യാത്ര എപ്പോഴും എനിക്കിഷ്ടം തന്നെയാണ്. ഓരോ യാത്രയും നമുക്ക് പല അനുഭവങ്ങളാണ് പകർന്നു നൽകുന്നത്. വ്യത്യസ്‌തതരം ആളുകളേയും അവരുടെ ജീവിത രീതികളേയും ഭാഷയേയും അടുത്തറിയാനാകും. ഷൂട്ടിനായി ലക്ഷദ്വീപിലേക്കു നടത്തിയ ട്രിപ്പ് എനിക്ക് അവിസ്മരണീയമാണ്. ഇതുവരെ കാണാത്ത, അല്ലെങ്കിൽ കേൾക്കാത്ത ഒരു ലോകത്തേക്കാണ് അതെന്നെ എത്തിച്ചത്. അത്രമാത്രം ആകർഷകമായിരുന്നു അവിടുത്തെ കാഴ്ചകൾ. മിയ തന്‍റെ യാത്രാനുഭവങ്ങൾ ഓർമ്മയിൽ ഇഴനെയ്യുകയാണ്. കണ്ണും കാതും മനവും നിറഞ്ഞ നിമിഷങ്ങളിലേക്ക് മിഴി തുറക്കുകയാണ് ഈ താരം.

സച്ചി ചേട്ടൻ സംവിധാനം ചെയ്‌ത അനാർക്കലി എൺപത് ശതമാനത്തോളവും ഷൂട്ട് ചെയ്‌തത് ലക്ഷദ്വീപിൽ തന്നെയാണ്. ഒരു അഡ്വഞ്ചറസ് മൂവിയാണിത്. സിനിമയിലുടനീളം കടലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. നമ്മൾ പറഞ്ഞുമാത്രം കേട്ടിട്ടുള്ള ലക്ഷദ്വീപിലെ കാഴ്ചകൾ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം തോന്നി. എന്നോടൊപ്പം രാജുചേട്ടൻ (പൃഥിരാജ്), ബിജുചേട്ടൻ (ബിജുമേനോൻ), സുരേഷേട്ടൻ (സുരേഷ് കൃഷ്ണ) എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിനാൽ ടീമംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചുള്ള ഒരു യാത്രയും കൂടിയായിരുന്നു അത്.

കപ്പൽ യാത്ര രസകരം

കൊച്ചിയിലെ വില്ലിംഗ്ടൺ ഐലന്‍റിൽ നിന്നും ഞങ്ങൾ പുറപ്പെടുമ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോളമായിരുന്നു. എല്ലാവരും വളരെ ജോളിയായിട്ടാണ് കാണപ്പെട്ടത്. താരങ്ങളും അണിയറ പ്രവർത്തകരും അടങ്ങിയ സംഘത്തിന്‍റെ യാത്ര. ഇതിനിടയിൽ തന്നെ സിനിമയുടെ ഭാഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. ക്രൂയിസിലെ മണിക്കൂറുകളോളമുള്ള യാത്ര ഒരനുഭവം തന്നെയാണ്. ഒരു പുതിയ സഥലത്തേക്ക് പോകുന്നതിന്‍റെ ആകാംക്ഷയും മനസ്സിലുണ്ടായിരുന്നു.

കപ്പൽ പുറപ്പെട്ട് അധികം വൈകാതെ തന്നെ ഞങ്ങൾക്ക് കേരളതീരവുമായുള്ള ബന്ധം ഇല്ലാതായി. മൊബൈലിനാണെങ്കിൽ റെയ്ഞ്ചും കിട്ടുന്നില്ല. ടിവിയും മൊബൈലും ഒന്നുമില്ലാതെയുള്ള യാത്ര. സന്ധ്യയാകുമ്പോഴേക്കും പുറത്തേക്ക് ഒരു കാഴ്ചയുമില്ല. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്‌ഥയും. പലപ്പോഴും ഷൂട്ടിനായി ക്രൂയിസ് പിടിച്ചിട്ടിരുന്നു. കപ്പലിൽ വച്ച് ഒരു സോംഗും ചിത്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അങ്ങനെ ഞങ്ങൾ തീരത്തേക്കടുത്തു. അവിടെയെത്തിയപ്പോൾ മൊബൈലിന് റേയ്ഞ്ച് ലഭിച്ചിരുന്നു.

ലക്ഷദ്വീപ് നേർക്കാഴ്ചകൾ

ആദ്യമായി ലക്ഷദ്വീപിലെത്തിയ ഞങ്ങളെ ആകർഷിച്ചത് അവിടത്തെ തെങ്ങുകൾ തന്നെയാണ്. നമ്മുടേതിനെക്കാളും അധികം തെങ്ങുകൾ അവിടെയുണ്ടെന്ന് തോന്നിപ്പോകും. എല്ലാം തൊട്ടു തൊട്ടു നിൽക്കുകയാണ്. അതിനു ചുവട്ടിലൂടെ നടക്കാൻ തന്നെപേടി തോന്നും. തേങ്ങയെങ്ങാനും താഴെ വീണാലോ… റോഡുകൾ ഒക്കെ കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്. പക്ഷേ അവയൊക്കെ തീരെ വീതി കുറഞ്ഞവയുമാണ്. പെട്രോൾ പമ്പൊന്നും അവിടെയില്ല.

പൂച്ചയും കോഴിയുമൊക്കെ ഇഷ്ടം പോലെ കാണാൻ കഴിയും. എന്നാൽ കാക്കയോ പാമ്പോ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ സാധനങ്ങൾ ഒക്കെ വാങ്ങാൻ കിട്ടും. പക്ഷേ അത് കൊച്ചിയിൽ നിന്നോ കോഴിക്കോട്ടു നിന്നോ എത്തിക്കുകയാണ്. അരി പോലും തീർന്നു പോയാൽ അതു വരുന്നതു നോക്കിയിരിക്കേണ്ട അവസ്‌ഥ. ഷോപ്പുകൾ അത്യാവശ്യം ഉണ്ട്. ഹോസ്പിറ്റൽ സൗകര്യവും ലഭിക്കും. തീയേറ്റർ അവിടെയില്ല. അവർക്ക് ടിവി തന്നെയാണ് ആശ്രയം.

സ്നേഹമുള്ള ദ്വീപുവാസികൾ

അവിടുത്തെ ജനങ്ങളുടെ സ്നേഹം കാണണം. ഞങ്ങൾ കേരളത്തിൽ നിന്നു വന്ന ഷൂട്ടിംഗ് സംഘമാണെന്ന് അറിഞ്ഞതു മുതൽ കാഴ്ചക്കാരായി നിരവധിയാളുകൾ എത്തിക്കൊണ്ടിരുന്നു. താരങ്ങളെയൊക്കെ അവർക്ക് വലിയ കാര്യമാണെന്നു തോന്നുന്നു. അവർ വീട്ടിലേക്ക് ക്ഷണിക്കും. അതൊക്കെ അവർക്ക് വലിയ സന്തോഷമാണ്. നമ്മളെ പരിചയമില്ലെങ്കിൽ പോലും അതൊന്നും കാണിക്കില്ല. പലരും കല്യാണമൊക്കെ ക്ഷണിക്കാൻ വന്നിരുന്നു. സ്നേഹമുള്ളവരും സൽക്കാരപ്രിയരുമാണ് അവിടുത്തുകാർ. ലക്ഷദ്വീപിലെ ഭക്ഷണമൊക്കെ തയ്യാറാക്കി തരും. വീടിന്‍റെ പരിസരമൊക്കെ വളരെ വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്. വേസ്‌റ്റ് ഒന്നും ഒരിടത്തും ഇട്ടു കണ്ടിട്ടില്ല.

അവർ നല്ലതുപോലെ മലയാളം സംസാരിക്കുന്നവരാണ്. പക്ഷേ അവരുടേതായ ജസീരി ലാംഗ്വേജാണ് കൂടുതലായി പറയുന്നത്. മലയാളികളെ കാണുമ്പോൾ മലയാളം പറയും. ചിലപ്പോൾ നമുക്ക് ഒന്നും മനസ്സിലാകില്ല. പിന്നെ, പുറകോട്ട് എന്നിവയൊക്കെ പറയുമ്പോൾ ഫലത്തിന്‍റെ ഫ യാണ് ഉപയോഗിക്കുന്നത്. അവരുടെ ഭാഷയ്‌ക്ക് ലിപിയില്ല.

ഞങ്ങൾ ചെല്ലുമ്പോൾ അവിടെ നല്ല ചൂടുള്ള ദിവസങ്ങളായിരുന്നു. 45 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. ഫുൾസീനും ഔട്ട്ഡോർ തന്നെ. 55 ഡിഗ്രി വരെ ഒക്കെ വന്ന ദിവസങ്ങളുണ്ട്. ഞങ്ങൾ ഇടയ്‌ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കും. മൂവിയുടെ പോർഷൻ ഡബ്ബ് ചെയ്യാൻ പോയപ്പോൾ ഞാൻ സീനുകൾ കണ്ടിരുന്നു. ലക്ഷദ്വീപിനെ നല്ലപോലെ അടുത്തറിയാൻ ഈ പടം സഹായിക്കും. ഹെലിക്യാം ഉപയോഗിച്ചും ഷൂട്ട് നടത്തിയിരുന്നു. അവിടുത്തെ കൾച്ചർ സിനിമയിൽ വ്യക്‌തമാക്കുന്നുമുണ്ട്.

സ്കൂബാ ഡൈവിംഗ് ത്രില്ലടിപ്പിച്ചു

എന്തൊരു രസ കരമായിരുന്നെന്നോ… ഞങ്ങൾ പലപ്പോഴായി സ്കൂബാ ഡൈവിംഗ് പ്രാക്ടീസ് ചെയ്തിരുന്നു. അതിനായി പ്രത്യേകം ഇൻസ്ട്രക്‌റ്റർ ഉണ്ടായിരുന്നു. രാജുചേട്ടനും ബിജുചേട്ടനുമൊക്കെ ഒഴിവു സമയത്തൊക്കെ കടൽ തീരത്തുതന്നെയായിരിക്കും. എന്നോടൊപ്പം സഹതാരങ്ങളായ പ്രിയാ ഗോയൽ, സംസ്കൃതി ഷേണായ് എന്നിവരും ഉണ്ടായിരുന്നു. എല്ലാവർക്കും സ്കൂബാ ഡൈവിംഗ് ഏറെയിഷ്ടമായി.

ചെറിയ പ്രാക്ടീസ് എടുത്തു മാത്രമേ നമുക്ക് കടലിലിറങ്ങാൻ കഴിയൂ. അബ്ദു, നിസാം എന്നീ രണ്ട് ഇൻസ്ട്രക്റ്റർമാരാണ് ഉണ്ടായിരുന്നത്. ഇവരുടെ നിർദേശപ്രകാരം സാൻഡി ബീച്ചിലാണ് ഞങ്ങൾ ഡൈവിംഗ് നടത്തിയത്. അബ്ദു ചീഫ് ഇൻസ്ട്രക്റ്ററാണ്. ഇദ്ദേഹമാണ് സർട്ടിഫൈ ചെയ്‌ത് നമ്മളെ കടത്തി വിടുക. ഭയങ്കര സപ്പോർട്ടീവായിരുന്നു. ഒരാളുടെ കൂടെ ഒരു ഇൻസ്ട്രക്റ്റർ വേണമെന്നാണ്, എങ്കിൽ മാത്രമേ ഡൈവിംഗിന് പോകാൻ കഴിയൂ.

ആദ്യ ദിവസം എനിക്ക് നാലുമീറ്ററും പിന്നെ പത്തു മീറ്ററും തുടർന്ന് പതിനഞ്ചു മീറ്ററും ആഴത്തിൽ പോകാൻ കഴിഞ്ഞു. രാജുചേട്ടൻ ഒരു സ്കൂബാ ഡൈവിംഗ് ഇൻസ്ട്രക്റ്ററുടെ റോളിലാണ്. ഡൈവിംഗ് സിനിമയിൽ നല്ലതുപോലെ ചിത്രീകരിച്ചിട്ടുമുണ്ട്. അത് നല്ലൊരു അനുഭവമായിരുന്നു.

വിശാലമായ ലോകം

അമ്പരപ്പിക്കുന്ന ഒരു ലോകമാണ് കടലിന്‍റെ അടിത്തട്ട്. അതിലെ കാഴ്ചകൾ ഒന്നു കാണണം. എന്തൊക്കെയാണ് ഈ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് തോന്നും. അയ്യയ്യോ, മീനുകളെയൊക്കെ ഒന്നു കാണേണ്ടതു തന്നെയാണ്. അക്വേറിയത്തിലെ മീനുകളൊന്നും ഒന്നുമല്ല. അതിലും എത്രയോ വെറൈറ്റികൾ. എന്തൊക്കെ കളറുകളിലാണ് അവ. അവയൊക്കെ നമ്മുടെ അടുത്തേക്ക് പാഞ്ഞു വരും. ഡൈവിംഗ് പോകുമ്പോൾ കയ്യിൽ ബ്രെഡ് കരുതിയിരിക്കും. മീനുകൾ നമ്മളെ പൊതിയും. അവ ഇരച്ചു വരും പിന്നെ കയ്യിൽ നിന്ന് ബ്രെഡ് കഴിക്കും. കൈയിലും കാലിലുമൊക്കെ അവ തട്ടിക്കളിക്കും. വലിയ മീനുകളേയും ഇതോടൊപ്പം കാണാം. തെരണ്ടി ഇനത്തിലുള്ളതും കണ്ടിരുന്നു. വയലറ്റ് നിറത്തിലുള്ള ഒരു തരം എന്തു രസമാണെന്നോ, ഞാൻ മുമ്പൊന്നും അത്തരം മീനുകളെ കണ്ടിട്ടേയില്ല. നല്ല ബ്രൈറ്റ് ആയി അവ തിളങ്ങും. പിന്നെ പച്ച, നീല, മഞ്ഞ കളറുകളിലൊക്കെ മീനുകൾ…

ഞങ്ങൾ കടലിനടിത്തട്ടിലൂടെ തുഴഞ്ഞു നീങ്ങി. പല പല തട്ടുകളായിട്ടാണ് എനിക്ക് തോന്നിയത്. ഒരേ ആഴം ആയിരുന്നില്ല. ഇൻസ്ട്രക്റ്റേഴ്സിന് അതിന്‍റെ ആഴവും കിടപ്പുമൊക്കെ വ്യക്‌തമായി അറിയാം. അങ്ങനെയാണ് കൊണ്ടു പോകുന്നത്. ഈൽ എന്ന മത്സ്യത്തിനേയും കണ്ടിരുന്നു. തെരണ്ടി മീൻ, കടലാമ ഇവയൊക്കെയുമുണ്ട്. നക്ഷത്ര മത്സ്യത്തിനെ ഞാൻ കൈ കൊണ്ടു തൊട്ടു നോക്കി. ഈലിന്‍റെ അടുത്തേക്ക് ചെല്ലാൻ ചെറിയ പേടി തോന്നി.

രാജു ചേട്ടനും ബിജു ചേട്ടനുമൊക്കെ ഷൂട്ട് കഴിഞ്ഞ് വൈകുന്നേരങ്ങളിലൊക്കെ കടലിൽ പോയി ക്ഷീണമൊക്കെ തീർത്തു വരും. ഇവിടെ താമസസൗകര്യം തീരെ കുറവാണെന്നു തോന്നുന്നു. ടൂറിസം പ്രമോട്ട് ചെയ്യുന്നതിൽ പിന്നിലാണോയെന്ന് സംശയം. ആകെ രണ്ട് ഹോട്ടൽ മാത്രമേ കാണാനുള്ളൂ. അതു കൂടാതെ റസ്റ്റ്ഹൗസുകളൊക്കെ അവിടെയുണ്ട്. ഷൂട്ടിംഗ് ടീമിനായി ഹോട്ടൽ മുൻക്കൂട്ടി ബുക്ക് ചെയ്‌തിരുന്നു. അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. ലക്ഷദ്വീപിൽ പ്രധാന ഭക്ഷണം തന്നെ മീനാണ്. ചൂര മീനാണ് കൂടുതലായി കിട്ടിയിരുന്നത്. ഞങ്ങൾക്ക് സ്വന്തം മെസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. രാജുചേട്ടനും ബിജുചേട്ടനും സുരേഷേട്ടനുമൊക്കെ ഇടയ്ക്കിടെ എന്തൊക്കെയോ മീനും വാങ്ങി വരും. എന്നിട്ട് മമ്മിയോട് പറയും “ ആന്‍റി, ഇതൊക്കെ നല്ല മുളകിട്ട്, അല്ലെങ്കിൽ തേങ്ങ വറുത്തരച്ച് വച്ചു തരാമോ” എന്നൊക്കെ. അവർ എന്നെ എപ്പോൾ കണ്ടാലും മമ്മിയെയാണ് അന്വേഷിക്കുന്നത്.

ഒരു സിനിമക്കഥ പോലെ

സിനിമയിൽ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ഡോ. ഷെറിനെന്നാണ്. കോട്ടയത്തു നിന്നും ലക്ഷദ്വീപിൽ ജോലിക്കെത്തുന്നതായാണ്. ശക്‌തമായ ഒരു കഥാപാത്രമാണ്. ലക്ഷദ്വീപിൽ ആദ്യമായിട്ടാണ് ഒരു ചിത്രം ഫുൾ ആയി ഷൂട്ട് ചെയ്‌തതെന്നു പറയുന്നു. നാട്ടുകാർക്കും അതിനാൽ വളരെ ഉത്സാഹമായിരുന്നു. എനിക്ക് ഹെലികോപ്റ്ററിലും സഞ്ചരിക്കാൻ കഴിഞ്ഞു. അഗത്തി ഐലന്‍റിലാണ് എയർപോർട്ട് ഉള്ളത്. ഞങ്ങൾക്ക് കവരത്തിയിലേക്ക് ഷൂട്ടിനായി പോകേണ്ടതുണ്ടായിരുന്നു. അഗത്തിയിൽ നിന്ന് ഞാൻ ഫ്ളൈറ്റിൽ കൊച്ചിയിലേക്കും ഇടയ്‌ക്കു പോന്നു. അത് എക്സാം എഴുതാൻ വേണ്ടിയായിരുന്നു. പിന്നെ തിരികെ അവിടേക്ക് പോയി. വളരെ വ്യത്യസ്തമായ ഒരു ജീവിതാനുഭവമാണ് ഇവിടെ നിന്നു ലഭിച്ചത്.

തിരികെ ഞങ്ങൾ പോന്നത് എല്ലാ ഐലന്‍റുകളും ടച്ച് ചെയ്തു കൊണ്ടായിരുന്നു. ഏകദേശം മൂന്നു ദിവസത്തോളം അങ്ങനെ കടന്നുപോയി. ഒരു സിനിമാക്കഥ പോലെ തന്നെ രസകരമായിരുന്നു ഈ യാത്ര. ലക്ഷദ്വീപിനെ ആഴത്തിൽ അറിഞ്ഞ ദിവസങ്ങൾക്ക് വിട പറഞ്ഞ് ഞങ്ങൾ മടങ്ങി. ഇനി എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ… ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങി…

और कहानियां पढ़ने के लिए क्लिक करें...