ഫഹദ് സാർ… ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കൽ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു.

മനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാൻ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്‍റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു.

സ്വയം നിയന്ത്രിച്ചു നിർത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

കോളേജിലും എന്‍റെ മനസ്സിന്‍റെ പ്രക്ഷുബ്‍ധത പ്രതിഫലിച്ചു. വിദ്യാർത്ഥികൾക്കിടയിൽ സൗമ്യശീലയായ അധ്യാപികയെന്നറിയപ്പെട്ടിരുന്ന ഞാൻ, ഇടയ്ക്കെല്ലാം പൊട്ടിത്തെറിച്ചു. അതുകണ്ട് അവർ അദ്ഭുതസ്തംഭരായി. ഒടുവിൽ ക്ലാസ്സെടുക്കാൻ കഴിയാതെ ഞാൻ കോളേജിൽ നിന്നും നീണ്ട കാലത്തേയ്ക്ക് അവധിയെടുത്ത് വീട്ടിൽ കഴിഞ്ഞു കൂടി.

“മാഡം, ആപ് കോ ക്യാ ഹുവാ? ആപ് കഭി ഭീ ഇസി തരഹ് നഹി ഹൈ…” എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥികളുടെ ചോദ്യശരങ്ങൾക്കു മുന്നിൽ ഞാൻ തലകുനിച്ചു നിന്നു.

അതെ… അധ്യാപികയായ ശേഷം ആദ്യമായിട്ടായിരുന്നു ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചത്. വിദ്യാർത്ഥികളുടെ മുന്നിൽ എന്നും സൗമ്യശീലയായ അധ്യാപികയായിരുന്നുവല്ലോ ഞാൻ. എന്നാൽ എന്‍റെ ജീവിതത്തിലെ താളപ്പിഴകൾ അവരൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ… അവർക്കെന്നും പ്രിയപ്പെട്ട അധ്യാപിക മാത്രമായിരുന്നു ഞാൻ.

വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ അധ്യാപിക…

ദുരന്തപൂർണ്ണമായ ഒരു ഭൂതകാലം എനിക്കുണ്ടെന്നും, ആ ഭൂതകാലത്തിലെ ദുരന്ത നായികയാണ് ഞാനെന്നും, ആ ദുരന്തം എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവരറിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ ഞാനോർത്തു.

ഒടുവിൽ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനത്തിനായാണ് ഞാൻ അൽപം കാലത്തേയ്ക്ക് ലീവെടുത്ത് നാട്ടിലെത്തിയത്. അമ്മയുടെ സ്നേഹസാമീപ്യത്തിൽ എല്ലാം മറക്കാൻ. കരയിൽ പിടിച്ചിട്ട പരൽമീനിനെപ്പോലെ ഉഴറുന്ന മനസ്സിന്‍റെ ഉഛ്വാസ വായുവിനു വേണ്ടിയുള്ള പിടച്ചിലിൽ നിന്നും അൽപം മുക്തി നേടാൻ. അതിനു വേണ്ടിയാണ് നരേട്ടനോടു പോലും പറയാതെ ഞാൻ ഡൽഹിയിൽ നിന്നും വണ്ടി കയറിയത്. നാട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ, എന്‍റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു.

“മോളെ മീരാ… നിന്‍റെ ഈ ഒളിച്ചോട്ടം ഒട്ടും ശരിയായില്ല. ഇങ്ങനെയായാൽ നീ എന്തിൽ നിന്നാണോ ഓടിയോളിക്കാൻ ശ്രമിക്കുന്നത് ആ വസ്തു നിന്നെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തുകയെ ഉള്ളൂ. നിന്നെ അലട്ടുന്ന ദുഃഖ ചിന്തകളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നീ കൂടുതൽ ധൈര്യം ആർജ്ജിക്കണം. എല്ലാം മറക്കുവാനുള്ള ശ്രമം തുടരണം. മീരാ… ഒരു കുടുംബിനിയാണെന്നുള്ള കാര്യം നീ മറന്നു പോകുന്നു. നിന്‍റെ മക്കൾ അവർ നിന്നെക്കണ്ടാണ് വളരുന്നത്. അവർക്കു വേണ്ടിയെങ്കിലും നീ ഒരു നല്ല അമ്മയായി, ഭാര്യയായി ജീവിക്കണം. പഴയതെല്ലാം നീ മറക്കണം. നരന്‍റെ സ്നേഹത്തെ അംഗീകരിയ്ക്കണം.”

അമ്മയുടെ വാക്കുകൾ എന്നിൽ ജ്വലിച്ചു കൊണ്ടിരുന്ന താപാഗ്നിയെ ഊതിക്കെടുത്തി. ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയ്ക്കു തന്നെ മടങ്ങി. പക്ഷേ നരേട്ടൻ അപ്പോഴേയ്ക്കും ഒരു കലഹപ്രിയനായി മാറിക്കഴിഞ്ഞിരുന്നു. മനോനിയന്ത്രണം വിട്ടകന്നവരെപ്പോലെ അദ്ദേഹം എന്നോട് വീണ്ടും കലഹം തുടർന്നു. എന്‍റെ ഒളിച്ചോട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.

“നീ ആരെക്കാണാനാണ് നാട്ടിലേയ്ക്കു പോയത്? നിന്‍റെ പഴയ കാമുകനേയോ?” ഒരു സംസ്കാര ശൂന്യനെപ്പോലെ നിയന്ത്രണം വിട്ട് നരേട്ടൻ അലറി.

ഞങ്ങളുടെ ജീവിതത്തിൽ ദാമ്പത്യ കലഹങ്ങൾ നിത്യ സംഭവമായി മാറിയപ്പോൾ രാഹുലും, കൃഷ്ണയും എല്ലാം കണ്ടും കേട്ടും പരിചയിച്ചു. മൗനത്തിന്‍റെ വാത്മീകത്തിലൊളിച്ചിരുന്ന് അവർ തങ്ങളുടെതായ ലോകത്തിൽ ഒതുങ്ങിക്കൂടി. ബാല്യ-കൗമാരങ്ങളുടെ കളിചിരികൾ അവർക്കന്യമായിത്തീർന്നു. നരേട്ടനാകട്ടെ കുറേശെ മദ്യസേവയും തുടങ്ങി. പലപ്പോഴും മദ്യപിച്ചു വന്ന് നരേട്ടൻ തന്നെ കലഹങ്ങൾക്ക് തുടക്കമിട്ടു.

“പ്രേമനായിക ഏതു സ്വപ്നലോകത്താണോ വിഹരിക്കുന്നത്? ഈയുള്ളവനെ ഓർക്കുവാൻ അവിടത്തേയ്ക്ക് സമയമുണ്ടാകുമോ ആവോ?”

മദ്യലഹരിയിൽ കുഴഞ്ഞ വാക്കുകളുമായി ആടിയാടിയെത്തുന്ന നരേട്ടൻ പതിവു കാഴ്ചയായി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആ പ്രഗത്ഭനായ അധ്യാപകനിലുണ്ടായ മാറ്റങ്ങൾ പലർക്കും അംഗീകരിയ്ക്കാൻ കഴിയാതെയായി. ഞാൻ മൂലം പല ജീവിതങ്ങൾ നാശത്തിന്‍റെ പടുകുഴിയിൽ വീഴുന്നത് എനിയ്ക്കു കണ്ടു നിൽക്കേണ്ടി വന്നു. എന്‍റെ ഭർത്താവും, മക്കളുമാണെന്ന ഓർമ്മ എന്നെ തളർത്തി. അങ്ങനെ ആറേഴു വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ മക്കൾ വലുതാവുന്നത് ഞാനറിഞ്ഞില്ല. വളർന്നപ്പോൾ അവർ ഞങ്ങളിൽ നിന്ന് അകന്നു കൊണ്ടിരുന്നു. കൂട്ടുകാർ മാത്രമായി അവരുടെ ലോകം. പലപ്പോഴും രാത്രികാലങ്ങളിൽ വളരെ വൈകി മാത്രം അവർ വീട്ടിൽ മടങ്ങിയെത്തി. വൈകിയെത്തുന്ന രാഹുൽ മോനെക്കണ്ട് ഞാൻ ചോദ്യം ചെയ്‌തപ്പോൾ അവൻ എന്‍റെ നേരേ പൊട്ടിത്തെറിച്ചു.

“മൈൻഡ് യുവർ ഓൺ ബിസിനസ്… ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കിക്കോളാം. അല്ലെങ്കിൽ തന്നെ നിങ്ങൾക്കെന്താണ് അതിനുള്ള അർഹത? നിങ്ങൾക്ക് രണ്ടുപേർക്കും കലഹിക്കാനല്ലെ സമയമുള്ളൂ? ഞങ്ങളെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെ സമയം?”

ജീവിതം ആകെ മടുത്തു തുടങ്ങിയ ഒരു കൗമാരക്കാരന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകളായിരുന്നു അവ. അവന്‍റെ കൊച്ചു മനസ്സ് ഞങ്ങൾക്കിടയിൽ വീർപ്പുമുട്ടിയിരുന്നത് എത്രയെന്ന് ആ വാക്കുകളിലൂടെ എനിക്കൂഹിക്കാൻ കഴിഞ്ഞു. എന്നാൽ കാര്യങ്ങൾ അപ്പോഴേയ്ക്കും എന്‍റെ നിയന്ത്രണം വിട്ട് അകന്നു പോയി കഴിഞ്ഞിരുന്നു. പരസ്പര ബന്ധമോ, അടുപ്പമോ ഇല്ലാതെ മൂന്നു നാലു ജീവിതങ്ങൾ ആ വലിയ വീട്ടിൽ മിണ്ടാട്ടമില്ലാതെ വീർപ്പുമുട്ടിക്കഴിഞ്ഞു കൂടി.

ഇതിനിടയിൽ കൃഷ്ണയും അവളുടേതായ ലോകം കണ്ടെത്തി. ഡാൻസ് ക്ലബ്ബുകളും, നൈറ്റ് പാർട്ടികളും, ഉന്നതരുടെ മക്കളുമായുള്ള സൗഹൃദങ്ങളും അവളെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഡൽഹി എന്ന മഹാ നഗരത്തിന്‍റെ പുറം മോടിയ്ക്കകത്തെ ജീർണ്ണതയുടെ മറ്റൊരു മുഖം. അതു തങ്ങളുടെ മക്കളേയും ഗ്രസിക്കുന്നതു കണ്ടപ്പോൾ എനിക്ക് ഉണരാതിരിക്കാനായില്ല. മക്കളുടെ വഴിതെറ്റൽ നരേട്ടനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം മദ്യപാനം നിർത്തി ഒരു നല്ല അച്ഛനാകുവാനുള്ള ശ്രമം തുടങ്ങി.

എന്നാൽ രാഹുൽ മോന്‍റെ വൈകിയെത്തുന്ന രാത്രികളിലെ അസ്വാഭാവിക ചലനങ്ങൾ നരേട്ടനിലെ അച്‌ഛനേയും എന്നിലെ അമ്മയേയും വല്ലാതെ ഞെട്ടിച്ചു. അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്കു ബോധ്യമായി. കുറ്റബോധം ഞങ്ങളിരുവരേയും വല്ലാതെ കാർന്നു തിന്നുവാൻ തുടങ്ങി. അതോടെ കലഹങ്ങൾക്കും സ്വാർത്ഥ ചിന്തകൾക്കും അവധി കൊടുത്ത് മക്കളുടെ കാര്യത്തിൽ ഞങ്ങൾ ജാഗരൂകരായി.

“നരേട്ടാ… നമ്മുടെ മക്കൾ നാം കാരണം നശിച്ചു കൊണ്ടിരിക്കുന്ന അവരെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമയല്ലേ നരേട്ടാ… ഞാൻ ചെയ്‌ത എല്ലാ തെറ്റുകൾക്കും മാപ്പു ചോദിക്കുന്നു.”

ആ കാലിൽ വീണ് മാപ്പപേക്ഷിക്കുമ്പോൾ നരേട്ടനും എല്ലാം ക്ഷമിക്കുവാൻ തയ്യാറായി എന്നിലെ കാമുകി അതോടെ മരിച്ചു വീണു. ഒരു പുതിയ ജീവിതത്തിന് തറക്കല്ലിടുമ്പോൾ മനസ്സ് ചക്രവാളങ്ങൾ തേടുകയായിരുന്നു. ആഘോഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലും മടങ്ങി വന്നു.

സ്നേഹത്തിന്‍റെ മൃദു വചനങ്ങളുടെ നറുംപാൽ ആവോളം പകർന്നു നൽകിയപ്പോൾ മക്കൾ തങ്ങളുടെ ചീത്തക്കൂട്ടുകെട്ടുകളുപേക്ഷിച്ച് ഞങ്ങളുടെ വഴിയ്ക്ക് വന്നു. ജീവിതം വീണ്ടും ഓളങ്ങളില്ലാതെ ശാന്തമായൊഴുകുന്ന നദി പോലെയായിത്തീർന്നു.

കഴിഞ്ഞു പോയ ഭൂതകാലത്തിൽ ജീവിക്കുന്നതിനു പകരം വർത്തമാനകാലത്തിൽ ജീവിക്കുവാൻ ഞാൻ പഠിച്ചു. മക്കളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠാകുലയായ ഒരു സാധാരണ അമ്മയാകുവാൻ എനിക്കു കഴിഞ്ഞു. അക്കൊല്ലം രാഹുൽ മോന് മെഡിസിന് പ്രവേശനം കിട്ടി. അവന്‍റെ വഴിതെറ്റൽ മൂലം അവന്‍റെ പഠനവും ഇടയ്ക്ക് മോശമായിക്കൊണ്ടിരുന്നു.

അതുമൂലം എൻട്രൻസ് കിട്ടാതെ ഒന്നു രണ്ടു കൊല്ലം അവന് പാഴാകുകയും ചെയ്‌തു. എന്നാൽ പീന്നിട് സോഷ്യോളജിക്കു ചേർന്ന അവൻ അക്കൊല്ലം എൻട്രൻസ് പാസ്സായി, മെഡിസിന് അഡ്മിഷൻ നേടി.

ഇതിനിടയിൽ കൃഷ്ണയാകട്ടെ എൻജിനീയറിംഗ് ആണ് തെരഞ്ഞെടുത്തത്. മക്കൾ രണ്ടുപേരും ഉന്നതിയിലേയ്ക്കു കുതിയ്ക്കുന്നതു കണ്ട് നരേട്ടനും സന്തോഷിച്ചു. എന്നാൽ പെട്ടെന്നാണ് ആ അശനിപാതം ഞങ്ങളുടെ തലയ്ക്കുമേൽ വന്നു പതിച്ചത്. മെഡിസിന് മൂന്നാം വർഷം പഠിക്കുമ്പോൾ രാഹുൽമോന് ഒരു വയറുവേദനയിലാണ് തുടക്കം.

എല്ലാ ദിവസവും കോളേജിൽ പോയി മടങ്ങി വരുമ്പോൾ വയറുവേദന മൂലം അവൻ കട്ടിലിൽ കേറി കിടക്കുക പതിവായിരുന്നു. ആദ്യം അത് ആഹാരത്തിലെ അപാകതകളായിരിക്കും എന്നാണ് വിചാരിച്ചത്. അല്ലെങ്കിൽ ഗ്യാസിന്‍റേതാകുമെന്ന്. പലവിധ നാടൻ മരുന്നുകൾ പ്രയോഗിച്ചിട്ടും വേദന ശമിയ്ക്കാതെ വന്നപ്പോൾ അവൻ മെഡിക്കൽ കോളേജിൽ തന്‍റെ പ്രൊഫസറെ പോയിക്കണ്ടു.

അദ്ദേഹം നൽകിയ ചില മരുന്നുകൾ കഴിച്ചിട്ടും വേദന ശമിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം വിശദമായ ചില പരിശോധനകൾക്ക് വിധേയനായി. ഒടുവിൽ ആ സത്യം വെളിപ്പെട്ടു. രാഹുൽ മോന് സ്റ്റോമക്ക് ക്യാൻസർ ആണെന്ന സത്യം. അപ്പോഴേയ്ക്കും അസുഖം അതിന്‍റെ ഭീകരരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. വയറ്റിലെ എല്ലാ അവയവങ്ങളേയും ക്യാൻസർ ബാധിച്ചു കഴിഞ്ഞു.

“ഡോക്ടർ, എങ്ങിനെയെങ്കിലും എന്‍റെ മകനെ രക്ഷിക്കണം ഡോക്ടർ…” ഞാൻ ഡോക്ടറോട് കേണപേക്ഷിച്ചു.

“ഐ വിൽ ട്രൈ മൈ ബെസ്റ്റ്…”

“പ്രൊഫസർ, മീരാ നാരായണൻ ഞാൻ നിങ്ങളുടെ മകനെ രക്ഷിക്കാൻ എന്നാലാവുന്നതെല്ലാം ചെയ്യാം. അത്രമാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയുകയുള്ളൂ…” ഡോക്ടറുടെ വാക്കുകൾ എന്നിലെ മാതാവിന്‍റെ ആധി കൂട്ടിയതേയുള്ളൂ…”

.ലോകത്തിൽ എനിക്കുള്ള വിലപ്പെട്ടതെന്തു നൽകിയും രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്. നരേട്ടൻ അവനു വേണ്ടി വിലപ്പെട്ട മരുന്നുകൾ വിദേശത്തു നിന്നും വരുത്തി. ഒടുവിൽ ക്യാൻസർ കിഡ്നിയെ ബാധിച്ചപ്പോൾ അവന്‍റെ കിഡ്നി രണ്ടും എടുത്തു കളയേണ്ടി വന്നു. അപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവനു മാച്ചു ചെയ്യുന്ന ഒരു കിഡ്നിയ്ക്കു വേണ്ടിയുള്ള അന്വേഷണമായി. ഒടുവിൽ അത് എന്‍റേതു മാത്രമാണെന്ന കണ്ടെത്തലിൽ അവന് എന്‍റെ ഒരു കിഡ്നി നൽകി അവന്‍റെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഒരിയ്ക്കൽ രാഹുൽ മോൻ എന്‍റെ കാലുകളിൽ വീണുപേക്ഷിച്ചു.

“മമ്മീ… പ്ലീസ് എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം. എനിക്ക് ജീവിച്ച് മതിയായിട്ടില്ല മമ്മീ…”

“നീ വിഷമിയ്ക്കരുത് രാഹുൽ… മമ്മിയുടെ ജീവൻ നൽകിയിട്ടായാലും മമ്മി മോനെ രക്ഷിക്കും…” ഞാനവനെ മാറോടു ചേർത്തു സമാശ്വസിപ്പിച്ചു. അന്ന് എന്‍റെ കിഡ്നികളിലൊന്ന് അവനു നൽകി അവനെ തൽക്കാലത്തേയ്ക്ക് രക്ഷിക്കാൻ എനിക്കു കഴിഞ്ഞു. മരുന്നുകളുടേയും വേദന സംഹാരികളുടേയും ലോകത്തായിരുന്നുവെങ്കിലും അവനന്ന് സന്തോഷവാനായിരുന്നു.

“മമ്മീ…. എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാൻ വിചാരിച്ചത് മമ്മി സ്വന്തം കാര്യങ്ങളിലും നഷ്ടങ്ങളിലും മുഴുകി ഇപ്പോഴും ഞങ്ങളെയും പപ്പയെയും മറന്നു കഴിയുന്നുവെന്നാണ്. സോറി മമ്മീ… ഞാൻ മമ്മിയെ അതിന്‍റെ പേരിൽ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്…”

അവന്‍റെ കുറ്റസമ്മതം എന്‍റെ നെഞ്ചിനു നേർക്കുള്ള കൂരമ്പായിരുന്നു. ഭൂതകാലത്തിൽ മാത്രം സ്വയം മറന്ന് ജീവിച്ചതിനുള്ള ശിക്ഷ എന്‍റെ മകനായിട്ട് എനിക്കു നേടിത്തന്നിരിക്കുന്നു. അവന്‍റെ വാക്കുകളിലൂടെ ഞാനെത്രമാത്രം സ്വാർത്ഥയായിരുന്നുവെന്ന് അന്നാദ്യമായി ഞാനറിഞ്ഞു. പിന്നീടൊരിക്കലും സ്വന്തം ദുഃഖത്തിൽ മുഴുകി ഞാനവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

നരേട്ടന്‍റെയും കൃഷ്ണമോളുടേയും രാഹുലിന്‍റെയും കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. എന്നാൽ കൃഷ്ണമോളാകാട്ടെ എന്നെപ്പോലെ ഒരു പ്രണയത്തിൽ കുടുങ്ങി കഴിഞ്ഞിരുന്നു. ഒരു ഉത്തരേന്ത്യക്കാരനോടാണ് അവൾക്ക് പ്രേമമെന്നറിഞ്ഞ് നരേട്ടൻ അവളെ വിലക്കി. എന്നാൽ അതിനെ തടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“അരുത് നരേട്ടാ… എന്നെപ്പോലെ അവളും മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ജീവിക്കാനിടവരരുത്. ഈ വിവാഹം നമ്മൾ നടത്തിക്കൊടുക്കണം…”

“ശരി മീരാ… നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ… അല്ലെങ്കിൽ എന്നെപ്പോലെ ജീവിതം മുഴുവൻ വിലപിക്കാൻ വിധിക്കപ്പെട്ട മറ്റൊരാളുണ്ടാകും.” അങ്ങിനെ കൃഷ്ണമോളുടെ വിവാഹം നടന്നു. അധികം താമസിയാതെ ബാംഗ്ലൂരിൽ അവൾ വർക്കു ചെയ്യുന്ന ഐടി കമ്പനിയ്ക്കടുത്തു തന്നെ ഫ്ളാറ്റു വാങ്ങി അവളും ഭർത്താവും അവിടെ സ്‌ഥിരതാമസമാക്കി. രാഹുൽ മോൻ അസുഖബാധിതനായി കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങളുടെ ജീവിതം ആരവങ്ങളില്ലാത്ത ഉത്സവപ്പറമ്പു പോലെയാണ് കടന്നു പോയത്. എന്നാലിപ്പോൾ താനും, നരേട്ടനും രാഹുൽമോനും പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു. പെട്ടെന്നാണ് വിധി ഒരു മദയാനയെപ്പോലെ അഴിഞ്ഞാടി ഞങ്ങളെ പ്രഹരിക്കാൻ തുടങ്ങിയത്.

രാഹുൽ മോൻ അസുഖം കൂടി വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റായി. അതിനുമുമ്പ് അസുഖം കുറഞ്ഞപ്പോൾ അവൻ പഠനത്തിൽ അതിസമർത്ഥനായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോൾ അവന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചതു പോലെ അവൻ പഠനത്തിൽ മുഴുകി. ഒരുനാൾ അവൻ എന്നോടു പറഞ്ഞു.

“മമ്മീ… മമ്മീ നോക്കിക്കോളൂ… ഞാൻ മെഡിസിൻ സ്വർണ്ണമെഡലോടെ പാസ്സാകും. എന്നിട്ട് പാവങ്ങളുടേയും ദുഃഖിതരുടേയും നിരാലംബരുടേയും കണ്ണീരൊപ്പുന്ന ഒരു നല്ല ഡോക്ടറാകും…”

അവന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്നാൽ വിധി അടുത്ത പ്രഹരവുമായി ഞങ്ങളുടെ വീട്ടു പടിയ്ക്കൽ കാത്തുനില്ക്കുന്നത് ഞങ്ങളറിഞ്ഞില്ല. ക്യാൻസർ അവന്‍റെ വയറിനുള്ളിലെ മിക്ക അവയവങ്ങളേയും കാർന്നു തിന്നു കഴിഞ്ഞിരുന്നു.

ഒടുവിൽ ഫൈനൽ ഇയർ അവൻ മെഡിക്കൽ കോളേജിൽ വച്ച് ബോധരഹിതനായി തളർന്നു വീഴുന്നതു വരെയും ക്യാൻസർ ശക്തമായി അതിന്‍റെ ആക്രമണം തുടർന്നു. അവനെ രക്ഷിക്കുവാൻ അവന്‍റെ പ്രൊഫസന്മാരും കൂട്ടുകാരും ഞങ്ങളും നടത്തിയ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി കൊണ്ട് ഒരു നാൾ മരണം വന്ന് അവനെ കൂട്ടിക്കൊണ്ടു പോയി. ശാപമേറ്റെന്ന പോലെ ദുഃഖശിലകളായി നില കൊള്ളാനേ എനിക്കും നരേട്ടനും കഴിഞ്ഞുള്ളൂ.

അവന്‍റെ വേർപാട് തളർത്തിയ ആഘാതം നരേട്ടനേയും ഒരു രോഗിയാക്കിത്തീർക്കുകയായിരുന്നു. വിധിയുടെ ആഘാതത്തിൽ ദുർബലമായിത്തീർന്ന ഒരു ഹൃദയവുമായി നരേട്ടൻ എന്നോടൊപ്പം ജീവിച്ചു.

ഒരിക്കൽ കോളേജിൽ വച്ച് തലചുറ്റി വീണ നരേട്ടനെ ഞാനും വിദ്യാർത്ഥികളും ചേർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു.

ഒരു ബൈപ്പാസ് ഓപ്പറേഷനു മാത്രമേ പ്രൊഫ. വിഷ്ണുനാരായണനെ രക്ഷിക്കാനാവുകയുള്ളൂ. ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അപ്പോഴേയ്ക്കും സാമ്പത്തികമായി ഞങ്ങൾ ഏതാണ്ട് തകർന്നു തുടങ്ങിയിരുന്നു. രാഹുലിന്‍റെ ചികിത്സാച്ചെലവ് അത്രയ്ക്കേറെയായിരുന്നു. അവനെ എങ്ങിനെയും രക്ഷിച്ചെടുക്കുവാനുള്ള വെപ്രാളത്തിൽ പണം വാരിയെറിയുകയായിരുന്നുവല്ലോ ഞങ്ങൾ…

ഹോസ്പിറ്റലിൽ വച്ച് നരേട്ടൻ എന്നോടു പറഞ്ഞു.

“നീ എന്നെ രക്ഷിക്കുവാൻ വേണ്ടി പണം ചെലവാക്കേണ്ട. ഞാൻ മരിച്ചു പോവുകയേ ഉള്ളൂ..”

നരേട്ടൻ അങ്ങിനെ പറയരുത്. എനിക്ക് നരേട്ടനല്ലാതെ മറ്റാരാണുള്ളത്.

“ഞാൻ മരിച്ചാൽ നീ ഒറ്റയ്ക്കാകും, അങ്ങിനെ ഏകാന്തതയിൽ നീ വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നീ ഫഹദിനെ കണ്ടെത്തി അയാളെ സ്വീകരിക്കണം.”

നരേട്ടന്‍റെ വാക്കുകൾ എന്നിൽ നടുക്കമാണുളവാക്കിയത്. ഫഹദിനെ ഞാൻ മറന്നു തുടങ്ങിയിരുന്നു. പൂർണ്ണമായും മറക്കുവാൻ ശ്രമിച്ചുകൊണ്ടുമിരുന്നു.

“ഫഹദിന്‍റെ ശാപം മൂലമായിരിക്കാം നമുക്ക് നല്ലൊരു ജീവിതം കിട്ടാതിരുന്നത്. അയാളുടെ മനസ്സിപ്പോഴും നിന്നെയോർത്ത് നൊമ്പരപ്പെടുന്നുണ്ടാവാം” നരേട്ടൻ പറഞ്ഞു.

“അരുത് നരേട്ടാ… അങ്ങിനെ പറയരുത്. ഇനിയും എനിക്കതൊന്നും ഓർക്കാൻ ഇഷ്ടമില്ല. അല്ലെങ്കിൽ തന്നെ ഫഹദ്സാറിപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകും. അങ്ങിനെ ഓർക്കുന്നതാണ് എനിക്കിഷ്ടം.”

നരേട്ടന്‍റെ വായ് പൊത്തിക്കൊണ്ടു ഞാൻ പറഞ്ഞു. പക്ഷേ എന്‍റെ മനസ്സപ്പോൾ യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടാൻ വെമ്പുകയായിരുന്നു. ഞാനിപ്പോഴും ഫഹദ് സാറിനെ ആഗ്രഹിക്കുന്നു എന്ന് നരേട്ടനോട് തുറന്നു സമ്മതിക്കുന്നതെങ്ങിനെ?

എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും അറിയാതെ വെളിപ്പെട്ടു പോകുന്ന ഒരു സത്യം. നരേട്ടനും അതറിയാമായിരുന്നു. അതാണ് ആ വാക്കുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്.

നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുവാൻ ഞാൻ തലപുകഞ്ഞാലോചിച്ചു. ആരോടാണ് ഒരൽപം പണം കടം ചോദിക്കുക? മായയോടും, മഞ്ജുവിനോടും നരേട്ടന്‍റെ അവസ്‌ഥ വിവരിച്ച് ഞാൻ തുറന്ന കത്തെഴുതി. വളരെക്കാലത്തിനു ശേഷം എന്‍റെ കത്തു കിട്ടിയപ്പോൾ അവർക്കും സന്തോഷമായി.

“ചേച്ചി… ചേച്ചിയുടെ അവസ്‌ഥ ഞങ്ങളെ ദുഃഖിപ്പിക്കുന്നുണ്ട്. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങളൊരുക്കമാണ്. പക്ഷേ ആ പണം ചേച്ചിയുടെ ആവശ്യങ്ങൾക്ക് തികഞ്ഞില്ലെന്നു വരും. എങ്കിലും ഞങ്ങളുടെ കൈയ്യിലുള്ളത് ഞങ്ങളയയ്ക്കുന്നു.” അവർ നീട്ടിയ സഹായ ഹസ്തം ആശ്വാസപ്രദമായിരുന്നുവെങ്കിലും നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയ നടത്താനുള്ള കൂടുതൽ പണത്തിനായി എന്‍റെ നാട്ടിലുള്ള പ്രോപ്പർട്ടി വിൽക്കുവാൻ തീരുമാനിച്ച് ഞാൻ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. അപ്പോഴേയ്ക്കും അച്‌ഛൻ ഈ ലോകത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.

“അച്‌ഛൻ മരിക്കും മുമ്പ് നിന്നെ ഓർത്തു കരഞ്ഞു. അന്ത്യകാലത്ത് നിന്നോടു ചെയ്‌ത തെറ്റിന്‍റെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയിരുന്നു കുഞ്ഞെ. നിന്നെ കാണുകയാണെങ്കിൽ നിന്നെ വേദനിപ്പിച്ചതിന് അച്‌ഛൻ മാപ്പു ചോദിച്ചതായി പറയണം എന്നു പറഞ്ഞു.”

അമ്മയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കാനെ ഉപകരിച്ചുള്ളൂ. ഉള്ളിലെ പുണ്ണിൽ ആരോ കത്തികൊണ്ടു കുത്തും പോലെ…

നരേട്ടന്‍റെ വാക്കുകളും ഇപ്പോൾ അമ്മയുടെ വാക്കുകളും ഉള്ളിലെ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കി. ഫഹദ് സാറിനെ വീണ്ടും ഒരിക്കൽ കൂടി കാണുവാനുള്ള മോഹം ഉള്ളിൽ കനത്തു. പക്ഷേ അമ്മയെ സമാശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു.

“ഞാൻ പഴയതെല്ലാം ഇപ്പോൾ മറന്നു കഴിഞ്ഞു അമ്മേ… ഫഹദ്സാർ ഇപ്പോൾ എന്‍റെ മനസ്സിലില്ല. നരേട്ടനോടൊപ്പം ജീവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ അച്‌ഛനു മാപ്പു കൊടുത്തു കഴിഞ്ഞിരുന്നു.

നരേട്ടൻ അത്ര വലിയ മനസ്സാണ് എനിക്കു പകർന്നു നൽകിയത്. അദ്ദേഹം എല്ലാമറിഞ്ഞു കൊണ്ടാണ് എന്നെ വിവാഹം ചെയ്‌തത്. എന്നിട്ടും എല്ലാം ക്ഷമിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇടയ്ക്കു പലപ്പോഴും ഫഹദ് സാറിന്‍റെ ഓർമ്മയിൽ, നരേട്ടനെ വേദനിപ്പിച്ചിട്ടുള്ളത് ഞാനാണമ്മേ…”

“എന്‍റെ കുഞ്ഞെ… ആ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെ നിന്നെത്തേടി അലയുകയാണെന്ന് ഇടയ്ക്കാരോ പറഞ്ഞു കേട്ടു. നിന്നെ അന്വേഷിച്ചയാൾ ഡൽഹിയിലുമെത്തിയത്രേ…”

അദ്ദേഹത്തിനെ ഞാൻ കണ്ടു എന്നു പറയുവാൻ ഭാവിച്ചുവെങ്കിലും പിന്നെ അതു വേണ്ടെന്നു വച്ചു. ആ കൂടിക്കാഴ്ചയാണല്ലോ ഒരിയ്ക്കൽ എന്‍റെ മനസ്സു തകർത്തത്. അത് ഒരിക്കൽ എന്‍റെ നരേട്ടന്‍റേയും മക്കളുടേയും തകർച്ച കൂടിയായി. അതിൽ നിന്നും ഉയിർത്തേഴുന്നേറ്റ ഞാൻ ഇനി ഒരിക്കലും അതൊന്നും ഓർക്കുകയില്ലെന്ന് ശപഥം ചെയ്‌തതാണ്. രാഹുലിനും അതൊന്നും ഇഷ്ടമില്ലായിരുന്നുവല്ലോ.

ഒടുവിൽ അവനും എന്നെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയി. ഇന്നിപ്പോൾ നരേട്ടനും എന്നെ വിട്ടകലാൻ തുടങ്ങുന്നു. ഇന്നോർക്കുമ്പോൾ നരേട്ടൻ പറഞ്ഞതു പോലെ എന്നെ ഓർത്തു വേദനിച്ച ആ ഹൃദയത്തിന്‍റെ ശാപം, എന്നെയും കുടുംബത്തെയും പിന്തുടരുകയായിരുന്നുവോ?

അമ്മ തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. “അയാൾ പിന്നീട് നാട്ടിൽ തിരിച്ചെത്തിയെന്നും ആരൊക്കെയോ കൂടി ചികിത്സിച്ച് അസുഖം മാറ്റിയെന്നു, ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വേറെ വിവാഹം കഴിച്ചെന്നുമൊക്കെ കേട്ടു.”

അമ്മയുടെ തുടർന്നുള്ള വാക്കുകൾ കേൾക്കാൻ ഞാൻ അശക്തയായിരുന്നു. അപ്പോൾ ഫഹദ് സാർ മറ്റൊരു വിവാഹം കഴിച്ചെന്നോ? ആ അറിവ് എനിക്കു പുതിയതായിരുന്നു. അങ്ങിനെ അദ്ദേഹം എന്നെ മറന്നു കാണുമോ?

മനസ്സിനുള്ളിൽ അറിയാതെ രൂപം കൊണ്ട പിടച്ചിൽ അവൾ അമ്മ കാണാതെ മറച്ചു വച്ചു. പക്ഷേ അടുത്ത നിമിഷം സ്വയം സമാശ്വസിച്ചു. അദ്ദേഹം ഭ്രാന്തനായി അലഞ്ഞു തിരിയുന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലത് ഈ വാർത്തയാണല്ലോ.

അദ്ദേഹം എന്നെ മറന്ന് സന്തോഷമായിരിക്കട്ടെ. അല്ലെങ്കിൽ തന്നെ ശാപം കിട്ടിയതു പോലെ ഈ ജന്മം ജീവിച്ചു തീരാൻ വിധിക്കപ്പെട്ട ഞാൻ, ആ ഓർമ്മകളിൽ പോലും ഉണ്ടാവാൻ പാടില്ല. എന്‍റെ നിഴൽ പോലും ആ ജീവിതത്തെ തകർത്തു കളയും.

മിഴികളിൽ ഉരുണ്ടു കൂടിയ കണ്ണീർക്കണങ്ങൾ അമ്മ കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു.

“അമ്മേ ഞാനിപ്പോൾ വന്നത് നരേട്ടന്‍റെ ജീവൻ രക്ഷിക്കാനുള്ള അൽപം പണത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് ഒരു ബൈപ്പാസ് വേണ്ടി വന്നേക്കും. അതിനുവേണ്ടി എന്‍റെ പേരിൽ ഇവിടെയുള്ള പ്രോപ്പർട്ടി വിൽക്കുവാനാണ് ഞാൻ വന്നത്.

“അച്‌ഛൻ നിങ്ങളുടെ ഓരോരുത്തരുടേയും പേരിൽ എല്ലാ സ്വത്തുക്കളും എഴുതിവച്ചിട്ടാണ് മരിച്ചത്. ആയ കാലത്ത് അദ്ദേഹം ധാരാളം സമ്പാദിച്ചു. അതുകൊണ്ട് പണത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷേ മനഃസമാധാനം അതുമാത്രം അദ്ദേഹത്തിന് ലഭിച്ചില്ല. നിന്നോടു ചെയ്‌ത തെറ്റുകളോർത്ത് പശ്ചാത്തപിക്കാനേ അദ്ദേഹത്തിന് നേരമുണ്ടായിരുന്നുള്ളൂ.”

അമ്മ അതു പറഞ്ഞു കരയാൻ തുടങ്ങി.“ അതുകഴിഞ്ഞ് മഞ്ജുവിനും മായയ്ക്കും അവർക്കിഷ്ടപ്പെട്ടവരെത്തന്നെ അച്‌ഛൻ വിവാഹം കഴിച്ചു കൊടുത്തു. ഇന്നിപ്പോൾ അവരെല്ലാം സുഖമായി കഴിയുന്നു.” കരച്ചിലിനിടയിൽ അമ്മ പറഞ്ഞു നിർത്തി. അപ്പോൾ ഞാൻ ചിന്തിയ്ക്കുകയായിരുന്നു.

വളരെക്കാലമായി വീട്ടിലെ വിശേഷങ്ങൾ ഞാൻ അറിയാറില്ലായിരുന്നു. അച്‌ഛൻ മരിച്ചപ്പോൾ പോലും വരാൻ കഴിഞ്ഞില്ല. അന്നൊക്കെ ഫഹദ്സാറിനെ ഒരു ഭ്രാന്തനെപ്പോലെ കണ്ട് തകർന്ന മനസ്സുമായി ഞാൻ കഴിയുകയായിരുന്നുവല്ലോ.

മഞ്ജുവിന്‍റേയും മായയുടെയും കല്യാണത്തിനും എനിക്കെത്താൻ കഴിഞ്ഞില്ല. അതിനുശേഷം രാഹുൽമോന്‍റെ മരണവും നീണ്ടകാലത്തേയ്ക്ക് എന്നെ എല്ലാവരിൽ നിന്നുമകറ്റി നിർത്തി.

“മഞ്ജുവും മായയും ഇപ്പോൾ എങ്ങിനെയിരിക്കുന്നു അമ്മേ? പ്രസവം കഴിഞ്ഞ് അവർ രണ്ടുപേരും തടിവച്ചോ?” ഞാൻ താൽപ്പര്യപൂർവ്വം അന്വേഷിച്ചു.

“വിവാഹം കഴിഞ്ഞ് രണ്ടുപേർക്കും ഈ രണ്ടു കുട്ടികൾ വീതം ഉണ്ടായതുമെല്ലാം അവർ എനിക്കെഴുതിയിരുന്നു. ആ കുട്ടികളും ഇപ്പോൾ മുതിർന്നു കാണുമല്ലോ.” ഞാൻ താൽപര്യപൂർവ്വം അന്വേഷിച്ചു.

എന്‍റെ ചോദ്യം കേട്ട് അമ്മ പരിഭവത്തോടെ പറഞ്ഞു തുടങ്ങി. “അവരുടെ കല്യാണത്തിന് നിന്നെ വിളിച്ചിട്ട് വന്നില്ലല്ലോ. അതാണ് അച്ഛനെ കൂടുതൽ അലട്ടിയത്. നീ അച്ഛനോട് ക്ഷമിച്ചിട്ടില്ലെന്ന് അച്‌ഛൻ കരുതി. അവരുടെ വിവാഹം കഴിഞ്ഞയുടൻ തന്നെ അദ്ദേഹം കിടപ്പിലുമായി.”

അമ്മ കണ്ണുനീർ വാർത്തു കൊണ്ടിരുന്നു. ഞാൻ കാരണം എന്‍റെ അച്‌ഛൻ. അമ്മയുടെ വാക്കുകളിൽ കുറ്റപ്പെടുത്തലിന്‍റെ സ്വരമുണ്ടായിരുന്നു. അച്‌ഛന്‍റെ മരണത്തിനുത്തരവാദി ഞാനാണെന്ന അർത്ഥത്തിൽ അന്നത്തെ അപ്പോഴത്തെ അവസ്‌ഥയെക്കുറിച്ച് അമ്മയെ അറിയിക്കണമെന്നു തോന്നി.

“ഞാൻ …ഞാൻ മനഃപൂർവ്വമല്ല അമ്മേ വരാതിരുന്നത്. ഫഹദ്സാറിനെ ഞാൻ ഡൽഹിയിൽ വച്ച് കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ. അതോടെ എന്‍റെ മനോനില തെറ്റിയെന്നു പറയാം. ഞാനും ഭ്രാന്തിന്‍റെ വക്കത്തെത്തിയിരുന്നു. പിന്നീടെന്നും നരേട്ടനുമായി സ്വരച്ചേർച്ചയില്ലാത്ത ദിനങ്ങളായിരുന്നു.

ഭ്രാന്തെടുത്ത എന്‍റെ മനസ്സ് എല്ലാറ്റിനോടും കലഹിച്ചു കൊണ്ടിരുന്നു. കുട്ടികളെപ്പോലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആ അവസ്‌ഥയിൽ ഞാനെങ്ങനെ നാട്ടിൽ വന്ന് ഒരു വിവാഹത്തിൽ പങ്കുകൊള്ളുമമ്മേ… അതിനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല ഞാൻ. അതു കൊണ്ടാണ് വരാതിരുന്നത്. അല്ലാതെ അച്‌ഛനെ വെറുത്തിട്ടല്ല.

ഒടുവിൽ പറഞ്ഞത് ഒരു കളവായിരുന്നുവെന്ന് എനിക്കു തന്നെ അറിയാമായിരുന്നു. സത്യത്തിൽ ആ ദിനങ്ങളിൽ അച്‌ഛനെ ഞാൻ കഠിനമായി വെറുക്കുകയായിരുന്നു. എല്ലാത്തിനും കാരണക്കാരൻ അച്ഛനായിരുന്നുവല്ലോ. ഒടുവിൽ അമ്മ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു.

“എനിക്കറിയാം മീരമോളെ നിന്‍റെ മാനസിക പ്രയാസങ്ങൾ എന്തായിരുന്നുവെന്ന്. ഒരിക്കൽ നീ അതറിയ്ക്കാൻ എന്‍റെടുത്ത് വന്നിരുന്നല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ നിന്‍റെ അച്‌ഛൻ നിന്നോട് കഠിനമായ തെറ്റാണ് ചെയ്‌തത്. ഫഹദ്സാറിനൊടൊപ്പം ഒളിച്ചോടിപ്പോയ നിന്നെ അങ്ങിനെതന്നെ ജീവിക്കാൻ വിടണമായിരുന്നു. പക്ഷേ നിന്‍റെ ഭാവിയോർത്ത് നിന്‍റെ അച്‌ഛൻ ഉൽകണ്ഠാകുലനായിരുന്നു. അതാണദ്ദേഹം അന്നങ്ങിനെയൊക്കെ ചെയ്‌തത്.”

“ശരിയാണമ്മേ, എന്‍റെ അച്‌ഛൻ തെറ്റുകാരനല്ലായിരുന്നുവെന്ന് എനിക്കിപ്പോളറിയാം. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ഉൽകണ്ഠാകുലനാകുന്ന ഏതൊരച്ഛനും ചെയ്യുന്നതേ എന്‍റെയച്ഛനും ചെയ്‌തുള്ളൂ. അതു മനസ്സിലാക്കാൻ എനിക്കും രാഹുലും കൃഷ്ണയും വളരേണ്ടി വന്നു. അവർ തെറ്റു ചെയ്‌തപ്പോൾ, അവരെ തിരുത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്‍റെ അച്‌ഛനെ ഞാൻ മനസ്സിൽ കണ്ടു.”

അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. എന്‍റെ പ്രോപ്പർട്ടി വിറ്റു കിട്ടിയ പണവുമായി ഞാൻ മടങ്ങി പോരുമ്പോൾ അമ്മയെക്കൂടെ കൂട്ടിയിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്‌ഥ പിടിക്കാതെ അധികനാൾ കഴിയും മുമ്പ് അമ്മ കേരളത്തിലേയ്ക്ക് തിരിച്ചു പോന്നു.

എന്‍റേയും നരേട്ടന്‍റെയും  ദുഃഖനിമഗ്നമായ മാനസികാവസ്‌ഥ കണ്ടു നിൽക്കാനാവില്ലെന്ന് അമ്മ ഇടയ്ക്കു പറയുകയും ചെയ്‌തിരുന്നു. പിന്നെ ബാംഗ്ലൂരിൽ മഞ്ജുവിന്‍റേയും മായയുടെയും കൂടെയാണ് അമ്മ എന്ന് ഞാനറിഞ്ഞു.

ഡൽഹിയിൽ തിരിച്ചെത്തിയ ഉടനെ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷനു വേണ്ടുന്ന ഏർപ്പാടുകൾ ഞാൻ ചെയ്‌തു. എന്നാൽ നരേട്ടൻ അപ്പോഴേയ്ക്കു മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു. രാഹുൽ മോന്‍റെ വേർപാട് അദ്ദേഹത്തെ ആകെ തളർത്തിയിരുന്നു. ഇടയ്ക്കെല്ലാം രാഹുൽ മോനെ ഓർത്ത് അദ്ദേഹം വിങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.

“എന്‍റെ മോൻ… എന്‍റെ മോൻ എത്ര മിടുക്കനായിരുന്നുവെന്ന് നിനക്കറിയുമോ മീരാ. അവൻ വലിയൊരു ഡോക്ടറായിത്തീർന്നേനെ.” അദ്ദേഹം എന്‍റെ മുമ്പിൽ പലപ്പോഴും വിങ്ങിപ്പൊട്ടി.

“അവൻ നിന്നെയും എന്നേയും വളരെയേറെ സ്നേഹിച്ചിരുന്നു. പാവം എന്‍റെ കുട്ടി. പലപ്പോഴും ആ സ്നേഹം തിരിച്ചു കിട്ടാതെ അവൻ വല്ലാതെ വീർപ്പുമുട്ടിയിരുന്നു. നമ്മൾ… നമ്മൾ അവനോട് വല്ലാത്ത തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത് മീരാ. ഒരു പക്ഷേ അവനെ രോഗിയാക്കിത്തീർത്തതും ആ വീർപ്പുമുട്ടലായിരിക്കാം.”

നരേട്ടന്‍റെ വാക്കുകൾ എന്നെയും കരയിച്ചു. ഒരമ്മയെന്ന നിലയിൽ താനവനോട് വലിയ തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത്. അച്‌ഛനമ്മമാരുടെ സ്നേഹം കിട്ടാതെ അവഗണിക്കപ്പെട്ട അവന്‍റെ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചിരിക്കാം. നരേട്ടനും താനും പിന്നീടാ തെറ്റുകൾ തിരുത്തിയെങ്കിലും അപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. ഞങ്ങളുടെ സ്നേഹം ആവോളം നുകരാൻ കഴിയാതെ അവന് ജീവിതത്തിൽ നിന്നു തന്നെ പടിയിറങ്ങിപ്പോകേണ്ടി വന്നു.

മാപ്പ്… മകനെ മാപ്പ്… എന്‍റേയും, നരേട്ടന്‍റെയും മനസ്സുകൾ അവനോട് മാപ്പപേക്ഷിച്ചു കൊണ്ടിരുന്നു.

അതുകേട്ട് ദൂരെ ഏതോ ലോകത്ത് ഒരു മാലാഖയെപ്പോലെ അവൻ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാവും. അവന്‍റെ കൊച്ചുമനസ്സ് ഞങ്ങളോട് ക്ഷമിച്ചിരിക്കാം. ഞാൻ വിചാരിച്ചു.

നരേട്ടന്‍റെ ബൈപ്പാസിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഡോക്ടർ അതു എന്നെ അറിയിച്ചത്.

“ഹി ഈസ് സോ വീക്ക് ഇൻ മെന്‍റലി ആന്‍റ് ഫിസിക്കലി മിസ്സിസ് മീരാ നാരായണൻ അതുകൊണ്ട് ഈ ഓപ്പറേഷൻ ഇപ്പോൾ നടത്തുന്നത് എത്രത്തോളം വിജയപ്രദമാകുമെന്നനിക്കറിയില്ല. നിങ്ങൾ അദ്ദേഹത്തെ മാനസികമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തണം. അത്തരം ഓർമ്മകൾ ഉണരാതെ നോക്കണം.”

ഡോക്ടറുടെ വാക്കുകൾ ഞാൻ ഗൗരവപൂർവ്വം എടുത്തു. അദ്ദേഹത്തിന്‍റെ സ്‌ഥിതി എത്രത്തോളം സീരിയസാണെന്ന് ഡോക്ടർ എന്നെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. അതിനെത്തുടർന്ന് രാഹുൽമോന്‍റെ ചിന്ത അദ്ദേഹത്തിൽ ഉണരുമ്പോഴെല്ലാം ഞാനതിനെ ആട്ടിയകറ്റുന്ന രീതിയിൽ മറ്റു വല്ലതും പറഞ്ഞു കൊണ്ടിരുന്നു.

അദ്ദേഹത്തിന്‍റെ ചിന്തയെ വഴിതിരിച്ചു വിടുന്ന രീതിയിൽ തമാശകൾ പറഞ്ഞും, നല്ല നല്ല പാട്ടുകൾ പാടിയും ആദ്ധ്യാത്മിക കഥകൾ വായിച്ചും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യ കാര്യങ്ങളിൽ  കൂടുതൽ ശ്രദ്ധിച്ചു.

എന്‍റെ സ്നേഹവും കരുതലും ആ ഹൃദയത്തെ സ്പർശിച്ചു. അതദ്ദേഹത്തിന്‍റെ ആരോഗ്യ നില ഉയർത്തി. ഒരുപക്ഷേ എന്‍റെ ഈ സ്നേഹ പരിലാളനകൾക്കു വേണ്ടിയാണല്ലോ അദ്ദേഹം ഇത്രകാലവും കാത്തിരുന്നത് എന്ന് ഞാനോർത്തു.

എന്‍റെ ഹൃദയം മുഴുവനായി അദ്ദേഹത്തിന്‍റെ മുന്നിൽ സമർപ്പിക്കപ്പെടുന്നതിനു വേണ്ടി ഇത്രകാലവും അദ്ദേഹം തപസ്സു ചെയ്യുകയായിരുന്നവല്ലോ. എന്‍റെ സ്നേഹം അപൂർണ്ണമാണെന്ന തോന്നൽ പലപ്പോഴും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു.

ജീവിതത്തോടുള്ള വിരക്‌തിയായി അതു മാറുകയും ചെയ്‌തു. ഒരു പക്ഷേ മരണത്തെ പുൽകുവാനുള്ള ആഗ്രഹമായി അതു വളർന്നു കഴിഞ്ഞിരുന്നുവോ?. ജീവിതത്തിന് അർത്ഥം നൽകുന്നതെന്താണ്? കരുണയോ, സ്നേഹമോ, ത്യാഗമോ ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

ഒരു പക്ഷേ ഇതു മൂന്നും കൂടിച്ചേർന്നാലേ ജീവിതം പൂർണ്ണമാവുകയുള്ളൂ എന്നു തോന്നി. സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ മൂർത്തീകരണമാണ് ഫഹദ് സാർ. എന്നിട്ടും ആ ജീവിതമെന്തേ അപൂർണ്ണമായിത്തുടരുന്നു തന്‍റെ സുഖസന്തോഷങ്ങൾക്കു വേണ്ടി അദ്ദേഹം സ്വയം മറഞ്ഞു നിൽക്കുകയായിരുന്നില്ലേ?

എന്‍റെ മുന്നിൽ സ്വയം വെളിപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് എന്‍റെ സ്നേഹം വീണ്ടെടുക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം ഭ്രാന്തഭിനയിച്ച് എന്‍റെ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

അതുപോലെ നരേട്ടൻ ത്യാഗിയായ മനുഷ്യനെപ്പോലെ സ്വന്തം സുഖദുഃഖങ്ങളെ ബലി കഴിച്ചു കൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഉള്ളിന്‍റെ ഉള്ളിൽ ആത്മാവിൽ പിടച്ചിൽ…..

(തുടരും)

और कहानियां पढ़ने के लिए क्लिक करें...