വഴിയിൽ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സിൽ മലപ്പുറത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോൾ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടിൽ പറയാത്തതിന്‍റെ കുറ്റബോധം ഒരു വശത്ത്. ഫഹദ് സാറിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ എന്ന ചിന്ത മറുവശത്ത്. ഒരു പക്ഷേ ഫഹദിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? തുടർന്ന് ഒന്നും ചിന്തിക്കാൻ പോലുമാകാതെ ഞാനിരുന്നു.

ഇരുവീട്ടുകാരും വിവാഹത്തിന് അനുകൂലമല്ലെങ്കിൽ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിക്കുകയെ ഞങ്ങൾക്കു നിവൃത്തിയുള്ളൂ. ഇങ്ങനെ മനസ്സിനെ മഥിക്കുന്ന ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോൾ, അരികിൽ ഫഹദ്സാറും ഏതാണ്ടതേ നിലയിൽ ചിന്തകളിൽ മുഴുകി ബസ്സിനുള്ളിൽ നിശബ്ദനായിരുന്നു. ഒരു പക്ഷേ എന്നെ അലട്ടിയതു പോലെയുള്ള ചിന്തകളായിരിക്കും ഫഹദ് സാറിനേയും നിശബ്ദനാക്കിയത്.

ഒരു ഹിന്ദുവായ എന്‍റെ വീട്ടിൽ നിന്നുള്ള എതിർപ്പിനെക്കുറിച്ചാവും അദ്ദേഹവും ചിന്തിച്ചത്. എന്നാൽ എന്‍റെ ഭയം അസ്ഥാനത്തായിരുന്നുവെന്ന് ഫഹദ് സാറിന്‍റെ ഉമ്മ തെളിയിച്ചു. അന്ന് മൂന്നു നാലു മണിക്കുറോളം വടക്കോട്ടു യാത്ര ചെയ്‌ത്, ഫഹദ്സാറിന്‍റെ നാട്ടിൻ പുറത്തുള്ള വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഉമ്മ എന്നെക്കാത്ത് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ പടി കടന്നെത്തുമ്പോൾ അവർ ഓടിവന്ന് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“നല്ല മൊഞ്ചുള്ള പൊങ്കോച്ചാണല്ലോടാ… അനക്കെബിടുന്നു കിട്ടി ഇത്ര നല്ല മൊഞ്ചത്തിയെ…”

“അതുമ്മാ… ചെറുപ്പത്തിൽ ഉമ്മ ചൊല്ലിത്തരാറുള്ള ആ രാജകുമാരേൻറയും രാജകുമാരിയുടേയും കഥയില്ലെ അതുപോലെ ഏഴാം കടലിനക്കരെയുള്ള ഒരു കൊട്ടാരത്തീന് ഞാൻ മോഷ്ടിച്ചു കൊണ്ടു വന്നതാ. ഉമ്മായ്ക്ക് പിടിച്ചെങ്കി ഇപ്പത്തന്നെ മരുമോളാക്കിയ്ക്കോ…”

“ഇതു തന്നെയാണെടാ, അനക്കു ഞാൻ ചൊല്ലിത്തരാറുള്ള കഥയിലെ മൊഞ്ചത്തി രാജകുമാരി. എനക്ക് പെരുത്തിഷ്ടായി. ഇതു തന്നെയാണു മോനെ ഇനി നിന്‍റെ ബീവിയും എന്‍റെ മരുമോളും…”

ഉമ്മായുടെ സ്നേഹ പ്രകടനങ്ങളിൽ മയങ്ങി നിൽക്കുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർത്തു പോയി.

“ബാ മോളെ അകത്തേയ്ക്ക്. ഞാൻ നിങ്ങൾക്കു വേണ്ടി ഒത്തിരി പലഹാരങ്ങളൊണ്ടാക്കീട്ടുണ്ട്…”

ഉമ്മ സ്നേഹപൂർവ്വം അകത്തേയ്ക്കു ക്ഷണിച്ചു. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലീനയായ ആ ഉമ്മയുടേയും, ഫഹദ്സാറിേൻറയും പുറകേ വീട്ടിനകത്തേയ്ക്കു നടക്കുമ്പോൾ ഞാനോർത്തു. എന്നെങ്കിലുമൊരിയ്ക്കൽ സാറിന്‍റെ കൈ പിടിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായി ഈ ഭവനത്തിലെത്താൻ എനിയ്ക്കാകുമോ?… ഈ ഉമ്മയുടെ നിറഞ്ഞ സ്നേഹം ജീവിതം മുഴുവൻ പങ്കിടാൻ എനിയ്ക്കാകുമോ?…

മനസ്സിനുള്ളിൽ വെറുതെ ഒരു ഭീതി തളംകെട്ടി. എന്‍റെ വീട്ടുകാർ ഒരിയ്ക്കലും ഈ ബന്ധത്തിന് കൂട്ടുനിൽക്കുകയില്ലെന്ന് മനസ്സു പറഞ്ഞു.

“അല്ലാ… മോളിബിടെ ഒറ്റയ്ക്ക് നിന്ന് കിനാവു കാണുകയാണോ?… ബാമോളെ അകത്തേയ്ക്ക്…” അൽപനേരമായിട്ടും എന്നെക്കാണാതെ പുറത്തേയ്ക്കു വന്ന ഉമ്മ സ്നേഹപൂർവ്വം ക്ഷണിച്ചു അപ്പോഴാണ് ഞാനറിഞ്ഞത്, ചിന്തകളിൽ മുഴുകി ആ വരാന്തയിൽ അത്രനേരവും ഞാൻ ഏകയായി നിൽക്കുകയായിരുന്നുവെന്ന്, ഉള്ളിൽ തുടികൊട്ടിയ ആശങ്കയും ഭീതിയും എന്നെ തളർത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായി വിറപൂണ്ട കാലടികളോടെ ഞാൻ വീടിനകത്തേയ്ക്കു നടന്നു. ഒരു നവവധുവിനെ പോലെ തുടിയ്ക്കുന്ന ഹൃദയവുമായി…

വേപഥുവോടെ ഉള്ളിലേയ്ക്കു നടന്നെത്തുമ്പോൾ പൂമുഖത്തെ കസേരകൾ ചൂണ്ടിക്കാട്ടി ഉമ്മ പറഞ്ഞു.

“നിങ്ങളിബിടെ കുത്തി ഇരിയ്ക്കിൻ… ഞാൻ പോയി കുടിക്കാനെന്തെങ്കിലും എടുത്തിട്ടു ബരാം…”

പൂമുഖത്തെ കസേരയിൽ എന്നേയും ഫഹദ്സാറിനെയുമിരുത്തി ഉമ്മ അകത്തേയ്ക്കു നടന്നു. ഉമ്മയോടൊപ്പം ഫഹദ് സാറും അകത്തേയ്ക്കു നടന്നു ചെന്നു. ഏകയായി ഞാൻ വെറുതെ ചുറ്റിനും കണ്ണോടിച്ചിരുന്നു. അപ്പോൾ പൂമുഖ ജനാലയിലൂടെ, മുറ്റത്തു കൊത്തിപ്പെറുക്കുന്ന കോഴിയേയും, കുഞ്ഞുങ്ങളേയും കണ്ടു. പത്തിരുപതു സെന്‍റിൽ അധികം വിസ്തൃതിയില്ലാത്ത ആ കൊച്ചു പറമ്പിൽ പ്ലാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന കുഞ്ഞാട്… കൂട്ടിൽ കിടക്കുന്ന അതിന്‍റെ അമ്മയുടെ സമീപമെത്താൻ വേണ്ടിയായിരിക്കും അത് ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നത്. മുറ്റത്ത് വടക്കുദിക്കിലായി ഒരു കിണർ.

ചിത്രകാരന്‍റെ ഭാവനയിലെന്ന പോലെ ഗ്രാമീണാന്തരീക്ഷം തികഞ്ഞ ആ കൊച്ചു വീടും പരിസരവും എന്‍റെ മനസിനെ പിടിച്ചു നിർത്തി. അപ്പോഴാണ് മുറ്റത്തെ ചാമ്പമരവും, അതിൽ നിന്നും കൊഴിഞ്ഞു വീണ പിങ്ക് നിറമുള്ള പൂക്കൾ തീർത്ത പരവതാനിയും കണ്ടത്. അതോടെ അതുവരെ മനസ്സിൽ കനത്തു നിന്ന വേപഥുവെല്ലാം ഓടിയകന്നു. ഹൃദയം ആഹ്ലാദഭരിതമായി.

അകത്തേയ്ക്കു പോയ ഫഹദ് സാർ അൽപം കഴിഞ്ഞ് തിരിച്ചെത്തി. മുറ്റത്തെ ഭംഗിയാർന്ന കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്ന എന്നെക്കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു.

“എന്താ തനിക്കീ ഗ്രാമീണാന്തരീക്ഷം നല്ലതു പോലെ പിടിച്ചമട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ഇവിടെ സ്‌ഥിര താമസമാക്കിയാലോ എന്നു തോന്നുന്നുണ്ടോ?…”

ഫഹദ് സാർ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു ഞാൻ അൽപം നാണത്തോടെ ചിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“ഉമ്മ തനിക്കു വേണ്ടി നിറയെ പലഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം താൻ കഴിച്ചില്ലെങ്കിൽ ഉമ്മയ്ക്കു വലിയ വിഷമമാകും.

ഈ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് ഗ്രാമീണ മനസ്സിന്‍റെ ഉള്ളൂ തുറന്ന സ്നേഹ പ്രകടനം ഒരു പുതുമയായിരുന്നു. അൽപം കഴിഞ്ഞ് ഉമ്മ വന്ന് ഞങ്ങളെ അകത്തെ ഊണുമുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോി. അവിടെ മേശപ്പുറത്ത് നിറയെ പലഹാരങ്ങൾ നിരത്തി വച്ചിരുന്നു. പത്തിരിയും കോഴി ബിരിയാണിയും, പിന്നെ ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കല്ലുമ്മേക്കായ് വറുത്തതും ഉന്നക്കായും മുട്ടസുർക്കയും കായ്പോളയും എല്ലാമെല്ലാം…

ഊണു മുറിയിലെ കസേരയിൽ എന്നെ പിടിച്ചിരുത്തി ഉമ്മ പറഞ്ഞു.

“ഇനി കഴിയ്ക്ക് മോളേ… ഞാൻ അനക്കു വേണ്ടിയാണ് ഇതെല്ലാം ഉണ്ടാക്കിയത്…” അവർ എന്നെ എല്ലാം കഴിയ്‌ക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

“എന്തിനാ ഉമ്മ ഇത്രയും പലഹാരങ്ങൾ?… ഉമ്മായുടെ സ്നേഹം തന്നെ എന്‍റെ വയറു നിറച്ചു കഴിഞ്ഞു…” ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇതു മുഴുവൻ കഴിച്ചേ ഞാൻ മോളെ ബിടുകയുള്ളൂ…”

അന്നാ പലഹാരങ്ങൾ മുഴുവൻ കഴിപ്പിച്ച് തന്‍റെ വയറു നിറപ്പിച്ചേ ഉമ്മ വിട്ടുള്ളൂ. പോരാൻ നേരം നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു.

“മോളെ, ഓന് ജീവനാണെന്നെനിയ്ക്കറിയാം ഞമ്മടെ കൊച്ചു ബീട്ടിലേയ്ക്ക് മോളെ പറഞ്ഞു വിടാൻ മോളുടെ ബീട്ടുകാർക്കിഷ്ടമല്ലെങ്കിലും ഉമ്മ വന്ന് കൂട്ടി കൊണ്ടു പോരും. മോളെ ഉമ്മായ്ക്കത്രക്കിഷ്ടമായി.”

ആ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്‍റെ കണ്ണുനിറച്ചു. ഞങ്ങളെ പടിക്കലോളം വന്ന് യാത്രയാക്കി എന്‍റെ കൈപിടിച്ച് ഉമ്മ പറഞ്ഞു.

“ഞാൻ ഒരിയ്ക്കൽ കൂടി പറയുവാ… ഒന്നും ഓർത്ത് മോള് കരയരുത്. മോളുടെ ബാപ്പായും ഉമ്മായും ഈ ബന്ധത്തിന് എതിരു നിന്നാലും മോളെ സ്വീകരിക്കാൻ ഈ ഉമ്മയുണ്ടാകും. മോള് ധൈര്യമായിട്ട് പോയിട്ടു വാ….” എന്നിട്ട് ഫഹദ് സാറിനോടായി പറഞ്ഞു.

“ഈ മോളെ ബേഗം കൂട്ടിക്കൊണ്ടു ബരണേടാ… എനിക്ക് പെരുത്ത് ധൃതിയായി…”

നിറഞ്ഞ മനസ്സും കണ്ണുമായി തിരികെ നടക്കുമ്പോൾ ഫഹദ്സാറിനൊപ്പം എത്രയും പെട്ടെന്ന് ആ വീട്ടിൽ തിരികെയെത്താനുള്ള വെമ്പലായിരുന്നു എനിക്ക്. തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ഫഹദ് സാർ പറഞ്ഞു.

“തനിക്കിപ്പോൾ എന്‍റെ വീടും, വീട്ടിലെ സ്‌ഥിതിയും മനസ്സിലായില്ലെ, ഞങ്ങൾ വളരെ പാവങ്ങളാണ്. ഉപ്പ മരിച്ച ശേഷം ഉമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി. അന്യ വീടുകളിൽ പോയി പണിയെടുത്താണ് ഉമ്മ എന്നെ വളർത്തിയത്. പക്ഷേ പഠിക്കുവാനും ഉയരുവാനുമുള്ള മോഹം എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഇന്നിപ്പോൾ എന്‍റെ വരുമാനം കൊണ്ട് എനിക്കും ഉമ്മായ്ക്കും സുഖമായി കഴിയാം. എങ്കിലും എന്‍റെ ഉമ്മ ആർഭാടങ്ങളൊന്നും ഇഷ്ടപ്പെടുന്നവളല്ല. ഒരു കാർ വാങ്ങിക്കുന്ന കാര്യം പറഞ്ഞിട്ട് ഉമ്മ സമ്മതിച്ചില്ല. അത്രയ്ക്ക് സിംപിളാണ് എന്‍റെ ഉമ്മ.

തനിക്കെന്‍റെ ഉമ്മായെ പിടിച്ചെങ്കിൽ ഞാൻ തന്നെ നിക്കാഹ് കഴിച്ച് വേഗം ഇങ്ങോട്ടു കൂട്ടി ക്കൊണ്ടു പോരാം… എന്തു പറയുന്നു?…”

വീട്ടുകാരുടെ സമ്മതത്തോടു കൂടി ഒരിയ്ക്കലും എനിക്ക് ഫഹദ്സാറിന്‍റെ ഭാര്യയാകുവാൻ കഴിയുകയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഒരു രജിസ്റ്റർ മാര്യേജ്, അതുമാത്രമേ പോംവഴിയായുണ്ടാവുകയുള്ളൂവെന്ന് മനസ്സു പറഞ്ഞു. എന്‍റെ മനസ്സു മനസിലാക്കിയിട്ടെന്ന പോലെ ഫഹദ്സാർ പറഞ്ഞു.

“തന്‍റെ വീട്ടുകാർ ഈ മാര്യേജിന് സമ്മതിക്കുകയില്ലെന്നെനിക്കറിയാം. പിന്നെ ഒരു രജിസ്റ്റർ മാര്യേജ് അതിനെക്കുറിച്ച് നമുക്കൽപം കൂടി കഴിഞ്ഞാലോചിക്കാം. ആദ്യം തന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവട്ടെ. അതുകഴിഞ്ഞ് മതി ഒരു വിവാഹം…”

അന്നു കോളേജ് വിടുന്ന സമയത്തു തന്നെ എന്നെ തിരികെ വീട്ടു പടിയ്ക്കലെത്തിച്ച് അദ്ദേഹം മടങ്ങി.

ഞാനെത്തുമ്പോൾ മുല്ലശേരി മാധവമോനോൻ എന്ന പ്രതാപശാലിയായ എന്‍റെ അച്‌ഛൻ അസ്വസ്ഥതയോടെ ഉമ്മറത്തു ഉലാത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഗൗരവപൂർവ്വം എന്നെ നോക്കി ചോദിച്ചു.

“ഇന്നേതിന്‍റെ സ്പെഷ്യൽ ക്ലാസ്സായിരുന്നു ഉണ്ടായിരുന്നത്?”

“കെമിസ്ട്രിയുടെ” ഞാനൽപം വിറയലോടെ അറിയിച്ചു. “ഉം…” അച്‌ഛൻ ഇരുത്തി മൂളി. തെറ്റു ചെയ്ത കൊച്ചുകുട്ടിയുടെ പരുങ്ങലും, ഭയവും എന്നിൽ വളർന്നു. എങ്കിലും അതു മറയ്ക്കാനായി ഞാൻ വേഗം അകത്തേയ്ക്കു നടന്നു. ഏതാനും മാസങ്ങൾ കൂടിയെ ഉണ്ടായിരുന്നുള്ളൂ, എന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവാൻ. പ്രേമം തലയ്ക്കു പിടിച്ചെങ്കിലും ഞാൻ പഠനത്തിൽ പിന്നോക്കം പോയില്ല. ഫൈനൽ ഇയർ പരീക്ഷ അതിവേഗം കടന്നു പോയി.

ഇതിനിടയിൽ വീട്ടിൽ എനിക്കായി തകൃതിയായി വിവാഹാലോചനകൾ നടന്നു കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മഞ്ജു എൻജിനീയറിംഗ് മൂന്നാം വർഷം ആയിക്കഴിഞ്ഞിരുന്നു. മായ മെഡിസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു. എന്‍റെ താഴെയുള്ള പെൺകുട്ടികളും വിവാഹ പ്രായമെത്തി നിൽക്കുന്നതിനാൽ അച്‌ഛനും അമ്മയ്ക്കും എന്‍റെ വിവാഹം എത്രയും വേഗം നടത്തണമെന്നായിരുന്നു. അതിനാൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് പിഎച്ച്ഡി ചെയ്യണമെന്ന എന്‍റെ മോഹത്തെ വീട്ടുകാർ എതിർത്തു.

ഒടുവിൽ ഒരു ദിവസം എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ എത്തി. അച്‌ഛന്‍റെ ബന്ധുവും ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന വിഷ്ണു നാരായണൻ ആയിരുന്നു അത്. ഞങ്ങൾ തമ്മിൽ ചെറുപ്പത്തിൽ അച്‌ഛന്‍റെ തറവാട്ടു വീട്ടിൽ വച്ച് ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കൂടിക്കാഴ്ച വളരെക്കാലത്തിനു ശേഷമായിരുന്നു. അദ്ദേഹം എന്നെക്കണ്ടയുടനെ വിവാഹത്തിന് സമ്മതമറിയിച്ചു. ജാതകപ്പൊരുത്തവും ഞങ്ങൾ തമ്മിൽ ഏറെയുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആ വിവാഹത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി നിന്നപ്പോൾ അച്‌ഛനുമ്മയ്ക്കും അൽപം സംശയം തോന്നാതെയിരുന്നില്ല.“ഇവൾ എന്തെങ്കിലും കുഴപ്പത്തിൽ പെട്ടു കാണുമോ…? എന്ന് അമ്മ അച്ഛനോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ പിഎച്ച്ഡിയും എടുത്തു കഴിഞ്ഞുമതി എനിക്ക് ഒരു വിവാഹം എന്ന എന്‍റെ നിലപാടിനോട് ഒടുവിലവർ അനുകൂലിക്കുക തന്നെ ചെയ്‌തു. എന്നാൽ ലൈബ്രറിയിലേയ്ക്കെന്ന വ്യാജേന വീട്ടിൽ നിന്നുമിറങ്ങുന്ന ഞാൻ സുഭാഷ് പാർക്കിലെ പൂമരച്ചോട്ടിൽ ഫഹദ് സാറിനെ കാത്തു നിൽക്കുകയായിരുന്നു പതിവ്. ഒരിക്കൽ ഞങ്ങളുടെ സംഗമം അച്‌ഛന്‍റെ കണ്ണിൽ പെട്ടു അതോടെ വീട്ടിൽ പൊട്ടിത്തെറിയായി. ഫഹദ്സാർ ഒരു മുസൽമാനാണെന്ന അറിവ് വീട്ടിലെ അന്തരീക്ഷത്തെ കാർമേഘാ വൃതമാക്കി. ഇടിയും മിന്നലും ആ അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങി ക്കൊണ്ടിരുന്നു.

ഞാൻ പുറത്തിറങ്ങുമ്പോൾ നിരീക്ഷിക്കാൻ അനുജത്തിമാരെ അച്‌ഛൻ നിയോഗിച്ചു. പക്ഷേ അവർ എന്നോടൊപ്പം നിൽക്കുന്നവരാണെന്ന് അച്‌ഛനറിയില്ലല്ലോ…. ഒടുവിൽ അനുജത്തിമാരുടെ എസ് കോർട്ടും സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയ അച്‌ഛൻ ഞാൻ പുറത്തിറങ്ങാതിരിക്കാൻ കർശന നിർദ്ദേശം വച്ചു.

“നിനക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ ലൈബ്രറിയിൽ നിന്നും എടുത്തു തരാം…” ഒടുവിൽ ഗത്യന്തരമില്ലാതായ ഞാൻ അച്‌ഛന്‍റെ കാലുപിടിച്ച് കരഞ്ഞു.

“അച്‌ഛാ…. ഫഹദ് സാറിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ എന്നെ നിർബന്ധിക്കരുത്.” എന്‍റെ കണ്ണുനീർ അച്‌ഛന്‍റെ കാൽച്ചുവട്ടിൽ വീണു ചിതറി.

“ഒരു മുസൽമാനെ വിവാഹം കഴിക്കാനോ ഒരിക്കലും ഞാനതിനനുവദിക്കുകയില്ല… നിന്‍റെ വിവാഹം ഞാൻ നമ്മുടെ ജാതിയിലുള്ള മറ്റൊരാളുമായി നടത്തും…”

മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛന്‍റെ ഉഗ്രശാസനം ആ വീടിനുള്ളിൽ മുഴങ്ങി.

“വിവാഹം കഴിയുന്നതു വരെ അവളിനി ഈ വീടിനു പുറത്തിറങ്ങരുത്. അതുവരെ ഒരു നേരത്തെ അൽപാഹാരം മാത്രം നൽകിയാൽ മതി.”

അച്‌ഛൻ അമ്മയോടു പറഞ്ഞു. അച്‌ഛന്‍റെ കൽപന കല്ലിനെ പോലും പിളർക്കുന്നതായിരുന്നു. എന്‍റെ ബെഡ് റൂമിൽ തടങ്കലിലായ എന്നെത്തേടി ഫഹദിന്‍റെ ദൂതർ വന്നു. എന്‍റെ കൂട്ടുകാരായ അഭിലാഷും, നിമിഷയും, ആനന്ദും… അവർ ഏതെങ്കിലും രീതിയിൽ എന്നെ രക്ഷിക്കാനാകുമെന്നു കരുതി ഒളിച്ചും പാത്തും എന്‍റെ വീടിനരികിലെത്തി. എന്നാൽ അച്‌ഛന്‍റെ സുരക്ഷാ കവചങ്ങൾക്കുള്ളിൽ ബന്ധിതയായ എന്നെ ഒരു നോക്കു കാണുവാൻ പോലും അവർക്ക് കഴിഞ്ഞില്ല.

അൽപാഹാരം മാത്രം കഴിച്ച് ദിനംതോറും ഞാൻ ക്ഷീണിച്ചു വന്നു മാത്രമല്ല അസുഖബാധിതയുമായി. അതുകണ്ട് അമ്മയുടെ മനസ്സലിഞ്ഞു. അമ്മ അച്‌ഛൻ കാണാതെ എനിക്കാവശ്യമുള്ള ആഹാരം എത്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ അച്‌ഛൻ അതുകണ്ടു പിടിച്ച് അമ്മയെ വഴക്കു പറഞ്ഞു.

“നിനക്കും ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാം…” അച്‌ഛൻ താക്കീതു നൽകി. അമ്മ ഒരു കുറ്റവാളിയെ പോലെ അച്‌ഛന്‍റെ മുമ്പിൽ നിന്നു. എന്നാൽ ഒടുവിൽ ധൈര്യം സംഭരിച്ച് അമ്മ ചോദിക്കുന്നത് കേട്ടു.

“ഇങ്ങിനെ പീഢിപ്പിക്കുവാൻ മാത്രം എന്തു തെറ്റാണ് അവൾ ചെയ്‌തത്? ഒരാളെ സ്നേഹിച്ചു എന്നതാണോ അവൾ ചെയ്‌ത് കുറ്റം?”

“അതെ അതൊരു വലിയ കുറ്റം തന്നെയല്ലേ?” നമ്മുടെ അറിവോ സമ്മതമോ കൂടാതെ അവൾ ഒരാളെ കണ്ടെത്തിയത്. അതും ഒരു മുസൽമാനെ…”

“മുസൽമാനെന്താ മനുഷ്യനല്ലെ? നിങ്ങളിങ്ങനെ ഇടുങ്ങിയ മനസ്‌ഥിതിക്കാരനായി പ്പോയല്ലോ…”

അമ്മ ഒരു വക്കീലിന്‍റെ ഭാര്യയിക്കിണങ്ങും വിധം വാദഗതികൾ നിരത്തി. എന്നാൽ അച്ഛൻ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “അവളെന്താ ഒരു ഹിന്ദു മുസ്ലീം ലഹളയ്ക്കൊരുങ്ങുകയാണോ?” ഇക്കാലത്ത് മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് ഇങ്ങനെ ഒരു വിവാഹം നടത്താനോ? അതൊരിക്കലും നടക്കുകയില്ല. അല്ലെങ്കിൽ പ്പിന്നെ അവരുടെയിടയിൽ ചെന്ന് അവൾ മതം മാറേണ്ടി വരും. അതൊരിക്കലും ഞാനനുവദിക്കുകയില്ല. അൽപം കഴിഞ്ഞ് അച്‌ഛൻ കടുപ്പിച്ചു പറഞ്ഞു.

“ഈ വീട്ടിൽ എല്ലാവരും ഞാൻ പറയുന്നതനുസരിച്ചാൽ മതി…”

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. എങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു കോടതിയിലെന്ന പോലെ അമ്മ എനിക്കു വേണ്ടി അച്‌ഛന്‍റെ മുന്നിൽ വാദഗതികൾ നിരത്തിക്കൊണ്ടിരുന്നു. ആരും കാണാതെ എനിക്കുള്ള ആഹാരം മുറിയിലെത്തിക്കുകയും ചെയ്‌തു. അച്‌ഛൻ അതു കണ്ടുപിടിച്ചു ശാസിക്കുമ്പോൾ അമ്മ പലപ്പോഴും അച്‌ഛനോട് തട്ടിക്കയറി.

“ഞാനെന്താ എന്‍റെ കുഞ്ഞിനെ പട്ടിണിയ്ക്കിട്ടു കൊല്ലണേ? അവളെ പ്രസവിച്ച എനിക്കതിനാവില്ല. അവൾക്കു വേണ്ടി ഈ വീടുവിട്ടിറങ്ങാനും ഞാൻ തയ്യാറാണ്.”

അമ്മയുടെ ധീരമായ മറുപടി കേട്ടിട്ടാവണം അച്‌ഛൻ പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും യുദ്ധത്തിൽ തോറ്റു പിന്മാറാനിഷ്ടപ്പെടാത്ത രാജാവിനെ പോലെ അച്‌ഛൻ എനിക്കുള്ള കാവൽ ശക്തമാക്കി. ഗേറ്റിൽ സെക്യൂരിറ്റിയെ കാവൽ നിർത്തിയ അച്‌ഛൻ, കോടതിയിൽ പോകുമ്പോൾ വീട്ടിനുള്ളിലുള്ളവരുടെ നീക്കങ്ങൾ അറിയിക്കാൻ അയാളെ ശട്ടം കെട്ടി. ഒടുവിൽ ഒരു ദിവസം തലക്കറക്കമാണെന്നും ഹോസ്പിറ്റലിൽ പോകണമെന്നും പറഞ്ഞ്, അച്‌ഛനില്ലാത്ത നേരത്ത് അനുജത്തിമാരുടേയും അമ്മയുടേയും സഹായത്താൽ വീടിനു പുറത്തു കടന്നു.

സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായു ശ്വസിച്ച ഞാൻ ഒരു റിക്ഷ പിടിച്ച് കോളേജിലെത്തി. സമയം ഒട്ടും പാഴാക്കാതെ ഫഹദ് സാറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തേയും കൂട്ടി ബസ് സ്റ്റാൻഡിലെത്തി. പിന്നെ ഞങ്ങൾ ഇരുവരും കൂടി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ സ്നേഹത്തിന്‍റെ ഒരു സാഗരം നെഞ്ചിലൊളിപ്പിച്ച് ഫഹദ് സാറിന്‍റെ ഉമ്മ ഇരുകൈകളും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

“ഞാൻ കാത്തിരിയ്ക്കാരുന്നു, ഈ മൊഞ്ചത്തീനെ ഒന്നു കാണാൻ… ജ്‌ജ ഇപ്പളെങ്കിലും ഓളെ കൊണ്ടുവന്നൂലോ… മോള് ഒന്നുകൊണ്ടും ബിഷ്മിയ്ക്കേണ്ട… ഇബ്ടെ മോക്ക് ഒരു കുറവും വരുത്താതെ ഉമ്മ നോക്കിക്കൊളാം. ”

ഫഹദ് സാറിന്‍റെ ഉമ്മ സ്നേഹ സാഗരത്തിലാറാടിച്ച് എന്നെ വീർപ്പു മുട്ടിച്ചു.

പിന്നീട് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. രജിസ്റ്റർ ഓഫീസിൽ വച്ച് കല്യാണം നടത്താനായിരുന്നു തീരുമാനം. കാരണം അച്‌ഛൻ പറഞ്ഞതു പോലെ മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് അക്കാലത്ത് ഇത്തരത്തിൽ ഒരു മിശ്ര വിവാഹം നടത്തുകയെന്നാൽ അത് ഒരു ലഹളയ്ക്കു തന്നെ കാരണമായേക്കാം. അതുകൊണ്ട് ഒരു മുസ്ലീം സ്ത്രീയായിത്തന്നെ എന്നെ അവിടത്തെ ആൾക്കാരുടെ മുന്നിൽ അവതരിപ്പിക്കാനായിരുന്നു ഉമ്മയുടെ ശ്രമം. എതിർപ്പുണ്ടായിരുന്നുവെങ്കിലും ഞാൻ ഉമ്മയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നെ ഒരു ഹൂറിയെപ്പോലെ അണിയിച്ചൊരുക്കുമ്പോൾ ഫഹദ് സാറിന്‍റെ ഉമ്മ പറഞ്ഞു.

“എന്‍റെ ഒരേയൊരു മകന്‍റെ നിക്കാഹ് ഈ വീട്ടിൽ വച്ച് നടത്താനായിരുന്നു അനക്ക് മോഹം, പക്ഷേങ്കില് അതിന് ഇബടത്തെ ചില ദേശവാസികൾ സമ്മതിക്കൂല്ല മോളെ… ഏതെങ്കിലും കാരണവശാൽ നീ ഹിന്ദുവാണെന്നറിഞ്ഞ് അവരും, ഹിന്ദുക്കളും കൂടിച്ചേർന്ന് വല്ല ലഹളയും അഴിച്ചു ബിട്ടാല് നമ്മള് അതിനെ നേരിടേണ്ടി വരും. അതുകൊണ്ട് ആരും അറിയാതെ നമുക്ക് ഈ നിക്കാഹ് നടത്താം…”

അതു പറയുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഉമ്മയുടെ കവിഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ഉമ്മ വിഷമിക്കരുത്… ഫഹദ് സാറിനു വേണമെങ്കിൽ ഒരു മുസ്ലീം ആകാനും ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹം എന്നോടൊരിക്കലും അങ്ങിനെ പറയില്ലെന്ന് എനിക്കറിയാം. കാരണം അദ്ദേഹം തികഞ്ഞ ഒരു ആദർശവാദിയാണ്. ഇത്തരം മതം മാറ്റത്തെ ഒന്നും അനുകൂലിക്കുന്ന ആളല്ല അദ്ദേഹം. മാത്രമല്ല എന്‍റേയും, ഫഹദ് സാറിന്‍റേയും മനസ്സിൽ ഈ വിവാഹം എന്നേ നടന്നു കഴിഞ്ഞു. ഇനി ഉമ്മയ്ക്ക് കാണാൻ വേണ്ടി പേരിനൊരു ചടങ്ങു മാത്രം മതി.”

ഞാൻ ഊഹിച്ചതു പോലെ ഉമ്മ എന്നെ ഒരു മുസ്ലീം വധുവാക്കുന്നതിനെ അദ്ദേഹം എതിർത്തു. “ഉമ്മ എന്താണീ കാണിക്കുന്നത്? മീര ഒരു ഹിന്ദു പെൺകുട്ടിയാണ്. അവളെ ആ രീതിയിൽ ജീവിതം മുഴുവൻ കാണുവാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു മുസ്ലീമായി മതം മാറ്റി അവളെ വിവാഹം ചെയ്യുവാനല്ല ഞാനിവിടെ കൊണ്ടു വന്നത്.”

ഉമ്മയുടെ വാദഗതികൾ ഒന്നും അവിടെ വിലപ്പോയില്ല. ഒടുവിൽ ഉമ്മയും മകനോടും യോജിച്ചു. രജിസ്‌റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്താൻ തീരുമാനമായി. ഉമ്മയുടെ കൈകളാൽ ഒരു ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഞാൻ ആ വേഷത്തിൽ അതിസുന്ദരിയായിരുന്നു.

“അന്‍റെ മോളെക്കാണാൻ ഇപ്പോൾ ഒരു ഹൂറിയെപ്പോലുണ്ട്, ഞങ്ങടെ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ. ഇപ്പം ഈ വേഷത്തിൽ മോളെ ക്കണ്ടാൽ ആരും കൊതിച്ചു പോകും. എന്‍റെ ഫഹദ് ഒരു ഭാഗ്യവാനാണെ…” ഉമ്മ മതിമറന്ന് സന്തോഷിച്ചു കൊണ്ടു പറഞ്ഞു.

രജിസ്റ്റർ ഓഫീസിലെ കല്യാണച്ചടങ്ങുകൾക്ക് സാക്ഷികളാവാൻ എന്‍റെ സുഹൃത്തുക്കളെത്തി. ആനന്ദും, അഭിനവും, നിമിഷയും പക്ഷേ ഞങ്ങൾ രജിസ്റ്റർ ഓഫീസിലെത്തിയപ്പോൾ അന്ന് ഓഫീസിന് അവധി ദിനമാണ്. പിന്നെ എന്തു വേണ്ടു എന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് അവർ പറഞ്ഞു. “നമുക്കീ വിവാഹം ഈ രജിസ്റ്റർ ഓഫീസിന്‍റെ മുമ്പിൽ വച്ചു തന്നെ നടത്താം. പിന്നീടെപ്പോഴെങ്കിലും വന്ന് നിങ്ങൾ ഒപ്പിട്ടാൽ മതി. ഞങ്ങൾ സാക്ഷികളായെത്താം.”

തങ്ങൾ കയ്യിൽ കരുതിയിരുന്ന പൂമാലയും താലിയും ഞങ്ങൾക്കു നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു. മഴമേഘങ്ങൾ മൂടി നിന്ന ഹൃദയാകാശച്ചെരുവിൽ ഉരുണ്ടു കൂടിയ കണ്ണുനീർ മുത്തുകൾ. അവ വിവാഹശേഷം ആനന്ദകടലായ് പെയ്തു തീർന്നപ്പോൾ കൂട്ടുകാർ എന്നെ സമാശ്വസിപ്പിച്ചു.

“നീ ഭാഗ്യവതിയാണ് മീര… എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാൽ മതി. നീ കൊതിച്ചതു തന്നെ നിനക്ക് വിധിച്ചല്ലോ. ഫഹദ് സാർ നിന്നെ പൊന്നു പോലെ നോക്കും…”

നിർമ്മല സൗഹൃദത്തിന്‍റെ നറും മാല്യങ്ങളണിയിച്ച് ഞങ്ങളെ കൂട്ടിയിണക്കുമ്പോൾ അവർ പറഞ്ഞു. പ്രപഞ്ചാകാശത്തിന്‍റെ അനന്ത വിശാലതയിൽ ഞങ്ങളെ രണ്ടിണക്കിളികളെപ്പോലെ പാറി നടക്കാൻ അനുഗ്രഹിച്ച് അവർ യാത്രയായി.

ഫഹദ് സാറിന്‍റെ വീട്ടിലെത്തിയ എന്നെ സ്നേഹിക്കാൻ അമ്മയും മകനും പരസ്പരം മത്സരിച്ചു. അവിടെ ഒരു കൊച്ചു സ്വർഗ്ഗം പണിതുയർത്തി ഞങ്ങൾ കഴിഞ്ഞു. അങ്ങിനെ ഏഴുനാളുകൾ ചിറകു വച്ച് പറന്നകന്നു. മനസ്സും, ശരീരവും ഒന്നായി സ്വർലോക ഗംഗയിൽ നീരാടിയ ഏഴുനാളുകൾ, എൻറ ജീവിത പുസ്തകത്തിന്‍റെ ഏടുകളിൽ പൊൻതൂവലാ ചേർത്തു വച്ചു.

ഇതിനിടയിൽ ഞങ്ങളുടെ വിവാഹത്തിന് നിയമസാധുത തേടുന്നതിനെക്കുറിച്ച് ഞങ്ങൾ മറന്നു. ഒടുവിൽ ഞങ്ങളുടെ മകളെ കാണാനില്ല എന്ന അച്‌ഛന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനൊടുവിൽ ഫഹദ്സാറിന്‍റെ വീട്ടിൽ എന്നെ കണ്ടെത്തി. അച്‌ഛന്‍റെ സുഹൃത്തായ ഡിസിപി മുഖാന്തിരം എന്നെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് നിർബന്ധപൂർവ്വം പിടിച്ചിറക്കി.

“ഇങ്ങോട്ടിറങ്ങി വാടീ… അവൾ വന്നു താമസിക്കാൻ കണ്ടു പിടിച്ച ഇടം കൊള്ളാം. ഒരു മുസൽമാന്‍റെ വീട്ടിൽ…” അച്‌ഛൻ ശാസനയോടെ എന്നെ പിടിച്ച് വലിച്ച് കാറിനകത്തേയ്ക്കു തള്ളി. എന്നെ തട്ടിക്കൊണ്ടു വന്നതിന്‍റെ പേരിൽ കള്ളക്കേസ് ചമച്ച് ഫഹദ് സാറിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഞങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലാത്തത് അവരുടെ വാദത്തിന് ബലമേകി.

എന്നാൽ അപ്പോഴേയ്ക്കും എവിടെ നിന്നെന്നറിയാതെ കുറേപ്പേർ അവിടെ വന്നെത്തി. അവരിൽ മുസ്ലീങ്ങളും, ഹിന്ദുക്കളും ഉണ്ടായിരുന്നു.

“ഞമ്മടെ നാട്ടീവന്ന് പോലീസ് അതിക്രമം കാണിക്കുന്നോ? ഒരുത്തനെ ഇങ്ങനെ പിടിച്ചു കൊണ്ടു പോകാൻ ഇവൻ എന്തു കുറ്റാ ശെയ്തത്…” മുസ്ലീങ്ങൾ ആക്രോശിച്ചു.

ആ നാട്ടിലെ പ്രമാണിയായ ഒരു മുസ്ലീം അടുത്തെത്തി പോലീസിനോട് വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് ആ വീട്ടിൽ ഇത്ര ദിവസവും അനാഥയാണെന്ന ധാരണയിൽ കഴിഞ്ഞത് ഒരു ഹിന്ദു വധുവാണെന്ന് അവരറിഞ്ഞത്. ഞാൻ ഒരു മുസ്ലീമാണെന്ന ധാരണയിൽ അവർ മിണ്ടാതിരിക്കുകയായിരുന്നു. ഞാൻ അനാഥയാണെന്നും മാത്രമല്ല ഞങ്ങളടെ വിവാഹം ആ വീട്ടിൽ വച്ച് അടുത്തു തന്നെ ഉണ്ടാകും എന്നും ഉമ്മ കള്ളം പറഞ്ഞിരുന്നു. യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവിടെ കൂടിയ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വാക്കേറ്റമായി.

ഒടുവിൽ അതിന് ഒരു ലഹളയുടെ സ്വഭാവം കൈവരുന്നത് ഞങ്ങൾ കണ്ടു. പലരും മാരകായുധങ്ങളുമായി വന്നെത്തി എതിരിടാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന പോലീസ് ക്രമസമാധാനം പാലിക്കാൻ ആവുന്നത്ര ശ്രമിച്ചു. ജനങ്ങളിൽ കുറെപ്പേർ ഞങ്ങൾക്കനുകൂലമായിരുന്നു. അവർ ഫഹദ് സാറിനെ അറസ്റ്റ് ചെയ്‌തു കൊണ്ട് പോകുന്നതിനെയും എന്നെ പിടിച്ചു കൊണ്ടു പോകുന്നതിനെയും എതിർത്തു കാര്യം പന്തിയല്ലെന്നു കണ്ട് അച്‌ഛൻ വേഗം കാറിൽ കയറി.

ഡ്രൈവറോട് പറഞ്ഞ് എന്നെയും കൊണ്ട് അതിവേഗം കാറോടിച്ച് എറണാകുളത്തേയ്ക്ക് പോന്നു. ഞാൻ കരഞ്ഞു ബഹളം വച്ചു. കാറിൽ നിന്നും പുറത്തു ചാടാൻ നോക്കി, എന്നാൽ അച്‌ഛന്‍റെ കൈകൾ എന്നെ ബലമായി പിടിച്ചിരുന്നു. അങ്ങിനെ പണത്തിന്‍റെ ബലത്തിൽ പോലീസുകാരെ സ്വാധീനിച്ച് എന്നെ വീണ്ടെടുത്ത അചഛൻ, പുറം ലോകം കാണാനാവാത്തവിധം എന്നെ വീട്ടുതടങ്കലിലാക്കി.

“ഇനി ഈ വീടുവിട്ടിറങ്ങിയാൽ അന്നു നിന്‍റെ അവസാനമായിരിക്കും… ഞാൻ പറയുന്നതനുസരിക്കാൻ നിനക്ക് കഴിയുമോന്നറിയണമല്ലോ?” അന്ത്യശാസനം മുഴക്കി അച്‌ഛൻ നടന്നകന്നു. അങ്ങിനെ ദിനങ്ങൾ കണ്ണുനീർ പുഷ്പങ്ങളായി എന്‍റെ മുന്നിൽ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അച്‌ഛന്‍റെ ആജ്ഞയനുസരിച്ച് അമ്മ നൽകിയ ഒരു നേരത്തെ അൽപാഹാരം മാത്രമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ.

ആ ദിനങ്ങളിൽ, പഞ്ജരത്തിലെ കിളിയെപ്പോലെ ഞാൻ ശ്വാസം മുട്ടി പിടഞ്ഞു കൊണ്ടിരുന്നു.

മൊബൈൽ ഫോൺ പോയിട്ട്, ലാൻഡ് ഫോൺ പോലും വേണ്ടത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് ഫഹദ് സാറിന്‍റെ വിവരങ്ങളറിയാതെ ഹൃദയം വീർപ്പുമുട്ടി. എനിക്ക് സ്നേഹത്തിന്‍റെ പാൽച്ചോറ് വിളമ്പിത്തന്ന് ഊട്ടിയുറക്കിയ ഫഹദ് സാറിന്‍റെ ഉമ്മയെ ഓർത്ത് മനസ്സ് വിലപിച്ചു. ഒടുവിൽ എന്‍റെ അനുജത്തിമാരുടെ കൈകളിൽ എന്‍റെ സുഹൃത്തുക്കൾ കൊടുത്തുവിട്ട കത്തുകളിലൂടെ ഞാനാ കദന കഥയറിഞ്ഞു. ഒരിക്കൽ ജയിൽ സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്നും അവർ ആ കത്തുകൾ വാങ്ങി സൂക്ഷിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ കൈപ്പടയിലെഴുതിയ കത്തുകൾ ഞാനാർത്തിയോടെ പൊട്ടിച്ചു വായിച്ചു.

അന്ന് ലഹളയുണ്ടാക്കിയ മറ്റു പലരോടൊപ്പം അറസ്റ്റിലായ ഫഹദ് സാറിനെ പോലീസുകാർ അടിച്ചവശനാക്കി മൃതപ്രായനാക്കി. ആ നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാൻ നേതൃത്വം നൽകി എന്ന കള്ളക്കേസു കൂടി അവർ അദ്ദേഹത്തിനെതിരെ ചമച്ചുണ്ടാക്കി. ഒടുവിൽ പോലീസ് മർദ്ദനത്തെത്തുടർന്ന് അവശനായ അദ്ദേഹമിപ്പോൾ ഹോസ്പിറ്റലിലാണെന്നും ഞാനാ കത്തിലൂടെ അറിഞ്ഞു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...