അരോമാതെറാപ്പിയിലൂടെ മാനസിക പിരിമുറുക്കത്തിനും തലവേദനയ്ക്കും ഞൊടിയിട നേരം കൊണ്ട് പരിഹാരം കാണാം. ഒപ്പം നല്ല ഉറക്കവും ഊർജ്ജവും ലഭിക്കും. സമ്മർദ്ദവും തലവേദനയുമെന്നത് തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിലെ ഭാഗങ്ങളായി മാറിയിരിക്കുകയാണ്. രാവിലെ മുതൽ രാത്രി വരെ ജോലി മറ്റ് ഉത്തരവാദിത്തങ്ങൾ, കുടുംബം സ്വന്തം ആവശ്യത്തിനായുള്ള സമയം കണ്ടെത്തൽ എന്നിങ്ങനെയുള്ള ഓട്ടപാച്ചിലിനിടയിൽ സ്വാഭാവികമായും മാനസികവും ശാരീരികവുമായി ക്ഷീണം അനുഭവപ്പെടുമെന്നത് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തിൽ തലയ്ക്ക് ഭാരകൂടുതൽ അനുഭവപ്പെടുമ്പോഴോ സമ്മർദ്ദം കാരണം ഉറക്കം നഷ്ടപ്പെടുമ്പോഴോ, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ആശ്വാസം നൽകുന്ന എന്തെങ്കിലുമൊരു പരിഹാരമാർഗ്ഗം ആവശ്യമായി വരും. അതിനുള്ള ലളിതമായ ഒരു ഉപായമാണ് അരോമാതെറാപ്പി.

എന്താണ് അരോമാതെറാപ്പി?

സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണകൾ ഉപയോഗിച്ചുള്ള ഒരു പുരാതന പ്രകൃതിദത്ത രോഗശാന്തി സംവിധാനമാണ് അരോമാതെറാപ്പി. ഈ എണ്ണകളുടെ സുഗന്ധം നമ്മുടെ തലച്ചോറിന്‍റെ ലിംബിക് സിസ്‌റ്റത്തെ സ്വാധീനിക്കും. നമ്മുടെ വികാരങ്ങളെയും ഓർമ്മകളെയും സമ്മർദ്ദത്തെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലവേദന ശമിപ്പിക്കുന്നതിന് അരോമാതെറാപ്പി ഉപയോഗിക്കാം. മൈഗ്രെയ്‌ൻ, ടെൻഷൻ കൊണ്ടുള്ള തലവേദന, സൈനസ് തലവേദന എന്നിങ്ങനെ നിരവധി തരം തലവേദനകളുണ്ട്. ഓരോ തലവേദനയ്ക്കും പ്രത്യേകതരം സുഗന്ധ എണ്ണ മാജിക്കു പോലെയാണ് പ്രവർത്തിക്കുക. അത്തരം ഫലപ്രദമായ ചില ഓപ്ഷനുകളെക്കുറിച്ചറിയാം

അരോമ മാജിക് ക്യുറേറ്റീവ് ഓയിൽ

തലവേദനയിൽ നിന്ന് തൽക്ഷണം ആശ്വാസം ലഭിക്കുന്നതിനായി രൂപപ്പെടുത്തിയ ഒരു പ്രത്യേക മിശ്രിതമാണിത്. തുളസി, ലാവെൻഡർ, റോസ് മേരി, പെപ്പർമിന്‍റ് തുടങ്ങിയ അവശ്യ എണ്ണകളുടെ മിശ്രിതം. ഇതിന്‍റെ ഉന്മേഷദായകമായ സുഗന്ധം മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.

ഉപയോഗക്രമം

ഈ എണ്ണയുടെ ഏതാനും തുള്ളി നെറ്റിയിലും കഴുത്തിലും മൃദുവായി പുരട്ടുക. തുടർന്ന് സ്വസ്‌ഥമായ ഒരിടത്തു വിശ്രമാവസ്‌ഥയിൽ ഇരുന്ന് ആഴത്തിൽ ശ്വസിക്കുക. ഒരു ദിവസം 2-3 തവണ ഇതാവർത്തിക്കുക.

ലാവെൻഡർ എസ്സെൻഷ്യൽ ഓയിൽ

സമ്മർദ്ദവും തലവേദനയും ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലവത്തായ ഓയിൽ ആണിത്. ഇതിന്‍റെ നനുത്ത സുഗന്ധം തലച്ചോറിനെ ശാന്തമാക്കുകയും പ്രത്യേക മാനസിക ഉന്മേഷം നൽകുകയും ചെയ്യുന്നു.

ഉപയോഗക്രമം

ഒരു ഡിഫ്യൂസറിൽ 4-5 തുള്ളി ഓയിൽ ഒഴിച്ച് ശ്വസിക്കുക. ഇത് ഒരു കാരിയർ എണ്ണയുമായി (വെളിച്ചെണ്ണ പോലുള്ളവ) കലർത്തി നെറ്റിയിലും മറ്റും മസാജ് ചെയ്തു‌ കൊടുക്കുക.

ബേസിൽ (തുളസി) എസ്സെൻഷ്യൽ ഓയിൽ

മാനസിക ക്ഷീണമാണ് തലവേദനയ്ക്ക് കാരണമെങ്കിൽ ബേസിൽ എണ്ണ മികച്ച ഒരു പരിഹാരമാർഗ്ഗമാണ്.

ഉപയോഗക്രമം

ഒരു പാത്രം ചൂടുവെള്ളത്തിൽ ഏതാനും തുള്ളി ബേസിൽ ഓയിൽ ചേർത്ത് ആവിക്കൊള്ളുക. ഒരു കാരിയർ എണ്ണയുമായി ബേസിൽ ഓയിൽ യോജിപ്പിച്ച് മൃദുവായി നെറ്റിത്തടത്തിൽ പുരട്ടി മസാജ് ചെയ്യുക.

സമ്മർദ്ദമകറ്റാനുള്ള അരോമാതെറാപ്പി പരിഹാരങ്ങൾ

മാനസിക പിരിമുറുക്കത്തിന് സമ്മർദ്ദം കാരണമാകുക മാത്രമല്ല ശാരീരികമായി അത് നമ്മെ തളർത്തുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കും. ഒപ്പം ചർമ്മാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. കൂടാതെ മാനസികാവസ്‌ഥയെ അസ്വസ്‌ഥവുമാക്കും. അരോമാതെറാപ്പിയിൽ തലച്ചോറിന് വിശ്രമദായകമായ അവസ്‌ഥ പകരുന്ന ചില എസ്സെൻഷ്യൽ ഓയിലുകളുണ്ട്.

നെരോലി എസ്സെൻഷ്യൽ ഓയിൽ

ഓറഞ്ച് പൂക്കളിൽ നിന്ന് തയ്യാറാക്കുന്ന സവിശേഷ എണ്ണയാണിത്. അതിന്‍റെ ഹൃദ്യവും മൃദുവുമായ സുഗന്ധം വൈകാരിക സന്തുലിതാവസ്‌ഥ സൃഷ്ടിക്കാൻ സഹായിക്കും. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ ഇല്ലാതാക്കാൻ ഇത് ഫലപ്രദമാണ്.

ഉപയോഗക്രമം

3-4 തുള്ളി നെരോലി ഓയിൽ ഡിഫ്യൂസറിൽ ഒഴിച്ച് ആഴത്തിൽ ശ്വസിക്കുക. ഒരു കാരിയർ എണ്ണയുമായി ഇത് യോജിപ്പിച്ച് ശരീരം മുഴുവനും മസാജ് ചെയ്ത് പുരട്ടുക.

സാൻഡൽ എസ്സെൻഷ്യൽ ഓയിൽ

ഇന്ത്യൻ സംസ്കാരത്തിൽ ചന്ദന സുഗന്ധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലായ്പ്പോഴും സമാധാനവും ധ്യാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണിത്. ഈ എണ്ണ മസ്ത‌ിഷ്ക്കത്തെ തണുപ്പിക്കുക മാത്രമല്ല ആത്മീയ സന്തുലിതാവസ്ഥയും ശാന്തതയും നൽകുന്നു.

ഉപയോഗക്രമം

കുളിക്കാനുള്ള വെള്ളത്തിൽ ഏതാനും തുള്ളി സാൻഡൽ എണ്ണ ചേർത്ത് കുളിക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരും. ധ്യാനിക്കുമ്പോൾ ഈ എണ്ണ ഒരു ഡിഫ്യൂസറിൽ ഒഴിച്ച് ഉപയോഗിക്കുക.

ലാവെൻഡർ എസ്സെൻഷ്യൽ ഓയിൽ

സമ്മർദ്ദമകറ്റാനുള്ള ഏറ്റവും ജനപ്രിയ ഓയിലുകളിൽ ഒന്നാണ് ലാവെൻഡർ. ഇത് ഉറക്കം മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. നിരന്തരമായ സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദനയ്ക്കും ഇത് ആശ്വാസപ്രദമാണ്.

ഉപയോഗക്രമം

ഉറങ്ങുന്നതിന് മുമ്പ് തലയിണയിൽ ഏതാനും തുള്ളി എണ്ണ തളിക്കുക. ഒരു ഡിഫ്യൂസറിൽ ഏതാനും തുള്ളി എണ്ണ പകർന്ന് ദിവസവും ഉപയോഗിക്കുക.

അരോമാതെറാപ്പി ഉപയോഗിക്കാനുള്ള വഴികൾ

ഒരു ഡിഫ്യൂസറിലുടെ: മുറിയിൽ സുഗന്ധം പരത്താനുള്ള ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗ്ഗമാണ് ഡിഫ്യൂസർ എന്നത്.

മസാജ് വഴി: അവശ്യ എണ്ണകൾ കാരിയർ ഓയിലുകളുമായി (വെളി ച്ചെണ്ണ, ബദാം അല്ലെങ്കിൽ ജോജോബ പോലുള്ളവ) കലർത്തി ശരീരം മസാജ് ചെയ്യുക.

ആവി പിടിക്കൽ: ജലദോഷം അല്ലെങ്കിൽ സൈനസ് തലവേദനയ്ക്ക് വളരെ ഉപയോഗപ്രദമാണിത്.

കുളി: ചെറുചൂടുള്ള വെള്ളത്തിൽ 5-10 തുള്ളി എസ്സെൻഷ്യൽ ഓയിൽ ചേർത്ത് കുളിക്കുക.

അരോമാതെറാപ്പിയുടെ ഗുണങ്ങൾ

  • യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാതെ ഇത് പ്രവർത്തിക്കുമെന്നതാണ് ഏറ്റവും വലിയ മെച്ചം.
  • മനസ്സിനെ ശാന്തമാക്കുന്നു.
  • ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ച പ്പെടുത്തുന്നു.
  • ഏകാഗ്രത മെച്ചപ്പെടുത്തുന്നു.
  • ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

പാച്ച് ടെസ്‌റ്റ്: ഉപയോഗിക്കുന്നതിന് മുമ്പായി പാച്ച് ടെസ്‌റ്റ് നടത്തി നോക്കുക.

ചർമ്മത്തിൽ നേരിട്ട് പുരട്ടരുത്: എല്ലായ്പ്പോഴും ഒരു കാരിയർ ഓയിലുമായി യോജിപ്പിച്ച് നേർപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.

പരിശുദ്ധി പരിശോധിക്കുക: വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്ന് മാത്രമേ എസ്സെൻഷ്യൽ ഓയിൽ വാങ്ങാവൂ.

और कहानियां पढ़ने के लिए क्लिक करें...