എപ്പോഴത്തെയും പോലെ ഇന്നു വൈകുന്നേരവും ഫാൻസി നമ്പറുള്ള മേഴ്സിഡസ് കാർ ലഖ്നൗവിലെ ഏറ്റവും മുന്തിയ സ്റ്റാർ ഹോട്ടലിനു മുമ്പിൽ വന്നു നിർത്തി. ഹേമന്ദ് കാറിൽ നിന്നിറങ്ങി ഹോട്ടലിലലെ ഫുഡ് കോർട്ടിലേയ്ക്ക് കയറി. ഫ്രണ്ട് ഓഫീസിലുള്ളവർ അയാളെ ബഹുമാനത്തോടെ വണങ്ങി. അയാൾ പുഞ്ചിരിച്ചു.
ഹേമന്ദ് ചുറ്റിലും നോക്കി. ആളൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. അയാളുടെ തൊട്ട് മുന്നിലെ സീറ്റിൽ ഒരു സുന്ദരി ഇരിപ്പുണ്ടായിരുന്നു. അവൾ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ഹേമന്ദ് ഒളികണ്ണിട്ടു നോക്കി. വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കുന്ന കരിഷ്മ അവൾക്ക് ഉണ്ടായിരുന്നു. അയാൾ അവളുടെ അരികിൽ ചെന്ന് ഒരു കസേര വലിച്ചിട്ട് ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു.
“ഇരുന്നോളൂ” അവൾ പുഞ്ചിരിച്ചു. എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ് തന്നെ ഹേമന്ദ് ഡ്രിങ്ക് ഓഫർ ചെയ്‌തു.
“നോ, സ്ട്രിക്റ്റിലി നോ. ഐ ഡോണ്ട് ടേക്ക് വൈൻ” അവൾ വിദേശ ഉച്ചാരണത്തോടെ പറഞ്ഞു.
ഇവർ വിദേശത്ത് സെറ്റിൽഡ് ആണെന്ന് ഹേമന്ദിന് മനസ്സിലായി.
നാടും പേരും ചോദിക്കുന്നതിനു മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി. “ഞാൻ കാനഡയിലാണ് താമസിക്കുന്നത്. അവിടെ എല്ലായ്പ്പോഴും വൈൻ ഓഫർ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. പക്ഷേ ഞാൻ മദ്യപിക്കാറില്ല. ആൽക്കഹോൾ വിരോധിയാണ്.”
“നിങ്ങളുടെ പേര്?” ഹേമന്ദ് ചോദിച്ചു.
“പേരറിഞ്ഞിട്ട് എന്തു ചെയ്യാനാണ്? ഞാൻ ഏതാനും മാസം ഇന്ത്യയിൽ കഴിയാൻ വന്നതാണ്. കുറച്ചു ദിവസങ്ങൾക്കകം മടങ്ങിപ്പോവും. എല്ലാ വൈകുന്നേരവും ഒന്നു റിലാക്‌സ് ചെയ്യാനായി ഇവിടെ വരാറുണ്ട്. ഇത്രയും വിവരങ്ങൾ അറിഞ്ഞാൽ മതിയോ?” അവൾ വാച്ച് നോക്കിയ ശേഷം പോകാനായി എഴുന്നേറ്റു.
“പ്ലീസ്, കുറച്ചു നേരം കൂടി ഇരിക്കൂ. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങൾ എന്നെ വല്ലാതെ ഇംപ്രസ് ചെയ്‌തു” ഹേമന്ദ് പറഞ്ഞു.
മോഡേൺ സ്റ്റൈലിൽ സാരിയണിഞ്ഞ അവൾ ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ ഇരുന്നു.
“പ്രിയ എന്നാണ് എന്‍റെ പേര്. എൻആർഐ ആണ്. ഇന്ത്യയിൽ ഗസ്റ്റ് ആയി വന്നതാണ്. ചുറ്റി കറങ്ങാനായി. ഇവിടെ എന്‍റെ മുത്തച്ഛൻ ഉണ്ട്. അദ്ദേഹത്തെ കാണാനായി വന്നതാണ്. എന്‍റെ രക്ഷിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കാനഡയിലേയ്‌ക്ക് കുടിയേറിയതാണ്. അവരവിടെ സർക്കാർ സ്ക്കൂളിൽ ടീച്ചർമാരാണ്.”
ഇത്രയും പറഞ്ഞ് കൊണ്ട് അവൾ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഹേമന്ദ് പറഞ്ഞു. “ആയിക്കൊട്ടെ ഞാൻ നിങ്ങളെ മുത്തച്ഛന്‍റെ വീട്ടിൽ കൊണ്ട് വിടാം. എന്നെ വിശ്വസിക്കാം. പ്രയാസമാണെങ്കിൽ മുത്തച്ഛന്‍റെ അനുവാദം വാങ്ങിക്കോളൂ. സൂപ്പർ ഇൻഡസ്ട്രീസിന്‍റെ മുതലാളിയുടെ വണ്ടിയിലാണ് വീട്ടിലേയ്‌ക്ക് വരുന്നതെന്ന് മുത്തച്ഛനോട് പറഞ്ഞോളൂ. ലഖ്നൗവിൽ സൂപ്പർ ഇൻഡസ്ട്രീസ് അറിയാത്തവരായി ആരും ഉണ്ടാവില്ല.”
പ്രിയ അയാളോട് വിസിറ്റിംഗ് കാർഡ് ചോദിച്ചു. അതു വാങ്ങി നോക്കി പേഴ്സിൽ വച്ച ശേഷം ഒന്നിച്ചു പോകാൻ സമ്മതിച്ചു. വണ്ടിയിൽ കയറി ഇരുന്നതും ഹേമന്ദ് ഉത്സാഹഭരിതനായി കാണപ്പെട്ടു. ഒരു അപരിചിതയോട് ഹേമന്ദ് തന്‍റെ സ്വന്തമെന്ന പോലെ ഇടപെടുന്നതെന്തെന്ന് മനസ്സിലായില്ല. പ്രിയയുടെ വ്യക്‌തിത്വത്തിൽ അത്രയ്ക്കും ഹേമന്ദ് ആകൃഷ്ടനായിപ്പോയിരുന്നു.
വണ്ടിയിൽ ഇരിക്കുമ്പോൾ ഹേമന്ദ് കുടുംബ കാര്യങ്ങൾ ചോദിക്കുന്നത് നിർത്തി തന്‍റെ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. വണ്ടി മുന്നോട്ട് നീങ്ങി എവിടേക്കാണ് പോവേണ്ടതെന്ന് ഹേമന്ദ് ചോദിച്ചു.
“ഏതാണ് റൂട്ട്?”
ഹേമന്ദ് ചോദിച്ചു.
“അമിനാബാദ്” പ്രിയ ഉടനെ പറഞ്ഞു.
“നിങ്ങളുടെ മുത്തച്ഛൻ എന്താണ് ചെയ്യുന്നത്?” ഹേമന്ദ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
തന്‍റെ മുത്തച്ഛൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിൽ ആണ് ജോലി ചെയ്യുന്നത്. അമിനാബാദിൽ ആണ് മുത്തച്ഛന്‍റെ ഫ്ളാറ്റ്.
“വണ്ടി നിർത്താമോ, എന്‍റെ വീട് ഇവിടെ അടുത്ത് തന്നെയാണ്” പ്രിയ പറഞ്ഞു.
“ആയിക്കോട്ടെ ഞാൻ വീട്ടിൽ വിട്ടു തരാം” ഹേമന്ദ് ഉത്സാഹത്തോടെ പറഞ്ഞു.
“അയ്യോ… വേണ്ട വേണ്ട. ഞാൻ തനിയേ പോയി കൊള്ളാം” പ്രിയ പറഞ്ഞു.
വീണ്ടും കാണാം എന്നൊന്നും ഇരുവരും പറഞ്ഞില്ല. പ്രിയ വണ്ടിയിൽ നിന്നിറങ്ങി വേഗം റോഡ് ക്രോസ് ചെയ്തു. ഹേമന്ദ് തന്‍റെ വീട്ടിലേയ്‌ക്ക് കാർ ഓടിച്ചു പോയി. അയാളുടെ മനസ്സ് മുഴുവൻ അവളായിരുന്നു. ഗേറ്റിൽ പാറാവു നിൽക്കുന്ന വൃദ്ധൻ ഹേമന്ദിനെ കണ്ട് ചോദിച്ചു. “അല്ല സാർ ഇന്ന് വളരെ നേരത്തെയാണല്ലോ.”
ഹേമന്ദ് മറുപടിയൊന്നും പറയാതെ കാർ പോർച്ചിലേയ്‌ക്ക് കയറ്റി. അമ്മ മുറിയിലായിരുന്നു. ഏക സഹോദരി മകനെ പഠിപ്പിച്ചു കൊണ്ട് ഡ്രോയിംഗ് റൂമിലായിരുന്നു.
“ബിനി എന്താ ചെയ്യുന്നേ?” ഹേമന്ദ് ചോദിച്ചു.
ബിനി പക്ഷേ മറ്റൊരു ചോദ്യമാണ് ഉന്നയിച്ചത്” അല്ല ചേട്ടൻ ഇന്ന് നേരത്തെ പോന്നോ? എങ്കിൽ നമുക്ക് പോയി എനിക്കുള്ള ബർത്ത് ഡേ ഗിഫ്‌റ്റ് വാങ്ങി വരാം.”
ചിരിച്ചു കൊണ്ട് വീട്ടു ജോലിക്കാരി ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസുമായി വന്നു. ഹേമന്ദ് ജ്യൂസ് കുടിക്കുന്നതിനിടയിൽ പത്രം ഒന്ന് ഓടിച്ചു നോക്കി. ബിനിയോട് പറഞ്ഞു“ എങ്കിൽ വേഗം റെഡിയായിക്കോളൂ. നിന്‍റെ സെറ്റ് വാങ്ങാം.”
അവർ ഡയമണ്ട് സെറ്റ് വാങ്ങി മടങ്ങുമ്പോൾ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു. “അല്ല ചേട്ടാ… ഒരു സെറ്റ് ഞാൻ എന്‍റെ ഇഷ്‌ടത്തിനുള്ളത് എടുത്തു. പക്ഷേ മറ്റൊരു സെറ്റ് ചേട്ടന്‍റെ ഇഷ്‌ടത്തിനുള്ളത് എടുത്തിരിക്കുന്നു. എന്താ കാര്യം ഹെ ഹെ?”
ഇത് കേട്ട് ഹേമന്ദ് ഹൃദയം തുറന്ന് ചിരിച്ചു. അയാൾക്ക് അതിന് കൃത്യമായി ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല. വീട്ടുകാർ 2 വർഷമായി കാത്തിരിക്കുന്ന സംഗതി ഉടനെ സംഭവിക്കുമെന്ന് ബിനിക്ക് തോന്നി. ഒരുപാട് വിവാഹലോചനകൾ വേണ്ടെന്ന് പറഞ്ഞ ആൾ ഇപ്പോൾ 18 ലക്ഷം രൂപയുടെ ഡയമണ്ട് സെറ്റ് എന്തിനാണ് വാങ്ങിയത്? തീർച്ചയായും വരാനിരിക്കുന്ന നാത്തൂന് വേണ്ടിയാവും…
വീട്ടിലെത്തിയതും ബിനി ഈ രഹസ്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും വലിയ സന്തോഷമായി. വീട്ടുജോലിക്കാരി സന്തോഷം അടക്കാനാവാതെ അന്ന് സ്പെഷ്യൽ ഭക്ഷണം തന്നെ ഒരുക്കി. ഭക്ഷണ ശേഷം ഒരുപാട് നേരം എല്ലാവരും സംസാരിച്ചിരുന്നു. പിന്നെ ഹേമന്ദിന് ഉറക്കം വന്നപ്പോഴാണ് എല്ലാവരും ഉറങ്ങാനായി പോയത്.
നേരം വെളുത്തപ്പോൾ ഒരു മൂളിപ്പാട്ട് പാടികൊണ്ടാണ് ഹേമന്ദിന്‍റെ അച്‌ഛൻ ബെഡ് കോഫി നുണഞ്ഞത്. പകൽ മുഴുവൻ ബിനിയും അമ്മയും കല്യാണത്തിന്‍റെ ഒരുക്കത്തിനെപ്പറ്റി സംസാരിച്ചു. അവൾ ക്ഷണിക്കേണ്ട അതിഥികളുടെ ലിസ്റ്റ് വരെ തയ്യാറാക്കി കളഞ്ഞു.
വീണ്ടും വൈകുന്നേരമായി. അതേ സായാഹ്നം. അതേ റെസ്റ്റോറന്‍റ് പക്ഷേ ഒരുപാട് കാത്തിരിന്നിട്ടും പ്രിയ അവിടെ എത്തിയില്ല. വളരെ നിരാശ നായാണ് ഹേമന്ദ് അന്ന് രാത്രി വീട്ടിലെത്തിയത്.
അടുത്ത ദിവസം വൈകുന്നേരം ഏറെ വൈകിയാണ് പ്രിയ റസ്റ്റോറന്‍റിൽ എത്തിയത്. അവളെ കണ്ടതും ഹേമന്ദ് ഓടി അടുത്ത് ചെന്നു. എന്നിട്ട് ഹൃദയമിടിപ്പോടെ ചോദിച്ചു“ ഇന്നലെ എന്താണ് വരാതിരുന്നത്?”
“ഞാൻ വരാഞ്ഞതിൽ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും നേരിട്ടോ?” പ്രിയ ഇഷ്‌ടത്തോടെയല്ല സംസാരിച്ചത്.
ഹേമന്ദ് തന്‍റെ മനസ്സിലുള്ളത് അവളോട് തുറന്ന് പറഞ്ഞു.
“നിന്നെപ്പോലുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത്. എന്‍റെ ലൈഫ് സ്റ്റൈലുമായി മാച്ച് ചെയ്യുന്നത്. എന്‍റെ അമ്മയ്ക്കും അനിയത്തിക്കും നിറയെ സ്നേഹം കൊടുക്കുന്ന ഒരാളെ. ഇന്ത്യൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരാൾക്കേ അതിനു കഴിയൂ. സത്യം പറയാല്ലോ. നിന്‍റെ വിവാഹം നടന്നിട്ടില്ലായെങ്കിൽ നിന്നെ വിവാഹം കഴിക്കാൻ ഞാനാഗ്രഹിക്കുന്നു.”
പ്രിയ ഹേമന്ദിനെ തന്നെ തുറിച്ചു നോക്കിയിരുന്നു. “എന്നെപറ്റി നന്നായി അന്വേഷിക്കുക പോലും ചെയ്യാതെ എന്തിനാണിങ്ങനെയൊരു തീരുമാനം എടുക്കുന്നത്? നിങ്ങൾക്ക് എന്‍റെ പേരല്ലാതെ മറ്റൊന്നും അറിയില്ല. നിങ്ങളെപറ്റിയും എനിക്കൊന്നും അറിയില്ല. എനിക്കെന്‍റെ രക്ഷിതാക്കളോടും സംസാരിക്കണം. നിങ്ങൾ നിങ്ങളുടെ വീട്ടുകാരെപ്പറ്റി ചിന്തിക്കുന്നതുപോലെ എനിക്കും ചില സ്വപ്നങ്ങൾ ഉണ്ട്. വീട്ടുകാരുടെ ഇഷ്‌ടത്തിനെതിരായി ഞാനൊന്നും ചെയ്യില്ല. വിവാഹശേഷം ജീവിതം ഇതുപോലെ സ്മൂത്ത് ആകുമെന്ന് ആർക്കറിയാം?” പ്രിയ പറഞ്ഞു. ആവേശത്തിലായിരുന്നു ഹേമന്ദ്.
“വരൂ നമുക്ക് എന്‍റെ വീട്ടിൽ പോകാം. അവിടെ ഇരുന്ന് ഒരു തീരുമാനത്തിൽ എത്താം.”
ഹേമന്ദിന്‍റെ കൂടെ വീട്ടിൽ പോകാൻ പ്രിയ കൂട്ടാക്കിയില്ല. മുത്തച്ഛനൊപ്പം മാത്രമേ വീട്ടിൽ വരൂ എന്ന നിലപാടിലായിരുന്നു പ്രിയ. കാറിൽ കയറി ഇരുന്നപ്പോൾ നാളെ മുത്തച്ഛനുമായി വരാമെന്ന് അവൾ ഹേമന്ദിന് വാക്ക് കൊടുത്തു, എന്നിട്ട് പതിവായിറങ്ങുന്ന സ്‌ഥലത്ത് കാറിറങ്ങി.
അടുത്ത ദിവസം അതേ റസ്റ്റോറന്‍റിൽ. സൂര്യാസ്തമയം മനോഹരമായിരുന്നു. പ്രിയയും അതിസുന്ദരിയായി കാണപ്പെട്ടു. പതിവിലധികം അണിഞ്ഞൊരുങ്ങിയപോലെ. അവളുടെ കൂടെ 20-22 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ചോദിച്ചപ്പോൾ തന്‍റെ കസിൻ ആണെന്നാണ് പ്രിയ പറഞ്ഞത്. മുത്തച്ഛന് ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോകേണ്ടി വന്നുവത്രേ. ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ. അതാണ് കസിനെയും കൂട്ടി വന്നത്.
ഹേമന്ദ് മിണ്ടാതെയിരുന്നു. പക്ഷേ പ്രിയ ഹേമന്ദിന്‍റെ അസ്‌ഥിയിൽ പിടിച്ചിരുന്നു. അവളുടെ വിചാരമേയുള്ളൂ അയാൾക്ക്, ഏതുനേരവും. ഇനി ഒരടി പിന്നോട്ട് മാറാൻ അയാൾക്കാവില്ലായിരുന്നു. അവരെയും കൊണ്ട് വീട്ടിൽ പോകാൻ അയാൾ തീരുമാനിച്ചു.
പ്രിയയെയും കസിനെയും കൊണ്ട് ഹേമന്ദിന്‍റെ വീട്ടിലെത്തി. ബിനിയും അമ്മയും ഗേറ്റിനരികിൽ വന്ന് അവരെ സ്വാഗതം ചെയ്തു. ബിനി പ്രിയയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കൂട്ടി കൊണ്ടുപ്പോയി.
ഐശ്വര്യമുള്ള എന്നാൽ സ്മാർട്ടായി തോന്നിക്കുന്ന പെൺകുട്ടിയെ കണ്ട് എല്ലാവർക്കും വലിയ ഇഷ്‌ടമായി. പക്ഷേ ഹേമന്ദിന്‍റെ അച്ഛൻ ഉടനെ ഒരു തീരുമാനമെടുക്കാൻ തയ്യാറല്ലായിരുന്നു. പക്ഷേ ഹേമന്ദിന്‍റെയും ബിനിയുടെയും അമ്മയുടെയും ഇഷ്‌ടത്തിനെതിരായി അച്‌ഛന് ഒന്നും ചെയ്യാനായി കഴിയുമായിരുന്നില്ല.
നല്ല മരുമകളെ കിട്ടുന്ന സന്തോഷത്തിൽ മറ്റൊന്നും ആലോചിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അത്രയും ഉത്സാഹത്തിലായിരുന്നു അവർ. ഹേമന്ദ് വാങ്ങി കൊണ്ടു വന്ന 18 ലക്ഷത്തിന്‍റെ ഡയമണ്ട് സെറ്റ് അമ്മ പ്രിയക്ക് എടുത്ത് അണിയിച്ചു കൊടുത്തു.
വിവാഹ നിശ്ചയത്തെ പറ്റിയുള്ള ചർച്ച വന്നപ്പോൾ പ്രിയ പറഞ്ഞു. “എന്‍റെ രക്ഷിതാക്കൾ അടുത്ത മാസം വരും. ആ സമയത്ത് നടത്താം. അപ്പഴേ അവർക്ക് ഇന്ത്യയിലെത്താൻ കഴിയൂ. ഞാൻ അമ്മയുമായി സംസാരിച്ചിരുന്നു. എന്‍റെ ഇഷ്‌ടമാണ് അവരുടെയും ഇഷ്‌ടം.”
ഹേമന്ദിന് ഒരു ബിസിനസ്സ് ട്രിപ്പിനായി വിദേശത്ത് പോകേണ്ടതുണ്ടായിരുന്നു. തന്‍റെ സ്വപ്നം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകണമെന്ന് ഹേമന്ദ് ആഗ്രഹിച്ചു.
വിവാഹ നിശ്ചയം ഉടനെ വേണമെന്നായിരുന്നു ഹേമന്ദിന്. അതിനാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിച്ചു. ഒരുക്കങ്ങൾ എല്ലാം ഹേമന്ദ് തന്നെ ചെയ്‌തു. പ്രിയയുടെ ഭാഗത്ത് നിന്ന് ആർക്കും തന്നെ പങ്കെടുക്കാനായില്ലെന്ന് അറിയാവുന്നത് കൊണ്ട് മറ്റൊരു ചടങ്ങ് പിന്നീട് നടത്താമെന്നും ഉറപ്പിച്ചു.
ഫൈവ് സ്റ്റാർ ഹോട്ടലിലെ ബൊക്കറ്റ് ഹാളിൽ ഹേമന്ദിന്‍റെ കുടുംബക്കാരും 100 അതിഥികളും എത്തി. പ്രിയയെപ്പറ്റിയും അവളണിഞ്ഞ ഡയമണ്ടിനെപ്പറ്റിയും ആളുകൾ സംസാരിച്ചു കൊണ്ടിരുന്നു. ഹേമന്ദ് അവൾക്ക് ഡയമണ്ടിന്‍റെ മോതിരം അണിയിച്ചു.
പ്രിയയും ഒരു വലിയ സ്വർണ്ണ മോതിരം കൈമാറി. ഹേമന്ദിന്‍റെ അമ്മ 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് സെറ്റ് പ്രിയക്കു നൽകി. ഡിന്നറിനു ശേഷം എല്ലാ അതിഥികളും ആശംസകൾ അർപ്പിക്കാനെത്തി. കുറച്ചു സമയത്തിനകം തന്നെ എല്ലാവരും പിരിഞ്ഞുപോയി. ബിനിയും അമ്മയും ചേർന്ന് ഗിഫ്റ്റായി കിട്ടിയ വസ്‌തുക്കളും ക്യാഷും എണ്ണിതിട്ടപ്പെടുത്തി. ഏകദേശം 5 ലക്ഷം രൂപ ക്യാഷായും 85 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഉണ്ടായിരുന്നു. ബിനി പ്രിയയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എന്നിട്ട് കിട്ടിയ ഗിഫ്റ്റുകളെല്ലാം ഒരു വലിയ പാക്കറ്റിലാക്കി പ്രിയക്കു നൽകി.
ഹേമന്ദ് പ്രിയയെ കൊണ്ടുവിടാനായി ഡ്രൈവറെ ചട്ടം കെട്ടി. ഗാർഡിനോടും കൂടെ പോകാനായി നിർദ്ദേശിച്ചു. അടുത്ത ദിവസം ഒന്നിച്ച് ലഞ്ച് കഴിക്കാമെന്ന ഉറപ്പിൽ ഹേമന്ദ് പ്രിയയെ കാറിൽ കയറ്റി വിട്ടു. പ്രിയയ്ക്ക് അയാളോട് വല്ലാത്ത പ്രേമം തോന്നി. അവളുടെ കണ്ണുകളിൽ അയാളും അത് വായിച്ചെടുത്തു. ബൈ.. അയാൾ പറഞ്ഞു.
അടുത്ത ദിവസം രാവിലെ ഹേമന്ദ് ഓഫീസിലെത്തി പ്രധാന ജോലികൾ എല്ലാം പെട്ടെന്ന് തീർത്തു. ഓഫീസ് സ്‌റ്റാഫുകൾ പലരും അയാളുടെ ക്യാബിനിൽ എത്തി അഭിനന്ദിച്ചു. ഹേമന്ദ് മിഠായി വിതരണം ചെയ്യാൻ ഓഡർ നൽകി. അതു കഴിഞ്ഞ് അയാൾ പ്രിയയുടെ വീട്ടിലേക്ക് വണ്ടി വിട്ടു.
20-25 മിനിറ്റിനു ശേഷം അമിനാബാദ് എത്തിയതും ഡ്രൈവർ പ്രിയ സ്ഥിരം ഇറങ്ങാറുള്ള സ്‌ഥലത്ത് വണ്ടി നിർത്തി.
“ഇനി എവിടെക്കാണ് പോകേണ്ടത് സർ?” ഡ്രൈവർ ചോദിച്ചു.
“പ്രിയ മാഡത്തിന്‍റെ വീട്ടിലേയ്‌ക്ക്” ഹേമന്ദ് ഡ്രൈവറെ നോക്കി.
“സാർ, മാഡം സ്‌ഥിരമായി ഇവിടെയാണ് ഇറങ്ങാറുള്ളത്. ഈ വഴിയിലേയ്‌ക്ക് കാർ കയറാൻ ബുദ്ധിമുട്ടാണെനാണ് പറയാറ്. വളയ്ക്കാൻ പ്രയാസമാണത്രേ” ഡ്രൈവർ മറുപടി നൽകി.
“മണ്ടത്തരം, നീ മാഡത്തെ വഴിയിലാണോ ഇറക്കി വിടുന്നത്. വിവാഹം നിശ്ചയ ദിവസം ഗാർഡിനെയും കൂടെ വിട്ടിരുന്നു. അവൻ എന്തായാലും കൂടെ പോയി കാണും. അവനെ വിളിച്ചു ചോദിക്കൂ” ഹേമന്ദിന് ദേഷ്യം വരുന്നുണ്ടായിരുന്നു.
ഗാർഡ് ബംഗ്ലാവിൽ ഡ്യൂട്ടിയിലായിരുന്നു. അയാൾ ഫോണെടുത്ത് മറുപടി പറഞ്ഞു. “ഞാൻ ഒരുപാട് നിർബന്ധിച്ചതാണ് സാർ, പക്ഷേ മാഡം ഒറ്റയ്‌ക്ക് പോയി കൊള്ളാമെന്ന് പലവട്ടം കർശനമായി പറഞ്ഞു. അതിനാൽ വഴിയിൽ വച്ച് ഞാൻ തിരിച്ചു പോന്നു. വീട് ഞാൻ കണ്ടില്ല.”
ഹേമന്ദ് ഉറക്കെ ചോദിച്ചു. “അലവലാതികൾ, ഞാൻ നിന്നെ മാഡത്തിന്‍റെ സുരക്ഷയ്ക്കല്ലെ കൂടെ വിട്ടത്. എന്നിട്ട് ഇടയ്ക്ക് വച്ച് വഴിയിൽ ഉപേക്ഷിച്ചു പോന്നു. ഞാൻ നിങ്ങളെ രണ്ടാളേയും പിരിച്ചു വിടാൻ പോവുകയാ.”
ഹേമന്ദ് പ്രിയയുടെ ഫോണിലേയ്‌ക്ക് വിളിച്ചു. പക്ഷേ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. അയാൾ ഓഫീസിൽ എത്തിയിട്ട് വീണ്ടും മാറി മാറി വിളിച്ചു കൊണ്ടിരുന്നു. ലാൻറ് ലൈനിൽ നിന്ന് ട്രൈ ചെയ്തപ്പോൾ കിട്ടി. അവൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.
“എന്‍റെ കസിന്‍റെ ആരോഗ്യസ്‌ഥിതി വളരെ മോശമായിരിക്കുകയാണ്. ഡോക്‌ടർ നോക്കി കൊണ്ടിരിക്കുകയാണ്. ഞാൻ രാത്രി അങ്ങോട്ട് വിളിച്ചോളാം” ഇത്രയും പറഞ്ഞ ശേഷം ഫോൺ കട്ടായി.
ഹേമന്ദിന് ഉറക്കം നഷ്‌ടപ്പെട്ടു. രാത്രി അയാൾ വളരെ അസ്വസ്ഥനായിരുന്നു. രാവിലെ വ്യായാമം ചെയ്യാൻ പോലും നിൽക്കാതെ അയാൾ അമിനാബാദിലേയ്ക്ക് പുറപ്പെട്ടു. വിവാഹ നിശ്ചയം കഴിഞ്ഞ് 6 മണിക്കൂർ പിന്നിട്ടിരുന്നു. പ്രിയയുമായി എല്ലാ സമ്പർക്കവും നഷ്‌ടപ്പെട്ടിരുന്നു.
ഡ്രൈവർ അടയാളം പറഞ്ഞ സ്‌ഥലത്തേയ്ക്ക് ഹേമന്ദ് ഇറങ്ങി നടന്നു. അവിടെ ഫുട്പാത്തിൽ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. അയാൾ ഒരു ചായ വാങ്ങി കുടിച്ചു. ഇന്ന് എന്തായാലും അവളെ കണ്ടേ പറ്റൂ. കടക്കാരനോട് കുശലം പറഞ്ഞ ശേഷം അയാൾ പ്രിയയുടെ കാര്യം അന്വേഷിച്ചു.
രണ്ട് പ്രാവശ്യം നിങ്ങൾ പറഞ്ഞ സൂചനകൾ ഉള്ള ഒരു പെൺകുട്ടി ഇവിടെ കാർ ഇറങ്ങുന്നത് കണ്ടിരുന്നു. അതിൽ കൂടുതലൊന്നും കടക്കാരനും അറിയില്ലായിരുന്നു. ഹേമന്ദ് നിരാശനായി.
“നിങ്ങൾ പറഞ്ഞതുപോലുള്ള അനേകം സ്ത്രീകൾ ഉണ്ട്. പക്ഷേ രാത്രി ആയതിനാൽ മുഖം ശരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു കാര്യം എനിക്കുറപ്പാണ്. ഞാൻ കണ്ട സ്ത്രീ നിങ്ങൾ ഇപ്പോൾ വന്ന വണ്ടിയിലാണ് രണ്ട് പ്രാവശ്യവും ഇവിടെ വന്നിറങ്ങിയത്.” കടക്കാരൻ പറഞ്ഞു.
ഹേമന്ദ് കോളനിയിലെ ഇടുങ്ങിയ വഴിയിലേയ്‌ക്ക് കയറി നടന്നു. രാവിലെ ആയതിനാൽ മിക്കവാറും ആളുകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പ്രിയ എന്ന് പേരുള്ള ഒരു പെൺകുട്ടിയെ അറിയില്ലെന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ വിദ്യാസമ്പന്നനായ ഒരു വൃദ്ധ മൗലവി പറഞ്ഞ കാര്യം കേട്ട് ഹേമന്ദിന്‍റെ കാലിനടിയിൽ നിന്ന് മണ്ണ് ചോർന്ന് പോകുന്നതുപോലെ തോന്നി.
“മോനെ, ഈ കോളനിയിൽ കൂലി വേലക്കാരാണ് അധികവും താമസിക്കുന്നത്. പലരും ചെറിയ ചെറിയ ജോലി ചെയ്യുന്നവർ. ഇവിടെ ഒരിക്കലും ഒരു എൻആർഐ വരാനിടയില്ല. നിങ്ങൾ പറഞ്ഞപോലെയുള്ള പെൺകുട്ടി ഇങ്ങനെയുള്ള ഒരു സെറ്റപ്പിൽ താമസിക്കുമോ? ഞാനങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടുമില്ല. മാത്രമല്ല ഈ തെരുവ് ഇവിടെ അവസാനിക്കുകയാണ്. അതിനപ്പുറത്ത് ആൾതാമസമില്ലാത്ത ചതുപ്പാണ്. നിങ്ങൾ തെറ്റായ സ്‌ഥലത്താണ് വന്നതെന്ന് തോന്നുന്നു.”
താൻ ചതിയിൽപ്പെട്ടതാണെന്ന് ഹേമന്ദിനു തോന്നി തുടങ്ങി. പ്രിയയുടെ വീടിന്‍റെ വിലാസം ഒരിക്കലും ഇതുപോലെയൊരിടത്താവില്ല. ഹേമന്ദ് ഉടനെ കാർ എടുത്ത് റസ്റ്റോറന്‍റിലേയ്‌ക്ക് വിട്ടു.
അവിടെ അടിച്ചു തുടയ്‌ക്കുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹേമന്ദിനെ രാവിലെ തന്നെ കണ്ടതിനാൽ എല്ലാവരും പുറത്തേക്ക് വന്നു. അയാൾക്ക് അവിടെ നിന്ന് ലഭിച്ച വിവരം അയാളുടെ സംശയം ബലപ്പെടുത്തുന്നതായിരുന്നു.
ഹേമന്ദിന്‍റെ അടുത്തേയ്ക്ക് വന്ന് ഒരു സെക്യൂരിറ്റി ഗാർഡ് ചില വിവരങ്ങൾ നൽകി.“ മാഡം ആദ്യമായി വന്ന ദിവസം എന്നോട് സൂപ്പർ ഇൻഡസ്ട്രീസിന്‍റെ ഹേമന്ദ് രസ്ത്തോഗി ആരാണെന്ന് ചോദിച്ചിരുന്നു. ഞാൻ സാറിനെ കാണിച്ചുകൊടുത്തിരുന്നു. പിന്നെ നിങ്ങൾ രണ്ടാളും ഒന്നിച്ചു പുറത്തേയ്ക്ക് പോയപ്പോൾ ഞാൻ കരുതിയത് നിങ്ങൾ നേരത്തെ പരിചയമുള്ളവരാണെന്നാണ്.”
ഇതു കൂടി കേട്ടതോടെ ഹേമന്ദിന്‍റെ തല പെരുക്കാൻ തുടങ്ങി. പ്രിയ എന്തിനോ വേണ്ടി ഒരുങ്ങി പുറപ്പെട്ടതാണെന്ന് മനസ്സിലായി. എല്ലാം പ്ലാൻ ചെയ്ത പരിപാടികൾ ആയിരുന്നു. ഹേമന്ദ് കബളിപ്പിക്കപ്പെട്ടിരിക്കുന്നു.
ഹേമന്ദ് സമനില തിരിച്ചു പിടിച്ച് കാറിൽ കയറി. വീട്ടിലെത്തി അയാൾ എല്ലാവരോടും നടന്ന കാര്യങ്ങൾ വിവരിച്ചു. ഹേമന്ദിനെ ആശ്വസിപ്പിച്ച ശേഷം ഹേമന്ദിന്‍റെ അച്‌ഛൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഫോൺ ചെയ്‌തു. അവർ സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് ഓഫീസർ ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ഫോട്ടോകൾ ഹേമന്ദിന്‍റെ അച്‌ഛൻ കമ്മീഷണർക്ക് കൈമാറി. കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.
അടുത്ത ദിവസം ഹേമന്ദും അച്‌ഛനും കമ്മീഷണറുടെ ഓഫീസിൽ ചെന്നപ്പോൾ ഡൽഹി ക്രൈംബ്രാഞ്ചിൽ നിന്ന് ഈ സ്ത്രീ ഒരു ഹിസ്‌റ്ററി ചീറ്റർ ആണെന്ന വിവരം കിട്ടിയതായി പോലീസ് ഓഫീസർ പറഞ്ഞു. ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ ഈ പെൺകുട്ടി, സംഭവം നടന്ന രണ്ടാം ദിവസം കാനഡയിലേയ്‌ക്ക് കടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം തട്ടിപ്പുകൾക്കായ് ഇടയ്ക്കിടെ ഇന്ത്യയിൽ വരുന്ന പതിവുണ്ട്. പേരും രൂപവും മാറ്റിയാണ് പുതിയ തട്ടിപ്പിന് ഇറങ്ങുന്നത്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേയ്ക്ക് കടന്നു കളയും.
കഴിഞ്ഞ വർഷം ജയ്പൂരിൽ നിന്ന് ഇതുപോലെ വിവാഹശേഷം സ്വത്തുക്കൾ അടിച്ചു മാറ്റി കടന്നു കളഞ്ഞിരുന്നു. ഇനിയവർ രക്ഷപ്പെടില്ല. കാരണം റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനി ഇന്ത്യയിലെവിടെ വിമാനമിറങ്ങിയാലും പിടിക്കപ്പെടും. കസിന്‍റെ അസുഖ കാര്യം പറഞ്ഞ് ബന്ധം വിഛേദിച്ചത് കടന്നു കളയാനുള്ള ഒരുക്കം നടത്താനായിരുന്നു എന്ന കാര്യം ഹേമന്ദിന് ബോധ്യപ്പെട്ടു.
ഇനി എന്താണ് തുടർ നടപടി? ഹേമന്ദിന്‍റെ അച്‌ഛൻ പോലീസ് ഓഫീസറോട് ചോദിച്ചു. “അവൾ പിടിക്കപ്പെട്ടാൽ തിരിച്ചറിയാനായി സ്റ്റേഷനിൽ വരേണ്ടിവരും.”
കേസ് നടക്കുകയാണെങ്കിൽ കോടതിയിലും ഹാജരാകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. “അതിനേക്കാൾ ഉപരി പോലിസിന് മൊഴി കൊടുക്കാനും വരണം. കേസാക്കുകയും വേണം.”
“അതായത് പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങണമെന്നർത്ഥം. ബിസിനസ്സ് തിരക്കുകൾ എല്ലാം മാറ്റി വച്ച് ഇതിന്‍റെ പിന്നാലെ പോവുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടി വരും.”
ഹേമന്ദിന്‍റെ അച്‌ഛൻ പറഞ്ഞു. ഇത് കേട്ട് കമ്മീഷണർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇതെല്ലാം നിയമത്തിന്‍റെ കാര്യങ്ങളാണ്. അത് നമ്മൾ പാലിച്ചല്ലേ പറ്റൂ. നിയമം നിയമത്തിന്‍റെ വഴിക്ക് നീങ്ങും.” ഏറെ നേരത്തെ മൗനത്തിനു ശേഷം ഹേമന്ദ് വായ തുറന്നു.
“ലക്ഷങ്ങളുടെ നഷ്‌ടവും കോടതി കയറിയിറങ്ങലും എന്തുതന്നെയായാലും നഷ്ടം നമുക്ക് തന്നെയാണ്.” പോലീസുമായി സമ്പർക്കം പുലർത്താൻ പറഞ്ഞു കൊണ്ട് കമ്മീഷണർ ഹേമന്ദിന്‍റെ അച്‌ഛന് കൈ കൊടുത്ത് കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു.
അച്ഛനോടൊപ്പം കാറിൽ വീട്ടിലേയ്‌ക്ക് പോകുമ്പോഴും അയാളുടെ മനസ്സിൽ പ്രിയയുടെ മുഖം തെളിഞ്ഞു. “ഇനി എങ്ങനെയാണ് സുന്ദരികളെ വിശ്വസിക്കുക?” അവളണിയിച്ച മോതിരം ഊരി ദൂരെ കളഞ്ഞു.