ജീവിത സാഹചര്യത്തിനു മുന്നിൽ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്ന ധാരാളം സ്ത്രീകളുണ്ട്. അത്തരക്കാർക്ക് പ്രതീക്ഷയേക്കുന്ന ജീവിതമാണ്. ഡോ. ഷൈനി ബി ഹരിലാലിന്‍റേത്. പ്രൊഫഷനു വേണ്ടി നൃത്ത പഠനം ഉപേക്ഷിച്ച ഷൈനി ഡാൻസർ ആയ കഥ.
മനസ്സുണ്ടെങ്കിൽ ചക്ക വേരിലും കായ്‌ക്കുമെന്ന് പറയാറില്ലേ… ഡോ. ഷൈനി ബി ഹരിലാലിന്‍റെ കാര്യത്തിൽ ഇത് അക്ഷരം പ്രതി ശരിയാണ്. ബ്രഹ്മമംഗലം ഹവൺമെന്‍റ് ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. ഷൈനിക്ക് നൃത്തം ആതുരസേവനം പോലെ മറ്റൊരു ഇഷ്‌ടമാണ്.
ഡിസ്പെൻസറിയിലെ തിരക്കുകൾക്കൊടുവിൽ ഡോക്‌ടർക്ക് ആശ്വാസവും അനുഗ്രഹവുമാകുന്നത് നൃത്തമാണ്. നൃത്തം ചെയ്യുമ്പോൾ എല്ലാ ടെൻഷനും പറന്നകന്ന് മനസ്സ് ശാന്തമാകുന്ന അനുഭവമാണ് പകരുതെന്ന് ഷൈനി. ഇതിനോടകം നിരവധി വേദികളിൽ ഈ ഡോക്‌ടർ നർത്തകി നൃത്തം അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഷൈനിക്ക് രണ്ട് മക്കളാണ്. ഗൗതം ഹരിലാലും ഗൗരി ഹരിലാലും. ഭർത്താവ് വി എസ് ഹരിലാൽ.
“നൃത്തം പഠിക്കാൻ പ്രായം ഒരു തടസ്സമല്ല. ഏത് പ്രായത്തിലും പഠിക്കാവുന്നതേയുള്ളൂ. അതിനോടുള്ള തീവ്രമായ ആഗ്രഹവും അർപ്പണ മനോഭാവവും വേണമെന്ന് മാത്രം. ടൈംപാസ് ആകരുത്” ഷൈനി പറയുന്നു.
ഡോക്ടറാവുകയെന്ന തീവ്രമായ ലക്ഷ്യം ഉണ്ടായിരുന്നു. ഒപ്പം നൃത്തത്തോടുള്ള ഇഷ്‌ടവും. പക്ഷേ അതിനുള്ള അവസരവും സമയവും കുട്ടിക്കാലത്ത് കിട്ടിയിരുന്നില്ലെങ്കിലും ആ മോഹം ഉപേക്ഷിക്കാൻ ഷൈനിക്ക് മനസ്സു വന്നില്ല.
“ഒടുവിൽ എൻട്രൻസ് എഴുതി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോഴാണ് നൃത്ത പഠനത്തിനുള്ള വഴിതുറന്നത്.”
നൃത്ത പഠനം
ബിഎഎംഎസ് പഠനം തുടങ്ങി ഒരു വർഷമായപ്പോഴാണ് സന്തോഷം പകരുന്ന ആ വാർത്ത കാണാനിടയായത്. മോഹിനിയാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 50 രൂപ ഫീസിൽ നൃത്ത പരിശീലന പദ്ധതിക്ക് തുടക്കമിടുന്നുവെന്നതായിരുന്നു വാർത്ത. “ആ സമയത്ത് ഭരതനാട്യം പോലെ കളർഫുളായ നൃത്തത്തിനായിരുന്നു ഏറെപ്പേരും പ്രാധാന്യം കൊടുത്തിരുന്നത്. ഈ ഘട്ടത്തിലാണ് കല്ല്യാണിക്കുട്ടിയമ്മ ഇത്തരമൊരു പരിശീലന പദ്ധതിയുമായി വരുന്നത്” ഷൈനി ഓർത്തെടുക്കുന്നു.
പിന്നെയൊട്ടും താമസിച്ചില്ല. ഷൈനി നേരെ കല്ല്യാണിക്കുട്ടിയമ്മയെ കണ്ട് നൃത്തം പഠിക്കാനുള്ള താൽപര്യം അറിയിച്ചു. “അമ്മയ്ക്ക് (കല്ല്യാണിക്കുട്ടിയമ്മ) വലിയ സന്തോഷമായി. അങ്ങനെ കല്ല്യാണിക്കുട്ടിയമ്മ എന്‍റെ ആദ്യത്തെ ഗുരുവായി. അന്ന് അമ്മയ്‌ക്ക് സുഖമില്ലാതിരിക്കുന്ന സമയമായിരുന്നു. അപ്പോൾ മകൾ കലാവിജയൻ ആണ് ഞങ്ങൾക്ക് പരിശീലനം തന്നിരുന്നത്. ഇടയ്‌ക്ക് അമ്മയും വന്ന് ഞങ്ങൾക്ക് പരിശീലനം തരുമായിരുന്നു.”
“അച്ഛനറിയാതെയായിരുന്നു നൃത്ത പഠനം. ഞാനൊരു ഡോക്ടറാകണമെന്നതായിരുന്നു അച്‌ഛന്‍റെയും അമ്മയുടെയും വലിയ സ്വപ്നം. അതു കൊണ്ട് ഡാൻസ് പഠിക്കുന്ന കാര്യം അച്‌ഛനെ അറിയിച്ചില്ല. എനിക്ക് പഠന സമയത്ത് കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ച് വച്ചാണ് ഡാൻസിനുള്ള ഫീസ് കണ്ടെത്തിയിരുന്നത്. ശനിയും ഞായറുമായിരുന്നു ഡാൻസ് ക്ലാസ്. അതുകൊണ്ട് പഠനത്തെയൊട്ടും ബാധിച്ചിരുന്നുമില്ല” ഷൈനി ഓർക്കുന്നു.
അരങ്ങേറ്റം
അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷൈനി ചിരിയോടെയാണ് പറഞ്ഞു തുടങ്ങിയത്. സത്യത്തിൽ അരങ്ങേറ്റവും മത്സരവും ഒരുമിച്ചായിരുന്നു. ബിഎഎംഎസ് ഫൈനൽ ഇയർ ആയപ്പോഴായിരുന്നു ഷൈനി മോഹിനിയാട്ടം ആദ്യമായി അരങ്ങിൽ അവതരിപ്പിച്ചത്. അതും ഇന്‍റർ യൂണിവേഴ്‌സിറ്റി ആയുർ ഫെസ്‌റ്റിൽ. അത് എന്‍റെ അരങ്ങേറ്റ വേദിയായി. അരങ്ങേറ്റമാണെന്ന വിചാരത്തേക്കാളും മനസ്സിൽ മത്സരത്തിന്‍റെ പിരിമുറുക്കമായിരുന്നു. അന്ന് എനിക്ക് മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. മോഹിനിയാട്ട വേഷത്തിൽ കാലിൽ ചിലങ്കയണിഞ്ഞ് സ്റ്റേജിൽ ഒരിക്കല്ലെങ്കിലും കയറുകയെന്നത് എന്‍റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിച്ച നിമിഷം എനിക്ക് മറക്കാനാവില്ല. അന്ന് ഞങ്ങൾക്ക് സമ്മാനം വിതരണം ചെയ്‌തത് ഊർമ്മിള ഉണ്ണിയായിരുന്നു.”
കോഴ്സ് കഴിഞ്ഞ് വിവാഹം നടന്നതോടെ ഡാൻസ് പരിശീലനത്തിന് ഒരു ഇടവേള നൽകേണ്ടി വന്നു ഷൈനിക്ക്. അന്ന് പന്തളത്തിനടുത്ത് അടൂരിലായിരുന്നു ഷൈനിയുടെ കുടുംബം. ഭർത്താവ് എറണാകുളത്തും. ജോലിയും മകന്‍റെ ജനനവുമൊക്കെയായതോടെ ഒന്നിനും സമയമില്ലാത്ത അവസ്‌ഥ. പിന്നീട് ഗവൺമെന്‍റ് സർവീസിൽ കയറിയതോടെ തിരക്കും കൂടി. അപ്പോഴും നൃത്തത്തോടുള്ള ഇഷ്‌ടം ഷൈനി മനസ്സിൽ കാത്തു സൂക്ഷിച്ചിരുന്നു.
“മകൾ ജനിച്ചതോടെ ഞങ്ങൾ തൃപ്പൂണിത്തുറയ്‌ക്ക് അടുത്ത് തിരുവാങ്കുളത്ത് താമസമാക്കിയിരുന്നു. മോൾക്ക് നാല് വയസ്സായപ്പോൾ ഡാൻസ് സ്ക്കൂളിൽ ചേർക്കാനായി തിരുവാങ്കുളത്ത് തന്നെയുള്ള സ്വാതി തിരുനാൾ ട്രസ്‌റ്റിൽ ചെന്നപ്പോഴാണ് വീണ്ടും മനസ്സിൽ നൃത്തം പഠിക്കണമെന്ന മോഹം ശക്‌തമാകുന്നത്. അവിടെ ക്ലാസെടുത്തിരുന്നത് ആർഎൽവി ജോളി മാത്യു സാറാണ്. സാറിനോട് മനസ്സിലെ മോഹം അറിയിച്ചപ്പോൾ ക്ലാസിന് ചേർന്നു കൊള്ളൂ എന്നായിരുന്നു സാറിന്‍റെ മറുപടി. മകൻ ഗൗതമിനെ വയലിനും മകൾ ഗൗരിയെ ഡാൻസിനും ചേർത്തു.
വീണ്ടും നൃത്തം പഠിക്കണമെന്ന മോഹത്തെക്കുറിച്ച് ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനും പൂർണ്ണ സന്തോഷമായിരുന്നു. പക്ഷേ അദ്ദേഹം ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു.
“നീ ക്ലാസ്സിൽ ചേർന്നോ പക്ഷേ സീരിയസായി എടുക്കണം. വെറും ടൈം പാസാകരുത്.”
“ഭർത്താവിന്‍റെ പിന്തുണയാണ് എന്‍റെ ഏറ്റവും വലിയ ശക്‌തി. അദ്ദേഹമാണ് കോസ്റ്റ്യൂമൊക്കെ തെരഞ്ഞെടുക്കുന്നതും കളറൊക്കെ നിർദ്ദേശിക്കുന്നതും. ഡാൻസ് പരിശീലനത്തിന്‍റെ പേരിൽ വീട്ടിലെ ഒരു കാര്യത്തിനും ഞാൻ മുടക്കം വരുത്താറില്ല.”
കുച്ചിപ്പുടി
മോഹിനിയാട്ടം കൂടാതെ കുച്ചിപ്പുടിയിലും പ്രാവീണ്യം തെളിയിച്ചു ഡോക്ടർ. കുച്ചിപ്പുടിയിൽ അരങ്ങേറ്റംക്കുറിച്ച് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. “അരങ്ങേറ്റത്തിൽ ഞങ്ങൾ രണ്ടു പേർ ചേർന്നാണ് കുച്ചിപ്പുടി അവതരിപ്പിച്ചത്. ഇനി ഒറ്റയ്‌ക്ക് വേദിയിൽ കുച്ചിപ്പുടി അവതരിപ്പിക്കണമെന്നാണ് മോഹം.”
അച്‌ഛനും അമ്മയും കലാസ്വാദകർ
നല്ല കലാസ്വാദകരാണ് ഷൈനിയുടെ അച്‌ഛനും അമ്മയും. അച്‌ഛൻ ഇരവിപുരം ഭാസി പ്രശ്സത കാഥികനാണ്. ഷൈനിയുടെ മൂത്ത സഹോദരി സിമി നല്ലൊരു ഗായികയാണ്.
“ഞാൻ ചെറിയ ക്ലാസ്സിൽ തുടങ്ങി ഡാൻസിലും മറ്റും ആക്ടീവായിരുന്നു. ഒന്നാം ക്ലാസു തുടങ്ങി കോളേജു കാലം വരെ തിരുവാതിര ടീമിൽ അംഗമായിരുന്നു. അതു കൊണ്ട് നൃത്തം ചെയ്യുന്നതിന് ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. ഒരു താള ബോധമുണ്ടായിരുന്നതിനാൽ മോഹിനിയാട്ടത്തിന് അത് ഏറെ ഗുണം ചെയ്‌തു. ഒപ്പം 9-ാം ക്ലാസ് തുടങ്ങി യോഗയും അഭ്യസിച്ചിരുന്നു. ഇതൊക്കെ മെയ്‌വഴക്കത്തിനും ഗുണം ചെയ്‌തിട്ടുണ്ട്.
“രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിച്ച് നൃത്തം പഠിപ്പിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പിന്നെ മുതിരുമ്പോൾ എന്താ എന്നെ ഡാൻസ് പഠിപ്പിക്കാൻ അയക്കാതിരുന്നതെന്ന് അവർ പറയാനിടവരരുത്. ചെറിയ പ്രായത്തിൽ ഡാൻസ് പഠിക്കാൻ ഇഷ്‌ടം കാണിക്കണമെന്നില്ല. 14-15 വയസ്സ് കഴിയുമ്പോഴാവും സ്വന്തമായ ഒരിഷ്‌ടം അവരിൽ രൂപപ്പെടുന്നത്” ഷൈനി പറയുന്നു. അത് ശരീരത്തിനും മനസ്സിനും ഒരുപോലെ പോസിറ്റീവ് എനർജി പകരുകയാണ് ചെയ്യുന്നത്. ഒപ്പം റിലാക്‌സഡാകുകയും ചെയ്യും. ഇതൊരു വലിയ കാര്യമല്ലേ.”
ഹെൽത്ത് ബെനിഫിറ്റ്സ്
പെൺകുട്ടികൾ നിർബന്ധമായും നൃത്തം പരിശീലിക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഏറ്റവും നല്ലതാണ്. ഗർഭാശയത്തിന് ബലം കിട്ടാനും സന്ധികൾക്കുണ്ടാകുന്ന തേയ്മാനം തടയാനും ജോയിന്‍റ്സ് മൂവ്മെന്‍റ്സ് ആയസ രഹിതമാക്കാനും നൃത്തം മികച്ചൊരു സിദ്ധൗഷധമാണ്. ചർമ്മത്തിനെപ്പോലും അത് സൗന്ദര്യമുള്ളതാക്കും. മുഖ പ്രസന്നമാകും. ബ്രത്ത് കൺട്രോൾ, ബോഡി കോർഡിനേഷൻ എന്നിവ കിട്ടാനും നൃത്തം പരിശീലനം സഹായിക്കുമെന്നാണ് ഡോക്ടർ ഷൈനി നൽകുന്ന ഉപദേശം. “ഞാൻ നൃത്തം പരിശീലിക്കുന്നതറിഞ്ഞ് എന്‍റെ പല കൂട്ടുകാരും നൃത്തം പഠിക്കാൻ തുടങ്ങിയിരിക്കുകയാണ്. എന്‍റെ സൈക്യാട്രിസ്‌റ്റായ കൂട്ടുകാരിയും, ടീച്ചറും ഇപ്പോൾ നൃത്തം പരിശീലിക്കാൻ തുടങ്ങിയിരിക്കുന്നു. മോളെ പ്രസവിച്ച സമയത്ത് എനിക്ക് ശ്വാസം മുട്ടൽ ഉണ്ടായിരുന്നു. ഡാൻസ് പഠിച്ച് തുടങ്ങിയതോടെ അത് മാറി. സന്ധികളിലോ കാലിലോ ഒരിക്കലും വേദനയുണ്ടായിട്ടില്ല.”
“നൃത്തം എനിക്കൊരു കംപീറ്റ് ഹാപ്പിനെസ്സാണ്” ഡോക്ടർ ഷൈനി ചിരിയോടെ പറയുന്നു.





