ഗീതു നീ എനിക്ക് കത്തയച്ചതിലുള്ള വിസ്മയം എന്നിലിപ്പോഴും ഒഴിയുന്നില്ല. എല്ലാ നവീന സാങ്കേതിക മാർഗ്ഗങ്ങളും പരിചിതമായിരുന്നിട്ടും നീ എനിക്ക് കത്തെഴുതുക.....
ഈയൊരു കർമ്മത്തോടുള്ള കൃതജ്ഞത കൊണ്ടാണ് ഞാൻ നിനക്ക് ഉടനെ മറുപടിയും അയക്കുന്നത്
എന്നെക്കാൾ സൈറയുടെ സുഖന്വേഷണങ്ങൾ അറിയാനുള്ള ആർത്തിയായിരുന്നല്ലോ കത്തിൽ മുഴുവൻ .....
സൈറയുടെ പ്രകൃതം നിനക്കറിയില്ല. സ്വഭാവമറിയില്ല. സൈറ എന്‍റെ ഭാര്യയാണെന്നു മാത്രമേ നിനക്കറിയു.
ഞാനോ? നിന്‍റെ കൂടെ പഠിച്ചിരുന്നയാൾ ഒരു കാലത്ത് എന്‍റെ പിന്തുണയില്ലാതൊന്നും ചെയ്യുവാൻ നിനക്ക് കഴിഞ്ഞിരുന്നില്ലല്ലോ.
ഇടയ്ക്ക് നീ പറയുമായിരുന്നു. നീയുമായി മാത്രമാണ് ഇങ്ങനെയൊരു ഷെയറിംഗ് ഉള്ളതെന്നു ഗീതു പഠിച്ചിടത്തൊന്നും പഠിക്കുവാൻ ജീവിതാവസ്ഥകൾ കൊണ്ട് നോക്കുമ്പോൾ എനിക്ക് അർഹതയുണ്ടായിരുന്നില്ല.
പക്ഷെ അച്ഛന് നിർബന്ധമായിരുന്നു. തന്നിൽ കിളിർക്കാതെ പോയ വിദ്യയുടെ വിത്തുകൾ മകനിലെങ്കിലും തളിർക്കണമെന്ന്.......
പഠിക്കുന്ന കാലത്തേ ഗീതു സമ്പന്നയായിരുന്നു. സംസാരത്തിലും പoനത്തിലും മാത്രമല്ല വേഷത്തിലും......
സ്റ്റേറ്റ്സിലും ദുബായിലുമൊക്കെ വർഷങ്ങളായി കുടുംബസമേതം കഴിയുന്ന അമ്മാവന്മാരെക്കുറിച്ച് അവളെന്നോടു് അഹങ്കാരം അശേഷമില്ലാതെ പറയുമായിരുന്നു.
സമ്പന്നയായിട്ടും അഹങ്കാരമൊട്ടും പ്രകടിപ്പിക്കാത്തത് കൊണ്ടുമാകും ഗീതുവിനെ താനിഷ്ടപ്പെട്ടത്. മറ്റു കുട്ടികൾ കാറിലും ടൂവീലറിലുമൊക്കെ സ്ക്കൂൾ മുറ്റത്ത് വന്നിറങ്ങുമ്പോൾ അവൾ വന്നിരുന്നത് ബസ്സിലാണ്.
സ്ക്കൂൾ കഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോഴും ഗീതു ഇതേരീതിയിൽ തന്നെയാണ് വന്നിരുന്നത്.
കോളേജിൽ പഠിക്കുമ്പോളൊരു ഡ്രാമയിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ മറ്റ് പെൺകുട്ടികളൊക്കെയതിൽ നിന്ന് പിന്മാറിയപ്പോൾ ഗീതുവാണത് ചെയ്തത്.
അക്കുറി കോളേജിലെ ഏറ്റവും നല്ല നടിയുമായി ഗീതു ......
ഗീതു ഇപ്പോളെന്‍റെ മകൾ ഞാനും നീയുമൊക്കെ ശ്രമിച്ച് പരാജയപ്പെട്ടൊരു ദൗത്യം വിജയകരമാക്കുന്നതിനുള്ള ശ്രമത്തിലാണ്.
അവളൊരു അന്യമതസ്ഥനെ സ്നേഹിക്കുന്നു. അവനെ മാത്രമേ ഭർത്താവായി സ്വീകരിക്കുവെന്നാ മകൾ പറയുന്നത്.
അല്ലെങ്കിൽ മകൾ ജീവനോടുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.
എന്നാൽ സൈറ പറയുന്നത് അവൾ ജീവിച്ചിരിപ്പുള്ള കാലത്തോളമിത് അനുവദിക്കില്ലെന്നാണ്.
പതിനഞ്ചു്വർഷം നീണ്ട ദാമ്പത്യമാണെങ്കിലും ഞങ്ങൾക്ക് കുട്ടികളില്ലെന്ന് ഗീതുവിനു് അറിയാമല്ലോ?
അങ്ങനെയാണ് മലബാറിലെ ഒരനാഥലയത്തിൽ നിന്നൊരു പെൺകുട്ടിയെ ദത്തെടുത്തത്. ആ വളർത്തുമകളാണിപ്പോളൊരു അന്യമതസ്ഥനുമായി .....
എത്ര പറഞ്ഞിട്ടും സൈറയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല. മനസ്സിലായിട്ടും മനസ്സിലാകുന്നില്ലെന്ന്വല ഭാവിക്കുകണോയെന്നും അറിയില്ല.
ഗീതുവിനു് അറിയോ? ഇപ്പോഴും രണ്ട് മനസ്സാണേതു പ്രശ്നത്തിനും ഞങ്ങൾക്ക്. യോജിക്കാവുന്നിടത്തൊക്കെ അവൾ വിയോജിക്കുന്നു.
പലപ്പോഴും തോന്നാറുണ്ട്. ഇങ്ങനെയൊരു ഭാര്യ എന്തിനാണെന്ന്? ഉപേക്ഷിക്കാനാണെങ്കിൽ ധൈര്യവുമില്ല. പെൺ ശാപം വിടാതെ പിന്തുടരുമെന്നാ പഴമക്കാർ പറയുന്നത്.
ഉദാഹരണങ്ങൾക്കാണെങ്കിലൊരു പഞ്ഞവുമില്ല ചുറ്റുവട്ടത്ത് ...
ഗീതു ഞാനിപ്പോൾ മകൾ വിളിച്ചോണ്ട് വരുന്ന അന്യ മതസ്ഥനെ സ്വീകരിക്കാനുളള ശ്രമത്തിലാണ്.
അവൾ അച്ഛനെ പോലെ പരാജയത്തിന്‍റെ കയ്പല്ല ജീവിതത്തിലുടനീളം അനുഭവിക്കേണ്ടത്. വിജയത്തിന്‍റെ മധുരമാണ്.......
മകൾ അന്യമതസ്ഥനെ സ്വീകരിക്കുന്നതോടെ സൈറ എന്നെ ഉപേക്ഷിച്ച് പോകുമെന്നെനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ട്.
ഗീതു നീ അപ്പോൾ എന്‍റെ അടുത്തു് വരുമോ? അങ്ങനെ നമ്മൾ പാതി വഴിയിൽ കണ്ട് നിർത്തിയ ജീവിത സ്വപ്നങ്ങൾക്ക് പൂർണ്ണത നൽകാം.....