പത്തൊമ്പത് വർഷം മുമ്പ് ഒരു ഫെബ്രുവരി മാസത്തിലാണ് ഇരുപത്തിനാല് വയസ്സുള്ള ബീന ഓ.പിയിൽ വന്നത്. വളരെ പരിഭ്രാന്തിയോടെ അമ്മയുടെ കൈ അമർത്തിപ്പിടിച്ചുകൊണ്ടാണ് ആ യുവതി എന്‍റെ മുന്നിലിരുന്നത്. അവർ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് ഇടത് സ്‌തനത്തിൽ മുഴ കണ്ടത്. അവിടെ തന്നെ ബയോപ്‌സി ചെയ്‌ത് സ്‌തനാർബുദമാണെന്ന് സ്‌ഥിരീകരിച്ചിരുന്നു. അവരുടെ ഒരു ബന്ധുവിന്‍റെ നിർദ്ദേശ പ്രകാരമാണ് എന്നെ കാണാൻ വന്നത്. വിശദമായ പരിശോധനയിലൂടെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നു മനസ്സിലാക്കാൻ സാധിച്ചു.

ആരംഭ ഘട്ടത്തിയിലായിരുന്നതിനാൽ സ്‌തനം മുഴുവനായി മുറിച്ചു മാറ്റാതെ കല്ലിപ്പും കക്ഷത്തിലെ ഗ്രന്ഥികളുടെ മാത്രം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യുവാൻ തീരുമാനിച്ചത് ആ കുടുംബത്തിന് ആശ്വാസം പകർന്നു. സർജറിക്കു ശേഷം നാല് കോഴ്‌സ് കീമോതെറാപ്പിയും റേഡിയേഷനും നൽകി. രോഗ വിമുക്‌തയായ ബീന വീടിനടുത്തുള്ള ആശുപത്രിയിൽ മൂന്നു വർഷം സേവനമനുഷ്‌ഠിച്ചു. ഇതിനിടയിൽ അതേ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ ടെക്‌നീഷ്യനുമായ ജോസുമായുള്ള വിവാഹം നടന്നു. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന ബീന പതിനാല് വയസ്സായ ഒരു പെൺകുട്ടിയുടെ മാതാവാണ്. വർഷം തോറും ചെക്കപ്പിന് നാട്ടിലെത്തുമ്പോൾ മറ്റു രോഗികളെ സഹായിക്കുവാനായി കുറച്ചു പണം ഏൽപ്പിക്കുവാൻ മറക്കാറില്ല. കൂടാതെ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ആത്മവിശ്വാസം പകരാൻ ഷീനയും ജോസും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സ്‌ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാം സ്‌ഥാനം സ്തനാർബുദത്തിനാണ്. ഇന്ത്യയിൽ 1,45,000 പേർക്ക് കഴിഞ്ഞ വർഷം സ്തനാർബുദം വന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഏകദേശം ഏഴായിരം പേർ മരിക്കുകയും ചെയ്‌തു. ബീനയെപ്പോലെ ആരംഭ ദശയിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം അമ്പത് ശതമാനത്തിൽ താഴെയാണ്. സ്‌തനാർബ്ബുദം കൂടുതൽ കാണുന്നത് 35-55 നുമിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ്. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളിൽ പകുതിയിലധികം രോഗികളും മൂന്നാമത്തെയോ നാലാമത്തെയോ ദശയിലായിരിക്കും ചികിത്സയ്‌ക്കായി എത്തുന്നത്. ഈ ഘട്ടത്തിൽ രോഗം പരിപൂർണ്ണമായും ഭേദപ്പെടുത്തുവാൻ ബുദ്ധിമുട്ടാണ്. ആരംഭ ഘട്ടത്തിലെ രോഗ നിർണ്ണയവും ശാസ്‌ത്രീയമായ ചികിത്സയും ഭൂരിപക്ഷം രോഗികളേയും രോഗവിമുക്‌തരാക്കും. ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ രോഗത്തെക്കുറിച്ചുള്ള അവബോധം നന്നേ ചെറുപ്പത്തിൽ തന്നെ സ്‌ത്രീകൾക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഡബ്ല്യു.എച്ച്.ഒ എല്ലാ വർഷവും ഓക്‌ടോബർ മാസം സ്തനാർബുദ മാസമായി ആചരിക്കുന്നത് രോഗത്തെകുറിച്ചുള്ള ശാസ്‌ത്രീയമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

രോഗ ലക്ഷണങ്ങൾ

  • സ്‌തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്
  • സ്‌തനാകൃതിയിൽ വരുന്ന മാറ്റം
  • ചർമ്മത്തിലെ വ്യതിയാനങ്ങൾ
  • മുലഞെട്ട് ഉള്ളിലോട്ട് വലിയുക
  • മുലക്കണ്ണിൽ നിന്നുള്ള സ്രവങ്ങൾ
  • മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, വ്രണങ്ങൾ
  • കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

സ്തനാർബുദം ഉണ്ടാകുവാൻ സാധ്യത

  • 35 വയസ്സിന് മേൽ പ്രായമുള്ള സ്‌ത്രീകൾ
  • കുടുംബത്തിൽ മറ്റാർക്കെങ്കിലും (ഉദാ- അമ്മ, മകൾ, സഹോദരി) സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ
  • 12 വയസ്സിനു മുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
  • 55 വയസ്സിനു ശേഷം ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
  • ആദ്യത്തെ ഗർഭധാരണം 30 വയസ്സിനു ശേഷം
  • ഒരിക്കലും ഗർഭം ധരിക്കാത്തവർ
  • ആർത്തവ വിരാമത്തിനു ശേഷം അമിത ഭാരമുണ്ടായവർ
  • ദുർമേദസ്സുള്ളവർ
  • വ്യായാമം ചെയ്യാത്തവർ
  • നീണ്ട കാലം ഹോർമോൺ ചികിത്സ എടുക്കുന്നവർ
  • കാൻസർ അല്ലാത്ത സ്‌തന രോഗങ്ങൾ ഉണ്ടായിട്ടുള്ളവർ
  • ജനിതക വ്യതിയാനം വന്ന ബ്രസ്‌റ്റ് കാൻസർ ജീൻ ഉള്ളവർ

ഈ ഘടകങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ സ്‌തനാർബുദം വരുമെന്നു ഭയക്കാതെ ഡോക്‌ടറുടെ ശ്രദ്ധയിൽ പെടുത്തുകയും വിദഗ്‌ദ്ധ പരിശോനകൾ നടത്തുകയും വേണം.

ആരംഭത്തിലെ കണ്ടുപിടിക്കുവാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണ് സ്വയം പരിശോധന (Breast Self Examination – BSE). പ്രായപൂർത്തിയായ എല്ലാ സ്‌ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്‌തന പരിശോധന ചെയ്യേണ്ടതാണ്. സ്വന്തം സ്‌തനത്തിനെ മനസ്സിലാക്കുവാനും അതിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനും സ്വയം പരിശോധന കൊണ്ടു സാധിക്കും.

സ്വയം പരിശോധന എപ്പോൾ? എങ്ങനെ?

ആർത്തവം കഴിഞ്ഞ് ഒരാഴ്‌ചയ്‌ക്കകം BSE ചെയ്യുന്നതു നന്നായിരിക്കും. ആർത്തവ വിരാമം വന്നവരും ഗർഭപാത്രം നീക്കം ചെയ്‌തവരും മാസത്തിലെ ഒരു പ്രത്യേക ദിവസം സ്‌തനം പരിശോധിക്കണം.

BSE രണ്ടു ഘട്ടങ്ങളായി ചെയ്യാം. 1) നിരീക്ഷണം 2) തൊട്ടുള്ള പരിശോധന

നിരീക്ഷണം – സ്‌തനചർമ്മത്തിലുള്ള നിറഭേദം, സ്‌തനത്തിന്‍റെ ആകൃതിയിലോ വലുപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലഞെട്ടുകൾ ഒരു പോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നൊക്കെ കണ്ണാടിയുടെ മുന്നിൽ നിന്നു നിരീക്ഷിക്കണം.

തൊട്ടുള്ള പരിശോധന – നിന്നു കൊണ്ടും കിടന്നു കൊണ്ടും ഈ പരിശോധന നടത്താം. കൈയിലെ പെരുവിരലൊഴികെയുള്ള നാലു വിരലുകൾ കൊണ്ടു പരിശോധിക്കുക. ഇടതു കൈവിരലുകൾ കൊണ്ടു മൃദുവായി അമർത്തി വൃത്താകൃതിയിൽ ചലിപ്പിച്ചുകൊണ്ടു വലത്തേ സ്‌തനം പൂർണ്ണമായും പരിശോധിക്കുക. വലതു കൈ കൊണ്ടു ഇടതു സ്‌തനവും പരിശോധിക്കണം.

കൂടാതെ കക്ഷത്തിൽ എന്തെങ്കിലും കല്ലിപ്പുകളോ മറ്റോ ഉണ്ടോ എന്നു നോക്കണം. കിടന്നു പരിശോധിക്കുമ്പോൾ അതാതു വശത്തുള്ള തോളിന്‍റെ അടിയിൽ ചെറിയ തലയിണ വെച്ചാൽ പരിശോധന കൂടുതൽ കൃത്യമാകും.

ഡോക്‌ടർ നടത്തുന്ന പരിശോധന – 20-39 നും ഇടയ്‌ക്കു പ്രായമുള്ളവർ രണ്ടു വർഷത്തിലൊരിക്കലും 40 വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലും ഡോക്‌ടറെ കണ്ട് സ്‌തനം പരിശോധിപ്പിക്കണം. സ്‌തനാർബുദം വരാൻ സാധ്യതയുള്ളവർ (നാൽപ്പതു വയസ്സിനു മുകളിൽ) മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കാണണം.

മാമോഗ്രാഫി

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനു മുമ്പു വളരെ ആരംഭദശയിലുള്ള സ്‌തനാർബുദം കണ്ടുപിടിക്കുവാനുള്ള ഏറ്റവും മികച്ച രീതിയാണ് മാമോഗ്രാഫി.

വീര്യം കുറഞ്ഞ x-ray സ്‌തനത്തിലൂടെ കടത്തി വിട്ട് കിട്ടുന്ന ചിത്രങ്ങൾ പരിശോധിച്ചാണ് രോഗ നിർണ്ണയം നടത്തുന്നത്. സ്‌തനാർബുദത്തിന് സാധ്യത കൂടുതലുള്ളവർ ഡോക്‌ടറുടെ ഉപദേശപ്രകാരം ഇത് ചെയ്യുക. ആർത്തവം കഴിഞ്ഞ് ഒരാഴ്‌ചക്കകമാണ് മാമോഗ്രാഫി ചെയ്യേണ്ടത്.

എം.ആർ.ഐ

വളരെ ചിലവ് കൂടിയ പരിശോധനയാണിത്. കാന്ത തരംഗങ്ങളാണ് പരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്. എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഉചിതം.

മേൽപ്പറഞ്ഞ പരിശോധനകൾ കൂടാതെ ജനിതകമായ പരിശോധനയിൽ കൂടി ബ്രസ്‌റ്റ് കാൻസർ ജീനുകളുടെ (BRCA 1, BRCA 2)ഘടനയെക്കുറിച്ചു മനസ്സിലാക്കാം. സ്‌തനാർബുദം ഉണ്ടാകാനുള്ള സാധ്യത വളരെ നേരത്തെ കണ്ടുപിടിക്കുവാന്‍ ഈ മാർഗ്ഗം ഉപകരിക്കും.

കോശ പരിശോധന

മേൽപ്പറഞ്ഞ പരിശോധനകൾ വഴി സ്‌തനത്തിലെന്തെങ്കിലും മാറ്റങ്ങളുണ്ടെന്നു മനസ്സിലായാൽ രോഗസ്‌ഥിരീകരണത്തിന് കോശപരിശോധന ആവശ്യമാണ്.

എഫ് എൻ എ സി (FNAC)

സ്‌തനത്തിൽ വ്യതിയാനമുള്ള ഭാഗത്തേക്ക് ഒരു സൂചി കടത്തി കോശങ്ങൾ വലിച്ചെടുത്തു പരിശോധിക്കുന്ന രീതിയാണിത്. വളരെ ലളിതവും വേദനാരഹിതവുമാണ് FNAC. എന്നാൽ പലപ്പോഴും കാൻസർ കോശങ്ങൾ ലഭിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഡോക്‌ടർ നിർദ്ദേശിച്ചാൽ ബയോപ്‌സിക്കു വിധേയമാകണം. വിമുഖത കാണിക്കാൻ പാടില്ല.

സർജിക്കൽ ബയോപ്‌സി

സംശയാസ്‌പദമായ ഭാഗത്തുനിന്ന് കുറച്ചു ദശ (Tissue) മുറിച്ചെടുത്ത് ശാസ്‌ത്രീയ പരിശോധന നടത്തുന്നത് കൃത്യമായ രോഗ നിർണ്ണയത്തിന് സഹായിക്കും.

ആരംഭദശയിൽ രോഗം നിർണ്ണയിച്ചാൽ

  • സ്‌തനം മുഴുവൻ മുറിച്ചു നീക്കേണ്ടതായി വരില്ല
  • ലളിതമായ ചികിത്സാരീതികൾ മതിയാകും
  • ഉയർന്ന രോഗശമന നിരക്ക്
  • ചെലവ് കുറവ്
  • രോഗിക്ക് കൂടുതൽ ആത്മവിശ്വാസം

ചികിത്സ

ദശകങ്ങൾക്കു മുമ്പ് സ്‌തനാർബുദ ചികിത്സയിൽ സ്‌തനം മുഴുവൻ മുറിച്ചു മാറ്റുന്ന രീതിയാണ് അവലംബിച്ചു പോന്നത്. കല്ലിപ്പും കക്ഷത്തിലുള്ള ഗ്രന്ഥികളും മാത്രം നീക്കം ചെയ്യുന്ന രീതിയാണ് അഭികാമ്യം. എങ്കിലും കല്ലിപ്പിന്‍റെ വലിപ്പം, സ്‌ഥാനം, സ്‌തനത്തിന്‍റെ വലിപ്പം സ്‌തനാർബ്ബുദത്തിന്‍റെ സ്വഭാവം, പ്രായം, രോഗിയുടെ ഇച്‌ഛ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചേ അന്തിമ തീരുമാനം നടത്തുവാൻ കഴിയൂ.

ശസ്‌ത്രക്രിയയ്‌ക്കു ശേഷം കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോൺ ചികിത്സ, ടാർഗെറ്റഡ് ചികിത്സ (Targeted treatment) തുടങ്ങിയ അനുബന്ധ ചികിത്സകളും വേണ്ടി വരാം.

തുടർപരിശോധന

ശരിയായ ചികിത്സാ രീതിയ്‌ക്കെന്നപോലെ തന്നെ പ്രാധാന്യമുണ്ട് തുടർപരിശോധനയ്‌ക്കും. എന്നാൽ പലരും തുടർപരിശോധനയ്‌ക്കു വിമുഖത കാണിക്കാറുണ്ട്. അതൊട്ടും അഭിലഷണീയമല്ല. കാരണം രോഗം വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

എതിർ സ്‌തനത്തിലോ മറ്റ് അവയവങ്ങളിലോ രോഗമുണ്ടായാൽ നേരത്തെ തന്നെ കണ്ടുപിടിക്കുവാനും ചികിത്സിച്ചു ഭേദമാക്കുവാനും ഇത്തരം പരിശോധന സഹായിക്കും.

– ഡോ. സി.എൻ മോഹനൻ നായർ

 കാൻസർ രോഗ വിദഗ്‌ദ്ധൻ, കൊച്ചി

और कहानियां पढ़ने के लिए क्लिक करें...