ഇരുപത്തൊമ്പതുകാരനായ രാഹുൽ ഒരു കമ്പനിയുടെ പ്രോജക്ട് മാനേജരാണ്. ആദ്യ പ്രണയത്തെ കുറിച്ച് പറയുമ്പോൾ രാഹുൽ ആദ്യം ഓർമ്മിക്കുന്നത് തന്‍റെ ആദ്യത്തെ ക്രഷ് തന്നെ.
“ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയത്. എന്നേക്കാൾ ഒരു ക്ലാസ് താഴെയാണ് അവൾ പഠിച്ചിരുന്നത്. സ്കൂളിൽ അവൾ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ഞാനും അവളുടെ ആരാധകനായിരുന്നു. ഒരു ഡാൻസ് കോമ്പറ്റീഷനിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് എന്നതു മാത്രമാണ് ആകെ അടുത്തിടപഴകിയ അവസരം. പക്ഷേ ആ ദിവസങ്ങളിൽ അവളെ കാണാൻ ഞാൻ എത്ര തീവ്രമായി ആഗ്രഹിച്ചിരുന്നു എന്നതോർക്കുമ്പോൾ ഇപ്പോഴും അദ്ഭുതം തോന്നും. അവളെ കാണുമ്പോൾ ഉള്ള സന്തോഷവും കാണാതിരിക്കുമ്പോഴുള്ള വെപ്രാളവും. എന്തൊരു അവസ്‌ഥയായിരുന്നു അത്. പത്താം ക്ലാസ് കഴിഞ്ഞ് വഴി പിരിഞ്ഞപ്പോൾ അതും വിട്ടു പോയി. ഇപ്പോൾ അതൊരു രസമുള്ള ഓർമ്മ മാത്രമാണ്. അത് ലവ് അല്ല, ഇൻഫാക്ച്വേഷൻ ആയിരുന്നു എന്ന് മനസ്സിലാക്കിയത് വളരെനാൾ കഴിഞ്ഞാണ്.”
ഇൻഫാക്ച്വേഷൻ എന്നത് കുറച്ചുനാൾ മാത്രം തോന്നുന്ന ഒരു ആരാധന കലർന്നൊരു ഇഷ്ടം മാത്രമായിരിക്കുമെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ഇൻഫാക്ച്വേഷൻ അഥവാ ആകർഷണത്തെ പ്രണയം ആയി ചിലർ തെറ്റിദ്ധരിക്കാറുണ്ട് എന്നതാണ് വാസ്തവം.
അതി തീവ്രമായ ആകർഷണം തോന്നുന്ന ആ കാലയളവിൽ ആ വ്യക്തിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും, ഉറക്കത്തിലും ചിന്തയിലും എല്ലാം ആ വ്യക്‌തി നിറയും. ഇൻഫാക്ച്വേഷൻ ഒരു ബാധ പോലെ ബ്രെയിൻ കെമിസ്ട്രിയുടെ ഭാഗമാകുകയാണ് പിന്നെ.
മെലിഞ്ഞ, സ്മാർട്ടായ സ്ത്രീകളോട് പുരുഷന്മാർ ആകർഷിക്കപ്പെടുന്നു. സ്ത്രീകൾക്കാകട്ടെ തങ്ങളെക്കാൾ ഉയർന്ന ബുദ്ധി നിലവാരമോ, കഴിവോ ഉള്ള പുരുഷന്മാരോട് ആകർഷണം തോന്നുന്നു. പൊതുവേ ഇങ്ങനെ പറയുമെങ്കിലും ഇതിൽ സാമൂഹ്യ ചുറ്റുപാടുകൾക്കനുസരിച്ച് വേറെയും മാറ്റങ്ങളുണ്ട്. ഇൻഫാക്ച്വേഷൻ ആയാൽ പിന്നെ അതു പ്രണയമാണെന്ന് തോന്നുക സ്വാഭാവികമാണ്. പക്ഷേ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് പ്രണയമല്ല എന്ന് സ്വയം മനസ്സിലാവുകയും ആ വ്യക്‌തിയെ തലച്ചോർ മറക്കാൻ തുടങ്ങുകയും ചെയ്യും.
ഇൻഫാക്ച്വേഷൻ തിരിച്ചറിയാം
നിങ്ങൾക്ക് ഒരാളോട് തോന്നിയ വികാരം ആകർഷണമാണോ പ്രണയമാണോ എന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്.
27 വയസ്സുള്ള ദേവിക പറയുന്നതു കേൾക്കൂ. “കോളേജിൽ പഠിക്കുമ്പോൾ എനിക്ക് വലിയ ടാലന്‍റഡ് ആയ ഒരു ക്ലാസ്മേറ്റിനോട് വലിയ ക്രേസ് തോന്നി. എനിക്ക് അയാളുമായി റിലേഷൻഷിപ്പിലാകാൻ ആഗ്രഹം തോന്നുകയും ചെയ്‌തു. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കക്ഷി എന്നെ ഡോമിനേറ്റ് ചെയ്‌തു തുടങ്ങി. കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ മനസ്സിൽ ആഗ്രഹിച്ച വ്യക്‌തിയും അയാളും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് മനസ്സിലായി. അതോടെ അയാളോടു തോന്നിയ അതല്ലെങ്കിൽ അയാളുടെ വ്യക്‌തി പ്രഭാവത്തോടു തോന്നിയ ആവേശം കെട്ടടങ്ങിത്തുടങ്ങി. ഞങ്ങൾക്കിടയിൽ കോമൺ ഇന്‍ററസ്റ്റുകളും ഇല്ലായിരുന്നു. എനിക്ക് മനസ്സിൽ അയാളോടു തോന്നിയ വികാരങ്ങളൊക്കെ എവിടെയോ പോയൊളിച്ചു. ഞാനുമായുള്ള ബന്ധം നിലനിർത്താൻ അയാൾ പിന്നെയും ശ്രമിച്ചെങ്കിലും എന്‍റെ മനസ്സിൽ നിന്ന് അയാൾ മാഞ്ഞു പോയിരുന്നു.”
ഇത്തരം അവസഥകൾ പലർക്കും ഉണ്ടാകും. പരസ്പരം ആകർഷണം തോന്നി ഒരു മാസത്തിനുള്ളിൽ തന്നെ ഇതൊക്കെ കെട്ടടങ്ങി പോകും. അപ്പോൾ ചിലരൊക്കെ, അവൾ, അവൻ എന്നെ തേച്ചു എന്നു പറഞ്ഞേക്കാനും ഇടയുണ്ട്.
“നമ്മുടെ തലച്ചോറിൽ സ്‌ഥിതി ചെയ്യുന്ന പ്ലഷർ സെന്‍ററുകൾ ഡോപമിൻ കൂടുതൽ ഉൽപാദിപ്പിക്കുമ്പോഴാണ് ക്രഷ് ഇഫക്ട് ഉണ്ടാകുന്നതും അതിരില്ലാത്ത സ്നേഹം തോന്നുന്നതും.” കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റായ ഡോ.രവി ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
ഫീൽ ഗുഡ് ഹോർമോണുകളായ സെറോട്ടോനിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഒരു വ്യക്‌തിയുടെ മൂഡുകളെ സ്വാധീനിക്കുന്നത്. ക്രഷിനെ കാണുമ്പോഴും ആ വ്യക്‌തിയെ കുറിച്ചോർക്കുമ്പോഴും ഇവയുടെ ഉൽപാദനം കൂടുകയും സന്തോഷം തോന്നുകയും ചെയ്യും. ഈ അവസ്‌ഥയിൽ അതു പ്രണയമാണോ വെറും ആകർഷണമാണോ എന്നറിയാൻ പ്രയാസമാണ്.
എന്തു ചെയ്യണം?
ഒരാളോട് ആകർഷണം തോന്നിയെന്നിരിക്കട്ടെ, ആളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുമെങ്കിൽ അതു തന്നെയാണ് ആദ്യ കടമ്പ. ആകർഷണം നിലനിൽക്കുന്ന വേളയിൽ തന്നെ ക്രഷിന് അൽപം ഇടവേള നൽകി നോക്കുക, അപ്പോഴറിയാം യഥാർത്ഥ സ്‌ഥിതി.”
ക്രഷിന്‍റെ സ്വഭാവത്തിലെ, ജീവിതത്തിലെ മോശം കാര്യങ്ങളെ കുറിച്ചും കുറവുകളെക്കുറിച്ചും ചിന്തിക്കുക. യാഥാർത്ഥ്യം മനസ്സിലാക്കാൻ അതെല്ലാം സഹായിക്കും.
“എന്‍റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയോട് എനിക്ക് കടുത്ത ആകർഷണം തോന്നിയിരുന്നു. ഞാൻ അവളുടെ അടുത്തായിരുന്നു ക്ലാസിൽ ഇരുന്നത്. പക്ഷേ സംസാരിക്കാൻ ധൈര്യം കുറവായിരുന്നു. എന്‍റെ ക്രേസ് വർദ്ധിച്ചു വന്നു. അതിനിടയിൽ ഒരു ദിവസം ഞാനെന്‍റെ ഇഷ്‌ടം തുറന്നു പറഞ്ഞു. പക്ഷേ അപ്പോൾ അവൾ മറ്റാരെയോ സ്നേഹിക്കുന്നു എന്ന് തുറന്നു പറഞ്ഞു. അപ്പോൾ തോന്നിയ നിരാശയും സങ്കടവും മറ്റാനായി ഞാൻ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. ക്രഷിനെ കുറിച്ച് ചിന്തിക്കാൻ അവസരം കുറഞ്ഞതോടെ ആ ഇഷ്ടവും മനസ്സിൽ നിന്ന് മാഞ്ഞു.” തന്‍റെ അനുഭവം മറ്റുള്ളവർക്കു വേണ്ടി തുറന്നു പറയുകയാണ് ഇവന്‍റ്മാനേജർ ആയ ജയേഷ്.
വൈകാരികമായ ചിന്താവ്യതിയാനങ്ങൾ പലതും നിയന്ത്രിക്കാൻ വ്യായാമങ്ങൾ കൊണ്ടു കഴിയും. വ്യായാമം സെറോട്ടോണിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതു കൊണ്ടാണിത്. അതിനാൽ ടെൻഷനും ബ്രേക്ക്അപ്പും മാത്രമല്ല, മറ്റൊരാളോട് ആകർഷണം തോന്നുന്നു എന്ന് ചിന്തിക്കുമ്പോഴും വ്യായാമം നല്ലൊരു രക്ഷാമാർഗ്ഗമാണ്.
ഒരു വ്യക്‌തിയോട് ഇൻഫാക്ച്വേഷൻ തോന്നുമ്പോൾ, അവരുടെ ചലനങ്ങൾ, ശബ്ദം ഇതൊക്കെ വളരെ ശ്രദ്ധയോടെ നാം വീക്ഷിക്കും. സോഷ്യൽ മീഡിയയിലെ പ്രൊഫൈലുകൾ ഉണ്ടെങ്കിൽ അതു കൂടെ കൂടെ സന്ദർശിക്കും. എന്നാൽ ഇൻഫാക്ച്വേഷൻ തോന്നിയ വ്യക്തിയിൽ നിന്ന് എല്ലാ രീതിയിലും അകലം പാലിക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾക്കകം ആ വ്യക്തിയെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങും.
ക്രഷിനോട് തന്‍റെ ചിന്തകൾ വെളിപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷേ അതു സത്യസന്ധമായിരിക്കണം. രണ്ടു പേർക്കും, ഒരു ബന്ധത്തിലുണ്ടാകാവുന്ന കുറവുകളും ഗുണങ്ങളും മനസിലാക്കാൻ സത്യസന്ധമായ സമീപനം സഹായിക്കും.
പക്ഷേ എത്ര ആകർഷണം തോന്നിയാലും സെൽഫ് റെസ്പെക്ട് കൈവിടരുത് എന്നാണ് മന:ശാസ്ത്രജ്ഞർ നൽകുന്ന ഉപദേശം. ആദ്യം സ്വയം സ്നേഹിക്കുക, പിന്നെയും സ്വയം സ്നേഹിക്കുക താൻ ഇഷ്ടപ്പെട്ട ആൾ സ്നേഹിക്കുമ്പോഴാണ് സന്തോഷം കൂടുതലെന്ന ചിന്തയൊക്കെ മാറ്റി വച്ച് സ്വയം സ്നേഹിക്കുന്നതിന് മുൻതൂക്കം നൽകുന്നതാണ് സുരക്ഷിതം. മറ്റൊരു വ്യക്‌തിയെ കുറിച്ച് കൂടുതൽ ചിന്തിക്കുകയും അതിന്‍റെ പേരിൽ സ്വന്തം ജീവിതത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നതിലും വലിയൊരു നഷ്ടം വേറെയുണ്ടാവില്ല. ഇൻഫാക്ച്വേഷൻ അനാവശ്യമാണെന്ന് തോന്നിയാൽ, തിരക്കുള്ള ജീവിതശൈലിയിലേക്ക് മാറുകയാണ് ഏറ്റവും നല്ല മാർഗ്ഗം.
പ്രണയത്തിന്‍റെ പിന്നാലെ ഓടണ്ടാ, അതു സ്വയം നിങ്ങളെ തേടി വരും. അനായാസവും അന്ത്യമില്ലാത്തതുമായി രണ്ടുപേർക്കും തങ്ങളുടെ പ്രണയം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ പ്രണയം. അതായത് രണ്ടാൾക്കും ഒരുമിച്ച് ഒട്ടും നിർബന്ധമില്ലാതെ പരസ്പരം ഇഷ്ടം തോന്നണം. പിന്നാലെ നടന്നുനടന്ന് തോന്നിപ്പിക്കേണ്ടതല്ല പ്രണയം എന്നർത്ഥം. അപ്പോൾ ഉറപ്പിക്കാം സോൾമേറ്റിനെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.