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് രജിഷയ്ക്കുള്ള കാഴ്ചപ്പാട് എന്താണ്?

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ഒരാളല്ല ഞാൻ. എല്ലാവരും ഒരു പാരലൽ വേൾഡിലാണ് ജീവിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പരസ്പരം തമ്മിൽ കാണുന്ന നാലുപേർ വാട്സ്ആപ്പോ, ഫെയ്സ്ബുക്കോ അവരുടെ ഫോണിൽ ഉപയോഗിക്കുന്നതിന്‍റെ തിരക്കിലാകും. എന്നാൽ പിന്നെ നേരിട്ട് കാണേണ്ട ആവശ്യം ഇല്ലല്ലോ. സോഷ്യൽ മീഡിയ മൊത്തത്തിൽ മോശമാണെന്ന് ഞാനൊരിക്കലും പറയില്ല. നമുക്ക് പെട്ടെന്ന് പല കാര്യങ്ങളിലും ഇടപെടാൻ പറ്റും. പെട്ടെന്നൊരാളെ ഹെൽപ്പ് ചെയ്യാൻ പറ്റും. നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയും ഇതുപോലുള്ള ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതു പോലെ ഉപയോഗിക്കുന്നതിന്‍റെ ഫ്രീക്വൻസി തിരിച്ചറിയണം.

ആളുകൾ അവരുടെ ഡെവിളിഷ് സൈഡ് പുറത്തെടുക്കുന്നതിനുള്ള ഒരിടമായി സോഷ്യൽ മീഡിയയെ കാണുന്നുണ്ട്. കാപട്യങ്ങളില്ലാത്ത വളരെ ലൈവായി നിൽക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. സോഷ്യൽ മീഡിയയെ ആളുകൾ മിസ്യൂസ് ചെയ്യുന്നിടത്താണ് കുഴപ്പങ്ങൾ സംഭവിക്കുന്നത്. കൗമാരപ്രായത്തിലുള്ള കുട്ടികളെ ഇതൊരുപാട് ബാധിക്കുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികൾ വളരേണ്ടത് വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ്.

അനുരാഗ കരിക്കിൻ വെള്ളവുമായി ബന്ധപ്പെട്ട് എടുത്തു പറയാവുന്ന അനുഭവങ്ങൾ?

ആങ്കറിംഗ് ചെയ്‌തിരുന്നതു കൊണ്ട് എനിക്കുണ്ടായ ഗുണം ഞാനൊട്ടും ക്യാമറാ കോൺഷ്യസ് അല്ലായിരുന്നു എന്നതാണ്. സ്ക്രിപ്റ്റ് എഴുതുമ്പോഴും തിരുത്തി എഴുതുമ്പോഴും ഞാനവരുടെ കൂടെ ഉണ്ടായിരുന്നു. ഡയലോഗും സന്ദർഭങ്ങളും എനിക്ക് നേരത്തെ അറിയാമായിരുന്നത് കൊണ്ട് ഷൂട്ട് ചെയ്തപ്പോൾ ബുദ്ധിമുട്ടി സമയമെടുത്ത് ചെയ്യേണ്ടതായി വന്നിട്ടില്ല. മറ്റുപല കഥാപാത്രങ്ങളുടെ ഡയലോഗു പോലും എനിക്കൂഹിക്കാമായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം ചെയ്യുന്ന സമയത്ത് എനിക്ക് ഡ്രൈവിംഗ് അറിയില്ല. ഡ്രൈവിംഗ് ഷോട്ട്സ് എടുക്കുന്ന സമയത്ത് ഞാൻ കുറച്ച് കഷ്ടപ്പെട്ടു. ഇതൊക്കെ കഴിഞ്ഞ് ഡബ്ബിംഗിനു വന്നപ്പോഴാണ് ശരിക്കും പെട്ടുപോയത്.

അടച്ചിട്ട മുറിയിലിരുന്ന് മൈക്കിന്‍റെ മുന്നിലെ സ്ക്രീനിൽ നോക്കി ഡബ്ബ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. എന്‍റെ തൊണ്ടയൊക്കെ ഇടറി ശബ്ദമൊക്കെ മാറിപ്പോയി. ഇമോഷൻസെല്ലാം മാറി മാറി വരുന്ന സന്ദർഭങ്ങളാണ് അനുരാഗ കരിക്കിൻ വെള്ളത്തിൽ ഉണ്ടായിരുന്നത്. പേടിയൊക്കെ വന്ന് ഞാൻ വല്ലാതായി. പിന്നെ പലരും ഡബ്ബ് ചെയ്യുന്നത് പോയിരുന്ന് കണ്ടു. ഏഴെട്ടു ദിവസം എടുത്താണ് അനുരാഗ കരിക്കിൻ വെള്ളം ഡബ്ബിംഗ് പൂർത്തിയാക്കിയത്. ഇതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഗുണം പിന്നീട് വന്ന സിനിമകൾക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഡബ്ബിംഗ് ചെയ്യാൻ പറ്റി.

അവാർഡുകൾ ലഭിച്ച ശേഷം എന്തെല്ലാം സർപ്രൈസുകളാണ് കാത്തിരുന്നത്?

അനുരാഗ കരിക്കിൻ വെള്ളം സിനിമ ഇറങ്ങിയപ്പോൾ തന്നെ നാട്ടിലുള്ള ഒരുപാട് സുഹൃത്തുക്കൾ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലേക്ക് നോമിനേഷൻ അയച്ച കാര്യം ഞാനറിഞ്ഞിരുന്നില്ല. അവസാന ഷോർട്ട് ലിസ്റ്റിൽ എന്‍റെ പേരും വന്നു എന്നറിഞ്ഞപ്പോൾ തന്നെ ഒരു പ്രത്യേക ഫീലായിരുന്നു. സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ആകെ ഷോക്കായി. എന്നേക്കാൾ വലിയ ഷോക്ക് വീട്ടുകാർക്കായിരുന്നു. ചലച്ചിത്ര അവാർഡ് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചത് എനിക്ക് ഏറ്റവും വലിയ സർപ്രൈസ് കിട്ടിയതു പോലായി. സിപിസി അവാർഡ് ഞാൻ ഷെയർ ചെയ്തത് സായ്പല്ലവിയുടെ കൂടെയാണ്. എന്നെ ഒരുപാട് സ്വാധീനിച്ച അവാർഡാണത്. അവിടെ നിന്നാണ് എല്ലാറ്റിന്‍റേയും തുടക്കം. ഒരുപാട് സന്തോഷം തോന്നി. സിപിസി ക്ലബ് തന്ന അവാർഡ് എനിക്ക് എന്നും സ്പെഷ്യലാണ്.

സിനിമ മേഖലയിൽ നടീനടന്മാർക്ക് രണ്ടുതരം വേതനവ്യവസ്ഥ നിലനിൽക്കുന്നില്ലേ?

സിനിമയിലെ വേതന വ്യവസ്‌ഥയിലുള്ള തരംതിരിവ് ഹോളിവുഡിൽ പോലുമുണ്ട്. പക്ഷേ നമ്മുടെയിവിടെ നടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം നയൻതാരയ്ക്ക് മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്നു. ഇതിനൊക്കെ മാർക്കറ്റിങ്ങ് വലിയൊരു ഘടകമാണ്. പുതിയൊരാൾ വന്ന് എനിക്ക് മറ്റു താരങ്ങൾക്ക് കൊടുക്കുന്ന പ്രതിഫലം കിട്ടണമെന്നു പറഞ്ഞാൽ ആരും അംഗീകരിക്കില്ല. ഇന്ന് വളരെ ഹിറ്റായി നിൽക്കുന്നവർ നാളെ അങ്ങനെയാവണമെന്നില്ല. സ്ത്രീയായാലും പുരുഷനായാലും ഒരാൾ ചെയ്യുന്ന കഠിനാദ്ധ്വാനത്തെ മാനിക്കേണ്ടതാണ്.

ആങ്കറിംഗിലേക്ക് വന്നതെങ്ങനെ? ആങ്കറിംഗ് രജിഷയ്ക്ക് എത്രത്തോളം കംഫർട്ടാണ്?

ഞാൻ രണ്ടുമാസം പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്‍റിൽ വർക്ക് ചെയ്‌തിരുന്നു. ഒരു നാഷണൽ മീഡിയയിൽ ജേർണലിസ്റ്റായി എനിക്ക് ജോലി ലഭിച്ചതാണ്. പക്ഷേ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുന്നതുന്ന രീതി എന്‍റെ ജേർണലിസം ശൈലിയിൽ ഉണ്ടായിരുന്നു. അത് ഒരിക്കലും മാധ്യമപ്രവർത്തനത്തിന്‍റെ എത്തിക്സിന് യോജിച്ചതല്ല. പിന്നീടാണ് ആങ്കറിംഗിലേക്ക് ഒരു ഓപ്പണിംഗ് ഉണ്ടെന്നറിഞ്ഞ് അതിലേക്കുള്ള ഇന്‍റർവ്യൂവും ഓഡീഷനും അറ്റൻഡ് ചെയ്യുന്നത്. എന്‍റേത് ഒരിക്കലും സ്ക്രിപ്റ്റ് ഫോളോ ചെയ്‌തിട്ടുള്ള ആങ്കറിംഗ് അല്ലായിരുന്നു. അപ്പോ മനസ്സിൽ തോന്നുന്നതെന്തോ അതങ്ങ് പറയും. ഭാഗ്യം കൊണ്ട് അതൊക്കെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു.

രജിഷയുടെ കലാലയ ജീവിതം എങ്ങനെയുള്ളതായിരുന്നു?

അമിറ്റി യൂണിവേഴ്സിറ്റിയിലാണ് ഞാൻ പഠിച്ചത്. ഒരു വലിയ ഹൈഫൈ ട്രൈബാണ് അമിറ്റിയിലേത്. പക്ഷേ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് വരുന്നതിന്‍റെ വേർതിരിവൊന്നും അവിടെയില്ല. റാഗിങ്ങില്ല, പൊളിറ്റിക്കൽ മൂവ്മെന്‍റുകളില്ല. ജേർണലിസത്തിലാണ് സ്പെഷ്യലൈസ് ചെയ്തത്. എനിക്കെന്‍റെ സബ്ജക്ട് വലിയ ഇഷ്ടമായിരുന്നു. എന്‍റെ ക്ലാസിലെ മറ്റു കുട്ടികൾക്ക് അസൈൻമെന്‍റുകൾ എഴുതി കൊടുക്കുക കോപ്പിയടിക്കാൻ സഹായിക്കുക ഇതൊക്കെ എനിക്ക് അക്കാദമിക്ക് ലെവലിൽ ഒരു മുൻതൂക്കം തന്നിരുന്നു. വളരെ പാഷനോടെയാണ് എന്‍റെ സിലബസിലെ ഓരോ വിഷയത്തേയും സമീപിച്ചത്.

actress rajisha vijayan

ഫിലിം സ്റ്റഡീസ് ഒക്കെ ഉണ്ട്. അന്ന് മുതൽ ഒരുപാട് ലോകസിനിമകൾ കണ്ടിരുന്നു. ലോക സിനിമാ വ്യവസായത്തിലെ മുഖ്യധാരാ സിനിമകളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഡെസർട്ടേഷന് തെരഞ്ഞെടുത്തത്. സത്യജിത്ത് റേയുടെ ചാരുലത എന്നെ ആകർഷിച്ച സിനിമയാണ്. കോളേജിലായാലും സ്കൂളിലായാലും പരമാവധി എല്ലാ പരിപാടികളിലും ഇൻവോൾവാകാൻ ശ്രമിച്ചിരുന്നു. രണ്ടര വയസ്സ് മുതൽ പുറമേ മറ്റു കുട്ടികൾക്കിടയിലേക്ക് അമ്മ എന്നെക്കൊണ്ടിരുത്തി. അന്നു മുതലേ ആക്‌ടീവാണ്. ഇന്നു വരെ സ്റ്റേജ് ഫിയർ അനുഭവപ്പെട്ടിട്ടില്ല.

സിനിമാക്കാരനിലെ വിനീത്ശ്രീനിവാസൻ കോംബോ ഒരു പുതിയ അനുഭവം ആയിരുന്നില്ലേ?

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഷൂട്ടിംഗ് സെറ്റായിരുന്നു സിനിമാക്കാരന്‍റേത്. ഷൂട്ടിംഗ് സെറ്റിനുള്ളിൽ ചുറ്റും നടക്കുന്നതൊക്കെ ശ്രദ്ധിച്ചു നോക്കാറുണ്ട്. വിനീതേട്ടൻ ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടില്ല. നമ്മളെന്തെങ്കിലും സംശയം അങ്ങോട്ട് ചോദിച്ചാൽ വളരെ മിതത്വത്തോടെ ആവശ്യമുള്ളതു മാത്രം പറഞ്ഞു തരും.

രജിഷ മത വിശ്വാസിയാണോ?

ഞാനൊരിക്കലും ഏതെങ്കിലും മതത്തിന്‍റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നയാളല്ല. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നതും എഴുതി വച്ചിരിക്കുന്നതും ഒന്നു തന്നെയാണ്. ലോകം നിലകൊള്ളുന്നത് പോസിറ്റീവ് എനർജി കൊണ്ടും നെഗറ്റീവ് എനർജി കൊണ്ടുമാണെന്നാണ് എന്‍റെ വിശ്വാസം.

എങ്ങനെയുള്ള കഥാപാത്രങ്ങളാണ് ചെയ്യാനിഷ്ടം?

തലയണമന്ത്രത്തിൽ ഉർവശി അവതരിപ്പിച്ച കഥാപാത്രത്തോട് വലിയ ഇഷ്ടമാണ്. നായകനും നായികയും എല്ലാ അർത്ഥത്തിലും ഉത്തമരാണ് എന്ന രീതിയിലുള്ള ക്ലീഷേ കഥാപാത്രങ്ങളെ ഒഴിവാക്കി സ്വാഭാവികമായി ചെയ്യണമെന്നാണ് ആഗ്രഹം. ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ ഇവരുടെയൊക്കെ സിനിമകളിൽ കാണുന്ന സ്വഭാവികത തന്നെയാണ് എന്നെ ആകർഷിക്കുന്നത്. ഷേയ്ഡ്സ് ഓഫ് ഗ്രേവ എന്ന തരത്തിലുള്ള കഥാപാത്രങ്ങളോടാണ് താൽപര്യം. എഴുത്തുകാരന്‍റേയും സംവിധായകന്‍റേയും സൃഷ്ടിയിലാണ് ഒരു കഥാപാത്രം രൂപപ്പെടുന്നത്. അവർ എന്നെ ഏൽപ്പിക്കുന്നത് വളരെ ഭംഗിയായി ചെയ്യുക. ഒരു കഥാപാത്രത്തെ ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് ചെയ്യാതിരിക്കുക. കഥാപാത്രത്തെ എനിക്ക് തോന്നുന്ന രീതിയിൽ മാറ്റി ചെയ്യണമെന്ന് ഒരിക്കലും ഞാൻ പറയില്ല.

സൗന്ദര്യം സൂക്ഷിക്കുന്നതിലും മേക്ക് ഓവറിലും രജിഷയുടേതായ ടിപ്സ് എന്തൊക്കെയാണ്?

പലതും എന്‍റെ മൂഡിന് അനുസരിച്ചാണ്. ടെലിവിഷൻ ഷോ, പ്രമോഷൻ, ഇവന്‍റസ് ഇതൊക്കെ വരുമ്പോൾ അതിന് അനുസരിച്ചുള്ള മേക്കപ്പും ഡ്രസ്സിംഗും തെരഞ്ഞെടുക്കേണ്ടി വരും. എന്‍റെ പേഴ്സണൽ ലൈഫിൽ മേക്കപ്പ് ഉപയോഗിക്കാറില്ല. പക്ഷേ ഡ്രസ്സിംഗ് ശ്രദ്ധിക്കും. എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന ഏത് ഡ്രസ്സും ധരിക്കും. ഫാഷനും, ട്രെൻഡ്സെറ്റ് രീതികളും ശ്രദ്ധിക്കാറുണ്ട്. പിന്നെ ടിപ്സ് എന്നു പറഞ്ഞാൽ എത്രത്തോളം നാച്ചുറലാകാൻ പറ്റുമോ അത് ഫോളോ ചെയ്യുക. ഹെൽത്തി ആയിട്ടുള്ള ആഹാരം തെരഞ്ഞെടുക്കുക. മുഖത്തും, മുടിയിലും പല പല ട്രീറ്റ്മെന്‍റുകൾ പറയും. അതൊക്കെ വാരിവലിച്ച് ചെയ്യരുത്. നമുക്കു വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന എണ്ണ ഉപയോഗിക്കുക. കെമിക്കൽ നിറഞ്ഞ ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പരസ്യ കമ്പനികൾ പല വാദങ്ങളും പറഞ്ഞ് വരും. ഒന്നിനും ഒരു ഗുണമുണ്ടാവില്ല. കടലമാവൊക്കെ ഉപയോഗിക്കുകയാണെങ്കിൽ അത് തന്നെയാണ് നല്ലത്.

ആളുകൾ തിരിച്ചറിയപ്പെടുന്നു എന്നതിൽ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ?

ഒരിക്കലുമില്ല. എനിക്കു തോന്നുന്നതൊക്കെ യാതൊരു തടസ്സവുമില്ലാതെ ഇപ്പോഴും ചെയ്യാറുണ്ട്. തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളപ്പോൾ അങ്ങനെ ചെയ്യും. ഇപ്പോ ഒരുപാടാളുകൾ എന്നെ തിരിച്ചറിയുന്നു എന്നതു കൊണ്ട് അതൊന്നും മാറ്റി വയ്ക്കേണ്ടതില്ലല്ലോ.

ആകെ അലങ്കോലമായ പരുവത്തിൽ ഡ്രസ്സ് ചെയ്‌തു പുറത്തു പോകുമ്പോൾ രജിഷയുടെ ഛായയുള്ള പെൺകുട്ടിയല്ലേ എന്ന് കമന്‍റ് കേൾക്കാറുണ്ട്. ഇവിടെ കൊച്ചിയിൽ വന്നിട്ട് എന്‍റെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ള അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. സത്യത്തിൽ ഞാൻ അത്രയൊന്നും ആയിട്ടില്ല (പൊട്ടിച്ചിരിക്കുന്നു). കുറേനാൾ ഇതുപോലൊക്കെ തന്നെ പോകണമെന്നാണ് ആഗ്രഹം.

ഭക്ഷണത്തോടുള്ള താൽപര്യം എങ്ങിനെയാണ്? പാചകം അറിയാമോ?

ഞാൻ നല്ലൊരു ഫുഡിയാണ്… അയ്യോ! (വാരിവലിച്ച് തിന്നാറൊന്നുമില്ലാട്ടോ) ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടിയാണെന്നു പറയാം. ഒരുപാട് വെറൈറ്റി ആയിട്ടുള്ള ഭക്ഷണമൊക്കെ കഴിക്കും. പക്ഷേ കഴിക്കുന്നതിന്‍റെ അളവ് കുറവായിരിക്കും.

ചോറിനോട് വലിയ താൽപര്യമില്ല. നോർത്തില് വളർന്നതിന്‍റെയാണോ എന്നറിയില്ല. അമ്മ വച്ചു തരുന്ന ചില കറികളുണ്ട് അതാണേൽ മാത്രം ചോറ് കഴിക്കും. പിന്നെ പാചകം ചെയ്‌ത് പരിചയമില്ല. കേക്കും കുക്കീസുമൊക്കെ ബേക്ക് ചെയ്യാറുണ്ട്. സർവൈവ് ചെയ്യാൻ തക്ക സെൽഫ് കുക്കിംഗ് അറിയില്ല.

രജിഷയുടെ മറ്റ് ഹോബീസ്…

എഴുതുക, വായിക്കുക, സിനിമ കാണുക, യാത്ര ചെയ്യുക ഇതൊക്കെ തന്നെ. പിന്നെ എടുത്തു പറയാവുന്നത് ഞാൻ നന്നായി ഉറങ്ങും. വെറുതെ ഉറങ്ങുകയല്ല. സ്വപ്നം കാണാൻ വേണ്ടി മാത്രമായി ഉറങ്ങും. എന്നെ സംബന്ധിച്ച് സ്വപ്നം കാണുക എന്നതാണ് ഏറ്റവും വലിയ ഹോബി. അത് തന്നെ വലിയൊരു എന്‍റർടൈൻമെന്‍റാണല്ലോ.

നാട് എത്രത്തോളം പ്രിയപ്പെട്ടതാണ്? പോകാനിഷ്ടപ്പെടുന്ന സ്‌ഥലങ്ങൾ?

കോഴിക്കോട് പേരാമ്പ്രയ്ക്കടുത്താണ് സ്വദേശം. വളർന്നതൊക്കെ നോർത്തിലായതു കൊണ്ട് നാട്ടിലങ്ങനെ അധികം നിന്നിട്ടില്ല. പക്ഷേ എനിക്കേറ്റവും സമാധാനം കിട്ടുന്ന സ്‌ഥലം തറവാടാണ്. റോഡിൽ നിന്നും ഉള്ളിലോട്ട് കയറി വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങളൊന്നും വരാത്ത സ്‌ഥലത്താണ് വീടിരിക്കുന്നത്. അതൊരു പാടത്തിന്‍റെ നടുക്കാണ്. അവിടെ നിൽക്കുമ്പോൾ രാത്രി കുറേ നക്ഷത്രങ്ങളെ കാണാം. ഒരുപാട് സ്‌ഥലങ്ങളിലൊക്കെ യാത്ര ചെയ്യണമെന്നതാണ് ആഗ്രഹം. ഈ ലോകം മൊത്തം കാണണം. യൂറോപ്പ്, ആഫ്രിക്ക, അന്‍റാർട്ടിക്ക ഇതൊക്കെ ലിസ്റ്റിലുണ്ട്.

और कहानियां पढ़ने के लिए क्लिक करें...