“റഹമത്തുള്ള പടച്ചവന്‍റെ പ്രിയപ്പെട്ട ത്യാഗിയായ മകനേ പറയൂ, നീ നിന്‍റെ അള്ളാഹുവിന്‍റെ കൃപ നിറഞ്ഞ ഭവനം ഉപേക്ഷിച്ചു പടിയിറങ്ങിയത് എന്തേ."
അവിടെ അവിശ്വസനീയമായ ഒരു കഥയുടെ ചുരുളഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ ഒരു കുഗ്രാമത്തിലായിരുന്നു അബീബ് അലിയും കുടുംബവും താമസിച്ചിരുന്നത്. അബീബ് അലിക്ക് അഞ്ച് മക്കളും അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ അബീബ് റഹീമിന് രണ്ട് ഭാര്യമാരും ഏഴു മക്കളും ആയിരുന്നു. നാലുവിവാഹങ്ങൾ കഴിച്ച ഇവരുടെ ഭാര്യമാരും മൂത്തപുത്രന്മാരും മരിച്ചു പോയിരുന്നു. അബീബ് അലിയുടെ ഇളയപുത്രനായിരുന്നു റഹമത്തുള്ള അബീബ്. തുകൽചെരുപ്പ് പണിയുന്നവനായിരുന്നു അബീബ് അലി. എന്നും കൊടും ദാരിദ്ര്യം. ഏക സ്വപ്നം വയറു നിറയെ റൊട്ടിയും മാംസക്കറിയുമായിരുന്നു.
ആ ഗ്രാമവാസികൾ തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളായിരുന്നു. ഗ്രാമ അതിർത്തിയോട് ചേർന്നാണ് അബീബിന്‍റെ താമസം. ആ രണ്ടു കുടുംബങ്ങൾക്കും സ്വന്തമായി കിണറുകൾ ഇല്ലായിരുന്നു. അവർക്ക് മറ്റു മതക്കാരുടെ കിണറുകൾ തീണ്ടി വെള്ളം കോരി എടുക്കാനുള്ള അനുമതി ഒന്നും ഇല്ല. പ്രത്യേകിച്ച് തുകൽചെരുപ്പ് പണിയുന്നവരായിരുന്ന കുടുംബത്തിന്. ആ വലിയ ഗ്രാമത്തിൽ രണ്ട് മുസ്ലിം കുടുംബങ്ങൾ തികച്ചും ഒറ്റപ്പെട്ടുപൊയിരുന്നു. മറ്റ് ഹിന്ദു ഭവനങ്ങളിലെ കുട്ടികൾ നല്ല വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളിൽ പോകുന്നതും അവരുടെ വീടുകളിൽ നിന്നുയർന്ന് വായുവിൽ പരക്കുന്ന വിശിഷ്ട വിഭവങ്ങളുടെ സുഗന്ധവും ആ രണ്ടു വീട്ടിലെയും കുട്ടികളെ വല്ലാതെ ദയനീയരാക്കി. പക്ഷേ ആറുവയസ്സുകാരനായ റഹമത്തുള്ള അബീബ് അങ്ങിനെ തോറ്റുകൊടുക്കാൻ തയ്യാറായില്ല.
അവൻ ദിവസവും നാലുകിലോമീറ്ററുകൾ നടന്നു സർക്കാർ സ്‌കൂളിൽ പോകാൻ വാശിപിടിച്ചു. അവൻ മനസ്സിൽ ഒരു ആശയം കിടന്നു പിടഞ്ഞു. ആ നിലപാടിലേക്ക് മാറാനവൻ കൊതിച്ചു. അവൻ ഗ്രാമവാസികളുടെ ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്നു തേങ്ങകഷ്‌ണങ്ങൾക്കും ഇലക്കുമ്പിളിൽ നെയ്യും ഉണക്കമുന്തിരിയും ചേർത്തു വിളമ്പുന്ന റവഹൽവക്കും കൊതിയോടെ കൈ നീട്ടി. അതൊന്നും അവൻ പോകുന്ന ആരാധനാലയങ്ങളിൽ കിട്ടില്ലായിരുന്നു. ആ ഗ്രാമത്തിൽ നിന്ന് ഗയയിലേക്ക് പോകുന്ന ഒരു സംഘത്തിന്‍റെ കൂടെ ഒരുനാൾ അവരറിയാതെ അവൻ വീടും നാടും ഉപേക്ഷിച്ചു യാത്രയായി.
ഹിമശ്യങ്കൻ എന്ന അഘോരി നയിക്കുന്ന ഒരു സംഘത്തിന്‍റെ മുന്നിലാണ് അവൻ ചെന്നു പെട്ടത്. അൽപസമയം കൊണ്ട് തന്‍റെ അനാഥത്വത്തെയും ഗതികേടിന്‍റെയും ജാതിയുടെയും കഥകൾ പറഞ്ഞ റഹമത്തുള്ളയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു അവർ അവനെ ഒരു ശ്‌മശാനത്തിൽ ഉപേക്ഷിച്ചു. ഒരു അഗതിയെപോലെ ശ്‌മശാനത്തിന്‍റെ വാതിൽക്കൽ കിടന്ന അവനെ ചിതയൊരുക്കി സംസ്കാരം നടത്തുന്ന ചണ്ഡാലൻ കായൻ തന്‍റെ സഹായിയായി കൂട്ടി. അവൻ അഗസ്ത്യൻ എന്ന പേര് സ്വന്തമായി സ്വീകരിച്ചു. കായന് സഹായിയായി പകുതിവെന്ത ശവശരീരങ്ങൾ ചിതയിലേക്ക് നീക്കിയിടുകയും വിറകുകഷ്ണങ്ങൾ കൂട്ടിവെക്കുകയും വേണം. നൂറുവട്ടം ആ പുണ്യനദിയിൽ മുങ്ങിക്കേറിയാലും ശവം കത്തുന്നമണം തന്‍റെ ദേഹത്തുനിന്ന് പോകുന്നില്ല എന്ന് അവനു തോന്നി.
അവിടെ വച്ച് എന്നോ ഒരുനാൾ ജഗദീഷ് എന്ന കച്ചവടക്കാരനൊപ്പം അവൻ ഗുജറാത്തിൽ എത്തി. ജഗദീഷിന്‍റെ ഔട്ട്ഹൗസിൽ താമസമാക്കി അവൻ അയാൾക്ക് ഏറെ വിശ്വസ്ഥനായി. അവിടെ നിന്നാണ് ദരിദ്രനും വലിയ അറിവുകൾ ഇല്ലാത്തവനുമായ വസുദേവ മൽഹോത്രയുമായി പരിചയപ്പെടുന്നത്. ആൺമക്കൾ ഗൾഫിലേക്ക് ചേക്കേറി വലിയ സെറ്റപ്പിലായിട്ടും മൽഹോത്രയും ഭാര്യയും മകളും ദാരിദ്ര്യത്തിൽ തന്നെ ആയിരുന്നു. മൽഹോത്രയുടെ മരിച്ചുപോയ ഇളയമകന്‍റെ പേരായിരുന്നു അതിരഥ്.





