ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും നിറത്തിന്‍റെ പേരിലും പേരിന്‍റെ പേരിലും വിവേചനം അനുഭവിക്കുന്നവർ അനവധിയാണ്. സോഷ്യൽ മീഡിയകളിലും ഈ വിവേചനം ശക്‌തമാണ്. നവമാധ്യമ കാലഘട്ടത്തിലും ദളിതനെ നശിപ്പിക്കുക, പാർശ്വവൽക്കരിക്കുക എന്ന?ഉദ്ദേശത്തോടുകൂടി ആസൂത്രണം ചെയ്യുന്ന കാര്യങ്ങൾ പലരേയും തളർത്തുന്നു. ചിലർ പക്ഷേ ഇതിനെയെല്ലാം മറികടന്ന് സംഘശക്‌തിയുടെ ബലത്തിൽ പടപൊരുതുന്നുണ്ട്. കാർത്തു രമ്യ അതിലൊരാളാണ്. ഒറ്റയ്ക്കും അല്ലാതെയും എല്ലാത്തരം മനുഷ്യവിരുദ്ധമായ കാര്യങ്ങളോടും ഉറക്കെ ശബ്ദിക്കുന്നവൾ.

സാഹിത്യ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും ഒരേപോലെ കൊണ്ടുപോവുന്ന  രമ്യ തയ്യൽക്കാരിയാണ്. ഇപ്പോൾ ആങ്ങള രാജീവും (28) അമ്മൂമ്മ ഓമനയ്ക്കും (86)  ഒപ്പമാണ് കഴിയുന്നത്. ആങ്ങള കൂലിപ്പണിക്കാരനാണ്. അമ്മൂമ്മയ്ക്ക് വാർദ്ധക്യകാല അവശതകൾ ഏറെയുണ്ട്. രണ്ട് അപകടങ്ങൾ സംഭവിച്ചത് മൂലം രമ്യയ്ക്ക് കുറേയേറെ ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ വലിയ ജോലികൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോഴും ചികിത്സ നടക്കുന്നുണ്ട്. കാർത്തു രമ്യ തന്‍റെ സംഘർഷഭരിതമായ ദളിത് ജീവിതം വിവരിക്കുന്നു.

രമ്യയുടെ കുട്ടിക്കാലം, പഠനകാലം അതു കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചു പറയാമോ?

ആങ്ങളയുടെ വരുമാനത്തിലാണ് ഇപ്പോൾ ഞങ്ങള് ജീവിച്ചു പോകുന്നത്. എന്‍റെ കുട്ടിക്കാലം പട്ടിണിയും അതിലുപരി അവഗണനകൾ നിറഞ്ഞതുമായിരുന്നു. അമ്മയുടെ കണ്ണീരും രോഗാവസ്‌ഥകളും വീട്ടിലെ അനിശ്ചിതാവസ്‌ഥകളും കണ്ടുള്ളൊരു കുട്ടിക്കാലം. പക്ഷേ വയലേലകളും കശുമാവിടങ്ങളും മാങ്ങാച്ചുനകളുമറിഞ്ഞ് ആഘോഷിച്ചിരുന്നു ഞാനെന്‍റെ ബാല്യം. നാളത്തെ എന്‍റെ വരുംതലമുറയ്ക്ക് സ്വപ്നം പോലും കാണാനാവാത്തൊരു ബാല്യ-കൗമാര കാലങ്ങൾക്കുടമയാണ്. ഞാനതിൽ അഭിമാനിക്കുന്നു. ആ നല്ല കാലങ്ങളും പ്രകൃതിയും മാറിയതിൽ സങ്കടവുമുണ്ട്, പഠനകാലത്ത് നോട്ടെഴുതാൻ ബുക്കില്ലാതെയും  പുസ്തകങ്ങളില്ലാതെയും ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെടുകയും പരീക്ഷയെഴുതുമ്പോൾ പേനയിലെ മഷി തീർന്ന് പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി പോരേണ്ട അവസ്‌ഥകളും അനുഭവിച്ചിട്ടുണ്ട്.

വീട്ടിലെ ദരിദ്രാവസ്‌ഥയിൽ മനംനൊന്ത് പതിനൊന്നാം വയസ്സിൽ പഠിത്തം നിർത്തി അണ്ടിയാപ്പീസിൽ ജോലിക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് അമ്മയുടെ ഒരകന്ന ബന്ധുവും സുപ്രഭ ടീച്ചറും ചേർന്നാണെന്നെ വീണ്ടും സ്ക്കൂളിലെത്തിച്ചത്. പത്താം ക്ലാസ്സിൽ വലുതായി പഠിക്കാതെ പോയി പരീക്ഷയെഴുതീട്ടും ഞാൻ ജയിച്ചു. അപ്പോഴേക്കും അമ്മയ്ക്ക് കാൻസർ മൂർച്ഛിച്ചിരുന്നു. വേദന സഹിക്കാനാവാതെ ഞങ്ങളുടെ അമ്മ ആത്മഹത്യ ചെയ്യുന്നത് ഓണാഘോഷസമയത്താണ്. പിന്നീട് കുഞ്ഞനുജനെയും രോഗിയായ അമ്മൂമ്മയെയും സംരക്ഷിക്കേണ്ട ചുമതല എനിക്കായി.

തുടർപഠനമെന്നത് ആഗ്രഹം മാത്രമായി ഞാൻ ജോലിക്ക് ഇറങ്ങി. ആദ്യം പോയത് അടുക്കള ജോലിക്കാണ്. പഠിച്ച് ഒരു നഴ്സാകണമെന്ന ആഗ്രഹം മനസ്സിലങ്ങനെ കിടപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കെ കൊല്ലം റോട്ടറി ക്ലബ്ബും സേവാഭാരതിയും ചേർന്ന് ഹോം നഴ്സിംഗ് കോഴ്സ് നടത്തുന്നതറിഞ്ഞത്. അടുക്കളപ്പണികളോടൊപ്പം ഞാൻ ഹോം നഴ്സിംഗ് ക്ലാസ്സിനും പോയി ത്തുടങ്ങി, കോഴ്സ് പാസ്സായി കൊല്ലത്ത് തന്നെ ജോലിക്ക് കയറി.

കാർത്തു എന്ന പേരെങ്ങനെയാണ് വന്നത്?

ഇനി കാർത്തു എന്ന പേരിനെക്കുറിച്ച്… ഫേസ്ബുക്കിൽ നിന്ന് എനിക്ക് കിട്ടിയ ജ്യേഷ്ഠനാണ് കവിയും എഴുത്തുകാരനുമായ കുറത്തിയാടൻ പ്രദീപ്. അതേ പോലെ ഫേസ്ബുക്കിലെ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് സജി കല്യാണി, കുറത്തിയാടനെയും കല്യാണിയെയും പോലെ കയിൽ തുടങ്ങുന്ന പേര് വേണമെന്ന് എന്‍റെ സ്നേഹവാശിക്ക് സജി കല്യാണി സമ്മാനിച്ചതാണ് കാർത്തു എന്ന ചെല്ലപ്പേര്.

പാലിയേറ്റീവിന്‍റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടല്ലോ, എന്തൊക്കെയാണ് ചെയ്യുന്നത്? രോഗികളിൽ നിന്നോ രോഗികളുടെ ബന്ധുക്കളിൽ നിന്നോ മോശമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ടോ? എന്താണ് പൊതുവെ ആളുകളുടെ മനോഭാവം?

പതിനാല് വർഷത്തോളം പ്രത്യക്ഷമായും ഇപ്പോൾ പരോക്ഷമായും ഞാൻ പാലിയേറ്റീവ് കെയർ മേഖലയിലുണ്ട്. ആ പുണ്യ പ്രവൃത്തിയിലൂടെ പേരോ പ്രശസ്തിയോ ഈ നിമിഷം വരെ ഞാൻ ആഗ്രഹിച്ചിട്ടില്ല. നല്ലൊരു പാലിയേറ്റീവ് കെയർ വോളണ്ടിയർ എന്ന തിരിച്ചറിവിൽ ഞാനിന്നും  സ്നേഹിക്കപ്പെടുന്നുണ്ട്. രോഗികളുടെ ബന്ധുക്കളുടെ തെറ്റായ സമീപനം മൂലം സങ്കടത്തോടെ എന്‍റെ രോഗികളോട് വിട പറയേണ്ടുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ഒരു മകളായി നിന്ന് പരിചരിച്ച് ആ രോഗികൾ മരിക്കുമ്പോൾ അവരുടെ മക്കളേടൊപ്പം ചേർന്ന് മരണാനന്തര ചടങ്ങുകൾ ചെയ്‌തിട്ടുമുണ്ട്. ഇപ്പോഴും തുടരുന്നു ചില നന്മബന്ധങ്ങൾ.

എഴുത്തിലേക്കുള്ള വഴി? എന്താണ് എഴുതാറുള്ളത്?

എഴുത്തിലേക്കുള്ള വഴി തെളിച്ചു തന്നത് എന്‍റെ ഹൈസ്ക്കൂൾ കാലത്തെ മലയാളം അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചറായിരുന്നു. വീട്ടിൽ സാധനങ്ങൾ പൊതിഞ്ഞ് കൊണ്ട് വന്നിരുന്ന പത്രത്താളുകളിലെ വാർത്തകൾ മനസ്സിലിരുത്തുകയും മലയാളം പരീക്ഷാ പേപ്പറുകളിൽ പ്രബന്ധങ്ങളായി എഴുതിക്കൂട്ടി മാർക്ക് വാങ്ങുകയും ചെയ്‌തിരുന്നു. പിന്നെ പദ്യങ്ങൾക്ക് ആസ്വാദനം തയ്യാറാക്കാനും ടീച്ചറെന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രണയമാണ് എഴുതാറുള്ളത്. അതും രതിമൂർച്ഛകളുടെ പ്രകൃതിബിംബങ്ങൾ. അന്നുമിന്നുമെന്നും മാധവിക്കുട്ടിയുടെ പുസ്‌തകങ്ങൾ എനിക്ക് ലഹരിയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണല്ലോ. എങ്ങനെയാണ് ആളുകളുടെ പ്രതികരണം?

സോഷ്യൽ മീഡിയയുടെ നല്ല വശങ്ങളെക്കുറിച്ച് പറയാനാണ് എനിക്കേറെയിഷ്ടം. വളരെ സന്തോഷത്തോടെ പറയട്ടെ ഒരു ദിവസം പത്ത് കവിതകൾ വരെയെഴുതുന്ന എന്നെപ്പോലുള്ള കവിക്കിറുക്കുകൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ, എഴുത്ത് എളുപ്പം വായനക്കാരിലേക്കെ ത്തുന്നു. അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും വിമർശനങ്ങളും ഇത്രവേഗം വേറെ എവിടെ നിന്നാണ് ലഭ്യമാകുക. ദാദ്രി സംഭവം ചർച്ചാ വിഷയമായി പോസ്റ്റെഴുതി കേട്ട ചീത്തവിളികളും ഞാനെന്ന എഴുത്തുകാരിക്ക് ശക്‌തി പകരുന്നുണ്ട്. ചീത്ത വശങ്ങളുപേക്ഷിച്ച് നല്ല വശങ്ങളെ കാണാനായാൽ സാമൂഹ മാദ്ധ്യമങ്ങൾ പോലെ നല്ലൊരു പ്ലാറ്റ്ഫോം വേറെയില്ല.

ഫേസ്ബുക്കിൽ ആദ്യമായി ഫോട്ടോ ഇട്ടപ്പോഴുള്ള അനുഭവമെന്തായിരുന്നു?

അതുവരെ എഴുതുക മാത്രമേ ചെയ്തിരുന്നുള്ളൂ. പലരും ഇൻബോക്സിൽ വന്ന് നമ്പറൊക്കെ ചോദിക്കും. ഫോട്ടോ കണ്ടതോടുകൂടി പലരും ഒഴിവാക്കി പോയി. ചിലർ കരിംഭൂതം, കരിങ്കുരങ്ങ്, ബ്ലാക്ക് ഡോഗ് തുടങ്ങിയ നികൃഷ്ടങ്ങളായ പദങ്ങളുപയോഗിച്ച് ഫോണിൽ കൂടിയും മെസ്സേജയച്ചും തെറിയഭിഷേകം നടത്തി. ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനാണെന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. തൊലി കറുത്തുപോയതുകൊണ്ടോ?

വിപ്ലവം പറയുന്നവർ പോലും സമൂഹമാധ്യമങ്ങളിൽ വർണ്ണവിവേചനം കാട്ടുന്നുണ്ട്. പക്ഷേ ഇപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു. ഞാനെഴുതുന്നത് വായിക്കാനും അഭിപ്രായം പറയാനും ആളുകളുണ്ട്.

എന്നെങ്കിലും ഈ ജീവിതത്തോട് വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടുണ്ടോ?

ജീവിതത്തോട് വെറുപ്പും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതും എന്‍റെ ആങ്ങള മദ്യത്തിനടിമയായി ഞങ്ങളുടെ ജീവിതവും സമാധാനവും തകർന്ന സമയത്താണ്. ഇപ്പോൾ മൂന്ന് വർഷമായി എന്‍റെ ആങ്ങള മദ്യപാനം നിർത്തിയിട്ട്. അതാണെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും.

ആരൊക്കെയാണ് രമ്യയുടെ കൂടെയുള്ളത്? അഥവാ എഴുത്തിന് പ്രചോദനം നൽകുന്നത്?

ജീവിതത്തിലും ഫേസ്ബുക്കിലും എനിക്ക് താങ്ങായും തണലായും ഒരുപാട് സ്നേഹിതരും കൂടപ്പിറപ്പുകളുമുണ്ട്. കുറത്തിയാടൻ പ്രദീപ് എന്ന വല്യേട്ടനും സൂഫി എന്ന പേരിലറിയപ്പെടുന്ന ഫർഹത്തുള്ളയുമാണ് പ്രധാനപ്പെട്ടവർ, ലത ആന്‍റണി, മിനി ഒലിവർ പ്രമോദ് ഇതുവരെ എന്‍റെ മുന്നിൽ പ്രത്യക്ഷപ്പെടാത്ത ഓഷോ, ഇടയ്ക്കിടെ കത്തുകളിലൂടെ മനസ്സും കണ്ണുകളും നിറയ്ക്കുന്ന ശ്രീലിമ ചേച്ചി, സമ്മാനങ്ങളയച്ച് എന്നെ വീർപ്പുമുട്ടിച്ച സീന ഡയസ് എന്ന കണ്ണൂരുകാരി, ചക്കരചേച്ചിക്കുട്ടി പ്രീത തോന്നയ്ക്കൽ, കളേഴ്സിലെ ശാന്ത അമ്മ, സുനിൽ പിള്ള ചേട്ടൻ, മാലാഖക്കൊച്ചായ നർഗ്ഗീസ് ബീഗം.

സമൂഹത്തിൽ രമ്യ എന്ന പെൺകുട്ടിയുടെ അല്ലെങ്കിൽ രമ്യയെ പോലെയുള്ള പെൺകുട്ടികൾ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികൾ എന്താണ്?

ഈ സമൂഹത്തിൽ ഒരു ദളിത് പെൺകുട്ടി എന്ന നിലയ്ക്ക് ധാരാളം അവഹേളനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തെറ്റിന്‍റെ വഴിയേ നീങ്ങാൻ സ്വന്തം കുടുംബത്തിൽ നിന്നു പോലും സമ്മർദ്ദമുണ്ടായിട്ടുണ്ട്. പേപ്പറും പേനയുമായി ഇരിക്കുന്നത് കണ്ട് എന്നെ ഭ്രാന്തി എന്ന് ആദ്യം വിളിച്ചത് ബന്ധുക്കൾ തന്നെയാണ്.

ഒരു പ്രമുഖ മലയാളം ചാനലിൽ ഇന്‍റർവ്യൂ വന്നപ്പോൾ അതിനെയും പുച്‌ഛിച്ചു. കണ്ടവർക്കിടയിലാണ് എന്‍റെ വാസം. തെറ്റായ ബന്ധങ്ങളിലേക്ക് തള്ളിയിടലും അവിഹിതഗർഭങ്ങളം പട്ടിണി മരണങ്ങളും എല്ലാമെല്ലാം ഞാനെന്‍റെ കണ്മുന്നിൽ കാണുന്നുണ്ട്. പ്രതികരിക്കാനും സഹായിക്കാനും മനസ്സുണ്ട്. പക്ഷേ, ഞങ്ങളെന്തിനും തയ്യാറാണെന്ന് പറയുന്ന ഇരകളുള്ള ഈ സമൂഹത്തിൽ പകച്ചു നിൽക്കാനേ എനിക്കാവുന്നുള്ളൂ. സമൂഹ മാദ്ധ്യമങ്ങളിലും കറുത്തതാണെന്ന കുറവിന്‍റെ പേരിൽ ഞാൻ മാറ്റി നിർത്തപ്പെടുന്നുണ്ട്. എന്‍റെ എഴുത്തുകളും തഴയപ്പെടുന്നുണ്ട്.

രമ്യയുടെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടോ?

ആരോടും വെളിപ്പെടുത്താത്ത രഹസ്യമെന്നത് ഞാനൊരു കാൻസർ രോഗി ആയിരുന്നുവെന്നതും ചെറുപ്പത്തിലെ പിള്ളവാതം വന്ന് ഒരു വർഷത്തോളം തളർന്നു കിടന്നുവെന്നതുമാണ്. തളർന്നു പോകാതെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചവരോടെല്ലാം ഒത്തിരിയൊത്തിരി സ്നേഹമുണ്ട്.

എന്താണ് വായനക്കാരോട് പങ്കു വയ്‌ക്കാനുള്ളത്?

വായനക്കാരോട് പറയാനുള്ളത്, ദയവായി നിങ്ങളെന്നെ വിമർശിക്കൂ എന്നതാണ്. കാരണം പുകഴ്ത്തലുകൾ മുന്നിലേക്കുള്ള പാതകൾ അടയ്ക്കാറാണ് പതിവ്. എനിക്കിനിയും കുറേ ദൂരം എഴുത്തിന്‍റെ വഴിയെ സഞ്ചരിക്കേണ്ടതുണ്ട്. വിമർശനങ്ങൾ വീറും വാശിയും കൂട്ടാറുണ്ട്, അനുഭവമുണ്ടുട്ടോ.

പുതിയ വീടിന്‍റെ വിശേഷങ്ങൾ എന്തൊക്കെയാണ്?

ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് ഞങ്ങളുടെ തകർന്ന വീടിന് പകരമായി പുതിയൊരു വീട് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച് കിട്ടിയത്. 2015-16 ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച വീടിന് മൂന്ന് ലക്ഷം രൂപയുണ്ടെന്ന സർക്കാർ ഓർഡർ വിശ്വസിച്ച് കരാറിലേർപ്പെടുകയും ഫേസ്ബുക്കിലെ നല്ലവരായ സുഹൃത്തുക്കളുടെ സഹായധനവും ചേർത്ത് വീട് പണി തുടങ്ങി പകുതിയായപ്പോഴാണറിയുന്നത് ഇന്ദിര ആവാസ് യോജന ധനസഹായം രണ്ട് ലക്ഷമേ ലഭിക്കുള്ളൂവെന്ന്.

മുഖത്തല ബ്ലോക്കിലെ ഇന്ദിര ആവാസ് യോജന ഉപഭോക്‌താക്കളുടെ കൂട്ടായ്മ വിളിച്ച് ചേർത്ത് സമര പരിപാടികൾക്ക് പോസ്റ്ററുകളൊട്ടിച്ച് തുടക്കം കുറിച്ചെങ്കിലും എന്‍റെ അനാരോഗ്യവസ്‌ഥ മൂലം സമരം പാതിവഴിയിലാണിപ്പോൾ. വീട് ഇപ്പോൾ വാസയോഗ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.

നിലവിൽ ഭരണകൂട വ്യവസ്‌ഥയിൽ പോലും വിവേചനം നിലനിൽക്കുന്നുണ്ട്. മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ദളിതരുടെ വിവേചനത്തിനെതിരായ ശബ്ദവും അധികം സഞ്ചരിക്കാതെ ഒരു മേഖലയിൽ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്ന് രമ്യയോടുള്ള വിവേചനം തന്നെയാണ് രമ്യക്കുള്ള ഊർജ്‌ജവും. ഇതൊരു പോരാട്ടമാണ്.

और कहानियां पढ़ने के लिए क्लिक करें...