ഐഎഫ്എഫ്കെയിൽ ചർച്ചയാവുകയും ഫിപ്രസ്കി പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്ത മാൻഹോൾ, വിധു വിൻസെന്‍റ് എന്ന സംവിധായികയുടെ കന്നിചിത്രമാണ്. പുരുഷമേൽക്കോയ്മ എങ്ങനെ സ്ത്രീയെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു എന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന സ്റ്റാൻഡപ്പ് രണ്ടാമത്തെ സിനിമയാണ്.. രണ്ടും സാമൂഹ്യ തലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ.. ന്യൂസ്റൂമിൽ നിന്നും സിനിമയുടെ ഫ്രെയിമുകളിലേക്കുള്ള വിധുവിന്‍റെ യാത്ര…
ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു കാഴ്ചയും വിധു വിൻസെന്‍റിന്‍റെ ഫ്രെയിമിൽ കടന്നു വന്നിട്ടില്ല. ന്യൂസ് റൂമിലായാലും, ഡോക്യുമെന്‍ററിയിലായാലും സിനിമയിലായാലും യഥാർത്ഥ ജീവിതമാണ് വിധുവിന്‍റെ ക്യാമറക്കാഴ്ച. മാൻഹോൾ എന്ന കന്നി ചിത്രത്തിലൂടെ സിനിമാ രംഗത്ത് തികച്ചും വ്യത്യസ്‌തമായ ചുവടുവയ്‌പ്പ് നടത്തിയ മാധ്യമ പ്രവർത്തകയാണ് വിധു.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ 52 ചിത്രങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത മലയാള ചിത്രങ്ങളിലൊന്ന് വിധു സംവിധാനം ചെയ്‌ത മാൻഹോൾ ആണ്. ആരും ചെയ്യാനറയ്‌ക്കുന്ന ജോലി ചെയ്‌ത്, ജീവിതത്തെ നേരിട്ടപ്പോൾ മനുഷ്യനെന്ന പരിഗണന പോലും കിട്ടാതെ പോയ തോട്ടിപ്പണി ചെയ്യുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിച്ച് മാൻഹോൾ പ്രേക്ഷകരെ ഓർമ്മിപ്പിച്ചു. മാധ്യമ പ്രവർത്തക എന്ന നിലയിൽ നിൽക്കുമ്പോൾ തന്നെ ആക്‌ടിവിസ്‌റ്റ് എന്ന റോളിലും പിന്നെ സംവിധായിക എന്ന പദവിയിലേക്കും കടന്നു വന്ന വിധുവിന്‍റെ വിചാരങ്ങളിലേക്ക്.
കൊറോണക്കാലം എങ്ങനെ അതിജീവിച്ചു?
ആ കാലം കടന്നു പോയി എന്നു ഇപ്പോഴും പറയാറായിട്ടില്ല.. മറ്റെല്ലാവർക്കുമെന്ന പോലെ വലിയ ബുദ്ധിമുട്ട് നിറഞ്ഞ സമയം തന്നെ ആയിരുന്നു. മുൻപ് ആലോചിച്ചു വച്ച പ്രൊജക്റ്റ്‌കൾ ഒന്നും മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല. എന്നെ സംബന്ധിച്ചു പറഞ്ഞാൽ ഗവണ്മെന്‍റ് പ്രൊജക്റ്റിന്‍റെ ഭാഗമായി വല്ലപ്പോഴും കിട്ടുന്ന ചില വർക്കുകൾ ആണ് ഉപജീവനത്തിന് സഹായിച്ചു കൊണ്ടിരുന്നത്. ഏതാണ്ട് അതും കൊറോണക്കാലത് നിലച്ച മട്ടായിരുന്നു. ഇത്രയും പ്രതിസന്ധി ഉണ്ടാക്കിയ കാലം ആയിരുന്നു എങ്കിലും അതേകാലം ചില സാധ്യതകളും തുറന്നു തന്നു. അവ മനസിലാക്കി ഉപയോഗിക്കണം.. കൊറോണ കാലത്ത് വായന, എഴുത്ത്, ഫിലിം കാണൽ ഇങ്ങനെ മുൻപ് മാറ്റിവച്ച പല കാര്യങ്ങൾക്കും സമയം കിട്ടി..
ആദ്യത്തെ ചിത്രം മാൻഹോൾ നൽകിയ അനുഭവം?
കേരളത്തിൽ തോട്ടിപ്പണി ചെയ്യുന്ന ഒരു സമുദായത്തെക്കുറിച്ച് വൃത്തിയുടെ ജാതി എന്ന പേരിൽ ഡോക്യുമെന്‍ററി തയ്യാറാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കേരളത്തിൽ കുടിയേറിപ്പാർത്ത് നാടിന്‍റെ മാലിന്യം നീക്കുന്ന ഇവർക്ക് ജാതി സർട്ടിഫിക്കറ്റും മറ്റും നൽകാൻ മതിയായ രേഖകളില്ലായിരുന്നു. ഇതിന്‍റെ പേരിൽ നേരിട്ട പ്രതിസന്ധികളായിരുന്നു ഡോക്യുമെന്‍ററി. പിന്നീട് ഈ ത്രെഡ് സിനിമയാക്കുകയായിരുന്നു. ആദ്യത്തെ ചിത്രത്തിൽ ലഭിച്ച അംഗീകാരം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് നൽകുന്നത്. അതേസമയം ഇതൊരു അവസരമാണ്. വ്യത്യസ്‌തമായ ഒരു വിഷയം ആണ് ആദ്യമായി അവതരിപ്പിച്ചത്. അത് ചെയ്‌തപ്പോൾ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ മനസ്സിലുണ്ട്. ഇനി ഒരു സിനിമ ചെയ്യുമ്പോൾ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. ഈ ചിത്രം വലിയ സർക്കിളുകളിൽ പോയിട്ടില്ല. എന്നാൽ ചർച്ചകൾ ഉണ്ടായി. സിനിമയിൽ അതൊരു വലിയ കാര്യം തന്നെയാണ്. ഒരു വിപ്ലവം ഉണ്ടായില്ലെങ്കിലും ചെറിയ മാറ്റം സംഭവിക്കുന്നുവെന്ന പ്രതീക്ഷയുണ്ട്.
മാധ്യമപ്രവർത്തക, സംവിധായിക എന്നീ റോളുകൾ?
രണ്ടും ജോലി തന്നെ. ഓരോ ജോലിക്കും അതിന്‍റെ പ്ലസ്, മൈനസുകളുണ്ട്. സോഷ്യൽ റസ്പോൺസിബിലിറ്റി ശരിക്കും ഉള്ള ജോലിയാണ് ഇവ രണ്ടും. പാഷനും, സ്വപ്നവും, സാമൂഹ്യപ്രതിബദ്ധതയും ഈ രണ്ടു ജോലികളുടെയും ഭാഗമാണ്. ക്ലർക്ക് ജോലി ചെയ്യുന്നതു പോലെ ഒരു ജേണലിസ്റ്റിനു തന്‍റെ ജോലി ചെയ്യാൻ പറ്റിയേക്കും. പക്ഷേ അതാണോ ആ രംഗം ആവശ്യപ്പെടുന്നത് എന്ന ഒരു സംശയം ഉണ്ട്. ജേണലിസ്റ്റ് എന്ന നിലയിൽ ലഭിച്ച അനുഭവവും കരുത്തുമാണ് സിനിമാരംഗത്ത് എന്നെ സഹായിക്കുന്നത്. സിനിമ ചെയ്യാൻ തീരുമാനിച്ചതു കൊണ്ട് മാത്രം ഞാൻ മാധ്യമപ്രവർത്തകയല്ലാതാകുന്നില്ല.
മീഡിയാ വൺ ചാനലിൽ ജോലി ചെയ്‌തു തുടങ്ങിയപ്പോഴാണ് പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ച് സ്റ്റോറി ചെയ്യാൻ തുടങ്ങിയത്. എന്‍റെ ചിന്തയും രാഷ്ട്രീയവും പ്രതിഫലിപ്പിക്കാൻ പറ്റിയ മേഖലയായി എനിക്കത് തോന്നി. മാധ്യമപ്രവർത്തനത്തിൽ നിന്ന് കുറച്ചുകാലം മാറി നിന്നിരുന്നു 2010 മുതൽ 2014 വരെ. രാഷ്ട്രീയ ലക്ഷ്യങ്ങളെ കൃത്യമായി രൂപപ്പെടുത്തിയ സമയമായിരുന്നു. കൂടുതൽ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും, ജാഗ്രതയോടെ സമൂഹത്തെ കാണാനും പഠിച്ചു. ഗൗരവത്തോടെ ഓരോ വിഷയത്തെയും കാണാനുള്ള മനസ്സ് ആ കാലഘട്ടത്തിൽ ഉണ്ടായി. എല്ലാ ദിവസവും മാധ്യമപ്രവർത്തനത്തിൽ നിൽക്കുമ്പോൾ മിസ് ചെയ്‌തു പോകുന്ന പല കാര്യങ്ങളുണ്ട്. ഏതു വ്യക്‌തിക്കും ഒരു മൂന്നാം കണ്ണുവേണം. ജോലിയിൽ നിന്ന് മാറി നിന്ന സമയത്ത് ആ മൂന്നാം കാഴ്ച എനിക്ക് നേടിയെടുക്കാനായി.
അച്‌ഛന്‍റെ നിർമ്മാണത്തിൽ മകളുടെ ചിത്രം എന്ന അപൂർവ്വത ഉണ്ടല്ലോ?
പിന്നണിയിൽ അച്‌ഛന്‍റെ പിന്തുണ ചെറുതൊന്നുമല്ല. ഒരു നിർമ്മാതാവിനെ അന്വേഷിച്ചു വലഞ്ഞപ്പോൾ അച്‌ഛനാണ് സഹായിച്ചത്. ഈ പണം തിരിച്ചു കൊടുക്കാൻ പറ്റുമെന്ന് ഉറപ്പില്ലല്ലോ. എന്‍റെ അമ്മ അൽഫോൺസായും ദീപ എന്ന പെൺകുട്ടിയും ചേർന്നാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. വീടിന്‍റെ സഹകരണം ഉള്ളതു കൊണ്ട് പല രീതിയിൽ സഹായം ലഭിച്ചു. ചെലവ് ചുരുക്കാനും കഴിഞ്ഞു. സ്ത്രീകൾ ഇത്തരം ഒരു സംരംഭം ചെയ്യുമ്പോൾ അത് ഹോംലി അഫയർ ആക്കുമോ എന്ന സംശയവും പലരും പ്രകടിപ്പിക്കാതിരുന്നില്ല. അങ്ങനെ വരാമോ എന്നൊന്നും എനിക്ക് ഇപ്പോൾ അറിയില്ല. ഈ സിനിമയ്ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് നിർമ്മാതാവിനോടും തിരക്കഥാകൃത്തിനോടും ആണ്. ഒരു സിനിമ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. കുറച്ചു കൂടി വലിയ ഓഡിയൻസിലേക്ക് ഈ വിഷയം എത്തിക്കണം എന്നാവശ്യപ്പെട്ടത് തിരക്കഥാകൃത്തായ ഉമേഷ് ഓമനക്കുട്ടനാണ്. അദ്ദേഹം ചെയ്‌ത സ്ക്രിപ്റ്റ് കണ്ടപ്പോൾ ഇതു കൊള്ളാം എന്ന തോന്നലുണ്ടായി. അതിനാൽ ഞാൻ എവിടെയും തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എന്‍റെ വിജയത്തിനു പിന്നിൽ രണ്ടു പുരുഷന്മാരാണ്.
സ്ത്രീകളുടെ അഭാവമുണ്ടോ സംവിധാനരംഗത്ത്?
തീർച്ചയായും. അനിശ്ചിതാവസ്‌ഥയുള്ള ഫീൽഡ് ആണിത്. പത്തോ ഇരുപതോ ദിവസം ഷൂട്ട് ചെയ്യാൻ പോകണമെങ്കിൽ പോലും പല പ്രശ്നങ്ങളുണ്ട്. സ്ത്രീകൾക്ക് ചിലതൊന്നും പറ്റില്ല എന്ന് പൊതുസമൂഹം ധരിച്ചു വച്ചിരിക്കുകയാണ്. ഞാൻ തന്നെ എന്‍റെ സുഹൃത്തിനു വേണ്ടി പ്രമുഖനായ ഒരു ഡയറക്‌ടറെ സമീപിച്ച് അവളെ അസിസ്റ്റന്‍റാക്കുമോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. “ബുദ്ധിമുട്ടാണ്. ഈ ടീമിൽ മുഴുവൻ ആണുങ്ങളാണ്. ഒരു സ്ത്രീ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേകം റൂം കൊടുക്കേണ്ടി വരും. കൊടുത്തില്ലെങ്കിൽ ആളുകൾ കച്ചറയാക്കും എന്ന്.” ഇതൊക്കെ പൊതുബോധത്തിന്‍റെ പ്രശ്നമാണ്. ഇത് മറികടക്കാൻ നമ്മൾ ഒന്നും ചെയ്യുന്നില്ല.
അതുകൊണ്ടാണോ സ്ത്രീകൾ കടന്നുവരാത്തത്?
നമ്മൾ പെൺകുട്ടികളെ ഏറ്റവും അടുത്ത സ്ക്കൂളിലും കോളേജിലും പഠിപ്പിച്ച്, ആൺകുട്ടികളെ വിദേശത്തും വിടും, പിന്നെ വളരെ അടുത്തുള്ള ആൾക്കു കല്യാണം കഴിച്ചു കൊടുക്കും. പെൺകുട്ടിക്ക് അവളുടെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ഒരു പരിശീലനവും കുടുംബവും സമൂഹവും നൽകുന്നില്ല. സ്വപ്നം കാണാൻ പോലും സമ്മതിക്കില്ല, കാണുന്ന സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാനുള്ള വഴികളിലേക്കും എത്തിക്കില്ല. വിമൻ ഫ്രണ്ട്‍ലി ആവണം ഓരോ രംഗവും. മാധ്യമ മേഖലയിൽ ഇപ്പോൾ മാറ്റമുണ്ട്. മുൻകാലത്തെ അപേക്ഷിച്ച് സ്ത്രീകൾ ഉണ്ട്. എന്നാൽ സിനിമാ നിർമ്മാണ രംഗത്ത് സ്ത്രീകൾ വളരെ കുറവാണ്.
യാത്രകളിലെ അനുഭവത്തെക്കുറിച്ച്?
ഒരുപാടു യാത്ര ചെയ്യുന്ന ആളാണ്. യാത്ര ചെയ്യാൻ എനിക്ക് കിട്ടിയ സ്വാതന്ത്യ്രവും യാത്രകൾ നൽകിയ അനുഭവവുമാണ് എന്നെ ഞാനാക്കി തീർക്കുന്നത്. ക്യാമ്പുകൾ, റിപ്പോർട്ടിംഗിനായുള്ള യാത്രകൾ, ഒറ്റയ്ക്കുള്ള യാത്രകൾ, യാത്രയ്ക്കുള്ള യാത്രകൾ. ഓരോന്നും വ്യത്യസ്‌തമായ അനുഭവമാണ്. ഒറീസയിൽ പോയ ഒരനുഭവമുണ്ട്. ഒരു ഒറീസ കവിയുടെ വീട് കണ്ടുപിടിക്കാനായി മണിക്കൂറുകളോളം രാത്രിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌തിട്ടുണ്ട്. ഓട്ടോക്കാരനു തന്നെ ഭയം. അവിടത്തെ പെൺകുട്ടികൾ പോലും അസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ലത്രേ. എന്തു വന്നാലും അതിജീവിക്കും എന്ന തോന്നലുണ്ട്. ആ ധൈര്യം തരുന്നത് യാത്ര മാത്രമാണ്. അർദ്ധരാത്രി ഒരു സ്‌ഥലത്ത് ഒറ്റപ്പെട്ടുപോയാലേ അറിയൂ, അവിടെ എന്തൊക്കെ പ്രശ്നം ഉണ്ടാകുമെന്ന്. യാത്രയിൽ നമ്മൾ കണ്ടുമുട്ടുന്നവർ, നേരിട്ട അനുഭവങ്ങൾ, നല്ലതും മോശവും ആയ അനുഭവങ്ങൾ അതെല്ലാം ചേർന്നാണ് നമ്മുടെ വ്യക്‌തിത്വവും രൂപപ്പെടുന്നത്. യാത്ര പുറപ്പെടുന്ന സമയത്തെ മനുഷ്യനായിരിക്കില്ല തിരിച്ചു വരുമ്പോൾ ഉള്ള ആൾ. ആണിനും പെണ്ണിനും ഇത് ബാധകമാണ്.
ഇടുക്കിയിൽ ഒരു ഷൂട്ടിന് പോയപ്പോഴുള്ള നേരത്തെ അനുഭവമാണ്. നീണ്ട യാത്രക്കിടയിൽ ഒന്നു മൂത്രമൊഴിക്കാൻ പോലും പറ്റുന്നില്ല, എവിടെ പോകും. ഒരു വീട്ടിൽ നിർത്തിയിട്ട് ഒന്നു മൂത്രമൊഴിച്ചോട്ടെ എന്നു ചോദിക്കേണ്ട അവസ്‌ഥ ഉണ്ടായി. ഇതൊരു ഏറ്റവും സാധാരണമായ പ്രശ്നം. ഇത്തരം നിരവധി പ്രാക്ടിക്കൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. കാട്ടിനുള്ളിലൂടെ ഒരു ഗ്രൂപ്പിനൊപ്പം രാത്രിയിൽ പോയപ്പോൾ ടെന്‍റ് കെട്ടി എല്ലാവരും കൂടി അതിനുള്ളിൽ ഉറങ്ങിയിട്ടുണ്ട്. എന്നെക്കുറിച്ച് ഞാൻ കാണിക്കുന്ന ധൈര്യവും കൂടെ ഉളളവരെക്കുറിച്ചുള്ള വിശ്വാസവും അവർക്ക് നമ്മളെക്കുറിച്ചുള്ള വിശ്വാസവും പ്രധാനമാണ്.
ഇപ്പോഴും ചിന്തിപ്പിക്കുന്ന ഒരു കാര്യം പറയാമോ?
എന്‍റെ സിനിമയുമായി ബന്ധപ്പെട്ട ഒരു വിചാരം ചിലർ പങ്കുവയ്‌ക്കുകയുണ്ടായി. മേളയിൽ ആദ്യമായി ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമയായതു കൊണ്ട് അത് സ്വീകരിച്ചു എന്ന് ചിന്തിച്ചവരും ഉണ്ട്. ഇത് സിനിമയുടെ ശക്‌തിയാണ്, നിങ്ങളുടെ അല്ല എന്ന് പിന്നീട് സിനിമ കണ്ട് അഭിപ്രായം തിരുത്തിയവരും ഉണ്ട്. സ്ത്രീകൾ എന്തെങ്കിലും ചെയ്‌താൽ അവർ അത് ചെയ്‌തത് ആരുടെയെങ്കിലും സഹായം കൊണ്ടാണെന്നോ, അല്ലെങ്കിൽ ഇമ്മോറൽ വഴിയാണെന്നോ ചിന്തിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി, കഴിവ് ഒരിക്കൽ തെളിയിച്ചാൽ പോരാ, അത് തുടർച്ചയായി തെളിയിച്ചു കൊണ്ടേയിരിക്കണം.
സിനിമ ലോകം തരുന്ന തിരിച്ചറിവുകൾ?
സനിമ ഉള്ള സമയത്തു മാത്രമല്ലേ പണിയുണ്ടാകു.. അതിനാൽ എന്നെ തന്നെ ഡൈവേർസിഫൈ ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഒരു സുഹൃത്തിന്‍റെ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോൾ ചെയ്തു വരികയാണ്. അതൊരു നല്ല തീരുമാനം ആയിട്ട് എനിക്ക് തോന്നി. എല്ലാ പണികളും ചെയ്യാൻ പ്രാപ്തമാവുക.. ജീവിതം മുന്നോട്ട് പോകാൻ അതൊക്കെ ആവശ്യം ആണല്ലോ. മറ്റൊരു സംഗതി ബിഗ് ബജറ്റ് ചിത്രങ്ങളെക്കാൾ, ആൾക്കാർക്ക് സ്വീകാര്യത ഉള്ള മീഡിയം ചിത്രങ്ങൾ ചെയ്യാൻ ആളുകൾ കൂടുതൽ ശ്രമിക്കുന്നുണ്ട്.
ഡബ്ലിയുസിസി യുമായുള്ള വിഷയങ്ങൾ?
സംഘടനയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ ഇല്ല.. പുറത്തു നിന്നു പിന്തുണക്കാൻ പറ്റുന്നത് ചെയ്യും. സംഘടനപരമായ ഇടപെടൽ ഇല്ല, എങ്കിലും എല്ലാവരുമായും സൗഹൃദത്തിലാണ്.