രാഖി സാധനങ്ങൾ നിറച്ച മൂന്ന് നാല് വലിയ ക്യാരി ബാഗുകളും താങ്ങി പിടിച്ചു കൊണ്ട് തിടുക്കപ്പെട്ട് ലിഫ്റ്റിന് നേരെ നടന്നു. ബട്ടനമർത്തിയയുടനെ ലിഫ്റ്റിന്‍റെ വാതിൽ തുറക്കപ്പെട്ടു. അവൾ ലിഫ്റ്റിനകത്തേക്ക് തിടുക്കപ്പെട്ട് കയറിയശേഷം പാടുപ്പെട്ട് നാലാം നിലയിലേക്കുള്ള ബട്ടനമർത്തി. ലിഫ്റ്റിനകത്ത് മൂന്നാം നിലയിലെ താമസക്കാരിയായ റീനയുമുണ്ടായിരുന്നു. കടന്നൽ കുത്തിയ പോലെ റീന മുഖം വീർപ്പിച്ചു നിൽക്കുന്നു. റീനയുടെ മുഖത്തേക്ക് നോക്കി രാഖി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും റീന അതൊന്നും ശ്രദ്ധിക്കാതെ ലിഫ്റ്റ് തുറക്കുന്നതും കാത്തു നിന്നു. രാഖി നിരാശയോടെ ലിഫ്റ്റിന്‍റെ വശം ചേർന്നു നിന്നു. എന്തെല്ലാം തരത്തിലുള്ള ആളുകളാണ് ഈ ലോകത്തുള്ളത്. നിസ്സാര പ്രശ്നം പോലും ഊതി പെരുപ്പിച്ച് മനസ്സിലിട്ട് ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം കൊണ്ടു നടക്കും. ആ പ്രശ്നം ചിലപ്പോൾ ആ നിമിഷത്തിൽ അവസാനിപ്പിക്കാവുന്ന ഒന്നാണെങ്കിൽ പോലും… രാഖി മനസ്സിലോർത്തു. ലിഫ്റ്റ് മൂന്നാം നിലയിലിത്തെിയതോടെ റീന പുറത്തു കടന്നു. നാലാം നിലയിലെത്തിയപ്പോൾ രാഖിയും ലിഫ്റ്റിന് പുറത്തിറങ്ങി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. രാഖി പാടുപ്പെട്ട് ക്യാരിബാഗ് നിലത്ത് വച്ചശേഷം കോളിംഗ് ബെൽ അമർത്തി.

“എത്ര നേരമായി… രാഖി നിനക്ക് ഫോണൊന്ന് എടുത്തു കൂടെ… ഞാനാകെ ടെൻഷനടിച്ചിരിക്കുകയായിരുന്നു.” രാഖിയെ കണ്ടയുടനെ സുമിത് ദേഷ്യത്തോടെ പറഞ്ഞു.

“ഹമ്മോ… ഞാനൊന്ന് അകത്തേക്ക് കയറിക്കോട്ടെ. ഹൊ പുറത്ത് വല്ലാത്ത ചൂട്. പുറത്ത് വണ്ടിയുടെ ഒച്ച കാരണം ഫോൺ റിംഗ് ചെയ്‌തതൊന്നും കേട്ടില്ല” രാഖി സാധനങ്ങൾ ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.

സുമിത് രാഖിയ്ക്ക് കുടിയ്ക്കാനായി വെള്ളവുമായി വന്നു. രാഖി ഫാൻ ഓൺ ചെയ്‌ത് കസേരയിലിരുന്നു.

“സുമിത്… ഞാനിന്ന് ലിഫ്റ്റിൽ വച്ച് റീനയെ കണ്ടു. അവരുടെ പിണക്കവും ദേഷ്യവും ജീവിതകാലം മുഴുവനും നീണ്ടു നിൽക്കുമെന്നാ തോന്നുന്നത്. ചില സമയത്ത് മനീഷയും ഓരോന്ന് പറയും. പ്രശ്നം തീരുന്നതിന് പകരം നീണ്ടു പോകുവാ.” രാഖി നിരാശയോടെ പറഞ്ഞു.

“നീ അതൊക്കെ വിട്” എന്നു പറഞ്ഞു കൊണ്ട് സുമിത് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഫ്ളാറ്റിൽ താമസിക്കാൻ ആദ്യം മുതലെ ഇഷ്‌ടമുണ്ടായിരുന്നില്ല. ഇൻഡിപെൻറഡന്‍റ് ഹൗസ് അതായിരുന്നു താൽപര്യം. ഫ്ളാറ്റിലാണെങ്കിൽ സ്വന്തമായി ഭൂമിയോ ആകാശമോ ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ എല്ലാവരും അതേറ്റു പിടിച്ച് വഷളാക്കും. നിന്‍റെ ആഗ്രഹമായിരുന്നില്ലെ ഫ്ളാറ്റിൽ താമസിക്കാൻ… എല്ലാവരും ചേർന്ന് താമസിക്കുന്നതു കൊണ്ട് നല്ല രസമായിരിക്കുമെന്നല്ലേ നീ പറഞ്ഞത്… ഇപ്പോ എന്തായി.” സുമിത് നിരാശയോടെ പറഞ്ഞു.

ഞാൻ തെറ്റൊന്നുമല്ലല്ലോ പറഞ്ഞത്. ആളുകൾക്കെന്താ കുഴപ്പം. പക്ഷേ നമ്മുടെ തൊട്ടടുത്ത താമസക്കാർ ഇങ്ങനെയൊക്കെ പ്രശ്നമുണ്ടാക്കുമെന്ന് വിചാരിച്ചില്ലല്ലോ. രാഖി സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവളും വളരെ രസികപ്രിയയുമായിരുന്നു. അവർക്ക് രണ്ട് കുട്ടികൾ. കുട്ടികൾ സ്ക്കൂളിൽ പഠിക്കുന്നു. അനാമിക അപ്പാർട്ട്മെന്‍റില്‍ ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. 4 നിലകളിലായുള്ള കെട്ടിടത്തിൽ മൊത്തം 16 ഫ്ളാറ്റുകളുണ്ട്. സൊസൈറ്റിക്കായി ഒരു കമ്മിറ്റിയുണ്ടായിരുന്നു. ഏത് ആഘോഷത്തിനും കമ്മിറ്റിയിൽ ഓരോ അംഗങ്ങളും പണം സ്വരൂപിച്ച് ആഘോഷിക്കുന്നത് പതിവായിരുന്നു. ചിലപ്പോൾ എല്ലാവരും ചേർന്ന് ഡിന്നർ കഴിക്കും.

ചിലപ്പോഴൊക്കെ ദമ്പതികൾക്കായുള്ള പരിപാടിയുണ്ടാവും മറ്റ് ചിലപ്പോൾ സ്ത്രീകൾക്ക് മാത്രമായുള്ള പരിപാടികളും. 16 കുടുംബങ്ങളിൽ 2-3 കുടുംബമൊഴിച്ച് ബാക്കിയെല്ലാവരും തന്നെ അടുത്തിടപഴകുന്നവരും സൗഹൃദ മനോഭാവമുള്ളവരുമായിരുന്നു. വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ളവരായിട്ടും ആർക്കും പ്രത്യേകിച്ചും ഒരു വിഷമവും ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ് ഫ്ളാറ്റ് വാങ്ങി താമസിക്കാനെത്തിയപ്പോൾ ഫ്ളാറ്റിന് എതിർവശത്തെ താമസക്കാരിയായ ശിവാനി തൊട്ട് താഴത്തെ നിലയിലെ താമസക്കാരിയായ മനീഷയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. അവർ പെട്ടെന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണത്രേ. ചെറിയ കാര്യം പോലും തെറ്റിദ്ധരിച്ച് മുഖം വീർപ്പിച്ചിരിക്കും. പക്ഷേ എല്ലാവരും ഒത്തു ചേർന്ന് താമസിക്കുമ്പോൾ എന്തെങ്കിലുമൊക്കെ തമാശയൊക്കെ പറയുന്നത് പതിവാണല്ലോ.

ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമല്ലോ. അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ശീലിക്കണം. പക്ഷേ മനീഷ അങ്ങനെയായിരുന്നില്ല. പക്ഷേ അന്ന് അവർ ദേഷ്യപ്പെടാനും മാത്രം ഒന്നും സംഭവിച്ചതുമില്ല.

അക്കാര്യം രാഖി സുമിത്തിനോട് പറഞ്ഞപ്പോൾ സുമിത് അത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. “ഇത് തന്നെ അവർക്ക് ധാരാളം ടിപ്പിക്കൽ ലേഡീസിന് ഇത് മതി. നീ ഇത്തരം കാര്യത്തിലൊന്നും അധികം തലയിടണ്ട നിന്‍റെ എഴുത്തിനെയത് ബാധിക്കും. എല്ലാവരോടും ഒരു ഹലോവിൽ ബന്ധം ഒതുക്കിയാൽ മതി. ആരുടെയും കൂടെയിരുന്ന് ആരുടേയും കുറ്റമൊന്നും പറയണ്ട.”

പതിയെ പതിയെ രാഖി എല്ലാവരുമായും പരിചയത്തിലായി. മനീഷയിൽ ആദ്യമൊന്നും ഒരു കുഴപ്പമുള്ളതായി അവൾക്ക് തോന്നിയതേയില്ല. മാത്രവുമല്ല രാഖി ആരുടേയും വ്യക്‌തിപരമായ കാര്യത്തിലൊന്നും ഇടപെടാറുമില്ല. അതുകൊണ്ട് അവൾക്ക് ആരുമായും സ്വതന്ത്രമായി ഇടപഴകാൻ കഴിയുമായിരുന്നു. ഇതിനിടെ അവൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മനീഷ രജനിയും സജ്ഞനയുമാ യൊക്കെ വളരെയടുപ്പം പുലർത്തുന്നത്. സജ്ഞന രാഖിയുടെ ഫ്ളാറ്റിന് തൊട്ട് മുകളിലായുള്ള ഫ്ളോറിലായിരുന്നു താമസം. രജനിയാകട്ടെ ശിവാനി താമസിച്ചിരുന്ന ഫ്ളാറ്റിന് തൊട്ട് താഴെയും. അതായത് എല്ലാ വേസ്റ്റുകളും തനിക്ക് ചുറ്റുമായിരുന്നുവെന്ന് അതോർത്ത് രാഖിയ്ക്ക് മനസ്സിൽ ചിരി പൊട്ടി.

മനീഷയുടെയും സജ്ഞനയുടെയും രജനിയുടെയും നിസ്സഹകരണ സ്വഭാവം അനാമിക അപ്പാർട്ട്മെൻറിൽ എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു.

രാഖി താമസം തുടങ്ങി ഏതാനും മാസം കഴിഞ്ഞായിരുന്നു ആ സംഭവമുണ്ടായത്. ഒരു ദിവസം രാവിലെ പാൽക്കാരൻ ഡോർബെല്ല് മുഴക്കിയത് കേട്ട് വാതിൽ തുറന്ന് വന്ന രാഖി വാതിലിന് തൊട്ട് മുന്നിൽ നായ കാഷ്ഠം കണ്ട് അരിശപ്പെട്ടു. രാവിലെ തന്നെ അറപ്പുളവാകുന്ന കാര്യം കണ്ട് ആർക്കാണ് ദേഷ്യം തോന്നാത്തത്. അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. പാൽ വാങ്ങി അവൾ അകത്തു പോയി. അന്ന് സ്വീപ്പറിന്‍റെ കാലുപിടിച്ച് അവളത് വൃത്തിയാക്കിക്കുകയായിരുന്നു. പക്ഷേ എന്ത് പറയാൻ അതിനു ശേഷം അത് പതിവായി.

ഒരു ദിവസം അരിശം മൂത്ത രാഖി നേരെ എതിർവശത്ത് താമസിക്കുന്ന ശിവാനിയുടെ ഡോർബെൽ മുഴക്കി. പുറത്ത് വന്ന ശിവാനി അവളെ ചോദ്യ ഭാവത്തിൽ നോക്കി. “ശിവാനി, ആരാ നായയെ വളർത്തുന്നത്. എല്ലാ ദിവസവും നായ ഞങ്ങളുടെ ഡോറിന് മുന്നിൽ കാഷ്ഠിക്കുകയാ… നായയെ കൊണ്ട് വല്യ ശല്യമായിരിക്കുകയാ.” രാഖി അൽപം ദേഷ്യത്തോടെയാണ് പറഞ്ഞത്.

അതിന് മറുപടിയെന്നോണം ശിവാനിയുടെ മുഖത്ത് പരിഹാസം കലർന്ന ചിരിയാണ് വന്നത്.

“മനീഷയാ നായയെ വളർത്തുന്നത്. രാവിലെ അതിനെ അഴിച്ച് പുറത്ത് വിടും. നായ താഴെ പോകുന്നോ മുകളിൽ പോകുന്നോ എന്നൊന്നും പിന്നെ നോക്കുകയേയില്ല. ആ നായ എനിക്കും ശല്യമായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവരത് വലിയ പ്രശ്നമാക്കും.”

എന്തോ ആലോചിച്ച ശേഷം രാഖി താഴത്തെ നിലയിലേക്ക് ഓടിയിറങ്ങി. മനീഷയുടെ ഫ്ളാറ്റിലെ ഡോർബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കുന്നത് വരെ അവൾ മുഖത്ത് ശാന്തത വരുത്തി കാത്തിരുന്നു. വാതിൽ തുറന്ന് പുറത്തെത്തിയ മനീഷയെ നോക്കി രാഖി ചിരിക്കാൻ ശ്രമിച്ചു.

“ഹലോ മനീഷ”

“രാഖി… വാ അകത്തു വാ..”

“അയ്യോ… ഞാനിപ്പോ ഇരിക്കാൻ വന്നതല്ല. ചെറിയ പ്രോബ്ളം പറയാൻ വന്നതാ. നിങ്ങൾ വളർത്തുന്ന നായ എന്നും രാവിലെ എന്‍റെ ഡോറിന് മുന്നിലാ കാഷ്ഠിക്കുന്നത്. എനിക്കെന്നും ഇത് വൃത്തിയാക്കേണ്ടി വരുന്നു. അത് വലിയ ബുദ്ധിമുട്ടായിരിക്കുകയാ. അതിനെ എന്നും പുറത്ത് നടക്കാൻ കൊണ്ടു പോവുകയാണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. നായയ്ക്കും അത് നല്ലതായിരിക്കും.”

അത് കേട്ടപാടെ മനീഷയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“രാഖി, നിങ്ങളത് നേരിൽ കണ്ടപോലെയാണല്ലോ പറയുന്നത്. ഈ അപ്പാർട്ടുമെൻറിൽ എനിക്ക് മാത്രമല്ല നായയുള്ളത്.”

മനീഷയുടെ ശബ്ദം ഉയർന്നതോടെ രാഖി സങ്കോചത്തോടെ ചുറ്റിലും നോക്കി. സമീപത്തുള്ള ഫ്ളാറ്റുകാർ വാതിൽ തുറന്ന് പുറത്തേക്ക് തലനീട്ടി. എല്ലാ കണ്ണുകളിലും ആകാംക്ഷ. “ചിലപ്പോൾ മറ്റേതെങ്കിലും നായയായിരിക്കും മനീഷ” എന്നു പറഞ്ഞു കൊണ്ട് സംസാരം അവസാനിപ്പിച്ച് രാഖി അവിടെ നിന്നും വലിഞ്ഞു. അതിനു ശേഷം രാഖിയെ കാണുമ്പോഴൊക്കെ അവൾ മുഖം വീർപ്പിച്ചു കടന്നു പോകുമായിരുന്നു. താൻ എന്തോ വലിയ തെറ്റ് ചെയ്‌തതെന്ന പോലെയായിരുന്നു അവളുടെ പെരുമാറ്റം. ശിവാനി പറഞ്ഞത് എത്ര സത്യമാണ്.

ഒരു ദിവസം രാവിലെ ഉറക്കമെണീറ്റ രാഖി ടോയ്‍ലെറ്റ് ഫ്ളഷ് ജാം ആയിരിക്കുന്നതാണ് കണ്ടത്. ഫ്ളഷിൽ നിന്നും വെള്ളം താഴോട്ട് പോകുന്നില്ല. വെള്ളം ടോയ്‍ലെറ്റിൽ നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയായിരുന്നു. രാഖി താഴത്തെ ഫ്ളോറിൽ പോയി മനീഷയോടും മുകളിലെ ഫ്ളാറ്റിൽ താമസിക്കുന്ന സജ്ഞനയുടെ ഭർത്താവിനോടും തൽക്കാലം അവരുടെ ടോയ്‍ലെറ്റ് ഉപയോഗിക്കരുതെന്ന് അപേക്ഷിച്ചു. നേരത്തെ തന്നെ രാഖിയോട് ദേഷ്യമുണ്ടായിരുന്ന മനീഷ ഇക്കാര്യമറിഞ്ഞപ്പോൾ ഒന്നു കൂടി ദേഷ്യത്തിലായി.

“ഞങ്ങൾക്ക് ഇവിടെയൊരു പ്രോബ്ളവും ഇല്ല. നിങ്ങളുടെ ടോയ്‍ലെറ്റിനാ കംപ്ലയിന്‍റ്. പോയി നോക്കൂ.” മനീഷ നീരസത്തോടെ പറഞ്ഞു.

“നിങ്ങൾ കാരണമാണ് പ്രശ്നമെന്ന് ഞാൻ പറഞ്ഞില്ലല്ലോ മനീഷ. ഏതോ മീഡിൽ പോർഷനിലാ പ്രശ്നം. സുമിത് പ്ല്ലമ്പറിനെ വിളിക്കാൻ പോവുകയാ. നിങ്ങൾക്ക് കുറച്ച് നേരം ബുദ്ധിമുട്ട് ഉണ്ടാകും. പ്ലമ്പർ ഇവിടെയും വന്ന് ചെക്ക് ചെയ്യുമല്ലോ. എവിടെയാണ് പ്രശ്നമെന്ന് അയാൾ കണ്ടുപിടിക്കട്ടെ.”

“എനിക്കൊന്ന് പുറത്ത് പോകേണ്ടതുണ്ട്. ഇന്നിവിടെ ഞാൻ കാണില്ല.” മനീഷ ഒഴികഴിവ് കണ്ടെത്തി.

“അയ്യോ, അങ്ങനെയാണെങ്കിൽ താക്കോൽ എനിക്ക് തന്നിട്ട് പോയ്ക്കോ. ഞാൻ ശരിയാക്കിച്ചോളാം.”

“അതെങ്ങനെ ശരിയാകും. പ്ലമ്പർ എങ്ങനെയുള്ള ആളാണെന്ന് ആർക്കറിയാം.” മനീഷ നീരസത്തോടെ പറഞ്ഞു.

“പക്ഷേ മനീഷ പ്ലമ്പറിനെ ടോയ്‍ലെറ്റ് കാണിക്കേണ്ടി വരുമല്ലോ. ഈ പ്രശ്നം സോൾവ് ചെയ്യണം. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നന്നാക്കിക്കണമല്ലോ.” എന്നു പറഞ്ഞു കൊണ്ട് രാഖി മുകളിലേക്ക് കയറി പോയി.

ആ ദിവസം മനീഷയുടെ ഭർത്താവ് രോഹിത് ഫ്ളാറ്റിൽ തങ്ങി. പ്ലമ്പർ എത്തി. മനീഷയുടെ ഫ്ളാറ്റിലെ പൈപ്പിലായിരുന്നു പ്രശ്നം. അയാൾ വളരെ പാടുപെട്ട് അത് ശരിയാക്കി. എന്നാൽ മനീഷയ്ക്ക് രാഖിയോടുള്ള ദേഷ്യവും വെറുപ്പും അതോടു കൂടി വർദ്ധിച്ചു. ശിവാനിയുടെ ഫ്ളാറ്റിന് തൊട്ട് താഴെയുള്ള ഫ്ളാറ്റിൽ താമസിക്കുന്ന രജനിയും ഒട്ടും പിന്നിലല്ലായിരുന്നു. ശിവാനി അവരോട് മൂന്നുപേരോടും ഇടയ്ക്ക് പിണങ്ങുന്നത് പതിവായിരുന്നു. പിന്നെ അതിവേഗം ഇണങ്ങുകയും ചെയ്യും.

പക്ഷേ രാഖിയ്ക്ക് അതിനൊന്നും കഴിയുമായിരുന്നില്ല. അവരോട് കലഹിക്കാനും പിന്നീട് അവരുടെ ഓരോ കുറ്റം പറയാനും മറ്റൊരിക്കൽ അവർക്കൊപ്പമിരുന്ന് ചായ കുടിക്കാനും രാഖിയ്ക്ക് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു.

ഒരു ദിവസം വെയ്സ്റ്റ് എടുക്കാൻ വരുന്നവർ രാഖിയുടെ ഫ്ളാറ്റിന് മുന്നിൽ വച്ചിരുന്ന വെയ്സ്‌റ്റ് കൂട എടുത്തു കൊണ്ടു പോയി രജനിയുടെ ഫ്ളാറ്റിന് മുന്നിൽ കൊണ്ടു വച്ച് മറന്നു. രജനി അത് കണ്ട് ഉച്ചത്തിൽ ബഹളം വയ്ക്കാൻ തുടങ്ങി. “ഏത് ധിക്കാരിയാ ഇത് ചെയ്‌തത്. നാണമില്ലേ…. വിവരമില്ലാത്തവർ.” പുറത്തെ ഒച്ചയും ബഹളവും കേട്ട് രാഖി പുറത്തു വന്നു നോക്കി.

വാതിലിന് മുന്നിൽ വച്ചിരിക്കുന്ന വെയ്സ്റ്റ് കൂട കണ്ട് അത് തങ്ങളുടേതാണെന്ന് രാഖി തിരിച്ചറിഞ്ഞു. പെട്ടെന്ന് അവൾ താഴേക്ക് ഓടിയിറങ്ങി കൂട പൊക്കിയെടുത്തു. “സോറി രജനി, വെയ്സ്റ്റ് എടുക്കുന്നവർ ഇവിടെ മറന്ന് വച്ചതാകും.” പക്ഷേ അതൊന്നും കേട്ടിട്ട് ശാന്തമാകാതെ രജനിയുടെ മുഖം ഒന്നു കൂടി വലിഞ്ഞു മുറുകി. ദേഷ്യമടക്കാനാവാതെ അവൾ ഓരോന്ന് പറഞ്ഞ് രാഖിയെ അപമാനിച്ചു കൊണ്ടിരുന്നു.

അപ്പാർട്ടുമെന്‍റിൽ ആഘോഷിക്കുന്ന ദീപാവലിയും ക്രിസ്മസും ന്യൂ ഇയർ പരിപാടികളൊക്കെ രാഖിയ്ക്ക് വലിയ ഇഷ്‌ടമായിരുന്നു. അതെല്ലാം അവൾ നന്നായി ആസ്വദിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ചെറിയ വേദനകൾ അവളെ ആഴത്തിൽ മുറിപ്പെടുത്താൻ തുടങ്ങി. സുമിത് രാഖിയെ ആവുന്നതും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഫ്ളാറ്റിൽ ജീവിക്കാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ഇവിടെ വന്ന സ്‌ഥിതിയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കണം. ശിവാനിയും ഇവിടെ താമസിക്കുന്നില്ലേ. ഇത്രയും സെൻസിറ്റീവ് ആകേണ്ട യാതൊരു ആവശ്യവുമില്ല. എല്ലാവരും നമ്മളെ പോലെയാകണമെന്ന് കരുതുന്നത് ശരിയല്ലല്ലോ. മാക്സിമം ആരേയും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും നോവിക്കാൻ പോകരുത്. അത്രയേയുള്ളൂ.”

“പക്ഷേ… എന്നാലും സുമിത്. വരുമ്പോഴും പോകുമ്പോഴും അവരുടെ വീർപ്പിച്ച മുഖം കാണുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. കുറച്ച് ദിവസമാണെങ്കിൽ കുഴപ്പമില്ല. എന്തെങ്കിലും കുഞ്ഞ് കാര്യത്തിനും മൂന്നുപേരും വഴക്കടിക്കും. പിന്നെ മിണ്ടുകയേയില്ല. ഫ്ളാറ്റായതു കൊണ്ട് ആരോടും മിണ്ടാതിരിക്കാനും ആവില്ലല്ലോ.”

ഇങ്ങനെയുള്ള ചെറിയ സുഖദുഃഖങ്ങളിലൂടെ ജീവിതം കടന്നു പോയി കൊണ്ടിരുന്നു. അങ്ങനെ ഒരു വർഷം കടന്നു പോയി. സുമിതിന് പ്രൊമോഷൻ കിട്ടിയ സന്തോഷത്തിൽ 16 കുടുംബത്തിൽ നിന്നും 16 സ്ത്രീകളെ രാഖി ടീ പാർട്ടിയ്ക്കായി ക്ഷണിച്ചു. മനീഷയും രജനിയും സജ്ഞനയുമൊഴിച്ച് ബാക്കിയെല്ലാവരും ടീ പാർട്ടിയ്ക്കായി എത്തി. വന്നവർ അവർ വരാത്തതിന്‍റെ കാരണമാരാഞ്ഞതു കൊണ്ട് രാഖി മടിച്ചാണെങ്കിലും അവർക്കിടയിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി പറഞ്ഞു.

ശിവാനിയ്ക്ക് അവരുടെ ഇണക്കവും പിണക്കവുമൊന്നും പ്രശ്നമല്ലായിരുന്നു. നല്ല ഇണക്കത്തിലാണെങ്കിൽ ശിവാനി അവരോട് നന്നായി സംസാരിക്കും. എന്നാൽ പിണങ്ങിയിരിക്കുകയാണെങ്കിൽ അവരെ നോക്കാതെ കടന്നു പോകും. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു അവൾക്ക്. രജനിയുടെ വീട്ടിൽ ഗസ്റ്റ് ഉണ്ടെന്ന് തോന്നുന്നു. ഒച്ചയും ബഹളവുമൊക്കെ കേൾക്കുന്നുണ്ടല്ലോ.” ഒരു ദിവസം ചായ കുടിച്ചു കൊണ്ടിരിക്കെ രാഖി സുമിതിനോട് പറഞ്ഞു. തൊട്ടടുത്ത നിമിഷം ഡോർബെൽ 3-4 പ്രാവശ്യം മുഴങ്ങി.

“ആരാ ഇത്രയും രാവിലെ…” എന്നു പിറുപിറുത്തു കൊണ്ട് ഇരുവരും കൂടി വാതിലിന് നേരെ നടന്നു.

പുറത്ത് രജനിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു.

“മാഡം, വേഗം താഴെയൊന്ന് വരാമോ.. അവിടുത്തെ ചേച്ചിയുടെ അമ്മായിയച്‌ഛൻ മരിച്ചു പോയി.

“ങ്ഹേ…? അമ്മായിയച്ഛൻ വന്നിരുന്നോ?”

“അതെ, വേഗം വരൂ. രാത്രിയിൽ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം വന്നു. സാറ് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും മരിച്ചു പോയി. സാറ് ഇപ്പോഴും ആശുപത്രിയിലാ. സുമിതും രാഖിയും തിടുക്കപ്പെട്ട് കോണിപ്പടികൾ ഇറങ്ങി രജനിയുടെ ഫ്ളാറ്റിൽ ചെന്നു. അകത്ത് അമ്മായിയമ്മയും മരുമകളും ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു. രാഖി അവരുടെ അടുത്ത് ചെന്ന് ഇരുവരെയും ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞ് ആശുപത്രിയിൽ നിന്നും മൃത ശരീരം കൊണ്ടു വന്നു. ഫ്ളാറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് നിറഞ്ഞു. രാഖി രജനിയുടെ രണ്ട് കുട്ടികളുടെയും ചുമതല സ്നേഹപൂർവ്വം ഏറ്റെടുത്തു. അവർ കുട്ടികളെ സ്വന്തം ഫ്ളാറ്റിലേക്ക് കൂട്ടി കൊണ്ടു വന്നു. അവർക്ക് പറ്റാവുന്ന എല്ലാ സഹായങ്ങളും രജനിയ്ക്കും കുടുംബത്തിനായും 16 ദിവസം ചെയ്‌തു കൊടുത്തു. ഏറെ സങ്കീർണ്ണമായ ഘട്ടത്തിൽ രാഖിയും സുമിത്തും ചെയ്‌ത സഹായ സഹകരണങ്ങൾ രജനിയുടെ മനസ്സിനെ സ്പർശിച്ചു. അതിനു ശേഷം അവൾ മനീഷയേയും സജ്ഞനയേയും വകവയ്ക്കാതെ രാഖിയുമായി നല്ല സൗഹൃദത്തിലായി.

സജ്ഞനയുടെ മകൻ മോഹിതും മനീഷയുടെ മകൾ ഖുശിയും ഒരേ സ്ക്കൂളിലാണ് പഠിച്ചിരുന്നത്. അവർ ഒരേ ഓട്ടോറിക്ഷയിലാണ് സ്ക്കൂളിലേക്ക് പോയി വന്നിരുന്നത്. ഒരു ദിവസം സുമിതിന് അവധിയായിരുന്നതിനാൽ രാഖിയും സുമിതും സാധനങ്ങൾ വാങ്ങി മാർക്കറ്റിൽ നിന്നും മടങ്ങവെ റോഡിൽ ആൾ ക്കൂട്ടം കണ്ട് കാർ നിർത്തിയ ശേഷം ഒരു വഴിപോക്കനോട് കാര്യമന്വേഷിച്ചു.

“ഒരു ആക്സിഡൻറാ, ഓട്ടോറിക്ഷയെ കാറിടിച്ചു. റിക്ഷയിൽ 2 കുട്ടികളുണ്ടായിരുന്നു.”

“അയ്യോ… കുട്ടികൾക്ക് കുഴപ്പമെന്തെങ്കിലും”

“പരിക്ക് പറ്റിയിട്ടുണ്ട്.”

സുമിത് വേഗം തന്നെ കാറിൽ നിന്നിറങ്ങി ആക്സിഡന്‍റ് നടന്ന സ്ഥലത്തേക്ക് നടന്നു. പരിക്കേറ്റ് മോഹിതും ഖുശിയും റോഡിലിരുന്ന് കരയുകയായിരുന്നു. റിക്ഷാ ഡ്രൈവറും കാറുകാരനും തമ്മിൽ പൊരിഞ്ഞ തർക്കം!

“നിങ്ങൾ ഇവിടെ കലഹിക്കുകയാണോ കുട്ടികൾക്ക് പരിക്ക് പറ്റിയിരിക്കുന്നത് കണ്ടില്ലേ. നിങ്ങളത് കാണുന്നില്ലേ, ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കണം.” സുമിത് ഓട്ടോറിക്ഷക്കാരനോട് കയർത്തു.

ഓട്ടോ ഡ്രൈവർക്ക് സുമിതിനെ നല്ല പരിചയമുണ്ടായിരുന്നു.

“സാറേ, ഇത് കണ്ടില്ലേ… എന്‍റെ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിരിക്കുന്നു. അതിന്‍റെ നഷ്ടപരിഹാരം വാങ്ങാതെ ഞാൻ പോകില്ല.”

“കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാലും അല്ലേ” സുമിത് അരിശത്തോടെ അയാളോട് കയർത്തു.

“ഞാൻ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാ,” എന്നു പറഞ്ഞു കൊണ്ട് സുമിത് ഇരുവരേയും കാറിനടുത്തേക്ക് കൊണ്ടു വന്നു. ഇത് കണ്ട് രാഖി കാറിൽ നിന്നും ചാടിയിറങ്ങി.

“എന്തു പറ്റി ഇവർക്ക്?”

“കണ്ടില്ലേ… ആ ഓട്ടോക്കാരൻ അവിടെ തർക്കിച്ച് നിൽക്കുവാ നമുക്കിവരെ ആശുപത്രിയിൽ എത്തിക്കാം. നീ ഉടനെ തന്നെ മനീഷയേയും സജ്ഞനയേയും ഫോൺ ചെയ്‌ത വിവരമറിയിക്ക്. ആശുപത്രിയിൽ വരാൻ പറ.” അവർ ഇരുവരും ചേർന്ന് കുട്ടികളെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

അവരുടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മോഹിതിന്‍റെ തലയിൽ സ്റ്റിച്ചും ഖുശിയുടെ കയ്യിൽ പ്ലാസ്റ്ററും ഇട്ടു കഴിഞ്ഞിരുന്നു. അവർ കൃതജ്ഞതയോടെയും ലജ്ജയോടെയും സുമിതിനെയും രാഖിയേയും നോക്കി.

“നിന്‍റെ കൂട്ടുകാരികൾ തൽക്കാലം ഇക്കാര്യത്തെ ചൊല്ലി വഴക്കടിക്കുകയില്ലെന്ന് തോന്നുന്നു.” സുമിത് ചെറുചിരിയോടെ രാഖിയോട് പറഞ്ഞു.

“ങ്ഹാ കുറച്ച് ദിവസം നല്ല സ്നേഹവും സഹകരണവുമൊക്കെയായിരിക്കും. കുട്ടികളുടെ മുറിവ് ഉണങ്ങും വരെ.”

“ങ്ഹാ അത് ശരിയാ. കുറച്ച് ദിവസം ടെൻഷനൊന്നും ഇല്ല.” രാഖി പൊട്ടിച്ചിരിച്ചു. ഇപ്പോൾ എല്ലാ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്. ശിവാനിയും സജ്ഞനയും മനീഷയും നടക്കാൻ പോകുമ്പോഴൊക്കെ രാഖിയോട് സന്തോഷപൂർവ്വം സംസാരിക്കാറുണ്ട്. തമാശകൾ കൈമാറാറുണ്ട്. എല്ലാം സ്വസ്ഥമായി പോകുന്നു.

അങ്ങനെ 2 മാസം കടന്നു പോയി. ഒരു ദിവസം പതിവുപോലെ രാഖി പാൽക്കാരനിൽ നിന്നും പാൽ വാങ്ങാനായി വാതിൽ തുറന്നപ്പോൾ അപ്രതീക്ഷിതമായി നായ കാഷ്ഠിച്ചിരിക്കുന്നത് കണ്ടു. വീണ്ടും അറപ്പുളവാക്കുന്ന കാഴ്ച! രാഖിയ്ക്ക് പെട്ടെന്ന് അരിശം കയറി. ഇനി എന്തെങ്കിലും പറഞ്ഞാൽ മനീഷയ്ക്ക് പഴയതു പോലെ ദേഷ്യമാകും. ഇനി പറഞ്ഞില്ലെങ്കിലോ ദിവസവും നായയുടെ വിസർജ്ജ്യം വൃത്തിയാക്കേണ്ടി വരും. പിറ്റേന്ന് കുറച്ച് നേരത്തെ എഴുന്നേറ്റ് രാഖി വാതിൽ തുറന്നിട്ട് വാതിലിന് അടുത്തായി ഇരുന്നു. നായ വരികയാണെങ്കിൽ അതിനെ നേരിട്ട് കാണാമല്ലോ. അല്പ സമയം കഴിഞ്ഞില്ല പ്രശ്നക്കാരനായ വില്ലൻ സാക്ഷാൽ മനീഷയുടെ നായ അവിടെ പ്രത്യക്ഷപ്പെട്ടു. നായ അവിടെ വന്ന് നിന്നില്ല അതിനു മുമ്പേ രാഖി ഒച്ചവച്ചും ചീത്ത വിളിച്ചും അതിനെ ഓടിച്ചു വിട്ടു.

അപ്പോഴേക്കും പാൽക്കാരനും എത്തി. രാഖി പാൽക്കാരനിൽ നിന്നും പാൽ വാങ്ങിച്ച ശേഷം അയാളെ പ്രത്യേകം ഓർമ്മപ്പെടുത്തി.

“സഹോദരാ, താഴത്തെ ഫ്ളോറിലെ മനീഷയോട് പറഞ്ഞേക്കൂ നായ വീണ്ടും ഇവിടെ വന്ന് കാഷ്ഠിക്കാൻ തുടങ്ങിയെന്ന്.” പിറ്റേദിവസം രാഖി താഴെ ലോണിൽ നടക്കാൻ ചെന്നപ്പോൾ മനീഷ പഴയതു പോലെ മുഖം വീർപ്പിച്ചു കൊണ്ട് കടന്നു പോയി.

“ഇനി സജ്ഞനയും രജനിയും ഇത് തന്നെ ചെയ്യും. എന്നോർത്തു കൊണ്ട് രാഖി നടപ്പ് തുടർന്നു. അവൾ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ഇനി ആരേയും വകവയ്ക്കാതെ തന്‍റേതായ വഴിയിലൂടെ സഞ്ചരിക്കും.

“സുമിത് നിങ്ങൾ പറഞ്ഞതാണ് ശരി. എനിക്കും ഇവിടുത്തെ താമസം ഇഷ്‌ടമല്ലാതായിരിക്കുന്നു. നമുക്ക് ഈ ഫ്ളാറ്റ് വിറ്റിട്ട് എവിടെയെങ്കിലും ഒരു നല്ല വീട് വാങ്ങാം.” രാത്രിയായപ്പോൾ രാഖി സുമിതിനോട് പറഞ്ഞു.

സുമിത് അൽപനേരം രാഖിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. “ശരിയാണ്, നാളെ തന്നെ ഏതെങ്കിലും പ്രോപ്പർട്ടി ഡീലറെ കണ്ട് കാര്യം പറയാം.”

സുമിതിന് ഏറെ കാലമായി കിഡ്നി സ്റ്റോണിന്‍റെ അസുഖമുള്ളതിനാൽ ദീർഘകാലമായി മരുന്ന് കഴിക്കുന്നു. ഡോക്ടർ ഏറെ നാൾ മുമ്പ് ഓപ്പറേഷന് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. പല തിരക്കുകൾ കാരണം ഓപ്പറേഷൻ നീണ്ടു പോയി. എന്നാൽ വേദന കടുത്തതോടെ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഒടുവിൽ ഓപ്പറേഷൻ ചെയ്യേണ്ട ദിവസം അടുത്തു. സുമിത് ഓഫീസിൽ നിന്നും നീണ്ട അവധിയെടുത്തു.

അവരുടെ കുട്ടികൾ അത്ര ചെറുതല്ലായിരുന്നുവെങ്കിലും അവരുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാവശ്യമായിരുന്നു. സുമിതിന്‍റെ ഓപ്പറേഷൻ വിവിരം രാഖി ശിവാനിയോട് മാത്രം പറഞ്ഞു. എന്നാൽ ആ വാർത്ത ശിവാനിയിൽ നിന്നും അനാമിക അപ്പാർട്ടുമെന്‍റ് മുഴുവനും വ്യാപിച്ചു.

സുമിത് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ അഡ്മിറ്റായി. അനാമിക അപ്പാർട്ടുമെന്‍റിലെ മുഴുവനാളുകളും സ്വന്തം സമയം ക്രമീകരിച്ച് ആശുപത്രിയിൽ സുമിതിന് കൂട്ടിരുന്നു. സുമിതിന്‍റെ ഓപ്പറേഷൻ വിജയകരമായി നടന്നു. ആശുപത്രി വാസത്തിലായിരുന്ന സുമിതിനും രാഖിയ്ക്കുള്ള ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്നും കുട്ടികൾ എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ആരാണ് അവർക്ക് ടിഫിനൊരുക്കി സ്ക്കൂളിലേക്ക് അയക്കുന്നതെന്നും ജോലിക്കാരിയെ കൊണ്ട് ഫ്ളാറ്റിലെ ജോലിയെടുപ്പിക്കുന്നതാരാണെന്നൊന്നും ആലോചിക്കാനുള്ള സമയമൊന്നും രാഖിക്കുണ്ടായിരുന്നില്ല. പക്ഷേ എല്ലാ ജോലിയും പതിവ് തെറ്റാതെ തുടർന്നു. ശിവാനിക്കൊപ്പം രജനിയും സജ്ഞനയും മനീഷയും മുന്നിട്ടിറങ്ങി എല്ലാം ചെയ്‌തു കൊണ്ടിരുന്നു. ആർക്കും അക്കാര്യത്തിൽ നീരസവും മടുപ്പും ഉള്ളതായി തോന്നിയതേയില്ല.

ആശുപത്രി വാസം കഴിഞ്ഞ് സുമിത് വീട്ടിലെത്തി. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും സുമിത് ഓഫീസിൽ പോയി തുടങ്ങി. എന്നാൽ ഇതിനിടെ എപ്പോഴോ രാഖിയുടെ ചിന്ത മാറി കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും താൻ എങ്ങോട്ടേക്കും പോകുന്നില്ല. അനാമിക അപ്പാർട്ടുമെന്‍റിൽ എല്ലാവർക്കും ഒപ്പമുള്ള താമസം ചെറിയ സുഖ ദുഃഖങ്ങൾ നിറഞ്ഞതാണ്. ഒരു കുടുംബമായാൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുകയില്ലേ രാഖി ഓർത്തു. എവിടെ പോയി താമസിച്ചാലും മനസ്സിന് വേദനയുണ്ടാക്കുന്ന എന്തെങ്കിലുമൊരു കാര്യം ഉറപ്പായും ഉണ്ടാകും. പുതിയ തീരുമാനത്തിൽ നിന്നും സുമിതിനെ പിന്തിരിപ്പിക്കാൻ തീരുമാനമെടുത്തു. ശിവാനിയുടെ നയമാണ് ശരി. എല്ലാവർക്കുമൊപ്പമായും എന്നാൽ നിശ്ചിത അകലത്തിലും കഴിയണം. ഈ പുതിയ വഴിയിലൂടെ രാഖി സഞ്ചരിച്ചു തുടങ്ങി.

और कहानियां पढ़ने के लिए क्लिक करें...