അടുത്തിടെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലും താമസിക്കുന്ന 1,200 സ്ത്രീകൾക്കിടയിൽ മോസ് പ്രസ്സോ എന്ന കമ്പനി നടത്തിയ സർവ്വേയിൽ നിന്നും ചില കൗതുകകരമായ വസ്തുത പുറത്തു വരികയുണ്ടായി. 70 ശതമാനം അമ്മമാരും സ്വന്തം ജീവിതത്തിൽ സന്തുഷ്ടരല്ലെന്നാണ് സർവ്വേയിൽ വെളിപ്പെട്ട ഒരു സത്യം. വിവാഹ ജീവിതത്തിൽ അസംതൃപ്തരും അസന്തുഷ്ടരുമായ സ്ത്രീകൾ 59 ശതമാനം ആണെങ്കിൽ 73 ശതമാനം സ്ത്രീകൾ വിചാരിക്കുന്നത് തങ്ങൾക്ക് കുട്ടികളുടെ കാഴ്ചപ്പാടിൽ നല്ല അമ്മമാരാകാൻ കഴിയില്ലെന്നാണ്.
മാതൃത്വത്തിന്‍റെ യാത്ര എത്രമാത്രം കഠിനതരമാണെന്ന് ഓർക്കുക. 9 മാസം ഗർഭം ധരിച്ച്, ഗർഭകാലത്തെ മുഴുവൻ ആലസ്യങ്ങളും സന്തോഷത്തോടെ നേരിടുന്നത് സ്വന്തം കുഞ്ഞിനെ ലാളിക്കാനുള്ള ഒരമ്മയുടെ മനസ്സൊരുങ്ങുന്നതുകൊണ്ടല്ലേ? അപ്പോഴല്ലേ ഒരു സ്ത്രീ പരിപൂർണ്ണമായും അമ്മയാകുന്നത്.
അമ്മയായതിനു ശേഷം സ്ത്രീ കുഞ്ഞിനൊപ്പം രാത്രി മുഴുവനും ഉണർന്നിരിക്കുന്നു. തന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പരാതിയും പരിഭവവുമില്ലാതെ വീട്ടുജോലികൾ ചെയ്‌തു കൊണ്ടിരിക്കുന്നു. ഭക്ഷണമൊന്നും കാര്യമായി കഴിക്കാതെ തുടർച്ചയായി ജോലി ചെയ്യുന്നു. കുഞ്ഞിന് മുലയൂട്ടുന്നു. സമയാസമയത്ത് കുഞ്ഞിന്‍റെ ഡയപ്പർ മാറ്റുന്നു. 24 മണിക്കൂറും ഉറക്കമൊഴിഞ്ഞ് കുഞ്ഞിന്‍റെ പരിചരണത്തിൽ അവൾ സ്വയം ലയിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ അമ്മയുടെ സന്തോഷത്തിന് വീട്ടുകാർ എത്രമാത്രം പ്രാധാന്യം നൽകാറുണ്ട്.
എന്തുകൊണ്ട് അമ്മമാർ നിരാശരാകുന്നു?
ഇന്ന് കുടുംബ സംവിധാനത്തിൽ മാറ്റമുണ്ടായി അണുകുടുംബമായതോടെ കുഞ്ഞുങ്ങളുടെ പരിചരണം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. പണ്ട് കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുങ്ങളെ പരിചരിക്കാൻ വീട്ടിലെ മുതിർന്ന അംഗങ്ങളുണ്ടായിരുന്നു. അണുകുടുംബമായതോടെ കുഞ്ഞുങ്ങളുടെ പരിചരണവും സംരക്ഷണവും അമ്മമാരെ സംബന്ധിച്ച് വലിയ മാനസിക പ്രശ്നം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഭാര്യയും ഭർത്താവും ഉദ്യോഗസ്‌ഥരാണെങ്കിൽ കുഞ്ഞുങ്ങൾ ഓടികളിക്കാനാവാതെ വീടിന്‍റെ നാലു ചുവരുകൾക്കുളളിൽ കഴിയേണ്ടി വരിക, കുഞ്ഞുങ്ങൾ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ ഉപയോഗിക്കുക, ഇന്‍റർനെറ്റ് അമിതമായി ഉപയോഗിക്കുക, അച്ചടക്ക സംബന്ധമായ പ്രശ്നങ്ങൾ, സ്ക്കൂൾ പരീക്ഷകൾ, കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അമ്മമാർക്ക് വലിയൊരു തലവേദനയാകുന്നു.
ഗൃഹനാഥ ഉദ്യോഗസ്‌ഥയാണെങ്കിൽ കുടുംബത്തിനും ജോലിക്കുമിടയിൽ സന്തുലിതാവസ്‌ഥ നിലനിർത്തുകയെന്നുള്ളത് ഏറെ ശ്രമകരമായ കാര്യമായിരിക്കും. എത്രയൊക്കെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയാലും ഗൃഹനാഥയ്ക്ക് നല്ലൊരു അമ്മയുടെയോ നല്ലൊരു ഭാര്യയുടെയോ പദവി കിട്ടണമെന്നില്ല. പെപ്സിക്കോ സിഇഒ ഇന്ദ്ര നൂയി ഒരഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നത്.
“എന്‍റെ വിവാഹം കഴിഞ്ഞിട്ട് 34 വർഷത്തിലധികമായിരിക്കുന്നു. ഞങ്ങൾക്ക് രണ്ട് പെണ്മക്കളാണ്. ഭാര്യയുടെയോ അല്ലെങ്കിൽ ഒരമ്മയുടെയോ റോൾ ആണോ നിർവ്വഹിക്കേണ്ടതെന്ന് എല്ലാ ദിവസവും രാവിലെ ചിന്തിക്കേണ്ടി വരും. നിങ്ങൾക്ക് ധാരാളം തീരുമാനങ്ങൾ എടുക്കേണ്ടി വരും. പക്ഷേ ഞാനൊരു നല്ല അമ്മയായിരുന്നോ എന്ന് ഇന്ന് നിങ്ങൾ എന്‍റെ മക്കളോട് ചോദിക്കുകയാണെങ്കിൽ ഞാനൊരു നല്ല അമ്മയാണെന്ന് അവർ പറയുമെന്ന് തോന്നുന്നില്ല.”
ഒരമ്മയുടെ സന്തോഷം അതിരറ്റതാക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഭർത്താവിന്‍റെയും കുട്ടികളുടെയും സപ്പോർട്ട്
27 ശതമാനം അസന്തുഷ്ടരായ അമ്മമാർക്ക് കഴിഞ്ഞ ഒരു വർഷത്തിലുടനീളം യാതൊരു വിധത്തിലുമുള്ള പിന്തുണയും കിട്ടിയിട്ടില്ലായെന്നാണ് സർവ്വേയിൽ കണ്ടെത്തിയ കാര്യം. ഒരു അമ്മ രാവിലെ മുതൽ രാത്രി വരെ കുഞ്ഞുങ്ങൾക്കു വേണ്ടി പലതരം ജോലി ചെയ്‌ത് കഷ്ടപ്പെടുന്നുണ്ടെങ്കിൽ സ്വന്തം ഭാര്യയെ സഹായിക്കാൻ അവർക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്വം ഭർത്താക്കന്മാർക്കില്ലേ? അമ്മയ്ക്ക് അമ്മയുടേതായ സ്പേസ് വേണമെന്ന് മക്കൾക്കും ഇപ്രകാരം ചിന്തിക്കാമല്ലോ? അല്ലെങ്കിൽ അമ്മയ്ക്ക് വേണ്ട കരുതലും സ്നേഹവും നൽകണമെന്ന് ചിന്തിച്ചുകൂടെ?
ടീ ടൈം
ഭർത്താവിനെ, കുട്ടികളെ, മറ്റ് കുടുംബാംഗങ്ങളെ എങ്ങനെ സന്തുഷ്ടരാക്കണമെന്നത് ഒരു ഗൃഹനാഥയെ സംബന്ധിച്ച് വലിയൊരു കീറാമുട്ടി പ്രശ്നമാണ്. എന്നാൽ സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും അവർ മാറ്റി വച്ചു കൊണ്ടാകും മറ്റുള്ളവർക്ക് മുൻഗണന നൽകുക.
സ്വന്തം കുടുംബത്തിനൊപ്പം സ്വന്തം സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ട പരിഗണന നൽകാൻ ഗൃഹനാഥ ശ്രമിക്കുകയാണ് വേണ്ടത്. അത് അനിവാര്യമാണ്. ആഴ്ചയിലൊരു ദിവസം കുറഞ്ഞത് ഒരു ദിവസമെങ്കിലും കൂട്ടുകാരികൾക്കൊപ്പം പുറത്ത് കറങ്ങാൻ പോവുക. ഇഷ്ടപ്പെട്ട് ഷോപ്പിംഗ് നടത്തുക. മനസിൽ ആഗ്രഹിച്ച കാര്യം സഫലീകരിക്കുക. സ്വയം അണിഞ്ഞൊരുങ്ങി ജീവിതം ഇഷ്ടം പോലെ ആസ്വദിക്കുക. സ്വയം സന്തോഷിക്കുമ്പോഴാണ് കുടുംബത്തിന്‍റെ മൊത്തം സന്തോഷമുണ്ടാകുക.
ഏത് ബന്ധവും ദൃഢമാകുന്നത് അതിന്‍റെ അടിത്തറ ശക്തമാകുമ്പോഴാണ്. ഒരു സ്ത്രീ ഒരു കുടുംബത്തിന്‍റെ ഭാഗമാകുമ്പോൾ അവർക്ക് പല കോംപ്രമൈസുകളും ചെയ്യേണ്ടി വരും. ഇക്കാര്യം കുടുംബാംഗങ്ങൾ അറിയുകയും അതനുസരിച്ച് അവർക്ക് വേണ്ട പിന്തുണ നൽകുകയുമാണ് വേണ്ടത്. തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്യ്രം അവർക്ക് അവകാശപ്പെട്ടതാണ്. അവരുടെ ആഹ്ലാദങ്ങളും അവർക്ക് അവകാശപ്പെട്ടതാണ്.