ജ്യേഷ്ഠ സഹോദരൻ നൃത്തം പഠിക്കുമ്പോൾ പശ്ചാത്തലത്തിൽ അകമ്പടിയായെത്തുന്ന തബലയുടെ നാദം കുഞ്ഞ് രത്നശ്രീയുടെ മനസ്സ് കീഴടക്കുമായിരുന്നു. “അന്ന് എനിക്ക് കഷ്ടിച്ച് മൂന്നോ നാലോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.” രത്നശ്രീ ചിരിയോടെ ഓർക്കുന്നു. ജ്യേഷ്ഠന്‍റെ നൃത്ത പരിശീലനം നടക്കുമ്പോൾ തബലവാദനത്തിന്‍റെ ദ്രുത താളലയങ്ങളിൽ ഭ്രമിച്ചു പോയ ആ പെൺകുട്ടി ഇന്ന് മലയാളത്തിന്‍റെ അഭിമാനമായ തബല ആർട്ടിസ്റ്റ് ആയി മാറി.

ഹിന്ദുസ്ഥാനിയിലും കർണ്ണാട്ടിക്കിലും സ്വരങ്ങളിലൂടെ കൈവിരലുകളുടെ മാന്ത്രിക സ്പർശം കൊണ്ട് തബലയിൽ സംഗീതത്തിന്‍റെ അലകൾ തീർക്കുന്ന രത്നശ്രീ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ തബല ആർട്ടിസ്റ്റ്. സംഗീത ലോകത്ത് വിസ്മയമായ രത്നശ്രീയ്ക്ക് കേരളത്തിന് അകത്തും പുറത്തും ആരാധകരുണ്ട്. രത്നശ്രീ തന്‍റെ അനുഭവങ്ങളും ബാല്യകാല സ്മരണകളും ഓർമ്മിച്ചെടുത്തു…

“ഞങ്ങൾ 7 സഹോദരങ്ങളായിരുന്നു വീട്ടിൽ. 5 ആണും ഞാനുൾപ്പെടെ 2 പെൺകുട്ടികളും. അതിൽ ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. എന്‍റെ സഹോദരന്മാരിൽ ഒരാൾ വീട്ടിൽ 5 വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. യൂത്ത് ഫെസ്റ്റിവലിൽ യൂണിവേഴ്സിറ്റി തലം വരെ മത്സരിച്ച ജ്യേഷ്ഠൻ പിന്നീട് ഒരപകടത്തിൽ മരിച്ചു. ആ ജ്യേഷ്ഠൻ നൃത്ത പരിശീലനം നടത്തുന്നതിനിടയിൽ പിന്നണിയിൽ തബല വായിക്കുന്ന ആശാൻ ഇടവേളയെടുക്കുമ്പോൾ ഞാൻ ഓടിച്ചെന്ന് തബലയിൽ താളം പിടിക്കും. അതൊക്കെ അന്ന് ഒരു കുട്ടിക്കളിയായി മാത്രമേ എല്ലാവരും കണ്ടിരുന്നുള്ളൂ.” രത്നശ്രീ ചിരിയോടെ പറയുന്നു.

“പിന്നെ മറ്റൊരു സഹോദരൻ താൽപര്യം തോന്നി തബല വാങ്ങിച്ചു. ഇടയ്ക്ക് അതിലായി താളം പിടിച്ചു. അഞ്ചാം ക്ലാസെത്തിയപ്പോഴാണ് തബല കൂടുതലായി പഠിക്കണമെന്ന് തോന്നിയത്. ഭരതനാട്യം ഇതിനിടെ കുറേനാൾ പഠിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതിലത്ര ശോഭിച്ചില്ല. കർണ്ണാടക സംഗീതവും പഠിച്ചുവെങ്കിലും എന്‍റെ ശ്രദ്ധ മുഴുവനും തബലവാദനത്തിലായിരുന്നു. അങ്ങനെ നൃത്തച്ചുവടുകളിൽ നിന്നും തബലവാദനത്തിലെ താളങ്ങളിലേക്ക് ഞാൻ ചുവടു മാറുകയായിരുന്നു.” തബലവാദനത്തിനോട് കുഞ്ഞിലെ ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് രത്നശ്രീ പറയുന്നു.

ആദ്യമത്സരം

“7-ാം ക്ലാസിലായപ്പോൾ തബല മാന്ത്രികൻ സക്കീർ ഹുസൈന്‍റെ സോളോ കേട്ട് അത് 10 മിനിറ്റ് സെറ്റ് ചെയ്‌ത് പരിശീലിച്ച് സ്ക്കൂൾ കലോത്സവത്തിൽ ആദ്യ മത്സരത്തിൽ പങ്കെടുത്തു. അന്ന് മത്സരത്തിനാരും ഇല്ലാത്തതിനാൽ എനിക്ക് പ്രൈസും കിട്ടി.” രത്നശ്രീ ചിരിയോടെ ഓർത്തെടുത്തു. “അങ്ങനെ അടുത്ത മത്സരം ഉപജില്ലാതലത്തിൽ. അപ്പോൾ കളി കാര്യമായി. ഇനി പഠിക്കാതെ പറ്റില്ലെന്നായി അച്‌ഛൻ. അങ്ങനെ സ്ക്കൂളിലെ തന്നെ സാറിന്‍റെ അടുത്ത് പരിശീലനത്തിനായി അച്‌ഛൻ കൊണ്ടുവിട്ടു. സാറ് മത്സരത്തിനായി 10 മിനിറ്റ് സെറ്റ് ചെയ്‌ത് തന്നു. സാറ് എങ്ങനെ പറയുന്നോ അങ്ങനെ തന്നെ ഞാൻ പെർഫോം ചെയ്‌തു. അങ്ങനെ ഉപജില്ലയിലും പ്രൈസ് കിട്ടി.” രത്നശ്രീ പഴയ മത്സരക്കാലം ഓർത്തെടുത്തു.

സീരിയസായ പഠനം

“പിന്നീട് ഡിഗ്രി പഠനകാലത്താണ് തബല സീരിയസായി പഠിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. കോളേജിലേക്കുള്ള വഴിയിലായിരുന്നു കാരിക്കോട് ചെല്ലപ്പൻ മാഷിന്‍റെ ഷോപ്പ്. കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക്. മടങ്ങുംവഴിയായിരുന്നു തബല പഠനം. അതായിരുന്നു എന്‍റെ ആദ്യ ഗുരുകുലം. ആ പഠനം കൃത്യമായി തുടർന്നു.”

“എംജി യൂണിവേഴ്സിറ്റി തലത്തിൽ 3 വർഷം സമ്മാനങ്ങൾ നേടി. അന്ന് ഇപ്പോഴത്തെ പോലെയല്ല മത്സരം ക്രമീകരിച്ചിരുന്നത്. മൃദംഗവും ചെണ്ടയും തബലയും എല്ലാം ഒന്നിച്ചാണ് മത്സരം. പെർക്‌വേഷൻ വിഭാഗത്തിൽ 10-50 പേർ ഉണ്ടാകും. യൂണിവേഴ്സിറ്റി തലത്തിൽ എനിക്ക് സെക്കന്‍റ് എ ഗ്രേഡാണ് കിട്ടിയത്. തബല വാദന ഇനത്തിൽ നോക്കുമ്പോൾ എനിക്കായിരുന്നു ഫസ്റ്റ്. ഇപ്പോൾ സെപ്പറേറ്റ് ചെയ്തുള്ള മത്സരമാണ് നടക്കുക. പെൺകുട്ടികൾ വളരെ അപൂർവ്വമായിട്ടേ തബല മത്സരത്തിലുണ്ടായിരുന്നത്.

തബല എന്ന ഉപകരണത്തിന് വീട്ടിൽ ആരുമത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല. കേവലം ഗാനമേളയിൽ അകമ്പടി സേവിച്ചിരുന്ന പശ്ചാത്തല ഉപകരണമെന്ന സ്‌ഥാനം ആയിരുന്നു തബലയ്ക്ക്. ഞാനായിട്ട് അതിൽ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. അച്‌ഛൻ എന്നെ തബല പഠിക്കാൻ വിട്ടെങ്കിലും യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ കഴിയുമ്പോൾ ഞാൻ പതിയെ അതിൽ നിന്നും പിന്മാറുമെന്ന ധാരണയായിരുന്നു.”

കെമിസ്ട്രിയും തബലയും

തബലവാദനത്തെ നെഞ്ചിലേറ്റിയിരുന്ന രത്നശ്രീ പക്ഷേ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കെമിസ്ട്രിയാണ് പ്രധാന വിഷയമായി തെരഞ്ഞെടുത്തത്. അദ്ധ്യാപികയാവണമെന്ന താൽപര്യമായിരുന്നു ഇതിന് പിന്നിൽ. കോളേജ് പഠനം കഴിഞ്ഞ് പഠിച്ച അതേ കോളേജിൽ ഗസ്റ്റ് ലക്ച്ചറായി ജോലിയും കിട്ടി. അങ്ങനെ അദ്ധ്യാപികയായി അവിടെ ഒരു വർഷം. പിന്നീട് 6 മാസക്കാലം ഹയർ സെക്കന്‍ററി സ്ക്കൂളിലും രത്നശ്രീ അദ്ധ്യാപികയായി ജോലി നോക്കി. അതിനിടെ എൻട്രൻസ് കോച്ചിംഗിനും പോയി. അദ്ധ്യാപികയാവാനായിരുന്നു മോഹമെങ്കിലും ആ ജോലിയിൽ അധികകാലം തുടരാനായില്ല രത്നശ്രീയ്ക്ക്. അമിത സ്ട്രെയിൻ വോക്കൽ കോർഡിന് കംപ്ലയിന്‍റ് ഉണ്ടാക്കി.

“തൽക്കാലം ജോലിയിൽ നിന്നും പിന്മാറാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. അധ്യാപനത്തോടൊപ്പം ഞാൻ തബലയും പരിശീലിച്ചിരുന്നു.”

ratna sree

പുതിയ ഗുരുനാഥനെ തേടി

തബലയിൽ കൂടുതൽ പഠിക്കണമെങ്കിൽ മറ്റൊരു ഗുരുനാഥനെ കണ്ടെത്തണമെന്ന ചെല്ലപ്പൻ മാഷിന്‍റെ നിർദ്ദേശവും വന്നു. “മാഷ് തന്നെ മുൻകയ്യെടുത്ത് ഒരു സുഹൃത്ത് വഴി എനിക്ക് ഹൈദരാബാദിൽ പുതിയ ഗുരുവിനെ പരിചയപ്പെടുത്തി തന്നു. ജയകാന്ത് സാർ! ഹൈദരാബാദിലെ വിദ്യാരണ്യ ഗവൺമെന്‍റ് കോളേജിലെ തബല ലക്ച്ചററായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം തബലയിൽ ഡിപ്ലോമയ്ക്ക് ചേർന്നു. 4 വർഷം ഗുരുവിന്‍റെ കീഴിൽ നീണ്ടു നിന്ന ആ പഠനം എനിക്ക് വിലമതിക്കാനാവാത്ത പാഠങ്ങളാണ് ചൊല്ലി തന്നത്.” ഹിന്ദുസ്‌ഥാനി ക്ലാസിക്കൽ രീതിയെ അടുത്തറിഞ്ഞത് ഹൈദരാബാദിലെ പഠനത്തിലൂടെയായിരുന്നു.

അതിനുശേഷം ഉസ്താദ് ഫയാസ്ഖാൻ, പ്രൊഫസർ മനോഹർ കേഷ്കർ എന്നിവരുടെ ശിക്ഷണത്തിൽ തബല പഠിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കഴിഞ്ഞ 6 വർഷമായി മുംബൈയിൽ പണ്ഡിറ്റ് അരവിന്ദ് മുൾഗോൺകറിന്‍റെ കീഴിലായിരുന്നു പഠനം.

പ്രൊഫസർ മനോഹർ കേഷ്കറിന്‍റെ കീഴിലായിരുന്നു അഖിൽ ഭാരതീയ ഗന്ധർവ്വ മണ്ഡലിൽ വിശാരദ് ചെയ്തത്. പ്രൊഫസർ മനോഹർ കേഷ്കറിന്‍റെ കീഴിൽ കോൽഹാപ്പൂർ ശിവജി യൂണിവേഴ്സിറ്റിയിൽ എംഎയും ചെയ്തു. ഇപ്പോൾ പണ്ഡിറ്റ് സുരേഷ് മുൾഗോൺക്കറിന്‍റെ കീഴിലാണ് തബല പഠനം. എംജി യൂണിവേഴ്സിറ്റിയിൽ സയൻസ് ഓഫ് മ്യൂസിക്ക് ഡിപ്പാർട്ടുമെന്‍റിൽ സയൻസ് ഓഫ് തബലയിൽ ഗവേഷണം നടത്താനുള്ള ഒരുക്കത്തിലാണ് രത്നശ്രീ ഇപ്പോൾ.

കലയുടെ പശ്ചാത്തലം

തമിഴ് ബ്രാഹ്മണ പശ്ചാത്തലമായതിനാൽ പൊതുവെ കലകളോട് ആഭിമുഖ്യം പുലർത്തുന്ന കുടുംബമായിരുന്നു രത്നശ്രീയുടേത്. വാദ്യോപകരണ സംഗീതത്തിൽ താൽപര്യമുള്ള ആളായിരുന്നു അച്‌ഛൻ രാമചന്ദ്രൻ അയ്യർ. അദ്ദേഹം അമ്പലത്തിൽ തകിൽ വായിച്ചിരുന്നു. അമ്മ സരോജ ചന്ദ്രനാകട്ടെ സംഗീതത്തിലും വീണയിലും പ്രാവീണ്യം നേടിയിരുന്നു.

ഹിന്ദുസ്‌ഥാനിയും കർണ്ണാട്ടിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രത്നശ്രീയ്ക്ക് സംഗീതത്തെ ഒന്നായി കാണാനാണ് താൽപര്യം.

“സംഗീത കച്ചേരിയിൽ എല്ലാവരുമായി അക്കമ്പനി ചെയ്താലെ തബലവാദനം ആഴത്തിൽ പഠിക്കാൻ കഴിയൂ. അങ്ങനെ കൺസേർട്ടിന് പോയി കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് മുംബൈയിലും മറ്റും പോയി ഞാൻ തബല പഠിച്ചിരുന്നത്. അച്‌ഛന് കൃഷിയായിരുന്നു വരുമാനമാർഗ്ഗം. ആരോടും സംഗീത പഠനത്തിനായി പണം ആവശ്യപ്പെട്ടില്ല. സ്വയം വരുമാനം ഉണ്ടാക്കി പഠിക്കുകയായിരുന്നു.”

ഓർമ്മയിൽ അനുഭവങ്ങൾ

കോൽക്കത്ത, പൂന, മുംബൈ എന്നീ നഗരങ്ങളിൽ നടത്തിയ കൺസെർട്ടുകളിൽ ഒരുപാട് പേരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയത് രത്നശ്രീയുടെ സംഗീത ജീവിതത്തിന് നാഴികക്കല്ലായി. ഗുരുപൂജയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ അവതരിപ്പിച്ച സംഗീതത്തിന് പ്രേക്ഷകർചൊരിഞ്ഞ അഭിനന്ദനങ്ങൾ രത്നശ്രീയ്ക്ക് പുതിയൊരു ഊർജ്ജം പകർന്നു.

ഒരിക്കൽ പതിവുപോലെ മുംബൈയിലെത്തിയ രത്നശ്രീ പണ്ഡിറ്റ് അരവിന്ദ് മുൾഗോൺകറിന്‍റെ കീഴിൽ ഒന്ന്-രണ്ട് ദിവസത്തെ സംഗീത പഠനത്തിനു ശേഷം മൂന്നാം ദിവസം പരിശീലനത്തിനെത്തുമ്പോൾ ഗുരുവിന് വല്ലാത്ത ക്ഷീണം. അന്ന് ക്ലാസ്സുണ്ടായില്ല. അദ്ദേഹം മരണം മുൻകൂട്ടി കണ്ടിട്ടെന്നവണ്ണം “വിത്ത് ലോട്ട്സ് ഓഫ് ലവ് ആന്‍റ് ബ്ലസ്സിംഗ്സ്” എന്നെഴുതിയ അദ്ദേഹത്തിന്‍റെ തന്നെ സംഗീത പുസ്തകം എനിക്ക് സമ്മാനിച്ചു. വിലമതിക്കാനാവാത്ത ആ ഉപഹാരം ഇന്നും നിധി പോലെ സൂക്ഷിക്കുന്നു രത്നശ്രീ.

“കേരളത്തിൽ മടങ്ങിയെത്തിയ ഞാൻ ഒരാഴ്ച കഴിഞ്ഞ് അദ്ദേഹത്തിന് ഫോൺ ചെയ്‌തപ്പോൾ രോഗം മൂർഛിച്ചതിനാൽ ആശുപത്രിയിലാണെന്ന് ഗുരുവിന്‍റെ ഭാര്യ അറിയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്‌തു.” രത്നശ്രീ ഗുരു സ്മരണയിൽ ഒരു നിമിഷം നിശബ്ദയായി.

വൈക്കം ക്ഷേത്രത്തിലാണ് ആദ്യമായി സോളോ പെർഫോമൻസിന് രത്നശ്രീ തുടക്കം കുറിക്കുന്നത്.

“തൃശൂർ പിയാനോ എന്ന സംഘടനയ്ക്ക് വേണ്ടി ഒരു മണിക്കൂർ ദൈർഘ്യമുള്ള സോളോ അവതരിപ്പിച്ചതായിരുന്നു രത്നശ്രീയുടെ കലാ ജീവിതത്തിലെ മറ്റൊരു അവിസ്മരണീയ മുഹൂർത്തം. തബല ആർട്ടിസ്റ്റായിരുന്ന ഫിലിപ്പ് മാഷിന്‍റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച പ്രോഗ്രാം ആയിരുന്നുവത്. സംഗീത ലോകത്തെ പ്രതിഭാധനനായ സംഗീതജ്ഞൻ ടി വി ഗോപാലകൃഷ്ണനെ കണ്ട് അനുഗ്രഹം വാങ്ങാൻ നിമിത്തമായത് ഈ പ്രോഗ്രാമിലൂടെയാണ്.” അക്കഥ ഇങ്ങനെ.

“കൃഷ്ണകുമാർ എന്ന സിത്താർ വാദകനാണ് ആ പരിപാടിയിലേക്ക് എന്നെ ക്ഷണിക്കുന്നത്. പിറ്റേദിവസം ആ പരിപാടിയെ സംബന്ധിച്ച് ധാരാളം പത്രവാർത്തകളും വന്നിരുന്നു. ഈ വാർത്തകൾ വായിച്ച് അന്ന് ഗുരുവായൂരിലുണ്ടായിരുന്ന ടി വി ഗോപാകൃഷ്ണൻ പിന്നീട് ഒരു പരിപാടിക്കിടെ വൈക്കം ക്ഷേത്രത്തിലെ സദസ്സിൽ വച്ച് എന്നെക്കുറിച്ച് പറഞ്ഞതനുസരിച്ച് ഞാൻ അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം നടത്തുന്ന കച്ചേരിയിൽ എന്നെ കൂടി വായിപ്പിക്കുമെന്ന് പറഞ്ഞപ്പോഴുണ്ടായ സന്തോഷം ചെറുതായിരുന്നില്ല.” രത്നശ്രീ അഭിമാനത്തോടെ ആ കൂടിക്കാഴ്ച ഓർക്കുന്നു.

“ഹിന്ദുസ്‌ഥാനി – കർണാട്ടിക് സംഗീതജ്ഞർക്കും വേണ്ടി ഒരുപോലെ വേദി പങ്കിടാനുള്ള ഭാഗ്യമുണ്ടായി എനിക്ക്. തബലയുടെ കേന്ദ്രങ്ങളായ കോൽക്കത്ത, മുംബൈ, പൂന എന്നീ നഗരങ്ങളിൽ വച്ചായിരുന്നു സംഗീത കച്ചേരി.

“പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഗുരുകുലത്തിൽ കഴിഞ്ഞ 4 വർഷമായി ജന്മാഷ്ടമി ദിനത്തിൽ സംഗീതാർച്ചന നടത്തുന്നുണ്ട്. അതുപോലെ പണ്ഡിറ്റ് ഹിമാൻഷു നന്ദ, പരോമിത മുഖർജി, റോണു മജുംദാർ (ഹാർമോണിയം), പണ്ഡിറ്റ് അരുൺ കശാൻകർ, പൂനയിൽ നിന്നുള്ള ഗായികയായ സാവനി ഷിൻഡേ, ന്യൂഡൽഹിയിൽ നിന്നുള്ള ഗായിക നബനീത എന്നിങ്ങനെ ഒട്ടനവധി കേരളത്തിനകത്തും പുറത്തും സംഗീത ലോകത്തെ പ്രശസ്തർക്കൊപ്പം പെർഫോം ചെയ്യാനുള്ള അവസരങ്ങൾ എന്നെ തേടിയെത്തി.” രത്നശ്രീ അഭിമാനത്തോടെ പറയുന്നു.

ഫെസ്റ്റിവലുകൾ

ഇതിന് പുറമെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകളിലും സ്‌ഥിര സാന്നിധ്യമാണ് മലയാളിയായ ഈ അനുഗ്രഹീത കലാകാരി. അഹമ്മദാബാദ് സപ്തക് ഫെസ്റ്റിവൽ, ഉജ്ജയിൻ മഹാകാളിശ്വർ ഫെസ്റ്റിവൽ, സൂർദാസ് ഫെസ്റ്റിവൽ (ഫരീദാബാദ്), അബ്ദുൾ കരീം ഖാൻ ഫെസ്റ്റിവൽ (മീരജ്), നോർത്ത് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിങ്ങനെയുള്ള കലാമേളകളിൽ രത്നശ്രീ തബലയിൽ തന്‍റെ മാന്ത്രിക വിരൽ സ്പർശം കൊണ്ട് ദ്രുതതാളലയങ്ങൾ സൃഷ്ടിച്ച് സംഗീത ലോകത്ത് പുതിയ അദ്ധ്യായങ്ങൾ എഴുതി ചേർക്കുകയാണ്. തബല വാദനത്തിൽ ഇനിയും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ കലാകാരിയെ തേടി ഒട്ടനവധി അംഗീകാരങ്ങളും എത്തി. ഇന്ത്യയിലെ ആദ്യത്തെ വനിതാ തബലിസ്റ്റായ അബാൻ മിശ്രിയുടെ പേരിലുള്ള അവാർഡ് 2014 ൽ കിട്ടിയത് രത്നശ്രീയ്ക്കാണ്. ഒറീസാ സംഗീത സാധനാ സിദ്ധി, തിരുവയ്യാർ തമിഴ് പെൺഅരശിപട്ടം, തബലവാദനത്തിന് കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ രത്നശ്രീയെ തേടി എത്തുകയും ചെയ്‌തു. കൊച്ചിയിൽ അറിയപ്പെടുന്ന റെക്കോർ ഡിംഗ് ആർട്ടിസ്റ്റ് കൂടിയാണ് രത്നശ്രീ.

അംഗീകാരങ്ങളെ പ്രചോദനങ്ങളായി കാണുന്ന രത്നശ്രീയ്ക്ക് തബല വാദനത്തിൽ ഇനിയുമേറെ മുന്നോട്ട് കുതിക്കാൻ തന്നെയാണ് താൽപര്യം. അതിനായി ജീവിതം തന്നെ സമർപ്പിക്കുകയാണ് ഈ കലാകാരി. ഒപ്പം തനിക്ക് മുന്നോട്ട് പോകാനുള്ള ഊർജ്‌ജമായി, ഓർമ്മപ്പെടുത്തലായി ഓരോ പുരസ്കാരത്തെയും അനുമോദനത്തേയും രത്നശ്രീ നെഞ്ചോടു ചേർത്തു പിടിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...