ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ മൺപാതയിലൂടെ കായലോരത്തെ ആ ചെറിയ വീട്ടിലേക്ക് ഞങ്ങൾ കടന്നു ചെല്ലുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ കുടുംബം. രോഗാതുരമായ അന്തരീക്ഷം അവരുടെ സങ്കടത്തിന്‍റേയും നൈരാശ്യത്തിന്‍റേയും കാഠിന്യത്തിൽ കനത്തു നിന്നു. കായലിൽ നിന്ന് നിരന്തരം വീശിയെത്തുന്ന തണുത്ത കാറ്റിൽ പോലും അതു അലിഞ്ഞു പോയില്ല.

കുമ്പളങ്ങിയിൽ കായലോരത്തോടു ചേർന്ന കുട്ടൻ കോളനിയിൽ ഇടത്തരക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അധികവും. വി.കെ.ശശിയും മത്സ്യത്തൊഴിലാളിയായിരുന്നു. കാൻസർ രോഗത്തിൽ നിന്ന് മുക്‌തി നേടാൻ ശ്രമിക്കുന്ന ശശിയുടെ വീട്ടിലേക്കാണ് സ്നേഹത്തണൽ സംഘം അപ്പോൾ എത്തിച്ചേർന്നത്. ആ ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് വാഹനമെത്തില്ല. അതിനാൽ ആംബുലൻസ് അൽപം അകലെയുള്ള റോഡരികിൽ തന്നെ നിർത്തിയിട്ടു.

നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ജൂഡ് അവിടെ ഞങ്ങളെ കാത്തുനിൽപ്പുണ്ട്. കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സി എൻ മോഹൻ നായരും സ്പെഷ്യലിസ്റ്റ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യുവും ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് കാൻസർ രോഗികളെ വീട്ടിൽ ചെന്നു കണ്ട് ചികിത്സ നൽകാനെത്തിയിരിക്കുന്നത്.

ഡോക്ടറെത്തേടി രോഗികൾ വരുന്ന കാഴ്ചയ്‌ക്ക് എവിടെയും ഒരു പുതുമയുമില്ല. എന്നാൽ രോഗിയെത്തേടി ഡോക്‌ടർ രോഗിയുടെ വീട്ടിലെത്തുന്ന കാഴ്ചയ്‌ക്ക് തികച്ചും വ്യത്യസ്‌തതയുണ്ട്. അതുകൊണ്ടാവാം ആ പരിസരത്തെ വീടുകളിൽ നിന്നൊക്കെ ആദരവോടെ കുറെയേറെ ആളുകൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വേണ്ടത്ര കാറ്റും വെളിച്ചവുമൊക്കെയുള്ള ഒരു കൊച്ചു വീട്ടിലേക്കാണ് ഞങ്ങൾ കടന്നു ചെന്നത്.

ഡോക്ടറെ കണ്ട ഉടനെ കൈകൂപ്പി കൊണ്ട് രോഗി ശശി തന്‍റെ വിഷമം പറഞ്ഞു. 2002 ൽ ആണ് ശശിക്ക് കാൻസർ രോഗം തുടങ്ങിയത്. ഇതുവരെ ചികിത്സയിലായിരുന്നു. ഇപ്പോൾ മുത്രസഞ്ചി നീക്കം ചെയ്‌തശേഷം കൃത്രിമ സഞ്ചി പിടിപ്പിച്ചിരിക്കുകയാണ്. ഈ സഞ്ചി 9 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പ്രയാസമാണ്. ഒരു സഞ്ചിക്ക് 500 രൂപ ചെലവു വരും. ആ ചെലവ് താങ്ങാൻ പറ്റുന്നില്ല. സഹായിക്കണം. തന്‍റെ ശാരീരിക അവശതകളെക്കുറിച്ച് ഡോക്ടറോട് പറയും മുമ്പേ ഇക്കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് ഈ രോഗിയെ കൊണ്ട് ഇത് പറയിപ്പിച്ചതെന്ന് വ്യക്‌തം. “അതിനൊക്കെ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം. അതിനു മുമ്പ് ഇപ്പോൾ ആരോഗ്യം എങ്ങനെ ഉണ്ടെന്നു നോക്കട്ടെ.” ഡോക്ടറുടെ മറുപടിയിൽ അയാൾ ആശ്വാസത്തോടെ കട്ടിലിൽ കിടന്നു.

ഡോക്‌ടർ പരിശോധിക്കുമ്പോൾ ഭാര്യ അംബിക എല്ലാ റിപ്പോർട്ടുകളുമായി അടുത്ത് വന്നു. മൂത്രാശയ കാൻസർ വന്ന് ഭേദമായെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസമുണ്ടെങ്കിലും ശശിക്ക് ആകപ്പാടെ അസ്വസ്ഥതയാണ്. ഈ കുമ്പളങ്ങിയിൽ ഞാൻ മാത്രമാണ് ഇങ്ങനെ മൂത്രത്തിൽ സദാ കഴിയുന്നതെന്ന അപകർഷതാബോധം. 9 ദിവസം മാത്രമാണ് കൃത്രിമ മൂത്രസഞ്ചിയുടെ കപ്പാസിറ്റി. അതു നിറഞ്ഞാൽ അൽപാൽപം ലീക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ 8 ദിവസത്തിനകം മാറ്റണം.

“ഇപ്പോൾ ഏറ്റവും വലിയ പ്രയാസം ഇതു തന്നെയാണ്. മൂത്രം നാറുകയാണെന്ന വിഷമമാണ് എപ്പോഴും. കിടക്കയിൽ ഷീറ്റ് ഇട്ട് കൊടുത്ത് അഡ്ജസ്‌റ്റ് ചെയ്യുമ്പോഴൊക്കെ ഭയങ്കര സങ്കടവും ദേഷ്യവുമാണ്” ഭാര്യ അത് തുറന്നു പറഞ്ഞു. രോഗം മാറിയെങ്കിലും രോഗത്തിന്‍റെ അനന്തരഫലങ്ങളിലൂടെ കടന്നു പോകുകയാണ് ഈ കുടുംബം. സാമ്പത്തിക പരാധീനതക്കൊപ്പം രോഗിയുടെയും കുടുംബത്തിന്‍റെയും അപകർഷതാബോധമാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ഇപ്പോഴും തുടരുന്ന ചില ശാരീരികാസാസ്‌ഥ്യങ്ങൾക്ക് ഡോക്‌ടർ മരുന്ന് നിർദ്ദേശിച്ചു.

“ഇപ്പോൾ ശശിക്ക് യാതൊരു അസുഖവുമില്ലല്ലോ. പിന്നെന്തിനാണ് ഈ മുറിയിൽ തന്നെ കഴിയുന്നത്. പുറത്തേക്ക് ഇറങ്ങൂ. ഇനി മുതൽ കടയിൽ പോകുകയും അമ്പലത്തിൽ പോകുകയും ഒക്കെ ചെയ്യണം. ഇങ്ങനെ വീട്ടിൽ കിടന്നും ഇരുന്നും സമയം കളയരുത്. വേറെ പ്രയാസം ഒന്നും തോന്നുന്നില്ലെങ്കിൽ ജോലിക്കും പോകാം. രോഗിയാണെന്ന ചിന്ത മനസ്സിൽ നിന്ന് കളഞ്ഞോളൂ.” ഡോക്‌ടറുടെ വാക്കുകൾ കേട്ടപ്പോൾ അയാളുടെ കണ്ണുകളിൽ ആത്മവിശ്വാസം.

“കോടിക്കണക്കിന് വിലയുണ്ട് ഈ വാക്കുകൾക്ക്. എന്നെ കാണാൻ വന്നതിനും സഹായിക്കാൻ മനസ്സു കാണിച്ചതിനും നന്ദി. നിങ്ങൾക്ക് നന്മ ലഭിക്കും.” നെഞ്ചിൽ കൈവച്ച് അയാൾ പറയുമ്പോൾ ഭാര്യയുടെ കണ്ണും ഈറനണിഞ്ഞു. ആ സന്തോഷം കണ്ടപ്പോൾ അവർ ചിരിയോടെ പറഞ്ഞതിങ്ങനെ. “വേദന വരുമ്പോഴും, സങ്കടവും നിരാശയും തോന്നുമ്പോഴും ഇങ്ങേര് എന്നെ ഇടിക്കുമായിരുന്നു.” ഭാര്യുടെ പരാതിയ്ക്ക് ജാള്യതയുള്ള ചിരിയായിരുന്നു അയാളുടെ പ്രതികരണം. അതൊക്കെ പോകട്ടെ. ഇനി ഇദ്ദേഹം രോഗിയല്ല. ആ രീതിയിൽ കാണുകയുമരുത്.”

ഡോക്‌ടറുടെ നിർദ്ദേശം കേട്ടപ്പോൾ അയാൾ കൂടുതൽ ഉത്സാഹവാനായി. സ്നേഹത്തണൽ പ്രവർത്തകർക്കൊപ്പം അൽപം അകലെ കിടക്കുന്ന വാഹനത്തിനരികിലേക്ക് അയാൾ നടന്നു വന്നു. അപ്പോൾ അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ പുഞ്ചിരിയിൽ നിന്ന് പകർന്ന സന്തോഷത്തോടെയാണ് അൽപം അകലെയുള്ള ആലത്തറ വീട്ടിൽ ത്രേസ്യാക്കുട്ടിയെ കാണാൻ പോയത്. ഗർഭാശയ കാൻസറാണ് ത്രേസ്യാക്കുട്ടിക്ക്. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കുടുംബത്തിൽ മകന്‍റെയും മരുമകളുടെയും കരുതൽ ഈ അമ്മയ്‌ക്ക് ലഭിക്കുന്നുണ്ടെന്നത് ആശ്വാസകരമായി തോന്നി. എന്നാൽ അവർക്ക് കൂടുതൽ ചികിത്സയുടെ ആവശ്യമുണ്ട്.

സ്കാൻ ചെയ്യാനും സൗജന്യ ചികിത്സക്കും വേണ്ടി ആശുപത്രിയിൽ ഉടനെ അഡ്മിറ്റാവാൻ ഡോക്‌ടർ നിർദ്ദേശിച്ചപ്പോൾ അവർ മരുമകളെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു. “വീട്ടിൽ എല്ലാം ചെയ്യാൻ ഈ പെൺകൊച്ച് മാത്രമേയുള്ളൂ. ഞാൻ തന്നെ വന്നു നിന്നാൽ മതിയോ?” ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടും, വീട്ടിൽ സഹായത്തിന് ആളില്ലാത്തതിന്‍റെ പ്രശ്നമാണ് അവർക്ക്. രോഗം കണ്ടെത്തിയാലും ചികിത്സ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇതും.

കുമ്പളങ്ങിക്കാരി ചക്കാലയ്‌ക്കൽ കുഞ്ഞമ്മ ജോസഫിന്‍റെ അവസ്‌ഥയും വ്യത്യസ്‌തമായിരുന്നില്ല. രോഗവുമായി മല്ലിട്ട് വീട്ടിൽ തന്നെ കഴിയുമ്പോഴാണ് സ്നേഹത്തണൽ പ്രവർത്തകർ വീട്ടിൽ എത്തി അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. “ഡോ. മോഹനൻ നായരും ആനി സിസ്‌റ്ററും സ്നേഹത്തണൽ പ്രവർത്തകരുമാണ് എന്നെ സ്പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ ചികിത്സ നൽകിയത്. ഇന്നുവരെ അനുഭവിച്ച വേദനകളെല്ലാം മാറി, സന്തോഷകരമായി ജീവിക്കാൻ കഴിയുമെന്ന വിശ്വാസമായി” അവർ പറയുന്നു.

സ്പെഷ്യലിസ്‌റ്റ് ആശുപത്രിയിലെ സീനിയർ പിആർഒയും സാമൂഹ്യപ്രവർത്തകനുമായ ടി.ആർ രാജൻ ആണ് സ്നേഹത്തണലിന്‍റെ ആത്മാവ്. 17 വർഷം മുമ്പ് ആരംഭിച്ചതാണ് ഈ സംരംഭം. കാൻസർ രോഗവിദഗ്ദ്ധൻ നേരിട്ട് വീട്ടിൽ ചെന്ന് രോഗിയെ കാണുന്നു എന്നതാണ് സ്നേഹത്തണലിന്‍റെ പ്രത്യേകത. സ്നേഹത്തണലിൽ വിളിച്ച് പേര് രജിസ്‌റ്റർ ചെയ്‌താൽ ഏറ്റവും അടുത്ത ദിവസം ഡോക്‌ടർ വീട്ടിലെത്തും. ആഴ്ചയിൽ രണ്ടു ദിവസമാണ് സന്ദർശനം. തുടർ ചികിത്സ വേണമെന്നു തോന്നുന്ന രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി വേണ്ടതെല്ലാം ചെയ്യും. സാമ്പത്തികമായി സഹായം ആവശ്യമുള്ളവർക്ക് അതു കൊടുക്കും.

അർബുദ രോഗികളിൽ 40 ശതമാനത്തോളം ആളുകൾ കൃത്യമായ ചികിത്സ കിട്ടാതെ മരണത്തിനിടയാകുന്ന സാഹചര്യം കണക്കിലെടുത്താണ് രോഗികളുടെ അടുത്തേയ്ക്ക് ഉറങ്ങിച്ചെല്ലുന്നതെന്ന് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്പെഷ്യലിസ്‌റ്റ് ആശുപത്രി ഡയറക്‌ടർ ഡോ.കെആർ രാജപ്പൻ പറയുന്നു. എംബിആർ ട്രസ്‌റ്റ്, മരട് നന്ദനം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണമുണ്ട് പദ്ധതിക്ക്. പാവപ്പെട്ട രോഗികളാണെങ്കിൽ സൗജന്യ ചികിത്സയും മരുന്നും നൽകാറുണ്ട്. ഈ സേവനം അതാതു പരിസരത്തെ ആശാ വർക്കർമാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലോടെയാണ് നിർവ്വഹിക്കുന്നത്.

ഇക്കാലത്തും പ്രൊഫഷണലുകൾ പോലും ചിന്തിക്കുന്നത് മരണം കാത്തു കിടക്കുന്നവർക്കാണ് പാലിയേറ്റീവ് കെയർ എന്നാണ്. എന്നാൽ ബെഡ് റിഡൻ ആയ ഏതു രോഗിക്കും പാലിയേറ്റീവ് കെയർ ആവശ്യമാണ്. രോഗിക്കും രോഗിയുടെ കുടുംബത്തിനും ചെയ്യാൻ കഴിയുന്ന എന്ത് ആശ്വാസവും സാന്ത്വന ചികിത്സയുടെ ഭാഗം തന്നെ. ദേശീയതലത്തിൽ ഏതാണ്ട് 50 ലക്ഷം പേർ സാന്ത്വന ചികിത്സ തേടുന്നുണ്ട്. എന്നാൽ ലഭിക്കുന്നത് ഇവരിൽ രണ്ട് ശതമാനത്തിനു മാത്രം. എന്നാൽ കേരളത്തിലെ സ്‌ഥിതി കൂടുതൽ നല്ലതാണ്. ചികിത്സ ആവശ്യമായ ഒന്നര ലക്ഷത്തോളം പേരിൽ പകുതിയോളം പേർക്ക് സാന്ത്വന ചികിത്സ ലഭിക്കുന്നു.

ഔട്ട് പേഷ്യന്‍റ് കെയർ, ഇൻപേഷ്യന്‍റ് കെയർ, ഹോം കെയർ, റിഹാബിലിറ്റേഷൻ എന്നിങ്ങനെയാണ് ചികിത്സാ രീതി. “കാൻസർ രോഗിയ്ക്ക് കുടുംബത്തിന്‍റെ പിന്തുണ, മരുന്നു പോലെ തന്നെ പ്രധാനമാണ്. ആരും നോക്കാനില്ല എന്ന തോന്നൽ രോഗിയിൽ ഉണ്ടായാൽ ചികിത്സ പ്രയാസകരമാവുന്നു. ഹോളിസ്റ്റിക് സമീപനമാണ് കാൻസർ രോഗത്തോട് വേണ്ടത്” ഡോക്ടർ മോഹൻ നായർ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ സാഹചര്യത്തിൽ എല്ലാ രോഗികൾക്കും തുല്യ നീതിയിൽ ചികിത്സ ലഭ്യമാകുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. നേരത്തെ രോഗം കണ്ടെത്തിയിട്ടു പോലും യഥാസമയം ചികിത്സ കിട്ടുന്നവർ കുറവാണ്. അങ്ങനെയുള്ളവർക്കും വേണം സാന്ത്വന ചികിത്സ. ആശുപത്രിയിൽ പോയി ചികിത്സ നേടാൻ കഴിയാത്ത രോഗികളെ വീടുകളിൽ ചെന്നു പരിശോധിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുമ്പോൾ ധാരാളം പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

“ചുമട്ടു തൊഴിലാളിയായ പരീതിന്‍റെ കാര്യമാണ് ഓർമ്മ വരുന്നത്. അയാൾക്ക് രോഗബാധ ഉണ്ടായപ്പോൾ ഭക്ഷണം പോലും കഴിക്കാനാവാതെ, ചികിത്സ തേടാതെ വീട്ടിൽ കിടക്കുകയായിരുന്നു. 6 മാസത്തെ ചികിത്സ കൊണ്ട് അയാൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞു. രോഗവിമുക്‌തനായ ശേഷം പരീത് സ്നേഹത്തണലിന് അയച്ച കത്ത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി” അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടർ മോഹൻ പറയുന്നു. പണമുണ്ടെങ്കിൽ നല്ല ചികിത്സ കിട്ടും, എന്നാൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അപകർഷതാബോധം മാറ്റി വയ്‌ക്കാനും പലർക്കും കഴിയില്ല. മറ്റ് രോഗങ്ങൾ പോലെ തന്നെയാണ് ഇതും എന്ന ചിന്തയില്ല. പകരം ജീവിച്ചിട്ട് കാര്യമില്ല എന്ന ചിന്ത ശക്‌തമാകുന്നു.

യഥാർത്ഥത്തിൽ ഈ രോഗത്തിന്‍റെ ചികിത്സ കൂടുതൽ എളുപ്പമാക്കാൻ അതിനെ ജനകീയമാക്കുകയാണ് വേണ്ടത്. ജനങ്ങൾക്കിടയിൽ രോഗം ചർച്ചാവിഷയമാക്കണം. ചില രോഗികളിലെങ്കിലും കുടുംബത്തിന്‍റെ പിന്തുണ കുറയുന്നതിൽ ഇതൊരു കാരണമാണ്. ഈ രോഗം രഹസ്യമാക്കി വയ്‌ക്കാൻ രോഗിയും കുടുംബവും ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ രോഗത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നതിലൂടെ 60 ശതമാനം രോഗം പ്രതിരോധിക്കാൻ കഴിയും. ചികിത്സയ്‌ക്കു കൊടുക്കുന്ന ഫോക്കസ് പ്രതിരോധത്തിനും നൽകണം.

സമൂഹത്തിൽ ഓരോ വ്യക്‌തിക്കും കാൻസറിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ജോലിസ്‌ഥലങ്ങൾ, കുടുംബ ശ്രീ, അയൽക്കൂട്ടം ഇവിടെയൊക്കെ ബോധവൽക്കരണ ക്ലാസുകൾ നടത്താം. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ സമയോചിതവും ബുദ്ധിപൂർവ്വവുമായ ഇടപെടലും, സഹായവും രോഗിക്ക് ആശ്വാസം ആകും. കാൻസർ രോഗവും പ്രതിരോധവും സ്കൂൾ തല സിലബസ് ആക്കാവുന്നതാണ്. കുട്ടികളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ജനകീയ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും.

പുകവലി ഇല്ലാതിരുന്നാൽ 40 ശതമാനം വരെ കാൻസർ നിയന്ത്രിക്കാം. മദ്യപാനം ഇല്ലെങ്കിൽ 5 ശതമാനം വരെ തനതായ കൃഷിയിലൂടെയും ജീവിത രീതിയിലൂടെയും 20 ശതമാനം കുറയ്ക്കാം. ഗർഭാശയഗള കാൻസറിനു ഹേതുവായ അണുബാധ തടയാൻ വാക്സിൻ നൽകിയാൽ 80 ശതമാനം ഗർഭാശയ കാൻസർ കുറയ്‌ക്കാൻ പറ്റും. ആഴ്‌ചയിൽ 5 ദിവസം 45 മിനിട്ട് വീതം വ്യായാമം ചെയ്‌താൽ 20 ശതമാനം കാൻസർ കുറയും.

പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗം ഉപേക്ഷിച്ചാൽ വായ്, ശ്വാസകോശം, കരൾ, അന്നനാളം, മൂത്രാശയം തുടങ്ങിയ പല അവയവങ്ങളെയും ബാധിക്കുന്ന കാൻസറുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. അതു പോലെ തന്നെയാണ് ഭക്ഷണത്തിന്‍റെ കാര്യവും. കീടനാശിനികൾ തളിക്കാത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപയോഗിക്കുക, നാരു കൂടിയ ആഹാരം കഴിക്കുക, കൊഴുപ്പു കുറഞ്ഞ എണ്ണ ഉപയോഗിക്കുക, കരിച്ചതും പൊരിച്ചതുമായ ആഹാരം വേണ്ടന്നു വയ്‌ക്കുക. ഇങ്ങനെ ചെയ്‌താൽ അന്നനാളം, ആമാശയം, കുടൽ, സ്തനം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസർ തടയാം.

സ്‌ഥിരമായി വ്യായാമം ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്താൽ സ്തനാർബുദം, പ്രോസേറ്റ്‌റ്റ് കാൻസറും തടയാം. ഇതൊക്കെ പരിഗണിക്കുമ്പോൾ 60 ശതമാനം കാൻസറും നമ്മൾ വിലയ്‌ക്കു വാങ്ങുന്നതാണെന്ന് മനസ്സിലാക്കാം. ഇതിനുപരിയായും ചിലപ്പോൾ കാൻസർ കണ്ടെന്നു വരാം. എന്നാൽ അതിന്‍റെ ശതമാനം വളരെ കുറവാണെന്നോർക്കുക.

और कहानियां पढ़ने के लिए क्लिक करें...